Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജൈവകുരുമുളക്

കൂടുതല്‍ വിവരങ്ങള്‍

ജൈവ കുരുമുളക് - ആമുഖം

(ORGANIC BLACK PEPPER)

'കറുത്തപൊന്ന്' എന്നറിയപ്പെടുന്ന കുരുമുളക് മുൻകാലങ്ങളിൽതന്നെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് കുരുമുളക് ഉത്പന്നത്തെ  അപേക്ഷിച്ച് ജൈവരീതിയിൽ ഉത്പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച കുരുമുളക് ഉത്പന്നങ്ങൾക്ക്  വിപണിയിൽഉയർന്നവില ലഭിക്കുന്നു.ജൈവകൃഷിരീതികൾ അവലംബിച്ചുകൊണ്ട് ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾക്ക് മുമ്പെങ്ങുമില്ലാത്തവിധം ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്‌. അതുകൊണ്ടുതന്നെ ഇത്തരം ഉത്പന്നങ്ങൾക്ക് കൂടുതൽ വിലയും ലഭിക്കുന്നു. ഇവയുടെ  മറ്റൊരു ഗുണം  ഇത്  പ്രകൃതിക്കോ  ആവാസവ്യവസ്ഥയ്ക്കോ  ഒരു തരത്തിലുമുള്ള തകരാറും ഉണ്ടാക്കുന്നില്ല എന്നതാണ്.

ഒരു കാർഷിക ഉത്പന്നം ജൈവരീതിയിൽ ഉത്പാദിപ്പിച്ച് ജൈവ ഉത്പന്നം എന്ന പേരിൽ വിപണനം ചെയ്യണമെങ്കിൽ അംഗീകൃത ഏജൻസികളുടെ സാക്ഷ്യപത്രം ആവശ്യമാണ്. ഈ സാക്ഷ്യപത്രം ലഭിക്കണമെങ്കിൽ കൃഷിയിലുടനീളം ഈ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം. കുരുമുളകിൻറെ ജൈവ കൃഷിരീതിയിലൂടെയുള്ള  ഉത്പാദനത്തിൻറെ  ഒരു സംക്ഷിപ്ത രൂപം  ഇവിടെ കൊടുത്തിരിക്കുന്നു. വിള പരിപാലനം, വിളവെടുപ്പ്, സംസ്കരണം തുടങ്ങിയവയാണ് ഇതിൽപ്പെടുന്നത്.

ഇനങ്ങൾ

കൃഷിചെയ്തുവരുന്ന മിക്ക കുരുമുളകിനങ്ങളും ദ്വിലിംഗ സസ്യങ്ങളാണ്. ഇന്ത്യയിൽ ഏകദേശം 75-ഓളം കുരുമുളകിനങ്ങൾ കൃഷിചെയ്തുവരുന്നുണ്ട്. കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള നാടൻ ഇനം കരിമുണ്ടയാണ്. വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മറ്റു  നാടൻ  ഇനങ്ങൾ കൊറ്റനാടൻ (തെക്കൻ കേരളം), നാരായക്കൊടി (മദ്ധ്യകേരളം), അയിമ്പിരിയൻ (വയനാട്), നീലമുണ്ടി (ഇടുക്കി), കുതിരവള്ളി (കോഴിക്കോട്, ഇടുക്കി), ബാലൻകോട്ട, കല്ലുവള്ളി (വടക്കൻ കേരളം), മല്ലിഗേശ്വര, ഉദ്ദഗരേ (കർണ്ണാടകം) എന്നിവയാണ്. കുതിരവള്ളി, ബാലൻകോട്ട എന്നീ ഇനങ്ങളിൽ നിന്ന് ഒന്നിടവിട്ട വർഷങ്ങളിലേ വിളവ്‌ ലഭിക്കുകയുള്ളൂ. ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അത്യുത്പാദനശേഷിയുള്ള നിരവധി കുരുമുളകിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇവയിൽ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ശുഭകര, ശ്രീകര, പഞ്ചമി, പൗർണമി, ശക്തി, തേവം, ഗിരിമുണ്ട  എന്നിവയും  കാർഷിക സർവകലാശാലയുടെ പന്നിയൂർ ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത പന്നിയൂർ-1, പന്നിയൂർ-2, പന്നിയൂർ-3, പന്നിയൂർ-4, പന്നിയൂർ-5, പന്നിയൂർ-6, പന്നിയൂർ-7 എന്നിവയും പ്രധാനപ്പെട്ടവയാണ്. മേൽപറഞ്ഞവയിൽ 'പൗർണമി',  നിമാവിരകൾ മൂലമുള്ള സാവധാനവാട്ടവും "ശക്തി", "തേവം" എന്നിവ ദ്രുതവാട്ടത്തെയും പ്രതിരോധിക്കാൻ കഴിവുള്ളതാണ്.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാപ്രദേശങ്ങളിൽമാത്രം വളരുന്ന ഒരു വിളയാണ് കുരുമുളക്. ധാരാളം മഴയും, ഈർപ്പവും, മിതമായ ചൂടും അനുഭവപ്പെടുന്ന പശ്ചിമഘട്ടപ്രദേശമാണ് ഈ വിളയ്ക്ക് ഏറ്റവും അനുയോജ്യം. കുരുമുളകുചെടിക്ക് 10ഡിഗ്രി സെൽഷ്യസിനും 40ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കുള്ള ഊഷ്മാവ് താങ്ങുവാൻ കഴിയും. എന്നാൽ  ഏറ്റവും അനുയോജ്യമായ താപനില 20°C നും 30°C നും ഇടയ്ക്കാണ്. കുരുമുളക്‌ കൃഷിചെയ്യുന്ന പ്രദേശങ്ങൾ ഭൂമധ്യരേഖയുടെ വടക്കും തെക്കുമായി അക്ഷാംശം 20 ഡിഗ്രിയ്ക്കുള്ളിൽ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 1500മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ കുരുമുളക് കൃഷി ചെയ്യാം. കുരുമുളകുകൃഷിക്ക് 125 മുതൽ 200സെ.മീ. തോതിൽ ക്രമമായ വർഷപാതം ആവശ്യമാണ്. വിവിധതരം മണ്ണിൽ കുരുമുളക് കൃഷിചെയ്യാമെങ്കിലും ധാരാളം ജൈവാംശമുള്ള തരിയും ചരലും കലർന്ന ചുവന്ന ലാറ്ററേറ്റ് മണ്ണാണ് ഏറ്റവും അനുയോജ്യം. പി.എച്ച്. മൂല്യം 4.5 - 6 വരെ ഉള്ള മണ്ണാണ് കുരുമുളക് ചെടിക്ക് ഉത്തമം.

പശ്ചിമതീരപ്രദേശങ്ങളിൽ  താഴെപറയുന്ന  കൃഷി സമ്പ്രദായങ്ങളാണ് അനുവർത്തിച്ചുവരുന്നത്.

 1. തീരപ്രദേശങ്ങളിലെ വീട്ടുവളപ്പുകളിൽ തുണ്ടുഭൂമിയിൽ കൃഷിചെയ്യുന്ന രീതി.
 2. മദ്ധ്യ ഭൂപ്രദേശങ്ങളിൽ വിശാലമായി തോട്ടവിളയായി കൃഷിചെയ്യുന്ന രീതി.
 3. 800 മുതൽ 1500 മീറ്റർ വരെ  സമുദ്രനിരപ്പിൽ നിന്നുയർന്ന മലയോര പ്രദേശങ്ങളിലെ കാപ്പി, ചായ, ഏലം, തോട്ടങ്ങളിലെ  തണൽ വൃക്ഷങ്ങളിൽ  പടർത്തി കൃഷിചെയ്യുന്ന രീതി.

നടീൽ വസ്തു

കുരുമുളകുമണി മുളച്ചുണ്ടാകുന്ന  തൈകൾക്ക് മാതൃചെടിയുടെ അതേ ഗുണം ലഭിക്കുകയില്ല. ആയതിനാൽ നല്ല ഗുണമേന്മയുള്ള ചെടികളുടെ വള്ളികൾ ഉപയോഗിച്ചാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുവാൻ ഓരോ പ്രദേശത്തിനും യോജിച്ച വള്ളികളാണ് തിരഞ്ഞെടുക്കുന്നത്.

ഗുണമേന്മയുള്ള തുടർച്ചയായി നല്ല വിളവ് നൽകുന്ന രോഗ-കീടപ്രതിരോധശേഷി കൂടുതലുള്ള 5-12 വർഷം പ്രായമായ ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച ചെടികളാണ് തൈകൾക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. എന്നിരുന്നാലും ഇവയുടെ അഭാവത്തിൽ പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിച്ച ചെടികൾ തുടക്കത്തിൽ ഉപയോഗിക്കാവുന്നതാണ്.

വേരുപിടിച്ച കുരുമുളക് തൈകളുടെ ഉത്പാദനം

(പരമ്പരാഗത രീതി)

മാതൃവള്ളികൾ ഒക്ടോബർ-നവംബർ മാസമാവുമ്പോൾ തിരഞ്ഞെടുത്ത് അവയുടെ ചെന്തലകൾ മണ്ണിൽ പടർന്ന് വേരിറങ്ങാതിരിക്കുവാൻ മരക്കൊമ്പുകൾ നാട്ടി അവയിൽ ചുറ്റിവയ്ക്കേണ്ടതാണ്. ചെന്തലകൾ ഫെബ്രുവരി-മാർച്ച് മാസത്തിൽ മാതൃവള്ളിയിൽനിന്നും വേർപെടുത്തി, ഇലകൾ അടർത്തി രണ്ടോ മൂന്നോ മുട്ടുകളുള്ള കഷ്ണങ്ങളാക്കി, ഫലപുഷ്ടിയുള്ള മണ്ണ് നിറച്ച് ആവശ്യാനുസരണം സുഷിരമുള്ള പോളിത്തീൻ ബാഗുകളിൽ നട്ടതിനുശേഷം വേണ്ടവിധത്തിൽ തണലും ജലസേചനവും നൽകി പരിപാലിക്കേണ്ടതാണ്. കൊടികൾ നന്നായി വേരുപിടിച്ച് മൂന്നുനാല് ഇലകൾ വന്നതിനുശേഷം മെയ്‌, ജൂണ്‍ മാസങ്ങളിൽ മഴ കിട്ടിയാൽ തോട്ടങ്ങളിൽ നടാവുന്നതാണ്. മഴയില്ലെങ്കിൽ ഈർപ്പം നിലനിർത്തുന്നതിനുവേണ്ടി ദിവസേന ചെറുതായി നനച്ചുകൊടുക്കണം.

കുഴികളിലെ പ്രവർദ്ധന രീതി

കുരുമുളകിൻറെ വേരുപിടിച്ച തൈകൾ ഉത്പാദിപ്പിക്കുവാൻ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ലളിതമായ ഒരു സാങ്കേതികവിദ്യയാണിത്. ചെന്തലകൾ ഒറ്റമുട്ടുള്ള കഷ്ണങ്ങളാക്കി (8-10 സെ.മീ.) നടാൻ ഉപയോഗിക്കാം. ആവശ്യത്തിന് തണലുള്ള സ്ഥലത്ത് 2മീറ്റർ താഴ്ചയും 1മീറ്റർ വീതിയുമുള്ള കുഴികൾ സൗകര്യപ്രദമായ നീളത്തിൽ എടുക്കണം.ചെന്തലയുടെ മുറിച്ച കഷ്ണങ്ങൾ ഇലയോടുകൂടി തന്നെ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ സമം ചേർത്ത മിശ്രിതം നിറച്ച പോളിത്തീൻ ബാഗിൽ (25 X 15 സെ.മീ. വലുപ്പം) നടുക. ഇങ്ങനെ തൈകൾ നട്ട ബാഗുകൾ കുഴികളിൽ അടുക്കിയശേഷം കുഴികൾ ഒരു പോളിത്തീൻ ഷീറ്റുകൊണ്ട് മൂടിയിടണം. പോളിത്തീൻ ഷീറ്റ് കാറ്റിൽ പറന്നുപോവാതിരിക്കുവാൻ കുഴിയുടെ നാലുവശത്തും,പോളിത്തീൻ ഷീറ്റിനുമുകളിലും ഭാരം വെക്കേണ്ടതുണ്ട്. ഇങ്ങനെ നട്ട ചെടികൾ ദിവസേന പലപ്രാവശ്യം റോസ്കാൻ ഉപയോഗിച്ച് നനയ്ക്കണം. ഏകദേശം മൂന്നാഴ്ച കഴിയുമ്പോൾ ചെടികളിൽ വേരുണ്ടാകുന്നതായി കാണാം. വേരുപടലം ഉണ്ടായതിനുശേഷം നനയുടെ തോത് ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യമായി കുറയ്ക്കാം.

ഒരു മാസത്തിനുശേഷം കക്ഷ്യമുകുളത്തിൽനിന്നും പുതിയ നാമ്പുകൾ മുളക്കുന്നതോടെ ദിവസേന ഒരു മണിക്കൂർ പോളിത്തീൻഷീറ്റ് മാറ്റി ചെടികൾക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കുവാൻ അനുവദിക്കണം. രണ്ട് മാസത്തിനുശേഷം ചെടികൾ കുഴിയിൽനിന്നും പുറത്തെടുത്ത് തണലിൽ നിരത്തിവെച്ച് ദിവസത്തിൽ രണ്ടുപ്രാവശ്യം വീതം നനച്ചുകൊടുക്കാവുന്നതാണ്. ശേഷം രണ്ടുമാസം കഴിയുമ്പോൾ ഈ തൈകൾ തോട്ടത്തിൽ നടുവാനായി ഉപയോഗിക്കാം. ഈ രീതി അവലംബിച്ചാൽ ഏകദേശം 80-85% വരെ വിജയം കൈവരിക്കാം.

നാഗപതി സമ്പ്രദായം

വേരുപിടിച്ച കുരുമുളക് തൈകളിൽനിന്നും കൂടുതൽ തൈകൾ ഉത്പാദിപ്പിച്ചെടുക്കാനുള്ള ലളിതമായ വേറൊരു മാർഗ്ഗമാണ് നാഗപതി സമ്പ്രദായം. നേഴ്സറിഷെഡിൻറെ ഒരറ്റത്തായി വേരുപിടിച്ച നല്ലയിനം കുരുമുളകുതൈകൾ പോളിത്തീൻഉറകളിൽ നിരനിരയായി വയ്ക്കുക. ഈ തൈകളിൽ പുതിയ നാമ്പുകൾ ഉണ്ടാവുന്ന മുറയ്ക്ക്, നടീൽമിശ്രിതം നിറച്ചിട്ടുള്ള ചെറിയ പോളിത്തീൻബാഗുകൾ (20 X 10 സെ.മീ. വലുപ്പം) നിരത്തി വളർന്നുവരുന്ന മുട്ടുകൾ മിശ്രിതത്തിൽ അമർത്തിയുറപ്പിച്ച് പുതുവേരുകൾ വളർന്നിറങ്ങുവാൻ സഹായിക്കണം. വളർന്നുവരുന്ന  തണ്ട് മിശ്രിതത്തിൽ മുട്ടിയിരിക്കുവാൻ ‘Ʌ' ആകൃതിയിലുള്ള ഈർക്കിൽ കഷ്ണങ്ങൾ പുതുതായി വയ്ക്കുന്ന ഓരോ ബാഗിലും കുത്തികൊടുക്കാം.വളരുന്നതിനനുസരിച്ച് ഓരോമുട്ടിലും നടീൽമിശ്രിതം നിറച്ച കവറുകൾ വച്ചുകൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം മൂന്നുമാസങ്ങൾകൊണ്ട് കടഭാഗത്തുള്ളവയ്ക്ക് മുട്ടുകളിൽ ദൃഢമായ വേരുപടലം ഉണ്ടാകുകയും, ഇവ മുട്ടോടുകൂടി മുറിച്ചുവേർപ്പെടുത്തി തണലിൽ മാറ്റിവയ്ക്കുകയും ചെയ്യാം. ഇത്തരം ചെടികളിൽ ഒരാഴ്ചയ്ക്കകം പുതിയ നാമ്പുകൾ ഉണ്ടായിരിക്കുന്നതായി കാണാം. വീണ്ടും രണ്ടുമാസങ്ങൾക്കുശേഷം വേർപ്പെടുത്തിയ ഈ തൈകൾ തോട്ടത്തിൽ നടുവാനായി ഉപയോഗിക്കാം.

ദൃഢമായ വേരുപടലങ്ങളുള്ള അടിഭാഗത്തെ മുട്ടുകൾ മുറിച്ചെടുത്തതിനുശേഷം, ശേഷിക്കുന്ന തലഭാഗം വീണ്ടും തുടർന്ന് വളരുവാൻ അനുവദിക്കുകയും അതിനനുസരിച്ച് പ്രക്രിയകൾ ആവർത്തിക്കുകയും ചെയ്യാം. റോസ്കാൻ  ഉപയോഗിച്ചുള്ള നന ഈ തൈകൾക്ക് അത്യന്താപേക്ഷിതമാണ്.ഒരു ചെടിയിൽനിന്ന് ഏകദേശം 60ഓളം വേരുപിടിച്ച തൈകൾ ഈ രീതി ഉപയോഗിച്ച് ഉത്പാദിപ്പിച്ചെടുക്കാം. രണ്ട് ശതമാനം വീര്യമുള്ള വെർമി വാഷ് അല്ലെങ്കിൽ സ്യൂഡോമോണാസ് 15ദിവസം ഇടവിട്ട് ചെടികളിൽ തളിക്കുന്നതുവഴി കൊടിയുടെ വളർച്ച ത്വരിതഗതിയിലാവുന്നു.

നടീൽ മിശ്രിതം സൂര്യതാപീകരണം

മണ്ണിലെ സൂക്ഷ്മകീടങ്ങളേയും അണുക്കളേയും നശിപ്പിക്കുന്നതിനുവേണ്ടിയാണ് സൂര്യതാപീകരണം ചെയ്യുന്നത്. സൂര്യതാപീകരണം ചെയ്യുമ്പോൾ മണ്ണ്, മണൽ, ചാണകം ഇവ 2:1:1 എന്ന അനുപാതത്തിൽ കലർത്തി സൂര്യതാപീകരണത്തിന് വിധേയമാക്കാം. ഇതിനുവേണ്ടി ഇവ വാരങ്ങളാക്കി, വാരങ്ങൾ 30മൈക്രോണ്‍ കട്ടിയുള്ള പോളിത്തീൻഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടശേഷം പോളിത്തീൻഷീറ്റിൻറെ വശങ്ങളിൽ മണ്ണ് ഉപയോഗിച്ച് സീൽ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതുവഴി ഷീറ്റ് നീങ്ങിപ്പോവാതിരിക്കാനും വേണ്ടവിധത്തിൽ ചൂട് മണ്ണിൽ പതിയുവാനും ഉപകരിക്കും. 15-60 ദിവസംവരെ ഇങ്ങനെ ഇടണം. മണ്ണ് സൂര്യതാപീകരണം ചെയ്യുമ്പോൾ വേണ്ടത്ര ഈർപ്പം ആവശ്യമാണ്. സാധാരണയായി സൂര്യതാപീകരണം നടത്തുന്നത് മാർച്ച്‌ മുതൽ മെയ്‌ വരെയാണ് കാരണം, ആ സമയങ്ങളിൽ സൂര്യരശ്മിയുടെ അളവ് കൂടുതലാണ്.

വള്ളി നടലും പരിപാലനവും

ഏകവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ ആ കൃഷിയിടം മുഴുവനായും ജൈവ കൃഷിരീതിയിലേക്ക് മാറ്റണം. മിശ്രവിളയായി കൃഷിചെയ്യുമ്പോൾ  ആ കൃഷിയിടത്തിലെ എല്ലാ വിളകളും ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കുരുമുളക് പുതുതായി കൃഷിചെയ്യുമ്പോൾ  രോഗങ്ങളെയും കീടങ്ങളെയും നിമാവിരകളെയും ചെറുക്കുവാൻ കഴിവുള്ള ഇനങ്ങൾ കൃഷിചെയ്യുവാനായി തിരഞ്ഞെടുക്കുക. മണ്ണിലെ ഫലഭൂയിഷ്ടി നിലനിർത്തുന്നതിനുവേണ്ടി വിളയുടെ അവശിഷ്ടങ്ങളും കൃഷിയിടത്തിലെ മറ്റവശിഷ്ടങ്ങളും പുനഃചംക്രമണം  ചെയ്ത് ഉപയോഗിക്കാം. ജൈവ അവശിഷ്ടങ്ങൾ മണ്ണിര ഉപയോഗിച്ച് പുനഃചംക്രമണം ചെയ്ത് മണ്ണിര കമ്പോസ്റ്റ് ആക്കി കൃഷിയിടത്തിൽ ഉപയോഗിക്കാം. കളകൾ വെട്ടിമാറ്റി നിയന്ത്രിക്കുക. കൃഷിയിടത്തിലെ മാലിന്യങ്ങൾ കത്തിച്ച് നശിപ്പിക്കരുത്. പുതയിടുന്നതിനുവേണ്ടി വെട്ടിമാറ്റിയ കളകളും മറ്റും ഉപയോഗിക്കാം. രോഗം വരുന്നത് തടയുന്നതിനുവേണ്ടി മുൻകരുതൽ നടപടികൾ കൈകൊള്ളുക. രാസകീടനാശിനികളോ കുമിൾനാശിനികളോ ഉപയോഗിക്കുവാൻ പാടുള്ളതല്ല. കുമിളിനെ നിയന്ത്രിക്കുന്നതിനുവേണ്ടി ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാവുന്നതാണ്.

നിലം തിരഞ്ഞെടുക്കൽ

കുരുമുളക് കൃഷിചെയ്യുവാനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തെ കളകളെ നശിപ്പിച്ച് വൃത്തിയാക്കുക. 1-3%ചരിവുള്ള പ്രദേശമാണ് കുരുമുളക് കൃഷിചെയ്യുന്നതിന് ഏറ്റവും അനുയോജ്യം. തെക്കുദിശയിലേക്ക് ചരിവുള്ള പ്രദേശങ്ങളിൽ കുരുമുളകുവള്ളി നടുന്നത് ഒഴിവാക്കുക. ഇത് വേനൽകാലത്ത് കൊടികൾക്ക് സൂര്യതാപമേൽക്കുവാൻ ഇടയാക്കും. ചരിവുള്ള പ്രദേശങ്ങളിൽ  കുരുമുളക്  നടുമ്പോൾ  മണ്ണും  ഈർപ്പവും സംരക്ഷിക്കുന്നതിനുവേണ്ടി തടയണ കെട്ടി മുൻകരുതൽ നടപടി എടുക്കണം.

താങ്ങുകാലുകൾ

കുരുമുളകുവള്ളിയുടെ വളർച്ചയും, നിലനിൽപ്പും, വിളവും താങ്ങുകാലിനെ ആശ്രയിച്ചിരിക്കുന്നു. താങ്ങുമരത്തിനെ ആശ്രയിച്ചാണ്‌ വള്ളിയുടെ നിലനിൽപ്. കുരുമുളകുവള്ളി പടരുന്നതിനുവേണ്ടി കോണ്‍ക്രീറ്റ് പോസ്റ്റ്‌, ഗ്രാനെറ്റ് പില്ലറുകൾ, തേക്ക് തടി തുടങ്ങിയവയോ, മറിച്ച് പെട്ടെന്ന് വളർന്ന് കൊടിക്ക് തണലും താങ്ങും നൽകുവാനും തുടർച്ചയായ കൊമ്പുകോതലിനെ തരണം ചെയ്യുവാൻ  കഴിവുള്ളവയും,  ആഴത്തിലുള്ള വേരുപടലം ഉള്ളവയുമായ മരങ്ങളോ ഉപയോഗിക്കാം. കട്ടിയുള്ള മിനുസമില്ലാത്ത തൊലികളോട് കൂടിയതാണെങ്കിൽ വള്ളികൾക്ക് പെട്ടെന്ന് പിടിച്ചുകയറുവാൻ ഏറെ സഹായകമാണ്.

നമ്മുടെ നാട്ടിൽ വീടുകളിലെ കവുങ്ങ്, തെങ്ങ്, മാവ്, പ്ലാവ് എന്നിവയിൽ പടർത്തിയാണ് കുരുമുളക്  കാണാറുള്ളത്‌. കർണ്ണാടകത്തിലെ  കുടക്, ചിക്മാംഗ്ലൂർ പോലുള്ള പ്രദേശങ്ങളിലും കേരളത്തിൽ തന്നെ ഇടുക്കി, വയനാട് ജില്ലകളിലും ഏലം, കാപ്പി മുതലായ തോട്ടങ്ങളിൽ തണൽ നൽകുന്ന മരങ്ങളിലാണ് കുരുമുളക് പടർത്തിയിരിക്കുന്നത്. ഇന്ത്യയിൽ പുതുതായി കുരുമുളകുകൃഷി ചെയ്തുവരുന്ന ആന്ധ്രപ്രദേശിൽ കൊടികൾ തെങ്ങിൻറെയും, എണ്ണപ്പനയുടെയും മുകളിലാണ് പടർത്തിയിരിക്കുന്നത്. ഏകവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ മുരിക്കാണ് താങ്ങുമരമായി ഉപയോഗിക്കുന്നത്. മുരിക്കിന് കടന്നലാക്രമണ ഭീഷണി ഉള്ളതുകൊണ്ട് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

ഇടയകാലം

ഏകവിളയായി കൃഷിചെയ്യുമ്പോൾ 3മീ. നീളവും 3മീ. വീതിയും വരത്തക്കമാണ് നടീൽ അകലം ക്രമീകരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഹെക്ടറിന് ഏകദേശം 1,100 താങ്ങുകൾ ആവശ്യമായി വരുന്നു. ചരിഞ്ഞ പ്രദേശങ്ങളിൽ 3 X 2 മീറ്റർ അകലമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. നിർജ്ജീവ താങ്ങുകാൽ ഉപയോഗിക്കുമ്പോൾ 1.5മീറ്റർ നീളവും, 2മീറ്റർ വീതിയും എന്നതോതിലുള്ള അകലമാണ് തുടരുന്നത്.

കൊടിനടൽ

50 സെ.മീ. നീളവും വീതിയും ആഴവുമുള്ള സമചതുര കുഴികൾ താങ്ങുമരത്തിൽനിന്നും വടക്കുഭാഗത്ത് 30സെ.മീ. അകലത്തിലെടുത്താണ് സാധാരണ കുരുമുളകുവള്ളി നടുന്നത്. കുഴികൾ നടീൽമിശ്രിതം, മേൽമണ്ണ്, ചാണകം എന്നിവ കൂട്ടിക്കലർത്തി മൂടിയതിനുശേഷം പ്രകൃതിദത്തമായ റോക്ക് ഫോസ്ഫേറ്റ്/ബോണ്‍ മീൽ (150ഗ്രാം), വേപ്പിൻപിണ്ണാക്ക് (1കി.ഗ്രാം), ട്രൈകോഡർമ ഹാർസിയാനം (50ഗ്രാം) എന്നിവ നടുന്ന സമയത്ത് ചേർത്ത് ഇട്ടുകൊടുക്കുന്നത് നല്ലതാണ്.

വള്ളിയുടെ വളർച്ച ഒരുമീറ്റർ എത്തിക്കഴിഞ്ഞാൽ താഴ്ഭാഗത്തുള്ള ഇലകൾ പറിച്ചുകളഞ്ഞ് മുക്കാൽഭാഗം വരെ താങ്ങിനോടുചേർത്ത് മണ്ണിട്ടുമൂടുന്നു. ഇങ്ങനെ ചെയ്യുന്നതുമൂലം കൂടുതൽ വേര് ഉണ്ടാകുന്നതിനും കൂടുതൽ പുതിയ തളിരുകൾ വളർന്ന് താങ്ങിനുചുറ്റും കൊടി തിങ്ങിവളരുന്നതിനും ഇടയാക്കുന്നു.

തണൽ ക്രമീകരണം

തുറസ്സായ സ്ഥലങ്ങളിലുള്ള ചെറിയ വള്ളികൾക്ക് തണൽ നൽകി വേനൽക്കാലത്തെ അതിശക്തമായ ചൂടിൽനിന്നും സംരക്ഷിക്കേണ്ടതാണ്. ഇതിനുവേണ്ടി ഓലയോ, അല്ലെങ്കിൽ കവുങ്ങിൻറെ പട്ടയോ  ഉപയോഗിക്കാവുന്നതാണ്. മഴക്കാലമായാൽ  ഇവ എടുത്തുമാറ്റേണ്ടതുമാണ്‌. താങ്ങുമരങ്ങൾ വളർന്നുവലുതാവുമ്പോൾ നേരെ വളരുന്നതിനുവേണ്ടി വശങ്ങളിലുള്ള ചില്ലകൾ കോതിക്കൊടുക്കണം. താങ്ങുമരം വലുതായാൽ തണൽ നിയന്ത്രിക്കുന്നതിനും സൂര്യരശ്മി കൊടികളിലേക്ക് എത്തുന്നതിനുംവേണ്ടി ഇടയ്ക്കിടക്ക് കൊമ്പുകൾ വെട്ടിക്കൊടുക്കണം. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് താങ്ങുചെടികളിൽ ഒന്നോരണ്ടോ ചില്ലകൾമാത്രം നിലനിർത്തി നന്നായി കോതിക്കൊടുക്കുന്നത് സൂര്യരശ്മികൾ കൊടികളിൽ എത്തിച്ചേർന്ന് കൊടിയുടെ വളർച്ചയും വിളവും കൂട്ടുന്നതിനും, രോഗാണുക്കളെ  നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കൊടിക്ക് പുതയിടൽ

വെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങി മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും, മണ്ണിലെ താപം നിയന്ത്രിക്കുന്നതിനും, ബാഷ്പീകരണം കുറയ്ക്കുന്നതിനും, കളകളുടെ വളർച്ച തടയുന്നതിനും, സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും, മണ്ണിലെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനും പുതയിടൽ സഹായിക്കുന്നു. കുരുമുളകിൻറെ തടത്തിൽ ജൈവവസ്തുക്കളായ പച്ചിലകൾ വള്ളിക്ക് 10കി.ഗ്രാം. എന്ന തോതിൽ ഒരു മീറ്റർ ആരത്തിൽ ചുറ്റും തെക്കുപടിഞ്ഞാറൻ മണ്‍സൂ ണ്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇട്ടുകൊടുക്കുക. ഇവ  ജീർണ്ണിച്ചുകഴിയുമ്പോഴേക്കും ഒരുതവണ കൂടി ഇട്ടുകൊടുക്കേണ്ടതാണ്. താങ്ങുമരത്തിൻറെ ഇലകളും തടത്തിൽ വെട്ടിയിടാവുന്നതാണ്. ഇത് മണ്ണിലെ ജൈവാംശവും ഈർപ്പവും വർദ്ധിപ്പിക്കുന്നു.

കുരുമുളകിൻറെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമുള്ള ഈർപ്പത്തിൻറെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. കുരുമുളക് ഉത്പാദനത്തിൻറെ വിവിധ ഘട്ടങ്ങളായ പുഷ്പിക്കൽ, തിരിയിടൽ, തിരിവലുതാവൽ, കായ്പിടിക്കൽ എന്നിവയിലെല്ലാം തന്നെ നനവ് അത്യാവശ്യമാണ്. ആയതിനാൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മണ്ണിൽ ഈർപ്പം നിലനിർത്തുകയും വേണ്ടിവന്നാൽ വേനലിൽ നനച്ചു കൊടുക്കാവുന്നതുമാണ്.

കളനിയന്ത്രണം

കുരുമുളക് കൃഷിയിടത്തിലെ തടങ്ങളിൽ വളരുന്ന കളകൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതുവഴി മണ്ണിലെ പോഷകങ്ങൾ നഷ്ടമാവുന്നു. കളകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ അവ വെട്ടിമാറ്റി പുതയിടുന്നതിൻറെകൂടെ ഉപയോഗിക്കാം. കാലപ്പഗോണിയംമ്യൂക്കനോയിഡസ്മൈമോസ ഇൻവിസ തുടങ്ങിയവ ആവരണവിളകളായി ഉപയോഗിക്കുകയാണെങ്കിൽ മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും കളകളുടെ വളർച്ച നിയന്ത്രിക്കുവാനും കഴിയും. കൃഷിയിടത്തിൻറെ അരികുകളിലും റോഡിൻറെ വശങ്ങളിലും പയറുവർഗ്ഗത്തിൽപെട്ട ആവരണവിള വളർത്താവുന്നതാണ്.

കൃഷിരീതി

കുരുമുളകിൻറെ വേരുപടലങ്ങൾ 90സെ.മീ. മാത്രമാണ് വ്യാപിക്കുന്നത്. ഒന്നിൽ കൂടുതൽ വിളകൾ ഒരേയിടത്ത് കൃഷിചെയ്യുന്ന രീതിയാണ് ബഹുവിള കൃഷിരീതി. ചിട്ടയായി കുരുമുളക് കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ ബഹുവിളകൾ കൃഷി ചെയ്യുന്നതിനുവേണ്ടി ആവശ്യാനുസരണം സ്ഥലം ഉണ്ടായിരിക്കും. ബഹുവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ പോഷകങ്ങളും, ഈർപ്പവും, സൂര്യപ്രകാശവും ആഗിരണം ചെയ്ത് കൊടികളുടെ വളർച്ചയെ മുരടിപ്പിക്കുന്നവിധത്തിലുള്ള വിളകൾ തിരഞ്ഞെടുക്കരുത്. കുരുമുളകിൽ, ഇടവിളയായി കൃഷി ചെയ്യുന്നതിൻറെ മുഖ്യ ഉദ്ദേശ്യം ഉള്ള കൃഷിയിടത്തുനിന്നും കൂടുതൽ ഉത്പാദനവും ഏകവിളയായി കുരുമുളക് കൃഷിചെയ്യുമ്പോഴുള്ള സ്ഥലനഷ്ടം പരിഹരിക്കലുമാണ്. മിശ്രവിളയായി കൃഷിചെയ്യുന്നതിനുവേണ്ടി മറ്റുവിളകൾ തിരഞ്ഞെടുക്കുമ്പോൾ മണ്ണ്, കാലാവസ്ഥ, തിരഞ്ഞെടുക്കുന്ന വിളകളുടെ സ്വഭാവം എന്നിവയെപറ്റി പ്രത്യേകം ശ്രദ്ധിക്കണം.

കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പഠനംവഴി കുരുമുളക് ബഹുവിളയായി  കൃഷിചെയ്യുന്നത്  ലാഭകരമാണെന്ന്  കണ്ടെത്തിയിട്ടുണ്ട്. കുരുമുളകിനൊപ്പം കൃഷിചെയ്യാവുന്ന മറ്റുവിളകളാണ് ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, തീറ്റപ്പുല്ല്, വാനില, തുടങ്ങിയവ. ഉയർന്നപ്രദേശങ്ങളിൽ തേയിലയുടെയും കാപ്പിയുടെയും ഏലത്തിൻറെയും ഒപ്പം കുരുമുളക് കൃഷിചെയ്യുന്നു. ധാന്യകമായ നെല്ല്, പയറുവർഗ്ഗമായ പരിപ്പ്, പച്ചക്കറികൾ തുടങ്ങിയ ഏകവർഷ വിളകളുടെ ഇടയിലും കുരുമുളക് കൃഷിചെയ്യുന്നുണ്ട്. തെങ്ങ്, കവുങ്ങ് എന്നിവയിൽ ഇടവിളയായി കൃഷിചെയ്യുന്നതിനുവേണ്ടി ശ്രീകര, ശുഭകര, പന്നിയൂർ-5 തുടങ്ങിയ ഇനങ്ങൾ നല്ലതാണ്.

പോഷക ക്രമീകരണം

ജൈവവളമായി കാലിവളം, കമ്പോസ്റ്റ്, കോഴിവളം, വേപ്പിൻപിണ്ണാക്ക്, കടലപിണ്ണാക്ക് തുടങ്ങിയവ ഉപയോഗിക്കാം. ജൈവവളങ്ങൾ മണ്ണിൽ എത്തുന്നതുവഴി മണ്ണിലെ ജൈവികങ്ങളുടെയും പോഷകങ്ങളുടെയും അളവ് കൂടുന്നു. സസ്യങ്ങൾക്ക് ഉപകാരപ്രദമായ സൂക്ഷ്മജീവികളുടെയും കുമിളുകളുടെയും അളവ് വർദ്ധിക്കുന്നതുവഴി  രോഗങ്ങളുടെയും കീടങ്ങളുടെയും അളവ് കുറയുകയും ചെയ്യും. പച്ചിലകൾ, ഉണങ്ങിയ ഇലകൾ, ചാരം, കാലിവളം, പിണ്ണാക്ക്(വേപ്പിൻ പിണ്ണാക്ക്), എല്ലുപൊടി എന്നിവയും ജൈവികങ്ങളായി ഉപയോഗിക്കാവുന്നതാണ്. ജൈവവളം നൽകുവാൻ പറ്റിയ സമയം മെയ്‌ മുതൽ ജൂണ്‍ വരെയാണ്. ജൈവവളത്തോടൊപ്പം മിത്രകുമിളുകളായ ട്രൈക്കോഡർമ, സ്യൂഡോമോണാസ് എന്നിവ ചേർത്ത കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനുവേണ്ടി 100കിലോ ചാണകപ്പൊടി അതല്ലെങ്കിൽ കമ്പോസ്റ്റ്, 10കിലോ വേപ്പിൻപിണ്ണാക്ക്,  ഒരുകിലോ വീതം ട്രൈക്കോഡർമ, സ്യൂഡോമോണാസ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം കുടഞ്ഞ്‌ ഈർപ്പം നിലനിർത്തി ഒരാഴ്ച കൂട്ടിയിട്ടതിനുശേഷം ഒരു വള്ളിക്ക് 10കിലോഗ്രാം എന്നതോതിൽ നൽകാവുന്നതാണ്. കൊടിക്ക് ഉപകാരപ്രദമായ ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫോബാക്ടീരിയ, VAM തുടങ്ങിയവയും മേൽപറഞ്ഞപ്രകാരം ജൈവവളങ്ങളിൽ ചേർത്ത് ചെടിച്ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് കൊടികളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും ഉത്പാദനം കൂട്ടുന്നതിനും നല്ലതാണ്.

കേരളത്തിലെ മണ്ണിൽ പൊതുവെ പുളിരസം കൂടുതലായതുകൊണ്ട് മണ്ണ് പരിശോധനക്കുശേഷം പി.എച്ച്. മൂല്യം 6-ൽ താഴെയാണെങ്കിൽ  വള്ളിക്ക് 500 മുതൽ ഒരുകിലോഗ്രാം വരെ കുമ്മായം/ഡോളമൈറ്റ് ഏപ്രിൽ-മെയ്‌ മാസത്തിൽ പുതുമഴയ്ക്കുശേഷം ഒന്നിടവിട്ട വർഷത്തിൽ നൽകേണ്ടതാണ്. കുമ്മായവും മറ്റുവളങ്ങളും തമ്മിൽ ചുരുങ്ങിയത് മൂന്നാഴ്ചത്തെ ഇടവേള ഉണ്ടായിരിക്കേണ്ടതാണ്.

മണ്ണിൽ ഫോസ്ഫറസിൻറെ കുറവുണ്ടെങ്കിൽ വള്ളിക്ക് 200ഗ്രാം പ്രകൃതിദത്തമായ റോക്ക്ഫോസ്ഫേറ്റും പൊട്ടാസ്യത്തിൻറെ കുറവുണ്ടെങ്കിൽ 150ഗ്രാം വീതം സൾഫേറ്റ് ഓഫ് പൊട്ടാഷും രണ്ടുഘട്ടമായി നൽകാവുന്നതാണ്. അതുപോലെ മഗ്നീഷ്യം കുറവുള്ള മണ്ണിൽ മഗ്നീഷ്യംസൾഫേറ്റ് വള്ളിക്ക് 150ഗ്രാം എന്നതോതിൽ ജൂണ്‍ മാസത്തിൽ ഇട്ടുകൊടുക്കാവുന്നതാണ്. മണ്ണിൽ സിങ്ക് പോലെയുള്ള സൂക്ഷ്മപോഷകങ്ങളുടെ കുറവുണ്ടെങ്കിൽ ഇവ അടങ്ങിയ പോഷകമിശ്രിതങ്ങൾ ഒരുലിറ്റർ വെള്ളത്തിൽ 5ഗ്രാം എന്നതോതിൽ  കലക്കി  വർഷത്തിൽ  രണ്ടുപ്രാവശ്യം (മെയ്‌-ജൂണ്‍, സെപ്റ്റംബർ-ഒക്ടോബർ) ഇലകളിൽ തളിച്ചുകൊടുക്കാം. ജീവാണുക്കൾ ഉപയോഗിക്കുന്ന തോട്ടങ്ങളിൽ ചെടികളുടെ ചുവടുഭാഗം ഉഷ്ണകാലത്ത് വരണ്ടുണങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ജൈവ കൃഷിയിലേക്ക് എങ്ങനെ മാറാം?

ജൈവ ഉത്പന്നങ്ങൾ എന്ന സാക്ഷ്യപത്രത്തോടുകൂടിയുള്ള കുരുമുളകിൻറെ ഉത്പാദനം പൂർണ്ണമായും നിബന്ധനകൾക്ക് വിധേയമാണ്. പുതിയതായി കൃഷിചെയ്ത തോട്ടങ്ങൾക്ക് സാക്ഷ്യപത്രം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 18 മാസമെങ്കിലും ജൈവ കൃഷിരീതികൾ തുടർന്നിട്ടുണ്ടാവണം. ഇങ്ങനെയുള്ള തോട്ടങ്ങളിൽനിന്നും മൂന്നാംവർഷം വിളവ് ലഭിച്ചുതുടങ്ങുമ്പോൾതന്നെ  'ജൈവ കുരുമുളക്' എന്ന പേരിൽ വിപണനം ചെയ്യാം. നിലവിലുള്ള ഒരു കുരുമുളകുതോട്ടം പൂർണ്ണമായും ജൈവകൃഷിയിലേക്ക് മാറ്റുന്നതിന് ചുരുങ്ങിയത് 36 മാസമെങ്കിലും വേണ്ടിവരും. എന്നാൽ നിലവിലുള്ള കൃഷിയിടങ്ങൾക്ക് സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള കാലയളവിന് ചില ഇളവുകൾ കൊടുക്കാറുണ്ട്. ഈ ഇളവുകൾ ലഭിക്കണമെങ്കിൽ കൃഷിയിടത്തിൽ മുൻകാലങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കണം. ഇത്തരത്തിൽ ജൈവ കൃഷിരീതിയിലേക്കുള്ള മാറ്റം ഒരു ചെറുതോട്ടത്തെ സംബന്ധിച്ച് പ്രായോഗികമാണ്. എന്നാൽ വലിയ പ്രദേശത്തിൻറെ കാര്യത്തിൽ ഇത് പ്രായോഗികമല്ല. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഒരു പരിവർത്തനപദ്ധതി ആവശ്യമാണ്.

അതിലുപരി, ഒരു തോട്ടത്തിൽ കുരുമുളക് ഏകവിളയായി കൃഷിചെയ്യുമ്പോൾ ജൈവരീതിയിലേക്ക് മാറ്റുന്നത് എളുപ്പമാണ്. എന്നാൽ കുരുമുളക് മിശ്രവിളയോ ഇടവിളയോ ആയി കൃഷിചെയ്യുമ്പോൾ മറ്റുവിളകളും കൂടി ജൈവരീതിയിലേക്ക് മാറ്റേണ്ടിവരും.

സമീപത്തുള്ള തോട്ടങ്ങളിൽനിന്നും രാസവസ്തുക്കൾ ജൈവതോട്ടത്തിലേക്ക് എത്താതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് തോട്ടങ്ങൾക്ക് വ്യക്തമായ അതിർത്തിയോടുകൂടിയ ബഫർസോണുകൾ നിലനിർത്തണം. എന്നാൽ ഒരുകൂട്ടം കൃഷിയിടങ്ങളുടെ കാര്യത്തിലാണെങ്കിൽ എല്ലാകൃഷിക്കും കൂടി ഒരു ബഫർസോണ്‍(സുരക്ഷാ കവചം) മതി. ബഫർസോണിൻറെ അതിർത്തിയിൽ വളരുന്ന കുരുമുളകിനെ ജൈവകുരുമുളകായി കണക്കാക്കുകയില്ല. ചരിവുള്ള സ്ഥലത്ത് കൃഷിചെയ്യുമ്പോൾ മുകൾഭാഗത്തുള്ള കൃഷിസ്ഥലങ്ങളിനിന്നും വെള്ളം ഒഴുകി വരാതിരിക്കാനും അതുവഴി മുകളിലെ കൃഷിസ്ഥലത്ത് ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കൾ ജൈവരീതിയിൽ കൃഷിചെയ്യുന്ന തോട്ടങ്ങളിലേക്ക് എത്താതിരിക്കുവാനും മുൻകരുതൽ എടുക്കണം.

ജൈവകൃഷിയ്ക്കായി രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.ഉദാ: IISR തേവം, ശക്തി. തോട്ടത്തിൽനിന്നും ലഭിക്കുന്ന പാഴ്വസ്തുക്കൾ ജൈവകൃഷിയ്ക്കായി ഉപയോഗപ്പെടുത്താം. ഇത് മണ്ണിൻറെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ  വളരെ ചെലവുകുറഞ്ഞ രീതിയിൽ പാഴ്വസ്തുക്കളുടെ പുനഃചംക്രമണം ഉറപ്പാക്കുകയും ചെയ്യും. ജൈവ കൃഷിരീതി പിന്തുടരുന്ന കൃഷിയിടങ്ങളിൽ ഒരുതരത്തിലുമുള്ള രാസവസ്തുക്കളോ, കീടനാശിനിയോ, കളനാശിനിയോ അനുവദിക്കുകയില്ല. മണ്ണിര കമ്പോസ്റ്റ്, പച്ചില കമ്പോസ്റ്റ്, കാലിവളം എന്നിവ കൊടിയുടെ പ്രായത്തിനനുസരിച്ച് വിവിധ അളവുകളിൽ നൽകാം. മണ്ണ് പരിശോധനയെ അടിസ്ഥാനപ്പെടുത്തി ഡോളമൈറ്റ്,ചുണ്ണാമ്പ്, റോക്ക്ഫോസ്ഫേറ്റ്, ചാരം എന്നിവ ആവശ്യത്തിന് ഫോസ്ഫറസും, പൊട്ടാസ്യവും ലഭ്യമാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. മഗ്നീഷ്യം, സിങ്ക് എന്നിവയുടെ കുറവ് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ മഗ്നീഷ്യം സൾഫേറ്റ്, സിങ്ക് സൾഫേറ്റ്, പ്രകൃതിയിൽനിന്ന് കിട്ടുന്ന സൾഫേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കിൽ ഇവകൾ അടങ്ങിയ മിശ്രിതങ്ങളും നിയന്ത്രിതമായ അളവിൽ അനുവദിക്കാറുണ്ട്.

സസ്യ സംരക്ഷണം - രോഗങ്ങൾ

ദ്രുതവാട്ടം

കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും രൂക്ഷമായ ഈ രോഗം തെക്കുപടിഞ്ഞാറൻ കാലവർഷസമയത്താണ് കണ്ടുവരുന്നത്.ഫൈറ്റോഫ്തോറ കാപ്സിസി എന്ന ഒരിനം കുമിളാണ് ഈ രോഗത്തിനു കാരണം. കൊടിയുടെ ഏതുഭാഗത്തും ഈ രോഗം വരാമെങ്കിലും രോഗബാധയേൽക്കുന്ന ഭാഗത്തേയും രോഗത്തിൻറെ തീവ്രതയേയും ആശ്രയിച്ചാണ്‌ ലക്ഷണങ്ങൾ കാണപ്പെടുക. നഴ്സറികളിലും ഈ രോഗം കണ്ടുവരുന്നുണ്ട്.

ഇലകളിൽ ഒന്നോ അതിലധികമോ കറുത്ത പുള്ളികുത്തുകൾ പ്രത്യക്ഷപ്പെടുകയും അവ വലുതായി ഇലയുടെ അരികുഭാഗത്തേക്ക് വ്യാപിച്ച് ഇലകൾ കൊയ്യുന്നു. കൊടിയുടെ തായ്തണ്ടിൻറെ കടഭാഗത്ത് രോഗബാധയേറ്റാൽ കൊടി പൂർണ്ണമായി വാടുകയും പിന്നീട് ഇലകളും തിരികളും കൊഴിയുകയും ചെയ്യുന്നു. ശാഖകളും കണ്ണിത്തലകളും മുട്ടുകളുടെ ഭാഗത്തുവെച്ച് അടർന്നുപോവുകയും ഏതാണ്ട് ഒരു മാസത്തിനുള്ളിൽ കൊടി പൂർണ്ണമായും നശിക്കുകയും ചെയ്യുന്നു. രോഗബാധ വേരുകൾക്ക് മാത്രമാണെങ്കിൽ വർഷകാലം അവസാനിക്കുന്നതോടുകൂടി ഇലകൾക്ക് മഞ്ഞളിപ്പ്, വാട്ടം, കൊഴിച്ചിൽ, കരിച്ചിൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ഈ രോഗം നിയന്ത്രിക്കാൻ താഴെപറയുന്ന പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. രോഗപ്രതിരോധശേഷിയുള്ള IISR ശക്തി, തേവം തുടങ്ങിയ ഇനങ്ങൾ കൃഷിക്കായി തിരഞ്ഞെടുക്കുക. രോഗബാധയേറ്റ് നശിച്ച കൊടി (വേരുപടലമുൾപ്പെടെ) പൂർണ്ണമായും തീയിട്ട് നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽനിന്ന് മാത്രം നടീൽവസ്തുക്കൾ ശേഖരിക്കുക, തോട്ടങ്ങളിൽ നല്ല നീർവാർച്ചയ്ക്കുള്ള സംവിധാനം ഉറപ്പുവരുത്തുക, മിത്രകുമിളുകളായ ട്രൈക്കോഡർമ ഹാർസിയാനം, സ്യൂഡോമോണാസ് ഫ്ലൂറസൻസ് എന്നിവ ജൈവവളത്തിൽ കലർത്തി കൊടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുക. മഴ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും എല്ലാവള്ളികൾക്കും 1%വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചുകൊടുക്കുക. കുമിളുകൾ ഇട്ടുകൊടുത്ത കൊടിയിൽ ബോർഡോമിശ്രിതം തളിക്കുമ്പോൾ ചെടികളുടെ ചുവട്ടിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സാവധാന വാട്ടം

കുരുമുളകിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് സാവധാന വാട്ടം. ഇലകളുടെ മഞ്ഞളിപ്പും കുറേശ്ശെയുള്ള ഇലപൊഴിച്ചിലും തണ്ടിൻറെ അഗ്രഭാഗത്തുള്ള വാട്ടവും ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. രോഗബാധയേറ്റ ചെടികളുടെ മഞ്ഞളിപ്പ് ഒക്ടോബർ-നവംബർ മാസത്തിലാണ് കാണുന്നത്. അടുത്ത കാലവർഷത്തോടെ രോഗംബാധിച്ച ചെടികളിൽ വീണ്ടും പുതിയ നാമ്പിലകൾ ഉണ്ടായേക്കാം. എങ്കിലും മഴയില്ലാത്ത മാസങ്ങളിൽ ചെടികൾ രൂക്ഷമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ക്രമേണ ഉത്പാദനം കുറഞ്ഞുവരികയും ചെയ്യുന്നു. ഈ രോഗം നിയന്ത്രിക്കുന്നതിനുവേണ്ടി സംയോജിത രോഗനിയന്ത്രണമാർഗ്ഗങ്ങളാണ് തുടരുന്നത്. നിമാവിരകളുടെയും ഫൈറ്റോഫ്തോറകാപ്സിസിയുടെയും രോഗബാധയില്ലാത്ത വേരുപിടിച്ച കൊടികൾ കൃഷിയിടത്തിൽ നടുക. രോഗബാധ രൂക്ഷമായ കൊടികൾ വേരുപടലത്തോടുകൂടി നശിപ്പിക്കുക. മെയ്‌-ജൂണ്‍ മാസത്തിൽ കൊടിക്ക് ഒരുകിലോഗ്രാം വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കുക. സൂക്ഷ്മാണുക്കളായ പൊച്ചോണിയ ക്ലാമിഡോസ്പോറിയ അല്ലെങ്കിൽ ട്രൈക്കോഡർമ ഹാർസിയാനം വള്ളിക്ക് 50ഗ്രാം എന്നതോതിൽ വർഷത്തിൽ രണ്ടുപ്രാവശ്യം (ഏപ്രിൽ-മെയ്‌ മാസത്തിലും, സപ്തംബർ-ഒക്ടോബർ മാസത്തിലും) ഇട്ടുകൊടുക്കുക. പ്രതിരോധശേഷിയുള്ള ഇനമായ 'പൗർണമി' കൃഷിചെയ്യുക. പുളിരസം കൂടുതലുള്ള മണ്ണിൽ മഴ കിട്ടിയതിനുശേഷം വള്ളിക്ക് ഒരുകിലോ വീതം ഡോളമൈറ്റ് അല്ലെങ്കിൽ കുമ്മായം ഇട്ടുകൊടുക്കുക.

ആന്ത്രാക്നോസ് (തിരി കൊഴിയൽ രോഗം)

ഈ രോഗം പന്നിയൂർ-1പോലുള്ള നല്ല വിളവ് നൽകുന്ന കൊടികൾ, ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്യുമ്പോഴാണ് സാധാരണ കാണുന്നത്.കോളിറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡ് എന്ന കുമിളിൻറെ ആക്രമണവും ഇതിന് കാരണമാവുന്നു. വേനൽമഴയും കാലവർഷവും യഥാസമയം ആവശ്യമായ തോതിൽ ലഭിക്കാതെ വരുമ്പോഴാണ് രോഗം രൂക്ഷമാവുന്നത്. ഈ സാഹചര്യത്തിൽ വിരിയുന്ന പൂങ്കുലകളിൽ പെണ്‍പുഷ്പങ്ങളുടെ അനുപാതം ദ്വിലിംഗ പുഷ്പങ്ങളെക്കാൾ കൂടുതലായി കാണുന്നു. അതിനാൽ പരാഗണം നടക്കാതെ ഈ പൂങ്കുലകൾ കായ്പിടിക്കുന്നതിനുമുമ്പ് കൊഴിഞ്ഞുപോകുന്നു. ഈ രോഗം ഇലകളിൽ ബാധിച്ചാൽ മഞ്ഞയും തവിട്ടും കലർന്ന പുള്ളികളോ അല്ലെങ്കിൽ തവിട്ടുകലർന്ന പുള്ളികൾക്ക് ചുറ്റും പച്ചകലർന്ന പ്രഭാവലയമോ പ്രത്യക്ഷമാവുന്നു.

രോഗബാധയേറ്റ കുരുമുളകുമണികളിൽ പ്രത്യേകതരത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് മണികളുടെ ഉൾക്കാമ്പ് നഷ്ടപ്പെട്ട് പൊള്ളയാവുന്നു. കാലവർഷാവസാനത്തോടുകൂടിയാണ് ഈ രോഗം സാധാരണ കാണപ്പെടുക. മൂപ്പെത്താത്ത മണികളിൽ കുമിൾബാധ ഉണ്ടായാൽ അവയുടെ വളർച്ച തടസ്സപ്പെടുന്നു. പിന്നീട് നിറവ്യത്യാസം കൂടുതൽ പ്രകടമാവുകയും മണികൾ കുറുകെ പിളരുകയും ചെയ്യുന്നു. ക്രമേണ മണികൾ കറുത്ത് ഉണങ്ങിപ്പോവുന്നു.

രോഗം നിയന്ത്രിക്കുന്നതിനുവേണ്ടി മാർച്ച്‌ മാസത്തിലെ മൂന്നാമത്തെ ആഴ്ച മുതൽ കൊടിക്ക് 40-50 ലിറ്റർ എന്നതോതിൽ 5-7 ദിവസം ഇടവിട്ട്‌ 4-5 തവണ ജലസേചനം നടത്തുക. കൂടാതെ തണൽ നിയന്ത്രിക്കുക. മുൻകരുതൽ നടപടിയായി 1ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുകയും ചെയ്യുക.

നഴ്സറികളിലെ ഇല ചീയലും ഇലപൊഴിച്ചിൽ രോഗവും

റൈസക്റ്റോണിയ സൊളാനി എന്ന കുമിളാണ് കുരുമുളകുതൈകളിൽ ഈ രോഗം ഉണ്ടാക്കുന്നത്. ഏപ്രിൽ-മെയ്‌ മാസങ്ങളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്. പ്രാരംഭദശയിൽ ചാരനിറത്തിലുള്ള കുഴിഞ്ഞ പുള്ളികൾ ഇലകളിൽ പ്രത്യക്ഷമാവുന്നു. ഇലകളിൽ കുമിൾനാരുകളുടെ വളർച്ചയും കാണുവാൻ സാധിക്കും. ക്രമേണ രോഗം ബാധിച്ച ഇലകളിൽ കുമിൾനാരുകൾ പടർന്ന് കെട്ടിപ്പിണയുന്നു. തണ്ടുകളിൽ തവിട്ടുനിറമുള്ള പൊട്ടുകൾ പ്രത്യക്ഷപ്പെട്ട് അവ മുകളിലേക്കും താഴേക്കും വ്യാപിക്കുന്നു. രോഗംബാധിച്ച ഇലകളുടെ അടുത്തുള്ള നാമ്പുകൾ താഴോട്ട് കൂമ്പി പിന്നീട് ഉണങ്ങിപ്പോവുകയും ചെയ്യുന്നു. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചാൽ ഈ രോഗം തടയുവാൻ സാധിക്കും.

ഴ്സറികളിലെ കടവാട്ട രോഗം

ഈ രോഗമുണ്ടാക്കുന്നത് സ്ക്ലീറോഷ്യം റോൾഫ്സി എന്ന കുമിളാണ്. സാധാരണയായി ഈ രോഗം ജൂണ്‍ മുതൽ സെപ്തംബർ മാസകാലയളവിലാണ് നഴ്സറിയിൽ കണ്ടുവരുന്നത്. ഇലകളിലും തണ്ടിലും പ്രത്യക്ഷപ്പെടുന്ന ചാരനിറത്തിലുള്ള പൊട്ടുകളാണ് രോഗത്തിൻറെ പ്രഥമലക്ഷണം. കുമിൾതന്തുക്കൾ തണ്ടിനെ ആവരണം ചെയ്ത്, രോഗംബാധിച്ച ഇലകൾ കൂമ്പി, ക്രമേണ ചെടി മുഴുവൻ കരിഞ്ഞുപോകുന്നു. വെള്ളയോ ക്രീമോ നിറത്തിലുള്ള കുമിൾ പാടുകൾ കാണുവാൻ കഴിയും. നഴ്സറി ശുചിത്വം പാലിച്ച് ഈ രോഗം നിയന്ത്രിക്കുവാൻ കഴിയും. രോഗംബാധിച്ച തൈകളും കൊഴിഞ്ഞുവീണ ഇലകളും ശേഖരിച്ച് നശിപ്പിച്ചുകളയണം. തുടർന്ന് 1% വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചുകൊടുക്കുക.

വൈറസ് രോഗം

ഈ രോഗം മൂലം വള്ളികളിലെ മുട്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞ്, ഇലകൾ ചെറുതായി കുരുടിച്ച് പോവുന്നതായി കാണാം. ചില അവസരങ്ങളിൽ ഇലകളിൽ മഞ്ഞനിറം കലർന്ന കുത്തുകളോ വരകളോ പ്രത്യക്ഷപ്പെടുന്നു. രോഗബാധയുള്ള വള്ളികളുടെ വിളവ് ക്രമേണ കുറഞ്ഞുവരുന്നു. കുകുംബർ മൊസൈക് വൈറസ്, ബാഡ്ന വൈറസ് എന്നീ രണ്ടിനം വൈറസുകളാണ് ഈ രോഗത്തിനു കാരണം. നഴ്സറികളിലും രോഗം കണ്ടുവരുന്നു. രോഗപ്രതിരോധത്തിനായി താഴെപറഞ്ഞിട്ടുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. രോഗബാധയില്ലാത്ത നടീൽവസ്തുക്കൾ തോട്ടത്തിൽ നടുവാൻ ഉപയോഗിക്കുക. രോഗബാധയുള്ള വള്ളികൾ പറിച്ചെടുത്ത് അവ തീയിടുകയോ, കുഴിച്ചുമൂടി നശിപ്പിക്കുകയോ ചെയ്യുക. മീലിമൂട്ടകളെയും ഈച്ചകളെയും നിയന്ത്രിക്കുക.

ഫില്ലോടി രോഗം

ഫൈറ്റോപ്ലാസ്മ മൂലമുണ്ടാകുന്ന ഈ രോഗം വയനാട്, കോഴിക്കോട് ഭാഗങ്ങളിൽ ഈയിടെ കണ്ടുവരുന്നു. രോഗംബാധിച്ച കൊടികളിൽ വികലമായ തിരികളും പൂക്കളും ഉണ്ടാകുന്നു.ചില തിരികൾ വീതികുറഞ്ഞ് ഇലകൾപോലെ രൂപാന്തരപ്പെടുന്നു. രോഗം രൂക്ഷമാകുന്നതോടെ ഇലകൾ ചെറുതാവുകയും മുട്ടുകൾ തമ്മിലുള്ള അകലം കുറയുകയും ചെയ്യുന്നു. ഇത്തരം കൊടികളിൽ വിളവ് വളരെ കുറവായിരിക്കും. രോഗബാധയേറ്റ ചെടികൾ ഉടനെ നശിപ്പിച്ചുകളഞ്ഞ് ഈ രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കാം.

കീടങ്ങൾ

ഇലപ്പേൻ (ലിയോത്രിപ്സ് കാർനൈ)

ഇലപ്പേനിൻറെ ആക്രമണഫലമായി തളിരിലകളുടെ അരികുകൾ മുകളിലേക്കും താഴേക്കും ചുരുണ്ട് ഇലകളിൽ  ചെറിയ മുഴകളുള്ളതായി തോന്നുന്നു. പുതിയ നാമ്പുകൾ ചുരുണ്ടുകൂടി ഇലയുടെ വലുപ്പം കുറഞ്ഞ് വികൃതമാകുകയും ചെയ്യുന്നു. ഇലകളിൽ വിളർച്ച കാണപ്പെടാം. ഇലയുടെ അരികുകൾ ചുരുണ്ട് കുഴൽപോലെ രൂപപ്പെടുന്നഭാഗത്ത് ഈ പ്രാണികൾ കൂട്ടമായി  വസിക്കുന്നു. രൂക്ഷമായ ആക്രമണംമൂലം തൈകളുടെ വളർച്ച മുരടിക്കുന്നു. ഇതിനെ പുകയില കഷായം അല്ലെങ്കിൽ വേപ്പെണ്ണ ഉപയോഗിച്ചുള്ള കീടനാശിനി തളിച്ച് നിയന്ത്രിക്കാവുന്നതാണ്.

ശൽക്ക കീടങ്ങൾ

ശൽക്കകീടങ്ങളിൽ മസ്സൽ സ്കെയിൽ (ലപിഡോസഫസ്) തായ്തടിയിലും പ്രായമുള്ള കൊടികളുടെ ഇലകളിലും പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്നതുമൂലം ഇലകളിൽ ചെറിയ കുത്തുകൾ ഉണ്ടാകുന്നു. തുടർന്ന് ഇല മഞ്ഞളിച്ച് ഉണങ്ങി ചെടി മുഴുവനായും ഉണങ്ങിപ്പോകുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനുവേണ്ടി 3%വേപ്പെണ്ണയോ, ഫിഷ്‌ ഓയിൽ റോസിനോ അല്ലെങ്കിൽ 0.3%നീംഗോൾഡോ 21 ദിവസം ഇടവിട്ട്‌ രണ്ടുപ്രാവശ്യം തളിച്ചുകൊടുക്കാവുന്നതാണ്.

മീലി മൂട്ടകൾ

പ്ലാനോകോക്കസ് വർഗ്ഗത്തിലും സ്യൂഡോകോക്കസ് വർഗ്ഗത്തിലും ഉള്ള മീലിമൂട്ടകൾ തളിരിലകളേയും തണ്ടിനെയും വേരിനെയും പൊതിഞ്ഞ് ചെടിക്ക് വാട്ടം വരുത്തുന്നു. ഇവ  കൂട്ടമായി  വേരിനെ ആക്രമിക്കുന്നതുവഴി ചെടി മഞ്ഞളിച്ച് വാടി നശിച്ചുപോകുന്നു.ഫൈറ്റോഫ്തോറ ബാധയും  നിമാവിരയുടെ ആക്രമണവുമുള്ള  കൊടികളിൽ മീലിമൂട്ടകളുടെ ആക്രമണം കൂടുതലായിരിക്കും. വേപ്പിൻപിണ്ണാക്ക് വളമായി നൽകിയും ജൈവ കീടനാശിനികൾ ഉപയോഗിച്ചും ഇവ നിയന്ത്രിക്കാം.

ഗാൾ മിഡ്ജ്

ചെറുപുഴുക്കൾ തളിരിലകളുടെ തണ്ടിലും, ഇലകളിലും, കൊടിത്തണ്ടിലും നിറഞ്ഞ് കീടബാധയേറ്റഭാഗം വികസിച്ചുനിൽക്കുന്നതായി കാണപ്പെടുന്നു. ജൈവ കീടനാശിനികൾ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാം.

പൊള്ളുവണ്ട്‌

കുരുമുളകിൻറെ ഏറ്റവും വിനാശകാരിയായ കീടമാണ്‌ പൊള്ളുവണ്ട്‌. കറുപ്പ് നിറത്തിലുള്ള ഈ ചെറിയ വണ്ടുകൾ കൊടിയുടെ ഇലകളേയും തിരികളേയും ആക്രമിക്കുന്നു. കാലവർഷാരംഭത്തിൽ കൊടി തളിർക്കുവാൻ തുടങ്ങുമ്പോൾ പെണ്‍ വണ്ടുകൾ തിരികൾ, മണികൾ ഇവയിൽ മുട്ടയിട്ട്, മുട്ടവിരിഞ്ഞുവരുന്ന ചെറുപുഴുക്കൾ മുളകുമണികൾ തുളച്ചുകയറി,  ഉൾക്കാമ്പ് തിന്നുനശിപ്പിക്കുന്നു. ആക്രമണവിധേയമായ ഭാഗങ്ങൾ ആദ്യം കറുപ്പ് നിറമാവുകയും, പിന്നീട് നശിക്കുകയും ചെയ്യുന്നു. മുളകുമണിയുടെ ഉൾക്കാമ്പ് പൂർണ്ണമായും തിന്നുനശിപ്പിക്കുന്നതിനാൽ മണികൾ പൊള്ളയായി തൊട്ടാൽ പൊടിഞ്ഞുപോവുന്നു. കീടത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി താങ്ങുമരങ്ങളുടെ കൊമ്പ് കോതി, തോട്ടത്തിലെ തണൽ ക്രമീകരിക്കേണ്ടതാണ്. വേപ്പെണ്ണ ഉപയോഗിച്ചുള്ള കീടനാശിനിയായ നീംഗോൾഡ്‌ 21 ദിവസം ഇടവിട്ട്‌ 0.6% എന്നതോതിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ തളിച്ചുകൊടുക്കാവുന്നതാണ്. മരുന്ന് ഇലയുടെ അടിവശത്തും തിരികളിലും പതിക്കുവാൻ ശ്രദ്ധിക്കണം.

തണ്ടുതുരപ്പൻ

പ്രായംകുറഞ്ഞ കൊടികളെ ബാധിക്കുന്ന ഒരു പ്രധാന കീടമാണിത്. മഴക്കാലത്ത് ഈ കീടം പുതുതായി തളിർക്കുന്ന അഗ്രകാണ്ഡങ്ങൾ തുരന്ന് തണ്ടിൻറെ ഉൾഭാഗം തിന്നുനശിപ്പിക്കുന്നു. ഇതിൻറെ ഫലമായി മുകുളങ്ങൾ കരിഞ്ഞ് ഉണങ്ങിപ്പോവുന്നു. തുടർച്ചയായി ഈ കീടത്തിൻറെ ആക്രമണമുണ്ടായാൽ ചെടികൾ വളർച്ചയില്ലാതെ മുരടിച്ചുപോകുന്നു. പുഴുവിൻറെ ആക്രമണം കൂടുതലായി കണ്ടുവരുന്നത് ചെടികളിൽ ധാരാളം പുതിയ നാമ്പുകൾ മുളയ്ക്കുന്ന ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ്. ജൈവ കീടനാശിനികൾ ഉപയോഗിച്ച് ഈ കീടത്തെ നിയന്ത്രിക്കാവുന്നതാണ്.

വിളവെടുപ്പ്, സംസ്കരണം, സംഭരണം

മെയ്‌-ജൂണ്‍ മാസങ്ങളിലാണ് കുരുമുളകിന് തിരിയിടുന്നത്. പുഷ്പിച്ചതിനുശേഷം വിളവെടുപ്പിന് 6 മുതൽ 8 മാസം വേണ്ടിവരും. താഴ്ന്നപ്രദേശങ്ങളിൽ വിളവെടുപ്പ് നവംബർ മാസം മുതൽ ജനുവരി വരെയും മലയോര മേഖലകളിൽ ജനുവരി മുതൽ മാർച്ച്‌ വരെയുമാണ്. പിന്നീട് മണികൾ മെതിച്ചെടുത്ത് ചേറ്റി വൃത്തിയാക്കുന്നു. കുരുമുളകുമണികൾ വേർപ്പെടുത്തുന്നതിനായി മെതിയന്ത്രങ്ങളും ഉപയോഗിക്കാവുന്നതാണ്. വേർപ്പെടുത്തിയ മണികൾ പാറ്റി വൃത്തിയാക്കേണ്ടതാണ്. കുരുമുളകുമണികൾ കുട്ടയിലിട്ട് ഒരുമിനുട്ട് നേരം തിളപ്പിച്ച വെള്ളത്തിൽ മുക്കിയെടുത്ത് ഉണക്കുകയാണെങ്കിൽ മണികൾക്ക് നല്ല ആകർഷകത്വവും കറുപ്പ് നിറവും ലഭിക്കും. ഇതിനുപുറമേ ഉണക്കുവാൻ എടുക്കുന്ന സമയവും കുറഞ്ഞുകിട്ടും. കുരുമുളക് ഉണക്കുവാനായി ഈറ്റകൊണ്ടുണ്ടാക്കിയ പനമ്പോ വൃത്തിയുള്ള കോണ്‍ക്രീറ്റ് തറയോ ഉപയോഗിക്കണം. മണികൾ ഉണക്കുവാനായി വിവിധതരത്തിലുള്ള യന്ത്രങ്ങളും ഉപയോഗിക്കാം.

വെള്ളക്കുരുമുളക് ഉണ്ടാക്കുവാനായി പഴുത്ത് പാകമായ കുരുമുളകാണ് ഉപയോഗിക്കുന്നത്. പഴുത്ത കുരുമുളകുമണികൾ വെള്ളത്തിൽ കുതിർത്ത് മുകളിലെ തൊലി വേർപ്പെടുത്തി കഴുകി വൃത്തിയാക്കി ഉണക്കിയാണ് വെള്ളക്കുരുമുളക് ഉണ്ടാക്കുന്നത്. പഴുത്ത ഒരുകിലോ കുരുമുളകിൽനിന്നും 250ഗ്രാം വരെ വെള്ളക്കുരുമുളക് ലഭിക്കും. പരമ്പരാഗതരീതിയിൽ പഴുത്ത കുരുമുളക് 8-10 ദിവസം വെള്ളത്തിൽ മുക്കിയെടുത്തശേഷം തൊലി കളഞ്ഞ് വീണ്ടും വെള്ളത്തിൽ കഴുകി ഉണക്കുന്നു. സൂക്ഷ്മജീവാണു ഉപയോഗിച്ച് വെള്ളക്കുരുമുളക് ഉത്പാദിപ്പിക്കുന്ന വിദ്യ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുഴുത്തമണികൾ ഉള്ള പന്നിയൂർ-1 ഇനം വെള്ളക്കുരുമുളക് ഉണ്ടാക്കുവാൻ ഏറ്റവും യോജിച്ചതാണ്.

നല്ലവണ്ണം ഉണങ്ങിയ 8-10 ശതമാനം മാത്രം ജലാംശമുള്ള കുരുമുളക് മാത്രം ചാക്കിൽ കെട്ടി സൂക്ഷിക്കേണ്ടതാണ്. ചാക്കുകൾ പുതിയതും വൃത്തിയുള്ളതും ഈർപ്പമോ മറ്റു മാലിന്യങ്ങളോ ഇല്ലാത്തതും ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കുരുമുളക് സൂക്ഷിക്കുന്ന അറകളിലോ ഗോഡൌണുകളിലോ മറ്റുവസ്തുക്കൾ സൂക്ഷിക്കരുത്. കാരണം അവയിൽനിന്ന് മാലിന്യമോ ഗന്ധമോ കുരുമുളകിലേക്ക് പടരുവാൻ ഇടയാകും. തരംതിരിച്ച കുരുമുളക്  പ്രത്യേകം സംഭരിച്ച്  സൂക്ഷിക്കണം. ഗോഡൌണുകളിൽ ചാക്കുകൾ സൂക്ഷിക്കുമ്പോൾ തറയിൽ മരപ്പലക നിരത്തി അതിനുമുകളിൽ അടുക്കി വയ്ക്കണം. തറയിൽനിന്നുള്ള ഈർപ്പം കുരുമുളകിനെ ബാധിക്കുവാതിരിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്.

ജൈവ കൃഷിരീതിയിൽ ഉത്പാദിപ്പിച്ച നല്ല ഗുണമേന്മയുള്ള കുരുമുളകിന് വിപണിയിൽ താരതമ്യേന ഉയർന്ന വില കിട്ടുന്നതുകൊണ്ട് കർഷകന് കൂടുതൽ ലാഭം നേടിയെടുക്കുവാൻ സാധിക്കുന്നു. കാർഷിക കൂട്ടായ്മയിലൂടെയും കുടുംബശ്രീ പോലുള്ള ഏജൻസികളിലൂടെയും ഇവയ്ക്ക് സർട്ടിഫിക്കേഷനും വിപണിയും അനായാസേന നേടിയെടുക്കാവുന്നതാണ്.

ജൈവ സർട്ടിഫിക്കേഷൻ നൽകുന്ന കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങൾ

 • ഇന്ത്യൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി (INDOCERT)

(പി.ഒ.), ആലുവ-683105, കൊച്ചി

ഫോണ്‍: 0484 2630909

ഇ-മെയിൽ: info@indocert.org

 • ലാക്കോണ്‍ ക്വാളിറ്റി സർട്ടിഫിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്(LACON)

ചേനത്ര, തിരുവല്ല, പത്തനംതിട്ട- 689101

ഫോണ്‍: 0469 2606447

ഇ-മെയിൽ: info@laconindia.com

വെബ്സൈറ്റ്: www.laconindia.com

 • ബയോ ഇൻസ്പെക്ട്ര

C/o INDOCERT

(പി.ഒ.), ആലുവ- 683105, കൊച്ചി

ഫോണ്‍: 0484 2630908

ജൈവ കൃഷിയിൽ ഉപയോഗിക്കാവുന്ന കീട കുമിൾ നാശിനികൾ

വേപ്പിൻകുരു സത്ത്

ഒരു ലിറ്റർ സത്ത് തയ്യാറാക്കാൻ ഉദ്ദേശം 20ഗ്രാം വേപ്പിൻകുരു വേണം. നന്നായി ചതച്ച പരിപ്പ് തുണിയിൽ കിഴികെട്ടി വെള്ളത്തിൽ 6-10 മണിക്കൂർ വരെ കുതിർത്തുവെക്കണം. പിന്നീട് കിഴി നന്നായിപിഴിഞ്ഞ് ഇതിലെ സത്ത് വെള്ളത്തിൽ  കലർത്തണം. ലായനിയുടെ നിറം തെളിയുന്നതുവരെ കിഴി പലപ്രാവശ്യം വെള്ളത്തിൽ മുക്കിപ്പിഴിയണം. അതിനുശേഷം ഈ ലായനി ചെടിയിൽ തളിക്കാം.

വേപ്പെണ്ണ വെളുത്തുള്ളി എമൾഷൻ

വേപ്പെണ്ണ സോപ്പുമായി ചേർത്ത് പതപ്പിച്ച് കീടനാശിനിയായി ഉപയോഗിക്കാം. ആവശ്യമുള്ളത്രയും എണ്ണ ഒരു പരന്നപാത്രത്തിൽ എടുത്തശേഷം സോപ്പിൻകഷ്ണങ്ങൾ ചെറുതായി അരിഞ്ഞ് പതപ്പിക്കണം. പാലിൻറെ നിറം ലഭിക്കുന്നതിനും നന്നായി പതയുന്നതിനും വേണ്ടത്ര സോപ്പ് ചേർക്കണം. 10ലിറ്റർ കീടനാശിനി ഉണ്ടാക്കാൻ 50ഗ്രാം ബാർസോപ്പ് ചെറിയകഷ്ണങ്ങളായി മുറിച്ച്‌ അരലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഇതിലേക്ക് 200മില്ലി വേപ്പെണ്ണ സാവധാനത്തിൽ ഒഴിച്ച് നല്ലവണ്ണം ഇളക്കി പതപ്പിച്ചെടുക്കുക. പിന്നീട് 200ഗ്രാം വെളുത്തുള്ളി 300 മില്ലി വെള്ളത്തിൽ ചതച്ച് അരിച്ചെടുത്ത് മേൽപറഞ്ഞ മിശ്രിതത്തിലേക്ക് ചേർക്കുക. ഇതിലേക്ക് 9ലിറ്റർ വെള്ളംചേർത്ത് നേർപ്പിച്ച് കീടനാശിനിയായി ഉപയോഗിക്കാം. ഇത് പ്രയോഗിച്ച് നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇല കാർന്നുതിന്നുന്ന പുഴുക്കൾ, വണ്ടുകൾ എന്നിവയ്ക്കെതിരെ രക്ഷ നേടാം. ലായനി ചെടികളിൽ നന്നായി പിടിച്ചിരിക്കുന്നതിനും വ്യാപിക്കുന്നതിനും സോപ്പ് സഹായിക്കുന്നു.

പുകയിലക്കഷായം

പല കീടങ്ങളുടെയും നിയന്ത്രണത്തിന് പുകയിലക്കഷായം വളരെ ഫലപ്രദമാണ്. ഇത് തയ്യാറാക്കുന്നതിന് 400ഗ്രാം പുകയില ചെറിയകഷ്ണങ്ങളായി അരിഞ്ഞെടുത്ത് നാല് ലിറ്റർ വെള്ളത്തിൽ ഒരുരാത്രി കുതിർത്തുവെക്കണം. ഈ ലായനി അൽപ്പം ചൂടാക്കിയശേഷം പുകയില നന്നായിപ്പിഴിഞ്ഞ് ഇതിൻറെ സത്ത് ശേഖരിക്കണം. ഇതിൽ ഒരുലിറ്റർ സോപ്പുലായനി ചേർത്ത് കലക്കിയാൽ അഞ്ചുലിറ്റർ പുകയിലക്കഷായം തയ്യാറായി. ഒരുലിറ്റർ സോപ്പുലായനി ലഭിക്കുന്നതിന് ഉദ്ദേശം 100ഗ്രാം സോപ്പ് വേണം. സോപ്പുലായനി പുകയില ലായനിയിൽ കുറേശ്ശെ ഒഴിച്ച് നന്നായി കലർത്തിയാൽ മതി. അഞ്ചുമടങ്ങ് വെള്ളംചേർത്ത് ഇത് ചെടികളിൽ തളിക്കാവുന്നതാണ്.

ഒരു ശതമാനം ബോർഡോ മിശ്രിതം തയ്യാറാക്കുന്ന വിധം

100ലിറ്റർ ബോർഡോമിശ്രിതം തയ്യാറാക്കുവാൻ ഒരുകിലോ തുരിശ് നന്നായി പൊടിച്ച് തുണിക്കിഴിയിലാക്കി 50ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുക്കുക. നീറ്റുകക്ക വെള്ളംകുടഞ്ഞ്‌ നീറ്റിയെടുത്ത് ഒരുകിലോഗ്രാം 50ലിറ്റർ വെള്ളത്തിൽ വേറെ ലയിപ്പിച്ചെടുക്കണം. പിന്നീട് തുരിശ് ലായനി കക്ക ലായനിയിലേക്ക് സാവധാനം ഒഴിച്ച് നന്നായി ഇളക്കിക്കൊടുക്കുക. ഇപ്രകാരം തയ്യാർചെയ്ത  ബോർഡോമിശ്രിതം  നല്ല നീലനിറമായിരിക്കും. ബോർഡോ മിശ്രിതത്തിൻറെ കൂട്ട് ശരിയാണോയെന്ന് നോക്കുവാനായി മിനുസപ്പെടുത്തിയ ഇരുമ്പ് കത്തിയോ/ബ്ലെയിഡോ രണ്ടുമിനിട്ട് നേരം ലായനിയിൽ മുക്കിയെടുക്കുക. കത്തിയിലോ/ബ്ലെയിഡിലോ ചെമ്പിൻറെ അംശം(തിളക്കം) കാണുന്നുവെങ്കിൽ കക്ക ലായനി വീണ്ടുംചേർത്ത് നിർവീര്യമാക്കണം. ഇപ്രകാരം തയ്യാർചെയ്ത ബോർഡോമിശ്രിതം ജൈവകൃഷിയിൽ  കുമിൾനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ബോർഡോമിശ്രിതം തയ്യാറാക്കുമ്പോൾ ചെമ്പ്, മണ്ണ്, പ്ലാസ്റ്റിക്, മരം എന്നിവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കുക.

കുരുമുളക് കുറ്റികൃഷിയിലൂടെ

ഡോ. എ. കെ. സദാനന്ദൻ, ഡോ. ഹംസ സ്രാമ്പിക്കൽ

ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം

പണ്ടുകാലം മുതലേ ലോകശ്രദ്ധ പിടിച്ചുപറ്റിയതും, 1994-95-ൽ 35636 ടണ്‍ കയറ്റി അയച്ച് 226 കോടി രൂപ വിദേശനാണ്യം നമുക്ക് നേടിത്തന്നതുമായ സുഗന്ധവിളകളുടെ രാജാവ് ആണ് കുരുമുളക്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കുരുമുളകിൻറെ തൊണ്ണൂറ്റി ഏഴു ശതമാനവും കിട്ടുന്നത് കേരളത്തിലെ ചെറുകിട കൃഷിക്കാരിൽ നിന്നാണ്. കുരുമുളക് ഉത്പാദിപ്പിക്കുന്ന ലോകത്തുള്ള മറ്റു രാഷ്ട്രങ്ങളോട്(ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ) തുലനം ചെയ്യുമ്പോൾ കൃഷിചെയ്യുന്ന സ്ഥലത്തിൻറെ വിസ്തൃതിയിൽ നമ്മൾ വളരെ മുന്നിലാണെങ്കിലും (53%) നമ്മുടെ ഉത്പാദനക്ഷമത തീരെ കുറവാണ് (258കിലോ/ഹെക്ടർ). രണ്ടായിരമാണ്ടോടെ ലോകജനതയ്ക്ക് ഏകദേശം ഒരു ലക്ഷത്തിയെണ്‍പ്പത്തയ്യായിരം മെട്രിക് ടണ്‍ കുരുമുളക് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ നമ്മുടെ ആഭ്യന്തര ഉപയോഗത്തിന് തന്നെ ഏകദേശം മുപ്പതിനായിരം മെട്രിക് ടണ്‍ കുരുമുളക് വേണ്ടിവരും. അതുകൊണ്ട് ഉത്പാദനം കൂട്ടാനുള്ള വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കുരുമുളക് കൃഷി ചെയ്യുന്നവരിൽ 59 ശതമാനവും ചെറുകിട കൃഷിക്കാരാണ്. ഇവരെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ നമുക്ക് ഉത്പാദനക്ഷമത കൂട്ടാനാവൂ. ഇതിനുവേണ്ടി കുരുമുളക് കൃഷിയിൽ ഒരു നൂതന സമ്പ്രദായം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതാണ്‌ കുറ്റി കുരുമുളക്.

കുറ്റി കുരുമുളക്

സാധാരണയായി കുരുമുളക് വള്ളിയായി താങ്ങുമരങ്ങളിലാണ് വളർത്തുന്നത്. ഇതിനുവേണ്ടി താങ്ങുമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും, വിള പരിപാലനത്തിനും, കുരുമുളക് പറിക്കാനും മറ്റും ഉത്പാദനചെലവ് വർദ്ധിക്കുന്നുണ്ട്. എന്നാൽ കുറ്റി കുരുമുളക് വളർത്തി ഉത്പാദനചെലവ് കുറക്കാവുന്നതാണ്. കുറ്റി കുരുമുളക് പറമ്പിൽ നട്ട് കുരുമുളക് ഉത്പാദനക്ഷമത കൂട്ടാവുന്നതാണ്.

തൈ തയ്യാറാക്കുന്ന വിധം:

നല്ല ഉത്പാദനം കിട്ടുന്ന വള്ളികളിൽനിന്നും ഒരുവർഷം പ്രായമായ ചെറുമുകുളങ്ങളോടുകൂടിയ ശിഖരങ്ങൾ, രണ്ടുമുതൽ നാലുവരെ ഇലകളോടുകൂടി മുറിച്ചെടുത്ത് ഏകദേശം 2 മുതൽ 3 മിനിട്ടുവരെ ദശാംശം രണ്ടു ശതമാനം (2ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ) വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനിയിൽ ഇട്ടുവെക്കുക. ഇതിൽനിന്നും ശിഖരങ്ങളെടുത്ത് മൂർച്ചകൂടിയ കത്തി ഉപയോഗിച്ച് അടിഭാഗം ചെരിച്ച് മുറിച്ച്, IBA അതല്ലെങ്കിൽ NAA, 100 മുതൽ 200 പി.പി.എം.വരെ വീര്യമുള്ള ഹോർമോണ്‍ ലായനിയിൽ മുറിച്ചഭാഗം മുക്കിയെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ കമ്പുകൾ ഒരുവർഷമെങ്കിലും പഴക്കമുള്ളതും കഴുകി കറകളഞ്ഞതുമായ ചകിരിച്ചോറ് 45 X 30 സെൻറീമീറ്റർ വലുപ്പത്തിലുള്ള പോളിത്തീൻ കവറിൽ ഉദ്ദേശം 200ഗ്രാം വീതം നിറച്ച് അതിൽ ഒരു കമ്പെങ്കിലും മൂടത്തക്കവണ്ണം താഴ്ത്തിവെക്കുക. ഒരു കവറിൽ ഇങ്ങനെ നാലോ അഞ്ചോ കമ്പുകൾ വെക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ കവറുകൾ വായ കെട്ടിയശേഷം തണലിൽ  കെട്ടി തൂക്കി ഇടുക. ഏകദേശം 30 മുതൽ 40 ദിവസം കഴിയുമ്പോഴേക്കും വേരുകൾ കണ്ടുതുടങ്ങും. ഈ സമയത്ത് കവർ തുറന്ന് നഴ്സറി മിശ്രിതം (മണ്ണ്, മണൽ, ഉണങ്ങിയ ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ കൂട്ടിക്കലർത്തിയത്) നിറച്ചു ചെറിയ പോളിത്തീൻ കവറുകളിലേക്ക് (15x10സെ.മീ.) മാറ്റി നടുക. ഇവ ഒന്നോരണ്ടോ മാസം കഴിയുമ്പോഴേക്കും നല്ല വേരുകളുള്ള കുറ്റിക്കുരുമുളക് തൈകളായി വളരുന്നു. ഇത്തരത്തിൽ കുറ്റികുരുമുളക് തൈ വർഷം മുഴുവനും ഉത്പാദിപ്പിക്കാമെങ്കിലും, സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് കുറ്റി കുരുമുളക് തൈകൾ ഉത്പാദിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയം (90 മുതൽ 95 ശതമാനം വരെ വിജയപരമാവുന്നത്). ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തൈകൾ ചട്ടികളിലും പറമ്പിലും നടാവുന്നതാണ്.

ടെറസ്സിൽ അഥവാ ചട്ടിയിൽ നടേണ്ട വിധം

ആദ്യം പറഞ്ഞ രീതിയിൽ തയ്യാറാക്കിയ കുറ്റിക്കുരുമുളക് ചെടികൾ ഏകദേശം പത്തുകിലോ പോട്ടിംഗ് മിശ്രിതം (മണ്ണ്, മണൽ, ചാണകം എന്നിവ തുല്യ അളവിൽ കൂട്ടിക്കലർത്തിയത്) നിറയ്ക്കാവുന്ന ചട്ടികളിലേക്ക് മാറ്റിനടുക. നട്ടതിൻറെ മേലെ ചപ്പ് വെച്ച് ദിവസേന രണ്ടുനേരം നനയ്ക്കുക. ഇവ രണ്ടാഴ്ചയെങ്കിലും തണലിൽ വെക്കേണ്ടതാണ്. ഈ ചട്ടികൾ മുറ്റത്തോ, ടെറസ്സിനു മുകളിലോ വെച്ച് പരിപാലിക്കാവുന്നതുകൊണ്ട് കുടിൽ-കൊട്ടാരം വ്യത്യാസമില്ലാതെ എല്ലാ വീട്ടമ്മമാർക്കും വളർത്തി അടുക്കളയിലേക്കാവശ്യമുള്ള കുരുമുളക് ഉത്പാദിപ്പിക്കാവുന്നതാണ്. കാലഭേദമില്ലാതെ ഇവ പൂക്കുന്നതുകൊണ്ട് എല്ലായ്പ്പോഴും പച്ച കുരുമുളക് കിട്ടുന്നതാണ്. മത്സ്യകറിയിലും മറ്റും പച്ചക്കുരുമുളക് ഉപയോഗിച്ചാൽ അതിന് നല്ല രുചി കിട്ടും. ഇങ്ങനെ എല്ലാവരും സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് ഉത്പാദിപ്പിച്ചാൽ നമ്മുടെ വലിയ വലിയ കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന കുരുമുളക് നമുക്ക് വിദേശങ്ങളിലേക്ക് കയറ്റിഅയച്ച് ധാരാളം വിദേശനാണ്യം നേടാവുന്നതാണ്.

പരിപാലനം

ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കൽ 1ഗ്രാം നൈട്രജൻ, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലർത്തി ഒരു ടീസ്പൂണ്‍) എന്നതോതിൽ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനം തെളിയിക്കുന്നു. രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിൾസ്പൂണ്‍ കടലപ്പിണ്ണാക്ക് ചേർത്താലും മതിയാവുന്നതാണ്. ഇങ്ങനെ വളം ചെയ്തപ്പോൾ മൂന്നുവർഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയിൽനിന്നും പന്നിയൂർ-കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവർഷം മുതൽ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു. മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കിൽ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റർ എന്നതോതിൽ കൊടുക്കാവുന്നതാണ്. ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളർത്താൻ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയിൽനിന്ന് പറിച്ചെടുക്കുന്ന കുരുമുളകിൻറെ വില കൂട്ടിനോക്കിയാൽ ഇത് വളരെ ലാഭകരമാണ്.

തറയിൽ നടേണ്ട വിധം:

2 X  2 മീറ്റർ അകലത്തിൽ അരമീറ്റർ സമചതുരത്തിലുള്ള കുഴികൾ കുത്തി അതിൽ മേൽമണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകം സമമായി കൂട്ടിച്ചേർത്ത് നിറയ്ക്കുക. എന്നിട്ട് തൈകൾ നടുക. ഇങ്ങനെ ഒരു ഹെക്ടറിൽ 2500 ചെടികൾ നടാവുന്നതാണ്. 6മീറ്റർ അകലത്തിൽ തണൽ നൽകാൻ ശീമക്കൊന്ന വെച്ചുപിടിപ്പിക്കേണ്ടതാണ്.

പരിപാലനം

തറയിൽ നട്ട കുരുമുളകുചെടിക്ക് നാല് മാസത്തിലൊരിക്കൽ 10ഗ്രാം നൈട്രജൻ, 4ഗ്രാം ഭാവഹം, 20ഗ്രാം ക്ഷാരം (20ഗ്രാം യൂറിയ, 25ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30ഗ്രാം പൊട്ടാഷ്) എന്നിവ കൊടുക്കാവുന്നതാണ്. അതുപോലെ തന്നെ ആണ്ടിൽ രണ്ടുപ്രാവശ്യം (ജൂണ്‍, സെപ്റ്റംബർ) ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ചെടി ഒന്നിന് രണ്ടുലിറ്റർ എന്നതോതിൽ കൊടുക്കണം. ഇങ്ങനെയുള്ള തോട്ടത്തിൽ കണിക ജലസേചനം (ഡ്രിപ് ഇറിഗേഷൻ) നൽകുന്നതായിരിക്കും ഉത്തമം.

ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻറെ പെരുവണ്ണാമുഴി ഫാമിൽ നടത്തിയ പരീക്ഷണത്തിൽ നാലുവർഷം പ്രായമായ ചെടിയിൽനിന്നും ഒന്നരകിലോ പച്ച കുരുമുളക് കിട്ടുന്നതായി കണ്ടു. തുടക്കത്തിൽ കുഴി എടുക്കാനും, കണിക ജലസേചനത്തിനും മറ്റും അൽപം കൂടുതൽ ചെലവ് വരും എന്നുണ്ടെങ്കിലും നാലാംവർഷം മുതൽ പരിപാലനത്തിനും മറ്റുമായി ഏകദേശം ഒരു ഹെക്ടറിന് 20,000 രൂപയോളം ചെലവ് വരുമ്പോൾ 60,000 രൂപയോളം വരുമാനം കിട്ടുന്നു. അതായത് ഒരു ഹെക്ടറിൽ 2,500 ചെടിവെച്ച് ഒരു ചെടിയ്ക്ക് ഒന്നരകിലോ പച്ചകുരുമുളക് എന്നതോതിൽ 3,750കിലോ പച്ച അതല്ലെങ്കിൽ 1,250കിലോ ഉണക്ക കുരുമുളക് കിട്ടുന്നു. അതേസമയം നമ്മൾ താങ്ങുമരങ്ങളിൽ നടുകയാണെങ്കിൽ ഒരു ഹെക്ടറിൽ 1000 വള്ളി എന്നതോതിൽ ഒരു വള്ളിയ്ക്ക് ഏകദേശം ഒരുകിലോ ഉണക്ക കുരുമുളക് വെച്ച്, ഹെക്ടർ ഒന്നിന് 1000കിലോ കുരുമുളകാണ് പരമാവധി കിട്ടുന്നത്. ഇങ്ങനെ നോക്കുമ്പോൾ കുറ്റിക്കുരുമുളക് കൃഷി വളരെയധികം ലാഭകരമാണ്. മുളകിൽ മാത്രം 25% കൂടുതൽ ഉത്പാദനം കിട്ടുന്നു. കുറ്റിക്കുരുമുളക് നിലത്ത് പടർന്നു കിടക്കുന്നതുകൊണ്ട് പറിക്കാനും പരിചരിക്കാനും ബുദ്ധിമുട്ടില്ല. അതേപോലെ താങ്ങുമരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതുമില്ല. വർഷം മുഴുവനും പുഷ്പിക്കുന്നതുകൊണ്ട് എല്ലായ്പ്പോഴും കുരുമുളക് കിട്ടുന്നതുമാണ്.

വെള്ള കുരുമുളക്

പഴുത്ത കുരുമുളക് മണികൾ പുറംതൊലി കളഞ്ഞശേഷം ലഭിക്കുന്ന പ്രധാനപ്പെട്ട മൂല്യവർദ്ധിത ഉത്പ്പന്നമാണ്‌ വെള്ള കുരുമുളക്. വെള്ളക്കുരുമുളകിൻറെ ആകർഷകമായ നിറം, മണം, രുചി എന്നിവ യൂറോപ്പിലും മധ്യപടിഞ്ഞാറൻ രാജ്യങ്ങളിലും ഇതിന് ആവശ്യകത വർദ്ധിപ്പിച്ചു. കറുത്ത കുരുമുളകും, വെള്ളക്കുരുമുളകും രുചിയിലും മണത്തിലും ഒരുപോലെയാണെങ്കിലും ബാഷ്പതൈലത്തിൻറെ അളവ് വ്യത്യസ്തമാണ്. കറുത്ത കുരുമുളകുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളക്കുരുമുളകിൽ പിനീൻ (Pinene), സബ്നീൻ (Sabinene)തുടങ്ങിയവയുടെ അളവ് അൽപം കുറവാണ്.

സംസ്കരണം

അഴുകിപ്പിക്കൽ (Retting)

വെള്ളക്കുരുമുളക് ഉണ്ടാക്കുന്നതിന് ധാരാളം മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും അഴുകിപ്പിക്കലാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എല്ലാ കുരുമുളക്‌ മണികളും ഒരുപോലെ പഴുത്തിട്ടില്ലെങ്കിൽ അവ പറിച്ചെടുത്തശേഷം ഒന്നോ രണ്ടോ ദിവസം പഴുക്കുന്നതിനായി തണലിൽ കൂട്ടിവെയ്ക്കും. പഴുത്ത മണികൾ മാത്രം തിരികളിൽനിന്നും ചാക്കിൽ ശേഖരിക്കണം. പഴുത്ത മണികൾ സൂക്ഷിച്ചിരിക്കുന്ന ചാക്കുകൾ ഭദ്രമായി കെട്ടി വെള്ളത്തിൽ മുക്കിവയ്ക്കുക. 8 മുതൽ 10 ദിവസംകൊണ്ട് കുരുമുളകിൻറെ പുറംതോട് സൂക്ഷ്മജീവികളുടെ പ്രവർത്തനത്താൽ നശിക്കുന്നു. 7 മുതൽ 8 ദിവസംവരെ വെള്ളത്തിൽ കുതിർത്തുവച്ചാൽ കുരുമുളകിന് ആകർഷകമായ നിറം ലഭിക്കും. ഈ പുറംതോട് അരിപ്പകളിൽ ഉരച്ച് നീക്കം ചെയ്യുന്നു. പുറംതോട് കളഞ്ഞ കുരുമുളക്‌ ജലാംശം 8-10 ശതമാനം എത്തുന്നത് വരെ നല്ല വെയിലത്ത് ഉണക്കിയെടുക്കുക. 1 കി.ഗ്രാം. പഴുത്ത കുരുമുളകിൽ നിന്നും 240ഗ്രാം ഉണങ്ങിയ വെള്ളക്കുരുമുളക് ഉത്പാദിപ്പിക്കാം.

എത്രൾ സ്പ്രേ ചെയ്തതിനുശേഷമുള്ള അഴുകിപ്പിക്കൽ

മൂപ്പെത്തിയ കുരുമുളക്‌ പഴുക്കുന്നതിന് മുമ്പ് പറിച്ചെടുത്തശേഷം പഴുക്കുന്നതിനായി 2000 പി.പി.എം. എത്രൾ (ethrel) തളിച്ചശേഷം 5 ദിവസം അഴുകുന്നതിനായി വയ്ക്കുക. അഴുകുമ്പോൾ എത് ലിൻ (ethylene) പുറത്തുപോകുന്നതിനാൽ ഒരുതരത്തിലുള്ള രാസ- പദാർത്ഥങ്ങളും കുരുമുളകിൽ അവശേഷിക്കുന്നില്ല.

തിളപ്പിക്കൽ

പൂർണ്ണമായും മൂപ്പെത്തിയതും പഴുക്കാത്തതുമായ കുരുമുളക്‌ മണികൾ 10 മിനിറ്റ് വെള്ളത്തിൽ തിളപ്പിച്ചശേഷം പൾപിങ്ങ് യന്ത്രം ഉപയോഗിച്ചോ, അരിപ്പയിൽ ഉരച്ചോ പുറംതോട് കളയുക.

യന്ത്രം ഉപയോഗിച്ചുള്ള വെള്ളക്കുരുമുളകിൻറെ ഉത്പാദനം

കുരുമുളകിൻറെ പുറംതോട് യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു (Decortication). ഇത്തരത്തിൽ യന്ത്രസഹായത്താൽ പുറംതോട് കളഞ്ഞ കുരുമുളകിന് തവിട്ടുനിറം രൂപപ്പെടുന്നതിനാൽ ഈ രീതിയിൽ ഉത്പാദിപ്പിച്ചെടുക്കുന്ന കുരുമുളകിന് ഉപഭോക്താക്കളും, വിപണിയിലെ സ്വീകാര്യതയും കുറവാണ്.

അഴുകിപ്പിക്കലും തിളപ്പിക്കലും (Retting and Boiling)

കുരുമുളക്‌ മണികൾ 5 ദിവസം വെള്ളത്തിൽ മുക്കിവെച്ചശേഷം 5 മുതൽ 10 മിനിട്ടുവരെ തിളപ്പിക്കുക. ഈ കുരുമുളകുമണികൾ 2% വീര്യമുള്ള കാസ്റ്റിക്സോഡ (Caustic soda) ഉപയോഗിച്ച് കഴുകി പുറംതൊലി നീക്കംചെയ്യുന്നു. കാസ്റ്റിക്സോഡ ഉപയോഗിക്കുന്നതുകൊണ്ടും തിളപ്പിക്കുന്ന സമയത്ത് ബാഷ്പതൈലം നഷ്ടപ്പെടുന്നതുകൊണ്ടും ഈ രീതിയിൽ ഉണ്ടാക്കുന്ന കുരുമുളകിന് വിപണന സാധ്യത കുറവാണ്.

വെള്ളക്കുരുമുളക് ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ ഇനങ്ങൾ

നിറം, ഗുണം, വലിപ്പം എന്നീ ഘടകങ്ങളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പന്നിയൂർ-1, വലിയകനിയക്കാടൻ എന്നിവ വെള്ള കുരുമുളക്‌ ഉണ്ടാക്കുവാൻ അനുയോജ്യമായ ഇനങ്ങളാണ്.

രാസഗുണത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ

ചെറിയ രീതിയിൽ ബാഷ്പീകൃത തൈലത്തിൻറെ കുറവുണ്ടാകുന്നതല്ലാതെ പുറംതോട് കളയുന്നതിലൂടെ വെള്ളക്കുരുമുളകിൻറെ ഗുണമേന്മയിൽ കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. വെള്ളക്കുരുമുളകിൽ 50 മുതൽ 55% വരെ അന്നജം അടങ്ങിയിരിക്കുന്നു. എന്നാൽ കറുത്ത കുരുമുളകിൽ അന്നജത്തിൻറെ അളവ് 30 മുതൽ 40% വരെയാണ്. വെള്ളക്കുരുമുളകിന് കറുത്ത കുരുമുളകിനേക്കാൾ 50% വരെ വില കൂടുതൽ ലഭിക്കുന്നു. വെള്ളക്കുരുമുളകിന് ഉത്പാദനചെലവ് കൂടുതലായതിനാൽ സ്ഥിരമായി ജലലഭ്യത ഉള്ളതും കൂലി കുറവുള്ളതുമായ ഭൂപ്രദേശങ്ങളിൽ  മാത്രമെ കുരുമുളകിൻറെ ഉത്പാദനം ലാഭകരമാവുകയുള്ളൂ.

ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം

താങ്ങുകാലുകളിൽ പടർന്നു വളരുന്ന ഒരു ദീർഘകാല വിളയാണ് കുരുമുളക്. ചെടിയുടെ ഉണങ്ങിയ കുരുമുളക് മണികൾ സുഗന്ധവ്യജ്ഞനമായും ഔഷധമായും ഉപയോഗിക്കുന്നു. ഉത്പാദനക്ഷമത കുറഞ്ഞ നാടൻ ഇനങ്ങൾ കൃഷിചെയ്യുന്നതാണ് കുരുമുളകിൻറെ ഉത്പാദനം കുറയുവാനുള്ള പ്രധാന കാരണം. ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഉത്പാദനക്ഷമത കുറഞ്ഞ വള്ളികൾ മുറിച്ചുമാറ്റി ഉത്പാദനക്ഷമതയുള്ള പുതിയ തൈകൾ നടേണ്ടതാണ്. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് നല്ല വിളവു തരുന്ന കുരുമുളകിനങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുണ്ടെങ്കിലും ഓരോ ഇനത്തിനും കാലാവസ്ഥ, മണ്ണിൻറെ സ്വഭാവം, രോഗ-കീടങ്ങളോട് പ്രതികരിക്കുവാനുള്ള കഴിവ് എന്നിവ വ്യത്യസ്തമായിരിക്കും. ഒലിയോറസിൻ, പൈപ്പരിൻ, ബാഷ്പതൈലം എന്നിവ കൂടുതൽ അടങ്ങിയിട്ടുള്ള കുരുമുളകിനങ്ങൾക്ക് വിദേശകമ്പോളങ്ങളിൽ പ്രിയം ഏറിവരികയാണ്. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ തോട്ടം മുഴുവനായി നശിച്ചുപോകാതിരിക്കുവാൻ വിവിധ ഇനങ്ങളിലുള്ള കുരുമുളകിനങ്ങൾ കൃഷി ചെയ്യേണ്ടതുണ്ട്. ഇതിനായി ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ചെടുക്കണം. താഴെ പറയുന്നവയാണ് മാതൃവള്ളി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 • രോഗ വിമുക്തവും നല്ല കരുത്തുള്ളതുമായ കൊടികളായിരിക്കണം.
 • കൊടിയുടെ  പ്രായം 15 വയസ്സിൽ അധികമാകരുത്‌.
 • ധാരാളം പാർശ്വശാഖകൾ ഉണ്ടായിരിക്കണം.
 • ഒരു  പാർശ്വശാഖയിൽ ഇനത്തിനനുസൃതമായി 3-5 നീളമുള്ള തിരികൾ, അടുപ്പമുള്ള മണികൾ.
 • വള്ളികളുടെ ഉത്പാദനക്ഷമത, മറ്റു സവിശേഷതകൾ എന്നിവ നാലോ അഞ്ചോ വർഷമെങ്കിലും നിരീക്ഷിച്ച ശേഷം മാതൃവള്ളി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

പരമ്പരാഗത രീതി

ഉത്പാദനശേഷിയുള്ളതും, ആരോഗ്യമുള്ള കൊടികളുടെ ചുവട്ടിൽ നിന്നും ഉണ്ടാകുന്നതുമായ ചെന്തലകൾ, മണ്ണിൽ പടർന്നു വേരിറങ്ങാതെ മരക്കമ്പുകൾ നാട്ടി അവയിൽ ചുറ്റിവയ്ക്കണം. മുറിച്ചെടുത്ത ചെന്തലകളിലെ ഇലകൾ, ഞെട്ടിൻറെ മധ്യഭാഗത്ത്‌ നുള്ളികളയണം. ചെന്തലകൾ രണ്ടു മൂന്ന് മുട്ടുകൾ വീതമുള്ള കഷ്ണങ്ങളാക്കി തവാരണയിലോ, മണ്‍മിശ്രിതം 2:1:1 എന്ന അനുപാതത്തിൽ നിറച്ച പോളിത്തീൻ ബാഗിലോ നടുന്നു. നടുമ്പോൾ ഒരു മുട്ട് മണ്ണിനടിയിൽ പതിഞ്ഞിരിക്കണം. ജലസേചനവും തണലും ആവശ്യാനുസരണം നൽകണം. തവാരണയുണ്ടാക്കാൻ പറ്റിയ സമയം ഫെബ്രുവരി-മാർച്ച് മാസമാണ്. വേരുപിടിപ്പിച്ച തൈകൾ ജൂണ്‍ മാസത്തോടെ തോട്ടത്തിൽ നടാൻ തയ്യാറാകും.

മുളയിൽ വളർത്തുന്ന രീതി

നല്ലയിനം കുരുമുളകുതൈകൾ ത്വരിതഗതിയിൽ ഉത്പാദിപ്പിച്ചെടുക്കാവുന്ന സാങ്കേതികരീതി സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓലഷെഡോ, പോളിത്തീൻഷീറ്റും ഷെയ്ഡ്നെറ്റുംകൊണ്ട് ഉണ്ടാക്കിയ താത്കാലിക നഴ്സറിയോ ഉപയോഗിക്കാം.

ഷെഡ്ഡ് ഉണ്ടാക്കിയതിനുശേഷം, ഷെഡ്ഡിൻറെ നീളമുള്ള വശത്തുനിന്നും 25 സെ.മീ. അകലെ വശത്തിന് സമാന്തരമായി 45 സെ.മീ. താഴ്ച്ചയും, 30 സെ.മീ. വീതിയുമുള്ള ചാലെടുക്കണം. എന്നിട്ട് മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 2:2:1 എന്ന അനുപാതത്തിൽ ചാലുകളിൽ നിറച്ചു കൊടുക്കണം. ഇതുപോലെ മറ്റൊരു ചാല് ഷെഡ്ഡിൻറെ മറുഭാഗത്ത് നിന്നും 25 സെ.മീ. അകലത്തിൽ എടുത്ത് മേൽപ്പറഞ്ഞ മിശ്രിതം നിറച്ചുകൊടുക്കണം. ഇങ്ങനെയെടുത്ത രണ്ട് ചാലുകളുടെ ഇടയ്ക്ക് 20 സെ.മീ. ഉയരമുള്ള ഒരു പരന്ന മണ്‍തിട്ട ഉണ്ടാക്കണം. ഇതിൻറെ മധ്യഭാഗത്ത്‌ മുളക്കഷണങ്ങൾ ചരിച്ചു നിർത്തുന്നതിന്, നീളമുള്ള വശത്തിന് സമാന്തരമായി 45 സെ.മീ. ഉയരത്തിൽ ഒരു താങ്ങ് കൊടുക്കണം. മുളക്കഷണങ്ങൾ ദുർലഭമായ പ്രദേശങ്ങളിൽ പി.വി.സി പൈപ്പുകൾ ഉപയോഗിക്കാവുന്നതാണ്. താങ്ങിനുമേൽ 7സെ.മീ. വ്യാസമുള്ള മുളക്കഷണങ്ങൾ 1.25 മീറ്റർ നീളത്തിൽ രണ്ടായി കീറി ഏകദേശം 45 ഡിഗ്രി ചരിവിൽ വരിവരിയായി പരസ്പരം ചേർന്നിരിക്കുന്ന വിധത്തിൽ കുത്തി നിർത്തണം. കൂടുതൽ ഉറപ്പുകിട്ടുന്നതിന് മുളക്കഷണങ്ങളിൽ കീൽ പുരട്ടേണ്ടതാണ്.

കുത്തിനിറുത്തിയ മുളക്കഷണത്തിനടുത്തായി എടുത്തിട്ടുള്ള ചാലുകളിൽ, വേരുപിടിപ്പിച്ച കുരുമുളക് തൈ പോളിത്തീൻ ബാഗിൻറെ അടിഭാഗം കീറിക്കളഞ്ഞതിനുശേഷം മണ്ണിൽ ഉറപ്പിച്ചു വയ്ക്കുകയാണ് ഇനി വേണ്ടത്. വള്ളികൾ മുകളിലോട്ടു വളരുവാൻ തുടങ്ങുമ്പോൾ, മുളയുടെ ഉൾഭാഗത്ത് മണ്ണ്, മണൽ, ചാണകപ്പൊടി, ചകിരിപ്പൊടി അല്ലെങ്കിൽ മരപ്പൊടി എന്നിവ സമം ചേർത്ത് ഇട്ടുകൊടുക്കണം. വള്ളികൾ വളരാൻ തുടങ്ങുമ്പോൾ വള്ളികൾ മുളക്കഷണങ്ങളോട് ചേർത്ത് കെട്ടിക്കൊടുക്കുകയും വേണം. വാഴനാര് 0.2% വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനിയിൽ മുക്കിയെടുത്തതിനുശേഷം കെട്ടുന്നതിനായി ഉപയോഗിക്കാം. മുളക്കഷണങ്ങളിലൂടെ വളരുന്ന കുരുമുളക് ചെടിയുടെ വളർച്ച മന്ദഗതിയിലാണെങ്കിൽ 400ഗ്രാം യൂറിയ, 300ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 200ഗ്രാം പൊട്ടാഷ്, 100ഗ്രാം മെഗ്നീഷ്യം സൾഫേറ്റ് എന്നിവ 100 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി ചെടിയുടെ കടയ്ക്കൽ ഒന്നിന് 250 മില്ലി ലിറ്റർ എന്ന തോതിൽ മാസത്തിലൊരിക്കൽ ഇടവിട്ട്‌ ഒഴിക്കണം.

വള്ളി, മുളക്കഷണത്തിൻറെ തലപ്പത്ത് എത്തുമ്പോൾ മണ്ണിൽ നിന്നും രണ്ടോ മൂന്നോ മുട്ടുകൾക്കു മുകളിൽ വിരലുകൊണ്ട് ഞെരിക്കുകയും, അവയുടെ അറ്റം നുള്ളിക്കളയുകയും വേണം. ഏകദേശം 10 ദിവസത്തിനുശേഷം ഈ വള്ളികൾ ഞെരിച്ച ഭാഗത്തുവെച്ച് മുറിച്ച് വേരോടുകൂടി മുളക്കഷണങ്ങളിൽ നിന്നും പതുക്കെ വലിച്ചെടുക്കണം. ഒറ്റ മുട്ടുകൾ വള്ളിയിൽ നിന്നും വലിച്ചെടുത്ത് 20 X 10 സെ.മീ. വലുപ്പമുള്ള പോളിത്തീൻ ബാഗുകളിൽ നടുന്നതിന് ഉപയോഗിക്കാം.

കുരുമുളകുവള്ളി മുളക്കഷണത്തിൻറെ തലപ്പത്ത് എത്തുവാനായി ചുരുങ്ങിയത് മൂന്നുമാസമെങ്കിലും എടുക്കും. ഒരു മുളക്കഷണത്തിൽ നിന്നും വേരോടുകൂടിയ പത്ത് ഒറ്റമുട്ടെങ്കിലും പ്രതീക്ഷിക്കാം. അങ്ങനെ ഒരു വർഷത്തിൽ നാലുപ്രാവശ്യം ഒറ്റമുട്ടുകൾ മുറിച്ചെടുക്കുമ്പോൾ, ഒരു മുളക്കഷണത്തിൽ നിന്നും വേരോടു കൂടിയ 40 ഒറ്റമുട്ടുകൾ ലഭിക്കുന്നു.

ചെടികളുടെ സുശക്തമായ വളർച്ചയ്ക്ക് തൈകൾ തണലിൽ വെക്കുകയും റോസ്കേൻ ഉപയോഗിച്ച് നനയ്ക്കുകയും വേണം. ഏകദേശം 20 ദിവസത്തിനുശേഷം അവയിൽ പുതിയ മുളകൾ ഉണ്ടായിരിക്കും. മൂന്നു മാസത്തിനുശേഷം ഈ തൈകൾ തോട്ടത്തിൽ നടാനായി ഉപയോഗിക്കാം. വേനൽക്കാലത്ത് ഉത്പാദിപ്പിക്കുന്ന തൈകൾ നടുന്നതിന് മഴക്കാലം വരെ നഴ്സറിയിലെ ഈർപ്പം നിലനിർത്തുന്നതിനും പുതിയ തളിരിലകൾ ഉണ്ടാകുന്നതിനും വേനൽക്കാലത്ത് അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്യേണ്ടതാണ്. അതുപോലെ തൈകൾ നട്ടിട്ടുള്ള പോളിത്തീൻ ബാഗുകളിൽ നനച്ചു കൊടുക്കേണ്ടതുമാണ്. മണൽ ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ മണലിനു പകരം പാറപ്പൊടി 2:1:1 എന്ന അനുപാതത്തിൽ കൂട്ടി കലർത്തി പോളിത്തീൻ ബാഗിൽ നിറച്ച് തൈകൾ നടുന്നതിനായി ഉപയോഗിക്കാം.

നാഗപ്പതി സമ്പ്രദായം

വേരുപിടിപ്പിച്ച കുരുമുളക് തൈകളിൽ നിന്നും കൂടുതൽ തൈകൾ ഉത്പാദിപ്പിച്ചെടുക്കാനുള്ള ലളിതമായ മറ്റൊരു മാർഗ്ഗമാണ് നാഗപ്പതി സമ്പ്രദായം. നഴ്സറി ഷെഡ്ഡിൻറെ ഒരറ്റത്തായി 2:1:1 എന്ന അനുപാതത്തിൽ മണ്ണ്, മണൽ, പാറപ്പൊടി, ചാണകം എന്നിവ അടങ്ങുന്ന മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ (20 X 10 സെ.മീ. വലുപ്പമുള്ള) വേരുപിടിപ്പിച്ച, ഒന്നോ രണ്ടോ ഇലകളുള്ള കുരുമുളകുതൈകൾ നടുക. സൂര്യതാപീകരണം ചെയ്ത മണ്‍മിശ്രിതം ഉപയോഗിക്കുന്നത് ചെടികൾക്ക് രോഗങ്ങൾ വരുന്നത് തടയും. ചെടികളിൽ പുതിയ മുട്ടുകൾ ഉണ്ടാകുമ്പോൾ മണ്‍മിശ്രിതം നിറച്ചിട്ടുള്ള ചെറിയ പോളിത്തീൻ ബാഗുകൾ നിരനിരയായി തിരശ്ചീനമായി അടുക്കിവെച്ച് വളർന്നുവരുന്ന മുട്ടുകൾ മിശ്രിതത്തിൽ അമർത്തി പുതുവേരുകൾ വളർന്നിറങ്ങുവാൻ സഹായിക്കണം. വളർന്നുവരുന്ന ചെടിയുടെ തണ്ട് മണ്‍മിശ്രിതത്തിൽ മുട്ടിക്കുവാൻ V ആകൃതിയിലുള്ള ഈർക്കിൽ കഷ്ണങ്ങൾ ഓരോ ബാഗിനും കുത്തികൊടുക്കണം. ഇത്തരത്തിൽ മുട്ടുകളിൽ നിന്നും വേരുകൾ ഉണ്ടാകുന്നതിനും തണ്ട് കൂടുതൽ വളരുന്നതിനും അനുവദിക്കുന്നു. മുട്ടുകൾ ഉണ്ടാകുന്നതിനനുസരിച്ച് ക്രമാനുസൃതമായി ഓരോ മുട്ടിലും മണ്‍മിശ്രിതം നിറച്ച് പോളിത്തീൻ ബാഗുകളിൽ വെച്ചുകൊടുക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം മൂന്നു മാസംകൊണ്ട് ആദ്യത്തെ 10 മുട്ടുകളിൽ ദൃഢമായ വേരുപടലങ്ങളുണ്ടാവുകയും ആ സമയത്ത് അവ വേരോടുകൂടി മുറിച്ചെടുത്ത് മണ്‍മിശ്രിതം നിറച്ച പോളിത്തീൻ ബാഗുസഹിതം  തണലിൽ വയ്ക്കുന്നു. ഈ ചെടികളിൽ നിന്നും ഒരാഴ്ചയ്ക്കകം പുതിയ നാമ്പുകൾ ഉണ്ടാകുന്നതായി കാണാം. രണ്ടു മാസത്തിനുശേഷം ഈ തൈകൾ തോട്ടങ്ങളിൽ നടുവാൻ ഉപയോഗിക്കാം. ഈ തൈകൾ റോസ്കേൻ ഉപയോഗിച്ച് നനയ്ക്കേണ്ടതാണ്. ഒരു ചെടിയിൽ നിന്നും ഏകദേശം 50 വേരുപിടിപ്പിച്ച തൈകൾ ഈ രീതിയിൽ ഉത്പാദിപ്പിച്ചെടുക്കാം.

ഹംസ സ്രാമ്പിക്കൽ

3.13725490196
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top