കുട്ടികളിൽ ജന്മനാ തന്നെയോ അതിനു ശേഷമോ പല നേത്ര രോഗങ്ങളും ഉണ്ടായേക്കാം. കണ്ണുകളിൽ ജന്മനാ ഉള്ള വൈകല്യങ്ങളിൽ കണ്ണുനീർ ഗ്രന്ഥിയുടെ രോഗങ്ങൾ, തിമിരം, നേത്രപടലത്തിന്റെ വൈകല്യങ്ങൾ, ഒപ്റ്റിക് നെർവിന്റെ തകരാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിന് ജനിതക വൈകല്യങ്ങൾ ഒരു പ്രധാന കാരണമാണ്. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന ചിക്കൻപോക്സ്, റൂബെല്ല, ഹെർപ്പിസ് എന്നീ രോഗങ്ങൾ ഈ അവസ്ഥയ്ക്ക് കാരണമായേക്കാം. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന പോഷകക്കുറവ്, ഡയബറ്റീസ് എന്നീ രോഗങ്ങളും കുഞ്ഞിന്റെ കണ്ണുകളിൽ തകരാറുകൾ ഉണ്ടാക്കാം.
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു നേത്ര തകരാറാണ് കാഴ്ചവൈകല്യങ്ങൾ അഥവാ റിഫ്റാക്ട്ടീവ് എറർ. കുട്ടികൾ കണ്ണാടിവയ്ക്കേണ്ടിവരുന്നത് ഈ അവസ്ഥയിലാണ്. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും മുഖത്തിന് വളരെ അടുത്തുപിടിച്ച് നോക്കുക, പുസ്തകങ്ങൾ മുഖത്തിന്റെഅടുത്തേക്ക് പിടിച്ച് വായിക്കുക ടി.വി വളരെ അടുത്തിരുന്ന് കാണുക എന്നിവയെല്ലാം കാഴ്ചവൈകല്യത്തിന്റെ ലക്ഷണങ്ങളാകാം. ഇടയ്ക്കിടെ കൺകുരു വരുന്നതും കാഴ്ചവൈകല്യത്തിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നേത്രരോഗവിദഗ്ദ്ധനെ കാണുകയും വിശദമായി കണ്ണുകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ കണ്ണടവയ്ക്കുകയും ചെയ്യണം.
കാഴ്ചവൈകല്യങ്ങൾ ദൂരദൃഷ്ടി അഥവാ ഹൈപ്പർ മെട്രോപ്പിയ, ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ, അസ്റ്റിഗ് മാറ്റിസം അഥവാ വിഷമദൃഷ്ടി എന്നീ മൂന്നുവിധത്തിലാണ് കാണപ്പെടുന്നത്.
ഹ്രസ്വദൃഷ്ടി അല്ലെങ്കിൽ മയോപ്പിയ എന്ന അവസ്ഥയിൽ കണ്ണിന്റെ വലിപ്പം സാധാരണയിൽ നിന്നും അല്പം കൂടുതലായി കാണപ്പെടുന്നു. സാധാരണ, ഒരു വസ്തുവിൽ നിന്നുള്ള രശ്മികൾ കണ്ണിന്റെ നാഡീപടലമായ റെറ്റിനയിൽ ഏകീകരിക്കുന്നു. ഹ്രസ്വദൃഷ്ടിയിൽ കണ്ണിന്റെ വലിപ്പക്കൂടുതൽ കാരണം ഈ രശ്മികൾ റെറ്റിനയുടെ മുൻഭാഗത്ത് ഏകീകരിക്കപ്പെടുന്നു. തന്മൂലം കാഴ്ച മങ്ങിയിരിക്കുകയും വ്യക്തിക്ക് വസ്തുക്കളിൽ നിന്നുള്ള അകലം കൂടുന്തോറും കാഴ്ചയുടെ തെളിച്ചം കുറഞ്ഞുവരുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. രശ്മികൾ റെറ്റിനയിൽ ഫോകസ് ചെയ്യാൻ കോൺകേവ് ലെൻസുകൾ ഉള്ള കണ്ണാടി ഉപയോഗിക്കുന്നത് സഹായിക്കും. ഇതുപോലെ കണ്ണിന്റെ വലിപ്പം താരതമ്യേന കുറവുള്ള ഹൈപ്പർ മെട്രോപ്പിയ അഥവാ ദീർഘദൃഷ്ടി എന്ന അവസ്ഥയിൽ കോൺവെക്സ് ലെൻസുകൾ ഉള്ള കണ്ണാടികൾ ഉപയോഗിക്കുന്നു. അസ്റ്റിഗ് മാറ്റിസത്തിൽ ഒരു പ്രത്യേക ആക്സിസിൽ മാത്രം പവറുള്ള തരം സിലിൻഡ്രിക്കൽ ലെൻസുകളാണ്.
ഏതുതരം കാഴ്ചവൈകല്യം ആണെങ്കിലും തക്കസമയത്ത് അതു കണ്ടുപിടിക്കുന്നതും കണ്ണട ഉപയോഗിക്കുന്നതും വളരെ പ്രധാനമാണ് .കാഴ്ചവൈകല്യം ഉണ്ടായിട്ടും കണ്ണടകൾ ഉപയോഗിക്കാത്ത ഒരു കുട്ടി കാണുന്നത് വസ്തുക്കളുടെ ഒരു മങ്ങിയ പതിപ്പായിരിക്കും. ഈ തെളിച്ചമില്ലാത്ത പ്രതിബിംബം തലച്ചോറിലെ വിഷ്വൽ സെന്റർ അല്ലെങ്കിൽ കാഴ്ചയുടെ കേന്ദ്രഭാഗത്തിന്റെ ആരോഗ്യകരമായ വളർച്ചയെ ബാധിക്കും. തന്മൂലം കണ്ണുകളിൽ പൂർണമായും കാഴ്ച വികസിക്കാനാവാത്ത മടിയൻകണ്ണ് അഥവാ ആംബ്ളയോപ്പിയ എന്ന അവസ്ഥ കുട്ടികളിൽ ഉണ്ടായേക്കാം.
കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന മറ്റൊരു അവസ്ഥയാണ് കോങ്കണ്ണ്. ജന്മനായുള്ള കാരണങ്ങളാലോ കാഴ്ചക്കുറവ് കാരണമോ, കണ്ണിലെ പേശികളുടെ ബലക്കുറവ് കാരണമോ, തലച്ചോറിലെ ചില തകരാറുകൾ കാരണമോ കോങ്കണ്ണ് ഉണ്ടാകാം. കാരണം കണ്ടുപിടിച്ച് ചികിത്സിച്ചാൽ ഇത് ഒരു പരിധിവരെ ഭേദമാക്കാൻ പറ്റുന്ന അവസ്ഥയാണ്. കാഴ്ച വൈകല്യങ്ങൾ കാരണമുള്ള കോങ്കണ്ണ് കണ്ണട ഉപയോഗിച്ച് ഭേദപ്പെടുത്താവുന്നതാണ്. കണ്ണിലെ പേശികളുടെ ബലക്കുറവോ തകരാറോ കാരണമാണ് ഈ അവസ്ഥയെങ്കിൽ ചിലപ്പോൾ ഭേദപ്പെടാൻ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ശസ്ത്രക്രിയ ചിലതരം കോങ്കണ്ണിന്റെ ചികിത്സയ്ക്ക് വളരെ ഫലവത്താണ്.
കുഞ്ഞുക്കണ്ണുകൾ വഴി തലച്ചോറിൽ എത്തുന്ന ചിത്രങ്ങൾ തെളിച്ചമുള്ളതാണെങ്കിൽ മാത്രമേ കുഞ്ഞു മനസ്സുകളിൽ പുറംലോകത്തെപ്പറ്റിയുള്ള വ്യക്തമായ അറിവുകൾ നിറയുകയുള്ളൂ. തലച്ചോറിന്റെ പൂർണമായ വളർച്ചയിലും കുഞ്ഞിന്റെ വ്യക്തി വികസനത്തിലും ഈ അറിവുകൾക്ക് വളരെ വലിയ പങ്കുണ്ട്.
കടപ്പാട്: ഡോ.വീണാ അജിത്
അമർദീപ് ഐ ഹോസ്പിറ്റൽ
അവസാനം പരിഷ്കരിച്ചത് : 3/12/2020
കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ സംബന്ധിക്കുന്ന വിവര...
യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്...
കുഞ്ഞുങ്ങളുടെ വളർച്ചയും ജീവിത രീതികളും ആയി ബന്ധപ്പ...
കൂടുതല്‍ വിവരങ്ങള്‍