Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാടപ്പക്ഷി വളര്‍ത്തല്‍

കാടപ്പക്ഷി വളര്‍ത്തലിനു ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വളരെയേറെ പ്രചാരം ലഭിച്ചു കഴിഞ്ഞു.

കാടപ്പക്ഷി വളര്‍ത്തല്‍

കാടപ്പക്ഷി വളര്‍ത്തലിനു ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വളരെയേറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. കാട മുട്ടയുടേയും മാംസത്തിന്‍റേയും പോഷകമൂല്യവും ഔഷധമേന്മയും സ്വാദും മനസ്സിലാക്കിയ പഴമക്കാര്‍ പറഞ്ഞിരുന്ന \"ആയിരം കോഴിക്ക് അരക്കാട\'എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നു. കാടമുട്ടയുടേയും ഇറച്ചിയുടേയും ആവശ്യകത കൂടിയതോടെ കാടവളര്‍ത്തലില്‍ ശ്രദ്ധ പതിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണവും കൂടുകയായി. കാട്ടില്‍ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തുപക്ഷിയാക്കി, നൂതന പ്രജനന പ്രക്രിയകളിലൂടെ വികസിപ്പിച്ചെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍, ഉത്പാദിപ്പിക്കുന്നതിനു വഴി ഒരുക്കിയത് ജപ്പാന്‍കാരാണ്. അതിനാലാണ് \"ജാപ്പനീസ് ക്വയില്‍\' എന്ന പേരില്‍ ഇവ അറിയപ്പെടുന്നത്.

കാടപ്പക്ഷികളുടെ സവിശേഷതകള്‍ഹ്രസ്വജീവിതചക്രവും വളര്‍ത്തുവാനുള്ള കുറഞ്ഞ തീറ്റച്ചിലവും കാടപ്പക്ഷികളുടെ സവിശേഷതകളാണ്. മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങള്‍ മതിയാകും. ശരീരവലിപ്പം കുറവായതിനാല്‍ ഇവയെ വളര്‍ത്താന്‍ കുറച്ചു സ്ഥലം മതി. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളര്‍ത്താന്‍ സാധിക്കും. 6 ആഴ്ച പ്രായമാകുന്പോള്‍ മുട്ടയിട്ട് തുടങ്ങുന്നു. മാംസത്തിനുവേണ്ടി വളര്‍ത്തുന്നവയെ 5-6 ആഴ്ച പ്രായത്തില്‍ വിപണിയിലെത്തിക്കാം. വര്‍ഷത്തില്‍ 300-ഓളം മുട്ടകള്‍ ലഭിക്കുന്നു. കാടമുട്ടയ്ക്ക് പക്ഷിയുടെ ശരീരഭാഗത്തിന്‍റെ 8 ശതമാനം തൂക്കമുണ്ടായിരിക്കും.

കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. കേരളത്തില്‍ കാട വളര്‍ത്തലിനു ഏറെ സാധ്യതകളുണ്ട്‌. സ്‌ത്രീ സ്വാശ്രയ സംഘങ്ങള്‍ക്കും വ്യക്‌തികള്‍ക്കും എളുപ്പും പ്രാവര്‍ത്തികമാക്കാവുന്ന ഈ തൊഴിലിന്‌ സ്‌ഥലപരിമിതിപോലും പ്രശ്‌നമല്ല. സ്‌ഥലസൗകര്യം ഇല്ലാത്തവര്‍ക്ക്‌ വീടുകളുടെ ടെറസുകളിലും കാടകളെ വളര്‍ത്താം.
ജപ്പാനീസ്‌ കാട എന്ന ചെറുപക്ഷിയുടെ ജീവിതചക്രം വളരെ ചെറുതാണ്‌. ഒരു വര്‍ഷത്തില്‍ മൂന്നുനാലു തലമുറകള്‍ വരെ ഉണ്ടാകും. വളരെ ചെറുതായതിനാല്‍ തീറ്റചെലവും താരതമ്യേന കുറവാണ്‌. ഒരു കോഴിയെ വളര്‍ത്താന്‍ ആവശ്യമായ സ്‌ഥലത്ത്‌ ഏതാണ്ട്‌ 8-10 കാടകളെ വളര്‍ത്തുകയുമാകാം. മാത്രമല്ല ഇവയ്‌ക്ക് രോഗങ്ങളും കുറവാണ്‌. ജപ്പാനീസ്‌ കാടകളില്‍തന്നെ വിവിധ ഉപ ഇനങ്ങള്‍ ഉണ്ട്‌. മുട്ടയ്‌ക്കും ഇറച്ചിക്കുമായി പ്രത്യേക ഇനങ്ങള്‍ മാത്രമല്ല വെള്ള നിറത്തിലുള്ള കാടകളും ലഭ്യമാണ്‌.
കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ്‌ കാട വളര്‍ത്തല്‍. ആറാഴ്‌ച പ്രായമാകുമ്പോള്‍ മുതല്‍ മുട്ടയിട്ടു തുടങ്ങുന്ന പെണ്‍കാടകള്‍ 52 ആഴ്‌ചവരെ മുട്ടയിടുന്നു. ഒരു കാട മുട്ടയ്‌ക്ക് ശരാശരി 10 ഗ്രാം തൂക്കം വരും

 

280-300 മുട്ടയെങ്കിലും ഒരു കാടയില്‍നിന്നു പ്രതീക്ഷിക്കാം. പ്രായമാകുമ്പോള്‍ വിപണനം ചെയ്യാം. കാടമുട്ടകള്‍ വിരിയുന്നതിന്‌ 16-18 ദിവസം മതിയാകും. കാടകളെ കൂടുകളിലോ ഡീപ്പ്‌ ലിറ്റര്‍ രീതിയിലോ വളര്‍ത്താവുന്നതാണ്‌. ഏതു രീതിയിലായാലും കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഷെഡുകള്‍ നിര്‍മിക്കുന്നതാണ്‌ ഉത്തമം. രണ്ട്‌ മൂന്ന്‌ ആഴ്‌ചവരെ കാട കുഞ്ഞുങ്ങള്‍ക്ക്‌ കൃത്രിമമായി ചൂട്‌ നല്‍കേണ്ടതാണ്‌. ഒരു കുഞ്ഞിന്‌ ഒരു വാട്ട്‌ എന്ന തോതില്‍ വൈദ്യുതി ബള്‍ബ്‌ ഇടാവുന്നതാണ്‌.
കേജ്‌ രീതിയിലുള്ള പരിപാലനമാണെങ്കില്‍ 0-2 ആഴ്‌ച പ്രായമുള്ള 100 കാടകളെ മൂന്ന്‌ അടി നീളം -2 അടി വീതി -1 അടി ഉയരം എന്ന അളവില്‍ നിര്‍മിച്ച കൂട്ടില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. 306 ആഴ്‌ച പ്രായമുള്ള 60 ഗ്രോവര്‍ കാടകളെ നാല്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരവുമുള്ള കൂട്ടില്‍ വളര്‍ത്താം. എന്നാല്‍ 20 മുട്ടട കാടകളെ (7-52 ആഴ്‌ച പ്രായം) പാര്‍പ്പിക്കാന്‍ വേണ്ടത്‌ രണ്ട്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരത്തിലുള്ള കൂടുകളാണ്‌. തീറ്റയും വെള്ളവും കൊടുക്കുന്നതിന്‌ പ്രത്യേക സൗകര്യങ്ങള്‍ കൂടിന്റെ വശങ്ങളില്‍ ഒരുക്കണം. ഡീപ്പ്‌ ലിറ്റര്‍ രീതിയെ അപേക്ഷിച്ച്‌, കൂടുകളില്‍ വളര്‍ത്തുന്ന കാടികളെ പരിപാലിക്കാന്‍ എളുപ്പമാണ്‌. മാത്രവുമല്ല, സ്‌ഥലവും കുറച്ച്‌ മതി.കാടവളര്‍ത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാര്‍ട്ടര്‍ തീറ്റ'യില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊര്‍ജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികള്‍ക്കും തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്തുകൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനുശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റ വേണം. ഒരു കാടയ്ക്ക് ഒരുവര്‍ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും.കാടകള്‍ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള്‍ മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, മീന്‍പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ വേണം.കോഴികളുടെ തീറ്റതന്നെ ചില വ്യത്യാസങ്ങളോടെ കാടകള്‍ക്കും കൊടുക്കാവുന്നതാണ്. ഇറച്ചിക്കോഴിക്ക് ഉപയോഗിക്കുന്ന തീറ്റയില്‍ ഓരോ നൂറ് കിലോഗ്രാമിനും20 കിലോഗ്രാം മീന്‍പൊടി, അഞ്ചു കിലോഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, ആറ് ഗ്രാം ജീവകം 'ഇ' എന്നിവ ചേര്‍ത്ത് കാടത്തീറ്റയായി മാറ്റാം.വിവിധയിനം കാടകള്‍

ജാപ്പനീസ് കാടകളും ബോബ്വൈറ്റ് കാടകളും ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതെങ്കിലും സ്റ്റബിള്‍ ബോബ് വൈറ്റ്, ഫാറൊ ഈസ്റ്റേണ്‍ എന്നീയിനം കാടകളുമുണ്ട്. ജാപ്പനീസ് കാടകളാണ് വ്യാവസായികാടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

കാടമുട്ടകള്‍ അടവയ്ക്കുന്പോള്‍ ശ്രദ്ധിക്കേണ്ടത്

ഏത് കാലാവസ്ഥയിലും ഏതവസരത്തിലും കാടമുട്ടകള്‍ വിരിയിച്ചെടുക്കാം. എന്നാല്‍ അടവയ്ക്കാനായി മുട്ടകള്‍ ശേഖരിക്കുന്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

1. 10 മുതല്‍ 23 ആഴ്ചവരെ പ്രായമുള്ള പിടകളുടെ മുട്ടകളാണ് വിരിയിക്കുന്നത് ശേഖരിക്കേണ്ടത്.

2. മൂന്നോ അതില്‍ കുറവോ പിടകള്‍ക്ക് ഒരു പൂവന്‍ എന്ന അനുപാതത്തില്‍ പ്രജനനം നടത്തുന്ന കൂട്ടില്‍ നിന്നും എടുക്കുന്ന മുട്ടകള്‍ക്ക് വിരിയുന്നതിനുള്ള ശേഷി കൂടുതലായിരിക്കും.

3. പിടകളുടെ ഇടയില്‍ ഒരു പൂവനെ വിട്ടാല്‍ നാലുദിവസം കഴിഞ്ഞതിനുശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കില്‍ അതിനുശേഷം മൂന്നുദിവസത്തിനുള്ളില്‍ കിട്ടുന്ന മുട്ടകളുമാണ് വിരിയിക്കുന്നതിന് നല്ലത്.

4. പ്രജനനത്തിനായി വളര്‍ത്തുന്ന കാടകള്‍ക്ക് പ്രത്യേകം പോഷകാഹാരം നല്‍കണം.

5. മുട്ട ശേഖരിച്ചുകഴിഞ്ഞാല്‍ ഏഴു ദിവസത്തിനുള്ളില്‍ തന്നെ അവ അടവയ്ക്കേണ്ടതാണ്.

മുട്ടയുല്‍പാദനം

പെണ്‍കാടകള്‍ 6-7 ആഴ്ച പ്രായത്തില്‍ മുട്ടയിട്ടു തുടങ്ങും. എട്ട് ആഴ്ച പ്രായം മുതല്‍ 25 ആഴ്ച പ്രായംവരെയുള്ള സമയം മുട്ടയുല്‍പാദനത്തിന്‍റെ ഉന്നതസമയമാണ്. കാടപ്പക്ഷികള്‍ സാധാരണയായി വൈകിട്ട് മൂന്നു മണി മുതല്‍ ആറുമണി വരെയുള്ള സമയത്താണ് 75 ശതമാനവും മുട്ട ഇടുന്നത്.

25 ശതമാനം രാത്രികാലങ്ങളിലും ഇടുന്നു. ഒരു വര്‍ഷത്തില്‍ 250-300 മുട്ടകള്‍ വരെ ഇടുന്നു. 8-12 മാസം വരെ മുട്ടയുല്‍പാദനം തുടരും.

മുട്ട വിരിയിക്കല്‍

അടയിരിക്കുന്ന സ്വഭാവം കാടകള്‍ക്കില്ല. അതിനാല്‍ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ചു മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. കാടമുട്ടകള്‍ 16-18 ദിവസം കൊണ്ട് മുട്ടകള്‍ വിരിയും.

കാട കുഞ്ഞുങ്ങളുടെ പരിപാലനം

കോഴി കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന പരിപാലന മുറകളെല്ലാംതന്നെ കാടക്കുഞ്ഞുങ്ങള്‍ക്കും നല്‍കാം. മൂന്നാഴ്ചയോളം കാടക്കുഞ്ഞുങ്ങള്‍ക്ക് കൃത്രിമച്ചൂട് നല്‍കേണ്ടതാണ്. ആരംഭത്തില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് നല്‍കേണ്ടത്. അന്തരീക്ഷത്തിലെ ചൂടു കുറവാണെങ്കില്‍ മാത്രം മൂന്നാഴ്ചക്കുശേഷം ചൂട് നല്‍കേണ്ടതുള്ളൂ. ഡീപ്പ്ലിറ്റര്‍ രീതിയില്‍ 100 കുഞ്ഞുങ്ങള്‍ക്ക് നാല്‍പതോ, അറുപതോ വാട്ട് ബള്‍ബ് ഒന്നുമതിയാകും. ഒരു കാടക്കുഞ്ഞിനു 75 ചതുരശ്ര സെ.മീ. ബ്രൂഡര്‍ സ്ഥലവും യഥേഷ്ടം ഓടിനടക്കുന്നതിന് വേറെ 75 ചതുരശ്ര സെ.മീ. സ്ഥലവും നല്‍കണം. വെള്ളപ്പാത്രം ചിലവുകുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും ആയിരിക്കണം. വൃത്തിയുള്ളതും തണുത്തതുമായ വെള്ളമായിരിക്കണം കുടിക്കാന്‍ കൊടുക്കുന്നത്. വെള്ളം താഴെ വീണ് ലിറ്റര്‍ നനയാതെ പ്രത്യേകം ശ്രദ്ധിക്കണം. 100 കുഞ്ഞുങ്ങള്‍ക്ക് ഒരു ലിറ്റര്‍ വീതം വെള്ളം കൊള്ളുന്ന രണ്ടു വെള്ളപാത്രങ്ങള്‍ മതിയാവും. വെള്ളത്തില്‍ വീണു കുഞ്ഞുങ്ങള്‍ ചാകുന്നത് ഒഴിവാക്കുന്നതിനായി വെള്ളപ്പാത്രത്തില്‍ മാര്‍ബിള്‍ ഗോലികള്‍ ഇടുന്നത് നല്ലതാണ്.

ഡീപ്പ് ലിറ്റര്‍ സന്പ്രദായത്തില്‍ കാടകളെ വളര്‍ത്തുന്പോള്‍ 5 സെന്‍റീമീറ്റര്‍ ഘനത്തില്‍ വൃത്തിയുള്ള വിരി (ലിറ്റര്‍) നല്‍കേണ്ടതാണ്. ഈ വിരിക്കുമുകളില്‍ ആദ്യത്തെ കുറച്ചുദിവസങ്ങളില്‍ ചുരുണ്ട കടലാസുകള്‍ ഇട്ടു കൊടുക്കാം. ആദ്യത്തെ ഒരാഴ്ചക്കാലം ബ്രൂഡറിനുചുറ്റും 30 സെന്‍റീമീറ്റര്‍ പൊക്കത്തില്‍ കാര്‍ഡ് ബോര്‍ഡുകൊണേ്ടാ പനന്പുകൊണ്ടുള്ള \"ചിക്ക് ഗാര്‍ഡ്\'കളൊ വയ്ക്കണം. ഈ വലയം കുഞ്ഞുങ്ങള്‍ ബ്രൂഡറില്‍ നിന്നും അകന്നുപോകാതെ സൂക്ഷിക്കും. ഈ ചിക്ക് ഗാര്‍ഡുകള്‍ ബള്‍ബില്‍ നിന്നും 30 മുതല്‍ 60 സെന്‍റീമീറ്റര്‍ അകലെയായിരിക്കണം. കുഞ്ഞുങ്ങള്‍ വലുതാകുന്നതനുസരിച്ച് ചിക്ക് ഗാര്‍ഡിന്‍റെ വിസ്തീര്‍ണ്ണം വലുതാക്കി ആവശ്യമുള്ള സ്ഥലം നല്‍കാം. ഈ വലയം ഒരാഴ്ചകഴിഞ്ഞാല്‍ എടുത്തുമാറ്റാവുന്നതാണ്.

 

 

വളരുന്ന കാടകളുടെ പരിപാലനംമൂന്നാഴ്ച മുതല്‍ ആറാഴ്ച വരെയാണ് വളരുന്ന പ്രായം. മൂന്നാഴ്ച പ്രായമായാല്‍ കൃത്രിമച്ചൂട് നല്‍കാനുള്ള ഉപകരണം മാറ്റാം. തുടര്‍ന്ന് ശരിയായ വളര്‍ച്ചയും ആരോഗ്യവുമില്ലാത്ത കുഞ്ഞുങ്ങളെ തെരഞ്ഞുമാറ്റേണ്ടതാണ്. വളരുന്ന ഒരു കാടക്കുഞ്ഞിന് ഡീപ്പ് ലിറ്റര്‍ സന്പ്രദായത്തില്‍ 200-250 ചതുരശ്ര സെന്‍റീമീറ്റര്‍ സ്ഥലവും കേജ് സന്പ്രദായത്തില്‍ 150-175 ചതുരശ്ര സെന്‍റീമീറ്റര്‍ സ്ഥലസൗകര്യവും നല്‍കേണ്ടതാണ്. 3-4 ആഴ്ച പ്രായത്തില്‍ ആവശ്യമുള്ള പക്ഷം ചുണ്ടു മുറിക്കാവുന്നതാണ്

ആദ്യത്തെ രണ്ടാഴ്ച പ്രായംവരെ കാടക്കുഞ്ഞുങ്ങള്‍ക്ക് 24 മണിക്കൂറും വെളിച്ചം നല്‍കണം. മൂന്നാമത്തെ ആഴ്ച അവസാനിക്കുന്പോള്‍ ഇത് 12 മണിക്കൂറായി കുറയ്ക്കാവുന്നതാണ്. 6 ആഴ്ച പ്രായം വരെ 12 മണിക്കൂര്‍ വെളിച്ചം മതിയാകും. എന്നാല്‍ വില്‍പനയ്ക്ക് 8-10 ദിവസം മുന്പ് 8 മണിക്കൂര്‍ വെളിച്ചവും 16 മണിക്കൂര്‍ ഇരുളും നല്‍കുന്നത് ശരീരതൂക്കം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.

കാടകളുടെ കൂട്ടിനുള്ളില്‍ നല്ല വായുസഞ്ചാരവും വൃത്തിയുള്ള അന്തരീക്ഷവും എപ്പോഴും ഉണ്ടായിരിക്കണം. മൂന്നാഴ്ചപ്രായത്തില്‍ കഴുത്തിലേയും നെഞ്ചിലേയും തൂവലുകളുടെ നിറവ്യത്യാസത്തില്‍ നിന്നും ആണ്‍പെണ്‍ കാടകളെ തിരിച്ചറിയാം. ആണ്‍കാടകള്‍ക്ക് ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള തൂവലുകളും പെണ്‍കാടകള്‍ക്ക് കറുപ്പു പുള്ളികള്‍ അടങ്ങിയ ചാരനിറത്തിലുള്ള തൂവലുകളും ഉണ്ടാവും. ആണ്‍കാടകള്‍ പെണ്‍കാടകളെക്കാള്‍ വലിപ്പം കുറഞ്ഞവയായിരിക്കും.

പ്രായപൂര്‍ത്തിയായ കാടകളുടെ പരിപാലനം

കാടകള്‍ സാധാരണയായി ആറാഴ്ചപ്രായത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുകയും ഏകദേശം 150 ഗ്രാം ശരീരതൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെണ്‍കാടകള്‍ ഈ പ്രായത്തില്‍ മുട്ടയിട്ടു തുടങ്ങുന്നു. ഈ പ്രായത്തില്‍ ഇറച്ചിയ്ക്കായി വളര്‍ത്തുന്നവയെ വില്‍ക്കാം. പ്രായപൂര്‍ത്തിയായ കോഴികള്‍ക്ക് നല്‍കുന്ന പരിപാലന മുറകളെല്ലാംതന്നെ ഇവയ്ക്കും നല്‍കാം. മുട്ടയിടുന്നതിനായി ചെറിയപ്പെട്ടികള്‍ കൂട്ടിനുള്ളില്‍ സ്ഥാപിക്കണം. മുട്ടയിടുന്ന കാടകള്‍ക്ക് 16 മണിക്കൂര്‍ വെളിച്ചം നല്‍കുന്നത് മുട്ടയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കും. അനാവശ്യമായി പെണ്‍കാടകളെ കൈകാര്യം ചെയ്യുന്നത് പ്രായപൂര്‍ത്തിയെത്തുന്നതിനു കാലതാമസം വരുത്തുന്നു.

കേജ് സമ്പ്രദായത്തില്‍ കാടവളര്‍ത്തല്‍

കാടകളെ കേജുകളിലും വളര്‍ത്താം. ഒന്നില്‍ കൂടുതല്‍ തട്ടുകളുള്ള കോളനി കേജുകളാണ് ഉത്തമം.

ഒരു കേജിനു മുകളില്‍ മറ്റൊരു കേജുവരത്തക്കവണ്ണവും കോണിപ്പടിപ്പോലെയും മൂന്നുനിരയായുള്ള കേജുകളുടെ സമൂഹവും ഘടിപ്പിക്കാം. ഈ കേജുസമൂഹങ്ങള്‍ കൂരയില്‍ നിന്നും കെട്ടിത്തൂക്കിയോ, നിലത്തുറപ്പിച്ച ആംഗിള്‍ അയണുകളുമായി ബന്ധിപ്പിച്ചോ നിര്‍ത്താവുന്നതാണ്. ഈ രീതിയില്‍ കുറച്ചു സ്ഥലത്ത് കൂടുതല്‍ കാടകളെ വളര്‍ത്താം.

താഴെപറഞ്ഞിരിക്കുന്ന അളവുകളില്‍ കൂടുകള്‍ നിര്‍മ്മിക്കുന്നതാണ് അഭികാമ്യം.

1. 12.5* 20* 25 സെന്‍റീമീറ്റര്‍ അളവിലുള്ള കൂടുകളില്‍ ഒരു ജോടി കാടകളെ വളര്‍ത്താം.

2. 60* 60* 25 സെന്‍റീമീറ്റര്‍ അളവിലുള്ള കൂടുകളില്‍ 25 കാടകളെ വളര്‍ത്താം.

3. 60* 120* 25 സെന്‍റീമീറ്റര്‍ അളവിലുള്ള കൂടുകളില്‍ 50 കാടകളെ വളര്‍ത്താം.

ആഹാരക്രമം

കാടകള്‍ക്കും സമീകൃതാഹാരം അത്യാവശ്യമാണ്. ആദ്യത്തെ 3 ആഴ്ച സ്റ്റാര്‍ട്ടര്‍ തീറ്റയും അതിനുശേഷം 6 ആഴ്ച വരെ ഗ്രോവര്‍ തീറ്റയും നല്‍കണം. 6 ആഴ്ചക്കുമേല്‍ ലേയര്‍ തീറ്റ നല്‍കാവുന്നതാണ്. മുട്ടയിടുന്ന കാടകള്‍ക്ക് തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്ത് കൊടുക്കുന്നത് നല്ല കട്ടിയുള്ള തോടോടു കൂടിയ മുട്ടയുല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഒരു കാട 5 ആഴ്ച പ്രായം വരെ 400 ഗ്രാം തീറ്റയെടുക്കുന്നു. അതിനുശേഷം ഒരു കാട ദിവസേന 20-25 ഗ്രാം തീറ്റ കഴിക്കുന്നു. ഒരു വര്‍ഷം ഒരു കാട ഏകദേശം 8 കിലോഗ്രാം തീറ്റ എടുക്കുന്നു

തീറ്റയുടെ ഘടന

ചേരുവകള്‍ കി.ഗ്രാം/100കി.ഗ്രാംസ്റ്റാര്‍ട്ടര്‍0-3 ആഴ്ചഗ്രോവര്‍4-6 ആഴ്ച
ചോളം 46.00 43.00
അരിത്തവീട് 10.00 20.00
കപ്പലണ്ടിപ്പിണ്ണാക്ക് 30.00 27.00
മീന്‍പൊടി 12.00 8.00
ധാതുമിശ്രിതം 1.70 1.50
ഉപ്പ് 0.3 0.5
ജീവകം (A B2 D3) 0.02 0.02
ജീവകം ഇ 0.008 0.008

കോഴിത്തീറ്റയില്‍ ചെറുവ്യതിയാനങ്ങള്‍ വരുത്തി കാടകള്‍ക്ക് നല്‍കാം. ഇറച്ചിക്കോഴികള്‍ക്ക് ഉപയോഗിക്കുന്ന തീറ്റകളില്‍ (ബ്രോയിലര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍)ഓരോ 100 കി.ഗ്രാമിനും 2 കി.ഗ്രാം മീന്‍ പൊടിയും 5 കി.ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും 6 ഗ്രാം ജീവകം \"ഇ\'യും ചേര്‍ത്ത് ക്വയില്‍ സ്റ്റാര്‍ട്ടറും ഗ്രോവറും തീറ്റകളായി ഉപയോഗിക്കാവുന്നതാണ്.

 

രോഗങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ആദ്യത്തെ രണ്ടാഴ്ചക്കാലം കാലാവസ്ഥയിലുള്ള വ്യതിയാനം കൊണ്ട് മരണനിരക്ക് കൂടുതലായി കണ്ടുവരുന്നു. അതിനാല്‍ രണ്ടാഴ്ചക്കുമേല്‍ പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് ഉചിതം.

കോഴികളില്‍ മാരകമായി കണ്ടുവരുന്ന കോഴിവസന്ത, രക്താതിസാരം എന്നീ രോഗങ്ങള്‍ കാടകളില്‍ അപൂര്‍വ്വമായിട്ടേ കാണാറുള്ളൂ. എന്നാലും താഴെപറയുന്ന രോഗങ്ങള്‍ കാടകളെ ബാധിക്കാറുണ്ട്.

1. ബ്രൂഡര്‍ ന്യുമോണിയ

കാടക്കുഞ്ഞുങ്ങളെ സാധാരണയായി ബാധിക്കുന്ന ഒരു രോഗമാണ് ഇത്. ബ്രൂഡറിലെ ജലാംശം കൂടുന്പോള്‍ \"ആസ്പര്‍ജില്ലസ്\' എന്ന പൂപ്പല്‍ രോഗാണു വളര്‍ന്നാണ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം നിമിത്തം കുഞ്ഞുങ്ങള്‍ ചത്തുപോകുന്നു. ബ്രൂഡറിലെ ജലാംശം കുറച്ചും തീറ്റയില്‍ പൂപ്പല്‍ വളര്‍ച്ച തടയുന്നതിന് കാത്സ്യം പ്രൊപ്പിയോണേറ്റ് ചേര്‍ത്തും ഈ രോഗം തടയാം.

2. വയറുകടി

പ്രായപൂര്‍ത്തിയായ കാടകളില്‍ സാധാരണയായി ഈ രോഗം കണ്ടുവരുന്നു. നനവുള്ള ലിറ്ററും വൃത്തിഹീനമായ പരിസരവും ഈ രോഗത്തിന് കാരണമാണ്. ഒരു ഗ്രാം സ്ട്രെപ്റ്റോമൈസിന്‍ (ടൃേലുീ്യേരശി) ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തുടര്‍ച്ചയായി 3 ദിവസം കുടിക്കാന്‍ നല്‍കുന്നതാണ് നിയന്ത്രണ മാര്‍ഗ്ഗം.

3. കൊറൈസ (ശ്വാസകോശ രോഗം)

ശ്വാസകോശത്തേയും കുടലിനേയും ബാധിച്ചു പഴുപ്പുണ്ടാക്കുന്ന ഒരു രോഗമാണിത്. ഫുറാല്‍റ്റാഡോണ്‍ ഹൈഡ്രോ ക്ലോറൈഡ് 20 ശതമാനം എന്ന ഔഷധം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം എന്ന തോതില്‍ 5 ദിവസം നല്‍കാം.

4. അര്‍ശസ്സ് (ക്വയില്‍ ഡിസീസ്)

കാടകളില്‍ ഈ രോഗം സാധാരണയാണ്. ലിറ്റര്‍ നനയാതിരിക്കുകയും കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താല്‍ ഈ രോഗബാധയെ ഒഴിവാക്കാം.

കാടവളര്‍ത്തലില്‍ ശുചിത്വത്തിനു വളരെ പ്രധാനമായ പങ്കുണ്ട്. കൂടും പരിസരവും അണുനാശിനി തളിച്ച് അണുവിമുക്തമാക്കുകയും രോഗം ബാധിച്ച കാടകളെ കൂട്ടില്‍ നിന്നും ഉടന്‍ തന്നെ മാറ്റുകയും ചെയ്യുന്നത് രോഗബാധ ഒഴിവാക്കാന്‍ സഹായിക്കും.

3.0
Phumerkpn@gmail.com Jun 28, 2016 09:57 PM

കാട കുഞ്ഞുങ്ങൾ വയനാട്ടിൽ എവിടുന്നു കിട്ടും

സഊദ് Jun 18, 2016 07:07 AM

നന്ദി

jabir Apr 27, 2016 07:58 PM

kadakalkke vayil ninne vellam varunnathe rokam anooo

KALARAJ.S Nov 18, 2015 12:54 PM

നല്ല വിവരണങ്ങൾ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top