Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / പരിസ്ഥിതി / പശ്ചിമഘട്ടം / എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?
പങ്കുവയ്ക്കുക

എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?

കൂടുതല്‍ വിവരങ്ങള്‍

പശ്ചിമഘട്ടം

കേരളമുൾപ്പെടെ ആറ് സംസ്‌ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താപ്‌തി നദി മുതൽ കന്യാകുമാരി വരെ 1500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ടം. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്‌ധപ്പെട്ടുകിടക്കുന്നു. ലോകത്തിലെ 35 സുപ്രധാന ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും പശ്‌ചിമഘട്ടത്തിനുണ്ട്. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്‌ചിമഘട്ടം ഒട്ടേറെ നദികളുടെ പ്രഭവസ്ഥാനം കൂടിയാണ്. ചുരുക്കത്തിൽ നമ്മുടെ നിലനിൽപ്പിനാവശ്യമായ ജലവും മഴയും പ്രകൃതിവിഭവങ്ങളും എന്തിന്, ശുദ്ധവായു വരെ പ്രദാനം ചെയ്യുന്ന ഈ വിശാലമലനിരകൾ ജൈവവൈവിദ്ധ്യ സന്പന്നതയ്‌ക്കൊപ്പം നിരന്തര ഭീഷണി കൂടി ഇന്ന് നേരിടുന്നുണ്ട്.
പ്രകൃതിയും അതിനെ ചൂഷണം ചെയ്യുന്ന മനുഷ്യനും തമ്മിലുള്ള നിരന്തര സമരത്തിന്റെ യുദ്ധഭൂമിയാണ് ഇന്ന് പശ്‌ചിമഘട്ടം. പശ്‌ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ ഈ ജൈവസന്പന്ന മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അതിന്റെ നിലനിൽപ്പിന് നാൾക്കുനാൾ ഭീഷണിയുയർത്തുന്നു. കാട് ഇല്ലാതാകുന്പോൾ, പുഴ മരിച്ചുതുടങ്ങുന്പോൾ, കാട്ടിലേക്കുള്ള വഴിക്ക് വീതിയേറുന്പോൾ, കാട്ടുമൃഗങ്ങൾ പുതിയ വാസസ്ഥലം തേടി ഉൾവലിയുന്പോൾ, പരിസ്ഥിതിലോല പശ്‌ചിമഘട്ട തീരങ്ങളിൽ കോൺക്രീറ്റ് കുന്നുകൾ പൊങ്ങുന്പോൾ, ഓരോ മഴയ്‌ക്കുമൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്പോൾ, നാമറിയാതെ നമ്മുടെ കാൽക്കീഴിൽ നിന്ന് മണലും മലയും പാറക്കൂട്ടങ്ങളും അകന്നുമാറുന്പോൾ ഓർക്കണം, പശ്‌ചിമഘട്ടം അപകടഘട്ടത്തിലൂടെയുള്ള യാത്രയിലാണെന്ന്.

 

എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?

ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ്‌ പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന്‌ വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത്‌ ഈ മലനിരകളാണ്‌. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്‌. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട്‌ സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന്‌ പശ്ചിമഘട്ടമാണ്‌.

ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പിക്കുന്ന ചെടികളിൽ 27%, അതായത്‌ 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്‌. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽ പരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ, എന്ത്‌ വില കൊടുത്തും സംരക്ഷിക്കേണ്ടവയാണ്‌.

പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ്‌ പലതരം വനവാസികളുടെയും വാസസ്ഥലമാണ്‌. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരള അതിർത്തിയിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന്‌ ഉത്ഭവിക്കുന്നു. കൂടാതെ സമയം ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്‌.

 

അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെയാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ്‌ പശ്ചിമഘട്ടം.

ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ്‌ ലോകം ഇന്ന്‌ പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്‌.

അതിലൊരു ഭീഷണി, ജൈവവൈവിധ്യത്തിന്‌ നേരെയാണ്‌. 1920-1990 കാലയളവിൽ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യ ജാലങ്ങൾ നാശോന്മുഖമായതായി പല പഠനങ്ങളും കാണിക്കുന്നു.

മറ്റൊന്ന്‌ ``വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്‌. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെ യൊക്കെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌.

നവലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്‌.

സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന്‌ കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തുതുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിതസംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതിത്തകർച്ചയുടെ ഭാഗമാണിത്‌. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ്‌ ഇവ അഴുക്കുചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതിയാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്‌.

ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത്‌ നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ - ഇവയൊക്കെ നടക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റശ്രമത്തെയും പ്രതിരോധിക്കണം.

അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്‌. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട്‌ തൽപ്പരകക്ഷികൾ കടന്നാക്രമണങ്ങൾ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌, പശ്ചിമ ഘട്ടസംരക്ഷണത്തിനായി കുറേക്കൂടി ശാസ്‌ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിനെ ചുമതല പ്പെടുത്തുന്നത്‌.

ഗാഡ്‌ഗിൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. 2010 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഒരു കൂട്ടായ്‌മയിലാണ്‌ അന്നത്തെ വനം- പരിസ്ഥിതിമന്ത്രി കമ്മിറ്റിയുടെ നിയമനം പ്രസ്‌താവിച്ചത്‌.

ഗാഡ്‌ഗിലിനോട്‌ ആവശ്യപ്പെട്ടത്‌

പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളുടെയും സംരക്ഷണത്തിനായി ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്‌.

 1. പശ്ചിമഘട്ടത്തിന്റെ തൽസ്ഥിതി വിലയിരുത്തുക.
 2. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങളെ വേർതിരിക്കുക.
 3. പശ്ചിമഘട്ടപ്രദേശങ്ങളുടെ സംരക്ഷണം, പുനരുജ്ജീവനം എന്നിവയ്‌ക്കായി മാർഗരേഖകൾ തയ്യാറാക്കുക.
 4. പ്രത്യേക പരിസ്ഥിതി ലോല മേഖലകളെ തരംതിരിക്കാനുള്ള നയപരിപാടികൾ നിർദേശിക്കുക.
 5. പശ്ചിമഘട്ട വികസന അഥോറിറ്റിക്ക്‌ വേണ്ട നടപടിക്രമങ്ങൾ നിർ ദേശിക്കുക.
 6. വിവിധ വികസനമേഖലകളിലെ മറ്റു പ്രശ്‌നങ്ങൾ.
 7. അതിരപ്പള്ളി ഉൾപ്പെടെയുള്ള പദ്ധതികളെപ്പറ്റിയുള്ള അഭിപ്രായം. (വിശദാംശങ്ങൾക്ക്‌ അനുബന്ധം ഒന്ന്‌ കാണുക)

2011 സെപ്‌റ്റംബറിൽ ഗാഡ്‌ഗിൽ സമിതി അതിന്റെ റിപ്പോർട്ട്‌ സമർപ്പിച്ചു. പശ്ചിമഘട്ടത്തിലെ ആറ്‌ സംസ്ഥാനങ്ങളിൽ ഒരു വർഷത്തോളം നീണ്ടു നിന്ന തെളിവെടുപ്പുകൾ നടത്തിയും പരിസ്ഥിതിസംഘടനകളും വികസന വകുപ്പുകളും ശാസ്‌ത്രസാങ്കേതികസമൂഹവുമായൊക്കെ സംവദിച്ചും, സാങ്കേതികചർച്ചകളും അഭിപ്രായരൂപീകരണങ്ങളും നടത്തിയുമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീ കരിക്കാം

 1. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുക. അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുക.

 

 1. ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത്‌ അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന്‌ പരിസ്ഥിതിലോല മേഖല' (Ecologically Sensitive Zone - ESZ 1, 2, 3 എന്നിങ്ങനെ)കളായി തരംതിരിക്കുക.
 1. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA) രൂപീകരണം, അതിന്റെ സംസ്ഥാന/ജില്ലാതലരൂപങ്ങൾ.
 1. അതിരപ്പള്ളി പദ്ധതിക്ക്‌ അംഗീകാരം നൽകേണ്ടതില്ലെന്ന നിഗമനം.
 1. മൂന്ന്‌ തരം ESZകളിലും മനുഷ്യഇടപെടൽ വഴി നടക്കുന്ന പ്രവർത്തനങ്ങളെ, ``ചെയ്യാവുന്നത്‌, ``പാടില്ലാത്തത്‌ എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്‌-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ്‌ പ്രധാനമായും പരിഗണിച്ചത്‌.

ഇവയെല്ലാം ഒരു കമ്മറ്റിയുടെ നിർദേശങ്ങൾ മാത്രമാണ്‌. ഈ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.

കേരളത്തിലെ മൊത്തം 62 താലൂക്കുകളിൽ 25 എണ്ണത്തിലാണ്‌ അതിന്റെ വിസ്‌തീർണത്തിന്റെ പകുതിയിലധികം ഭാഗം വിവിധ ESZകളിൽ വരുന്നത്‌ - ESZ1ൽ 15, ESZ2ൽ 2, ESZ3ൽ 8.

ഈ താലൂക്കുകളുടെ എല്ലാ ഭാഗവും ESZ മേഖലകൾ അല്ല. ഏതൊക്കെ പ്രദേശങ്ങൾ എന്നത്‌ പ്രാദേശികാടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതാണ്‌.

ഇത്‌ കാണിക്കുന്നത്‌ പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പരിസ്ഥിതി ലോലപ്രദേശമായാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവിടുത്തെ എല്ലാ പ്രദേശങ്ങളെയും കമ്മറ്റി ഒരേപോലെയല്ല പരിഗണിക്കുന്നത്‌ എന്നാണ്‌.

ജൈവസവിശേഷതകൾ, ഉയരം, ചെരിവ്‌, കാലാവസ്ഥ, പ്രകൃതിക്ഷോഭ സാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്ത്‌ ഇന്നയിന്ന കാര്യങ്ങൾ ആവാം, ഇന്നയിന്ന കാര്യങ്ങൾ പാടില്ല എന്ന്‌ നിർദേശിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഒരു സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുകയാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌.

 

ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്‌. വനംവകുപ്പിന്റെ പരിസ്ഥിതി ദുർബല പ്രദേശങ്ങളും (EFL) ഗാഡ്‌ഗിൽ കമ്മറ്റിയിലെ പരിസ്ഥിതിലോല പ്രദേശങ്ങളും (ESZ) വ്യത്യസ്‌തമാണ്‌. വനംവകുപ്പിന്റെ ദുർബലപ്രദേശങ്ങളിൽ ജനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുന്നില്ല. അത്‌ അങ്ങനെതന്നെ തുടരണമെന്നാണ്‌ ഗാഡ്‌ഗിലും നിർദേശിക്കുന്നത്‌. എന്നാൽ, കമ്മറ്റി നിർദേശിച്ച എല്ലാ പരിസ്ഥിതിലോല പ്രദേശങ്ങളിലും ജനകീയ ഇടപെടൽ അനുവദിക്കുന്നുണ്ട്‌ ; നിയന്ത്രണങ്ങൾക്ക്‌ വിധേയമായി എന്നുമാത്രം.

ഗാഡ്‌ഗിൽ കമ്മിറ്റി ഒരിടത്ത്‌ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നിർദേശിക്കുന്നില്ല.

ഗാഡ്‌ഗിൽ ചെയ്‌തതെന്ത്‌?

ഗാഡ്‌ഗിൽകമ്മിറ്റി ആദ്യം ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണയിക്കുകയാണ്‌. ഇതിന്‌ മുഖ്യമായും ആധാരമാക്കുന്നത്‌ ഫോറസ്റ്റ്‌ സർവേ ഓഫ്‌ ഇന്ത്യയുടെ ഭൂപടമാണ്‌. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും വനത്തിന്റെ വ്യാപ്‌തിയുമാണ്‌ ഇതിനായി പരിഗണിച്ചത്‌. ഡക്കാൻ പീഠഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നുനിൽക്കുന്നത്‌ പൊതുവിൽ 500 മീറ്റർ ഉയരത്തിൽ നിന്ന്‌ ആയതിനാൽ ഇതാണ്‌ കിഴക്കേ അതിർത്തിയായി കണക്കാക്കുന്നത്‌. പടിഞ്ഞാറുഭാഗത്ത്‌ പർവതനിരകൾ സമുദ്ര തീരത്തേയ്‌ക്ക്‌ ചെരിഞ്ഞുകിടക്കുന്നതിനാൽ 150 മീറ്ററിലധികം ഉയര ത്തിലുള്ള വനപ്രദേശമാണ്‌ പടിഞ്ഞാറേ അതിർത്തി. തെക്ക്‌ കന്യാകുമാരി മുതൽ വടക്ക്‌ തപതി നദിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമ ഘട്ടം. ഇത്‌ തമിഴ്‌നാട്‌, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ഏകദേശ വിസ്‌തൃതി 1,65,000 ച.കി.മീ. കൂടിയ വീതി 210 കി.മീ.(തമിഴ്‌നാട്ടിൽ) ; കുറഞ്ഞത്‌ 48 കി.മീ. (മഹാരാഷ്‌ട്രയിൽ). നീളം ഏതാണ്ട്‌ 1500 കി.മീ.

സമിതി രണ്ടാമത്‌ ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്‌. 25 കോടി ജനങ്ങളുടെ ജീവജലസ്രോതസ്സ്‌, ആഗോള പ്രധാനമായ ജൈവ കലവറ, പ്രാദേശികസമ്പദ്‌ഘടനയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാനമാണെന്ന്‌ സമിതി വിലയിരുത്തി. കൃഷിയും ഖനനവും, മണലൂറ്റും, പാറപൊട്ടിക്കലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗത്തിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്‌. ഈ `വികസന' വഴികൾ പ്രകൃതിസമ്പത്തിന്‌ വലിയ നാശം വരുത്തി. അത്‌ ആത്യന്തികമായി ജനജീവിതത്തിൽ പ്രതിസന്ധികളായി പടരുകയും ചെയ്‌തു.

വികസനവും പരിസ്ഥിതി പരിപാലനവും മനുഷ്യരെ ഒഴിവാക്കിക്കൊണ്ടാണ്‌ നടക്കുന്നതെന്ന്‌ നിരീക്ഷിച്ച സമിതി, ജനകീയപങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്‌.

പശ്ചിമഘട്ടത്തെ തൊട്ടു കൂടാത്തതും, തോന്നുംപടി കയറി ഇറങ്ങാവുന്നതുമായ രണ്ട്‌ കളങ്ങളിലായി തിരിച്ച്‌ കടുത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയല്ല ഗാഡ്‌ഗിൽ സമിതി ചെയ്‌തത്‌. കാലദേശാനുസരണമായി, പ്രദേശവാസികളുടെ പൂർണ്ണ പങ്കാളിത്തത്തോടെ നിശ്ചയിക്കാവുന്ന പരിപാലന-വികസന സമീപനങ്ങളാണ്‌ വേണ്ടതെന്നായിരുന്നു ഗാഡ്‌ഗിൽ സമിതിയുടെ നിഗമനം. അതിനാൽ, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച്‌ വകതിരിവുള്ള പങ്കാളിത്ത വികസന പരിപാലന മാതൃകയ്‌ക്കാണ്‌ കമ്മിറ്റി ഊന്നൽ നൽകിയത്‌. കാര്യങ്ങൾ അടിച്ചേൽപ്പിക്കുക എന്നതായിരുന്നില്ല സമീപനം.

ഇത്തരം വിചിന്തനങ്ങളുടെ അടിസ്ഥാനത്തിൽ, പശ്ചിമഘട്ട മേഖലയാകെ, പരിസ്ഥിതിലോല മേഖലയാണ്‌ എന്നതായിരുന്നു സമിതിയുടെ വിലയിരുത്തൽ. സൂക്ഷ്‌മകീടങ്ങളുടെ അനന്തതയടക്കം നാനാജാതി സസ്യ-ജന്തുവൈവിധ്യവും അവയിൽ പലതിന്റെയും തനിമയും പശ്ചിമ ഘട്ടത്തെ ഒന്നാകെ സവിശേഷമാക്കുന്നുണ്ട്‌. പരിസ്ഥിതിലോലാവസ്ഥ നിർണ്ണയിക്കുന്നതിന്‌ കേന്ദ്രസർക്കാർ നേരത്തെ നിയോഗിച്ചിരുന്ന പ്രണാബ്‌ സെൻ സമിതിയുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്‌ ഗാഡ്‌ഗിൽ സമിതിയും പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയത്‌.

എന്നാൽ പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭൂവിനിയോഗത്തിന്‌ ഒരേ രീതിയല്ല കമ്മിറ്റി നിർദേശിച്ചതെന്ന്‌ നേരത്തെ സൂചിപ്പിച്ചല്ലോ. ഓരോ സ്ഥലത്തെയും സവിശേഷതകൾക്കനുസരിച്ച്‌ അവിടത്തെ പ്രവർത്തനങ്ങൾക്ക്‌ ചില നിബന്ധനകൾ വയ്‌ക്കുകയാണ്‌ ചെയ്‌തത്‌. പ്രദേശവാസികളെയും കൃഷിയെയും എല്ലാം ഇറക്കി വിട്ട്‌ പ്രകൃതി പരിപാലനം നടത്താം എന്നൊന്നും ഒരിടത്തും സമിതി പറഞ്ഞിട്ടില്ല.

മറിച്ച്‌ പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന മനുഷ്യർക്കും മണ്ണിനും - ഇന്നത്തെ മാത്രമല്ല നാളത്തെയും - സുസ്ഥിരനന്മ ലക്ഷ്യമിടുന്ന, പരിപൂർണ്ണ പങ്കാളിത്തത്തോടെയുള്ള, സ്വയം നിർണ്ണയിക്കുന്ന, അച്ചടക്കവും ചിട്ടയും വേണമെന്നതാണ്‌ കമ്മിറ്റിയുടെ നിയന്ത്രണ നിർദ്ദേശങ്ങളുടെ കാതൽ.

ഈ രീതിയിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലത നിർണയി ക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി വേർതിരിവ്‌ നടത്തുന്നതിനും സഹായകമായ ഒരു രീതിശാസ്‌ത്രം കമ്മിറ്റി രൂപ പ്പെടുത്തിയെടുക്കുകയായിരുന്നു.

 

(1) അടിസ്ഥാനവിവരങ്ങൾ ശേഖരി ക്കുക

(2) അതിന്റെ അടിസ്ഥാനത്തിൽ മേഖലാവൽക്കരണം നടത്തുക

(3) ഓരോ മേഖലയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡ ങ്ങൾ ആവിഷ്‌കരിക്കുക -

ഇങ്ങനെ മൂന്ന്‌ തലങ്ങളിലായാണ്‌ സമിതി ഇക്കാര്യം നിർവഹിച്ചത്‌.

 

ഇതിനായി ഭൂമിയുടെ കിടപ്പ്‌, ഉയരം, താഴ്‌ച, വൃക്ഷസാന്നിധ്യം, ജൈവസമ്പന്നത മുതലായവ സംബന്ധിച്ച്‌ പര മാവധി വിവരങ്ങൾ ശേഖരിച്ച്‌ ഉപയോഗിക്കുകയായിരുന്നു. ഈ വിവരങ്ങളെ കോർത്തിണക്കി 2200-ഓളം ചെറിയ പഠനപ്രദേശങ്ങൾ (ഗ്രിഡുകൾ) സമിതി കണ്ടെത്തുകയായിരുന്നു. ഈ ഗ്രിഡുകൾ നിലവിലുള്ള ജലസ്രോതസ്സുകളുടെയോ ഭരണയൂണിറ്റുകളുടെയോ അതേ അതിർത്തി തന്നെ ഉള്ളവ ആയിക്കൊള്ളണമെന്നില്ല.

പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്‌.

 1. ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ - വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം.
 1. ഭൗമഘടകങ്ങൾ - ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ.
 1. സാമൂഹികഘടകങ്ങൾ - ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെ.

ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ വിവിധ പാരി സ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു. (ഈ രീതിശാസ്‌ത്രത്തെ കൂടുതൽ ചർച്ചയ്‌ക്കായി ഒരു പ്രത്യേക പ്രബന്ധമായിത്തന്നെ `കറന്റ്‌ സയൻസ്‌' മാസികയിൽ പ്രസിദ്ധീകരിച്ചു.)

വ്യത്യസ്‌ത പരിസ്ഥിതി മേഖലകളിൽ (ESZ) പെടുന്ന താലൂക്കുകൾ സംബന്ധിച്ച പൊതുചിത്രം കമ്മിറ്റി നൽകിയിരുന്നു. എന്നാൽ ഈ വിഭജനത്തിന്റെ അന്തിമരൂപം വിവിധ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിൽ ജനങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം നിർണ്ണയിക്കണം എന്ന്‌ വ്യക്തമായി തന്നെ സമിതി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ മേഖലാവിഭജനം നടത്തുന്നതും അവയുടെ പരിപാലനം ആസൂത്രണം ചെയ്യുന്നതും ആശാസ്യമല്ല എന്നും ജനപങ്കാളിത്തത്തോടെയുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടതെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്‌.

ഓരോ മേഖലയിലും പുലർത്തേണ്ട ചിട്ടകൾ സംബന്ധിച്ച നിർദേശങ്ങളും കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതി പ്രാധാന്യമനുസരിച്ച്‌ നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്‌. യഥാർത്ഥത്തിൽ ഗാഡ്‌ഗിൽ സമിതി പുത്തൻ നിയന്ത്രണങ്ങളോ ചട്ടങ്ങളോ കൊണ്ടുവരികയല്ല ചെയ്‌തത്‌. നിലവിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി മുന്നോട്ടുവച്ചത്‌.

എന്നാൽ ഇന്ന്‌ നിയമവും ചട്ടവും കർശനമാക്കുന്നതിനെതിരെ നിക്ഷിപ്‌തതാൽ പര്യക്കാർ ഉറഞ്ഞുതുള്ളുകയാണ്‌.

പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരണം സംബന്ധിച്ച വിശദാംശങ്ങളാണ്‌ റിപ്പോർട്ടിലെ മറ്റൊരു ഭാഗം. ഈ അഥോറിറ്റി ഗാഡ്‌ഗിൽ സമിതിയുടെ നിർദേശമല്ല. അഥോറിറ്റി കേന്ദ്രസർക്കാർ നിർദേശമാണ്‌. അത്‌ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നിർദേശിക്കുക മാത്രമായിരുന്നു സമിതിയുടെ ചുമതല. സർക്കാർ വകുപ്പുകൾക്ക്‌ സമഗ്രമായൊരു പാരിസ്ഥിതികവീക്ഷണത്തോടെ ഇടപെടാനോ, ശാസ്‌ത്രീയ വിജ്ഞാനത്തിന്റെ അടിത്തറയിൽ തീരുമാനങ്ങൾ എടുക്കാനോ കഴിയാത്ത സാഹചര്യത്തിലാണ്‌ ഇത്തരമൊരു അഥോറിറ്റി സംബന്ധിച്ച നിർദേശം വന്നത്‌. ജനപ്രതിനിധികളുടെയും ജനാധിപത്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയുമുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി സമർപ്പിച്ചത്‌. എങ്കിലും ഇക്കാര്യം ഇനിയും ചർച്ചചെയ്യേണ്ടതാണ്‌.

അതിരപ്പള്ളി ജലവൈദ്യുതപദ്ധതി പ്രത്യേകമായി പരിഗണിക്കണമെന്ന്‌ കേന്ദ്രസർക്കാർ സമിതിയോട്‌ ആവശ്യപ്പെടുകയായിരുന്നു. ജൈവ വൈവിധ്യം, ആദിവാസികൾ, കുടിവെള്ളം, പരിസ്ഥിതി, ജലസേചനവും കൃഷിയും - എല്ലാറ്റിനെയും ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കും അതിരപ്പള്ളി പദ്ധതിയെന്നും അതിന്റെ നിർദ്ദിഷ്‌ടശേഷി കൈവരിക്കുക സാധ്യമാകില്ലെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അത്‌ ഉപേക്ഷിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുകയായിരുന്നു.

വിമർശനങ്ങളിലൂടെ

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

പൊതുഭൂമി സ്വകാര്യവ്യക്തികൾക്ക്‌ കൈമാറരുത്‌ എന്ന ശുപാർശ, 1977-ന്‌ മുൻപ്‌ കുടിയേറിയവർക്ക്‌ പട്ടയം നൽകുന്നതിന്‌ പോലും തടസ്സമാകും എന്ന്‌ വ്യാഖ്യാനിക്കപ്പെട്ടു. അങ്ങനെ റിപ്പോർട്ടാകെ അതിദ്രുതം ജനവിരുദ്ധമായി. വാസ്‌തവത്തിൽ 1977ന്‌ മുമ്പ്‌ കുടിയേറിയവരെപ്പറ്റിയായിരുന്നില്ല, ഇപ്പോഴും `കയ്യേറ്റം' നടത്തുന്നവരെപ്പറ്റിയായിരുന്നു റിപ്പോർട്ടിലെ പരാമർശം.

ESZ1ൽ `വികസനം' നിലയ്‌ക്കും, താമസക്കാർ പുറത്താകും, എന്നതായിരുന്നു മറ്റൊരു വിമർശനം (റിപ്പോർട്ടിലെവിടെയും ഇത്തരം പരാമർശമില്ല). രാസവള, കീടനാശിനി നിയന്ത്രണം കൃഷിയുടെ നടുവൊടിക്കും, റോഡും സ്‌കൂളും ആശുപത്രിയുമൊന്നും കെട്ടാൻ പറ്റില്ല. പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയാൽ നിർമ്മാണമേഖല തകരും. ടൂറിസം മേഖല താറുമാറാകും, ശബരിമല തകരും... ജലവൈദ്യുതപദ്ധതികൾക്കും ഡാമുകൾക്കുമെതിരെയുള്ള ശുപാർശകൾ കേരളത്തെയാകെ ഇരുട്ടിലാഴ്‌ത്തും എന്നിങ്ങനെ പോകുന്നു വിമർശനം.

ഞായറാഴ്‌ച കുർബാനകളിൽ ഇടയലേഖനങ്ങൾ വന്നു. രാഷ്‌ട്രീയയോഗങ്ങളിൽ പോലും ഇത്‌ ആവർത്തിച്ചു. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്നും വരെ വിമർശിക്കപ്പെട്ടു.

എന്താണ്‌ വസ്‌തുത

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭാവി തകർക്കുന്നതാണോ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ? അത്‌ വിശദമായി പരിശോധിച്ചാൽ ഈ പ്രചാരണത്തിന്റെ ഉള്ളുകള്ളികൾ നന്നായി ബോധ്യപ്പെടും.

വാസ്‌തവത്തിൽ നമ്മുടെ നാടിന്റെ സുസ്ഥിരവും സമതുലിതവുമായ സാമൂഹിക-സാമ്പ ത്തിക ഭാവിയെയാണ്‌ റിപ്പോർട്ട്‌ ലക്ഷ്യം വയ്‌ക്കുന്നത്‌.

 

അതിദ്രുത ലാഭത്തെയും അതിനെ ചുറ്റിപ്പറ്റി വളരുന്ന കമ്പോളരൂപങ്ങളെയും അത്‌ തള്ളിക്കളയുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. ESZ നിർണ്ണയത്തിനും പരിപാലനത്തിനും സർക്കാർ സംവിധാനങ്ങളെ സമ്പൂർണമായി ആശ്രയിക്കുന്നത്‌ ആശാസ്യമാണെന്ന്‌ സമിതി കരുതുന്നില്ല. നീർത്തടങ്ങളെയും ഗ്രാമാതി ർത്തികളെയുമെല്ലാം കണക്കിലെടുത്ത്‌ ESZകളുടെ അന്തിമനിർണ്ണയം (സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റുപാട്‌ അടക്കം), പരിപാലനരീതികൾ, എന്നിവയെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാകണം. ഈ പ്രക്രിയയ്‌ക്ക്‌ പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി ചുമതല വഹിക്കും - ഇതാണ്‌ റിപ്പോർട്ടിലെ ശ്രദ്ധേയമായ പരാമർശം.

ഗ്രാമസഭ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ തങ്ങളുടെ നിർദേശങ്ങൾ ഇണക്കിച്ചേർക്കണമെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. യഥാർത്ഥത്തിൽ കൃഷിക്കും കർഷകനും വേണ്ടിയുള്ള റിപ്പോർട്ടാണ്‌ ഇത്‌. കാർഷികഭൂമി കാർഷികേതര കച്ചവടങ്ങൾക്ക്‌ കൈമാറരുത്‌ എന്ന്‌ പറയുന്നത്‌ ഇതിനുള്ള ഉദാഹരണമാണ്‌. കർഷകന്റെ, കർഷകത്തൊഴിലാളിയുടെ, വരുമാനം കുറവാണെന്നതിനാൽ ഈ മേഖലയ്‌ക്ക്‌ പല വിധ പ്രോത്സാഹനവും സാമ്പത്തികസഹായവും നൽകണമെന്ന്‌ പറയുന്നുണ്ട്‌. അതായത്‌, ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണം. ESZ1ൽ 5 വർഷത്തിനകവും, ESZ2ൽ 8 വർഷത്തിനകവും, ESZ3ൽ 10 വർഷത്തിനകവും രാസകീടനാശിനി, രാസവളങ്ങൾ എന്നിവ ഒഴിവാക്കണം.

300 ചെരിവുള്ള സ്ഥലങ്ങളിൽ ഹ്രസ്വകാലവിളകൾക്കുപകരം ദീർഘകാലവിളകൾ നടണം. മണ്ണൊലിപ്പ്‌ തടയുന്നതിന്‌ ഇത്‌ അനിവാര്യമാണ്‌. കൃഷിയും കർഷകരും നാടിന്‌ നൽകുന്ന നന്മകൾ കണക്കിലെടുത്ത്‌ പ്രോത്സാഹനങ്ങൾ എർപ്പെടുത്തണം.

കൃഷി തളർച്ചയിലായതോടെ സമ്പദ്‌ഘടനയുടെ `താങ്ങായി' ടൂറിസം മാറുന്നുണ്ട്‌. എന്നാൽ അനിയന്ത്രിതമായ ടൂറിസം വികസനം അപരിഹാര്യമായ പരിസ്ഥിതി തകർച്ചയ്‌ക്ക്‌ വഴി വച്ചിട്ടുണ്ട്‌. നമ്മുടെ നാടിന്റെ തനിമകൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ടൂറിസവും സ്ഥായിയായി വികസിക്കില്ല. കാടും പുഴയും വയലും കുന്നും കടൽത്തീരവുമെല്ലാം സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ പിന്നെ എന്താണ്‌ കാണാനുണ്ടാകുക? പരിസ്ഥിതിപരിപാലനം വിനോദ സഞ്ചാരമേഖലയുടെ സ്ഥായിയായ വികസനത്തിനും അനിവാര്യമാണ്‌.

ഡാമുകൾ പൊളിക്കാൻ സമിതി ശുപാർശ ചെയ്‌തിട്ടില്ല. ഏറെ ചർച്ചയ്‌ക്കുകാരണമായ ഒരു ഭാഗമാണിത്‌. കാലം കഴിഞ്ഞ, ഉപയോഗപ്രദമല്ലാത്ത ഡാമുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കണം എന്നതാണ്‌ നിർദേശം. ഇതാണ്‌ ഡാമുകൾ `പൊളിക്കൽ' ആക്കി മാറ്റിയത്‌. ഡാമുകൾ ഉപയോഗപ്രദമാക്കാനുള്ള വഴികൾ തേടുകയാണ്‌ വേണ്ടത്‌.

ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും സുസ്ഥിരവും കാര്യക്ഷമവുമായ നിരവധി നിർദേശങ്ങൾ കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്‌. ESZ1ൽ 10 MW വരെയും ESZ2ൽ 25 MW വരെയും ESZ3ൽ 25 MWൽ കൂടുതലും ശേഷിയുള്ള വൈദ്യുത നിലയങ്ങളാകാമെന്നാണ്‌ റിപ്പോർട്ടിലെ ശുപാർശ. ജലവൈദ്യുത നിലയങ്ങൾക്ക്‌ കർശനമായ പരിസ്ഥിതി പരിശോധന വേണമെന്നുണ്ട്‌. ഇത്‌ ഇന്ന്‌ ആരും തള്ളിക്കളയുമെന്ന്‌ തോന്നുന്നില്ല.

എന്നാൽ ESZ1ൽ നിലവിലുള്ള പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം നിർദേശിച്ചിട്ടുണ്ട്‌. ഇവിടെ പുതിയ മടകൾക്കും മണലൂറ്റിനും അനുമതി നൽകാൻ പാടില്ല. പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്‌, നിയമം പാലിച്ച,്‌ മാത്രമേ മറ്റു മേഖലകളിലും പാറപൊട്ടിക്കാനും മണലൂറ്റാനും പാടുള്ളു. മാത്രമല്ല, അനധികൃത മണലൂറ്റും പാറമടകളും അടച്ചുപൂട്ടണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നുമുണ്ട്‌.

അതിവേഗ സാമ്പത്തികനേട്ടത്തിനായി നിയമത്തെ നോക്കുകുത്തിയാക്കി പാറമടകൾ പ്രവർത്തിക്കുന്നത്‌ തടയുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ തിരുത്ത്‌

സഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിവാദമായപ്പോഴാണ്‌ അത്‌ നടപ്പാക്കുന്നതിനെപ്പറ്റി പഠിച്ച്‌ നിർദേശങ്ങൾ നൽകുന്നതിനായി ഡോ.കസ്‌തൂരിരംഗൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്‌. കമ്മിറ്റിയോടാവശ്യപ്പെട്ട കാര്യങ്ങൾ,

 1. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ സമഗ്രമായി പരിശോധിക്കുക.
 2. ജൈവവൈവിധ്യവും പരിസ്ഥിതിയും പശ്ചിമഘട്ടപ്രദേശത്തിന്റെ സാംസ്‌കാരിക-സാമൂഹികവളർച്ചയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.
 3. ആദിവാസി-വനവാസി താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകുക.
 4. പശ്ചിമഘട്ടത്തിന്‌ കൈവന്ന ആഗോളപൈതൃകപദവി അതിന്റെ വികസനത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കും എന്ന്‌ വിലയിരുത്തുക.
 5. പശ്ചിമഘട്ട വികസനത്തെ കേന്ദ്ര-സംസ്ഥാനബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.
 6. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുക. തുടർ നടപടികൾ നിർദേശിക്കുക.

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ നിയമനോദ്ദേശം അതിന്റെ പരിഗണനാ വിഷയങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്ന പ്രചാരണത്തിന്റെ സ്വാധീനമാണ്‌ പരിഗണനാവിഷയങ്ങളിൽ തന്നെയുള്ളത്‌. ഇക്കാര്യം സഫലീകരിക്കുന്ന ശുപാർശയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ചത്‌.

ഗാഡ്‌ഗിൽ റിപ്പോർട്ടിന്മേലുള്ള പൊതുപ്രതികരണം വിലയിരുത്തി കസ്‌തൂരിരംഗൻ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളുണ്ട്‌ : ഗാഡ്‌ഗിൽ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനുശേഷം പ്രതികരിച്ച (വെബ്‌സൈറ്റിൽ) 1750 പേരിൽ 81% റിപ്പോർട്ടിനെ എതിർത്തു. കസ്‌തൂരിരംഗൻ കമ്മിറ്റി രൂപീകരണത്തിനുശേഷം അഭിപ്രായമറിയിച്ച 150 പേരിൽ 105 പേരും ഗാഡ്‌ഗിൽ ശുപാർശകൾക്കെതിരായിരുന്നു. സംസ്ഥാനസർക്കാരുകളും കേന്ദ്രമന്ത്രാലയങ്ങളും എതിർപ്പുകൾ അറിയിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്‌തു. 25 കോടി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണത്തെ കുറിച്ച്‌ 1900 പേരുടെ വാക്കുകേട്ട്‌ നിഗമനത്തിലെത്തുകയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി. ആദ്യത്തെ 1750 പേരിൽ 53 ശതമാനവും ഖനനലോബിയിൽ പെട്ടവരാണെന്ന്‌ കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌.

പരിസ്ഥിതി ലോല പ്രദേശം

കസ്‌തൂരിരംഗൻ കമ്മിറ്റി പശ്ചിമഘട്ടത്തെ പൊതുവിൽ രണ്ടായി തിരിക്കുകയായിരുന്നു - സ്വാഭാവിക പ്രകൃതിമേഖല (Natural Land Scape), സാംസ്‌കാരിക പ്രകൃതിമേഖല (Cultural Land Scape) എന്നിങ്ങനെ. ഇതിൽ സ്വാഭാവിക പ്രകൃതിമേഖലയെ മാത്രമാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ദുർബലമേഖലയായി കണക്കാക്കിയത്‌.

വനമേഖലയുടെ ഛിന്നഭിന്നത (Fragmentation), ജൈവസമ്പന്നത (Biological richness) എന്നിവയെ ആധാരമാക്കിയാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ലോല മേഖലകൾ നിർണ്ണയിച്ചത്‌. പെരിയാർ കടുവസങ്കേതം പോലുള്ള സംരക്ഷിതപ്രദേശവും പൈതൃകപ്രദേശങ്ങളും കൂടി ഉൾപ്പെടുത്തിയാണ്‌ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്‌തൃതി തിട്ടപ്പെടുത്തിയത്‌.

 

ഇതുപ്രകാരം പശ്ചിമഘട്ടമേഖലയുടെ 37% മാത്രമാണ്‌ പരിസ്ഥിതി ദുർബലമേഖല. കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ 44% ആണ്‌ പരിസ്ഥിതി പ്രധാനമേഖല. ഗണ്യമായ മനുഷ്യഇടപെടൽ നടക്കുന്ന സാംസ്‌കാരിക മേഖലയെ പരിസ്ഥിതി പ്രധാനമേഖലയിൽ നിന്നും കസ്‌തൂരിരംഗൻ കമ്മിറ്റി ഒഴിവാക്കി. 63 ശതമാനം പശ്ചിമഘട്ടപ്രദേ ശത്തും ഇന്നത്തെ നിലയിൽ തന്നെ കാര്യങ്ങൾ പോകട്ടെ എന്നാണ്‌ ചുരുക്ക ത്തിൽ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശ.

പരിസ്ഥിതി പ്രധാന മേഖലയിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ ഇനി പറയുന്നവയാണ്‌.

 1. പരിസ്ഥിതി പ്രധാന മേഖലയിലെ ഖനനവും മണലൂറ്റും പാറ പൊട്ടിക്കലും നിരോധിക്കണം. നിലവിലുള്ളവ 5 കൊല്ലംകൊണ്ട്‌ ഘട്ടം ഘട്ടമായി നിർത്തണം.(അഞ്ചുകൊല്ലം തുടരാം എന്നർഥം.)
 1. മലിനീകരണമുണ്ടാക്കുന്ന `ചുവപ്പ്‌' ലിസ്റ്റിൽപെട്ട വ്യവസായങ്ങൾ പാടില്ല.

 

 1. പരിസ്ഥിതി ദുർബല മേഖലയിൽ നിന്നും വനേതര ഉപയോഗത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണം (അപ്പോൾ വനം കൈ മാറാൻ ലൈസൻസായി!)
 1. ദുർലഭകാലത്തെ നീരൊഴുക്കിന്റെ 30 ശതമാനം എങ്കിലും തടസ്സമില്ലാത്ത നീരൊഴുക്കുണ്ടാകണം,
 1. പദ്ധതികൾ തമ്മിൽ കുറഞ്ഞത്‌ 3 കി.മീറ്ററെങ്കിലും അകലമുണ്ടാകണം, ജൈവവൈവിധ്യനാശം കണക്കിലെടുക്കണം തുടങ്ങി ജലവൈദ്യുതപദ്ധതികളുടെ അനുമതിക്കായി നിബന്ധനകൾ കുറിക്കുന്ന കമ്മിറ്റി 25MWൽ കുറവ്‌ ശേഷിയുള്ള പദ്ധതികൾ കാര്യക്ഷമമല്ലെന്നും അവ പുന:പരിശോധിക്കണമെന്നുമാണ്‌ ശുപാർശ ചെയ്യുന്നത്‌. വൻകിടജലവൈദ്യുതപദ്ധതികളുടെ വക്താക്കളായി കമ്മിറ്റി മാറുകയാണ്‌.

20000 ച.മീറ്ററിലധികം (5 ഏക്കർ) വിസ്‌തൃതിയുള്ള നിർമ്മാണങ്ങൾ അനുവദിക്കരുതത്രേ! (വനംമേഖലയിൽ 20000 ച.മീറ്റർ വരെ വിസ്‌തൃതിയുള്ള നിർമ്മാണമാകാമെന്നർഥം)

ഈ കുറിപ്പടി ഒരു കാര്യം വ്യക്തമാക്കുന്നു. കനത്ത കാട്ടിലും ഭൂമി കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും വൻകിടജല വൈദ്യുത പദ്ധതികൾക്ക്‌ വേണ്ടി വാദിക്കുകയുമാണ്‌ കസ്‌തൂരി

കസ്‌തൂരിരംഗൻ റിപ്പോർട്ട്

പശ്‌ചിമഘട്ടം സംരക്ഷിക്കപ്പെടണം എന്നതിന് എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. എങ്ങനെ സംരക്ഷിക്കണം എന്നതാണ് ഇവിടെ പ്രശ്‌നം. ലോകപൈതൃകപ്പട്ടികയിൽ സ്‌ഥാനംപിടിച്ച പശ്‌ചിമഘട്ട സംരക്ഷണത്തിനായി രണ്ട് റിപ്പോർട്ടുകളാണ് അടുത്തകാലത്ത് പുറത്തുവന്നത്. ഒന്ന്, പശ്‌ചിമഘട്ട മലനിരകളുടെ സംരക്ഷണത്തെക്കുറിച്ച് നിർദ്ദേശിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ലോകപ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞൻ മാധവ് ഗാ‌ഡ്‌ഗിൽ തയ്യാറാക്കിയ റിപ്പോർട്ട്. രണ്ട്, ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ആക്ഷേപങ്ങളുയർന്ന പശ്‌ചാത്തലത്തിൽ റിപ്പോർട്ട് പഠിച്ച് നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്രസർക്കാർ നിയമിച്ച ബഹിരാകാശ ശാസ്‌ത്രജ്ഞൻ കസ്‌തൂരിരംഗൻ തയ്യാറാക്കിയ റിപ്പോർട്ട്.

പശ്‌ചിമഘട്ടത്തിന്റെ ജൈവസന്പന്നത കാത്തുസൂക്ഷിക്കാനും പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് കോട്ടംവരാതെ വരുംതലമുറയ്‌ക്ക് കൂടി ഉപകാരപ്രദമാകുംവിധം സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ള കടുത്ത നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന പശ്‌ചിമഘട്ട മേഖലയെ സംരക്ഷിക്കുന്നതിന് ഏറെ ഗുണകരമാകുമായിരുന്ന ഗാഡ്‌ഗിൽ റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളിക്കളയുകയും ആ റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ ഒരു “ബഹിരാകാശ ശാസ്‌ത്രജ്ഞ’നെ നിയോഗിക്കുകയും ചെയ്‌തതോടെ പശ്‌ചിമഘട്ട സംരക്ഷണ താത്‌പര്യത്തിൽ കരുതലോടെയുള്ള വെള്ളംചേർക്കൽ നടന്നുവെന്നല്ലേ മനസിലാക്കേണ്ടത്.
കസ്‌തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ കേന്ദ്രസർക്കാ‌ർ തീരുമാനിച്ച സാഹചര്യത്തിൽ അതിലെ സുപ്രധാന നിർദ്ദേശങ്ങൾ നാമറിയേണ്ടതുണ്ട്. പശ്‌ചിമഘട്ട മലനിരകൾ സംരക്ഷിക്കേണ്ടത് ജനങ്ങളോട് പടവെട്ടിയല്ല എന്ന് കസ്‌തൂരിരംഗൻ റിപ്പോർട്ട് പറയുന്പോൾ, ആ റിപ്പോർട്ടിൽ എത്രത്തോളം മാനുഷികത കുത്തിനിറച്ചിട്ടുണ്ട് എന്ന് വ്യക്‌തം.

കസ്‌തൂരിരംഗൻ റിപ്പോർട്ടിലെ സുപ്രധാന നിർദ്ദേശങ്ങൾ

സംസ്ഥാനത്തെ 123 വില്ലേജുകൾ (ഇവയിൽ ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് പ്രദേശം മുഴുവൻ ഉൾപ്പെടും) പരിസ്‌ഥിതി ദുർബലമേഖലയായി റിപ്പോർട്ട് നിർണയിക്കുന്നു.
പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനം, പാറപൊട്ടിക്കൽ, മണലൂറ്റൽ എന്നീ പാരിസ്ഥിതികാഘാത പ്രവർത്തനങ്ങൾ അനുവദിക്കില്ല. നിലവിലുള്ള ഖനനപ്രവർത്തനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കണം.

ഈ പ്രദേശത്ത് താപനിലയങ്ങൾ അനുവദിക്കില്ല. നിബന്‌ധനകൾക്ക് വിധേയമായി മാത്രമേ ജലവൈദ്യുത പദ്ധതികൾ അനുവദിക്കൂ. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയോട് റിപ്പോർട്ട് യോജിക്കുന്നില്ല.
20,000 ചതുരശ്രയടി മീറ്ററിൽ കൂടുതലുള്ള കെട്ടിടസമുച്ചയങ്ങളും അൻപത് ഹെക്‌ടറിൽ കൂടുതലുള്ള ടൗൺഷിപ്പുകളും അനുവദിക്കില്ല. നിലവിലുള്ളവയ്‌ക്ക് ഈ നിർദ്ദേശങ്ങൾ ബാധകമല്ല.

“റെഡ് ‘ വിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾ (വളം, കീടനാശിനി, ഇരുന്പുരുക്ക്, പെട്രോകെമിക്കൽ പോലുള്ളവ) നിരോധിക്കുന്പോൾ ഓറഞ്ച് വിഭാഗത്തിലുള്ള ഭക്ഷ്യ-പഴം ഉത്പാദനവുമായി ബന്‌ധപ്പെട്ട വ്യവസായങ്ങൾ അനുവദിക്കുന്നുണ്ട്.

കാർഷികാവശ്യങ്ങൾക്ക് രാസവളം ഉപയോഗിക്കാവുന്നതാണ്.

ഗാ‌ഡ്‌ഗിൽ റിപ്പോർട്ടിൽ വനപ്രദേശം വനേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്പോൾ കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ മുൻകരുതലോടുകൂടിയ “ഫോറസ്‌റ്റ് ഡൈവേർഷൻ’ അനുവദിക്കുന്നുണ്ട്.
ഭൂവിനിയോഗം, കൃഷി, ജലം എന്നിവയെക്കുറിച്ചൊന്നും കസ്‌തൂരിരംഗൻ റിപ്പോർട്ട് കാർഷിക വിരുദ്ധമായൊരു പരാമർശവും നടത്തുന്നില്ല.
കാർഷിക ഭൂമി കൈമാറ്റത്തിന് ഗാഡ്ഗിൽ റിപ്പോർട്ട് വ്യക്‌തമായ നിബന്‌ധനകൾ മുന്നോട്ടുവച്ചപ്പോൾ, കസ്‌തൂരിരംഗൻ റിപ്പോർട്ട് അവ ഒഴിവാക്കി, കാർഷികഭൂമി കൈമാറ്റത്തിന് മൗനസമ്മതം നൽകുന്നുണ്ട്.

മുകളിൽ പരാമർശിച്ചവയുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ, പശ്ചിമഘട്ടപരിധിയിൽ വരുന്ന പ്രദേശത്തെ ജനജീവിതത്തിനും, കാർഷികപ്രവർത്തനത്തിനും ഭൂവിനിയോഗത്തിനും കാർഷികഭൂമികൈമാറ്റത്തിനും നിലവിലുള്ളതിൽനിന്ന് യാതൊരുവിധ വ്യതിചലനവും വരുത്തുന്നില്ല എന്ന് വ്യക്തം. എന്ന് മാത്രവുമല്ല, കൃഷിരൂപാന്തരമടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇല്ലാതാക്കി കാർഷികസംരക്ഷണം ഉറപ്പാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സാധാരണക്കാരെയും കർഷകരെയും ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്ത റിപ്പോർട്ട്, വികലമായ വികസനപ്രവർത്തനങ്ങളെ മാത്രമാണ് തടയുന്നത്. ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പദ്ധതികൾ ഗ്രാമസഭകളുടെ അനുമതിയോടെ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ വ്യവസ്ഥയുണ്ട്.

കൃഷിയിടങ്ങൾ പരിവർത്തനംചെയ്ത് നിർമ്മാണപ്രവർത്തനം നടത്തുന്നവരുടെയും ഖനനം വഴി പണമുണ്ടാക്കുന്നവരുടെയും മാഫിയാസംഘങ്ങളുടെയും കച്ചവടതാത്പര്യങ്ങൾ സംരക്ഷിക്കുന്നില്ല എന്നതൊരു പോരായ്മയാണെങ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ അത്തരം പോരായ്മകൾ മുഴച്ചുനിൽക്കുന്നുണ്ട് എന്നതാണ് സത്യം. വിരോധാഭാസമായ മറ്റൊരുകാര്യം, കർഷകവിരുദ്ധമെന്ന് പറഞ്ഞ് കസ്തൂരിരംഗൻ റിപ്പോർട്ടിനെ പുച്ഛിച്ചുതള്ളുന്നവർ, പശ്ചിമഘട്ടത്തിലെ വനമേഖലയുമായി ഇഴുകിച്ചേർന്നു ജീവിക്കുന്ന ആദിമനിവാസികളെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടുന്നില്ല എന്നതാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കർഷകരെയും കൃഷിയെയും സംരക്ഷിക്കാനെന്ന മുറവിളിയിൽ, പശ്ചിമഘട്ടത്തിലേക്കുള്ള അനധികൃത കടന്നുകയറ്റത്തിനുള്ള ലൈസൻസല്ലേ കേരളം ആവശ്യപ്പെടുന്നത്? ഇത് കേവലം ദുർബലമായൊരു വാദം മാത്രമാണ്. കുട്ടനാട്ടിൽ നെൽക്കൃഷിയല്ല മറിച്ച്, വിമാനത്താവളമാണ് വേണ്ടത് എന്ന വാദം പോലെ.

ചുരുക്കത്തിൽ സമ്പൂർണ സാക്ഷരത കൈമുതലുള്ള പ്രബുദ്ധരായ മലയാളികൾ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള രണ്ട് റിപ്പോർട്ടുകളും ഒരുവട്ടമെങ്കിലും മനസിരുത്തി വായിച്ചിരുന്നെങ്കിൽ, അതിലെ ഓരോ നിർദ്ദേശത്തിന്റെയും അന്തഃസത്ത ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ, മയപ്പെടുത്തിയ കസ്തൂരിരംഗൻ റിപ്പോർട്ടിനു പകരം കുറേക്കൂടി ദൃഢമായ ഗാഡ്‌ഗിൽ റിപ്പോർട്ട് രണ്ടുകൈയുംനീട്ടി സ്വീകരിക്കുമായിരുന്നു എന്ന് ഉറപ്പാണ്. കാരണം, നമ്മുടെ തലമുറയോടൊപ്പം തീരുന്നതല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. അത് നാളെയും തുടരണം. അതിനുവേണ്ടത്, വികസനമെന്ന വാക്കിന്റെ വികലമായ നിർവചനങ്ങൾ തിരുത്തി, സുസ്ഥിരവികസനത്തിന് അടിവരയിടുകയാണ്.

ഗാഡ്‌ഗിൽ റിപ്പോർട്ട്‌; നിലപാടുകളും സമീപനങ്ങളും....

പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട പ്രൊഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ കേരളത്തിൽ വിവാദമായിരി ക്കയാണ്‌.

ഈ വിവാദത്തിന്‌ നാല്‌ തലങ്ങളുണ്ട്‌ - രാഷ്ട്രീയം, മത-സാമുദായികം, സാങ്കേതികം, നിയമപരം എന്നിങ്ങനെ.

റിപ്പോർട്ടിനെപ്പറ്റിയുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രതികരണവും നിയമസഭയിലെ ചർച്ചയുമാണ്‌ അതിന്റെ രാഷ്ട്രീയ തലത്തെ സജീവമാക്കിയത്‌. മത-സാമുദായിക ശക്തികൾ പള്ളികൾ വഴിയും മറ്റും നടത്തിയ പ്രചാരണങ്ങൾ ചർച്ചയ്‌ക്ക്‌ ഒരു സാമുദായികപരിവേഷം നൽകി.

ഗാഡ്‌ഗിൽ റിപ്പോർട്ടിനെ തുടർന്നുണ്ടായ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളിലേയ്‌ക്ക്‌ ചർച്ചകളെ നയിച്ചു.

 

ഈയിടെ ദേശീയ ഗ്രീൻ ട്രിബ്യൂണൽ', ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാത്തത്‌ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾക്ക്‌ ഇടപെടാവുന്നതാണെന്ന്‌ വിധി പ്രസ്‌താവിച്ചതോടെ നിയമകാര്യങ്ങൾക്കും പ്രാധാന്യം വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിദഗ്‌ധ സമിതി റിപ്പോർട്ട്‌ എന്നതിനപ്പുറം രാഷ്ട്രീയമാനങ്ങളുള്ള ഒരു വിഷയമായി തീർന്നിരിക്കുന്നു.

 

ഈ രാഷ്ട്രീയതലം കേരള വികസനവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുക എന്നതാണ്‌ ഈ ലഘുലേഖയുടെ ലക്ഷ്യം. ഗാഡ്‌ഗിൽ കമ്മറ്റി നിർദ്ദേശങ്ങളെ സംബന്ധിച്ചുള്ള പരിഷത്തിന്റെ നിലപാടുകളും സമീപനങ്ങളും വിശദീകരിക്കാനും ഇതിൽ ശ്രമിച്ചിട്ടുണ്ട്‌.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ചില പരിസ്ഥിതി ചിന്തകളും

കുന്തിപ്പുഴക്ക് അണകെട്ടി വൈദ്യുതിയുണ്ടാക്കാമെന്നു കേരള വൈദ്യുതി ബോര്‍ഡ് പറഞ്ഞു തുടങ്ങുന്നത് 1970കളുടെ തുടക്കത്തിലായിരുന്നു. സ്റ്റോക്ക്‌ഹോം കൊണ്‍ഫറന്‍സ് (1972) അന്ന് നടന്നുകഴിഞ്ഞിട്ടില്ല,  ‘ജൈവവൈവിധ്യം‘ എന്ന പദം തന്നെ പ്രചാരത്തില്‍ വരുന്നതേയുള്ളൂ. എന്നാല്‍ കുന്തിപ്പുഴയില്‍ അണകെട്ടുമ്പോള്‍ ചുറ്റിനും മുങ്ങുന്ന ചെറു ജീവനുകളില്‍ പലതും അതീവ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഒരു ചെറു ന്യൂനപക്ഷം മലയാളികൾക്കെങ്കിലും അന്ന് തന്നെ ഉണ്ടായിരുന്നു. കഥ പറഞ്ഞും കവിത ചൊല്ലിയും നാടൊട്ടുക്ക് ഓടി നടന്നു പരിസ്ഥിതി ക്ലബ്ബുകള്‍ക്ക് ആളെ കൂട്ടിയും ഇതിനെതിരെ തങ്ങളാലാവും വിധം ശബ്ദമുയര്‍ത്തിയ ഒരു പറ്റം ആവേശക്കാർ. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും കലാലയ വിദ്യാര്‍ഥികളും തൊഴിലാളികളും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരുടെ എണ്ണം അതീവ തുച്ഛമായിരുന്നു. എങ്കിലും അവര്‍ കേരള പൊതു ബോധത്തില്‍ ഉയര്‍ത്തിയ ഊര്‍ജ്ജം ചെറുതായിരുന്നില്ല. നിയമയുദ്ധങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവില്‍ 80 കളുടെ തുടക്കത്തില്‍ തന്നെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

ശരാശരി മലയാളിക്ക് അതുവരെ സഹ്യനെന്നാല്‍ സാഹിത്യ ബിംബവും സ്വകാര്യ അഹങ്കാരമായ കിഴക്കന്‍ തലയെടുപ്പുമൊക്കെ ആയിരുന്നെങ്കില്‍ ഈ ചെറു പ്രക്ഷോഭങ്ങള്‍ സഹ്യന്‍ അപൂര്‍വ്വ ജീവന്റെ വിളനിലമാണെന്നു കൂടി പഠിപ്പിച്ചു. മലയില്‍ മരമുണ്ടെന്നും മലയാണ്മയുടെ ജലസമൃദ്ധിയുടെ രഹസ്യം അവിടെയാണെന്നും കുറച്ചുപേരെയെങ്കിലും ഇത് ബോധ്യപ്പെടുത്തി. ഇന്ത്യ ‘ഉദാര’മാകുന്നതിനും മുന്‍പാണ്, സോവിയറ്റ് റഷ്യ അന്ന് നിലവിലുണ്ട്. ഇന്ന് കാണും പോലുള്ള ‘അതിവേഗ വികസനങ്ങൾ’ അചിന്ത്യമായിരുന്നെങ്കിലും രാഷ്ട്രീയക്കാരും കുടിയേറ്റ കോണ്ട്രാക്ടര്‍മാരും അടങ്ങുന്ന ചെറു ലോബികള്‍ തങ്ങങ്ങളാലാവും വിധം വടക്കന്‍ പര്‍വ്വതങ്ങള്‍ കാര്‍ന്നു തിന്നു കൊണ്ടിരുന്ന കാലം – 1980 കൾ

1987ല്‍ വീണ്ടുമൊരുകൂട്ടം ആവേശക്കാര്‍ വടക്കന്‍ മലകളെ രക്ഷിക്കണമെന്ന മുദ്രാവാക്യവുമായി (Save Western Ghats) ഒരു യാത്ര നടത്തി. രണ്ടു സംഘങ്ങളായി കന്യാകുമാരിയില്‍ നിന്നും നവാപ്പുരില്‍ (മഹാരാഷ്ട്ര) നിന്നും ഒരേസമയം യാത്ര തിരിച്ച് 100 ദിവസത്തോളം പശ്ചിമഘട്ടത്തിലൂടെ സഞ്ചരിച്ച് ഗോവയിലെ രാംനാഥയില്‍ സന്ധിക്കുകയാണിവര്‍ ചെയ്തത്. കേരളത്തില്‍ പശ്ചിമഘട്ടം ഒരു സാംസ്കാരിക സ്വത്വമായി രൂപപ്പെടുന്നത് ഇങ്ങിനെയൊക്കെയാണ്. രാംനാഥയില്‍ 1988 ഫിബ്രവരിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത് (അന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായിരുന്ന) മാധവ് ഗാഡ്ഗില്‍ ആയിരുന്നു. പശ്ചിമഘട്ട യാത്രയുടെ 25ആം വാര്‍ഷികം ആചരിച്ച 2012 ല്‍ തന്നെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത് കൌതുകകരമായ യാദൃശ്ചികതയാണ്.

എന്താണ് പശ്ചിമഘട്ടം?

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കിഴക്കന്‍ ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിലനില്‍ക്കുന്നത് പശ്ചിമഘട്ടത്തിലാണ്. ഇവയില്‍ ഒരു വലിയ അളവ് നാശോന്മുഖവുമാണ്. അറബിക്കടലിനു സമാന്തരമായി ‘തപി’ നദി മുതല്‍ കന്യാകുമാരി വരെ അനസ്യൂതം വ്യാപിച്ചു കിടക്കുന്ന (പാലക്കാട് ഗ്യാപ്പ് ഒഴിച്ചുനിര്‍ത്തിയാല്‍) മലനിരകളെയാണ് പശ്ചിമഘട്ടം എന്ന് വിളിക്കുന്നത്. സ്ഥല ലക്ഷണ ഭിന്നജാതീയതയും മഴലഭ്യതയിലെ വത്യാസങ്ങളും കാരണം അതി ബൃഹത്തായ ജൈവവൈവിധ്യം ഇവിടം നമുക്ക് സമ്മാനിക്കുന്നു. 645 ഓളം നിത്യ ഹരിത വന വര്‍ഗങ്ങളില്‍ 56% ത്തോളം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. 4000 വത്യസ്ഥ ഗണങ്ങളില്‍ പെടുന്ന പുഷ്പിക്കുന്ന സസ്യങ്ങള്‍, 139 സ്ഥന്യപ ജന്തുക്കള്‍, 508 പക്ഷി വര്‍ഗങ്ങള്‍, 179 ഉഭയചര ജീവികള്‍, ഇവ ഈ മലനിരളുടെ പ്രത്യേകതയാണ്. സിംഹവാലന്‍ കുരങ്ങ്, വരയാട് തുടങ്ങി ഇവിടെയുള്ള ചില ജന്തു വര്‍ഗങ്ങള്‍ മറ്റെങ്ങും കാണപ്പെടാത്തതാണെങ്കില്‍ ഏഷ്യന്‍ ആന, കടുവ, ചെന്നായ, കാട്ടുപോത്ത്, നീലഗിരി കുരങ്ങ് തുടങ്ങിയവ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഇവിടെ തന്നെ. കാര്‍ഷിക സസ്യങ്ങളുടെ അപൂര്‍വ്വ വന്യ ഉപ വര്‍ഗങ്ങള്‍ – കുരുമുളക്, പ്ലാവ്, മാവ്, വാഴ, ഏലം – ഇവയും പശ്ചിമ ഘട്ടത്തിന്റെ സവിശേഷതയാണ്.

1600 കി.മീ. ദൈര്‍ഘ്യം, ഒരു ലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരത്തി മുപ്പത്തേഴു ചതുരശ്ര കി.മീ. വിസ്തൃതി, ലോകത്തില്‍ തന്നെ 35 ‘ജൈവസമ്പുഷ്ട’ (hotspots) മേഖലകളിലൊന്ന് (അവയില്‍ പശ്ചിമഘട്ടമടക്കം 8 എണ്ണം ‘അതീവ ജൈവസമ്പുഷ്ട’ മേഖലകളാണ്), 6 സംസ്ഥാനങ്ങളിലെ 25 കോടിയോളം ജനങ്ങളുടെ കുടിവെള്ളം, ജലസേചനം തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു അത്ഭുതസ്തംഭവും പ്രകൃതിയുടെ തെക്കന്‍ ഭാരതത്തിനുള്ള വരദാനവുമാണ് പശ്ചിമഘട്ടം.

എന്തൊക്കെയാണ് പശ്ചിമ ഘട്ടം നേരിടുന്ന വെല്ലുവിളികൾ?

തോട്ടവിള കൃഷി, ഘനനം, അണക്കെട്ടുകള്‍, കുടിയേറ്റം, ടൂറിസം, റെയില്‍വേ, റോഡുകള്‍, തീര്‍ഥാടനം, മണല്‍വാരല്‍, മലിനീകരണം തുടങ്ങി മനുഷ്യ സാധ്യമായ ഇടപെടലുകളെല്ലാം  – പശ്ചിമഘട്ട മലനിരകളില്‍ ഇവയുടെ സമന്വിതാഘാതം ഇതുവരെ സത്യസന്ധമായി വിലയിരുത്തപ്പെട്ടിട്ടില്ല. മലനിരകള്‍ പങ്കിടുന്ന സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഫണ്ട്‌ ചെലവാക്കാനുള്ള ഒരുപാധിയായും വിഭവങ്ങളുടെ അക്ഷയ ഘനിയായും മാത്രം പശ്ചിമഘട്ടത്തെ കാലാകാലങ്ങളായി കണ്ടു കൊണ്ടിരുന്നു. അതീവ ലോലമായ ആവസവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളോ നാശോന്മുഖമായ ജീവ വര്‍ഗ്ഗങ്ങളോ പാരിസ്ഥിതിക ബോധം തൊട്ടു തീണ്ടാത്ത ഭരണകൂടങ്ങളെ ഒരിക്കലും അലട്ടിയിരുന്നില്ല. ഇടവിട്ടിടവിട്ട്  കേരളത്തില്‍ മുഴങ്ങി കേള്‍ക്കുന്ന അതിരപ്പള്ളി-പാത്രക്കടവ് പദ്ധതിയെക്കുറിച്ചുള്ള വൈദ്യുത വകുപ്പിന്റെ ജല്‍പ്പനങ്ങള്‍ തന്നെ പാരിസ്ഥിതിക വിഷയങ്ങളില്‍ നാം ഇപ്പോഴും എത്ര മാത്രം നിരക്ഷരരാണെന്ന വസ്തുത വിളിച്ചോതുന്നു. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ സിംഹാവലന്‍ കുരങ്ങിനും പൂമ്പാറ്റക്കും വേണ്ടി വാദിക്കുന്നവര്‍ എന്നു പരിഹാസിക്കാന്‍ ഇന്നുമിവിടെ ആളുണ്ട്. ആശ്ചര്യമില്ല – ‘അറബിക്കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് ‘എന്ന് ചോദിച്ച നിയമസഭാസാമാജികന്‍ നമുക്കുണ്ടായിരുന്നല്ലോ!

വന വിഭവങ്ങളുടെ അപൂര്‍വ്വ ഘനിയായ പശ്ചിമഘട്ട മലനിരകളെ കൊളൊണിയല്‍ കാലത്ത് ബ്രിട്ടീഷുകാരായിരുന്നു ചൂഷണം ചെയ്തുകൊണ്ടിരുന്നതെങ്കില്‍ സ്വാതന്ത്ര്യ ശേഷം വിപണി മൂല്യമുള്ള തോട്ട വിളകളുടെ കയറ്റുമതി നാണ്യത്തില്‍ കണ്ണുവെച്ച കുടിയേറ്റ കര്‍ഷകര്‍ വെട്ടിയും ഒതുക്കിയും റബ്ബറും ഏലവും വിളയുന്ന തോട്ടങ്ങളാക്കി മാറ്റുകയായിരുന്നു. വിശ്വാസ സഭയുടെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെയും ചുമലിലിരിക്കുന്ന ഇവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് ഘനന നിയന്ത്രണമാണെങ്കിലും രാത്രി യാത്രാ നിരോധനമാണെങ്കിലും പശ്ചിമഘട്ട വനമേഖലകളില്‍ വരുന്ന ഒരോ നിയന്ത്രണത്തെയും എതിര്‍ത്ത് തോല്‍പ്പിക്കുവാന്‍ ഇന്നും മുന്നിട്ടിറങ്ങുന്നത്.

നാശോന്മുഖമായ ജൈവ വൈവിധ്യത്തില്‍ ചിലത് പരമ്പരാഗത പരിരക്ഷണ മാര്‍ഗങ്ങളിലൂടെ (ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിശുദ്ധ വനങ്ങള്‍, ജല സംഭരണികള്‍, പുഴയിടങ്ങള്‍ മുതലായവ – കേരളത്തില്‍ ഇന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്ന കാവും കുളങ്ങളും ഇക്കൂട്ടത്തില്‍ പെടും) ചിലയിടങ്ങളില്‍ ഇന്നും കാര്യക്ഷമമായി പരിരക്ഷിച്ചു വരുന്നുണ്ടെന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിരീക്ഷണം2 ഈയവസരത്തില്‍ ശ്രദ്ധേയമാണ്.

എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി?

വികസനം എന്നതിനെ കുറിച്ച വികലമായ സങ്കല്‍പ്പങ്ങളാണ് സ്വാതന്ത്ര്യാനന്തര ഭാരതം കൈക്കൊണ്ടു പോന്നത്. ബൃഹദാശയങ്ങളോടുള്ള അതിര് കടന്ന പ്രേമവും വികസനം മുകളില്‍ നിന്ന് താഴോട്ടുതന്നെ ഒഴുകേണ്ടതാണെന്ന തെറ്റിദ്ധരണയും മൂലം നിലനില്‍ക്കാത്ത വികസന മാതൃകകളാണ് വിഭവ വിനിയോഗങ്ങളില്‍ നാം കാലാകാലങ്ങളായി കൈക്കൊണ്ടു വന്നത്. ശ്രീ ജയറാം രമേശ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് (2010) പശ്ചിമഘട്ട സംരക്ഷണ ജനകീയ പ്രസ്ഥാനത്തിന്റെ ക്ഷണം സ്വീകരിച്ച് കോത്തഗിരി (തമിഴ് നാട്)യില്‍ നടന്ന ഒരു പ്രകൃതി സംരക്ഷണ കൂട്ടായ്മയില്‍ വെച്ചാണ് പശ്ചിമഘട്ട പഠനത്തിനായി ഒരു പാനല്‍ രൂപീകരിക്കാന്‍ തീരുമാനമായത്. ആധുനിക നാഗരികതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടങ്ങളുടെ സവിശേഷ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് വേണം വിലയിരുത്താനെന്ന പ്രകൃതി സ്നേഹികളുടെ ഏറെ നാളത്തെ മുറവിളിയോടുള്ള പ്രതികരണമായിരുന്നു പ്രസ്തുത പാനലിന്റെ രൂപീകരണം.

സമിതിയുടെ പരിഗണനയിലുണ്ടായിരുന്ന ഉദ്ദേശങ്ങള്‍ ഇവയായിരുന്നു:

 1. മലനിരകളുടെ ഇപ്പോഴത്തെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുക.
 2. പരിസ്ഥിതി സംരക്ഷണ നിയമം അനുശാസിക്കും പ്രകാരം ‘പരിസ്ഥിതിവിലോല’ (Ecologically Sensitive) പ്രദേശങ്ങളെ വേര്‍തിരിക്കുക.
 3. പശ്ചിമ ഘട്ട സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ഉള്ള വഴികള്‍ കണ്ടെത്തുക – ഇക്കാര്യത്തില്‍ മൂല്യ ഉപഭോക്താകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തവും സഹകരണവും ചര്‍ച്ചകളിലൂടെ ഉറപ്പുവരുത്തുക.
 4. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കുക.
 5. ആവശ്യമെങ്കില്‍, (പശ്ചിമഘട്ട സംബന്ധിയായ) മറ്റ് പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിക്കുക.
 6. ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി, ഗിണ്ടിയ (കര്‍ണ്ണാടക) പദ്ധതി, സിന്ധു ദുര്‍ഗ്-രത്നഗിരി (മഹാരാഷ്ട്ര) പ്രദേശങ്ങളിലെ ഖനനം, താപനിലയങ്ങള്‍, ഗോവയിലെ ഇരുമ്പയിര് ഖനനം – ഇവ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ അവലോകനം ചെയ്യുക.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‌സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം മുന്‍ മേധാവിയും നാഷണല്‍ അദ്വൈസരി കമ്മിറ്റി (National Advisory Committee – NAC) അംഗവുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആയിരുന്നു കമ്മിറ്റി അധ്യക്ഷന്‍. മലയാളിയായ ഡോ. വി എസ് വിജയന്‍ അടക്കം കമ്മറ്റിയില്‍ മറ്റ് പതിമൂന്നംഗങ്ങള്‍. ആറു സംസ്ഥാനങ്ങളില്‍ ഒന്നര വര്‍ഷത്തോളം വിശദമായ തെളിവെടുപ്പ് നടത്തിയും പരിസ്ഥിതി സംഘടനകളും തദ്ദേശജനങ്ങളുമടങ്ങുന്ന പൊതുസമൂഹത്തിനോട് തുടര്‍ച്ചയായി സംവദിച്ചും ശാസ്ത്രവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും സര്‍ക്കാരുകളുടെ വികസന വകുപ്പുകളുമായി കൂടിക്കാഴ്ചകള്‍ ചെയ്തും വിസ്തരിച്ചു തന്നെയാണ് ഈ പാനല്‍ 522 പേജ് വരുന്ന റിപ്പോര്‍ട്ട് നിര്‍മ്മിച്ചത്. ഇതിനായി ഉപയോഗിച്ച ശാസ്ത്രീയ നടപടിക്രമങ്ങള്‍ ജനുവരി 2011 ന്റെ ‘കറന്റ് സയന്‍സ് ‘മാസികയില്‍3പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് പ്രസിദ്ധപ്പെടുത്തിയതുമാണ്.

എന്നാല്‍ 2011 ആഗസ്തില്‍ പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത് ഏതാണ്ട് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ തന്നെ സ്വന്തം മന്ത്രാലയങ്ങളിലൊന്നില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കാന്‍ ശ്രമിച്ചുവെന്നതാണ് ഏറ്റവും വിചിത്രം. സ്വയം ഒരു പാനല്‍ രൂപീകരിക്കുക, എന്നിട്ട് പാനല്‍ റിപ്പോര്‍ട്ട്‌ തങ്ങളുടെ തന്നെ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും നിക്ഷിപ്ത വ്യവസായ, കച്ചവട താല്പര്യങ്ങള്‍ക്കും ദഹിക്കുന്നതല്ലെന്നു കാണുമ്പോള്‍ അത് മറച്ചു പിടിക്കുക – ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട അപലപനീയവും പരിഹാസ്യവുമായ നിലപാട്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണരുടെ ഉത്തരവിനെതിരെ പരിസ്ഥിതി മന്ത്രാലയം തന്നെ ദല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ തിരസ്കരിക്കപ്പെടുകയായിരുന്നു. ഇങ്ങനെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പൊതുജനസമക്ഷം പ്രത്യക്ഷപ്പെടുന്നത്.

ഇനി എന്താണ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് നോക്കാം:

പ്രധാനമായി രണ്ടു കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് :
1 പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് മലനിരകളെയാകെ മൂന്നു വിഭാഗങ്ങളാക്കി (മേഖലകളാക്കി) വിഭജിച്ചു കൊണ്ട് വേണം ഭാവിയില്‍ നടത്തുന്ന ഒരോ മാനുഷിക ഇടപെടലുമെന്നാണ് കമ്മിറ്റി വിഭാവനം ചെയ്തത്. ഈ മേഖലകളെ മൂന്നു തരം ഇക്കോളജിക്കലി സെന്‍സിറ്റിവ്  സോണുകള്‍ (ESZ) അഥവാ പരിസ്ഥിതി വിലോല മേഖലകള്‍ആയി തിരിക്കാനാനാണ് കമ്മറ്റി നിര്‍ദ്ദേശിക്കുന്നത്. ESZ-1 ല്‍ പെടുന്ന മേഖലകള്‍ക്ക് അതീവ പരിസ്ഥിതി പ്രാധാന്യം നല്‍കുകയും അവിടെ വികസനമല്ല മറിച്ച് സംരക്ഷണമാണ് വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്ന കമ്മറ്റിESZ-2 ലാകട്ടെ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണെന്ന് പറയുന്നു. ESZ-3ലാണെങ്കില്‍ അല്‍പ്പം കൂടെ നിയന്ത്രണങ്ങളില്‍ അയവു വരുത്തി മനുഷ്യ ഇടപെടലുകള്‍ ആകാം എന്നും പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഓരോ ESZ ലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ തരം തിരിച്ചു നല്‍കിയിട്ടുമുണ്ട്.

പശ്ചിമഘട്ടത്തെ വിവേക പൂര്‍വ്വം സംരക്ഷിച്ചുകൊണ്ട് വികസനം ഉറപ്പാക്കണം എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഗാഡ്ഗില്‍ കമ്മിറ്റി നല്‍കുന്നത്.

2 ഇപ്രകാരം വേര്‍തിരിച്ച മേഖലകളെ നിയമപരമായി പരിപാലിക്കാന്‍ കേന്ദ്ര തലത്തില്‍ ഒരു പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റിയും (WGEA – Western Ghats Ecological Agency) സംസ്ഥാന തലത്തില്‍ ഒരു സംസ്ഥാന അതോറിറ്റിയും (SWEGA – State Western Ghats Ecological Agency) ജില്ലാ തലത്തില്‍ ഒരു ജില്ലാ പരിസ്ഥിതി കമ്മിറ്റിയും (DEC – District Ecological Committee) വേണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്യുന്നു. WGEA യെ പരിസ്ഥിതി മന്ത്രാലയവും, SWGEA യെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൂടിയാലോചിച്ചും നിയമിക്കണമെന്നാണ് ശുപാര്‍ശ. വിരമിച്ച സുപ്രീം കോടതി ന്യായാധിപനോ പ്രഗല്‍ഭ പരിസ്ഥിതി ശാസ്ത്രജ്ഞനോ അതോറിറ്റികളില്‍ തലവനാകണമെന്നും കൃഷി, പരിസ്ഥിതി, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ മേഘലകളില്‍ പ്രാവീണ്യമുള്ളവര്‍ അംഗങ്ങളായുണ്ടാകണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതുസമൂഹത്തിന്റെയും ആദിവാസികളുടെയും പ്രാതിനിധ്യം അതോറിറ്റിയിലുണ്ടാകണമെന്നും ശുപാര്‍ശയുണ്ട്. ജില്ലാ പരിസ്ഥിതി കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ഉത്തരവാദിത്തം SWGEA കള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പരിസ്ഥിതി സംബന്ധിച്ച നയരൂപീകരണത്തില്‍ പ്രാദേശികതല പങ്കാളിത്തവും വികേന്ദ്രീകരണവുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റി ഭാവിയില്‍ രൂപീകരിക്കപ്പെട്ടാല്‍ ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്ന അതിര്‍ത്തി രേഖകള്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി പുന:പരിശോധിക്കണമെന്ന് കമ്മറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുമുണ്ട്.

എന്താണ് പരിസ്ഥിതി വിലോലത’?

2000ല്‍ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച പ്രണബ് സെന്‍ കമ്മിറ്റി പാരിസ്ഥിതിക വിലോലത കണക്കാക്കാന്‍ വ്യവസ്ഥിതി, ജീവ ഗണങ്ങള്‍, ഭൂ-രൂപ വിജ്ഞാനീയം തുടങ്ങിയ ചില മാനദന്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. അതില്‍ പ്രധാനം പ്രാദേശികതയാണ്. ഒരു ജീവ വര്‍ഗ്ഗം ലോകത്തില്‍ ഒരു പ്രദേശത്ത് മാത്രം കാണപ്പെടുന്നുവെങ്കില്‍ ആ പ്രദേശം മുഴുവന്‍ സംരക്ഷിക്കപ്പെടെണ്ടതാകുന്നു. 2000 ത്തിലധികം ഇത്തരം ജീവവര്‍ഗ്ഗങ്ങള്‍ പശ്ചിമ ഘട്ടത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ പശ്ചിമഘട്ടം മുഴുവന്‍ ESA (Ecologically Sensitive Area) ആയി കണക്കാക്കണമെന്നാണു കമ്മിറ്റി കരുതുന്നത്. എന്നാല്‍ ഇത്ര വിസ്തൃതമായ ഒരു പ്രദേശത്തെ പൂര്‍ണ്ണമായും ESA ആയി പ്രഖ്യാപിക്കുക പ്രായോഗികമല്ലാത്തതിനാല്‍ വിവിധ തലങ്ങളായുള്ളതും ക്രമാനുഗതവുമായ ഒരു സമീപനമാണ് കമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്. അങ്ങിനെയാണ് Ecologically Sensitive Zone ഉകള്‍ മൂന്നു വിഭാഗമായി ക്രമപ്പെടുത്തിയത്.

ESZ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായും 5 കാര്യങ്ങളാണ് കമ്മിറ്റി കണക്കിലെടുത്തിരിക്കുന്നത് :

1 ജൈവ വൈവിധ്യവും അതിന്റെ സമ്പന്നതയും
2 സാംസ്കാരികവും ചരിത്രപരവുമായ വസ്തുതകള്‍ (വിശേഷിച്ച് പരിണാമവുമായി ബന്ധപ്പെട്ടവ)
3 ഭൌമ കാലാവസ്ഥാ പ്രത്യേകതകള്‍ – ഭൂമിയുടെ ചരിവ്, ഉന്നതി, മഴ ദിനങ്ങളുടെ എണ്ണം മുതലായവ.
4 പാരിസ്ഥിതിക ദുരന്ത സാധ്യതകള്‍
5 മൂല്യ ഉപഭോക്താക്കള്‍

ഇവ കൂടാതെ നദികളുടെ പ്രഭവ സ്ഥാനം, വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങളുടെ സ്ഥാനം എന്നിവയും ‘പരിസ്ഥിതിവിലോലത’ നിര്‍ണ്ണയിക്കുന്നതില്‍ മാനദന്‌ഡമായി കണക്കാക്കുന്നു. പശ്ചിമ ഘട്ടത്തിലാകെ 134 പരിസ്ഥിതി വിലോല മേഖലകളുള്ളതില്‍ 25 എണ്ണം കേരളത്തിലാണ്. ഇവയില്‍ 15 എണ്ണം ESZ-1ലും 2 എണ്ണം ESZ-2 ലും 8 എണ്ണം ESZ-3 ലും ഉള്‍പ്പെടുന്നു. നിലവിലുള്ള സംരക്ഷിത മേഖലകള്‍ക്ക് (Protected Areas – PAs) പുറമെയാണിതെന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള സംരക്ഷണ മേഖലകള്‍ വന്യ ജീവി സംരക്ഷണ നിയമത്തിലെ (Environment Act 1986) ഉപാധികള്‍ക്ക് വിധേയമായി തുടരുകയും ചെയ്യും.

ഇവയോടൊപ്പം സിവില്‍ സമൂഹവും തദ്ദേശ ഭരണസ്ഥാപനങ്ങളും പാരിസ്ഥിതികമായി പ്രാധാന്യമര്‍ഹിക്കുന്നതെന്ന് കരുതി കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ച മറ്റു ചില പ്രദേശങ്ങളെയും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പരിസ്ഥിതി പ്രാമുഖ്യ പ്രദേശങ്ങള്‍ (ESL – Ecologically Sensitive Location) എന്നാണു റിപ്പോര്‍ട്ട് ഇവയെ അടയാളപ്പെടുത്തുന്നത് . കേരളത്തില്‍ ഇത്തരം 17 ESL കളാണുള്ളതെന്നു കണക്കാക്കുന്ന കമ്മിറ്റി ഇവയുടെ വ്യാപ്തിയും അതിര്‍ത്തികളും നിര്‍ണ്ണയിക്കേണ്ടത് സര്‍ക്കാരും ഉപഭോക്താക്കളും ചേര്‍ന്നാണെന്നും വിലയിരുത്തുന്നു.

ESZ കള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഓരോ സംസ്ഥാനത്തെയും വെവ്വേറെയാണ് കണക്കാക്കിയിരിക്കുന്നത്. മലനിരകള്‍ കടലിനോട്‌ ഏറെ ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ തീരത്ത് നിന്നും 1.5 കി. മീ. ദൂരെ എന്നാണ് പശ്ചിമഘട്ടത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിലും വിവരങ്ങള്‍ ശേഖരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ടില്‍ പലയിടത്തും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തദ്ദേശീയരില്‍ നിന്ന് തന്നെ പ്രാദേശികമായ വിവരങ്ങള്‍ വ്യാപകമായി ശേഖരിക്കേണ്ടതാണെന്നു കമ്മിറ്റി എടുത്ത് പറയുന്നുണ്ട്. ആവശ്യമായ വിവരങ്ങള്‍ തൃപ്തികരമായ രീതിയില്‍ ലഭ്യമല്ലാത്തിടത്ത് അവ തുറന്നു സമ്മതിക്കാനുള്ള ബൌദ്ധിക സത്യസന്ധതയും ഗാഡ്ഗില്‍ കമ്മിറ്റി പ്രകടിപ്പിക്കുന്നുണ്ട്. ഇത് സമാനതകള്‍ ഇല്ലാത്തതാണെന്ന് പറഞ്ഞേ തീരൂ. 

അതിരപ്പള്ളി പ്രൊജെക്ടിനെ കുറിച്ച്:
ആതിരപ്പള്ളി പ്രോജക്ടിനെ കുറിച്ച് അതിവിശദമായി തന്നെ (ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് – പേജ് 58) പ്രൊഫ.ഗാഡ്ഗില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും വനവിഭവങ്ങളെ ഉപജീവിക്കുന്ന തദ്ദേശീയരുടെ ജീവിതത്തില്‍ പദ്ധതിയുണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയ പഠനങ്ങളിലൂടെയും പൊതു സമൂഹവുമായുള്ള ചര്‍ച്ചകളിലൂടെയും ഗാഡ്ഗില്‍ സൂക്ഷ്മമായ നിഗമനങ്ങളിലെത്തുന്നുണ്ട്, ഒരു പക്ഷെ ഈ വിഷയത്തില്‍ ഏറ്റവും സമഗ്രമായ പഠനം ഗാഡ്‌ഗില്‍ കമ്മിറ്റിയുടെതായിരിക്കും. പദ്ധതി പ്രദേശം ESZ-1 ല്‍  പെടുന്നതാകയാല്‍ യാതൊരു മാനുഷിക ഇടപെടലുകളും അവിടെ പാടില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക പരിസ്ഥിതി ക്ളിയറന്‍സുകള്‍ (1997ലും 1998ലും) നല്‍കിയത് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താല്പ്പര്യ ഹര്ജികളിലൂടെ താല്‍ക്കാലികമായി തടയപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പദ്ധതിക്കായി ക്ളിയറന്‍സുകള്‍ നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ശ്രമങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാലും പൊതുജനങ്ങളാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ‘കേരള ബയോ-ഡൈവേര്‍സിറ്റി ബോര്‍ഡ്‌’ പോലും പദ്ധതിക്കെതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്. 2008 ലും 2009ലും രണ്ടു തവണ ഈ കേസില്‍ കോടതി വാദം കേള്‍ക്കുകയുണ്ടായെങ്കിലും അന്തിമ വിധി ഇതു വരെ ഉണ്ടായിട്ടില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിദഗ്ധസമിതിയോട് (ഗാഡ്‌ഗില്‍ കമ്മിറ്റി) ഈ വിഷയത്തില്‍ പഠനം നടത്താന്‍ ആവശ്യപ്പെട്ടതിന് മുന്നില്‍ ഈയൊരു പശ്ചാത്തലമാണുള്ളത്.

ജൈവ വൈവിധ്യം, പാരിസ്ഥിതിക ആഘാതം, കുടിവെള്ളം/കൃഷി എന്നിവയ്ക്കുണ്ടാകാവുന്ന ആഘാതങ്ങള്‍, പ്രദേശത്തെ ഗോത്ര വര്‍ഗങ്ങളില്‍ ഉണ്ടായേക്കാവുന്ന സ്വാധീനം – പദ്ധതിയുടെ സാങ്കേതിക സാധ്യതകള്‍ കൂടാതെ ഇത്തരം കാര്യങ്ങളാണ് ഗാഡ്‌ഗില്‍കമ്മിറ്റി കണക്കിലെടുത്തത്. ഒടുവില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ദ്ദിഷ്ട സ്ഥാനത്ത് പാടില്ലെന്ന തീരുമാനമാണ്‌ റിപ്പോര്‍ട്ട് കൈക്കൊള്ളുന്നത്. നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശത്തെ നദീതീര vegetation അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണെന്ന് IUCN (International Union for Conservation of Nature) സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

സംയോജിത സഹനിര്‍വ്വഹണം (Adaptive Co-management):5

ഒഴിച്ച് നിര്‍ത്തുന്ന വികസനം (Development by exclusion), ഒഴിച്ച് നിര്‍ത്തുന്ന സംരക്ഷണം (Conservation by exclusion) – ഇവയാണ് വികസന സങ്കല്‍പ്പങ്ങളില്‍ പരമ്പരാഗതമായി നമ്മുടെ രാജ്യം സ്വീകരിച്ചു പോകാറുള്ളത്. നേരിട്ട് ബോധ്യം വന്ന ഉദാഹരണങ്ങള്‍ സഹിതം ഇക്കാര്യം പ്രൊഫ. ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പഞ്ചായത്തീ രാജ് സംവിധാനങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും വികസന കാര്യത്തില്‍ ഇത്തരം മാതൃകകള്‍ തന്നെയാണ് നാം പിന്തുടര്‍ന്നത്. ഭാവിയിലെങ്കിലും എല്ലാ വികസന മാതൃകകളും പ്രാദേശികത കണക്കിലെടുത്ത് അതാത് സമൂഹങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെ മാത്രമേ നടപ്പില്‍വരുത്താവൂ എന്ന് റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നു, ഇതിനെ ‘സംയോജിത സഹനിര്‍വ്വഹണം‘ എന്ന് വിശേഷിപ്പിക്കാം. ഓരോ പ്രാദേശിക സമൂഹത്തിന്റെയും സാമൂഹിക സാമ്പത്തിക പ്രത്യേകതകള്‍, അഭിലാഷങ്ങള്‍ ഇവ കണക്കിലെടുത്ത് വേണം വികസനക്കാര്യത്തില്‍ എന്താകാമെന്നും എന്ത് പാടില്ലെന്നും തീരുമാനിക്കാന്‍.

വിവിധ വിജ്ഞാന ശാഖകളുടെ സമന്വയം, പ്രയോഗത്തിലൂടെയുള്ള പഠനം, ദേശീയ, പ്രാദേശിക തലങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടുപ്രവര്‍ത്തനവും അധികാരം പങ്കിടലും, നിര്‍വഹണ വഴക്കം അഥവാ എളുപ്പം – ഇവയൊക്കെയാണ് ‘സംയോജിത സഹനിര്‍വ്വഹണം’ എന്ന സമീപനത്തിന്റെ കാതല്‍ – ഈയൊരു തത്ത്വശാസ്ത്രം കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ‘കരുതലില്ലാത്ത വികസനം, ചിന്താശൂന്യമായ സംരക്ഷണം’ (Develop recklessly, Conserve thoughtlessly) എന്നതില്‍ നിന്ന് മാറി ‘നിലനില്‍ക്കുന്ന വികസനം, ഭാവനാപൂര്‍ണ്ണമായ സംരക്ഷണം’ (Develop sustainably, Conserve thoughtfully) എന്ന നിലയിലേക്ക് വളരാന്‍ ഇത് രാഷ്ട്രത്തെ ആഹ്വാനം ചെയ്യുന്നു. അരികു ജീവിതങ്ങളെ കണ്ണടച്ചില്ലാതാക്കുന്ന, പൌര ജീവിതത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ പോലും വിപണി കൈക്കൊള്ളുന്ന ഇന്നത്തെ ‘മിനിമം സ്റ്റേറ്റില്‍’ ഇതാണ് ഗാഡഗില്‍ റിപ്പോര്‍ട്ടിനെ പ്രതീക്ഷാ നിര്‍ഭരമാക്കുന്നത്.

കേരളം എന്തിനെയാണ് പേടിക്കുന്നത്?

ഔദ്യോഗികമായി തന്നെ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കേരളം മുന്നോട്ട് വെക്കുന്ന ന്യായങ്ങള്‍ എന്താണെന്ന് കാണാം:

പരിസ്ഥിതി വിലോല മേഖലകളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചത് അശാസ്ത്രീയമായാണ്‌; മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യപ്പെടുത്താനാകില്ല – പരിമിതികള്‍ക്കുള്ളില്‍ തന്നെയാണ് കമ്മിറ്റി വിവധ മേഖലകളുടെ അതിര്‍ത്തികള്‍ തിരിച്ചിട്ടുള്ളത്. ഇത് പൂര്‍ണ്ണമോ ആത്യന്തികമോ ആണെന്ന് പ്രൊഫ. ഗാഡ്ഗില്‍ ഒരിടത്തും അവകാശപ്പെടുന്നില്ല. മറിച്ച് നിയമപരമായി സാധുതയുള്ള ഒരു ഏജന്‍സി രൂപീകരിക്കപ്പെട്ടാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തികളെ കൂടുതല്‍ പ്രാദേശിക പങ്കാളിത്തത്തോടെ പുനര്‍നിര്‍ണ്ണയിക്കണം എന്ന് തന്നെയാണ് റിപ്പോര്‍ട്ട് പറയുന്നത്. അതോടൊപ്പം ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി തന്നെ ആണ് പരിഗണിച്ചിരിക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്നതില്‍ നിന്നും വ്യക്തം.
Western Ghats are a highly heterogeneous region with a marked north-­‐south gradient in terms of rainfall and length of rainy period. There is also much variation in elevation and geology. It is therefore to be expected that there will be substantial variation from state to state in terms of ecological endowments and sensitivity. At the same time, it is proper that ecological protection efforts should be fairly evenly distributed through the Western Ghats region. Hence it is appropriate to look separately at each state to assess relative levels of ecological sensitivity of different areas within the state. The relative and not absolute values of the parameters are pertinent for our purpose. With this in view, we normalized these parameters separately for each state. (‘Report of the Western Ghats Ecology Experts Panel’ – പേജ് 44)
അതിനാല്‍, മറിച്ചൊരു പഠനത്തിന്റെ അഭാവത്തില്‍, അതിര്‍ത്തി നിര്‍ണ്ണയത്തിലെ അശാസ്ത്രീയത എന്നത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്.

2 പരിസ്ഥിതി സംരക്ഷണത്തിനു കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ പര്യാപ്തമാണ്. പുതിയ ഒരു സംവിധാനം വ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ:
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, പരിസ്ഥിതി സംരക്ഷണ നിയമം 1986, തീരദേശ നിയന്ത്രണ മേഖല നിയമം 2011 തുടങ്ങിയവയാണ് ഈ അവസരത്തില്‍ പരിഗണനയര്‍ഹിക്കുന്നത്. ഇവ നിലനില്‍ക്കുമ്പോഴും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം കേരള ജീവിതത്തില്‍ നാം നിത്യം കാണുന്നതാണ്. അപ്പോള്‍ ഇവ കാര്യക്ഷമമല്ലെന്നു വേണം കരുതാന്‍. അതിനാല്‍ അവയെ ക്രൊഡികരിച്ച് പോരായ്മകള്‍ തീര്‍ത്ത് നടപ്പാക്കാനുള്ള അവസരമായി പാനല്‍ റിപ്പോര്‍ട്ടിനെ കാണുന്നതാണ് ഉചിതം.

വിവിധ നിയമ-നിയന്ത്രണങ്ങള്‍ക്ക് പുറത്ത് 30 ശതമാനം ഭൂമി മാത്രമേ കൃഷിക്കും ജനവാസത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭ്യമായുള്ളൂ. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രായോഗികമല്ല.
പശ്ചിമഘട്ടത്തിന്റെ സമ്പത്ത് മുഴുവന്‍ സ്വീകരിച്ചു കൊണ്ടാണ് ഇത്രയും കാലം ഈ 30 ശതമാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. കാറ്റും പുഴയും തണ്ണീര്‍ത്തടങ്ങളും മലനിരകളിലെ ജൈവ വൈവിധ്യവുമെല്ലാം ഇത്രയും നാള്‍ മുന്‍പിന്‍ ആലോചിക്കാതെ ഉപയോഗിച്ച് വികസിച്ച ഈ മേഖലകള്‍ക്ക് നിലവിലുള്ള ആസൂത്രണ പ്രക്രിയയില്‍ ചെറു മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നിലനില്‍ക്കാവുന്നതേയുള്ളൂ. ഇതിനുപകരിക്കുന്ന നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. മുന്‍ധാരണകള്‍ മാറ്റി വെച്ച് റിപ്പോര്‍ട്ട് പഠിക്കുകയാണ് ഇതിനു വേണ്ടത്.

റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ഇത് തീര്‍ത്തും ‘വികസന’ വിരുദ്ധമാണെന്നും കേരളത്തിന്റെ താല്പര്യങ്ങള്‍ക്കെതിരാണെന്നും വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമം ഒരു വിഭാഗം ഇവിടെ ബോധപൂര്‍വ്വം നടത്തുന്നുണ്ട്. ഇത് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്‍ നിന്നുണ്ടാകുന്നതാണ്. ഭരണ തലത്തില്‍ തന്നെ റിപ്പോര്‍ട്ടിനെ തള്ളിപ്പറയാന്‍ ഒരുമ്പെടുന്ന സംസ്ഥാനം പാരിസ്ഥിതിക അജ്ഞ്ഞതയുടെ ഉദാഹരണം തന്നെയാണ്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ വയനാട്ടിലും ഇടുക്കിയിലും ജനങ്ങള്‍ വന്‍തോതില്‍ കുടിയോഴിയേണ്ടി വരുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തി വെക്കേണ്ടി വരുമെന്നുമൊക്കെ തല്‍പരകക്ഷികള്‍ പറഞ്ഞു പരത്തുകയാണ്. ഗാഡഗില്‍ റിപ്പോര്‍ട്ട് മനസ്സിരുത്തി ഒരാവര്‍ത്തി വായിച്ചാല്‍ ഇതെല്ലാം അസത്യമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ ധാരാളം വെള്ളമുണ്ടെന്ന ധാരണയാണ് മലയാളികളെ എന്നും നയിച്ച്‌ കൊണ്ടിരുന്നത്. ഇവിടെ 3000 മി.മി. മഴ ഉണ്ട്, അതിനാല്‍ ഒരിക്കലും മലയാളിക്ക് ജല ക്ഷാമം ഉണ്ടാകില്ല. ഉണ്ടായാലും പൈപ്പുണ്ടെങ്കില്‍  വെള്ളം വിതരണം ചെയ്ത് ദൌര്‍ലഭ്യം ഇല്ലാതാക്കാന്‍ സാധിക്കും എന്നാണു നമ്മുടെ പൊതു ധാരണ. പക്ഷെ പൈപ്പിലല്ല മണ്ണിലാണ് ജലം സംരക്ഷിക്കെണ്ടതെന്നു നാം ഇന്നും തിരിച്ചറിയുന്നില്ല. ഇന്ന് കേരളത്തില്‍ ഏതാണ്ടെല്ലാ മുന്‍സിപാലിറ്റികളിലും പഞ്ചായത്തുകളിലും ജലക്ഷാമമുണ്ട്, മണ്ണും മലയുമൊക്കെ മുറിച്ചു വിറ്റാലും മഴ പെയ്ത വെള്ളം വന്നു നിറഞ്ഞു കൊള്ളൂമെന്ന മൂഡ വിശ്വാസത്തിലാണ് നമ്മള്‍.

വയനാടും ഇടുക്കിയും പോലുള്ള മലയോര ജില്ലകളില്‍ ഭൂമാഫിയയും മണല്‍ മാഫിയകളുമാണ് റിപ്പോര്‍ട്ടിന്റെ പേരില്‍ അടിസ്ഥാനമില്ലാത്ത ഭീതികള്‍ ജനങ്ങളില്‍ വളര്‍ത്തുന്നത്. നിര്‍മ്മാണ മേഖലക്ക്  നല്‍കി വരുന്ന അമിതമായ പ്രാധാന്യം ജനപ്രതിനിധികളും ഭരണകൂടവും ഒഴിവാക്കുകയാണ് വേണ്ടത്. മണല്‍ വാരിയും മണ്ണിടിച്ചും പാറ പൊട്ടിച്ചുമൊക്കെ നിര്‍മ്മാണ മേഖലയെ വളര്‍ത്തിയ മധ്യ വര്‍ഗ്ഗ മലയാളിയെ നയിക്കുന്നത് ‘ഒരു വലിയ കേട്ടിടമുണ്ടായാല്‍ വലിയ വികസനം ഉണ്ടായി’ എന്ന വിചിത്രമായ ചിന്തയാണ്. അതിലേക്ക് ചുരുങ്ങിയിരിക്കുന്നു കേരളത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവബോധം. 70 കളില്‍ സൈലന്റ് വാലി പദ്ധതിക്കെതിരെ ജനകീയ സമരമുഖങ്ങള്‍ ഉയര്‍ന്നുവന്നിടത്ത്  ഇന്ന് പ്രകൃതി വിരുദ്ധ വങ്കത്തരങ്ങള്‍ പരസ്യ പ്രസ്താവനകളായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നേതാക്കള്‍ക്കും സംഘടനകള്‍ക്കുമെതിരെ നേരിയ പ്രതിഷേധം പോലും മുഖ്യധാരാ രാഷ്ട്രീയകക്ഷികളില്‍ നിന്നുമുയരുന്നില്ല. ഇത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. 2013ന്റെ കേരള രാഷ്ട്രീയത്തില്‍ പാരിസ്ഥിതിക അവജ്ഞ ഭരണ പ്രതിപക്ഷ വത്യാസങ്ങള്‍ ഒന്നുമില്ലാതെ പടര്‍ന്നിരിക്കുന്നു.

എന്തുകൊണ്ട് മാഫിയകൾ?

മണല്‍ മാഫിയയും ഭൂമാഫിയയും എന്ത് കൊണ്ട് കേരളത്തില്‍ കൊഴുക്കുന്നു?
ഒരു വ്യവസ്ഥയില്‍ ഏതു പ്രവര്‍ത്തനത്തെയും നിര്‍ണ്ണയിക്കുന്നത് ആത്യന്തികമായി ആവശ്യകത (demand) തന്നെയാണ്. കാര്യക്ഷമവും കാലോചിതവുമായ നിയമ-ഭരണ-നീതി നിര്‍വഹണ സംവിധാനങ്ങളുടെ അഭാവത്തില്‍ ഏതൊരു സമൂഹത്തിലും സാമ്പത്തിക പ്രക്രിയകള്‍ ആവശ്യകതക്ക് (demand) വഴിപ്പെടുന്നു. മധ്യവര്‍ത്തി സമൂഹത്തില്‍ ഇത് സ്വാഭാവികം മാത്രം. കേരളത്തില്‍ ഇന്ന് മണലിനും കല്ലിനും ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിന്‌ വെളിയില്‍ തൊഴില്‍ ചെയ്യുന്ന മധ്യവര്‍ഗ്ഗത്തിന്റെ മിച്ചവരുമാനം വിപണി ഊതിവീര്‍പ്പിച്ച പൊങ്ങച്ചത്തെ തൃപ്തിപ്പെടുത്താനായി മാത്രം തങ്ങളുടെ പാര്‍പ്പിടങ്ങള്‍ മോടി കൂട്ടാന്‍ കണക്കില്ലാതെ ചെലവഴിക്കുകയാണ്. ഈ പൊങ്ങച്ചത്തെ നിലനിര്‍ത്തുന്ന നിര്‍മ്മാണ മേഖല അതിനാല്‍ തന്നെ സജീവമാണ്. അനുദിനം മുഖം മിനുക്കുന്ന മലയാളി സ്വപ്ന സൌധങ്ങള്‍ക്കായി കല്ലും മണലും കയറ്റിയ ടിപ്പറുകളും മല തട്ടി നീക്കുന്ന ബുള്‍ഡോസറുകളും തലങ്ങും വിലങ്ങും കുതിച്ചേ തീരൂ.

പറഞ്ഞു വരുന്നത്.. പശ്ചിമഘട്ടങ്ങളുടെ ദീനത്തിന്റെ കാരണങ്ങള്‍ മലനിരകള്‍ക്കു വെളിയിലാണിരിക്കുന്നത്. വിവേകശൂന്യമായ ഉപഭോഗ പ്രവണതകളിലും ചിന്താഗതികളിലുമാണത്. ഉപഭോഗത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കാര്‍ന്നു തീരാറായ കിഴക്കന്‍ മലകളില്‍ നിന്നുള്ള കല്ലും ഇതിനകം ശോഷിച്ചു കൈത്തോടുകളായ നദികളില്‍ നിന്നുള്ള മണലും ഒഴുകിക്കൊണ്ടേയിരിക്കും. ഒന്നോ രണ്ടോ പേര്‍ മാത്രം സ്ഥിര താമസക്കാരായിരുന്നാലും ആധുനിക മലയാളിക്ക് ഇരു നിലക്കെട്ടിടങ്ങള്‍ കൂടിയെ തീരൂ – ഇതിനു മണലും കല്ലും മരവും സ്ഥലവും ആവശ്യമാണ്‌. ഇത് വനം കൊള്ളയടിച്ചും മലയിടിച്ചും പുഴയൂറ്റിയും തന്നെയാണ് സാധ്യമാക്കുന്നത്. ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ല.

അതിനിടയില്‍ അലോസരപ്പെടുത്തുന്ന ഇത്തരം പഠന റിപ്പോര്‍ട്ടുകളെ കൊഞ്ഞനം കുത്താന്‍ സംസ്ഥാന നിയമസഭ തന്നെ പ്രത്യേകം സമ്മേളിക്കും, മന്ത്രിമാര്‍ വേണ്ടപ്പെട്ടവരെ കാണാന്‍ പലകുറി ദില്ലിക്ക് പറക്കും, ഇടയലേഖനങ്ങളും നിവേദനങ്ങളും മാധ്യമങ്ങളില്‍ കൊഴുക്കും. പശ്ചിമഘട്ടം പങ്കിടുന്ന 6 സംസ്ഥാനങ്ങളിലും ഇത്തരം നാടകങ്ങള്‍ കഴിഞ്ഞ അഞ്ചു മാസമായി നടന്നു കൊണ്ടിരിക്കുന്നു. ഇവരുടെ താല്പര്യങ്ങള്‍ക്ക് ദില്ലിയില്‍ പിന്തുണയുണ്ടെന്നു വ്യക്തമാക്കികൊണ്ട് റിപ്പോര്‍ട്ടിനെ വിലയിരുത്താന്‍ വേണ്ടി മറ്റൊരു പാനലിനെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞു.! –കസ്തൂരിരംഗന്‍ കമ്മിറ്റി.5

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ ഭാവി:

ഗാഡ്‌ ഗില്‍ റിപ്പോര്‍ട്ട് പ്രതീക്ഷയുടെ ഒരു ചെറിയ കൈത്തിരിയാണ്. സാങ്കേതികബദ്ധമാകാതെ ലളിതമായ ഭാഷയില്‍ പശ്ചിമ ഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി കമ്മിറ്റി സമഗ്രമായി അവലോകനം ചെയ്തിരിക്കുന്നു. സുതാര്യവും സത്യസന്ധവുമായി തയ്യാറാക്കിയ ഈ പഠനത്തെ വെള്ളം ചേര്‍ത്ത് ജീവനില്ലാതാക്കുവാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുകയാണ്. കൊര്‍പ്പറെറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനഭിമതനാകുമെന്നു കണ്ടു ജയറാം രമേഷിനെ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും മാറ്റിയപ്പോള്‍ മുതല്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായിരുന്നു. തിരക്കിട്ട്  ദേശിയ നിക്ഷേപ ബോര്‍ഡ് (NIB – National Investment Board; പുനര്‍നാമകരണം ചെയ്ത് Cabinet Committee on Investment – CCI)6 സ്ഥാപിച്ചതു തന്നെ പരിസ്ഥിതി നിയമങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൃഹദ് പദ്ധതികള്‍ക്ക് (10,000 കോടി രൂപയിലധികം നിക്ഷേപമുള്ളവ) പിന്‍വാതില്‍ പ്രവേശനം ഉറപ്പു വരുത്താനാണ്.

കസ്തൂരിരംഗന്‍ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഗാഡ്‌ ഗില്‍ റിപ്പോര്‍ട്ട് പുനര്‍നിര്‍ണയം എളുപ്പമുള്ള ഒരു കാര്യമല്ല, പുതിയ കമ്മിറ്റി ഒരു രാഷ്ട്രീയ നാടകമല്ല മറിച്ച് ശാസ്ത്രീയ അന്വേഷണമാണെന്നു പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കസ്തൂരിരംഗന്‍ കമ്മിറ്റിക്കുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പൊതു തിരഞ്ഞെടുപ്പുവരെ കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ഇതുകൊണ്ട് ഒരു പക്ഷെ സാധിച്ചേക്കും. ഇന്നത്തെ സ്ഥാപന വ്യവസ്ഥകളുടെ അധികാരത്തെ പുതിയ ഒരു അതോറിറ്റി എങ്ങിനെ ബാധിക്കുമെന്ന ആശങ്കയാണ് ഭരണകര്‍ത്താക്കളിലെങ്കില്‍ തങ്ങള്‍ക്ക് പരിചിതമായ വിഭവ ഉപഭോഗ രീതികളെ പുതിയ നിര്‍ദ്ദേശങ്ങള്‍ എങ്ങിനെ മാറ്റം വരുത്തും എന്നതാണ് ജനങ്ങളുടെ ഇക്കാര്യത്തിലെ താല്‍പ്പര്യം.

നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ

അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെ കേരളം കടന്നു പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും പെയ്യുന്ന മഴ , കടുത്ത ചൂട് ,അതിവര്‍ഷം ഇതായി മാറിയിരിക്കുന്നു നമ്മുടെ കാലാവസ്ഥ.കൃഷിയും കുടിവെള്ള വിതരണത്തെയും വൈദുതി ഉത്പാതനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് കാലാവസ്ഥയുടെ ഈ തകിടം മറിച്ചില്‍.ഇനിയെങ്കിലും ഓരോ തുള്ളി വെള്ളവും അമൂല്യമായി കരുതിയെ മതിയാവൂ.എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കപെടണം.ഇതില്‍ ഏറ്റവും പ്രധാനം ജലസ്രോതസ്സായ നദികളുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ്.

44 നദികള്‍,അനേകം ചെറു കൈവഴികളും,തോടുകളും,അരുവികളും ചേര്‍ന്ന ബ്രുഹത്തായ ഒരു ജല നെറ്റ് വര്‍ക്ക് തന്നെയാണ് കേരളത്തിനുള്ളത്.365 ദിവസവും തെളിനീര്‍ ലഭിച്ചിരുന്ന കാലം വളരെ പണ്ടായിരുന്നില്ല.ജലത്തിന്റെ മൂല്യം മനസ്സിലാക്കാതെയുള്ള വിവിധ തരാം പ്രവര്‍ത്തനങ്ങള്‍ നശീകരണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം കൈവരിച്ചു കഴിഞ്ഞു .കേരളത്തിന്റെ ജലസുരക്ഷ തന്നെ അപകടത്തിലാക്കുകയും ചെയ്തു .

സംസ്ഥാനത്ത് 44 നദികളുള്ളതുകൊണ്ട് നമുക്ക് വെള്ളവും ,വൈദ്യുതിയും സുലഭമാണെന്ന തെറ്റായ പാOഭാഗങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് നമ്മള്‍ . മാത്രമല്ല .ജലക്ഷാമം ഒരിക്കലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് കരുതി 999 വര്‍ഷത്തേക്ക് തമിഴ്നാടുമായി ജലം നല്‍കാനുള്ള പാട്ടകരാര്‍ ഒപ്പ് വച്ച ഭരണാധികാരികളും ഉധ്യോഗസ്ഥരും കേരളത്തില്‍ ഉണ്ടായിരുന്നു .എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ് ?

44 നദികളില്‍ പലതും വറ്റിവരണ്ടു ,ഒഴുക്ക് നിലച്ചു മൃതുപ്രായമായി കിടക്കുന്നു .പല നദികളിലെയും ഭൂഗര്‍ഭ ജലവിതാനം താഴേക്കു പോയികൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ നര്‍മ്മദാ നദിയിലുള്ളത്രയും വെള്ളം കേരളത്തിലെ 44 നദികളിലും കൂടിയില്ല .വളരെ കുറച്ചു ജലസ്രോതസ്സുകള്‍ മാത്രമുള്ള സംസ്ഥാനമാണ് കേരളം .41 നദികളും കിഴക്കുനിന്നു ഉത്ഭവിച്ചു അറബികടലില്‍ പതിക്കുകയാണ് .കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് ഈ നദികളിലോന്നും വെള്ളം ഏറെ നേരം നില്‍ക്കുന്നില്ല .ലഭ്യമായ ജലം രൂക്ഷമായ മലിനീകരണത്തിന് വിധേയമാവുകയാണ് .കടുത്ത വരള്‍ച്ചയും ,കുടിവെള്ള ക്ഷാമവും ,കൃഷി നാശവും നമ്മെ കാത്തിരിക്കുന്നു.

നദികളുടെ എല്ലാം ഉത്ഭവസ്ഥാനം പശ്ചിമഘട്ട മലനിരകളാണ്‌ .ഈ വലിയ ക്യാച്ച്മെന്റ്റ് പ്രദേശത്ത് നിന്നാണ് കേരളത്തിന്‌ ആവശ്യമായ വെള്ളം ഒഴുകിയെത്തുന്നത് .ഇവിടത്തെ വനപ്രദേശങ്ങള്‍ സ്വാഭാവിക പുല്‍മേടുകള്‍ ,ചതുപ്പുകള്‍ ,താഴ്വാരങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നാണ് പെയ്തിറങ്ങുന്ന മഴയെ തടഞ്ഞു നിര്‍ത്തുന്നതും ഭൂഗര്‍ഭജലമാക്കി മാറ്റുന്നതും, നദികളുടെയും അരുവികളുടെയും ഉറവിടമാക്കി മാറ്റുന്നതും .മഴകാറ്റുകളെ തടഞ്ഞു നിര്‍ത്തി തണുപ്പിച്ചു മഴയാക്കി മാറ്റുന്നതും കിഴക്കന്‍ മലനിരകളിലെ കാടുകളാണ് .പശ്ചിമ ഘട്ടത്തില്‍ അവശേഷിക്കുന്ന വനങ്ങളും സ്വാഭാവിക ആവാസ വ്യവസ്ഥകളും എന്ത് വിലകൊടുത്തും സംരക്ഷിച്ചാലേ നമ്മുടെ നദികളെ സമ്പൂര്‍ണ നാശത്തില്‍ നിന്നും ,കേരളത്തെ മരുവത്ക്കരണത്തില്‍ നിന്നും ഒരു പരിധിവരെയെങ്കിലും സംരക്ഷിക്കാനാവൂ .

ഇടനാട്ടിലെ ബഹുവിളതോട്ടങ്ങള്‍ ,കൃഷിയിടങ്ങള്‍ ,വയലുകള്‍ , തണ്ണീര്‍ത്തടങ്ങള്‍ ,ഇടനാടന്‍ കുന്നുകള്‍ എന്നിവയുടെ സംരക്ഷണവും നദികളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണ് .തുറസ്സായ സ്ഥലങ്ങളും ,കുളങ്ങളും ,തോടുകളും,വയലുകളും ,അനേകം മരങ്ങളും ചെടികളും ചേര്‍ന്നുള്ള ജൈവ വൈവിധ്യം സംരക്ഷിക്കപെടണം എങ്കിലേ കേരളമെന്ന ലോലമായ ആവാസ വ്യവസ്ഥ സംരക്ഷിക്കപെടുകയും ജലസുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയുള്ളു .

ജലസുരക്ഷ ഉറപ്പാക്കിയാലെ ഭക്ഷ്യ സുരക്ഷയും ജീവിതത്തിന്റെ നില നില്‍പ്പും സാധ്യമാവുകയുള്ളു. ആഗോള താപനവും ,കാലാവസ്ഥാ മാറ്റവും ,കാലവര്‍ഷത്തിന്റെ അളവും ,ഗതിയും തന്നെ മാറ്റി മറിക്കുന്ന സാഹചര്യത്തില്‍ ,ഓരോ തുള്ളിയും സംരക്ഷിക്കപെടണം .ഓരോ സ്വാഭാവിക ജലസ്രോതസ്സും ദേശീയ സ്വത്തായി സൂക്ഷിക്കപെടണം.ഇതിന്റെ ആദ്യ പടിയായാണ് നദികളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാ ആവശ്യം ഞങ്ങള്‍ ഉന്നയിക്കുന്നത് .

വ്യാവസായിക മാലിന്യങ്ങള്‍ ,നഗരമാലിന്യങ്ങള്‍ ,കശാപ്പുശാലകള്‍ ,ഹോട്ടലുകള്‍ എന്നിവയില്‍ നിന്നുള്ള അവശിഷ്ട്ടങ്ങള്‍ ,ആശുപത്രികളില്‍ നിന്നുള്ള രോഗം പരത്തുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ,നദികളുടെ സമീപത്തുള്ള വീടുകളില്‍ നിന്നും മറ്റു വാസസ്ഥലങ്ങളില്‍ നിന്നും പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ,കൃഷിസ്ഥലത്ത്‌ നിന്നും

ഒഴുകി വരുന്ന കീടനാശിനികള്‍ ,ക്രമാതീതമായ പ്ലാസ്റ്റിക്‌ ...ഇവയെല്ലാം നമ്മുടെ നദികളെ മലിനമാക്കുന്നു ,അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം നദികളുടെ അടിത്തട്ടു കടലിറെ അടിതട്ടിനെക്കാള്‍ ആഴമായിരിക്കുന്നു .ഇത് കടലില്‍ നിന്നും ഉപ്പുവെള്ള നദിയിലെക്കൊഴുകി ജലസ്രോതസ്സുകളെയും ജലസേചന സംവിധാനങ്ങളെയും തകരാറിലാക്കുന്നു .

മലിനീകരണം വര്‍ധിക്കുന്നതുമൂലം മത്സ്യങ്ങളുടെ കൂട്ടകുരുതിയാണ് നടക്കുന്നത് . ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും ചെയ്യുന്നു .ഇത് മത്സ്യ തൊഴിലാളികളെയും ,കര്‍ഷകരെയും പട്ടിണിയിലേക്ക്‌ തള്ളിവിടുന്നു . നദികള്‍ ഉത്ഭവിക്കുന്ന വന പ്രദേശങ്ങളിലെ ആദിവാസികള്‍ ,മത്സ്യതൊഴിലാളികള്‍,കൃഷിക്കാര്‍ തുടങ്ങി നദികള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ഇരുകരകളിലുള്ള പാര്‍ശ്വ വത്കരിക്കപെട്ട ജനപഥങ്ങളെ കൂടി നദിയുടെ ഭാഗമായി കാണണം.

നമ്മുടെ നദികളില്‍ ധാരാളമായി തടയണകളും,കുടിവെള്ള പ്ലാന്റുകളും ,ലിഫ്റ്റ്‌ ഇറിഗേഷന്‍ പമ്പുകളും സ്ഥാപിച്ചിരിക്കുന്നു .ജലവിനിയോഗത്തിന്റെ പരിമിതികള്‍ (water use efficiency) അറിയാതെ അശാസ്ത്രീയമായാണ്‌ ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നത് .

സംസ്ഥാനത്ത് നദികളുടെ അവകാശം ഏതു വകുപ്പിനാണെന്ന് സര്‍ക്കാരിന് പോലും അറിയില്ല .നദിയുടെ അടിത്തട്ടിലുള്ള മണല്‍ റവന്യു വകുപ്പിന്റെ ,ജലം ജലവകുപ്പിന്റെ , മത്സ്യത്തിന്റെ കാര്യം നോക്കുന്നത് ഫിഷറീസ് . വന മേഖലയില്‍ വനം വകുപ്പും .അല്ലാത്തിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവകാശമുയര്‍ത്തുന്നു ജല വൈദ്യുത പദ്ധതികളുടെ സംരക്ഷണം ഊര്‍ജ്ജവകുപ്പിനാണ് .അതുകൂടാതെ നദികളുടെ പ്രവര്‍ത്തനവുമായി മലിനീകരണ നിയന്ത്രണം ,ആരോഗ്യ - കുടുംബക്ഷേമം,കൃഷി ,ആഭ്യന്തരം ,പൊതുമരാമത്ത് തുടങ്ങിയ നിരവധി വകുപ്പുകളും ബന്ധപെട്ടിരിക്കുന്നു .

എന്നാല്‍ ഈ വകുപ്പുകള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ഏകോപനവും ഇന്ന് നിലവിലില്ല .

ഒരു ഡസനിലധികം വരുന്ന വിവിധ വകുപ്പുകളുടെ ഏകോപനം അസാധ്യമാണ് .അതിനാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ,മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെയും എകോപിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് സ്ടാട്ട്യൂട്ടരി അധികാരങ്ങളുള്ള ഒരു നദീ തട അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപെടുന്നു.

1. ഒറ്റ യൂണിറ്റായി കണക്കാക്കണം.

നദികളുടെ ഉത്ഭവസ്ഥാനം മുതല്‍ അത് കടലില്‍ പതിക്കുന്നതുവരെയുള്ള പ്രദേശം ,വനം ,മത്സ്യസമ്പത്ത് ,ജലസ്രോതസു ,ജൈവ വൈവിധ്യം ,നധീതടങ്ങളിലെ കൃഷി ,നദികള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ജനസമൂഹം എന്നിവയെല്ലാം ചേര്‍ന്ന യൂണിറ്റായി ഓരോ നദിയും കണക്കാക്കണം .

2. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ക്കായി ഡാറ്റാബാങ്ക് രൂപീകരിക്കണം .

a) വനമേഖലയിലെ വിവരണങ്ങള്‍

നദിയുടെയും നദിതടത്തിന്റെയും ഉപഗ്രഹ മാപ്പ് ,നദികളുടെ ക്യാച്ച്മെന്റ്റ് ഏരിയയിലെ ജലലഭ്യത ,കാട്ടുതീ മൂലമുണ്ടാകുന്ന ചാരമുള്‍പ്പടെ നദിയിലേക്ക് വരുന്നത് ,മരങ്ങള്‍ വെട്ടിമുറിക്കുന്നത് വഴിയുള്ള പ്രശ്നങ്ങള്‍ ...തുടങ്ങിയവയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അതോറിറ്റിയില്‍ ഉണ്ടാകണം .

b) ഒഴുകുന്ന നദി

വ്യാപകമായി സ്ഥാപിക്കുന്ന തടയണകള്‍ ,വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുമ്പോള്‍ ഒഴുക്കിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പൊതുവായി ഒഴുക്ക് കുറയുന്നത് , എത്ര ഘനയടി വെള്ളം ഒരു മിനിറ്റില്‍ ഒഴുകിയെത്തുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങളും ,വിവരണങ്ങളും ഉണ്ടാകണം ഗംഗാ നദിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ സ്ഥാപിച്ച ഇത്തരത്തിലുള്ള 353 ഹൈഡ്രോളജിക്കല്‍ സ്റ്റേഷനുകള്‍ ഉണ്ട് .ഈ മാതൃക കേരളവും പിന്തുടരണം.

c) കാലാവസ്ഥയുമായി ബന്ധപെട്ടത്‌ .(Meteorological data)

മഴയുടെ ലഭ്യത ,ക്യാച്ച്മെന്റ്റ് ഏരിയായിലും ,നദിയുടെ വിവിധ ഭാഗങ്ങളിലും ഒരു വര്ഷം ലഭിക്കുന്ന മഴയുടെ അളവ് ,കടലിളി പതിച്ചു നഷ്ട്ടപെടുന്നത് ,തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപെട്ട വിവരങ്ങള്‍ ലഭ്യമാക്കണം .

d) നദിതീരത്തെ ജന സമൂഹങ്ങള്‍

ആദിവാസികള്‍ ,മത്സ്യത്തൊഴിലാളികള്‍ ,കര്‍ഷകര്‍ ,സാധാരണക്കാര്‍ തുടങ്ങി നദികളെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ,വിദ്യാഭ്യാസപരവുമായ വിവരങ്ങള്‍ .

e) ജലലഭ്യതയുടെ പരിമിതികള്‍ നദിയിലെ ചെറുതും ,വലുതുമായ ജലസേചന പദ്ധതികള്‍ ,കുടിവെള്ള പദ്ധതികള്‍ ,വെള്ളമെടുക്കുന്നതിന്റെ അളവ് ,പദ്ധതികളുടെ പരമാവതി കപ്പാസിറ്റി ,ഗുണഭോക്താക്കളുടെ എണ്ണം തുടങ്ങിയ ഡാറ്റ വേണം .

f) കാര്‍ഷിക രീതികള്‍

നദിതടങ്ങളിലെ കാര്‍ഷിക രീതികള്‍ ,കീടനാശിനി ഉപയോഗം ,ജൈവകൃഷി തുടങ്ങിയ വിവരങ്ങള്‍ .

g) ഭൂവിനിയോഗം

ഭൂമി നികത്തുന്നത് ,കരകള്‍ കയ്യേറുന്നത് ,പാര്‍ശ്വങ്ങള്‍ ഇടിയുന്നത് ,സമീപത്തുള്ള ഇഷ്ട്ടിക കളങ്ങള്‍,ചതുപ്പ് നിലങ്ങളുടെ രൂപമാറ്റങ്ങള്‍ തുടങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍

h) മലിനീകരണത്തിന്റെ ഉറവിടങ്ങള്‍

കാര്‍ഷികമേഖലയിലെ കീടനാശിനികള്‍ ,വ്യവസായ ശാലകളിലെ രാസമാലിന്യങ്ങള്‍ ,സാനിറ്റേഷന്‍ സൌകര്യങ്ങളുടെ അപര്യാപ്തത മൂലം നദികളിലേക്ക് ഒഴുകിയെത്തുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ ,അതുമൂലം ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് ,ഗാര്‍ഹിക മാലിന്യം ,ഹോട്ടലുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം ,ഉപ്പുവെള്ളം തുടങ്ങിയ മലിനീകരണ ഉറവിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ .

i) മണല്‍ ബജറ്റിംഗ്

നദികളുടെ അടിത്തട്ടിലെ മണലിന്റെ അളവ് ,അതില്‍ എത്ര മാത്രം മണല്‍ വാരുന്നതിന് അനുമതി കൊടുക്കാം തുടങ്ങിയ ശാസ്ത്രീയ വിവരങ്ങള്‍

j) വാട്ടര്‍ ടൂറിസം

അമ്യുസ്മെന്റ്റ് പാര്‍ക്കുകള്‍ക്കും മറ്റും വേണ്ടി എടുക്കുന്ന വെള്ളത്തിന്റെ അളവ് ,ട്രീറ്റ്‌ ചെയത് തിരിച്ചു വരുന്ന വെള്ളത്തിന്റെ അളവ് ,തുടങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ 1973 ഇല്‍ ലോകത്തിലാദ്യത്തെ നദിസംരക്ഷണ നിയമമായ തെംസ് റിവര്‍ അതോറിറ്റി ബില്‍ പാസ്സായി .1986 ഇല്‍ ഗംഗ റിവര്‍ അതോറിറ്റി രൂപവല്‍ക്കരിക്കപെട്ടു . പ്രാദേശികമായ സവിശേഷതകളും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട്‌ നമുക്കൊരു സമഗ്രമായ നദിതട അതോറിറ്റി നിയമം ആവശ്യമാണ് . കേന്ദ്ര കടുവാ സംരക്ഷണ അതോറിറ്റിയുടെ ഘടനയും ,ഗംഗ ആക്ഷന്‍ പ്ലാന്‍ സംവിധാനവും പഠനവിധേയമാക്കിയ ശേഷമാകണം സ്ടാട്ട്യൂട്ടരി അതോറിറ്റിക്ക് രൂപം നല്‍കേണ്ടത് .അത് മറ്റൊരു സര്‍ക്കാര്‍ വകുപ്പാകരുത് .അതോറിറ്റിക്ക് കീഴില്‍ സ്ഥിരം ശാസ്ത്ര വിഭാഗവും സംരക്ഷണ വിഭാഗവും വേണം . നദികളുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും അതോറിറ്റിക്ക് കീഴിലാകണം . നദികളില്‍ മലിനീകരണം, അനധികൃതമായും അശാസ്ത്രീയമായും മണലെടുപ്പ് നടത്തി നദികളുടെ പാരിസ്ഥിതികാവസ്ഥ തകര്‍ക്കല്‍, കൈയ്യേറ്റമടക്കമുള്ള നിയമലംഘനം എന്നിവക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ വേണ്ടിയുള്ള നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ് .

ആക്ഷന്‍ പ്ലാന്‍

1. വരുന്ന ഒരു വര്‍ഷത്തിനകം Statutory അധികാരങ്ങളുള്ള സമഗ്രമായ ഒരു നദിതട അതോറിറ്റി നിയമം നിയമസഭയില്‍ പാസ്സാക്കണം .അതിനു വേണ്ടി ശക്തമായ സമ്മര്‍ദ്ദവും പ്രചാരണവും നടത്തും

2. നെയ്യാറില്‍ നിന്ന് ചന്ദ്രഗിരി വരെ

നെയ്യാറില്‍ നിന്നും ചന്ദ്രഗിരി വരെ എന്നാ പുതിയ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്.പമ്പ,പെരിയാര്‍,മണിമലയാര്‍,ചാലക്കുടി പുഴ,നിള,ചാലിയാര്‍,വളപട്ടണംപുഴ ,ചന്ദ്രഗിരി പുഴ..ഇങ്ങനെ വലുതും ,ചെറുതുമായ നദികളുടെ തീരങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളും ജന പ്രതിനിധികളുമായി ആശയവിനിമയം നടത്തി,പരിസ്ഥിതി സംഘടനകള്‍ ശാസ്ത്രസമൂഹം എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി ക്രോഡീകരിച്ചാവും പദ്ധതി മുന്നോട്ട് പോകുക.Statutory River Authority ,ശക്തമായ നിയമനിര്‍മ്മാണം എന്നിവയ്ക്കൊപ്പം ആദ്യഘട്ടത്തില്‍ നെയ്യാര്‍ ,പമ്പ ,പെരിയാര്‍,നിള എന്നിവയുടെ സംരക്ഷണത്തിനുള്ള വിശദമായ പ്ലാന്‍ തയ്യാറാക്കാനും ഉദ്ദേശിക്കുന്നു .കേരളത്തിനകത്തും ,പുറത്തുമുള്ള സുമനസ്സുകളുടെ ,വിദഗ്ദ്ധരുടെ ,ശാസ്ത്രജ്ഞരുടെ സഹായവും സഹകരണവും ഉണ്ടാകണം .ഹരിത രാഷ്ട്രീയം , നയരൂപീകരണവും ഇടപെടലുകളും മാത്രമല്ല ,കേരളം നേരിടുന്ന ചില വലിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനുള്ള എളിയ പരിശ്രമം കൂടി ആയി മാറുകയാണ് .നമ്മുടെ പൊതു സ്വത്തു ,ഭൂമിയും ,മണ്ണും ,ജലവും എല്ലാവാരുടെതുമാണെന്നും അവ എല്ലാവര്ക്കും വേണ്ടി സംരക്ഷിക്കപെടണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് ,കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

എന്താണ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട്

വൻ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാറ പൊട്ടിക്കലും മണ്ണ് ഖനനം ചെയ്യുന്നതും ഇവിടങ്ങളിൽ പ്രകൃതിക്കു ദോഷകരമാണ്. അറിഞ്ഞു കൊണ്ട് ഇനിയും പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നവരെ തിരിച്ചറിയുക.

വിശതമാകിയാൽ.............

ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്[

2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഈ മേഖലയില അനിയന്ത്രിതമായ പൃകൃതി ചൂഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിൽ നീലഗിരി മലകളിലെ കോത്തഗിരിയിൽ നടന്ന പാരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്. [2]
പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതിക ചർച്ചകൾക്കും അഭിപ്രായ രൂപീകരണവും നടത്തിയതിനുശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
പ്രൊഫ. മാധവ് ഗാഡ്ഗിൽ (അദ്ധ്യക്ഷൻ), ബി.ജെ. കൃഷ്ണൻ, ഡോ. കെ.എൻ. ഗണേഷയ്യ, ഡോ. വി.എസ്. വിജയൻ[4], പ്രോഫ. റെനീ ബോർഗസ്, പ്രോഫ. ആർ. സുകുമാർ, ഡോ. ലിജിയ നൊറോന്ഹ, വിദ്യ എസ്. നായക്, ഡോ. ഡി.കെ. സുബ്രഹ്മണ്യം, ഡോ. ആർ.വി. വർമ്മ (കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്), ചെയർമാൻ, ദേശീയ ജൈവവൈവിദ്ധ്യ അതോറിറ്റി, പ്രൊഫ. സി.പി. ഗൌതം (കേന്ദ്ര മലിനികരണ നിയന്ത്രണ ബോർഡ്), ഡോ. ആർ.ആർ. നവൽഗുണ്ട് (സ്പേസ് ആപ്ലിക്കേഷൻ സെന്റർ), ഡോ. ജി.വി. സുബ്രഹ്മണ്യം (ശാസ്ത്രസാങ്കേതിക പരിസ്ഥിതി മന്ത്രാലയം ഉപദേശകൻ)
പരിസ്ഥിതിലോലമെന്ന വിഭാഗത്തിൽ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകൾ ഏതെന്നതാണ് സമിതി പ്രധാനമായും നിർണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈർഘ്യവും കുറഞ്ഞത് 48 കി.മീ. മുതൽ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. ഇത് മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരിയിൽ വരെ വ്യാപിച്ചു കിടക്കുന്ന 8°19′8″N 72°56′24″E മുതൽ 21°16′24″N 78°19′40″E വരെയുള്ള അക്ഷാംശ രേഖാംശാ പ്രദേശമാണ്.
താഴെപറയുന്ന കാര്യങ്ങൾ വിലയിരുത്തുന്നതിനായുള്ള അനുശാസനമാണ് മാധവ് ഗാഡ്ഗിൽ സമിതിക്ക് സർക്കാർ നൽകിയത്:
പശ്ചിമഘട്ട മേഖലയുടെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക.
1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമം പ്രകാരം പശ്ചിമഘട്ടമേഘലയിലെ പാരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരടയാളപ്പെടുത്തുക. ഇപ്രകാരം ചെയ്യുന്നതിലേക്ക് നിലവിലുള്ള റാം മോഹൻ കമ്മറ്റി റിപ്പോർട്ട്, സുപ്രീംകോടതി നിർദ്ദേശങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ സമിതി പരിഗണിക്കുക, ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകളോട് ആരായുക.
ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളും സർക്കാരുകളും ചേർന്നുള്ള സമഗ്ര സമ്പർക്കത്തിലൂടെ പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം, പരിപാലനം, പുനരുജ്ജീവനം തുടങ്ങിയവയ്കാവശ്യമായ ശുപാർശകൾ സമർപ്പിക്കുക.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം നടത്തുന്നതിന്റെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക.
ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക പരിപാലനത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്ന ഒരു പ്രൊഫണൽ സംവിധാനമായി, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ ശുപാർശ ചെയ്യുക.
പശ്ചിമഘട്ടത്തിന്റെ പരിസര - പരിസ്ഥിതി സംബന്ധമായി, കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പരാമർശിക്കുന്നടക്കമുള്ള മറ്റെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക.
അതിരപ്പള്ളി, ഗുണ്ടിയ ജനലവൈദ്യുത പദ്ധതികൾ, ഗോവയിലെയും തീരപ്രദേശമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ദുദുർഗ് ജില്ലകളിലെയും പുതിയ ഖനന അനുമതികൾക്ക് മോറൊട്ടോറിയം പ്രഖ്യാപിക്കൽ തുടങ്ങിയവ സംബന്ധിച്ച ശുപാർശകളും സമിതിയുടെ അനുശാസനത്തിൽ ഉൾക്കൊള്ളിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയും പിന്നീട് ആവശ്യപ്പെടുകയുണ്ടായി.
മാധവ് ഗാഡ്ഗിൽ സമിതിയുടെ ഈ റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. [5]
എന്നാൽ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. ഉയർന്ന വന മേഖല ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വിമർശനത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻറെ പട്ടികയിലില്ല. മൂന്ന് വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്. ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിൻറെ അന്തസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാടെയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശയെ ഈ സമിതിയും പിൻതാങ്ങിയെങ്കിലും പുതിയ പഠന റിപ്പോർട്ടുമായി അംഗീകാരത്തിനായി അപേക്ഷിക്കണമെന്നു കേരള സർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികം പ്രമേയത്തിലൂടെ സർക്കാരുകളോട് ആവശ്യപ്പെട്ടു

മാധവ് ഗാട്ഗില്‍ റിപ്പോര്‍ട്ട് ചില പരിസ്ഥിതിദിന ചിന്തകള്‍

പാരിസ്ഥിതികമായി നിലനില്‍ക്കുന്നതാകണം ഏതു വികസനവും. പ്രകൃതിസംരക്ഷണം നിയമംകൊണ്ട് നടപ്പാക്കാന്‍കഴിയുന്ന സര്‍ക്കാര്‍ പ്രൊജക്റ്റ്‌ അല്ല. മഴയും മഞ്ഞും വേനലുമോന്നും ആരുടേയും ഇച്ഛാനുസാരം വരികയുമില്ല . ഭൂമിയില്‍ മനുഷ്യവര്‍ഗം വേണമെന്ന് പ്രകൃതിയ്ക്കോ മറ്റൊരു ജീവിവര്‍ഗത്തിനോ ഒരു പുല്‍ക്കൊടിയ്ക്ക്പോലുമോ നിര്‍ബന്ധമില്ല .കാരണം ഇവയൊന്നും മനുഷ്യനെ ആശ്രയിച്ചുകഴിയുന്നതല്ല .മനുഷ്യനാകട്ടെ പ്രകൃതിയും പരിസ്ഥിതിയുമില്ലാതെ ഒരുനിമിഷംപോലും കഴിയാനാകില്ല ..ഇത് പരിസ്ഥിതിയുടെ ബാലപാഠം .

പശ്ചിമഘട്ടമെന്നാൽ  കാടുമുതല്‍ കടല്‍വരെയുള്ള നമ്മുടെ നദികളുടെ  ഒഴുക്കിനെയും കുടിവെള്ളലഭ്യതയേയും കാര്‍ഷികവ്യവസ്ഥയെയും നില നിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ്‌.  ഇരുനൂറു വര്‍ഷത്തെ മനുഷ്യന്റെ തെറ്റായ ഇടപെടലിന്റെ ഫലമായി പശ്ചിമ ഘട്ടത്തിൽ മിക്കയിടങ്ങളിലും വികസനത്തിന്റെ വാഹനശേഷിയും പരിസ്ഥിതി നാശത്തിന്റെ അതിരുകളും നമ്മള്‍ കടന്നുകഴിഞ്ഞിരിക്കുന്നു . നിലവിലുള്ള നിയമങ്ങള്‍ക്കു ഈയൊരു കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് Environmental Protection Act 1986 പാർലമെന്റിൽ  പാസാക്കുന്നത്.

പശ്ചിമഘട്ടത്തിന്റെ നാശം തടയുക എന്ന തിരിച്ചറിവില്‍ നിന്നാണ് 2010 ല്‍ നീലഗിരിയിലെ കൊത്തഗിരിയില്‍വെച്ച് നടന്ന പശ്ചിമഘട്ട രക്ഷാ കൂട്ടായ്മയില്‍ പരിസ്ഥിതിമന്ത്രി ജയറാംരമേശ്‌, പശ്ചിമ ഘട്ട പരിസ്ഥിതിപ്രാധാന്യമേഖലകളെ നിയമപരമായി നോട്ടിഫൈ ചെയ്തു സംരക്ഷിക്കാനുള്ള പഠനത്തിനു പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാട്ഗില്‍ നേതൃത്വംനല്‍കുന്ന പതിനാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.

കന്യാകുമാരി മുതല്‍ കേരളം തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന്‌ ഗുജറാത്ത്‌ മഹാരാഷ്‌ട്ര അതിര്‍ത്തി വരെ 1600 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച്‌ കിടക്കുന്നതാണ്‌ പശ്ചിമഘട്ട പര്‍വ്വതനിരകള്‍.. ഇന്ത്യയിലെ, ദക്ഷിണേന്ത്യയിലെ മഴ സീസണ്‍ നിശ്ചയിക്കപ്പെടുന്നതിനു നിര്‍ണായക പങ്ക്‌ വഹിക്കുന്നതു ഈ പര്‍വ്വതനിരകളാണ്‌. കേരളത്തിന്റെ പരിസ്ഥിതിരൂപങ്ങളും സമൂഹനിര്മിതിയുമെല്ലാം പശ്ചിമഘട്ടത്തെ ആധാരമാക്കി രൂപപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടമായ പ്രദേശങ്ങളില്‍പെട്ട മലനിരകളും വനപ്രദേശങ്ങളുമടങ്ങിയതാണ് പശ്ചിമഘട്ടം.

ഈ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ശുപാര്‍ശകള്‍ മുന്നോട്ടുവച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേങ്ങശളെ തെറ്റിദ്ധാരണ പരത്തി വിമര്‍ശനങ്ങളിലൂടെ അട്ടിമറിക്കാനാണ് നിക്ഷിപ്ത താല്പര്യക്കാര്‍ ശ്രമിച്ചത് . 2012 ഓഗസ്റ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രാദേശികഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു പൊതുസമൂഹത്തില്‍ ഒരുചര്‍ച്ചയ്ക്കു അവസരംകൊടുക്കാതെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിലധികം കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഒരുപാട് നല്ല നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഗാട്ഗില്‍ റിപ്പോര്‍ട്ടില്‍ ,എല്ലാ ശുപാര്‍ശകളും പ്രാദേശികഗ്രാമസഭകള്‍ ചര്‍ച്ചചെയ്തു മാത്രം നടപ്പാക്കേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു .

അന്തര്‍സംസ്ഥാന നദീജലകൈമാറ്റത്തെ എതിര്‍ത്തിരുന്ന ഗാട്ഗില്‍ റിപ്പോര്‍ട്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനു ഗുണകരമാകുമായിരുന്നു . ആറന്മുള വിമാനത്താവള പദ്ധതി പോലെ ചതുപ്പുകളും വയലുകളും നികത്തിയുള്ള എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും ഗാട്ഗില്‍ റിപ്പോര്‍ട്ട് എതിര്‍ക്കുന്നുണ്ട് .

പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്നും ,അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ,അത് വായിച്ചുനോക്കുകപോലും ചെയ്യാതെ ക്രിസ്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ റിപോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധംതന്നെയുണ്ടായി . ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കര്‍ഷക ദ്രോഹപരമാണെന്ന നുണ പ്രചരിപ്പിച്ച് സങ്കുചിതമായ വികാരങ്ങള്‍ ഉണര്‍ത്തിവിടാനാണ് ശ്രമം നടന്നത് . ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ കുടില താല്പര്യങ്ങള്‍ക്ക് കീഴങ്ങുന്ന ദുരിതാവസ്ഥയാണ് കേരളത്തില്‍ ഉണ്ടാവുന്നത്.

വര്‍ഗീയകോമരങ്ങളുടെ ഇടയലേഖനങ്ങള്‍ ഫോട്ടോകോപ്പിഎടുത്തു പ്രചരിപ്പിക്കുകയും അവരുടെ ഹര്‍ത്താലുകള്‍ക്ക് ആളെകൂട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അധ:പ്പതിച്ചു എന്നതാണ് ഇന്നത്തെ ഏറ്റവുംവലിയ ദുര്യോഗം.. വനംകയ്യേറ്റക്കാരേയും ഖനന ലോബിയെയും കരിങ്കല്‍ ക്വാറി മുതലാളിമാരെയും പ്രതിനിധീകരിക്കുന്ന കേരളസര്‍ക്കാര്‍തന്നെ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു . ആറ് സംസ്ഥാനങ്ങളിലെ 25 കോടി ജനങ്ങള്‍ക്കുള്ള വെള്ളത്തിന്‍െറ സ്രോതസ്സായ പശ്ചിമഘട്ടത്തില്‍ ഏഴ് ശതമാനം സ്വാഭാവിക വനം മാത്രമാണ് അവശേഷിക്കുന്നത്.


ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറയുടെയും നിലനില്പിനുതകുന്ന വികസന നേട്ടങ്ങള്‍ ഉറപ്പുവരുത്തുവാനാണ് ഗാഡ്ഗില്‍ കമ്മിറ്റി ശ്രമിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ച ഭൂരിപക്ഷവും ഖനന ലോബിക്കാരായിരുന്നു. അവരാണ് വസ്തുതകളെ വളച്ചൊടിച്ചും മറച്ചുപിടിച്ചും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. സാമൂഹ്യ പാരിസ്ഥിതിക സുരക്ഷക്ക് പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്. മലനിരകളില്‍ വന്‍നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ഇനി അനുവദിക്കരുത് ,വനാവകാശനിയമം കര്‍ശനമായി നടപ്പാക്കണം ,കാട് മറ്റാവശ്യങ്ങള്‍ക്കായി വിനിനിയോഗിക്കരുത് തുടങ്ങി ഒരുപാട് നിര്‍ദേശങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട് .ഇനി ഒരു തുണ്ട് ഭൂമിപോലും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറരുത് ,ഖനനമോ ക്വാറിയോ നടത്താനുള്ള ലൈസന്‍സു ഇനി ആര്‍ക്കും നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്രിസ്ത്യന്‍ സഭകളെ ചൊടിപ്പിച്ചിരിക്കുന്നത് .

പശ്ചിമഘട്ടവും ആറന്മുളയും ഇന്ത്യയുടെ പൈതൃകകേന്ദ്രങ്ങളായതുകൊണ്ടാണ് നാടിന്റെ ഭാവിയിലും വരുംതലമുറയുടെ നിലനില്പ്പിലും ഉത്കണ്ഠയുള്ള ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അതിന്റെ നിലനില്‍പ്പിനുവേണ്ടി വാദിക്കുന്നത് . പരിസ്ഥിതിയുടെ പേരുപറഞ്ഞു ആണവനിലയത്തിനെതിരെ സമരംചെയ്യുകയും , ഇപ്പുറത്തു ആറന്മുളവിമാനത്താവളത്തിനുവേണ്ടി വാദിക്കുകയും ,പശ്ചിചിമഘട്ട സംരക്ഷണനിയമത്തെ എതിര്‍ക്കുകയും ചെയുന്ന ചിലരുടെ കാപട്യം തിരിച്ചറിയെണ്ടതുണ്ട് . . നാടിനെ കട്ടുമുടിക്കുന്ന കള്ളന്മാരുടെ ആര്‍ത്തികള്‍ക്കായി ഒരു നാടിനെനെയും അതിന്റെ പരിസ്ഥിതിയെയും ബലാല്‍ക്കാരംചെയ്യുമ്പോള്‍ അവര്‍ കയ്യടക്കിയ മലകള്‍ക്കും നെല്‍പ്പാടങ്ങള്‍ക്കും നൊന്തെന്നുവരില്ല .അവര്‍ കെട്ടിപ്പൊക്കുന്ന മാളികളില്‍ പൂക്കുന്ന കള്ളപ്പണം ,അവരുടെ വരുംതലമുറ ഒരുനുള്ളു ശുദ്ധവായുവിനും ഒരിറ്റു ശുദ്ധജലത്തിനുംവേണ്ടി പിടഞ്ഞുവീഴുമ്പോള്‍ പ്രയോജനപ്പെടില്ല .അപ്പോള്‍ ,പ്രകൃതിയെ പരിസ്ഥിതിയെ ,പൈതൃക മ്പത്തുകളെ നശിപ്പിച്ചു നിര്‍മ്മിക്കുന്നതെല്ലാം അപ്രസക്തമാകും…

ഞങ്ങളുടെ മലകളെ ,ഞങ്ങളുടെ നെല്‍പ്പാടങ്ങളെ ,ഞങ്ങളുടെ കാവുകളെ ,ഞങ്ങളുടെ തോടുകളെ ,ഞങ്ങളുടെ മഴയെ ,ആകാശത്തെ നിങ്ങള്‍ എന്ത്ചെയ്തു എന്ന് നാളെ നമ്മുടെ വരുംതലമുറ നമ്മോടു ചോദിച്ചാല്‍ എന്ത് ശരി കൊണ്ട് നാമത്തിനു ഉത്തരം നല്‍കും ? .മണിമാളികകളും അംബരചുംബികളും വിമാനതാവളങ്ങളുമാണ് വികസനത്തിന്റെ മാതൃകയെന്നു വിശ്വസിച്ചിരുന്ന മൂലധനശക്തികള്‍ക്കെതിരെ നിങ്ങള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചാല്‍ നമ്മള്‍ എന്ത് മറുപടി പറയും?..പ്രകൃതിയെ ,പരിസ്ഥിതിയ കശാപ്പുചെയ്തുകൊണ്ടുള്ള വികസനം താല്‍ക്കാലികമാണെന്ന് തിരിച്ചറിയാത്ത ഒരുകൂട്ടം ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നതുകൊണ്ട് സംഭവിച്ചുപോയിയെന്നോ……

2.90322580645
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
Raveendran Raveendran Mar 30, 2018 05:29 AM

പശ്ചിമഘട്ടം സംരക്ഷിക്കപ്പെ ടേണ്ടത് തന്നെയാണ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top