പുരാതനകാലം മുതൽക്കേ മനുഷ്യനെ ബാധിച്ചിരുന്ന ഒരു രോഗമാണ് ക്ഷയം. പ്രധാനമായും മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധമൂലമാണ് ക്ഷയരോഗം ഉണ്ടാകുന്നത്. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിലെ മറ്റ് അവയവങ്ങളേയും അത് ബാധിക്കാറുണ്ട്.
മാനവരാശിയോളം തന്നെ പഴക്കമുള്ള രോഗമാണ് ക്ഷയരോഗമെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നു. 2014 പെറുവിൽ നിന്ന് ലഭിച്ച പ്രാചീന മനുഷ്യൻറ്റെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയതിൻറ്റെ അടിസ്ഥാനത്തിൽ ഈ രോഗത്തിന് 6000- വർഷത്തോളം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി.
എന്നാൽ അക്കാലത്തുണ്ടായിരുന്ന ക്ഷയരോഗം വളർത്തുമൃഗങ്ങളിൽ നിന്നും പകർന്നതാവാമെന്നും, മനുഷ്യൻറ്റെ തൊഴിലുമായി അതിനു ബന്ധമുണ്ടായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഋഗ്വേദത്തിൽ “യക്ഷ്മ” എന്നും അഥർവവേദത്തിൽ “ബാലശഃ” എന്നും ക്ഷയരോഗത്തെ വർണ്ണിച്ചിട്ടുണ്ട്. 600 BCയിൽ എഴുതപ്പെട്ടുവെന്ന് കരുതുന്ന സുശ്രുതസംഹിതയിൽ, മതിയായ വിശ്രമം, മുലപ്പാൽ, ചില മാംസ ഭക്ഷണങ്ങൾ എന്നിവ ഉപയോഗിച്ച് ക്ഷയരോഗത്തെ ചികിത്സിച്ചിരുന്നതായി പ്രതിപാദിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന 2014-ൽ പുറത്തിറക്കിയ രേഖകൾ അനുസരിച്ച് ലോകമെമ്പാടുമുള്ള ക്ഷയരോഗികളുടെ എണ്ണം 9.6 കോടിയാണ്. ഇതിൽ പുരുഷന്മാർ 5.4 കോടിയും, സ്ത്രീകൾ 3.2 കോടിയും, കുട്ടികൾ 1.0 കോടിയും ഉൾപ്പെടും. ക്ഷയരോഗികളായ 9.6 കോടി ജനങ്ങളിൽ 12 ശതമാനം പേർ എച്ച്.ഐ.വി ബാധിതർ കൂടിയായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ക്ഷയരോഗികൾ കൂടുതലായും കാണപ്പെടുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിലാണ്. കണക്കുകളനുസരിച്ച് ഏകദേശം 23 ശതമാനം ക്ഷയരോഗികളും ഇന്ത്യയിൽ നിന്നുള്ളവരാണ്. 2014 -ൽ ലോകമെമ്പാടുംം 1.5 കോടി ക്ഷയരോഗികളാണ് അസുഖം മൂർഛിച്ച് മരണപ്പെട്ടത്. എച്ച്.ഐ.വി അണുബാധരോഗം കണ്ടു പിടിക്കാൻ നേരിട്ട കാലതാമസമാണ് ഇതിൻറ്റെ പ്രധാനകാരണങ്ങളായി പറയുന്നത്.
പ്രധാനമായും മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗം ഉണ്ടാക്കുന്നതെങ്കിലും അപൂർവ്വമായി ഇതേ വിഭാഗത്തിൽപ്പെട്ട മൈക്കോബാക്ടീരിയം ബോവിസ്, മൈക്കോബാക്ടീരിയം കാനേറ്റി, മൈക്കോബാക്ടീരിയം ആഫ്രിക്കാനം എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.
വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (പൾമണറി ട്യൂബർക്കുലോസിസ്). എന്നാൽ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും അസുഖം ബാധിച്ചേക്കാം (എക്സ്ട്രാപൾമണറി ട്യൂബർക്കുലോസിസ്). ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് ഒരു രോഗിയിൽ തന്നെ കാണപ്പെടാം. എച്ച്.ഐ.വി ബാധിതരല്ലാത്തവരിൽ രോഗാണുബാധ ഉണ്ടായാൽ 5-10 ശതമാനം ആൾക്കാർ ഭാവിയിൽ ക്ഷയരോഗമുള്ളവരായി തീരും. എന്നാൽ എച്ച്.ഐ.വി ബാധിതരിൽ ഇതിൻറ്റെ നിരക്ക് ആറിരട്ടിയായി വര്ദ്ധിക്കും.
പനി, വിറയൽ, വിശപ്പില്ലായ്മ, ഭാരം കുറയുക, വിട്ടുമാറാത്ത ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ച് വേദന, ക്ഷീണം എന്നിവ ക്ഷയരോഗത്തിൻറ്റെ രോഗലക്ഷണങ്ങളാണ്.
ബഹുഭൂരിപക്ഷം വരുന്ന ക്ഷയരോഗികളും ശ്വാസകോശങ്ങളെ ബാധിക്കുന്ന പൾമണറി ട്യൂബർക്കുലോസിസ് എന്ന രോഗാവസ്ഥയാണ് കാണുന്നതെങ്കിലും ഏകദേശം 15-20 ശതമാനം രോഗികളില് ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന എക്സ്ട്രാപൾമണറി ട്യൂബർക്കുലോസിസ് എന്ന അവസ്ഥ കാണപ്പെടുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലോ, കുട്ടികളിലോ ആണ് ഈ അവസ്ഥ സാധാരണ ഗതിയിൽ ഉണ്ടാകുന്നത്. ഇതിൻറ്റെ ഭാഗമായി അസ്ഥികൾ, സന്ധികൾ, ചർമ്മം, ലിംഫ് ഗ്രന്ഥികൾ, ദഹനേന്ദ്രീയവ്യൂഹം, ജനനേന്ദ്രീയവ്യൂഹം, രക്ത ചംക്രമണവ്യൂഹം, തലച്ചോറ്, നാഡീപടലങ്ങൾ, കണ്ണ് മുതലായ ശരീരഭാഗത്തും ക്ഷയരോഗബാധ ഉണ്ടാകുന്നതാണ്.
ശ്വാസകോശക്ഷയം ഉള്ള രോഗികൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും തുപ്പുമ്പോഴും രോഗാണുക്കൾ അടങ്ങിയ ശരീരശ്രവങ്ങളുടെ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ക്ഷയരോഗാണുക്കൾക്ക് അതിജീവനശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ട് തന്നെ ക്ഷയരോഗം പകർന്നേക്കാം. ആയതിനാൽ ക്ഷയരോഗികളുമായി അടുത്ത് ഇടപഴകുന്ന ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷയരോഗബാധിതനായുള്ള ഒരാൾ പ്രതിവർഷം 10 മുതൽ 15 വരെ ആൾക്കാർക്ക് രോഗം പകർത്തുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ട് നിലവിൽ ക്ഷയരോഗബാധയുള്ള രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തി, ഫലപ്രദമായ ചികിത്സയും നൽകിയാൽ രോഗപ്പകർച്ചയുടെ ശ്യംഖലക്ക് തടയിടാവുന്നതാണ്.
മൈക്രോസ്കോപ്പിൻറ്റെ സഹായത്താൽ കഫത്തിൽ ക്ഷയരോഗാണുക്കളെ കണ്ടെത്തുന്നതാണ് രോഗനിർണ്ണയത്തിൻറ്റെ ഏറ്റവും പ്രധാനപ്പെട്ട രീതി. എന്നാൽ ഇത് സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ മറ്റ് പരിശോധനാരീതികളെ ആശ്രയിക്കേണ്ടി വരും. തൊലിക്കുള്ളിലേക്ക് കുത്തിവച്ചുള്ള മാൻറ്റോ(MANTOUX) ടെസ്റ്റ്, ക്ഷയരോഗാണുവിനെ ലബോറട്ടറിയിൽ വളർത്തിയെടുത്തുള്ള പരിശോധനയായ കൾച്ചർ, ശരീര സ്രവങ്ങളുടെ പരിശോധന, ശരീരഭാഗങ്ങളുടെ ബയോപ്സി, എക്സ് റേ, സ്കാനിംഗ് മുതലായവ ഇതിൽ പെടും. വ്യക്തിക്ക് ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതയും, രോഗം ശരീരഭാഗത്തിലെ ഏതവയവത്തെ ബാധിച്ചിരിക്കാം എന്ന അനുമാനവും കണക്കിലെടുത്താണ് ഏതൊക്കെ പരിശോധനാ രീതികൾ ആവശ്യമാണെന്ന് തീരുമാനിക്കപ്പെടുന്നത്.
ക്ഷയരോഗം ഒരു ബാക്ടീരിയ പരത്തുന്ന അണുബാധആയതിനാൽ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ള ആൻറ്റിബയോട്ടിക്കുകൾ തന്നെയാണ് അതിൻറ്റെ ചികിത്സാരീതിയും. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി രോഗികൾക്ക് സാധാരണ നൽകുന്ന ആൻറ്റിബയോട്ടിക്കുകൾ, റിഫാംപിസിൻ, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, സ്റ്റ്രെപ്റ്റോമൈസിൻ, എത്താംബ്യൂട്ടോൾ എന്നിവയാണ്. പുതിയതായ രോഗം കണ്ടുപിടിച്ചവർക്ക് 6-7 മാസത്തെ ചികിത്സയും, വീണ്ടും ക്ഷയരോഗം വരുന്നവർക്ക് 8-9 മാസം വരെയും ചികിത്സ ആവശ്യമാണ്. എന്നാൽ ക്ഷയരോഗത്തിന് സാധാരണ നൽകി വരുന്ന ആൻറ്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന രോഗാണുക്കൾ പരത്തുന്ന MDR-TB, XDR-TB എന്നിവയ്ക്ക് മറ്റ് ആൻറ്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ദീർഘനാളത്തെ ചികിത്സ അനിവാര്യമാണ്.
MDR-TB, XDR-TB എന്നിവയുടെ ചികിത്സയ്ക്കായി അടുത്തിടെ(22.03.2016) ബേടാക്വിലിൻ(BEDAQUILINE) എന്ന പുതിയ മരുന്ന് പുതുക്കിയ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി പുറത്തിറക്കുകയുണ്ടായി. ആദ്യഘട്ടമായി ഇത് രാജ്യത്തെ ആറു ചികിൽസാകേന്ദ്രങ്ങളിൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്.
കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവയ്പ് (ബി.സി.ജി) നൽകുക, ക്ഷയരോഗം നേരത്തെ കണ്ടുപിടിക്കുകയും ഫലപ്രധമായ ചികിത്സ നൽകുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗങ്ങൾ. ബാസിലസ്- കാൽമറ്റ്- ഗ്യൂവരിൻ അഥവാ ബി.സി.ജി എന്ന കുത്തിവയ്പ് 1906-ൽ കണ്ടുപിടിച്ചുവെങ്കിലും അത് 1921 മുതലാണ് മനുഷ്യരിൽ ഉപയോഗിച്ച് തുടങ്ങിയത്. നവജാതശിശുക്കൾക്ക് എത്രയും നേരത്തെ തന്നെ ബി.സി.ജി കുത്തിവയ്പ് നൽകേണ്ടതാണ്. ഇടത്തെ തോളിലെ തൊലിയ്ക്കടിയിലാണ് ഈ കുത്തിവെയ്പ്പ് നല്കുന്നത്. ശരീരമാസകലം ബാധിക്കുന്ന ക്ഷയരോഗാവസ്ഥയായ മിലിയറി ട്യൂബർക്കുലോസിസിനും, തലച്ചോറിനെ ബാധിക്കുന്ന ന്യൂറോ ട്യൂബർക്കുലോസിസിനുമെതിരെ ഈ വാക്സിൻ ഫലപ്രധമാണെങ്കിലും, ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനെതിരെ സ്ഥിരതയാർന്ന പ്രതിരോധം ബി.സി.ജി വാക്സിൻ എടുക്കുന്നതിലൂടെ ലഭിക്കുന്നതായി കാണുന്നില്ല. എന്നാൽ ശ്വാസകോശക്ഷയരോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ വാക്സിനുകൾ സമീപഭാവിയിൽ തന്നെ എത്തുമെന്നു പ്രതീക്ഷിക്കുന്നു.
കൂടാതെ ശ്വാസകോശക്ഷയരോഗമുള്ള മുതിർന്നവരിൽ നിന്നും സമ്പർക്കമുള്ള ആറു വയസ്സിൽ താഴെയുള്ള കുട്ടികളിലേയ്ക്ക് പകരാതിരിക്കാൻ ഐസോനിയാസിഡ് എന്ന ആൻറ്റിബയോട്ടിക്ക് ഫലപ്രധമായി ഉപയോഗിച്ചു വരുന്നു.
കടപ്പാട്-amrithakiranam.in
അവസാനം പരിഷ്കരിച്ചത് : 1/31/2020
കാരണങ്ങളും പരിഹാരങ്ങളും
കൂടുതല് വിവരങ്ങള്
കൂടുതല് വിവരങ്ങള്
ആസ്ത്മയെ സംബന്ധിക്കുന്ന വിവരങ്ങൾ