অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെവി-കൂടുതൽ വിവരങ്ങൾ

ഇയർ ബഡ്സ് ഉപയോഗം കരുതലോടെ

ചെവിയിൽ അൽപം അഴുക്ക് കയറി എന്ന് തോന്നിയാലോ നനവ് അനുഭവപ്പെട്ടാലോ ഉടൻ നമ്മൾ ഇയർ ബഡ് തപ്പി പോകും . ഇയർബഡ് കൊണ്ട് ചെവിക്കുള്ളിലേക്ക് മെല്ലേ കടത്തി, ഒന്നു കറക്കിയെടുക്കും. ചിലർ ഇതു ആസ്വദിച്ചു ചെയ്യുന്നതു കാണാം. എന്നാൽ ഇയർ ബഡ്സ് വെറുതേ ഉപയോഗിക്കാനുള്ളതല്ല.

ഉപയോഗം

ചെവിക്കായം നീക്കാനാണ് പ്രധാനമായും ഇയർ ബഡ്ഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെവിക്കായം നമ്മുടെ ശത്രുവല്ല, മിത്രമാണ്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി പോകാൻസാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ടിംബാനിക്ക് മെംബറേനു പോറൽ വീഴാനോ സാധ്യതയുണ്ട്.

ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. വാക്സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും )ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ഒപിയിൽ തന്നെ ചെയ്യാവുന്നതാണീ രീതികൾ. വെള്ളം അധികം കുടിക്കാതെ ശരീരത്തിലെ ഈർപ്പം കുറയുക. കൂടുതൽ സമയം എസിയിൽ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാൻ കാരണം.

ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേമേ ബഡ്സ് ഉപയോഗിക്കാവൂ. മാത്രമല്ല ബഡ്സിൽ പൊടിയും അഴുക്കും ഒന്നും കയറാൻ ഇടവരാതെ കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിക്കണം.

ചെവിയെ അറിയാം, ചെവി സംരക്ഷിക്കാം


 

1. ചെവിയ്ക്കിട്ട് അടിക്കുകയോ ചെവി എവിടെയങ്കിലും തട്ടുകയോ ചെയ്യരുത്. ഇത് ചെവിയുടെ പാട (ഇയര്‍ഡ്രം) പൊട്ടുന്നതിന് കാരണമാകും.

2. ന്യൂമോ കോക്കൽ വാക്സിൻ എടുക്കുന്ന കുട്ടികൾക്ക് ചെവിപ്പഴുപ്പ് കുറയുന്നതാണ്. മുലപ്പാൽ കുടിക്കുന്ന കുട്ടികളിലും ചെവി അസുഖങ്ങൾ കുറഞ്ഞിരിക്കുന്നതായി കാണാം.

3. ചെവിക്കകത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള വസ്തുവാണ് ചെവിക്കായം. ഇത് ചെവിക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്.

4. ചെവിക്കായം ചെവിക്കുള്ളിൽ അമിതമായി അടിഞ്ഞുകൂടിയാൽ ഒരു ഡോക്‌ടറെ കണ്ട് എടുത്തുകളയുക. ചെവിക്കായം നീക്കുന്നതിനു വേണ്ടി ചെവിക്കുള്ളിൽ ഇയർ ബഡ്‌സ്, തീപ്പെട്ടിക്കൊള്ളി, തൂവൽ, സേഫ്‌റ്റി പിൻ എന്നിവ ഇടരുത്.

5. ഒരു കുഞ്ഞു ജനിച്ച് ആറു മാസത്തിനുള്ളിൽ കേള്‍വിക്കുറവ് കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ കുട്ടികൾക്ക് പൂര്‍ണമായ കേള്‍വിശക്തിയും സംസാരശേഷിയും ലഭിക്കും.

6. മനുഷ്യശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ചെവിയാണ്. അതുകൊണ്ട് കേൾവിക്ക് കുഴപ്പമില്ല എന്ന കാരണത്താൽ ചെവിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കാതിരിക്കരുത്.

7. ഹോം തിയറ്ററിൽ പാട്ടു കേൾക്കുമ്പോൾ ശബ്‌ദം കുറച്ചു കേൾക്കുക. ഇയർഫോണിൽ തുടർച്ചയായി പാട്ടു കേൾക്കുന്നത് ഒഴിവാക്കുക.

8. ഡോക്‌ടറുടെ നിർദ്ദേശമില്ലാതെ ചെവിയിൽ ആന്റിബയോട്ടിക് ഇയര്‍ഡ്രോപ്‌സ് ഒഴിക്കരുത്. ഇത് അനാവശ്യമായി ഉപയോഗിച്ചാല്‍ ചെവിയില്‍ പൂപ്പൽ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.

9. ഉച്ചത്തിലുള്ള, കാതടപ്പിക്കുന്ന ശബ്‌ദങ്ങൾ സ്ഥിരമായി കേൾക്കുന്നത് ചെവിയുടെ ആരോഗ്യം തകർക്കും. എൺപതു ഡെസിബെൽ (മനുഷ്യൻ സംസാരിക്കുന്ന ശബ്‌ദം 70 ഡെസിബെൽ) ശബ്‌ദം സ്ഥിരമായി കേൾക്കുന്നത് ചെവിക്ക് തകരാർ വരുത്തും. പാറ പൊട്ടിക്കുന്ന ശബ്ദം, വെടി പൊട്ടുന്ന ശബ്ദം, ഫാക്‌ടറികളില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശബ്‌ദം തുടങ്ങിയവയെല്ലാം ചെവിയുടെ ആരോഗ്യത്തെ ബാധിക്കും.

10. തലചുറ്റല്‍, കേള്‍വിക്കുറവ്, ചെവിമൂളല്‍ എന്നിവ ഒരുമിച്ചു വന്നാൽ ഉടൻ തന്നെ ഒരു ഡോക്‌ടറെ കണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ തേടേണ്ടതാണ്.

11. മഞ്ഞ്, തണുത്ത കാറ്റ്, ചാറ്റല്‍ മഴ എന്നിവ ചെവിയെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ കരുതലുകൾ സ്വീകരിക്കുക. മഫ്ലർ, ഷാൾ എന്നിവ ഉപയോഗിച്ച് ചെവി മറയ്ക്കുന്നത് നന്നായിരിക്കും.

12. ജലദോഷം, തുമ്മൽ എന്നിവ അമിതമായാൽ അത് ചെവിയ ബാധിക്കും. അതിനാൽ, തുടക്കത്തിൽ തന്നെ ചികിത്സിച്ച് മാറ്റേണ്ടതാണ്.

13. ടി ബിക്കു കഴിക്കുന്ന മരുന്നുകളില്‍ ചിലത് ചെവിയിലെ ഞരമ്പിനെ ബാധിച്ചെന്നു വരാം. ഇത്തരം മരുന്നു കഴിക്കുന്നവര്‍ ഇടയ്ക്ക് കേള്‍വി പരിശോധിക്കുന്നത് നല്ലതാണ്.

 

14. കർണപുടത്തിലെ പാട പൊട്ടിയവർ ചെവിയിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ചെവിയില്‍ ബഡ്‌സ് ഇടാമോ

 

മറ്റു ശരീരഭാഗങ്ങളെപ്പോലെ ചെവിയും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

ചെവിയുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനവുമാണ്. ചെവിയിലെ വാക്‌സ് നീക്കം ചെയ്യേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ അണുബാധയും ചെവിവേദനയുമടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ഇത് ശരിയായി ചെയ്തില്ലെങ്കില്‍ കേള്‍വിക്കു പോലും തകരാറുണ്ടാകും. വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് ചെവിയുടെ ഉള്‍ഭാഗം വൃത്തിയാക്കാം. എന്നാല്‍ വളരെ ആഴത്തില്‍ തുണിയിട്ടോ ബലമായി തുണി അകത്തു കടത്തിയോ വൃത്തിയാക്കുന്നത് നല്ലതല്ലെന്നാണ് ഇന്‍എന്‍ടി വിദഗ്ധരുടെ അഭിപ്രായം. ഇയര്‍ ബഡ്‌സാണ് പൊതുവെ ചെവി വൃത്തിയാക്കാന്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു മാര്‍ഗം. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധ വേണം. ഇതൊരിക്കലും വല്ലാതെ ഉള്ളിലേക്കു കടത്തരുത്. ഉപയോഗിക്കുന്ന ബഡ്‌സ് വളരെ വൃത്തിയായിരിക്കണം. ഒരു തവണ ഉപയോഗിച്ചത് പിന്നീട് ഉപയോഗിക്കരുത്. ബഡ്‌സിന്റെ അറ്റത്തെ പഞ്ഞി നല്ലപോലെ ഉറച്ചതായിരിക്കണം. ഇല്ലെങ്കില്‍ ചെവിയില്‍ പഞ്ഞി തങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഒന്നോ രണ്ടോ തുള്ളി ബേബി ഓയില്‍ ചെറുതായി ചൂടാക്കി രാത്രി കിടക്കുമ്പോള്‍ ചെവിയില്‍ ഒഴിയ്ക്കുക. പിന്നേറ്റ് രാവിലെ ഇത് നനഞ്ഞ തുണി കൊണ്ടോ ബഡ്‌സ് കൊണ്ടോ വൃത്തിയാക്കാം. കുളിയ്ക്കുമ്പോള്‍ ചെവി നല്ലപോലെ വൃത്തിയാക്കുക. എന്നാല്‍ സോപ്പ്, എണ്ണ തുടങ്ങിവയ ചെവിക്കുള്ളിലേക്കു കടക്കുകയുമരുത്. വെള്ളത്തില്‍ ഒരു തുള്ളി പെറോക്‌സൈഡ് ഒഴിച്ച് ചെവി കഴുകുന്നത് നന്നായിരിക്കും. കുളി കഴിഞ്ഞ ശേഷം ചെവിക്കുള്ളിലെ വെള്ളം നല്ലപോലെ തുടച്ചു കളയുകയും വേണം. കൂടുതല്‍ വാക്‌സുണ്ടെങ്കില്‍ ഇഎന്‍ടി ഡോക്ടറുടെ സഹായം തേടാം. ചെവി ഡോക്ടര്‍ ക്ലീന്‍ ചെയ്തു തരും. എന്നാല് ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ചെവിയില്‍ ഒഴിയ്ക്കരുത്. ദിവസവും ചെവി വൃത്തിയാക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ ചെയ്താല്‍ മതിയാകും. ചെവിയിലെ വാക്‌സ് ചെവിയെ സംരക്ഷിക്കാനുള്ളതാണെന്നു മറക്കരുത്.
ചെവിക്കായം കളയാന്‍ വീട്ടുപായങ്ങള്‍

ചെവിക്കായം ഇയര്‍ വാക്‌സ്, സെറുമെന്‍ എന്ന പേരുകളിലും അറിയപ്പെടുന്നുണ്ട്. മൃതകോശങ്ങള്‍ അടിഞ്ഞു കൂടിയുണ്ടാകുന്ന ഇത് ചെവിയെ സംരക്ഷിയ്ക്കാനുള്ള ഒരു ഉപായം കൂടിയാണ. ചെവിക്കായം ചെവിയെ ഒരു പരിധി വരെ സംരക്ഷിയ്ക്കുമെങ്കിലും ഇത് അധികമാകുന്നത് കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും ചെവിവേദനയ്ക്കും, ചൊറിച്ചിലിനുമെല്ലാം കാരണമാകും. താല്‍ക്കാലികമായി കേള്‍വിശക്തി കുറയാനും ഇത് വഴിയൊരുക്കും. ആരോഗ്യം നല്‍കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍ ചെവിക്കായം കളയാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പാരാഫിന്‍ ഓയില്‍ അല്‍പം രണ്ടോ മൂന്നോ തുള്ളി പാരാഫിന്‍ ഓയില്‍ ചൂടാക്കി ഇത് ചെറുചൂടോടെ ചെവിയില്‍ ഒഴിയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം തല ചെരിച്ച് ഇൗ ഓയില്‍ പുറത്തേയ്ക്കു കളയുക.

ഹൈഡ്രജന്‍ പെറോക്‌സൈഡ് ഹൈഡ്രജന്‍ പെറോക്‌സൈഡ്, വെള്ളം എന്നിവ തുല്യ അളവിലെടുത്ത് ചെവിയില്‍ ഒഴിയ്ക്കുക. അല്‍പസമയത്തിനു ശേഷം തല ചെരിച്ചു പുറത്തു കളയുക.

ബദാം ഓയില്‍ ചെവിയില്‍ രണ്ടോ മൂന്നോ തുള്ളി ബദാം ഓയില്‍ ഒഴിയ്ക്കുക. അല്‍പസമയത്തിനു ശേഷം ഇത് പുറത്തേയ്ക്കു കളയുക. ചെവിക്കായം മൃദുവാക്കാന്‍ ഇത് സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ നിന്നും രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിയ്ക്കാം.

കടുകെണ്ണ ഇളംചൂടുള്ള കടുകെണ്ണ ചെവിയില്‍ ഒഴിയ്ക്കുന്നതും ചെവിക്കായം പെട്ടെന്നിളകാന്‍ സഹായിക്കും.

ബേബി ഓയില്‍ ബേബി ഓയില്‍ അല്‍പം തുള്ളികള്‍ ചെവിയില്‍ ഒഴിയ്ക്കുന്നതും ചെവിക്കായം കളയാന്‍ സഹായിക്കും.

ഉപ്പ് അര ടീസ്പൂണ്‍ ഉപ്പ് അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കുക. ഒരു കഷ്ണം പഞ്ഞി ഇതില്‍ മുക്കി അള്‍പം തുള്ളികള്‍ ചെവിയില്‍ ഒഴിയ്ക്കുക. അല്‍പസമയത്തിനു ശേഷം തല ചെരിച്ചു പിടിച്ച് ലായനി പുറന്തള്ളാം

ചെവിയുടെ ആരോഗ്യം

 

 

ചെവി വൃത്തിയാക്കുന്നത്‌ അതീവ ശ്രദ്ധയോടെയാവണം. ചെവിക്കുളളില്‍ കോട്ടണ്‍ തുണി ഉപയോഗിച്ചു തുടയ്‌ക്കരുത്‌. നനച്ച തുണിയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചു.

* ചിലതരം രോഗങ്ങളും രോഗാവസ്ഥയും കേള്‍വിശക്തിയെ ബാധിക്കുന്നു. പെട്ടെന്നുണ്‌ടാകുന്ന കേള്‍വിക്കുറവ്‌, തലയ്‌ക്കുളളിലും ചെവിക്കുളളിലും അനുഭവപ്പെടുന്ന മുരള്‍ച്ച എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുക.

പുറം ചെവിയിലെ അഴുക്ക്‌ നീക്കാം. പെന്‍സില്‍, പേന, റീഫില്‍, പേനയുടെ ക്യാപ്‌, തീപ്പെട്ടിക്കൊളളി, ഈര്‍ക്കില്‍, മൊട്ടുസൂചി, സേഫ്‌റ്റി പിന്‍ തുടങ്ങിയ കൂര്‍ത്തവസ്‌തുക്കള്‍ ചെവിക്കുളളില്‍ കടത്തരുത്‌. അവ ഇയര്‍ഡ്രമ്മില്‍ മുറിവുണ്‌ടാകുന്നതിനും കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.


* കോട്ടണ്‍ ബഡ്ഡുകള്‍ ചെവിയുടെ പുറം ഭാഗത്തു മാത്രമേ വയ്‌ക്കാവൂ.

* ചെവിക്കുളളില്‍ വിരലിട്ടു ചൊറിയുന്ന ശീലം ഉപേക്ഷിക്കുക. ചെവിക്കുളളില്‍ വിരല്‍ സ്‌പര്‍ശിക്കാനിടയായാല്‍ കൈകള്‍ സോപ്പു പുരട്ടി കഴുകി അണുവിമുക്തമാക്കുക

* ചെവിവേദനയോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍ ഇഎന്‍ടിയുടെയോ ഫിസിഷ്യന്റെയോ നിര്‍ദേശം തേടുക. ഉചിതമായ ചികിത്സ സ്വീകരിക്കുക.

* വാക്‌സ്‌ കട്ടപിടിച്ച്‌ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഇഎന്‍ടിയുടെ ഉപദേശം തേടുക. ഓട്ടോസ്‌കോപ്‌ എന്ന ഉപകരണത്തിന്റെ സഹായത്തോടെ ചെവിക്കുളളില്‍ അടിഞ്ഞുകൂടിയ ഇയര്‍ വാക്‌സ്‌ കാണാനാകും.

* കട്ടിയായ മെഴുക്‌ അലിയിക്കാനുളള തുളളിമരുന്നുകള്‍ വിദഗ്‌ധനിര്‍ദേശപ്രകാരം സ്വീകരിക്കാം. ചെവിയില്‍ കൂര്‍ത്ത വസ്‌തുക്കള്‍ കടത്തുന്നത്‌ അപകടം. ചെവിയില്‍ കടത്തുന്ന വസ്‌തുക്കളുടെ ഭാഗങ്ങള്‍ ചെവിക്കുളളില്‍ അകപ്പെടാന്‍ സാധ്യതയുണ്‌ട്‌.

* നനച്ച തുണി ഉപയോഗിച്ചു പുറംചെവി തുടയ്‌ക്കുക. പുറന്തളളപ്പെടുന്ന വാക്‌സ്‌ ഇപ്രകാരം നീക്കാം.

* വാക്‌സ്‌ അലിയിക്കാന്‍ സഹായകമായ ദ്രാവകങ്ങള്‍ കര്‍ണനാളിയില്‍ ഒഴിക്കാം.(ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നു മാത്രമേ ചെവിക്കുളളില്‍ ഒഴിക്കാവൂ) തുടര്‍ന്നു വിദഗ്‌ധ സഹായത്തോടെ ചെവിക്കുളളില്‍ വെളളം ചീറ്റിച്ചു കഴുകി വൃത്തിയാക്കുന്നു. ഇയര്‍ഡ്രമ്മില്‍(കര്‍ണപുടം) ദ്വാരമുളളവരില്‍ ഇതു ചെയ്യാറില്ല.

* ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ അണുബാധകള്‍ യഥാസമയം ചികിത്സിച്ചു ഭേദപ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത്‌ ചെവിയില്‍ അണുബാധയ്‌ക്കുളള സാധ്യത കുറയ്‌ക്കും.

* ചിലതരം മരുന്നുകള്‍ കേള്‍വിക്കു ദോഷകരം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ പാടുളളൂ. കേള്‍വിശക്തിയിലെ വ്യതിയാനം, ശരീരത്തിന്റെ ബാലന്‍സ്‌ തെറ്റുന്ന അനുഭവം, ചെവിക്കുളളില്‍ മുഴക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.

* ഉയര്‍ന്ന ശബ്ദം നിറയുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്‌ടിവരുമ്പോള്‍ ശബ്ദപ്രതിരോധ സംവിധാനം ധരിക്കുക.

* ഹോം തീയറ്റര്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ അധികശബ്ദം ഒഴിവാക്കുക.

* ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്കിടെ അതു നീക്കി കാതുകള്‍ക്കു വിശ്രമം അനുവദിക്കുക.

 

അവസാനം പരിഷ്കരിച്ചത് : 2/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate