അതെ. സംഭവബഹുലമാവാനുള്ള ആ ജീവിതത്തില്‍ ഒരാഴ്ച പിന്നിട്ടിരിക്കുന്നു. വീട്ടില്‍, സുഖകരമായ അന്തരീക്ഷത്തില്‍ വേണ്ടത്ര കാറ്റും വെളിച്ചവുമുള്ള മുറിയിലാണ് അമ്മയും കുഞ്ഞും വിശ്രമിക്കുന്നത്. ഇതുവരെ തണുപ്പടിക്കാതെ കുഞ്ഞിനെ മൃദുവായ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നുവല്ലോ. ഇനി, മൃദുവായ പരുത്തിത്തുണികൊണ്ടുള്ള കുഞ്ഞുടുപ്പുകള്‍ അണിയിച്ചുതുടങ്ങാം.
പൊക്കിള്‍ക്കൊടി ഉണങ്ങിത്തുടങ്ങുന്നു. ഇതിനിടെ കുളിപ്പിക്കുമ്പോഴും മറ്റും അണുബാധയുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ചില പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനനേന്ദ്രിയത്തില്‍ രക്തംപൊടിഞ്ഞതുപോലെ കാണുന്നത് 7-10 ദിവസത്തിനകം സ്വയം ശരിയായിക്കൊള്ളും. മരുന്നൊന്നും വേണ്ട. ചില കുഞ്ഞുങ്ങളില്‍ ജനനേന്ദ്രിയത്തില്‍ വെളുത്ത കൊഴുത്ത സ്രവം കാണാറുണ്ട്. ഇതും പ്രശ്നമാക്കാനില്ല. ഏതാനും ദിവസത്തിനകം ശരിയായിക്കൊള്ളും.
കുഞ്ഞിനു തേനും വയമ്പും നല്‍കണമെന്ന് കാരണവന്മാര് നിര്‍ബന്ധിച്ചെന്നു വരാം. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞ് അതു നല്കുന്നതാവും നല്ലത്. നല്ലതേനും നല്ല വയമ്പും ആയിരിക്കണം. അങ്ങേയറ്റം വൃത്തിയോടെ അരച്ചെടുത്ത് നാവില്‍ ഒരിത്തിരി ഇറ്റിച്ചുകൊടുക്കാനാവുമെങ്കില്‍ കുഴപ്പമൊന്നുമില്ല. തേനും വയമ്പും നല്കി കുഞ്ഞിനു വെറുതെ വയറ്റില്‍ അസുഖവും അണുബാധയും വരുത്തിവയ്ക്കരുത്.
പൊക്കിള്‍ക്കൊടി നന്നായി ഉണങ്ങിയിട്ടുണ്ടാവും. എങ്കിലും പൂര്‍ണമായി കൊഴിഞ്ഞു പോയിട്ടുണ്ടാവണമെന്നില്ല കുഞ്ഞിക്കൈയിലേയും കാലിലേയും വിരലുകളില്‍ നഖം നീണ്ടുനില്ക്കുന്നുണ്ടെങ്കില് അവ നീക്കണം. ചെറിയ നഖംവെട്ടിക്കൊണ്ട് ശ്രദ്ധിച്ചുവേണം നഖംമുറിക്കാന്‍. ബ്ലേഡ് ഉപയോഗിക്കരുത്. കടിച്ചുകളയാനും ശ്രമിക്കരുത്.
പൊക്കിള്‍ക്കൊടി വേര്‍പെടുന്നതേയുള്ളൂ. ഉണങ്ങിയിട്ടും വേര്‍പെടാതെ നില്ക്കുന്ന പൊക്കിള്‍ക്കൊടി അടര്‍ത്തിക്കളയാനോ ബലമായി നീക്കം ചെയ്യാനോ ശ്രമിക്കരുത്. ദിവസവും നാലോ അഞ്ചോ തവണയൊക്കെ മുലകുടിച്ച് കുഞ്ഞ് സുഖമായി കഴിയുന്നു.
മുലകുടിക്ക് ഒരു താളം കണ്ടെത്താന്‍ അമ്മയ്ക്കും കുഞ്ഞിനും കഴിയുന്ന ദിവസങ്ങളാണിത്. പകല്‍സമയത്ത് രണ്ടോ മൂന്നോ മണിക്കൂറിടവിട്ട് കുഞ്ഞിന് മുലകൊടുക്കാം.
ഏതാണ്ട് രണ്ടാഴ്ച പ്രായമാകുമ്പോഴേക്കും പൊക്കിള്‍ക്കൊടി പൂര്‍ണമായും വേര്‍പെട്ടിട്ടുണ്ടാവും. തലയുടെ ആകൃതി ഒട്ടൊക്കെ ശരിയായിട്ടുണ്ടാവും.
ആഴ്ചയുടെ അവസാനദിനങ്ങളിലെത്തുന്നതോടെ ആദ്യദിനങ്ങളില്‍ കണ്ടയാളല്ല ഇതെന്നു തോന്നും. നീരുവന്നു വീര്‍ത്തതുപോലിരുന്ന തലയ്ക്ക് ശരിക്കും രൂപഭംഗിയായിക്കഴിഞ്ഞു. മുഖം കൂടുതല്‍ സുന്ദരമായി. കുഞ്ഞിന്റെ ജീവിതം കൂടുതല്‍ പ്രസന്നവും പ്രസാദപൂര്‍ണവുമായിത്തീരുന്നു.
രണ്ടാഴ്ച പിന്നിട്ടുകഴിഞ്ഞു കുഞ്ഞുജീവിതം. എല്ലാ ദിവസവും കുളിച്ച് ഓമനത്തിങ്കളായാണ് കിടപ്പ്. വേണ്ടത്ര മുലകുടിക്കുന്നു. മലവിസര്‍ജനവും മൂത്രമൊഴിക്കലുമൊക്കെ ശരിക്കും താളത്തിലായിക്കഴിഞ്ഞു.
കൈകാലുകളൊക്കെ നല്ലപോലെ ചലിപ്പിക്കാനും ഞെളിപിരികൊള്ളാനുമൊക്കെ തുടങ്ങുന്നു. ആകെക്കൂടി ആള് ഉഷാര്‍. സുഖമായി കൈകാലുകളൊക്കെ ചലിപ്പിക്കാനാകുംവിധം കുഞ്ഞിനെ കിടത്തണം.
ബി.സി.ജി., ഒ.പി.വി. ഹെപ്പറ്റൈറ്റിസ്-ബി. വാക്സിനുകളൊക്കെ ആദ്യത്തെ 28 ദിവസത്തിനകംതന്നെ നല്‍കാവുന്നതാണ്. ഏതൊക്കെ വാക്സിനുകള്‍ എപ്പൊഴൊക്കെ നല്‍കണമെന്നു ഡോക്ടറുമായി ചര്‍ച്ചചെയ്യാം. കുഞ്ഞ് രണ്ടാഴ്ച പിന്നിട്ടശേഷമുള്ള ദിവസങ്ങളില്‍ ഇതു ചെയ്യുന്നത് നന്നായിരിക്കും.
കുഞ്ഞ് ഇടയ്ക്കിടെ ഞെട്ടിവിറയ്ക്കുന്നതുപോലെ കാണിക്കാറുണ്ട്. ഒന്നുരണ്ടാഴ്ചയൊക്കെ കഴിയുമ്പോഴാണ് പലപ്പോഴും ഇത് ശ്രദ്ധയില്പ്പെടാറുള്ളത്. ജിറ്ററിനെസ് എന്ന ഈ വിറയല്‍ വലിയ പ്രശ്നമൊന്നുമല്ല. കുഞ്ഞിന്റെ കൈയില്‍ പിടിച്ചാല്‍ത്തന്നെ നില്ക്കുന്നതേയുള്ളൂ ഈ വിറയല്‍. ഏതാനും ദിവസംകൊണ്ട് ഇത് തനിയേ മാറിക്കൊള്ളും.
രണ്ടാഴ്ച കഴിയുമ്പോഴേക്ക് കുഞ്ഞിക്കൈകളിലും കാല്കളിലുമൊക്കെ നഖം വീണ്ടും നീണ്ടുവന്നിരിക്കും. ഇത് ശ്രദ്ധാപൂര്‍വം നീക്കം ചെയ്യണം. നീണ്ടുനില്‍ക്കുന്ന നഖം മുഖത്തോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോ കൊണ്ടാല്‍ മുറിഞ്ഞുണ്ടാകുന്ന പാട് മായാതെ നിന്നെന്നു വരും.
പൊക്കിള്‍ക്കൊടി വേര്‍പെട്ട് 10-12 ദിവസം കഴിയുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ക്ക് പൊക്കിളിനുമേല് ഒരു മുഴപോലെ കാണാറുണ്ട്. ഇതിന് അംബിലിക്കല്‍ ഹെര്‍ണിയ എന്നു പറയും. ആ ഭാഗത്തെ മാംസപേശികളുടെ ബലക്കുറവുമൂലം ഉണ്ടാകുന്നതാണ് ഈ പ്രശ്നം. ഒന്നുരണ്ടു വര്‍ഷത്തിനകം ഇതു തനിയെ ഭേദമാകാറുണ്ട്. ചികിത്സയൊന്നും ആവശ്യമില്ല. ഈ മുഴ അമര്ത്തിത്താഴ്ത്തുകയോ താഴ്ത്തിക്കെട്ടി വെക്കുകയോ ഒന്നും ചെയ്യരുത്.
കുഞ്ഞിനെ കാണാന്‍ സന്ദര്‍ശകര്‍ തിരക്കിട്ട് എത്തുന്നുണ്ടാവും. ജലദോഷം, പനി തുടങ്ങി ഏതെങ്കിലും അസുഖങ്ങളുള്ളവര്‍ കുഞ്ഞിനെ കാണാന്‍ പോവാതിരിക്കണം. കുഞ്ഞിന് പ്രതിരോധശേഷി കുറവാണ്. രോഗാണുക്കള്‍ അവരെ എളുപ്പം ബാധിക്കും. അപകടങ്ങളൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് സന്ദര്‍ശകര്‍ തന്നെയാണ്.
കുഞ്ഞിനെ കാണാനെത്തുന്നവര്‍ കാഴ്ചയായി പൗഡറും സോപ്പും കണ്മഷിയും സ്പ്രേയും ഒക്കെ കൊണ്ടുവരുന്നുണ്ടാവും. ആദ്യത്തെ നാലാഴ്ച ഇതൊന്നും തൊടുകയേയില്ല എന്നു തീരുമാനിക്കുന്നതാണ് കുഞ്ഞിനു കൂടുതല്‍ നല്ലത്.
കാണാനെത്തുന്നവര്‍ കുഞ്ഞിനെ എടുത്ത് ഉമ്മ വെയ്ക്കുന്നതും കവിളില്‍ പിടിച്ച് ഓമനിക്കുന്നതുമൊന്നും അത്ര നന്നല്ല. ഇത്തരം കാര്യങ്ങളിലൊക്കെ മര്യാദ പാലിക്കേണ്ടതു സന്ദര്‍ശകരാണ്.
നാലാഴ്ച പിന്നിടുന്നതോടെ കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യഘട്ടം കഴിയുകയാണ്. നവജാതശിശു ഇനി മുതല്‍ വെറും ശിശു ആയിരിക്കും. തലച്ചോറിന്‍േറയും ആന്തരാവയവങ്ങളുടേയും വളര്‍ച്ചയില്‍ ഏറെ പ്രാധാന്യമുള്ളൊരു ഘട്ടമാണ് നമ്മുടെ ശിശു വിജയകരമായി പിന്നിട്ടിരിക്കുന്നത്.
ഭൂമിയിലെ ജീവിതസാഹചര്യങ്ങളോട്, ഇവിടുത്തെ ചൂടിനോട്, തണുപ്പിനോട്, വായുവിനോട്, വെളിച്ചത്തോട്, ഇരുട്ടിനോട്, ശബ്ദത്തോട്, ഗന്ധത്തോട് ഒക്കെ പൊരുത്തപ്പെടാന്‍ കുഞ്ഞ് ശീലിച്ചിരിക്കുന്നു. അച്ഛനമ്മമാരുടേയും അടുത്ത ബന്ധുക്കളുടേയും പൊന്നോമനയായി പുതിയ ജീവിതത്തിലേക്കു ചുവടു വയ്ക്കുകയായി കുഞ്ഞ്.
കുഞ്ഞ്പാല്‍ കുടിച്ചുകഴിയുമ്പോള്‍ കുറച്ചു കക്കിക്കളയുന്നത് സ്വാഭാവികമാണ്. പേടിക്കാനൊന്നുമില്ല. പാല്‍കൊടുത്തശേഷം കുഞ്ഞിനെ കമിഴ്ത്തിപ്പിടിച്ചോ വലത്തേക്കു ചരിച്ചുകിടത്തിയോ പതുക്കെ പുറത്തു തട്ടിക്കൊടുക്കുക. പാല് കക്കുന്നതുപോലുള്ള അസ്വാസ്ഥ്യങ്ങള്‍ കുറയും.
നവജാതശിശുവിന്റെ അരഭാഗത്തും പുറത്തുമൊക്കെ ചില നീല അടയാളങ്ങള്‍ പടര്‍ന്നുകിടക്കുന്നതായി ചിലപ്പോള്‍ കാണാറുണ്ട്. മംഗോളിയന്‍ പാടുകള്‍ എന്നറിയപ്പെടുന്ന ഇവ കാര്യമായ പ്രശ്നമൊന്നും ഉള്ളവയല്ല. ഏതാനും മാസങ്ങള്‍ക്കകം ഈ പാടുകള്‍ താനേ മാറിക്കോളും. ചികിത്സയൊന്നും വേണ്ട.
കുഞ്ഞ് കിടക്കുന്ന മുറിയില്‍ കൊതുകുതിരിയും മറ്റും കത്തിക്കാതിരിക്കുക. കൊതുകില്‍നിന്ന് രക്ഷിക്കാന്‍ കുഞ്ഞിന് ഒരു വല നല്കിയാല് മതി. ഫാന്‍ ഇട്ട് ശീലിപ്പിക്കാതിരിക്കുകയാണ് നല്ലത്. എയര്‍ കണ്ടീഷന്‍ മുറിയും അത്ര നന്നല്ല. കുഞ്ഞിനു ശ്വാസസംബന്ധമായ വിഷമതകളുണ്ടാകാന് ഇവ കാരണമായേക്കും.
നവജാതശിശുവിനെ എടുക്കാനും നല്ല പരിചയം വേണം. കുഞ്ഞിന്റെ കഴുത്ത് ഉറച്ചിട്ടില്ലെന്നതു മറക്കരുത്. ഒരുകൈകൊണ്ട് കഴുത്തിനു പിന്നിലൂടെ തലതാങ്ങിപ്പിടിക്കണം. മറുകൈ കുഞ്ഞിന്റെ ഊരയിലും താങ്ങണം. അങ്ങനെ കുഞ്ഞുശരീരത്തിലെ മുഴുവന്‍ ഭാഗവും സുരക്ഷിതമായി താങ്ങി കുഞ്ഞിനു സുഖകരമായിരിക്കും വിധത്തിലേ എടുക്കാവൂ. തോളില്‍ ചേര്‍ത്തുകിടത്തുന്നത് സുഖകരമായിരിക്കും. അപ്പോഴും തലയ്ക്കു പിന്നില്‍ താങ്ങ് ഉണ്ടായിരിക്കണം.
. ഒരു മാസത്തിനകം ഒരു കിലോഗ്രാമോളം തൂക്കംകൂടും. അതോടൊപ്പംത്തന്നെ ബലവും വര്‍ധിക്കും. ഏറെ നേരം ഉണര്‍ന്നിരിക്കാനും തുടങ്ങുന്നു. ചില ശിശുക്കള്‍ ദിവസം 10 മണിക്കൂര്‍ ഉണര്‍ന്നിരിക്കാറുണ്ട്. കഴുത്ത് ഉറയ്ക്കാറായിട്ടില്ലെങ്കിലും തലയുയര്‍ത്താനുള്ള ശ്രമം തുടങ്ങുന്നു.
കുഞ്ഞിനെ പരിചരിക്കുന്നതില്‍ അമ്മയ്ക്ക് കൂടുതല്‍ ആത്മവിശ്വാം കിട്ടിക്കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും രാത്രിയിലെ കുഞ്ഞിന്റെ മുലകുടി നിര്‍ത്തണമെന്ന് അമ്മ അതിയായി ആഗ്രഹിക്കുന്നു. ഇതിന് പെട്ടന്ന് ഒരു പരിഹാരം ഉണ്ടാകില്ലെങ്കിലും, പകല്‍ കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അമ്മയും ഉറങ്ങാന്‍ ശ്രമിക്കണം. അമ്മയുടെ പരിശ്രമങ്ങള്‍ക്ക് ആശ്വസമായി കുഞ്ഞ് പുഞ്ചിരിക്കാന്‍ തുടങ്ങുന്നത് ആഹ്ലാദമുണ്ടാക്കും.
കുഞ്ഞിന്റെ ആദ്യ ചിരി കണ്‍കുളിര്‍ക്കേ കണ്ടോ ? മലര്‍ന്ന് കിടന്ന് കരയാന്‍ മാത്രമറിയാമായിരുന്ന കുഞ്ഞ്, രണ്ട് മാസം പ്രായമാകമ്പോഴേയ്ക്കും അമ്മയുടെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങും, തുടങ്ങണം. ഈ പുഞ്ചിരി അമ്മയെ മനസ്സിലാക്കുന്നു എന്നതിന്റെ അതിപ്രധാനമായ സൂചനയാണ്. വസ്തുക്കളില്‍തന്നെ ശ്രദ്ധിച്ചുനോക്കുന്നതും ഈ സമയത്താണ്.
അപരിചിതരുടെ സമൂഹത്തില്‍നിന്ന് മാതാപിതാക്കളെ കുട്ടി തിരിച്ചറിയാന്‍ തുടങ്ങുന്നു. മുഖത്ത് പുഞ്ചിരി മിന്നിമറയുന്നതു കാണാന്‍ നിങ്ങള്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. കൊഞ്ചിക്കുഴയാനുള്ള കുഞ്ഞിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാം. കൈകാലിട്ടുള്ള കളി നോക്കിയിരുന്നാല്‍ നേരം പോകുന്നതറിയില്ല. ചുറ്റുപാടുമുള്ള ശബ്ദങ്ങളോട് പെട്ടന്ന് പ്രതികരിക്കാന്‍ തുടങ്ങുന്നു. നിങ്ങള്‍ ഒന്ന് മണി മുഴക്കിനോക്കൂ ഒരുപക്ഷേ ഉറക്കെ കരയുകയോ അല്ലെങ്കില്‍ കരച്ചില് നിര്‍ത്തി ശാന്തനാകുകയോ ചെയ്യുന്നതായി കാണാം. സംഗീതത്തോട് കൂടുതല്‍ താല്പര്യം കാണിക്കാന്‍ തുടങ്ങുന്നതും ഈ സമയത്താണ്. ഇതുകണ്ട് നിങ്ങള്‍ക്ക് കൗതുകം തോന്നില്ലേ. അമ്മയ്ക്ക് കൗതുകവും സന്തോഷവും അടക്കാനാവില്ല...
പാല്‍കുപ്പി പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങള്‍ക്ക് മുലകുടിക്കാനുള്ള താല്പര്യം കുറയും. പതുക്കെ പാല് കുറഞ്ഞുവരികയും ചെയ്യും. പാല്‍കുപ്പികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. കുട്ടികള്‍ക്ക് ഉദരരോഗമുണ്ടാകുന്നതിന്റെ പ്രധാനകാരണം മുലക്കുപ്പിയാണ്. വയറ്റില്‍ ഗ്യാസ് കയറി പ്രശ്നങ്ങളുണ്ടാക്കുന്നതിനും കുഞ്ഞിപ്പല്ലുകള്‍ കേടുവരുന്നതിനും പാല്ക്കുപ്പികള് കാരണമാകും.
കൈകളും കാലുകളും യഥേഷ്ടം ചലിപ്പിക്കാന്‍ നങ്ങളുടെ കുഞ്ഞിന് ഇപ്പോള്‍ പ്രയാസമൊന്നുമില്ല. കാലിന്റെ ചലനം ആരു തടഞ്ഞാലും നില്‍ക്കില്ല. പൂര്‍വാധികം ശക്തിയില്‍ കാലുകള്‍ ചലിക്കും. അമ്മയുടെ ശബ്ദത്തോടുള്ള പ്രതികരണം വ്യക്തമാകാന്‍ തുടങ്ങുന്നതും ഇപ്പോഴാണ്. കുഞ്ഞ് അതിവേഗമുള്ള വളര്‍ച്ചയുടെ പാതയിലാണ്. അതിവേഗതയില്ത്തന്നെ തൂക്കവും കൂടും. തല ഉയര്‍ത്താനുള്ള ശ്രമവും ഇതോടെ തുടങ്ങുകയായി.
നിങ്ങള്‍ക്ക് മുലപ്പാല്‍ കുറവുണ്ടോ ? സാധാരണയായി അത്തരമൊരു സാധ്യത അത്യപൂര്‍വമാണ്. കുട്ടി ശരിയായ രീതിയില്‍ മുലകുടിക്കുകയും, നല്കുവാന് അമ്മയ്ക്ക് താല്പര്യമുണ്ടാവുകയും ചെയ്താല്‍ നിശ്ചയമായും പാലുണ്ടാവുക തന്നെ ചെയ്യും. ഇവയില്‍ എന്തെങ്കിലും വ്യതിയാനമുണ്ടാവുമ്പോഴാണ് പാലില്ലാത്ത പ്രശ്നം ഉണ്ടായിക്കാണാറുള്ളത്.
ലോകത്തില്‍ മനുഷ്യനല്ലാത്ത ഒരു ജീവിക്കും കുഞ്ഞിനു നല്കാന് പാലില്ല എന്ന പ്രശ്നമുണ്ടാവാറില്ല. പിന്നെ എന്താണ് നമ്മുടെ മാത്രം പ്രശ്നം എന്നു ചിന്തിച്ചുനോക്കണം. ചില മരുന്നുകള്‍ക്ക് കൂടുതല്‍ പാല് ഉല്പാദിപ്പിക്കുവാന് കഴിവുണ്ട്. പക്ഷേ, ഏറ്റവും നല്ല മരുന്ന്, കുട്ടിയുടെ ചുണ്ടുകൊണ്ട് മുലക്കണ്ണുകളിലുണ്ടാവുന്ന ഉത്തേജനം തന്നെ.
കുഞ്ഞു ജനിച്ച് രണ്ടു വയസ്സാകുമ്പോഴേക്കും തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും പൂര്‍ത്തിയാവുന്നുവെന്നാണ് കണക്ക്. ആദ്യത്തെ രണ്ടു വര്‍ഷം പരമപ്രധാനമാണ്. ഈ സമയത്ത് അച്ഛനുമമ്മയും വേണ്ടത്ര പരിഗണനയും പ്രോത്സാഹനവും ലാളനയുമൊക്കെ വാരിക്കോരി നല്‍കണം.
പല കാരണങ്ങള്‍കൊണ്ടും കുട്ടിയുടെ ബുദ്ധിവളര്‍ച്ചയില്‍ അപാകങ്ങള്‍ വരാം-ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന ചിലയിനം രോഗങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, ജനനഭാരം കുറഞ്ഞിരിക്കുക, പ്രസവസമയത്തുണ്ടാകുന്ന കുഴപ്പങ്ങള്‍, വേണ്ടത്ര പ്രാണവായു കിട്ടാതെ പോകല്‍, ജന്മനായുണ്ടാകുന്ന ചിലതരം രോഗങ്ങള്‍, പോഷകങ്ങളുടെയും ഹോര്‍മോണുകളുടെയും മറ്റും അപര്യാപ്തതകള്‍ അങ്ങനെ പലതും. ഇത്തരം പ്രശ്നങ്ങളേതെങ്കിലുമുണ്ടെങ്കില് കൃത്യമായ പരിശോധനകളും, ഇതിനെ മറികടക്കാനുള്ള വഴികളും ലഭ്യമാക്കിയിരിക്കണം.
ബുദ്ധിവികാസകാര്യത്തിലും കഴിവതും നേരത്തേ പരിഹാരനടപടികളെടുക്കുന്നതാണ് അഭികാമ്യം.നല്ല പോഷകാഹാരം, കളിക്കാനും ഭാഷാശേഷി സ്വായത്തമാക്കാനുമുള്ള സൗഹൃദപരമായ അന്തരീക്ഷം ഒക്കെ ഒരുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചേ മതിയാവൂ.
അവസാനം പരിഷ്കരിച്ചത് : 3/12/2020
യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്...
കൂടുതല്‍ വിവരങ്ങള്‍
കുഞ്ഞുങ്ങളുടെ വളർച്ചയും ജീവിത രീതികളും ആയി ബന്ധപ്പ...
കൂടുതല്‍ വിവരങ്ങള്‍