অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആമവാതവും ഭക്ഷണക്രമവും

ആമവാതം എന്ന് മലയാളികൾ പറയുന്ന ‘റുമാറ്റോയിഡ് ആർത്രൈറ്റിസും’ ഭക്ഷണക്രമവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ആമവാതം മൂലം ബുദ്ധിമുട്ടുന്നവർക്ക് സന്ധികളിൽ കടുത്ത വേദനയനുഭവപ്പെടും. ചിലയവസരങ്ങളിൽ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാവുകയും വാതവേദന കടുത്തതാക്കുകയും ചെയ്യും.

ആമവാതം എന്നത്, കോശജ്വലനം (ഇൻഫ്ളമേഷൻ) ഉണ്ടാക്കുന്ന ഒരു ‘ഓട്ടോഇമ്മ്യൂൺ’ (പ്രതിരോധസംവിധാനം ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) രോഗമാണ്. ഇത് ശരീരത്തിലെ ഒന്നിലധികം സന്ധികളെ ബാധിക്കും. സന്ധികളിൽ വേദനയും കോശജ്വലനവും, സന്ധികളിൽ വീക്കം, പനി, സന്ധികൾക്ക് വഴക്കമില്ലായ്മ, സന്ധികൾക്ക് രൂപവ്യത്യാസം, ക്ഷീണം, സന്ധികൾ ചലിപ്പിക്കാൻ കഴിയാതെ വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

റുമാറ്റോയിഡ് ആർത്രൈറ്റിസ്‘ ചികിത്സിച്ചു ഭേദപ്പെടുത്താനാവില്ല. ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാണ് ഇതിന്റെ ചികിത്സകൊണ്ട് ലക്ഷ്യമിടുന്നത്.

ഭക്ഷണവും ആമവാതത്തിന്റെ ലക്ഷണങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സന്ധികളിലെ കോശജ്വലനവും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങൾ ആമവാതത്തിന്റെ വേദനയ്ക്ക് പ്രേരകമാവുകയും ചെയ്യും.

കോശജ്വലനം ഒഴിവാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

പഴങ്ങളും പച്ചക്കറികളും

നിറം കൂടുതലുള്ള പച്ചക്കറികളാണ് ആമവാതമുള്ളവർക്ക് പ്രയോജനപ്രദമാകുന്നത്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും കരോറ്റിനോയിഡുകളും നാരുകളും അയണും വൈറ്റമിൻ സി യും ഇ യും ആമവാതത്തിനെതിരെ പൊരുതാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾ കുറയ്ക്കാൻ നിരോക്സീകാരികൾ സഹായിക്കും.

മത്സ്യം

നിങ്ങൾ മാംസാഹാരം ഇഷ്ടപ്പെടുന്നയാളാണെങ്കിൽ, മാംസാഹാരത്തെക്കാൾ കൂടുതൽ മത്സ്യം കഴിക്കുന്നത് ആമവാതത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് സമ്പുഷ്ടമായ മത്സ്യങ്ങളിൽ (അയല, മത്തി തുടങ്ങിയവയും കക്കയിറച്ചിയും) ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. വേദനയുടെ കാഠിന്യം കുറയ്ക്കുന്നതിന് മീനെണ്ണ ഗുളിക കഴിക്കുന്നതും സഹായിക്കും.

ഒലിവെണ്ണ

എക്സ്ട്രാ വെർജിൻ ഒലിവെണ്ണയിൽ അടങ്ങിയിരിക്കുന്ന ‘ഓലിയോകാന്തൽ’ (oleocanthal) എന്ന സ്വാഭാവിക ഫിനോലിക് സംയുക്തം ശരീരത്തിൽ കോശജ്വലനം ഉണ്ടാക്കുന്ന എൻസൈമുകളെ പ്രതിരോധിക്കും.

തവിടുകളയാത്ത ഗോതമ്പ്, സെറിയലുകൾ, മുട്ട

തവിടുകളയാത്ത ഗോതമ്പുമാവ് സെലിനിയത്തിന്റെ നല്ലൊരു സ്രോതസ്സാണ്. ആമവാതമുള്ളവർക്ക് സന്ധികളിൽ ഉണ്ടാകുന്ന കോശജ്വലനം സെലിനിയം സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ടയും സെറിയലുകളും വൈറ്റമിൻ ഡി സമ്പുഷ്ടമാണ്. ഇത് സ്ത്രീകളിൽ ആമവാതത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുതിയതുകൊണ്ടു മാത്രം ഫലമില്ല, ആമവാതത്തിന്റെ ലക്ഷണങ്ങൾക്ക് പ്രേരകമാവുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. ഇനി പറയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക;

  • പ്രോസസു ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ
  • മിഠായികളും ബേക്കറി ഭക്ഷണങ്ങളും
  • ഡയറി ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീൻ സന്ധികളെ ചുറ്റിയുള്ള കോശകലകൾക്ക് തകരാറുണ്ടാക്കുന്നു.
  • മദ്യപാനവും പുകയില ഉപയോഗവും ആമവാതത്തിനുള്ള ഒരു അപകടസാധ്യതാ ഘടകമാണ്.
  • ചോള എണ്ണയിൽ ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് വേദനയോടുകൂടിയ ലക്ഷണങ്ങൾക്ക് ഗുണകരമല്ല.
  • അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും ചില ഭക്ഷണസാധനങ്ങളിൽ ചേർത്തിരിക്കുന്ന പ്രിസർവേറ്റീവുകളും സന്ധികളിലെ കോശജ്വലനത്തിന് പ്രേരകമായേക്കാം.
കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate