Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാൻസർ രോഗ ബാധ തിരിച്ചറിയാം

കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നിൽ തന്നെയാണ്

കാൻസറും ലോകവും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ചികിത്സയിൽ മുന്നേറ്റമുണ്ടെന്ന് ശാസ്ത്ര സമൂഹം ആശ്വസിപ്പിക്കുമ്പോഴും വലിയ വിഭാഗം രോഗബാധിതർ വേദനിച്ച് മരവിച്ച് മരണത്തിലേക്ക് വീഴുന്നു. എന്തു കൊണ്ട് കാൻസർ ബാധിക്കുന്നുവെന്നോ, എന്തു മരുന്ന് കഴിച്ചാൽ അസുഖം പൂർണമായി മാറുമെന്നോ ആർക്കും ഉറപ്പു നൽകാൻ സാധിക്കുന്നില്ല. ഒരു ദിവസം കാൻസറിനും മരുന്ന് കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ലോകം വൈദ്യശാസ്ത്ര സമൂഹത്തെ ഉറ്റു നോക്കുന്നു.

2020 ൽ ലോകത്തെ കാൻസർ ബാധിതരുടെ എണ്ണം ഒന്നര കോടി കഴിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. അതായത് കാൻസർ ബാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ നൂറ്റാണ്ടിൽ മരണകാരണത്തിന്റെ 12 ശതമാനവും കാൻസർ ആയിരുന്നെങ്കിൽ അടുത്തിടെ തോത് 25 ശതമാനമായി ഉയരുന്നു.

കാൻസർ എന്തു കൊണ്ട് ബാധിക്കുന്നുവെന്ന ചോദ്യത്തിന് ലോകം ഉത്തരം തേടുകയാണ്. ജീവിതചര്യയിലെ അപാകതകളും മലിനീകരണവും മായവും പോലുള്ള കാരണങ്ങൾ മാത്രമാണോ കാൻസർ ബാധയിലേക്ക് നയിക്കുന്നതെന്നാണ് ലോകസമൂഹത്തിന്റെ മുന്നിലെ ചോദ്യം.

മനുഷ്യന്റെ തെറ്റ് മാത്രമല്ല, ഭാഗ്യദോഷവും കാൻസറിന് പിന്നിലുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കാൻസർ ബാധിക്കുന്നതിൽ ജീനുകളുടെ മ്യൂട്ടേഷൻ വലിയ പങ്കു വഹിക്കുന്നുവെന്നാണ് വാദാം. പ്രായം കൂടുന്തോറും ജീനുകളുടെ മ്യൂട്ടേഷന് സാധ്യത കൂടുന്നു. മറ്റ് ഘടകങ്ങളേക്കാൾ ജീൻ മ്യൂട്ടേഷൻ കാൻസറിന് കാരണമാകുന്നു. കാൻസർ രോഗബാധയുടെ നിരക്ക് ഭയാനകമായി ഉയരുന്നുവെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും ശ്രമിച്ചാൽ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന് ലോകാരോഗ്യ സംഘടന ആത്മവിശ്വാസം നൽകുന്നു. ഫലപ്രദമായ ഇടപെടൽ നടത്തിയാൽ കാൻസർ ബാധയിൽ മൂന്നിലൊരു ഭാഗം തടയാൻ സാധിക്കും, മൂന്നിലൊരു ഭാഗം ചികിത്സിച്ചു ഭേദമാക്കാം, അതേ സമയം അവസാനത്തെ മൂന്നിലൊരു ഭാഗത്തിന്റെ മുന്നിൽ നിസഹായരാണ് നാം.

കാൻസർ രോഗ ബാധ തിരിച്ചറിയാം

ഓരോരുത്തരിലും കാൻസർ ഓരോ രൂപത്തിലാണ് വരിക. അല്പം ഭാഗ്യം ചെയ്തവരിൽ നേരത്തെ കാൻസർ പ്രത്യക്ഷപ്പെടും. മറ്റു ചിലരിൽ അവസാന മണിക്കൂറിലാകും കാൻസർ കണ്ടെത്തുക. പൈൽസ്, ഗ്യാസ്ട്രബിൾ പോലുള്ള അസുഖങ്ങളായി തെറ്റിദ്ധരിക്കുന്നതും കാൻസർ കണ്ടെത്തൽ വൈകിക്കുന്നു.

കോളണോസ്കോപി, ബയോപ്സി പോലുള്ള ദുഷ്കരവും വേദനാജനകവുമായ പരിശോധനാരീതികൾ രോഗികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. യോർക് ഷെയറിലെ ബ്രാഡ്ഫോർഡ് സർവകലാശാലയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞർ രക്തപരിശോധനയിലൂടെ കാൻസർ രോഗ ബാധ കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ചിട്ടുണ്ട്. രക്തപരിശോധന രീതിയുടെ വിശ്വാസ്യത ശാസ്ത്രസമൂഹം ഇതുവരെ പൂർണമായി അംഗീകരിച്ചിട്ടില്ല.

ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക

കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നിൽ തന്നെയാണ്. നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ രോഗം പൂർണമായി ഭേദപ്പെടുത്താമെന്ന് വൈദ്യസമൂഹം ഉറപ്പു നൽകുന്നു. ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളിൽ മാറ്റം വരാം.

ക്ഷീണം, ശരീരത്തിൽ വലിയ മുഴകൾ പ്രത്യക്ഷപ്പെടുക, ശരീര ഭാരം അനിയന്ത്രിതമായി കുറയുക, ത്വക്കിന്റെ നിറം മാറുക, മഞ്ഞ, കറുപ്പ്, ചുമപ്പ് നിറം വരിക, ശോധനയുടെ രീതികളിൽ മാറ്റം വരിക, ശ്വാസംമുട്ട്, ചുമ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ദഹനക്കേട്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അസ്വസ്ഥത, സന്ധി വേദന, നിരന്തരമായ പനി, രാത്രിയിൽ അമിതമായ വിയർപ്പ്, മലത്തിൽ രക്തസ്രാവം ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.

ചിലയിനം കാൻസറുകൾ പരമ്പരാഗതമായി ബാധിക്കുന്നവയാണ്. അടുത്ത ബന്ധുക്കൾക്ക് കാൻസർ ബാധയുണ്ടായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക. എന്നാൽ ഈ സാധ്യത വെറും അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്.

സംശയങ്ങൾ ദുരീകരിക്കുക

ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് മുമ്പ് സംശയം ദുരീകരിക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്നത്. ലക്ഷണങ്ങൾ കാണുമ്പോഴേക്ക് കാൻസർ ഗുരുതരവസ്ഥയിലേക്ക് നീങ്ങുന്നുവെന്നതാണ് പുതിയ ചിന്തയുടെ അടിസ്ഥാനം. 20 വയസു കഴിഞ്ഞവർ കാൻസർ ചെക്ക് അപ്പുകൾ നടത്തണമെന്നാണ് പുതിയ ചിന്താഗതി.

 

∙ സ്തനാർബുദം കണ്ടെത്തുന്നതിന് 40 കഴിഞ്ഞ വനിതൾ മാമോഗ്രാം പരിശോധന നടത്തുക. എന്തെങ്കിലും അസ്വസ്ഥത കണ്ടാൽ ഡോക്ടറെ സമീപിക്കുക.

∙ കുടൽ കാൻസർ കണ്ടെത്തുന്നതിന് 50 കഴിഞ്ഞവർ സിഗ്മോയിഡ് കോളണോസ്കോപ്പിയോ സിടി കോളണോസ്കോപ്പിയോടെ ചെയ്യണം. അഞ്ചു വർഷം കൂടുമ്പോൾ ആവർത്തിക്കണം. മലത്തിലെ രക്തപരിശോധന, മലത്തിൽ ഡിഎൻഎ പരിശോധന എന്നിവയും പ്രാഥമികമായി നടത്താവുന്നതാണ്.

∙ 21 കഴിഞ്ഞ വനിതകൾ ഗർഭാശയ ക്യാൻസറിനുള്ള പാപ് ടെസ്റ്റ് ചെയ്യാവുന്നതാണ്.

∙ ശ്വാസ കോശ കാൻസർ കണ്ടെത്തുന്നതിന് സിടി സ്കാൻ പരിശോധന നടത്താം. ദിവസം ഒരു പാക്കറ്റ് എന്ന കണക്കിൽ സിഗററ്റ് വലിക്കുന്നവർക്ക് നിർബന്ധമായും നടത്തണം.‌‌

ഒഴിവാക്കാം ദുശീലങ്ങൾ, സ്വീകരിക്കാം നല്ല ശീലങ്ങൾ

പുകയില ഒഴിവാക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, അമിത ഭാരം നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവു കുറയ്ക്കുക, പകരം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക, മദ്യം നിയന്ത്രിക്കുക, ഒഴിവാക്കുക, ത്വക് സംരക്ഷിക്കുക, ഇടവേളകളിൽ പരിശോധന നടത്തുക.

പുകയില തന്നെ വില്ലൻ

ലോകത്തിൽ കാൻസറിന്റെ പ്രധാന കാരണം ഇപ്പോഴും പുകയില തന്നെ. കഴിഞ്ഞ നൂറ്റാണ്ടിൽ പത്തു കോടി ആളുകളാണ് ശ്വാസ കോശ കാൻസർ ബാധിച്ചു മരിച്ചത്. സ്ഥിരം വലിക്കാരിൽ പകുതിയോളം പേർ ശീലം നൽകുന്ന അസുഖങ്ങളാൽ മരിക്കുന്നു. നാലിലൊന്നു പേർ 35 നും 69 നും ഇടയിൽ പ്രായത്തിൽ മരിക്കുന്നു. വലിക്കുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത 20 മുതൽ‌ 30 വരെ ഇരട്ടിയുമാണ്. പുകവലിക്കാതിരിക്കുകയാണ് ഏറ്റവും നല്ല കാര്യം. എന്നാൽ ഏതു സമയത്ത് നിർത്തുന്നതും, 50 വയസിൽ പോലും, വലിയ പ്രയോജനം ചെയ്യും.

രോഗാണുബാധ ശ്രദ്ധിക്കുക

മനുഷ്യരുടെ തെറ്റുകൾ മാത്രമല്ല കാൻസറിന് കാരണം. വികസ്വര രാജ്യങ്ങളിൽ കാൽഭാഗത്തോളം കാൻസർ ബാധയ്ക്ക് കാരണം രോഗാണു ബാധയാണ്. ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ കരൾ കാൻസറിന് ഇടയാക്കുന്നു. ഹ്യൂമൻ പാപ്പിലോമ വൈറസ് സെർവിക്കൽ, ഏനോ ജെനിറ്റൽ കാൻസറുകൾക്ക് വഴി തെളിക്കുന്നു. ആമാശയ കാൻസറിന് ഹെലികോ ബാക്ടർ പൈലോറിയും വലിയ പങ്കു വഹിക്കുന്നു.

പാശ്ചാത്യ ജീവിത രീതിയെ പകർത്തേണ്ട

കാൻസർ ചികിത്സയിലും കണ്ടെത്തലിലും പാശ്ചാത്യ രാജ്യങ്ങൾ മുന്നിലാണെങ്കിലും അവരുട ജീവിത രീതി കാൻസറിലേക്ക് നയിക്കുന്നതിൽ പ്രധാന ഘടകമാണ്. കലോറി കൂടിയ ഭക്ഷണം, അമിതമായ കൊഴുപ്പ്, സംസ്കരിച്ച അന്നജം, മാംസ്യം എന്നിവയുടെ അമിത ഉപയോഗം ശരീരത്തിന്റെ താളം തെറ്റിക്കുന്നു. സ്തനം, കുടൽ, ആമാശയം, വൃക്ക, കരൾ എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് പാശ്ചാത്യർ പെട്ടെന്ന് പിടികൊടുക്കുന്നു. പാശ്ചാത്യ ഭക്ഷണ സംസ്കാരം സ്വീകരിക്കുന്നതു വഴി നാമും.

അമിത വണ്ണം വേണ്ട

അമിത വണ്ണം ശരീരത്തിലെ ഊർജത്തിന്റെ താളം തെറ്റിക്കും. അമിത വണ്ണക്കാർക്ക് ഗർഭാശയം, വൃക്ക, ഗോൾ ബ്ളാഡർ എന്നിവിടങ്ങളിൽ കാൻസറിന് സാധ്യത കൂടുതലാണ്.

ചികിത്സ പലവിധം

ശസ്ത്രക്രിയ, റേഡിയേഷൻ, കീമോ തെറാപ്പി, ഹോർമോൺ തെറാപ്പി എന്നിവയാണ് കാൻസർ ചികിത്സാ രീതികൾ. രോഗിയുടെ സ്ഥിതി, രോഗ ബാധയുടെ സ്വഭാവം എന്നിവ അനുസരിച്ചാണ് ചികിത്സ നടത്തുക. ഒരു ഭാഗത്ത് മാത്രമുള്ള മുഴകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ സ്വീകരിക്കാറുണ്ട്. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനാണ് റേഡിയേഷൻ തെറാപ്പി ഉപയോഗിക്കുന്നത്. മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് കീമോ തെറാപ്പി. കാൻസർ സെല്ലുകൾക്ക് വളരാനുള്ള ഹോർമോണുകളെ ഇല്ലാതാക്കുന്ന രീതിയാണ് ഹോർമോൺ‌ തെറാപ്പി. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ച് കാൻസർ സെല്ലുകളെ ചെറുക്കുന്ന ബയോളജിക്കൽ തെറാപ്പിയും ഇപ്പോൾ പ്രചാരത്തിലുണ്ട്.

കാൻസർ രോഗബാധ ഏറെ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ വേദന കുറയ്ക്കാനുള്ള സാന്ത്വന ചികിത്സ ആരംഭിക്കുക പതിവാണ്.

പാർശ്വഫലങ്ങൾ ഏറെ

പാർശ്വഫലങ്ങളാണ് കാൻസർ ചികിത്സയുടെ പ്രധാന ദോഷവശം. ചികിത്സ ശരീരത്തിലെ മറ്റ് കോശങ്ങളെ ബാധിക്കുന്നതാണ് കാരണം. റേഡിയേഷനും കീമോ തെറാപ്പിയും ശരീര കോശങ്ങളെ നശിപ്പിക്കും. ഓക്കാനം, വിശപ്പില്ലായ്മ, മുടികൊഴിച്ചിൽ തുടങ്ങിയവയാണ് പ്രധാന പാർശ്വഫലങ്ങൾ.

രോഗിക്ക് പിന്തുണ നൽകുക

കാൻസറുമായി മല്ലിട്ടുള്ള ജീവിതം ദുഷ്കരമാണ്. ശുഭാപ്തി വിശ്വാസം രോഗത്തെ ചെറുക്കുമെന്നും പറയപ്പെടുന്നു. ചികിത്സയുടെ ഭാരിച്ച ചെലവാണ് മറ്റൊരു ബാധ്യത. ഓരോ രോഗിയിലും ചികിത്സ വ്യത്യസ്തമായ ഫലമാണ് നൽകുക. അതിനാൽ തന്നെ രോഗിയുടെ ഭാവി ആർക്കും പ്രവചിക്കാനും കഴിയില്ല. രോഗികൾക്ക് സമൂഹം പരമാവധി പിന്തുണ നൽകുകയാണ് വേണ്ടത്.

കാൻസർ ചികിത്സയുടെ ഭാവി

കാൻസറിനെ പിടിച്ചു കെട്ടാനുള്ള യുദ്ധവുമായി വൈദ്യശാസ്ത്ര സമൂഹം മുന്നോട്ടു പോകുകയാണ്. അന്തിമ വിജയം ഇനിയും അകലെയാണ്. പ്രിസിഷൻ മെഡിസിൻ അഥവാ സൂക്ഷ്മ ചികിത്സ എന്ന രീതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഓരോ വ്യക്തികളുടെയും രോഗത്തിന്റെയും പ്രത്യേകത മനസിലാക്കി മരുന്ന് നൽകുന്ന രീതിയാണിത്. ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തി കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്നതാണ് മറ്റൊരു രീതി. കോശങ്ങളുടെ ബോധമില്ലാതെയുള്ള പെരുമാറ്റമാണല്ലോ കാൻസർ. കാൻസർ ബാധിത കോശങ്ങളെ നേർവഴിയിലേക്ക് നയിക്കുന്ന മറ്റൊരു ചികിത്സാ രീതിയും പ്രചാരത്തിൽ വരികയാണ്. കാൻസർ ബാധിത ഭാഗങ്ങൾ പുറത്തെടുത്ത് അവയെ കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ പ്രാപ്തമാക്കുന്ന ചികിത്സാ രീതി സംബന്ധിച്ചും ഗവേഷണങ്ങൾ നടക്കുകയാണ്. പെൻസിലിൻ കണ്ടെത്തിയതു പോലെ ഒരു ദിവസം കാൻസറിനെ പൂർണമായും മാറ്റുന്ന മരുന്നു കണ്ടെത്തിയേക്കാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. കെ.വി. മോഹനൻ

ഡോ. എൻ.എം. അരുൺ

3.26470588235
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
സു കുമാരൻ നമ്പ്യാർ May 08, 2017 05:47 PM

ഡോ.ഹാരോൾഡ് .ഡബ്ല്യു. മന്നാർ .കാൻസറിനെ കുറിച്ച് എന്തു പറഞ്ഞു .എന്നൊന്നു ചിന്തിച്ചു കൂടെ '?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top