অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ കലകൾ

മാർഗ്ഗംകളി.

കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെമാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.

1600-നും 1700-നും ഇടക്കുള്ള കാലത്താണ് ഈ കളിയുടെ ഉത്ഭവം എന്നു കരുതുന്നു നമ്പൂതിരിമാർക്കിടയിൽ നിലവിലുണ്ടായിരുന്ന സംഘക്കളിയുമായി ഇതിനു വളരെയധികം സമാനതകൾ ഉണ്ടെന്ന് പ്രൊഫസ്സർ പി.ജെ. തോമസും സംഘക്കളിയുടെ അനുകരണമാണെന്ന് ഉള്ളൂരും അഭിപ്രായപ്പെടുന്നു.

മാർഗ്ഗം എന്ന പദം കൊണ്ട് ക്രൈസ്തവരെയാണ്‌ ഉദ്ദേശിക്കുന്നത്. പുരാതനകാലത്ത് മറ്റുമതങ്ങളിലേക്ക് ചേർന്നിരുന്നവരെ മാർഗ്ഗം ചേർന്നവർ എന്നു വിളിച്ചിരുന്നു. ബൗദ്ധരുടെ ധർമ്മമാർഗ്ഗമാണ് ഇതിനാധാരം. ആദ്യമായി മതമെന്ന പേരിൽ കേരളത്തിലെത്തിയത് ബൗദ്ധമതമായിരുന്നു. ബുദ്ധമതത്തിലേക്ക് ചേരുന്നതിനെ മാർഗ്ഗം കൂടൽ എന്നും വിളിച്ചിരുന്നു. പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്‌.  സ്ത്രീകൾ ചട്ടയും മുണ്ടുമുടുത്താണിതവതരിപ്പിച്ചുവരുന്നത്.

ചവിട്ടു നാടകം

കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം തമിഴുകലർന്ന ഭാഷയാണ്‌ ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്. ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു. സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു. വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ്. ആദ്യത്തെ ചവിട്ടുനാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട്

പ്രധാന ചവിട്ടുനാടകങ്ങൾ വീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം എന്നീ ചവിട്ടുനാടകങ്ങൾ ധീരോദാത്തരായ വീരസേനാനികളുടെ ദ്വിഗ്വിജയങ്ങളെയും , വീരസമരങ്ങളെയും പ്രകീർത്തിയ്ക്കുന്നു.ബൃജീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം,ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, എന്നീ നാടകങ്ങൾ ബൈബിൾ കഥകളെ ആസ്പദമാക്കിയുള്ളതാണ്.

മോഹിനിയാട്ടം

കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.

ലാസ്യ പ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാൺ. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്. അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപോകുന്ന ചാരി മോഹിനിയാട്ടത്തിൻറെ പ്രത്യേകതയാണ്.

വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

കുറെക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പ്പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയതാളങ്ങളാണ് മോഹിനിയാട്ടത്തിൻ പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ‍, കൈമണി തുടങ്ങിയ വാദ്യങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

കേരളകലാമണ്ഡലം

കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട് കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്. അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്.

1950ൽ വള്ളത്തോൾ മഹകവി ചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.

തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടംഎന്നുംപഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നുനൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. ശിവഭൂതാദികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം

പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.

ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതാതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി.കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു]. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതീഹ്യങ്ങളിലും വൻ തോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് "ക്ഷേത്ര"വല്കരണം നടന്നിരിക്കുന്നു.

തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയ്യതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ചാത്തമ്പള്ളി വിഷകണ്ഠൻ, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും.

കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

കഥകളി

നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി.

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌.

കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം,ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്.

പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ചരാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്  വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.

കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.

ആട്ടക്കഥ

കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്] . പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്.ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണു് ഉപയോഗിക്കുന്നതു്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണു് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തുതമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം,കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെരാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.

കഥാരംഭം

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം

സംഗീതം

തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമഅയ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.

അഭിനയം

ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.

മുദ്രകൾ

കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവുംഅടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.

1.പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം.

വേഷങ്ങൾ

കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.

പച്ച

സ്വാതികസ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തി

രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് തഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്

താടി

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.

  • വെള്ളത്താടി - ഹനുമാൻ, നന്ദികേശ്വരൻ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
  • ചുവന്നതാടി - താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക.ഉദാ:ബകൻ, ബാലി, സുഗ്രീവൻ,ദുശ്ശാസനൻ,ത്രിഗർത്തൻ
  • കറുത്തതാടി-ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം

കരി

താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആണ്കരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.

