കേരളത്തിന്റെ സാമൂഹികജീവിതത്തെ നേരിട്ട് ബാധിക്കുന്ന നമ്മുടെ ജലാശയങ്ങള്‍ ഉള്‍ക്കാഴ്ചയില്ലാത്ത വികസനംമൂലം ശ്വാസംമുട്ടുകയാണ്. നമ്മുടെ കായലുകളും പുഴകളും തോടുകളുമെല്ലാം തിരിച്ചുപിടിക്കാന്‍ പറ്റാത്തവിധം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ പകുതിയോളം തൊഴിലാളികള്‍ ജലവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു. എന്നാല്‍, ഇവര്‍ തൊഴില്നിയമങ്ങളാല് ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല. 2016-ലെ ലോക ജലദിനവുമായി ബന്ധപ്പെട്ട് യു.എന്‍. ഉയര്‍ത്തുന്ന 'വെള്ളവും തൊഴിലും' എന്ന ആശയം ലോകമൊട്ടാകെ ചര്‍ച്ചചെയ്യപ്പെടുന്നതും ഇതുകൊണ്ടുതന്നെ.
വെള്ളത്തിന്റെ ലഭ്യതയും ശുദ്ധിയും തൊഴിലാളികളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് സാമൂഹികാവസ്ഥയെയും സാമ്പത്തികരംഗത്തെയും നേരിട്ട് ബാധിക്കുകയും ചെയ്യും. കേരളത്തിന്റെ ജലസമൃദ്ധമായ ഭൂപ്രകൃതി ലോകജലദിനചിന്തകള്ക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ സാമൂഹികജീവിതത്തെ നേരിട്ട് ബാധിക്കുന്ന നമ്മുടെ ജലാശയങ്ങള്‍ ഉള്‍ക്കാഴ്ചയില്ലാത്ത വികസനംമൂലം ശ്വാസംമുട്ടുകയാണ്. നമ്മുടെ കായലുകളും പുഴകളും തോടുകളുമെല്ലാം തിരിച്ചുപിടിക്കാന്‍ പറ്റാത്തവിധം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വികസനവും പരിസ്ഥിതിയും ശരിയായരീതിയില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുപോലും ഭൂമിശാസ്ത്രപരമായ പരിമിതികള്‍. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയെ അപേക്ഷിച്ച് രണ്ടര ഇരട്ടിയോളമാണ് കേരളത്തിലെ ജനസാന്ദ്രത. ഇതുമൂലമുണ്ടാകുന്ന സ്ഥലദൗര്‍ലഭ്യം, വാഹനബാഹുല്യം, റോഡുകളുടെ വികസനത്തിലെ അപര്യാപ്തത എന്നിവകൂടി പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ജലപാതകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു. എന്നിട്ടും നമ്മുടെ വികസനനയങ്ങളിലെല്ലാം ജലാശയങ്ങളും ജലപാതകളും ഉപേക്ഷിക്കപ്പെട്ടു. ജലമാര്‍ഗങ്ങള്‍ ഭൂരിഭാഗവും റോഡുകളാക്കിമാറ്റി.
റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞതാണ് ജലമാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കം. റോഡിലൂടെ ചരക്കുഗതാഗതത്തിന് ഒരു കിലോമീറ്ററിന് ശരാശരി 1.5 രൂപയാവുമ്പോള്‍ റെയില്‍ ഗതാഗതത്തിന് ഇത് ഒരു രൂപയാണ്. എന്നാല്‍ ജലമാര്‍ഗത്തില്‍ ശരാശരി 30 പൈസ മതി; റോഡില്‍ ചെലവാകുന്നതിന്റെ അഞ്ചിലൊന്ന് മാത്രം. കാര്യമായ മലിനീകരണമില്ലെന്ന ഗുണം വേറെയും. തിങ്ങിനിറഞ്ഞ റോഡുകള്‍, പൊറുതിമുട്ടിക്കുന്ന ഗതാഗതക്കുരുക്ക്, പുകതുപ്പുന്ന വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം, കുറയുന്ന പൊതുജനാരോഗ്യം, ഉയരുന്ന രോഗങ്ങളുടെ തോത് ഇവയൊക്കെ പരിഗണിച്ചിട്ടും നമ്മള് ഗതാഗതത്തിനായി ഇനിയും ജലപാതകളെ ആശ്രയിക്കുന്നില്ല. കാലങ്ങളായി നാം നടപ്പിലാക്കുന്ന വികസനനയത്തിന്റെ ഉള്‍ക്കാഴ്ചയില്ലായ്മയാണ് ഇവിടെ വെളിപ്പെടുന്നത്.
ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ഏറ്റവും മികച്ച മാതൃകകള്‍ നിലനിന്ന കേരളത്തിലാണ് ഈ പിന്നോട്ടുപോക്ക് സംഭവിച്ചത്. കായലുകളും തോടുകളുമടക്കം 2000 കിലോമീറ്ററോളം വരുന്ന ജലഗതാഗതമാര്‍ഗങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഇവയൊക്കെയും ആവശ്യമെങ്കില്‍ ഗതാഗതത്തിനായി ഉപയോഗപ്പെടുത്താവുന്നവയുമാണ്. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തെയും ഇടനാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും ജലമാര്‍ഗത്തിലൂടെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കാനും കഴിയും. എന്നിട്ടും വികസനത്തിന്റെ വഴികളിലൊന്നും ജലഗതാഗതം പരിഗണിക്കപ്പെടുന്നില്ല. ഇന്ത്യയുടെ വികസനത്തില്‍ ഉള്‍നാടന്‍ ജലപാതകളുടെ പങ്ക് വളരെ വലുതാണെന്ന് അടുത്തിടെ പ്രധാനമന്ത്രി ഓര്‍മപ്പെടുത്തിയിരുന്നു. ചൈനയും കൊറിയയും ചരക്കുനീക്കത്തിനും യാത്രയ്ക്കും 40 ശതമാനത്തിലധികം ജലമാര്‍ഗം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ചരക്കുനീക്കത്തിനും യാത്രയ്ക്കുമായി ജലഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് 3.5% മാത്രമാണ്. എന്നാല്‍, ഇത് 2019-ഓടെ 15% ആക്കി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. റെയില്‍പ്പാതയും റോഡും വികസിപ്പിക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ജലപാതകള്‍ വികസിപ്പിക്കാന്‍ കഴിയും. അറ്റകുറ്റപ്പണികള്ക്കുംമറ്റും കുറഞ്ഞ ചെലവ് മതി.
225 കോടി രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയജലപാത-മൂന്നിന്റെ അവസ്ഥ നോക്കിയാല്‍ ജലഗതാഗതമാര്ഗങ്ങളോട് നമ്മള് കാട്ടുന്ന അവഗണന എത്ര കുറ്റകരമാണെന്ന് ബോധ്യപ്പെടും.
മണ്ണടിഞ്ഞ ദേശീയ ജലപാത
ജലപാതയില്‍ ചരക്കുനീക്കം തുടങ്ങുമ്പോള്‍ ഉപയോഗപ്പെടുത്താനായി ഒന്‍പതിടങ്ങളില്‍ നിര്‍മിച്ച കാര്‍ഗോ ഷെഡ്ഢുകളും ഉപയോഗശൂന്യമായി കിടക്കുന്നു. പണി പൂര്‍ത്തിയായിട്ടും ചരക്കുമായി ഒരു വാഹനവും ദേശീയ ജലപാതയിലൂടെ സഞ്ചരിക്കുന്നില്ല. ഗതാഗതം ഇല്ലാത്തതിനാല്‍ ആഴംകൂട്ടിയ സ്ഥലങ്ങളില്‍ വീണ്ടും ചെളിയും മണ്ണും അടിഞ്ഞു. മാറ്റിസ്ഥാപിച്ച ചീനവലകളും ഊന്നിവലകളും പുനഃസ്ഥാപിക്കുന്ന അവസ്ഥകളും ഉണ്ടായി.
വിഷംതീണ്ടിയ ഓളപ്പരപ്പുകള്‍
വികസനസംബന്ധിയായ ജലപ്രശ്നങ്ങളേക്കാള് ഗുരുതരമാണ് ജലാശയങ്ങളെ ശ്വാസംമുട്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ പരസ്പരം ബന്ധപ്പെട്ടോ അല്ലാതെയോ കിടക്കുന്ന ജലാശയങ്ങളും പുഴകളുമെല്ലാം മാരകമാംവിധം മലിനമാക്കപ്പെട്ടുകഴിഞ്ഞു.
പ്ലാസ്റ്റിക്, കീടനാശിനി, രാസവളം, അറവുമാലിന്യം, ആസ്പത്രി മാലിന്യം, ഇലക്ടോണിക് മാലിന്യം, മറ്റ് രാസവസ്തുക്കള്‍, മനുഷ്യവിസര്‍ജ്യം... ഇങ്ങനെ ജലാശയങ്ങളെ മലിനമാക്കുന്നവയുടെ പട്ടിക എത്ര വേണമെങ്കിലും നീട്ടാം.
ദേശീയജലപാതയുടെ തെക്കേയറ്റത്ത്, അഷ്ടമുടിക്കായലില്‍ നിന്നുതന്നെ തുടങ്ങണം ജലാശയ മലിനീകരണത്തിന്റെ ആഴങ്ങളിലേക്കുള്ള അന്വേഷണം. കായല്‍പ്പരപ്പില്‍ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍പ്പോലും ഇടം പിടിക്കാത്തവിധം സാധാരണ കാഴ്ചയാണ്. അതിലും അപകടകരമാണ് ആഴങ്ങളിലേക്ക് വ്യാപിക്കുന്ന അപകടങ്ങള്‍. അഷ്ടമുടിക്കായല്‍ മലിനമാക്കുന്നതില്‍ കയര്‍ വ്യവസായത്തിന് നല്ല പങ്കുണ്ട്. തൊണ്ട് അഴുക്കല്‍ മൂലവും കയര്‍ വ്യവസായത്തിന്റെ മറ്റു മാലിന്യങ്ങള്‍ ജലത്തില്‍ കലരുന്നതുമൂലവും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് പോലെയുള്ള വാതകങ്ങളുടെ സാന്നിധ്യം വ്യാപകമാണ്. വ്യവസായ മേഖലയില്‍നിന്നുള്ള രാസമാലിന്യങ്ങള്‍ കൂടി കായലില്‍ എത്തുന്നതോടെ മലിനീകരണത്തിന്റെ ആഴവും പരപ്പും കൂടുന്നു. ജല സസ്യങ്ങളുടെയും ജലജീവികളുടെയും നിലനില്‍പ്പിനെ ഇത് കാര്യമായി ബാധിച്ചുകഴിഞ്ഞു. കായലില്‍ നിന്ന് ലഭിക്കുന്ന മത്സ്യവിഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടെന്ന്പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വികസനത്തിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലാണ് കേരളം. പക്ഷേ, മലം വെള്ളത്തിലേക്ക് നേരിട്ട് പതിക്കുന്ന വിധത്തില്‍ കെട്ടിയുണ്ടാക്കിയ കക്കൂസുകള്‍ കേരളത്തിലെ കായലോരങ്ങളിലും പുഴയോരങ്ങളിലും നാട്ടുതോടുകള്ക്കരികിലും ഇപ്പോഴുമുണ്ട്. കൊട്ടിഗ്ഘോഷിക്കുന്ന ഒരു വികസനപദ്ധതിയിലും ഇവര്‍ ഉള്‍പ്പെടുന്നില്ല.
കൊല്ലം ജില്ലയില്‍ ദേശീയ ജലപാതയുടെ ഓരങ്ങളിലെ പതിവുകാഴ്ചയാണ് ഇത്തരം കക്കൂസുകള്‍. മലം അടക്കമുള്ള മാലിന്യങ്ങള്‍ ഇവിടെ മത്സ്യങ്ങള്‍ തീറ്റയാക്കുന്നു. ജലാശയങ്ങളില്‍ മലമെത്തുന്നത് കേവലം ഒരു പ്രാദേശികപ്രശ്നമല്ല. നഗര പ്രദേശങ്ങളിലെ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നുവെന്ന വാര്‍ത്തകള്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍, വാര്‍ത്തകളില്‍ ഇടം പിടിക്കാത്തവയെക്കുറിച്ച് നമുക്ക് ശരിയായ കണക്കുകൂട്ടലുകളില്ല. ഒന്നുറപ്പാണ്, കേരളത്തിലെ ഒട്ടുമിക്ക ജലാശങ്ങളും അപകടകാരികളായ ബാക്ടീരിയകളുടെ പിടിയിലാണ്.
കൊല്ലത്തുനിന്ന് ദേശീയ ജലപാതയിലൂടെ യാത്ര തുടങ്ങുമ്പോള്‍ത്തന്നെ തീരങ്ങളില്‍ അറവിന്റെ ചോരപ്പാടുകള്‍ കാണാം, ജലപ്പരപ്പില്‍ ഒഴുകുന്ന അറവുമാലിന്യങ്ങളും. അറവുമാലിന്യങ്ങള്‍ ജലാശയങ്ങളിലേക്കെത്തുന്നതിന്റെ അളവോ വ്യാപ്തിയോ കണക്കാക്കാനാവില്ല. അറവിന്റെ ഭാഗമായി, മാലിന്യങ്ങള്‍ വളരെയധികമുള്ളതിനാലാണ് ജലാശയങ്ങളുടെ തീരങ്ങളോട് ഇക്കൂട്ടര്‍ക്ക് പ്രിയം. ആവശ്യമുള്ള മാംസഭാഗങ്ങള്‍ എടുത്തശേഷം മറ്റെല്ലാം വെള്ളത്തിലേക്ക് തട്ടുന്നതാണ് പതിവുരീതി.
കുപ്പത്തൊട്ടിയല്ല ജലാശയങ്ങള്‍
നാട്ടിന്‍പുറങ്ങളില്‍ ചപ്പുചവറുകള്‍ അടിച്ചുവാരി പുഴയിലേക്കാണ് കളയുക. മറ്റു പല മാലിന്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു വീട്ടുപറമ്പിലെ ചവര്‍, നിസ്സാരം തന്നെ. എന്നാല്‍, ജലാശയമെന്നാല്‍ മാലിന്യമിടാനുള്ള സ്ഥലമാണെന്ന മനോഭാവം ഇവിടെ പ്രകടമാണ്. ഇത്തരം ചെറിയ ബോധ്യങ്ങള്‍ കൊണ്ടാവണം, ജലാശയങ്ങള്‍ വലിയതോതില്‍ മലിനമാക്കപ്പെടുമ്പോഴും നമ്മള് കാര്യമായി പ്രതികരിക്കാത്തത്.
എന്തും വലിച്ചെറിയാന്‍ പാകത്തിലുള്ള വലിയ കുപ്പത്തൊട്ടികളാണ് ജലാശയങ്ങള്‍ എന്ന തെറ്റായ ബോധം, കുറേക്കാലം കൊണ്ട് കേരളീയര്‍ രൂപപ്പെടുത്തിയെടുത്തു. പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയും അല്ലാതെയും ഒക്കെ ജലപ്പരപ്പിലേക്ക് അളവില്ലാത്തവിധം മാലിന്യങ്ങള്‍ എത്തുന്നു. വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ പലതരം രോഗങ്ങളായി പലതവണ തിരിച്ചെത്തിയിട്ടും നമ്മള് പാഠം പഠിക്കുന്നില്ല.
കടല്‍നിരപ്പിലും താഴ്ന്നപ്രദേശത്ത് കൃഷിചെയ്യുന്ന അദ്ഭുതത്തിലൂടെ മലയാളിയുടെ വിശപ്പടക്കിയിരുന്ന പ്രദേശമായിരുന്നു കുട്ടനാട്. കൃഷിയുടെ മേനിയെല്ലാം നഷ്ടമായി, ശുദ്ധജലവും എങ്ങുമില്ല. കായലുകളിലും തോടുകളിലുമുള്ളതാകട്ടെ, കീടനാശിനികളും രാസവളങ്ങളും കലര്‍ന്ന് അപകടകാരിയായിമാറിയ രാസസങ്കരം. കൂനിന്മേല്കുരു എന്നപോലെ കാര്‍ഷിക വൃത്തിക്കു പകരം ടൂറിസവും എത്തി. ആയിരത്തോളം ഹൗസ്ബോട്ടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ കുട്ടനാടിന്റെ തലവിധി മാറ്റുന്നു.
അപകടകരമായ ഏത് രോഗത്തിനും വളരെ വേഗത്തില്‍ വേരുറപ്പിക്കാവുന്ന ഭൂമിശാസ്ത്ര അവസ്ഥയാണ് കുട്ടനാട്ടിലേത്. എല്ലായിടത്തും വെള്ളം എന്നത്, എല്ലായിടത്തും മലിനമായ വെള്ളം എന്ന് മാറ്റിപ്പറയേണ്ട അവസ്ഥ. കൊല്ലം മുതല്‍ ആലപ്പുഴ വരെയുള്ള പ്രദേശങ്ങളില്‍ കൂടുതലും അസുഖ ബാധിതരാവുന്നത് ജലവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ത്രീകളാണ്.
തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കടല്‍വെള്ളത്തിന്റെ വരവ് നിയന്ത്രിച്ചതോടെ കുട്ടനാട്ടിലെ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു. കൃഷിക്കായി വ്യാപകമായി ഉപയോഗിച്ച രാസവളങ്ങളും കീടനാശിനികളും വെള്ളത്തില്‍ അടിഞ്ഞുകൂടി. മീനുകള്‍ മുട്ടയിടാന്‍ താവളമാക്കിയിരുന്ന പലതരം ജലസസ്യങ്ങളും ഇപ്പോഴില്ല. ആമ്പല്പ്പൂക്കള്പോലും വിരളമായി. നീര്‍പക്ഷികളുടെയും എണ്ണവും ഇനവും കുറഞ്ഞു.
ആലപ്പുഴയിലെ എല്ലാ കനാലുകളും ടൂറിസത്തിന്റെ വലക്കണ്ണിയിലാണ്. വര്‍ധിച്ചുവരുന്ന ടൂറിസം വരുമാനത്തില്‍ കണ്ണുമഞ്ഞളിക്കുമ്പോള്‍ ജലമലിനീകരണമൊന്നും അധികാരികള്‍ക്ക് കാണാനാവില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റവും കൂടുതല്‍ ജലാശയത്തിലെത്തുന്നത് പുന്നമടക്കായലിലാണ്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ചതുരശ്രമീറ്റര്‍ സ്ഥലം പോലുമില്ല ഈ കായലില്‍.
മാരകമായ രാസസാന്നിധ്യം
ജലാശയങ്ങളിലെ രാസസാന്നിധ്യത്തിന്റെ തോത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പലമടങ്ങ് വര്‍ധിച്ചു. ക്ലോറൈഡ്, ഫ്ളൂറൈഡ്, നൈട്രേറ്റ്, ഇരുമ്പ് തുടങ്ങി പലതിന്റെയും സാന്നിധ്യവും അളവും കൂടി. ജലാശയങ്ങളിലെത്തുന്ന ഉപയോഗശൂന്യമായ സി.എഫ്. ലൈറ്റുകളുടെ എണ്ണവും പെരുകി. ബാറ്ററി, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയും പലതരം രാസവസ്തുക്കളും ജലാശയങ്ങളില്‍ എത്തുന്നു.
ജലനന്മ ജനനന്മ
വ്യവസായമാലിന്യങ്ങളും നഗരമാലിന്യങ്ങളും കൊച്ചിക്കായലിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍, മുനമ്പം അഴിമുഖത്ത് യന്ത്രവത്കൃത ബോട്ടുകളുടെ ബാഹുല്യം പരിസ്ഥിതിക്ക് ഭീഷണിയാണ്. ചാവക്കാട്ട് ജലമലിനീകരണത്തിന്റെ എല്ലാ അതിരും കടന്നുകഴിഞ്ഞു. പിന്നീടങ്ങോട്ട് ഒഴുക്കുനിലച്ച കനോലി കനാലിന്റെ ചീഞ്ഞുനാറുന്ന പ്രശ്നങ്ങള്‍. കടലുണ്ടിപ്പുഴയിലെത്തുമ്പോള് ജലനന്മ വെളിപ്പെടും.
ആസ്പത്രിമാലിന്യങ്ങളും വ്യവസായജന്യമായ രാസമാലിന്യങ്ങളുമാണ് കൊച്ചിക്കായലിനെ മിക്കപ്പോഴും വാര്‍ത്തകളിലെത്തിക്കുന്നത്. ഉപ്പുവെള്ളത്തിന്റെ കയറ്റിറക്കങ്ങള്‍, ജലമലിനീകരണത്തിന്റെ അപകടങ്ങള്‍ ഒട്ടൊന്ന് കുറയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക്കും ഇലക്ട്രോണിക് വെയ്സ്റ്റുകളും കൊച്ചിക്കായലില്‍ എവിടെയും സുലഭം. തെര്മൊകോളാണ് ആധിപത്യം സ്ഥാപിക്കുന്ന പുതിയ വില്ലന്‍. കൊച്ചിമുതല്‍ മുനമ്പംവരെ ജലപാതയിലൂടെ പോയാല്‍ അതിലേക്ക് തുറക്കുന്ന മാലിന്യക്കുഴലുകള്‍ എണ്ണിത്തീര്‍ക്കാനാവില്ല. ജനവാസമേഖലകളില്‍നിന്ന് ഒഴുകിവരുന്ന തോടുകളെല്ലാം കണക്കില്ലാത്ത മാലിന്യങ്ങളും കൂടെ കൊണ്ടുവരുന്നുണ്ട്. മുനമ്പത്ത് ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന സാമഗ്രികള്‍ക്ക് കണക്കില്ല. ദ്രവിച്ചുതുടങ്ങിയ ബോട്ടുകള്‍ മുതല്‍ വലപൊങ്ങിക്കിടക്കാന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍വരെ. പിന്നെ യന്ത്രവത്കൃത ബോട്ടുകളില്‍നിന്ന് ജലപ്പരപ്പില്‍ കലരുന്ന എണ്ണകളും.
ചേറ്റുവ മുതല്‍ പലയിടത്തും വെള്ളത്തില്‍ അറവുമാലിന്യങ്ങള്‍ ഒഴുകിനീങ്ങും. പുഴുവരിച്ച്, ദുര്‍ഗന്ധം വമിക്കുന്ന ഇവയില്‍ പലതും ചാക്കില്‍ക്കെട്ടിയാണ് വെള്ളത്തില്‍ തള്ളുക. ചാക്കുകള്ക്കുമുകളിലിരുന്ന് കാക്കകള്‍ കൊത്തിവലിക്കും. ഇവിടെ, ജലാശയങ്ങള്‍ക്കരികില്‍ കാക്കളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളില്‍ കണ്ണോടിച്ചാല്‍ അറവുശാല കാണുമെന്നുറപ്പ്. ചാവക്കാട് ജലമലിനീകരണത്തിന്റെ എല്ലാ സാധ്യതകളും കാണിച്ചുതരും. പുഴുക്കള്‍ അരിച്ചുനടക്കുന്ന വെള്ളം ഈ ജലപാതയില്‍ മറ്റെവിടെയും കാണില്ല.
പാലങ്ങളാണ് വെള്ളത്തിലേക്ക് മാലിന്യം നിക്ഷേപിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം. ചാക്കിലാക്കി വാഹനത്തില്‍ കൊണ്ടുവന്ന്, വളരെ വേഗത്തില്‍ താഴേക്കിടാം. ആളുകളുടെ കണ്ണുവെട്ടിച്ച് ഇത് ചെയ്യാന്‍ ഒന്നോ രണ്ടോ മിനിറ്റ് മതി. രാത്രിയാണ് ഈ സമൂഹദ്രോഹം അധികവും നടക്കുക. പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കോഴിയിറച്ചിയുടെ ഉപയോഗം ഗ്രാമങ്ങളില്‍പ്പോലും വ്യാപകമായി. പക്ഷേ, ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങള്‍ ശരിയായി സംസ്കരിക്കാന്‍ നമുക്ക് സംവിധാനമൊന്നുമില്ല. അവയെല്ലാം ഇരുട്ടിന്റെ മറപറ്റി പുഴയിലും കായലിലും കടലിലും എത്തും. മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ കനോലി കനാലിന്റെ തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒരുസംഘം കുട്ടികള്‍ മൂക്കുപൊത്തിക്കൊണ്ട് പാലത്തിനടിയില്‍ കൂടിക്കിടക്കുന്ന കോഴിമാലിന്യങ്ങള്‍ കാണിച്ചുതന്നു. അവരിലൊരാള്‍ രോഷത്തോടെ ചോദിച്ചതിങ്ങനെ: ''ഇതിവിടെ കൊണ്ടിടുന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ആരുമെന്താ തടയാത്തത്?'' ആ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് നിര്ബാധംതുടരുന്ന ജലമലിനീകരണത്തിന്റെ സാമൂഹികപാഠങ്ങള്‍.
ഇത് തെറ്റാത്ത ജലപാഠം
മണ്ണട്ടാംപാറ ഡാമിനരികില്‍ വലവീശുകയായിരുന്നു ഷിഹാബ്. പുഴയില്‍ വലിയൊരു കരിമീനിനെ കാണിച്ചുതന്നു, നൂറുകണക്കിന് കുഞ്ഞുങ്ങളുമായി പതുക്കെ നീന്തിപ്പോകുന്ന ഒന്നിനെ. ഒരൊറ്റ വീശിന് അതിനെ കരയ്ക്കെത്തിക്കാം. 500 രൂപയില്‍ കുറയാതെ കിട്ടും. പക്ഷേ, കുഞ്ഞുങ്ങളുമായി പോകുന്ന മീനുകളെ ഇവിടത്തുകാര്‍ പിടിക്കാറില്ല. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതായെങ്കിലേ പുഴയിലെ മത്സ്യസമ്പത്ത് നിലനില്‍ക്കൂവെന്ന് അവര്‍ക്കറിയാം. ജീവിതത്തിന്റെ ഭാഗമാണ് അവര്‍ക്ക് പുഴ. അതിനെ അപകടപ്പെടുത്തുന്ന ഒന്നിനോടും അവര്‍ സന്ധിചെയ്യില്ല.
നിലപാട് പറയട്ടെ
വികസനം, പുരോഗതി എന്നൊക്കെ മേനിപറഞ്ഞ് ഇല്ലാതാക്കേണ്ടതാണോ നമ്മുടെ ജലാശയങ്ങള്‍? അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിനെയും കര്‍ണാടകത്തെയും അപേക്ഷിച്ച് ശുദ്ധജലലഭ്യതയില് കേരളത്തിന്റെ സ്ഥാനം വളരെ താഴെയായിക്കഴിഞ്ഞു, ദേശീയ ശരാശരിക്കും താഴെ. വികസനത്തോടൊപ്പം ആരോഗ്യകരമായ ജീവിതസാഹചര്യവും അനിവാര്യമാണ്. ജലമലിനീകരണം എന്ന ഈ ജീവന്മരണ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കാനുള്ള ബാധ്യത, ആത്മാര്‍ഥതയോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്ക്കുമുണ്ട്
ആര്ഭാടക്കുളിയും വിസ്തരിച്ചുള്ള അലക്കും ഉപേക്ഷിക്കേണ്ട കാലം വന്നിരിക്കുന്നു. വെള്ളത്തിന് വിലയേറുകയാണ്
കുളിമുറിയില്‍ കയറിയാല്‍ എത്ര വെള്ളമാണ് നാം പാഴാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വേണ്ടത്ര പൈപ്പ് വെള്ളം കിട്ടാത്ത ദിവസമാണെങ്കില്‍ വെറും ഒരു ബക്കറ്റ് വെള്ളംകൊണ്ട് കുളിക്കാന്‍ നമുക്ക് കഴിയും. അതായത് 10 ലിറ്റര്‍ വെള്ളം. യഥേഷ്ടം വെള്ളമുണ്ടെങ്കില്‍ സോപ്പുതേച്ച് പതപ്പിച്ച് നാലുബക്കറ്റ് വെള്ളമായിരിക്കും ഉപയോഗിക്കുക. 40 ലിറ്റര്‍. തോര്‍ത്ത് അലക്കാനും മറ്റും ഒരു ബക്കറ്റ് വെള്ളം കൂടി വേണ്ടിവരും. ആകെ 50 ലിറ്റര്‍!
നഗരങ്ങളില്‍ പൈപ്പുവെള്ളം തന്നെയാണ് കുടിക്കുന്നത്. ലിറ്ററിന് 10 രൂപ തോതില്‍ കുപ്പിയിലാക്കിവരുന്ന വെള്ളത്തിനും ഇതിനപ്പുറം ശുദ്ധിയൊന്നും അവകാശപ്പെടാനില്ല. അങ്ങനെയാണെങ്കില്‍ ഒരാള്‍ കുളിക്കുന്ന വെള്ളത്തിന്റെ വില 500 രൂപ!
കുളിമുറിയില്‍ ഷവറാണെങ്കില്‍ കുളിക്കാന്‍ തുടങ്ങുന്നതു മുതല്‍ അത് തുറന്നിടും. സോപ്പു തേക്കുമ്പോഴും ജലധാരയായിരിക്കും. കുളി കഴിയുമ്പോഴേ ഷവര്‍ നിര്‍ത്തൂ. ഇത്തരം ഒരു കുളി സമാപിക്കുമ്പോള്‍ ചുരുങ്ങിയത് 100 ലിറ്റര്‍ വെള്ളമാണ് ചെലവാക്കുന്നത്. ആധുനിക കുളിമുറികളില്‍ ബാത്ത്ടബ്ബിലെ നീരാട്ട് വന്‍തോതിലുള്ള ജലനഷ്ടമാണ് വരുത്തിവെക്കുന്നത്. ഇത്തരത്തില്‍ വീടുകളില്‍ വെള്ളത്തിന്റെ 75 ശതമാനം കുളിമുറിയിലാണ് ഉപയോഗിക്കുന്നത്.
മിക്ക വീടുകളിലും കക്കൂസില്‍ പഴയ ഫ് ളഷ് ടാങ്കുകളായിരിക്കും. ഇതിന്റെ സ്വിച്ച് ഒന്ന് അമര്‍ത്തിയാല്‍ കക്കൂസിലേക്ക് തള്ളുന്നത് 10-12 ലിറ്റര്‍ വെള്ളമാണ്. രണ്ടോ മൂന്നോ ലിറ്റര്‍ കൊണ്ട് കക്കൂസ് വൃത്തിയാക്കാം. ഫ് ളഷ് ടാങ്കിന്റെ അകത്തെ വ്യാപ്തി കുറയ്ക്കാനായി രണ്ടോ മൂന്നോ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ഇതിനകത്ത് ഇറക്കിവെക്കാം. ഇതുമൂലം അകത്ത് നിറയുന്ന വെള്ളത്തിന്റെ അളവ് കുറയും.
ഇത്തരത്തില്‍ ഒരു കക്കൂസില്‍ ദിവസം 15 ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം 5000 ലിറ്ററിലധികം വെള്ളം ലാഭിക്കാം.
ഉപയോഗിച്ച വസ്ത്രങ്ങള്‍ കൂട്ടിവെച്ച് ആഴ്ചയില്‍ ഒരു ദിവസം മാത്രം അലക്കിയാല്‍ വെള്ളം ലാഭിക്കാം. എന്നും അലക്കുമ്പോള്‍ വളരെക്കൂടുതല്‍ വെള്ളം ചിലവാകും. വാഷിങ്മെഷീനും മറ്റും വെള്ളത്തിന്റെ ചെലവ് കൂട്ടും. സോപ്പുപൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ നുരപോകാന് കൂടുതല്‍ വെള്ളം വേണ്ടിവരും.
പൈപ്പ് തുറന്നിട്ട് ഷേവുചെയ്താല്‍ രണ്ടുമിനിട്ട് സമയത്തേക്ക് 12 ലിറ്റര്‍ വെള്ളം ചെലവാകും. കപ്പിലെടുത്താല് അരലിറ്റര്‍ മതി. എന്തിനേറെ കൈകഴുകാന്‍ രണ്ടുകപ്പ് വെള്ളം മതി.
അടുക്കളയില്‍ പൈപ്പ് തുറന്നിട്ട് പാത്രങ്ങളും പച്ചക്കറിയും കഴുകുന്നതിനുപകരം ബക്കറ്റില്‍ വെള്ളമെടുത്ത് കോരി ഒഴിച്ച് കഴുകിയാല്‍ വെള്ളം ലാഭിക്കാം. പൂന്തോട്ടം അതിരാവിലെയോ വൈകുന്നേരമോ നനച്ചാല്‍ ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം കുറയ്ക്കാം. കാര്‍ കഴുകുന്നതും വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും വീടിനു മുന്നിലെ പുല്ത്തകിടിയില്വെച്ചായാല് പുല്‍ത്തകിടിയും നനഞ്ഞുകിട്ടും.
വീടിനകത്തെയും പുറത്തേയും പൈപ്പുകള്‍ ലീക്ക് ചെയ്യുന്നുണ്ടോയെന്നും എപ്പോഴും നന്നായി അടച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.
വീട്ടില്‍ കുട്ടികളെ ജലസംരക്ഷണത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുന്നതോടൊപ്പം ദിവസവും ഒരാളോട് വീതം ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്താല്‍ ബോധവത്കരണവുമായി.
കടപ്പാട് -മാതൃഭൂമി ന്യൂസ്
അവസാനം പരിഷ്കരിച്ചത് : 9/20/2019
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