പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് അടക്കമുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുകയായി. ഓരോ കോഴ്സിലും പ്രവേശനം നേടണമെങ്കില്‍ വന്‍ തുക വേണം. പെട്ടെന്ന് ഇത്രയും തുക കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക കരുതിവയ്ക്കാന്‍ കഴിയാത്തവര്‍ക്ക് വലിയ ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ.
ഏകജാലക സംവിധാനമായ വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെയാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ലളിതമായ നടപടി ക്രമങ്ങളിലൂടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇഷ്ടമുള്ള ബാങ്കുകളുടെ അനുയോജ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കാം. 34 ബാങ്കുകളുടെ 79 ലോണ്‍ സ്‌കീമുകളാണ് വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ ലഭ്യമാവുന്നത്. മൂന്ന് ബാങ്കുകളിലേക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കു പുറമേ, ടെക്നിക്കല്‍, പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇന്ത്യയിലും വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നതിനും അപേക്ഷിക്കാം.
പഠനത്തിന് ആവശ്യമായ മുഴുവന്‍ തുകയും വായ്പയായി അനുവദിക്കാം. ബാങ്കുകളുടെ വിവിധ സ്‌കീം പ്രകാരം അനുവദിക്കുന്ന പരമാവധി തുക വ്യത്യസ്തമാണ്. എന്നിരുന്നാലും ഇന്ത്യയില്‍ പഠിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപയും വിദേശപഠനത്തിന് 20 ലക്ഷം രൂപയുമാണ് വായ്പയായി ലഭിക്കുന്നത്.
നാലുലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഈട് നിബന്ധനകളൊന്നും ബാങ്കുകള്‍ മുന്നോട്ടുവയ്ക്കുന്നില്ല. എന്നാല്‍, വായ്പ എടുക്കുന്നതില്‍ വിദ്യാര്‍ഥിയുടെ മാതാവോ പിതാവോ പങ്കാളിയാകണം (co applicant).നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പയ്ക്ക് തേഡ് പാര്‍ട്ടി ജാമ്യവും ഏഴരലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് വീടോ വസ്തുവോ കൊളാറ്ററല്‍ സെക്യൂരിറ്റി ആയും നല്‍കേണ്ടിവരും. ഏഴര ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് നിബന്ധനകള്‍ ഉണ്ട്. തിരഞ്ഞെടുത്ത കോഴ്സുകള്‍ പ്രത്യേക സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് ഏഴര ലക്ഷത്തിന് മുകളില്‍ വായ്പ അനുവദിക്കുക.
കോഴ്സ് പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറ് മാസത്തിനുള്ളില്‍ തിരിച്ചടവ് ആരംഭിക്കണം. പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) എത്രയാണെന്ന് പലിശ ഉള്‍പ്പെടെയുള്ള കണക്കുകൂട്ടലുകള്‍ക്ക് ശേഷം ബാങ്ക് നിശ്ചയിക്കും. ബാങ്കുകള്‍ പരമാവധി 15 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി നല്‍കുന്നത്.
ലോണ്‍ എടുക്കുന്ന വിദ്യാര്‍ഥിയുടെയും മാതാപിതാക്കളുടെയും വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി കേന്ദ്ര സര്‍ക്കാറിന്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.
വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനുള്ള എളുപ്പവഴി, അതാണ് വിദ്യാലക്ഷ്മി
(www.vidyalakshmi.co.in). പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് പണം തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാലക്ഷ്മി പദ്ധതി ആവിഷ്‌കരിച്ചത്.
ധനമന്ത്രാലയത്തിലെ ധനകാര്യ സേവനവിഭാഗം, കേന്ദ്ര മാനവശേഷി മന്ത്രാലയം, ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശപ്രകാരം എന്‍.എസ്.ഡി.എല്‍. ഇ-ഗവേണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റാണ് പോര്‍ട്ടല്‍ നടത്തുന്നത്.
എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക് തുടങ്ങി കേരളത്തില്‍ ശാഖകളുള്ള വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെ 34 ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകള്‍ക്ക് വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ അപേക്ഷിക്കാനാവും. ആവശ്യമുള്ള ബാങ്കുകളുടെ അനുയോജ്യമായ വായ്പപദ്ധതികള്‍ പോര്‍ട്ടലിലൂടെ തിരഞ്ഞെടുക്കാം.
'' വിദ്യാഭ്യാസ വായ്പയ്ക്ക് അനുയോജ്യമായ സ്‌കീമുകള്‍ തേടി ബാങ്കുകള്‍ തോറും കയറിയിറങ്ങുന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരു പോലെ മടുപ്പ് ഉണ്ടാക്കിയിരുന്നു. സങ്കീര്‍ണതകളില്ലാതെ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പ ലഭിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ആശങ്ക പരിഹരിക്കാം എന്നതിനൊപ്പം ബാങ്കുകള്‍ക്കും േഡറ്റ റെക്കോഡ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാനഗുണം''.
കടപ്പാട് : ബി. അരുണ്‍ കുമാര്‍, ബ്രാഞ്ച് മാനേജര്‍,
എസ്.ബി.ഐ., വളഞ്ഞമ്പലം,മാതൃഭൂമി
അവസാനം പരിഷ്കരിച്ചത് : 7/9/2020
39 ബാങ്കുകളുടെ 70 വിദ്യാഭ്യാസവായ്പാ പദ്ധതികളുമായി ...