നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഒരാളെ തടയുന്നതിനോ, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉപരിനടപടികളെടുക്കാന്‍ ഒരാളെ അധികാരസ്ഥാനങ്ങളില്‍ ഏല്പിക്കുന്നതിനോ വേണ്ടി അയാള്‍ക്കു യഥേച്ഛം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യ്രത്തെ താത്കാലികമായി മുടക്കുന്ന പ്രക്രിയയാണ് അറസ്റ്റ്. ഫ്രഞ്ചുഭാഷയില്നിന്നുദ്ഭവിച്ചിട്ടുള്ള ഈ പദത്തിനു 'നിശ്ചലനാക്കുക' എന്നു സാമാന്യമായി അര്‍ഥം കല്പിക്കാം. സിവില്‍ നടപടിക്രമത്തിലും ക്രിമിനല്‍ നടപടിക്രമത്തിലും അറസ്റ്റിന്റെ ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. സിവില്‍ നടപടിക്രമത്തില്‍ അറസ്റ്റിന്റെ ഉദ്ദേശ്യം വിധിനടത്തലാണ്; ക്രിമിനല്‍ നടപടിക്രമത്തില്‍, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാധിപന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള ഉപാധിയാണ് അറസ്റ്റ്.
ക്രിമിനല്‍ നടപടിക്രമത്തില്‍ അറസ്റ്റിനെപ്പറ്റി പ്രതിപാദിക്കുന്നു. അറസ്റ്റു ചെയ്യുന്ന പൊലീസുദ്യോഗസ്ഥനോ മറ്റ് അധികാരസ്ഥനോ അറസ്റ്റു ചെയ്യപ്പെടേണ്ട ആളുടെ ശരീരത്തെ സ്പര്‍ശിക്കുകയോ അയാളെ ബന്ധിക്കുകയോ ചെയ്യാന്‍ അതില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അറസ്റ്റു ചെയ്യപ്പെടേണ്ട വ്യക്തി വാക്കാലോ പ്രവൃത്തിയാലോ കീഴ്പ്പെടുന്നപക്ഷം ശരീരസ്പര്‍ശമോ ബന്ധനമോ ആവശ്യമില്ല; ബലം പ്രയോഗിച്ച് അറസ്റ്റിനെ എതിര്‍ക്കാനാണ് പ്രതി മുതിരുന്നതെങ്കില്‍ അറസ്റ്റു ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനു തന്റെ കര്‍ത്തവ്യനിര്‍വഹണത്തിന് ആവശ്യമായ സകല ഉപാധികളും സ്വീകരിക്കാവുന്നതാണ്. പക്ഷേ, മരണത്തില്‍ കലാശിക്കുന്ന ബലപ്രയോഗം, മരണശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ വിധിക്കപ്പെടാവുന്ന കുറ്റം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമത്തിലല്ലാതെ നടത്തിക്കൂടാ. അറസ്റ്റിനെ ബലം പ്രയോഗിച്ച് എതിര്‍ക്കുന്നതു കുറ്റകരമാണ്.
ക്രിമിനല്‍ നടപടിക്രമപ്രകാരം അറസ്റ്റു ചെയ്യപ്പെടാവുന്ന കുറ്റങ്ങള്‍ രണ്ടു തരത്തിലുണ്ട്: (1) വാറണ്ടു വേണ്ടത് (നോണ്‍ കോഗ്നൈസബിള്‍); (2) വാറണ്ടു വേണമെന്നില്ലാത്തത് (കോഗ്നൈസബിള്‍). ഒരു വ്യക്തിയെ അറസ്റ്റുചെയ്യുന്നതിനു ന്യായാധിപന് മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്തുന്ന രേഖാമൂലമായ ഉത്തരവാണ് വാറണ്ട്. വാറണ്ടു പുറപ്പെടുവിക്കുന്ന ന്യായാധിപന്റെ കൈയൊപ്പും കോടതിമുദ്രയും അറസ്റ്റു ചെയ്യപ്പെടേണ്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും അതിലുണ്ടായിരിക്കണം. ചില കുറ്റങ്ങള്‍ക്കു പൊലീസുദ്യോഗസ്ഥനു പ്രതിയെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാം.
പൊലീസുദ്യോഗസ്ഥനല്ലാത്ത സാധാരണ പൗരനും ചില പ്രത്യേക സാഹചര്യങ്ങളില്‍ അറസ്റ്റു ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷേ, അങ്ങനെ അറസ്റ്റു ചെയ്താല്‍ കഴിയുന്നതും വേഗം അയാളെ പൊലീസില്‍ ഹാജരാക്കണം.
അറസ്റ്റു ചെയ്യപ്പെടേണ്ടയാളിന്റെ സാന്നിധ്യമുണ്ട് എന്നു സംശയിക്കപ്പെടുന്ന സ്ഥലത്തു പ്രവേശിക്കുന്നതിനും അവിടം പരിശോധിക്കുന്നതിനും ഉള്ള അധികാരം അറസ്റ്റു ചെയ്യുന്ന ഉദ്യോഗസ്ഥനുണ്ട്. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനായി അവിടെ പ്രവേശിക്കുന്നതിനുള്ള അനുവാദം നല്കാന് ആ സ്ഥലത്തിന്റെ നിയന്ത്രണാധികാരി ബാധ്യസ്ഥനാണ്.
ഏഴു വയസ്സില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളെ അറസ്റ്റു ചെയ്യുവാന്‍ പാടില്ല.
താഴെപ്പറയുന്നവരെ പൊലീസുദ്യോഗസ്ഥനു വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാം:
1.വാറണ്ടു കൂടാതെ അറസ്റ്റു ചെയ്യാവുന്ന കുറ്റവുമായി ബന്ധപ്പെട്ടവരും അപ്രകാരമുള്ള കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടവരും ന്യായമായി സംശയിക്കപ്പെട്ടവരും;
2. ന്യായമായ കാരണം കാണിക്കാതെ ഭവനഭേദനസാമഗ്രികള് കൈവശം വയ്ക്കുന്നവര്‍;
3.സംസ്ഥാനഗവണ്മെന്റിന്റെ കല്പനയാലോ ക്രിമിനല്‍ നടപടിക്രമത്താലോ കുറ്റവാളിയെന്നു വിളംബരം ചെയ്യപ്പെട്ടവര്‍;
4.മോഷണവസ്തുവെന്നു സംശയിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ കൈവശം വയ്ക്കുകയും മോഷണവസ്തുവിനെ സംബന്ധിക്കുന്ന കുറ്റം ചെയ്തതായി സംശയിക്കപ്പെടുകയും ചെയ്യുന്നവര്‍;
5.പൊലീസുദ്യോഗസ്ഥന്റെ ഔദ്യോഗികകര്ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുകയോ ന്യായമായ തടങ്കലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍;
6.ഇന്ത്യന്‍ സേനാവിഭാഗങ്ങളില്‍നിന്ന് ഒളിച്ചോടിയതായി സംശയിക്കപ്പെടുന്നവര്‍;
7.ഇന്ത്യയില്‍ കുറ്റകരമായ പ്രവൃത്തി വിദേശത്തു വച്ചു ചെയ്യുകയോ അതുമായി ബന്ധപ്പെടുകയോ ചെയ്തു എന്നു ന്യായമായ അറിവോ സംശയമോ ഉണ്ടാകുന്ന പക്ഷം എക്സ്ട്രാഡിഷന്‍ നിയമപ്രകാരമോ മറ്റുവിധത്തിലോ അറസ്റ്റു ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യാവുന്നവര്‍ (രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം കുറ്റവാളികളെ നിയമപ്രകാരം ഏല്പിച്ചുകൊടുക്കലാണ് എക്സ്ട്രാഡിഷന്‍).
8.മോചിപ്പിക്കപ്പെട്ട കുറ്റവാളിയായിരിക്കുകയും അതേസമയം വാസസ്ഥലം പരസ്യം ചെയ്യുന്നതു സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റിന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍;
9.അറസ്റ്റു ചെയ്യുന്നതിനു മറ്റൊരു പൊലീസുദ്യോഗസ്ഥന് രേഖാമൂലം ആരെ ആവശ്യപ്പെട്ടിട്ടുണ്ട് അയാള്‍. (ഇങ്ങനെ ആവശ്യപ്പെടുന്ന പൊലീസുദ്യോഗസ്ഥന് വാറണ്ടു കൂടാതെ അറസ്റ്റു ചെയ്യുന്നതിന് അധികാരമുള്ള ആളായിരിക്കണം. കൂടാതെ അറസ്റ്റു ചെയ്യപ്പെടേണ്ട ആളെയും അയാള്‍ ചെയ്ത കുറ്റത്തെയും വ്യക്തമാക്കിയിരിക്കുകയും വേണം).
താഴെ പറയുന്ന അവസരങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്ക് അറസ്റ്റു ചെയ്യാവുന്നതാണ്:
1.വാറണ്ടു കൂടാതെ അറസ്റ്റു ചെയ്യപ്പെടാവുന്നതും അവകാശമായി ജാമ്യം കൊടുക്കപ്പെടേണ്ടതുമായ കുറ്റം ചെയ്യപ്പെട്ടിരിക്കുമ്പോള്‍.
2.ഒരാള്‍ കുറ്റവാളിയെന്നു വിളംബരം ചെയ്യപ്പെട്ടിരിക്കുമ്പോള്‍.
എന്നാല്‍ സ്വകാര്യവ്യക്തി, താന്‍ അറസ്റ്റു ചെയ്തയാളെ ആവശ്യത്തിലധികം കാലവിളംബം കൂടാതെ പൊലീസിനെ ഏല്പിക്കേണ്ടതാണ്. പ്രതി, വാറണ്ടുകൂടാതെ അറസ്റ്റു ചെയ്യപ്പെടാവുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നു പൊലീസുദ്യോഗസ്ഥനു ബോധ്യമാവുകയാണെങ്കില്‍ അയാള്‍ പ്രതിയെ വീണ്ടും അറസ്റ്റുചെയ്യേണ്ടതാണ്. അതിനുശേഷം 24 മണിക്കൂറിനകം പ്രതിയെ ഒരു മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. ജാമ്യമോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ പ്രതിയെ വിട്ടയച്ചുകൂടാത്തതാണ്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലോ അദ്ദേഹത്തിന്റെ അധികാരപരിധിക്കകത്തോ വച്ചു കുറ്റംചെയ്യുന്നതു കണ്ടാല്‍ മജിസ്ട്രേറ്റു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുകയോ അറസ്റ്റു ചെയ്യാന്‍ കല്പന പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതാണ്.
അവകാശമായി ജാമ്യം കൊടുക്കേണ്ട ഒരു കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ആളെ പൊലീസുദ്യോഗസ്ഥനുതന്നെ ജാമ്യം നല്കി വിടാവുന്നതാണ്.
അറസ്റ്റു ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാനിയമസംഹിതപ്രകാരം കുറ്റകരമാണ്.
കുറ്റവാളികളേയും ശത്രുക്കളേയും തടവില്‍ പാര്‍പ്പിച്ച് ശിക്ഷ നല്കുന്ന സമ്പ്രദായം. ഇത് പുരാതനകാലം മുതല്ക്കേ നിലവിലുള്ളതാണ്. രാജാക്കന്മാര് തടവുകാരെ കാരാഗൃഹങ്ങളില്‍ പാര്‍പ്പിച്ചു വന്നു. വസുദേവരേയും ദേവകിയേയും കംസന് തടവില്‍ പാര്‍പ്പിച്ചിരുന്നതായി പുരാണങ്ങള്‍ പറയുന്നു. പുരാണപുരുഷനായ ശ്രീകൃഷ്ണന് ജനിച്ചത് തടവറയിലാണെന്നാണ് കഥ. വാട്ടര്‍ലൂ, ട്രഫാല്‍ ഗര്‍ യുദ്ധങ്ങളില്‍ പരാജയപ്പെട്ട നെപ്പോളിയനെ ബ്രിട്ടീഷുകാര്‍ തടവുകാരനാക്കി. ലോകയുദ്ധങ്ങളില്‍ അനേകംപേര്‍ തടവില്‍ കിടന്ന് യാതന അനുഭവിച്ചു. ഹിറ്റ്ലറുടെ തടവറകളില്‍ യഹൂദര്‍ തടവുകാരാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അനേകംപേര്‍ ജയിലറകളില്‍ പീഡനമനുഭവിച്ചു.
നിയമപരിപാലനവും നീതിനിര്‍വഹണവും സ്റ്റേറ്റിന്റെ പ്രധാന ചുമതലകളാണ്. അതിനുള്ള ഏജന്‍സികളാണ് പൊലീസ്, കോടതി, ജയില്‍ എന്നിവ. കുറ്റവാളികളെന്നു തെളിയുന്നവരെ കോടതി പല വിധത്തിലുള്ള ശിക്ഷകള്‍ക്കു വിധേയരാക്കുന്നു. അപ്രകാരം നല്കുന്ന ഒരു ശിക്ഷയാണ് തടവുശിക്ഷ. ഓരോ രാജ്യവും അതതു രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചാണ് തടവുശിക്ഷ നടപ്പിലാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 53-ാം വകുപ്പില്‍ വിവിധ ശിക്ഷകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ളതില്‍ തടവുശിക്ഷയും ഉള്‍പ്പെടുന്നു.
സിവില്‍-ക്രിമിനല്‍ കോടതികള്‍, ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാര്‍, സ്പെഷ്യല്‍ കോടതികള്‍ തുടങ്ങിയവയ്ക്കും പാര്‍ലമെന്റിലേയും അസംബ്ലിയിലേയും സ്പീക്കര്‍മാര്‍ക്കും തടവുശിക്ഷ വിധിക്കുവാന്‍ അധികാരമുണ്ട്. തടവുശിക്ഷ വിവിധ രീതികളിലുണ്ട്. ജീവപര്യന്തതടവ്, കഠിനതടവ്, സാധാരണ തടവ് (ലഘു തടവ്), സിവില്‍ തടവ് എന്നിവയാണവ. ഓരോ കുറ്റത്തിന്റേയും സ്വഭാവം, ഗൗരവം, പ്രതിയുടെ പ്രായം, പ്രതിയുടെ മുന്‍ കുറ്റങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ശിക്ഷ നല്‍കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 53 മുതല്‍ 75 വരെയുള്ള വകുപ്പുകളില്‍ ചിലതിലാണ് തടവുശിക്ഷയേക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളത്. തടവുശിക്ഷ എങ്ങനെ അനുഭവിക്കണമെന്നും എത്രകാലം അനുഭവിക്കണമെന്നും ഒന്നിലധികം ശിക്ഷകള്‍ അനുഭവിക്കേണ്ട രീതിയും കോടതി വിധിയില്‍ പ്രത്യേകം പ്രസ്താവിക്കും.
ജീവപര്യന്തം തടവെന്നാല്‍ മരണം വരെയുള്ള ശിക്ഷയാണെന്ന് സുപ്രീംകോടതി (ഇപ്പോള്‍) വ്യക്തമാക്കിയിട്ടുണ്ട്. കോടതികള്‍ കുറ്റവാളികളെ ശിക്ഷിക്കുമ്പോള്‍ കഠിന തടവാണോ സാധാരണ തടവാണോ എന്ന് പ്രത്യേകം പറയാറുണ്ട്. അങ്ങനെയുളള ശിക്ഷയില്‍ ഏതെങ്കിലും ഭാഗം ഏകാന്തതടവായി വ്യവസ്ഥ ചെയ്യുവാനും കോടതിക്ക് അധികാരമുണ്ട്. കഠിനതടവുശിക്ഷ ലഭിക്കുന്നവര്‍ ജയിലില്‍ കഴിയുമ്പോള്‍ ജോലിചെയ്യേണ്ടത് നിര്‍ബന്ധമാണ്. തടവുശിക്ഷ ഭാഗികമായി അനുഭവിക്കാനും ബാക്കി പിഴ അടയ്ക്കുവാനും കോടതി വിധിക്കാറുണ്ട്. പിഴ അടയ്ക്കാതിരുന്നാലും തടവുശിക്ഷ അനുഭവിക്കണം. അങ്ങനെയുള്ള തടവുശിക്ഷ അനുഭവിക്കുമ്പോള്‍ പിഴ അടച്ചാല്‍ തടവുശിക്ഷ തീരും.
നേരിട്ട് തടവുശിക്ഷ ലഭിക്കാത്തവര്‍ക്കും തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളാണ് പിഴ അടയ്ക്കാതിരിക്കുക, നല്ലനടപ്പു ജാമ്യ ഉത്തരവുകള്‍ പാലിക്കാതിരിക്കുക, നികുതികള്‍ അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍. നിയമസഭകള്‍, പാര്‍ലമെന്റ് എന്നിവയുടെ അവകാശങ്ങള്‍ പാലിക്കാതിരുന്നാലും അവയോട് അനാദരവ് കാണിച്ചാലും സഭാധ്യക്ഷന്മാര് തടവുശിക്ഷ വിധിക്കാറുണ്ട്. നിയമസഭകളിലേയും പാര്‍ലമെന്റിലേയും അംഗങ്ങളെ ജയിലില്‍ തടവുകാരായി പ്രവേശിപ്പിക്കുമ്പോഴും സഭാധ്യക്ഷന്മാരെ വിവരം അറിയിക്കേണ്ട ചുമതല ജയില്‍ അധികൃതര്‍ക്കുണ്ട്.
തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തിന് തടവറ, കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട്. ഇപ്പോള്‍ സര്‍വസാധാരണമായി ജയില്‍ എന്ന പേരിലാണ് തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലം അറി യപ്പെടുന്നത്. സബ് ജയില്‍, സ്പെഷ്യല്‍ സബ്ജയില്‍, ജില്ലാ ജയില്‍, സെന്‍ട്രല്‍ ജയില്‍, ബാല-ബാലികാ മന്ദിരങ്ങള്‍, ദുര്‍ഗുണ പരിഹാര പാഠശാലകള്‍ എന്നിവയാണ് ഇപ്പോഴുള്ള ജയിലുകള്‍. ജയിലുകളുടെ ഭരണം, തടവുകാരുടെ സംരക്ഷണം എന്നീ കാര്യങ്ങളുടെ ചുമതലയുള്ള വകുപ്പാണ് ജയില്‍ വകുപ്പ്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാര് ജയിലില്‍ തടവുകാരുടെ ക്ഷേമം ഉറപ്പാക്കുക, അവരെ കുറ്റവാസനയില്‍ നിന്നു വിമുക്തരാക്കി നല്ലവരാക്കിത്തീര്‍ക്കുക എന്നിവയും ഇന്ന് ജയില്‍ വകുപ്പ് പ്രത്യേക ശ്രദ്ധ നല്കുന്ന സംഗതികളാണ്.
തടവുശിക്ഷ വിധിക്കുന്നവരെ ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരുടെ ശരിയായ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ തയ്യാറാക്കാറുണ്ട്. സ്ത്രീ, പുരുഷ, ബാല, ബാലികാ തടവുകാര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം തടവറകളാണുള്ളത്. സ്ഥിരം കുറ്റവാളികളേയും ലൈംഗിക കുറ്റത്തിലേര്‍പ്പെടുന്ന സ്ത്രീ തടവുകാരേയും മറ്റു തടവുകാരില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുന്നു. പതിനേഴ് വയസ്സു മുതല്‍ 21 വയസ്സുവരെ പ്രായമുള്ള യുവ, ബാല, ബാലികാ തടവു കാര്‍ക്ക് പ്രത്യേകം ദുര്‍ഗുണ പരിഹാര പാഠശാലകളുണ്ട് (Borstal school). സ്ത്രീ തടവുകാരെ വനിതാ ജയിലില്‍ പാര്‍പ്പിക്കുന്നു. തടവുശിക്ഷ അനുഭവിക്കുമ്പോള്‍ മര്യാദ, ചട്ടങ്ങള്‍ പാലിക്കല്‍, മാന്യത എന്നിവ പുലര്‍ത്തുന്ന തടവുകാരെ തുറന്ന ജയിലുകളില്‍ പാര്‍പ്പിക്കാറുണ്ട്. സമൂഹത്തില്‍ ഉന്നത നിലയിലുള്ളവര്‍ക്ക് കേസുകളുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ സ്പെഷ്യല്‍ ക്ലാസ് പരിഗണന അനുവദിക്കുന്നു. ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള സൗകര്യവും തൊഴിലിന് വേതനവും ലഭിക്കുന്നു. കൃഷി, മരപ്പണി, നെയ്ത്ത്, തയ്യല്‍ മുതലായ തൊഴിലുകളില്‍ ജയിലില്‍ പരിശീലനം നല്കുന്നു.
തടവുശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവരെ കാണുന്നതിനും അവരുമായി എഴുത്തുകുത്ത് നടത്തുന്നതിനും സൌകര്യമുണ്ട്. ജയിലില്‍ കൂടിക്കാഴ്ച നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കും. ജയിലില്‍ കഴിയുന്ന അവസരത്തില്‍ കേസുക ളിന്മേല് അപ്പീല്‍ കൊടുക്കുവാനും മറ്റും ജയിലധികൃതര്‍ സഹായം ചെയ്യുന്നു. തടവുകാര്‍ക്ക് ആഹാരം, വസ്ത്രം, ആരോഗ്യരക്ഷ, കായിക വിനോദങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യം ജയിലില്‍ സൗജന്യമായി ഒരുക്കുന്നു.
കുറ്റവാളികളെ തെറ്റുതിരുത്തി നല്ല വഴിയിലേക്ക് തിരിച്ചു വിടാനും മനഃപരിവര്‍ത്തനത്തിലൂടെ അവരെ സമൂഹത്തിന് പ്രയോജനമുള്ളവരാക്കിത്തീര്‍ക്കാനുമാണ് ആധുനിക ഗവണ്മെന്റുകളും ജയിലധികൃതരും ശ്രമിക്കുന്നത്. അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതും അവരോട് പകയോടും പ്രതികാരബുദ്ധിയോടും പെരുമാറാന്‍ ശ്രമിക്കുന്നതും നല്ലതല്ലെന്നാണ് സാമൂഹ്യപ്രവര്ത്ത കരുടേയും മനഃശാസ്ത്രജ്ഞന്മാരുടേയും അഭിപ്രായം. നല്ല നടപ്പിന്, ജയിലിലെ ശിക്ഷാ കാലാവധിയില്‍ ഇളവു ലഭിക്കും. തടവില്‍ കഴിയുന്ന കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റം, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കുവാനുള്ള മനോഭാവം എന്നിവ കണക്കാക്കിയാണ് അവര്‍ക്ക് ശിക്ഷയില്‍ ഇളവും തുറന്ന ജയിലിലേക്കുള്ള പ്രവേശനവും നല്‍കുന്നത്.
അവസാനം പരിഷ്കരിച്ചത് : 1/28/2020
പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്...
ചില വ്യവസായങ്ങളിലെ തൊഴിലാളികള്ക്ക്ന അവര്‍ സംഘടിതരോ...
ഇന്ത്യൻ ശിക്ഷാ നിയമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങ...
സാധാരണയായി ജാമ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ഉപ...