കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ഓണം ആഘോഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും ഓണം വിപുലമായി ആഘോഷിക്കുന്നു. ഓണ സദ്യയും അത്ത പൂക്കളവും ഓണനാളിന്റെ പ്രത്യേകതകളാണ്. നഗരം വൈദ്യുതദീപാലങ്കാരങ്ങള്‍ കൊണ്ട് മനോഹരമാക്കുകയും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും മറ്റു വ്യവസായിക കാര്‍ഷിക വില്‍പ്പന മേളകള്‍ ഒരുക്കപ്പെടുകയും ചെയ്യുന്നു. ഓണം വാരാഘോഷത്തില്‍ പങ്കെടുക്കുവാനും കാഴ്ചക്കാരാകുവാനും തദ്ദേശീയരും വിദേശീയരുമായ ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നു. പൌരാണിക കാലത്ത് കേരളം ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മയ്ക്കായാണ് കേരളീയര്‍ ഓണം ആഘോഷിക്കുന്നത്. പുരോഗതിയും സമ്പല്‍ സമൃദ്ധിയും സമാധാനവും ഐശ്വര്യവും, സത്യസന്ധതയും നിറഞ്ഞുനിന്ന മാവേലിത്തമ്പുരാന്റെ ഭരണകാലത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഉത്സവം നഗരനിവാസികള്‍ ഓണ സദ്യ ഒരുക്കിയും ഓണക്കോടി ഉടുത്തും ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നു.
ജ്യോതിശാസ്ത്രപരമായി എല്ലാവര്‍ഷവും മേടമാസം ഒന്നാം തിയതി മലയാളിയുടെ പുതുവര്‍ഷ ദിവസമായാണ് വിഷു ആഘോഷിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ (മേടം) നാനാജാതി മതസ്ഥരും മതസൌഹാര്ദ്ദത്തോടു കൂടി ആഘോഷിക്കുന്ന വിഷുവിന് തിരുവനന്തപുരം നഗരവാസികള്‍ക്കിടയില്‍ പ്രാധാന്യം കാണുന്നില്ല. എങ്കിലും വിഷുക്കൈനീട്ടത്തിനും, വിഷുക്കണിക്കും എല്ലാവരും പ്രാധാന്യം കൊടുക്കുന്നു. വിഷുക്കാലത്ത് നഗരവീഥികളിലെ കൊന്ന മരങ്ങള്‍ പൂത്തു നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. വിഷു ദിവസം വീടുകളില്‍ കണിയൊരുക്കിയും മുതിര്‍ന്നവര്‍ മറ്റുള്ളവര്‍ക്ക് വിഷുകൈനീട്ടം നല്‍കിയും വിഷു ആഘേഷിക്കുന്നു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഭാരതം മുഴുവന്‍ ആഘോഷിക്കുന്ന ഉത്സവമാണ്. പൊതുവേ ഹിന്ദുക്കള്‍ മാത്രം ആഘോഷിക്കുന്ന ദീപാവലി ദിവസം ഭഗവാന് കൃഷ്ണന് നരകാസുരനെ വധിച്ചുവെന്ന് കരുതപ്പെടുന്നു. ആ ദിവസം വീടുകളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യപ്പെടുകയും കുട്ടികളും മുതിര്‍ന്നവരും പൂത്തിരികളും പടക്കങ്ങളും കത്തിച്ച് ആഹ്ളാദത്തോടെ ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നു
ക്രിസ്തുദേവന്റെ ജനനം ആഘോഷിക്കുന്ന വേളയാണ് ക്രിസ്തുമസ്. തിരുവനന്തപുരത്തും ജാതിമതഭേദമെന്യേ ഏവരും ക്രിസ്തുമസ് കൊണ്ടാടുന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ മുങ്ങി നില്ക്കുന്ന നഗരത്തില്‍ നക്ഷത്രവിളക്കുകളുടേയും ദീപാലങ്കാരങ്ങളുടെയും നിറച്ചാര്‍ത്ത് ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന മനോഹരമായ അനുഭവമാണ്. ക്രിസ്മസ് ട്രീയും കേക്കും സമ്മാനങ്ങളും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ നിറഞ്ഞ ക്രിസ്മസ് കാലത്താണ് നഗരത്തിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്. നഗരത്തിലെ ക്രിസ്തീയ ദേവാലയങ്ങള്‍ അലങ്കരിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷം ഒരുക്കുന്ന ക്രിസ്തുമസ് നവവല്‍സരത്തിന്റെ വരവ് വിളിച്ചോതുന്ന ആഘോഷം കൂടിയാണ്.
ലോകമെമ്പാടുമുള്ളതുപോലെ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലും ധാരാളം പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. അര്‍ദ്ധ രാത്രിയില്‍ പുതുവത്സരത്തെ വിളംബരം ചെയ്യുന്ന മണിനാദങ്ങള്‍ നഗരത്തിലെ ദേവാലയങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നു. സുപ്രസിദ്ധമായ കോവളം ഹവ്വാ ബീച്ചില്‍ പുതുവത്സരാഘോഷത്തിനു മാത്രമായി ധാരാളം വിദേശ വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്നു. നല്ല കലാവസ്ഥയും വര്‍ണ്ണാഭമായ അന്തരീക്ഷവും പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മിഴിവേകുന്നു.
വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയില്‍ മുസ്ളിം ജനത ആഘോഷിക്കുന്ന ഒരു ആഘോഷമാണ് റംസാന്. മുസ്ളീങ്ങള്‍ പകല്‍ സമയം എല്ലാതരത്തിലുള്ള ഭക്ഷണ പാനീയങ്ങളും ഉപേക്ഷിച്ചു കൊണ്ട് ഭൂരിഭാഗം സമയവും പ്രാര്‍ത്ഥനയിലും ആത്മീയ കാര്യങ്ങളിലും മുഴുകി ഒരു മാസം നീണ്ടു നില്ക്കുന്ന പരിശുദ്ധമായ വ്രതം അനുഷ്ഠിക്കുന്ന കാലമാണ് റമദാന്. വ്രതമാസത്തിന്റെ അന്ത്യത്തില്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ പിറ (ചന്ദ്രക്കല) തെളിയുന്നതോടെ നോമ്പിന് വിരാമമിട്ടു കൊണ്ടു എല്ലാവരും സന്തോഷത്തോടെ പെരുന്നാള്‍ കൊണ്ടാടുന്നു. റംസാന് മാസത്തില്‍ നഗരത്തിലെ മുസ്ളീങ്ങള്‍ ദാനധര്‍മ്മങ്ങളിലും സത്ക്കര്മ്മങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടു നാനാ ജാതി മതസ്ഥര്‍ക്കും മാതൃകയാവുന്നു.
മുസ്ളീങ്ങളുടെ രണ്ടാമത്തെ പ്രധാന പെരുന്നാളാണ് ബക്രീദ് അഥവാ ബലിപെരുന്നാള്‍. സമത്വവും സാഹോദര്യവും ദൈവത്തോടുള്ള വിധേയത്വവും വിളിച്ചറിയിക്കുന്ന മഹത്തായ സന്ദേശമാണ് ബക്രീദ് പെരുന്നാളിനുള്ളത്. നഗരവാസികള്‍ അത്യധികം സന്തോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് ബക്രീദ് കൊണ്ടാടുന്നത്.
1979 ല്‍ രൂപം കൊണ്ട “സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി” അഥവാ “സൂര്യമേള” ഇക്കാലത്തിനുള്ളില്‍ ആഗോള പ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയാണ് സൊസൈറ്റിയുടെ ചീഫ് പേട്രണ്‍. നൃത്തം, സംഗീതം, സിനിമ എന്നിവയ്ക്കു വര്‍ഷം തോറും പ്രത്യേകം പ്രത്യേകം ഉത്സവങ്ങള്‍ സൂര്യ സംഘടിപ്പിക്കുന്നുണ്ട്. ഭാരതത്തിലെ വിഖ്യാതരായ നര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വിവിധ ക്ളാസിക് നൃത്തങ്ങളും ഭാരതത്തിലേയും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെയും വിവിധ ഭാഷകളിലുള്ള സിനിമകളുടെ പ്രദര്‍ശനവും വഴി ലോക സംസ്കാരത്തിലേക്ക് സൂര്യ തിരുവനന്തപുരത്തുകാര്‍ക്ക് വാതില്‍ തുറക്കുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സാരഥ്യത്തില്‍ നടക്കുന്ന മേള കലാസാംസ്കാരിക മേഖലയിലുള്ളവര്‍ക്കുള്ള പ്രോത്സാഹനം കൂടിയാണ്.
കേരള ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും തിരുവനന്തപുരത്ത് കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കപ്പെട്ടു വരുന്നു. ലോകത്തിലെ മികച്ച ക്ളാസ്സിക് സിനിമകള്‍ സിനിമാപ്രേമികള്‍ക്കു കാണുവാന്‍ അവസരം ഒരുക്കപ്പെടുന്ന ഈ മേള ജനങ്ങള്‍ക്കിടയില്‍ സിനിമാ സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി നിറവേറ്റുന്നു. മേളയുടെ അന്ത്യത്തില്‍ ഏറ്റവും നല്ല ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുന്ന വര്‍ണ്ണാഭമായ ചടങ്ങ് കനകക്കുന്നിലെ നിശാഗന്ധിയിലാണ് നടക്കുന്നത്.
കനകക്കുന്ന് കൊട്ടാര വളപ്പിലുള്ള നിശാഗന്ധി ഓപ്പണ്‍ എയര്‍ തിയേറ്ററിലാണ് എല്ലാ വര്‍ഷവും ഫെബ്രുവരി മാസം 21 മുതല്‍ 27 വരെ നിശാഗന്ധി നൃത്തോത്സവം നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഒഡീസി, നാടോടി നൃത്തങ്ങള്‍ തുടങ്ങിയ നൃത്തരൂപങ്ങള്‍ പ്രശസ്തരായ നര്‍ത്തകര്‍ അവതരിപ്പിക്കുന്നു. നര്‍ത്തകരും നൃത്താസ്വാദകരുമായി ധാരാളം പേര് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ കലാമേള കാണാന്‍ എത്തുന്നു. ഈ മേള സംഘടിപ്പിക്കുന്നത് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ്.
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി സംഗീതോത്സവം ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. പത്മനാഭ ക്ഷേത്രത്തിന് മുന്‍പിലായുള്ള കുതിരമാളിക കൊട്ടാരത്തിലേക്ക് സരസ്വതി ദേവിയുടെയും, ദുര്‍ഗ്ഗാദേവിയുടെയും, ശ്രീ മുരുകന്റെയും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടു വരുന്നു. പത്മനാഭക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ വലതു ഭാഗത്ത് സ്ഥിതി ചെയ്യുന്ന നവരാത്രി മണ്ഡപത്തിലാണ് എളുന്നള്ളത്ത് അവസാനിക്കുന്നത്. ഒന്‍പത് ദിവസവും വൈകുന്നരം 6 മണി മുതല്‍ 8.30 വരെ നീളുന്ന സംഗീതമേളയില്‍ സരസ്വതീ ദേവിയെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങള്‍ സുപ്രസിദ്ധ കര്‍ണ്ണാടക സംഗീതാചാര്യന്മാര് ആലപിക്കുന്നു. നവരാത്രി മണ്ഡപ (ചൊക്കിട്ട മണ്ഡപം) ത്തില്‍ നടത്തപ്പെടുന്ന പുകഴ്പെറ്റ ഈ സംഗീതോത്സവം മഹാരാജാ സ്വാതി തിരുനാളിന്റെ സംഗീത രചനകളെയും, നവരാത്രി കൃതികളെയും ആധാരമാക്കിയുള്ളതാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ചെമ്പൈ സംഗീതോത്സവം
സുപ്രസിദ്ധ സംഗീതാചാര്യന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഏകാദശി ദിവസത്തിന്റെ ഭാഗമായി പതിനൊന്നു ദിവസം നീളുന്ന സംഗീതോത്സവം സെപ്തംബര്‍ മാസത്തില്‍ അനന്തപുരിയില്‍ നടത്തപ്പെടുന്നു. ചെമ്പൈ സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ മുഴുനീള വാരാഘോഷത്തില്‍ 2000 ത്തിലധികം കര്‍ണ്ണാടക സംഗീതജ്ഞന്മാര് പങ്കെടുക്കുന്നു. സംഗീതോത്സവത്തിന് തിരശ്ശീല വീഴുന്ന ഏകാദശി രാത്രിയില്‍ കര്‍ണ്ണാടക സംഗീതത്തിലെ മനോഹരമായ ഒട്ടേറെ കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെടുന്നു. വാതാപി ഗണപതിം (ഹംസധ്വനി രാഗം), രക്ഷമം ശരണഗതം (നാട്ടരാഗം), പാവന ഗുരു പവന പുരാധീശ്വര (ഹംസനന്ദി), മാമവ സദജാനനീ (കന്നടരാഗം), കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ (യദുകുല കാംബോജി) തുടങ്ങിയ ചെമ്പൈയ്ക്ക് ഏറ്റവും പ്രിയങ്കരമായ കീര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ദശമി ദിവസം (പത്താം ദിവസം) ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതി ഒട്ടേറെ സംഗീതരത്നങ്ങള്‍ സംഘമായി പാടിക്കൊണ്ട് അവസാനിപ്പിക്കുന്നതാണ് ഈ സംഗീതോത്സവത്തിന്റെ ആകര്‍ഷണം.
ഒരാഴ്ച നീണ്ടു നില്ക്കുന്ന സ്വാതി സംഗീതോത്സവം വര്‍ഷം തോറും ജനുവരി 6 മുതല്‍ 12 വരെ കുതിരമാളിക കൊട്ടാരവളപ്പില്‍ നടത്തപ്പെടുന്നു. സംഗീതാചാര്യനും, പണ്ഡിതനും, സകല കലാ വല്ലഭനുമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവായ സ്വാതി തിരുനാളി (1813-1846) നോടുളള ആദരമായാണ് ഈ സംഗീതമേള സംഘടിപ്പിക്കപ്പെടുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലും, കര്‍ണ്ണാടക സംഗീതത്തിലുമായി 400-ലധികം കീര്‍ത്തനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ധാരാളം സംഗീതജ്ഞരെക്കൊണ്ടും, കലാകാരന്മാരെക്കൊണ്ടും നിറഞ്ഞതായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ രാജസദസ്സ്. സ്വാതി തിരുനാള്‍ പണി കഴിപ്പിച്ച കുതിരമാളികക്കൊട്ടാരത്തിന്റെ പ്രൌഢമായ അങ്കണത്തില്‍ ആണ് സംഗീതോത്സവം സംഘടിപ്പിക്കപ്പെടുന്നത്. സ്വാതി തിരുനാളിന്റെ പ്രസിദ്ധ രചനകളും മറ്റു കര്‍ണ്ണാടിക്-ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ രചനകളും ആലപിക്കപ്പെടുന്നു. ഉസ്താദ് ബിസ്മില്ലാ ഖാന്, ഗംഗുബായിഹംഗാല്, ഡോ. എം ബാലമുരളീകൃഷ്ണ, ഡി കെ പട്ടമ്മാള്‍ മുതലായ പ്രഗത്ഭര്‍ ഈ വേദിയില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്
അനന്തപുരിയിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനമാണ് ആറാട്ടുത്സവം. വര്‍ഷത്തില്‍ ഇത്തരത്തിലുള്ള രണ്ട് ഉത്സവങ്ങള്‍ നടക്കാറുണ്ട്. ഒന്ന് മലയാള മാസം തുലാമിലും (ഒക്ടോബര്‍ - നവംബര്‍) മറ്റൊന്ന് മീന (മാര്‍ച്ച് - ഏപ്രില്‍) ത്തിലുമാണ് നടക്കാറ്. പത്ത് ദിവസത്തെ ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ശ്രീ പത്മനാഭന്റെ എഴുന്നള്ളിപ്പ് ചടങ്ങാണ് ആറാട്ട്. തലേദിവസം രാത്രി ക്ഷേത്രത്തെ വലം വച്ചു കൊണ്ട് കോട്ടയ്ക്കകത്ത് പള്ളിവേട്ട എന്ന പേരില്‍ മറ്റൊരു എഴുന്നള്ളിപ്പ് നടക്കാറുണ്ട്. ഉത്സവം നടക്കുന്ന പത്ത് ദിവസത്തില്‍ ആദ്യ ദിവസം ഒഴികെ എല്ലാ ദിവസവും രണ്ട് പ്രാവശ്യം എന്ന ക്രമത്തില്‍ (ഒന്ന് ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് രാത്രിയിലും) ക്ഷേത്രത്തില്‍ എഴുന്നള്ളത്തുകള്‍ നടക്കാറുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവും രാജകുടുംബത്തിലെ പുരുഷന്മാരും കൊട്ടാരം ഉദ്യോഗസ്ഥരും മറ്റ് ഹിന്ദു ഉദ്യോഗസ്ഥന്മാരും ശ്രീ പത്മനാഭ സ്വാമിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കാറുണ്ട്. ആറാട്ട് ദിവസം മഹാരാജാവ് ക്ഷേത്ര കവാടത്തിലേക്ക് പ്രവേശിക്കുകയും ചില ചടങ്ങുകള്‍ക്കു ശേഷം നാദസ്വരത്തിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നള്ളത്ത് ചടങ്ങ് ക്ഷേത്രത്തിന്റെ കിഴക്കേ നട വഴി ആരംഭിക്കുകയും ചെയ്യുന്നു. എഴുന്നള്ളത്തിന് അകമ്പടിയായി കൈകളില്‍ ഉടവാള് ഏന്തിയ മഹാരാജാവിനെ സായുധ രക്ഷാഭടന്മാരും കുതിരപ്പോലീസും മറ്റ് സേന അംഗങ്ങളും ഉദ്യോഗസ്ഥരും അനുഗമിച്ചു കൊണ്ട് ശംഖുമുഖം കടല്‍ത്തീരത്തേക്ക് നീങ്ങുന്നു. ഭഗവാന് എഴുന്നള്ളി വരുന്നു എന്ന് അറിയിച്ചു കൊണ്ട് ഏറ്റവും മുന്നിലായി നെറ്റിപ്പട്ടം കെട്ടിയ ഒരു ഗജവീരനും അതിനു പിന്നിലായി ചെണ്ട മേളക്കാരും നീങ്ങുന്നു. അത്തരത്തിലുള്ള ആറ് നെറ്റിപ്പട്ടം അണിഞ്ഞ ഗജവീരന്മാര് പിന്തുടരുന്നു. എഴുന്നള്ളത്ത് വൈകുന്നരം അഞ്ച് മണിയോടു കൂടി ക്ഷേത്ര നട പിന്നിട്ട് ഏകദേശം ഒരു മണിക്കൂറിനു ശേഷം കടല്‍ത്തീരത്തെത്തുന്നു. എഴുന്നള്ളത്ത് കോട്ടവാതില്‍ കടക്കുമ്പോള്‍ 21 ആചാര വെടികള്‍ മുഴങ്ങുന്നു. എഴുന്നള്ളത്ത് കടല്ത്തീരത്തെത്തുന്നതോടെ തുടര്‍ന്ന് കടലില്‍ ആറാട്ട് നടക്കുന്നു.
ഏകദേശം എട്ട് മണിയോടെ എല്ലാ അകമ്പടിയോടും കൂടി മടക്കയെഴുന്നള്ളത്ത് ആരംഭിക്കുകയും ഏകദേശം ഒന്‍പത് മണിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. കോട്ടയിലേക്ക് എഴുന്നള്ളത്ത് കടന്നെത്തുന്നതോടെ വീണ്ടും 21 ആചാരവെടികള്‍ മുഴങ്ങുന്നു. ദീപാരാധനയ്ക്കു ശേഷം എഴുന്നള്ളിപ്പ് നയിച്ചു കൊണ്ട് മഹാരാജാവ് ക്ഷേത്രത്തിനുള്ളില്‍ ഒരു തവണ വലം വയ്ക്കുകയും ഭഗവല്‍സ്സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുകയും ചെയ്യുന്നു. ഉത്സവം സമാപിക്കുന്നതിന്റെ അടയാളമാണിത്. വര്‍ണ്ണാഭമായ ഈ എഴുന്നള്ളിപ്പ് ഘോഷയാത്ര നടക്കുന്ന വീഥിക്ക് ഇരുവശവും ഭഗവാനെ ദര്‍ശിക്കുവാന്‍ ഭക്തിപുരസരം തടിച്ചു കൂടുന്ന ജനലക്ഷങ്ങള്‍ ശ്രദ്ധേയമായ കാഴ്ചയാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മറ്റൊരു ഉത്സവമാണ് മുറജപം. ബ്രാഹ്മണ ശ്രേഷ്ഠന്മാരില് നിന്നും മുഴങ്ങുന്ന വേദ മന്ത്രോച്ചാരണങ്ങള്‍ നിറഞ്ഞ മുറജപം എട്ടാഴ്ചയോളം നീണ്ടു നില്ക്കുന്നു. ലക്ഷം ദീപങ്ങളുടെ മഹോത്സവത്തോടും അവഭ്രൂതസ്നാനത്തോടും കൂടി മുറജപം സമാപിക്കുന്നു.
തിരുവനന്തപുരം നഗരത്തിലെ കാലടി വാര്‍ഡിലാണ് പുരാതനമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം (മുടിപ്പുര) സ്ഥിതി ചെയ്യുന്നത്. ദൈനംദിന പൂജകള്‍ കൂടാതെ വൃശ്ചിക മാസം 1-ാം തീയതി മുതല്‍ ധനു മാസം 12-ാം തീയതി വരെ നീണ്ടു നില്ക്കുന്ന മണ്ഡല പൂജാകാലത്തെ ‘ചിറപ്പ്’ നടത്താറുണ്ട്. പക്ഷേ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവം എന്ന നിലയില്‍ പൊതുവെ അറിയപ്പെടുന്നത് ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന, കുംഭ (ഫെബ്രുവരി - മാര്‍ച്ച്) മാസത്തിലെ ഭരണി ദിവസം നടക്കുന്ന ‘ആറ്റുകാല്‍ പൊങ്കാല മഹോത്സവ’മാണ്. ഉത്സവത്തിന്റെ ആരംഭദിനം മുതല്‍ ഒന്‍പത് ദിവസവും തുടര്‍ച്ചയായി ദേവിയെ വാഴ്ത്തിക്കൊണ്ടുള്ള തോറ്റംപാട്ട് ചടങ്ങ് നടത്തുന്നു. ഒന്‍പതാം ദിവസം പൊങ്കാലയ്ക്ക് ആവശ്യമായ അരിയും നാളികേരവും ശര്‍ക്കരയും മറ്റ് അവശ്യസാധനങ്ങളും പൊങ്കാല പാകപ്പെടുത്തുന്നതിന് ആവശ്യമായ വിറകും പൊങ്കാലക്കലവുമായി ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ക്ഷേത്ര പരിസരത്ത് ഒത്തുകൂടുന്നു. അതിരാവിലെ തന്നെ ക്ഷേത്രത്തിലെ ചടങ്ങുകളും പൂജകളും ആരംഭിക്കുകയും മധ്യാഹ്നത്തില്‍ പൊങ്കാലകള്‍ തയ്യാറായിക്കഴിയുന്നതോടു കൂടി, ദേവിയുടെ വാളേന്തിയ മേല്‍ശാന്തി, ക്ഷേത്രപരിസരത്ത് പൊങ്കാലയുമൊരുക്കി കാത്തിരിക്കുന്ന ഭക്തരുടെ ഇടയിലേക്ക് ചെന്ന് പുണ്യാഹം തളിക്കുകയും ചെയ്യുന്നു. പൊങ്കാലകളും പൊങ്കാലയ്ക്ക് എത്തുന്നവരേയും എണ്ണുക അസാദ്ധ്യമാണ്. ഓരോ വര്‍ഷവും പൊങ്കാലയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. പൊങ്കാല ദിവസം നഗരത്തിലെ പ്രധാന വീഥികളും ഇടവഴികളും തെരുവുകളും വരെ പൊങ്കാല അടുപ്പുകളും ഭക്തരേയും കൊണ്ടു നിറയുന്നു. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ പൊങ്കാല അറിയപ്പെടുന്നത്.
മുസ്ളീങ്ങള്‍ മാത്രമല്ല ഇതരമതസ്ഥരും ഒരുപോലെ വിശുദ്ധമായി കരുതി ആരാധിക്കുന്ന സ്ഥലമാണ് ബീമാബീവിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ബീമാപള്ളി. ദൈവീകശക്തികള്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിശുദ്ധവനിതയായ ബീമാബീവിയുടെ പേരില്‍ നിലകൊള്ളുന്ന ബീമാപള്ളി കേരളത്തിലെ ഏറ്റവും വിശിഷ്ടമായ ഒരു മുസ്ളീം തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ നടക്കുന്ന ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചന്ദനക്കുടം മഹോത്സവമാണ്. ഹിജറ വര്‍ഷത്തിലെ ജമാദുള്‍ അഖര്‍ മാസ (മാര്‍ച്ച് - ഏപ്രില്‍) ത്തിന്റെ ആദ്യം മുതല്‍ തുടങ്ങി പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണിത്. ഉത്സവ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ തങ്ങളുടെ പ്രാര്‍ത്ഥനകളുമായി ബീമാബീവിയുടെ ഖബറിടത്തിലേക്ക് എത്തുന്നു. ഉത്സവത്തിന്റെ അവസാനം പത്താം ദിവസം പള്ളിയുടെ പരിസരം തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞ് മനുഷ്യമഹാസമുദ്രമായി മാറുന്നു. ജമാദുല്‍ അഖറിന്റെ ആദ്യ ദിവസം വയോധിക ശ്രേഷ്ഠന്മാരുടേയും ജന ലക്ഷങ്ങളുടേയും സാന്നിദ്ധ്യത്തില്‍ പരമ്പരാഗത കൊടിയേറ്റ് ചടങ്ങ് നടക്കുന്നു. പരിസര പ്രദേശം മുഴുവന്‍ ഉത്സവച്ഛായ കൈക്കൊള്ളുന്ന ഈ ദിവസങ്ങളില്‍ ഖബറിടവും ചുറ്റുപാടും അതിമനോഹരമായി അലങ്കരിക്കപ്പെടുന്നു. ഈ അവസരങ്ങളില്‍ നടക്കപ്പെടുന്ന ഒരു പ്രത്യേക ആചാരം ശ്രദ്ധേയമാണ്. വെളുത്ത തുണി കൊണ്ട് വായ്ഭാഗം മൂടി കെട്ടി കളഭം പൂശിയ ചെറിയ മണ്‍കുടങ്ങളുടെ കഴുത്തില്‍ പൂമാല ചുറ്റി ചന്ദനത്തിരികളും കത്തിച്ച് വെച്ച് നാണയങ്ങള്‍ നിറച്ച് ഭക്തിപുരസരം തലയിലേറ്റി ഖബറിടത്തിലേക്ക് തീര്‍ത്ഥാടകര്‍ എത്തുന്ന ഈ ചടങ്ങാണ് ചന്ദനക്കുടം. ഈ കുടങ്ങള്‍ നേര്‍ച്ചയായി ഖബറിടത്തില്‍ നല്കപ്പെടുന്നു. നാനാജാതി മതസ്ഥരായ വിശ്വാസികള്‍ ചന്ദനത്തിരികള്‍ വച്ച ഈ കുടങ്ങള്‍ ചുമന്നു കൊണ്ട് ഖബറിടത്തിലേക്ക് നീങ്ങുന്ന കാഴ്ച ഈ ഉത്സവത്തിന്റെ ആകര്‍ഷണീയതകളില്‍ ഒന്നാണ്.
ഉത്സവാന്തരീക്ഷം പുരോഗമിക്കുന്നതോടെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ക്രമാതീതമായി പെരുകുന്നു. സായാഹ്നമാകുന്നതോടെ പ്രദേശം മുഴുവന്‍ അലങ്കാര ദീപങ്ങളുടേയും വൈദ്യുത ദീപങ്ങളുടേയും പ്രകാശത്തില്‍ മുഖരിതമാകുന്നു. അതോടെ ഉത്സവത്തിന്റെ ആവേശം ഉച്ചസ്ഥായിലാവുകയും റാത്തീബുകള്‍, ദഹ്റ മുട്ട്, വടിത്തല്ല് തുടങ്ങിയ ചടങ്ങുകളും പുറത്തെ വേദിയില്‍ സംഗീതം, നൃത്തം, നാടകം തുടങ്ങിയ വിനോദ പരിപാടികളും അരങ്ങേറുന്നു. പുലര്‍ച്ചെ 1.30 തിന് ഖബറിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊടി പുറത്തേക്കെടുക്കുകയും പ്രദേശത്ത് എഴുന്നള്ളിക്കുകയും ചെയ്യുന്നു. ഈ എഴുന്നള്ളത്തിനെ പട്ടണപ്രവേശം എന്ന് വിളിക്കുന്നു. പഞ്ചവാദ്യത്തിന്റേയും, ബാന്റ് മേളങ്ങളുടേയും, ദഹ്റ മുട്ട് കളിയുടേയും അകമ്പടിയോടെ എഴുന്നള്ളത്ത് നെറ്റിപ്പട്ടം കെട്ടിയ രണ്ട് ഗജവീരന്മാരാല് നയിക്കപ്പെടുന്നു. എഴുന്നള്ളത്ത് ഖബറിടത്തിലേക്ക് നീങ്ങുന്നതോടെ ഉത്സവങ്ങള്‍ക്ക് കൊടിയിറങ്ങുകയും പ്രഭാതം വരെ നീളുന്ന കരിമരുന്ന് പ്രയോഗം ആരംഭിക്കുകയും ചെയ്യുന്നു.
വിവിധ മതവിഭാഗങ്ങളില്‍പെട്ട ജനങ്ങളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന വിശുദ്ധ ദേവാലയമാണ് വെട്ടുകാട് പള്ളി. വെട്ടുകാട് മാതൃ-ദേ-ദേവൂസ് ഇടവകയിലെ ക്രിസ്തുരാജ് തിരുനാള്‍ മഹോത്സവം കൊടിയേറ്റ് കര്‍മ്മത്തോടെയാണ് ആരംഭിക്കുന്നത്. പള്ളിയങ്കണത്തില്‍ തീര്‍ത്ത പൂക്കളത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടു കൂടി വികാരി ക്രിസ്തുരാജന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയര്‍ത്തും. കുരിശ്, പാനപാത്രം, ഓസ്തി, പ്രാവ്, നക്ഷത്രം എന്നിവ ചിത്രീകരിച്ച പൂക്കളം ആലക്തിക പ്രഭയില്‍ മുങ്ങും. ഘോഷയാത്രയില്‍ മുത്തുക്കുടകളും ദീപങ്ങളും പൂക്കുടകളും ധൂമ പാത്രങ്ങളുമേന്തിയ കുട്ടികളും മാലാഖ വേഷമണിഞ്ഞവരും ക്രിസ്തീയ സഭാംഗങ്ങളും അള്‍ത്താരാ ശുശ്രൂഷകരും പങ്കെടുക്കും. തിരുക്കുരിശും പതാകകളുമേന്തിയ മാലാഖമാരും പുരോഹിതന്മാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രയ്ക്ക് ബാന്റ് സെറ്റ് ഏറെ മേളക്കൊഴുപ്പേകും. ഭക്തജനങ്ങള്‍ തിങ്ങിനിറഞ്ഞതാണ് വെട്ടുകാട് ഉത്സവം. പുരോഹിതന്മാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന സമൂഹ ബലി ഒരു മുഖ്യ കര്‍മ്മമാണ്.
അവസാനം പരിഷ്കരിച്ചത് : 6/30/2020
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...
പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താ...
ഉദ്യോഗാർഥികളെയും തൊഴിൽദായകരെയും പരസ്പരം ബന്ധിപ്പി...
കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ ...