অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ

കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ

  1. കുട്ടികളിലെ ഓട്ടിസം
  2. കുട്ടികളെ വളര്‍ത്താനുള്ള ടിപ്‌സ്
  3. തുണിയോ ഡയപ്പറോ നന്ന്
  4. കുഞ്ഞിന് ഏമ്പക്കം വരുന്നത്
  5. നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ
  6. ഒരു കുഞ്ഞ് വളരുന്നു...
  7. കുട്ടികള്‍ പ്രകാശത്തില്‍ ജീവിക്കട്ടെ
  8. എസ്എല്‍ഇ...ലക്ഷണങ്ങളും ചികിത്സയും
  9. കുട്ടികളിലെ തൈറോയിഡ് പ്രശ്‌നം
  10. ഹൈപ്പര്‍ ആക്റ്റീവ്
  11. അമ്മയുടെ സ്പര്‍ശനം
  12. കുട്ടികള്‍ക്ക് ജന്മം നല്കും മുമ്പറിയാന്‍
  13. അമ്മ മനസ്
  14. കുഞ്ഞുങ്ങളുടെ അച്ചടക്കം
  15. കുഞ്ഞുങ്ങളുടെ വൃത്തിയും വെടിപ്പും...
  16. കുഞ്ഞുങ്ങളോടു കരുതല്‍ വേണം...
  17. കരുതലോടെ മുലയൂട്ടാം
  18. കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴി
  19. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം
  20. കുഞ്ഞിന്റെ വയറിളക്കത്തിന് പരിഹാരങ്ങള്‍
  21. മരുന്നില്ലാതെ പനി കുറയ്ക്കാം
  22. ഡയപ്പര്‍ ഉപയോഗം കരുതലോടെ

കുട്ടികളിലെ ഓട്ടിസം

ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്‌നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും. 

ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്‌നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിനിമയം നടത്താനും കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നു. ചിലപ്പോള്‍ ഒരു കാര്യം തന്നെ തുടര്‍ച്ചയായി ചെയ്യുന്നതും ചിലതു ചെയ്യാതിരിക്കുന്നതും ഇതിന്റെ ലക്ഷണങ്ങള്‍. തലച്ചോറില്‍ വിവരങ്ങള്‍ പ്രോസസ് ചെയ്യപ്പെടുന്നതിനേയും ഓട്ടിസം സ്വാധീനിക്കുന്നു. മൂന്നു തരത്തിലാണ് ഓട്ടിസ്റ്റിക് ഡിസ്ഓര്‍ഡര്‍ കുട്ടികളിലുണ്ടാവുക. തലച്ചോറിലെ നാഡികളില്‍ വ്യത്യാസമുണ്ടാവുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകല്യങ്ങള്‍ പ്രകടിപ്പിക്കും. അടുത്തതു ഭാഷാവൈകല്യമുണ്ടാക്കുന്നു. ലോഹങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം കൊണ്ടു ജീനുകളില്‍ വ്യത്യാസം സംഭവിക്കുന്നതാണ് ഓട്ടിസത്തിനു കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്. 

മൂന്നു വയസിനു മുമ്പു തന്നെ കുഞ്ഞുങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. അച്ഛനമ്മമാര്‍ പലപ്പോഴും കുഞ്ഞിന്റെ ആദ്യ രണ്ടു വയസിനുള്ളില്‍ത്തന്നെ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താറാണു പതിവ്. വളരുന്തോറും ഈ ലക്ഷണങ്ങളും വികസിക്കും. എന്നാല്‍ ചില ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. ചെറുപ്രായത്തില്‍ത്തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍, കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കാനും സാമൂഹ്യമായി പൊരുത്തപ്പെടാനും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ശീലിപ്പിക്കാനും കഴിയുന്നു. ഓട്ടിസമുള്ള കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായാലും ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയില്ല. സ്വയം പര്യാപ്തത നേടിയവരുമുണ്ട്.

ഓട്ടിസത്തിനുള്ള ചികിത്സ പ്രകാരം രോഗത്തെ ഇല്ലായ്മ ചെയ്യുകയല്ല. ഓട്ടിസവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും കുടുംബത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ അകറ്റുകയുമാണ്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കു നല്ലൊരു ജീവിതം പ്രദാനം ചെയ്യുകയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുകയുമാണ്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് ആദ്യം വേണ്ടത്. സ്‌കൂള്‍ തലം മുതല്‍ത്തന്നെ ഇത്തരം ട്രീറ്റ്‌മെന്റ് തുടങ്ങണം. അവിടെ ഇന്റന്‍സിവ് സ്‌പെഷ്യല്‍ എഡ്യുക്കേഷനും ബിഹേവിയര്‍ തെറാപ്പിയും കുട്ടികളില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇതിലൂടെ കുട്ടികള്‍ക്കു സ്വയം സംരക്ഷണം, സാമൂഹ്യപരമായുള്ള ഒത്തുചേരല്‍, ജോലി ചെയ്യാനുള്ള കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. മാത്രമല്ല ഓട്ടിസത്തിലൂടെ സ്വഭാവത്തില്‍ വന്ന വൈകല്യങ്ങള്‍ കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്കെത്താനുമുള്ള വഴിയൊരുക്കുകയുമാണ്. 

ഓട്ടിസം ബാധിച്ച കുട്ടിക്കു പ്രാഥമിക ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും കഴിഞ്ഞില്ലെന്നു വരും. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ ഇത് ഊഹിച്ചെടുക്കേണ്ട അവസ്ഥയാകുന്നു. കുഞ്ഞിന്റെ വിശപ്പ്, ദാഹം, അസുഖം എന്നിവ പറഞ്ഞു മനസിലാക്കാന്‍ കുഞ്ഞിനു കഴിയാതെ വരുമ്പോള്‍ അച്ഛനമ്മമാരാണ് ബുദ്ധിമുട്ടുക. തന്റെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ അമ്മയ്ക്കു കഴിയാതെ വരുമ്പോള്‍ കുഞ്ഞിനു ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഇതു കുട്ടികളെ കൂടുതല്‍ ദേഷ്യക്കാരനും സ്വയം വേദനിപ്പിക്കുന്ന സ്വഭാവക്കാരനുമാക്കും. സ്വയം വേദനിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരേയും ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ചില കുട്ടികള്‍ക്ക് ഉറങ്ങുന്നതിലാണു പ്രശ്‌നമെങ്കില്‍ മറ്റു ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴാവും ബുദ്ധിമുട്ട്. ഇതെല്ലാം കണ്ടു നില്‍ക്കേണ്ടി വരുന്ന കുടുംബത്തിലുള്ളവരാണ് കൂടുതല്‍ സമ്മര്‍ദത്തിലാവുന്നത്. മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടതു മികച്ച ഒരു സോഷ്യോ സൈക്കോ ഹെല്‍പ്പറെ കണ്ടെത്തി ഉപദേശം തേടുകയാണ്. ഓട്ടിസം എന്നതു രോഗമായി കാണാതെ ഒരു വ്യത്യാസമായി കണ്ടു നോക്കൂ, കുഞ്ഞിനെ സാധാരണനിലയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയും

കുട്ടികളെ വളര്‍ത്താനുള്ള ടിപ്‌സ്

പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നില്‍തന്നെയാണ്, ഭയങ്കര ദേഷ്യമാണ്, കള്ളം പറയുന്നു, ചീത്ത വാക്കുകള്‍ മാത്രമേ പ്രയോഗിക്കൂ... കുട്ടികളേക്കുറിച്ചുള്ള പല അച്ഛനമ്മമാരുടേയും പരാതി ഇങ്ങനൊക്കെയാണ്? ഈ കുട്ടിയെന്താ ഇങ്ങനെ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നതിനു പകരം ഈ കുട്ടി ഇങ്ങനെയാകാന്‍ കാരണം തങ്ങള്‍തന്നെയാണോ എന്നു മാതാപിതാക്കള്‍ സ്വയം ചിന്തിക്കണം. അവരോടുള്ള സമീപനത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പിഴവു സംഭവിച്ചോ എന്നു പരിശോധിക്കണം. 

മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവര്‍ വളര്‍ന്നുവരുന്ന സാമ്പത്തികസാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ഓരോ കുട്ടിയുടേയും സ്വഭാവരൂപീകരണത്തേയും വ്യക്തിത്വ വികസനത്തേയും സ്വാധീനിക്കും. കുട്ടി സ്വഭാവ വൈകൃതമുള്ളവനാണെങ്കില്‍ കാരണം മറ്റൊന്നുമല്ല, അവന്‍ വളര്‍ന്ന സാഹചര്യംതന്നെ. ഓരോ കുട്ടിയുടേയും പ്രശ്‌നങ്ങളെ സാഹചര്യവുമായി കൂട്ടിയിണക്കിവേണം പരിഹാരത്തിനായി ശ്രമിക്കാന്‍. 

ഈ വിഷയം സംബന്ധിച്ചു നടന്ന പഠനങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പത്തു സുപ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: 

1 അളവില്ലാതെ സ്‌നേഹിക്കുക

ഉപാധികളില്ലാതെ കുട്ടികളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ശരിയായി സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാതാപിതാക്കളുടെ മാനസികനില കുട്ടികളോടുള്ള സ്‌നേഹത്തെ ബാധിക്കരുത്. സ്‌നേഹം കുട്ടിക്കു ബോധ്യപ്പെടുന്നതും സ്ഥിരം സ്വഭാവമുള്ളതുമാകണം. സ്‌നേഹം മനസിലിരുന്നാല്‍ മതി, പ്രകടിപ്പിച്ചാല്‍ കുട്ടികള്‍ വഷളാകും എന്ന പഴഞ്ചന്‍ ചിന്താശൈലികള്‍ ഏറെ ദോഷം ചെയ്യും. പ്രകടിപ്പിക്കാത്ത സ്‌നേഹം പിശുക്കന്റെ കൈയിലെ നാണയത്തുട്ടുപോലെ ഉപയോഗശൂന്യമാണെന്നു തിരിച്ചറിയണം. 

2 ക്രിയാത്മക പരിശീലനം

കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവരില്‍ ചിട്ടയും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതും. വ്യക്തവും സ്ഥിരസ്വഭാവമുള്ളതുമായ നിര്‍ദേശങ്ങള്‍ വേണം കുട്ടികള്‍ക്കു നല്‍കാന്‍. പ്രായത്തിനനുസരിച്ച് കുട്ടിയുടെ സ്വഭാവരീതി മാറും. അതു മനസിലാക്കി വേണം അവരോട് പെരുമാറാന്‍. മാതാപിതാക്കളുടെ സമീപനം ഒരിക്കലും പരസ്പരവിരുദ്ധമാകരുത്. 

ശിക്ഷണം സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കുട്ടിയുടെ അഭാവത്തില്‍ അതു ചര്‍ച്ചചെയ്തു പരിഹരിക്കണം. മാതാപിതാക്കളുടെ പരസ്പരവിരുദ്ധമായ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്തിത്വവികാസത്തേയും തീരുമാനമെടുക്കാനുള്ള കഴിവിന്റെ രൂപീകരണത്തേയും സാരമായി ബാധിക്കും. കുട്ടിക്കു പറയാനുള്ളതു കേട്ടുമനസിലാക്കിയശേഷം കാര്യകാരണ സഹിതം നിര്‍ദേശം നല്‍കുകയാണു വേണ്ടത്. 

ശാസ്ത്രീയമായി വേണം കുട്ടികളെ ശിക്ഷിക്കാന്‍. ശിക്ഷയെന്നു കേള്‍ക്കുമ്പോഴേ വടിയും അടിയുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ അടി ഒരിക്കലും ഒരു പ്രധാന ശിക്ഷാമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല. അടികിട്ടും തോറും ചില കുട്ടികള്‍ കൂടുതല്‍ വാശിയുള്ളവരായിത്തീരാം. ഇവരില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണാം. അതിനാല്‍ വടി ഒഴിവാക്കി പകരം ചെയ്ത തെറ്റിനു കുട്ടിയേക്കൊണ്ട് ക്ഷമ പറയിക്കുക, നല്‍കിവരുന്ന സമ്മാനങ്ങളും വാഗ്ദാനങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുക തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികള്‍ അവലംബിക്കാം. 

ഇതു കുട്ടിക്കു കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ക്രൂരമായ ശിക്ഷാരീതികള്‍ കര്‍ശനമായും ഒഴിവാക്കണം. 

3. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക

എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനുവേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും വേണം. 

4. അച്ഛനമ്മമാരുടെ പരസ്പര സ്‌നേഹം

വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കെ നല്ല മാതാപിതാക്കളാകാന്‍ കഴുയൂ. ഇവര്‍ പുലര്‍ത്തുന്ന പരസ്പരസ്‌നേഹം, ബഹുമാനം, വിശ്വാസ്യത എന്നിവ കുടുംബത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. കുട്ടിയോടു മാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പരസ്പര ബഹുമാനവും കുട്ടിയേക്കൂടി ബോധ്യപ്പെടുത്തുകയും വേണം. ഇതു കുട്ടികളേയും ആഹഌദഭരിതരാക്കും എന്നു മാത്രമല്ല, അച്ഛനും അമ്മയും എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് അറിയാനാകുകയും ചെയ്യും. 

5. ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക

അടിസ്ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സത്യസന്ധത, അര്‍പണബോധം, ഉത്തരവദിത്തബോധം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവനതല്‍പരതയും ആത്മവീര്യവും ഉണ്ടാക്കും. 

6. പരസ്പരം ബഹുമാനിക്കുക

കുടുംബത്തില്‍ എല്ലാവരും പരസ്പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടികളോട് നന്ദിപ്രകടിപ്പിക്കുന്നതിലും ാവശയത്തിനു ക്ഷമാപണം നടത്തുന്നതിലും നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുട്ടികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നു വിശദീകരിക്കാന്‍ സാധിക്കണം.  –

തനിച്ച് താമസിക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കാന്‍

അത്താഴം തയ്യാറാക്കാന്‍ പാത്രം നേരത്തെ തന്നെ കഴുകി വൃത്തിയാക്കി വെച്ചിരിക്കണം. ഇത് വൈകുന്നേരം സമയം ലാഭിക്കാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങുക. നിത്യേനയുള്ള സാധനം വാങ്ങല്‍ ഏറെ സമയ നഷ്ടം വരുത്തും. അതുപോലെ തന്നെ തയ്യാറാക്കേണ്ടുന്ന ഭക്ഷണത്തെക്കുറിച്ച് മുന്‍ധാരണയുണ്ടായിരിക്കണം. താമസിച്ച് വീട്ടിലെത്തുന്ന ദിവസങ്ങളില്‍ പുറത്ത് നിന്ന് രെഡിമെയ്ഡ് ഭക്ഷണം വാങ്ങാം. എന്നാല്‍ ഇതൊരു ശീലമാക്കരുത്. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് ആവശ്യം വരാവുന്ന സാധനങ്ങള്‍ നേരത്തെ തന്നെ വാങ്ങി സൂക്ഷിക്കുക.അങ്ങനെ ചെയ്താല്‍ വീട്ടുജോലികള്‍ക്കിടെ പെന്‍സില്‍, നോട്ടുബുക്ക് തുടങ്ങിയവ വാങ്ങാന്‍ കടയിലേക്കോടാന്‍ ഇടയാകില്ല. കുട്ടികളുടെ ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കി കിടക്കാന്‍ പോകുന്നതിന് മുന്‍പ് തന്നെ ബാഗ് പാക്ക് ചെയ്യുക. സ്‌കൂള്‍ ഡയറി നോക്കി എന്തെങ്കിലും നിര്‍ദ്ദേശമോ, സ്‌കൂള്‍ ഫീസ് അടക്കാനുള്ള കത്തോ, നോട്ടീസുകളോ ഉണ്ടോയെന്ന് പരിശോധിക്കുക.സ്ഥിരം ഒരേ സ്ഥലത്ത് തന്നെ വേണം ബാഗും സാധനങ്ങളും വെക്കുവാന്‍. കുട്ടികള്‍ക്ക് ലൈബ്രറി ബുക്ക് വെയ്ക്കുവാന്‍ ഒരു ബാസ്‌കറ്റോ മറ്റോ വെക്കുക. അപ്പോള്‍ ഒറ്റ നോട്ടത്തില്‍ മടക്കിക്കൊടുക്കാത്ത പുസ്തകങ്ങള്‍ കൈവശമുണ്ടോയെന്ന് മനസിലാക്കാം. പിറ്റേന്ന് വേണ്ടുന്ന വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് വെക്കുക. അനുബന്ധ സാധനങ്ങളായ ബെല്‍റ്റ്, ടൈ തുടങ്ങിയവയെല്ലാം അടുത്ത് തന്നെ വെക്കുക. ഇല്ലെങ്കില്‍ രാവിലെ ഓരോന്നും തിരഞ്ഞ് നടക്കേണ്ടി വരും.സാധിക്കുമെങ്കില്‍ പിറ്റേന്നത്തെ ഉച്ചഭക്ഷണം തലേന്ന് തന്നെ തയ്യാറാക്കി എടുത്ത് വെക്കുക. എല്ലാ ദിവസവും കുറെ വസ്ത്രങ്ങളെങ്കിലും അലക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആഴ്ചയുടെ അവസാനം, അവധിദിനത്തില്‍ തുണി അലക്കി നിങ്ങളുടെ ദിവസം കടന്നുപോകും. രാത്രി കിടക്കുന്നതിന് മുമ്പ് തന്നെ പാത്രങ്ങള്‍ കഴുകി വെയ്ക്കുക. എല്ലാ ദിവസവും വീടിന്റെ ചെറിയ ഭാഗമെങ്കിലും വൃത്തിയാക്കുക. സ്‌കൂള്‍ കലണ്ടര്‍ നോക്കി പ്രധാന കാര്യങ്ങള്‍ നിങ്ങളുടെ കലണ്ടറില്‍ രേഖപ്പെടുത്തുക. കുട്ടികളെ അവരവരുടെ കാര്യങ്ങള്‍ ചെയ്യുവാന്‍ ശീലിപ്പിക്കുക. സ്‌കൂളിലേക്കുള്ള സാധനങ്ങള്‍ സ്വയം എടുത്തുവെക്കാനും മറ്റും പ്രേരിപ്പിക്കുക. എല്ലാത്തിനുമുപരി നിങ്ങള്‍ക്കുവേണ്ടിത്തന്നെ സമയം കണ്ടെത്തുക. നിങ്ങളുടെ സമയവും, ഊര്‍ജ്ജവും നശിപ്പിക്കുന്ന കാര്യങ്ങളോട് പറ്റില്ല എന്ന് തുറന്ന് പറയാന്‍ പഠിക്കുക.

തുണിയോ ഡയപ്പറോ നന്ന്

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റിയും കുഞ്ഞിന് സുഖകരമായ ചുറ്റുപാടുകള്‍ എങ്ങനെ ഒരുക്കാം എന്നതിനെപ്പറ്റിയുമായിരിക്കും അച്ഛനമ്മമാരുടെ ചിന്തകള്‍. ഇതിനായി കുഞ്ഞിന് സുഖകരമായി കിടക്കാനുള്ള മുറിയും മെത്തയും കുഞ്ഞുടുപ്പുകളും വരെ എല്ലാവരും തയ്യാറാക്കുകയും ചെയ്യും. കുഞ്ഞിന്റെ സുഖകരമായ ഉറക്കത്തിന് പലപ്പോഴും മലമൂത്ര വിസര്‍ജനമാണ് തടസമാവുക. ഇത്തരം ഘട്ടങ്ങളില്‍ കുഞ്ഞിന് അസ്വസ്ഥകള്‍ അനുഭവപ്പെടുന്നത് സ്വാഭാവികം തന്നെ.

ഇതിന് പരിഹാരമെന്നോണമാണ് പലരും ഡയപ്പറുകള്‍ ഉപയോഗിക്കുന്നത്. പണ്ടൊക്കെ തുണി കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കാറെങ്കിലും ഇപ്പോഴിത് പ്ലാസ്റ്റിക് ഡയപ്പറിനു വഴി മാറിയിരിക്കുന്നു. കുഞ്ഞിന് നനവു തട്ടില്ല, ഉപയോഗിക്കാന്‍ എളുപ്പം, ആവശ്യം കഴിഞ്ഞാല്‍ കളയാം തുടങ്ങി പല ഗുണങ്ങളും എടുത്തു പറയാനുമുണ്ടാകും. തുണി കൊണ്ടുള്ള ഡയപ്പറുകള്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്നു വാദിക്കുന്നതവരുമുണ്ട്. ഇത്തരം വാദങ്ങള്‍ക്കിടയില്‍ തുണി വേണോ, അതോ റെഡിമെയ്ഡ് ഡയപ്പര്‍ വേണോയെന്ന ചിന്താക്കുഴപ്പം ആളുകള്‍ക്കുണ്ടാകുന്നത് സ്വാഭാവികം. കുഞ്ഞിന് നല്ലത് തുണി കൊണ്ടുള്ള ഡയപ്പര്‍ തന്നെയാണ്. കാരണം പ്ലാസ്റ്റിക് ഡയപ്പറില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്കും ഇത്തരം രാസവസ്തുക്കളും കുഞ്ഞിന്റെ ചര്‍മത്തിന് ദോഷം ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ നനവു തട്ടാത്ത പ്ലാസ്റ്റിക് ഡയപ്പറാണ് നല്ലതെന്ന് ഒരു കൂട്ടര്‍ പറയും. എന്നാല്‍ തുണി നനഞ്ഞാല്‍ എടുത്തു മാറ്റി പുതിയതു ധരിപ്പിച്ചാല്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകില്ല. മാത്രമല്ല, പ്ലാസ്റ്റിക് ഡയപ്പര്‍ നനവു കാണിക്കാത്തതു കൊണ്ട് കുഞ്ഞ് പലതവണ ഇതില്‍ മൂത്രമൊഴിച്ചാലും നാം അറിയാന്‍ വൈകും. ഇത് മാറ്റുവാന്‍ വൈകും. ഇത് കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും. തുണി ഡയപ്പര്‍ വൃത്തിഹീനമാണെന്ന വാദവുമുണ്ട്. എന്നാല്‍ നല്ല വൃത്തിയായി കഴുകി വെയിലില്‍ ഉണക്കാനിട്ടാല്‍ ഇത് ഏറ്റവും വൃത്തിയുള്ളതു തന്നെ. തുണികള്‍ പരിഷ്‌കാരത്തിന് ചേര്‍ന്നതല്ല എന്നു കരുതി ഒഴിവാക്കുന്നവരുണ്ട്. ഇവരോട് ഒരു വാക്ക്, കുഞ്ഞിനേക്കാള്‍ വലുതല്ലല്ലോ ഒരു പരിഷ്‌കാരവും.

