വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാല്‍ എണ്‍പതു മുതല്‍ തൊണ്ണൂറു ശതമാനം ആളുകളിലും പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണിത്. സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറാണു സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കിയാല്‍ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ കഴിയും
ലോകത്താകമാനം നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്ന കാന്‍സര്‍ സ്തനത്തെ ബാധിക്കുന്നതാണ്. ഇന്ത്യയില്‍ മുമ്പ് ഗര്‍ഭാശയഗള കാന്‍സര്‍ ആയിരുന്നു കൂടുതല്‍. എന്നാല്‍ ഇന്ന് അത് സ്തനാര്‍ബുദമായി മാറിക്കഴിഞ്ഞു. വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാല്‍ എണ്‍പതു മുതല്‍ തൊണ്ണൂറു ശതമാനം ആളുകളിലും പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണിത്. എന്നാല്‍ വൈകി കണ്ടുപിടിക്കുന്ന കാന്‍സറുകളില്‍ ഇരുപത്തഞ്ചു ശതമാനത്തോളം പേര്‍ക്കേ രോഗശമനം സാധ്യമാകുന്നുള്ളൂ.
പാശ്ചാത്യ-വികസിത രാജ്യങ്ങളില്‍ എഴുപതു ശതമാനത്തോളം സ്തനാര്‍ബുദ കേസുകള്‍ തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മുപ്പതു ശതമാനം മാത്രമേ തുടങ്ങുന്ന സ്റ്റേജില്‍ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ കഴിയുന്നുള്ളു. പാശ്ചാത്യ രാജ്യങ്ങളില്‍ പലതിലും അമ്പതു വയസ്സിനു മേലെ ഉള്ള എല്ലാ സ്ത്രീകളും രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാമോഗ്രാമിന് വിധേയരാകണം എന്ന് ചട്ടങ്ങള്‍ ഉണ്ട്. ഇത്തരം ചട്ടങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പലതരത്തിലാണ്. ചില വിദഗ്ധര്‍ നാല്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും ഈ പരിശോധന ചെയ്യണം എന്ന് പറയുന്നു.
സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറാണു സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കിയാല്‍ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ കഴിയും. എന്നാല്‍ വൈകുന്നതനുസരിച്ച് അപകടസാധ്യത കൂടുതലാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും 21 ലക്ഷം സ്ത്രീകള്‍ സ്തനാര്‍ബുദ ബാധിതരാവുന്നു. അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരണപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് സ്തനാര്‍ബുദമാണ്. 2018 ല്‍ 627,000 സ്ത്രീകള്‍ സ്തനാര്‍ബുദത്തെ തുടര്‍ന്ന മരണമടഞ്ഞു. ഇത് കാന്‍സര്‍ മൂലം മരണപ്പെടുന്ന മുഴുവന്‍ സ്ത്രീകളില്‍ 15 ശതമാനത്തോളം വരും.
30 വയസുമുതലുള്ള സ്ത്രീകള്‍ സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ട്. വികസിതരാജ്യങ്ങളില്‍ ബ്രസ്റ്റ് കാന്‍സര്‍ ബാധിതരുടെ എണ്ണം താരതമ്യേന കൂടുതലാണ്. തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. സ്‌ക്രീനിങ്ങിന് വിധേയമാകുക, സ്വയം പരിശോധന ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്തനാര്‍ബുദത്തെ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ ബഹുഭൂരിപക്ഷം സ്ത്രീകളും തങ്ങളുടെ രോഗാവസ്ഥ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കുമെന്നത് മരണനിരക്ക് വര്‍ധിപ്പിക്കുന്നു.
മാറില്‍ മുഴ, തടിപ്പ്, വ്രണം, മുലക്കണ്ണില്‍ നിന്നും സ്രവങ്ങള്‍ ഒലിക്കുന്നത് മുതലായവ സ്വയം ശ്രദ്ധിച്ച് ഡോക്ടറെ കാണുന്നതിലൂടെ കുറെ കാന്‍സറുകള്‍ കണ്ടെത്താനാകുന്നു. ചിലപ്പോള്‍ കക്ഷത്തെ കഴലകളുടെ വീക്കം, ശ്വാസം മുട്ട്, എല്ലില്‍ വേദന, കാന്‍സര്‍ മറ്റു അവയവങ്ങളിലേക്ക് പടര്‍ന്നതിന്റെ മറ്റു ലക്ഷണങ്ങള്‍ എന്നിവ മൂലവും രോഗി ഡോക്ടറെ സമീപിച്ചെന്നു വരാം.
സ്തന ചര്‍മത്തിലെ നിറഭേദം, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉള്ള മാറ്റങ്ങള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് പരിശോധിക്കണം.
സ്തനാര്‍ബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്വയം പരിശോധന (ബ്രെസ്റ്റ് സെല്‍ഫ് എക്സാമിനേഷന്‍ - ബി.എസ്.ഇ.).
പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തന പരിശോധന നടത്തണം. ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ബി.എസ്.ഇ. ചെയ്യുന്നതാണ് നല്ലത്. നിരീക്ഷണത്തിലൂടെയും തൊട്ടുള്ള പരിശോധനയിലൂടെയും അര്‍ബുദ സാധ്യത പരിശോധിക്കാം.
സ്തന ചര്‍മത്തിലെ നിറഭേദം, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉള്ള മാറ്റങ്ങള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് പരിശോധിക്കണം. കൈകള്‍ താഴ്ത്തിയിട്ട് നട്ടെല്ല് നിവര്‍ത്തി നിന്നും ഇരു കൈകളും ഒരുമിച്ച് ഉയര്‍ത്തിയും കൈകള്‍ രണ്ടും അരക്കെട്ടിലൂന്നിയും മേല്‍പ്പറഞ്ഞ പരിശോധനകള്‍ നടത്താം.
തൊട്ടു കൊണ്ടുള്ള പരിശോധന നിന്നുകൊണ്ടോ കിടന്നു കൊണ്ടോ ചെയ്യാം. കൈയിലെ പെരുവിരല്‍ ഒഴികെയുള്ള നാല് വിരലുകള്‍ കൊണ്ടാണ് പരിശോധന നടത്തേണ്ടത്.
ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക.
തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക.
ഇവ കൂടാതെ കക്ഷത്തിലും എന്തെങ്കിലും കല്ലിപ്പോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക. കിടന്ന് പരിശോധിക്കുമ്പോള്‍ അതതു വശത്തുള്ള തോളിന്റെ അടിയില്‍ ഒരു ചെറിയ തലയിണ വെച്ചാല്‍ പരിശോധന കൂടുതല്‍ കൃത്യമാകും.
ശരീര പരിശോധന (മാറും കക്ഷവും മറ്റു ശരീര പരിശോധനകളും), അള്‍ട്രാസൗണ്ട്, മാമോഗ്രാഫി, എം.ആര്‍.ഐ. മുതലായ സ്‌കാനുകള്‍ (എല്ലാം വേണ്ടി വരണം എന്നില്ല), ദശ കുത്തി എടുത്തു പരിശോധിക്കുന്ന നീഡില്‍ ബയോപ്‌സി എന്നിവയിലൂടെയും മറ്റു ടെസ്റ്റുകളിലൂടെയും ഡോക്ടര്‍ പൂര്‍ണ രോഗനിര്‍ണയം നടത്തും. തുടര്‍ന്ന് ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്നു.
രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി സ്തനം മുഴുവനായി നീക്കണമെന്നില്ല. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ താരതമ്യേന ചെറിയ കാന്‍സറുകള്‍ സ്തനം നിലനിര്‍ത്തിക്കൊണ്ടുള്ള ശസ്ത്രക്രിയകള്‍ വഴിയും നീക്കംചെയ്യാം. ഇങ്ങനെ നീക്കംചെയ്ത ഭാഗം പാത്തോളജി ഡോക്ടറുടെ സഹായത്തോടെ പരിശോധിക്കുകയും മറ്റു ടെസ്റ്റുകള്‍ നടത്തുകയും ചെയ്യും. ഇതിനുശേഷമാണ് റേഡിയേഷന്‍, കിമോതെറാപ്പി എന്നീ ചികിത്സകള്‍ വേണോ എന്നു തീരുമാനിക്കുന്നത്.
മുകളില്‍ പറഞ്ഞ, രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റുകളെ ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്ന് പറയാം. ഇവ രോഗിയുടെ ശരീരത്തില്‍ ചെയ്യുന്ന ടെസ്റ്റുകളാണ്. എന്നാല്‍ പൂര്‍ണ ആരോഗ്യമുള്ള അഥവ പ്രത്യേകിച്ച് ഒരു രോഗലക്ഷണങ്ങളും ഇല്ലാത്ത ആളുകളില്‍ രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ മാത്രം നടത്തുന്ന ടെസ്റ്റുകള്‍ ഉണ്ട്. ഇവയെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ എന്നാണ് പറയുന്നത്. മധ്യവയസ്സ് കഴിഞ്ഞ പലര്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. ഇത് സ്‌ക്രീനിങ്ങിനു വേണ്ടിയുള്ള ടെസ്റ്റ് ആണെന്ന് പറയാം.
മാമോഗ്രാം രണ്ടു തരം
ഫുള്‍ സ്‌ക്രീന്‍ മാമോഗ്രാം: ഫുള്‍സ്‌ക്രീന്‍ മാമോഗ്രാമില്‍ എക്‌സ്റേ ഫിലിമിലേക്കാണ് ചിത്രം പകര്‍ത്തുന്നത്.
ഡിജിറ്റല്‍ മാമോഗ്രാം: ഡിജിറ്റലില്‍ കംപ്യൂട്ടറിലേക്ക് നേരിട്ട് ചിത്രം പകര്‍ത്തുന്നു.
നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ അത്രയും സാധാരണമായിട്ടില്ല. എന്നാല്‍ രണ്ടും തമ്മില്‍ രോഗനിര്‍ണയ സാധ്യതയില്‍ വലിയ മാറ്റമില്ല എന്നാണ് വിദഗ്ധാഭിപ്രായം. രണ്ടിലും രണ്ടു ഫലകങ്ങള്‍ക്കിടയില്‍ സ്തനങ്ങളെ വെച്ച് അമര്‍ത്തുകയാണ് ചെയ്യുക. ഒരു കാമറ എക്‌സ്റേ ഉപയോഗിച്ച് ചിത്രം എടുക്കുന്നു. സാധാരണഗതിയില്‍ തീരെ വേദനയോ മറ്റ് അസ്വസ്ഥകളോ ഉണ്ടാക്കുന്ന ഒരു ടെസ്റ്റല്ല ഇത്.
സ്‌ക്രീനിങ് മാമോഗ്രാമുകളില്‍ സാധാരണയായി രണ്ടു വശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമേ എടുക്കുകയുള്ളു. എന്നാല്‍ രോഗനിര്‍ണയത്തിനായി എടുക്കുന്ന മാമോഗ്രാമില്‍ പല വീക്ഷണ കോണുകളില്‍ നിന്നും പടങ്ങള്‍ എടുക്കുന്നു. എപ്പോഴും രണ്ടു സ്തനങ്ങളുടെയും ഫിലിം നിര്‍ബന്ധമായും എടുത്തിരിക്കും. പണ്ട് മാമോഗ്രാം എടുത്തിട്ടുണ്ടെങ്കില്‍ അതുമായും താരതമ്യം ചെയ്ത് നോക്കേണ്ടതുണ്ട്. രണ്ടു സ്തനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടോ, കാല്‍സ്യം പരലുകള്‍ കാണാനുണ്ടോ, സ്തനത്തിന്റെ സ്വാഭാവിക ഘടനയില്‍ നിന്നും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്നെല്ലാമാണ് മാമോഗ്രാം വിദഗ്ധര്‍ നോക്കുന്നത്. കാന്‍സര്‍ ഉണ്ടോ ഇല്ലയോ എന്ന് മുഴുവനായി ഉറപ്പിച്ചു പറയാന്‍ മാമോഗ്രാം കൊണ്ട് കഴിയുകയില്ല. അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജിയുടെ ബ്രെസ്റ്റ് ഇമേജിങ് റിപ്പോര്‍ട്ടിങ് ആന്‍ഡ് ഡാറ്റാബേസ് സിസ്റ്റം എന്ന (ബൈ റാഡ്‌സ്) ഒരു സ്റ്റേജിങ് ആണ് മാമോഗ്രാഫി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നത്. അത് ഇപ്രകാരമാണ്.
ബൈ റാഡ്‌സ് പൂജ്യം: ഇനിയും സ്‌കാനുകള്‍ ചെയ്തു നോക്കണം എന്നാണ്.
ബൈ റാഡ്‌സ് ഒന്ന്: നോര്‍മല്‍. ഒരു കുഴപ്പവുമില്ല. ഇനി ഒരു ടെസ്റ്റിന്റെയും ആവശ്യം ഇല്ല.
ബൈ റാഡ്‌സ് രണ്ട്: എന്തോ മുഴ ഉണ്ട്, പക്ഷേ കാന്‍സര്‍ അല്ല.
ബൈ റാഡ്‌സ് മൂന്ന്: ചെറിയ സംശയം ഉണ്ട്; വളര്‍ച്ച അറിയാന്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും ചെയ്തു നോക്കണം.
ബൈ റാഡ്‌സ് അഞ്ച്: മിക്കവാറും കാന്‍സര്‍ ആകാന്‍ ആണ് സാധ്യത.
സംശയം ഉണ്ട് എന്നുള്ളവരില്‍ രോഗനിര്‍ണയത്തിനായി വീണ്ടും ടെസ്റ്റുകളും സ്‌കാനുകളും വേണ്ടിവരാം. കാന്‍സര്‍ ഉണ്ട് എന്ന് ഉറപ്പിക്കണമെങ്കില്‍ ദശ എടുത്തു പരിശോധിക്കുക തന്നെ വേണം. ഇപ്പോള്‍ മിക്കവാറും സൂചി ഉപയോഗിച്ചുള്ള നീഡില്‍ ബയോപ്‌സിയാണ് ചെയ്യാറുള്ളത്. ഈ സൂചി, സംശയമുള്ള സ്തന ഭാഗത്തേക്ക് മാമോഗ്രാം ചെയ്യുമ്പോള്‍ തന്നെ കംപ്യൂട്ടര്‍ ഒക്കെ ഉപയോഗിച്ച് കടത്തി ദശ പരിശോധനയ്ക്കായി എടുക്കാനുള്ള സംവിധാനങ്ങളും ഇന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്
മാസത്തില്‍ ഒരിക്കല്‍ സ്തനങ്ങള്‍ സ്വയം പരിശോധിക്കാവുന്നതാണ്. ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്തനത്തിന്റെ ആകൃതിയിലോ മുലക്കണ്ണിന്റെ സ്ഥാനത്തിനോ ഒക്കെ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ എന്ന് നോക്കുന്നു. കൈകള്‍ ഉയര്‍ത്തിയ ശേഷം വീണ്ടും ചെയ്യുന്നു. പിന്നീട് കിടന്നിട്ട് കൈകള്‍ കൊണ്ട് മുഴകള്‍ വല്ലതുമുണ്ടോ എന്ന് തൊട്ടുനോക്കുന്നു. ഇതാണ് സ്വയം പരിശോധന.
മുഴ, തടിപ്പ്, മുലക്കണ്ണിലും മറ്റുമുള്ള ആകൃതി വ്യത്യാസം, സ്രവങ്ങള്‍ ഇവയൊക്കെ ശ്രദ്ധിക്കണം. ഓര്‍ക്കുക. മിക്ക മുഴകളും കാന്‍സര്‍ ആവണം എന്നില്ല. അതുകൊണ്ട് പേടിക്കാതെ ഉടന്‍തന്നെ വൈദ്യപരിശോധന നടത്തണം. ഡോക്ടറുടെ നിര്‍ദേശത്തോടുകൂടി മാമോഗ്രാഫി സ്‌ക്രീനിങ് ചെയ്യാം. രക്തബന്ധുക്കളില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ (പ്രത്യേകിച്ചും ചെറിയ പ്രായത്തില്‍) മുപ്പതു വയസ്സ് ആകുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന തുടങ്ങേണ്ടതാണ്. അല്ലാത്തവര്‍ അന്‍പതു വയസ്സ് കഴിയുമ്പോള്‍ തുടങ്ങിയാല്‍ മതി.
ആരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഇത്തരം രോഗങ്ങള്‍ ഭേദപ്പെടുത്താനാവാതെ പോകുന്നത്.
ആരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഇത്തരം രോഗങ്ങള്‍ ഭേദപ്പെടുത്താനാവാതെ പോകുന്നത്. ഇന്ത്യയില്‍ മിക്കവാറും സ്ത്രീകളും രോഗത്തിന്റെ മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനാര്‍ബുദത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്.ഒ.) ഒക്ടോബര്‍ മാസം സ്തനാര്‍ബുദ മാസമായി ആചരിക്കുന്നത്.
രോഗലക്ഷണങ്ങള്‍
സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്
സ്തനാകൃതിയില്‍ വരുന്ന മാറ്റം
ചര്‍മത്തിലെ വ്യതിയാനങ്ങള്‍
മുലഞെട്ട് ഉള്ളിലേക്ക് വലിയുക
മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍
നിറ വ്യത്യാസം, വ്രണങ്ങള്‍
കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
ക്ലിനിക്കല്‍ പരിശോധന
ഇരുപതിനും മുപ്പത്തിയൊമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. സ്തനാര്‍ബുദം വരാനുള്ള സാഹചര്യമുള്ളവര്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നടത്തിയേ പറ്റൂ.
മാമോഗ്രഫി
രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുമ്പ് തന്നെ വളരെ ആരംഭദശയിലുള്ള സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് മാമോഗ്രഫി. വീര്യം കുറഞ്ഞ എക്സ് റേ കിരണങ്ങള്‍ സ്തനത്തിലൂടെ കടത്തിവിട്ടാണ് പിരിശോധന നടത്തുന്നത്. ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകമാണ് മാമോഗ്രഫി നടത്തേണ്ടത്. പ്രായം കുറഞ്ഞ സ്ത്രീകള്‍ക്ക് സോണോഗ്രഫി പരിശോധനയും സ്വീകാര്യമാണ്.
എം.ആര്‍.ഐ. സ്‌കാനിങ്ങും നല്ലൊരു പരിശോധനാ മാര്‍ഗമാണെങ്കിലും ഇതിന് ചെലവ് കൂടുതലാണ്.
ആരംഭദശയില്‍ രോഗം തിരിച്ചറിഞ്ഞാലുള്ള ഗുണങ്ങള്‍
സ്തനം മുഴുവനായും മുറിച്ച് നീക്കേണ്ടി വരില്ല
ലളിതമായ ചികിത്സാ രീതികള്‍ മതിയാവും
ഉയര്‍ന്ന രോഗ ശമന നിരക്ക്
ചെലവ് കുറവ്
രോഗിക്ക് കൂടുതല്‍ ആത്മവിശ്വാസം.
എന്നിവ സ്തനാര്‍ബുദം തുടക്കത്തിലേ കണ്ടെത്തിയാലുള്ള ഗുണങ്ങളാണ്.
ചികിത്സ
ദശകങ്ങള്‍ക്ക് മുമ്പ് സ്തനാര്‍ബുദ ചികിത്സ എന്നാല്‍ സ്തനം പൂര്‍ണമായി നീക്കം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. നേരത്തേ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ ആ തടിപ്പും കക്ഷത്തിലെ ഗ്രന്ഥികളും മാത്രം നീക്കം ചെയ്താല്‍ മതിയാവും. എങ്കിലും കല്ലിപ്പിന്റെ വലിപ്പം, സ്ഥാനം, സ്തനത്തിന്റെ വലിപ്പം, സ്തനാര്‍ബുദത്തിന്റെ സ്വഭാവം, പ്രായം, രോഗിയുടെ ഇച്ഛ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഡോക്ടര്‍മാര്‍ അന്തിമ തീരുമാനം എടുക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം കീമോ തെറാപ്പി, റേഡിയേഷന്‍, ഹോര്‍മോണ്‍ ചികിത്സ, ടാര്‍ഗെറ്റെഡ് എന്നീ അനുബന്ധ ചികിത്സകളും വേണ്ടി വന്നേക്കാം.
തുടര്‍ ചികിത്സ
ആരംഭത്തിലേ തിരിച്ചറിയുക, ശരിയായ ചികിത്സ തേടുക എന്നത് പോലെതന്നെ പ്രധാനമാണ് കൃത്യമായ തുടര്‍ ചികിത്സകളും. പലരും തുടര്‍ ചികിത്സയില്‍ വിമുഖത കാട്ടാറുണ്ട്. തുടര്‍ ചികിത്സകള്‍ മുടക്കിയാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കൃത്യമായ, നേരത്തേയുള്ള കണ്ടുപിടിക്കലും ശരിയായ ചികിത്സയുമുണ്ടെങ്കില്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് സ്തനാര്‍ബുദം. ഭയപ്പെടേണ്ടതില്ല.
മൂന്നിലൊന്ന് സ്തനാര്‍ബുദങ്ങളും പ്രതിരോധിക്കാന്‍ സാധിക്കും
വളരെ നേരത്തേയുള്ള രോഗ നിര്‍ണയവും ശരിയായ ചികിത്സയും രോഗം ഭേദപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
സ്തനാര്‍ബുദം സ്ത്രീകളുടെ പേടിസ്വപ്നമാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാന്‍സറാണിത്. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം വന്നവരില്‍ രോഗനിരക്ക് മുന്‍ വര്‍ഷങ്ങളില്‍ കൂടിവന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോള തലത്തില്‍ 2012ല്‍ 17 ലക്ഷത്തോളം പേര്‍ക്ക് സ്തനാര്‍ബുദം പുതുതായി കണ്ടുപിടിച്ചു. രോഗം ബാധിച്ച 5 ലക്ഷം പേര്‍ ഇക്കാലയളവില്‍ മരിച്ചു. ഇന്ത്യയില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് 2012ല്‍ രോഗം പുതുതായി കണ്ടെത്തിയത്. മരണം 55,000.
സ്തനാര്‍ബുദ നിരക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിന് 93 പേര്‍ എന്ന കണക്കില്‍ വരുമ്പോള്‍ ഏഷ്യയിലും ആഫ്രിക്കയിലും 32 ആയി കുറഞ്ഞ് നില്‍ക്കുന്നു. ഇത് നമുക്ക് തെല്ല് ആശ്വാസം തരുന്നു. ജീവിത രീതിയിലുള്ള പ്രത്യേകതകളാകാം ഈ വ്യത്യാസത്തിന് കാരണം. അതേസമയം, ആര്‍ത്തവ വിരാമം വന്നവരില്‍ സ്തനാര്‍ബുദ വര്‍ദ്ധന ഉണ്ടാകുന്നതായി അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വളരെ നേരത്തേയുള്ള രോഗ നിര്‍ണയവും ശരിയായ ചികിത്സയും രോഗം ഭേദപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. എന്നാല്‍, രോഗം വരാതിരിക്കുക എന്നതിലാവണം നമ്മുടെ ശ്രദ്ധ. അതിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
ഏകദേശം മൂന്നിലൊന്ന് സ്തനാര്‍ബുദങ്ങളും പ്രതിരോധിക്കാന്‍ സാധിക്കും എന്നത് ആശയ്ക്ക് വഴിവയ്ക്കുന്നു. സ്തനാര്‍ബുദം ഉണ്ടാകുന്നതിന്റെ മുഴുവന്‍ കാരണങ്ങളും നമുക്ക് അറിയില്ല. എന്നാല്‍ അതിലേക്ക് വഴിതെളിക്കുന്ന സുപ്രധാന ഘടകങ്ങളെക്കുറിച്ചുള്ള അറിവ് രോഗത്തിന്റെ പ്രതിരോധത്തിന് വളരെ സഹായകമാവും.
ശരീരഭാരം
അമിത ശരീരഭാരം സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ ശേഷം ശരീര ഭാരത്തിലുള്ള വര്‍ദ്ധന (20 കിലോയോ അതില്‍ കൂടുതലോ) രോഗ സാധ്യത ഇരട്ടിയാക്കുന്നു. ഈ വര്‍ദ്ധന മറ്റ് രോഗങ്ങളായ ഡയബറ്റിസ്, ഹൃദ്രോഗം, കുടല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാക്കുന്നു. ആരോഗ്യകരമായ രീതിയിലുള്ള ശരീരഭാരം ആര്‍ത്തവ വിരാമത്തിന് മുന്‍പും പിന്‍പും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയും. മുലയൂട്ടുന്നതും മുപ്പത് വയസ്സിന് മുന്‍പുള്ള ആദ്യത്തെ ഗര്‍ഭധാരണവും രോഗസാധ്യത കുറയ്ക്കും.
വ്യായാമം
ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 3040 മിനിട്ട് നീണ്ടുനില്‍ക്കുന്ന ശാരീരിക വ്യായാമം ചെയ്യണം. ഇത് സ്തനാര്‍ബുദ സാധ്യത മൂന്ന് ശതമാനത്തോളം കുറയ്ക്കും. വ്യായാമം, സ്ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറച്ചു കൊണ്ടുവരുന്നതിനാലാണിത്. കൃത്യമായ ശരീരഭാരം ഉള്ളവര്‍ക്കാണ് വ്യായാമം കൊണ്ടുള്ള പ്രയോജനം കൂടുതല്‍ കിട്ടുന്നത്.
ആഹാര രീതി
നാര് കൂടുതലുള്ള ആഹാരവും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്തനാര്‍ബുദ സാധ്യത 25 ശതമാനം വരെ കുറയ്ക്കും. ചുവന്നമാംസം (പശു, പന്നി, ആട്, കാള, പോത്ത് തുടങ്ങിയവയുടെ) ആഹാരത്തില്‍ ഉള്‍പ്പെടുത്താതെ സൂക്ഷിക്കണം.
സോയാബീന്‍ അത്യുത്തമം
സോയാബീനില്‍ അടങ്ങിയിരിക്കുന്ന ഐസോ ഫ്ളവാനോസ് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 170 മില്ലി സോയാ പാലില്‍ നിന്ന് ആവശ്യത്തിനുള്ള 10 മില്ലി ഐസോ ഫ്ളവാനോസ് ലഭിക്കും. സോയയുടെ ഏറ്റവും കൂടുതല്‍ പ്രയോജനം ഏഷ്യയില്‍ നിന്നുള്ള സ്ത്രീകളിലാണെന്നത് നമുക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന കണ്ടുപിടിത്തമാണ്. സ്തനത്തിലുള്ള കോശങ്ങളുടെ ശരിയായ രൂപവത്കരണത്തിന് സോയയുടെ പ്രോട്ടീന്‍ വളരെയധികം സഹായിക്കും. കുട്ടിക്കാലത്തുതന്നെ സോയ ഉള്‍പ്പെടുത്തിയ ആഹാര രീതി തുടങ്ങിവയ്ക്കുന്നത് സ്തനത്തിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കും.
പുകവലി
പുകവലിക്കുന്ന കൗമാരക്കാരികളിലും യുവതികളിലും ആര്‍ത്തവ വിരാമത്തിനു മുമ്പ് രോഗം വരാനുള്ള സാധ്യത കൂട്ടാം.
മരുന്നുകൊണ്ടുള്ള പ്രതിരോധം
സ്തനാര്‍ബുദം വരാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് ചില മരുന്നുകള്‍ പ്രയോജനകരമാകാം. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ പ്രവര്‍ത്തനം തടയാന്‍ സഹായിക്കുന്ന പല മരുന്നുകളും ഇന്ന് ലഭ്യമാണ്. പക്ഷേ, ഈ മരുന്നു കൊണ്ടുണ്ടാകാവുന്ന പാര്‍ശ്വ ഫലങ്ങളെപ്പറ്റിയുള്ള അറിവ് അവര്‍ക്ക് ഉണ്ടായിരിക്കണം. പല കാരണങ്ങളാല്‍ മരുന്നു കൊണ്ടുള്ള പ്രതിരോധത്തിന് ജനങ്ങള്‍ക്കിടയില്‍ അത്ര സ്വീകാര്യത ഇപ്പോള്‍ വന്നിട്ടില്ല.
നേരത്തേയുള്ള ശസ്ത്രക്രിയ
തകരാറുള്ള ബിആര്‍സിഎ1, ബിആര്‍സിഎ2 ജീനുകള്‍ ഉള്ള സ്ത്രീകള്‍ക്ക് രോഗസാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ക്ക് രോഗം വരുന്നതിനു മുന്‍പുതന്നെ ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ മുറിച്ചുകളയുകയാണ് ഒരു മാര്‍ഗം. ഹോളിവുഡ് നടി അഞ്ജലീന ജോളി ഇതേ മാര്‍ഗം സ്വീകരിച്ച് അടുത്തകാലത്ത് വാര്‍ത്തയായത് ഇവിടെ ഓര്‍ക്കാം.
എന്താണ് നാം ചെയ്യേണ്ടത്?
70 ശതമാനം സ്തനാര്‍ബുദവും ആര്‍ത്തവ വിരാമത്തിന് ശേഷമാണ് കാണുന്നത്. ബാക്കിയുള്ള 30 ശതമാനം അതിനു മുന്‍പും. സ്തനാര്‍ബുദം വരാനുള്ള കാരണങ്ങളുടെ പ്രവര്‍ത്തനം വളരെ കുട്ടിക്കാലത്തു തന്നെ തുടങ്ങുന്നു എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഋതുമതിയാകുന്നതിനും ആദ്യത്തെ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലയളവ് സ്തനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ശരിയായ ആഹാര രീതി, വ്യായാമം, ആരോഗ്യകരമായ ഭാരം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഇല്ലാതിരിക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ത്തന്നെ ശ്രദ്ധിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യതകള്‍ 30 ശതമാനത്തോളം കുറയ്ക്കാം.
ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക
* പൊണ്ണത്തടിയും അമിത ശരീരഭാരവും ഒഴിവാക്കുക
* മദ്യപാനം, പുകവലി എന്നിവ തുടങ്ങാതിരിക്കുക
* ദിവസം 3040 മിനിട്ടു വെച്ച് ആഴ്ചയില്‍ 5 ദിവസം വ്യായാമം ചെയ്യുക
* ചുവന്ന മാംസം ഒഴിവാക്കുക
* നാരുള്ള ഭക്ഷണം, തവിടുള്ള ധാന്യം, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
* സോയാ പ്രോട്ടീന്‍ ഉപയോഗിക്കുക
* നേരത്തേയുള്ള ഗര്‍ഭധാരണവും മുലയൂട്ടലും
* കൂടുതല്‍ അപകട സാധ്യതയുള്ളവര്‍ക്ക് മരുന്നുകൊണ്ടുള്ള പ്രതിരോധം
* നേരത്തേയുള്ള ശസ്ത്രക്രിയ
സ്തനാര്‍ബുദം വളരെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.
സ്തനാര്‍ബുദം വളരെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം. സ്വയം പരിശോധന :20 വയസ്സു മുതല്‍ പരിശോധന തുടങ്ങാം. ആര്‍ത്തവം കഴിഞ്ഞ ഉടനേയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. എല്ലാ മാസങ്ങളിലും ആവര്‍ത്തിക്കണം. പരിശോധനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്.
1) കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് ഇരു മാറുകളും വീക്ഷിക്കുക. കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് സ്തനങ്ങള്‍ വീക്ഷിച്ച് മൂന്നു തരത്തില്‍ വേണം പരിശോധിക്കാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഇടുപ്പില്‍ കൈകള്‍ വച്ചുകൊണ്ടും അല്പം മുന്നോട്ട് ആഞ്ഞു നില്‍ക്കുന്ന വിധത്തിലും വേണം സ്തനങ്ങള്‍ വീക്ഷിക്കാന്‍.
2) ഇരുമാറിലും കൈവിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചു അവയിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കുക. സ്പര്‍ശനത്തിലൂടെയും മാറിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കണം. ഇതിനായി മലര്‍ന്നു കിടന്നതിനു ശേഷം ഇടതു കൈ തലയുടെ പിന്‍വശത്തായി വയ്ക്കുക. ഒപ്പം ഇടതുതോള്‍ ഒരു തലയണ കൊണ്ട് അല്പം ഉയര്‍ത്തി വെയ്ക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഇടതു മാറ് പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് തുടങ്ങി വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മാറിന്റെ എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും ഇത് ആവര്‍ത്തിക്കണം.
സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാകുന്നില്ല. എന്നാല്‍ ഇതിനു പ്രാധാന്യമുണ്ട്.
സ്തനാര്‍ബുദത്തിന്റെ സൂചനകള്‍ എന്തൊക്കെയാണ്?
മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകളും. മുലക്കണ്ണ് ഉള്‍വലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ്.
എന്താണ് മാമോഗ്രാം? എപ്പോഴാണ് ഇത് ചെയ്യേണ്ടത്?
ലളിതമായി പറഞ്ഞാല്‍ മാറിന്റെ എക്‌സ്‌റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യാവുന്നതാണ്. എന്നാല്‍ ഉറ്റ ബന്ധുക്കളിലോ ജനിതകപരമായ കാന്‍സര്‍ സാധ്യത ടെസ്റ്റുകളിലൂടെയോ കണ്ടെത്തിയവര്‍ക്ക് നേരത്തേ തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണം (25 വയസ്സു മുതല്‍)
സ്തനാര്‍ബുദം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമോ?
വളരെ നേരത്തേ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്.
സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണോ?
സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്തനാര്‍ബുദ ചികിത്സ സാധ്യമാണ്. സ്തനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്നതരം സര്‍ജറികള്‍ (breast conservation surgey) സാധ്യമാണ്. അതിനോടൊപ്പം തന്നെ സ്തനങ്ങള്‍ പുനര്‍നിര്‍മിക്കുന്ന തരത്തിലുള്ള സര്‍ജറികളും സാധ്യമാണ്. ഇതിനായി ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ (flap reconstruction), മറ്റു കൃത്രിമ വസ്തുക്കളോ (breast implant devices) ഉപയോഗിക്കാവുന്നതാണ്.
സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
അഞ്ചു മുതല്‍ 10 ശതമാനം വരെ ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്നു. ഇത് കുറഞ്ഞ പ്രായത്തില്‍ തന്നെ കണ്ടുവരാറുണ്ട്. പ്രായം പ്രധാന ഘടകമാണ്. 45 വയസ്സിനു ശേഷം സ്തനാര്‍ബുദ സാധ്യത വളരെയധികം വര്‍ധിക്കുന്നു. ആര്‍ത്തവവിരാമമാകുന്നത് വരെ ഈ പ്രവണത തുടരുന്നു. സ്തനാര്‍ബുദരോഗങ്ങളില്‍ സ്ത്രീ ഹോര്‍മോണുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗര്‍ഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. ആര്‍ത്തവാനന്തരമുള്ള ഹോര്‍മോണുകളുടെ ഉപയോഗം (hormone replacement therapy) കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷനു വിധേയമാകുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ആഹാര രീതികളുമായി ബന്ധപ്പെട്ടുള്ള സ്തനാര്‍ബുദ സാധ്യതകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ മദ്യപാനം സ്തനാര്‍ബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്- - ഡോ.ആദർശ് ധർമരാജൻ, അസിസ്റ്റന്റ് പ്രൊഫസർ, സർജിക്കൽ ഒാങ്കോളജി, മലബാർ കാൻസർ സെന്റർ, തലശ്ശേരി.(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.),
ഡോ. ജിമ്മി മാത്യു, പ്രൊഫസര്‍, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം, അമൃത ഇന്‍സ്റ്റിറ്റി്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.)
ഡോ. സി.എന്‍. മോഹനന്‍ നായര്‍, കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍
അവസാനം പരിഷ്കരിച്ചത് : 12/5/2019
പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ സ്വയം കണ്ടെത്താന്കഴിയ...
സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിയാത്ത തീര...