ശബ്‌ദമുണ്ടാക്കാതെ കടന്നുവരും... എല്ലുകൾക്കിടയിൽ പതിയിരിക്കും... ഒടുവിലൊരുനാൾ അടിച്ചു താഴെയിടുകയും ചെയ്യും. ഓസ്‌റ്റിയോപോറോസിസ് അങ്ങനെയാണ്. എല്ലിന്റെ ബലക്ഷയമെന്നും എല്ലിനു തേയ്‌മാനമെന്നും നമ്മൾ കേട്ടറിഞ്ഞ ‘നിശബ്‌ദനായ കൊലയാളി’.
രോഗമുണ്ടെന്ന് അറിയണമെന്നേയില്ല. മൂർച്‌ഛിച്ചു കഴിയുമ്പോഴാവും ഇതുവരെ ഒളിച്ചിരുന്ന ആ ഭീകരനെ കണ്ടു നാം നിലവിളിക്കുക. എല്ലിൽ കാൽസ്യത്തിന്റെ അളവു കുറയുന്നതാണ് ഓസ്‌റ്റിയോപോറോസിസ്. ഇതോടെ സാന്ദ്രത കുറഞ്ഞു ദുർബലമാവുന്ന എല്ലുകൾ ചെറിയ ക്ഷതമേറ്റാൽപോലും പൊട്ടുന്ന നിലയിലാവും. പ്രായം കൂടുന്തോറും ഈ രോഗം കൂടെ വരും. സാധാരണ നാൽപതു വയസ്സിനു മുകളിലുള്ള സ്‌ത്രീകളിലാണ് എല്ലിനു ബലക്ഷയം കാണുന്നത്. ആർത്തവ വിരാമത്തെത്തുടർന്നു സ്‌ത്രീഹോർമോണായ ഈസ്‌ട്രജന്റെ അളവു കുറയുന്നതാണു കാരണം. എന്നാൽ ഹോർമോൺ തകരാർപോലെയുള്ള മറ്റു രോഗങ്ങളുണ്ടെങ്കിലോ സ്‌റ്റിറോയിഡ് അടങ്ങിയ മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നുണ്ടെങ്കിലോ ചെറുപ്പക്കാർക്കും എല്ലിനു ബലക്ഷയം വരാം.
ഓസ്‌റ്റിയോപോറോസിസ് വരുന്ന വഴി
. പ്രായം കൂടുന്തോറും ബലം കുറയുന്ന എല്ലുകൾ
30-35 വയസ്സുമുതൽ നമ്മുടെ ശരീരത്തിൽ എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങും. ക്രമേണ ഇവയുടെ പുനരുൽപാദനത്തിന്റെ വേഗത കുറയുന്നു. ശരീരത്തിൽ കാൽസ്യത്തിന്റെ അഭാവമുണ്ടെങ്കിൽ അത് ഈ പ്രായത്തിൽ എല്ലുകളെ സാരമായി ബാധിക്കും. പ്രായമേറുന്നതോടെ ഓസ്‌റ്റിയോപോറോസിസ് പിടിമുറുക്കുകയും ചെയ്യും. വീഴ്‌ചയെത്തുടർന്നു രോഗികളിൽ ഇടുപ്പെല്ല്, നട്ടെല്ല്, കൈത്തണ്ടയിലെ എല്ല് എന്നിവിടങ്ങളിലാവും പ്രധാനമായും പൊട്ടലുണ്ടാവുക.
. ഹോർമോൺ വ്യതിയാനം
ശരീരത്തിലെ ഹോർമോണുകളുടെ അളവുകളിലെ വ്യതിയാനം കാൽസ്യത്തിന്റെ ആഗിരണത്തെയും ശേഖരണത്തെയും ബാധിക്കും. സ്‌ത്രീകളിൽ ഈസ്‌ട്രജൻ ഹോർമോണിലുണ്ടാകുന്ന വ്യതിയാനം ഭക്ഷണത്തിൽനിന്നു കാൽസ്യം ആഗിരണം ചെയ്യുന്നതു കുറയ്‌ക്കുന്നു. ഇതോടെ എല്ലുകൾക്കു ബലം കുറയുന്നു. ഒന്നു വീണാൽതന്നെ എല്ലുകൾ പെട്ടെന്നു പൊട്ടാം.
. കാൽസ്യവും വിറ്റമിൻ ഡിയും
എല്ലുകളുടെ വളർച്ചയ്‌ക്കു ശക്‌തി പകരുന്നതു കാൽസ്യമാണ്. കാൽസ്യവും വിറ്റമിൻ ഡിയും ആഗിരണം ചെയ്യുന്നതിലെ തകരാറുകൾ എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകാം. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കാര്യമായി കുറഞ്ഞാൽ പേശികളുടെ ചലനത്തെയും അതു ബാധിക്കും. ഹൃദയപേശികളെവരെ ബാധിക്കുമെന്നർഥം.
. എല്ലൊടിക്കുന്ന പുകവലി
പുകയിലയും എല്ലിന്റെ കോശങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്കു ചുവപ്പുകൊടി കാട്ടും. അതുകൊണ്ടു പുകവലി പാടേ ഉപേക്ഷിക്കാം.
. കുടിയന്മാരേ, കാൽസ്യം പിണങ്ങും
മദ്യം അമിതമായാൽ എല്ലുകളിൽ കാൽസ്യം ശേഖരിച്ചുവയ്‌ക്കാൻ ശരീരത്തിനു കഴിയാതെ വരും. അതുകൊണ്ട് ഇന്നു കുടിച്ചുവീഴുന്നവർ നാളെ കുടിക്കാതെതന്നെ നിലത്തുവീഴാൻ സാധ്യതയേറെയാണ്.
. സ്‌റ്റിറോയിഡുകളിലെ വില്ലൻ
ഒരു പനി വന്നാൽകൂടി സ്‌റ്റിറോയിഡുകൾ അടങ്ങിയ മരുന്നുകൾ വലിച്ചുവാരി കഴിക്കുന്നവരുണ്ട്. നിസാരമായ ഒരു പനിയുടെ പേരിൽ ഇവരും നടന്നുകയറുന്നത് ഓസ്‌റ്റിയോപോറോസിസ് എന്ന വിപത്തിലേക്കാണ്. ആസ്‌മപോലുള്ള രോഗങ്ങൾക്കു കഴിക്കുന്ന സ്‌റ്റിറോയിഡുകളും എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകും. അതുകൊണ്ട് ഇത്തരം രോഗികൾ ഡോക്‌ടറുടെ നിർദേശപ്രകാരം കാൽസ്യം അടങ്ങിയ ഗുളികകളോ മരുന്നുകളോകൂടി കഴിക്കേണ്ടതുണ്ട്. ഡോക്‌ടറുടെ നിർദേശമില്ലാതെ മരുന്നുകൾ വാങ്ങിക്കഴിക്കരുത്.പച്ചക്കറി തിരയുന്നതുപോലെ മെഡിക്കൽ ഷോപ്പുകളിൽനിന്നു സ്വന്തം തീരുമാനപ്രകാരം മരുന്നു വാങ്ങുന്നതും അവസാനിപ്പിക്കണം. സ്വയം ചികിൽസ വേണ്ടേ വേണ്ട.
. ‘അനങ്ങാപ്പാറ’ നയം അരുത്
ഒരിടത്തുതന്നെ ഇരുന്നോ നിന്നോ ജോലി ചെയ്യുന്നതിൽക്കൂടുതൽ ഒരു ദ്രോഹവും എല്ലിനോടു ചെയ്യാനില്ല. അനക്കാതെ വയ്‌ക്കുന്ന എല്ലു ക്ഷയിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഓസ്‌റ്റിയോപോറോസിസിന്റെ ചിതലരിച്ചു തുടങ്ങും മുൻപു ചിട്ടയായ വ്യായാമം ആരംഭിക്കാം.
. മറ്റു രോഗങ്ങൾക്കൊപ്പം
മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ ചെറുപ്പക്കാർക്കും പുരുഷൻമാർക്കും ഓസ്‌റ്റിയോപോറോസിസ് പിടിപെടാം.
കുട്ടികളിൽ പാരാതൈറോയിഡ് രോഗം വന്നാൽ ശ്രദ്ധിക്കുക. തൈറോയിഡിന്, പുറത്തേക്കു മുഴവരുന്നതുപോലെ പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ ഇതിനില്ല. വയറ്റിൽ വേദന, പാൻക്രിയാസിലും കിഡ്‌നിയിലും കാൽസ്യം അടിഞ്ഞുകൂടി സ്‌റ്റോൺ ഉണ്ടാകുക എന്നിവ പാരാതൈറോയിഡിന്റെ ലക്ഷണങ്ങളാണ്.
അൾസറേറ്റിവ് കൊളൈറ്റിസ് പോലെയുള്ള അസുഖങ്ങളുള്ളവരും സൂക്ഷിക്കുക. ആമാശയ, കുടൽ സംബന്ധമായ രോഗങ്ങളുള്ളവരും ശ്രദ്ധിക്കണം. നമുക്കുവേണ്ട കാൽസ്യത്തെ മറച്ചുപിടിച്ച് അവ എല്ലുകളെ ക്ഷീണിപ്പിക്കുന്നുണ്ടാവും.
മറ്റു രോഗങ്ങൾമൂലമുണ്ടാകുന്ന ഓസ്‌റ്റിയോപോറോസിസ് ആ അസുഖം ഭേദമായിക്കഴിയുമ്പോൾ തനിയെ മാറാം.
ശ്രദ്ധിക്കാം, ലക്ഷണങ്ങളെ
കണ്ടുപിടിക്കാം എല്ലിന്റെ വില്ലനെ
സ്‌ഥിരമായി നടുവേദന വരുമ്പോൾ വേദനസംഹാരികളോ ബാമോ പുരട്ടി തൽക്കാലത്തേക്ക് അകറ്റിനിർത്തി ആശ്വസിക്കാതെ ഉടൻതന്നെ വിശദ പരിശോധന നടത്താം. പുറംവേദനയും മുട്ടുവേദനയും ഉണ്ടെങ്കിലും ശ്രദ്ധിക്കണം.മിക്കവാറും വീണ് എല്ലുകൾ പൊട്ടി ചികിൽസ തേടുമ്പോഴാവും രോഗം ഗുരുതരമാണെന്നു കണ്ടുപിടിക്കുക.
രക്‌തത്തിൽ കാൽസ്യം, ഫോസ്‌ഫറസ് എന്നിവയുടെ അളവു കൃത്യമായി പരിശോധിക്കുന്നതു ഗുണം ചെയ്യും. എല്ലിന്റെ സാന്ദ്രത അറിയുവാനായി പരിശോധനകൾ (ബോൺ മിനറൽ ഡെൻസിറ്റി സ്‌റ്റഡി) നടത്താം. എക്‌സ്‌റേയിലൂടെയും സ്‌കാനിങ്ങിലൂടെയും രോഗനിർണയം നടത്താറുണ്ട്. എന്നാൽ ഡെക്‌സാ (ഡുവൽ എനർജി എക്‌സ്‌റേ അബ്‌സോർപ്‌ഷിയോമെട്രി) സ്‌കാൻ ടെസ്‌റ്റുകളാണു കൂടുതൽ കൃത്യമായ വിവരം നൽകുക. പരിശോധനയ്‌ക്കു ചെലവു കൂടുതലാണ്. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യമില്ലതാനും.
40 വയസ്സു കഴിഞ്ഞാൽ ഓരോ വർഷം കൂടുന്തോറും എല്ലിന്റെ സാന്ദ്രത അറിയാനുള്ള പരിശോധനകൾ നടത്തണം. ഗർഭസമയത്ത് ഓസ്‌റ്റിയോപോറോസിസിനു പരിശോധനയോ ചികിൽസയോ ആവശ്യമായി വന്നാൽ വിദഗ്‌ധോപദേശം തേടേണ്ടതും അത്യാവശ്യം.
. ചികിൽസ നേരത്തേയാവട്ടെ
എത്രയും നേരത്തേ ചികിൽസ തുടങ്ങുന്നോ അത്രയും നന്ന്. എല്ലിനു പൊട്ടൽ ഉണ്ടായി ചികിൽസ സങ്കീർണമാക്കാൻ കാത്തുനിൽക്കാതിരിക്കാം. ഓസ്‌റ്റിയോ പോറോസിസ് പിടിപെട്ടു കഴിഞ്ഞാൽ തുടർച്ചയായി മരുന്നു കഴിക്കേണ്ടി വരും. സാധാരണയായി കാൽസ്യം ഗുളികകളും ബൈഫോസ്‌ഫണേറ്റ് അടങ്ങിയ മരുന്നുകളുമാണു നൽകുക. ബലക്ഷയം നിമിത്തം പൊട്ടലുണ്ടായാൽ ആദ്യം അതിനുള്ള ചികിൽസ നൽകും. എല്ലിൽ കാൽസ്യത്തിന്റെ അളവു കൂട്ടാനായി കാൽസ്യം സ്‌പ്രേകൾ ഉണ്ട്. ചെലവു കൂടുമെങ്കിലും ഇൻഹേലർപോലെ ഉപയോഗിക്കാവുന്ന ഇവ കൂടുതൽ ഫലം ചെയ്യും. ആർത്തവ വിരാമത്തെത്തുടർന്ന് ഉണ്ടാകുന്ന ഓസ്‌റ്റിയോപോറോസിസിന് ഈസ്‌ട്രജൻ റീപ്ലേസ്‌മെന്റ് തെറപ്പി നടത്താറുണ്ട്. ഈസ്‌ട്രജൻ ഹോർമോണിന്റെ അഭാവം നിമിത്തമാണ് ഈ സമയത്ത് എല്ലിനു ബലക്ഷയം സംഭവിക്കുക.മതിയായ അളവിൽ ഹോർമോൺ ശരീരത്തിനു ലഭ്യമാക്കുന്ന ചികിൽസയാണിത്. പക്ഷേ ബ്രെസ്‌റ്റ് കാൻസർപോലെയുള്ള പാർശ്വഫലങ്ങളുണ്ടായേക്കുമെന്ന പഠനങ്ങളെ തുടർന്ന് ഈ ചികിൽസ വ്യാപകമല്ല. എന്നാൽ ഈസ്‌ട്രജൻ ചെറിയ അളവിൽ നൽകുന്നതു നല്ലതാണ്.
. ശരീരംതന്നെ തളരാം
ഇടുപ്പെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ടാവുന്നതാണ് ഓസ്‌റ്റിയോപോറോസിന്റെ ഏറ്റവും ഗുരുതര ഫലം. ഇടുപ്പെല്ലിനു പൊട്ടലുണ്ടായാൽ ശസ്‌ത്രക്രിയ വേണ്ടിവരും. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം ശരീരം തളരാനിടയാക്കിയേക്കുമെന്നതിനാൽ ഗുരുതരമാണ്.
. വെയിൽ കൊള്ളാൻ മറക്കല്ലേ
എസിയിൽ മാത്രം ഇരുന്നു ജോലിചെയ്യുന്നവരുടെ എല്ലുകൾ പെട്ടെന്നു ക്ഷയിച്ചുപോകാം. കാരണം സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന വിറ്റമിൻ ഡി കിട്ടില്ല എന്നതുതന്നെ. അതുകൊണ്ട് ശരീരത്തിൽ ആവശ്യത്തിനു സൂര്യപ്രകാശം ഏൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പുറത്തിറങ്ങാതെ വീടിനുള്ളിൽ കതകടച്ചിരിക്കുന്നവരും സൂക്ഷിക്കുക.
. വ്യായാമം- എല്ലിനെ ഇണക്കാൻ
ക്യത്യമായ വ്യായാമംപോലെ എല്ലിന് ഊർജം പകരുന്ന മറ്റൊന്നില്ലെന്നു പറയാം. ദിവസം രണ്ടോ മൂന്നോ കിലോമീറ്റർ നടക്കുന്നതു ശരീരത്തിനും എല്ലുകൾക്കും ഏറെ ഗുണം ചെയ്യും. സൈക്കിൾ ചവിട്ടുന്നതും ജോഗിങ്ങിനു പോകുന്നതും നല്ലതുതന്നെ. എല്ലുകൾക്കു ബലം വയ്‌ക്കട്ടെ. കുട്ടികളെയും പതിവായി വ്യായാമം ചെയ്യാൻ പ്രോൽസാഹിപ്പിക്കാം.
. കുനിഞ്ഞ് ഭാരം എടുക്കുമ്പോൾ
പ്രായമായവരും ഓസ്‌റ്റിയോപോറോസിസ് രോഗികളും കുനിഞ്ഞ് കനത്ത ഭാരം എടുക്കുന്നത് ഒഴിവാക്കണം. ജോലി ചെയ്യുന്നത് എല്ലിനു ഗുണം ചെയ്യുമെങ്കിലും ഒരുപാടു ഭാരപ്പെട്ട ജോലികൾ ദോഷമേ വരുത്തൂ.
. കുളിമുറിയിലെ വീഴ്‌ച
ടൈൽ പാകിയ കുളിമുറിയിലെ നമ്മുടെ എണ്ണതേച്ചുകുളി വലിയൊരു അപകടം കാത്തു വയ്‌ക്കുന്നുണ്ട്. പ്രത്യേകിച്ചു പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ. നിലത്തും കുളിമുറിയിലും തെന്നിവീഴാതെ സൂക്ഷിക്കണം. വീഴ്‌ചയിൽ എല്ലുകൾ പൊട്ടുന്നതാണ് ഓസ്‌റ്റിയോപോറോസിസ് രോഗികളുടെ നില വഷളാക്കുന്നത്.
. പാൽ, മുട്ട, ഇലക്കറികൾ
കാൽസ്യം ശരീരത്തിൽ മതിയായ അളവിൽ നിലനിർത്താൻ പാൽ, മുട്ട തുടങ്ങിയ സമീകൃതാഹാരം ഭക്ഷണത്തിൽ കൃത്യമായ അളവിൽ ഉൾപ്പെടുത്തണം. പ്രത്യേകിച്ചു സ്‌ത്രീകൾ. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കണം. മൽസ്യം, മാംസം തുടങ്ങിയവയും ക്രമമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാൽസ്യം ഗുളികകൾ കഴിക്കുന്നതിലും നല്ലത് ഭക്ഷണത്തിൽ കാൽസ്യം ഉറപ്പാക്കുകയാണ്. ചില ഗുളികകൾ കാൽസ്യത്തിന്റെ ഘടകങ്ങൾ അടിഞ്ഞുകൂടി സ്‌റ്റോൺ ഉണ്ടാക്കാനിടയുണ്ട്.
. അമിതവണ്ണം എല്ലിനും ഭാരമാകാം
ശരീരത്തിന്റെ അമിതഭാരം എല്ലുകൾക്കു താങ്ങാനാകാതെ വന്നേക്കാം. ഒപ്പം കാൽസ്യത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കും. അതുകൊണ്ട് അമിതവണ്ണം കുറയ്‌ക്കാൻ ശ്രമിക്കുക.
. ജോലിക്കിടയിൽ അൽപ്പം വ്യായാമം
വേണ്ടത്ര പോഷകങ്ങളില്ലാത്ത ഫാസ്‌റ്റ് ഫുഡും 16- 17 മണിക്കൂർ ഒറ്റ ഇരുപ്പിൽ ഇരുന്നുള്ള ജോലിയും നമുക്കു ശീലമായി. എന്നാൽ നമ്മൾ മാറിയതുപോലെ മാറാൻ എല്ലിനാവില്ല. വ്യായാമമില്ലായ്‌മയോടും മാറിയ ഭക്ഷണ രീതിയോടും പൊരുത്തപ്പെടാനാവാതെ എല്ലു ക്ഷീണിച്ചുതുടങ്ങും. ജോലിക്കിടയിൽ ഇരുന്നുകൊണ്ടുളള വ്യായാമമുറകൾ ശീലിക്കുന്നതു നല്ലതാണ്. എല്ലിനെ മടിപിടിപ്പിക്കാതെ ഇടയ്‌ക്ക് എഴുന്നേറ്റു നടക്കുകയുമാവാം.
ഓസ്‌റ്റിയോപോറോസിസ് ആയുർവേദത്തിൽ
സാധാരണയായി പിഴിച്ചിൽ, ഞവരക്കിഴി, ധാര, ഇലക്കിഴികൾ തുടങ്ങിയ ചികിൽസകളാണ് എല്ലിനു ബലക്ഷയമുള്ള രോഗികൾക്ക് ആയുർവേദത്തിൽ നൽകുക. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഏഴു ദിവസം മുതലുള്ള ചികിൽസാരീതികളാണുള്ളത്. രോഗികൾ കൂടുതൽ ഭാരം എടുക്കുന്നതും ആയുർവേദം വിലക്കുന്നുണ്ട്. സ്‌ത്രീകൾക്ക് എള്ള് ധാരാളം കഴിക്കാം. കഴിവതും വിരുദ്ധാഹാരം ഒഴിവാക്കുക. ശരീരശുദ്ധിക്ക് അത് അത്യാവശ്യമെന്നു നിബന്ധനയുണ്ട്. ശരീരരക്ഷയ്‌ക്കു ദിവസവും എണ്ണതേച്ചു കുളി നിർബന്ധമാക്കുന്നതു ഗുണം ചെയ്യും. അധികം ജോലിഭാരമുണ്ടെങ്കിൽ ധന്വന്തരീ തൈലമോ മുറിവെണ്ണയോപോലെയുള്ള എണ്ണ തേച്ചുകുളിക്കാം. അസുഖങ്ങളും അസ്വസ്‌ഥതകളും ഇല്ലെങ്കിൽ എള്ളെണ്ണയോ വെളിച്ചെണ്ണയോ തേച്ച് ഒരുനേരം കുളി പതിവാക്കുന്നതും നന്ന്.
കടപ്പാട്:
ഡോ. ജോർജ് ഏബ്രഹാം, ഹെഡ് ഓഫ് ഓർത്തോപീഡിക്‌സ്, മലബാർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോഴിക്കോട്.
ഡോ. രവികുമാർ, അസി. പ്രഫസർ, ഓർത്തോപീഡിക്‌സ്, മെഡിക്കൽ കോളജ്, കോഴിക്കോട്.
ഡോ. കെ. എസ്. രജിതൻ, സൂപ്രണ്ട്, ഔഷധി പഞ്ചകർമ ആശുപത്രി, തൃശൂർ.
മധ്യവയസ്സു പിന്നിടുന്നതോടെ പല സ്ത്രീകളും പറഞ്ഞു തുടങ്ങും. മുട്ടുവേദനയാണ്, പടി കയറാൻ വയ്യ, നടുവേദനയാണ് എന്നൊക്കെ. പ്രായമായ സ്ത്രീകൾക്കാണെങ്കിൽ ഒന്നു തെന്നുമ്പോഴേക്കും അസ്ഥി പൊട്ടുന്ന പ്രശ്നവും. ഒടുവിൽ ഡോക്ടറെ കാണുമ്പോഴാണ് അറിയുക, അസ്ഥി തേയ്മാനം അഥവാ ഓസ്റ്റിയോ പോറോസിസ് ആണെന്ന്. പലരും കേട്ടിട്ടുള്ള വാക്കാണെങ്കിലും നമുക്ക് ഒരിക്കലും വരില്ല എന്ന ചിന്തയാണു നമ്മെ നയിക്കുന്നത്.
ശരീരത്തിലെ കാൽസ്യം അളവു കുറയുന്നതുമൂലം അവ ദുർബലമായി, സുഷിരം വീഴുന്ന അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്. രോഗത്തിന്റെ മൂർധന്യത്തിൽ എല്ലുകൾ ഒടിയുകയും എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെവരികയും ചെയ്യും. നിരന്തര ജോലിയും മറ്റുമായി തിരക്കിനിടയിൽ ഈ നിശബ്ദ വില്ലനെ നാം പലപ്പോഴും കണ്ടെത്താറില്ല. കണക്കുകൾ പ്രകാരം 45 വയസ്സിനു മീതേയുള്ള രണ്ടിലൊന്നു സ്‌ത്രീകൾക്ക് ഓസ്‌റ്റിയോ പോറോസിസിനു സാധ്യതയുണ്ട്.
കാത്സ്യം ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിലൊന്നാണ്. രക്‌തത്തിലെ കാത്സ്യത്തിന്റെ അളവു കുറഞ്ഞാൽ ശരീരം എല്ലുകളിൽ നിന്ന് അതു വലിച്ചെടുക്കും. ഇങ്ങനെയാണ് എല്ലുകൾ ദുർബലമാകുക. 40 വയസ്സിനുശേഷം എല്ലുകളുടെ വളർച്ച നിലയ്ക്കും. ഇതോടെയാണ് എല്ലുകൾക്കു പ്രശ്നം വരിക. സ്‌ത്രീകളിൽ എല്ലുകളുടെ സാന്ദ്രത ആർത്തവവിരാമമാകുന്നതുവരെ കുറഞ്ഞുകൊണ്ടിരിക്കും. ആ സമയത്ത് ഓസ്‌റ്റിയോ പോറോസിസിനു സാധ്യത കൂടുതലാണ്.
പ്രത്യേക ലക്ഷണങ്ങളില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ജീവകം ‘ഡി’യുടെ കുറവും എല്ലുനാശത്തിനു കാരണമായേക്കാം. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നയാളാണെങ്കിൽ പ്രത്യേകം സൂക്ഷിക്കുക.
പുറം വേദനയും കൈകാൽ വേദനയുമൊക്കെ ബാമിലും സ്വയം ചികിൽസയിലും ഒതുക്കാതെ ഡോക്ടറെ കാണുക തന്നെ വേണം.
എല്ലുകളുടെ സാന്ദ്രത അളക്കാൻ കഴിഞ്ഞാൽ മാത്രമെ രോഗബാധ അറിയാൻ കഴിയൂ. ഡെൻസിറ്റോമീറ്ററുകൾ ഉപയോഗിച്ചുള്ള എല്ലു സാന്ദ്രതാ നിർണയത്തിലൂടെയാണിതു ചെയ്യുന്നത്.
ഗർഭകാലത്തും പ്രസവശേഷവുമൊക്കെ ഡോക്ടർമാർ തരുന്ന കാൽസ്യം ടാബ്‌ലറ്റുകൾ കൃത്യമായി കഴിക്കുക. കാൽസ്യം അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാലും പാലുൽപന്നങ്ങളും കാൽസ്യത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. ചെറുമൽസ്യങ്ങളിലും കടൽമൽസ്യങ്ങളിലും ഇലക്കറികളിലുമൊക്കെ കാൽസ്യം അടങ്ങിയിട്ടുണ്ട്. റാഗി, മുളപ്പിച്ച ചെറുപയർ, മറ്റു പയർവർഗങ്ങൾ, ഉഴുന്ന്, സോയ, സ്പിനാച്ച്, ബ്രോക്കോളി തുടങ്ങിയവയും കാൽസ്യം സ്രോതസുകളാണ്.
ജീവിതശൈലി ക്രമീകരിക്കുക, പോഷകാഹാരങ്ങൾ വേണ്ടുംവിധം കഴിക്കുക, വേണ്ടത്ര വ്യായാമം ചെയ്യുക, സർവോപരി, രോഗത്തെപ്പറ്റി അറിവുനേടുക, ആത്മവിശ്വാസം കൈവെടിയാതിരിക്കുക – ഓസ്‌റ്റിയോ പോറോസിസിനെ പരമാവധി അകറ്റിത്തന്നെ നിർത്താം.
കടപ്പാട്: ശ്രീദേവി നമ്പ്യാർ
പലപ്പോഴും അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങൾ വൈകിയാണ് വരാറ്. രോഗം കണ്ടെത്തുമ്പോഴേക്കും അസ്ഥിയുടെ കനം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടാവും. ഈ ഒരു ഘട്ടമെത്തിക്കഴിഞ്ഞാൽ പിന്നെ അസ്ഥികൾക്ക് ഒടിവു സംഭവിക്കാൻ സാധ്യത കൂടും.
അസ്ഥിക്ഷയം നേരത്തേ അറിയാം
ലക്ഷണങ്ങൾ പ്രകടമാകുന്നതിനു വളരെ മുമ്പു തന്നെ അസ്ഥിക്ഷയത്തിനുള്ള നേരിയ സാധ്യത പോലും കണ്ടെത്താൻ ബോൺ മിനറൽ ഡെൻസിറ്റി പരിശോധന സഹായിക്കും. വളരെ കൃത്യമായി ബി എം ഡി കണ്ടുപിടിക്കുന്നത് ഡെക്സ്ട്രാ സ്കാൻ വഴിയാണ്. നട്ടെല്ലിന്റെയും ഇടുപ്പുസന്ധികളുടെയും ബലക്ഷയമാണ് ഇതുപയോഗിച്ച് കണ്ടെത്തുന്നത്.
അസ്ഥിസാന്ദ്രത കുറയുന്നുവെന്ന് നേരത്തേ കണ്ടെത്താനായാൽ രോഗം വഷളാവാതെ നിയന്ത്രിക്കാനും ഒടിവുകളോ പൊട്ടലുകളോ സംഭവിക്കുന്നത് തടയാനുമാവും.
ഈ പരിശോധനയുടെ ഫലം ടി സ്കോർ എന്നാണറിയപ്പെടുന്നത്. ടി സ്കോർ —2.5 ലും താഴെയാണെങ്കിൽ അസ്ഥിക്ഷയം സംഭവിച്ചതായി അനുമാനിക്കാം. ഏതാണ്ട് 15 മിനിറ്റ് മാത്രം എടുക്കുന്ന വേദനാരഹിതമായ പരിശോധനയാണ് ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്.
എന്തിനാണ് ബി എം ഡി (BMD) പരിശോധന?
∙ അസ്ഥികൾക്ക് ഒടിവു സംഭവിക്കുന്നതിനു മുമ്പേ തന്നെ അസ്ഥിക്ഷയത്തിന്റെ സാധ്യത തിരിച്ചറിയാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒടിവുകൾ തടയാനും.
∙ അസ്ഥി ഒടിവു സംഭവിച്ച ഒരാളിൽ അതിന്റെ കാരണം ഓസ്റ്റിയോപൊറോസിസ് ആണോയെന്നു തീർച്ചപ്പെടുത്താൻ.
∙ ഒരാളുടെ അസ്ഥിസാന്ദ്രത സ്ഥിരമാണോ ഏറ്റക്കുറച്ചിലുകളുണ്ടോ എന്ന് കണ്ടെത്താൻ.
ആർക്കൊക്കെ നടത്താം?
∙ ഓസ്റ്റിയോപൊറോസിസ് സാധ്യതയുള്ള 50നു മുകളിലുള്ള പുരുഷന്മാർ.
∙ അപകടസാധ്യതകളൊന്നുമില്ലെങ്കിലും 65 വയസിനു മുകളിലുള്ള എല്ലാ സ്ത്രീകളും 70 വയസിനു മുകളിലുള്ള പുരുഷന്മാരും.
∙ 50 വയസിനു മുകളിലുള്ളവരിൽ എല്ലുകൾക്ക് ഒടിവു സംഭവിച്ചാൽ.
∙ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ കഴിക്കുന്നവർ, സ്തനാർബുദ ചികിത്സയ്ക്കു വിധേയരാകുന്നവർ, വളരെ പ്രകടമായി പൊക്കം കുറയുന്നവർ, വളരെ നേരത്തേ ആർത്തവവിരാമമായവർ തുടങ്ങിയവർക്കും ഈ പരിശോധന ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
അൾട്രാ സൗണ്ട് പരിശോധന
അൾട്രാസൗണ്ട് പരിശോധനയിലൂടെയും ബി എം ഡി കണ്ടുപിടിക്കാം. കൈത്തണ്ട, ഉപ്പൂറ്റി എന്നിവിടങ്ങളിലെ എല്ലിലാണ് പരിശോധന നടത്തുന്നത്. പക്ഷേ ഇതിനു കൃത്യത കുറവാണ്.
ടി സ്കോർ പറയുന്നത്
ബോൺ മിനറൽ ഡെൻസിറ്റി പരിശോധനാഫലമാണ് ടി സ്കോർ. ടി സ്കോർ +1നും —1നും ഇടയിലാണെങ്കിൽ അസ്ഥിസാന്ദ്രത സാധാരണമാണ്. —1നും —2.5നും ഇടയിലാണെങ്കിൽ അസ്ഥിസാന്ദ്രത വേണ്ടതിലും കുറഞ്ഞ് ഓസ്റ്റിയോ പൊറോസിസ് അടുക്കാറായി (ഓസ്റ്റിയോപീനിയ). —2.5നും താഴെയാണെങ്കിൽ ഓസ്റ്റിയോപൊറോസിസ് സംഭവിച്ചു കഴിഞ്ഞു.
അവസാനം പരിഷ്കരിച്ചത് : 6/21/2020
അസ്ഥികളെ ദുര്ബലപ്പെടുത്തുന്ന അസുഖമാണു ഓസ്റ്റിയോപെ...