കുഞ്ഞിന് ഏമ്പക്കം വരുന്നത്

പാലിനൊപ്പം കുഞ്ഞിന്റെ വയറ്റിലെത്തിയ ഗ്യാസ് പുറന്തള്ളാനുള്ള ഒരു വഴിയാണ് ഈ ഏമ്പക്കം. അതുകൊണ്ടു തന്നെ ഇത് നല്ലതാണെന്നു മാത്രമല്ല, ആവശ്യവുമാണ്. കുപ്പിപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ പ്രശ്‌നം കുറച്ചേ അനുഭവപ്പെടൂ. കാരണം കുപ്പിപ്പാലിനൊപ്പം ഉള്ളിലെത്തുന്ന വായുവിന്റെ അളവും വളരെ കുറവാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ പാലിനൊപ്പം വായുവും കൂടുതല്‍ ഉള്ളിലെത്തും. പ്രത്യേകിച്ച് ശരിയായ രീതിയില്‍ മുലയൂട്ടിയില്ലെങ്കില്‍. പാലു കുടിച്ച ശേഷമോ പാലു കുടിയ്ക്കുന്നതിനിടയിലോ കുഞ്ഞ് അസ്വസ്ഥത കാണിച്ചു കരയുകയാണെങ്കില്‍ മിക്കവാറും ഗ്യാസ് പ്രശ്‌നം തന്നെയായിരിക്കും ഇതിന് കാരണം. ഗ്യാസ് കാരണം കുഞ്ഞിന് വയറുവേദനയും അനുഭവപ്പെടാം. പാലൂട്ടിയ ശേഷം കുഞ്ഞിന്റെ ചുമലില്‍ കമഴ്ത്തിക്കിടത്തി പുറത്തു പതുക്കെ തട്ടിക്കൊടുക്കാം. കുഞ്ഞിനെ മടിയില്‍ കമ്‌ഴ്ത്തിക്കിടത്തിയും ഇതേ രീതിയില്‍ ചെയ്യാം. വയറ്റില്‍ നിന്നും ഗ്യാസ് പുറത്തു പോകുന്നതു വരെ ഇതേ രീതിയില്‍ പുറത്തു തട്ടിക്കൊടുക്കാം.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.

കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.

എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.

നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.

കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.

കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.

ഒരു കുഞ്ഞ് വളരുന്നു...

ജനനശേഷം ആറ് ആഴ്ച കഴിഞ്ഞ് ഒരു കുഞ്ഞിന്റെ വളര്‍ച്ച പരിശോധിക്കണം. ഈ പരിശോധന ഒരു ഡോക്റ്ററുടേയോ അതോ ഒരു ചൈല്‍ഡ് ഡവലപ്‌മെന്റ് അനലിസ്റ്റിന്റേയോ സഹായത്തോടെ നടത്താവുന്നതാണ്.

ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ ഡോക്റ്റര്‍ പരിശോധിക്കുന്നത് ഇവയാണ്.

കുഞ്ഞിന്റെ ഭാരം

കുഞ്ഞിന്റെ ജനനസമയത്തെ ഭാരവുമായി താരതമ്യപ്പെടുത്തി കുഞ്ഞിന് ആവശ്യത്തിന് വളര്‍ച്ചയുണ്ടെന്ന് ഉറപ്പു വരുത്തുന്നു

നീളവും തലയുടെ ചുറ്റളവും

ജനനസമയത്തെ നീളവും തലയുടെ ചുറ്റളവും രേഖപ്പെടുത്തിയതുമായി താരതമ്യം ചെയ്ത് അതു ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്തുന്നു

. കുഞ്ഞിന് ഹൃദയസംബന്ധമായ യാതൊരു അസുഖവുമില്ലെന്നു ഉറപ്പ് വരുത്തുന്നു.

. കണ്ണിന്റെ വലുപ്പം, പ്രവര്‍ത്തനം എന്നിവ ശരിയായ രീതിയിലാണോ എന്ന് ഉറപ്പ് വരുത്തുന്നു

കേള്‍വിശക്തി

ഏതെങ്കിലും ഉപകരണത്തിന്റേയോ കളിക്കോപ്പിന്റെയോ സഹായത്താല്‍ കുഞ്ഞിന്റെ കേള്‍വിശക്തി മനസിലാക്കി അതു ശരിയായ രീതിയിലാണോ എന്നു പരിശോധിക്കുന്നു.

. കൂടാതെ ഇത്രയും കാലം കുഞ്ഞിന്റെ വളര്‍ച്ചയും വികാസവും ശരിയായ രീതിയിലാണോ എന്നു സോഷ്യല്‍ ബിഹേവിയറിന്റെയും പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നു. കുഞ്ഞിന്റെ തല നിവര്‍ത്തി പിടിക്കാന്‍ കഴിയുന്നുണ്ടോ എന്നും ഇല്ലെങ്കില്‍ അതിനു വേണ്ടിയുള്ള പ്രതിവിധി കുറച്ചു വ്യായാമങ്ങളുടെ രൂപത്തില്‍ നിര്‍ദ്ദേശിക്കുന്നു.

പരിശോധനാസമയത്തു കുഞ്ഞിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍, വളര്‍ച്ചയുമായി ബന്ധപ്പെട്ടത് ഡോക്റ്ററോട് ചോദിച്ചു മനസിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒരു നവജാതശിശുവിന് ജനനശേഷം സ്വന്തം ശരീരത്തില്‍ കാര്യമായ നിയന്ത്രണം ഉണ്ടാവില്ല. ചടുലമായ ചലനങ്ങള്‍ സാധാരണമാണ്. ആറ് ആഴ്ചകള്‍ക്കു ശേഷം കുഞ്ഞ് മാതാവിന്റെ ഉദരത്തില്‍ നിന്നു പുതിയ ചുറ്റുപാടിലേക്കു പൂര്‍ണമായും പൊരുത്തപ്പെട്ടിരിക്കും. കൈകാലുകളുടെ ചലനങ്ങള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണം വന്നിരിക്കും. ചില കുഞ്ഞുങ്ങള്‍ തനിയെ തല ഉയര്‍ത്താനും കാല്‍ചവിട്ടി കുതിക്കുവാനുമുള്ള ശ്രമം തുടങ്ങും. കുഞ്ഞ് കൂടുതല്‍ നേരം ഉണര്‍ന്നിരിക്കുകയും കളിക്കാന്‍ ഉത്സാഹം പ്രകടിപ്പിക്കുകയും ചെയ്യും. അമ്മയോടും ചുറ്റുപാടിനോടും കൂടുതല്‍ ഇടപഴകാനും ആശയവിനിമയം നടത്താനും ആരംഭിക്കുന്നു.

ഏതൊരു കുഞ്ഞിന്റെയും വളര്‍ച്ച നിര്‍ണയിക്കുന്നത് വളരെ അത്യന്താപേക്ഷിതമാണ്. വളര്‍ച്ചയിലുള്ള വ്യതിയാനങ്ങളും കുറവുകളും എത്ര നേരത്തെ മനസിലാക്കാന്‍ കഴിയുന്നുവോ അത്രയും എളുപ്പത്തില്‍ അതിനു പ്രതിവിധി ചെയ്യാന്‍ സാധിക്കുന്നു. ചില കുഞ്ഞുങ്ങള്‍ക്കു വളര്‍ച്ചയും വികാസവും മന്ദഗതിയിലായിരിക്കും. അത്തരം കുഞ്ഞുങ്ങളെ പതിവായി, അതായതു മാസത്തില്‍ ഒരു തവണയെങ്കിലും ഡവലപ്പ്‌മെന്റ് ടെസ്റ്റിന് വിധേയരാക്കുകയും പ്രതിവിധി സ്വീകരിക്കുകയും ചെയ്യുക.

ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിന്റെ വളര്‍ച്ച എല്ലാ ഗൈനക്കോളജിസ്റ്റുകളും ഒരു സി ടി സ്‌കാന്റെ സഹായത്താല്‍ നിര്‍ണയിക്കും. കുടുംബത്തില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ എന്തെങ്കിലും വ്യതിയാനമുള്ള കുട്ടികള്‍ മുമ്പു ജനിച്ചിട്ടുണ്ടെങ്കില്‍ അതു ഡോക്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മറക്കരുത്. ഇത്തരം വ്യതിയാനങ്ങള്‍ ചിലപ്പോള്‍ ജനിതക ഫലമായിരിക്കും. ചിലതു തലമുറകള്‍ മാറി കുഞ്ഞിലെത്താം. അതിനാല്‍ കുഞ്ഞിന്റെ വളര്‍ച്ച തൃപ്തികരമല്ലെങ്കിലോ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ ഒരു ശിശുരോഗ വിദഗ്ധന്റെ സഹായത്താല്‍ ഡവലപ്‌മെന്റ് ടെസ്റ്റ് നടത്തി തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തുക.

കുഞ്ഞുങ്ങളുടെ ഉഷ്ണം കുറയ്ക്കാം

വസ്ത്രത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അയഞ്ഞതും മൃദുവായതുമായ കോട്ടന്‍ വസ്ത്രങ്ങള്‍ കുഞ്ഞുങ്ങളെ ധരിപ്പിക്കുക. ഫ്രില്ലുകള്‍, ഇലാസ്റ്റിക് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തു പോകുമ്പോള്‍ കുഞ്ഞിന്റെ ദേഹവും കൈകാലുകളും മൂടും വിധത്തിലുള്ള വസ്ത്രം ധരിപ്പിക്കുക. വെയിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കും. ചൂടില്‍ കഴിവതും കുഞ്ഞിനെ പുറത്തു കൊണ്ടുപോകാതിരിക്കുക. അത്യാവശ്യമെങ്കില്‍ വൈകീട്ടോ രാവിലെ വെയിലാകുന്നതിനു മുന്‍പോ പോകാന്‍ ശ്രമിയ്ക്കുക. കുഞ്ഞിനെ വെറുതെ പുറത്തു കൊണ്ടുപോവുകയാണ് ഉദ്ദേശ്യമെങ്കില്‍ വൈകീട്ടായിരിക്കും നല്ലത്. കുഞ്ഞിനെ പ്രാമിലാണു കൊണ്ടുപോകുന്നതെങ്കില്‍ കുഞ്ഞിന് ആവശ്യത്തിനുള്ള കാറ്റ് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക. ചൂടുണ്ടാക്കും വിധത്തിലുള്ള ടവലുകളും മറ്റും ഉപയോഗിക്കാതിരിക്കുക. വേനലില്‍ കുഞ്ഞിനും ധാരാളം വെള്ളം കൊടുക്കണം. ഇത് പഴച്ചാറുകളോ തിളപ്പിച്ചാറ്റിയ വെള്ളമോ ആകാം. കുഞ്ഞിനു കൊടുക്കാവുന്ന പഴവര്‍ഗങ്ങളും നല്‍കാം. ഫാനും മറ്റും ഉപയോഗിക്കുന്നതിനു പകരം സ്വാഭാവിക രീതിയിലുള്ള കാറ്റു ലഭിക്കുന്ന വഴികള്‍ പരീക്ഷിക്കുക. ജനല്‍ തുറന്നിടുക, മുറിയിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ.

കുഞ്ഞിനു തേന്‍ കൊടുക്കാമോ?

തേനും മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതല്ല. തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്. ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ചു വരുന്നതിനും തേന്‍ നല്ലതല്ല. മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും തേന്‍ വരുത്തി വയ്ക്കും.

പാല്‍ കുട്ടികള്‍ക്ക് നല്ലതെങ്കിലും കട്ടിയുള്ള പാലുല്‍പന്നങ്ങള്‍, ബട്ടര്‍, ചീസ് തുടങ്ങിയവ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഇവ ദഹിക്കാന്‍ പാടാണെന്നതല്ല, തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നതു തന്നെ കാര്യം.

പാല്‍ കുട്ടികള്‍ക്കു നല്ലതു തന്നെ. എന്നാല്‍ കൊഴുപ്പു കളഞ്ഞ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. കാരണം കുട്ടികള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ കൊഴുപ്പു കളഞ്ഞ പാലില്‍ തീരെയുണ്ടാകില്ല.

ക്യാരറ്റ് പോലുള്ളവ ചെറിയ കുട്ടികള്‍ക്കു നല്‍കുമ്പോള്‍ സൂക്ഷിക്കണം. ഇവ നല്ലപോലെ വേവിച്ചുടച്ചു നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതല്‍ തന്നെയാണ്.

ച്യൂയിംഗ് ഗം, മിഠായി പോലുള്ള സാധനങ്ങള്‍ യാതൊരു കാരണവശാലും ചെറിയ കുട്ടികള്‍ക്കു നല്‍കരുത്. ഇവ അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്കു പോലും പലപ്പോഴും അപകടം വരുത്തിവയ്ക്കും. അപ്പോള്‍ ചെറിയ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

നട്‌സ് പോലുള്ളവയും ചെറിയ കുട്ടികള്‍ക്ക് യാതൊരു കാരണവശാലും കൊടുക്കരുത്. ഇവ അപടകമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്

കുട്ടികള്‍ പ്രകാശത്തില്‍ ജീവിക്കട്ടെ

അവധിക്കാലത്തു പോലും കുട്ടികളെ വീടിനകത്തു നിന്നു മുറ്റത്തേക്കിറക്കാത്ത അമ്മമാരുടെയും അച്ഛന്മാരുടെയും ശ്രദ്ധയ്ക്ക്. വെയിലാണ്, മഴയാണ് എന്നൊക്കെ പറഞ്ഞു വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രമായി പോകുന്ന കുട്ടികളുടെ കാഴ്ച്ച ശക്തിയ്ക്കു സാരമായ തകരാറുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണെന്നു പറയുന്നു പുതിയ പഠനങ്ങള്‍. പകല്‍വെളിച്ചം കുട്ടികളുടെ കാഴ്ചശക്തിയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ഷോര്‍ട്ട് സൈറ്റ് അഥവാ മയോപിയയാണു ഇത്തരത്തില്‍ കുട്ടികളിലുണ്ടാകുന്നത്. കൂടുതലായും കുട്ടികളിലാണു മയോപിയ കണ്ടുവരുന്നത്, തുടക്കത്തിലേ ചികിത്സിച്ചാല്‍ ഇതു ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിലെങ്കില്‍ ഐ ഡിസോഡറുകള്‍ സംഭവിച്ചേക്കാം. ഗ്ലുക്കോമ, റെറ്റിനയ്ക്കു തകരാറുകള്‍ എന്നിവയ്ക്കും കാരണമാകും. ഏഷ്യയിലും മറ്റും കുട്ടികള്‍ക്കു മയോപിയ ബാധിക്കുന്നതു കൂടുതലാണ്. ഓരോ വര്‍ഷം ചെല്ലുന്തോറും മയോപിയ ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.
ഈ അസുഖം പാരമ്പര്യമായും കുട്ടികളില്‍ കണ്ടുവരുന്നുണ്ട്. പകല്‍വെളിച്ചത്തില്‍ അധിക സമയം ചെലവഴിക്കുന്നവര്‍ക്കു മയോപിയ വരാനുള്ള സാധ്യതകള്‍ കുറവാണ്. തായ്വാനീസ് പഠനത്തില്‍ മുന്നൂറിലധികം സ്‌കൂള്‍ കുട്ടികളെയാണു ഉള്‍പ്പെടുത്തിയത്. സ്‌കൂളിലെ ഇടവേളകളില്‍ ഒരു ദിവസം എണ്‍പതു മിനിറ്റെങ്കിലും പുറത്തിറങ്ങി കളിക്കുന്ന കുട്ടികളെയും ഇന്റര്‍വെല്‍ സമയങ്ങളില്‍ ക്ലാസ് മുറികളില്‍ തന്നെയിരിക്കുന്ന വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണു പഠനം നടത്തിയത്. ഒരു വര്‍ഷത്തിനു ശേഷം ഇരു സ്‌കൂളിലെയും വിദ്യാര്‍ഥികളെ പരിശോധനയ്ക്കു വിധേയമാക്കി. പകല്‍വെളിച്ചത്തിലിറങ്ങാത്തവരില്‍ ഷോര്‍ട്ട് സൈറ്റ് കൂടുതലാണെന്നു തെളിഞ്ഞു. സ്‌കൂള്‍ ഇടവേളകളില്‍ കുട്ടികള്‍ വെയിലില്‍ കളിക്കാനിറങ്ങുന്നതിലൂടെ ഇവരിലെ മയോപിയ കുറയ്ക്കാനാകുമെന്നു പറയുന്നു പഠനത്തിനു നേതൃത്വം കൊടുത്ത പെയ് ചാങ്. പഠനം ജേണല്‍ ഒഫ് ദി അമെരിക്കന്‍ അക്കാഡമി ഒപ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എസ്എല്‍ഇ...ലക്ഷണങ്ങളും ചികിത്സയും

സിസ്റ്റമിക് ലൂപസ് എറിത്തമറ്റോസസ്... എസ്എല്‍ഇ എന്നാണ് ഈ രോഗത്തിന്റെ ചുരുക്കെഴുത്ത്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി ആന്തരികാവയവങ്ങള്‍ക്ക് എതിരാകുന്ന അവസ്ഥയാണിത്. കിഡ്‌നി, കരള്‍, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് രോഗം തിരിച്ചറിയുക. വിട്ടുമാറാത്ത പനി, ശ്വാസംമുട്ടല്‍, ശരീരത്തിലും മുഖത്തും ചുവന്ന പാടുകള്‍, മുടി കൊഴിച്ചില്‍, സന്ധികളില്‍ വേദന, അമിതമായ ക്ഷീണം എന്നിവയെല്ലാം എസ്എല്‍ഇയുടെ ലക്ഷണങ്ങളാണ്. 

ആന്റി ന്യൂക്ലിയര്‍ ആന്റി ബോഡി പരിശോധനയാണ് എസ്എല്‍ഇ തിരിച്ചറിയാനുള്ള മാര്‍ഗം. സാധാരണ പനിക്ക് ഈ പരിശോധന നടത്താറില്ല. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാതെ പോകുന്നു. ഇതു തന്നെയാണ് എസ്എല്‍ഇ എന്ന രോഗത്തെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കുന്നത്. രോഗബാധയുണ്ടായ ഉടനെ തിരിച്ചറിഞ്ഞാല്‍ ചികിത്സ ഫലപ്രദമാകും. അത്തരം അവസ്ഥയില്‍ സ്റ്റിറോയ്ഡുകളില്ലാതെ തന്നെ രോഗമുക്തി നേടാം. അള്‍ട്രാ വയലറ്റ് രശ്മികള്‍ എസ്എല്‍ഇക്കു കാരണമായേക്കാം. മരുന്നുകൊണ്ടു നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കാലപ്പഴക്കമുള്ള എസ്എല്‍ഇ ബാധിതര്‍ക്കു പത്തുവര്‍ഷത്തിലേറെ ജീവന്‍ നിലനിര്‍ത്താനാകില്ല. കൃത്യസമയത്ത് രോഗം തിരിച്ചറിയുക മാത്രമാണ് ഫലപ്രദമായ ചികിത്സയ്ക്കുള്ള മാര്‍ഗം. രോഗം ഭേദമാക്കാന്‍ സ്റ്റിറോയ്ഡുകള്‍ കുത്തിവയ്‌ക്കേണ്ടി വരും. അത് ചിലപ്പോള്‍ സൈഡ് ഇഫക്റ്റുകളുണ്ടാക്കിയേക്കാം. 

പതിനഞ്ചു മുതല്‍ നാല്‍പ്പത്തഞ്ചു വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് എസ്എല്‍ഇ രോഗമുണ്ടാകുന്നതെങ്കിലും കുഞ്ഞുങ്ങളിലും ഇതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗലക്ഷണം കാണുമ്പോള്‍ത്തന്നെ ചികിത്സ തേടുക. മാനസിക സംഘര്‍ഷവും അനാരോഗ്യകരമായ ജീവിത ശൈലികളുമാണ് എസ്എല്‍ഇയുടെ പ്രധാന കാരണം. വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഒരാള്‍ക്ക് എസ്എല്‍ഇ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. 

കേരളത്തില്‍ മുപ്പതിനായിരത്തോളം പേര്‍ എസ്എല്‍ഇ രോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഈ രോഗം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. മുഖത്തുണ്ടാകുന്ന ചുവന്ന പാടുകള്‍ ഈ രോഗത്തിന്റെ ലക്ഷണമാണ്. ബട്ടര്‍ഫ്‌ളൈ റാഷ് എന്നു പേരുള്ള ഈ പാടുകള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞു പോകും. പക്ഷേ, ആന്തരികാവയവങ്ങളെ അപ്പോഴേയ്ക്കും രോഗം ബാധിച്ചിട്ടുണ്ടാകും. മറ്റു രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴാണ് ഇതു തിരിച്ചറിയുക.

അമിത ജോലി ഭാരവും മറ്റു മാനസിക സംഘര്‍ഷങ്ങളും പെണ്‍കുട്ടികളില്‍ എസ്എല്‍ഇ രോഗ ബാധയുണ്ടാക്കാം. വാതത്തിന്റെ ഏറ്റവും കാഠിന്യമേറിയ അവസ്ഥയായ എസ്എല്‍ഇ ജീവനു വരെ ഭീഷണിയാകുന്നു. 

അബോര്‍ഷന്‍ സാധ്യത വര്‍ധിപ്പിക്കുന്നു ഈ രോഗം. എസ്എല്‍ഇ ബാധിതയായ അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞിനും രോഗസാധ്യതയുണ്ട്. ആന്തരികാവയവങ്ങളെ എസ്എല്‍ഇ ബാധിക്കുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കും. കാഴ്ച നഷ്ടപ്പെടാം. മരുന്നിനൊപ്പം ജീവിത രീതിയിലും ഭക്ഷണക്രമത്തിലുമൊക്കെ മാറ്റം വരുത്തിക്കൊണ്ട് ഈ ഘട്ടങ്ങളില്‍ ചികിത്സയുണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ത്തന്നെ രോഗമെന്തെന്നു തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ തേടുക. കൃത്യസമയത്ത് തിരിച്ചറിയുക എന്നതാണ് എസ്എല്‍ഇ രോഗത്തിന്റെ പ്രാഥമിക ചികിത്സ.

കുട്ടികളിലെ തൈറോയിഡ് പ്രശ്‌നം

തൈറോയ്ഡ് പ്രശ്‌നവുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

തൈറോയ്ഡ് രോഗത്തിനു കാരണം അയഡിന്റെ അഭാവമോ അയഡിന്റെ കുറവോ എന്നാണു നാം പഠിച്ചിരിക്കുന്നതും ധരിച്ചുവച്ചിരിക്കുന്നതും. അതൊരു വസ്തുതയുമാണ്. എന്നാല്‍ കേരളത്തില്‍ അയഡിന്‍ കുറവുമൂലം മാത്രമാണു തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നു കരുതുകവയ്യ. അയഡിന്‍ കലര്‍ന്ന ഉപ്പ് വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണു കേരളം. എന്നിട്ടും പുതുതലമുറയില്‍പ്പെട്ടവര്‍ക്കും ഈ രോഗം കണ്ടുവരുന്നു എന്നതാണ് അയഡിനെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ നിന്ന് വിദഗ്ധരെ മാറിച്ചിന്തിപ്പിക്കുന്നത്. സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നു എന്നതിനും പ്രത്യേക കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. പത്തു തൈറോയ്ഡ് രോഗികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണു പുരുഷന്മാര്‍. കേരളത്തിന്റെ തീരമേഖലകളിലെ ധാതുലവണങ്ങളുടെ കൂടിയ അളവ് സ്ത്രീകളിലെ തൈറോയ്ഡ് ഹോര്‍മോണുകളില്‍ വ്യതിയാനം വരുത്തുന്നുണ്ടാവാം എന്നും അനുമാനിക്കുന്നു. ഇക്കാര്യത്തിലെല്ലാം ഗവേഷണങ്ങള്‍ തുടരുകയാണ്.

ജനങ്ങള്‍ക്ക് തൈറോയ്ഡ് രോഗത്തെപ്പറ്റി കാര്യമായ അവബോധമോ പരിശോധന ചികിത്സാ സമ്പ്രദായങ്ങളെപ്പറ്റി ധാരണയോ ഉണ്ടായിരുന്നില്ല. സാധാരണ രക്തപരിശോധനകള്‍ക്കൊപ്പം തൈറോയ്ഡ് പരിശോധനയും നടത്താന്‍ പലരും സ്വയം തയാറാകുന്നു. ഡോക്റ്റര്‍മാരും ഇതു പ്രോത്സാഹിപ്പിക്കുന്നു. പരിശോധനയ്ക്കു വലിയ പണച്ചെലവില്ല എന്നതും ആധുനിക ഉപകരണങ്ങളും ലാബുകളും ചികിത്സാ സംവിധാനങ്ങളും ലഭ്യമാണ് എന്നതും മാറ്റത്തിനു കാരണമാണ്.

കഴുത്തില്‍ മുഴ വന്നാല്‍ മാത്രമേ തൈറോയ്ഡ് രോഗമാണെന്നു സംശയിക്കേണ്ടതുള്ളൂ എന്നായിരുന്നു മുന്‍പൊക്കെ ധാരണ. എന്നാല്‍ പ്രകടമായി മുഴകള്‍ ഇല്ലാതെതന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി തൈറോയ്ഡ് മാറിയിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടി വന്നാല്‍ സാധാരണനിലയിലെത്താന്‍ രണ്ടുദിവസത്തെ ആശുപത്രിവാസം മതിയാകും.

തൈറോയ്ഡ് പോലെ തന്നെ അവഗണിക്കാന്‍ പാടില്ലാത്ത മറ്റൊരു രോഗമാണു കൂര്‍ക്കം വലി. പലപ്പോഴും ഇതിനെ ഒരു രോഗമായി അംഗീകരിക്കാന്‍ പലരും തയാറല്ല. എന്നാല്‍ ചികിത്സിച്ചു മാറ്റേണ്ട രോഗമാണിത്, ചികിത്സിച്ചു മാറ്റാനുമാവും. പങ്കാളിയുടെ കൂര്‍ക്കം വലി ചില വിദേശരാജ്യങ്ങളില്‍ വിവാഹമോചനം അനുവദിക്കാനുള്ള കാരണമാണെന്നോര്‍ക്കുക. കൂര്‍ക്കം വലി എന്തുകൊണ്ടുണ്ടാകുന്നു എന്നു പരിശോധനകളിലൂടെ കൃത്യമായി കണ്ടെത്തിയാല്‍ കോബ്ലേറ്റര്‍ എന്ന അത്യാധുനിക സംവിധാനമുപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ ഇതു മാറ്റാം. മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശത്തിന്റെയുമൊക്കെ തകരാറുകളാണു കൂര്‍ക്കം വലിക്കു കാരണമാകുന്നത്. വീഡിയോ എന്‍ഡോസ്‌കോപ്പിയിലൂടെ രോഗിക്കു നേരിട്ട് ഈ തകരാറുകള്‍ നേരില്‍ക്കാണാനും കഴിയും. തൈറോയ്ഡ്, കൂര്‍ക്കം വലി എന്നിവ അവഗണിക്കരുത്. രണ്ടും ഗൗരവത്തോടെ കാണുക. യഥാസമയം പരിശോധനകള്‍ നടത്തി രോഗനിര്‍ണയം നടത്തുക, ചികിത്സിക്കുക. രണ്ടു രോഗങ്ങളും മറ്റു പല സങ്കീര്‍ണ രോഗങ്ങളുടെയും കാരണക്കാരാണ്

ഹൈപ്പര്‍ ആക്റ്റീവ്

ഓരോ കുഞ്ഞും സമൂഹത്തോടു പെരുമാറുന്നത് അവരുടേതായ രീതിയിലാണ്. ചില കുഞ്ഞുങ്ങള്‍ സമപ്രായക്കാരേക്കാള്‍ ചുറുചുറുക്കും ആവേശവും കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരെ ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും പ്രയാസം നേരിടും. എന്നാല്‍ ചിലര്‍ വളരെ ശാന്തരും പെട്ടെന്നു ചുറ്റുപാടുകളോടു പ്രതികരിക്കാത്ത സ്വഭാവക്കാരുമായിരിക്കും. ഈ രണ്ടു വിഭാഗം കുഞ്ഞുങ്ങള്‍ക്കും വളര്‍ച്ചയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകില്ല.

പെട്ടെന്ന് ആവേശം കൊള്ളുകയും അമിതപ്രതികരണം കാണിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയാണ് പൊതുവെ ഹൈപ്പര്‍ ആക്റ്റിവ് കുട്ടികള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ഹൈപ്പര്‍ ആക്റ്റിവിറ്റിയുണ്ടാകുന്നത് പ്രധാനമായും മുതിര്‍ന്ന, ഉദാഹരണത്തിന് നഴ്‌സറികളിലും സ്‌കൂളിലും പോകുന്ന കുട്ടികളിലാണ്. പന്ത്രണ്ട് വയസില്‍ താഴെയുള്ള ഇരുപതു കുട്ടികളില്‍ ഒരാള്‍ എന്ന നിരക്കില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റിയുടെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് അടങ്ങിയിരിക്കാനോ ക്ഷമയോടെ കേള്‍ക്കാനോ ശ്രദ്ധിക്കാനോ കഴിയാറില്ല. അവര്‍ പെട്ടെന്ന് ശ്രദ്ധ മാറ്റുകയും പെട്ടെന്നു പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഹൈപ്പര്‍ ആക്റ്റിവിറ്റിയും ശ്രദ്ധക്കുറവും കൂടുതലായി കാണിക്കുന്ന കുട്ടികളുടെ അവസ്ഥയെ ഡോക്റ്റര്‍മാര്‍ എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവ് ഡിസോര്‍ഡര്‍ എന്ന് പറയുന്നു.

പക്ഷേ, കുഞ്ഞുങ്ങളില്‍ ഈ അവസ്ഥയ്ക്കു വ്യത്യാസമുണ്ട്. അവര്‍ അധികം ആക്റ്റിവും കൂടാതെ പെട്ടെന്ന് പ്രതികരിക്കുകയും മാത്രമല്ല ഉല്ലാസവാനും കൂടിയാണെങ്കില്‍, അത് എഡിഎച്ച്ഡി അല്ല പകരം അവന്റെ ഉള്ളിലുള്ള വികാരങ്ങളുടെ പ്രതിഫലനം മാത്രമാണ്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് യാതൊരു വിധ ചികിത്സയുടേയും ആവശ്യമില്ല. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഈ പ്രശ്‌നങ്ങളൊക്കെ ശരിയാക്കിയാവും കുഞ്ഞുങ്ങള്‍ വളരുക. എത്ര പ്രശ്‌നക്കാരനായാലും സാധാരണ കുഞ്ഞുങ്ങളേക്കാള്‍ കരയുമെങ്കിലും കൂടുതല്‍ ചലനവും പ്രതികരണവും പ്രകടിപ്പിക്കുന്ന കുഞ്ഞായാലും അവരുടെ സ്വഭാവ രൂപീകരണം സാധാരണ രീതിയില്‍ത്തന്നെയായിരിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ അമ്മമാര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമേയില്ല.

കൂടുതല്‍ പ്രതികരണ ശേഷിയുള്ളവരും പെട്ടെന്ന് ഹൈപ്പര്‍ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെടുന്നവരുമായ കുഞ്ഞുങ്ങള്‍, ഭാവിയില്‍ ഹൈപ്പര്‍ ആക്റ്റിവ് അല്ലെങ്കില്‍ എഡിഎച്ച്ഡി അവസ്ഥ ഉള്ളവരാവണം എന്നില്ല. പക്ഷേ, ചില കുഞ്ഞുങ്ങളില്‍ ഈ അവസ്ഥയുടെ തുടര്‍ച്ചയായി എഡിഎച്ച്ഡി കാണപ്പെടാറുണ്ട്.

സ്വന്തം കുഞ്ഞ് സമപ്രായക്കാരേക്കാള്‍ പ്രതികരണ ശേഷിയും പെട്ടെന്ന് എക്‌സൈറ്റ്‌മെന്റും പ്രകടിപ്പിച്ചാല്‍ മാതാപിതാക്കള്‍ക്കു തന്നെ ചില പ്രത്യേകരീതികളിലൂടെ അവരെ ശാന്തരാക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഉദാഹരണമായി, വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനോടു വളരെ ശബ്ദം കുറച്ച് സംസാരിക്കുകയും ശാന്തമായി തൊടുകയും തലോടുകയും ചെയ്യുക. കുഞ്ഞിനെ പതിയെ കൈയിലെടുക്കുകയും ചുറ്റുപാടുമുള്ള അലോസരപ്പെടുത്തുന്ന ശബ്ദങ്ങള്‍ കുറയ്ക്കുകയും ചെയ്യുക. പ്രത്യേകിച്ചും ടെലിവിഷന്റെ ശബ്ദം വളരെയധികം കുറയ്ക്കാനും തട്ടുപൊളിപ്പന്‍ പാട്ടുകള്‍ ഉയര്‍ന്ന ശബ്ദത്തില്‍ വയ്ക്കുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പാട്ടു കേള്‍ക്കുന്നത് ഇഷ്ടമുള്ള കുഞ്ഞുങ്ങള്‍ക്ക് നേര്‍ത്ത ഈണങ്ങള്‍, വളരെ കുറഞ്ഞ ശബ്ദത്തില്‍ വച്ചുകൊടുത്താല്‍ മതി.

ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ സ്പര്‍ശനത്താല്‍ തന്നെ ശാന്തരാക്കാം. അവരെ ഒരു ബ്ലാങ്കറ്റിലും മറ്റും പുതപ്പിച്ച് അടുത്തു കിടത്തിയാലും നന്നായി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും. കുഞ്ഞ് ഹൈപ്പര്‍ റെസ്‌പോണ്‍സിവ് ആണെങ്കില്‍ നീന്തുകയും നടക്കുകയും ചെയ്യുന്ന സമയത്ത് കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ മാതാപിതാക്കള്‍ സദാസമയവും ശ്രദ്ധിക്കണം

കുഞ്ഞിക്കാലു വളര്...വളര്..

ഇനിയൊരു ആണ്‍കുഞ്ഞു വേണം, അല്ലെങ്കില്‍ പെണ്‍കുട്ടി വേണം....എന്നു പ്രാര്‍ഥിക്കുന്നവരാണ് ഏറെയും. എന്നാല്‍ ആരോഗ്യമുള്ള കുഞ്ഞിനെ മതിയെന്നു പ്രാര്‍ഥിക്കാന്‍ പലരും മറന്നുപോകുന്നു. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ പിന്നെയും തുടങ്ങുന്നു പ്രശ്‌നങ്ങള്‍. സ്വന്തം കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യലായിരിക്കും ആദ്യപടി. ഒരേ പ്രായത്തില്‍ അയല്‍വീട്ടിലും കുഞ്ഞുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. അടുത്ത വീട്ടിലെ കുഞ്ഞ് പത്താം മാസത്തില്‍ നടന്നു തുടങ്ങുകയും സ്വന്തം കുഞ്ഞ് പന്ത്രണ്ട് മാസമായിട്ടും ഇഴഞ്ഞു നീങ്ങുകയുമാണെങ്കില്‍ മാതാപിതാക്കളുടെ സങ്കടം പറഞ്ഞറിയിക്കാനാവില്ല. ഓരോ കുഞ്ഞും മറ്റുള്ളവരില്‍ നിന്നു തികച്ചും വ്യത്യസ്തരാണെന്നു മനസിലാക്കുക. അതുകൊണ്ടു തന്നെ അവരുടെ വളര്‍ച്ചയുടെ ശതമാനത്തിലും വ്യത്യാസമുണ്ടാകും. ചില കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്നു പഠിച്ചെടുക്കാന്‍ കഴിയുമ്പോള്‍ മറ്റു കുട്ടികള്‍ കുറച്ചധികം സമയമെടുത്താണ് ഓരോ കാര്യമായി പഠിച്ചെടുക്കുന്നത്. 

കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ പല നാഴികക്കല്ലുകളുണ്ട്. ഉദാഹരണമായി മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ കുഞ്ഞ് കമിഴ്ന്നു വീഴണം. ഇത്തരത്തിലുള്ള ഓരോ നാഴികക്കല്ലും എല്ലാ ആശുപത്രികളില്‍ നിന്നുമുള്ള ഇമ്യുണൈസേഷന്‍ ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. വളര്‍ച്ചയുടെ കാര്യത്തില്‍ മറ്റു കുഞ്ഞുങ്ങളേക്കാള്‍ വളരെയധികം പിന്നിലാണെങ്കിലോ, ഇത്തരം നാഴികക്കല്ലുകള്‍ കടക്കാന്‍ വിഷമം കാണിക്കുക യോ ചെയ്യുമ്പോള്‍ മാത്രമാണ് കുട്ടിക്ക് മാനസികമോ ശാരീരികമോ ആയ വളര്‍ച്ചക്കുറവുണ്ട് എന്നു സംശയിക്കേണ്ടത്. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ നിരീക്ഷണത്തിന്റെ സഹായത്താല്‍ കുഞ്ഞിന്റെ വൈകല്യങ്ങളും വളര്‍ച്ചക്കുറവും നേരത്തേ തന്നെ കണ്ടെത്തി വൈദ്യസഹായം തേടാം. ബുദ്ധിമാന്ദ്യം, ലാംഗ്വേജ് ആന്‍ഡ് ലേണിങ് ഡിസ്എബിലിറ്റി, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് എന്നിവ ഇത്തരത്തില്‍ വളരെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയുന്ന വൈകല്യങ്ങളാണ്. 

ഈ പറഞ്ഞ വൈകല്യങ്ങളുടെ തീവ്രത ഓരോ കുഞ്ഞിലും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, മൈല്‍ഡ് സെറിബ്രല്‍ പാള്‍സിയു ള്ള കുഞ്ഞ് വളര്‍ച്ചയില്‍ കാര്യമായ വ്യതിയാനം കാണിക്കാതെ, കൈ കാല്‍ കോഓര്‍ഡിനേഷന്‍ വ്യതിയാനം മാത്രമായിരിക്കും പ്രദര്‍ശിപ്പിക്കുക. പക്ഷേ, ഇതിന്റെ അളവ് തീവ്രമായ കുട്ടികള്‍ക്കു നടക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ സാധിക്കില്ല. ചില കുഞ്ഞുങ്ങളില്‍ ഒന്നിലധികം വൈകല്യങ്ങള്‍ കാണാറുണ്ട്. ഇതു തിരിച്ചറിയാന്‍ വൈകരുത്. ഇത്തരം സംശയങ്ങള്‍ തോന്നിത്തുടങ്ങുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തിനു ചെവിയോര്‍ക്കാതെ ഉടന്‍ ഡോക്റ്ററെത്തന്നെ സമീപിക്കണം. 

വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു കുഞ്ഞിന് ഏതെങ്കിലും വിധത്തിലുള്ള വൈകല്യമോ, മൈല്‍സ്‌റ്റോണ്‍ താണ്ടുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുകയോ ആണെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ച ഒരു ഡോക്റ്ററുടെ സഹായത്താല്‍ പരിശോധിച്ച് തിരിച്ചറിയേണ്ടതാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ച സാധാരണനിലയിലാണോ അതോ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടോ എന്നു മനസിലാക്കുന്നതിനു സഹായിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന് ആവശ്യമായ തെറാപ്പികളെക്കുറിച്ച് ഡോക്റ്റര്‍ വിശദമായി പറഞ്ഞുതരും. അതു മനസിലാക്കി, കുഞ്ഞി ന് ആവശ്യമായ പരിചരണവും സഹായവും കൊടുക്കാവുന്നതാണ്. 

ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും പ്രത്യേക സഹായവും കുഞ്ഞിന്റെ ശരിയായ അവസ്ഥയെക്കുറിച്ചുള്ള അവ ബോധവും അത്യാവശ്യമാണ്. തന്റെ കുഞ്ഞിന് വളര്‍ച്ചാ വൈകല്യമുണ്ടെന്ന സത്യം അം ഗീകരിക്കാനും അതിന്റെ ആഘാതത്തില്‍ നിന്നു മാറി, കുഞ്ഞിനെ പരിചരിക്കുന്ന സ്ഥിതിയിലേക്കെത്താനും അവര്‍ക്കു കുറച്ചു താമസമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കാതെ ഒരു കൗണ്‍സിലറുടെ സഹായത്താല്‍ അതിനെ സധൈര്യം നേരിടുകയാണ് വേണ്ടത്. കുഞ്ഞിന്റേയും കുടുംബത്തിന്റേയും ആരോഗ്യത്തിനും ഭദ്രതയ്ക്കും അത്യാവശ്യമാണത്. വൈകല്യം കുഞ്ഞിന്റെ തെറ്റു കൊണ്ടു സംഭവിക്കുന്നതല്ലെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മറ്റു പ്രശ്‌നങ്ങള്‍ താനേ ഒഴിവാകും. അവന്റെ ചിരിയും കളിയും സന്തോഷവും വീട്ടിനുള്ളില്‍ നിറയുമ്പോള്‍ മറ്റുളതെല്ലാം പ്രശ്‌നങ്ങളെല്ലെന്നു പറയാന്‍ വീട്ടുകാരും പഠിക്കും.

ഇന്‍ഫന്റ് മസാജിങ്ങില്‍ അച്ഛന്റെ പങ്ക്

ആദ്യത്തെ കണ്‍മണി ആണായിരിക്കണം

ആരുമേ കണ്ടാല്‍ കൊതിക്കണം

അവന്‍ അച്ഛനെപ്പോലെയിരിക്കണം...

ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്തെ ഭാര്യയുടെ ആഗ്രഹം അവിടെ നിന്നു. ഇന്നത്തെ ഭാര്യയും ഇങ്ങനെ പാടും, അവന്‍ അച്ഛനെപ്പോലെയിരിക്കണം എന്നതിനൊപ്പം അച്ഛന്‍ അവന്റെ കൂടെയുമിരിക്കണം എന്നു കൂടി ആഗ്രഹിക്കും. കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അച്ഛന്റെ പങ്കിനും ഏറെ പ്രാധാന്യം നല്‍കുന്ന കാലമാണിത്.

കുഞ്ഞിന്റെ വളര്‍ച്ചയിലും സ്വഭാവരൂപീകരണത്തിലും പ്രധാന പങ്കാളിയാവാന്‍ ഇന്ന് അച്ഛനും മുന്നിട്ടെത്തുന്നുണ്ട്. അച്ഛനും കുഞ്ഞും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ കണ്ണിയായി ഇന്‍ഫന്റ് മസാജിങ് മാറിക്കൊണ്ടിരിക്കുന്നു. കുഞ്ഞുമായി കൂടുതല്‍ അടുക്കാനുള്ള ഏറ്റവും പോസിറ്റിവും ശക്തവുമായ വഴിയാണത്.

കുഞ്ഞുമായി ആശയവിനിമയം നടത്താന്‍ അച്ഛന് പ്രത്യേക രീതികളുണ്ട്. അച്ഛനോടു കുഞ്ഞ് പ്രതികരിക്കുന്നതു പ്രതീക്ഷിക്കാത്തത്ര പോസിറ്റിവായിട്ടായിരിക്കും. മസാജിങ് ക്ലാസുകളില്‍ ഇതു പ്രകടമാണ്. ക്ലാസില്‍ പങ്കെടുക്കാനെത്തുന്ന അച്ഛന്മാരായിക്കും കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കേള്‍ക്കുകയും കുഞ്ഞ് അതിനനുസരിച്ചു പ്രതികരിക്കുകയും ചെയ്യുന്നത്.

ഇന്‍ഫന്റ് മസാജിങ്ങിന്റെ ഗുണങ്ങള്‍ രണ്ടു തരത്തിലാണു പ്രകടമാകുന്നത്. തന്റെ സ്പര്‍ശനത്തോടൊപ്പം കുഞ്ഞില്‍ പ്രതികരണങ്ങളുണ്ടാവുന്നതു കാണുമ്പോള്‍ അച്ഛനില്‍ ആത്മവിശ്വാസം വളരുന്നു. അച്ഛന്‍ എന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാനായി മാറുകയുമാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യ വര്‍ഷത്തില്‍ എപ്പോഴും അമ്മയായിരിക്കും ഒപ്പമുണ്ടാവുക. പലപ്പോഴും കുഞ്ഞുങ്ങളെ എടുക്കാന്‍ അറിയില്ലെന്നു പറഞ്ഞ് അച്ഛന്‍ മാറി നില്‍ക്കും. കുഞ്ഞുങ്ങള്‍ നടക്കാനും സംസാരിക്കാനും തുടങ്ങുമ്പോഴാണ് അച്ഛന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂ എന്നൊരു ധാരണ ഉണ്ടായിരിക്കുന്നു. അതിനെ മറികടക്കാനാണ് ഇന്‍ഫന്റ് മസാജ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയ്‌ക്കൊപ്പം അച്ഛനും പങ്കാളിയാവാനുള്ള അവസരം. അച്ഛനും കുഞ്ഞും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കം അത്തരം ആശയവിനിമയങ്ങളില്‍ നിന്നാണ്. അച്ഛനായാലും അമ്മയായാലും, കുഞ്ഞിനെ മസാജ് ചെയ്യുന്നത് അവരില്‍ ശക്തമായ റിസല്‍റ്റാണുണ്ടാക്കുന്നത്. കുഞ്ഞിന്റെ തലച്ചോറിനു വളര്‍ച്ചയും വികാസവും സംഭവിക്കുന്ന സമയമാണത്. ആന്തരികഅവയവ വ്യവസ്ഥകള്‍ രൂപം പ്രാപിക്കുന്ന ഈ സമയത്തു നല്‍കുന്ന മസാജിങ്, കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ല നാളെയ്ക്കും ഉപകരിക്കും.

1. വളര്‍ച്ചയേയും നാഡികളുടെ വികാസത്തേയും സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ നിര്‍മാണം വര്‍ധിപ്പിക്കുകയും തലച്ചോറിനേയും നാഡിവ്യവസ്ഥയേയും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

2. രക്തചംക്രമണം, ദഹനം, ശ്വ സനം തുടങ്ങിയ വ്യവസ്ഥകള്‍ സുഗമമാക്കുന്നു.

3. സുരക്ഷിതത്വം, വിശ്വാസം എന്നിവ കുഞ്ഞില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും.

4. ശരീരം കൂടുതല്‍ റിലാക്‌സ് ചെയ്യപ്പെടുകയും കോളിക് രോഗാവസ്ഥയില്‍ നിന്നും മുക്തി നല്‍കുകയും ചെയ്യുന്നു.

5. സുഖനിദ്ര പ്രദാനം ചെയ്യുന്നു.

ഇന്‍ഫന്റ് മസാജ് ക്ലാസുകളിലൂടെ പഠിക്കേണ്ട അവസ്ഥ ഇന്നുണ്ട്. ഒരുപാടു പുസ്തകങ്ങളിലും മാഗസിനുകളിലും മറ്റും ഇതേക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എപ്പോഴും പരിശീലനം നേടിയ ഒരു ഇന്‍സ്ട്രക്റ്ററുടെ അടുത്തു നിന്നു കാര്യങ്ങള്‍ അറിയുന്നതാവും കുഞ്ഞിനു ബുദ്ധിമുട്ടുകളുണ്ടാക്കാതെ മസാജിങ് നടത്താന്‍ ഉത്തമം. മസാജിങ് ചെയ്യുന്നതിനു മുമ്പ് ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതൊക്കെ ട്രെയ്‌നര്‍ വിശദീകരിച്ചു തരും. കുഞ്ഞിന് ആവശ്യമുള്ളതും വേണ്ടാത്തതും എന്തൊക്കെയാണെന്നു മനസിലാക്കണം. കുഞ്ഞിന്റെ ചില ചലനങ്ങളില്‍ നിന്ന് ഇതു മനസിലാക്കിയെടുത്താല്‍ മസാജിങ് കൂടുതല്‍ ഭംഗിയായി ചെയ്യാനാവും

അമ്മയുടെ സ്പര്‍ശനം

കുഞ്ഞു ജനിക്കുന്നതു വരെ ആശങ്കകളാണ് എല്ലാവര്‍ക്കും. എന്നാല്‍ കുഞ്ഞിന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ. ഒരു നിമിഷത്തിനു മുമ്പു വരെ ഗര്‍ഭപാത്രത്തിലെ ശാന്തമായ ലോകത്ത്, ഭക്ഷണം എവിടെ നിന്നു കിട്ടുന്നു എന്നതിനെക്കുറിച്ചു ചിന്തിക്കാതെയും സുഖകരമായ ഊഷ്മാവിലും എപ്പോഴും അമ്മയുടെ സുരക്ഷിത കവചത്തില്‍ കഴിയുകയാണ് അവന്‍. എന്നാല്‍ തൊട്ടടുത്ത നിമിഷത്തില്‍ വിശാലമായ ലോകത്തേക്ക്, ഭക്ഷണത്തിനു വേണ്ടി കരഞ്ഞു കൊണ്ട് അവന്‍ കടന്നുവരുന്നു. ഭക്ഷണം കിട്ടുമ്പോഴോ, അതവന്റെ ദഹനവ്യവസ്ഥയ്ക്ക് ഞെട്ടലായിരിക്കും. കുഞ്ഞു വയറിലേക്ക് ആവശ്യത്തിലധികം ഭക്ഷണം പലപ്പോഴുമെത്തുന്നു. മാത്രമോ ഓരോ ദിവസവും ബുദ്ധിമുട്ടേറിയ പുതിയ അനുഭവങ്ങളിലൂടെ വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുകയാണ് കുഞ്ഞ്. ആദ്യമായി മാതാപിതാക്കളാവുന്നവരുടേയും ജീവിതക്രമത്തില്‍ മാറ്റങ്ങളുണ്ടാ വുന്നു. കുഞ്ഞുങ്ങളും അമ്മയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ക്രിയേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത അവിടെയാണ്.

സ്‌നേഹമസൃണമായ സ്പര്‍ശനത്തിലൂടെ കുഞ്ഞിനെ പിന്തുണയ്ക്കാനും ആശയവിനിമയം നടത്താനും സ്‌നേഹിക്കാനും മനസിലാക്കാനും മാതാപിതാക്കള്‍ക്കു കഴിയുന്നു. കുഞ്ഞിന്റെ പുറത്ത് പതിയെ ഒന്നു തലോടി ഉറക്കുമ്പോള്‍, അമ്മയും കുഞ്ഞും തമ്മിലുള്ള ദൃഢവും ആഴമുള്ളതുമായ ആശയവിനിമയം നിശബ്ദതയിലൂടെ സാധ്യമാകുന്നു. കുഞ്ഞിന്റെ മനസില്‍ ചെറുതായെങ്കിലും തോന്നാനിടയുള്ള ടെന്‍ഷന്‍ ഇല്ലാതാക്കാന്‍, അവന്റെ വയറിലോ കുഞ്ഞിക്കാലുകളിലോ നല്‍കുന്ന ചെറിയ മസാജിനു സാധി ക്കും. ഇത്തരം സ്പര്‍ശനങ്ങള്‍ സ്വീകരിക്കുന്ന കുഞ്ഞിന് മാനസികമായി കൂടുതല്‍ ശക്തിയുണ്ടായിരിക്കും. എന്നാല്‍ എല്ലാ സമയത്തും കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ മസാജിങ്ങിനു കഴിയില്ല. കുഞ്ഞ് ഉറക്കം തൂങ്ങുമ്പോഴോ, ഭക്ഷണത്തിനാ യോ മറ്റേതെങ്കിലും അസ്വസ്ഥത കൊണ്ടോ കരയുമ്പോഴോ, യാത്ര ചെയ്തു ക്ഷീണിച്ചിരിക്കുമ്പോഴോ മസാജ് ചെയ്യാന്‍ ശ്രമിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ പ്രതികരണം പല തരത്തിലായിരിക്കും. അമ്മയില്‍ നിന്നു മുഖം തിരിക്കുകയോ പിന്‍വശം വളയ്ക്കുകയോ ശരീരം സ്റ്റിഫായി വയ്ക്കുകയോ ശരീത്തിന്റെ നിറം മാറുകയോ ഞെട്ടുകയോ അതല്ലെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗമായ കരച്ചില്‍ തന്നെ സ്വീകരിക്കുകയോ ചെയ്യും. കുഞ്ഞിന് മസാജ് ചെയ്യേണ്ട ഏറ്റവും നല്ല സമയത്ത് അവന്‍ അമ്മയെ നോക്കി ചിരിക്കുകയും അവന്റെ കൈകള്‍ ഉയര്‍ത്തി അമ്മയ്ക്കു നേരെ കാട്ടുകയോ ചെയ്യും. ആഹാരം കൊടുത്ത് നാല്‍പ്പത്തഞ്ചു മിനിറ്റിനു ശേഷം വയറില്‍ മസാജ് ചെയ്യുന്നതാണ് ഉത്തമം.

സ്‌പെഷ്യല്‍ കെയര്‍ ആവശ്യമായ കുഞ്ഞിന്റെ അമ്മയാണെങ്കില്‍ ആ കുഞ്ഞിന് ആവശ്യങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗങ്ങള്‍ മറ്റുള്ളവ രില്‍ നിന്നു വ്യത്യസ്തമായിരിക്കും. കൃത്യമായ മസാജിങ് നടത്തുന്നതോടെ ആ കുഞ്ഞിനു മാത്രമായുള്ള സിഗ്‌നലുകളും മറ്റും അമ്മയ്ക്കു മനസിലാക്കാന്‍ സാധിക്കും. ജീവിതത്തില്‍ തുടരേണ്ടി വരുന്ന ശാരീരികമായ അസ്വസ്ഥകളും കുറവുകളുമായി പൊരുത്തപ്പെടാനും കുഞ്ഞിനു ലഭിക്കുന്ന മസാജിങ് സഹായിക്കുന്നു. ഒരു കുടുംബത്തിലേക്കു പുതുതായി വരുന്ന അതിഥിയാണ് കുഞ്ഞ്. അവന്റെ സംരക്ഷണത്തിന് അച്ഛനും അമ്മയും ഒരുപോലെ തയാറാവുകയും വേണം. കുഞ്ഞ് ഉറങ്ങുന്നതും ഉണരുന്നതും കൃത്യമാകുന്നു, ദഹനവും പുറന്തള്ളലും പ്രശ്‌നങ്ങളില്ലാതെ പോകുന്നു, രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നു, മാനസികമായ ബുദ്ധിമുട്ടുകള്‍, വേദന എന്നിവയില്‍ നിന്നൊക്കെ പെട്ടെന്നു മോചിതനാവുന്നു തുടങ്ങി പോസിറ്റീവായ മാറ്റങ്ങള്‍ മസാജിങ്ങിലൂടെ കുഞ്ഞിനു ലഭിക്കുന്നതാണ്. ബേബി മസാജിങ് ഗ്രൂപ്പില്‍ പങ്കെടുക്കുന്നത് മാതാപിതാക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു. അവിടെ എത്തുന്ന അച്ഛനമ്മമാരുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങളും പ്രതിവിധികളും പങ്കുവയ്ക്കാനും കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ചെയ്യാവുന്ന നല്ല മാര്‍ഗങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും അതിലൂടെ കഴിയുന്നു. പോസ്റ്റ് നേറ്റല്‍ ഡിപ്രഷനില്‍ നിന്ന് അമ്മമാര്‍ക്ക് പെട്ടെന്നു മോചനം നേടാനും ഈ കൂടിച്ചേരലുകള്‍ സഹായിക്കും. കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ സ്പര്‍ശിക്കുമ്പോള്‍ അവരിലുണ്ടാവുന്ന പ്രതികരണം തിരിച്ചറിയാന്‍ ഓരോ മാതാപിതാക്കളും അത്രയേറെ കൊതിക്കുന്നുണ്ടാവും. അതിന് കുഞ്ഞിനെ സ്പര്‍ശിക്കുക തന്നെ വേണം....

കുട്ടികള്‍ക്ക് ജന്മം നല്കും മുമ്പറിയാന്‍

കുട്ടികള്‍ വൈകുന്നതിന് പ്രധാന കാരണമാകുന്ന ഒന്നാണ് സാമ്പത്തികം. ഒരായുസിന്റെ മുഴുവന്‍ സമ്പത്താണ് കുട്ടി. കുട്ടികളില്ലാത്തവരുടെ വീക്ഷണത്തില്‍ ഇക്കാര്യം നോക്കിയാല്‍ ഏറ്റവും മികച്ച ഒരു മോഡല്‍ സ്വന്തമാക്കി ഷോപ്പിന് പുറതേക്ക് കൊണ്ടു പോകുന്നതിന് തുല്യമാണ്. ഇതുപോലെ തന്നെയുള്ള വിലയാണ് ഒരു കുട്ടിക്കും നല്‌കേണ്ടി വരിക. ഇതല്ലാതെ ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളില്ല.

നിങ്ങള്‍ക്ക് മുമ്പ് കുട്ടികളുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങളെങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും. നിലവിലുള്ള കുട്ടിയുടെ കാര്യത്തില്‍ വരുമ്പോള്‍ രക്ഷാകര്‍തൃത്വത്തിന്റെ പ്രധാന ഘടകമാണ് ഇത്. സഹന ശീലം നിങ്ങള്‍ക്ക് ആത്മനിയന്ത്രണം നല്കും. കുട്ടികളെ വളര്‍ത്താന്‍ വേണ്ടുന്ന അടിസ്ഥാന ഗുണം കൂടിയാണ് സഹനശീലം.

ഇരുപത് വയസിലോ, അതിന് മുമ്പോ ഒരു കുട്ടിയുണ്ടായാല്‍ അത് ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കും. രാത്രിപാര്‍ട്ടികളും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അലഞ്ഞ് തിരിയലും ഇത് വഴി ഇല്ലാതാകും. ഒരു കുട്ടിയുണ്ടാകുന്നതോടെ അത്തരമൊരു ജീവിതം അവസാനിക്കുകയാണ്. ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് പിന്നീട് അത്തരം കാര്യങ്ങളില്‍ വലിയ താല്പര്യം ഉണ്ടാകില്ല. നിങ്ങള്‍ക്ക് നേരത്തെ തന്നെ ഒരു കുട്ടിയുണ്ടെങ്കില്‍ അത്തരമൊരു അസ്ഥയില്‍ നിങ്ങളിപ്പോള്‍ എത്തിയിരിക്കും.

അമ്മ മനസ്

അമ്മയുടെ സംരക്ഷണവും സാന്നിധ്യവും കുഞ്ഞിന്റെ വൈകാരികമായ വളര്‍ച്ചയ്ക്കു മാത്രമല്ല. ജൈവികമായ വളര്‍ച്ച കൂടിയാണ് അത്. അതായത് കുഞ്ഞിന്റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു.

ഫ്രഞ്ച് ഒബ്‌സ്‌റ്റെറിഷ്യന്‍ മൈക്കിള്‍ ഒഡെന്റിന്റെ ദ സയന്റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക് സന്ദേശം വഹിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിനെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രണയിക്കുമ്പോഴും, ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുമ്പോഴുമെല്ലാം ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് ഓക്‌സിടോസിന്‍ ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ മറ്റ് ഹോര്‍മോണുകളുടെ സാന്നിധ്യം അനുസരിച്ച് സ്‌നേഹത്തിലും വ്യത്യാസം വരുന്നു. ഉദാഹരണമായി പ്രോലാക്റ്റിന്റെ അളവ് കൂടുമ്പോള്‍, കുഞ്ഞുങ്ങളോടുള്ള സ്‌നേഹമാണ് പുറത്തേക്കു വരിക. കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നു. ഇത് അമ്മയേയും കുഞ്ഞിനേയും മയക്കത്തില്‍ നിന്ന് ഉണര്‍ത്തും. പരസ്പരസഹകരണത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധസ്‌നേഹം ആരംഭിക്കുന്നു. ആവശ്യമുള്ള ഹോര്‍മോണുകളുടെ അഭാവം കുഞ്ഞിന്റെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. തുടര്‍ ജീവിതത്തില്‍ പലതരം പ്രശ്‌നങ്ങള്‍ കുഞ്ഞിനു നേരിടേണ്ടി വരുന്നത് ഇക്കാരണത്താലാണ്. മരുന്നിനോടു നോ പറയാമെങ്കിലും ന്യൂറോബയോളജി തള്ളിക്കളയാനാവില്ല. മനുഷ്യമസ്തിഷ്‌കം വികാരങ്ങളുടെ സിരാകേന്ദ്രമാണ്. തലച്ചോറിന്റെ ആദ്യ ഭാഗത്തായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള പ്രത്യേക ബന്ധം ഉടലെടുക്കുക. അവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. മുലയൂട്ടല്‍, ഒന്നിച്ചുള്ള ഉറക്കം, കുഞ്ഞിനെ താലോലിക്കല്‍ തുടങ്ങിയവയിലൂടെ അത് കൂടുതല്‍ ദൃഢമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം സ്പര്‍ശനം തന്നെയാണ്.

സ്പര്‍ശനവും സ്‌നേഹവുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. സ്പര്‍ശനത്തിലൂടെയുള്ള സാന്ത്വനം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറില്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ റിലീസ് ചെയ്യപ്പെടുന്നു. അത് തലച്ചോറിനേയും അതിന്റെ പ്രവര്‍ത്തനത്തേയും മോശമായി ബാധിക്കുകയാണ്. ഇത് കുഞ്ഞുങ്ങളില്‍ ഡിപ്രഷന്‍, ഇംപള്‍സ് ഡിസ്‌കണ്‍ട്രോള്‍, വയലന്‍സ്, ചൂഷണം ചെയ്യപ്പെടല്‍ എന്നിവ വളര്‍ത്തിയെടുക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍, കുഞ്ഞുങ്ങള്‍ക്ക് അമ്മയുടേത് ഉള്‍പ്പെടെ ബന്ധുക്കളുടെയെല്ലാം സംരക്ഷണം ലഭിക്കുമായിരുന്നു. അമ്മയ്ക്കു കുഞ്ഞിനെ നോക്കാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു.

കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്‌നേഹവും കരുതലുമാണ് പിന്നീടുള്ള വളര്‍ച്ചയേയും വികാസത്തെയും ബാധിക്കുന്നത്. സ്പര്‍ശനം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈകല്യങ്ങള്‍ നിരവധിയാണ്. രോഗപ്രതിരോധശേഷിയേയും ഉറക്കത്തിന്റെ തോതിനെയുമൊക്കെ ഇതു പ്രതികൂലമായി ബാധിക്കും. അമ്മയുടെ വയറ്റില്‍ നിന്ന് ഒന്‍പതു മാസത്തിനു ശേഷം പുറത്തെത്തുമ്പോഴും കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്‍പതു മാസത്തേക്ക് കൂടി വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ് കുഞ്ഞ് കടന്നു പോകുന്നത്, അതിനാല്‍ സംരക്ഷണത്തിന്റെ തോതിലും വ്യത്യാസം വരാന്‍ പാടില്ല.

കുഞ്ഞുങ്ങളുടെ അച്ചടക്കം

മിക്ക മാതാപിതാക്കളും കുഞ്ഞുങ്ങളോടുള്ള അമിത വാത്സല്യം മൂലം തെറ്റുകള്‍ കണ്ടാല്‍ എതിര്‍ക്കാറില്ല. വളരെ ചെറുപ്പത്തില്‍ത്തന്നെ വയ്ക്കുന്ന നിയന്ത്രണരേഖകളോ രീതികളോ ആണ് ഭാവിയിലെ സ്വഭാവരൂപീകരണത്തിനും അച്ചടക്കത്തിനും വഴിതെളിക്കുന്നതെന്നു മനസിലാക്കണം. കുഞ്ഞ് വലിയ താത്പര്യം കാണിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ അത് ഭാവിയില്‍ ആത്മനിയന്ത്രണം ലഭിക്കാന്‍ സഹായിക്കും.

എട്ടു മാസം മുതല്‍ കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണം ആരംഭിക്കും. കുഞ്ഞുങ്ങള്‍ അവരവരുടെ ശീലങ്ങളും സ്വഭാവരീതികളും വികസിപ്പിച്ചെടുക്കും. ഇതില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമുള്ള പങ്ക് വലുതാണ്. അനാവശ്യ ശീലങ്ങളില്‍ നിന്നു കുഞ്ഞിനെ മാറ്റാന്‍ ഏറ്റവും നല്ല രീതി ശ്രദ്ധ തിരിക്കലാണ്. അനാവശ്യ ശീലങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഉദാഹരണത്തിന് മുതിര്‍ന്നവരെ അടിക്കുകയോ തുപ്പുകയോ സ്വന്തം ശരീരത്തെ ആവശ്യത്തില്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍, കുഞ്ഞിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്കു തിരിക്കാന്‍ ശ്രദ്ധിക്കണം.

കുഞ്ഞിനെ ശാസിക്കേണ്ട സമയം പ്രത്യേകം തരംതിരിക്കണം. എന്തു ചെയ്താലും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്താല്‍ തെറ്റും ശരിയും മനസിലാക്കാന്‍ കഴിയാതെ വരും. കുഞ്ഞിന് അപകടങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സമയത്ത് ശാസന അനിവാര്യമാണ്. പക്ഷേ, ശാസനയോടൊപ്പം എന്തുകൊണ്ട് അമ്മ അല്ലെങ്കില്‍ അച്ഛന്‍ ശാസിച്ചു എന്നതിന്റെ കാരണം കുഞ്ഞിനെ മനസിലാക്കിക്കൊടുക്കുക. ഒന്നോ രണ്ടോ തെറ്റുകളില്‍ നിന്നു കുഞ്ഞ് കാര്യകാരണങ്ങള്‍ മനസിലാക്കുമെന്നു വിചാരിക്കരുത്. പ്രകൃതിദത്തമായ ആകാംക്ഷ കുഞ്ഞിനെ എപ്പോഴും താത്പര്യവാനും ഉത്സാഹിയുമാക്കും. ഇതിനെ പ്രോത്സാഹിപ്പിക്കണം, തല്ലിക്കെടുത്തരുത്.

തെറ്റ് പ്രവര്‍ത്തിച്ചാല്‍ ശാസന ഉടനേ ഉണ്ടാകണം. അല്ലാതെ അതിന്റെ പ്രാധാന്യം അവസാനിച്ച ശേഷം വരുന്ന ശാസനയ്ക്കു യാതൊരുവിധ പ്രയോജനവും ഉണ്ടാവില്ല. മറിച്ച് അതു കുഞ്ഞിനെ അസ്വസ്ഥനാക്കും. നല്ലതായാലും മോശമായാലും യെസ് അല്ലെങ്കില്‍ നോ ഉടന്‍ പറയണം. തെറ്റായ കാര്യം പ്രവര്‍ത്തിക്കുന്നതില്‍ നിന്നു കുഞ്ഞിനെ ഒരു തവണ പിന്തിരിപ്പിച്ച ശേഷം, അതേ തെറ്റ് ആവര്‍ത്തിക്കുന്ന കുഞ്ഞിനോട് ഒരേ തരത്തില്‍ത്തന്നെ പെരുമാറണം.

ശാസന പോലെ തന്നെ വളരെ അനിവാര്യമാണ് പ്രശംസയും. നല്ല പ്രവൃത്തിയെ എപ്പോഴും പ്രശംസിക്കുക. ഇത് നല്ല സ്വഭാവരൂപീകരണത്തിന് അടിത്തറ പാകും. ഉദാഹരണമായി മറ്റുള്ളവര്‍ക്കു വേണ്ടി നല്ല കാര്യം ചെയ്യുക, സമപ്രായക്കാരോടു നന്നായി പെരുമാറുകയും കളിപ്പാട്ടങ്ങള്‍ പങ്കിടുകയും ചെയ്യുക... ഇത്തരം സമയങ്ങളില്‍ കുഞ്ഞിനെ പ്രശംസിക്കാം. ഇത് അനാവശ്യകാര്യങ്ങള്‍ ചെയ്തില്ലെങ്കിലും അച്ഛന്റേയും അമ്മയുടേയും ശ്രദ്ധ എനിക്കു കിട്ടും എന്ന ബോധം കുഞ്ഞില്‍ ജനിപ്പിക്കും.

അധിക ലാളന കുഞ്ഞിനെ വഷളാക്കും എന്നു കരുതുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ എട്ടു മുതല്‍ പന്ത്രണ്ടു മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് അഭിനയകല തീരെ വശമില്ല. അതിനാല്‍ അവര്‍ കരഞ്ഞാല്‍ ഉടന്‍ അവര്‍ക്കാവശ്യമായ ശ്രദ്ധ നല്‍കുക. ജനനശേഷം എട്ടു മാസമോ അതിനു മുമ്പോ കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് മാതാപിതാക്കള്‍ക്കു വ്യക്തമായി മനസിലാവും. എന്നാല്‍ ചില സമയം കുഞ്ഞ് അനാവശ്യമായി കരഞ്ഞേക്കാം. താന്‍ എന്തിനാണ് കരയുന്നത് എന്നതിനെക്കുറിച്ചു കുഞ്ഞിനു വ്യക്തത കാണില്ല. ഈ സമയം അവനെ മാറോടണച്ചു സംസാരിക്കുകയും ലാളിക്കുകയും ചെയ്യുക. മാതാപിതാക്കളുടെ ലാളനയും സ്‌നേഹവും കുഞ്ഞിന് ജീവവായുവും ഭക്ഷണവും പോലെ തന്നെ പ്രധാനമെന്നു തിരിച്ചറിയുക

ഇന്‍ഫന്റ് മസാജ് എന്ത്, എങ്ങിനെ.

കുഞ്ഞു ജനിക്കുന്ന നിമിഷം ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. അതിന്റെ ആവേശവും ആഹ്ലാദവും എത്ര പറഞ്ഞാലും തീരില്ല. അമ്മയാവാന്‍ പോകുന്നു എന്നറിയുമ്പോഴുള്ള സന്തോഷം, പിന്നെ പ്രസവത്തോടടുക്കുമ്പോള്‍ ടെന്‍ഷന്‍. അതു കഴിഞ്ഞാലോ, കുഞ്ഞിനെക്കുറിച്ചുള്ള ഓരോ കാര്യങ്ങളിലും അതിലേറെ ടെന്‍ഷന്‍.

തന്നെക്കൊണ്ട് ആകാവുന്ന ഏറ്റവും മികച്ച പരിചരണം കുഞ്ഞിനു നല്‍കാനാണ് ഓരോ അച്ഛന്റേയും അമ്മയുടേയും ശ്രമം. അതേക്കുറിച്ച് എങ്ങനെ മനസിലാക്കാം എന്നാണ് ആലോചന. ഓരോ അമ്മയും അവരുടെ കുഞ്ഞ് ഏറ്റവും നന്നായി വളര്‍ന്നു വരണമെന്നാണ് ആഗ്രഹിക്കുക. കൃത്യമായി ഭക്ഷണം നല്‍കി, ശ്രദ്ധയോടെ പരിപാലിച്ചു വളര്‍ത്തുകയാണ് അമ്മമാരുടെ പ്രധാന കടമ. എന്നാല്‍ ഇതു മാത്രമായാല്‍ എല്ലാം തികഞ്ഞു എന്നു ചിന്തിക്കരുത്. പലപ്പോഴും ചില ഘടകങ്ങള്‍ അധികമായി ആവശ്യം വരും. കുഞ്ഞിന് ആവശ്യമായ അധിക ലാളന മസാജിങ്ങിലൂടെ പകര്‍ന്നു നല്‍കാവുന്നതാണ്.

ഇന്‍ഫന്റ് മസാജ് എന്നത് പുതിയ കാര്യമല്ല. ഇന്ത്യയിലും ചൈനയിലുമൊക്കെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ പ്രചാരത്തിലിരുന്നതാണ് ഇത്. ഇന്നത്തെ സമൂഹത്തില്‍ ഇന്‍ഫന്റ് മസാജിങ് അവതരിപ്പിക്കുന്നത് ഓരോ ഘട്ടങ്ങളായിട്ടാണ്. പെട്ടെന്ന് ഇക്കാര്യം മനസിലാക്കാനുള്ള സൗകര്യത്തിനു കൂടിയാണിത്. മസാജിങ്ങിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാം എന്നതാണ് പ്രധാന ഗുണം. അപ്പോള്‍ കുട്ടികള്‍ക്ക് മസാജിങ്ങിന്റെ ആവശ്യമില്ലെന്നു പറഞ്ഞു തള്ളിക്കളയുന്നതെങ്ങനെ. രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനും അന്‍പതു വയസുള്ള മനുഷ്യനും ഇരുപത്തഞ്ചു വയസുകാരിക്കും മാനസിക പിരിമുറുക്കമുണ്ടാകും. കൃത്യമായ സ്പര്‍ശനവും ഉത്തേജനവും എല്ലാവര്‍ക്കും ആവശ്യമാണ്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് ഇന്‍ഫന്റ് മസാജ് അവതരിപ്പിക്കുന്ന നോണ്‍ തെറാപ്യൂട്ടിക് ഇന്‍ഫന്റ് മസാജിലെ ഘട്ടം ഘട്ടമായുള്ള മസാജിങ് കുഞ്ഞിന് സ്പര്‍ശനത്തിന്റേയും വാത്സല്യത്തോടെയുള്ള ഉണര്‍വിന്റേയും പ്രയോജനം ലഭ്യമാക്കുന്നു.

ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് കുഞ്ഞിനെക്കുറിച്ച് കൂടുതല്‍ അറിയാനും കുഞ്ഞിനെ സന്തോഷിപ്പിക്കാനും ആരോഗ്യത്തോടെയും സുഖത്തോടെയും പരിപാലിക്കാനുമുള്ള കാര്യങ്ങള്‍ തേടുന്നത്. ഇന്‍ഫന്റ് മസാജിങ് പഠിച്ച്, അമ്മയുടെ കൈകളുടെ നേര്‍ത്ത ചൂടും സുഖവും അടുപ്പവും കുഞ്ഞിന് നല്‍കാന്‍ കഴിയുന്നതാണ് അവര്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

അമ്മമാരേ....

വരെ നന്നായി നോക്കി വളര്‍ത്താനും സ്ത്രീകള്‍ക്കു പ്രത്യേക ട്രെയ്‌നിങ്ങിന്റെ ആവശ്യമൊന്നുമില്ല. അതു താനേ വന്നു ചേരുന്നതാണ്. ആദ്യ കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നതാണ് ഏറ്റവും പ്രയാസം. ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടാവും, ആദ്യമായി അച്ഛനമ്മമാരാവുന്നവര്‍ പ്രായമായവരില്‍ നിന്ന് ഇക്കാര്യത്തില്‍ ഉപദേശം തേടുന്നത് ഏറ്റവും നല്ല കാര്യമായി കണക്കാക്കാം. എന്നു കരുതി ഒരുപാടു പേരില്‍ നിന്ന് ഒരേ കാര്യത്തിനു പല ഉപദേശം സ്വീകരിക്കുന്നത് വലിയ അബദ്ധമായി മാറുകയും ചെയ്യുന്നു. ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നത് പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ കിട്ടുന്ന രണ്ട് ഉപദേശങ്ങള്‍ വ്യത്യസ്തമാണെന്നു കാണുമ്പോഴാകും. ഓരോരുത്തര്‍ക്കും സ്വന്തം കുഞ്ഞിനെ എങ്ങനെ വളര്‍ത്തിവലുതാക്കണം എന്നതിനെക്കുറിച്ചു ധാരണകളുണ്ടാവും, അവിടെയാണ് ഉപദേശങ്ങളുടെ സമ്മര്‍ദം പ്രശ്‌നമായി മാറുന്നത്. എങ്കിലും ഒരാളുടെ ഉപദേശം സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല, മറിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രം സ്വീകരിച്ചു വേണ്ടാത്തത് ഉപേക്ഷിക്കാമല്ലോ.

എപ്പോഴും മനസിലാക്കേണ്ട പ്രധാന കാര്യം, ആദ്യ കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവരുടേയും അറിവ് ഒരുപോലെയായിരിക്കും എന്നതാണ്. അഞ്ചും ആറും കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തിയവര്‍ക്കും എല്ലാ സംശയങ്ങളുടെയും ഉത്തരം പറഞ്ഞു തരാന്‍ കഴിയണമെന്നില്ല.

എന്തു കാര്യത്തിലും സ്വയം ഒരു വിശ്വാസമുണ്ടായിരിക്കണം. കുഞ്ഞിനെ വളര്‍ത്താന്‍ ബുദ്ധിമുട്ടില്ലെന്നു മനസിലാക്കുക. ലോകത്തെല്ലായിടത്തും ഒരുപോലെ ബാധകമായ ചില പേരന്റിങ് നിയമങ്ങളുണ്ട്. ഓരോ കുഞ്ഞിനും അവന്റെ കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിക്കുക, സ്‌നേഹത്തിലൂടെയും കളികളിലൂടെയും അവന്റെ ചുറ്റുപാടുകളും സമൂഹവും തിരിച്ചറിയാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കുക എന്നിവ ഇതില്‍പ്പെടുന്നു. ഇവ ചെയ്തുകൊടുക്കാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്, അതായത് ഒരു ചോദ്യത്തിന് ഒന്നിലധികം ശരിയായ ഉത്തരങ്ങളുണ്ട്. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായതുപോലെ തന്നെയാണിത്. ഒരാളുടെ കുഞ്ഞിന്റെ പ്രശ്‌നത്തിനു കണ്ടെത്തിയ പരിഹാരമാര്‍ഗം മറ്റൊരാളില്‍ ഫലിക്കണമെന്നില്ല. നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ തോളില്‍ കിടത്തി പതിയെ തട്ടിയുറക്കിയാല്‍ അവന്‍ കരച്ചില്‍ നിര്‍ത്തുമെന്നു കരുതി, കരയുന്ന എല്ലാ കുഞ്ഞുങ്ങളിലും ഇതു പ്രയോഗിക്കുന്നതു ശരിയാവില്ല. ഓരോ കുഞ്ഞിന്റേയും വ്യക്തിത്വം, ആവശ്യം, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതു കണ്ടെത്തേണ്ടത്.

കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ത്തന്നെ ഉപദേശങ്ങളുടെ പെരുമഴയായിരിക്കും നാനാദിക്കില്‍ നിന്നും. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ അത് ഇരട്ടിക്കുകയേയുള്ളൂ. അമ്മമാര്‍ ചെയ്യുന്നതൊന്നും ശരിയല്ലെന്ന രീതിയില്‍ ഉപദേശവുമായി എത്തുന്നവരും കുറവല്ല. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഒന്നുമറിയില്ല എന്ന മട്ടിലാവും അവരുടെ സംസാരം. എന്നാല്‍ അമ്മമാര്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം മറ്റൊന്നാണ്. എത്രതന്നെ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ് അഭിപ്രായങ്ങളുമായി വരുന്നതെങ്കിലും, അതു ശരിയാണെന്നു തോന്നുന്നുവെങ്കില്‍ മാത്രം സ്വീകരിക്കുക. കാരണം കുഞ്ഞിനെ ഒരു പരീക്ഷണവസ്തുവാക്കി മാറ്റരുത്. രാത്രി ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു കരയുന്ന കുഞ്ഞിനെ കുറച്ചു നേരം ശ്രദ്ധിക്കാതിരുന്നാല്‍ അവന്‍ കരച്ചില്‍ മതിയാക്കും എന്നായിരിക്കും അടുത്ത ബന്ധുവായ സ്ത്രീയുടെ ഉപദേശം. അതു ചിലപ്പോള്‍ അവരുടെ കുഞ്ഞിന്റെ കാര്യത്തില്‍ ശരിയുമായിരിക്കും. എന്നാല്‍ സ്വന്തം കുഞ്ഞ് കരയുന്നതു നോക്കി നില്‍ക്കാന്‍ അമ്മയ്ക്കു കഴിയുമോ എന്ന സാമാന്യബോധം മാത്രം അവിടെ പ്രയോഗിച്ചാല്‍ മതി. കുഞ്ഞിന്റെ കരച്ചിലിനു കാരണം കണ്ടെത്താനാവണം അമ്മ ആദ്യം ശ്രമിക്കേണ്ടത്. അതായത് കുഞ്ഞിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശരിയെന്നു തോന്നുന്നതു മാത്രം ചെയ്യുക. ലോകത്തു മറ്റാരേക്കാളും നന്നായി സ്വന്തം കുഞ്ഞിനെ മനസിലാക്കാന്‍ ഒരമ്മയ്ക്കു മാത്രമേ കഴിയൂ

ഇരട്ടക്കുട്ടികള്‍ വളരുമ്പോള്‍...

ഇരട്ടക്കുട്ടികളെ ഒന്നിച്ചു വളര്‍ത്തി വലുതാക്കുന്നതു കുറച്ചു സങ്കീര്‍ണമാണ്. ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കും. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. അതിനാല്‍ ഗര്‍ഭകാലത്തു സാധാരണ ഗര്‍ഭിണികളിലും കൂടുതല്‍ തവണ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ ഡോക്റ്ററെ സന്ദര്‍ശിക്കേണ്ടി വരുന്നു. കൂടാതെ കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട നിര്‍ദേശങ്ങളെല്ലാം ഒരു പീഡിയാട്രിഷ്യന്റെ സഹായത്താല്‍ മനസിലാക്കണം. 
ഇരട്ടക്കുട്ടികളെ രണ്ടു വ്യത്യസ്ത കുഞ്ഞുങ്ങളായി ആദ്യം മുതല്‍ തന്നെ കാണാന്‍ ശ്രമിക്കണം. ഇരട്ടകളാണെങ്കിലും ഓരോ കുഞ്ഞിനും സ്വന്തമായ വ്യക്തിത്വം ഉണ്ടായിരിക്കും. ഇരട്ടക്കുട്ടികള്‍ പൊതുവെ സാമ്യമുള്ള ഐഡന്റിക്കല്‍ ട്വിന്‍സും വളരെ വ്യത്യസ്തരായ നോണ്‍ഐഡന്റിക്കല്‍ ട്വിന്‍സും ആയിട്ടാവും കാണപ്പെടുക. ഐഡന്റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ അവരെ ഒന്നായി കണ്ട് ഒരേ തരം വസ്ത്രവും കളിപ്പാട്ടങ്ങളും ഒരേ തരത്തില്‍ ശ്രദ്ധയും നല്‍കിയാല്‍ മതിയാവും. പക്ഷേ, അവര്‍ എത്ര സാമ്യമുള്ളവരായി കാണപ്പെടുന്നുവോ അത്രയും വ്യത്യാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ആയിരിക്കും. കളിപ്പാട്ടത്തിന്റെ കാര്യത്തില്‍പ്പോലുമുണ്ടാവും രണ്ടുപേര്‍ക്കും അഭിപ്രായങ്ങള്‍. 

ഇരട്ടകളുടെ വ്യക്തിത്വം ഒരുപോലെയായിരിക്കില്ല എന്നു മനസിലാക്കി, മാതാപിതാക്കള്‍ രണ്ടുപേരോടും അവരുടെ രീതിയില്‍ പെരുമാറണം. ഇതു ഭാവിയില്‍ സന്തോഷവും അച്ചടക്കവുമുള്ള വ്യക്തികളാവാന്‍ കുഞ്ഞുങ്ങളെ സഹായിക്കും. ഞങ്ങള്‍ ഇരട്ടകളല്ല, ഒരേ ജന്മദിനമുള്ള സഹോദരങ്ങളാണ് എന്ന തരത്തില്‍ ഈ ബന്ധത്തെ കാണുന്നവരുണ്ട്. ഇരട്ടകള്‍ തമ്മില്‍ ശത്രുതയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മറ്റു സഹോദരങ്ങളില്ലെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ആദ്യം തന്നെ രണ്ടുപേരും തമ്മില്‍ മത്സരമുണ്ടാകുന്ന തരത്തിലെ സംസാരം വീടിനുള്ളില്‍ത്തന്നെ ഒഴിവാക്കാം. നിറത്തിന്റേയോ സൗന്ദര്യത്തിന്റേയോ കഴിവിന്റേയോ പേരില്‍ കുട്ടികളെ കുറ്റപ്പെടുത്താന്‍ പാടില്ല. വളര്‍ന്നു കഴിഞ്ഞാലും ഇരട്ടകളുടെ മനസില്‍ ഇതു സ്ഥിരമായിട്ടുണ്ടാവുകയും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു രൂക്ഷമാകുന്ന ഘട്ടമായി മാറുകയും ചെയ്യും. 

ഇരട്ടക്കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും വളരെയധികം സമയവും ക്ഷമയും അത്യാവശ്യമാണ്. അവര്‍ക്കു വേണ്ടി കൂടുതല്‍ നേരം ചെലവഴിക്കുമ്പോള്‍ ഇവര്‍ക്കു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍, അച്ഛനമ്മമാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി മറ്റു കുഞ്ഞുങ്ങളെ ഇരട്ട സഹോദരങ്ങളുടെ സംരക്ഷണത്തിനും മറ്റുമായി ശ്രദ്ധ ചെലുത്താന്‍ പ്രോത്സാഹിപ്പിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനു സമ്മാനം നല്‍കുകയും ശീലമാക്കുക. കൂടാതെ മറ്റു കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാപിതാക്കള്‍ കുറച്ചധികം സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ചില സമയത്ത് ഇരട്ടകളുടെ കാര്യം കൂടുതല്‍ ശ്രദ്ധിച്ച് മൂത്ത കുഞ്ഞിന് ശ്രദ്ധ കുറയുവാനോ അസംതൃപ്തിയുണ്ടാവാനോ സാധ്യതയുണ്ട്. 

ഇരട്ടക്കുഞ്ഞുങ്ങള്‍ ഒന്നിച്ചു സമയം ചെലവഴിക്കുന്നതില്‍ ചെറിയ സമയത്തേക്കുള്ള വേര്‍പിരിയല്‍ പോലും ഇവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ വളരെ നേരത്തേ തന്നെ കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി ഇടപഴകാനും കളിയിലേര്‍പ്പെടാനും പ്രോത്സാഹിപ്പിക്കുക. ഇതിനെ കുഞ്ഞുങ്ങള്‍ എതിര്‍ത്താല്‍ വളരെ പതിയെ കുഞ്ഞുങ്ങളെ ഒരേ മുറിയില്‍ത്തന്നെ ഒറ്റയ്ക്കു കളിക്കാന്‍ പ്രേരിപ്പിക്കുകയും ഓവര്‍ അറ്റാച്ച്‌മെന്റ് ഒഴിവാക്കുകയും ചെയ്യുക

കുഞ്ഞുങ്ങളുടെ വൃത്തിയും വെടിപ്പും...

കുഞ്ഞു പിറക്കുന്നതിനു മുമ്പുതന്നെ നവജാതശിശുസംരക്ഷണത്തെപ്പറ്റി മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ഇതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് അമ്മയ്ക്കുള്ള ബോധവല്‍ക്കരണമാണ്. ഈ കാലഘട്ടത്തില്‍ ശിശുസംരക്ഷണം വീട്ടിലെ ഏതെങ്കിലും കുടുംബാംഗത്തെയോ അല്ലെങ്കില്‍ ആയമാരെയോ ഹോം നഴ്‌സിനെയോ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഈ സംരക്ഷണകാലഘട്ടം അമ്മമാര്‍ തന്നെ ഏറ്റെടുക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വികാസങ്ങളില്‍ പ്രകടമായ മാറ്റം വരും.

നവജാതശിശുവിനെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. കുഞ്ഞിനെ എന്നും കുളിപ്പിക്കണമെന്നില്ല. എങ്കിലും ശരീരം എല്ലാദിവസവും വൃത്തിയാക്കണം. വളരെ ശ്രദ്ധയോടെ വേണം കുഞ്ഞിന്റെ ശരീരം വൃത്തിയാക്കാന്‍.

ശരീരം വൃത്തിയാക്കുമ്പോള്‍

കുഞ്ഞിന്റെ അടിവസ്ത്രമായി വൃത്തിയുള്ള കോട്ടണ്‍ തുണി അല്ലെങ്കില്‍ ഡയപ്പര്‍ ഉപയോഗിക്കാം.

ഇളം ചൂടുവെള്ളത്തില്‍ മുക്കിയ കോട്ടണ്‍ തുണി ഉപയോഗിച്ചു കുഞ്ഞിന്റെ ശരീരം തുടച്ചു വൃത്തിയാക്കണം. മുഖത്തു നിന്നാണു തുടങ്ങേണ്ടത്. കുഞ്ഞിന്റെ കണ്ണുകള്‍ വൃത്തിയാക്കുമ്പോള്‍ ഉള്‍വശത്തു നിന്നു പുറത്തേക്കു മെല്ലെ തുടച്ചെടുക്കുക. ചെവിയുടെ പിന്‍വശം മാത്രമേ തുടയ്ക്കാവൂ. ഒരു കാരണവശാലും ചെവിയുടെ ഉള്‍ഭാഗത്തു ബഡ്‌സോ കോട്ടണ്‍ തുണിയോ ഉപയോഗിക്കരുത്. കുഞ്ഞിന്റെ വായ ഈര്‍പ്പമുള്ള തുണികൊണ്ടു തുടച്ചു വൃത്തിയാക്കുക. കുഞ്ഞിന്റെ തല ചൂടുവെള്ളം കൊണ്ടു തുടച്ചതിനുശേഷം ഉണങ്ങിയ ടൗവല്‍ കൊണ്ടു വീണ്ടു തുടയ്ക്കുക. കുഞ്ഞിന്റെ കഴുത്തും നെഞ്ചും വളരെ മൃദുവായി വേണം വൃത്തിയാക്കുവാന്‍. മടക്കുള്ള ഭാഗം പ്രത്യേകം ശുചിയാക്കുക. കക്ഷവും കൈയും തുടച്ചതിനു ശേഷം കുഞ്ഞിനെ ഉണങ്ങിയ ടൗവല്‍ കൊണ്ടു പൊതിയുക. പൊക്കിള്‍ക്കൊടി പൊഴിഞ്ഞിട്ടില്ലെങ്കില്‍ അതു നനയാതെ സൂക്ഷിക്കണം. മുകളില്‍ പറഞ്ഞതുപോലെ തന്നെ പുറകുവശവും നന്നായി തുടയ്ക്കുക.

കുഞ്ഞിന്റെ ജനനേന്ദ്രിയങ്ങള്‍ ശ്രദ്ധയോടെ വേണം വൃത്തിയാക്കുവാന്‍. പെണ്‍കുഞ്ഞാണെങ്കില്‍ മുന്‍വശത്തു നിന്നും പുറകിലേക്കു തുടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുശേഷം ബേബിപൗഡറോ ലോഷനോ ഉപയോഗിക്കാം. തുടയിലും കക്ഷത്തിലും മടക്കുഭാഗങ്ങളിലും പൗഡര്‍ അല്‍പ്പം കൂടുതല്‍ ഉപയോഗിക്കുക. പൗഡര്‍ ഇട്ടതിനുശേഷം ഒരു തുണികൊണ്ട് ആവശ്യമില്ലാത്ത പൗഡര്‍ തുടച്ചുമാറ്റുക. പൗഡര്‍ മൂക്കിലേക്കു കയറാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിപ്പിക്കുക.

പൊക്കിള്‍ക്കൊടി സംരക്ഷിക്കുവാനുള്ള രീതികള്‍

ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിന് ആവശ്യമായ വായുവും ആഹാരവും കിട്ടുന്നത് പൊക്കിള്‍ക്കൊടി വഴിയാണ്. പൊക്കിള്‍ക്കൊടി ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. അഥവാ ഈര്‍പ്പം തട്ടിയാല്‍ ഉണങ്ങിയ തുണികൊണ്ട് ശ്രദ്ധയോടെ തുടയ്ക്കുക.

ഉറക്കം

ആദ്യത്തെ മൂന്ന് ആഴ്ചകളില്‍ കുഞ്ഞ് ഒരു ദിവസത്തില്‍ 17 18 മണിക്കൂര്‍ വരെ ഉറങ്ങും. ഉറങ്ങുമ്പോള്‍ മലര്‍ത്തിക്കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞിന്റെ പുതപ്പ് ഭാരമുള്ളതായിരിക്കരുത്. ഈ മൂന്ന് ആഴ്ചകള്‍ക്കു ശേഷം പകല്‍സമയത്തു കുഞ്ഞിനെ കളിപ്പിക്കുവാനും സംസാരിക്കുവാനും അമ്മ താത്പര്യം കാണിക്കണം. അതുപോലെ രാത്രിസമയത്തു കുഞ്ഞിനെ കളിപ്പിക്കാതിരിക്കുകയും മുറിയില്‍ വെളിച്ചം കുറയ്ക്കുകയും വേണം. ഇതു രാത്രിയും പകലും വേര്‍തിരിച്ചു കുഞ്ഞിനു മനസിലാക്കുവാന്‍ സഹായിക്കും. ഉറക്കം വരുന്ന കുഞ്ഞിനെ തനിയെ കിടന്നുറങ്ങാന്‍ സഹായിക്കുക. എടുത്തോ തൊട്ടിലില്‍ ആട്ടിയോ ഉറക്കുവാന്‍ ശ്രമിച്ചാല്‍ അതു ശീലമാകും. നവജാതശിശുവിനെആദ്യത്തെ മൂന്ന് ആഴ്ചകളില്‍ എപ്പോഴും ഒരു ടൗവല്‍ കൊണ്ടു പൊതിയുവാന്‍ ശ്രദ്ധിക്കുക. ഒരു മാസത്തിനു ശേഷം ഈ രീതി തുടരേണ്ടതില്ല.

കുഞ്ഞുങ്ങളുടെ പ്രതിരോധ ശക്തി

എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ അസുഖങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ കഴിയുന്നതും ശ്രമിക്കാറുണ്ട്. ഇതിനു വേണ്ടി പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താറുമുണ്ട്. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ത്തന്നെ അവരുടെ പ്രതിരോധശക്തി വേണ്ടത്ര പുരോഗമിച്ചിട്ടുണ്ടാവില്ല. അവര്‍ വളര്‍ന്നു വലുതാവുന്നതോടെ പ്രതിരോധശക്തിയും കൂടുന്നു. കുഞ്ഞുങ്ങളുടെ ഡോക്റ്റര്‍ പറയുന്നത് ഒരു വര്‍ഷത്തില്‍ ആറ് മുതല്‍ എട്ടു പ്രാവശ്യം വരെ കുഞ്ഞുങ്ങള്‍ക്കു ജലദോഷം, പനി, ചെവിവേദന എന്നിവ വരുന്നതു സാധാരണമാണെന്നാണ്. എങ്കിലും നല്ല രീതിയിലുള്ള ആരോഗ്യപരിചരണം വഴി ഇത്തരം അസുഖങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയും.

ശ്രദ്ധിക്കുക:

* പഴങ്ങളും പച്ചക്കറികളും ധാരാളം നല്‍കുക.

പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള പൈട്ടോന്യൂട്രിയന്റ്‌സ് ഇതില്‍ അടങ്ങിയിട്ടുണ്ട്. അതായതു വിറ്റാമിന്‍ സി, കരോട്ടിനോയിന്‍സ് എന്നീ സത്തുക്കള്‍ ഇതിലുണ്ട്. നമ്മുടെ ശരീരത്തിലുണ്ടാവുന്ന വെള്ള അണുക്കളെ വര്‍ധിപ്പിക്കാന്‍ പൈട്ടോന്യൂട്രിയന്റ്‌സിനു കഴിയും. ഇതിനാല്‍ അസുഖത്തില്‍ നിന്നു രക്ഷനേടാനും സാധിക്കുന്നു. ഓറഞ്ച്, ക്യാരറ്റ്, ബീന്‍സ് എന്നിവ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്നതു നല്ലതാണ്.

* നല്ല ഉറക്കം

ഉറക്കം കുറവായാല്‍ പ്രതിരോധശക്തി കുറയുകയും കൂടുതല്‍ അസുഖങ്ങളുണ്ടാവുകയും ചെയ്യും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതു കുഞ്ഞുങ്ങള്‍ക്കു ബാധകമാണ്. നവജാത ശിശുക്കള്‍ പതിനെട്ട് മണിക്കൂറും 34 വയസുള്ള കുഞ്ഞുങ്ങള്‍ 1213 മണിക്കൂറും നാല് വയസുള്ള കുട്ടി പത്ത് മണിക്കൂറും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകല്‍ ഉറങ്ങാത്ത കുട്ടികളെ രാത്രി നേരത്തേ കിടത്തി ഉറക്കേണ്ടതാണ്.

* മുലയൂട്ടല്‍

കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ അമ്മയുടെ മുലപ്പാല്‍ ആവശ്യമാണ്. ഇതു വഴി, കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുന്ന ചെവി, പഴുപ്പ്, അലര്‍ജി, വയറിളക്കം, ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, മൂത്രത്തില്‍ പഴുപ്പ് എന്നീ അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. മാത്രമല്ല കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാനും മുന്നോട്ടുള്ള ജീവിതത്തില്‍ കാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങളില്‍ നിന്ന് ഒരു പരിധിവരെ മോചനം നേടാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആദ്യത്തെ കുറച്ചു ദിവസങ്ങളിലുണ്ടാവുന്ന പാലാണ് കോളോസ്ട്രി എന്നു പറയുന്നത്. ഇതില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള സത്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് ഉപദേശിക്കുന്നത്, അമ്മമാര്‍ കുറഞ്ഞത് ഒരു വര്‍ഷം വരെയെങ്കിലും പാലൂട്ടണം ഇതു സാധ്യമല്ലെങ്കില്‍ ആറു മാസം വരെയെങ്കിലും മുടക്കാതിരിക്കാന്‍ ശ്രമിക്കുക.

* ദ്രവരൂപത്തിലുള്ള ആഹാരം

ദ്രവരൂപത്തിലുള്ള ആഹാരം അത്യാവശ്യമാണ്. പാല്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ജ്യൂസുകള്‍ ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പുറത്തു നിന്നു കിട്ടുന്ന പാനീയങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതു കുറയ്ക്കണം.

* മധുരപലഹാരങ്ങള്‍ കുറയ്ക്കുക.

മധുരം പ്രതിരോധശക്തി കുറയ്ക്കുമെന്നു തെളിയിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ മധുരമുള്ള ആഹാരം കൊടുക്കാതിരിക്കുക.

* നല്ല കൊഴുപ്പുള്ള ആഹാരങ്ങള്‍

ശാരീരികാരോഗ്യത്തിന് നല്ല രീതിയിലുള്ള കൊഴുപ്പുകള്‍ അത്യാവശ്യമാണ്. ഒമേഗാ 3 ഫാറ്റി ആസിഡ് എന്ന കൊഴുപ്പ് മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. അതു പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്നു..

* നല്ല ചുറ്റുപാട്

കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന ചുറ്റുപാട് നല്ലരീതിയിലാണോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ ഇരിക്കുന്ന പരിസരത്ത് പുകവലി ഒഴിവാക്കുക.
* നല്ല വ്യായാമം

വ്യായാമം ആരോഗ്യത്തിന് അത്യാവശ്യമാണ്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

പ്രതിരോധ കുത്തിവയ്പ്പുകള്‍ കൊണ്ടു മാത്രമല്ല, ചെറിയ കാര്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കാനും കഴിയും

കുഞ്ഞുങ്ങളോടു കരുതല്‍ വേണം...

കുഞ്ഞ് വളര്‍ന്നു വരുന്ന ഘട്ടം ഏറെ പ്രധാനമാണ്. ഇക്കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം കുഞ്ഞിന്റെ സംരക്ഷണം മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഏറ്റെടുക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെ ഭക്ഷണം, ഉറക്കം, കളി, കുളി തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഉത്തമം. കുറുക്ക് പോലുള്ള ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വളരെ കട്ടിയുള്ള ആഹാരം കൊടുക്കാതിരിക്കുക. അതു ദഹനക്കുറവിനും ശ്വാസതടസത്തിനും കാരണമായേക്കാം. മുലയൂട്ടുമ്പോള്‍ കുഞ്ഞിനു ശ്വാസതടസം വരാത്ത രീതിയില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം. രാത്രി സമയത്ത് പാലൂട്ടുമ്പോള്‍ അമ്മമാര്‍ ഉറങ്ങരുത്. പാലുകൊടുത്തതിനു ശേഷം കുഞ്ഞിനെ തോളില്‍ക്കിടത്തി പുറത്ത് തട്ടിയിട്ടു വേണം കിടത്താന്‍.

കുഞ്ഞിന് കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുന്ന സമയത്ത്, എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണം കൊടുക്കുക. പച്ചക്കറി നന്നായി വേവിച്ച് ഉടച്ച് കൊടുക്കുക. കടല, പച്ചപട്ടാണി എന്നിവ നല്‍കുമ്പോഴും നന്നായി ഉടയ്ക്കണം. തൊണ്ടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. വളരെ ചൂടുള്ള ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിനു ഭക്ഷണം നല്‍കുക, നിര്‍ബന്ധിച്ചു കൊടുക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കൊടുക്കുമ്പോഴും കൈവൃത്തിയായി കഴുകണം.

കുഞ്ഞിനെ കട്ടിലില്‍ ഉറക്കിക്കിടത്തുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മധ്യത്തില്‍ കുഞ്ഞിനെ കിടത്താതെ അമ്മയുടെ ഒരു വശത്ത് കിടത്തണം. കുഞ്ഞിനെ ഉറക്കിയതിനു ശേഷം എപ്പോഴും മലര്‍ത്തിക്കിടത്തുക. കനത്ത ബെഡ്ഷീറ്റുകള്‍ കൊണ്ട് പുതപ്പിക്കരുത്. ബെഡ്ഷീറ്റുകള്‍ എപ്പോഴും രണ്ടു വശവും തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആറ് മാസത്തിനു താഴെയുള്ള കുട്ടികളെ ഉറക്കുമ്പോള്‍ കമഴ്ത്തിക്കിടത്തരുത്.

കുഞ്ഞിന്റെ വസ്ത്രം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഇന്ന് അലങ്കാരങ്ങളുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട്. അതിന്റെ ഭംഗി മാത്രം നോക്കാതെ അതു കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായതാണോ എന്നുറപ്പുവരുത്തുക. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കുഞ്ഞിന്റെ കളിസ്ഥലം വീടു തന്നെയാണ്. അതിനാല്‍ കുഞ്ഞ് മുട്ടിലിഴയുമ്പോഴും നടക്കുമ്പോഴും ആ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക് സാധനങ്ങളും പ്ലഗുകളും കുഞ്ഞിന് എത്താവുന്ന രീതിയില്‍ വയ്ക്കരുത്. മണ്ണെണ്ണ, മരുന്ന് എന്നിവ കുഞ്ഞിന്റെ കൈയില്‍ കിട്ടാത്തവിധം സൂക്ഷിക്കുക. കുഞ്ഞിനെ പൊക്കമുള്ള സ്ഥലത്ത് ഇരുത്തരുത്. വീടുകളില്‍ പടിക്കെട്ടുകളുണ്ടെങ്കില്‍ കുഞ്ഞ് കയറാതിരിക്കാന്‍ തടസങ്ങള്‍ വയ്ക്കുക. ടേബിളിന്റെ വശങ്ങളിലെ കൂര്‍ത്തഭാഗങ്ങള്‍ ഒരു ടേപ്പ് ഒട്ടിച്ച് മറച്ചുവയ്ക്കുക.

രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കൊടുക്കരുത്. അതില്‍ നിന്നു വരുന്ന പൊടി കുഞ്ഞിന് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്. വായിലിടാന്‍ സാധ്യതയുണ്ട്. അതുപോലെ കളിപ്പാട്ടങ്ങളില്‍ ഇളക്കിയെടുക്കാന്‍ പറ്റുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അതു മാറ്റിയശേഷം വേണം കുഞ്ഞിനു കൊടുക്കാന്‍.

കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് പാകമാണോ എന്ന് ഉറപ്പുവരുത്തണം. വലിയ പാത്രങ്ങളില്‍ വെള്ളം എടുത്തുവച്ച് കുഞ്ഞിനെ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകാന്‍ പാടില്ല.

കുഞ്ഞിന്റെയടുത്തു നിന്നു പുകവലിക്കാന്‍ പാടില്ല. ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞിനെ പുറത്തുകൊണ്ടുപോകുമ്പോള്‍ നന്നായി പുതപ്പിക്കണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്കുകളും ബെല്‍റ്റുകളും ഉപയോഗിക്കുക. കുഞ്ഞിനെ കാണിക്കുന്ന ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക.

ഇന്റര്‍നെറ്റ്, കുട്ടികള്‍ ശ്രദ്ധിക്കാന്‍...

ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ ലിസ്‌റ്റെടുത്താല്‍ ചെറുതല്ലാത്ത സ്ഥാനം കുട്ടികള്‍ക്കുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ആരാധകരായി ഇന്റര്‍നെറ്റില്‍ പിച്ചവച്ച കുട്ടികള്‍ ഇന്ന് ഏത് വെബ്‌സൈറ്റിന്റെയും പൂട്ടുകള്‍ തുറന്നു കയറാന്‍ മിടുക്കരാണ്. ഇന്റര്‍നെറ്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവര്‍ക്കു യാതൊരു ധാരണയുമില്ല. കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പോലും അവരുടെ മുന്നിലേക്ക് എത്തുകയാണ്. സെക്ഷ്വല്‍, ഹേറ്റ്ഫുള്‍, വയലന്റ് സ്വഭാവമുള്ള വിവരങ്ങള്‍ കുട്ടികളെ വീണ്ടും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കും.

ചില വെബ്‌സൈറ്റുകള്‍ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. ഹീറോയിസം വളര്‍ത്താന്‍ ഇതു നല്ലതാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ചില സൈറ്റുകള്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാനും വൈറസ് ഡെവലപ്‌മെന്റ് കിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ്. സാഹസികത ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്നത് ഇന്റര്‍നെറ്റ് എന്ന സേഫ് വേ. ഇമെയ്‌ലും ചാറ്റ് റൂമും വഴി കുട്ടികളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്നു കഴിയുന്നു. മാതാപിതാക്കളില്‍ നിന്ന് ഇത്തരം സൗഹൃദങ്ങള്‍ മറച്ചു വയ്ക്കുന്ന കുട്ടികള്‍ പെട്ടെന്നു തന്നെ ഇവരുടെ വലയില്‍ വീഴും.

മണിക്കൂറുകളോളം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്ന ഒരു കുട്ടി അറിവിന്റെ ലോകത്ത് സഞ്ചരിക്കുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത് രക്ഷിതാക്കളാണ്. അവന് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇന്റര്‍നെറ്റ് എന്ന മായാലോകത്തിനു മുന്നില്‍ തീര്‍ത്തുകളയുന്നത്. കുട്ടികളുടെ ക്രിയാത്മകത തളച്ചിടപ്പെടുകയാണ്. കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇന്റര്‍നെറ്റിനു മുന്നിലെ ഈ നീണ്ട മണിക്കൂറുകള്‍ മാത്രം മതിയാകും. എന്നു കരുതി പേടിയോടെ കാണേണ്ടതുമല്ല ഇന്റര്‍നെറ്റ്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമിരുന്ന് അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംഭവിക്കാവുന്ന കുഴപ്പങ്ങളുടെ രത്‌നച്ചുരുക്കം മാത്രമാണിത്.

കുട്ടികള്‍ സ്വയം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളിതാ. ഒരിക്കലും പേഴ്‌സണല്‍ ഡീറ്റെയ്ല്‍സ് ആരോടും പറയരുത്. പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, ഫൊട്ടൊഗ്രാഫ്, ഇമെയ്ല്‍ അഡ്രസ് തുടങ്ങി ഒന്നും ഇന്റര്‍നെറ്റില്‍ പരസ്യമാക്കരുത്. ഇന്റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം ശരിയാവണമെന്നില്ല. ആരും അവരുടെ യഥാര്‍ഥ പേരോ ചിത്രമോ നല്‍കാറില്ല. രക്ഷിതാക്കളോടല്ലാതെ പാസ്വേഡുകള്‍ ആരോടും പറയരുത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ പാസ്വേഡ് ഓണ്‍ലൈനില്‍ ചോദിച്ചാല്‍ അവരുടെ നമ്പര്‍ വാങ്ങി വിളിച്ചു നോക്കുന്നതാവും നല്ലത്.

ആവശ്യമില്ലെന്നു തോന്നുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സ്വയം ഒരു ധാരണയിലെത്തുക. അപരിചിതമായ മെയ്‌ലുകള്‍ തുറന്നു നോക്കാതിരിക്കുക. അത്തരം മെയ്‌ലുകളില്‍ വൈറസ് പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യത ഏറെയാണ്. മുതിര്‍ന്നവരോടു ചോദിച്ചിട്ടു മാത്രം ഇവ കൈകാര്യം ചെയ്യുക. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാല്‍ അത് മുതിര്‍ന്നവരുമായി സംസാരിക്കുക. ഒരുപാട് നേരം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവാക്കുന്നത് ഒഴിവാക്കി അത്രയും സമയം വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പങ്കിടുക. വെബ്‌സൈറ്റുകളുടെ യൂസര്‍ പോളിസികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഇരുന്ന് വായിച്ചു മനസിലാക്കണം. സുരക്ഷിതമായി എങ്ങനെ സൈറ്റുകള്‍ ഉപയോഗിക്കാമെന്ന് ഇതില്‍ നിന്നു തിരിച്ചറിയാം. അനുവാദമില്ലാതെ വെബ്‌സൈറ്റില്‍ നിന്ന് കോപ്പി ചെയ്യുന്നത് ശരിയല്ല.

ഓണ്‍ലൈനില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്. നല്ലതെന്നു തോന്നുന്ന ചില ഓഫറുകള്‍ തട്ടിപ്പാകാന്‍ സാധ്യതയുണ്ട്. ആരെങ്കിലും വീട്ടിലെത്തുന്നതു പോലെയുള്ള ഓഫറുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണം. ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ മാതാപിതാക്കള്‍ക്കു കൂടി പഠിപ്പിച്ചുകൊടുക്കാന്‍ ശ്രമിക്കുക. കുട്ടികള്‍ എപ്പോഴും ഉപയോഗിക്കുന്ന സൈറ്റുകള്‍ ഏതെന്നു രക്ഷിതാക്കളും അറിയുന്നത് നന്നായിരിക്കും. കഴിയുന്നതും രക്ഷിതാക്കള്‍ക്കൊപ്പം ഇന്റര്‍നെറ്റിനു മുന്നിലിരിക്കാന്‍ സമയം കണ്ടെത്തുക. കുട്ടികള്‍ സുരക്ഷിതമായാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുണ്ടാകാനും ഇതു സഹായിക്കും. വൈറസ് ഡവലപ്‌മെന്റ് കിറ്റ്, ട്രോജന്‍സ് എന്നിങ്ങനെയുള്ള ഓഫറുകള്‍ പൂര്‍ണമായും തള്ളിക്കളയുക. ഇവ യഥാര്‍ഥത്തില്‍ കംപ്യൂട്ടറിനെ നശിപ്പിക്കാന്‍ കാത്തിരിക്കുന്നവയാണ്.

കുഞ്ഞുങ്ങളെ ഊട്ടുമ്പോള്‍..

അമ്മയുടെ മുലപ്പാലാണു കുഞ്ഞിന്റെ ആദ്യത്തെ പോഷകം. കുഞ്ഞിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്നു ലഭിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ആറുമാസം വരേക്കും കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്നു പറയുന്നത്. അതിനു ശേഷമാണു കുഞ്ഞിനു മറ്റ് ആഹാരങ്ങള്‍ നല്‍കിത്തുടങ്ങേണ്ടത്.

സാധാരണയായി ഒരു കുഞ്ഞു ജനിച്ചാല്‍ ആറുമാസത്തേക്കു മുലപ്പാല്‍ നിര്‍ബന്ധമായും കൊടുത്തിരിക്കണം. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാല്‍ മതിയാവാതെ വരും. അതായതു മുലപ്പാല്‍ കുടിച്ച് അല്‍പ്പസമയത്തിനുളളില്‍ത്തന്നെ കുഞ്ഞു വീണ്ടും കരഞ്ഞു തുടങ്ങും. അതു മുതലാണു കുഞ്ഞിനു മറ്റ് ആഹാരങ്ങള്‍ കൊടുത്തു തുടങ്ങേണ്ടത്. ഇത് നാലു മുതല്‍ ആറു മാസത്തിനുള്ളിലാണ്. കുറുക്കു പോലുള്ളവയാണ് ഉത്തമം. അരിപ്പൊടി, റാഗി, നേന്ത്രക്കായപ്പൊടി എന്നിവ നന്നായി വെള്ളത്തില്‍ കുറുക്കിയതിനു ശേഷം അമ്മയുടെ മുലപ്പാല്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്. ആറു മാസത്തിനു ശേഷം പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി പുഴുങ്ങി ഉടച്ചു കൊടുക്കാം. ഉരുളക്കിഴങ്ങ്, പഴം എന്നിവ നന്നായി വേവിച്ച് ഏഴാം മാസം മുതല്‍ കൊടുക്കാവുന്നതാണ്. പരിപ്പു നന്നായി വേവിച്ച് ഉടച്ചതും പയറു വര്‍ഗങ്ങള്‍ വേവിച്ചതും കൊടുക്കാം. ഇതില്‍ ധാരാളം ഇരുമ്പു സത്ത് അടങ്ങിയിട്ടുണ്ട്. സാവധാനത്തില്‍ കട്ടിയാഹാരം കൊടുത്തു തുടങ്ങാം. ആദ്യം വേണ്ടതു കുഞ്ഞിനെ ശരിക്കു മനസിലാക്കുക എന്നതാണ്. അതിനു ശേഷം കുഞ്ഞിന്റെ ഇഷ്ടത്തിനനുസരിച്ച് ആഹാരങ്ങള്‍ ക്രമീകരിക്കണം.

കുഞ്ഞിനു ഭക്ഷണം നല്‍കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ ഒരു സ്ഥലത്തിരുത്തി വേണം ആഹാരം കൊടുക്കാന്‍. കുഞ്ഞിന്റെ പിന്നാലെ ഓടി നടന്നു ഭക്ഷണം കൊടുക്കരുത്. കുഞ്ഞിനു കഴിക്കുവാന്‍ പാകത്തിനു വേണം ആഹാരം കൊടുക്കാന്‍. കൂടുതല്‍ ഭക്ഷണം കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്നതില്‍ കാര്യമില്ല. കുറച്ച് ആഹാരം കൊടുത്താലും അത് മൂല്യമുള്ളതായിരിക്കണം. ഭക്ഷണം ചവച്ചരച്ചു കഴിക്കാനുള്ള സാവകാശം കുഞ്ഞിനു നല്‍കണം.

ശ്രദ്ധിക്കുക

വളരെ ചൂടുള്ളതും വളരെ തണുത്തതുമായ ഭക്ഷണം കുഞ്ഞിനു നല്‍കാതിരിക്കുക.

കുഞ്ഞിനുള്ള ഭക്ഷണം മൈക്രോവേവ് ഓവനില്‍ തയാറാക്കരുത്.

ആറാം മാസം കഴിഞ്ഞതിനു ശേഷമേ കട്ടിയാഹാരം കൊടുക്കാവൂ.

സ്‌പൈസി ഫുഡും ഉപ്പ് അധികം കലര്‍ന്ന ഫുഡും കൊടുക്കരുത്.

തൊണ്ടയില്‍ കുടുങ്ങുന്ന തരത്തില്‍ ഭക്ഷണം തയാറാക്കരുത്.

ഏഴോ എട്ടോ മാസം കഴിഞ്ഞതിനു ശേഷം നന്നായി വേവിച്ച മാംസാഹാരം, വേവിച്ച ക്യാരറ്റ്, മുട്ടയുടെ കുരു എന്നിവ കൊടുക്കാം.

ഒന്‍പതാം മാസം മുതല്‍ പഴത്തിന്റെ ചാറ്, മധുരം ചേര്‍ക്കാതെ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്തു കൊടുക്കാം. ബ്രഡ്, ബട്ടര്‍ എന്നിവയും കൊടുത്തു തുടങ്ങാം. ഒരു വയസു കഴിഞ്ഞാല്‍ കുഞ്ഞിന് എല്ലാ ഭക്ഷണവും കൊടുത്തു തുടങ്ങാം. അത് കുഞ്ഞിന്റെ ആരോഗ്യത്തിനനുസരിച്ചു കൊടുക്കാം. കുഞ്ഞിന്റെ ആവശ്യം അറിഞ്ഞു വേണം ഭക്ഷണം കൊടുക്കാന്‍. ചില അമ്മമാര്‍ കുഞ്ഞിന് അമിത ഭക്ഷണം അടിച്ചേല്‍പ്പിക്കാറുണ്ട്. അത് കുഞ്ഞിന് അമിത ഭാരമുണ്ടാക്കാനേ സഹായിക്കൂ. കുഞ്ഞിനെ നന്നായി മനസിലാക്കിയ ആള്‍ എന്ന നിലയില്‍ അമ്മ തന്നെ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കണം. കുഞ്ഞിന്റെ നല്ല വളര്‍ച്ചയ്ക്കു യോജിക്കുന്ന തരത്തിലുള്ള ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും അതു വൃത്തിയായി നല്‍കുന്നതിലും അമ്മയ്ക്കു നല്ല പങ്കു വഹിക്കാനുണ്ട്.

പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകണം.

പല അസുഖങ്ങളും വളരെ വേഗത്തില്‍ കുഞ്ഞുങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും വൃത്തി പാലിക്കാന്‍ ശ്രദ്ധിക്കണം.

പച്ചക്കറികള്‍ ആവിയില്‍ വേവിക്കുന്നതാണു നല്ലത്. അതിലെ ധാതുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും. തിളപ്പിക്കുകയാണെങ്കില്‍ കുറച്ചു വെള്ളത്തില്‍ തിളപ്പിക്കുന്നതാണു നല്ലത്

കുരുന്നു മൊഴി.

എന്താടാ പറയുന്നത് ? ഇങ്കു വേണോ... തൊട്ടിലില്‍ കിടന്നു കരയുന്ന കുഞ്ഞിനോട് ഇങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമില്ല. ചോദ്യങ്ങള്‍ കൂടിയാല്‍ കുട്ടികള്‍ കൂടുതല്‍ ഉറക്കെ കരയുകയേ ഉള്ളൂ. അവര്‍ ആംഗ്യത്തിലൂടെയോ ചെറിയ ശബ്ദങ്ങളിലൂടെയോ മറ്റെന്തെങ്കിലുമാവും നിങ്ങളോടു ചോദിച്ചിട്ടുണ്ടാവുക. ആ ഭാഷയാണ് മനസിലാക്കേണ്ടത്.

കുഞ്ഞുങ്ങളുടെ ഭാഷ അഥവാ ബേബി ക്യൂസ് അതിമനോഹരമായ ഭാഷയാണ്. ആ ഭാഷയിലൂടെയാണവര്‍ ആവശ്യങ്ങള്‍ അറിയിക്കുക. പരിസരത്തുള്ള അമ്മയോ മറ്റാരെങ്കിലുമോ അത് മനസിലാക്കി ആവശ്യം സാധിച്ചു കൊടുത്താല്‍ അവര്‍ വളരെയധികം സന്തുഷ്ടരാവും. കുഞ്ഞിന്റെ ഭാഷ അഥവാ ബേബി ക്യൂസ് ആരും മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. ആവശ്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തെ അത് ബാധിക്കുകയും ആത്മവിശ്വാസം കുറയുകയും ചെയ്യും.

ശിശു സംരക്ഷണത്തിലെ ഏറ്റവും ആസ്വാദ്യകരമായ പ്രവൃത്തിയാണ് അവരുടെ ഭാഷ മനസിലാക്കുക എന്നത്. ഈ ഭാഷ മനസിലാക്കിക്കഴിഞ്ഞാല്‍ കുഞ്ഞിനെ കരയിക്കേണ്ട അവസ്ഥയുണ്ടാകില്ല. കുഞ്ഞുമായുള്ള ബന്ധം ഒന്നുകൂടി ദൃഢമാകും. ശിശു സംരക്ഷണം കൂടുതല്‍ ആസ്വാദ്യകരമാകും.

ഓരോ കുഞ്ഞിന്റേയും ഭാഷ വ്യത്യസ്തമായിരിക്കും. എന്നാലും ഈ വിഷയത്തെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടെങ്കില്‍ കുഞ്ഞിന്റെ ഭാഷ മനസിലാക്കാന്‍ വിഷമമില്ല. ആ ഭാഷയിലെ, കുഞ്ഞു ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍, ആംഗ്യങ്ങള്‍ കാണുമ്പോള്‍, ഇത് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അവരുടെ ഭാഷ മനസിലാക്കുക എന്നത്. എന്നിട്ട് അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയാണു വേണ്ടത്.

വിശക്കുന്ന സമയത്ത് കുഞ്ഞ് പ്രത്യേകതരം ആംഗ്യങ്ങള്‍ കാണിക്കും. ശബ്ദമുണ്ടാക്കും. കളിക്കാനുള്ള സമയത്തുണ്ടാക്കുന്ന ശബ്ദത്തില്‍ നിന്നും ആംഗ്യത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്. കൂടുതല്‍ ആംഗ്യങ്ങളും കുറച്ചു ശബ്ദവും കൂടിച്ചേര്‍ന്നതാണ് കുഞ്ഞുങ്ങളുടെ ഭാഷ. നന്നായി നിരീക്ഷിക്കുകയാണെങ്കില്‍ കുറച്ച് ആഴ്ചകള്‍ കൊണ്ടു കുഞ്ഞിന്റെ ഭാഷ അഥവാ ബേബി ക്യൂസ് മനസിലാക്കാം.

അവരുടെ ഭാഷ പഠിക്കുമ്പോഴാണ്, എത്ര സമര്‍ഥമായാണ് കുഞ്ഞുങ്ങള്‍ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നതെന്നു മനസിലാവുക. കുഞ്ഞിന്റെ ഭാഷയ്ക്കനുസരിച്ച് ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അപ്പോഴാണ് രക്ഷിതാവിനെക്കുറിച്ച് കുഞ്ഞിന് പ്രത്യേക വിശ്വാസം രൂപപ്പെടുകയുള്ളൂ. അപ്പോള്‍ സ്‌നേഹബന്ധത്തിന്റെ ആഴം വര്‍ധിക്കും. ഇതു പിന്നീട് കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തിനു സഹായിക്കും. ഒപ്പം രക്ഷിതാവിനെ മനസിലാക്കാന്‍ കുഞ്ഞ് ശ്രമിക്കുകയും ചെയ്യും.

എങ്ങനെ വളര്‍ത്തുന്നു എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവം ചിട്ടപ്പെടുന്നതും കുഞ്ഞു വളരുന്നതും. ഈ വളര്‍ച്ചയുടെ സമയത്ത്, നല്ല രീതിയിലുള്ള ഗുണപാഠങ്ങള്‍ കുട്ടികള്‍ക്കു നല്‍കാന്‍ അവരുടെ ഭാഷ പഠിക്കണം. അതിനു കഴിഞ്ഞാല്‍ കുഞ്ഞുമായുള്ള സംസര്‍ഗം രസകരമായിരിക്കും. മാനസിക സംഘര്‍ഷം കൂട്ടുന്ന പ്രവൃത്തിയാണ് ശിശുപരിപാലനം. കുട്ടികളുടെ ഭാഷ പഠിച്ചാല്‍ ഇതൊരു രസകരമായ പ്രവൃത്തിയായി മാറും. മനസിന് കൂടുതല്‍ സന്തോഷം ലഭിക്കും. കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം എല്ലാ മാതാപിതാക്കളുടെയും സംതൃപ്തിയുടെ ഭാഗമാണ്. കുഞ്ഞിന്റെ കരച്ചിലും അസുഖങ്ങളും ഉറക്കമില്ലാത്ത രാത്രികളും മറ്റു പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം. ഈ പ്രശ്‌നങ്ങളെ മാറ്റിയെടുക്കാന്‍, കുഞ്ഞുങ്ങളുടെ ഭാഷ പഠിക്കുന്നത് സഹായിക്കും.

കരുതലോടെ മുലയൂട്ടാം

കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള പോഷകങ്ങളടങ്ങിയിരിക്കുന്നു അമ്മയുടെ മുലപ്പാലില്‍. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ പ്രഥമ മുന്‍ഗണന നല്‍കേണ്ടതു മുലപ്പാല്‍ നല്‍കുന്നതില്‍ തന്നെയാണ്. കുഞ്ഞ് ജനിച്ച് ആദ്യ ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് ഉത്തമം. മറ്റേതൊരു ജീവിയുടെ പാലിലും അടങ്ങിയിട്ടില്ലാത്ത വിവിധ ആരോഗ്യദായക പോഷകവസ്തുക്കള്‍ അമ്മയുടെ മുലപ്പാലിലുണ്ട്. കുഞ്ഞിനോടുള്ള സ്‌നേഹക്കൂടുതല്‍ കാരണം അമ്മമാരില്‍ ധാരാളം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംശയങ്ങള്‍ കൃത്യമായി നിവാരണം ചെയ്തില്ലെങ്കില്‍ അമ്മമാരില്‍ അതു മാനസിക സംഘര്‍ഷം വരെ സൃഷ്ടിക്കും.

പ്രസവശേഷം ആദ്യമായി വരുന്ന പാലിന് കൊളസ്ട്രം എന്നാണ് പറയുന്നത്. ഇതില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായകമാകുന്ന പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. പ്രസവശേഷം ഉടനെ തന്നെ കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. ഒരു ദിവസം എത്ര തവണ വേണമെങ്കിലും മുലയൂട്ടാം. കുഞ്ഞാവശ്യപ്പെടുമ്പോഴെല്ലാം ഇതാവാം. എങ്കിലും പതിനാലു മുതല്‍ ഇരുപതു തവണ മുലയൂട്ടണം. കുഞ്ഞ് മുലപ്പാല്‍ ആവശ്യപ്പെടുന്നത് അവരുടെ ഭാഷയിലാണ്. അതിന് കുഞ്ഞിന്റേതായ ചേഷ്ടകളുമുണ്ട്. ചുണ്ട് നുണയുക, നുണയുന്ന ശബ്ദമുണ്ടാക്കുക, പ്രത്യേക രീതിയില്‍ ശരീരം ഇളക്കുക, കണ്ണിളക്കുക .... ഇത് കാണിച്ചിട്ടും മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ കരച്ചിലാവും. കുഞ്ഞ് കരയാന്‍ കാത്തുനില്‍ക്കാതിരിക്കുകയാണ് അമ്മയോടുള്ള വിശ്വാസം രൂപപ്പെടാന്‍ സഹായിക്കുക.

കുഞ്ഞിന് മുലപ്പാല്‍ തികയുന്നില്ല എന്ന വേവലാതി എല്ലാ അമ്മമാര്‍ക്കുമുണ്ടാവും. എന്നാല്‍ പാല് തികയുന്നില്ലെങ്കില്‍ കുഞ്ഞ് തന്നെ ചില പ്രത്യേക രീതിയില്‍ പെരുമാറും. ഉറക്കത്തില്‍ നിന്നു കരഞ്ഞുകൊണ്ടാവും കുഞ്ഞ് ഉണരുക. ഇങ്ങനെ കരഞ്ഞെണീക്കുന്ന കുഞ്ഞാണെങ്കില്‍ പാല്‍ തികയുന്നില്ലെന്നുറപ്പിക്കാം. മുലയൂട്ടല്‍ എത്ര കാലം വേണമെങ്കിലും തുടരാം. ശരീരസൗന്ദര്യം നഷ്ടപ്പെടുമെന്നു കരുതി മുലയൂട്ടാതിരിക്കുന്നതും തെറ്റാണ്.

ജോലിക്കാരായ അമ്മമാര്‍ക്കും മറ്റും ദീര്‍ഘനേരം കുഞ്ഞിനെ മുലയൂട്ടാന്‍ സാധ്യമാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ മുലപ്പാല്‍ എടുത്ത് സൂക്ഷിച്ചു വച്ച് കുഞ്ഞിനു കൊടുക്കാന്‍ സാധിക്കും. ഇതു മൂലം കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടും. അമ്മയുടെ തിരക്കുകള്‍ കുഞ്ഞിനെ ബാധിക്കില്ല. വിവിധ രീതികളില്‍ മുലപ്പാല്‍ എടുത്തു വയ്ക്കാവുന്നതാണ്. മുലപ്പാല്‍ സൂക്ഷിച്ചുവയ്ക്കാനുള്ള മാര്‍ഗങ്ങളുണ്ട്.

എടുത്തു വച്ച മുലപ്പാല്‍ ഉടനെതന്നെ ശീതീകരിക്കുക. മുലപ്പാല്‍ ആറ് മണിക്കൂറോളം അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതെയിരിക്കും. ഈ സമയത്ത് സൂര്യപ്രകാശം, റേഡിയേറ്റര്‍, തുടങ്ങി ഊഷ്മാവ് വര്‍ധിപ്പിക്കുന്നവയില്‍ നിന്നെല്ലാം മാറ്റിവയ്ക്കണം. മുലപ്പാല്‍ 48 മണിക്കൂര്‍ വരെ ശീതീകരിച്ചു സൂക്ഷിക്കാം. മരവിപ്പിച്ചു സൂക്ഷിച്ചാല്‍, ഒറ്റ വാതിലുള്ള ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചാല്‍ ഒന്നു മുതല്‍ രണ്ടാഴ്ച വരെ യാതൊരു കേടും കൂടാതെ നില്‍ക്കുന്നതാണ്. രണ്ടു വാതിലുള്ള ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചു സൂക്ഷിച്ചാല്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. ചെറിയ അളവില്‍ എടുത്തു വച്ച് ശീതീകരിച്ച്, മരവിപ്പിച്ചു സൂക്ഷിക്കുക. ഓരോ പാത്രത്തിലും 90 120 മില്ലി ലിറ്റര്‍ വരെ മാത്രം. ഇതുമൂലം ചീത്തയായിപ്പോകുന്നതു തടയാം. പെട്ടെന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു തിരിച്ചുകൊണ്ടുവരാനും കഴിയും. അന്തരീക്ഷ ഊഷ്മാവിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മുലപ്പാല്‍ പാത്രം ഇളം ചൂടുവെള്ളത്തില്‍ പിടിച്ച് പതുക്കെ കുലുക്കുകയാണ് വേണ്ടത്. അതിനു ശേഷം മുപ്പതു മിനിറ്റിനുള്ളില്‍ ഉപയോഗിക്കുക. അതല്ലെങ്കില്‍ ഫ്രിഡ്ജിലെ ശീതീകരണ അറയില്‍ വച്ച് തണുപ്പു കുറയ്ക്കുക. പിന്നീട് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുക. മൈക്രോവേവ് അവ്‌നില്‍ വച്ചോ അടുപ്പില്‍ വച്ചോ ഒരിക്കലും തണുപ്പു കുറയ്ക്കാന്‍ ശ്രമിക്കരുത്. ഒരിക്കല്‍ ഫ്രിഡ്ജില്‍ നിന്നെടുത്തത് വീണ്ടും ഫ്രീസ് ചെയ്യുന്നതും ഒഴിവാക്കണം.

കുട്ടികള്‍ നെറ്റിലാണോ, ശ്രദ്ധിക്കണേ...

വെക്കേഷനായി. പറമ്പിലും തൊടിയിലും ഓടിക്കളിക്കുന്ന രണ്ടു മാസം. കുട്ടികളെ സംബന്ധിച്ച് അതൊക്കെ പഴങ്കഥകള്‍. ഇപ്പോള്‍ അവധിക്കാലആഘോഷങ്ങളുടെ സ്‌റ്റൈലുകളും മാറി. കുട്ടികള്‍ കൂടുതല്‍ സമയവും കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന കാലം.

ഇന്റര്‍നെറ്റിന്റെ വിശാലലോകം കുട്ടികള്‍ക്കു മുന്നില്‍ അനുകൂലവും പ്രതികൂലവമായി ലോകങ്ങള്‍ തുറന്നിടും. എന്തും കൗതുകമാവുന്ന കാലമാണ് അവര്‍ക്ക്. ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. ഇക്കാര്യത്തില്‍ ലിബറല്‍ ആറ്റിറ്റിയൂഡ് സ്വീകരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഫില്‍റ്ററിങ്ങും ബ്ലോക്കിങ് പ്രോഗ്രാമും ഇന്റര്‍നെറ്റ് സേഫ്റ്റി പ്ലാനില്‍ ഉള്‍പ്പെടുത്തുക. സേഫ്റ്റി മെത്തേഡുകള്‍ ഉണ്ട്. എന്നാലും മാതാപിതാക്കളുടെ കരുതലാണ് ഏറ്റവും മികച്ച സേഫ്റ്റി. ഇന്റര്‍നെറ്റ് സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുക. അവരുടെ അനുഭവങ്ങള്‍ അറിയുക. കുട്ടികളോട് ഇക്കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു മനസിലാക്കാം എന്നതിനെക്കുറിച്ചും തീരുമാനങ്ങളെടുക്കുക.

കുട്ടികള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഗ്രാഫിക് ഫയലുകളുടെ എക്സ്റ്റന്‍ഷന്‍ ശ്രദ്ധിക്കുക. തെറ്റാണെന്നു തോന്നുന്ന സൈറ്റുകള്‍ റേറ്റ് ചെയ്ത് ഫില്‍റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ പ്രോഗ്രാമുകള്‍ ഉണ്ട്. മോശം കണ്ടന്റുകളുള്ള സൈറ്റുകളെ ബ്ലോക്ക് ചെയ്യാം. മറ്റു ചിലത് സൈറ്റുകളില്‍ പേരും അഡ്രസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും വിലക്കുന്നു. മൂന്നാമത്തെ തരം പ്രോഗ്രാമുകള്‍ ഇ മെയ്ല്‍ വായിക്കാനോ അയയ്ക്കാനോ അനുവദിക്കില്ല, ചാറ്റ് റൂം ഫെസിലിറ്റിയും കട്ട് ചെയ്യുന്നു.

കുട്ടികള്‍ക്കൊപ്പം കുറച്ചു നേരം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നതു നന്നായിരിക്കും. അവര്‍ക്കിഷ്ടമുള്ള ചാറ്റ് റൂം വര്‍ക്ക് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം. ഏറ്റവും അധികം കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമില്‍ തന്നെക്കൂടി പങ്കെടുപ്പിക്കാന്‍ ആവശ്യപ്പെടാം. അങ്ങനെ കുട്ടികളോട് കൂട്ടുകൂടാം. ഓണ്‍ലൈനില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തുറന്നു പറഞ്ഞാല്‍ കുട്ടിയെ വഴക്കു പറയില്ലെന്ന് വാക്കു കൊടുക്കണം. അത്തരമൊരു പ്രശ്‌നവുമായി കുട്ടി എത്തിയാലും ഈ വാക്ക് തെറ്റിക്കരുത്.

മൂല്യങ്ങള്‍ ഓണ്‍ലൈനിലും പാലിക്കണമെന്ന് കുട്ടികള്‍ക്കു പറഞ്ഞു മനസിലാക്കാം. അധികനേരം ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പോലെ തന്നെ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇതു വഴി വയ്ക്കും. കഴിയുന്നതും പുറത്തു പോയി കളിക്കാന്‍ അവരെ പ്രേരിപ്പിക്കുക. മാതാപിതാക്കള്‍ ഒരിക്കലും പൈറേറ്റഡ് സോഫ്‌റ്റ്വെയറോ കോപ്പിറൈറ്റഡ് മെറ്റീരിയലോ കോപ്പി ചെയ്തു കൊണ്ടു വരരുത്. അതു കുട്ടികള്‍ക്ക് പ്രേരണയാവും. കംപ്യൂട്ടര്‍ എപ്പോഴും കോമണ്‍ റൂമില്‍ വയ്ക്കുക. എല്ലാവരുടെയും കണ്ണെത്തുന്ന ഇടത്തായിരിക്കണം അത്. കുട്ടിയെ കംപ്യുട്ടര്‍ റൂമില്‍ തനിച്ചു വിടരുത്. രക്ഷിതാക്കള്‍ക്കു ശ്രദ്ധിക്കാന്‍ കഴിയുന്ന സമയത്തു മാത്രം അവര്‍ക്ക് ഇന്റര്‍നെറ്റ് ഫെസിലിറ്റി അനുവദിക്കുക.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ പേടിക്കരുത്. അറിവിന്റെ പുതിയ ലോകമാണത്. ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ഒരാള്‍ക്കും യഥാര്‍ഥ വിവരങ്ങള്‍ നല്‍കരുത്. അഡ്രസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയൊന്നും അപരിചിതര്‍ക്കു നല്‍കരുത്. കുട്ടികള്‍ എന്തൊക്കെ സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക. മാതാപിതാക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ ലോഗ് ഓണ്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍, അത് കുട്ടികളോട് ചോദിച്ചു പഠിക്കേണ്ടത് അത്യാവശ്യമാണ്. ഓണ്‍ലൈനില്‍ വായിക്കുന്നതെന്തും സത്യമാണെന്നു വിശ്വസിക്കരുത്. കുട്ടികള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ക്കു ചില നിയമ ങ്ങളും ഗൈഡ്‌ലൈനും വയ്ക്കുക. ഇത് കുട്ടികളോട് പറഞ്ഞതി നു ശേഷം കംപ്യുട്ടറിനു സമീപ ത്തായി റിമൈന്‍ഡര്‍ പോലെ എഴുതിവയ്ക്കുകയും ചെയ്യുക. ഇത്തരം ഗൈഡ്‌ലൈനുകള്‍ വച്ച് കുട്ടികളെ നിയന്ത്രിക്കാം. സ്‌കൂളിലെ സുഹൃത്തുക്കളെപ്പോലെ തന്നെ കുട്ടിയുടെ ഓണ്‍ലൈന്‍ സുഹൃത്തുക്കളെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുക.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴി

കുട്ടികള്‍ ഭക്ഷണം കഴിയ്ക്കാന്‍ മടി കാണിക്കുന്നത് സ്വാഭാവികം. ഇതിനായി ഇവരെ അടിക്കുകയോ വഴക്കു പറയുകയോ ഭീഷണിപ്പെടുത്തി കഴിയ്പ്പിക്കുകയോ ചെയ്യരുത്. കഥകള്‍ പറഞ്ഞു കൊടുത്തും തമാശകള്‍ പറഞ്ഞും കുട്ടികളെ ഭക്ഷണം കഴിയ്പ്പിക്കുക.

കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. മൂന്നോ നാലോ നേരം ഒരുമിച്ചു കൊടുക്കുന്നതിനേക്കാള്‍ അഞ്ചോ ആറോ തവണയായി ഭക്ഷണം കൊടുക്കുക. ഇതാണ് ആരോഗ്യത്തിനും നല്ലത്.

ഒരു സമയത്ത് പല ഭക്ഷണങ്ങള്‍ കൊടുക്കാതെ ഒരേ തരം ഭക്ഷണം കൊടുക്കുക. ചോറിനോപ്പം ആപ്പിളും കൊടുക്കാന്‍ ശ്രമിക്കരുതെന്നര്‍ത്ഥം.

ചിപ്‌സ്, പായ്ക്കറ്റ് ഫുഡ് തുടങ്ങിവ കുട്ടികള്‍ക്ക് വല്ലപ്പോഴും മാത്രം നല്‍കുക. ഭക്ഷണസമയത്ത് ഇവ ഒരു കാരണവശാലും കൊടുക്കരുത്. കുട്ടികളുടെ വിശപ്പു കളയുന്ന മുഖ്യഘടകങ്ങളാണിവ.

കോള, സോഡ പോലുള്ള പാനീയങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്. ഇതവരുടെ വിശപ്പു കളയാനേ ഉപരിക്കൂ.

കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം

ആസ്ത്മ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെല്ലാം കുട്ടികളില്‍ കൂടി വരികയാണെന്ന് ശിശുരോഗ വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. ഇതിനു പുറമെയാണ് പഴയകാലരോഗങ്ങളായ വില്ലന്‍ചുമ,അഞ്ചാംപനി തുടങ്ങിയവയുടെ തിരിച്ചുവരവ്. പനിയും ശരീരത്തില്‍ തടിപ്പും വരിക, അതിന്റെ കൂടെ കണ്ണിന് ചുമപ്പ്, ജലദോഷം ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ മീസില്‍സ് സാധ്യത സംശയിക്കണം.

'മീസില്‍സ് ഒരു കാലത്ത് നന്നായി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത്തരം കുറെ കേസുകള്‍ ആസ്പത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ വേറെയും. മൊത്തത്തില്‍ പഴയകാല രോഗങ്ങളുടെ തിരിച്ചുവരവാണ് ഇപ്പോഴത്തെ പ്രധാന ആരോഗ്യഭീഷണി', ഡോ.സവിദ ചൂണ്ടിക്കാട്ടുന്നു.

'ബ്രോങ്കിയോലൈറ്റിസ് എന്ന രോഗവും കുഞ്ഞുങ്ങളില്‍ അധികമായി കാണുന്നുണ്ട്.ജലദോഷമാണ് ആദ്യലക്ഷണം. പിന്നെ രണ്ടുദിവസത്തിനുള്ളില്‍ ചുമ, പനി എന്നിവ ഉണ്ടാകും. അസുഖം കൂടിയാല്‍ കുഞ്ഞിന് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട് വരും', തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ.വി.കെ.പാര്‍വതി പറയുന്നു.

പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം കേരളത്തിലെ അമ്മമാരുടെ സംശയങ്ങളും വര്‍ധിച്ചുവരികയാണെന്ന് പറയുന്നു തിരുവനന്തപുരം എസ്.എ.ടി.യിലെ ശിശുരോഗവിഭാഗം മേധാവി ഡോ. ലളിത കൈലാസ്.'നൂറുപേര്‍ വന്നാല്‍ 90 പേര്‍ക്കും കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും സംശയം കാണും. ഇപ്പോള്‍ പണ്ടെത്തെപ്പോലെയല്ല. ഡോക്ടര്‍മാരോട് എന്തുണ്ടെങ്കിലും അവര്‍ തുറന്നുചോദിക്കും. ഏത് അസുഖം ഉണ്ടായാലും എങ്ങനെയുണ്ടായി, എങ്ങനെ തടയാം, അതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം, ഏതു മരുന്നാണ് കൊടുക്കേണ്ടത്, മരുന്നിന്റെ റിയാക്ഷന്‍ ഇങ്ങനെ എല്ലാ കാര്യങ്ങളും അവര്‍ ചോദിക്കും. അതൊരു നല്ല പ്രവണതയാണ്', ഡോക്ടര്‍ അഭിപ്രായപ്പെടുന്നു

സ്‌റ്റെം സെല്‍ വഴി കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാം

അവയവങ്ങളായി രൂപാന്തരം പ്രാപിക്കാത്ത കോശങ്ങളാണ് സ്‌റ്റെം സെല്ലുകള്‍ എന്നറിയപ്പെടുന്നത്. ഇവയില്‍ നിന്നും ഹൃദയം, കരള്‍, തലച്ചോറ് എന്നിവയുള്‍പ്പെടെയുള്ള ഏത് അവയവങ്ങളും രൂപാന്തരപ്പെടും. ഇത്തരം അവയങ്ങളില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ വന്നാല്‍ ഈ കോശങ്ങള്‍ ഉപയോഗിക്കാമെന്നു ചുരുക്കം. ബ്ലഡ് ക്യാന്‍സറുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള ചികിത്സാമാര്‍ഗമാണ് സ്‌റ്റെം സെല്ലുകള്‍. ഇവ ഭാവിയില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ രക്ഷിക്കാന്‍ സഹായിക്കും. സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സാവിധി കൂടിയാണിത്. ഇത്തരം രോഗങ്ങള്‍ക്ക് സ്‌റ്റെ സെല്ലുകള്‍ നല്ലൊരു പ്രതിവിധിയാണ്. അപകടങ്ങളില്‍ പെട്ട് തലച്ചോറിനോ എല്ലുകള്‍ക്കോ പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ സൂക്ഷിച്ചു വച്ച സ്‌റ്റെം സെല്ലുകള്‍ പ്രയോജനപ്പെടുത്തും. കിഡ്‌നി, കരള്‍ എന്നിവ തകരാറിലായാല്‍ ഇവ മാറ്റി വയ്ക്കുകയാണ് ചിലപ്പോഴുള്ള പ്രതിവിധി. എന്നാല്‍ പറ്റിയ ദാതാവിനെ കിട്ടിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്‌റ്റെം കോശങ്ങള്‍ പ്രയോജനപ്പെടും. രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ സ്‌റ്റെം സെല്‍ സൂക്ഷിച്ചു വയ്ക്കാന്‍ ആവശ്യമാകും. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ കണക്കിലെടുക്കുമ്പോള്‍ സ്‌റ്റെം സെല്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടത് വളരെ പ്രധാനം തന്നെ.

കളിപ്പാട്ടം വാങ്ങുമ്പോള്‍

കുഞ്ഞ് ഇപ്പോള്‍ തനിയേ എണീറ്റു നിന്നു പിടിച്ചു നടക്കാന്‍ തുടങ്ങും. സ്‌റ്റെപ്പുകള്‍ കയറാന്‍ ശ്രമിക്കും. പറഞ്ഞാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസിലായി തുടങ്ങും. ഓരോ റോളുകള്‍ സങ്കല്‍പിച്ച് കളിക്കാനും കുഞ്ഞുങ്ങള്‍ക്കിഷ്ടമാണ്. ഡോക്ടര്‍ കിറ്റ്, പാവകള്‍, ടെഡി ബിയര്‍ ഇതെല്ലാം പ്രിയപ്പെട്ടതായിരിക്കും. കുറച്ചു കൂടി ബൗണ്‍സ് ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ കൊടുക്കാം. മോട്ടോര്‍ സ്‌കില്‍സ് വികസിക്കുന്ന ഘട്ടമാണിത്. പന്തുകളി അതിനു വളരെ സഹായിക്കുന്നു.

ബില്‍ഡിങ് ബ്ലോക്‌സ് വച്ച് കളിക്കാനും ഈ പ്രായത്തില്‍ വളരെ ഇഷ്ടമായിരിക്കും. അടുക്കി വയ്ക്കുന്ന റിങ്ങുകളും നല്ലതാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ടോയ്‌സും അനിമല്‍ ടോയ്‌സും ഈ പ്രായത്തില്‍ അനുയോജ്യമാണ്. ബാത്ത്ടബ്ബില്‍ ഇതു വച്ച് കളിക്കാം. കുഞ്ഞ് വെള്ളവുമായി കളിക്കുമ്പോള്‍ എപ്പോഴും മുതിര്‍ന്നവര്‍ ഒപ്പമുണ്ടാവണം. ചെറിയ ബക്കറ്റിലെ വെള്ളത്തില്‍ വീണു പോലും ദുരന്തങ്ങളുണ്ടാകുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല.

പിക്ചര്‍ ബുക്ക്‌സ് കാണിച്ച് ചിത്രങ്ങള്‍ തിരിച്ചറിയാന്‍ ഈ ഘട്ടത്തില്‍ പഠിപ്പിക്കാം. പാവകള്‍ വച്ച് പല റോളുകള്‍ സങ്കല്‍പിച്ചു കളിക്കാന്‍ ഇഷ്ടം പെണ്‍കുട്ടികള്‍ക്കായിരിക്കും.ആണ്‍കുട്ടികള്‍ കാര്‍, ട്രക്ക്, ട്രെയിന്‍ തുടങ്ങിയവയോട് കമ്പം കാട്ടും. ക്രയോണ്‍സ്, സ്‌ക്രിബ്ലിങ് തുടങ്ങിയ കളിപ്പാട്ടങ്ങളും ഇപ്പോള്‍ തൊട്ടു സമ്മാനിക്കാം

എങ്ങനെ കാത്തു സൂക്ഷിക്കാം?

ഭാവിയിലെ സന്തോഷങ്ങളുടെ റിസര്‍വോയറാണ് ബാല്യത്തിലെ മനസ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. മുതിര്‍ന്ന ഒരാള്‍ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിവുള്ള പോസിറ്റീവ് തിങ്കിങ്ങിന്റെ ഉടമയാവണമെങ്കില്‍ ബാല്യം സന്തോഷം നിറഞ്ഞതാകണം.

ഇതിനുവേണ്ടി കുട്ടിയുടെ മനസിനെ ഒട്ടും മുറിപ്പെടുത്താതെ എപ്പോഴും സന്തോഷിപ്പിച്ചു നിറുത്തുന്നത് തെറ്റായ വഴിയാണ്. ആവശ്യങ്ങളെല്ലാം എപ്പോഴും സാധിച്ചു കൊടുത്താല്‍ അത് അവര്‍ക്കു ദോഷമാവും ചെയ്യുക.

ഒരു പരിധിവരെയുള്ള 'ഹര്‍ട്ട്‌സ് ആന്‍ഡ് വൂണ്ട്‌സ് കുട്ടിക്ക് ഗുണം ചെയ്യും. പരാജയങ്ങള്‍, വിലക്കുകള്‍, നിരാശ....ഇവയെല്ലാം ഭാവിയില്‍ പരാജയങ്ങളോടും സങ്കടങ്ങളോടും സമരസപ്പെട്ടുപോകാനുള്ള പരിശീലനമായി മാറുന്നുണ്ട്. പക്ഷേ, കുഞ്ഞിന്റെ ഉള്ളില്‍ നിരന്തരം കാറും കോളും നിറയ്ക്കുന്ന, മനസിനെ കരയിച്ചുകൊണ്ടിരിക്കുന്ന മുറിവുകള്‍ ഉണക്കിയേ തീരൂ. പൊള്ളല്‍ ശമിക്കും വരെ അതിനെ വീശിത്തണുപ്പിച്ച് നമ്മള്‍ കൂടെ നിന്നേതീരു.

കുഞ്ഞിന്റെ വയറിളക്കത്തിന് പരിഹാരങ്ങള്‍

കുഞ്ഞിന് വയറിളക്കം വരുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമെന്നുള്ളതു കൊണ്ടു തന്നെ ധാരാളം വെള്ളം കുഞ്ഞിനു കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. തിളപ്പിച്ചാറ്റിയ വെളളം, കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടത്, കരിക്കിന്‍ വെള്ളം എന്നിവ നല്‍കാം. മുലപ്പാലും വയറിളക്കമുള്ളപ്പോള്‍ നല്‍കാവുന്ന ഒന്നാണ്. വയറിളക്കമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും സോഡിയവും നഷ്ടമപ്പെടും. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തുല്യഅളവില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു നല്‍കുന്നത് നല്ലതാണ്. എളുപ്പം ദഹിയ്ക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കുഞ്ഞിന് നല്‍കുക. പ്രത്യേകിച്ചും ദ്രാവകരൂപത്തിലുള്ള ഭക്ഷണം. നല്ലപോലെ വേവിച്ച ഭക്ഷണങ്ങള്‍, അതും വീട്ടില്‍ തയ്യാറാക്കിയതു മാത്രം കൊടുക്കുക. ആദ്യമായി പല്ലു വരുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും വയറിളക്കമുണ്ടാകാറുണ്ട്. കുഞ്ഞിന് മോണയില്‍ ്അസ്വസ്ഥതയും തോന്നിയേക്കാം. കുഞ്ഞിന്റെ മേണയില്‍ പതുക്കെ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. ഗ്രിപ് വാട്ടര്‍ കൊടുക്കുന്നത് കുട്ടികളുടെ വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ നല്ലതാണ്. കുഞ്ഞിന്റെ മലത്തില്‍ രക്തം കാണുകയോ തുടര്‍ച്ചയായി വയറിളക്കം ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ മാത്രം പരീക്ഷിക്കാതെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാന്‍ മടിയ്ക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി നല്‍കുകയും ചെയ്യരുത്. കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. ഇതുകൊണ്ടു തന്നെ അസുഖങ്ങളുണ്ടാകുന്ന സാധ്യതയും കൂടുതലാണ്. കുഞ്ഞുങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളിലൊന്നാണ് വയറിളക്കം. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തുന്നതു കൊണ്ടുതന്നെ ഗൗരവമായി എടുക്കേണ്ട ഒന്ന്. കുഞ്ഞിന് വയറിളക്കം വരുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമെന്നുള്ളതു കൊണ്ടു തന്നെ ധാരാളം വെള്ളം കുഞ്ഞിനു കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. തിളപ്പിച്ചാറ്റിയ വെളളം, കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടത്, കരിക്കിന്‍ വെള്ളം എന്നിവ നല്‍കാം. മുലപ്പാലും വയറിളക്കമുള്ളപ്പോള്‍ നല്‍കാവുന്ന ഒന്നാണ്. വയറിളക്കമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും സോഡിയവും നഷ്ടമപ്പെടും. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തുല്യഅളവില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു നല്‍കുന്നത് നല്ലതാണ്. എളുപ്പം ദഹിയ്ക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കുഞ്ഞിന് നല്‍കുക. പ്രത്യേകിച്ചും ദ്രാവകരൂപത്തിലുള്ള ഭക്ഷണം. നല്ലപോലെ വേവിച്ച ഭക്ഷണങ്ങള്‍, അതും വീട്ടില്‍ തയ്യാറാക്കിയതു മാത്രം കൊടുക്കുക. ആദ്യമായി പല്ലു വരുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും വയറിളക്കമുണ്ടാകാറുണ്ട്. കുഞ്ഞിന് മോണയില്‍ ്അസ്വസ്ഥതയും തോന്നിയേക്കാം. കുഞ്ഞിന്റെ മേണയില്‍ പതുക്കെ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. ഗ്രിപ് വാട്ടര്‍ കൊടുക്കുന്നത് കുട്ടികളുടെ വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ നല്ലതാണ്. കുഞ്ഞിന്റെ മലത്തില്‍ രക്തം കാണുകയോ തുടര്‍ച്ചയായി വയറിളക്കം ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ മാത്രം പരീക്ഷിക്കാതെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാന്‍ മടിയ്ക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി നല്‍കുകയും ചെയ്യരുത്.

മരുന്നില്ലാതെ പനി കുറയ്ക്കാം

കുട്ടികള്‍ക്ക് പനി വരുമ്പോളേ മരുന്ന് പെട്ടി തുറക്കുന്നവരാണ് ഭൂരിപക്ഷം പേരും. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും.

പനിയുള്ള അവസരത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും, തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതില്‍ നിന്ന് മുക്തി നേടാം.

കുട്ടികള്‍ക്ക് പനി വരുമ്പോളേ മരുന്ന് പെട്ടി തുറക്കുന്നവരാണ് ഭൂരിപക്ഷം പേരും. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും.

പനിയുള്ള അവസരത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും, തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതില്‍ നിന്ന് മുക്തി നേടാം.

ചെറുചൂടുള്ളതോ, ചൂടുള്ളതോ ആയ വെള്ളത്തില്‍ കുളിക്കുക. ഇങ്ങനെ കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറഞ്ഞ് വരും. അത് പെട്ടന്നല്ല സാവധാനമാണ് സംഭവിക്കുക. തണുത്ത വെള്ളത്തിലുള്ള കുളി ശരീരതാപനില ഉയരാനിടയാക്കും.

കടുത്ത പനിയുള്ളപ്പോള്‍ കോട്ടണ്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞതിന് ശേഷം കഴുത്തിലും, നെറ്റിയിലും ഇടുക. ഉണങ്ങുമ്പോള്‍ മാറ്റി വീണ്ടും ഇടുക.

എണ്ണ കൊണ്ട് തിരുമ്മിയും പനി കുറയ്ക്കാം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കിടക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഒലിവെണ്ണ തേച്ച് പിടിപ്പിച്ച ശേഷം കോട്ടണ്‍ വസ്ത്രം കൊണ്ടും, പുതപ്പ് കൊണ്ടും പതിയുക. രാവിലെ കുളിപ്പിച്ച് ശരീരത്തിലെ എണ്ണ നീക്കം ചെയ്യാം.

ധാരാളം വെള്ളം കുടിക്കുക. ശരീരത്തിന്റെ സ്വഭാവികമായ പ്രതിരോധമാണ് പനി എന്നത്. എന്നാല്‍ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ചൂട് കുറയ്ക്കാന്‍ എളുപ്പവഴിയാണ് പുളികൊണ്ടുള്ള ജ്യൂസ്, കറ്റാര്‍വാഴ ജെല്‍, പേരയില ജ്യൂസ് എന്നിവ ഉപയോഗിക്കുന്നത്. ഈ ജ്യൂസ് നെറ്റിത്തടത്തില്‍ തേച്ച് ഉണങ്ങുമ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് തേക്കുക. ശരീരത്തിന്റെ ചൂട് കുറയുന്നത് വരെ ഇത് ചെയ്യുക.

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും, തണുക്കുന്നുണ്ടെങ്കിലും പുതപ്പ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വര്‍ദ്ധിക്കാനിടയാക്കും.

ഫാനിട്ട് മുറിയിലെ വായുസഞ്ചാരം കൂട്ടുക. എല്ലാത്തിനുമുപരിയായി പരിപൂര്‍ണ്ണ വിശ്രമവും എടുക്കുക

ഡയപ്പര്‍ ഉപയോഗം കരുതലോടെ

കൈക്കുഞ്ഞിനെയും കൊണ്ടു പാര്‍ട്ടിക്കോ കല്യാണത്തിനോ പോകണമെങ്കില്‍ ഡയപ്പര്‍ കരുതാതെ പറ്റില്ല. പക്ഷേ, ഡയപ്പറിന്റെ സ്ഥിരമായ ഉപയോഗം കുഞ്ഞിന്റെ മൃദുവായ ചര്‍മത്തില്‍ അലര്‍ജിയും മറ്റുമുണ്ടാക്കാം. ഇതു തടയാന്‍ ചില മുന്‍കരുതലുകളെടുക്കാം.

* ഡയപ്പര്‍ വയ്ക്കുന്നതിനു മുമ്പ് നനഞ്ഞ തുണി കൊണ്ടു മുന്നില്‍ നിന്നു പിന്നിലേക്കു തുടച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. തുട മടക്കുകളും തുടയ്ക്കണം. തുടര്‍ന്ന് ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ടു ഒന്നുകൂടി തുടയ്ക്കുക
* ഡയപ്പര്‍ ഇടുമ്പോള്‍ പശയുള്ള പിന്‍ഭാഗം പൊക്കിളിന്റെ ലെവലിലാകാന്‍ ശ്രദ്ധിക്കുക.
* കൃത്യമായ ഇടവേളകളില്‍ ഡയപ്പര്‍ മാറ്റണം. മലമൂത്ര വിസര്‍ജനം നടത്തിക്കഴിഞ്ഞ് ഏറെ നേരം ഡയപ്പര്‍ ഉപയോഗിക്കുന്നതു നല്ലതല്ല.

* ചില ഡയപ്പറുകള്‍ കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ ഇടുന്ന ഭാഗത്തു ചുവന്ന പാടുകള്‍ കണ്ടാല്‍ ആ ബ്രാന്‍ഡ് ഒഴിവാക്കുക.

* ഇറുകിക്കിടക്കുന്ന ഡയപ്പറുകള്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കും. കുഞ്ഞിന്റെ കാലിലും അരക്കെട്ടിലും പാടുകള്‍ കണ്ടാല്‍ അടുത്ത തവണ അല്‍പം കൂടി വലിയ ഡയപ്പര്‍ വേണം തിരഞ്ഞെടുക്കാന്‍.

* കുഞ്ഞിന്റെ ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ കണ്ടാല്‍ സിങ്ക് ഓക്‌സൈഡ് അടങ്ങിയ ഓയിന്‍മെന്റുകള്‍ പുരട്ടാം. ദിവസം മുഴുവന്‍ ഡയപ്പര്‍ ഇടാതിരിക്കുന്നതാണു നല്ലത്. കുറച്ചു നേരമെങ്കിലും സാധാരണ വസ്ത്രം മാത്രം ധരിപ്പിക്കാം.
* പുറത്തു പോകുന്ന സമയങ്ങളില്‍ കുഞ്ഞിനെ കോട്ടണ്‍ തുണി ധരിപ്പിക്കുന്നതും നüല്ലതാണ്. വൃത്തിയുള്ള കോട്ടണ്‍ തുണി അല്‍പം കട്ടിയില്‍ ത്രികോണാകൃതിയില്‍ മടക്കിയെടുക്കുക. നീളം കൂടിയ വശം പിന്‍ഭാഗത്തേക്കെടുക്കുക. പൊക്കിളിന്റെ ലെവലിലായി മൂന്നു ഭാഗവും ഒരുമിച്ചു ചേര്‍ത്തു ബന്ധിപ്പിച്ച് ഉപയോഗിക്കാം

ആഹാരത്തില്‍ വൈവിധ്യം

എന്നും ഒരേ ആഹാരം ബോറടിക്കും. കുട്ടികള്‍ക്കായി വൈവിധ്യമുള്ള ആഹാരം തയാറാക്കാനും അമ്മമാര്‍ ശ്രദ്ധിക്കണം. ആഹാരം പോഷകം നിറഞ്ഞതാവാനും ചില പൊടിക്കൈകള്‍ പ്രയോഗിക്കുക. ഓംലറ്റ് തയാറാക്കുമ്പോള്‍ ഉള്ളി മാത്രം ചേര്‍ക്കാതെ കുറച്ച് ക്യാരറ്റും കാബേജും ഗ്രേറ്റ് ചെയ്തതു ചേര്‍ക്കുക. സാന്‍ഡ്‌വിച്ചിലും അങ്ങനെ പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ കുഞ്ഞു പ്രായം തൊട്ടേ കൊടുത്തു ശീലിപ്പിക്കണം. ഏഴെട്ടു മാസം തൊട്ടേ. ചിക്കന്‍ തയാറാക്കുമ്പോഴും ക്യാരറ്റ് പോലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് തയാറാക്കുക. ഇത് ഗ്രേവിയില്‍ ലയിച്ചു ചേരുമ്പോള്‍ കുട്ടികള്‍ അറിയാതെ കഴിച്ചുകൊള്ളും. നൂഡില്‍സിനും പല നിറമുള്ള പച്ചക്കറികള്‍ ചേര്‍ത്ത് കൊടുക്കുക. കാണാനും നിറപ്പകിട്ടുണ്ടാവും. തോരന്‍വയ്ക്കുമ്പോഴും രണ്ടു പച്ചക്കറികള്‍ ചേര്‍ത്ത് വയ്ക്കുക. കാഴ്ചയിലുള്ള ഭംഗിയും കുട്ടികളെ ആകര്‍ഷിക്കും. സാലഡ് തയാറാക്കുമ്പോള്‍ ആപ്പിള്‍, മുളപ്പിച്ച പയര്‍, പഴങ്ങള്‍ ഇതൊക്കെ ചേര്‍ത്ത് ആകര്‍ഷകവും രുചികരവുമാക്കുക.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate