অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവാണുമിശ്രിതങ്ങള്‍

ട്രൈക്കോഡെര്‍മ

മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം കുമിളുകള്‍ക്കു രോഗകാരികളായ കുമിളുകളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെര്‍മ, പെനിസീലിയം, ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ട്രൈക്കോഡെര്‍മ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിള്‍ വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്‍റെ ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്. മിക്ക കുമിള്‍രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ജൈവീകരോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

മണ്ണില്‍ കണ്ടുവരുന്ന ട്രൈക്കോഡെര്‍മയെ പരീക്ഷണശാലയില്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കാവുന്നതാണ്. ചെടിയുടെ വേരുപടലത്തിനു ചുറ്റുമുള്ള മണ്ണില്‍നിന്നും അനുയോജ്യമായ മാധ്യമം (ജീമേീേ റലഃൃീലേെ മഴമൃ) ഉപയോഗിച്ച് ഇവയെ വളര്‍ത്തി എടുക്കുന്നു. ആരോഗ്യമുള്ള ചെടികളുടെ  വേരുപടലങ്ങളിലും ചുറ്റുമുള്ള മണ്ണിലും വീര്യമുള്ള ട്രൈക്കോഡെര്‍മ കാണാനുള്ള സാധ്യത ഏറെയാണ്. ഓരോ വിളകളുടെ രോഗനിയന്ത്രണത്തിനും അതാതു വിളകളുടെ വേരുപടലത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മയാണ് കൂടുതല്‍ ഉത്തമം. ഇപ്രകാരം വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മ മാധ്യമത്തില്‍ പച്ചപ്പൂപ്പലായി 3-4 ദിവസംകൊണ്ട് വളര്‍ന്നു വരും. മറ്റു കുമിളുകള്‍ ഇവയോടൊപ്പം വളരാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം ട്രൈക്കോഡെര്‍മയെ വേര്‍തിരിച്ചെടുക്കേണ്ടത്. ആവശ്യമായി വന്നാല്‍ ഇവയെ വീണ്ടും മാധ്യമത്തില്‍ ശുദ്ധീകരിച്ചെടുക്കാവുന്നതാണ്. രോഗാണുക്കളെ നശിപ്പിക്കാനും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനുമുള്ള ട്രൈക്കോഡെര്‍മയുടെ കഴിവ് വളരെ വ്യത്യസ്തമായിരിക്കും. പലതരം മണ്ണില്‍നിന്നും ട്രൈക്കോഡെര്‍മയുടെ ഒരു ബൃഹത്തായ ശേഖരം വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കേണ്ടതാണ്. രോഗാണുക്കളെ നശിപ്പിക്കുവാനുള്ള ട്രൈക്കോഡെര്‍മയുടെ ശേഷിയാണ് ആദ്യമായി നിര്‍ണ്ണയിക്കേണ്ടത്. രോഗാണുവും ട്രൈക്കോഡെര്‍മയും ഒരുപോലെ വളരുന്ന മാധ്യമത്തില്‍ രണ്ടു കുമിളുകളെയും ഒരുമിച്ചു വളര്‍ത്തി ട്രൈക്കോഡെര്‍മയുടെ നശീകരണശേഷി വിലയിരുത്താവുന്നതാണ്. ശത്രുകുമിളിനെ നശിപ്പിക്കാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ വളരെവേഗം വളരുകയും ശത്രുകുമിളിന്‍റെ മുകളില്‍ പടര്‍ന്നു പിടിച്ച് അവയെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ പരീക്ഷണം നടത്തിയ ശത്രുകുമിളിന്‍റെ പ്രതലം മുഴുവന്‍ ട്രൈക്കോഡെര്‍മയുടെ സ്വതസിദ്ധമായ പച്ചപൂപ്പല്‍കൊണ്ടു നിറയുന്നു. വിപുലമായ ശേഖരത്തില്‍നിന്നും ഏറ്റവും കൂടുതല്‍ ശേഷിയുള്ളവയെ തെരഞ്ഞെടുത്ത് ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികളില്‍ പ്രയോഗിച്ച് അവയുടെ രോഗനിയന്ത്രണശേഷിയും ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനുള്ള കഴിവും വിലയിരുത്താവുന്നതാണ്. ഇതില്‍നിന്നും രോഗനിയന്ത്രണത്തിനു ശേഷിയുള്ള ഏതാനും ഇനത്തെ വീണ്ടും തെരഞ്ഞെടുത്ത് പരീക്ഷണപാടങ്ങളിലും കര്‍ഷകരുടെ പാടങ്ങളിലും നിരവധി തവണ പരീക്ഷിച്ചു നോക്കിയതിനുശേഷം ഉത്തമശേഷിയുള്ളവയെ കണ്ടെത്തുന്നു. ഇവയെ പിന്നീട് കര്‍ഷകര്‍ക്ക് ഉപയോഗിക്കത്തക്കവിധം രൂപാന്തരപ്പെടുത്തി ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനരീതി

ട്രൈക്കോഡെര്‍മ സസ്യങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കുകയില്ല, മറിച്ച് രോഗഹേതുക്കളായ ഫൈറ്റോഫ്തോറ, പിത്തിയം, റൈസക്ടോണിയ, ഫ്യൂസേറിയം മുതലായ ശത്രു കുമിളുകളെ നശിപ്പിക്കുന്നു. ട്രൈക്കോഡെര്‍മ ഉല്‍പ്പാദിപ്പിക്കുന്ന, ട്രൈക്കോഡര്‍മിന്‍, വിറിസിന്‍, ഗ്ലൈയോറ്റോക്സിന്‍ തുടങ്ങി ആന്‍റിബയോട്ടിക്കുകളും മറ്റു വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ട്രൈക്കോഡെര്‍മയുടെ തന്തുക്കള്‍ രോഗഹേതുക്കളായ കുമിളുകളുടെ മുകളില്‍ വളര്‍ന്ന് അവയെ വരിഞ്ഞുചുറ്റി ആഹാരമാക്കി മാറ്റുന്നു. കുമിളുകളുടെ കോശങ്ങളെ ലയിപ്പിക്കുവാന്‍ ശേഷിയുള്ള കൈറ്റിനേസ്, ഗ്ലൂക്കനേസ്, സെല്ലുലുള്ള പ്രവര്‍ത്തനങ്ങളാല്‍ ട്രൈക്കോഡെര്‍മ കുമിളുകളും മണ്ണില്‍ ജൈവവസ്തുകളുടെ അഴുകലിനെ സഹായിക്കുന്നുണ്ട്. അങ്ങനെ മണ്ണിന്‍റെ ഘടന സംരക്ഷിക്കുകയും ജൈവവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മറ്റും ചെടികള്‍ക്കു ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രയോഗിക്കുന്ന രീതി
കമ്പോളത്തില്‍ കിട്ടുന്നതോ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതോ ആയ ട്രൈക്കോഡെര്‍മ ജൈവവളത്തോടൊപ്പമാണ് ഉപയോഗിക്കേണ്ടത്. ഇത് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയ്ക്കും ദീര്‍ഘകാലം മണ്ണില്‍ വസിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹായകരമാണ്. വേപ്പിന്‍പിണ്ണാക്ക് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നതിനാല്‍ ചാണകപ്പൊടിയോടൊപ്പം ഇല കലര്‍ത്തി ഉപയോഗിക്കുന്നതു വളരെ പ്രയോജനകരമാണ്.

ജൈവവളത്തില്‍ ട്രൈക്കോഡെര്‍മ തയാറാക്കല്‍

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ (90 കി.ഗ്രാം ചാണകപ്പൊടിയില്‍ 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്) കലര്‍ത്തിയ മിശ്രിതം തയാറാക്കുക. ഓരോ 100 കി.ഗ്രാം മിശ്രിതത്തോടൊപ്പം ഒന്നു മുതല്‍ രണ്ടു കി.ഗ്രാം വരെ ട്രൈക്കോഡെര്‍മ വിതറിയശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈര്‍പ്പം അധികമായി മിശ്രിതം കുഴഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈര്‍പ്പം അധികമായാല്‍ മിശ്രിതത്തില്‍ വായുലഭ്യത കുറയുകയും ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരം തയാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂനകൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ ഉപയോഗിച്ചു മൂടുക. ഒരാഴ്ച കഴിയുമ്പോള്‍ ഇങ്ങനെ തയാറാക്കിയ മിശ്രിതത്തിനു മുകളില്‍ പച്ചനിറത്തില്‍ ട്രൈക്കോഡെര്‍മയുടെ പൂപ്പല്‍ കാണാം. ശേഷം ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂനകൂട്ടി മൂടിയിടുക. ഇപ്രകാരം തയാറാക്കിയ ഒരു ഗ്രാം മിശ്രിതത്തില്‍ 10 ട്രൈക്കോഡെര്‍മ കോശങ്ങള്‍ ഉണ്ടായിരിക്കും. കാപ്പി തൊണ്ട് ലഭ്യമാണെങ്കില്‍ അതും ഇപ്രകാരം ട്രൈക്കോഡെര്‍മ വളര്‍ത്താന്‍ ഉപയോഗിക്കാം. ഈ മിശ്രിതം സാധാരണ ജൈവവളം ഉപയോഗിക്കുന്ന രീതിയില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പ്രക്രിയയിലൂടെ ചെടിക്ക് ആവശ്യമുള്ള മുഴുവന്‍ ജൈവവളവും ട്രൈക്കോഡെര്‍മ ഉപയോഗിച്ചു പോഷിപ്പിച്ച് പാടത്ത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. കമ്പോളത്തില്‍ കിട്ടുന്ന ട്രൈക്കോഡെര്‍മ അതുപോലെ പാടത്ത് ഉപയോഗിച്ചാല്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമെ വിളകള്‍ക്കു കിട്ടുകയുള്ളൂ. കൂടാതെ ഇതിന് ഏറെ ചെലവും വേണ്ടിവരും.വേപ്പിന്‍പിണ്ണാക്ക് കുമിളിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനാല്‍ ഇതിന്‍റെ അളവ് കൂട്ടുന്നതു നല്ലതാണ്. വേപ്പിന്‍പിണ്ണാക്ക് ലഭ്യമല്ലെങ്കില്‍ ചാണകപ്പൊടിയില്‍ മാത്രമായും മേല്‍പ്പറഞ്ഞ രീതിയില്‍ വളര്‍ത്തി ട്രൈക്കോഡെര്‍മ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ട്രൈക്കോഡെര്‍മയുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ട്രൈക്കോഡെര്‍മ സ്വാഭാവികമായി ചെറിയ അമ്ലത്വസ്വഭാവമുള്ള മണ്ണില്‍ വസിക്കുന്നതാകയാല്‍ കേരളത്തിലെ മണ്ണില്‍ കുമ്മായം ചേര്‍ക്കാതെതന്നെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.

കമ്പോസ്റ്റിനോടൊപ്പം ട്രൈക്കോഡെര്‍മ പ്രയോഗം

ചകിരിച്ചോറില്‍നിന്നും ഉല്‍പാദിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാവിധ കമ്പോസ്റ്റിലും അഴുകല്‍ പ്രക്രിയയ്ക്കുശേഷം ട്രൈക്കോഡെര്‍മ ഒരു ശതമാനം തോതില്‍ ചേര്‍ക്കുന്നതു വളരെ പ്രയോജനം ചെയ്യുന്നു. ഇതിലൂടെ വളം പ്രയോഗിക്കുന്ന വിളകളുടെ വേരുപടലത്തിനു ചുറ്റും ട്രൈക്കോഡെര്‍മയുടെ പ്രവര്‍ത്തനം ഉണ്ടാകുകയും അങ്ങനെ ശത്രുകുമിളുകളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും കഴിയുന്നു. കമ്പോസ്റ്റ് വളത്തിന്‍റെ തുടര്‍ന്നുള്ള അഴുകലിന് ട്രൈക്കോഡെര്‍മ സഹായകരമാണ്. എല്ലാവിധ ജൈവവളവും ട്രൈക്കോഡെര്‍മ കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും.

മറ്റു സൂക്ഷ്മാണുക്കളോടൊപ്പമുള്ള പ്രയോഗം

സസ്യങ്ങളുടെ രോഗനിയന്ത്രണത്തിനും പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും പലതരം സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്താറുണ്ട്. ജീവാണുവളമായി ഉപയോഗിക്കുന്ന അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഭാവകം ലഭ്യമാക്കുന്ന മൈക്കോറൈസ, ബാസില്ലസ് തുടങ്ങിയവയുമായി സഹവര്‍ത്തിച്ച് പോകുന്നതിനാല്‍ ഇവയുടെ കൂട്ടായ പ്രയോഗം സാധ്യമാണ്. എന്നാല്‍, പല ഫ്ളുറസന്‍റ് സ്യൂഡോമോണാസും ട്രൈക്കോഡെര്‍മയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ ഉപയോഗിക്കുന്ന കള്‍ച്ചര്‍ സഹവര്‍ത്തിച്ചുപോകും എന്നു തീര്‍ച്ചയില്ലെങ്കില്‍ സ്യൂഡോമോണസ് പ്രയോഗിച്ച് 10-15 ദിവസങ്ങള്‍ക്കുശേഷമേ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.

ട്രൈക്കോഡെര്‍മയുടെ ലഭ്യത

കേരളത്തിലെ മണ്ണില്‍നിന്നും വേര്‍തിരിച്ചെടുത്ത വ്യത്യസ്തമായ ട്രൈക്കോഡെര്‍മയുടെ ഒരു ശേഖരം വെള്ളായണി കാര്‍ഷിക കോളേജിലെ മൈക്രോബയോളജി സെന്‍ററില്‍ ലഭ്യമാണ്. പ്രധാന രോഗങ്ങള്‍ക്കു ഹേതുവായ ഫൈറ്റോഫ്തോറ, പിത്തിയം, ഫ്യുസേറിയം, റൈസോക്ടോണിയ മുതലായ കുമിളുകളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ ഇനങ്ങളെ വേര്‍തിരിച്ച് പാകപ്പെടുത്തി എടുത്തിട്ടുണ്ട്. ഈ കുമിളുകളെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു കേരള സംസ്ഥാന ബയോകണ്‍ട്രോള്‍ ലബോറട്ടറി, കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങള്‍, മൈക്രോബയോളജി സെന്‍റര്‍ മുതലായ സ്ഥാപനങ്ങള്‍വഴി കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നുണ്ട്.

കുരുമുളകിന്‍റെ ദ്രുതവാട്ടം നിയന്ത്രിക്കാന്‍ അനുയോജ്യമായ ട്രൈക്കോഡെര്‍മ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ട്രൈക്കോഡെര്‍മ ലോല്‍ജിബ്രാക്കിയേറ്റ് (T2), ട്രൈക്കോഡെര്‍മ വിരിഡി (T6), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസേര്‍ച്ച് വേര്‍തിരിച്ച് എടുത്ത ട്രൈക്കോഡെര്‍മ ഹാര്‍സിയാനം തുടങ്ങിയവ കര്‍ഷകര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ട്രൈക്കോഡെര്‍മ വൈറന്‍സ് (T9), T2 തുടങ്ങിയവ ഏലത്തിന്‍റെ അഴുകലിനു വളരെ ഫലപ്രദമാണ്. ഇഞ്ചിയുടെ ചീയലിനെ നിയന്ത്രിക്കാന്‍ പറ്റിയ ഒരിനമാണ് ട്രൈക്കോഡെര്‍മ വിരിഡി (T10). വാനില, പച്ചക്കറി തുടങ്ങിയവയിലെ കുമിള്‍രോഗങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ വേര്‍തിരിച്ചെടുത്ത T2, T6 കള്‍ച്ചറുകള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കുമിള്‍നാശിനിയോടൊപ്പം ട്രൈക്കോഡെര്‍മ ഉപയോഗിക്കരുത്.
  • കുമിള്‍നാശിനി ഉപയോഗിച്ച് 15 ദിവസം കഴിഞ്ഞു മാത്രമെ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.
  • രാസവളത്തോടൊപ്പം ഉപയോഗിക്കരുത്.
  • ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക.
  • ചാരം കലര്‍ന്ന ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്.
  • ട്രൈക്കോഡെര്‍മ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കാന്‍ ശ്രമിക്കണം.
  • അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കേരളത്തിലെ മണ്ണിന് അനുയോജ്യമായതുമായ ട്രൈക്കോഡെര്‍മ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
  • പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ ഉപയോഗിക്കണം.
  • ട്രൈക്കോഡെര്‍മ ചെടികളുടെ ഉള്ളില്‍കടന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗഹേതുക്കളായ കുമിളുകള്‍ ഉള്ളില്‍ കടന്ന് രോഗലക്ഷണം കണ്ടുതുടങ്ങിയ ചെടികളില്‍ ട്രൈക്കോഡെര്‍മയുടെ പ്രയോഗം ഏറെ ഫലവത്താകില്ല.
  • ബാക്ടീരിയകൊണ്ടുണ്ടാകുന്ന ഇലപ്പുള്ളി, വാടല്‍രോഗങ്ങള്‍ക്ക് ഇവ ഫലപ്രദമല്ല.

 

ഫ്ളൂറസന്‍റ് സ്യൂഡോമോണസ്

ജൈവരോഗ നിയന്ത്രണത്തിനോടൊപ്പംവിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഓരോ വിളയുടേയും ഉത്പാദനം കൂട്ടുവാന്‍ നമ്മള്‍ നിര്‍ബന്ധിതരായി. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍, തീവ്രവിള സംരക്ഷണ രീതികള്‍, രാസവളങ്ങള്‍, രാസകീടനാശിനികള്‍ എന്നിവയുടെ ഉപയോഗവും ആവശ്യമായി വന്നു. വിളകളിലെ രോഗങ്ങളെ അകറ്റാന്‍ കുമിള്‍ നാശിനികളുടെയും, കീടനാശിനികളുടേയും പ്രയോഗം ആവശ്യമായി തീര്‍ന്നു. മണ്ണിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് മണ്ണിലെ സൂക്ഷ്മാണുക്കളാണ്. മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളും, രോഗകാരികളായ സൂക്ഷ്മാണുക്കളും ചേര്‍ന്നാണ് മണ്ണിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള കീട-കുമിള്‍നാശിനിപ്രയോഗം ഈ സന്തുലിതാവസ്ഥയെ തകിടം മറിയിക്കുകയും, ഉപകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും, പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുകയും ചെയ്തു. വിളയോടൊപ്പം മണ്ണിനെയും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി രാസകീടനാശിനികളുടെ പ്രയോഗം പരമാവധി കുറച്ച് ജൈവമാര്‍ഗങ്ങളിലൂടെ രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മണ്ണില്‍ കാണുന്ന പല ഉപകാരികളായ കുമിളുകളെയും ബാക്ടീരിയയെയും പ്രയോജനപ്പെടുത്തി വിവിധ ജൈവികനിയന്ത്രണമാര്‍ഗങ്ങള്‍ പ്രായോഗികതലത്തില്‍ ഉപയോഗിക്കത്തക്കവണ്ണം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചില സൂക്ഷ്മ ജീവികള്‍ക്ക് രോഗഹേതുക്കളുടെ സൂക്ഷ്മ ജീവികളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്. മണ്ണില്‍കണ്ടുവരുന്ന ഇപ്രകാരമുള്ള ജീവാണുക്കളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫ്ളൂറസന്‍റ് സ്യുഡോമോണസ് ബാക്ടീരിയ.

മണ്ണില്‍ കാണുന്ന ഫ്ളൂറസന്‍റ് സ്യുഡോമോണസ് ബാക്ടീരിയ പരീക്ഷണശാലയില്‍ പ്രത്യേകതരം മാധ്യമത്തില്‍ വളര്‍ത്തുമ്പോള്‍ പ്രകാശ സ്വഭാവം കാണിക്കുന്നതിനാല്‍ ഫ്ളൂറസന്‍റ് സ്യൂഡോമോണസ് എന്ന് വിളിക്കുന്നു. വളരെ സൂക്ഷ്മമായ ദണ്ഡ് രൂപത്തിലുള്ള ഈ ബാക്ടീരിയ രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനുള്ള കഴിവും ഈ സൂക്ഷ്മാണുവിനുണ്ട്. ഈ ബാക്ടീരിയ വിളകളുടെ ഇല, തണ്ട്, വേര് മുതലായവ ഭാഗങ്ങളുടെ പ്രതലത്തില്‍ വസിക്കുന്നു. ചിലത് ചെടിയുടെ ഉള്ളില്‍ കടന്ന് പ്രവര്‍ത്തിക്കുന്നതായും കണ്ടിട്ടുണ്ട്. മണ്ണില്‍ നിന്നും, വേരിന്‍റെയും ഇലയുടെയും പ്രതലത്തില്‍ നിന്നും ഇവയെ അനുയോജ്യമായ മാധ്യമം ഉപയോഗിച്ച് ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കാവുന്നതാണ്. ചെടിക്കുള്ളില്‍ കാണുന്ന സ്യുഡോമോണസിനെ കോശങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്നതാണ്. ഇപ്രകാരം കിട്ടുന്ന സ്യുഡോമോണസിന്‍റെ പ്രവര്‍ത്തനശേഷി തികച്ചും വ്യത്യസ്തമായിരിക്കും. ഇവയില്‍ ഏറ്റവും ശേഷിയുള്ള സ്യുഡോമോണസിനെ പരീക്ഷണശാലയില്‍ രോഗാണുക്കളുമായുള്ള പരീക്ഷണങ്ങളിലൂടെ കണ്ടെത്താവുന്നതാണ്. ഇവയുടെ പ്രവര്‍ത്തനശേഷി പാടങ്ങളില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തിയശേഷം വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് കര്‍ഷകരുടെ ഉപയോഗത്തിനായി നല്‍കുന്നു.

രോഗനിയന്ത്രണത്തിന് ഫലവത്തായ സ്യുഡോമോണസ് പലരീതിയില്‍ മണ്ണിലും ചെടിയിലും വേരുപടലത്തിന് ചുറ്റുമുള്ളമണ്ണിലും പ്രവര്‍ത്തിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു. ഇവ അണുക്കള്‍ക്ക് മാരകമായ പൈല്യൂട്ടിയോറിന്‍, ഫീനാസീന്‍സ്, ഊമൈസിന്‍, ട്രൊപ്പലോണ്‍, പൈക്കോസയനില്‍ മുതലായ ആന്‍റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കുന്നു. രോഗാണുക്കള്‍ക്ക് ഇരുമ്പ് ലഭ്യമാകാത്ത രീതിയില്‍ സൈടറോഫോര്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനത്താല്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്‍റെ ലഭ്യതകുറയുകയും തത്ഫലമായി അവയുടെ നശീകരണം സാദ്ധ്യമാവുകയും ചെയ്യുന്നു. കോശഭിത്തികള്‍ ലയിപ്പിക്കുവാന്‍ കഴിവുള്ള എന്‍സൈമുകള്‍ ഉണ്ടാക്കാനുള്ള കഴിവ് സ്യുഡോമോണസിനുണ്ട്. ഉദാഹരണത്തിന് കുമിളുകളുടെ കോശങ്ങളിലെ പ്രധാനഘടകമായ കൈറ്റിന്‍ എന്ന പദാര്‍ത്ഥം വിഘടിപ്പിക്കുവാന്‍ കഴിവുള്ള 'കൈറ്റിനേസ്" എന്ന

എന്‍സൈം പല സ്യുഡോമോണസുകളും ഉത്പാദിപ്പിക്കുന്നു. ഈ സൂക്ഷ്മാണു ചെടിയുടെ പ്രതലങ്ങളിലും ഉള്ളിലും ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ചെടികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഇന്‍ഡോള്‍ അസറ്റിക് ആസിഡ് (കഅഅ), സൈറ്റോ കൈനിന്‍ മുതലായ ഹോര്‍മോണുകളും സ്യൂഡോമോണസ് ഉത്പാദിപ്പിക്കുന്നതിലൂടെ തണ്ടിന്‍റെയും വേരിന്‍റെയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

കേരള കാര്‍ഷിക സര്‍വ്വകലാശാല ഉരുത്തിരിച്ചെടുത്ത പി-1 സ്യൂഡോമോണസ് ഒരു മില്ലി ലിറ്റര്‍ മാദ്ധ്യമലായനിയില്‍ 70 മൈക്രോഗ്രാം വരെ ഇന്‍ഡോള്‍ അസറ്റിക് ആസിഡ് എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഐ.എ.എ.(കഅഅ) ഹോര്‍മോണ്‍ ഉത്പാദനത്തില്‍ പേരുകേട്ട അസോസ്പൈറില്ലം എന്ന ബാക്ടീരിയപോലും 50 മുതല്‍ 60 മൈക്രോഗ്രാം വരെ മാത്രമാണ് ഐ.എ.എ. ഉത്പാദിപ്പിക്കുന്നത്.

കേരളത്തിലെ വിളകളെ ബാധിക്കുന്ന പ്രധാനരോഗങ്ങളായ നെല്ലിന്‍റെ പോളരോഗം, ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ്, ഷീത്ത് റോട്ട്, കുരുമുളകിന്‍റെ ധ്രുതവാട്ടം, പൊള്ള്, ഇഞ്ചിയുടെ അഴുകല്‍, ബാക്ടീരിയല്‍ വാട്ടം, ഏലത്തിന്‍റെ അഴുകല്‍, റൈസക്ടോണിയ, ഫ്യൂസേറിയം എന്നീ കുമിളുകള്‍ വിവിധ വിളകളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, ആന്തൂറിയം പോലുള്ള ഉദ്യാനച്ചെടികളില്‍ ഉണ്ടാകുന്ന ഇലപ്പുള്ളിരോഗം മുതലായവയ്ക്ക് സ്യൂഡോമോണസ് വളരെ ഫലപ്രദമാണ്.

വെറ്റിലക്കൊടിയില്‍ സാന്തോമോണസ് ഉണ്ടാക്കുന്ന ഇലപ്പുള്ളിരോഗത്തിനും ഫൈറ്റോഫ്ത്തോറ കാരണമുള്ള അഴുകല്‍ രോഗത്തിനുമെതിരെ സ്യൂഡോമോണസ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാനിലയുടെ വളര്‍ച്ചക്കും കുമിള്‍രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.കുരുമുളക്, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയുടെ തവാരണകളിലും(ിൗൃലെൃ്യ) തോട്ടങ്ങളിലുമുള്ള കുമിള്‍ രോഗങ്ങള്‍ സ്യൂഡോമോണസ് ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. കുമിള്‍ രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ മാത്രമല്ല, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപയോഗിക്കാവുന്നതാണ്. തെങ്ങിന്‍റെ ഓലചീയല്‍ രോഗത്തിനെതിരെ സ്യൂഡോമോണസിന്‍റെ പ്രയോഗം രാസകുമിള്‍ നാശിനി ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് തെളിയിച്ചിട്ടുണ്ട്.

പ്രയോഗ രീതി

കുരുമുളക്

തവാരണകളില്‍ ഉണ്ടാകുന്ന വിവിധയിനം രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും വേരു പിടിക്കുന്നതിനും, വളര്‍ച്ചക്കും സ്യൂഡോമോണസ് പ്രയോഗിക്കാവുന്നതാണ്. വള്ളികള്‍ 15 മിനിട്ട്നേരം 250 ഗ്രാം സ്യൂഡോമോണസ് 750 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലക്കിയു ണ്ടാക്കിയ ലായനിയില്‍ മുക്കി പോളിത്തീന്‍ ബാഗില്‍ നട്ടശേഷം രണ്ട് ശതമാനം (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി) വീര്യത്തില്‍ സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക (റൃലിരവശിഴ). നാലാഴ്ച ഇടവിട്ട് ഈ പ്രയോഗം നടത്തണം. ഇലകള്‍ വന്നശേഷം ചുവട്ടില്‍ ഒഴിയ്ക്കുന്നതിനോടൊപ്പം ലായനി തളിക്കുകയും ചെയ്യാം. രോഗബാധയുള്ള നഴ്സറിയാണെങ്കില്‍ സ്യൂഡോമോണസിന്‍റെ പ്രയോഗം 10 ദിവസം ഇടവിട്ട് നല്‍കണം. തോട്ടത്തില്‍ മാറ്റി നടുന്ന തടത്തിലും ഈ ലായനി ഒഴിച്ചുകൊടുക്കേണ്ടതാണ്. വളര്‍ന്ന തൈകള്‍ക്ക് ഇടവപ്പാതിക്കും തുലാവര്‍ഷത്തിനും തൊട്ട്മുമ്പായി ചുവട്ടില്‍ ഒഴിക്കുകയും തളിയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗബാധയുണ്ടാകാതെ സംരക്ഷിക്കാം. തോട്ടത്തില്‍ കാര്യമായ രാഗബാധ ഉണ്ടെങ്കില്‍ 15 ദിവസം ഇടവിട്ട് പ്രയോഗിക്കണംഇഞ്ചി

ഇഞ്ചിയുടെ അഴുകലും വാട്ടരോഗങ്ങളും നിയന്ത്രിക്കുന്നതിന് വിത്ത് രണ്ട് ശതമാനം സ്യൂഡോമോണാസ് ലായനിയില്‍ 15 മിനിട്ട് മുക്കി വച്ചശേഷം നടുക. ഇഞ്ചി കിളിര്‍ക്കുന്നതിനോടൊപ്പം ഇലവരുമ്പോള്‍ ഈ ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. രോഗലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ 2-3 പ്രാവശ്യം രണ്ടാഴ്ച ഇടവിട്ട് തളിക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്.

പച്ചക്കറികള്‍

1. സ്യൂഡോമോണസ് നല്‍കിയ തക്കാളി തൈകള്‍.

2. സ്യൂഡോമോണസ് നല്‍കാത്ത തക്കാളിതൈകള്‍ നശിച്ച നിലയില്‍

തവാരണകളില്‍ വിത്ത് കിളിര്‍ത്തശേഷം 2 ശതമാനം സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകാവുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. പറിച്ചുനടുമ്പോള്‍ സാന്ദ്രതകൂടിയ (250 ഴാ ശി 750 ാഹ) ലായനിയില്‍ 10-15 മിനിറ്റ് നേരം വേര് മുക്കി വച്ചശേഷം നടുക. പറിച്ചുനട്ട് 3-4 ആഴ്ചയ്ക്ക് ശേഷം 2 ശതമാനം വീര്യത്തിലുള്ള ലായനി തളിയ്ക്കുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ കുമിള്‍, ബാക്ടീരിയ മുതലായവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ നയന്ത്രിക്കാവുന്നതാണ്.

വാടല്‍രോഗത്തില്‍ നിന്നും തക്കാളിയെ സ്യൂഡോമോണസ് സംരക്ഷിക്കുന്നു.

ധഇ സ്യൂഡോ മോണസ് നല്‍കാത്തത്. ജ1- സ്യൂഡോമോണസ് നല്‍കി സംരക്ഷിക്കപ്പെട്ടത്പവെറ്റിലക്കൊടി

വെറ്റിലക്കൊടിയുടെ ഇലപ്പുള്ളിരോഗവും അഴുകലും നിയന്ത്രിക്കുന്നതിലേക്കായി നടുന്ന തണ്ട് സ്യൂഡോമോണസിന്‍റെ കട്ടിയായ ലായനിയില്‍ മുക്കി നടുകയും, നട്ടശേഷം 30 ദിവസം ഇടവിട്ട് ലായനി തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും വേണം.

വാനില

ഓര്‍ക്കിഡ് വിഭാഗത്തിലെ ചെടികള്‍ക്കുവരുന്ന ഇലപ്പുള്ളി, അഴുകല്‍ രോഗങ്ങള്‍ക്ക് സ്യൂഡോമോണസ് വളരെ ഫലപ്രദമാണ്. വെറ്റിലക്കൊടിയുടെ പ്രയോഗരീതി വാനിലയ്ക്കും സ്വീകരിക്കാവുന്നതാണ്.

നെല്ല്

വിത്തില്‍പുരട്ടിയും, ലായനിയില്‍ വേരുമുക്കിയും, ചെടികളില്‍ തളിച്ചും, ജൈവവളത്തോടൊപ്പം മണ്ണില്‍ ചേര്‍ത്തും നെല്ലിന് സ്യൂഡോമോണസ് പ്രയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുമൂലം നെല്ലിന്‍റെ പല പ്രധാന രോഗങ്ങള്‍ക്കും ശമനം ഉണ്ടാകുന്നു.

വിത്തില്‍ പുരട്ടുന്നതിനായി 10 ഗ്രാം സ്യൂഡോമോണാസ് പൊടി ഒരു കി.ഗ്രാം വിത്തിന് എന്ന തോതില്‍ വിത്ത് മുളപ്പിക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കലര്‍ത്തി 6-8 മണിക്കൂര്‍ വെയ്ക്കുക. അതിനുശേഷം അധികമുള്ള വെള്ളം വാര്‍ത്ത് കളഞ്ഞ് മുളയ്ക്കും

വാനിലയുടെ നല്ലവളര്‍ച്ചയ്ക്കും, രോഗപ്രതിരോധശേഷിക്കും സ്യൂഡോമോണസ് അത്യുത്തമം. (സ്യൂഡോമോണസ് നല്‍കിയചെടി -ഇടത്ത്, നല്‍കാത്തത് - വലത്ത്)

വാനായി വയ്ക്കുക. ഇപ്രകാരം മുളപ്പിച്ച വിത്ത് തവാരണകളില്‍ വിതയ്ക്കുക. ഞാറ് പറിച്ചു നടുമ്പോള്‍ സാന്ദ്രതകൂടിയ സ്യൂഡോമോണസ് ലായനി (250ഴ ശി 750ാഹ) യില്‍ 10-15 മിനിട്ട് നേരം വേര് മുക്കി വച്ചശേഷം നടുക. പറിച്ചുനട്ട് 30 ദിവസത്തിനകം പാടത്ത് 20 കി.ഗ്രാം ചാണകത്തിന് 1 കി.ഗ്രാം സ്യൂഡോമോണസ് എന്ന തോതില്‍ കലര്‍ത്തി മണ്ണില്‍ ചേര്‍ത്ത്കൊടുക്കാവുന്നതാണ്. ഇലകളില്‍ തളിക്കുന്നതിനായി 2 ശതമാനം വീര്യത്തിലുള്ള ലായനി പറിച്ചുനട്ട് 45-ാം ദിവസം പ്രയോഗിക്കാവുന്നതാണ്. മണ്ണില്‍ ചേര്‍ത്തുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ 2% ലായനി 30-ാം ദിവസം തളിച്ചുകൊടുക്കുക. രോഗലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം തളിച്ചുകൊടുക്കേണ്ടതാണ്.

അലങ്കാരപുഷ്പച്ചെടികള്‍

ആന്തൂറിയത്തില്‍ കാണുന്ന ബാക്ടീരിയല്‍ ബ്ലൈറ്റ്, ഇലപ്പുള്ളി രോഗങ്ങള്‍ എന്നിവയ്ക്കും, ഓര്‍ക്കിഡിലെ ഫൈറ്റോഫ്ത്തോറ അഴുകല്‍ രോഗത്തിനും സ്യൂഡോമോണസ് ലായനി (2%) ഫലപ്രദമാണ്. രോഗത്തിന്‍റെ കാഠിന്യമനുസരിച്ച് ഇടവേള കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

മേല്‍പറഞ്ഞ രോഗങ്ങള്‍ക്കുപുറമെ മറ്റുവിളകളില്‍ കാണുന്ന കുമിള്‍, ബാക്ടീരിയ രോഗങ്ങള്‍ക്കും സ്യുഡോമോണസ് ഫലപ്രദമാണ്. രണ്ടു ശതമാനം വീര്യത്തിലുള്ള ലായനി രോഗങ്ങളുടെ കാഠിന്യമനുസരിച്ച് ചെടികളില്‍ തളിക്കുകയും മണ്ണില്‍ പ്രയോഗിക്കുകയും ചെയ്ത് നിയന്ത്രണം സാദ്ധ്യമാക്കാവുന്നതാണ്. ഉത്പാദന രീതി

വ്യാവസായികാടിസ്ഥാനത്തില്‍ സ്യൂഡോമോണസ് ലായനി 100 മുതല്‍ 1000 ലി. വരെയോ അതില്‍ കൂടുതലോ ശേഷിയുള്ള ഫെര്‍മെന്‍ററുകളില്‍ ഉല്പാദിപ്പിക്കാം. ഇവയുടെ വളര്‍ച്ചയ്ക്ക് വേണ്ട പോഷക ലായിനി(കിഗഡ്-ബി. മീഡിയം)ഫെര്‍മെന്‍ററുകളില്‍ നിറച്ച് അണുവിമുക്തമാക്കിയശേഷം, വേര്‍തിരിച്ചെടുത്ത സ്യൂഡോമോണസിനെ ശാസ്ത്രീയമായി ഇവയില്‍ ചേര്‍ക്കുന്നു. സ്യൂഡോമോണസിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ താപവും വായുവും നല്‍കുവാനുള്ള സംവിധാനം ഇത്തരം ഫെര്‍മെന്‍റുകളിലുണ്ട്. ലായനിയില്‍ 7-10 ദിവസം വരെ ഈ ബാക്ടീരിയ വളരുമ്പോള്‍ ഒരു മി.ലിറ്ററില്‍ ഏകദേശം 1013 ബാക്ടീരിയകള്‍ കാണും. ഇങ്ങനെ വളര്‍ത്തിയ ലായനി അണുവിമുക്തമാക്കിയ ടാല്‍ക് പൊടിയുമായി കലര്‍ത്തി കവറുകളില്‍ നിറയ്ക്കുന്നു.

സ്യൂഡോമോണസ് വളര്‍ത്തുന്ന രീതികള്‍

കര്‍ഷകര്‍ക്ക് സ്വന്തം ഉപയോഗത്തിനായി വീടുകളില്‍ തന്നെ ചെറിയ തോതില്‍ ഇത് ഉത്പാദിപ്പിക്കാവുന്നതാണ്. 500 മി.ലിറ്റര്‍ ശേഷിയുള്ള ഗ്ലൂക്കോസ് കുപ്പികള്‍ ഇവ വളര്‍ത്താന്‍ ഉപയോഗിക്കാം. പെപ്റ്റോണ്‍ 20 ഗ്രാം, പൊട്ടാസ്യം മോണോ ഹൈഡ്രജന്‍ ഫോസ്ഫേറ്റ് 1.5 ഗ്രാം മെഗ്നീഷ്യം സള്‍ഫേറ്റ് 1.5 ഗ്രാം, ഗ്ലിസറോള്‍ 10 മില്ലിലിറ്റര്‍ എന്നിവ ഒരു ലി. വെള്ളത്തില്‍ കൃത്യമായി അളന്ന് കലര്‍ത്തി എടുക്കുന്ന ലായനി 250 മി.ലി. വീതം വൃത്തിയാക്കിയ ഗ്ലൂക്കോസ് കുപ്പികളില്‍ എടുക്കുക. പഞ്ഞികൊണ്ട് ഈ കുപ്പികള്‍ നന്നായി മുറുക്കി അടച്ചശേഷം പേപ്പര്‍കൊണ്ട് മൂടി റബ്ബര്‍ബാന്‍റ് ഇടുക. ഇപ്രകാരം തയ്യാറാക്കിയ കുപ്പികളിലുള്ള ലായനി ഒരു പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാവുന്നതാണ്. ഇതിനായി കുക്കറില്‍ 1 ഇഞ്ച് ഘനത്തില്‍ വെള്ളം എടുക്കുക. എന്നിട്ട് കുപ്പികള്‍ ഒരു പാത്രത്തില്‍(ടലുമൃമീൃേ പോലെയുള്ള)അടുക്കിവെച്ച് കുക്കറില്‍ ഇറക്കി വയ്ക്കുക. കുക്കറിന്‍റെ മൂടി അടച്ചു തീയില്‍(ഴമെ ളഹമാല)വയ്ക്കുക. കുക്കറിന്‍റെ വാല്‍വിലൂടെ ആവി വന്നു തുടങ്ങിയശേഷം കട്ടി ഇടുക. വിസില്‍ കേട്ട് വീണ്ടും 15 മിനിട്ട് തുടര്‍ച്ചയായി ചൂടാക്കുക. നിശ്ചിത സമയത്തിനുശേഷം തീയില്‍ നിന്നും മാറ്റി തണുത്ത ശേഷം മൂടി മാറ്റി കുപ്പികള്‍ പുറത്തെടുക്കുക. ഏതെങ്കിലും ഒരു മുറിയുടെ മൂലയില്‍ കാറ്റ് നേരിട്ട് അടിക്കാത്ത സ്ഥലത്ത് ഒരു മേശയുടെ പുറത്ത് നിരത്തി വയ്ക്കുക.

മേശയുടെ മുകളില്‍ ഗ്യാസ് ബര്‍ണറോ, സ്പിരിറ്റ് വിളക്കോ അല്ലെങ്കില്‍ കട്ടിയുള്ള ഒരു വലിയ മെഴുകുതിരിയോ കത്തിച്ചുവച്ച് അണുവിമുക്തമാക്കിയ മാദ്ധ്യമലായനിയിലേക്ക് മാതൃകള്‍ച്ചര്‍ ലായനി ശ്രദ്ധാപൂര്‍വ്വം ചേര്‍ക്കുക. 10 മി.ലി മാതൃലായനി വീതം ഓരോ കുപ്പിയിലും ശ്രദ്ധാപൂര്‍വ്വം പഞ്ഞിമാറ്റി ചേര്‍ക്കേണ്ടതാ ണ്. അതിനുശേഷം പഞ്ഞി അടപ്പുകള്‍ തിരികെ അടച്ച് പേപ്പര്‍ കൊണ്ട് മൂടി റബ്ബര്‍ബാന്‍റ് ഇടുക. ഓരോ കുപ്പിയും തീയുടെ അടുത്തുവച്ച് തുറന്ന് എത്രയും പെട്ടെന്ന് മാതൃകള്‍ച്ചര്‍ ഒഴിച്ച് അടയ്ക്കാന്‍ ശ്രദ്ധിക്കണം. ഇപ്രകാരം തയ്യാറാക്കിയ കുപ്പികളില്‍ ഒരാഴ്ചകൊണ്ട് സ്യൂഡോമോണസ് വളര്‍ന്ന് ഒരു മി.ലിറ്ററില്‍ 1011 ബാക്ടീരിയ വരെ കാണാം. ലായനിയുടെ നിറം മഞ്ഞയായി മാറുകയും ചെയ്യും. ഇങ്ങനെ തയ്യാറാക്കിയ ലായനി രണ്ടാഴ്ചവരെ സൂക്ഷിക്കുകയും 2 ശതമാനം വീര്യത്തില്‍ ചെടികളില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ നാളുകള്‍ സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ നന്നായി ഉണക്കിപ്പൊടിച്ച ചാരം ചേരാത്ത ചാണകം, ഉണങ്ങിയതും ഉപ്പ് രസം ഇല്ലാത്തതുമായ ചകിരിച്ചോറ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഇവയില്‍ ഏതെങ്കിലും ഒന്ന് 500 ഗ്രാം വീതം പോളി പ്രൊപ്പിലീന്‍ കവറിലെടുത്ത് കുക്കറില്‍ വച്ച് മുകളില്‍ പറഞ്ഞ പ്രകാരം അണുവിമുക്തമാക്കിയശേഷം തണുക്കാന്‍ അനുവദിയ്ക്കുക. തണുത്തശേഷം കവറൊന്നിന് 100 മി.ലി. വീതം മാതൃലായനി ശ്രദ്ധാപൂര്‍വ്വം ഒഴിച്ച് റബ്ബര്‍ ബാന്‍റ് ഇട്ട് കവറിന്‍റെ പുറത്തുകൂടി നന്നായി ഇളക്കി ചേര്‍ക്കുക. ഇപ്രകാരം രൂപപ്പെടുത്തിയ സ്യൂഡോമോണസ് കള്‍ച്ചര്‍ രണ്ടു മൂന്നുമാസം വരെ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം 2 മുതല്‍ 5 ശതമാനം വരെ വീര്യത്തില്‍ കലക്കി ഇവ വിളകളുടെ ചുവട്ടില്‍ ഒഴിക്കാവുന്നതാണ്. ടാല്‍ക് പോലെ സൂക്ഷ്മപൊടി അല്ലാത്തതിനാല്‍ സ്പ്രെയറുകളിലൂടെ തളിക്കാന്‍ ബുദ്ധിമുട്ടാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കേരളത്തിലെ മണ്ണിന് അനുയോജ്യമായതുമായ സ്യൂഡോമോണസ് കള്‍ച്ചര്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

2. രാസവളങ്ങള്‍ക്കൊപ്പം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക

3. രാസവളങ്ങള്‍/രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ 15 ദിവസം കഴിഞ്ഞുമാത്രമെ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂ.

4. ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.

5. സ്യൂഡോമോണസ് ഉപയോഗിച്ച് 10 ദിവസം കഴിഞ്ഞുമാത്രമെ ട്രൈക്കോഡെര്‍മ പ്രയോഗിക്കാവൂ.

6. സസ്യസംരക്ഷണത്തിനുപയോഗിക്കുന്ന രാസകീടകുമിള്‍നാശിനികള്‍ക്കൊപ്പം

ഉപയോഗിക്കരുത്.

7. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാകുന്നു.

8. ജീവാണുവളങ്ങളുമായി ചേര്‍ത്ത് ഉപയോഗിക്കാതിരിക്കുക.

9. മണ്ണില്‍ ഈര്‍പ്പമുള്ള സമയത്ത് പ്രയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

10. പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്ക് മുമ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ തയ്യാറാക്കിയ ലായനി രണ്ടാഴ്ചവരെ സൂക്ഷിക്കുകയും 2 ശതമാനം വീര്യത്തില്‍ ചെടികളില്‍ തളിക്കുകയോ ചുവട്ടില്‍ തവാരണയില്‍ കുരുമുളകിന്‍റെ വളര്‍ച്ചയിലും വാടല്‍

 

 

 

 

 

 

 

 

അവസാനം പരിഷ്കരിച്ചത് : 11/6/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate