മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികളിലാണു സാധാരണ ചെവിവേദന ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലെ (NHS) കണക്കുകൾ പ്രകാരം അസമയങ്ങളിൽ കുട്ടികൾക്കു വൈദ്യസഹായം ഏറ്റവുമധികം തേടേണ്ടി വരുന്ന കാരണം ചെവിവേദനയാണ്. തുടർച്ചയായോ വിട്ടുവിട്ടോ വിങ്ങലായും കുത്തലായും പൊട്ടിപ്പോകുന്നതു പോലെയും വേദന അനുഭവപ്പെടാം. ഇരുചെവിയിലുമായോ ഒറ്റയായോ ചെവിവേദനവരാം.
ചെറിയ കുട്ടികൾ മുതിർന്നവരെപ്പോലെ വേദന എന്നു പരാതിപ്പെടണമെന്നില്ല. കുട്ടികളൽ ചെവിവേദന എന്നു സംശയിക്കാവുന്ന മറ്റു ലക്ഷണങ്ങൾ ഇവയാണ്:
∙ നിർത്താതെയുള്ള കരച്ചിൽ, പ്രത്യേകിച്ച് രാത്രി ഉറക്കമുണർന്ന്.
∙ അസ്വസ്ഥതയും ഉറക്കമില്ലായ്മയും
∙ വിശപ്പില്ലായ്മ, മുലപ്പാൽ കുടിക്കാതിരിക്കുക.
∙ പനി. ജലദോഷം, ചെവിയിൽ പഴുപ്പ്, കേൾവിക്കുറവ്
∙ ചെവിയിൽ പിടിക്കാൻ ശ്രമിക്കുക.
∙ ചെവിക്കുടയിൽ തൊടുമ്പോൾ കരച്ചിൽ.
∙ ഛർദിൽ, ബാലൻസ് കുറവ്.
ചെവിയുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ വേദനയുണ്ടാക്കുന്നവ താഴെപ്പറയുന്നു.
∙ മധ്യകർണത്തിന്റെ നീർക്കെട്ട് (Acute Otitis Media): കൂടുതലും കുട്ടികളിൽ പ്രത്യേകിച്ചു രാത്രി സമയത്ത്. ജലദോഷപ്പനി മുക്കിൽ നിന്നും തൊണ്ടയിൽനിന്നും ചെവിയിലേക്കു പഴുപ്പായി വ്യാപിക്കുന്നതാണു പ്രധാന കാരണം. വേദനയുടെ മൂർധന്യത്തിൽ കർണപടം പൊട്ടി പഴുപ്പ് വെളിയിൽ വരാം കൂടെ കേൾവിക്കുറവും.
∙ കർണനാളിയിലെ നീർക്കെട്ട് (External otitis): രോമകൂപങ്ങളിലുണ്ടാകുന്ന പരുവോ(furncle), തൊലിപ്പുറത്താകമാനമുണ്ടാകുന്ന നീരോ കരണമാകാം ചവയ്ക്കുമ്പോഴും ചെവിക്കുട അനങ്ങുമ്പോഴും അസഹ്യമായ വേദനയും ചെറിയ പഴുപ്പുമാണു പ്രധാന ലക്ഷണങ്ങൾ.
∙ പൂപ്പൽബാധ(Otomyiosis): കർണനാളിയിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണു പ്രധാന കാരണം. അസഹനീയമായ ചൊറിച്ചിലിനോടൊപ്പം വേദനയും ഉണ്ടാകാം. വൈറസ് ബാധ: ഹെർപിസ് വിഭാഗത്തിൽപ്പെട്ട വൈറസുകളാണു പ്രധാന കാരണം. ബാഹ്യകർണത്തിനു ചുറ്റും കുരുക്കളും വേദനയുമാണു ലക്ഷണം. മൂർച്ഛിച്ചാൽ നാഡീതളർച്ചയും ഉണ്ടാകാം.
∙ ചെവിക്കായം: സാധാരണയായി കേൾവിക്കുറവും അടവുമാണ് അനുഭവപ്പെടുന്നത്. എന്നാൽ വല്ലാതെ കർണനാളിയിൽ നിറഞ്ഞുകഴിഞ്ഞാൽ വേദന വരാം.
∙ ബഡ്സും ചെവിക്കായവും: കർണനാളിയിലെ ഗ്രന്ഥികളുടെ സ്രവങ്ങളാണു ചെവിക്കായമാകുന്നത്. ബഹുഭൂരിപക്ഷത്തിലും കായം കാലക്രമേണ പുറത്തേക്കു വർജിക്കപ്പെടുന്നു. ബഡ്സ് ഉപയോഗിച്ചു ചെവി വൃത്തിയാക്കണം എന്നതു പരക്കെയുള്ള മിഥ്യാധാരണയാണ്. യഥാർഥത്തിൽ ബഡ്സിന്റെ ഉപയോഗം നേരെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ചെവിക്കായത്തിന്റെ വെളിയിലേക്കുള്ള നീക്കം തടസ്സപ്പെടുത്തുന്നതും മാത്രമല്ല, അത് ഒന്നിനു മീതേ ഒന്നുപോലെ കർണനാളിയിൽ അടിഞ്ഞു നിറയുകയും ചെയ്യുന്നു.
∙ ചെവിയിലെ ക്ഷതം: ചെറിയ മുറിവുകളിൽ നീരുകെട്ടാം. വലിയ ആഘാതങ്ങൾ ഉണ്ടായാൽ കർണ പടലത്തിനു ദ്വാരം വീഴുകയോ, ചെവിക്കുടയിൽ രക്തം കെട്ടി കിടക്കുകയോ ചെയ്യാം.
∙ പ്രാണികൾ-ജീവനോടെ പിടിക്കാനോ എടുത്തുകളയാനോ ശ്രമിക്കരുത്. ഉടനെ വെള്ളമോ, എണ്ണയോ ഒഴിച്ചു കൊന്ന ശേഷം വൈദ്യസഹായം തേടുക.
രോഗനിർണയം
∙ ഓട്ടോസ്കോപ്പ്(Otoscope) ഉപയോഗിച്ചു കർണനാളിയും കർണപടലവും പരിശോധിക്കുന്നതാണ് പ്രധാന രീതി. കർണപടലം നീർക്കെട്ട് ബാധിച്ചാൽ ചുവന്നും വീർത്തും കാണപ്പെടാം.
∙ തൽക്കാലിക ശമനത്തിനു ചൂടുവയ്ക്കാം, വേദനസംഹാരികൾ കഴിക്കാം.
∙ മധ്യ കർണത്തിലെ നീർക്കെട്ടിന് ആൻറിബയോട്ടിക് വേണം. വേദന കുറയുമ്പോഴെ നിർത്തിയാൽ പഴുപ്പു വ്യാപിക്കാം.
∙ കർണനാളിയിലെ നീർക്കെട്ടിനു പൂപ്പലും കായവും കളഞ്ഞു ചെവി വൃത്തിയാക്കി, തുള്ളിമരുന്ന് ഉപയോഗിക്കാം.
∙ പ്രമേഹരോഗികളിൽ കർശന പ്രമേഹനിയന്ത്രണവും ആൻറിബയോട്ടിക്, ചികിത്സയും വേണം.
∙ ആഘാതം മൂലം കർണപടലത്തിനു ദ്വാരം വീണാൽ തുള്ളി മരുന്നുകൾ വേണ്ട. വെള്ളവും അഴുക്കും കയാറാതെ സൂക്ഷിച്ചാൽ 90 ശതമാനം ഇത്തരം ദ്വാരങ്ങളും തനിയെ അടയുന്നതാണ്.
∙ കുട്ടികളിൽ ജലദോഷം, ടോൺസിലൈറ്റിസ് ഇവ നേരത്തേ ചികിത്സിക്കണം.
∙ ബഡ്സ്, ചെവിത്തോണ്ടി എന്നിവ ഉപയോഗിക്കരുത്.
∙ ചികിത്സ തുടങ്ങിയശേഷവും വേദന കുറയാത്തതോ പഴുപ്പ് കൂടുന്നതോ.
∙ തുടക്കത്തിൽ ശമിച്ച വേദന വീണ്ടും വരുക, കേൾവിക്കുറവ് മാറാതെ നിൽക്കുന്നു (ചികിത്സ ഫലപ്രദമല്ല എന്നതിന്റെ ലക്ഷണമാണ്)
∙ പ്രമേഹമുള്ളവരിൽ അതികഠിനമയ ചെവിവേദന
∙ ശക്തമായ തലവേദന, വിട്ടുവിട്ടുള്ള പനി, ഛർദി, തലകറക്കം, ചിറികോടൽ, ഇരട്ടക്കാഴ്ച
_ഡോ. ഷീബു ജോർജ് _ അഡീഷനൽ പ്രഫസർ, ഇ എൻ ടി വിഭാഗം ഗവ. മെഡിക്കൽ കോളജ്, കോട്ടയം
അവസാനം പരിഷ്കരിച്ചത് : 9/20/2019
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
കൂടുതല്‍ വിവരങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