অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിദ്യാലക്ഷ്മി-വിദ്യാഭ്യാസ വായ്പ പദ്ധതി

വിദ്യാലക്ഷ്മി-വിദ്യാഭ്യാസ വായ്പ പദ്ധതി

വിദ്യാഭ്യാസവായ്പയെടുക്കാന്‍ ധനകാര്യസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിലും വായ്പാ നിബന്ധനകള്‍ മനസ്സിലാക്കുന്നതിലും പിഴവുവന്നാലുണ്ടായേക്കാവുന്ന പ്രത്യാഘാതം ആരും പറഞ്ഞുതരേണ്ടതില്ല. എന്തെങ്കിലും വീഴ്ച ഇക്കാര്യത്തില്‍ വന്നാല്‍ ഭാവിയിലുണ്ടാകുന്ന സാമ്പത്തികബാധ്യത ചുമലില്‍ താങ്ങാവുന്നതിലും അധികമാകും.

ഒരിക്കലെങ്കിലും വിദ്യാഭ്യാസവായ്പതേടി ബാങ്കുകള്‍ കയറിയിറങ്ങിയവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. എന്നാലിപ്പോള്‍ വായ്പതേടി ബാങ്ക് മാനേജര്‍മാരുടെ മുമ്പില്‍ യാചിക്കേണ്ടതില്ല. ഒരു ക്ലിക്കില്‍ നിങ്ങള്‍ക്കുകിട്ടും വായ്പയുടെ വിവരങ്ങളും നടപടിക്രമങ്ങളും. അതിന് വിദ്യാലക്ഷ്മി നിങ്ങളെ സഹായിക്കും.

എന്താണ്  വിദ്യാലക്ഷ്മി

39 ബാങ്കുകളുടെ 70 വിദ്യാഭ്യാസവായ്പാ പദ്ധതികളുമായി ഒറ്റ പോര്‍ട്ടല്‍. അതാണ് വിദ്യാലക്ഷ്മി (www.vidyalakshmi.co.in). അനുയോജ്യമായ വായ്പാപദ്ധതി കണ്ടെത്തിയാല്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാനുമാകും. ഒരോഘട്ടത്തിലെയും വിവരങ്ങള്‍ നമ്മളെ അറിയിക്കുകയുംചെയ്യും. സേവനം പൂര്‍ണമായും സൗജന്യം. നടപടികള്‍ സുതാര്യം.

എസ്.ബി.ഐ., എസ്.ബി.ടി., കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി കേരളത്തില്‍ ശാഖകളുള്ള ഒട്ടേറെ ബാങ്കുകളും പട്ടികയിലുണ്ട്. ഭാരതീയ മഹിളാ ബാങ്കില്‍ വനിതകള്‍ക്ക് പലിശനിരക്കില്‍ ചെറിയകുറവും ലഭിക്കും.

പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് പണം തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാലക്ഷ്മി പദ്ധതി ആവിഷ്‌കരിച്ചത്. ധനമന്ത്രാലയത്തിലെ ധനകാര്യ സേവനവിഭാഗം, കേന്ദ്ര മാനവശേഷി മന്ത്രാലയം, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശപ്രകാരം എന്‍.എസ്.ഡി.എല്‍. ഇഗവേണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റാണ് പോര്‍ട്ടല്‍ നടത്തുന്നത്.

ഇതൊരു ഏകജാലക സംവിധാനം

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) തയ്യാറാക്കിയ മാതൃകാപദ്ധതിയനുസരിച്ചാണ് മിക്കബാങ്കുകളും പഠനച്ചെലവിന് വായ്പ നല്‍കുന്നത്. ചില ബാങ്കുകള്‍ക്ക് അവരുടെതായ വായ്പാ പദ്ധതികളുമുണ്ട്.

സര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ക്കുമാണ് വായ്പ ലഭിക്കുക. വിദേശത്താണ് പഠനംനടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വായ്പ ലഭ്യമാണ്.

വിദ്യാഭ്യാസ വായ്പകളെപ്പറ്റിയുള്ള എല്ലാവിവരങ്ങളും ഒരിടത്തുനിന്നറിയാം എന്നതാണ് വിദ്യാലക്ഷ്മിയുടെ പ്രത്യേകത. വായ്പാ പദ്ധതികളെപ്പറ്റിയുള്ള അന്വേഷണവും അപേക്ഷ സമര്‍പ്പിക്കലും വീട്ടിലിരുന്നുചെയ്യാം. ഒരേസമയം മൂന്നുബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷനല്‍കാം.

ഇതിനാകട്ടെ, കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം സ്റ്റൂഡന്റ്‌സ് (CELAF) എന്നപേരിലുള്ള ഒറ്റഅപേക്ഷ മതിയാകും. ബാങ്കുകള്‍ ഈ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് തുടര്‍നടപടികള്‍ക്കായി പരിഗണിക്കും. തുടര്‍നടപടികള്‍ ബാങ്കുകള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും.

വായ്പാ നടപടികളുടെ ഓരോഘട്ടവും ഓണ്‍ലൈനായി അറിയാം. അതായത്, വായ്പ അനുവദിക്കുന്നതില്‍ എന്തെങ്കിലും തടസ്സമോ വിശദീകരണത്തിന്റെ ആവശ്യമോ വന്നാല്‍ അപ്പോള്‍ത്തന്നെ അറിയാം. പരാതികളും അന്വേഷണവും ഓണ്‍ലൈനായി നടത്താം. വായ്പ അനുവദിച്ചാല്‍ അക്കാര്യവും പോര്‍ട്ടലിലൂടെ അറിയിക്കും.

സംശയനിവാരണത്തിനുള്ള സൗകര്യവുമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ വിവിധ സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ അറിയാനും അപേക്ഷിക്കാനുമുള്ള ലിങ്കും പോര്‍ട്ടലിലുണ്ട്. വായ്പ അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കിന് പരാതിയും പോര്‍ട്ടലിലൂടെ നല്‍കാം.

തിരിച്ചടവ്

തിരിച്ചടവില്‍ ശ്രദ്ധകാണിച്ചില്ലെങ്കില്‍ വിദ്യാഭ്യാസവായ്പ മിക്കപ്പോഴും കെണിയായി മാറും. അതില്‍നിന്ന് കരകയറാന്‍ പിന്നീട് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഓര്‍ക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനുള്ളിലോ  ജോലിലഭിച്ച് ആറുമാസത്തിനുള്ളിലോ ഏതോണോ ആദ്യം വരുന്നതെന്നുകണക്കാക്കിയാണ് വിദ്യാഭ്യാസവായ്പകള്‍ തിരിച്ചടച്ചുതുടങ്ങേണ്ടത്.

തിരിച്ചടവിന് 90 ദിവസത്തിനുമുകളില്‍ വീഴ്ച വരുത്തിയാല്‍, അടയ്ക്കാന്‍ ബാക്കിയുള്ള തുക മുഴുവന്‍ കിട്ടാക്കടമായി ബാങ്ക് കണക്കാക്കും. ഇത് ഭാവിയില്‍ മറ്റുവായ്പകള്‍ എടുക്കന്നതിന് തടസ്സമാകും. മിക്ക ബാങ്കുകളും 12 മുതല്‍ 14 വരെ ശതമാനമാണ് വായ്പകളില്‍ ഈടാക്കുന്ന വാര്‍ഷികപലിശ നിരക്ക്.

പഠനസമയത്ത് ഓരോ വര്‍ഷവും നല്‍കിയ വായ്പത്തുകയ്ക്കുമാത്രമേ പലിശ കണക്കാക്കൂ. തിരിച്ചടയ്ക്കാന്‍ ബാക്കിനില്‍ക്കുന്ന പലിശയും മുതലും ഉള്‍പ്പെടെ തുല്യമാസത്തവണകള്‍ കണക്കാക്കിയാണ് തിരിച്ചടവ്.

സിംപിള്‍ സ്റ്റെപ്‌സ്

  • പേര്, ഇമെയില്‍ എന്നിവ നല്‍കി രജിസ്റ്റര്‍ചെയ്യുക
  • തുടര്‍ന്ന് ഇമെയില്‍ വഴി ആക്ടിവേഷന്‍ ലിങ്ക് ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുക. പിന്നീട് ലോഗിന്‍ ചെയ്യണം.
  • ആവശ്യമായ വായ്പയുടെ വിശദാംശങ്ങള്‍ നല്‍കുക. അതനുസരിച്ച് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുക. നാലുലക്ഷം രൂപയില്‍താഴെ, നാലിനും ഏഴരലക്ഷത്തിനുമിടയില്‍, ഏഴരലക്ഷം രൂപയ്ക്കുമുകളില്‍ എന്നിങ്ങനെ മൂന്നുതരം വായ്പാ പദ്ധതികള്‍ ലഭ്യമാണ്.
  • 39 ബാങ്കുകളുടെ 70 വായ്പാ പദ്ധതികള്‍ ലഭ്യം.
  • മൂന്നുബാങ്കുകളിലേക്ക്  അപേക്ഷിക്കാം. ഒരുബാങ്കിനുതന്നെ പലതരം വായ്പാ സ്‌കീമുകളുണ്ട്. എന്നാല്‍  ഒരുബാങ്കിന്റെ ഒരുസ്‌കീമിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.
  • തിരഞ്ഞെടുക്കുന്ന ബാങ്കിന് ശാഖകള്‍ എവിടെയൊക്കെയുണ്ടെന്നും പോര്‍ട്ടലില്‍നിന്നറിയാം.
  • സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ അപ് ലോഡ് ചെയ്യണം. കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കണം.

 

വിദ്യാലക്ഷ്മി

അവസാനം പരിഷ്കരിച്ചത് : 7/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate