ജപ്പാന്‍, ചൈന, റഷ്യ, തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങള്‍ , ഇന്ത്യ, പാകിസ്ഥാന്‍ ഇവ ഉള്‍പ്പെടുന്ന തെക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ജപ്പാന്‍മസ്തിഷ്കജ്വരം. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം ഏകദേശം പതിനായിരം മുതല്‍ ഇരുപതിനായിരം ആളുകള്‍ വരെ ഈ രോഗത്താല്‍ ബാധിക്കപ്പെടുന്നു. സാധാരണയായി മണ്‍സൂണ്‍ കാലത്തോടനുബന്ധിച്ചാണ് ഈ രോഗം കൂടുതല്‍ ആളുകളെ ബാധിക്കുന്നത്. സ്വാഭാവികമായും രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത ഈ കാലയളവില്‍ വര്‍ദ്ധിച്ചുകാണപ്പെടുന്നു.
കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജപ്പാന്‍ മസ്തിഷ്കജ്വരം. ഫ്ലാവി വൈറസ് കുടുംബത്തിലെ ഒരിനമാണ് രോഗഹേതുവായ കീടാണു. ഇത് പന്നികളിലും ജലാശയങ്ങളോടു ചേര്‍ന്നുജീവിക്കുന്ന പക്ഷികളിലും സാധാരണയായി കാണപ്പെടുന്നു. ഈ ജന്തുക്കളില്‍നിന്നും ക്യൂലക്സ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. ഇത്തരം കൊതുകുകള്‍ മഴക്കാലത്തു പെരുകുന്നത് ഈ കാലയളവില്‍ രോഗസാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമിടയില്‍ അഞ്ചുദിവസം മുതല്‍ മൂന്ന് ആഴ്ചകള്‍ വരെ കടന്നുപോയേക്കാം. കുട്ടികളുടെ ആര്‍ജ്ജിത പ്രതിരോധശേഷി പൊതുവില്‍ കുറവായതിനാല്‍ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. ഏതൊരു വൈറസ് രോഗത്തെയുംപോലെ കടുത്ത പനിയും പേശീവേദനയും തുടക്കത്തില്‍ കണ്ടുവരുന്നു. സാധാരണ വൈറസ് രോഗങ്ങളില്‍ കാണുന്ന തൊലിപ്പുറമേയുള്ള പാടുകള്‍ ഈ രോഗത്തില്‍ കാണാറില്ല. തുടര്‍ന്ന് ശക്തിയായ തലവേദനയും പ്രകാശത്തിലേക്കു നോക്കുവാന്‍ ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. എന്നാല്‍ തുടര്‍ന്ന് മസ്തിഷ്ക സംബന്ധമായ ലക്ഷണങ്ങളോ (സ്വഭാവത്തിലെ മാറ്റങ്ങള്‍, ചുഴലി, ബോധക്ഷയം) നാഡീസംബന്ധ ലക്ഷണങ്ങളോ (കണ്ണുകളെയോ നാക്കിനെയോ ബാധിക്കുന്ന തളര്‍ച്ച, കൈകാലുകളിലെ തളര്‍ച്ച, പക്ഷാഘാതം) കണ്ടുതുടങ്ങിയാല്‍ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗിക്കു മരണം പോലും സംഭവിക്കാവുന്നതാണ്.
മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ രോഗികളില്‍ 25% പേരും മരണത്തിനു കീഴ്പ്പെടുന്നതായി കണക്കുകള്‍ കാണിക്കുന്നു. രോഗത്തെ അതിജീവിക്കുന്നവരില്‍ പകുതി ആളുകളിലും ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടവൈകല്യങ്ങള്‍ കണ്ടേക്കാം.
രോഗനിര്‍ണ്ണയത്തിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.
ഭൂരിഭാഗം വൈറസ് രോഗങ്ങള്‍ക്കും കൃത്യമായ മരുന്നുകള്‍ കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇന്നും സാധിച്ചിട്ടില്ല. ഈ വിഭാഗത്തിലാണ് ജപ്പാന്‍ജ്വരവും. ഈ വൈറസിനെതിരെ കൃത്യമായ ആന്‍റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ല. എന്നിരുന്നാലും രോഗലക്ഷണ ചികിത്സയും (SYMPTOMATIC TREATMENT) കൃത്യമായ സഹായചികിത്സയും (SUPPORTIVE TREATMENT) മുഖേന നമുക്ക് രോഗം കൂടുതല്‍ സങ്കീര്‍ണ്ണാവസ്ഥയിലേക്ക് പോകുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും.
മാരകമായ ഈ രോഗത്തില്‍ നിന്നു രക്ഷപെടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ താരതമ്യേന ലളിതമാണ്. രോഗാണുവാഹകരായ കൊതുകുകളുടെ പ്രജനനതാവളങ്ങള്‍ നശിപ്പിക്കലാണ് ഒന്നാം ചുവട്.
കൊതുകുകളുടെ ആക്രമണത്തില്‍നിന്നും രക്ഷപെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ (ക്രീമുകള്‍, കൊതുകിനെ തുരത്തുന്ന മരുന്നുകള്‍, കൊതുകുവലകള്‍) കുറഞ്ഞപക്ഷം മഴക്കാലത്തെങ്കിലും ഉപയോഗിക്കുന്നത് രോഗവ്യാപനം തടയും.
എന്നാല്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഫലപ്രദമായ ഒരു പ്രതിരോധ കുത്തിവയ്പ് ആണ്. വിദേശങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മണ്‍സൂണ്‍കാലത്ത് യാത്രചെയ്യുന്നവര്‍ക്ക് ജപ്പാന്‍ജ്വര വാക്സിന്‍ നല്‍കിവരുന്നുണ്ട്.
ഇന്ത്യയില്‍ ശിശുരോഗ വിദഗ്ധരുടെ സംഘടനയായ IAP നമ്മുടെ കുട്ടികള്‍ക്ക് രണ്ടുഡോസുള്ള വാക്സിന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യ ജപ്പാന്‍ജ്വര മേഖലയിലുള്ള രാജ്യമായതിനാല്‍ ഒന്‍പതാം മാസത്തില്‍ ആദ്യഡോസും പിന്നീട് ഒന്നര വയസ്സിനു മുമ്പ് രണ്ടാമത്തെ ഡോസും IAP നിര്‍ദ്ദേശിക്കുന്നു.
രോഗാണുവിന്റെ സാന്നിദ്ധ്യം മൂലവും രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ ധാരാളിത്തം മൂലവും ജപ്പാന്‍മസ്തിഷ്കജ്വരമെന്ന മാരകരോഗം നമ്മുടെ കുഞ്ഞുങ്ങളെ ബാധിച്ചേക്കാം. ഇതുമൂലമുള്ള മരണത്തില്‍ നിന്നും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാവുന്ന കഷ്ടതകളില്‍ നിന്നും അടുത്ത തലമുറയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
കൃത്യമായ പ്രതിരോധ കുത്തിവയ്പുകളിലൂടെയും പാരിസ്ഥിതിക ദൂഷ്യങ്ങളെപ്പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിലൂടെയും നമ്മുടെ കടമ ഉത്തമമായി നമുക്കു നിര്‍വ്വഹിക്കാനാകും.
കടപ്പാട്-അമൃതകിരണം.ഇന്‍
അവസാനം പരിഷ്കരിച്ചത് : 11/7/2019