অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളിലെ അര്‍ബുദങ്ങള്‍

നിയന്ത്രണമില്ലാതെ വര്‍ധിക്കുന്ന കോശവളര്‍ച്ചയാണ് അര്‍ബുദം. മരണമില്ലാതെ പെരുകുകയും അടുത്തുള്ള നല്ല കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യുന്ന സവിശേഷസ്വഭാവമുള്ളവയാണ് അര്‍ബുദകോശങ്ങള്‍. ജനിതകവ്യതിയാനത്തിന് പുറമേ പുകവലി, മുറുക്ക്, പാന്‍പരാഗ് തുടങ്ങിയ പുകയിലയുടെ വിവിധതരം ഉപയോഗങ്ങള്‍, മദ്യപാനം, കൊഴുപ്പും കൃത്രിമനിറങ്ങളടങ്ങിയ ഭക്ഷണശീലം, വ്യായാമമില്ലാത്ത ജീവിതരീതി ഇവയെല്ലാം അര്‍ബുദത്തിന് വഴിയൊരുക്കുന്നതിനാലാണ് അര്‍ബുദത്തെ ജീവിതശൈലീരോഗമായിട്ട് കണക്കാക്കുന്നത്.
വലിയൊരു പൊതുജനാരോഗ്യപ്രശ്നമായി അര്‍ബുദം ഇന്ന് മാറിക്കഴിഞ്ഞു. പ്രായഭേദമന്യേ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെയുള്ള ഏത് ഘട്ടത്തിലും ഒരാള്‍ക്ക് അര്‍ബുദം ബാധിക്കാം.

പ്രധാന കാരണങ്ങള്‍


മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടുകളും ജീവതശൈലിയില്‍ വരുത്തിയ തെറ്റായ മാറ്റങ്ങളും സ്ത്രീകളിലെ അര്‍ബുദനിരക്കിനെ ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും ശേഷം 30 കളില്‍ മാത്രം മതി വിവാഹവും ഗര്‍ഭധാരണവും എന്ന് തീരുമാനിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടുതലാണ്. താമസിച്ചുള്ള ഗര്‍ഭധാരണവും പ്രസവം, മുലയൂട്ടാതിരിക്കുക, ഗര്‍ഭനിരോധ ഗുളികകള്‍ ദീര്‍ഘകാലം ഉപയോഗിക്കുക, ലൈംഗീകബന്ധം കൗമാരത്തിലേ ആരംഭിക്കുക, നിരവധി പേരുമായുള്ള ലൈംഗികബന്ധം ഇവയൊക്കെ സ്ത്രീകളില്‍ വിവിധതരത്തിലുള്ള അര്‍ബുദത്തിനിടയാക്കാറുണ്ട്.

സ്ത്രീകളിലെ അര്‍ബുദങ്ങള്‍

കേരളത്തില്‍ കുറച്ച് വര്‍ഷങ്ങളായി സ്ത്രീകളില്‍ അര്‍ബുദം കൂടിവരികയാണ്. സ്തനാര്‍ബുദം, അണ്ഠാശയാര്‍ബുദം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നവ.സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില നല്ളൊരുപങ്കും ലക്ഷണങ്ങളിലൂടെ സ്വയം കണ്ടത്തൊനാകും.

സ്തനാര്‍ബുധം

സ്തനത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. ചുറ്റുപാടുമുള്ള കലകളിലേക്കും ശരീരത്തിന്‍െറ വിദൂരഭാഗങ്ങളിലേക്കും കടന്നുകയറാനും പടരാനും കഴിവുള്ളവയാണീ കാന്‍സര്‍ കോശങ്ങള്‍. 80-85 ശതമാനം സ്തനാര്‍ബുദവും പാല്‍വഹിച്ചുകൊണ്ടുപോകുന്ന നാളികളെ ബാധിക്കുന്നവയാണ്. 10-15 ശതമാനം സ്തനാര്‍ബുധം പാല്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ധികള്‍, മറ്റ് കലകള്‍ എന്നിവയെ ബാധിക്കുന്നു. മാറിലെ എല്ലാ മുഴയും അര്‍ബുദമല്ല. ലക്ഷണങ്ങള്‍ ശ്രദ്ധിച്ചും പരിശോധനകള്‍ നടത്തിയും അര്‍ബുദത്തെ തിരിച്ചറിയാം.

പ്രധാന ലക്ഷണങ്ങള്‍
സ്തനത്തിലുണ്ടാകുന്ന വേദനയില്ലാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്‍െറ പ്രധാന ലക്ഷണം.
1. സ്തനചര്‍മത്തില്‍ പ്രത്യേകിച്ച് മൃദുലതയില്‍ വ്യത്യാസം
2. മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക, പൊട്ടല്‍, തിണര്‍പ്പ്
3. സ്തനത്തില്‍ രക്തമയമുള്ള സ്രവങ്ങള്‍, വലിപ്പ വ്യത്യാസം
4. സ്തനം ചുവന്ന് ഓറഞ്ചിന്‍െറ തൊലിപോലെയാകുന്നതും പുണ്ണ് വരുന്നതും രോഗം വര്‍ധിച്ചുവെന്നതിന്‍െറ സൂചനയാണ്.

സ്വയംപരിശോധന അനിവാര്യം
സ്തനാര്‍ബുദം കണ്ടത്തെുന്നതിനുള്ള ഏറ്റവും എളുപ്പവഴിയാണ് സ്വയം സ്തനപരിശോധന. 20 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയംപരിശോധിക്കണം. എല്ലാ മാസവും ആര്‍ത്തവം തുടങ്ങി 10 ദിവസത്തിനുശേഷം ആണ് പരിശോധിക്കേണ്ടത്. ആര്‍ത്തവം നിലച്ചവരും മാസത്തിലൊരുദിവസം സ്വയം സ്തനപരിശോധന നടത്തേണ്ടതുണ്ട്. നേരത്തെ കണ്ടത്തെുന്നതിലൂടെ പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നരോഗമാണ് സ്തനാര്‍ബുദം. മിക്ക അര്‍ബുദമുഴകളും കല്ലില്‍ തൊടുന്നപോലെയോ പാറയില്‍ തൊടുന്നപോലെയോ ആണ്.
സ്ത്രീഹോര്‍മോണുകളുടെ അതിപ്രസരമാണ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാനഘടകം. പത്ത് ശതമാനത്തോളം പാരമ്പര്യവും കാരണമാകാറുണ്ട്. കൂടാതെ അണുപ്രസരണം, കൊഴുപ്പ് കൂടിയ ഭക്ഷണം, പ്രസവിക്കാതിരിക്കുക, മുലയൂട്ടാതിരിക്കുക, പൊണ്ണത്തടി ഇവയും സ്തനാര്‍ബുദത്തിനിടയാക്കുന്നുണ്ട്.

ഗര്‍ഭാശയഗള കാന്‍സര്‍

ഗര്‍ഭാശയത്തിന്‍െറ താഴ്ഭാഗമാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയഗളം. ഏറ്റവും കൂടുതലായി കണ്ടിരുന്ന അര്‍ബുദങ്ങളിലൊന്നാണ് ഗര്‍ഭാശയഗളാര്‍ബുദം. രോഗത്തെക്കുറിച്ചുള്ള അറിവും ശുചിത്വവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മൂലം വളരെ ഗണ്യമായ തോതില്‍ ഗര്‍ഭാശയഗളാര്‍ബുദം ഇന്ന് കുറയ്ക്കാനായിട്ടുണ്ട്.
ഹ്യൂമണ്‍ പാപ്പിലോമ എന്ന രോഗാണുവാണ് ഈ അര്‍ബുദത്തിനിടയാക്കുന്ന പ്രധാനകാരണം. ചെറുപ്രായത്തില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരിലും ചെറുപ്രായത്തില്‍ പ്രസവിക്കുന്നവരിലും അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണ്. പുകവലി, ലൈംഗികശുചിത്വമില്ലായ്മ, കൂടുതല്‍ ലൈംഗികപങ്കാളികളുണ്ടാവുക, ഗര്‍ഭനിരോധഗുകളികകളുടെ ദീര്‍ഘോപയോഗം എന്നിവ ഗര്‍ഭാശയഗളാര്‍ബുദത്തിനിടയാക്കുന്ന മറ്റ് ഘടകങ്ങളാണ്. ആരംഭഘട്ടത്തില്‍തന്നെ എളുപ്പത്തില്‍ കണ്ടത്തൊനാവുന്ന അര്‍ബുദങ്ങളിലൊന്നാണിത്.

പ്രധാന ലക്ഷണങ്ങള്‍
1. ലൈംഗികബന്ധത്തിന് ശേഷമുണ്ടാകുന്ന രക്തസ്രാവം
2. ദുര്‍ഗന്ധമുള്ള വെള്ളപോക്ക്
3. അടിവയറ്റില്‍വേദനയും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാവുക
4. ശക്തമായ പുറംവേദന
മേല്‍പറഞ്ഞവ ഗര്‍ഭാശയഗളാര്‍ബുദത്തിന്‍െറ ലക്ഷണങ്ങളായി എത്താറുണ്ടെങ്കിലും അസാധാരണമായ രക്തസ്രാവമാണ്  പ്രധാന ലക്ഷണം. സുരക്ഷിതവും ശുചിത്വപൂര്‍ണവുമായ ലൈംഗികജീവിതം സ്വീകരിക്കുന്നതിലൂടെ ഗര്‍ഭാശയഗളകാന്‍സറിനെ നല്ളൊരുപരിധിവരെ തടയാനാകും.

ഗര്‍ഭാശയ കാന്‍സര്‍

പ്രായമേറിയവരില്‍ കൂടതലായി കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് ഗര്‍ഭാശയാര്‍ബുദം. ആര്‍ത്തവവുമായി ബന്ധപ്പെട്ടല്ലാതെയുള്ള രക്തസ്രാവമോ ആര്‍ത്തവവിരാമശേഷമുള്ള രക്തസ്രാവമോ ആണ് ഗര്‍ഭാശയാര്‍ബുദത്തിന്‍െറ പ്രധാന ലക്ഷണം. ഈസ്ട്രജന്‍ എന്ന ലൈംഗിക ഹോര്‍മോണിന്‍െറ അതിപ്രസരം ഈ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാറുണ്ട്. പാരമ്പര്യമായി ഗര്‍ഭാശയ കാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണ്. സാധാരണ 60 വയസ്സിനുശേഷമാണ് ഗര്‍ഭാശയ കാന്‍സറിന് സാധ്യതയെങ്കിലും പാരമ്പര്യമുള്ളവരില്‍ 40 വയസ്സ് കഴിയുമ്പോള്‍തന്നെ അര്‍ബുദസാധ്യത പതിന്‍മടങ്ങ് വര്‍ധിക്കുന്നു. അതുപോലെ ആര്‍ത്തവവിരാമം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം രക്തസ്രാവം ഉണ്ടായാല്‍ അര്‍ബുദസാധ്യത പത്ത് ശതമാനവും 10 വര്‍ഷത്തിനുശേഷമാണ് രക്തസ്രാവമുണ്ടാകുന്നതെങ്കില്‍ സാധ്യത 50 ശതമാനത്തില്‍ കൂടുതലാകുന്നു. പ്രമേഹം നിയന്ത്രിക്കുന്നതും പൊണ്ണത്തടി കുറയ്ക്കുന്നതും അര്‍ബുദസാധ്യത കുറക്കും.

അണ്ഡാശയാര്‍ബുദം

സ്ത്രീയുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട അവയവങ്ങളിലൊന്നാണ് അണ്ഢാശയം. അണ്ഢാശയങ്ങള്‍ യോനിയുമായി ബന്ധിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ രക്തശ്രാവമടക്കമുള്ള ലക്ഷണങ്ങളൊന്നും അണ്ഢാശയാര്‍ബുദത്തിനെറ കാര്യത്തില്‍ പ്രത്യക്ഷപ്പെടാറില്ല.
വയറിന് പെരുക്കം, അടിക്കടി മൂത്രമൊഴിക്കണമെന്ന തോന്നല്‍, മാസമുറയില്‍ വ്യതിയാനങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ഹെര്‍ണിയ, ഗര്‍ഭാശയം പുറത്തോട്ട് തള്ളുക തുടങ്ങിയവ ശ്രദ്ധയോടെ കാണണം.
ജനിതകവ്യതിയാനങ്ങളാണ് അണ്ഢാശയാര്‍ബുദത്തിനിടയാക്കുന്ന പ്രധാനകാരണം. രക്തബന്ധമുള്ളവര്‍ക്ക് സ്തനാര്‍ബുദം, വന്‍കുടല്‍, അണ്ഢാശയം, മലാശയം തുടങ്ങിയ ഭാഗങ്ങളില്‍ അര്‍ബുദം എന്നിവയുണ്ടെങ്കില്‍ അണ്ഢാശയാര്‍ബുദം പാരമ്പര്യമായി വരാനുള്ള സാധ്യതയെ കൂട്ടാറുണ്ട്. നേരത്തെ തുടങ്ങുന്ന ആര്‍ത്തവവും വൈകിയുള്ള ആര്‍ത്തവവിരാമവും ഹോര്‍മോണ്‍ ഗുളികകളുടെ നിരന്തരോപയോഗവും അണ്ഢാശയാര്‍ബുദസാധ്യത വര്‍ധിപ്പിക്കാറുണ്ട്.

തൈറോയ്ഡ് കാന്‍സര്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ തൈറോയ്ഡ് കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. ആരംഭത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ പ്രകടമല്ളെങ്കിലും രോഗംപുരോഗമിക്കുമ്പോള്‍ കഴുത്തില്‍ മുഴ, ശബ്ദവ്യതിയാനം, ആഹാരം വിഴുങ്ങാന്‍ പ്രയാസം, ശ്വാസതടസ്സം ഇവ കാണാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അര്‍ബുദമല്ളെന്നുറപ്പാക്കേണ്ടതുണ്ട്.
പാരമ്പര്യമായി ഗോയിറ്റര്‍ ഉള്ളവരില്‍ തൈറോയ്ഡ് കാന്‍സര്‍ വരാനുള്ള സാധ്യത ഏറും. അയഡിന്‍െറ അപര്യാപ്തതയും തൈറോയ്ഡ് കാന്‍സറിന് വഴിയൊരുക്കാറുണ്ട്.

പ്രതിരോധമാര്‍ഗങ്ങള്‍


80 ശതമാനം അര്‍ബുദത്തിന്‍െറയും കാരണങ്ങള്‍ നമുക്കറിയാവുന്നതുകൊണ്ട് തന്നെ അര്‍ബുദത്തെ പ്രതിരോധിക്കാനുമാകും. സ്ത്രീകളില്‍ കാണപ്പെടുന്ന നല്ളൊരു ശതമാനം അര്‍ബുദങ്ങളും ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്. പ്രകടമാകുന്ന ലക്ഷണങ്ങളെ അവഗണിക്കുന്ന പ്രവണത സ്ത്രീകളില്‍ കൂടുതലാണ്. അര്‍ബുദത്തിന്‍െറ വിജയസാധ്യത എത്രയും നേരത്തെ രോഗം കണ്ടത്തെുന്നതുമായി ബന്ധമുള്ളതിനാല്‍ ലക്ഷണങ്ങളെ പ്രത്യേക പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. പാരമ്പര്യമായി വരാന്‍ സാധ്യതയുള്ളവരും പ്രതിരോധനടപടികള്‍ നേരത്തെ ആരംഭിക്കേണ്ടതുണ്ട്.
രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയിലുള്ള രക്തസ്രാവം, ലൈംഗികബന്ധത്തിനുശേഷമുള്ള രക്തസ്രാവം, ആര്‍ത്തവവിരാമശേഷമുണ്ടാകുന്ന രക്തസ്രാവം എന്നിവ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം ശുചിത്വം കര്‍ശനമായി പാലിക്കാനും ശ്രദ്ധിക്കണം.
ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞും പ്രത്യേക പരിചരണങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം എള്ള്, മുതിര, മുരിങ്ങക്ക, ഇലക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, റാഗി, ചെറുപയര്‍ ഇവയൊക്കെ ബാല്യം മുതല്‍തന്നെ പെണ്‍കുട്ടികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്. ലഘുവ്യായാമങ്ങള്‍ ചെറുപ്രായത്തിലേ തുടങ്ങുകയും ആര്‍ത്തവകാലത്ത് വ്യായാമം ഒഴിവാക്കി ലഘുവായ തോതിലെങ്കിലും വിശ്രമം നല്‍കാനും ശ്രദ്ധിക്കണം.
ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തുമടക്കം ചെറിയപ്രശ്നങ്ങളുടെ പേരില്‍ ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകള്‍ ഇന്ന് കൂടുതലാണ്. പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, തവിടുള്ള ധാന്യങ്ങള്‍, ചെറുമത്സ്യങ്ങള്‍ എന്നവ ഉള്‍പ്പെട്ട ഭക്ഷണം ശീലമാക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിറമുള്ള പച്ചക്കറികള്‍ പ്രത്യേകിച്ച് മത്തങ്ങ, കാരറ്റ്, പച്ചച്ചീര, മുരിങ്ങയില, പപ്പായ, വാഴപ്പഴം, പേരയ്ക്ക, തക്കാളി, മാങ്ങ, ചക്കപ്പഴം എന്നിവ അര്‍ബുദപ്രതിരോധത്തിനുതകും. കോളിഫ്ളവര്‍, കാബേജ് എന്നിവ തൈറോയ്ഡ് രോഗികള്‍ക്ക് ഗുണകരമല്ളെങ്കിലും അര്‍ബുദപ്രതിരോധം നല്‍കുന്നതിനാല്‍ മാസത്തിലൊരിക്കല്‍ മിതമായി ഉപയോഗിക്കാം. മഞ്ഞള്‍, വെളുത്തുള്ളി എന്നിവയും നല്ല ഫലം തരും.

പ്രോട്ടീനുകളടക്കം വിവിധ പോഷകങ്ങളാല്‍ സമ്പന്നമായ മുലപ്പാലാണ് കുഞ്ഞിന്‍െറ വളര്‍ച്ചാഘട്ടങ്ങളിലെ മികച്ച ഭക്ഷണം. ആസ്ത്മ, വയറിളക്കം, അലര്‍ജി ഇവയെ തടയാനും ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും മുലപ്പാല്‍ അനിവാര്യമാണ്. കുഞ്ഞിന്‍െറ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് മുലപ്പാല്‍ കൂടിയേ തീരൂ. കൂടാതെ സ്തനാര്‍ബുദം, അണ്ഢാശയാര്‍ബുദം ഇവയുടെ കടന്നുവരവിനെ തടയാന്‍ രണ്ടര വര്‍ഷത്തോളം തുടര്‍ച്ചയായി മുലയൂട്ടുന്നതിലൂടെ കഴിയാറുണ്ട്. അതുപോലെ ആദ്യപ്രസവം 24-26കളില്‍ നടക്കുന്നതും എല്ലാ പ്രസവങ്ങളും 30 വയസ്സിനുള്ളില്‍ കഴിയുന്നതും അര്‍ബുദത്തെ പ്രതിരോധിക്കും. എല്ലാ മാസവും ഒരു നിശ്ചിതദിവസം സ്വയം സ്തനപരിശോധനയും നടത്തേണ്ടതാണ്.
കീടനാശിനികളുടെ ഉപയോഗം, പുകവലി, പരോക്ഷ പുകവലി എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുന്നതും അര്‍ബുദം തടയാന്‍ സഹായിക്കും.
ഒപ്പം നാടന്‍ ഭക്ഷ്ണശീലങ്ങളും ലഘുവ്യായാമങ്ങളും ഉള്‍പ്പെട്ട ഒരു ജീവിതരീതി വളരെ ചെറുപ്പംമുതല്‍ പിന്തുടരുന്നത് അര്‍ബുദത്തെ അകറ്റും.

 

കടപ്പാട്:  ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate