Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മത്സ്യകൃഷി / മത്സ്യബന്ധന മേഖല / പരമ്പരാഗത കടലറിവുകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പരമ്പരാഗത കടലറിവുകള്‍

പരമ്പരാഗത കടലറിവുകളുടെ പ്രാധാന്യം

പരമ്പരാഗത കടലറിവുകളുടെ പ്രാധാന്യം

 

സമൂഹത്തിലെ ദുര്‍ബലരായ തീരദേശവാസികള്‍  കാലങ്ങളായി അനുവര്‍ത്തിച്ച് ഉപജീവിച്ചുപോരുന്ന തൊഴിലാണ് മീന്‍പിടിത്തം. പ്രകൃതിയെയും പ്രകൃതിപ്രതിഭാസങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ച്  ആ മാറ്റങ്ങള്‍ക്കനുസൃതമായി സാഹസികമായി  തൊഴിലെടുക്കുന്ന ഇവരുടെ പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തില്‍ മൂന്നുലക്ഷത്തോളം പേര്‍ നേരിട്ട് തൊഴിലെടുക്കുകയും അതിന്റെ ഇരട്ടിയോളംപേര്‍ അനുബന്ധ തൊഴിലെടുക്കുകയും ചെയ്യുന്ന ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത്  കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്)  2013ല്‍ പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഒരു ചെയര്‍ സ്ഥാപിച്ച് വസ്തുനിഷ്ഠമായ രീതിയില്‍ കടലറിവുകളും പരമ്പരാഗത മീന്‍പിടിത്തക്കാരുടെ ജീവിതരീതിയും പാരമ്പര്യവും ഉള്‍പ്പടെയുള്ള വിലപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുകയും 500ല്‍ പരം അനുഭവസ്ഥരായ വിദഗ്ധരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് നിഗമനങ്ങളില്‍ എത്തുകയും ചെയ്തു. ഈ അറിവുകളില്‍ ചിത് ഇതാ:

 

നീരൊഴുക്കും മീന്‍പിടിത്തവും


നീരൊഴുക്കും പ്രവാഹവും കടലിന്റെ തനതു പ്രത്യേകതയാണ്. ഇത് ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യമാണെന്നും തന്മൂലം ഉണ്ടാവുന്ന വേലിയേറ്റവും വേലിയിറക്കവും മീന്‍പിടിത്തത്തെ ബാധിക്കുന്നതാണെന്നും പരമ്പരാഗത മീന്‍പിടിത്തക്കാര്‍ക്ക് അറിയാം. കാറ്റും നീറും പിശകുമ്പോള്‍ അതിരൂക്ഷമായ തിരമാലകള്‍ ഉണ്ടാവുമെന്നും ഒഴുക്കിന്റെ ഗതി മീന്‍പിടിത്തത്തിന് പ്രതികൂലമാകുമെന്നും നേരിട്ടറിയാവുന്നവര്‍. വിവിധ ദിശകളിലേക്ക് വലിയുള്ള നീരൊഴുക്കുകള്‍ മീന്‍പിടിത്തത്തിന് എത്രമാത്രം ഗുണകരമാകുമെന്ന് മനസ്സിലാക്കിയിട്ടു മാത്രമേ വല എറിയാറുള്ളു. അന്തരീക്ഷ വ്യതിയാനത്തില്‍ കാര്‍മേഘങ്ങള്‍ രൂപംകൊള്ളുന്നത് എപ്രകാരമെന്നും അതിന്റെ ഭാവപ്രകടനങ്ങള്‍ എങ്ങിനെയൊക്കെ ആവാമെന്നും മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്യും. തക്കംനോക്കി മുന്‍പിടിക്കാനും കെടുതികളില്‍നിന്ന് രക്ഷപ്പെടാനും എപ്പോഴും ജാഗ്രതയും പുലര്‍ത്തും. കാലാവസ്ഥാ വ്യതിയാനവും കാറ്റും കോളും പ്രകൃതിക്ഷോഭങ്ങളും നീരൊഴുക്കും മീന്‍പിടിത്തത്തിനു പറ്റിയതല്ലെന്നു കണ്ടാല്‍ തൊഴിലുപേക്ഷിച്ച് ക്ഷിപ്രവേഗത്തില്‍ പ്രാണനുംകൊണ്ട് കര താണ്ടാനും അനിതരസാധാരണമായ വൈഭവം അവര്‍ക്കുണ്ട്. അതുപോലെത്തന്നെ കടല്‍ ക്ഷോഭിക്കുന്ന ഇടവപ്പാതി അവസരങ്ങളില്‍ തിരയുടെ ആഞ്ഞടിക്കല്‍ യഥോചിതം മനസ്സിലാക്കി ഇടയാളത്തിന്റെ (ഒന്നും രണ്ടും പടിക്കടലിനിടയില്‍ 12–18 മീറ്റര്‍ വീതിയില്‍ ചിലയിടത്ത് കാണപ്പെടുന്ന താരതമ്യേന ശാന്തമായ പ്രദേശം)} സൌകര്യം പ്രയോജനപ്പെടുത്തി ആപത്തുകൂടാതെ മീന്‍പിടിത്ത വഞ്ചി ക്ഷിപ്രവേഗം കടലിലേക്കും വേല കഴിഞ്ഞ് തിരിച്ച് കരയിലേക്കും കുതിച്ചു പായിക്കാന്‍ അവര്‍ പ്രകടിപ്പിക്കുന്ന സാഹസികത നിശ്ചയമായും ആശ്ചര്യം ഉളവാക്കുന്നതാണ്.

അന്തരീക്ഷനിരീക്ഷണത്തിലൂടെ മീന്‍ വരവ്  പ്രവചിക്കല്‍:


ചില രാത്രികളില്‍ ആകാശത്തെമ്പാടും നക്ഷത്രക്കൂട്ടങ്ങള്‍ മിന്നുമ്പോള്‍ അവയുടെ സ്ഥാനവും വ്യാപ്തിയും സ്വഭാവവും അനുസരിച്ച് മീന്‍കാടിയാണെന്നു നിരീക്ഷിച്ച് രണ്ടുമൂന്ന് ദിവസത്തിനകം മത്സ്യക്കൂട്ടങ്ങള്‍ തീരക്കടലില്‍ എത്തിച്ചേരുമെന്ന് അവര്‍ പ്രവചിക്കുന്നത് മിക്കവാറും തെറ്റാറില്ല. ചില വൈകുന്നേരങ്ങളില്‍,പ്രത്യേകിച്ച് ചക്രവാളങ്ങളില്‍ സാര്‍വത്രികമായി കുങ്കുമരാശി പരിലസിക്കുമ്പോള്‍ അയലയുടെ കടന്നുവരവിനെയാണ് അത് സൂചിപ്പിക്കുന്നതെന്ന നിഗമനം പാഴാവാറില്ല.

കൂടാതെ കടലിന്റെ ഉപരിതലത്തിലേക്ക് നുരയും പതയുമായി കുമിളകള്‍ ഉതിര്‍ക്കുമ്പോള്‍ ചാളക്കൂട്ടങ്ങള്‍ അടിയിലൂടെ കടന്നുപോകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് തത്സമയം വല പെയ്ത് അവ ധാരാളമായി കോരിയെടുക്കുന്നതും സവിശേഷമായ പ്രക്രിയയാണ്. അയലക്കൂട്ടങ്ങള്‍ ആഴത്തില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഉപരിതലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കെറവ് (വെള്ളത്തിന്റെ ചെറിയ ചുഴികള്‍) കണ്ട് വലയെറിഞ്ഞ് സാമാന്യമായി മീന്‍പിടിക്കുന്നതും നാട്ടറിവിന്റെ മകുടോദാഹരണങ്ങളാണ്. കൂടാതെ കൂരിയും ഏട്ടയും നീന്തലിനിടയില്‍ മതിയം കാണിക്കുന്നതും മീന്‍പിടിത്തം എളുപ്പമാക്കാറുണ്ട്. മാത്രവുമല്ല, കടല്‍പക്ഷികള്‍, കൂട്ടത്തോടെ ചില പ്രദേശങ്ങളില്‍ പറന്നുവീഴുന്നതും ഇരയെടുത്ത് തിരിച്ച് പറന്നുയരുന്ന കേന്ദ്രവും ദിശയും മീന്‍കൂട്ടങ്ങളുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്നു മനസ്സിലാക്കി അതിവേഗം അവിടെ ചെന്ന് ധാരാളം മത്സ്യങ്ങളെ പിടിച്ചെടുക്കുന്നതും നാട്ടറിവുകളുടെ പിന്‍ബലത്തിലാണ്.

ചാകരയും പോള വീഴലും

 

ഇടവപ്പാതിയില്‍ കേരളതീരത്ത് വഴുവഴുപ്പന്‍ ചളിനിറഞ്ഞ ചില പ്രദേശങ്ങളില്‍ ചാകര പ്രത്യക്ഷപ്പെടാറുണ്ട്. തികച്ചും ഒരു ഭൌതിക–രാസ–ജൈവ പ്രതിഭാസമെന്ന് വിശേഷിപ്പിക്കുന്ന ശാന്തമായ കടല്‍പരപ്പാണത് (ചളിത്തട്ട്). തീരത്തോടടുത്ത് രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ അര്‍ധവൃത്താകൃതിയില്‍ രൂപപ്പെടുന്ന പ്രസ്തുത പ്രതിഭാസത്തിന്റെ ചുറ്റുപാടും പ്രക്ഷുബ്ധമായ തിരമാലകളാല്‍ മുഖരിതമാകും. ചാകരപ്രദേശം ആകപ്പാടെ പോഷകസമൃദ്ധവും ഉല്‍പ്പാദനമികവുള്ളതുമാകും. തീറ്റയ്ക്കും ചേക്കേറലിനും പറ്റിയ ശാന്തമായ ഇടമായതിനാല്‍ പരിസരപ്രദേശങ്ങളില്‍നിന്ന് ധാരാളം മീന്‍കൂട്ടങ്ങള്‍ ഇവിടേക്ക് കടന്നെത്തുക സ്വാഭാവികമാണ്. അപകടംകൂടാതെ നല്ലപോലെ മീന്‍ പിടിച്ചെടുക്കാന്‍വേണ്ടി നാനാഭാഗത്തുനിന്നും മത്സ്യത്തൊളിലാളികള്‍ ഇവിടെ കേന്ദ്രീകരിക്കുകയും പലതരം മീന്‍പിടിത്ത രീതികള്‍ പ്രയോഗിച്ച് ആവുന്നത്ര മത്സ്യ–ചെമ്മീന്‍ കോരിയെടുക്കുകയും ചെയ്യുന്നു. മീന്‍കച്ചടക്കാരും വ്യാപാരികളും മറ്റു വാണിഭക്കാരും വന്നെത്തുന്നതോടെ പ്രദേശം ഒരു ഉത്സവഛായയുടെ പ്രതീതിയില്‍ മുങ്ങുന്നു. രണ്ടു മൂന്ന് മാസത്തിനകം വാര്‍ഷിക മത്സ്യോല്‍പ്പാദനത്തിന്റെ പകുതിയിലധികം മത്സ്യ–ചെമ്മീന്‍ ഇവിടങ്ങളില്‍നിന്ന് കരയ്ക്കണയുന്നത് പരമ്പരാഗത മീന്‍പിടിത്തക്കാരുടെ സാമ്പത്തിക–സാമൂഹിക പുരോഗതിയില്‍ നല്ലപോലെ പ്രതിഫലിക്കാറുണ്ട്.

പോളവീഴലും മീന്‍ ചാവലും

കാലവര്‍ഷത്തിനുശേഷം തീരക്കടലില്‍ ചിലേടത്ത് അടിസ്ഥാന ഉല്‍പ്പാദനം ക്രമാതീതമായി പെരുകി അതിപോഷകത്വം സംഭവിക്കാറുണ്ട്. സൂക്ഷ്മ പായലുകളും സൂക്ഷ്മജീവികളും ധാരാളമായി വര്‍ധിച്ച് നാശത്തില്‍ കലാശിക്കാറുണ്ട്. ചിലപ്പോള്‍ നോക്ട്ടിലൂക്ക, പെരിഡീനിയം, സിറേഷ്യം എന്നീ ഡൈനോഫ്ളജലേറ്റുകള്‍ അമിതമായി പെരുകുമ്പോള്‍ വെള്ളം ചുവപ്പു നിറമായി തീരുന്നു. മീന്‍പിടിത്തക്കാര്‍ ഇതിനെ പോളവീഴല്‍ എന്ന് വിശേഷിപ്പിക്കും. രാത്രിയില്‍ സ്വയം പ്രകാശിക്കുന്ന (ബയോലൂമിനസെന്‍സ്) ഡൈനോഫ്ളജലേറ്റുകളെ സാധാരണയായി കാണാറുണ്ട് എന്ന് മത്സ്യത്തൊഴിലാളികള്‍ പറയും. ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ പുറംതള്ളുന്ന മീഥേന്‍, ഈഥേന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വിഷവാതങ്ങള്‍ വെള്ളത്തില്‍ ലയിക്കുകയും വിലയിത പ്രാണവായുവിന്റെ തോത് നിശ്ശേഷമായി തീരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ജലമേഖലയിലേക്ക് നീന്തിയെത്തുന്ന മത്സ്യങ്ങളും പ്രസ്തുത ജലം ഒഴുകിയെത്തുന്ന ഇടങ്ങളില്‍ അകപ്പെടുന്ന മത്സ്യങ്ങളുമൊക്കെ കൂട്ടച്ചാവലിന് വിധേയമാവുന്നു. അത്തരം മത്സ്യങ്ങള്‍ കഴിക്കുന്നവര്‍ക്കും ഒരുപക്ഷേ വിഷജ്വാല ഏല്‍ക്കേണ്ടിവരുന്നതും സംഭവിച്ചുകൂടായ്കയില്ല. ഉപരിയായി ചീഞ്ഞളിഞ്ഞ പായലുകളും ചണ്ടികളും മത്സ്യാവശിഷ്ടങ്ങളും മറ്റും കടല്‍തീരത്ത് അടിയുമ്പോള്‍ വമിക്കുന്ന ദുര്‍ഗന്ധം ഏവരെയും പൊറുതിമുട്ടിക്കാന്‍ പര്യാപ്തമാകും. കടപ്പുറത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഒന്നര–രണ്ടു മാസത്തിനുശേഷമേ സാധാരണ ഗതി വീണ്ടെടുക്കാനാവൂ. പ്രസ്തുത സ്ഥിതിവിശേഷം ടൂറിസ വികസനവും മത്സ്യബന്ധനവും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പ്രാരംഭംമുതല്‍ തലമുറ തലമുറ കൈമാറി അനുവര്‍ത്തിച്ചുപോന്ന കടലറിവുകള്‍ ഏറെ ഫലപ്രദമായി ഇപ്പോഴും പരമ്പരാഗത മീന്‍പിടിത്തക്കാര്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ അവയുടെ ക്രോഡീകരണത്തിനോ വ്യാപനത്തിനോ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന ദുഃഖസത്യം അവശേഷിക്കുന്നു. യന്ത്രവല്‍കൃത കാലഘട്ടത്തില്‍ എത്തരം മത്സ്യങ്ങളും ചൂഷണംചെയ്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കുമെങ്കിലും പ്രകൃതിസന്തുലനത്തിനുതകുന്ന സമീപനം അതില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നത് വളരെ ഗൌരവപൂര്‍വം തിരിച്ചറിയേണ്ടതാണ്. മാത്രവുമല്ല, അവയുടെ പ്രയോഗരീതികള്‍ വിനാശകരവും വിഭവശോഷണത്തിനും മത്സ്യ–ചെമ്മീന്‍ നാശത്തിനും ഇടവരുത്തും. നേരെമറിച്ച്, പ്രകൃതിസൌഹൃദമായ രീതിയില്‍ വിഭവസംരക്ഷണത്തിനും പരിപാലനതിനും ഉതകുന്ന ഒട്ടനവധി വിവരങ്ങളാണ് കടലറിവുകള്‍ പ്രദാനംചെയ്യുന്നത്. അറിയപ്പെട്ടതിനെക്കാള്‍ തീവ്രശ്രമം എന്ന നിലയില്‍ പ്രയോഗത്തിലുള്ള കടലറിവുകള്‍ സംരക്ഷിക്കാനും അറിയപ്പെടാത്തവയെ കണ്ടെത്തി ക്രോഡീകരിക്കാനും പ്രാമാണീകരിക്കാനും ഉചിതമായ പദ്ധതികള്‍ നിര്‍വഹിക്കപ്പെട്ടേ തീരു. സര്‍ക്കാരും ഇതര ഏജന്‍സികളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചാല്‍ കടലറിവുകളുടെ ഒരു സഞ്ചയംതന്നെ തയ്യാറാക്കാനും അനന്തര തലമുറയ്ക്ക് കൈമാറാനും സാധിക്കും.

കടപ്പാട് : പ്രൊഫ കെ എസ് പുരുഷന്‍

(കേരള ഫിഷറീസ് സര്‍വകലാശാലയില്‍ പണ്ഡിറ്റ് കറുപ്പന്‍ ചെയറില്‍ പ്രഫസര്‍ ഓഫ് എമിനന്‍സാണ് ലേഖകന്‍)

കടപ്പാട് : ദേശാഭിമാനി

3.16666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top