മിനുക്ക്

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.

പഴുപ്പ്

ദേവകളായ ചില കഥാപാത്രങ്ങൾക്കാണ് പഴുപ്പുവേഷം. ഉദാ: ശിവൻ,ബലഭദ്രൻ.

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്ക്ക, ശംഖ് എന്നിവ. ചില സ്ഥലങ്ങളിൽ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്.ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത് മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.

ചാക്യാർക്കൂത്ത്

കേരളത്തിലെ അതിപ്രാചീനമായ ഒരു കലയാണ് ചാക്യാർക്കൂത്ത്. കൂത്ത് പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. അതുകൊണ്ട് ചാക്യാന്മാരുടെ കൂത്ത് എന്ന അർത്ഥത്തിലാണ് ഈ പേർ നിലവിൽ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്.

കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള നിരീക്ഷിക്കുന്നുണ്ട്കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം കൂത്ത് ഇന്നത്തെ രൂപത്തിലായത്.

ചാക്ക്യാന്മാരും അവരുടെ കലാസപര്യകളും നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കൻ കേരളത്തിലെ പെരിഞ്ചെല്ലൂർ പ്രദേശത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്നുള്ള പതിനെട്ട് ചാക്ക്യാർ കുടുംബങ്ങൾ അവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നുണ്ട്.

ചാക്യാർക്കൂത്തിൽ രണ്ട് വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം. ഈ കളിയാക്കലുകൾക്കെതിരെ സദസ്സിൽനിന്ന് യാതൊരുവിധ പ്രതിഷേധങ്ങളും ഉണ്ടായിക്കൂടാ എന്ന അലിഖിതനിയമവും നിലവിലുണ്ടായിരുന്നു. ഇങ്ങിനെ കളിയാക്കുന്നതിനിടെ അധികാരസ്ഥാനങ്ങളെയും ചാക്യാന്മാർ വിമർശിക്കുക പതിവായിരുന്നു. അതേത്തുടർന്ന് രാജകോപം കാരണം പിൽക്കാലത്ത് പ്രവാസികളായിമാറേണ്ടിവന്ന ചാക്യാന്മാരും ചരിത്രത്തിലുണ്ട്.

വേഷം

വിദൂഷകന്റെ വേഷമാണ് കൂത്തിൽ ചാക്യാർക്കുള്ളത്.

മുഖത്തും നെഞ്ചിലും കൈമുട്ടിനു മേലെയും അരിമാവുകൊണ്ട് അണിയും. കണ്ണിൽ വീതിയിൽ കണ്ണെഴുതി വാലിടും. നെറ്റി, മൂക്ക്, കവിളുകൾ, താടി, നെഞ്ച്, കൈകൾ എന്നിങ്ങനെ പതിനാലു ഭാഗങ്ങളിൽ ചുവന്ന പൊട്ടുണ്ട്. മീശയ്ക്ക് മേൽക്കൊമ്പും കീഴ്ക്കൊമ്പുമുണ്ട്.ചെവിപ്പൂക്കളും കുടുമയും വാസിയും പീലിപ്പട്ടവുമുണ്ടാകും. കൈകളിൽ കടകം, മാരിടത്തിൽ പൂണൂൽ എന്നിവയുണ്ടാകും. ഒരു ചെവിയിൽ തെച്ചിമാലയും മറ്റേതിൽ വെറ്റിലചുരുളും വയ്ക്കും. മാറ്റുമടക്കി പിന്നിൽ കനപ്പിച്ച് പൈതകം വച്ചുടുത്ത് കടിസൂത്രം കെട്ടും.

രംഗസംവിധാനം

സ്റ്റേജിനു മുൻപിൽ വലിയ വിളക്കുണ്ടാകും. അതിന് അഭിമുഖമായാണ് കൂത്തു പറയുന്നത്. ഇരിക്കാൻ ഒരു പീഠമുണ്ടാകും. സ്റ്റേജിനു പിന്നിൽ മിഴാവിപക്കത്തിന്മേലുരുന്ന് നമ്പ്യാർ മിഴാവുകൊട്ടൂം വലതുവശത്ത് നിലത്ത് വിരിച്ച തുണിയിലിരുന്ന് നങ്ങ്യാർ കുഴിത്താളം കൊട്ടും.

അവതരണം

അവതരണം തുടങ്ങുന്നതിന്റെ മുന്നോടിയായി മിഴാവുമെച്ചപ്പെടുത്തുന്നു. പിന്നെ നടൻ വിളക്കിനു നേരെ നിന്ന് ചാരി എന്ന നൃത്തം ചെയ്യുന്നു. പിന്നീട്വിദൂഷക സ്തോഭം നടിക്കലാണ്. പിന്നീട് ഇഷ്ടദേവ പ്രാർത്ഥനയും പീഠികയുമാണ്. പീഠിക പറഞ്ഞുകഴിഞ്ഞാൽ പിന്നെ സദസ്യർക്ക് ആശിസ്സ് പ്രാർത്ഥിക്കും. അന്നത്തെ കഥയെ ആശ്രയിച്ചാണ് ആശീർവാദത്തിൽ രക്ഷാപുരുഷനെ നിശ്ചയിക്കുന്നത്.

ചരിത്രം

2000 വർഷത്തിലേറേ പാരമ്പര്യമുള്ളൊരു കലാരൂപമാണ്‌ ചാക്യാർക്കൂത്ത്. ബൗദ്ധരാണ് ഈ നാട്യകലയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വളർത്തിക്കൊണ്ടുവന്നത്. ബൌദ്ധന്മാർ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനായഫാഹിയാൻ മഥുരയെപ്പറ്റി വിവരിക്കുമ്പോൾ വർഷക്കാലത്ത് ബുദ്ധവിഹാരങ്ങളിൽ വസ്സാ ആഘോഷിക്കുന്നതിനിടയിൽ സാരീപുത്തന്റേയും മൌദ്ഗല്ല്യായനന്റേയും മറ്റും മതപരിവർത്തനകഥകൾ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമർശിച്ചു കാണുന്നു. പ്രാചീനതമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ പറയുന്ന പറയൂർ കൂത്തച്ചാക്യാർ ഒരു ബുദ്ധസന്യാസിയാണ്ക്രി.വ. ഒൻപതാം നൂറ്റാണ്ടിലെ കാശ്മീരത്തിൽ വച്ചു ദാമോദര ഗുപ്തനെഴുതിയ കുട്ടനീമതം എന്ന കാവ്യത്തിൽ ഹർഷവർദ്ധനൻ എന്ന രാജാവിന്റെരത്നാവലീനാടിക യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയിൽ നിന്നു വന്ന ഒരു സംഘം നടീസംഘക്കാർ വിസ്തരിച്ചാടിയതിനെ പറ്റി വിശദമായി വർണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തിൽ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്.ചാക്യാർക്കൂത്ത് കേരളത്തിൽ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമതവിശ്വാസികളായ മുനിമാർ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌. എന്നാൽ കാലക്രമത്തിൽ ബ്രാഹ്മണമേധാവികളാൽ തുരത്തപ്പെട്ടതോ മതപരിവർത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ശാക്യ എന്ന വംശത്തിൽ (ബുദ്ധന്റെ വംശം) പെടുത്തി. പ്രതിലോമബന്ധത്തിൽ പെട്ട ഇവരെ ബ്രാഹ്മണരിൽ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നൽകി അലങ്കരിച്ചു. ആദ്യകാലങ്ങളിൽ ബുദ്ധന്റെ ഗാഥകൾ പാടിയിരുന്ന ഇവർ പിന്നീട് പുരാണങ്ങൾ പാടാനായി വിധിക്കപ്പെട്ടു. ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാർമാർ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഖ്യ വർദ്ധിച്ചിരിക്കാം  ചാക്യാർ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ .

ശാക്യമുനിയാണ് കൂത്തിനെ ആദ്യം പരിഷകരിച്ചത്. അദ്ദേഹം പുരാണ കഥാപ്രസംഗത്തിന്റെ സുഹൃത്സമ്മിതത മാറ്റി കാന്താസമ്മിതത സ്വീകരിക്കുകയും, അഭിനയത്തിനും കഥാകഥനത്തിനും കാവ്യഗ്രന്ഥങ്ങൾ ഉപയോഗിക്കുകയും രണ്ടിനും കൂത്ത് നൃത്യമെന്നെ ഒരേ സംജ്ഞ ഉപയോഗിക്കുകയും, കൂത്ത് മൊത്തത്തിൽ ലളിതമാക്കി ജനങ്ങൾക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിലുമാക്കുകയും ചെയ്തു. ഈ പരിഷ്കരങ്ങളുടെ വെളിച്ചത്തിലാണ് അന്നു മുതൽ കൂത്ത് നൃത്യം “ശാക്യര്കൂത്ത്“ എന്നും അഭിനേതാക്കളേ “ശാക്യര്“ എന്നും വിളിച്ചു തുടങ്ങിയത്. കഥാഭിനയത്തിന് ‘പ്രബന്ധക്കൂത്ത്’ എന്നും നാടകാഭിനയത്തിണ് കൂടിയാട്ടക്കൂത്ത് എന്നും വിളിച്ചു തുടങ്ങി. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ ബുദ്ധസന്യാസിമാർ കൂടുതൽണ്ടായിരുന്നതിനാലോ മറ്റോ കേരളം ഈ നാട്യകലകളുടെ കേന്ദ്രമായി ഭവിച്ചു.

പിന്നീട് ക്രി.വ. 978 മുതൽ 1036 വരെ കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാൾ അദ്ദേഹത്തിന്റെ സുഹൃത്തും ഫലിതകവിയുമായ തോലന്റെ സഹായത്തോടെ ഈ കലാരൂപത്തെ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. അതാണ് ഇന്നു കാണുന്ന കൂത്തും കൂടിയാട്ടവും.

പ്രശസ്ത ചാക്യാർക്കൂത്ത്-കൂടിയാട്ടം കലാകാരനായ യശശ്ശരീരനായ ഗുരു നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽക്കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച് പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവർഷവും കൂത്തുകൾ നടന്നുവരുന്നു.

മാണി മാധവചാക്യാരുടെ ഗുരുവായ ദർശനകലാനിധി രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിർന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തിൽ അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവചാക്യാരോട് തമ്പുരാൻ ഇത് അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസംകൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിൽ ഇത് അവതരിപ്പിച്ചു.

തുള്ളൽ

ഓട്ടൻതുള്ളൽ

മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴുംക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അംബലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം. രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽ‌പറഞ്ഞ താളങ്ങളും ഉപയോഗിയ്ക്കുന്നു. പ്രധാനമായുംഅഠാണ,നീലാംബരി,ബിലഹരി,ദ്വിജാവന്തി,ഭൂപാളം,ഇന്ദിശ,കാനക്കുറുഞ്ഞി,നാട്ടക്കുറുഞ്ഞി,പുറനീര്,ആനന്ദഭൈരവി,ബേഗഡഎന്നിവയാണ് ഉപയോഗിയ്ക്കുന്ന രാഗങ്ങൾ . നർ‌ത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിയ്ക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിയ്ക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽ‌പാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിയ്ക്കുന്നത്. മദ്ദളത്തിന്റെ ചോറിട്ട ഭാഗത്ത് അതായത് വലതുഭാഗത്ത് "തി""ന്നാം"എന്നും ഇടതുഭാഗത്ത് "ത""തോം"എന്നും പാഠക്കൈകൾ ഉള്ള തൊപ്പിമദ്ദളവും,ഓടുകൊണ്ടുണ്ടാക്കിയിരിയ്ക്കുന്ന ഘനവാദ്യമായ കുഴിത്താളവും ആണ് തുള്ളലിൽ ഉപയോഗിയ്ക്കുന്ന വാദ്യങ്ങൾ.ഓട്ടൻ തുള്ളലിൽ പൊതുവേ ഉപയോഗിച്ച് കാണുന്നത് തരംഗിണിഎന്ന വൃത്തമാണ്‌.

ശീതങ്കൻ തുള്ളൽ

കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ്‌ ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാനെങ്കിൽ , ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ്പറയൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാൺ ശീതങ്കൻ. പൊതുവേ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്ന് പേർ ആവശ്യമാണ്‌. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾ തൊപ്പി മദ്ദളക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയിൽ കറുത്ത തുണി കൊണ്ട്കെട്ടി കണ്ണും പുരികവും എഴുതി പൊട്ട് തൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ളലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതു പോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ അവതരിപ്പിച്ച് കാണുന്നു.

ഉത്ഭവം

ചാക്യാർ കൂത്ത്‌ എന്നാ കലാരൂപത്തിന് മിഴാവ് ആണ് വാദ്യമായിട്ടു ഉപയോഗിക്കുന്നത്.പൊതുവേ നമ്പ്യാർ മാർ ആണ് മിഴാവ് വായിക്കുന്നത്. പതിവ് പോലെ ഒരിക്കൽ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൂത്ത്‌ നടക്കുന്ന സമയം. ചാക്യാർ അരങ്ങത്ത് കൂത്ത്‌ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് വായിക്കുന്നത്. ആളുകളുടെ ആവേശം കൂടുന്നതനുസരിച്ച് ചാക്യാർ തന്റെ കഴിവുകളെ പുറത്തെടുത്തു തുടങ്ങി. പാവം നമ്പ്യാർ കൂത്തിനിടയ്ക്കൊന്നു മയങ്ങി പോയി. ചാക്യാർ വിട്ടുകൊടുക്കുമോ ? നമ്പ്യാരെ അങ്ങേയറ്റം പരിഹസിച്ചു. നമ്പ്യാർ ചക്യർക്കു തക്കതായ മറുപടി നൽകണം എന്ന ഉറച്ച തീരുമാനത്തോടെ അന്ന് തന്റെ ഇല്ലത്തേക്ക് മടങ്ങി.

ചാക്യരോടുള്ള പ്രതികാരസൂചകമായി ഒറ്റ രാത്രി കൊണ്ട് പുതിയ ഒരു കലാരൂപത്തിന് ജന്മം നൽകി.അതാണ് "തുള്ളൽ". അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂത്ത്‌ തകൃതിയായി നടക്കുന്നു. പൊടുന്നന്നെ മറ്റൊരു ഭാഗത്ത്‌ അതാ നല്ല താളഭാവങ്ങളോട് കൂടിയ പാട്ട് കേൾക്കുന്നു. കൂത്ത്‌ കണ്ടു കൊണ്ടിരുന്ന ആളുകൾ ഇതെന്താ കഥ എന്ന ഭാവത്തിൽ തുള്ളൽ നടക്കുന്ന വേദിയിലേക്ക് തിരിച്ചു. നോക്കുമ്പോൾ തികച്ചും നവീനവും ആസ്വാദ്യകരവും ആയ ഒരു നൃത്ത രൂപം. ഇതാണ് തുള്ളൽ. അങ്ങനെ ചാക്യാരുടെ കൂത്തിന് ആളുകൾ ഇല്ലാതായി.

പറയൻ തുള്ളൽ

പറയൻ തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്. മല്ലിക എന്നസംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്.തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു.

കേരള നടനം

കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് 'കേരളനടന'മായി വളർന്നത്.

ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷേ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.

കേരളനടനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാസ്വാദകർക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു.

'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.

ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ കേരളത്തിലും, ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി.

സവിശേഷതകൾ

ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കൽ) ആയ      നൃത്തരൂപമാണ്‌ കേരളനടനം.

ആധുനിക സംവിധാനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കാൻ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി.

ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും .

പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള നൃത്തമാണ്‌) .

കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തിൽ. ഈ നൃത്തം ജനകീയമാവാൻ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ .

കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നൽകുന്ന നൃത്തമാണ്‌ കേരള നടനം. ഒന്നിലേറെ പേർ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷേ ഏകാംഗാഭിനയത്തിനും സാംഗത്യമുണ്ട്‌.

നിശ്ചിതമായ വേഷ സങ്കൽപമില്ലാത്തതു കൊണ്ട്‌ സാമാന്യജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവും. നൃത്തം അറിയുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത.

അമേരിക്കൻ നർത്തകിയായ ഇസ്തർ ഷെർമാൻ എന്ന രാഗിണി ദേവി (പ്രമുഖ നർത്തകി ഇന്ദ്രാണീ റഹ്‌മാന്റെ അമ്മ) യാണ്‌ കേരള നടനത്തിന്റെ പിറവിക്ക്‌ ആധാരമായ ആശയം മുന്നോട്ട്‌ വച്ചത്‌ . 1931 ലാണിതുണ്ടായത്. അതിന്‌ സഹായിയായി അവർക്ക്‌ ലഭിച്ചത്‌ , കലാമണ്ഡലത്തിൽ കഥകളി വടക്കൻ ചിട്ടയിൽ ഉപരിപഠനം നടത്തുകയായിരുന്ന കപ്ലിങ്ങാടൻ ചിട്ടക്കരനായ കഥകളിക്കാരൻ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു. മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം. അങ്ങനെ, 1931 ഡിസംബറിൽ ബോംബെ ഓപ്പറാ ഹാളിൽ രാഗിണി ദേവിയും ഗോപിനാഥും ചേർന്ന്‌ കഥകളിനൃത്തം എന്ന പേരിൽ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തിൽ നിന്നാ മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്‌. പ്രത്യേകിച്ച്‌ സംഗീതത്തിൽ. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കർണ്ണാടക സംഗീത രീതിയാണ്‌ കേരള നടനത്തിലുള്ളത്‌. ആളുകൾക്ക്‌ മനസ്സിലാവാൻ അതാണല്ലോ എളുപ്പം.

ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ കേരള നടനത്തിന്‌ അനുപേക്ഷണീയമാണ്‌. ഇടയ്ക്ക, പുല്ലാങ്കുഴൽ, വയലിൻ, മൃദംഗം എന്നിവയും ഹാർമോണിയം, സിതാർ,സാരംഗി തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതോപകരണങ്ങളും ഉപയോഗിക്കാറുണ്ട്‌ . പ്രധാനമായും കേരളീയ വാദ്യങ്ങളാണ്‌ ഉപയോഗിക്കാറ്‌ എന്ന്‌ സാമാന്യമായി പറയാം.

നങ്ങ്യാർക്കൂത്ത്

കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്. ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രംസുഭദ്രാധനഞ്ജയംനാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആ‍ണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു.

പണ്ടു പല ക്ഷേത്രങ്ങളിലും ‘അടിയന്തര’മായി നങ്ങ്യാർകൂത്ത് നടത്തിയിരുന്നു. ഇപ്പോൾ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവൻ അവതരിപ്പിക്കാൻ പഠിച്ചിട്ടുള്ള ചുരുക്കം നങ്ങ്യാന്മാരെയേ ഇന്ന് കാണാൻ സാധിക്കയുള്ളൂ.

ആംഗികം, വാചികം, ആഹാര്യം, സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർക്കൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർക്കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ,തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഒരനുഷ്ഠാനമായി നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം.

വില്ലുവട്ടം, കോശമ്പിള്ളി, മേലട്ട്, എടാട്ട് തുടങ്ങിയ കുടുംബങ്ങളിൽ നങ്ങ്യാർകൂത്ത് അനുഷ്ഠാനമായി ചെയ്തുവരുന്ന നങ്ങ്യാരമ്മമാർ ഇപ്പോഴും ഉണ്ട്. ഒരു ചടങ്ങെന്ന നിലയിൽ കാണിക്കുവാനേ ഇവരിൽ പലർക്കും സാധിക്കുകയുള്ളു. പ്രോത്സാഹനക്കുറവുകൊണ്ട് കുറേവർഷങ്ങളായി നിഷ്കൃഷ്ടമായ അഭ്യാസമില്ലാതെ പോയതായിരിക്കണം ഇതിന് കാരണം.

തിറ

ഉത്തരകേരളത്തിലെ തെയ്യം എന്ന കലാരൂപത്തോട് സാമ്യമുള്ളതും ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളായ പഴയ വള്ളുവനാടൻപ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയില്പെടുന്നതുമായ പ്രദേശങ്ങളിലുമുള്ള കാവുകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആചരിയ്ക്കുന്നതുമായ ഒരു കലാരൂപമാണ് തിറ. നാടൻ ഭാഷയിൽ ഈ അനുഷ്ഠാന കലാരൂപം തറ എന്നും അറിയപ്പെടുന്നു. അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെടുന്ന മണ്ണാൻ സമുദായത്തിലെ ആണുങ്ങളാണ് പ്രധാനമായും തിറ എന്ന വേഷം കെട്ടാറുള്ളത്. ഉത്സവക്കാലമായാൽ പൂതനും തിറയും വീടുകൾ തോറും കയറിയിറങ്ങി തട്ടകവാസികളെ അനുഗ്രഹിയ്ക്കുന്ന ഒരാചാരമാണിത്.

കളരിപ്പയറ്റ്

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കരാട്ടെ,കുങ് ഫു തുടങ്ങിയ അയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ്.

കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങൾ നിലവിലുള്ളത് അംഗീകരിക്കുക പ്രയാസമാണ്‌. വ്യക്തമായ രേഖകളുടേയും തെളിവുകലുടേയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ചരിത്രകാരന്മാർ കളരിപ്പയറ്റിന് വേദ കാലത്തോളം പഴക്കമുണ്ടെന്നു കരുതുന്നു.

കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർത്ഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് അഭിപ്രായമുണ്ട്. എം.ഡി.രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. ഭാരതത്തിൽ ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു .പ്രധാനമായും മൂന്നു ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ശക്തമായ നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ.തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. നായൻ‌മാർ, വെള്ളാളർ, നാടാർമാർ തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും പ്രചാരത്തിലുണ്ട്.

കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.. മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങൾ കളരിപ്പയറ്റിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ ധാർമികത, സൽസ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും കളരിപ്പയറ്റിൽ ഗുരുക്കന്മാർ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളിൽ പറഞ്ഞ ഗുണങ്ങൾ ഇല്ലാത്ത ഒരാൾക്കു പരിശീലനവും ആയുധവും കിട്ടിയാൽ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തൽ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്.

പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാൻ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാൾ മാത്രമേ പരിശീലകനാകാവൂ.വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് ഉപദേശിക്കാൻ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. ആചാ‍ര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്. കളരിപയറ്റിന്റെ പഠനം പ്രധാനമായി നാലു ഭാഗമായി ആണ് ചിട്ടപെടുത്തിയിട്ടുള്ളത്.

ഇതു കൂടാതെ നാലാം ഭാഗത്തിലൂടെ തന്നിലെ കഴിവ് പ്രായോഗികമായി ശത്രുവിനെതിരെ പ്രയോഗിക്കാൻ പരിശീലിച്ച ഒരു അഭ്യാസിക്ക് വീണ്ടും ലോകത്തിലെ ഒരു അയോധനകലയിലും ഇല്ലാത്ത ഒരു സമഗ്രമായ വിഭാഗവും കളരിയിൽ ഉണ്ട്. അതാണ് മർമ്മ പ്രയോഗങ്ങൾ. കളരിയിലെ പ്രയോഗങ്ങൾ മനുഷ്യ ശരീരത്തിലെ അറുപത്തിനാല് കുലബ്യാസ മർമ്മങ്ങളിലേക്ക് അനുയോജ്യമായി ഫോക്കസ് ചെയുക എന്നതാണ് ഇതിൽ പ്രധാനമായി പഠിക്കുന്നത്.പിന്നെ വളരെ വലിയ ഒരു ഭാഗമാണ് കളരി ചികിൽസ. പിന്നെ ഭാരതത്തിലെ എല്ലാ കലകളുടെയും അവസാനം ആധ്യതമികതയാണ്. അതെ പോലതന്നെ അവസാനം ശാന്തതയിലൂടെ മോക്ഷത്തിലെക്കുള്ള മാർഗ്ഗമാണ് കളരിയും.

കുമ്മാട്ടി.

തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

വേഷം

പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നതു്.കുമ്മാട്ടിക്കളിക്കാർ വീടുകൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.

കുമ്മാട്ടിമുഖം

കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ,ഹനുമാൻ, സുഗ്രീവൻ,ബാലി, അപ്പൂപ്പൻ,അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ

കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനുസരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു.

ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടെതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.

അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.

അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി.

പൂരക്കളി

കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നായ പൂരം നടക്കുന്ന ദിവസങ്ങളിൽ യുവാക്കൾ അവതരിപ്പിക്കുന്ന വേലയാണ്‌ പൂരക്കളി. മുന്നൂറ് വർഷത്തിലധികം പഴക്കമുള്ള പ്രധാനപ്പെട്ട വേലപൂരങ്ങൾ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണെങ്കിലും പൂരക്കളി ഉത്തരമലബാറിലാണ്‌ അനുഷ്ഠിച്ചു വരുന്നത്

പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകൾ ഇല്ല.) പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം.

പ്രാചീനമായ ആരാധനോത്സവമാണ്‌ പൂരവേല .കേരളോല്പത്തി പോലുള്ള ഗ്രന്ഥങ്ങളിൽ ഇതിനെപ്പരാമശിക്കുന്നുണ്ട്. അയ്യപ്പൻകാവ്, ഭദ്രകാളിക്കോട്ടം, ഗണപതിക്കാവ്, ഇങ്ങനെ ഓരോ സ്ഥാനങ്ങളിൽ ഊട്ടും പാട്ടും ആറാട്ട്, കളിയാട്ടം, പൂരവേല, താലപ്പൊലി എന്നിങ്ങനെ ഒരോരോ വേലകൾ കഴിക്കുവാൻ കല്പിതമായാണ്‌ അതിലെ വിവരണം. ഉത്തരകേരളത്തിൽ പൂരക്കളി ഈ പൂരവേലയുടെ അനുഷ്ഠാനകലാനിർവഹണമായിത്തീർന്നു. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. കാവുകളിലേയോ കഴകങ്ങളിലേയോ ഭാരവാഹികളും സ്താനികളും പൂരക്കളിയാശാനെ (പണിക്കരെ) കളിക്ക് ക്ഷണിച്ചേല്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കർ പൂരിക്കളിയിൽ വളരെ വിദഗ്ദ്ധനും മുഴുവൻ പാട്ടുകളും‍ അറിയുന്നയാളുമായിരിക്കും. പണിക്കരുടെ ഭവനത്തിൽ വച്ചാണ്‌ ഈ ചടങ്ങ്. ഇതിനെ വീട്ടിയം കൊടുക്കൽ എന്നാണ്‌ പറയുക. പണിക്കരുടെ വീട്ടിൽ വച്ച് ദീപത്തിനു മുന്നിലിരുന്ന് പണീക്കർക്ക് പ്രസാദവും വീട്ടിയപ്പണവും (വെള്ളി നാണയം) നൽകി പൂരക്ക്ക്കളി നടത്തിത്തരണേ എന്ന് മൊഴി പറഞ്ഞ് ഏല്പിക്കുകയാണ്‌ ചടങ്ങ്.

പണിക്കരെ കഴകത്തിലേക്കോ കാവിലേക്കോ കൂട്ടിക്കൊണ്ട് വരുന്നതാണ്‌ അടുത്ത ചടങ്ങ്. നല്ല മുഹൂർത്തവും നാളും നോക്കിയാണ്‌ ഇത് ചെയ്യുന്നത്. പണീക്കരുടെ വരവോടെ കാവിന്റെ മതിലിനു പുറത്തുള്ള പന്തലിൽ പൂവിടൽ ആരംഭിക്കണം.

മാപ്പിളപ്പാട്ട്

കേരളത്തിലെ മുസ്ലിം മതസ്തർക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നു് അറിയപ്പെടുന്നതു്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമാണ്. ജനകീയവും സംഗീതാത്മകവുമാണ് അതിൻറെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു.

മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്തങ്ങൾക്ക്പുറമേ സംസ്കൃത വൃത്തങ്ങളിൽ ചിലരൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിൻറെ ഈണത്തിന്റെ താളക്രമത്തിന് 'ഇശൽ' എന്നാണ് പറയുന്നത്.

തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം,തുടങ്ങി ഒട്ടേറെ ഇശലുകൾ ഉണ്ട്. ദ്രാവിഡ രീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നത്.

കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്, ഇതിൻറെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ 'മോന' അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ 'എതുക' (ദ്വിതിയാക്ഷര പ്രാസത്തിനുതുല്യം)യ്ക്ക് തുല്ല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷരപ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസവുമാണ്. ഭാഷയിലെ പാട്ടു പാരമ്പര്യം മാപ്പിളപ്പാട്ടിൻറെ പാരമ്പര്യവുമായി ഇഴചേരുന്നതിൻറെ ദൃഷ്ട്ടാന്തങ്ങലാണിവയൊക്കെ.മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.

ചരിത്രം

അറബികൾക്ക് പുരാതനകാലം മുതലേ കേരളവുമായി ഉണ്ടായിരുന്ന കച്ചവടബന്ധം കേരളത്തിൽ ഇസ്‌ലാം മതത്തിനു വേരോട്ടമുണ്ടാകാൻ അവസരം ഒരുക്കി. അറബികളുടെ ഭാഷയും സംസ്കാരവും കേരളത്തിലെ മുസ്ലിം മതാനുയായികളിൽ സ്വാധീനം ചെലുത്തി. ഈ സാംസ്‌കാരിക സമ്പർക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരിൽ ചിലർ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കൽപ്പിക്കുന്നുണ്ട്മാപ്പിളപ്പാട്ടുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാപ്പിളപ്പാട്ട് എന്ന പേര് 1932-ൽ വക്കം അബ്ദുൽ ഖാദർ മൗലവി 'അൽഅമീൻ' പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്നാണ് ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് അബ്ദുൽ കരീം സാഹിബ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുവരെയും 'സബീനപ്പാട്ടുകൾ' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിൻ മുസല്യാരുടെ 'കപ്പ(ൽ)പാട്ടിൽ' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഒരുപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയിൽ സഫീനഃ എന്നാണ് പറയുക.

ദഫ് മുട്ട്

കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

ഒപ്പന

അബ്ബന’ എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയാ‍യി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്.

ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. നിക്കാഹിനായി വധുഗൃഹത്തിലേക്കു പുറപ്പെടും മുൻപ് വരന്റെ വീട്ടിലും ചിലപ്പോൾ ഒപ്പന അരങ്ങേറാറുണ്ട്. ഇവിടെ പക്ഷേ നൃത്തമവതരിപ്പിക്കുന്നത് പുരുഷന്മാരായിരിക്കും. മധ്യത്തിലിരിക്കുന്നത് മണവാളനും. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട് മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.

 

 

അവസാനം പരിഷ്കരിച്ചത് : 6/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate