Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആയുര്‍വേദ ഔഷധ വ്യവസ്ഥ

ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഔഷധ വ്യവസ്ഥയാണ് ആയുര്‍വേദത്തിന്റേത്

ഏകദേശം BC 600-ഓടെ ഇന്ത്യയിലാണ് ആയുര്‍വേദത്തിന്റെ ഉദയം. ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഔഷധ വ്യവസ്ഥയാണ് ആയുര്‍വേദത്തിന്റേത്. ദ്രാവിഡന്‍മാരും ആര്യന്‍മാരും പിന്‍തുടര്‍ന്നു വന്ന ഇത് ആധുനികകാലത്തും അവഗണിക്കാനാവാത്ത ഒരു വൈദ്യശാസ്ത്രവിഭാഗമാണ്. വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീര സന്തുലനം ഉറപ്പാക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി.രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കുന്നതിലല്ല മറിച്ച് വ്യക്തിയെ സമഗ്രമായി സുഖപ്പെടുത്തുന്നതിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ശരീരത്തിലെ മുഴുവന്‍ വിഷാംശങ്ങളെയും ഇല്ലാതാക്കി തികച്ചും പ്രകൃതിദത്തമായ രീതികളിലൂടെ ശരീരത്തിന്റെ പ്രതിരോധവും സൗഖ്യവും ആയുര്‍വേദം വീണ്ടെടുക്കുന്നു.


കേരളം ആയുര്‍വേദത്തിന്റെ സ്വന്തം നാട്

സമശീതോഷ്ണ കാലാവസ്ഥയും ഔഷധ സസ്യങ്ങളുടെ ലഭ്യതയും ജൂണ്‍ മുതല്‍ നവംബര്‍ വരെ നീളുന്ന മഴക്കാലവും കൊണ്ട് സമ്പന്നമായ കേരളം ആയുര്‍വേദ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണ്.സമ്പൂര്‍ണമായ സമര്‍പ്പണത്തോടെ ആയുര്‍വേദ ചികിത്സ നടത്തുന്ന ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണെന്നതാണ് യാഥാര്‍ത്ഥ്യം.


മണ്‍സൂണ്‍ - പുനര്‍താരുണ്യത്തിന്റെ പുണ്യകാലം

വാര്‍ധക്യത്തെ അകറ്റി ശരീര സൗഖ്യം വീണ്ടെടുക്കുന്ന പുന:താരുണ്യ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായത് മഴക്കാലമാണെന്ന് പ്രാചീന ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സമയം അന്തരീക്ഷം വളരെ ഊഷ്മളവും പൊടിപടലങ്ങളില്ലാത്തതുമായതിനാല്‍ പ്രകൃതിദത്ത എണ്ണകളും മറ്റൗഷധങ്ങളും പരമാവധി ഉള്ളിലേക്ക് പ്രവേശിക്കും വിധം ശരീരദ്വാരങ്ങള്‍ തുറന്നിരിക്കും.

പുനര്‍ താരുണ്യ ചികിത്സ (രസായന ചികിത്സ)

ആയുര്‍വേദ ചികില്‍സയില്ലുടെ ശരീരത്തിലെ സമസ്ത കലകളെയും ശക്തിപ്പെടുത്തി ശരിയായ ആരോഗ്യവും ദീര്‍ഘായുസും നേടിയെടുക്കാം. ആയുര്‍വേദം ഓജസു വര്‍ദ്ധിപ്പിച്ചും സത്വത്തെ മെച്ചപ്പെടുത്തിയും ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തുന്നു. ഔഷധ ലേപനങ്ങളും വിവിധതരം എണ്ണകളും ചൂര്‍ണങ്ങളും ഉപയോഗിച്ചുള്ള സര്‍വ്വാംഗം തിരുമ്മലിനും ഉഴിച്ചിലിനും പുറമെ ഉള്ളില്‍ കഴിക്കാനുള്ള ഔഷധങ്ങളും ആവിപിടുത്തവും എണ്ണ തേച്ചുള്ള കുളിയും ചികിത്സാവിധികളില്‍പ്പെടുന്നു.

പ്രതിരോധശേഷിക്കും ദീര്‍ഘായുസിനുമുള്ള ചികിത്സ (കായകല്‍പ ചികിത്സ)
ശരീരകോശങ്ങളുടെ നാശത്തെ ചെറുത്തും പ്രതിരോധ ശേഷി വളര്‍ത്തിയുമുള്ള കായകല്‍പ ചികിത്സ വാര്‍ധക്യത്തെ തടഞ്ഞു നിര്‍ത്തുന്ന സുപ്രധാന ചികിത്സയാണ്. സമഗ്രമായ ശരീര സംരക്ഷണ വിധികള്‍ക്കൊപ്പം ഇതില്‍ ചില രസായനങ്ങളുടെ സേവിക്കലും ഉള്‍പ്പെടുന്നു.
ശരീര സ്വേദനം (സ്വേദ കര്‍മം)
ശാരീരിക അശുദ്ദികളെ പൂര്‍ണമായും ഒഴിവാക്കുന്ന ആവികൊള്ളല്‍ ത്വക്കിന്റെ നിറവും മിനുസവും വര്‍ധിപ്പിക്കുമെന്നു മാത്രമല്ല വാതസംബന്ധമായ പല രോഗങ്ങള്‍ക്കും, വിശേഷിച്ച് വേദനയ്ക്ക്, ശമനമുണ്ടാക്കുന്നു. എല്ലാ ദിവസവും പത്തു മുതല്‍ ഇരുപതു മിനുട്ടു വരെ ശരീരം മുഴുവന്‍ ഔഷധ ചെടികളിട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളിക്കുന്നു. ഇതെതുടര്‍ന്ന് എണ്ണകളും ചൂര്‍ണ്ണങ്ങളുമുപയോഗിച്ച് ശരീരമാസകലം തിരുമ്മുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും പേശികളുടെ സൗഖ്യത്തിനും ഇത് സഹായിക്കും.
കൃശഗാത്രീകരണം
ചൂര്‍ണ്ണങ്ങളും എണ്ണകളും ഉപയോഗിച്ചുള്ള ഉഴിച്ചിലുകള്‍, ആയുര്‍വേദ വിധിയനുസരിച്ച് സസ്യനീരുകള്‍ ഉള്‍പ്പെടുന്ന ഭക്ഷണക്രമം എന്നിവ ഈ ചികിത്സയുടെ ഭാഗമാണ്.
സൗന്ദര്യ സംരക്ഷണം
ഔഷധസസ്യങ്ങളുപയോഗിച്ച് തയ്യാറാക്കിയ മുഖലേപനം, ഉഴിച്ചില്‍, ഔഷധ ചായ എന്നിവ ശരീരസൗന്ദര്യവും നിറവും വര്‍ധിപ്പിക്കുന്നു.

ധ്യാനവും യോഗയും, അഹംബോധത്തെ ഇല്ലാതാക്കാനുള്ള മാനസിക ശാരീരിക വ്യായാമങ്ങളാണിവ. ഏകാഗ്രത വര്‍ധിപ്പിച്ച് ആരോഗ്യത്തെ മെച്ചപ്പെടുത്തി മനോസുഖമാര്‍ജിക്കാനുള്ള ഈ പരിശീലനത്തിന് എട്ട് ഘട്ടങ്ങളാണുള്ളത്.

 1. സ്വഭാവചിട്ട (യമ)
 2. ആത്മസംശുദ്ധീകരണം (നിയമ)
 3. അംഗവിന്യാസം (ആസനം)
 4. ശ്വാസനിയന്ത്രണം (പ്രാണയമ)
 5. ഇന്ദിയനിയന്ത്രണം (പ്രത്യഹാര)
 6. മനസ്സിന്റെ കേന്ദ്രീകരണം (ധാരണ)
 7. ധ്യാനം
 8. സമാധി - അതിപ്രശാന്തതയുടെയും സൗഖ്യത്തിന്റെയും അനുഭവം.

പഞ്ചകര്‍മ ചികിത്സ

മാനസിക ശാരീരിക സൗഖ്യം പ്രദാനം ചെയ്യാന്‍, അവയവങ്ങള്‍, മനസ്, ശ്വാസം, നാഡികള്‍, രക്തം എന്നീ അഞ്ചു ഘടകങ്ങളെ പരിഗണിക്കുന്ന ചികിത്സാവിധിയാണിത്.

ചികിത്സാ വിധികള്‍

രൂക്ഷമായ തലവേദന, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, അപസ്മാരം, മതിഭ്രമം, ഭ്രാന്ത് എന്നിവയ്ക്കുള്ള ചികിത്സ (ധാര)

സസ്യ എണ്ണകള്‍, ഔഷധക്ഷീരം, ദ്രവങ്ങള്‍ എന്നിവ നെറ്റിയിലും ശരീരമാസകലവും പ്രത്യേക രീതിയില്‍ ഒഴിക്കുന്നു. കണ്ണ്, ചെവി, ത്വക്ക് എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഊര്‍ദ്ധ്വംഗധാര, ഓര്‍മ്മക്കുറവ്, അസഹനീയമായ തലവേദന, ഭ്രാന്ത് എന്നിവയാല്‍ വിഷമിക്കുന്നവര്‍ക്ക് തക്രധാര, ശിരസ്സിനും ശരീരത്തിനും ഒരു പോലെ ആവശ്യമായ സര്‍വാംഗധാര എന്നിങ്ങനെ ധാരകള്‍ തന്നെ പലവിധം. 

സന്ധിവാതം, രക്താര്‍ബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സ (സ്‌നേഹപാനം)
ഔഷധങ്ങള്‍ ചേര്‍ത്ത നെയ്യ് ആന്തരികമായി സേവിക്കാന്‍ നല്‍കുന്നു. നിശ്ചിത ഇടവേളകളില്‍ നെയ്യുടെ അളവ് കൂട്ടുന്നു.

നാസാരന്ധ്രം, വായ്, തൊണ്ട എന്നിവയുടെ വരള്‍ച്ച, ശക്തമായ തലവേദനകള്‍, മുഖസ്തംഭനം, തലയുടെ എരിച്ചില്‍ എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ (ശിരോവസ്തി) :
ശിരസ്സില്‍ ഉറപ്പിച്ചിട്ടുള്ള ഒരു തോല്‍തൊപ്പിക്കുള്ളിലേക്ക് ഭിഷഗ്വരന്റെ നിര്‍ദ്ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ഇളം ചൂടുള്ള സസ്യഎണ്ണകള്‍ ഒഴിക്കുന്നു.

പിടലിവേദന, സന്ധിരോഗങ്ങള്‍, വാതം, പക്ഷാഘാതം, പക്ഷവാതം, നാഡീക്ഷയം, നാഡീരോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ (പിഴിച്ചില്‍) :
ഇളം ചൂടില്‍ ഔഷധസസ്യ എണ്ണകള്‍ ലിനനില്‍ മുക്കി ശരീരമാസകലം പുരട്ടുന്നു. പ്രതിദിനം ഒന്നോ ഒന്നരയോ മണിക്കൂര്‍ ഇടവിട്ട് ഏഴു മുതല്‍ ഇരുപത്തിയൊന്നു ദിവസം പരിശീലനം സിദ്ധിച്ചതിരുമ്മലുകാരാണ് ഇത് ചെയ്യുന്നത്.

പക്ഷവാതം, പക്ഷാഘാതം, പൊണ്ണത്തടി, സന്ധിവേദന എന്നിവയ്ക്കുള്ള ചികിത്സ (ഉദ്‌വര്‍ത്തനം) :
ചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള ഉഴിച്ചില്‍.

അപകടങ്ങളും ക്ഷതങ്ങളും മൂലം അസ്ഥികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ (മര്‍മ ചികിത്സ) :
ശരീരത്തിലെ 107 മര്‍മ്മങ്ങളിലുള്ള ചികിത്സ.

ശ്വസന രോഗങ്ങള്‍ക്കുള്ള ചികിത്സ (നസ്യം) :
ശിരസിലും കണ്ഠത്തിലുമുള്ള രോഗജന്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സസ്യനീരുകളും എണ്ണകളും നാസാരന്ധ്രം വഴി ഉള്ളിലേക്കെത്തിച്ചുള്ള ചികിത്സയാണിത്.

കര്‍ണ്ണരോഗങ്ങള്‍ക്കുള്ള ചികിത്സ (കര്‍ണപൂരണം) :
ചെവികള്‍ ശുദ്ധീകരിക്കുന്നതിനും ചെവിയെയും കര്‍ണ്ണപുടത്തെയും ബാധിക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുമായി വിവിധ എണ്ണകള്‍ അഞ്ചു മുതല്‍ പത്തു വരെ മിനിട്ടു നേരം ചെവികളില്‍ ഒഴിക്കുന്നു. 

തിമിരത്തെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും (തര്‍പണം) :
തിമിര രോഗത്തെ തടയാനും കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഫലപ്രദമായ നേത്രചികിത്സ.

പേശികള്‍ക്കും സന്ധികള്‍ക്കുമുണ്ടാകുന്ന വേദന, വാതം, കായികതാരങ്ങള്‍ക്കുണ്ടാകുന്ന മുറിവുകള്‍, ചിലയിനം ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ (ഞവരക്കിഴി) :
മസ്‌ലിനില്‍ പൊതിഞ്ഞ ഞവരക്കിഴികള്‍ ശരീരമാസകലം പ്രയോഗിച്ച് വിയര്‍പ്പിക്കുന്നു. 

പ്രത്യേക ശ്രദ്ധയ്ക്ക് : -
 • വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം ആയുര്‍വേദ ചികിത്സകന്‍ ഓരോ രോഗിക്കുമുള്ള പ്രത്യേക ചികിത്സ തീരുമാനിക്കുന്നു.
 • നടുവുവേദന, പേശീവേദന തുടങ്ങിയ ഗുരുതരമല്ലാത്ത ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള ആവികൊള്ളല്‍, പിഴിച്ചില്‍, ഉഴിച്ചില്‍ തുടങ്ങിയ ഹ്രസ്വകാല ചികിത്സകളും ഒരു ആയുര്‍വേദ വിദഗ്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് നല്‍കേണ്ടത്.
 • സ്ത്രീകള്‍ക്ക് ഉഴിച്ചിലിനും ഇതര ചികിത്സകള്‍ക്കുമായി വനിതാ ചികിത്സകരുണ്ടാവും.
 • ചില ആയുര്‍വേദ ചികിത്സാവിധികള്‍ വൃദ്ധര്‍, ശിശുക്കള്‍, ഹൃദ്‌രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഉചിതമായിരിക്കില്ല.
 • നിങ്ങള്‍ക്ക് ഹൃദ്‌രോഗം, പ്രമേഹം, ആസ്ത, രക്തസമ്മര്‍ദ്ദം, ഗുരുതരമായ ത്വക് രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ആയുര്‍വേദ ചികിത്സകനെ ആ വിവരം മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
 • ചികിത്സ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം.
 • വൈദ്യപരമ്പര

 • ബി. സി. അഞ്ചാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ആയുര്‍വേദത്തിന്റെ സംഹിതകള്‍ രൂപപ്പെട്ടത്. അതോടെ അത് ശാസ്ത്രീയ പദ്ധതി എന്ന നിലയിലുള്ള വ്യക്തിത്വം ആര്‍ജ്ജിക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ സങ്കല്പമനുസരിച്ച് ബ്രഹ്മാവാണ് ആയുര്‍വേദത്തിന്റെ ആദിമനായ ഗുരു. ബ്രഹ്മാവില്‍ നിന്ന് പ്രജാപതി ആയുര്‍വേദം പഠിച്ചു. പ്രജാപതിയില്‍ നിന്ന് അശ്വനീ കുമാരന്മാരും അവരില്‍ നിന്ന് ഇന്ദ്രനും പഠിച്ചു. ഇന്ദ്രനില്‍ നിന്ന് വിജ്ഞാനമാര്‍ജ്ജിച്ച ആചാര്യന്മാരാണ് മനുഷ്യര്‍ക്കിടയില്‍ ആയുര്‍വേദം പ്രചരിപ്പിച്ച ആദിമരായ മഹാവൈദ്യന്മാര്‍. ഹിന്ദു പുരാണത്തിലെ ദേവരാജാവായ ഇന്ദ്രനാവണമെന്നില്ല ഈ ഇന്ദ്രന്‍. പ്രാചീനകാലത്തെ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നിരിക്കാം അദ്ദേഹം. ഭരദ്വാജന്‍, ആത്രേയന്‍, ധന്വന്തരി, കശ്യപന്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ ഇന്ദ്രനില്‍ നിന്ന് ആയുര്‍വേദം പഠിച്ചുവെന്നാണു വിശ്വാസം. അവരുടെ ശിഷ്യരിലൂടെ ആയുര്‍വേദം ശ്രേഷ്ഠമായ ചികിത്സാപദ്ധതിയും ജീവിതദര്‍ശനവുമായി വികസിച്ചു. ധാരാളം ഗ്രന്ഥങ്ങളുമുണ്ടായി. ഓരോ മഹാവൈദ്യനും ആയുര്‍വേദത്തിന്റെ ആദിമാചാര്യരായി വ്യത്യസ്ത ആളുകളെയാണു ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
 • ആയുര്‍വേദ ദര്‍ശനം
 • വെറും ചികിത്സാശാസ്ത്രം എന്നതില്‍ ഉപരിയായാണ് പ്രാചീനാചാര്യന്മാര്‍ ആയുര്‍വേദത്തെ പരിഗണിച്ചിട്ടുള്ളത്. ശാഖ, വിദ്യ, സൂത്രം, ജ്ഞാനം, ശാസ്ത്രം, ലക്ഷണം, തന്ത്രം തുടങ്ങിയ പര്യായപദങ്ങള്‍ ആയുര്‍വേദത്തിന്റെ സമഗ്രതയെയാണു കാണിക്കുന്നത്. ഹിതം, അഹിതം, സുഖം, ദു:ഖം, ആയുസ്സ്, ആയുസ്സിന്റെ ഹിതാഹിതങ്ങള്‍, ആയുസ്സിന്റെ അളവ് തുടങ്ങിയവയെപ്പറ്റിയെല്ലാം അത് പ്രതിപാദിക്കുന്നു. ആയുസ്സിന് ചേര്‍ന്നതും അല്ലാത്തതുമായ വസ്തുക്കള്‍, ഗുണങ്ങള്‍, കര്‍മങ്ങള്‍ എന്നിവ വ്യവച്ഛേദിച്ച് ആരോഗ്യകരവും ആനന്ദകരവും ചൈതന്യവത്തുമായ സമ്പൂര്‍ണ്ണ ജീവിതത്തിനു വേണ്ട ആചാരങ്ങളും ചര്യകളും നിഷ്ഠകളും അത് നിര്‍ദ്ദേശിക്കുന്നു. പ്രകൃത്യനുകൂലമായ രീതിയിലുള്ള ഊര്‍ജ്ജസ്വല ജീവിതത്തിന്റെ ദര്‍ശനമാണത്.
 • അഷ്ടാംഗങ്ങള്‍

  എട്ട് അംഗങ്ങള്‍ അഥവാ ശാഖകള്‍ ചേര്‍ന്നതാണ് ആയുര്‍വേദം. താഴെപ്പറയുന്നവയാണ് അഷ്ടാംഗങ്ങള്‍ -

  1. കായചികിത്സ (ശരീരത്തെ ബാധിക്കുന്ന ജ്വരം പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ)
  2. ബാലചികിത്സ (കുട്ടികള്‍ക്കുള്ള ചികിത്സ. ഇതിന് 'കൗമാരഭൃത്യം' എന്നും പേരുണ്ട്)
  3. ഗ്രഹചികിത്സ (മനോരോഗങ്ങള്‍ക്കുള്ള ചികിത്സ. 'ദൂതവിദ്യ' എന്ന് മറ്റൊരു പേരുമുണ്ട്)
  4. ഊര്‍ധ്വാംഗ ചികിത്സ (കഴുത്തിനു മീതെയുള്ള അവയവങ്ങള്‍ക്കുള്ള ചികിത്സ. 'ശാലാക്യ ചികിത്സ' യെന്ന് മറ്റൊരു പേരുണ്ട്)
  5. ശല്യചികിത്സ (ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ)
  6. വിഷചികിത്സ (വിഷബാധയ്ക്കുള്ള ചികിത്സ)
  7. രസായന ചികിത്സ (യൗവനം നിലനിര്‍ത്തി വാര്‍ധക്യം നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ)
  8. വാജീകരണ ചികിത്സ (ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ചികിത്സ)
  9. ആചാര്യന്മാര്‍, ഗ്രന്ഥങ്ങള്‍

   ബ്രഹ്മാവില്‍ നിന്നു പ്രജാപതിയിലൂടെ അശ്വനീദേവന്മാരിലൂടെ ഇന്ദ്രന്‍ മനുഷ്യലോകത്തെത്തിച്ച ആയുര്‍വേദത്തില്‍ ഒട്ടേറെ ആദിമാചാര്യന്മാരുണ്ട്. ഓരോ പ്രാചീനാചാര്യനും വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ലോകത്ത് ആയുര്‍വേദം പ്രചരിപ്പിച്ചവരായി ചൂണ്ടിക്കാട്ടുന്നത്. സുശ്രുതന്റെ അഭിപ്രായ പ്രകാരം ഇന്ദ്രനില്‍ നിന്ന് ധന്വന്തരിയിലൂടെ ആയുര്‍വേദം ലോകത്ത് പ്രചരിച്ചു. ധന്വന്തരിയുടെ ശിഷ്യനായ ദിവോദാസന്റെ ശിഷ്യരായ സുശ്രുതന്‍, ഔപധേനവന്‍, വൈതരണന്‍, ഔരദ്രന്‍, പൗഷ്കലാവതന്‍, കരവീര്യന്‍, ഗോപുര രക്ഷിതന്‍, ഭോജന്‍ തുടങ്ങിയവര്‍ അതിനെ വലിയ ചികിത്സാ സമ്പ്രദായമായി വികസിപ്പിച്ചു. 'കാശ്യപസംഹിത'യിലെ വാദം കശ്യപന്‍, വസിഷ്ഠന്‍, അത്രി, ഭൃഗു എന്നീ മഹര്‍ഷിമാരും ശിഷ്യരുമാണ് ഇന്ദ്രനില്‍ നിന്ന് ആയുര്‍വേദം പഠിച്ചു പ്രചരിപ്പിച്ചത്. ചരകന്റെ 'ചരകസംഹിത' പറയുന്നത് ഇന്ദ്രനില്‍ നിന്ന് ഭരദ്വാജനും അദ്ദേഹത്തില്‍ നിന്ന് ആത്രേയപുനര്‍വസുവും ആയുര്‍വേദം സ്വായത്തമാക്കിയെന്നാണ്. ആത്രേയന്റെ ശിഷ്യരാണ് അഗ്നിവേശന്‍, ഭേളന്‍, ജാതൂകര്‍ണന്‍, പരാശരന്‍, ഹാരീതന്‍, ക്ഷാരപാണി തുടങ്ങിയ മഹാവൈദ്യന്മാര്‍. വാഗ്ഭടനാകട്ടെ ധന്വന്തരി, ആത്രേയന്‍, ഭരദ്വാജന്‍ എന്നിവരെല്ലാം ഇന്ദ്രശിഷ്യരാണെന്നു പറയുന്നു. ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഈ വൈദ്യന്മാര്‍ രചിച്ചുവെങ്കിലും മിക്കവയും ഇന്നു ലഭ്യമല്ല.

   അവശേഷിക്കുന്ന പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഏറ്റവും ആധികാരികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് 'ചരകം' അഥവാ ചരകസംഹിത, 'സുശ്രുതം' അഥവാ സുശ്രുതസംഹിത എന്നിവയാണ്. 'ചരക'ത്തില്‍ കായ ചികിത്സക്കും സുശ്രുതത്തില്‍ ശസ്ത്രക്രിയയ്ക്കു (ശല്യം)മാണ് പ്രത്യേക പ്രാധാന്യം.

   വാഗ്ഭടനും അഷ്ടാംഗഹൃദയവും

   കാലം ചെല്ലുമ്പോള്‍ പരിഷ്കരിക്കേണ്ടവയാണല്ലോ ശാസ്ത്രഗ്രന്ഥങ്ങള്‍. അങ്ങനെ പ്രാചീനങ്ങളായ പല ഗ്രന്ഥങ്ങള്‍ക്കും പില്‍ക്കാലത്ത് മറ്റു വൈദ്യന്മാര്‍ പരിഷ്കരണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആ രീതി പിന്തുടരാതെ മുന്‍കാല ഗ്രന്ഥങ്ങള്‍ വായിച്ച് കാലികമായ ആവശ്യത്തിനു വേണ്ടി അവയിലെ ആശയങ്ങള്‍ പരിഷ്കരിച്ച് ക്രോഡീകരിച്ച ആചാര്യനാണ് വാഗ്ഭടന്‍. കേരളത്തിലെ ആയുര്‍വേദപാരമ്പര്യം വാഗ്ഭടന്റെ കൃതികളെ ആധാരമാക്കിയാണ് നിലനില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ വിശേഷിച്ച് കേരളത്തിലാണ് വാഗ്ഭടന് കൂടുതല്‍ പ്രചാരം കിട്ടിയത്. ഉത്തരേന്ത്യയില്‍ ചരകത്തിനും സുശ്രുതത്തിനുമാണ് ഇപ്പോഴും പ്രാധാന്യം.   പൂര്‍വകാലത്തെ ആശയങ്ങള്‍ സംഗ്രഹിച്ച് എല്ലാവര്‍ക്കും സഹായകമായി വാഗ്ഭടന്‍ രചിച്ച ഗ്രന്ഥമാണ് 'അഷ്ടാംഗസംഗ്രഹം'. ആയുര്‍വേദമെന്ന പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃതാണ് 'അഷ്ടാംഗസംഗ്രഹ'മെന്ന് വാഗ്ഭടന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

   നാനാവിധത്തില്‍ കൂടിക്കലര്‍ന്നു കിടന്നിരുന്ന ആയുര്‍വേദശാസ്ത്രത്തില്‍ നിന്ന് സാരാംശങ്ങള്‍ യഥാവിധം ചേര്‍ത്തിണക്കി അമിതമായി വിസ്തരിക്കാതെയും ചുരുക്കാതെയും വാഗ്ഭടന്‍ രചിച്ച അടുത്ത കൃതിയാണ് അഷ്ടാംഗഹൃദയം. ചരകനെ പല കാര്യങ്ങളിലും വാഗ്ഭടന്‍ പിന്തുടര്‍ന്നിട്ടുണ്ട്. ബുദ്ധമതക്കാരനായിരുന്നു വാഗ്ഭടന്‍ എന്നു കരുതുന്നു. എ.ഡി. നാലാം നൂറ്റാണ്ടിനു മുമ്പാണ് അദ്ദേഹത്തിന്റെ കാലം എന്നാണ് പണ്ഡിതാഭിപ്രായം.

   സിന്ധുദേശത്ത് വാഗ്ഭടന്‍ എന്ന വൈദ്യന്റെ മകനായ വൈദ്യന്‍ സിംഹഗുപ്തനു ജനിച്ച മകനാണത്രെ അഷ്ടാംഗഹൃദയമെഴുതിയ വാഗ്ഭടന്‍. അച്ഛനും അവലോകിതേശ്വരന്‍ എന്ന ആചാര്യനുമായിരുന്നു വാഗ്ഭടന്റെ ഗുരുക്കന്മാര്‍. ബുദ്ധമതക്കാരനായ അദ്ദേഹം നാടുവിട്ട് ഗുജറാത്തും കര്‍ണാടകവും വഴി കേരളത്തിലെത്തിയെന്നു പറയപ്പെടുന്നു. കേരളത്തിലെ അഷ്ടവൈദ്യന്മാര്‍ വാഗ്ഭടന്റെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. കായ ചികിത്സയ്ക്കാണ് അഷ്ടാംഗഹൃദയത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്.

   കായ ചികിത്സ

   ആയുര്‍വേദത്തിലെ എട്ട് അംഗങ്ങളില്‍ ആദ്യത്തേതാണ് കായചികിത്സ. ഔഷധപ്രയോഗം കൊണ്ടു ശമിക്കുന്ന സാമാന്യരോഗങ്ങളുടെ ചികിത്സയാണിത്. കായചികിത്സ ചെയ്യുന്ന ചില രോഗങ്ങള്‍ക്ക് ചിലപ്പോള്‍ ശസ്ത്രക്രിയാപ്രധാനമായ ശല്യചികിത്സ വേണ്ടിവരും. ചികിത്സാരീതിയെ ആയുര്‍വേദം രണ്ടായി വിഭജിച്ചിട്ടുണ്ട് - ശോധനവും ശമനവും. ഔഷധം കൊണ്ടു ശമിപ്പിക്കാനാവാത്ത രോഗത്തെ പുറത്തുകളയലാണ് ശോധന ചികിത്സ, ഔഷധം കൊണ്ട് രോഗം മാറുന്നത് ശമനചികിത്സയും. ശോധനത്തിന് അഞ്ചു രീതികളുണ്ട് - വമനം, വിരേചനം, വസ്തി, രക്തമോക്ഷം, നസ്യം. പഞ്ചകര്‍മങ്ങള്‍ എന്നറിയപ്പെടുന്നത് ഇവയാണ്. ശമനചികിത്സ ഏഴു വിധം - ദീപനം, പായനം, ക്ഷുത്ത്, തൃഷ്ണ, വ്യായാമം, മാരുതം.

   ഔഷധങ്ങള്‍ രണ്ടു തരമുണ്ട് - ഊര്‍ജസ്കരവും, രോഗഘ്‌നവും. യൗവനം നിലനിര്‍ത്തി വാര്‍ധക്യത്തെ അകറ്റുന്ന രസായന ചികിത്സയിലും ലൈംഗികശേഷി കൂട്ടുന്ന വാജീകരണചികിത്സയിലും ഉപയോഗിക്കുന്ന ഔഷധങ്ങളാണ് ഊര്‍ജസ്കരങ്ങള്‍. രോഗം ശമിപ്പിക്കുന്ന ഔഷധങ്ങള്‍ രോഗഘ്‌നം എന്ന വിഭാഗത്തില്‍പ്പെടുന്നു.

   ത്രിദോഷങ്ങള്‍

   ആയുര്‍വേദത്തിലെ അടിസ്ഥാന ദര്‍ശനങ്ങളിലൊന്നാണ് ത്രിദോഷസിദ്ധാന്തം. വാതം, പിത്തം, കഫം എന്നിവയാണ് മൂന്നു ദോഷങ്ങള്‍. ശരീരത്തിന്റെ അടിസ്ഥാന പ്രക്രിയകളായ ക്ഷപണം (ക്ഷയിപ്പിക്കുന്നത്) പചനം (ദഹിപ്പിക്കുന്നത്), പോഷണം (പോഷിപ്പിക്കുന്നത്) എന്നിവയെ നിര്‍വഹിക്കുന്ന ത്രിദോഷങ്ങള്‍. ദോഷം എന്ന വാക്കിന് കേട്, ഉപദ്രവം എന്ന അര്‍ത്ഥങ്ങളല്ല ആയുര്‍വേദത്തിലുള്ളത്. ശരീരത്തെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ തന്നെയാണവ. 'പ്രവര്‍ത്തിപ്പിക്കുന്നത്' എന്നും 'ദുഷിപ്പിക്കുന്നത്' എന്നും അര്‍ത്ഥമുണ്ട് ഈ വാക്കിന്. ശരീരഘടകങ്ങളായ ദ്രവ്യങ്ങളാണ് ദോഷങ്ങള്‍. മനുഷ്യശരീരത്തിന്റെ ഉത്പത്തിക്കുപോലും കാരണം ത്രിദോഷങ്ങളാണെന്ന് സുശ്രുതന്‍ പറയുന്നു. അവയുടെ ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങള്‍ക്കു കാരണം. ഓരോ ദോഷത്തിനും അനുസരിച്ചുള്ള ചികിത്സ കൊണ്ട് രോഗശമനമുണ്ടാക്കാം.

   ത്രിദോഷങ്ങള്‍ക്ക് രണ്ടവസ്ഥകളുണ്ട്. ശരീരസംബന്ധിയായ ധാതുരൂപവും രോഗസംബന്ധിയായ രോഗരൂപവും. ദോഷങ്ങള്‍ ഏറ്റക്കുറച്ചില്‍ കൂടാതെ ക്രമമായി ശരീരത്തില്‍ കുടികൊള്ളുമ്പോഴാണ് അവയെ ധാതുക്കള്‍ എന്നു പറയുക. ദോഷങ്ങള്‍ സമമായിരിക്കുന്ന അവസ്ഥയാണ് ആരോഗ്യത്തിനു കാരണം. ക്രമം തെറ്റിയാല്‍ രോഗങ്ങള്‍ക്കു കാരണമായി.

   ഓരോ ശരീരത്തിലും അതിന്റെ സ്വഭാവമനുസരിച്ച് നിശ്ചിതമായ അളവില്‍ വാതപിത്തകഫങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ആയുര്‍വേദസങ്കല്പം. ഓരോരുത്തരിലും അത് വ്യത്യസ്തവുമായിരിക്കും.

   ചലനം, നാശനം എന്നീ അര്‍ത്ഥങ്ങളാണ് വാതത്തിനുള്ളത്. ശരീരത്തിന്റെ ചലനശേഷിയെത്തന്നെയാണ് അതു സൂചിപ്പിക്കുന്നത്. തപിപ്പിക്കുക (ചൂടുണ്ടാക്കുക) എന്നാണ് പിത്തം എന്ന പദത്തിനര്‍ത്ഥം. ശരീരത്തിലെ ഉപാപചയ പ്രക്രിയ (ആഗ്നേയഗുണം)യെ അതു സൂചിപ്പിക്കുന്നു. ജലം കൊണ്ടു വളരുന്നത്, ജലം കൊണ്ടു പ്രയോജനപ്പെടുന്നത് എന്നീ അര്‍ത്ഥങ്ങളുള്ളതാണ് കഫം എന്ന സംജ്ഞ.

2.96610169492
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top