ജീവിതശൈലീ രോഗങ്ങള്‍ പ്രായ പരിധിവിട്ട് താഴേ ക്കിറങ്ങിവരികയാണ്. അറുപതിനുമേല്‍ പ്രായമുള്ളവരെ പിടികൂടിയിരുന്ന ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഇപ്പോള്‍ ചെറുപ്പക്കാരുടെ പ്രശ്നങ്ങളാണ്. അതുപോലെതന്നെയാണ് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ഓസ്റ്റിയോ പൊറോസിസും. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്നം ഇപ്പോള്‍ നാല്പ്പതുവയസ്സു കഴിഞ്ഞവരില്‍ സാധാരണയാണ്. ആധുനിക ജീവിതശൈലയിയാണ് ഓസ്റ്റിയോപെറോസിസ് (അസ്ഥിക്ഷയം) ഇത്രയ്ക്ക് വ്യാപകമാകാന്‍ കാരണമായത്. വ്യായാമരഹിതമായ ജീവിതരീതികളും അനാരോഗ്യകരമായ ഭക്ഷണവും പുകവലിയും മദ്യപാനവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അസ്ഥികളുടെ ആരോഗ്യം തകരാറിലാക്കുന്ന ഘടകങ്ങളാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വളരെ സാധാരണ പ്രശ്നമാണെങ്കില്‍പ്പോലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ് ഓസ്റ്റിയോ പൊറോസിസ്.
നമ്മുടെ നാട്ടില്‍ അസ്ഥിക്കു പൊട്ടല്‍ ഉണ്ടാകുന്നതിനുമുമ്പ് ഓസ്റ്റിയോ പൊറോസിസ് കണ്ടെത്തുന്നത് അപൂര്‍വമാണ്. രോഗത്തെക്കുറിച്ച് മതിയായ അവബോധമില്ലാത്തതാണ് ഇതിനു കാരണം. സ്ത്രീകളുടെ രോഗംസ്ത്രീകളില്‍ പ്രത്യേകിച്ചും ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് രോഗസാധ്യത ആറുമടങ്ങ് കൂടുതലാണ്. താമസിച്ചു മാത്രം ആര്‍ത്തവം ആരംഭിച്ചവരിലും നേരത്തെതന്നെ ആര്‍ത്തവവിരാമമെത്തിയവരിലും കൂടുതല്‍ ഗര്‍ഭംധരിച്ച സ്ത്രീകളിലും ഓസ്റ്റിയോപൊറോസിസ് കൂടുതലായി കണ്ടുവരുന്നു.
സ്ത്രീകളില്‍ സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന്റെ അഭാവം അസ്ഥിക്ഷയത്തിനു കാരണമാകാറുണ്ട്. 50നു മേല്‍ പ്രായമുള്ള സ്ത്രീകളില്‍ അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകുന്നതിന്റെ പ്രധാന കാരണം ഓസ്റ്റിയോപൊറാസിസാണ്. ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയ വ്യാപകമായതോടെ മുതിര്‍ന്ന സ്ത്രീകളില്‍ കൂടുതലായി കണ്ടുവന്നിരുന്ന അസ്ഥിക്ഷയം നാല്‍പ്പതിലെത്തിയവരെത്തന്നെ പിടികൂടാന്‍ തുടങ്ങി. അസ്ഥികോശങ്ങളെ രൂപപ്പെടുത്തുന്ന ഓസ്റ്റിയോബ്ലാസ്റ്റുകള്‍ എന്ന സവിശേഷ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ഈസ്ട്രജന് വേണം. ഈസ്ട്രജന്റെ അഭാവത്തില്‍ അസ്ഥികോശങ്ങളെ ആഗിരണംചെയ്യുന്ന ഓസ്റ്റിയോ ക്ലാസ്റ്റുകള്‍ സജീവമാകുന്നു. ഇതാണ് അണ്ഡാശയം നീക്കംചെയ്തവരിലും ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളിലും അസ്ഥിക്ഷയമുണ്ടാകുന്നതിന്റെ കാരണം.
പുതിയ ജീവിതശൈലി സമ്മാനിച്ച രോഗംആധുനിക സ്ത്രീകളുടെ അനാരോഗ്യകരമായ ജീവിതശൈലി ഓസ്റ്റിയോപൊറോസിസ് വര്‍ധിക്കാനുള്ള പ്രധാന കാരണമാണ്. കംപ്യൂട്ടറിനുമുന്നിലും ഓഫീസിലും ഏറെ നേരം ഇരുന്ന് ജോലിചെയ്യുന്ന ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് വ്യായാമത്തിന് ഒരു അവസരവും ലഭിക്കുന്നില്ല. ഇരുന്നും എഴുന്നേറ്റും ഏറെ നേരം നിന്നുമൊക്കെ അടുക്കളയില്‍ ജോലിചെയ്തിരുന്ന വീട്ടമ്മമാര്‍ക്കും അടുക്കള മോഡേണ്‍ കിച്ചനായതോടെ മെയ്യനങ്ങാന്‍ അവസരമില്ല. വ്യായാമം കുറയുന്നതോടെ അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയും. അസ്ഥികളുടെ ആരോഗ്യത്തിനും കാത്സ്യത്തിന്റെ ആഗിരണത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് ജീവകം ഡി. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ചര്‍മം ഉല്‍പ്പാദിപ്പിക്കുന്ന ജീവകം ഡി ലഭിക്കണമെങ്കില്‍ നന്നായി വെയിലേല്ക്കണം. എന്നാല്‍, വീട്ടില്‍നിന്ന് ഓഫീസിലേക്കും ഓഫീസില്‍നിന്നു വീട്ടിലേക്കും പായുന്ന ഉദ്യോഗസ്ഥകള്‍ക്ക് എവിടെയാണ് വെയിലുകായാന്‍ സമയം. ഫ്ളാറ്റുകളില്‍ അടച്ചുമൂടിയ മുറിക്കുള്ളില്‍ കഴിയേണ്ടിവരുന്ന പ്രായമേറിയ സ്ത്രീകള്‍ക്കും സൂര്യപ്രകാശമേല്‍ക്കാത്തതുമൂലം വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകാം.
ആധുനിക ജീവിതത്തിന്റെ ഭാഗമായ ഫാസ്റ്റ്ഫുഡും അസ്ഥികളുടെ ആരോഗ്യം കുറയ്ക്കുന്ന ഘടകമാണ്. എല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ കാത്സ്യം ഫാസ്റ്റ്ഫുഡില്‍നിന്നു ലഭിക്കുകയില്ല. തന്നെയുമല്ല, ചോക്കലേറ്റ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ തുടങ്ങിയവ കാത്സ്യത്തിന്റെ ആഗിരണത്തെ തടയുകയുംചെയ്യും. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും അസ്ഥിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പുകവലിക്കാരില്‍ അസ്ഥികളെ സംരക്ഷിക്കുന്ന ഹോര്‍മോണ്‍ ഈസ്ട്രജന്റെ അളവ് കുറവായിരിക്കും. പുകവലിക്കുന്ന സ്ത്രീകളില്‍ നേരത്തെതന്നെ ആര്‍ത്തവവിരാമമെത്തുന്നതിനും സാധ്യതയുണ്ട്. മദ്യം ഉപയോഗിക്കുന്നവരില്‍ കാത്സ്യം, ജീവകം ഡി എന്നിവയുടെ അഭാവം ഉണ്ടാകാം. കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതും തടുര്‍ച്ചയായ വീഴ്ചകള്‍ക്കും അസ്ഥികളുടെ പൊട്ടലിനും കാരണമാകാം.
തുടര്‍ച്ചയായ കാപ്പികുടിയും അസ്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ കാത്സ്യത്തിന്റെ വിസര്‍ജനത്തെ ത്വരിതപ്പെടുത്തുന്നു. ഇതും അസ്ഥികള്‍ ദുര്‍ബലപ്പെടുത്തുന്നിനും അസ്ഥികള്‍ പെട്ടെന്ന് ഒടിയുന്നതിനും കാരണമാകാം. എല്ലുകള്‍ പെട്ടെന്ന് ഒടിയുന്നുഓസ്റ്റിയോപൊറോസിസ് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. ഓര്‍ക്കാപ്പുറത്ത് എല്ലുകള്‍ പൊട്ടുമ്പോഴാണ് രോഗത്തെപ്പറ്റി സംശയമുണ്ടാകുന്നത്. തുടയെല്ല്, കശേരുക്കള്, കൈയുടെ മണിബന്ധത്തിനടുത്തുള്ള അസ്ഥി തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണമായി പൊട്ടല്‍ ഉണ്ടാകുന്നത്. അസ്ഥികള്‍ പൊട്ടാന്‍ പ്രത്യേകിച്ച് പരിക്കൊന്നും ഉണ്ടാകണമെന്നില്ല. പടികള്‍ ഇറങ്ങുമ്പോള്‍ കാലൊന്നു മടങ്ങിയാല്‍ കണങ്കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായെന്നുവരാം. അല്ലെങ്കില്‍ കസേരയിലേക്ക് പെട്ടെന്ന് ഇരിക്കുന്നതുപോലും തുടയെല്ലിന് പൊട്ടലുണ്ടാക്കാം. പ്രായമായവരില്‍ കുളിമുറിയില്‍ വീണ് തുടയെല്ലിന് പൊട്ടലുണ്ടാകുന്നതിന്റെ പ്രധാന കാരണം ഓസ്റ്റിയോപൊറോസിസാണ്.
തുടയെല്ലില്‍ ഒടിവുണ്ടാകുന്നതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ കിടക്കയില്‍ കഴിയേണ്ടിവരുന്നത് വയോധികരില്‍ നിരവധി സങ്കീര്‍ണതകള്‍ക്കു കാരണമാകാം. ന്യുമോണിയ, ശയ്യാവൃണങ്ങള്‍, രക്തക്കുഴലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടുക തുടങ്ങിയ സങ്കീര്‍ണതകള്‍ മരണത്തിനുപോലും കാരണമാകാം. സ്ത്രീകളില്‍ തുടയെല്ലിലെ ഒടിവിനെത്തുടര്‍ന്നുണ്ടാകുന്ന മരണസാധ്യത മാറിടത്തിലെ അര്‍ബുദത്തില്‍നിന്നുള്ള മരണസംഖ്യക്കു തുല്യമാണെന്നുള്ള കാര്യം പ്രശ്നത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. ഓസ്റ്റിയോപൊറോസിസ് വിട്ടുമാറാത്ത ശരീരവേദനയ്ക്കു കാരണമാകാം. കശേരുക്കളിലെ പൊട്ടലിനെത്തുടര്‍ന്ന് തുടര്‍ച്ചയായ നടുവേദനയുണ്ടാകാം. നെഞ്ചിനു പുറകിലുള്ള കശേരുക്കളുടെ പൊട്ടലിനെത്തുടര്‍ന്ന് ശരീരം മുന്നോട്ടുവളഞ്ഞു കൂനുള്ളതാകുന്നു. പ്രായമേറിയ സ്ത്രീകളിലെ കൂനിനു കാരണം കശേരുക്കളിലെ ഓസ്റ്റിയോപൊറോസിസാണ്.
അസ്ഥിയ്ക്ക് പൊട്ടലുണ്ടാകുന്നതിനുമുമ്പ് ഓസ്റ്റിയോപൊറോസിസ് കണ്ടെത്താന്‍ ഡെക്സാസ്കാനിങ് ഉപകരിക്കുന്നു. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളും നേരത്തെതന്നെ അണ്ഡാശയം നീക്കംചെയ്തവരും വര്‍ഷത്തിലൊരിക്കല്‍ ഡെക്സാസ്കാനിങ് ചെയ്യുന്നത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. സാധാരണ എക്സ്റേ പരിശോധനയില്‍ 30 ശതമാനത്തിലേറെ അസ്ഥിക്ഷയം സംഭവിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളു. ദീര്‍ഘനാളായി സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങള്‍ ഉള്ളവര്‍, പുകവലിക്കാര്‍, ശരീരം മെലിഞ്ഞവര്‍ തുടങ്ങിയവരെല്ലാം ഒരു വാര്‍ഷിക ഡെക്സാ സ്കാനിങ് പരിശോധന നടത്തുന്നത് നല്ലതാണ്.
പൊതുവെ സുരക്ഷിതമായ ഒരു പരിശോധനാ മാര്‍ഗമാണ് ഡെക്സാ സ്കാനിങ്. പരിശോധനാവേളയില്‍ രോഗി വളരെ ചെറിയതോതില്‍ മാത്രമേ റേഡിയേഷന് വിധേയമാകുന്നുള്ളു. ഗര്‍ഭിണികളെ ഡെക്സാ സ്കാനിങ്ങില്‍നിന്ന് ഒഴിവാക്കാറുണ്ട്. ഓസ്റ്റിയോപൊറോസിസിന്റെ ചികിത്സ പ്രധാനമായും അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനുള്ള മരുന്നുകള്‍ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. കാത്സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയവയും അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന കോശങ്ങളായ ഓസ്റ്റിക്ലാസ്റ്റകളുടെ പ്രവര്‍ത്തനത്തെ തടയുന്ന ബിസ്ഫോസ്ഫൊണേറ്റ് മരുന്നുകളും ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണത്തിലൂടെ ഓസ്റ്റിയോപൊറോസിസിനെ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതാണ്. എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്നതരത്തില്‍ ഭക്ഷണകാര്യങ്ങളും ജീവിതചര്യയും ക്രമപ്പെടുത്തണം. കൃത്യമായ വ്യായാമം- അസ്ഥിയുടെ ബലം കൂട്ടാനും പേശികളുടെ ബലവും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ അസ്ഥികളുടെ സാന്ദ്രത മൂന്നുശതമാനംവരെ കൂടുന്നുണ്ട്. നടത്തം, ജോഗിങ്, സൈക്ലിങ് തുടങ്ങിയവയൊക്കെ നല്ല വ്യായാമമുറകളാണ്. പ്രതിദിനം 30-45 മിനിറ്റെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. നീന്തല്‍ ഓസ്റ്റിയോപൊറോസിസ് തടയാന്‍ പറ്റിയ വ്യായാമമല്ല. ഭക്ഷണം- അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യവും ജീവകം ഡിയും അടങ്ങിയിരിക്കുന്ന സാധനങ്ങള്‍ ധാരാളമായി കഴിക്കണം. പാല്, വെണ്ണ, കോഗര്‍ട്ട്, ഇലക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
പ്രതിദിനം 1000 മി.ഗ്രാംമുതല്‍ 1500 മി.ഗ്രാംവരെ കാത്സ്യത്തിന്റെ ആവശ്യമാണുള്ളത്. കാത്സ്യം ഗുളികകള്‍ കഴിക്കുന്നവര്‍ ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളില്‍ കല്ലുണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കും. ലഹരിയില്‍നിന്നു വഴിമാറണം- പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുകവലിക്കാരില്‍ ടെസ്റ്റോസ്സീറോണ്‍, ഈസ്ട്രജന് തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് കുറവാണ്. ഇത് അസ്ഥികളുടെ ഉറപ്പിനെ പ്രതികൂലമായി ബാധിക്കും. മദ്യപാനികളില്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് കാത്സ്യത്തിന്റെയും ജീവകം ഡിയുടെയും കുറവുണ്ടാകാം.
ദിവസവും അല്‍പ്പനേരം വെയില്‍കൊള്ളുന്നത് ജീവകം ഡിയുടെ ഉല്‍പ്പാദനത്തെ മെച്ചപ്പെടുത്തും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്ക്കുമ്പോള് ചര്‍മത്തിലാണ് ജീവകം ഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രാവിലെ പത്തുമണിക്കുമുമ്പുള്ള ഇളംവെയിലേല്‍ക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരം മുഴുവന്‍ പൊതിഞ്ഞുള്ള വസ്ത്രധാരണരീതിയും ഒഴിവാക്കണം. വാര്‍ഷിക സ്ക്രീനിങ് ഓസ്റ്റിയോപൊറോസിസിനു സാധ്യത കൂടിയവര്‍ ഒരു വാര്‍ഷിക സ്ക്രീനിങ് പരിശോധന നടത്തി അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകുന്നതിനുമുമ്പുതന്നെ രോഗം കണ്ടെത്താനുള്ള ശ്രമം നടത്തണം. ചികിത്സകൊണ്ടുള്ള പ്രയോജനം മനസ്സിലാക്കാനും ഡെക്സാ സ്കാനിങ് ഉപകരിക്കും.
കടപ്പാട് : ഡോ. ബി പത്മകുമാര്‍,
ഗവ. മെഡിക്കല്‍ കോളേജ്,തിരുവനന്തപുരം
അവസാനം പരിഷ്കരിച്ചത് : 6/21/2020
ഓസ്റ്റിയോപോറോസിസ്-കൂടുതൽ വിവരങ്ങൾ