ബാക്ടീരിയ, ഫംഗസ് എന്നീ അണുക്കള്‍മൂലം അകിടില്‍ കാണുന്ന വീക്കത്തെയാണ് അകിടുവീക്കം എന്ന് അറിയപ്പെടുന്നത്. കറവ പ്പശുക്കള്‍, ആട്, പന്നി, കുതിര, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ഇത് ബാധിക്കുന്നു. വൃത്തിഹീനമായ ചുറ്റുപാടിലും, മൃഗങ്ങളുടെ രോഗപ്രതിരോധശക്തി കുറയുമ്പോഴും, അശാസ്ത്രീയമായ പരിപാലന മുറകളാലും ഈ രോഗം പിടിപെടുന്നു. മുലക്കണ്ണില്‍ക്കൂടി അണുക്കള്‍ അകിടില്‍ പ്രവേശിക്കുകയും കോശങ്ങളിലും, പാലുല്‍പ്പാദന ഗ്രന്ഥികളിലും പ്രവേശിച്ച് ഇവയെ നശിപ്പിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍: നാലുതരത്തില്‍ കാണാം.
1. പെര്‍ അക്യൂട്ട്: അകിടിലുണ്ടാകുന്ന നീര്, വേദന, തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെടുക, സാധാരണയല്ലാത്ത ദ്രാവകം അകിടില്‍നിന്ന് വരിക, പനി, ഭക്ഷണം കഴിക്കാതിരിക്കുക, ക്ഷീണം, തൂങ്ങിയിരിക്കുക എന്നിവ.
2. അക്യൂട്ട്: "പെര്‍അക്യൂട്ടി'ലേതിനെക്കാള്‍ കുറച്ചുകുടി മിതമാകും ഭക്ഷണത്തിലും ക്ഷീണത്തിലും എങ്കിലും അകിടിലെ നീരും വേദനയും കാഠിന്യംതന്നെയാകും.
3. സബ് അക്യൂട്ട്: പനി, ഭക്ഷണം കഴിക്കാതിരിക്കുക എന്നിവ കൂടുതലായി കാണുന്നില്ല. എങ്കിലും പാലിന്റെ നിറം ചെറുതായി മാറിയതായി കാണാം.
4. സബ് ക്ലിനിക്കല്‍: അകിടിലും, പാലിലും, ശരീരത്തിലും സാരമായ മാറ്റങ്ങളൊന്നും കാണാറില്ല. (കലിഫോര്‍ണിയ മാസ്റ്റൈറ്റിസ് ടെസ്റ്റ് വഴി രോഗാണുബാധ മനസ്സിലാക്കാം)
1. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് ദിവസവും കഴുകണം.
2. തൊഴുത്തില്‍ വെള്ളം കെട്ടിനിര്‍ത്താതെ നോക്കണം.
3. കറവക്കാരനും, കറവപ്പാത്രങ്ങളും വൃത്തിയുള്ളതാകണം.
4. അകിടില്‍ മുറിവോ, ചതവോ വരാതെ നോക്കണം. വന്നാല്‍ ഉടന്‍ പ്രാഥമികചികിത്സ നല്‍കണം.
5. കറവയ്ക്കു മുമ്പും ശേഷവും മുലക്കണ്ണ് അണുനാശിനി ലായനിയില്‍ 30 സെക്കന്‍ഡെങ്കിലും മുക്കണം.
6. അകിടില്‍ കാണുന്ന രോമങ്ങള്‍ നീക്കംചെയ്യണം. അല്ലെങ്കില്‍ അണുക്കള്‍ ഇവയില്‍ പറ്റിപ്പിടിച്ച് ഗ്രന്ഥികളെ നശിപ്പിക്കാന്‍ കാരണമാകും.
7. കറവയ്ക്കുശേഷം പശുവിനെ കിടക്കാന്‍ അനുവദിക്കരുത്. ഭക്ഷണം നല്‍കി കുറച്ചുസമയമെങ്കിലും നിര്‍ത്തണം. ഇത് മുലക്കണ്ണും, ഇതിലേക്കുള്ള വഴിയും അടഞ്ഞിരിക്കാന്‍ സഹായകമാകും.
8. കറവയ്ക്കുമുമ്പ് അകിടു കഴുകിയശേഷം വൃത്തിയായ നേരി തുണികൊണ്ടു തുടച്ച് ജലാംശം മുഴുവന്‍ കളയണം (ടിഷ്യു പേപ്പറായാലും മതി).
9. അസുഖംബാധിക്കാത്ത "മുലക്കാമ്പ്' ആദ്യവും അസുഖംബാധിച്ചത് അവസാനവും കറക്കണം. രോഗാണുക്കള്‍ കലര്‍ന്ന പാല് അലക്ഷ്യമായി കറന്നുകളയരുത്. അതില്‍ അണുനാശിനി ഒഴിച്ച് ദൂരെ കളയണം.
10. കറവയന്ത്രം ഉപയോഗിക്കുന്നത് ശാസ്ത്രീയമാകണം.
കലിഫോര്‍ണിയ മാസ്റ്റൈറ്റിസ് ടെസ്റ്റ് സബ് ക്ലിനിക്കല്‍ മാസ്റ്റൈറ്റിസ്പോലും നിര്‍ണയിക്കാവുന്നതാണിത്. കര്‍ഷകര്‍ക്കുതന്നെ ചെയ്യാവുന്നതാണ്. നാല് അറകളുള്ള ഒരു പ്ലാസ്റ്റിക് പാഡിലും, ഇതിനാവശ്യമായ റീയേജന്റ്സും ഈ കിറ്റില്‍ ഉണ്ടാകും. രണ്ടു മി.ലി പാലും അത്രതന്നെ റീയേജന്റ്സും ഓരോ മുലകാമ്പില്‍നിന്നും എടുത്ത പാല്‍, പ്ലാസ്റ്റിക് പാഡിലിന്റെ ഓരോ അറയിലും ഒഴിച്ച് പതുക്കെ പാഡില്‍ ഇളക്കിക്കൊടുക്കുമ്പോള്‍ "ജെല്‍'പോലുള്ള ദ്രാവകമായി പാല് മാറുകയാണെങ്കില്‍ അകിടുവീക്കം ഉണ്ടെന്നും അല്ലെങ്കില്‍ ഇല്ലെന്നും സ്ഥിരീകരിക്കാം. ഡ്രൈ "കൗ' ട്രീറ്റ്മെന്റ് പശു ഗര്‍ഭിണിയായി ഏഴു മാസം പൂര്‍ത്തിയായാല്‍ കറവ നിര്‍ത്തുകയും പ്രസവിക്കുന്നതിനുമുമ്പ് രണ്ടുമാസം വിശ്രമം നല്‍കുകയും ആ സമയത്തും അതിനുമുമ്പും അവലംബിക്കേണ്ട പരിപാലന രീതിയാണ് ഇത്. ഇത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായകമാകും.
കറവ നിര്‍ത്തുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ കാലിത്തീറ്റ കൊടുക്കുന്നത് നിര്‍ത്തണം. (25 ലിറ്ററിനു മുകളില്‍ പാല്‍ കിട്ടുന്ന പശുവിന് ഇത് നിര്‍ബന്ധമായി പാലിക്കണം). കറവ നിര്‍ത്തിക്കഴിഞ്ഞാല്‍ സാധാരണപോലെ തീറ്റ നല്‍കാം. ആദദ്യഘട്ടത്തില്‍ കറവയുടെ തവണകള്‍ കുറച്ചും, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ദിവസങ്ങള്‍ ഇടവിട്ട് കറക്കുകയും ചെയ്ത് സാവധാനത്തില്‍ കറവ നിര്‍ത്താം. ഗര്‍ഭകാലത്ത് ജീവകം എ, ഡി, ഇ, സെലീനിയം എന്നിവ അടങ്ങിയ പോഷകാഹാരം നല്‍കണം. ഡ്രൈ "കൗ' ട്രീറ്റ്മെന്റ് ചെയ്യുന്ന രീതിഅവസാന കറവിനുശേഷം, പാല്‍ മുഴുവന്‍ കറന്നുകളഞ്ഞശേഷം, ട്യൂബില്‍ അടങ്ങിയിരിക്കുന്ന മരുന്ന് മുലക്കണ്ണില്‍ക്കൂടി സാവധാനം അകിടില്‍ നിക്ഷേപിക്കണം. നാല് അകിടിലും ഇങ്ങിനെ ചെയ്യണം. മരുന്ന് നിക്ഷേപിച്ചശേഷം, തടവി മരുന്ന് മുകളിലേക്ക് തള്ളേണ്ടതില്ല. മരുന്ന് നിക്ഷേപിക്കുന്നതിനുമുമ്പ് അകിടും, ട്രീറ്റ്മെന്റ് ചെയ്യുന്ന ആളുടെ കൈയും അണുവിമുക്തമാക്കണം. ട്രീറ്റ്മെന്റിനുശേഷവും മുലക്കണ്ണ് അണുനാശിനിയില്‍ 30 സെക്കന്‍ഡെങ്കിലും മുക്കണം. പ്രസവശേഷം എട്ടുതവണയെങ്കിലും പാല്‍ കറന്നുകളഞ്ഞശേഷം ഉപയോഗിക്കാം.
കടപ്പാട്: ഡോ. എം ഗംഗാധരന്‍ നായര്‍
അവസാനം പരിഷ്കരിച്ചത് : 6/10/2020