অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവ രീതികളും പച്ചക്കറി കൃഷിയും

ജൈവ രീതികളും പച്ചക്കറി കൃഷിയും

ഗോമൂത്ര കാന്താരി മുളക് മിശ്രിതം

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ.വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍,പുകയില കഷായം, പാല്‍ക്കായ മിശ്രിതം ഒക്കെ അവയില്‍ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍.

1, ഗോമൂത്രം – 1 ലിറ്റര്‍
2, കാന്താരി മുളക് – 1 കൈപ്പിടി
3, ബാര്‍ സോപ്പ് – 50 ഗ്രാം

കാ‍ന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത്‌ 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.

ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

കീടങ്ങള്‍

ലക്ഷണം

പ്രതിവിധി

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ – മുഞ്ഞ , വണ്ടുകള്‍ , വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , ഇലപ്പേന്‍

ഇലകള്‍ വാടുന്നു , ഈ കീടങ്ങള്‍ ചെടിയുടെ ഇല, തണ്ട് , പൂവ് , കായ്‌ തുടങ്ങിയവയില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞു വളര്‍ച്ച മുരടിക്കുന്നു.

0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

മണ്ടരി

ഇളം ഇലകളുടെ ഉപരിതലത്തില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ വിളറി നില്‍ക്കും

0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

ഇലചുരുട്ടി പുഴുക്കള്‍ , കായ് /തണ്ടു തുരപ്പന്‍ പുഴുക്കള്‍

പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ് , തണ്ട് ഇവ തുരക്കുന്നതായും കാണുന്നു.

പുഴുക്കളെയും ലാര്‍വകളെയും എടുത്തു നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , ഗോമൂത്രം കാന്താരി മുളക് ലായനി , 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

കായീച്ച

കയീച്ചകള്‍ കായ്ക്കുള്ളില്‍ മുട്ടയിടുന്നു. പുഴുക്കള്‍ കായ്കള്‍ തിന്നു നശിപ്പിക്കുന്നു.

കേടു വന്ന കായ്കള്‍ പറിച്ചെടുത്തു നശിപ്പിക്കുക. ആണീച്ചകളെ നശിപ്പിക്കാനായി ഫിറമോണ്‍ കെണിയും പെണ്ണീച്ചകളെ നശിപ്പിക്കാന്‍ പഴ/കഞ്ഞിവെള്ള/മീന്‍ / തുളസി/ശര്‍ക്കര കെണി , ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.

ചീയല്‍ രോഗം

ചെടികളില്‍ വേരില്‍ നിന്നും തൊട്ടു മുകളിലായി കാണുന്ന ഭാഗം ചീഞ്ഞു മറിഞ്ഞു വീഴുന്നു.

വിത്തിടുന്നതിനു മുന്‍പ് ട്രൈക്കൊര്‍ഡമ ജൈവ വള മിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

ചീരയിലെ ഇലപ്പുള്ളി രോഗം

ഇലകളില്‍ വെളുത്ത നിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു.

മഞ്ഞള്‍പൊടി മിശ്രിതം തളിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

ഇലപ്പുള്ളി രോഗം , മൃദു രോമ പൂപ്പല്‍ രോഗം

ബ്രൌണ്‍ നിറത്തിലോ , മഞ്ഞ നിറത്തിലോ പാടുകള്‍ ഇലകളുടെയും കായുകളുടെയും പുറത്ത് കാണുന്നു.

പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

ചൂര്‍ണ്ണ പൂപ്പല്‍ രോഗം

വെള്ള നിറത്തിലുള്ള പൂപ്പല്‍ ഇലകളുടെ പ്രതലത്തില്‍ കാണുന്നു.

പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

വാട്ടം

ചെടികള്‍ മൊത്തമായും മഞ്ഞ നിറം ബാധിച്ചു ഉണങ്ങി നശിക്കുന്നു.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ചാണകപ്പാല്‍ ലായനി തളിച്ച് കൊടുക്കുക.

മൊസൈക് രോഗം

മഞ്ഞ നിറത്തിലുള്ള പാടുകള്‍ ചെടികളില്‍ കാണുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.മുരടിച്ചചെടികള്‍തീര്‍ത്തുംനശിപ്പിക്കുക. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ 1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ളവേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

ജൈവ കീടനാശിനികളുടെ ഉപയോഗം വിവിധ വിളകളില്‍

ജൈവ കീടനാശിനി

വിളകള്‍

കീടങ്ങള്‍

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

തെങ്ങ്

മണ്ടരി

പാവല്‍

പച്ചത്തുള്ളന്‍ , വെള്ളീച്ച , മുഞ്ഞ

പടവലം

കൂനന്‍ പുഴു , വെള്ളീച്ച , മുഞ്ഞ, പച്ചത്തുള്ളന്‍

വെള്ളരി

വെള്ളീച്ച , മുഞ്ഞ

പയര്‍

മുഞ്ഞ ,ചിത്രകീടം

വെണ്ട

പച്ചത്തുള്ളന്‍

വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍

പാവല്‍

പച്ചത്തുള്ളന്‍ , വെള്ളീച്ച , മുഞ്ഞ,മണ്ടരി ,എപ്പിലാക്ന വണ്ട്‌

വേപ്പെണ്ണ എമല്‍ഷന്‍

പാവല്‍

പച്ചത്തുള്ളന്‍ , ചിത്രകീടം , വെള്ളീച്ച , മുഞ്ഞ

പടവലം

പച്ചത്തുള്ളന്‍ , ചിത്രകീടം , വെള്ളീച്ച , മുഞ്ഞ

പയര്‍

പയര്‍പേന്‍ , ചിത്രകീടം

വേപ്പിന്‍ കുരു സത്ത്

പാവല്‍

പൂവും കായും തുരക്കുന്ന പുഴുക്കള്‍

വെണ്ട

തണ്ടും കായും തുരക്കുന്ന പുഴുക്കള്‍

വഴുതന

തണ്ടും കായും തുരക്കുന്ന പുഴുക്കള്‍ ,ആമ വണ്ട്‌

പുകയില കഷായം

പയര്‍

പയര്‍പേന്‍ , മുഞ്ഞ

മുളക്

മീലിമുട്ട

വെണ്ട

ഇലപ്പേന്‍

നാറ്റപൂച്ചെടി മിശ്രിതം
കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം

പയര്‍

പയര്‍പേന്‍ , മുഞ്ഞ

മുളക്

ഇലപ്പേന്‍ , വെള്ളീച്ച , മുഞ്ഞ,മണ്ടരി

വഴുതന

എപ്പിലാക്ന വണ്ട്‌

ചീര

ഇലതീനി പുഴുക്കള്‍

ഗോമൂത്ര കാന്താരി മുളക്

പാവല്‍

പടവലപ്പുഴു , വരയന്‍ പുഴു

പടവലം

പടവലപ്പുഴു , വരയന്‍ പുഴു

തക്കാളി

ഇലപ്പുഴു

ചീര

കൂടുകെട്ടി പുഴു

പയര്‍

പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു

വാഴ

ഇലതീനി പുഴുക്കള്‍

പാല്‍ക്കായ മിശ്രിതം

നെല്ല്

ചാഴി

പയര്‍

കായീച്ച

വേപ്പെണ്ണ

വേപ്പെണ്ണ ഒരു ജൈവ കീടനാശിനി ആണ്, ജൈവ രീതിയിയിലുള്ള കൃഷികളില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് വേപ്പെണ്ണ. ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന്‍ കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്. വേപ്പെണ്ണ എമള്‍ഷന്‍ ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്ന രീതിക്ക് ഇവിടെ പരിശോധിക്കുക .

വേപ്പെണ്ണ എവിടെ ലഭിക്കും അടുത്തുള്ള അങ്ങാടി/പച്ചമരുന്നു വില്‍പ്പന ശാലകളില്‍ വേപ്പെണ്ണ യധേഷ്ട്ടം ലഭിക്കും.

വേപ്പെണ്ണ വില വിവരം വേപ്പെണ്ണ 100 മില്ലി ഏകദേശം 18-20 രൂപ ആകും

വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്ന വിധം

 

ഇതിനു വേണ്ട സാധനങ്ങള്‍ വേപ്പെണ്ണ , ബാര്‍ സോപ്പ് ഇവയാണ്. ബാര്‍ സോപ്പ് വങ്ങുമ്പോള്‍ ശ്രദ്ധിക്കുക , ഡിറ്റെര്‍ജെന്റ് സോപ്പ് വാങ്ങരുത് , 501 പോലെയുള്ള സോപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍ സോപ്പ് ആണ് വേണ്ടത്. ബാര്‍ സോപ്പ് അര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ലയിപ്പിക്കുക, സോപ്പ് ലയിപ്പിചെടുക്കാന്‍ ബുദ്ധിമുട്ടാണ്, സോപ്പ് ചെറുതായി ചീകി വെള്ളത്തില്‍ ലയിപ്പിക്കുക. അല്ലെങ്കില്‍ ഒഴിഞ്ഞ മിനല്‍ വാട്ടര്‍ /കോള ബോട്ടില്‍ എടുക്കുക, അതിലേക്കു വെള്ളം ഒഴിച്ച് ബാര്‍ സോപ്പ് ഇട്ടു അടപ്പ് കൊണ്ട് അടച്ചു നന്നായി കുലുക്കുക, പല പ്രാവശ്യം ആവര്‍ത്തിക്കുക, ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ സോപ്പ് നമുക്ക് ലയിപ്പിചെടുക്കാം. ഇങ്ങിനെ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഈ ലായനി 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്. ഉണ്ടാക്കി അധിക ദിവസം വെക്കരുത്, അത് കൊണ്ട് ചെറിയ അളവില്‍ ഉണ്ടാക്കുക്ക. ഇവിടെ ബാര്‍ സോപ്പിന്‍റെ ധര്‍മം വേപ്പെണ്ണയെ ചെടികളില്‍ പറ്റിപിടിപ്പിക്കുക എന്നതാണ്, നല്ല വെയില്‍ ഉള്ള സമയം വേണം ഇത് തളിക്കുവാന്‍ .

ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ വളരെ ഫലപ്രദം ആണ് ഈ വേപ്പെണ്ണ എമള്‍ഷന്‍ .

പുകയില കഷായം

 

ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി ആണ് പുകയില കഷായം, ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. മാരക കീടനാശിനികള്‍ ഒഴിവാക്കി ഇത്തരം ജൈവ കീടനാശിനികള്‍ ഉപയോഗിക്കുക.

പുകയില കഷായം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍

1, പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത്‌ മതി
2, ബാര്‍ സോപ്പ് – 120 ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത്
3, വെള്ളം – 4 1/2 ലിറ്റര്‍ (നാലര ലിറ്റര്‍ )

പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക. സോപ്പ് ലയിപ്പിക്കാനുള്ള എളുപ്പ വഴി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കി അധിക ദിവസം വെക്കരുത് , ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍ ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക , കഷായം ചെടികളില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

വേണ്ട സാധനങ്ങള്‍

1, വേപ്പെണ്ണ – 20 മില്ലി
2, വെളുത്തുള്ളി – 20 ഗ്രാം
3, ബാര്‍ സോപ്പ് – 6 ഗ്രാം (ഡിറ്റര്‍ജെന്റ് അല്ല, സണ്‍ലൈറ്റ് പോലത്തെ സോപ്പ്)
4, വെള്ളം – 1 ലിറ്റര്‍

ഉണ്ടാക്കുന്ന വിധം – അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .

ജൈവ വളങ്ങൾ

വെര്‍മി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം

മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ മണ്ണിരയാണ് സാദാരണയായി ഇതിനു ഉപയോഗിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും മറ്റും ലഭിക്കും. ഏതാണ്ട് അമ്പതു പൈസയാണ് ഒരു മണ്ണിരയുടെ വില. മറ്റു കമ്പോസ്റ്റിംഗ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്ടിനുള്ള മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നതാണ്.

ഏകദേശം 45 സെ.മി നീളം, 30 സെ.മി വീതി, 45 സെ.മി പൊക്കമുള്ള വീഞ്ഞപെട്ടിയോ, പ്ലാസ്റ്റിക്‌ പാത്രമോ, അടിവിസ്താരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകാനായി രണ്ടു ദ്വാരങ്ങള്‍ ഇടണം. വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാന്‍ അടിയില്‍ 5 സെ. മി കനത്തില്‍ പല്സ്റിക് ഷീറ്റ് വിരിക്കാവുന്നതാണ്. 5 സെ. മി കനത്തില്‍ മണല്‍ നിരത്തി ശേഷം 3 സെ. മി കനത്തില്‍ ചകിരി ഇടുക. തുടര്‍ന്ന് മൂന്നിഞ്ച് കനത്തില്‍ 200 ഗ്രാം/500 എണ്ണം മണ്ണിരയോടു കൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും അടുക്കള മാലിന്യം നിക്ഷേപിക്കുക, എല്ലായിടത്തും നിരത്തി 8 ഇഞ്ച് കാണാം ആക്കുക. (പ്ലാസ്റ്റിക്‌ , നാരങ്ങ , പുളി , എരിവുള്ളവ , എണ്ണ തുടങ്ങിയ ഒഴിവാക്കണം). മണ്ണിരയെ നിക്ഷേപിച്ചു ഏതാണ്ട് 20-25 ദിവസം കഴിഞ്ഞു മാത്രം അവശിഷ്ട്ടങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുക. അത് കഴിഞ്ഞാല്‍ പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ചു അനക്കാതെ മാറ്റി വെച്ച ശേഷം ദിവസവും വെള്ളം തളിച്ച് കൊടുക്കുക.

അടുക്കള അവശിഷ്ട്ടങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങള്‍ , പാതി അഴുകിയ ഇലകള്‍ ഇവ ഇടുന്നത് വിരകള്‍ക്കാവശ്യമായ വായു സഞ്ചാരം കൂട്ടാന്‍ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണങ്ങളില്‍ നിന്നും മണ്ണിരയെ രെക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കില്‍ പെട്ടി കല്ലുകള്‍ക്ക് മുകളില്‍ വെച്ചു കല്ലുകള്‍ക്ക് ചുറ്റും ഉപ്പു/മഞ്ഞള്‍ പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ആണിത്.

പെട്ടി വെയിലത്ത്‌ വെച്ചാല്‍ മണ്ണിരകള്‍ താനെ അടിയിലേക്ക് പോകും, അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് നീക്കി പെട്ടി വീണ്ടും കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. രണ്ടു യുണിട്ടുകള്‍ ഉണ്ടെങ്കില്‍ കമ്പോസ്റ്റ് നിര്‍മാണം കൂടുതല്‍ എളുപ്പമാകും. ഒന്ന് നിറയുമ്പോള്‍ അടുത്തതില്‍ അവശിഷ്ട്ടങ്ങള്‍ ഇട്ടു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ജൈവ അവശിഷ്ട്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നത് നല്ലതാണ്. മണ്ണിര കമ്പോസ്റ്റില്‍ കൂടി വെള്ളം സാവദാനത്തില്‍ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം ആണ് വെര്‍മി വാഷ്. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വെര്‍മി വാഷ്‌ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

കടപ്പാട് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ പുറത്തിറക്കിയ സുരക്ഷിത പച്ചക്കറിക്ക് ഒരു മാര്‍ഗ രേഖ എന്ന ലഖു ലേഖ.

സ്യുഡോമോണസ് – ജൈവ കൃഷി രീതിയില്‍

എവിടെ ലഭിക്കും ? – കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ലഭ്യമാണ്. ജൈവ കൃഷിക്കാവശ്യമായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം ലഭിക്കുന്ന വിവരം ഇവിടെ നേരത്തെ കൊടുത്തിട്ടുണ്ട്‌.കൃഷിപാഠം വെബ്സൈറ്റ് തുടങ്ങിയ സമയം മുതല്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുള്ളതാണ് സ്യുഡോമോണസ്. പലരും ഇതേ പറ്റി എഴുതണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യമായി എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.

സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം.

ഉപയോഗം വിത്ത് പാകുമ്പോള്‍ ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.

രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രെക്ഷിക്കാം.

തൈകള്‍ പറിച്ചു നടുമ്പോള്‍ ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും സ്യുഡോമോണസ് ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം.

നിങ്ങള്‍ ജൈവ കൃഷി രീതിയില്‍ താല്‍പരര്‍ ആണെങ്കില്‍ ഒരു തവണ സ്യുഡോമോണസ് ഉപയോഗിച്ച് നോക്കുക, അര കിലോ പാക്കെറ്റ് വാങ്ങിയാല്‍ ഒരു തവണത്തെ അടുക്കള തോട്ടത്തിലെ വിളകള്‍ക്ക് ഉപയോഗിക്കാം. ജൈവ കൃഷിയില്‍ ആക്രമണത്തിനെക്കാള്‍ പ്രതിരോധം ആണ് നല്ലത്.

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം

അടുക്കളത്തോട്ടത്തിലേക്ക് മറ്റൊരു ജൈവവളം:ഒരുകിലോ കടലപ്പിണ്ണാക്ക്,ഒരുകിലോ പച്ചചാണകം,ഒരു ലിററര്‍ ഗോമൂത്രം,ഒരുലിററര്‍ കഞ്ഞിവെളളം ഇവ എടുത്ത് വെളളത്തില്‍ കലക്കുക.(കലക്കി കഴിയുമ്പോള്‍ മിശ്രിതം കുഴമ്പ് പരുവത്തിലാകാന്‍ മാത്രം വെളളം ചേര്‍ത്താല്‍ മതി) ഒന്നോ,രണ്ടോ നന്നായി പഴുത്ത പാളയംതോടന്‍ പഴം തൊലിയുള്‍പ്പടെ ഞെരടിച്ചേര്‍ത്ത് 7 ദിവസം പുളിക്കാന്‍ വെക്കണം.ദിവസവും 2 നേരം നന്നായി ഇളക്കികൊടുക്കണം.മിശ്രിതം കട്ടയായി ഇരിക്കുന്നുവെങ്കില്‍ ഓരോ ദിവസവും വെളളം ചേര്‍ത്ത് അയച്ച് കുഴമ്പ് പരുവത്തിലാക്കണം.ഇത് പത്തിരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ചേര്‍ത്താല്‍ വളര്‍ച്ചയും ആരോഗ്യവും കൂടും.പൂവിടാന്‍ പ്രായമായ ചെടികള്‍ക്ക് പുളിപ്പിക്കാന്‍ വെക്കുന്ന ചേരുവകള്‍ക്കൊപ്പം ഒരോ പിടി ചാരവും എല്ലുപൊടിയും ചേര്‍ക്കാം.ഇത് കൂടുതല്‍ പൂവും കായും ഉണ്ടാകാന്‍ സഹായിക്കും.

പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം

പച്ച ചാണകം ഉപോഗിച്ചു അടുക്കള തോട്ടത്തിലേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ജൈവ വളം.

വേണ്ട സാധനങ്ങള്‍

1, മുളപ്പിച്ച വന്‍പയര്‍ അരച്ചത് – കാല്‍ കിലോ (1/4 കിലോ)
2, നന്നായി പഴുത്ത ഏതെങ്കിലും പഴം (കേടായതും ഉപയോഗിക്കാം) – കാല്‍ കിലോ (1/4 കിലോ)
3, പച്ച ചാണകം – 1 കിലോ (പുതിയ ചാണകം ഉപയോഗിക്കണം)
4, ഗോമൂത്രം – 1 ലിറ്റര്‍
5, രാസവളം ചേരാത്ത മണ്ണ് – ഒരു പിടി

ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.മൂന്ന് ദിവസം വെച്ചതിനു ശേഷം ഒരുലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് അടുക്കളത്തോട്ടത്തിലെ പച്ചക്കറികൃഷിക്ക് ചേര്‍ത്തു കൊടുക്കാം

ചാരം പച്ചക്കറികളില്‍ പ്രയോഗിക്കാമോ ?

ചാരം പച്ചക്കറികളില്‍ പ്രയോഗിക്കാമോ ?. അടുത്തിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിച്ചതാണിത്. വിറകടുപ്പിലെ ചാരം രാസവളത്തിനെക്കാള്‍ രൂക്ഷമാണ്. അത് കൊണ്ട് ചാരം വളമായി ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഉചിതം. ജൈവ രീതിയില്‍ പൊട്ടാഷ് ലഭ്യമാക്കാന്‍ മറ്റൊരു വഴിയുണ്ട്. ഉണങ്ങിയ കരിയിലകള്‍ കൂട്ടിയിട്ടു കത്തിക്കുക. പൂര്‍ണ്ണമായി കത്തി ചാരം ആകുന്നതിനു മുന്‍പ് (കറുത്ത കളര്‍ ആകുമ്പോള്‍ ) വെള്ളം ഒഴിച്ച് കെടുത്തുക. തണുത്ത ശേഷം പൊടിച്ചു പച്ചക്കറികള്‍ക്ക് ഇട്ടു കൊടുക്കാം.

അടുപ്പിലെ ചാരം തെങ്ങ് പോലെ വലിയ വിളകള്‍ക്ക് നല്‍കാം. പയറിലെ മുഞ്ഞയെ അകറ്റാന്‍ ചാരം ഉപയോഗിക്കാം, ചെറിയ തോതില്‍ ചെടിയില്‍ വിതറി കൊടുത്താല്‍ മതി.

ജൈവ കൃഷിക്കാവശ്യായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം

ജൈവ കൃഷിയില്‍ തല്‍പരരായ ഒരുപാടു ആളുകള്‍ സ്യുടോമോണസ്, ട്രൈക്കോഡെര്‍മ ഇവയെ പറ്റി അന്വേഷിക്കാറുണ്ട്. ഇവ എവിടെ ലഭിക്കും. എന്താണ് വില, എങ്ങിനെ വാങ്ങാം എന്നൊക്കെ. ജൈവ കൃഷിക്കാവശ്യമായ മിത്ര സൂക്ഷ്മാണു ഉല്‍പന്നങ്ങള്‍ ഇനി നേരിട്ട് തപാല്‍ മാര്‍ഗം നിങ്ങള്‍ക്ക് വാങ്ങാം. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ആണ് ഇവ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. കൊറിയര്‍ വഴി ആണ് ഇവ അയച്ചു തരിക. ആവശ്യമുള്ളവര്‍ ഉത്പന്ന വിലയും പാക്കിംഗ് പാഴ്സല്‍ ചാര്‍ജും ചേര്‍ത്ത് ” Principal Investigator, Biotech Keralam Project “, എന്ന പേരില്‍ ” SBT, Vellayani ” ശാഖയില്‍ മാറാവുന്ന ” DD ” അയച്ചു കൊടുക്കണം. DD ലഭിച്ചു ഒരാഴ്ച്ചയ്ക്കകം തപാല്‍ വഴി ഉത്പന്നം എത്തിക്കും.

ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ആദ്യം വിളിക്കുക, പാക്കിംഗ് പാഴ്സല്‍ ചാര്‍ജ് വിവരങ്ങള്‍ ഒക്കെ തിരക്കി വേണ്ട തുക എത്രയെന്നു മനസ്സിലാക്കാം. വിളിക്കേണ്ട നമ്പര്‍ – 8289945595 (വിളിക്കേണ്ട സമയം രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ, പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രം).

DD അയക്കേണ്ട വിലാസം

പ്രോഫെസ്സര്‍ ആന്‍ഡ്‌ ഹെഡ്,
മൈക്രോ ബയോളജി വിഭാഗം,
കാര്‍ഷിക കോളേജ് ,
വെള്ളായണി , തിരുവനന്തപുരം , പിന്‍ 695522

ലഭ്യമായ ഉത്‌പന്നങ്ങളും അവയുടെ വിലയും

പേര്

വില

സ്യുടോമോണസ്

60.00 കിലോ ഗ്രാം

ട്രൈക്കോഡെര്‍മ

70.00 കിലോ ഗ്രാം

പി. ജി. പി. ആര്‍ മിക്സ്‌ I

70.00 കിലോ ഗ്രാം

പി. ജി. പി. ആര്‍ മിക്സ്‌ II

70.00 കിലോ ഗ്രാം

അസോസ്പെറില്ലം

50.00 കിലോ ഗ്രാം

അസറ്റോബാക്ട്ടര്‍

50.00 കിലോ ഗ്രാം

ഫോസ്ഫറസ് സോലുബിലൈസര്‍

50.00 കിലോ ഗ്രാം

റൈസോബിയം

50.00 കിലോ ഗ്രാം

മൈക്കോറൈസ

60.00 കിലോ ഗ്രാം

ബിവേറിയ

50.00 കിലോ ഗ്രാം

കംബോസ്റിംഗ് ഇനോക്കുലം

80.00 കിലോ ഗ്രാം

സി-പോം – 100 % പ്രകൃതിദത്തമായ ജൈവവളം (കയര്‍ ബോര്‍ഡില്‍ നിന്നും)

കയര്‍ വ്യവസായ മേഖലയില്‍ ഉപോല്പനന്മായി പുറം തള്ളുന്ന ചകിരിച്ചോര്‍ ഉപോഗിച്ചാണ് സി-പോം തയ്യാര്‍ ചെയുന്നത്. ചകിരിച്ചോര്‍ വിഘടിക്കാതെ മണ്ണില്‍ കുമിഞ്ഞു കൂടി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ലിഗ്നിന്‍ എന്ന സങ്കീര്‍ണ്ണ പദാര്‍ഥത്തിന്‍റെ സാനിധ്യം ആണ് ഇതിനു കാരണം. പിത്ത് പ്ലസ്‌ എന്നൊരു സൂഷ്മാണു മിശ്രിതത്തെ കയര്‍ ബോര്‍ഡ്‌ വികസിപ്പിച്ചെടുതിട്ടുണ്ട്. ഇവയെ ഉപയോഗിച്ച് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ എല്ലാ വിധ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളം ആക്കുന്നു.

സി-പോം ന്‍റെ സവിശേഷതകള്‍

സസ്യ വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മാദ്ധ്യമമായി നിലകൊള്ളുന്നു. മണ്ണില്‍ വായു സഞ്ചാരം വര്‍ദ്ധിപ്പിച്ചു സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളായ നൈട്രജന്‍ , ഫോസ്ഫറസ് , പൊട്ടാസ്യം (എന്‍ പി കെ) ഗണ്യമായ രീതിയില്‍ പ്രധാനം ചെയുന്നതോടൊപ്പം സൂഷ്മ മൂലകങ്ങളായ Ca, Mg, Fe, Mn, Zn എന്നിവയുടെ സാനിധ്യവും സി-പോം ന്‍റെ സവിശേഷതയാണ്. ജല സംഭരണ ശേഷി ഉള്ളതിനാല്‍ വരണ്ട കാലാവസ്ഥയിലും ഈര്‍പ്പം നിലനിര്‍ത്തി വിളകളെ സംരക്ഷിക്കുന്നു. വിത്തുകളുടെയും കായകളുടെയും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. സസ്യഹോര്‍മോണുകളുടെയും രാസാഗ്നികളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിച്ചു ചെടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.

സി-പോം രണ്ടു കിലോ (14 രൂപ),പത്തു കിലോ (67 രൂപ), ഇരുപത്തിയഞ്ച് കിലോ (140 രൂപ) , നാല്‍പതു കിലോ (വില ലഭ്യമല്ല) പാക്കുകളില്‍ ലഭ്യം ആണ്.

സി-പോം എവിടെ ലഭിക്കും ? – ആലപ്പുഴ ജില്ലയിലെ കലവൂരുള്ള ഹിന്ദുസ്ഥാന്‍ കയര്‍ വിപണന കേന്ദ്രത്തില്‍ ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് വീവിംഗ് മാസ്റ്റര്‍ , ഹിന്ദുസ്ഥാന്‍ കയര്‍ ബോര്‍ഡ്‌ , കലവൂര്‍ പി. ഓ ,ആലപ്പുഴ 688522, ഫോണ്‍ 04772258339, 9846002920 ഇമെയില്‍ വിലാസം – hindcoir@gmail.om

സി-പോം ഉപയോഗക്രമം

തെങ്ങ്

12 കി. ഗ്രാം

റബ്ബര്‍

2 കി. ഗ്രാം

വാഴ

5 കി. ഗ്രാം

നെല്ല്

150 കി. ഗ്രാം/ഏക്കര്‍

കുരുമുളക്

5 കി. ഗ്രാം

കപ്പ

2 കി. ഗ്രാം

കമുക്

5 കി. ഗ്രാം

വെറ്റില

2 കി. ഗ്രാം

ഏലം

5 കി. ഗ്രാം/കൂട്ടം

കൊക്കോ

2 കി. ഗ്രാം

കാപ്പി

5 കി. ഗ്രാം/ചെടി

വാനില

1 കി. ഗ്രാം

തേയില

0.5 കി. ഗ്രാം/ചെടി

ജാതി

5 കി. ഗ്രാം

തക്കാളി

0.3 കി. ഗ്രാം

കാബേജ്

0.3 കി. ഗ്രാം

പയര്‍

0.3 കി. ഗ്രാം

കാരറ്റ്

0.1 കി. ഗ്രാം

പടവലം

0.5 കി. ഗ്രാം

ബീട്രൂറ്റ്

0.1 കി. ഗ്രാം

ചേന

0.5 കി. ഗ്രാം

മുളക്

0.3 കി. ഗ്രാം

ചേമ്പ്

0.5 കി. ഗ്രാം

വെണ്ടയ്ക്ക

0.3 കി. ഗ്രാം

മഞ്ഞള്‍

0.1 കി. ഗ്രാം

വഴുതന

0.3 കി. ഗ്രാം

ഇഞ്ചി

0.1 കി. ഗ്രാം

വെള്ളരി

25 ടണ്‍ / ഹെക്റ്റര്‍

മാവ്

6 കി. ഗ്രാം/മരം

മുന്തിരി

1 കി. ഗ്രാം/ചെടി

പൈനാപ്പിള്‍

1 കി. ഗ്രാം/ചെടി

സപ്പോട്ട

3 കി. ഗ്രാം/ചെടി

റോസ്

0.75 കി. ഗ്രാം/ചെടി

സൂര്യകാന്തി

500 ഗ്രാം/ചെടി

ആന്തൂറിയം

500 ഗ്രാം/ചെടി

ചെത്തി

300 ഗ്രാം/ചെടി

ഓര്‍ക്കിഡ്

250 ഗ്രാം/ചെടി

ജമന്തി

300 ഗ്രാം/ചെടി

സീനിയ

250 ഗ്രാം/ചെടി

തുളസി

300 ഗ്രാം/ചെടി

മുല്ല

300 ഗ്രാം/ചെടി

 

ജൈവവളം വേര്‍സസ്‌ രാസവളം

 

ജൈവ വളവും രാസവളവും. എന്തൊക്കെയാണ് മേന്മകള്‍ , എന്തൊക്കെയാണ് പോരായ്മകള്‍ , ഒന്ന് പരിശോധിക്കാം. ആദ്യമേ തന്നെ പറയട്ടെ , ഒരു വന്‍കിട കര്‍ഷകന്റെ കാഴ്ചപ്പാടുകള്‍ ആല്ല ഇത്. വീട്ടാവശ്യത്തിന് കൃഷി ചെയ്യുന്ന ഒരു ചെറിയ കര്‍ഷകന്റെ കാഴ്ചപ്പാട്‌ ആണ്. തെറ്റുകള്‍ ചൂണ്ടി കാണിക്കുക.

ജൈവ വളം

രാസവളം വില കുറവാണ്, ചെടികള്‍ പെട്ടന്ന് വലിച്ചെടുക്കും . ഈ രണ്ടു മേന്മകള്‍ ആണ് അവയ്ക്കുള്ളത്. പക്ഷെ അവ ചെടിയുടെ ആയുസ് കുറയ്ക്കും. മണ്ണിനെ നശിപ്പിക്കും. ജൈവ വളങ്ങള്‍ താരതമ്യേന വില കൂടുതല്‍ ആണ്, ചെടി അവ വലിച്ചെടുക്കാന്‍ കുറച്ചു സമയം എടുക്കും. പക്ഷെ ജൈവ വളങ്ങള്‍ മണ്ണിനെ ദോഷം വരുത്തുന്നില്ല, വിളകള്‍ക്ക് രുചി കൂടും. ഒരു ഉദാഹരണം പറയാം. നമുക്ക് ഒരു പത്തു മൂട് പയര്‍ ഉണ്ടെന്നു വിചാരിക്കുക, രാസവളം ഉപയോഗിക്കുന്നു. ഒരു കിലോ ഫാക്ടംഫോസ് മതിയാകും അതിനു. വില ഇരുപതു രൂപയില്‍ നില്‍ക്കും. ജൈവ വളം ഉപയോഗിച്ച് ചെയ്താല്‍ , ഒരു കിലോ കടല പിണ്ണാക്ക് വില നാല്‍പതു രൂപ വരും. (പയറിനു കടല പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്) , കൂടെ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ആകുമ്പോള്‍ വില വീണ്ടും കൂടും. പക്ഷെ ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്. രാസവളം ഇട്ട പയര്‍ ഏകദേശം രണ്ടു -മൂന്നു മാസം കൊണ്ട് ആയുസ്സ് നശിക്കും. ജൈവ വളം ആണെങ്കില്‍ ഒരു അഞ്ചു മാസം വരെ വിളവു കിട്ടും. (അനുഭവത്തിന്റെ വെളിച്ചതില്‍ ആണ് ഇത് പറയുന്നത്). രണ്ടു മാസം കൂടുതല്‍ ലഭിക്കുന്ന പയറിന്റെ മൂല്യം നമ്മള്‍ കൂടുതല്‍ മുടക്കിയ തുകയുടെ എത്രയോ ഇരട്ടി ആകും.

വില്‍പ്പനയ്ക്ക് വേണ്ടി കൃഷി ചെയ്യുന്ന ഒരു കര്‍ഷകന് ജൈവ വളം ഒരു പക്ഷെ ഉപയോഗിക്കാന്‍ ആവില്ല, പക്ഷെ നമ്മുടെ അടുക്കള തോട്ടങ്ങളില്‍ നമുക്ക് ജൈവ വളം ഉപയോഗിക്കാം.

കുറിപ്പ് – കടല പിണ്ണാക്ക് എന്നത് ഒരു തുലനതിനു വേണ്ടി എടുത്തതാണ് , ചാണകപ്പൊടി മാത്രം ഉപയോഗിച്ചും നല്ല രീതിയില്‍ കൃഷി ചെയ്യാം

വേപ്പിന്‍ പിണ്ണാക്ക്

വേപ്പിന്‍ പിണ്ണാക്ക് എന്നത് ഒരു ഉത്തമ ജൈവ വളം ആണ്, വേപ്പിന്‍ പിണ്ണാക്ക് ചെടികളെ കീടങ്ങളില്‍ നിന്നും രെക്ഷിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപെടുത്തുകയും ചെയ്യുന്നു. ചെടികള്‍ നടുമ്പോള്‍ അടിവളമായി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം. വേപ്പിന്റെ വിത്തിൽ നിന്നും ആണ് വേപ്പിൻ പിണ്ണാക്ക് ഉണ്ടാക്കി എടുക്കുന്നത്.

വേപ്പിന്‍ പിണ്ണാക്ക് എവിടെ ലഭിക്കും സാദാരണ വളങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്, അടുത്തുള്ള കര്‍ഷക സോസൈറ്റികളില്‍ തിരക്കുക, അവിടെയും ലഭിക്കും.

വേപ്പിന്‍ പിണ്ണാക്കിന്റെ വില ചില്ലറ വില ഒരു കിലോയ്ക്ക് ഏകദേശം ഇരുപതു മുതല്‍ ഇരുപത്തി അഞ്ചു രൂപ വരെ ആകും.

ഫിഷ്‌ അമിനോ ആസിഡ്

ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.

മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

style="text-align: justify; ">തേയിലച്ചണ്ടി കൊണ്ട് ജൈവ വളം

ദിവസവും നാം ചായ ഉണ്ടാക്കാറുണ്ട്, ഉണ്ടാക്കിയ ശേഷം വെറുതെ കളയുന്ന തേയിലച്ചണ്ടി ഒരു ജൈവ വളമാക്കി അടുക്കളത്തോട്ടത്തില്‍ ഉപയോഗിച്ചാലോ ?. ദിവസവും വരുന്ന തേയിലച്ചണ്ടി ശേഖരിച്ചു വെക്കുക അല്ലെങ്കില്‍ അടുത്തുള്ള ചായക്കടയില്‍ ഒരു പാത്രം വച്ചു കൊടുത്ത് ശേഖരിക്കുക. ഇതും മുട്ടയുടെ തോട് പൊടിച്ചതും , കുറച്ചു ചാരവും ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം . ഒരടി അകലത്തില്‍ ഇട്ടു കൊടുക്കുന്നതാണ് ഉത്തമം. ഈ ജൈവ വളം ചെടികളുടെ വളര്‍ച്ചയും ആരോഗ്യവും കൂട്ടും,മാത്രമല്ല മണ്ണിനും നല്ലതാണ് ഈ തേയിലച്ചണ്ടി ജൈവ വളം.

പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്

 

പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് വിവരങ്ങളും വിലയും പ്രവര്‍ത്തനവും

പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ്‌ – കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ശ്രദ്ധയില്‍ പെട്ടു. ഒരു ചെറിയ പ്ലാസ്റ്റിക്‌ യുണിറ്റ് ആണ് അത്. വില 1100 രൂപ. നില്‍കമല്‍ കമ്പനിയുടെ ആണ് ഈ ചെറിയ യുണിറ്റ്. അതില്‍ നിക്ഷേപിക്കാനുള്ള 200 മണ്ണിരകള്‍ കൂടി അവര്‍ ഈ വിലയ്ക്ക് തരും. വില അല്‍പ്പം കൂടുതല്‍ ആയി തോന്നുമെങ്കിലും ഒരു പാട് ഗുണങ്ങള്‍ ഉണ്ട് ഇത് കൊണ്ട്. ഒരു പാട് കാലം ഈട് നില്‍ക്കും, മണ്ണിരകളെ ചെറിയ കീടങ്ങളുടെ ആക്രമണത്തില്‍ നിന്നും രെക്ഷിക്കുകയും ചെയ്യാം.

ഈ മണ്ണിര കമ്പോസ്റ്റ് യൂണിറ്റിന് രണ്ടു അറകള്‍ ഉണ്ട്, രണ്ടും ഒരു ചെറിയ പ്ലാസ്റ്റിക്‌ കഷണം വെച്ച് വേര്‍തിരിച്ചിരിക്കുന്നു. 40 ദിവസം കൊണ്ട് ഒരു അറയിലെ വേസ്റ്റ് കമ്പോസ്റ്റ് ആകുമെന്നും അപ്പോള്‍ അത് എടുത്തു അടുത്ത അറയില്‍ വേസ്റ്റ് ഇടാം എന്നും അവര്‍ പറഞ്ഞു. ഒരു ചെറിയ അടുക്കള തോട്ടം ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നായി തോന്നി. നല്ല ഒരു അടപ്പ് ഉണ്ട് ഈ യുണിട്ടിനു, അത് കൊണ്ട് എളുപ്പത്തില്‍ നമുക്ക് അത് തുറന്നു നോക്കാം. അടപ്പിനു മുകളില്‍ ചെറിയ സുഷിരങ്ങളും ഉണ്ട്. വായു സഞ്ചാരം സുഗമമാക്കാന്‍ അവ ഉപകരിക്കും. വെര്‍മി വാഷ്‌ എടുക്കുവാന്‍ ഉള്ള ടാപ്പ്‌ ഒന്നും ഇതില്‍ കണ്ടില്ല.

തടിയൂര്‍ കാര്‍ഡ്‌ കൃഷി വിജ്ഞാന കേന്ദ്രം വിലാസം

കോളഭാഗം പി. ഓ,
തടിയൂര്‍ ,
തിരുവല്ല ,
പത്തനംതിട്ട ജില്ല , പിന്‍ കോഡ് – 689645
ഫോണ്‍ നമ്പര്‍ – 04692662094

ഗ്രോ ബാഗിലെ വളപ്രയോഗം – ടെറസ് കൃഷിയിലെ വളപ്രയോഗം

ഗ്രോ ബാഗ്‌ , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്‌. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍. ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില കൂടി ചേര്‍ത്ത് നിറയ്ക്കുന്നത് നല്ലതാണ്. കരിയില പതുക്കെ പൊടിഞ്ഞു മണ്ണോടു ചേര്‍ന്ന് ചെടിക്ക് വളമാകും. കൂടാതെ ഉണങ്ങിയ ചാണകപ്പൊടി , ഉണങ്ങിയ ആട്ടിന്‍ കഷ്ട്ടം , കുറച്ചു എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക് ഇവ കൂടി ചേര്‍ക്കാം. ഇവയൊക്കെ ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളം ആയി. ഇനി ഇടയ്ക്കിടെ ചെടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടവ നല്‍കാം.

കൃഷി തുടങ്ങി ആദ്യ ഒന്ന്-രണ്ടാഴ്ച വള പ്രയോഗം വേണ്ടെന്നു വെക്കാം, അതായതു വിത്ത് മുളച്ചു തൈ ആകുന്ന സമയം. ഈ സമയം കൃത്യമായ ജലസേചനം ഒക്കെ ചെയ്തു ചെടി ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുക. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ച് കൊടുക്കാം (സ്യുഡോമോണസ് ഇരുപത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍). സ്യുഡോമോണസ് അടുത്തുള്ള വളം വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്. സ്യുഡോമോണസ് തപാലില്‍ ലഭിക്കുന്നതാണ്, അതിനായി ഇവിടെ നോക്കുക, സ്യുഡോമോണസ് തപാലില്‍ .

 

ടെറസ് കൃഷി

ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ ഫിഷ്‌ അമിനോ ആസിഡ് അഥവാ മതി പ്രോട്ടിന്‍ തയ്യാറാക്കാം. ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്. പ്രയോഗിക്കുമ്പോള്‍ ഏകദേശം ഇരുപത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിച്ച്/തളിച്ച് കൊടുക്കാന്‍ .

കടല പിണ്ണാക്ക് ചെടികള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവയാണ്. ഇവ ധാരാളം അടങ്ങിയവയാണ് കടല പിണ്ണാക്ക്. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭിക്കും, വില ഏകദേശം കിലോയ്ക്ക് 40 രൂപയാണ്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ മുകളില്‍ ഇടരുത്, ഉറുമ്പ് എടുത്തു കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട്‌ മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും. ഉണ്ടാകുന്ന കായകള്‍ക്കു രുചിയും കൂടും.

കടല പിണ്ണാക്ക് ദ്രവ രൂപത്തിലും ചെടികള്‍ക്ക് കൊടുക്കാം, ഇതിനായി കടല പിണ്ണാക്ക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെക്കുക. ശേഷം അതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ഇതേ പോലെ വേപ്പിന്‍ പിണ്ണാക്ക് 2 പിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെച്ചത് ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച്/തളിച്ച് കൊടുക്കാം. കീടബാധക്കെതിരെ ഒരു മുന്‍കരുതല്‍ കൂടി ആകും ഇത്.

സി-പോം കയര്‍ ബോര്‍ഡില്‍ നിന്നുമുള്ള 100 % പ്രകൃതിദത്തമായ ജൈവവളം വളരെ നല്ലതാണ്, വിലക്കുറവുള്ള ഈ വളം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു

ഗ്രോ ബാഗില്‍ വിത്ത് പാകല്‍ /മുളപ്പിക്കല്‍

 

ഗ്രോ ബാഗില്‍ വിത്ത് പകാമോ ?. ഒരു സുഹൃത്ത്‌ ചോദിച്ച ചോദ്യം ആണ്. അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ?. തീര്‍ച്ചയായും പാകാം. ചീര, തക്കാളി, വെണ്ട, വഴുതന തുടങ്ങി എല്ലാം പാകി മുളപ്പിച്ചു പറിച്ചു നടാം. ചീര പാകാന്‍ ഏറ്റവും മികച്ച സ്ഥലം ആണ് ഗ്രോ ബാഗ്‌. ഇനി എങ്ങിനെ നടണം/പാകണം എന്ന് വിവരിക്കാം.

കഴിഞ്ഞ പോസ്റ്റുകളില്‍ ഗ്രോ ബാഗ്‌ എന്താണെന്നും അതിലെ നടീല്‍ മിശ്രിതം എന്താണെന്നും ഒക്കെ പറഞ്ഞുവല്ലോ. ആ പോസ്റ്റുകള്‍ വായിക്കുക. ഗ്രോ ബാഗ്‌ നടീല്‍ മിശ്രിതം നിറച്ചു റെഡി ആക്കുക. മുഴുവന്‍ ഭാഗവും നിറയ്ക്കണ്ട. കുറച്ചു ഇടഞ്ഞ മണ്ണും (അരിച്ചെടുത്തത്), ചാണകം ഭംഗിയായി പൊടിച്ചതും (അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ്) ചേര്‍ത്ത് ഇളക്കി ഗ്രോ ബാഗിന്റെ മുകള്‍ ഭാഗത്ത്‌ ഇടുക. ഇനി മണ്ണ് ഒന്ന് നനയ്ക്കാം. കുറച്ചു വെള്ളം തളിച്ച് മണ്ണ് നനക്കുക. സ്യുടോമോണസ് കലര്‍ത്തിയ വെള്ളം എങ്കില്‍ കൂടുതല്‍ നല്ലത്. സ്യുടോമോണസിനെ ക്കുറിച്ച് കൂടുതല്‍ ഉടനെ പോസ്റ്റ്‌ ചെയ്യാം. ഇനി നടേണ്ട വിത്തുകള്‍ അധികം ആഴത്തില്‍ ആകാതെ ഇടുക. വിത്തുകള്‍ ഒരുപാടു താണ് പോകരുത്. വെണ്ട, പയര്‍ പോലത്തെ വിത്തുകള്‍ കൃത്യമായ അകലം പാലിച്ചു ഇടുന്നതാണ് നല്ലത്.

ചീര, തക്കാളി , വഴുതന പോലത്തെ ചെറിയ വിത്തുകള്‍ ആകുമ്പോള്‍ , അവ ഇടഞ്ഞ മണ്ണ് ചേര്‍ത്ത് കലര്‍ത്തി വിതറാം. വിത്തുകള്‍ തമ്മില്‍ കുറച്ചു അകലം കിട്ടാന്‍ ഈ വിദ്യ ഉപകരിക്കും. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് ഉപകരിക്കും. ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി വെള്ളത്തില്‍ /സ്യുടോമോണസ് ലായനിയില്‍ കേട്ടിയിടാം. വിത്തുകള്‍ വേഗം മുളക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നട്ടു കഴിഞ്ഞു കൃത്യമായി ജലസേചനം ചെയ്യണം. ചെറിയ മഗ്ഗില്‍ എടുത്തു തളിച്ച് കൊടുക്കുന്നതാണ് നല്ലത്. വെള്ളം ഒഴിക്കല്‍ ഒരുപാടാകരുത്. രാവിലെയും വൈകിട്ടും നനയ്ക്കാം. ചീര വിത കഴിഞ്ഞു ശ്രദ്ധിക്കണം. ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യത ഉണ്ട്. അത് ഒഴിവാക്കാന്‍, അല്‍പ്പം മണ്ണെണ്ണ/ഡീസല്‍ ഒരു തുണിയില്‍ മുക്കി ഗ്രോ ബാഗിന്റെ ചുറ്റും പുരട്ടുക. ഇങ്ങിനെ ചെയ്താല്‍ ഉറുമ്പ് അടുക്കില്ല. വളരെ കുറച്ചു അളവില്‍ എടുത്തു പുരട്ടിയാല്‍ മതി.

വിത്തുകള്‍ മുളച്ചു വരുമ്പോള്‍ വളം ഒന്നും ചേര്‍ക്കരുത്, നമ്മള്‍ ഇട്ട ചാണകപ്പൊടി ഒക്കെ മതി തൈകള്‍ കരുത്തോടെ വളരാന്‍ . രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ചാണകപ്പൊടി/ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് കിട്ടുന്നില്ല എങ്കില്‍ , നമ്മുടെ പറമ്പിലെ നാടന്‍ മണ്ണിര ഇടുന്ന വേസ്റ്റ് ഉപയോഗിക്കാം. അത് നന്നായി പൊടിച്ചു ഇട്ടു കൊടുക്കുക.

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം

 

ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്നും അതിന്റെ ഉപയോഗവും മറ്റു വിവരങ്ങളും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ. കൃഷി ഭവന്‍ വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ്‌ സ്കീമില്‍ ലഭിച്ചവര്‍ക്ക്, നടീല്‍ മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്‍ക്ക് നടീല്‍ മിശ്രിതം നിറയ്ക്കണ്ട കാര്യം ഒന്നും ഇല്ല.

ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക.ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി.പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം. (അതെ പറ്റി വിശദമായി വേറെ ഒരു പോസ്റ്റ്‌ ഇടാം). മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വെപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ്‌ ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ്‌ ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്‌ നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ്‌ റെഡി ആയി.

ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണ്/ചകിരി ചോറ് മിക്സ്‌ നിറച്ചു മുകള്‍ ഭാഗത്ത്‌ മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കൊമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത്‌ ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ്‌ മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്സ്‌ ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്.

ചാണകപ്പൊടി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്സ്‌ ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക.

എവിടെ ലഭിക്കും വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

ഗ്രോ ബാഗ്‌

 

ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഗ്രോ ബാഗ്‌ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്‌ ഉപയോഗിക്കാം. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ . പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുത്‌ ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്. നല്ല ബ്രാന്‍ഡ്‌ നോക്കി വാങ്ങുന്നതാണ് നല്ലത്. സ്റെര്‍ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്‍ വളരെ നല്ലതാണ്

ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.

ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?

ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്‍ അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില് കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്.

ഗ്രോ ബാഗില്‍ എന്തൊക്കെ നടാം

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.

ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്‌ വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.

എവിടെ ലഭിക്കും വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

വിത്തുകള്‍ ഇല്ലാതെ എങ്ങിനെ കോളി ഫ്ലവര്‍ കൃഷി ചെയ്യാം

ശീതകാല വിളകളുടെ കൃഷി രീതി നമ്മള്‍ ഇവിടെ നേരത്തെ ചര്‍ച്ച ചെയ്തതാണ്. കോളിഫ്ലവര്‍, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ സീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ്‌ ഇവ കൃഷി ചെയ്യുന്നത്. എന്നാല്‍ ഇവിടെ വിത്തുകള്‍ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകള്‍ (തണ്ടുകള്‍) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണകോളിഫ്ലവര്‍ കൃഷി ചെയ്തിരുന്നു. നന്നായി വിളവു ലഭിക്കുകയും ചെയ്തു. വിളവെടുപ്പ് കഴിഞ്ഞു അതില്‍ ഒരു ചെടി നശിപ്പിക്കാതെ നില നിര്‍ത്തിയിരുന്നു. കോളി ഫ്ലവര്‍ അതിന്റെ പൂവ് മാത്രം കട്ട്‌ ചെയ്ത് ബാക്കി ചെടി നിലനിര്‍ത്തി. കുറെ കഴിഞ്ഞപ്പോള്‍ ചെടിയില്‍ വളരെയധികം എത്തുകള്‍ ഉണ്ടായി, അവ നല്ല രീതിയില്‍ വളര്‍ന്നു വന്നു. അവ അടര്‍ത്തിയെടുത്ത്‌ ഗ്രോ ബാഗില്‍ വളര്‍ത്തി. അതിലൊന്നിന് ഇപ്പോള്‍ പൂവ് ആയി, വിളവെടുപ്പ് ആകാറായി വരുന്നു.

ഗ്രോ ബാഗില്‍ ആണ് കോളി ഫവര്‍ കൃഷി ചെയ്തത്. ഗ്രോ ബാഗ്‌, നടീല്‍, കോളി ഫ്ലവര്‍ കൃഷി രീതി ഇവ നേരത്തെ തന്നെ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആ വിവരങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പോസ്റ്റുകള്‍ വായിച്ചു നോക്കുക. കോളി ഫ്ലവര്‍ ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന രീതി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തണ്ടുകള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറെ ദിവസം തണലത്തു വെച്ച ശേഷം മാത്രം സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തില്‍ വെക്കുക. വേരുകള്‍ ഉണ്ടായി ചെടി വളരാന്‍ തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ കൊടുക്കാം

മത്തന്‍ കൃഷി രീതി

മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം. വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അമ്പിളി എന്ന മത്തന്‍ ഇനം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായകള്‍ ഇതിന്റെ പ്രത്യേകതയാണ്. സരസ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ തുടങ്ങിയ ഇനങ്ങളും ഉണ്ട്. വി എഫ് പി സി കെ കാക്കനാട് മത്തന്‍ തൈകള്‍ വിലപ്പന നടത്താറുണ്ട്‌. വി എഫ് പി സി കെ വിലാസങ്ങള്‍ക്കായ് ഇവിടെ നോക്കാം.

മത്തന്‍ വള്ളി വീശി തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാന്‍ ആണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. മത്തന്‍ കൃഷി പരിചരണം ആവശ്യമുള്ള ഒരു ഖട്ടം അതിന്റെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ ആണ്. കൃത്രിമമായ പരാഗണം ചെയ്യണം, ഇല്ലെങ്കില്‍ കായകള്‍ ഉണ്ടാകില്ല. സ്വാഭാവികമായ പരാഗണം ഇപ്പോള്‍ കുറവായി ആണ് നടക്കുന്നത്. അത് കൊണ്ട് നമ്മള്‍ അത് ചെയ്തു കൊടുക്കണം. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പെന്‍ പൂക്കള്‍ പിന്നീട് ഉണ്ടാകും. പെണ്‍ പൂക്കള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ പരാഗണം നടത്തി കൊടുക്കണം

ചീര കൃഷി ടിപ്സ്

Cheera

ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. പ്ലാസ്റിക് ബോട്ടിലില്‍ വളര്‍ത്തുന്ന വിധം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗ്രോ ബാഗ്‌, പ്ലാസ്റ്റിക്‌ കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം. വിത്തുകള്‍ക്കായി അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിച്ചാല്‍ മതി, തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും.

ചീര കൃഷിയുടെ പ്രധാന മേന്മകള്‍

എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്‍ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം.

മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്‍ത്തണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്‍ത്തിയാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്‍ക്കാലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്‍ത്തിയാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം.

ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം.

കൃത്രിമ പരാഗണം

എന്താണ് പരാഗണം ?. പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി സസ്യങ്ങളില്‍ നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. ചെടികളുടെ പൂക്കളില്‍ ഉണ്ടാകുന്ന പൂമ്പൊടികൾ ചെറുപ്രാണികൾ/ചിത്രശലഭങ്ങള്‍/കാറ്റ് ഇവയിലൂടെ പരാഗണം നടക്കുന്നു. നമ്മുടെ പച്ചക്കറി തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന എല്ലാ പ്രാണികളും അവയെ ആക്രമിക്കാന്‍ അല്ല എത്തുന്നത്‌. പരാഗണം നടത്താന്‍ സഹായിക്കുന്ന ജീവികളും അവയില്‍ ഉണ്ട്. പരാഗണം നടന്നാല്‍ മാത്രം കായ ഉണ്ടാകുന്ന ചില പച്ചക്കറി വിളകള്‍ ഉണ്ട്. അവയില്‍ ഒന്നാണ് മത്തന്‍. കായ ഉണ്ടാകുകയും അവ കൊഴിഞ്ഞു പോകുകയും ചെയ്യുന്നത് കൃത്യമായ പരാഗണം നടക്കാത്തത് മൂലമാണ്. ഇവിടെ നാം കൃത്രിമ പരാഗണം നടത്തുന്നു

ഇലതീനി പുഴുക്കള്‍

 

പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട കോളി ഫ്ലവര്‍ ചെടികളില്‍ കണ്ട ഇല തീനി പുഴുക്കള്‍ ആണ് ഇവ. ഒറ്റ ദിവസം കൊണ്ട് 2 ഇലകള്‍ തീര്‍ത്തു കളഞ്ഞു. ഭാഗ്യത്തിന് ശ്രദ്ധയില്‍ പെട്ടു, അവയെ നശിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ജൈവ കീടനാശിനികള്‍ പോലും അങ്ങിനെ ഉപയോഗിക്കാറില്ല. പകരം ദിവസവും രണ്ടു നേരം ചെടികളെ ശ്രദ്ധിക്കുന്നു. കണ്ടെതുന്നവയെ എടുത്തു നശിപ്പിച്ചു കളയുന്നു. ഇലതീനി പുഴുക്കളെ പ്രതിരോധിക്കാന്‍ ജൈവ കീടനാശിനികള്‍ ഉണ്ട്. പലതും ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

അടുത്തിടെ പോസ്റ്റ്‌ ചെയ്ത ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഇലതീതി പുഴുക്കള്‍ക്കെതിരെ ഏറെ ഫലപ്രദം ആണ്.നാറ്റപൂച്ചെടി മിശ്രിതം, കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം ഇവയും ഇലതീനി പുഴുക്കള്‍ക്കെതിരെ പ്രയോഗിക്കാം. ഇവ സ്പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇലകളുടെ അടിവശത്ത് വേണം കൂടുതല്‍ പ്രയോഗിക്കേണ്ടത്. 10 ദിവസം കൂടുമ്പോള്‍ ഉപയോഗിക്കാം. വീര്യം കൂടിപ്പോകാതെ ശ്രദ്ധിക്കണം. നന്നായി വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യുക.സോപ്പ് എളുപ്പത്തില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്. സ്പ്രേ ചെയ്യുന്നതിന് മുന്‍പ് ചെടികള്‍ക്ക് ജലസേചനം ചെയ്യുന്നതും നല്ലതാണ്.

ബീന്‍സ് കൃഷി രീതിയും പരിചരണവും

രുചികരമായ ബീന്‍സ് തോരന്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന വിഷമടിച്ച ബീന്‍സ് വാങ്ങി ഉപയോഗിക്കാന്‍ മനസ്സ് സമ്മതിക്കില്ല. ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും വളരും, കഴിഞ്ഞ വര്‍ഷം ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു. ഭാഗികമായി വിഅജയം കണ്ടിരുന്നു, ആദ്യ റൌണ്ട് വിളവിന് ശേഷം ചെടികള്‍ ഉണങ്ങി പോയി. നമ്മുടെ പയറില്‍ ഉണ്ടാകുന്ന തണ്ട് തുരപ്പന്‍ പുഴുവായിരുന്നു വില്ലന്‍. ഉണങ്ങിയ ചെടികള്‍ ഒടിച്ചു നോക്കിയപ്പോള്‍ അവയ്ക്കിടയില്‍ നുരയ്ക്കുന്ന തണ്ട് തുരപ്പന്‍ പുഴുക്കളെ കണ്ടിരുന്നു. അങ്ങിനെ ബീന്‍സ് കൃഷി അടുത്ത സീസണിലേക്ക് എത്തി. ഈ വര്‍ഷം കുറച്ചു മുന്‍കരുതലുകള്‍ എടുത്തു.

വിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്.അടുത്തുള്ള ഒരു കടയില്‍ നിന്നും ആണ് വിത്ത് വാങ്ങിയത് ( ഹരിത വിത്തുകള്‍). 10-12 എണ്ണം പാകി അതില്‍ മിക്കവയും കിളിര്‍ത്തു. പക്ഷെ പറിച്ചു നടാന്‍5-6 എണ്ണമേ കിട്ടിയുള്ളൂ. അവ ഗ്രോ ബാഗിലും ഒഴിഞ്ഞ മിട്ടായി ജാറുകളിലും നട്ടു. ആദ്യം മണ്ണിട്ട്‌ പിന്നെ ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഇട്ടു ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു. വീണ്ടും മണ്ണിട്ട്‌ മൂടി തൈകള്‍ പറിച്ചു നട്ടു. നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെച്ചു. ശേഷം ബീന്‍സ് തൈകള്‍ നട്ടു, രാവിലെയും വൈകുന്നേരവും നനച്ചു കൊടുത്തു.

ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുത്തിരുന്നു. ഇടയ്ക്കിക്കിടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി 1 ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചും കൊടുത്തു. ഇവയായിരുന്നു എടുത്ത മുന്‍കരുതലുകള്‍, ബീന്‍സ് വളരെ പെട്ടന്ന് തന്നെ പൂവിട്ടു , കായയും ലഭിച്ചു. കടയില്‍ കാണുന്നതിന്റെ അത്ര വലിപ്പമൊന്നും കിട്ടിയില്ല. പക്ഷെ ലഭിച്ചവയ്ക്ക് നല്ല രുചിയായിരുന്നു.

വളപ്രയോഗം രണ്ടു തവണ ഫിഷ്‌ അമിനോ ആസിഡ് തളിച്ച് കൊടുത്തു, ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്തു. ഒരു തവണ കടല പിണ്ണാക്ക് നല്‍കി, ഒരു പിടി എടുത്തു വെള്ളത്തില്‍ ഇട്ടു 2 ദിവസം വെച്ച് , നേര്‍പ്പിച്ചു ഒഴിച്ച് കൊടുത്തു. പ്രോട്ടിന്‍ സമൃദ്ധം ആണ് ബീന്‍സ്, ശൈത്യ കാലാവസ്ഥയില്‍ ആണ് നന്നായി വളരുക. മറ്റു ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്ലവര്‍ , ഇവയ്ക്കൊപ്പം ഇനി ബീന്‍സും നമുക്ക് കൃഷി ചെയ്തു നോക്കാം.

കുറഞ്ഞ ചെലവില്‍ ഹോം കമ്പോസ്റ്റ് നിര്‍മാണം

വളരെ ചുരുങ്ങിയ ചെലവില്‍ നിര്‍മിക്കാവുന്ന ഒരു ഹോം കമ്പോസ്റ്റ് യുണിറ്റിനെക്കുറിച്ച് പറയാം. അടുക്കളയിലെ അഴുകുന്ന അവശിഷ്ട്ടങ്ങള്‍ ഇതിനായി ഉപയോഗിക്കാം. പച്ചക്കറി വേസ്റ്റ് , ഭക്ഷണ അവശിഷ്ട്ടങ്ങള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാം. കടലാസ് , പ്ലാസ്റ്റിക്‌ , ഉള്ളിതോലി , നാരങ്ങ തോട് ഒക്കെ ഒഴിവാക്കുക. രണ്ടു മണ്‍കലങ്ങള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക്‌ ബക്കെറ്റ് എടുകുക. ഏകദേശം 20 ലിറ്റര്‍ എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവ വേണം. പെയിന്‍റ് വരുന്ന വലിയ പ്ലാസ്റ്റിക്‌ ബക്കെറ്റ് നല്ലതാണ്. ഇതിന്റെ അടിയില്‍ 4-6 ചെറിയ ദ്വാരങ്ങള്‍ ഇടുക. വെസ്റ്റിലെ വെള്ളം ഊര്‍ന്നു താഴെ വീഴാന്‍ ആണിത്. ഇവ രണ്ടും 15 സെന്റി മീറ്റര്‍ ഉയരമുള്ള വെവ്വേറെ ഇരുമ്പ് സ്റ്റാന്‍ഡില്‍ വെക്കുക. പകരം ഇഷ്ടിക ഉപയോഗിച്ചു വേണെങ്കിലും ഇവ ഉറപ്പിക്കാം.

ഇനി പത്രത്തിന് താഴെ ഊറിവരുന്ന വെള്ളം ശേഖരിക്കാന്‍ ഒരു ചെറിയ പാത്രം വെക്കാം.ഇനി അടുക്കള മാലിന്യം ദിവസവും ഇതിലെ ഒരു പാത്രത്തില്‍ ഇട്ടു കൊടുക്കാം. ഒന്നാമത്തെ പാത്രം നിറയുന്നത് വരെ മാലിന്യ നിക്ഷേപം തുടരാം. ഒന്ന് – രണ്ടു മാസം കൊണ്ട് ഒരു പാത്രം നിറയും. അതിനു ശോഷം രണ്ടാമത്തെ പാത്രത്തില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങുക. ആദ്യപാത്രം രണ്ടുമാസത്തേക്ക് വെറുതെ ഇടുക. രണ്ടുമാസത്തിന് ശേഷം ആദ്യ പത്രത്തിലെ കമ്പോസ്റ്റ് ഉപയോഗത്തിന് പാകമായിരിക്കും. ഈ കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം. ഊര്‍ന്നിറങ്ങിയ വെള്ളം അതിന്റെ രണ്ടിരട്ടി വെള്ളം ചേര്‍ത്ത് വെര്‍മിവാഷായി ഉപയോഗിക്കാം.

ടെറസ് കൃഷിയില്‍ പന്തല്‍ ഇടുന്ന വിധം

 

പല സുഹൃത്തുക്കളും പല തവണയായി ചോദിക്കുന്ന കാര്യം ആണ്, ടെറസ് കൃഷിയില്‍ പടരുന്ന പച്ചക്കറികള്‍ക്ക് എങ്ങിനെ പന്തല്‍ ഇട്ടു കൊടുക്കാം എന്ന്. പാവല്‍, പയര്‍, പടവലം , കോവല്‍ എന്നിവയ്ക്കാണ് സാദാരണയായി പന്തല്‍ ആവശ്യമുള്ളത്. വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ടെറസില്‍ പച്ചക്കറികള്‍ പടര്‍ന്നു കയറാന്‍ പന്തലുകള്‍ ഇട്ടു കൊടുക്കാം. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് മാന്തി കാലുകള്‍ (കമ്പുകള്‍) നാട്ടാന്‍ സാധിക്കും, പക്ഷെ ടെറസില്‍ അത് സാധിക്കില്ലല്ലോ. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക, 3 അടി വരെ നീളമുള്ള 1 മുതല്‍ 2 ഇഞ്ച്‌ കനമുള്ള ജി ഐ അല്ലെങ്കില്‍ പി വി സി പൈപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ്‌ സന്ദര്‍ശിച്ചാല്‍ ഒരു പക്ഷേ അവര്‍ ഉപയോഗിച്ച് മിച്ചം വന്ന ചെറിയ പൈപ്പ് കഷണങ്ങള്‍ ലഭിച്ചേക്കാം. അല്ലെങ്കില്‍ പി വി സി പൈപ്പ് ഉപയോഗിച്ചാല്‍ മതി, അവയും ഇതേ പോലെ 3 അടി നീളത്തില്‍ എടുക്കാം.

ഇനി അവ ഇതേ പോലെ പ്ലാസ്റ്റിക്‌/അല്ലെങ്കില്‍ എന്തെങ്കിലും ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാം. ഇവ സെറ്റ് ആയ ശേഷം ഉപയോഗിക്കാം, ചിത്രത്തില്‍ കാണുന്ന പോലെ അവയില്‍ കമ്പുകള്‍ കയറ്റി പന്തല്‍ കാലുകള്‍ ആക്കാം. ഇത്തരം 4-6 യൂണിട്ടുകള്‍ ഉണ്ടാക്കി ഈസി ആയി പന്തല്‍ കാലുകള്‍ ഉണ്ടാക്കാം. ഇനി ചെറിയ കയറുകള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു ചെടികള്‍ പടര്‍ന്നു കയറാന്‍ സൗകര്യം ഉണ്ടാക്കി കൊടുക്കാം.

പാവല്‍ കൃഷി

Paval

പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ ?. ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. നല്ല പലയിനങ്ങളും ലഭ്യമാണ്, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത് പാകിയാണ് പാവല്‍ കൃഷി ചെയ്യുന്നത്, അതിനായി നല്ലയിനം വിത്തുകള്‍ ഉപയോഗിക്കുക. വിത്തുകള്‍ ലഭിക്കാന്‍ അടുത്തുള്ള കൃഷി ഭവന്‍ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ , അടുത്ത് വളം ഒക്കെ വില്‍ക്കുന്ന കടകള്‍ ഇവയില്‍ അന്വേഷിക്കുക.

മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 10-12 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. സീഡിംഗ് ട്രേ ഉപയോഗിച്ച് വിത്ത് മുളപ്പിക്കല്‍ നോക്കുക. തൈകള്‍ മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞു പറിച്ചു നടാം. ഗ്രോ ബാഗിലും ഇവ നടാം, ടെറസ് കൃഷിയില്‍ ഗ്രോ ബാഗില്‍ പാവല്‍ കൃഷി ചെയ്യാം. ഒരു തടത്തില്‍/ഒരു ബാഗില്‍ 1-2 തൈകള്‍ നടുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം. പറിച്ചു നട്ടു ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ്‌ അമിനോ ആസിഡ്പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം. സി പോം ലഭ്യമെങ്കില്‍ അതും ഉപയോഗിക്കാം.

ചെടികള്‍ വള്ളി വീശി വരുമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം, 1-2 തൈകള്‍ മാത്രം എങ്കില്‍ ഒരു തെങ്ങിന്റെ ഓല കുത്തിച്ചാരി വെച്ചു അതിലേക്കു പടര്‍ത്താം. ടെറസില്‍ എങ്കില്‍ ചെറിയ കമ്പുകള്‍ കൊണ്ട് ചെറിയ രീതിയില്‍ പന്തല്‍ ഉണ്ടാക്കി പടര്‍ത്തുക. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പിന്നീടു പെണ് പൂക്കള്‍ ഉണ്ടാകും. കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം.

പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങ്ങിയ പാവക്ക പ്രമേഹം , പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധം കൂടിയാണ്.

ആനക്കൊമ്പന്‍ വെണ്ട

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വെണ്ട കൃഷി രീതി ഇവിടെ ഒരിക്കല്‍ പറഞ്ഞതാണ്‌. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. ചെടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ കടല പിണ്ണാക്ക് നല്‍കിയാല്‍ നല്ലത്. അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. എനിക്ക്  ഫേസ്ബുക്ക്‌ സുഹൃത്തായ ശ്രി ഉണ്ണികൃഷ്ണന്‍ ഞാറക്കല്‍ ആണ് ഇതിന്റെ വിത്തുകള്‍ നല്‍കിയത്. നല്ല രീതിയില്‍ എനിക്ക് ആനക്കൊമ്പന്‍ വെണ്ട വിളവു ലഭിച്ചു. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

സീഡിംഗ് ട്രേ ഉപയോഗിച്ചുള്ള വിത്ത് മുളപ്പിക്കല്‍

 

എന്താണ് സീഡിംഗ് ട്രേ ?, വിത്തുകള്‍ പാകാനും മുളപ്പിക്കാനും ഉപയോഗിക്കുന്നതാണ് സീഡിംഗ് ട്രേ. വിത്തുകള്‍ വളരെയെളുപ്പത്തില്‍ പാകാനും, മുളപ്പിക്കാനും പിന്നെ പറിച്ചു നടാനും ഇവ നമ്മെ സഹായിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും പ്ലാസ്റ്റിക്‌ ഉപയോഗിച്ച് നിര്‍മിച്ച സീഡിംഗ് ട്രേയുടെ ചിത്രം കാണാം. ഇതല്ലാതെ, പേപ്പര്‍ കപ്പുകള്‍, ഡിസ്പോസ്സിബിള്‍ കപ്പുകള്‍ , മുട്ട തോടുകള്‍ ഇവയും ഈ ആവശ്യത്തിനായി ഉപയോഗിക്കാം. എന്താണ് ഇവ കൊണ്ടുള്ള ഗുണം അല്ലെങ്കില്‍ മെച്ചം എന്ന് ചോദിച്ചാല്‍ നമുക്ക് കുറെയധികം നേട്ടങ്ങള്‍ ഉണ്ട് എന്ന് തന്നെ പറയാം. ചെടിയുടെ വേരുകള്‍ മുറിയാതെ വളരെ എളുപ്പത്തില്‍ സുരക്ഷിതമായി മാറ്റി നടാം എന്നതാണ് ഏറ്റവും വലിയ മെച്ചം. കനത്ത മഴ പോലെയുള്ള സമയം ഈസി ആയി മാറ്റി വെക്കാം. വെറും നിലത്തു പാകിയാല്‍ ഇത് സാദ്യമല്ലല്ലോ.

പച്ച മുളക് കൃഷി രീതി

ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

പച്ച മുളക് പ്രധാന ഇനങ്ങള്‍

അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്. മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം. മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി ആണ് കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം.

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള്‍ ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്‍ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. ഗ്രോ ബാഗ്‌ , ഗ്രോ ബാഗിലെ കൃഷി രീതി, നടീല്‍ മിശ്രിതം ഇവ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ്‌ കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിചോര്‍ ഉപയോഗിക്കാം, അതിന്‍റെ വിവരം ഇവിടെ ചേര്‍ത്തിട്ടുണ്ട്. കൂടാതെ സി പോംഎന്ന കയര്‍ബോര്‍ഡിന്റെ ജൈവ വളം, കയര്‍ഫെഡ് ഇറക്കുന്ന ജൈവ വളം ഇവയും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.

തൈകള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം – ടെറസ് കൃഷിയിലെ വളപ്രയോഗം ” നോക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില്‍ വളര്‍ത്തിയ പച്ച മുളകുകള്‍ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ഇവിടെ കൊടുക്കുന്നത് എന്റെ പച്ച മുളക് കൃഷിയുടെ ചിത്രങ്ങള്‍ ആണ്. ഒരു രാസ വളവും കീടനാശിനിയും ഇല്ലാതെ നന്നായി കൃഷി ചെയ്യുന്നു. ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം, അല്ലെങ്കില്‍ മറിഞ്ഞു വീഴും.

ചാഴി – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

 

ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ചാഴിയുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ചാഴിയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ചാഴി ആക്രമിക്കുന്നു. ചാഴികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ചാഴിയെ നിയന്ത്രിക്കാം. മത്തിയും ശര്‍ക്കരയും തുല്യ അളവില്‍ ചേര്‍ത്ത് പാത്രത്തിലിട്ട് മൂന്നാഴ്ച അടച്ചുവെച്ചാണ് മത്തി-ശര്‍ക്കരമിശ്രിതം തയ്യാറാക്കുന്നത്.ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം നോക്കുക. മൂന്നു ആഴ്ച കഴിഞ്ഞു മത്തി-ശര്‍ക്കരമിശ്രിതം അരിച്ചെടുക്കുക്ക. ഒരുലിറ്റര്‍ വെള്ളത്തിന് 15 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ച് കൊടുക്കാം. ഏറ്റവും ചെലവു കുറഞ്ഞ ഈ മാര്‍ഗം ഉപയോഗിച്ചു ഒരേക്കറില്‍ വെറും ഒന്നരലിറ്റര്‍ മിശ്രിതം കൊണ്ട് ചാഴിയെ നിയന്ത്രിക്കാം.

2, കാന്താരിമുളക് കായം മിശ്രിതം – കാന്താരിമുളകും കായവും എന്നിവ 20 ഗ്രാം വീതം അരച്ച് 1 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതം 2% വീര്യത്തിൽ തളിച്ച് ചാഴിയെ നിയന്ത്രക്കാം.

തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം വാഴയില്‍

വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ഇതിനെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്. വാഴയില്‍ തടതുരപ്പന്‍ പുഴു നാലാം മാസം മുതല്‍ ആക്രമണം ആരംഭിക്കും. കറുത്ത് തിളക്കമുള്ള ചെല്ലികള്‍ വാഴയുടെ പുറം പോളകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ പിണ്ടിതുരന്നു വലുതാകുന്നു. വാഴനാര് കൊണ്ടുള്ള കൂടുണ്ടാക്കി സമാധിയിരുന്നു ചെല്ലിയായി പുറത്തു വരുന്നു.

തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണ ലക്ഷണങ്ങള്‍

1, പുറം പോളകളില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാകുന്നു.
2, വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു, കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.
3, പലപ്പോഴും വാഴ ഒടിഞ്ഞു വീഴുമ്പോള്‍ മാത്രം കര്‍ഷകരുടെ ശ്രദ്ധയില്‍ പെടുന്നു.

തടതുരപ്പന്‍ പുഴു നിയന്ത്രണ മാര്‍ഗങ്ങള്‍

, ആരോഗ്യമുള്ള കന്നുകള്‍ തിരഞ്ഞെടുത്തു നടുക.
2, കുല വെട്ടിയ വാഴകകള്‍ യഥാസമയം വെട്ടിമാറ്റി കംമ്പോസ്റ്റാക്കുക.
3, പഴയ ഇലകള്‍ വെട്ടിമാറ്റുക.
4, മൂന്നാം മാസം ഇലകവിളുകളില്‍ വെപ്പിന്‍കുരു പൊടിച്ചത് ഇടുക. (ഒരു വാഴയ്ക്ക് ഏകദേശം 50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും. )
5, വാഴത്തടയില്‍ ചെളി-വേപ്പെണ്ണ മിശ്രിതം (30 മി.എല്‍ /ലിറ്റര്‍ ചെളിയില്‍ ) തേച്ചു പിടിപ്പിക്കുക.
6, നാലുമാസം മുതല്‍ മാസത്തില്‍ ഒരു തവണ വാഴയുടെ ഇലക്കവിളുകളില്‍ ” നന്മ ” (5 മി.എല്‍ / 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വാഴയൊന്നിനു) നിറയ്ക്കുകയും തളിക്കുകയും ചെയ്യുക.
7, തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം തുടങ്ങിയ വാഴകളില്‍ , ആക്രമിച്ച ഭാഗത്തിന് 5 സെ. മി താഴെയായി ഒരു വലിയ സിറിഞ്ച് ഉപയോഗിച്ചു ” മേന്മ ” (15 മി.എല്‍) കുത്തിവെക്കുക.

നന്മ മേന്മ ഇവ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം മരച്ചീനിയിൽ നിന്നും തടപ്പുഴുവിനെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികൾ ആണ്.

വിവരങ്ങള്‍ക്ക് കടപ്പാട് കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം.

വെള്ളരി കൃഷി

നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ്‌ കണിവെള്ളരി. ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം. മുടിക്കോട് ലോക്കല്‍, സൌഭാഗ്യ , അരുണിമ ഇവ ചില മികച്ചയിനം വെള്ളരിയിനങ്ങള്‍ ആണ്. വിത്തുകള്‍ പാകിയാണ് വെള്ളരി നടുന്നത്. വി എഫ് പി സി കെ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ വഴി നല്ല വിത്തുകള്‍ വാങ്ങാം.

വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും നല്‍കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം.കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി കൂടി നല്‍കണം.രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുബോള്‍ മുളക്കും. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും.

കായീച്ചയാണ്‌ വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് / കച്ചി ഒക്കെ ഉപയോഗിച്ചു മൂടുന്നത് കയീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.

പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും

പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളി , കുറ്റിപ്പയര്‍ , പാവല്‍ , വെള്ളരി , മത്തന്‍ , പടവലം തുടങ്ങിയവ.

പച്ചക്കറി വിളയുടെ പേര്

അകലം

ഇനങ്ങള്‍

1

ചീര

30*20 സെന്റീമീറ്റര്‍

അരുണ്‍ , കണ്ണാറ ലോക്കല്‍ , മോഹിനി , രേണുശ്രീ , കൃഷ്ണ ശ്രീ

2

വെണ്ട

60*30 സെന്റീമീറ്റര്‍

അര്‍ക്ക അനാമിക , കിരണ്‍ , സുസ്ഥിര , അരുണ , അന്ജിത , മഞ്ജിമ

3

മുളക്

45*45 സെന്റീമീറ്റര്‍

വെള്ളായണി അതുല്യ , ഉജ്വല , അനുഗ്രഹ , ജ്വാലാമുഖി , ജ്വാലാ സഖി

4

വഴുതന

75*60 സെന്റീമീറ്റര്‍

സൂര്യ , ശ്വേത , ഹരിത , നീലിമ

5

തക്കാളി

60*60 സെന്റീമീറ്റര്‍

ശക്തി , മുക്തി , അനഘ , വെള്ളായണി വിജയ്‌

6

കുറ്റിപ്പയര്‍

45*30 സെന്റീമീറ്റര്‍

അനശ്വര , ഭാഗ്യലക്ഷ്മി , കനകമണി

7

പാവല്‍

2*2 മീറ്റര്‍

പ്രിയ , പ്രീതി , പ്രിയങ്ക

8

വെള്ളരി

2*1.5 മീറ്റര്‍

മുടിക്കോട് , സൗഭാഗ്യ , അരുണിമ

9

മത്തന്‍

4.5*2 മീറ്റര്‍

അമ്പിളി , സുവര്‍ണ്ണ , സരസ്

10

പടവലം

2*2 മീറ്റര്‍

ബേബി , കൌമുദി , ടി എ 19

പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക, അവ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

ആരോഗ്യമുള്ള തൈകള്‍ മാത്രം തിരഞ്ഞെടുക്കുക നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനും അതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.

വൈകുന്നേരം പറിച്ചു നടുക പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരം ആണ്.

വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കുക – വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കാന്‍ ശ്രമിക്കുക. ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്ത് എടുത്താല്‍ അത്രയും നല്ലത്.

നടുമ്പോള്‍ വളപ്രയോഗം ഒന്നും വേണ്ട – നട്ട ഉടനെ വളപ്രയോഗം ഒന്നും വേണ്ട , പ്രത്യേകിച്ച് രാസവളം. ചെടി വളര്‍ന്നു തുടങ്ങിയ ശേഷം ആകാം അതൊക്കെ.

കൃത്യമായ നനയ്ക്കല്‍ – രാവിലെയും വൈകുന്നേരവും മിതമായി നനയ്ക്കുക. വേനല്‍കാലത്ത് ഇത് കൃത്യമായും ശ്രദ്ധിക്കുക.

തണല്‍ കൊടുക്കുക – നട്ട ശേഷം 4-5 ദിവസം ചെറിയ ഇലകള്‍ കൊണ്ട് തണല്‍ കൊടുക്കുന്നത് നല്ലതാണ്. കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാന്‍ അത് സഹായിക്കും.

സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ മുക്കി വെക്കുക സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്. സ്യൂഡോമോണസ് മിത്രബാക്ടീരിയ ആണ് , അത് മൂടുചീയല്‍, തൈചീയല്‍ , വാട്ടം തുടങ്ങിയ പല രോഗങ്ങള്‍ക്കുമെതിരേ പ്രതിരോധം തീര്‍ക്കും.

കൊക്കോ പീറ്റ് (ചകിരി ചോറ്) ഉപയോഗിച്ചുള്ള കൃഷി രീതി

ഗ്രോ ബാഗിനെക്കുറിച്ചും അതിലെ നടീല്‍ മിശ്രിതത്തെ ക്കുറിച്ചും പറഞ്ഞപ്പോള്‍ ചകിരി ചോറ് നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തോണ്ടില്‍ നിന്നും നേരിട്ട് എടുക്കുന്ന ചകിരി ചോറിന്റെ കാര്യമല്ല ഇവിടെ പറയുന്നത്. കൃഷി ആവശ്യത്തിനായി പ്രോസെസ്സ് ചെയ്തു വരുന്ന കൊക്കോ പീറ്റ് ന്റെ കാര്യം ആണ്. പ്രകൃതിദത്തമായ മണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈ കൊക്കോ പീറ്റ്. വിപണിയില്‍ പല കമ്പനികളുടെ പല പേരിലുള്ള കൊക്കോ പീറ്റ് ലഭ്യമാണ്. സ്റെര്‍ലിംഗ് കമ്പനി ഇറക്കുന്ന കൊക്കോ പീറ്റ് ന്റെ പേര് നിയോപീറ്റ് എന്നാണ്. അര കിലോ , അഞ്ചു കിലോ അളവുകളില്‍ ഇവ ലഭ്യം ആണ്. അഞ്ചു കിലോയുടെ വില 130 രൂപ ആണ്. മണ്ണിനു പകരം ആയി അല്ലെങ്കില്‍ മണ്ണും കൂടി ചേര്‍ത്ത് ഇവ കൃഷി ചെയ്യാന്‍ ഗ്രോ ബാഗുകളില്‍ നിറയ്ക്കാം.

കംപ്രെസ്സ് ചെയ്താണ് കൊക്കോ പീറ്റ് നമ്മുടെ കൈകളില്‍ എത്തുന്നത്‌ , വെള്ളത്തില്‍ ഇട്ടാല്‍ അവ വലുപ്പത്തിന്റെ 5 ഇരട്ടി ആകും . അതായതു 1 കിലോ കൊക്കോ പീറ്റ് ആവശ്യത്തിനു വെള്ളം ചേര്‍ത്താല്‍ 5 കിലോ ആകും. ഇതും മണ്ണും തുല്യ അളവില്‍ ചേര്‍ത്ത് ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ / ചെടിച്ചട്ടിയില്‍ ഒക്കെ നിറയ്ക്കാം. എന്താണ് ഇതിന്റെ മേന്മകള്‍ എന്ന് നോക്കാം. ടെറസ്സ് കൃഷിയില്‍ ഇവയുടെ ഉപയോഗം വളരെ വലുതാണ്. മന്നിനേക്കാള്‍ ഭാരം കുറവാണു കൊക്കോ പീറ്റിന്, അത് കൊണ്ട് തന്നെ ടെറസ്സിനുണ്ടാകുന്ന സ്‌ട്രെസ് കുറയുന്നു . വെള്ളം ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് കൂടെക്കൂടെയുള്ള ജലസേചനം ഒഴിവാക്കുന്നു. വെറും 1-2 കപ്പ്‌ വെള്ളം മതിയാകും ഒരു ഗ്രോ ബാഗിന് , അതും രണ്ടു ദിവസത്തേക്ക്. കൂടാതെ ചെടികളുടെ വേരുകള്‍ നന്നായി ഇറങ്ങും. അത് കൊണ്ട് തന്നെ കൊക്കോ പീറ്റ് ഉപയോഗിച്ചു കൃഷി ചെയ്യുന്ന ചെടികള്‍ ഈസി ആയി നമുക്ക് പറിച്ചു മാറ്റി നടാം.

എവിടെ ലഭിക്കും വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

ചെമ്പരത്തി പൂവ് കൊണ്ട് ശീതള പാനീയം

ചെമ്പരത്തി പൂവ് കൊണ്ട് എങ്ങിനെ ഒരു ആരോഗ്യധായകമായ ശീതള പാനീയം തയാറാക്കാം. ഈ വേനല്‍ കാലത്ത് നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ടുള്ള പാനീയങ്ങള്‍ ഉപയോഗിക്കാം. നമുക്ക് ഏറ്റവും പരിചിതമായ ചെമ്പരത്തി കൊണ്ട് നല്ല ഒരു സ്ക്വാഷ്‌ ഉണ്ടാക്കാം. ചുവന്ന നാടന്‍ ചെമ്പരത്തി പൂവാണ് ഇതിലെ പ്രധാന ചേരുവ. ചെമ്പരത്തിയില കൊണ്ട് തലയില്‍ തേക്കുന്ന താളിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. ചെമ്പരത്തി പൂവ് കൊണ്ട് എങ്ങിനെ രുചികരമായ പാനീയം തയ്യാറാക്കാം എന്ന് നോക്കാം.

വേണ്ട ചേരുവകള്‍

1, ചെമ്പരത്തി പൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, പഞ്ചസാര – 100 ഗ്രാം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തി പൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ക്കാം. ചെറിയ തീയില്‍ ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

നാരങ്ങ വെള്ളം ഉണ്ടാക്കുബോള്‍ കൂടെ ഈ ചെമ്പരത്തി പൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരമായ കൂടെ ആരോഗ്യപ്രദമായ ഒരു പാനീയം ആണിത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.

കാന്താരി

ഒരു മലയാളിയോട് കാന്താരി മുളകിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കണ്ട കാര്യം ഉണ്ടോ ?. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്കു ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്ന് പ്രശ്നമല്ല.നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.

പണ്ട് പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.

നീര

പ്രകൃതിദത്ത പാനീയങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയമാണ് നീര.തെങ്ങിൻ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് നീര അഥവാ മധുരക്കള്ള് . വിടരാത്ത തെങ്ങിൻ പൂക്കുല ചെത്തുമ്പോള്‍ മുറിവായിൽനിന്നും സ്വാഭാവികമായി ഊറിയെത്തും. മദ്യാംശം ഒട്ടും തന്നെ ഇല്ലാത്ത നീര ഏറേക്കാലം കേടുകൂടാതെ സംസ്‌കരിച്ച് സൂക്ഷിക്കാം. മധുരക്കള്ള്‌ പുളിക്കുമ്പോഴാണ്‌ കള്ളായി മാറുന്നത്‌. ബാക്‌ടീരിയകളുടെ പ്രവര്‍ത്തനമാണ്‌ ഇതിനു കാരണം. മധുരക്കള്ള്‌ പുളിക്കാന്‍ അനുവദിക്കാതെ സംസ്‌കരിച്ചാല്‍ ദീര്‍ഘകാലം നീരയായി സൂക്ഷിച്ചു വെക്കാം. അതിനു വേണ്ട സാങ്കേതികവിദ്യ മൈസൂറിലെ ഡിഫന്‍സ്‌ഫുഡ്‌ റിസര്‍ച്ച്‌ലാബ്‌, സെന്‍ട്രല്‍ ഫുഡ്‌ ടെക്‌നോളജി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്നീ സ്‌ഥാപനങ്ങള്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

നെടിയഇനം തെങ്ങുകളാണ്‌ നീര ചെത്താന്‍ മികച്ചത്‌.നീര ഏറ്റവും ശുദ്ധവും ഔഷധഗുണമുള്ളതും പോഷകസമ്പന്നവുമാണ്‌ നീര. 100 മില്ലിലിറ്റര്‍ നീരയില്‍ 16-18 ഗ്രാം അന്നജവും 0.22 ഗ്രാം മാംസ്യവും 0.40 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ നല്ല അളവില്‍ വൈറ്റമിന്‍ ബി,സി എന്നിവയും ശരീരത്തിനാവശ്യമായ അമിനോഅമ്ലങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്‌. പൊട്ടാസ്യം, കാത്സ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്‌ തുടങ്ങിയ പോഷകങ്ങളും നീരയിലുണ്ട്‌. പ്രമേഹരോഗികള്‍ക്കും പോലും നീര കുടിക്കാം. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ശമനസഹായിയാണ്. പാരമ്പര്യചികിത്സാ സമ്പ്രദായങ്ങളില്‍ നീര വ്യാപകമായി ഉപയോഗിക്കുന്നു. ക്ഷയം, ആസ്‌ത്മ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നു. നീരയില്‍ നിന്നും ചക്കര, പഞ്ചസാര, സിറപ്പ്‌, തേന്‍, ചോക്ലേറ്റ്‌, മിഠായി, ജാം, കേക്ക്‌, വൈന്‍ തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കും വന്‍സാധ്യതകളാണുള്ളത്‌.

നാളികേരത്തിന്റെ തുടര്‍ച്ചയായ വിലയിടിവു കാരണം പ്രതിസന്ധിയിലായ കേര കര്‍ഷകര്‍ക്കു നല്ല പ്രതീക്ഷയാണ് നീര നല്‍കുന്നത്. നാളികേരവികസന ബോര്‍ഡ്‌ രൂപീകരിക്കുന്ന നാളികേര ഉല്‍പാദകരുടെ ഫെഡറേഷന്റെ നേതൃത്വത്തിലാണ്‌ നീര ഉല്‍പാദിപ്പിക്കുന്നത്‌.ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റര്‍ നീര. അത് ആറു ലിറ്റര്‍ വരെയാകാം. വില ലിറ്ററിന് 50 രൂപ. ഒരു ലിറ്റര്‍ വച്ച് കണക്കാക്കിയാലും ഒരു തെങ്ങില്‍നിന്ന് പ്രതിമാസം 1500 രൂപ. 20 തെങ്ങ് നീരചെത്താന്‍ കൊടുത്താല്‍ 30,000 രൂപ വരുമാനം. അത് അരലക്ഷവും ഒരുലക്ഷവും വരെ ആകാം.

മുരിങ്ങ

മുരിങ്ങ ഇലയും മുരിങ്ങക്കായും മലയാളികള്‍ക്ക് പ്രിയപെട്ടതാണ് . മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ , അവിയല്‍ , തീയല്‍ (തേങ്ങ വറുത്തരച്ച കറി) , തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്, മുരിങ്ങ പൂവിടുന്ന സമയം പൂക്കള്‍ കുറെയൊക്കെ കൊഴിഞ്ഞു താഴെ വീഴും, പ്ലാസ്റ്റിക്‌ ഷീറ്റ് അല്ലെങ്കില്‍ കടലാസ് താഴെ വിരിച്ചു മുരിങ്ങ പൂവ് ശേഖരിക്കാം. നമുക്ക് ഇവിടെ ചെടി മുരിങ്ങ അഥവാ ഒരാണ്ടന്‍ മുരിങ്ങയെ പരിചയപ്പെടാം . ഇവ നമുക്ക് നട്ടു 6 മാസം മുതല്‍ – 1 വര്‍ഷം വരെ കഴിഞ്ഞു വിളവു തരും .

ആദ്യം ഇവയുടെ തൈകള്‍ എവിടെ ലഭിക്കും എന്ന് പറയാം – എറണാകുളം വി എഫ് പി സി കെ യില്‍ ലഭ്യമാണ് (അവിടെ വിളിച്ചു ചോദിച്ചു ലഭ്യത ഉറപ്പു വരുത്താം – 04842427560 , 04842427544) . കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ പടന്നക്കാട് – 04672282737, മണ്ണുത്തി – 04872374332, 04872370540 . വില തൈ ഒന്നിന് 10 രൂപയാണ്.

രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടാം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കണം.

വള പ്രയോഗം മുരിങ്ങ നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കാം ആറു മാസത്തിനു ശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും കൊടുക്കാം. ചെടിയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്തു വേണം വളപ്രയോഗം നടത്താന്‍ . നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.

മണ്ട നുള്ളല്‍ ചെടി മുരിങ്ങ വളര്‍ന്നു ഏകദേശം 3-4 അടി ഉയരം വെക്കുബോള്‍ അതിന്റെ മണ്ട നുള്ളി വിടണം , കൂടുതല്‍ ശാഖകള്‍ ഉണ്ടാകാന്‍ ആണിത്. നന്നായി കായ്ക്കാനുമുള്ള എളുപ്പവഴി കൂടിയാണ് മണ്ട നുള്ളല്‍ .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നട്ട ശേഷം മിതമായി നനച്ചു കൊടുക്കണം. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം നടാന്‍ .

പയര്‍ കൃഷി രീതി – കുറ്റിപ്പയര്‍

പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഇതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.

വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.

താഴെ നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം ഒന്നും വേണ്ട. മുകളില്‍ സൂചിപ്പിച്ച സി പോം ഉണ്ടെകില്‍ അത് തന്നെ ധാരാളം. ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

കീടബാധ മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട് , പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന്‍ , ഇതിനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക്വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുരവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം.

ടിപ് – കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായഫലം കുറയും.

കൂര്‍ക്ക – കൃഷി രീതിയും പരിചരണവും

കേരളത്തിന്‍റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്ന് വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ കൂര്‍ക്കയില്‍ . അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍ , റൈബോഫ്ലോവിന്‍ , നിയാസിന്‍ , ജീവകം സി ഇവയൊക്കെയാണ് കൂര്‍ക്കയില്‍ അടങ്ങിയിരിക്കുന്നവ. കിഴങ്ങ് വര്‍ഗത്തില്‍ പെട്ട വിളയാണ് കൂര്‍ക്ക. കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ ആണ്. ഏകദേശം 4-5 മാസങ്ങള്‍ വേണം വിളവെടുക്കാന്‍ .

കൂര്‍ക്ക കൃഷിയുടെ ആദ്യ സംശയം , എന്താണ് നടുന്നത് എന്നാണ് ?. ചെറിയ കൂര്‍ക്കകള്‍ ആണോ നടുക ?. അല്ല , കൂര്‍ക്കകള്‍ പാകി മുളപ്പിച്ചു അതിന്റെ തലപ്പുകള്‍ (വള്ളികള്‍ ) ആണ് നടുക. തലപ്പുകള്‍ തയ്യാറാക്കുക്ക എന്നതാണ് കൂര്‍ക്ക കൃഷിയുടെ ആദ്യ കടമ്പ. വിത്ത് കിഴങ്ങ് കിട്ടുമെങ്കില്‍ അത് പാകി വള്ളികള്‍ തയ്യാറാക്കുക. അല്ലെങ്കില്‍ കടയില്‍ നിന്ന് കിട്ടുന്ന ചെറിയ ഉരുണ്ട കൂര്‍ക്ക പാകാം. ഞാന്‍ കഴിഞ്ഞ വര്‍ഷം അങ്ങിനെയാണ് തലപ്പുകള്‍ ഉണ്ടാക്കിയത്. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെ നാടന്‍ കൂര്‍ക്ക ഇനങ്ങള്‍ ഉണ്ട്.

തലപ്പുകള്‍ റെഡി ആയാല്‍ പിന്നെ നടാം. ചെറിയ രീതിയില്‍ ഉള്ള പരീക്ഷണം ആണെങ്കില്‍ ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ നടീല്‍ മിശ്രിതം നിറച്ചു അതില്‍ തലപ്പുകള്‍ നടാം. നിലത്താണെങ്കില്‍ മണ്ണ് നന്നായി കിളക്കുക. അടിവളവായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. കൂര്‍ക്കയുടെ പ്രധാന ശത്രു നിമാ വിരയാണ് , വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നത് ഇവയെ തടയും. അത് കഴിഞ്ഞു 45 സെന്റി മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ ഉണ്ടാക്കി 30 സെന്റി മീറ്റര്‍ അകലത്തില്‍ കൂര്‍ക്ക തലപ്പുകള്‍ / വള്ളികള്‍ നടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടുക.

വിളവെടുപ്പ് വള്ളികള്‍ ഉണങ്ങുന്നതാണ് കൂര്‍ക്ക വിളവെടുക്കാന്‍ റെഡി എന്നതിന്‍റെ സൂചന. ശ്രദ്ധാപൂര്‍വ്വം മണ്ണ് കിളച്ചു കൂര്‍ക്ക വിളവെടുക്കാം.

സ്വന്തം അനുഭവം ആദ്യമേ പറഞ്ഞ പോലെ ചുമ്മാ ഒരു വളവും ചെയ്യാതെ ഞാന്‍ കൂര്‍ക്ക നട്ടു. നല്ല വിളവാണ് ലഭിച്ചത്. അതിന്റെ ചിത്രം താഴെ ചേര്‍ക്കുന്നു. രുചി അതി ഗംഭീരം ആയിരുന്നു.

തക്കാളി വാട്ടം – എങ്ങിനെ പ്രതിരോധിക്കാം

 

പല പച്ചക്കറികളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും തക്കാളി കൃഷി ഒരു കീറാമുട്ടി ആയിരുന്നു. നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു. മനസ്സ് മടുത്തു പോകുന്ന കാര്യം തന്നെ ഇത്. പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ . പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു. കുമ്മായം ഇട്ടു പുളിപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഫെട്രാന്‍ എന്ന കുമിള്‍നാശിനി മണ്ണില്‍ ഒഴിച്ചു കൊടുത്താല്‍ വാട്ടം പ്രതിരോധിക്കാം എന്ന് അടുത്തുള്ള കൃഷി ഓഫീസര്‍ പറഞ്ഞു . പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു.

എങ്ങിനെ പ്രതിരോധിക്കാം എന്ന ചിന്ത , ഗൂഗിള്‍ സേര്‍ച്ചുകളില്‍ കൊണ്ടെത്തിച്ചു. വാട്ടം പ്രതിരോധിക്കുന്ന കുറെ ഇനങ്ങളുടെ പേരുകള്‍ ലഭിച്ചു. പക്ഷെ അതൊന്നും കിട്ടിയില്ല. കുറെ അന്വേഷിച്ചു, അല്‍പ്പമെങ്കിലും പോസിറ്റീവായ ഒരു മറുപടി ലഭിച്ചത് കൃഷി വിജ്ഞാന കേന്ദ്രം എറണാകുളത്തിന്‍റെ ഫേസ് ബുക്ക്‌ പേജില്‍ നിന്നായിരുന്നു. അത്തരം വിത്തുകള്‍ /തൈകള്‍ അവിടെ ലഭ്യമാണ് , പക്ഷെ സീസണുകളില്‍ മാത്രം.

ഒടുവില്‍ പ്രതിരോധം എന്ന അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. സൂര്യപ്രകാശം ധാരാളമായി വേണ്ട ചെടിയാണ് തക്കാളി. കൃഷി ടെറസ്സില്‍ ആക്കാന്‍ തീരുമാനിച്ചു (അത് വരെ താഴെ മണ്ണില്‍ ആയിരുന്നു തക്കാളി കൃഷി ചെയ്തത്) . ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗ് നെ ക്കുറിച്ച് വളരെ വിശധമായി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എടുക്കുന്ന മണ്ണ് ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. മണ്ണ് നന്നായി  വെയില്‍ കൊള്ളിച്ചു. മണ്ണ് ഇടഞ്ഞു കല്ലും കട്ടയും നീക്കം ചെയ്തു നിരത്തി രണ്ടു-മൂന്നു ദിവസം നല്ല വെയിലത്ത്‌ ഇട്ടു. ആ മണ്ണ് നടീല്‍ മിശ്രിതം ആക്കി, ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്. വിത്തുകള്‍ പാകി തൈകള്‍ ആക്കി. ഗ്രോ ബാഗിലെ വിത്ത് പാകല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടി മുക്കി വെക്കു

വഴുതന

വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതനങ്ങ അഥവാ കത്തിരിക്ക , സാമ്പാര്‍ , അവിയല്‍ എന്നിവയില്‍ ഇടാറുണ്ട്. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി) ഇവ ഉണ്ടാക്കാനും നല്ലതാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍ .

വിത്ത് പാകി ആണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിത്തുകള്‍ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാന്‍ ഒരു എളുപ്പ പണിയുണ്ട്. മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഇനി ഒരു പത്രത്തില്‍ വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക, നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ എല്ലാ പെറുക്കി കളഞ്ഞു ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക , വിത്തുകള്‍ ഉണക്കി സൂക്ഷിക്കുക.

വിത്തുകള്‍ പാകുന്ന വിധം മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കുക, ഒരുപാടു എടുക്കണ്ട, നമുക്ക് ഒരു പത്തു മൂട് വഴുതന നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതു-അറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്‌/ചെടിചട്ടി അല്ലെങ്കില്‍ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.

വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്‌/ പ്ലാസ്റ്റിക്‌ ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

ബീറ്റ് റൂട്ട് – കൃഷി രീതിയും പരിചരണവും

തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരന്‍ , പച്ചടി ഇവ തയ്യാര്‍ ചെയ്യാം. കടയില്‍ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. ഞാന്‍ നട്ടത് ഗ്രോ ബാഗിലും പ്ലാസ്റ്റിക്‌ പത്രങ്ങളിലും ആണ് . ഗ്രോ ബാഗ്‌, നടീല്‍ മിശ്രിതം ഇവയെ പറ്റി പഴയ പോസ്റ്റുകളില്‍ പറയുന്നുണ്ട്.

വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. ഞാന്‍ വിത്ത് വാങ്ങിയത് അടുത്തുള്ള ഒരു കടയില്‍ നിന്നുമാണ്. ഹരിത എന്ന കമ്പനിയുടെത്, അവരുടെ ഫോണ്‍ നമ്പര്‍ ഇതാണ് (9847236480). വിത്തുകള്‍ പകുന്നതിനു മുന്‍പ് ഒരു (10-30) മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ്‌ കൃഷിക്ക്‌ അനുയോജ്യം. ആഗസ്‌റ്റ്‌ മുതല്‍ ജനുവരി വരെയാണ് കൃഷി ചെയ്യന്‍ പറ്റിയ സമയം. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട്‌ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.

കീടബാധ ഒരു കീടബധയും എനിക്ക് ഇതുവരെ ഉണ്ടായില്ല, ചെടികള്‍ നന്നായി വളരുന്നു. റോക്കറ്റ്‌ പുഴു, കൂട്ടുകെട്ടിപുഴു , ഇലപ്പുള്ളി , മൃദുരോമപൂപ്പ്‌ ഇവയൊക്കെ ഉണ്ടായേക്കാം.

നീറ് (പുളിയുറുമ്പ് ) ഉപയോഗിച്ചുള്ള കീട നിയന്ത്രണം

ഇന്ന് ഞങ്ങള്‍ക്ക് ഒരു മെസ്സേജ് ലഭിച്ചു, കൃഷിപാഠം വെബ്സൈറ്റ് സന്ദര്‍ശിച്ച ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. മുഞ്ഞയെ എങ്ങിനെ നിയന്ത്രിക്കാം ?. ഈ വെബ്സൈറ്റ് തുടങ്ങിയ സമയത്തെ ആലോചിച്ചതാണ് പുളിയുറുമ്പ് എന്നാ മിത്രത്തെ പറ്റി എഴുതണം എന്ന്. പയറിനെ അക്രമിക്കുന്ന ഒരു കീടം ആണ് മുഞ്ഞ. പയറിനെ മാത്രം അല്ല മറ്റു പച്ചക്കറികളിലും (കോവല്‍ ) ഇതിന്‍റെ ഉപദ്രവം ഉണ്ടാകാറുണ്ട്. ചെറിയ തോതിലുളള ആക്രമണങ്ങളെ കൈ കൊണ്ട് പെറുക്കി കളഞ്ഞു പ്രതിരോധിക്കാം. കൂടുതല്‍ ആയാല്‍ വേറെ എന്തെങ്കിലും ചെയ്തെ പറ്റു. അവിടെയാണ് നീറ് അഥവാ പുളിയുറുമ്പുകളുടെ പ്രസക്തി. ആളെ പിടി കിട്ടിയാ ?. ഇല്ലേല്‍ താഴെ കാണുന്ന പടം നോക്കുക. അദ്ദേഹം ആണ് നീറ് അഥവാ പുളിയുറുമ്പ്

നീറുകളുടെ എങ്ങിനെ ഉപയോഗിക്കാം ?. ഇവയുടെ കൂടുകള്‍ കണ്ടു പിടിക്കുക. അടുത്തുള്ള മരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയുടെ കൂട് (നീറും പെട്ടി എന്നാണ് ഇവിടെ അതിനു പറയുക) കാണാം. ശ്രദ്ധാപൂര്‍വ്വം അവ എടുത്തു (സൂക്ഷിക്കണം , പതുക്കെ എടുക്കണം ഇല്ലെങ്കില്‍ പണി കിട്ടും) മുഞ്ഞ ആക്രമിച്ച ചെടിയില്‍ ഇടുക. നീറ്  അവിടെ വ്യാപിച്ചു മുഞ്ഞയെ ഇല്ലാതാക്കും.  ഒരു പക്ഷെ ഈ പറഞ്ഞ നീറും കൂട് ഒന്നും അവിടെ ഇല്ലേല്‍ വേറെ പണിയുണ്ട്. ഒരു കഷണം പച്ച ഇറച്ചി കെട്ടി തൂക്കിയാല്‍ മതി നീറ് ഓടി വരും.

മുഞ്ഞയെ മാത്രമേ നീറുകള്‍ ഇല്ലാതാക്കു ? – അല്ല ചെറിയ കീടങ്ങള്‍ , പുഴുക്കള്‍ ഒക്കയെ അവര്‍ നശിപ്പിക്കും. ഒരിക്കല്‍ കൃത്യമായി ഇവയെ ചെടികളില്‍ എത്തിച്ചാല്‍ അവര്‍ നമ്മുടെ ചെടികളെ ശ്രദ്ധാപൂര്‍വ്വം നോക്കും. ചെടിയുടെ ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു.

ശ്രദ്ധിക്കുക നീറ് (പുളിയുറുമ്പ് ) കളുടെ പ്രധാന ശത്രു ആണ് ചെറിയ ഉറുമ്പുകള്‍ . അവ ചെടികളില്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഒതുക്കണം. ഇല്ലെങ്കില്‍ നീറിനെ ചെറിയ ഉറുബുകള്‍ കൊന്നു കളയും.

കോവല്‍ – കൃഷി രീതികളും പരിചരണവും

കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി , തോരന്‍ , തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം . അവിയല്‍ , സാംബാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ് . വി എഫ് സി കെ യിലും ചില കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കോവല്‍ തണ്ടുകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , വിഷലിപ്തമായ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഇന്ന് തന്നെ തീരുമാനിക്കുക,പച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്‌. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക.

അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണു, അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.

നിത്യ വഴുതന

പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യ വഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.

ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.

നടീല്‍ രീതി വിത്ത് പാകിയാണ് നിത്യ വഴുതന കൃഷി ചെയ്യുന്നത്, മണ്ണ് നന്നായി കിളച്ചിളക്കി വിത്തിടുക, നന്നായി നനച്ചു കൊടുക്കുക, കാര്യമായ വള പ്രയോഗം ഒന്നും വേണ്ട ഈ ചെടിക്ക്. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. കീടങ്ങള്‍ അങ്ങിനെയൊന്നും ആക്രമിച്ചു കണ്ടിട്ടില്ല.

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate