অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓട്ടിസം

ഓട്ടിസം

  1. എന്താണ് ഓട്ടിസം?
  2. ആശയവിനിമയം
  3. സാമൂഹിക ഇടപെടല്‍
  4. വൈകാരിക വ്യവഹാര പരിമിതികള്‍
  5. ഓട്ടിസത്തിന്റെ വിവിധ തരങ്ങള്‍
    1. ചൈല്‍ഡ്ഹുഡ് ഓട്ടിസം
    2. ആസ്‌പെര്‍യേസ് സിന്‍ഡ്രം
    3. റെറ്റ്‌സ് സിന്‍ഡ്രം
    4. ചൈല്‍ഡ്ഹുഡ്
  6. പൊതു സ്വഭാവ സവിശേഷതകള്‍
  7. ഓട്ടിസത്തിന്റെ കാരണങ്ങള്‍
  8. ഓട്ടിസവും കുടുംബവും
  9. രക്ഷിതാക്കള്‍ക്ക് ചെയ്യാനാവുന്നത്
  10. വ്യക്തിഗത പരിശീലനം
  11. വ്യത്യസ്തങ്ങളായ പരിശീലന വിഭാഗങ്ങള്‍
    1. ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്
    2. സംസാര ഭാഷാ വിദഗ്ധര്‍
    3. മനശ്ശാസ്ത്രജ്ഞന്‍
  12. സവിശേഷ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
  13. കുട്ടിയും സാമൂഹിക ഉത്തരവാദിത്വവും
  14. ഓട്ടിസം, അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ‘
  15. ഓട്ടിസം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍....
  16. രക്ഷിതാക്കള്‍ ശ്രദ്ധിക്കുക…ഓട്ടിസം തിരിച്ചറിയാന്‍ വൈകുന്നൂ

കുഞ്ഞുങ്ങള്‍ ജനിച്ച് കഴിഞ്ഞാല്‍ പിന്നെ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. സ്വന്തം പിഞ്ചോമനകള്‍ പുഞ്ചിരിച്ച് കാണാന്‍, 'അമ്മേ' എന്ന് വിളിക്കാന്‍, 'അച്ഛാ' എന്ന് വിളിക്കാന്‍ കൊതിക്കാത്ത രക്ഷിതാക്കളുണ്ടോ? സമപ്രായക്കാരുമായി ഇടപഴകി കളിക്കുന്നതിനോ സംസാരിക്കുന്നതിനോ താല്‍പര്യം പ്രകടിപ്പിക്കാത്ത, സ്വന്തമായി ഇരുന്നു കളിക്കുകയും വ്യത്യസ്തങ്ങളായ ശബ്ദങ്ങളുണ്ടാക്കുകയും അര്‍ഥമില്ലാത്ത മുദ്രകളും ആംഗ്യങ്ങളും കാണിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍. തന്റെ ലോകത്ത് താന്‍ മാത്രമുളളൂ എന്നും കാണുന്നതെല്ലാം കാണാതെ, കേള്‍ക്കുന്നതെല്ലാം കേള്‍ക്കാതെ, ഒരു തരത്തിലുളള വൈകാരിക സ്വഭാവ മാറ്റങ്ങളോടും പ്രതികരിക്കാത്ത കുഞ്ഞുങ്ങള്‍. അവര്‍ അവരുടെ ലോകത്താണ്; ഓട്ടിസത്തിന്റെ ലോകത്ത്.

എന്താണ് ഓട്ടിസം?

ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് 'ഓട്ടിസം' എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.
ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളുമാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് കൂടുതല്‍ ഗുരുതരമാണ്.

ആശയവിനിമയം

തന്റെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ്രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പലപ്പോഴും പ്രയാസപ്പെടുന്നു. ചില ആശയവിനിമയ രീതികള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലായാല്‍ പോലും വീടിന് പുറത്തുളള ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഓട്ടിസമുളള കുട്ടികള്‍ക്ക് ആംഗ്യം ഉപയോഗിച്ചോ സംസാരിച്ചോ ആശയവിനിമയം പ്രയാസകരമാണ്. സംസാരിക്കുന്ന ശബ്ദത്തിലും ഉച്ചാരണത്തിലും സമപ്രായക്കാരില്‍ നിന്ന് വ്യത്യാസം കാണാം. ഉയര്‍ച്ച താഴ്ച്ച ഇല്ലാതെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നതായും അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിച്ച് പറയുന്നതായും കാണാം. കൂടാതെ ചോദ്യങ്ങള്‍ ചോദ്യരൂപേണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. മറ്റുളളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും പേര് വിളിച്ചാലോ പുഞ്ചിരിച്ചാലോ അതിനോട് പ്രതികരിക്കാനുമുളള കഴിവ് കുറവായിരിക്കും. സംഭാഷണത്തില്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ കടന്നുവരുന്നത് മൂലം സംഭാഷണം തുടര്‍ന്നുപോകാന്‍ സാധ്യമല്ല. ഇത്തരം കുട്ടികളില്‍ ഭാവനാപരമായ പരിമിതികള്‍ കണ്ടുവരുന്നു.

സാമൂഹിക ഇടപെടല്‍

ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ ഓട്ടിസമുളള കുട്ടികള്‍ക്ക് പല പരിമിതികളും ഉണ്ട്. മറ്റുളളവരെ ഗൗനിക്കാതെയുളള സ്വഭാവപ്രതികരണങ്ങള്‍ കാണിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്ന മാതാപിതാക്കളെയോ സഹോദരങ്ങളെയോ അവരുടെ വികാരങ്ങളെയോ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നതിനും സ്വന്തം വൈകാരിക ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പരിമിതികള്‍ ഉണ്ട്. സമപ്രായക്കാരുമായി സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനും ഇത്തരം കുട്ടികള്‍ പ്രയാസം നേരിടുന്നു.

വൈകാരിക വ്യവഹാര പരിമിതികള്‍


മറ്റുളളവരുടെ വൈകാരിക മാറ്റങ്ങളോട് പ്രതികരിക്കാന്‍ പ്രയാസമാണ്. മാതാപിതാക്കള്‍ ആശ്ലേഷിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പലപ്പോഴും സാധ്യമല്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ അമിത ഭയം, ഉത്കണ്ഠ എന്നിവ അകാരണമായി പ്രകടിപ്പിക്കുന്നതായി കാണാം. ഉദാഹരണമായി വൈദ്യുതി വിച്ഛേദിച്ചാല്‍ വെപ്രാളം കാണിക്കുന്നതായി കാണാം. ദിനചര്യകളിലോ പരിമിതമായ പ്രവര്‍ത്തനങ്ങളിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ വിക്ഷോഭ പ്രകടനങ്ങള്‍ക്ക് കാരണമായേക്കാം.

ഓട്ടിസത്തിന്റെ വിവിധ തരങ്ങള്‍


ചൈല്‍ഡ്ഹുഡ് ഓട്ടിസം

ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ്സ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്.

ആസ്‌പെര്‍യേസ് സിന്‍ഡ്രം

ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരില്‍ ബുദ്ധിപരിമിതികള്‍ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താല്‍പര്യം മാത്രമേ പ്രകടിപ്പിക്കുന്നുളളൂ.

റെറ്റ്‌സ് സിന്‍ഡ്രം

പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെ കാണപ്പെടുമെങ്കിലും അതിന് ശേഷം കഴിവുകള്‍ നഷ്ടപ്പെടുന്നു. ഭാഷാ വൈകല്യം, ദൃഷ്ടി കേന്ദ്രീകരിക്കാനും നടക്കാനുമുളള ബുദ്ധിമുട്ട് എന്നിവ ചില ലക്ഷണങ്ങള്‍ ആണ്.

ചൈല്‍ഡ്ഹുഡ്

ഡിസിന്റെഗ്രേറ്റീവ് ഡിസോര്‍ഡര്‍
രണ്ട് വയസ്സ് വരെ സാധാരണ വളര്‍ച്ച ഉണ്ടാവുമെങ്കിലും അതിനുശേഷം ഭാഷയിലും സാമൂഹിക ശേഷിയിലും ചലനപരമായ കഴിവുകള്‍ കുറഞ്ഞുവരുന്നതായി കാണാം. ഇതിനോടൊപ്പം ബുദ്ധിപരമായ പരിമിതികള്‍ ഒരളവോളം കാണപ്പെടാം.

പൊതു സ്വഭാവ സവിശേഷതകള്‍

1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും 
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ട
പ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).

ഓട്ടിസത്തിന്റെ കാരണങ്ങള്‍


ഇതിന്റെ കാരണങ്ങള്‍ വൈദ്യശാസ്ത്രത്തിനു പോലും അവ്യക്തമാണ്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുളള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. നാഡീപരമായ തകരാറുകള്‍ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന, ജീവിതകാലം മുഴുവന്‍ നീണ്ടുനിന്നേക്കാവുന്ന പരിമിതിയാണ് ഓട്ടിസം എന്ന് മനസ്സിലാക്കാം. ഓട്ടിസം ബാധിച്ച ചെറിയ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ തലച്ചോറിന്റെ പരേറ്റല്‍ ഭാഗം അടഞ്ഞ് കോര്‍പ്പസ് കലോസത്തിലും പ്രവര്‍ത്തന സജീവത കുറവുളളതായി കണ്ടെത്തി. മേല്‍പറഞ്ഞ വ്യതിയാനങ്ങള്‍ പലരിലും കണ്ടെത്തിയെങ്കിലും എല്ലാവര്‍ക്കും അങ്ങനെയല്ലായിരുന്നു. അതുകൊണ്ട് തന്നെ ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത്തരം പഠനങ്ങള്‍ ഓട്ടിസം തടയുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കും. ഭക്ഷണപദാര്‍ത്ഥങ്ങളും അന്തരീക്ഷത്തിലെ പലതരത്തിലുളള വിഷാംശങ്ങളും ഓട്ടിസത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നു.

ഓട്ടിസവും കുടുംബവും


ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പ്രയാസകരമാണ്. ഇവരുടെ മാതാപിതാക്കള്‍ പ്രത്യേകമായ പരിഗണനയും സാന്ത്വനവും അര്‍ഹിക്കുന്നവരാണ്. ദൈനംദിന കാര്യങ്ങളുടെ നിര്‍വ്വഹണം മുതല്‍ ജോലി, സാമൂഹിക കുടുംബനിര്‍വഹണ കാര്യങ്ങളെ വരെ സാരമായി ബാധിച്ച് ഇരുട്ടിന്റെ മാറാപ്പുമായി ജീവിതം തളളിനീക്കുന്ന മതാപിതാക്കളെ നമുക്ക് കാണാം. ഒരിക്കല്‍ ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ അമ്മ ''എന്റെ മകന്‍ ഒരിക്കലെങ്കിലും 'അമ്മേ' എന്ന് വിളിക്കുന്നത് കേട്ട് മരിച്ചാല്‍ മതി'' എന്ന് വിതുമ്പിയപ്പോള്‍ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഒരു നിമിഷം പകച്ച് നിന്നുപോയി. ഇതുപോലുളള എത്രയെത്ര അമ്മമാര്‍...
ബിഹേവിയര്‍ തെറാപ്പിയില്‍ വീട്ടില്‍ പരിശീലിപ്പിക്കേണ്ട കാര്യങ്ങള്‍ (Home based management) പറഞ്ഞുകൊടുക്കുമ്പോള്‍ ഒരോ ദിവസവും അമ്മമാര്‍ ചോദിക്കും, ''എങ്ങനെയുണ്ടായിരുന്നു സാര്‍?' പ്രതീക്ഷയോടെ ഒരോ ചെറിയ മാറ്റവും വലിയ മനസ്സോടെ കാത്തിരിക്കുന്ന മാതാക്കളുടെ മുഖങ്ങള്‍ പാരന്റല്‍ കൗണ്‍സലിങ്ങ് നടത്തുമ്പോള്‍ കാണാറുണ്ട്. ഒരിക്കല്‍ ഒരമ്മ പറയുകയുണ്ടായി ''ഈ കുട്ടി ജനിച്ചതിന് ശേഷം സമാധാനമായി ഒന്ന് ഉറങ്ങീട്ടില്ല'' എന്ന്. ഒരോ സെഷന്‍ കഴിയുമ്പോഴും അറിയാതെ ദൈവത്തെ സ്തുതിച്ചുപോകും. ഇത്തരം മാതാപിതാക്കള്‍ കുടുംബത്തിനകത്തും പുറത്തുമുളള ആളുകളില്‍നിന്ന് കുത്തുവാക്കുകള്‍ക്കും നിരുല്‍സാഹപ്പെടുത്തലുകള്‍ക്കും വിധേയമാകുന്നു. നമ്മുടെ നാട്ടില്‍ എല്ലാ വിദഗ്ധരും അടങ്ങുന്ന സ്ഥാപനങ്ങളുടെ കുറവ് ഓട്ടിസം ബാധിച്ച അച്ഛനമ്മമാരെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നു.

രക്ഷിതാക്കള്‍ക്ക് ചെയ്യാനാവുന്നത്


കുട്ടിയുടെ ശരീരികവും ബുദ്ധിപരവും ഭാഷാ-സംസാരപരവുമായ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ശരിയായ അറിവില്ലാതാകുമ്പോള്‍ അത് നേരത്തെ ചികില്‍സ തുടങ്ങുന്നതിന് തടസ്സമാകുന്നു. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ തന്നെ കുഞ്ഞിന്റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്ന് പഠിക്കാന്‍ ശ്രമിക്കുക. ശിശുരോഗവിദഗ്ധര്‍, ഗൈനക്കോളജിസ്റ്റ്, ഇന്റര്‍നെറ്റുകള്‍ എന്നിവയെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഗര്‍ഭാവസ്ഥയിലും തുടര്‍ന്നുമുളള വളര്‍ച്ചാ ഘട്ടങ്ങള്‍ എന്നിവയെ പറ്റിയുളള ലഘുലേഖകള്‍ ലഭ്യമാണോ എന്ന് അന്വേഷിക്കുക. ഇല്ലെങ്കില്‍ ഈ കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസ്സിലാക്കുക. കുട്ടികള്‍ ജനിച്ചതിന് ശേഷം വളര്‍ച്ചയുടെ പടവുകളില്‍ ചെറിയ വ്യതിയാനങ്ങള്‍ കണ്ടാല്‍ ഉടനെ പരിഭ്രാന്തരാകാതെ അതിന്റെ സാധ്യതകള്‍ അന്വേഷിച്ച് മനസ്സിലാക്കണം. എന്തെങ്കിലും അസ്വാഭാവികത തോന്നുമ്പോള്‍ ഈ മേഖലയിലെ വിദഗ്ധരെ സമീപിച്ച് വിശദമായ പരിശോധനങ്ങള്‍ക്ക് വിധേയമാക്കി ഓട്ടിസമെന്ന അവസ്ഥ തന്നെയാണോ എന്ന സ്ഥിരീകരിക്കുകയാണ് നല്ലത്. 

വ്യക്തിഗത പരിശീലനം


ഒരോ കുട്ടിയുടെയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയം നടത്തി എന്തൊക്കെ കഴിവുകള്‍ കുട്ടികളില്‍ പരിശീലിപ്പിക്കണമെന്ന് തീരുമാനിച്ച് വിദഗ്ധര്‍ പരിശീലിപ്പിക്കുന്നു. മനശ്ശാസ്ത്രവിദഗ്ധര്‍ പെരുമാറ്റങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.

സംഘ പരിശീലനം


മനശ്ശാസ്ത്രജ്ഞന്‍, സംസാരഭാഷാ വിദഗധന്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍ എന്നീ വിദഗ്ധ പരിശീലകര്‍ അടങ്ങുന്ന സമിതി കുട്ടിയുടെ കഴിവിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കാവശ്യമായ കഴിവുകള്‍ പരിശീലപ്പിക്കുന്നു. ഇതിലൂടെ വ്യക്തിഗത കഴിവുകള്‍ വര്‍ധിക്കുന്നതിലുപരി സാമൂഹീകരണവും വളരാന്‍ സാധിക്കുന്നു.

വ്യത്യസ്തങ്ങളായ പരിശീലന വിഭാഗങ്ങള്‍


ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്

ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് എല്ലാ പ്രായത്തിലുളളവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയിലുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അവര്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇന്ദ്രിയ സമന്വീകരണം, പരിശീലനം, ഗ്രേസ്‌മോട്ടോര്‍, ഫൈന്‍ മോട്ടാറര്‍, കോ-ഓര്‍ഡിനേഷന്‍, സാമൂഹിക കഴിവുകള്‍, സ്വയം സഹായ കഴിവുകള്‍ എന്നിവക്കുകൂടി പരിശീലനം നല്‍കുന്നു.

സംസാര ഭാഷാ വിദഗ്ധര്‍

ഓട്ടിസം ബാധിച്ച 90ശതമാനത്തിലധികം കുട്ടികളിലും സംസാര പരിശീലനം അത്യാവശ്യമാണ്. ഇത്തരം തെറാപ്പിയിലൂടെ കാര്യഗ്രഹണശേഷിയും വര്‍ധിക്കുന്നു. ഇത്തരം കുട്ടികള്‍ ചില വാക്കുകളും പ്രയോഗങ്ങളും ഉച്ചരിക്കാന്‍ പ്രയാസപ്പെടുന്നു. അതിനാവശ്യമായ നാവിന്റെ ചലനങ്ങള്‍ ശരിപ്പെടുന്നുന്നു. ശരീരഭാഷ ഉപയോഗിച്ചുളള ആവശ്യങ്ങള്‍ അറിയിക്കാനുളള വിദഗ്ധ പരിശീലനം നല്‍കുന്നു.


മനശ്ശാസ്ത്രജ്ഞന്‍

ബുദ്ധിയുടെ തോത് കണ്ടുപിടിച്ച് അതിനനുയോജ്യമായ കഴിവുകള്‍ പരിശീലിപ്പിക്കുന്നു. തുടക്കത്തിലേ പെരുമാറ്റ പ്രശ്‌നങ്ങള്‍ കണ്ടെത്തി അതിനുളള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസപരവും ബുദ്ധിപരവും സാമൂഹികപരമവുമായ ശേഷി വര്‍ധിപ്പിക്കാനാവശ്യമായ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്യുന്നു. വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ മതാപിതാക്കള്‍ക്ക് മനശ്ശാസ്ത്ര സേവനങ്ങളും ലഭ്യമാക്കുന്നു.

സവിശേഷ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍


സമഗ്ര പുരോഗതിയെ ലക്ഷ്യമാക്കിയുളള ബോധന പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക. വായന, എഴുത്ത, കണക്ക് കൂട്ടല്‍ എന്നിവയില്‍ പരിശീലനം നല്‍കുക, പഠനത്തിന് മുന്നോടിയായി കൈവരിക്കേണ്ട കഴിവുകള്‍ വളര്‍ത്തി പഠനത്തിന് സജ്ഞമാക്കുക.
മാനസികരോഗ വിദഗ്ധന്‍
പരിശോധനകള്‍ക്ക് ശേഷം വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ആവശ്യമാണെങ്കില്‍ മരുന്ന് നിര്‍ദ്ദേശിക്കുന്നു. അമിത വികൃതിയും ശ്രദ്ധക്കുറവും എടുത്തുചാട്ടവുമൊക്കെ കുറക്കാന്‍ സഹായിക്കും. മരുന്നുകള്‍ പെരുമാറ്റ പരിശീലനത്തിലൂടെ മാറ്റം വരാതിരിക്കുമ്പോള്‍ ഔഷധ ചികിത്സ നടത്താന്‍ നിര്‍ബന്ധിതരാകുന്നു.

കുട്ടിയും സാമൂഹിക ഉത്തരവാദിത്വവും


ഓട്ടിസത്തെ ഗൗരവതരമായ ഒരു ശിശു മാനസികാരോഗ്യ പ്രശ്‌നമായി തിരിച്ചറിഞ്ഞ് ഇത്തരം കുട്ടികള്‍ക്ക് പ്രത്യേകമായ സേവനവും പരിഗണനയും നല്‍കുന്നതിന് സമൂഹം മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഇത്തരം രോഗങ്ങള്‍ പാവപ്പെട്ട ജനവിഭാഗങ്ങളില്‍ വരുമ്പോള്‍ അവരുടെ സ്ഥിതി വളരെ മോശമാകും. ഒന്നുകില്‍ ചികിത്സയുടെ ഭാഗമായി നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരായി കൂടുതല്‍ പിന്നാക്കം പോകും. അല്ലെങ്കില്‍ യാതൊരുവിധ സേവനവും കൂടാതെ മന്ദബുദ്ധിയെന്നോ മാനസികരോഗിയെന്നോ മുദ്രകുത്തപ്പെടും. ജീവിതകാലം മുഴുവന്‍ വീട്ടില്‍ തന്നെ കഴിയേണ്ടിവരും. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്കായി മാതാപിതാക്കള്‍ സമയവും പണവും ചിലവഴിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ട് വരേണ്ടതാണ്.

കടപ്പാട് : ടി.പി ജവാദ് (ക്ലിനിക്കല്‍ സൈക്കോളജിസറ്റ് )

ഓട്ടിസം, അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഓട്ടിസം‘ എന്നത് സാധാരണ കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ്. മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും ചേര്‍ന്ന് സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തൊരവസ്ഥ. സ്വയം എന്നർഥമുള്ള ‘ആട്ടോസ്‘ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ‘ലിയോ കാനർ’ എന്ന മനോരോഗ വിദഗ്ദനാണ് 1943-ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.

ഓട്ടിസം കുട്ടിക്കാലം മുതലേ കാണാനാകുമെന്നതാണ് പൊതുധാരണ. സാധാരണ മൂന്നുവയസിനുള്ളില്‍ത്തന്നെ ഇത് തിരിച്ചറിയാനാകും. പക്ഷെ ആജീവനാന്തം നിലനില്‍ക്കുന്ന ഈ അസാധാരണാവസ്ഥ ജന്മനാല്‍ പ്രകടമാകാം; അല്ലെങ്കില്‍ 23 വയസ്സിനുള്ളില്‍ എപ്പോഴെങ്കിലുംമാത്രം പ്രകടമായെന്നുംവരാം.

ഓട്ടിസമുള്ള കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ട്. സാധാരണ കുട്ടികള്‍ സംസാരിക്കുന്നസമയത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ സംസാരിക്കില്ല. കുട്ടിക്ക് ഒരു വയസു കഴിഞ്ഞെങ്കിലും ഒരുവാക്കുപോലും സംസാരിക്കാതിരിക്കുന്നത് ഓട്ടിസം ലക്ഷണമാകാം. സാധാരണ ഒന്നര, രണ്ടു വയസുള്ള കുട്ടികള്‍ മറ്റുള്ളവരെ അനുകരിക്കുന്നതു പതിവാണ്. ഇതില്‍നിന്നും വ്യത്യസ്തമായി പരിസരവും ചുറ്റുപാടുകളുമായി യാതൊരുബന്ധവും കുട്ടിയുടെ പെരുമാറ്റത്തില്‍ കാണുന്നില്ലെങ്കില്‍ അത് ഓട്ടിസം ലക്ഷണവുമാകാം. ഓട്ടിസമുള്ള ചിലകുട്ടികള്‍ക്ക് കേള്‍വിക്ക് പ്രശ്‌നമുണ്ടാകും. ഇവര്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ താല്‍പര്യം കാണിക്കില്ല. ഇത്തരം കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങിയാലും ചിലപ്പോള്‍ ചോദ്യങ്ങളോടൊന്നും പ്രതികരിച്ചെന്നുവരില്ല. ചോദിക്കുന്നതുതന്നെ അവര്‍ തിരിച്ചുചോദിച്ചെന്നുംവരാം. ഓട്ടിസമുള്ള കുട്ടികള്‍ ചിലപ്പോള്‍ സംസാരിക്കുന്നത് പരസ്പരബന്ധമില്ലാതെയായിരിക്കും. പറയുന്നതിന് അര്‍ത്ഥമുണ്ടായില്ലെന്നുംവരും. പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുപറയുന്നതും ഓട്ടിസമുള്ള കുട്ടികളുടെ പ്രത്യേകതയാണ്.

പ്രധാനമായും ഓട്ടിസത്തിനുപിന്നിൽ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാര്‍ത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേതന്നെ കടുത്ത സംഗീതവാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പലമേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസികവ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓട്ടിസം എന്ന ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അന്നുമുതല്‍ക്കുതന്നെ അമേരിക്കയിലും ഇംഗ്ളണ്ടിലും മറ്റ് വികസിതരാജ്യങ്ങളിലും ഓട്ടിസം ഗൌരവപൂര്‍ണ്ണമായ ഗവേഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകമൊട്ടാകെ ലക്ഷോപലക്ഷം കുട്ടികള്‍ ഈ അവസ്ഥയ്ക്ക് കീഴടങ്ങിയതായി കാണുന്നു. ഇതില്‍ ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടേതിനേക്കാള്‍ വളരെയേറെ കൂടുതലാണ്.

ഓട്ടിസം ബാധിച്ച മിക്കകുട്ടികളും കാഴ്ചയ്ക്ക് വളരെ സാധാരണക്കാരായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേതന്നെ കടുത്ത സംഗീതവാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പലമേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. അസാമാന്യമായ ബുദ്ധിശക്തിയും ചിലകുട്ടികളിൽ കാണാറുണ്ട്. വിവിധവ്യക്തികളില്‍ പലനിലകളിലായിട്ടാണ് ഓട്ടിസം കാണപ്പെടുക. അത് സംസാരശേഷി ഒട്ടുമില്ലാത്തതും കടുത്ത പഠനവൈകല്യമുള്ളതുമായ അവസ്ഥമുതല്‍ സ്വന്തമായി വരുമാനമാര്‍ഗ്ഗം ആര്‍ജ്ജിക്കാനും കുടുംബം പുലര്‍ത്താനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (IQ) ഉള്ള അവസ്ഥവരെ കാണാം. ഓട്ടിസം ബാധിച്ച മിക്കവ്യക്തികളിലും പൊതുവായി കാണപ്പെടുന്നതാണ് സ്വഭാവവൈകല്യങ്ങള്‍. ഓട്ടിസം ബാധിച്ച ഒരുവ്യക്തിയെ സംബന്ധിച്ച് ചുറ്റുമുള്ള ലോകം ആശയക്കുഴപ്പം നിറഞ്ഞ ഒന്നാണ്; കാരണം, അവര്‍ ഒഴികെ മറ്റെല്ലാവരും ശരിയായ പെരുമാറ്റരീതികള്‍ അറിയുന്നവരാണ്. സമൂഹവുമായി ഒത്തിണങ്ങി പ്രവര്‍ത്തിക്കാന്‍ ഓട്ടിസം ബാധിച്ച ഒരുവ്യക്തിക്ക് വളരെയേറെ ബുദ്ധിമുട്ടാണ്. ശരിയായ സംസാരശേഷി ഇല്ലായ്മയും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് അവര്‍ക്ക് മുമ്പില്‍ വിഘ്നമാകുന്നു. കൂടാതെ ഓട്ടിസം ബാധിച്ച വ്യക്തികള്‍ പൊതുവേ സംവേദനശക്തി കൂടുതല്‍ ഉള്ളവരാണ്. കാഴ്ച, കേള്‍വി, മണം, രുചി എന്നിവയില്‍ എല്ലാത്തിലുമോ ചിലതിലോ അവര്‍ക്ക് അതിസംവേദനശക്തി ഉണ്ടാകാം. ഇത് അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉദാഹരണത്തിന്, ശ്രവണത്തില്‍ അതിസംവേദകത്വം ഉള്ള ഓട്ടിസം ബാധിച്ച ഒരു വ്യക്തി സാധാരണ നിലയ്ക്കുള്ള ശബ്ദങ്ങള്‍പോലും സഹിക്കാന്‍ അശക്തനായിരിക്കും. ഇരിക്കപ്പൊറുതിയില്ലായ്മ അല്ലെങ്കില്‍ നിഷ്ക്രിയത്വം ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതിനാല്‍ ഒരു പ്രവര്‍ത്തികളിലും അധികനേരം ശ്രദ്ധചെലുത്താന്‍ ഓട്ടിസം ബാധിച്ച ഒരുവ്യക്തിക്ക് കഴിയാതെവരുന്നു.

സ്വയം ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ മിക്കവരും. ഓട്ടിസം ബാധിതനായ കുട്ടി മറ്റുള്ള കുട്ടികളുമായി അധികം കൂട്ടുകൂടുകയോ കളിക്കുകയോ ചെയ്യാറില്ല. ദൈനംദിനരീതികളില്‍നിന്നും പരിചിതമായ സ്ഥലങ്ങളില്‍നിന്നുമുള്ള മാറ്റങ്ങള്‍ അവരെ വേഗത്തില്‍ അസ്വസ്ഥരാക്കും.

ഇന്ന് കുട്ടികളുടെ മാനസികവളര്‍ച്ചയില്‍ കാണപ്പെടുന്ന സര്‍വസാധാരണമായ ഒരു വൈകല്യമായി ഓട്ടിസം മാറിയിരിക്കുന്നു. കുറേ വര്‍ഷക്കാലം ഓട്ടിസം വളരെ അപൂര്‍വമായി കാണപ്പെടുന്ന ഒരു മാനസികവൈകല്യമായിരുന്നു; അതായത് 10,000-ല്‍ 5 എന്ന കണക്കിന്. 1990-കളില്‍ ഈ നിരക്ക്, ജനിക്കുന്ന 10,000 കുട്ടികളില്‍ 60 എന്ന നിലയിലേയ്ക്ക് കുത്തനെ ഉയര്‍ന്നു. ഇന്ന് അത് 110 കുട്ടികളില്‍ 1 ആയി മാറിയിരിക്കുന്നു. ഭാവിയില്‍ സമൂഹം നേരിടേണ്ടുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ഓട്ടിസം എന്നാണ് ഈ സൂചനകള്‍ നല്‍കുന്നത്.

മരുന്നുനല്‍കിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൌഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ. കുട്ടി കൂടുതല്‍സമയം ചെലവഴിക്കുന്ന ഇടങ്ങളെന്നനിലയ്ക്ക് വീട്ടിലും വിദ്യാലയത്തിലുംവേണം ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍. അതുകൊണ്ടുതന്നെ നല്ലമാറ്റങ്ങള്‍ കുട്ടിയില്‍ ഉണ്ടാക്കുന്നതില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക് വളരെ വലുതാണ്. പൊതുവിദ്യാലയങ്ങളില്‍ സാധാരണ കുട്ടികളോടൊപ്പം ചേര്‍ന്നുള്ള വിദ്യാഭ്യാസമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഗുണംചെയ്യുക. തികച്ചും ഉള്‍വലിയുന്ന സ്വഭാവക്കാരായതിനാല്‍ സാധാരണ ക്ളാസ്മുറിയില്‍ തുടക്കത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍, മറ്റുകുട്ടികളുമായി ഇടപെടുന്നതിലൂടെ ഇവരുടെ സാമൂഹീകരണവും ആശയവിനിമയശേഷിയും വളരെവേഗം മെച്ചപ്പെടും. സാധാരണകുട്ടികളെപ്പോലെ ഭാരിച്ച പഠന ഉദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. പഠനവേഗവും പഠനനേട്ടങ്ങളും ആരംഭത്തില്‍ കുറവായിരിക്കാം. പഠനപ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ആസൂത്രണംചെയ്ത് ഇവര്‍ക്ക് പ്രത്യേകമായി നല്‍കണം. രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇവര്‍ക്ക് ആവശ്യമാണ്. മറ്റുള്ളവരില്‍നിന്നുണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പൂര്‍ണമായ ഉള്‍വലിയലിലേക്കായിരിക്കും ഇത്തരം കുട്ടികളെ നയിക്കുക. ക്ളാസില്‍, സംഘപഠനത്തിന് പൊതുവെ ഇവര്‍ ഇണങ്ങണമെന്നില്ല. ഇവരുടെ സാമൂഹീകരണം, ആശയവിനിമയ ശേഷിവികസനം, പെരുമാറ്റനവീകരണം എന്നിവയ്ക്കാണ് രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം.

ഓട്ടിസം ഒരു മാനസികപ്രശ്നമായി അംഗീകരിച്ച് അതുള്ളവരെ പി.ഡബ്ള്യു.ഡി ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടിസക്കാരായ കുട്ടികളുടെ വിദ്യാലയപ്രവേശനത്തിന് നിയമപരമായ പിന്തുണയുണ്ട്. വിവിധതരം അലവന്‍സുകളും സ്കോളര്‍ഷിപ്പുകളും പൊതുവിദ്യാലയങ്ങളിലും അംഗീകൃത സ്കൂളുകളിലും പഠിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിനും ഓട്ടിസം ബാധിച്ചകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്.

ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ മൂക്കിനുള്ളില്‍ സ്‌പ്രേ ചെയ്താല്‍ തലചേ്ചാറിന്‍റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുമെന്നു യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. തലച്ചോറില്‍ സ്വാഭാവികമായിതന്നെ ഉല്‍പാദിപ്പിക്കപ്പെടുകയും ശരീരമാകെ ലഭ്യമാവുകയും ചെയ്യുന്ന ഹോര്‍മോണ്‍ ആണ് ഓക്സിടോസിന്‍. ഈ ശാസ്ത്രകണ്ടുപിടുത്തം ലക്ഷക്കണക്കിന്‌ പേര്‍ക്ക് ഗുണകരമാകും എന്ന് പ്രത്യാശിക്കാം

ഓട്ടിസം കേരളത്തില്‍ വര്‍ദ്ധിക്കുന്നു

 

ലോകത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളില്‍ ഒന്നായി ഓട്ടിസം മാറിയിരിക്കുന്നു. ശരാശരി കണക്കില്‍ ഒട്ടും പിന്നിലല്ലാതെ കേരളത്തിലും ഓട്ടിസം ഭീമാകാരമായി വര്‍ദ്ധിക്കുകയാണ്‌.

ഓട്ടിസം എന്ന രോഗത്തെപ്പറ്റി കുറേനാള്‍ മുന്‍പ്‌വരെ ഏറെക്കുറെ മലയാളികളും അജ്‌ഞരായിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍സിംഗറില്‍ സുകേഷ്‌കുട്ടന്‍ എന്ന ഓട്ടിസം ബാധിച്ച മത്സരാര്‍ത്ഥി പങ്കെടുത്തപ്പോഴാണ്‌ പലരും ഇങ്ങനെയും ഒരു രോഗം ഉണ്ടെന്ന്‌ തിരിച്ചറിയുന്നതുപോലും.

എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ കേരളത്തെ സംബന്ധിച്ച്‌ ആശങ്കാജനകമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ്‌ കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

പ്രത്യേക പരിചരണത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളെ ഒരു പരിധിവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം. ഇല്ലെങ്കില്‍ സമൂഹത്തില്‍ വളരെയധികം ഒറ്റപ്പെട്ടുപോകുന്ന രീതിയിലേക്ക്‌ ആ കുട്ടികള്‍ മാറും.

അങ്ങനെയുള്ള കുട്ടികളുടെ അച്‌ഛനമ്മമാര്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍, പിന്നീട്‌ ആരും നോക്കാനില്ലാതെ പ്രത്യേക ഒരു മാനസികാവസ്‌ഥയിലേക്ക്‌ ആയിരിക്കും ആ കുട്ടികള്‍ എത്തിച്ചേരുന്നത്‌.

ഈ സ്‌ഥിതി മുന്നില്‍ കണ്ടുകൊണ്ട്‌ സാമുഹികക്ഷേമവകുപ്പ്‌ ഇത്തരം കുട്ടികള്‍ക്കായി ഒരുപാട്‌ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുവരുന്നുണ്ട്‌. പക്ഷേ അതിനെപ്പറ്റിയുള്ള അറിവില്ലായ്‌മ കാരണം ഇപ്പോഴു ംഓട്ടിസം ബാധിച്ച പല കുട്ടികളും വീട്ടിലെ അടച്ചിട്ട മുറിയില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌.

കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തിലാണ്‌ ഓട്ടിസം പ്രകടമാവുന്നത്‌. എന്നാല്‍ അപൂര്‍വ്വം കുട്ടികളില്‍ ഗര്‍ഭാവസ്‌ഥയില്‍ തന്നെ രോഗം ബാധിക്കാറുണ്ട്‌.

ഒന്നരവയസ്സിനുശേഷം രോഗം പ്രകടമാകുന്നതാണ്‌ കൂടുതല്‍ കുട്ടികളിലും കണ്ടുവരുന്നത്‌. പെരുമാറ്റം, ചുറ്റുപാടുമായുള്ള ഇടപഴകല്‍, സംസാരം ഇവയിലുള്ള മാറ്റമാണ്‌ രോഗലക്ഷണം, വികാസവൈകല്യ രോഗമാണ്‌ ഓട്ടിസം.

രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും കുട്ടികളില്‍ വ്യത്യസ്‌ത ഭാവത്തിലും സ്വഭാവത്തിലുമായിരിക്കും പ്രകടമാകുന്നത്‌. ഇത്തരം കുട്ടികളില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളെല്ലാം സാധാരണരീതിയിലായിരിക്കുകയും പെട്ടെന്ന്‌ സ്വഭാവവൈകല്യം പ്രകടമാകുകയും ചെയ്യുന്നു.

ഓട്ടിസം കുട്ടികളുടെ വളര്‍ച്ചാഘട്ടത്തില്‍ പ്രകടമാകുന്ന രോഗമായതിനാല്‍ ശാരീരികവളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അമിതവളര്‍ച്ചയോ വളര്‍ച്ചക്കുറവോ കാണുന്നതിനുള്ള സാധ്യതയുണ്ട്‌.

പഠനവൈകല്യത്തിനുള്ള കാരണങ്ങളില്‍ ഓട്ടിസവും ഉള്‍പ്പെടുന്നു. ലക്ഷണങ്ങളിലൂടെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു രോഗമാണ്‌ ഓട്ടിസം

കാരണങ്ങള്‍

ഓട്ടിസം എന്തുകൊണ്ട്‌ എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിന്‌ വ്യക്‌തമായ ഉത്തരം നല്‍കാന്‍ ലോകത്തിലെ ഒരു വൈദ്യശാസ്‌ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത്‌ മാതാവ്‌ കഴിക്കുന്ന ചിലയിനം മരുന്നുകള്‍, ആഹാരവസ്‌തുക്കള്‍, മെര്‍ക്കുറിയുടെ അംശം എന്നിവ ഓട്ടിസത്തിന്‌ കാരണമാകുന്നുണ്ടെന്ന്‌ ചില പഠനങ്ങള്‍ വ്യക്‌തമാക്കുന്നുണ്ട്‌.

കടല്‍ വിഭവങ്ങളില്‍ നിന്നാണ്‌ പ്രധാനമായും മെര്‍ക്കുറിയുടെ അംശം ശരീരത്തില്‍ കലരുന്നത്‌. മരുന്നുകളില്‍ ആന്റി ബയോട്ടിക്ക്‌ ഔഷധങ്ങളുടെ ശരിയല്ലാത്ത ഉപയോഗമാണ്‌ ഓട്ടിസത്തിന്‌ കാരണമാകുന്നത്‌.

അപസ്‌മാരം, ഉറക്കത്തകരാറുകള്‍, ബലമില്ലാത്ത പേശികള്‍, മാനസികവളര്‍ച്ചക്കുറവ്‌ എന്നിവയും കുഞ്ഞുങ്ങളില്‍ ഓട്ടിസത്തിന്റെ തുടര്‍ച്ചയാകാറുണ്ട്‌. എന്നാല്‍ ഈ ലക്ഷണങ്ങളെ ഇല്ലാതാക്കാനുള്ള ഔഷധങ്ങള്‍ പൂര്‍ണ്ണഫലപ്രദമല്ല.

കുട്ടികള്‍ ഇല്ലാത്തവര്‍ അതിനുവേണ്ടി ചെയ്യുന്ന ഹോര്‍മോണ്‍ ചികിത്സകളും ജനിക്കുന്ന കുഞ്ഞിനെ ഓട്ടിസത്തിലേക്ക്‌ നയിക്കാന്‍ കാരണമാകുന്നുണ്ട്‌

ഓട്ടിസം ജീവിതത്തിന്റെ അവസാനമല്ല , കരുതലും ശ്രദ്ധയും കൈമുതലാക്കിയാൽ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്താം ഈ കുരുന്നുകളെ

ജനിച്ചനാൾ മുതൽ കുട്ടികളിലെ സ്വഭാവ സവിശേഷതകൾ ശ്രദ്ധിച്ചാൽ ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് വേഗം മനസിലാക്കാൻ സാധിക്കും. ചിലകുട്ടികളിൽ 15 മുതൽ 18 മാസം വരെ ഒരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളർച്ചയുടെ ഓരോരോ ഘട്ടത്തിലും തടസ്സങ്ങൾ നേരിടും

ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം ജനിച്ച ഒരു കുട്ടി അത് മകനോ മകളോ ആകട്ടെ, ആ കുഞ്ഞ് ഓട്ടിസ്റ്റിക്ക് ആണ് എന്നറിയുമ്പോൾ ഉള്ള അവസ്ഥ, കുഞ്ഞുങ്ങൾ ഉള്ള  ഏതൊരു മാതാപിതാക്കൾക്കും ആലോചിക്കാൻ പോലും ആകില്ല അങ്ങനെ ഒരവസ്ഥ. പക്ഷേ, തീർച്ചയായും ഈ അവസ്ഥയെ മറികടന്നല്ലേ പറ്റൂ. എന്നാൽ ധൈര്യത്തോടെ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുമായി മുന്നോട്ട് പോകുന്ന ജനങ്ങൾ വളരെ കുറവാണ്. സമൂഹത്തിൽ നിന്നും ഉൾവലിയുന്ന മാതാപിതാക്കൾ കുട്ടികളെ വീട്ടിനുള്ളിൽ തളച്ചിടുന്നു. കുറച്ചു കൂടി മികച്ച രീതിയിൽ ചിന്തിക്കുന്ന മാതാപിതാക്കൾ ആകട്ടെ കുട്ടികളെ സ്പെഷ്യൽ സ്കൂളുകളിൽ വിടുന്നു. അവിടെ അവസാനിക്കുന്നു , ഓട്ടിസത്തിന് എതിരായ നമ്മുടെ പോരാട്ടം. കാരണം, നല്ലൊരു ശതമാനം മാതാപിതാക്കളെ സംബന്ധിച്ചും ഓട്ടിസം ബാധിച്ച മാതാപിതാക്കൾ ജനിക്കുകയെന്നാൽ അത് ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളുടെ അവസാനമാണ്. ഓട്ടിസം ഒരു മഹാവിപത്ത് ആയതിനാലല്ല മറിച്ച് ഓട്ടിസത്തെ കുറിച്ച് വ്യക്തമായ അറിവില്ലത്തതിനാലാണ്.

ഓട്ടിസം എന്തെന്നും, എങ്ങനെ ഇത് മാറി കടക്കാമെന്നും അറിഞ്ഞാൽ ഗർഭകാലത്ത് തന്നെ കുഞ്ഞിനു ഓട്ടിസ ബാധ ഏൽക്കാതിരിക്കാനുള്ള  ശരിയായ തയ്യാറെടുപ്പുകൾ നടത്താവുന്നതാണ്. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അറിയാം ...

എന്താണ് ഓട്ടിസം?

ബാഹ്യ ചിന്തകൾ കൂടാതെ ഒരു കുട്ടി  അവന്‍േറതായ ലോകത്ത് വിഹരിക്കുന്ന ഒരുതരം അവസ്ഥയാണ് ‘ഓട്ടിസം’. കുട്ടികളിലെ ബുദ്ധിപരമായ വികാസക്കുറവാണ് ഇതിനു കാരണം. ഓട്ടിസം സംബന്ധിച്ച  പഠനങ്ങൾ പ്രകാരം 1000 കുട്ടികൾ ജനിക്കുന്നതിൽ രണ്ടു പേർ ഓട്ടിസം ബാധിച്ചവരാണ്.ചില സവിശേഷമായ പ്രത്യേകതകള്‍ ഓട്ടിസത്തെ ഒരു മാനസികവൈകല്യത്തെക്കാൾ  ഒരു മാനസികാവസ്ഥയായിട്ടാണ് കാണുന്നത്. വിവിധ വ്യക്തികളില്‍ പല നിലക്കാണ് ഓട്ടിസം കാണപ്പെടുക. എന്നാൽ, ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്.ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കാൻ പറ്റിയാൽ തരണം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഓട്ടിസം. പഠനവൈകല്യമുള്ളതും സംസാരശേഷി വളരെ കുറഞ്ഞതുമായ അവസ്ഥ മുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജിക്കാനും സാധിക്കുന്ന വിധത്തില്‍ ഐ ക്യു ഉള്ള അവസ്ഥവരെ ഓട്ടിസത്തില്‍ കാണാം.

എന്ത് കൊണ്ട് ഓട്ടിസം?

ഓട്ടിസത്തിനു  പിന്നിൽ ഒട്ടനവധി കാരണങ്ങൾ ഉണ്ട്. ഗർഭകാലത്ത് അമ്മ കഴിക്കുന്ന  ചിലയിനം ഔധങ്ങള്‍, മെര്‍ക്കുറി പോലുള്ള ലോഹങ്ങള്‍, ചില വാക്സിനുകള്‍, ചില ആഹാരവസ്തുക്കള്‍ എന്നിവ ഓട്ടിസത്തിനു കാരണമായേക്കുമെന്ന്
ഒരു പഠനം പറയുന്നു. മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്‍െറ ദ്വാരം അടക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.സ്രാവ്, കൊമ്പൻ സ്രാവ്, അയക്കൂറ, തുടങ്ങിയ കടല മത്സ്യങ്ങളിൽ മെർക്കുറി കൂടുതലായി അടങ്ങിയിരിക്കുന്നു . അത് പോലെ തന്നെ ഇരുമ്പിന്റെ അപര്യാപ്തത ,  പുകവലിക്കുന്ന അമ്മമാര്‍ എന്നിവയും ഒട്ടിസത്തിനുള്ള കാരണങ്ങളായി ചൂണ്ടികാട്ടപ്പെടുന്നു. അത് പോലെ തന്നെ, വ്യാവസായിക മാലിന്യങ്ങൾ നിറഞ്ഞ അന്തരീക്ഷം, മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവക്ക് എതിരെ നല്‍കുന്ന എം.എം.ആര്‍ വാക്സിന്‍ എന്നിവയും ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. വ്യക്തിയുടെ ജനിതകഘടനയും  ഓട്ടിസത്തിനനുകൂലമായി ഒരു കാരണമാണ്.

ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ

ജനിച്ചനാൾ മുതൽ കുട്ടികളിലെ സ്വഭാവ സവിശേഷതകൾ ശ്രദ്ധിച്ചാൽ ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് വേഗം മനസിലാക്കാൻ സാധിക്കും. ചിലകുട്ടികളിൽ  15 മുതൽ 18 മാസം വരെ ഒരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളർച്ചയുടെ ഓരോരോ ഘട്ടത്തിലും തടസ്സങ്ങൾ നേരിടും. അടുത്ത ബന്ധുക്കളോട് പോലും പരിജയക്കുറവ്, സ്വന്തമായി ഒന്നും ചെയ്യാതിരിക്കുക, പേടിയോ ഉത്കണ്ഠയോ ഇല്ലാത്ത അവസ്ഥ. മറ്റു കുട്ടികളോട് കൂട്ട് കൂടാതെ ഇരിക്കുക. സംസാര വൈകല്യം, കളിയ്ക്കാൻ താല്പര്യക്കുറവ്,കളിപ്പാട്ടങ്ങൾ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക പ്രത്യേകതരം ശബ്ദങ്ങൾ ഉണ്ടാക്കുക  ,അലക്ഷ്യമായി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ ഏറെ സമയം നോക്കിനില്‍ക്കുക,ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക. എന്നീ കാര്യങ്ങളോടാണ് ഇവർക്ക് ഇഷ്ടം  തുടങ്ങിയ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ അപൂർവം ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട്.

ചികിത്സ എങ്ങനെ ?

നേരത്തെ പറഞ്ഞ പോലെ, കൃത്യമായി കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ പൂർണ്ണമായും ഭേതമാക്കാൻ കഴിയുന്ന ഒന്നാണ് ഓട്ടിസം. എത്ര നേരത്തെ ഓട്ടിസം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. തുടര്‍ചികിത്സയും പരിചരണവും ഏറെ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ് ഓട്ടിസം.  മാതാപിതാക്കളുടെ സ്നേഹം, ലാളന എന്നിവയും ഓട്ടിസം ഭേതമാകാൻ ഏറെ അനിവാര്യമാണ്. ആയുർവേദ ചികിത്സയും ഒട്ടിസത്തിനു മികച്ച രീതിയിലുള്ള പിൻബലം നൽകുന്നതായി കാണുന്നു.  സ്നേഹപാനം, ശിരോപിച്ചു, മൃദുസ്നേഹശോധനം, വസ്തി, നസ്യം, അഞ്ജനം തുടങ്ങിയ ചികിത്സകള്‍ ഇതിനായി ആയുർവ്വേദം കൽപ്പിക്കുന്നു. ഒട്ടിസത്തിന് ഹോമിയോപ്പതിയിലും ഇന്ന് മികച്ച ചികിത്സ ലഭ്യമാണ്. എന്നാൽ നേരത്തെ തിരിച്ചറിയുക എന്നതാണ് ഇവിടെയും പ്രധാനം.

ഓട്ടിസം ബാധിച്ച പ്രമുഖർ

ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്‍, കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു

ഓട്ടിസം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍....

മറ്റു കുട്ടികളുടെ കൂടെ കളിക്കാതെ, കൂട്ടുകൂടാതെ, എപ്പോഴും തനിച്ചിരുന്ന് അവന്റെ കളിപ്പാട്ടങ്ങള്‍ മാത്രം അടുക്കിപെറുക്കിവെച്ച്പരിസരവുമായി ബന്ധമില്ലാതെ കുട്ടി അവന്‍േറതായ ലോകത്ത് വിഹരിക്കുന്ന ഒരുതരം അവസ്ഥയാണ് ഓട്ടിസം . ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. വിവിധ വ്യക്തികളില്‍ പല നിലക്കാണ് ഓട്ടിസം കാണപ്പെടുക.

ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്.

ഓട്ടിസമുള്ള കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ട്. സാധാരണ കുട്ടികള്‍ സംസാരിക്കുന്നസമയത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ സംസാരിക്കില്ല. കുട്ടിക്ക് ഒരു വയസു കഴിഞ്ഞെങ്കിലും ഒരുവാക്കുപോലും സംസാരിക്കാതിരിക്കുന്നത് ഓട്ടിസം ലക്ഷണമാകാം. 
ഓട്ടിസമുള്ള ചിലകുട്ടികള്‍ക്ക് കേള്‍വിക്ക് പ്രശ്‌നമുണ്ടാകും. ഇവര്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ താല്‍പര്യം കാണിക്കില്ല.

ഓട്ടിസമുള്ള കുട്ടികള്‍ ചിലപ്പോള്‍ സംസാരിക്കുന്നത് പരസ്പരബന്ധമില്ലാതെയായിരിക്കും. പറയുന്നതിന് അര്‍ത്ഥമുണ്ടായില്ലെന്നുംവരും. പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുപറയുന്നതും ഓട്ടിസമുള്ള കുട്ടികളുടെ പ്രത്യേകതയാണ്.ഗര്‍ഭകാലത്ത് മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ ദ്വാരം അടക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു.പുകവലിക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു

ഓട്ടിസവും ഭക്ഷണശീലവും

എന്താണ് ഓട്ടിസം?
ഓട്ടിസം ഒരു ന്യൂറോ ഡെവലപ്മെന്റല്‍ രോഗമാണ്. കുട്ടിയുടെ മസ്തിഷ്കത്തിന്റെ സ്വഭാവിക വളര്‍ച്ചയിലും വികാസത്തിലും സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ഓട്ടിസത്തിലേക്കു നയിക്കുന്നത്. ടൈഫോയ്ഡോ മലേറിയയോപോലെ വ്യക്തമായി  നിര്‍വചിക്കപ്പെട്ട ഒരു രോഗാവസ്ഥയല്ല ഓട്ടിസത്തിന്റേത്. മറിച്ച് സമാനമായ രോഗലക്ഷണങ്ങളുള്ള ഒരുകൂട്ടം രോഗാവസ്ഥകളെ പൊതുവായി വിളിക്കുന്ന പേരാണ് ഓട്ടിസം അല്ലെങ്കില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍. അതിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയൊക്കെ.

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍
(1) സാമൂഹ്യമായ ഇടപെടലുകളിലും മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളിലുമുള്ള വിമുഖത.
ആശയവിനിമയ പ്രക്രിയയില്‍ ഉണ്ടാവുന്ന ചില സ്വാഭാവികരീതികള്‍- കണ്ണുകളില്‍ നോക്കി സംസാരിക്കുക. മുഖഭാവവും ശരീരഭാഷയും ആശയവിനിമയ പ്രക്രിയക്ക് അനുസരണമായി ക്രമപ്പെടുത്തുക തുടങ്ങിയവ- ഇല്ലാതിരിക്കുക. സമപ്രായക്കാരുമായി സൌഹൃദം സ്ഥാപിക്കുന്നതിലുള്ള ശേഷിക്കുറവ്. സ്വന്തം താല്‍പ്പര്യങ്ങളും വിനോദങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള വിമുഖത. മറ്റുള്ളവരുടെ കാഴ്ചപ്പാടും വികാരങ്ങളും മനസ്സിലാക്കാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവില്ലായ്മ.
(2) ഭാഷയിലൂടെ ആശയവിനിമയം നടത്താനുള്ള പ്രയാസം. സംസാരിക്കാന്‍തുടങ്ങാന്‍ വൈകുക, സംസാരശേഷി തീരെ വികസിക്കാതിരിക്കുക. സംസാരം ആരംഭിക്കാനും തുടരാനുമുള്ള പ്രയാസം. ചില പ്രത്യേക വാക്കോ, വാക്കുകളോ സന്ദര്‍ഭത്തിനു നിരക്കാത്ത രീതിയില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.
(3) ആവര്‍ത്തനസ്വഭാവമുള്ളതും പരിമിതവുമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കുക. ചിന്തകളും ശീലങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാക്കാനുള്ള തീവ്രമായ വിമുഖത. കൈകളോ ശരീരഭാഗങ്ങളോ ഒരു പ്രത്യേക രീതിയില്‍ നിരന്തരം ആവര്‍ത്തിച്ച് ചലിപ്പിച്ചുകൊണ്ടിരിക്കുക.

ഓട്ടിസവും ദഹനവ്യവസ്ഥയും
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണതോതില്‍നിന്ന് ഉയര്‍ന്നിരിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. മലബന്ധം, വയറിളക്കം, ആമാശയത്തിലെ പ്രശ്നങ്ങള്‍, ആസിഡ് റിഫ്ളക്സ് തുടങ്ങിയവ ഇതില്‍പ്പെടും. കൂടാതെ ചില സ്വഭാവപ്രശ്നങ്ങളെ മൂര്‍ച്ഛിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ കാരണമാകും. ഉറക്കത്തിന്റെ താളംതെറ്റല്‍, വര്‍ധിച്ചതോതിലുള്ള ദേഷ്യവും അക്രമസ്വഭാവവും തുടങ്ങിയവ പലപ്പോഴും ദഹനപ്രശ്നങ്ങളോടുള്ള പ്രതികരണമായി കണ്ടുവരാറുണ്ട്.

ഭക്ഷണശീലങ്ങളും മാനസിക പ്രശ്നങ്ങളും
മാനസികപ്രശ്നങ്ങളുമായി ഭക്ഷണശീലങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന അന്വേഷണം മനോരോഗശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ര പുതിയതല്ല. പക്ഷേ, ഓട്ടിസവുമായി ബന്ധപ്പെട്ട് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത് കാള്‍ റെയ്ച്ചെല്‍റ്റ് എന്ന ശിശുരോഗ വിദഗ്ധനാണ്. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ആഹാരരീതിയും ഓട്ടിസവുമായുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നത്.  ഭക്ഷണരീതിക്ക് ഇത്തരം രോഗങ്ങളുടെ ഗതിയെ സ്വാധീനിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്രവിദഗ്ധര്‍ ആദ്യഘട്ടത്തില്‍ വളരെ സംശയാലുക്കളായിരുന്നു. രോഗികളായ കുട്ടികളുടെ മാതാപിതാക്കളാണ് സ്വാഭാവികമായും ആഹാരശീലങ്ങള്‍ക്ക് രോഗഗതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യകാല നിരീക്ഷണങ്ങള്‍  വികസിപ്പിച്ചെടുത്തത്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറിന് ചികിത്സയെടുക്കുന്ന കുട്ടികളില്‍ കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും (പ്രത്യേകിച്ച് സോഡിയം ബെന്‍സോറ്റ്) നിയന്ത്രിക്കുന്നത് രോഗശമനം എളുപ്പമാക്കുന്നതായി കണ്ടെത്തിയത് ഈ ദിശയിലുള്ള അന്വേഷണങ്ങളെ കൂടുതല്‍ ഗൌരവത്തോടെ വീക്ഷിക്കാന്‍ ജനങ്ങളെയും വിദഗ്ധരെയും നിര്‍ബന്ധിതരാക്കി.

ആഹാര-ദഹന പ്രശ്നങ്ങള്‍
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ പൊതുവായ സ്വഭാവസവിശേഷതകള്‍ അവരുടെ ഭക്ഷണശീലങ്ങളെയും സ്വാധീനിക്കും.
(1)     ഭക്ഷണരീതിയിലെ വൈവിധ്യം ഇഷ്ടപ്പെടാത്തവരാണ് ഇത്തരം കുട്ടികള്‍. കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തില്‍ ഏകതാനമായ ഒരു പാറ്റേണ്‍ നിലനിര്‍ത്താനാണ് അവര്‍ക്കാഗ്രഹം. നിലവില്‍ അവര്‍ സ്വീകരിച്ചുപോരുന്ന ഭക്ഷണരീതിയില്‍നിന്നുള്ള ഏതൊരു മാറ്റത്തെയും അവര്‍ ശക്തമായിത്തന്നെ ചെറുക്കാനിടയുണ്ട്. ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകാംശങ്ങളും ആവശ്യത്തിന് ഉള്ളില്‍ ചെല്ലണമെങ്കില്‍ വിവിധതരത്തിലുള്ള ആഹാരം കഴിക്കേണ്ടത് അത്യാവശ്യം.  മറിച്ചുള്ള അവസ്ഥ പോഷകാഹാരക്കുറവിനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. മാത്രമല്ല, ഓട്ടിസവുമായി ബന്ധപ്പെട്ട സ്വഭാവപ്രശ്നങ്ങള്‍ കൂടാനും അത് കാരണമാകും.
(2)     ഇത്തരം കുട്ടികളില്‍ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സംഗതികള്‍ പലപ്പോഴും സാധാരണയില്‍ വ്യത്യസ്തമാണ്. പലപ്പോഴും ഒരു ആഹാരപദാര്‍ഥത്തിന്റെ നിറമോ, തരമോ, ബ്രാന്‍ഡോ അതുമല്ലെങ്കില്‍ അതിന്റെ പാക്കേജിങ്ങോ ആകും കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനം.  അത്തരം കാര്യങ്ങളിലുള്ള ഒരു ചെറിയ മാറ്റംപോലും അവര്‍ ഇഷ്ടപ്പെടുകയില്ലതാനും.
(3)     ആഹാരം കഴിക്കുമ്പോള്‍പ്പോലും ഇവര്‍ ചില പ്രത്യേക കാര്യങ്ങളില്‍ നിര്‍ബന്ധശീലം കാണിക്കും.  ആഹാരം വിളമ്പുന്നപാത്രങ്ങള്‍, കപ്പുകള്‍, ഗ്ളാസുകള്‍ തുടങ്ങിയവ എല്ലായ്പ്പോഴും ഒരുപോലെ വേണമെന്ന നിര്‍ബന്ധം ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. പ്ളേറ്റില്‍ ഭക്ഷണം വിളമ്പുന്ന രീതിപോലും ഒരു കൃത്യമായ പാറ്റേണിലാകണം എന്ന് നിര്‍ബന്ധംപിടിക്കുന്ന കുട്ടികളുമുണ്ട്.
(4)     ചില കുട്ടികള്‍ ഭക്ഷണം കൈകൊണ്ട് തൊടാന്‍ വിസമ്മതിക്കുകയും സ്പൂണോ മറ്റോ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്യും.
(5)    കൈകളുടെയും വായയുടെയും നാവിന്റെയും പേശികളുടെ ബലക്കുറവും അവയുടെ സംയോജിതമായ പ്രവര്‍ത്തനത്തിന്റെ പോരായ്മകളും (ങീീൃ ഇീീൃറശിമശീിേ ഉലളശരശ) ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചവയ്ക്കാനുള്ള പ്രയാസവും ഭക്ഷണം മുറിച്ചും കഷണങ്ങളാക്കിയും കഴിക്കാനുള്ള പ്രയാസവും കണ്ടുവരാറുണ്ട്.
(10)    വയറുവേദന, ആസിഡ് റിഫ്ളക്സ്, ഗാസ്ട്രൈറ്റിസ്, മെഗാകോള, മലബന്ധം, ഡയേറിയ തുടങ്ങിയവ ഇത്തരം ആളുകളില്‍ കൂടുതലായി കാണാറുണ്ട്.

എന്താണ് ചെയ്യേണ്ടത്?

ഓട്ടിസം ചികിത്സയുടെ ഒരു സവിശേഷത എല്ലാവര്‍ക്കും എപ്പോഴും ഇണങ്ങിയ ഒരു പൊതുചികിത്സാപദ്ധതി ലഭ്യമല്ല എന്നതാണ്. ഒരു രോഗിയുടെ കാര്യത്തില്‍ വളരെ നല്ല മാറ്റങ്ങളുണ്ടാക്കിയ ഒരു ചികിത്സാരീതി മറ്റൊരു രോഗിയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നുവരും. രോഗത്തിന്റെ സവിശേഷ സ്വഭാവവും രോഗലക്ഷണങ്ങളില്‍ രോഗികള്‍ തമ്മിലുള്ള വ്യത്യാസങ്ങളുമാണ് ഇതിനു കാരണം. 
(1)    രോഗിയെ വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ആദ്യപടി.  രോഗിയുടെ ആഹാരശീലങ്ങളുടെ വിശദമായ വിവരങ്ങളും (ഉശല ഒശീൃ്യ) ശേഖരിക്കണം. ഭാരം, ഉയരം, ബിഎംഐ, പോഷകക്കുറവിന്റെ ശാരീരിക ലക്ഷണങ്ങള്‍ എന്നിവ രേഖപ്പെടുത്തണം.
(2)    ഭാരക്കുറവോ ഉയരക്കുറവോ അമിതഭാരമോ ഉണ്ടെങ്കില്‍ അതിന് വിദഗ്ധചികിത്സ വേണ്ടിവരും.
(3)    പോഷകാഹാരക്കുറവുണ്ടെങ്കില്‍ അതതു പോഷകങ്ങളെ ഉള്ളിലെത്തിക്കാനുള്ള ചികിത്സകള്‍ നടത്തേണ്ടിവരും.
(4)    ഇത്തരം കുട്ടികളില്‍ പലപ്പോഴും രുചിയുടെ പ്രശ്നങ്ങള്‍ കാണാറുണ്ട്.  ഭക്ഷണത്തോടുള്ള വൈമുഖ്യത്തിന്റെ ഒരു കാരണം അതാകും. അത്തരം കുട്ടികളില്‍ സിങ്ക് അടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് അഭികാമ്യമാകും.
(5)    ശബ്ദത്തോട് രൂക്ഷമായി പ്രതികരിക്കുന്ന ചില കുട്ടികളില്‍ കാത്സ്യത്തിന്റെ അളവില്‍ വ്യത്യാസം കാണാറുണ്ട്.
(6)    ഹൈപ്പര്‍ ആക്ടിവിറ്റിയും അമിതമായ വികൃതിയും കാണിക്കുന്ന കുട്ടികളില്‍ സിങ്കും മഗ്നീഷ്യവും മരുന്നുകളുടെ രൂപത്തില്‍ ലഭ്യമാക്കുന്നത് ഈ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ചില സന്ദര്‍ഭങ്ങളില്‍ സഹായകരമായേക്കും.
സവിശേഷമായ ആഹാരപദ്ധതി
ഓട്ടിസവുമായി ബന്ധപ്പെട്ട് നിരവധി ആഹാരപദ്ധതികള്‍ ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. ഇത്തരം പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയമായ തെളിവുകള്‍ പക്ഷേ ഇപ്പോഴും പരിമിതമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കര്‍ശനമായ നിലവാരമാനദണ്ഡങ്ങളെയും വൈദ്യശാസ്ത്ര ഗവേഷണങ്ങളില്‍ സ്വീകരിക്കേണ്ട ഉയര്‍ന്ന തലത്തിലുള്ള നൈതിക പരിഗണനകളെയും സമന്വയിപ്പിച്ച് പഠനം നടത്താനുള്ള ചില പരിമിതികളാണ് ഈ പ്രത്യേക വിഷയത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു ചികിത്സാപദ്ധതി വികസിപ്പിച്ചെടുക്കാനും വിലയിരുത്താനുമുള്ള കാലതാമസത്തിനു കാരണം. പക്ഷേ, ഓട്ടിസം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2008ല്‍ പുറത്തുവിട്ട ഒരു കണക്കനുസരിച്ച് നിയന്ത്രിതമായ ആഹാരപദ്ധതികള്‍ കുട്ടികളില്‍ അഭികാമ്യമായ മാറ്റങ്ങളുണ്ടാക്കിയതായി കാണാവുന്നതാണ്. ഒരു പ്രത്യേക ആഹാരപദ്ധതി എല്ലാവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകില്ല എന്ന കാര്യം നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ലഭ്യമായ നിയന്ത്രിത ആഹാരപദ്ധതികളില്‍ ഏറ്റവുമധികം പഠനം നടന്നത് ജിഎഫ്-സിഎഫ് ഡയറ്റ് (ഏഎഇഎ ഉശല) എന്ന ആഹാര സമ്പ്രദായത്തിലാണ്.

എന്താണ് ജിഎഫ്-സിഎഫ് ഡയറ്റ്
ഗ്ളൂട്ടീന്‍ ഫ്രീ-കസീന്‍ ഫ്രീ ഡയറ്റ് എന്നതിന്റെ ചുരുക്കപ്പേരാണിത്.  ഗ്ളൂട്ടനും കസീനും ആഹാരത്തിലടങ്ങിയ രണ്ടു പ്രോട്ടീനുകളാണ്. ഗ്ളൂട്ടന്‍ എന്നത് ഗോതമ്പ്, ബാര്‍ലി എന്നീ ധാന്യങ്ങളില്‍ കാണുന്ന പ്രോട്ടീനാണ്. ഇത് ഗ്ളിയാഡിന്‍, ഗ്ളൂട്ടെനിന്‍ എന്നീ രണ്ട് പ്രോട്ടീനുകളുടെ ഒരു മിശ്രിതമാണ്.  ഗോതമ്പുമാവിന് പശിമകൊടുക്കുന്ന ഘടകങ്ങളാണിവ. കസീന്‍ പാലില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ്. തൈരും മോരും പാല്‍ക്കട്ടിയുംപോലുള്ള ഉല്‍പ്പന്നങ്ങളിലും കസീന്‍ ഉണ്ട്. പുഡ്ഡിങ്ങിലും ഐസ്ക്രീമിലും ബ്രഡ്ഡിലും കസീനുണ്ടാകും.

ഈ രണ്ടു പ്രോട്ടീനുകളടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പൂര്‍ണമായും കര്‍ശനമായും ഒഴിവാക്കിക്കൊണ്ടുള്ള ആഹാരപദ്ധതിയാണ് ജിഎഫ്-സിഎഫ് ഡയറ്റ്. ഈ ഡയറ്റ് സ്വീകരിക്കുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായി  കണ്ടിട്ടുണ്ട്.  മറ്റു ചിലരില്‍ ഇത് ഒരു വ്യത്യാസവും ഉണ്ടാക്കിയതായി കാണുന്നില്ല. അപൂര്‍വം ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, പൊതുവില്‍ ചില രോഗികള്‍ക്ക് അഭികാമ്യമായ ഒരു ചികിത്സാരീതിയാണിത്.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടുതന്നെ ജിഎഫ്-സിഎഫ് പോലെ ഏതെങ്കിലും നിയന്ത്രിത ആഹാരപദ്ധതി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് വിദഗ്ധ മേല്‍നോട്ടത്തിനു വിധേയമായി ചെയ്യുന്നതാണ് അഭികാമ്യം. ശിശുരോഗ വിദഗ്ധന്റെയും ഡയറ്റീഷ്യന്റെയും ഒരു സൈക്യാട്രിസ്റ്റിന്റെയും സേവനം ഇത്തരുണത്തില്‍ ആവശ്യമായിത്തീരും. കുട്ടിയുടെ ഭക്ഷണശീലങ്ങളെ മാറ്റി ക്രമീകരിക്കുമ്പോഴുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങളെ ബിഹേവിയറല്‍ രീതികളിലൂടെ കൈകാര്യംചെയ്യുക എന്നതും പ്രധാനമാണ്. കൂടാതെ നിയന്ത്രിതമായ ആഹാരപദ്ധതി പോഷകാഹാരക്കുറവ് ഉണ്ടാക്കാതെ നോക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള വിലയിരുത്തലുകളും ആവശ്യമെങ്കില്‍ ന്യൂട്രീഷണല്‍ സപ്ളിമെന്റുകളുടെ ഉപയോഗവും നിര്‍ബന്ധമായും ചികിത്സയില്‍ ഉള്‍പ്പെടുത്തേണ്ടിവരും.

(കുതിരവട്ടം മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ സൈക്യാട്രിസ്റ്റാണ് മിഥുന്‍, നിഷാന്ത് ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റലില്‍ സൈക്യാട്രിസ്റ്റാണ്.

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക…ഓട്ടിസം തിരിച്ചറിയാന്‍ വൈകുന്നൂ

രാജ്യത്ത് കുട്ടികളിലെ ഓട്ടിസം തിരിച്ചറിയുന്നതിന് വൈകുന്നതായി പഠന റിപ്പോര്‍ട്ട്. നാല് വയസ് വരെയാകുമ്പോള്‍ മാത്രമാണ് കുഞ്ഞിന് ഓട്ടിസമുള്ളതായി ഓസ്ട്രേലിയയില്‍ തിരിച്ചറിയപ്പെടുന്നത്. ഇതാകട്ടെ കുട്ടിക്ക് രോഗം തിരിച്ചറിഞ്ഞ് മികച്ച പരിചരണം ലഭ്യമാക്കേണ്ട സമയം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷവുമാണ്. രണ്ടാം വയസിലെങ്കിലും ഓട്ടിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിക്കുന്നതാണ് കുട്ടികള്‍ക്ക് മികച്ച ഫലം നല്‍കുക എന്നിരിക്കെയാണ് ഈ വൈകല്‍.

രണ്ടാം വയസില്‍ തന്നെ ഓട്ടിസം തിരിച്ചറിയുന്നത് പിന്നീട് കുട്ടിയുടെ മാനസിക ശേഷിയേയും മനസിലാക്കാനുള്ള കഴിവിനെയും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണമായ പങ്ക് വഹിക്കുമെന്ന് ഓട്ടിസ സംബന്ധിച്ച ഗവേഷണങ്ങളില്‍ മുന്‍നിരയില്‍ ഉള്ള ഷെര്‍ലി ഡിസാനായാക്ക് വ്യക്തമാക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് രണ്ട് തരത്തില്‍ ബൗദ്ധികമായി വ്യത്യാസം കാണാറുണ്ട്. ഒന്ന് ബുദ്ധിപരമായി ശേഷി കുറവുള്ളവും മറ്റൊന്ന് ഓട്ടിസം ഉണ്ടെങ്കിലും ബൗദ്ധികശേഷിയില്‍ പ്രശ്നമൊന്നുമില്ലാത്തവരുമാണ്. ചികിത്സ വൈകുന്നത് കുട്ടികളെ ബൗദ്ധികശേഷി കുറഞ്ഞ ഗണത്തിലേയ്ക്കെത്തുന്നതിന് കാരണമാകും.

നേരത്തെ ഓട്ടിസം ബാധിച്ച കുട്ടികള്‍ ഓസ്ട്രേലിയന്‍ സ്കൂളുകളില്‍ പീഡനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. പതിനയ്യായിരത്തോളം കുട്ടികളില്‍ നടത്തിയ സര്‍വെയാണ് രാജ്യത്ത് രോഗം തിരിച്ചറിയുന്നതിലെ ശരാശരി കാലതാമസം വ്യക്തമാക്കിയത്. മിക്കകുട്ടികള്‍ക്കും സമൂഹവുമായി ഇഴുകി ചേരുന്നത് പ്രയാസം നേരിടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ച് കുട്ടികളിലെ ഓട്ടിസം തിരിച്ചറിയുന്ന പ്രായത്തിലും അന്തരം വരുന്നുണ്ട്. കേവലം മൂന്ന് ശതമാനത്തില്‍ താഴെയുള്ള കുട്ടികളില്‍ മാത്രമാണ് രണ്ടാം വയസിലേ ഓട്ടിസം തിരിച്ചറിയപ്പെടുന്നുള്ളൂ. കുട്ടിക്ക് ചികിത്സ തുടങ്ങാന്‍ അനുയോജ്യമായ ഏറ്റവും നല്ല പ്രായം രണ്ട് വയസ് എന്നിരിക്കെയാണിത്. ന്യൂസൗത്ത് വെയില്‍സിലും, പടിഞ്ഞാന്‍ ഓസ്ട്രേലിയയിലും ഓട്ടിസം തിരിച്ചറിയപ്പെടുന്ന ശരാശരി പ്രായം നാല് വയസാണ്. നാലര വയസാണ് ക്വീന്‍സ് ലാന്‍ഡിലും നോര്‍ത്തേണ്‍ ടെറിട്ടറിയും കുട്ടികളില്‍ ഓട്ടിസം തിരിച്ചറിയുന്ന ശരാശരി പ്രായം.

ഓട്ടിസം തടയുന്നതിനുള്ള പദ്ധതിയിലൂടെ സഹായം ലഭിക്കുന്നവര്‍ വര്‍ധിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് മുപ്പതിനായിരത്തോളം കുട്ടികളാണ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. ലോകത്ത് ഒരു ശതമാനം കുട്ടികളും ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരാണ്. ഓസ്ട്രേലിയയില്‍ ആകെ രണ്ട് ലക്ഷത്തി മുപ്പതിനായിരം വരുമിത്. എന്നാല്‍ ഇതില്‍ 74 ശതമാനം കേസിലും തിരിച്ചറിയപ്പെടല്‍ ഉണ്ടായിട്ടില്ല. പെണ്‍ കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് പ്രശ്നം കൂടുതല്‍. ജനിതക പ്രശ്നങ്ങളിലേക്കാണ് നിലവിലെ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Help
ഓട്ടിസം

അവസാനം പരിഷ്കരിച്ചത് : 3/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate