অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മത്സ്യക്കൃഷി: സാധ്യതകള്‍

വര്‍ത്തമാനകാല സാഹചര്യത്തില അക്വാ പോണിക്സ് എന്ന നൂതന സംയോജിത കൃഷിരീതിയും ഒഴുകുന്ന വെള്ളത്തിലെ കൂടുമത്സ്യക്കൃഷിയും മികവുറ്റ വിളവുണ്ടാക്കാന്‍ പര്യാപ്തമായ സംരംഭങ്ങളാണെന്ന് പരീക്ഷണാര്‍ഥം തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ജാഗ്രതയോടെയും നിരന്തരവുമായ പരിപാലനം അനിവാര്യമാണെന്ന് ബോധ്യമാവാത്തതിനാലോ, പടരിശീലനത്തിന്റെ അപര്യാപ്തതമൂലമോ, മറ്റു പല കാരണങ്ങളാലോ അവയൊക്കെ വ്യാപകമായതോതില്‍ പ്രയോഗിക്കാന്‍ സാധാരണ മത്സ്യകര്‍ഷകര്‍ തുനിയുന്നില്ല. കുഞ്ഞുങ്ങളെ വിട്ട് നിശ്ചിതകാലത്തെ കാത്തിരിപ്പിനുശേഷം സ്ഥിരപരിശ്രമത്താല്‍ വളര്‍ത്തുകുളങ്ങളില്‍നിന്നു പിടിക്കുന്ന നല്ല മീനുകളെ ധാരാളമായി കോരിയെടുക്കുമ്പോള്‍ കിട്ടുന്ന മികച്ച വിളവും സാമ്പത്തികനേട്ടവും ഏതൊരു മത്സ്യകര്‍ഷകന്റെയും മനസ്സില്‍ ഉന്മേഷവും ആനന്ദവും പകരും. അങ്ങിനെ, മത്സ്യക്കൃഷിയുടെ സാങ്കേതികവശങ്ങള്‍ സ്വായത്തമാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ആവേശഭരിതരായ മത്സ്യകര്‍ഷകരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്.

ഉറവിടങ്ങള്‍


കേരളം ഉല്‍പ്പാദനക്ഷമതയേറിയ ജലസമ്പത്തുകളാല്‍ സമൃദ്ധമാണ്. അരനൂറ്റാണ്ടുമുമ്പ് കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്നതും സ്വാദുറ്റ നെന്മണികളായ പുഞ്ചയും വിരിപ്പും സീസണനുസരിച്ച് വിളയിച്ചിരുന്നതുമായ കുട്ടനാടന്‍ പാടശേഖരങ്ങളും പോഷകസമ്പന്നമായ പൊക്കാളിനെല്ലും മത്സ്യ-ചെമ്മീനും യഥാക്രമം വര്‍ഷകാലത്തും വേനല്‍ക്കാലത്തും മാറിമാറി വിളയിക്കുന്ന മധ്യകേരളത്തിലെ പൊക്കാളിപ്പാടങ്ങളും പ്രകൃതികലവറയിലെ പുകള്‍പെറ്റ ഉല്‍പ്പാദനസ്രോതസ്സുകളാണ്. അതുപോലെത്തന്നെ ചൂണ്ടിക്കാട്ടാവുന്ന വേറൊന്ന് തൃശൂര്‍ ജില്ലയുടെ തീരപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന കോള്‍നിലങ്ങളാണ്. അവയും നെല്ലും നാടന്‍ മീനും സീസണനുസരിച്ച് ധാരാളമായി സംഭാവനചെയ്യുന്ന വിളനിലങ്ങളാണ്. മുന്‍കാലങ്ങളില്‍ ഇവയൊക്കെ ഭക്ഷ്യോല്‍പ്പാദനമേഖലയില്‍ മികവുറ്റ രീതിയില്‍ വിളവ് പ്രദാനംചെയ്തിരുന്നു.എന്നാല്‍, കാലാന്തരത്തില്‍ വന്നുപെട്ട ജലമലിനീകരണവും തദ്വാരാ ആവാസവ്യവസ്ഥയ്ക്ക് ഏല്‍ക്കേണ്ടിവന്ന ക്ഷതങ്ങളുംമൂലം ഉല്‍പാദനമുരടിപ്പും വിളനാശവും അഭിമുഖീകരിക്കുകയാണ്. അനന്തരഫലമായി പല പ്രദേശങ്ങളും തരിശ്ശായി കിടക്കുകയും അവിടങ്ങളൊക്കെ പൊതുവെ മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രങ്ങളായും തുടര്‍ന്ന് നികത്തിയെടുത്ത് ഉല്‍പ്പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യുന്ന പ്രവണത എവിടെയും ദൃശ്യമാണ്. പ്രസ്തുത സാഹചര്യത്തില്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍ എപ്രകാരം മത്സ്യക്കൃഷിക്ക് ഉപയോഗപ്പെടുത്തി മത്സ്യാഹാരക്ഷാമം ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാനും ആദായം കൂട്ടാനും സാധ്യമാണെന്ന് പരിശോധിച്ചറിയുന്നത് കൂടുതല്‍ പ്രസക്തമാകും.

തദ്ദേശീയ ഇനങ്ങള്‍


നമ്മുടെ ശുദ്ധജല സ്രോതസ്സുകളില്‍ സമൃദ്ധമായി വിളഞ്ഞിരുന്ന ഭക്ഷ്യയോഗ്യമായ ധാരാളം തദ്ദേശീയ മത്സ്യയിനങ്ങള്‍ ഉണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ തൂളി, പരല്‍, വരാല്‍, കറൂപ്പ്, മഞ്ഞക്കൂരി, മുഷി, കാരി, കൊറുവ, കോലാന്‍, പൂളാന്‍ എന്നിവയും കരിമീനുമാണ്. കൂടാതെ ആറ്റുകൊഞ്ച് അഥവാ കുട്ടനാടന്‍ കൊഞ്ച് എന്ന് കേള്‍വികേട്ട "ജയന്റ് ഫ്രഷ്വാട്ടര്‍ പ്രാണ്‍' എന്നതും ശുദ്ധജലമേഖലയിലെ വിശിഷ്ടമായ ഇനമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടായി ജലാശയങ്ങളെ മലീമസമാക്കുന്ന വികലമായ നികത്തിയെടുക്കല്‍ ഉള്‍പ്പെടെയുള്ള സമീപനങ്ങള്‍മൂലം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളൊക്കെ ആശ്ചര്യകരമായ തോതില്‍ കുറയുകയും പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അനുഭവമാണുള്ളത്. തൂളി, വരാല്‍, ആറ്റുകൊഞ്ച് എന്നിവയുടെ ശോഷണം അമ്പരപ്പിക്കുന്ന തോതിലാണ്. പ്രായോഗികമായ സമീപനങ്ങള്‍ അവലംബിച്ച് അവയുടെ വംശവര്‍ധനയ്ക്ക് ആക്കംകൂട്ടാന്‍ അടിയന്തര ഇടപെടലുകള്‍ കൂടിയേതീരൂ.

ഓരു മത്സ്യങ്ങള്‍


തുറമുഖ സാമീപ്യംകൊണ്ട് അനുഗൃഹീതവും വേലിയേറ്റ-വേലിയിറക്കങ്ങള്‍ വേണ്ടുംവിധം പ്രതിഫലിപ്പിക്കുന്നതുമായ പ്രദേശങ്ങളില്‍ ഓരുജല മത്സ്യ-ചെമ്മീന്‍ സാമാന്യമായി ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ കഴിയും. കാര, നാരന്‍, ചൂടന്‍, തെള്ളി എന്നീ ചെമ്മീനും സ്വാദുറ്റ തിരുത, കണമ്പ്, പൂമീന്‍, കരിമീന്‍ എന്നിവയും സീസണനുസരിച്ച് ഭേദപ്പെട്ട തോതില്‍ ലഭ്യമാവുന്നുണ്ട്. അവയുടെ കുഞ്ഞുങ്ങളെ നിയന്ത്രിതസാഹചര്യങ്ങളില്‍ നല്ലപോലെ പരിപാലിച്ച് വളര്‍ത്തിയെടുക്കാനും കഴിയും. കൂടാതെ ഭക്ഷ്യഇനങ്ങളായ പ്രാഞ്ഞില്‍, കൂരി, കോലാന്‍ എന്നിവയുടെ ചെറിയതോതിലുള്ള ഫിഷറിയും മുതല്‍ക്കൂട്ടാണ്.

മീന്‍കുഞ്ഞുങ്ങളെ വിടല്‍

തയ്യാറാക്കുകയും ഉല്‍പ്പാദനക്ഷമത ഉറപ്പാക്കുകയും ചെയ്ത കുളത്തിലേക്ക് ഹെക്ടറിന് 10,000-12,000 വരെ കാര്‍പ്പുമത്സ്യക്കുഞ്ഞുങ്ങളെ വ്യത്യസ്ത അനുപാതത്തില്‍ കടത്തിവിടാം. മീന്‍കുഞ്ഞുങ്ങള്‍ക്ക് നല്ല കരുത്തും ആരോഗ്യവും 8-10 സെ. മീ വലുപ്പവും ഉണ്ടെങ്കില്‍ ഉദ്യമം ഫലപ്രദമാകും. കുടിയേറ്റപ്പെട്ട കുഞ്ഞുങ്ങള്‍ പുതിയ ആവാസവ്യവസ്ഥയില്‍ ലഭ്യമായ ജൈവാഹാരം ആവശ്യംപോലെ ഭക്ഷിക്കുന്നതിനാല്‍ ത്വരിതമായി വളരുന്നു.

ഇടയ്ക്കിടയ്ക്ക് പരിശോധിച്ച് ജൈവാഹാരക്കുറവുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മുന്‍ സൂചിപ്പിച്ച നിരക്കില്‍ ജൈവവളം പ്രയോഗിച്ച് പ്രശ്നം പരിഹരിക്കേണ്ടതാണ്.അതിപോഷകത്വം ആപത്തിന്റെ സൂചനകാര്‍പ്പുകളുടെ സംഭരണനിരക്ക് സാധാരണയില്‍ കവിഞ്ഞതോതിലാണെങ്കില്‍ കുളത്തില്‍ ഉടലെടുക്കുന്ന ജൈവാഹാരം മതിയായെന്നുവരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സംഭരണനിരക്കിന് ആനുപാതികമായ തോതില്‍ ഊര്‍ജഗുണമുള്ള പുറംതീറ്റ ദിവസേന നല്‍കേണ്ടിവരും.

അതും ശരീരഭാരത്തിന്റെ 3-5 ശതമാനത്തില്‍ ക്രമീകരിക്കുന്നത് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായകരമാകും. അമിതമായ ജൈവ-രാസ വളപ്രയോഗത്തിലൂടെ ഉടലെടുക്കുന്ന സസ്യ-ജന്തു പ്ലവങ്ങള്‍ അനിയന്ത്രിതമായ തോതില്‍ പെരുകി "അതിപോഷകത്വം' എന്ന അവസ്ഥയിലെത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അപ്രകാരം സംഭവിച്ചാല്‍ പരിണതഫലം വിശനാശംതന്നെയാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കാനും പാടില്ല.വിളസമൃദ്ധി- നീലവിപ്ലവത്തിനു വഴികാട്ടിവേണ്ടവിധം പരിപാലനംചെയ്യുന്ന കുളങ്ങളില്‍ 8-9 മാസം കഴിയുമ്പോള്‍ ഓരോ മത്സ്യവും ശരാശരി ഒരു കി.ഗ്രാം എന്ന തോതില്‍ വളര്‍ച്ചപ്രാപിക്കും. പ്രസ്തുത സാഹചര്യത്തില്‍ ഹെക്ടറില്‍നിന്ന് 8-12 ടണ്‍ വിളവ് നിശ്ചയമായും പ്രതീക്ഷിക്കാം. ആസൂത്രിതമായി കാര്യങ്ങള്‍ പരിപാലിച്ചാല്‍ പിഴവില്ലാതെത്തന്നെ നമ്മുടെ ജലാശയങ്ങളെ ഉത്തേജിപ്പിച്ച് മത്സ്യക്കൃഷിയിലൂടെ പോഷക ഭക്ഷ്യസുരക്ഷയ്ക്ക് മാറ്റുകൂട്ടാം.

സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍ ഉല്‍ബുദ്ധരായ കര്‍ഷകര്‍ അതിന്റെ സല്‍ഫലങ്ങള്‍ ഉള്‍ക്കൊണ്ട് മത്സ്യസമൃദ്ധി പദ്ധതിയില്‍ ഭാഗഭാക്കാവുന്നത് കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മത്സ്യകര്‍ഷകര്‍ക്ക് നല്ലരീതിയില്‍ പരിശീലനവും ഗുണന്മേയുള്ള വിത്തും ഊര്‍ജഗുണമുള്ള മത്സ്യത്തീറ്റയും വേണ്ടത്ര പ്രോത്സാഹനവും കൊടുത്താല്‍ തരിശ്ശായിക്കിടക്കുന്ന പ്രദേശങ്ങള്‍ മത്സ്യവിളവിന്റെ കേദാരങ്ങളാക്കി മാറ്റാന്‍കഴിയും. തൊഴിലില്ലായ്മ നല്ലൊരളവില്‍ പരിഹരിക്കാനും പോഷകഭക്ഷ്യക്കമ്മി നികത്താനും മികച്ച രീതിയില്‍ ആദായം നേടാനും ഗ്രാമീണ സമ്പദ്ഘടന ഗണ്യമായ തോതില്‍ മെച്ചപ്പെടുത്താനും കഴിയുന്നത് കേരള ത്തില്‍ നീലവിപ്ലവത്തിന് ആക്കംകൂട്ടാന്‍ പര്യാപ്തമാകും.

കടപ്പാട്: കെ എസ് പുരുഷന്‍

കാര്‍ഷിക സര്‍വകലാശാല റിട്ടയഡ് ഫിഷറീസ് ഡീന്‍\

സുരക്ഷിത മീനിന് കൂടുമീന്‍കൃഷി

വിപണിയില്‍ കിട്ടുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് വിഷമയമാക്കിയ മീനിനുപകരം കൂടുകൃഷി ചെയ്ത് മീന്‍ വളര്‍ത്തിയാല്‍ വിഷം തീണ്ടാത്ത മീന്‍ സുഭിക്ഷമായി നമുക്കും വളര്‍ത്താമെന്ന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം കാട്ടിത്തരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മീനിലും രാസവസ്തുക്കളുടെ പ്രയോഗം ഏറിവരികയാണ്. പച്ചക്കറിയില്‍ ചെയ്യുന്നതുപോലെ വളരുമ്പോള്‍ വിഷപ്രയോഗം ഇല്ലെങ്കിലും സംഭരണ, കടത്തു കാലത്ത് കേടാവാതിരിക്കാന്‍ വേണ്ടി മീനില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ട്.

‘മീന്‍പ്രേമികളായ മലയാളികളുടെ ആരോഗ്യസുരക്ഷയ്ക്ക് ജൈവപച്ചക്കറി മാത്രം പോര, സുരക്ഷിത മീന്‍കൃഷിയും അത്യാവശ്യമാണ്. സുരക്ഷിത പച്ചക്കറിക്ക് ഗ്രോബാഗ് വിപ്ലവം തുടങ്ങിയതുപോലെ സുരക്ഷിത മീനിന് കൂടുമീന്‍കൃഷിയും വേണം’ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓര്‍ഡിനേറ്ററും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറയുന്നു.  പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതുകുളങ്ങളിലും കായലിലും പാറമടകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം കൂടുമീന്‍കൃഷി നടത്താന്‍ കഴിയും. പരിസ്ഥിതിപ്രശ്‌നം കുറച്ചെങ്കിലും പരിഹരിക്കാം; ഇഷ്ടംപോലെ നല്ല മീനും കിട്ടും.  അണക്കെട്ടിലെ ജലസംഭരണിയിലും അതാകാം. പാറമടകളിലും അണക്കെട്ടിലും മറ്റും മീന്‍വളര്‍ത്തി പിടിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി ആഴക്കൂടുതലാണ്. ആഴമേറിയ ജലാശയങ്ങളില്‍ മീന്‍കൃഷി സാധ്യമാണെങ്കിലും മീന്‍പിടിക്കല്‍ വിഷമകരമാണ്. ഇതിന് പരിഹാരമായാണ് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം പ്രചരിപ്പിക്കുന്ന കൂട് കൃഷി.

തിലാപ്പിയ, കരിമീന്‍, തിരുത, വാള തുടങ്ങി മലയാളികള്‍ക്ക് പ്രിയങ്കരമായ മീനുകള്‍ ഇത്തരത്തില്‍ കൃഷി ചെയ്യാം. പ്രത്യേകം തയ്യാറാക്കിയ തീറ്റ നല്‍കണമെന്നു മാത്രം. രണ്ടു മീറ്റര്‍ വീതം നീളവും വീതിയും ഒന്നര മീറ്റര്‍ ആഴവുമുള്ള വലക്കൂടില്‍ 300 മീനുകളെ വരെ വളര്‍ത്താം. അഞ്ചു വര്‍ഷം വരെ ഉപയോഗിക്കാവുന്ന ഇത്തരം ഒരു കൂടിന് 7500 രൂപവരെ ചെലവുണ്ടാകും.  എളുപ്പത്തില്‍,   വിപണിക്കനുസരണമായി വിളവെടുക്കാമെന്നത് കൂടുകൃഷിയുടെ സൗകര്യമാണ്. ശുദ്ധമായ മീന്‍ കിട്ടുകയും ചെയ്യും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, ഡോ. പി.എ. വികാസിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ വിജയകരമായി നടത്തിയ കൂടുകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അതിനായി മത്സ്യ കര്‍ഷക വികസന അതോറിട്ടി 201516 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കും.  ഈ പദ്ധതി വഴി, പാറമടകളിലും ഇഷ്ടികക്കളങ്ങളിലും കൂടുകൃഷി നടത്തുന്നതിനായി രണ്ടു കൂടുകള്‍ അടങ്ങിയ ഒരു യൂണിറ്റിന് 5000 രൂപ സഹായമായി ലഭിക്കും. മുതല്‍മുടക്ക് ഒരു യൂണിറ്റിന് 25000 രൂപയാണ്.

സാമ്പത്തിക സഹായത്തെക്കുറിച്ച് കൂടുതലറിയാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എറണാകുളം മത്സ്യ കര്‍ഷക വികസന അതോറിട്ടി (F.F.D.A), എറണാകുളം നോര്‍ത്ത് പി.ഒ. എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0484 2392660. മീന്‍കുഞ്ഞുങ്ങള്‍, തീറ്റ എന്നിവയെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അന്വേഷിച്ചാല്‍ അറിയാനാകും

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate