Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജൈവ വളക്കൂട്ടുകള്‍

ജൈവ വളക്കൂട്ടുകള്‍ കൃത്യമായി പ്രയോഗിച്ചാല്‍ മികച്ച വിളവും രോഗപ്രതിരോധവും ഉണ്ടാക്കാനാവും.

വളക്കൂട്ടുകള്‍

കേരളത്തില്‍ കൂടുതല്‍ പച്ചക്കറിക്കൃഷി നടക്കുന്ന സീസണും ഇതാണ്. വിഷുവിപണിയില്‍ പച്ചക്കറി സുലഭമാകണമെങ്കില്‍ ഇപ്പോള്‍ കൃഷി വ്യാപിപ്പിക്കണം. രാസരീതി കൃഷി പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും കീടനാശിനികള്‍. ജൈവകൃഷി ചെയ്യുമ്പോള്‍ ജൈവവളമാണല്ലോ പ്രധാനം. നമുക്ക് സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്ന ചില ജൈവവളക്കൂട്ടുകളുണ്ട്. ഇത് കൃത്യമായി പ്രയോഗിച്ചാല്‍ മികച്ച വിളവും രോഗപ്രതിരോധവും ഉണ്ടാക്കാനാവും. ഈ വളക്കൂട്ട് ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഏറെ അനുയോജ്യമാണ്. ഏതാനും ചില വളക്കൂട്ടുകള്‍ ഇനി പരിചയപ്പെടാം.

ജീവാമൃതം

ആവശ്യമായ ചേരുവകള്‍ (1 ഏക്കര്‍ സ്ഥത്തിനു)

1. ചാണകം : 5 കി.ഗ്രാം (ഒന്നോ രണ്ടോ ദിവസം പഴക്കമുള്ള ചാണകം മാത്രം ഉപയോഗിക്കുക)
2. ഗോമൂത്രം : 2 ലിറ്റര്‍
3. ശര്‍ക്കര : 1 കി. ഗ്രാം
4. പയര്‍പൊടി : 1 കി.ഗ്രാം
5. മേല്‍മണ്ണ് : 1 കി.ഗ്രാം
6. ശുദ്ധജലം : 10 ലിറ്റര്‍
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു പ്ലാസ്റ്റിക്/ സിമന്‍റ് പാത്രത്തില്‍ ഇട്ട് കൂട്ടിയോജിപ്പിച്ച്, പാത്രത്തിന്‍റെ വായ് ഒരു തുണി കൊണ്ട് മൂടിക്കെട്ടി 48 മണിക്കൂര്‍ നേരം സൂക്ഷിച്ച്, ഇമിച്ചെടുത്ത് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. നേര്‍പ്പിക്കുന്നതിന് മുന്പ് ഒരു പഴം കൂടി ഇട്ടുവെച്ചാല്‍ 3 മാസം വരെ കേട് കൂടാതെ ഇരിക്കും.

 • ജൈവ കര്‍ഷകന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്
 • വളരെ വേഗത്തില്‍ കുറഞ്ഞ ചെലവില്‍ തയ്യാറാക്കുവാന്‍ സാധിക്കും
 • ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
 • ഇലയില്‍ തളിക്കുന്നതിനും, ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതിനും ജീവാമൃതം ഉപയോഗിക്കും
 • ജീവാമൃതം നല്‍കുന്നതിലൂടെ ചെടികള്‍ക്ക് സൂക്ഷ്മ മൂലകങ്ങളും, ധാതുലവണങ്ങളും ലഭിക്കുന്നതോടൊപ്പം മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.


പൊടിരൂപത്തിലുള്ള ജീവാമൃതം


ആവശ്യമായ ചേരുവകള്‍ (1 ഏക്കര്‍ സ്ഥത്തിനു)
1. ചാണകം : 100 കി.ഗ്രാം (നേരിയ തോതില്‍ നനവുള്ളത്)
2. ഗോമൂത്രം : 10 ലിറ്റര്‍
3. മേല്‍മണ്ണ് : 02 കി.ഗ്രാം
4. ശര്‍ക്കര : 02 കി.ഗ്രാം
5. പയര്‍പൊടി : 02 കി.ഗ്രാം
നിരന്ന സ്ഥലത്തോ, സിമന്‍റ് തറയിലോ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. അതിന് മുകളില്‍ എല്ലാ ചേരുവകളും കൂട്ടിയോജിപ്പിച്ച് നിരത്തിയിടുക. മുകള്‍ ഭാഗത്ത് ചെറിയ തണല്‍ നല്‍കണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നന്നായി ഇളക്കി യോജിപ്പിച്ച് 10 ദിവസം സൂക്ഷിച്ചുവെക്കുക. ചെറിയ തോതില്‍ വെള്ളം നനച്ച് കൊടുക്കുക. 10 ദിവസം മുതല്‍ ഉപയോഗിച്ചു തുടങ്ങാം കൂടുതല്‍ കാലം സൂക്ഷിക്കുന്നതിന് ചണചാക്ക് ഉപയോഗിക്കുക. ഇത് സസ്യങ്ങള്‍ക്ക് ഉത്തമ ജൈവവളമാണ്.

ദ്രാവക സാന്ദ്രീകൃത ജൈവവളം


ഇവ ഉണ്ടാക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ അനുപാതത്തില്‍ ഇനിപറയുന്നു. പച്ചച്ചാണകം അഞ്ച് കി.ഗ്രാം, ഗോമൂത്രം 10 ലിറ്റര്‍, കടലപ്പിണ്ണാക്ക് 500 ഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 500 ഗ്രാം, ശര്‍ക്കര 500 ഗ്രാം, പാളയന്‍കോടന്‍ (മൈസൂര്‍ പൂവന്‍) പഴം നന്നായി പഴുത്തത് അഞ്ചെണ്ണം. ശുദ്ധജലം 50 ലിറ്റര്‍. (അല്‍പ്പ അളവില്‍ മാത്രം ആവശ്യമുള്ളവര്‍ക്ക് ആനുപാതികമായി അളവില്‍ കുറവുവരുത്താം). നിര്‍മാണം: കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ശര്‍ക്കര എന്നിവ പൊടിക്കുക. പഴം നന്നായി ഞരടി പാകപ്പെടുത്തുക. ഗോമൂത്രവും ചാണകവും ബക്കറ്റിലിട്ട് ഇളക്കി യോജിപ്പിക്കുക. ഇതില്‍ കടലപ്പിണ്ണാക്കും, വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. ശര്‍ക്കരയും പഴവും യോജിപ്പിച്ചശേഷം അതും ഈ ലായനിയില്‍ ചേര്‍ക്കുക. ഇതിനകത്ത് 50 ലിറ്റര്‍ വെള്ളമൊഴിച്ച് നന്നായി ഇളക്കുക. വായ് മൂടിക്കെട്ടി തണലില്‍ വയ്ക്കുക. 10 ദിവസം ഒരുനേരം അല്‍പ്പസമയം ഇളക്കണം. പിന്നീട് 10 ദിവസം ഇളക്കാതെയും സൂക്ഷിക്കുക. അതിനുശേഷം ആവശ്യാനുസരണം അല്‍പ്പാല്‍പ്പമായി എടുത്ത് പച്ചക്കറിയില്‍ നേരിട്ട് ഒഴിച്ചുകൊടുക്കാം. ആഴ്ചയില്‍ ഒരുതവണ ഒഴിച്ചാല്‍ മതിയാകും.

പഞ്ചഗവ്യം


ജൈവസാന്നിധ്യത്തിനു പുറമെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണ്‍, രോഗപ്രതിരോധശേഷി എന്നിവയ്ക്കും ഉപയുക്തമായ വളവും മരുന്നുമാണ് പഞ്ചഗവ്യം.

ആവശ്യമായ ചേരുവകള്‍ (ആദ്യത്തെ 5 എണ്ണം പശുവില്‍ നിന്ന്)
1. ചാണകം : 05 കി. ഗ്രാം
2. ഗോമൂത്രം : 03 ലിറ്റര്‍
3. പാല്‍ : 02 ലിറ്റര്‍
4. തൈര് : 02 ലിറ്റര്‍
5. നെയ്യ് : 500 ഗ്രാം
6. വെള്ളം : 10 ലിറ്റര്‍
21 ദിവസം കൊണ്ടാണ് പഞ്ചഗവ്യം തയ്യാറാക്കുന്നത് ആദ്യമായി ചാണകം, നെയ്യ് എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് ഒരു ബക്കറ്റിലാക്കി വായ തുണികൊണ്ട് മൂടിക്കെട്ടി 4 ദിവസം വെക്കണം. 4 ദിവസങ്ങള്‍ക്കു ശേഷം 4-5 ദിവസം പഴക്കമുള്ള തൈര്, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഗോമൂത്രം ഒഴിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കുക. തുടര്‍ന്ന് തുണികൊണ്ട് പാത്രത്തിന്‍റെ വായ് മൂടിക്കെട്ടി വെക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 15 മിനുട്ട് വരെ വലത്തോട്ടും ഇടത്തോട്ടും നന്നായി ഇളക്കുക. 21 ദിവസങ്ങള്‍ കൊണ്ട് പഞ്ചഗവ്യം തയ്യാറാകും. ഇങ്ങനെ തയ്യാറാക്കുന്ന പഞ്ചഗവ്യത്തില്‍ നിന്നും 3 ലിറ്റര്‍ എടുത്ത് 97 ലിറ്റര്‍ വെള്ളവുമായി യോജിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ്. നേഴ്സറിയിലെ തൈകള്‍ക്ക് ഒന്നര ലിറ്ററില്‍ 98 /2 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

 • പഞ്ചഗവ്യം വളരെ നല്ല വളര്‍ച്ചാ ഹോര്‍മോണും ഇമ്മ്യൂണ്‍ സിസ്റ്റം വികസിപ്പിക്കുന്ന ജൈവ ലായനിയുമാണ്.
 • സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
 • രോഗങ്ങളെയും കീടങ്ങളെയും അകറ്റി നിര്‍ത്തുന്നു.
 • ഉത്പന്നങ്ങള്‍ക്ക് നല്ല നിറവും, രുചിയും ഭാരവും നല്‍കുന്നു.
 • ഉത്പന്നങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കുന്നു.
 • മണ്ണില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
 • വളര്‍ത്തുമൃഗങ്ങള്‍ക്കും പഞ്ചഗവ്യം നല്‍കാവുന്നതാണ്.


അമൃതപാനി


ചേരുവകള്‍
1. പച്ച ചാണകം : 1 കി.ഗ്രാം
2. ഗോമൂത്രം : 1 ലിറ്റര്‍
3. ശര്‍ക്കര : 250 ഗ്രാം
4. വെള്ളം : 10 ലിറ്റര്‍
5. പയര്‍പൊടി 250 ഗ്രാം

തയ്യാറാക്കുന്ന വിധം
മേല്‍പറഞ്ഞ ചേരുവകള്‍ നന്നായി യോജിപ്പിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഇടുക. നല്ല കോട്ടണ്‍ തുണി കൊണ്ട് മൂടിക്കെട്ടി സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് 24 മണിക്കൂര്‍ സൂക്ഷിക്കുക. ഈ മിശ്രിതം ഒരു ലിറ്ററിന് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകള്‍ക്കും ഉപയോഗിക്കാം.

ഗുണഫലങ്ങള്‍
1. വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
2. മണ്ണിലെ സൂഷ്മാണുക്കളെ വര്‍ദ്ധിപ്പിക്കുന്നു.
3. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഈ മിശ്രിതത്തില്‍ മുക്കിവെച്ചതിനു ശേഷം മുളപ്പിച്ചാല്‍ കൂടുതല്‍ കരുത്തും വിളവും ലഭിക്കും.

ഇ.എം. ലായനി


ആവശ്യമായ ചേരുവകള്‍
1. 3 തരത്തിലുള്ള, മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ 2 കി.ഗ്രാം വീതം (ഉദാ : 2 കി.ഗ്രാം മത്തങ്ങ, 2 കി.ഗ്രാം പപ്പായ, 2 കി.ഗ്രാം വാഴപ്പഴം)
2. ശര്‍ക്കര : 2 കി.ഗ്രാം
3. കോഴിമുട്ട (നാടന്‍) : 2 എണ്ണം
4. ശുദ്ധമായ ജലം : 10 ലിറ്റര്‍

ഇത് വായു കടക്കാത്ത വിധത്തിലാണ് തയ്യാറാക്കെണ്ടത്. അതിനാല്‍ നല്ല അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ വേണം ഇത് തയ്യാറാക്കുവാന്‍. പഴങ്ങള്‍ എല്ലാം നന്നായി പഴുത്തിരിക്കണം. കുരുവുള്ള പഴങ്ങളുടെ കുരു കളയുക. മിക്സിയില്‍ അടിച്ചെടുക്കുവാന്‍ പ്രയാസമുണ്ടെങ്കില്‍ തൊലിയും കളയാവുന്നതാണ്. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ അടിച്ചെടുത്ത പഴങ്ങളുടെ കുഴന്പ്, ശരക്കര, കോഴിമുട്ട, ശുദ്ധജലം എന്നിവയിട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. പാത്രത്തിന്‍റെ 75% വും ഒഴിഞ്ഞുകിടക്കണം. മിശ്രിതം പാത്രത്തില്‍ ആക്കിയതിനു ശേഷം വളരെ നന്നായി അടച്ച് അടപ്പിനു മുകളില്‍ ഭാരമുള്ള ഒരു വസ്തു കയറ്റിവെക്കണം. ആദ്യത്തെ 10 ദിവസങ്ങള്‍ക്ക് ശേഷം അടപ്പ് തുറന്നു നോക്കിയാല്‍ പാത്രത്തിനു മുകളില്‍ വെളുത്ത പാട പോലുള്ള വസ്തു നിറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കും. ഇത് എടുത്ത് കളഞ്ഞതിനു ശേഷം വീണ്ടും പാത്രം നന്നായി അടച്ച് അതിന് മുകളില്‍ ഭാരം വെച്ച് വീണ്ടും 30 ദിവസം (ആകെ 40 ദിവസം) സൂക്ഷിക്കുക. വേനല്‍കാലത്ത് 30 ദിവസം കൊണ്ടും തയ്യാറാകും. ഇങ്ങനെ തയ്യാറാക്കുന്ന ലായനി 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാസസ്യങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

ജൈവലായനിആടുകള്‍, മാടുകള്‍ എന്നിവ കടിക്കാത്തതും, കയ്പ് രുചിയുള്ളതും, രൂക്ഷഗന്ധം ഉള്ളതുമായ 5 ഇനത്തിലുള്ള ഇലകള്‍ ജൈവലായനിക്ക് ആവശ്യമാണ്. ഓരോ ഇനത്തില്‍ വരുന്ന 1 കി.ഗ്രാം വീതം എടുത്ത് നന്നായി ഇമിഞ്ഞ് അരച്ചെടുത്ത് 5 ലിറ്റര്‍ ഗോമൂത്രവും കൂടി ചേര്‍ത്ത് ഒരു പാത്രത്തില്‍ തുണികൊണ്ട് അടച്ചുവെച്ച് 10 ദിവസം വെച്ചതിനു ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇങങ്നെ തയ്യാറാക്കുന്ന ലായനി 1:10 അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. വെള്ളത്തില്‍ നേര്‍പ്പിക്കുന്പോള്‍ ബാര്‍ സോപ്പു കൂടി ചേര്‍ത്താല്‍ വേഗത്തില്‍ ലയിച്ച് കിട്ടും. ഇത് ചെടികളില്‍ തളിച്ചാല്‍ ചെടികളെ കീടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ സാധിക്കും.

വേപ്പിന്‍കുരു മിശ്രിതം3 കി.ഗ്രാം വേപ്പിന്‍കുരു ഒരു കോട്ടണ്‍ തുണിയില്‍ കെട്ടി ഒരു ബക്കറ്റില്‍ 10 ലിറ്റര്‍ വെള്ളം ഒഴിച്ച് അതില്‍ ഇട്ട് 10 ദിവസം വെച്ചിരുന്നാല്‍ പാല്‍ പോലുള്ള ഒരു ലായനി ലഭിക്കും. ഇത് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിച്ചാല്‍ കീടങ്ങളെ ഒഴിവാക്കി നിര്‍ത്തുവാന്‍ സാധിക്കും. കുപ്പിയില്‍ അടച്ചുവെച്ചാല്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കും.


വെളുത്തുള്ളി, ഇഞ്ചി, കാന്താരി മുളക് മിശ്രിതം


വെളുത്തുള്ളി, ഇഞ്ചി, കാന്താരി മുളക് എന്നിവ 50 ഗ്രാം വീതം എടുത്ത് മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ഇത് ജൈവലായനി, വേപ്പെണ്ണ മിശ്രിതം, ഇ.എം. ലായനി എന്നിവ ഏതെങ്കിലും ഒന്നില്‍ ചേര്‍ത്ത് അടിക്കുക. കീടങ്ങളെ ഫലവത്തായി നിയന്ത്രിക്കാന്‍ സാധിക്കും.

ജൈവ കഷായം


ആട്, മാട് എന്നിവ കടിക്കാത്ത 5 ഇനം ഇലകള്‍ 1 കി.ഗ്രാം വീതം എടുത്ത് അതില്‍ 50 ഗ്രാം വീതം വെളുത്തുള്ളി, ഇഞ്ചി, കാന്താരിമുളക് എന്നിവ കൂടി ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി യോജിപ്പിക്കുക. തുടര്‍ന്ന് തിളപ്പിച്ച് 5 ലിറ്ററാക്കി വറ്റിച്ച് കഷായം വെച്ച് തണുപ്പിച്ച് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിച്ചാല്‍ കീടങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.


ഗുണഭം (ഫിഷ് അമിനോ ആസിഡ്)


ഒരു കി.ഗ്രാം മത്സ്യം നന്നായി മുറിച്ച്, ഒരു കി.ഗ്രാം ശര്‍ക്കര പാനിയില്‍ യോജിപ്പിച്ച് ഒരു പലാസ്റ്റിക് പാത്രത്തില്‍ വളരെ നന്നായി അടച്ച് 20 ദിവസം സൂക്ഷിച്ചുവെക്കുക. 20 ദിവസങ്ങള്‍ക്കു ശേഷം നന്നായി അരിച്ചെടുത്ത് 1:10 എന്ന അനുപാതത്തില്‍ വെള്ളവുമായി നേര്‍പ്പിച്ച് ഉപയോഗിക്കുക. ഇത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം കീടങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇത് എത്രനാള്‍ വെണമെങ്കിലും സൂക്ഷിച്ചുവെക്കാം.

മത്സ്യലായനി


വളരെ പെട്ടെന്ന് പച്ചക്കറിയില്‍ ഫലംചെയ്യുന്ന വളക്കൂട്ടാണിത്. ആവശ്യമായ സാധനങ്ങള്‍ ഇനി പറയുന്നു. ഒരു കി.ഗ്രാം മത്തി (ചാള), ഒരുകി.ഗ്രാം പൊടിച്ച ശര്‍ക്കര. മത്തി ചെറുതായി നുറുക്കി ഒരു ഭരണിയില്‍ ഇടുക. ഇതില്‍ ശര്‍ക്കര പൊടിച്ചതും ചേര്‍ക്കുക. വെള്ളംചേര്‍ക്കാതെ വായു കടക്കാതെ 15-20 ദിവസം അടച്ചുവയ്ക്കുക. പിന്നീട് അരിപ്പകൊണ്ട് അരിച്ചെടുത്ത ദ്രാവകം, ഒരു കുപ്പിയില്‍ അടച്ചുസൂക്ഷിക്കുക. ഇത് രണ്ടു മി.ലി. ഒരുലിറ്റര്‍ വെള്ളത്തില്‍ ഒഴിച്ച് പച്ചക്കറിയുടെ നാലിലപായംമുതലുള്ള എല്ലാ വളര്‍ച്ചാഘട്ടത്തിലും ഒഴിച്ചുകൊടുക്കാം.

ജീബ്രിലിന്‍ ടോണിക് അഥവാ കോക്കനട്ട് ടോണിക്


രണ്ടര ലിറ്റര്‍ തേങ്ങാപ്പാലില്‍ രണ്ടര ലിറ്റര്‍ പുളിപ്പിച്ച മോരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് പാത്രത്തിന്‍റെ വായ് നന്നായി മൂടിക്കെട്ടി 10 ദിവസം സൂക്ഷിച്ചുവെക്കുക. 10 ദിവസങ്ങള്‍ക്കു ശേഷം 2 ഗ്രാം പെരുംകായം കൂടി അരച്ച് ചേര്‍ക്കുക. അതിനു ശേഷം 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിക്കുക. പച്ചക്കറികള്‍, പൂച്ചെടികള്‍ എന്നിവ വേഗത്തില്‍ വളരുന്നതിന് ഇത് സഹായകരമാകും

കരി, ജൈവലായനി മിശ്രിതം


കരിയില്‍ വളരെ വേഗത്തില്‍ സൂക്ഷ്മാണുക്കള്‍ വളരും. കരിയില്‍ ഏതെങ്കിലും ജൈവലായനി മിശ്രിതം (ജീവാമൃതം, ഇ.എം. ലായനി, പഞ്ചഗവ്യം) ഒഴിച്ച് ഒരാഴ്ച തണലത്ത് നിരത്തിയിടുക. ഒരാഴ്ച കഴിഞ്ഞ് തോട്ടത്തില്‍ വിതറിയാല്‍ വളരെ വേഗത്തില്‍ സൂക്ഷ്മാണുക്കള്‍ കൃഷിയിടത്തില്‍ പെരുകും. സൂക്ഷ്മാണുക്കള്‍ക്കൊപ്പം കാര്‍ബണിന്‍റെ അംശവും മണ്ണില്‍ വര്‍ദ്ധിക്കും.

തേങ്ങാപാല്‍ ലായനി


പച്ചക്കറിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇത് വളരെ ഫലപ്രദമാണ്. നിര്‍മാണം ഇങ്ങനെ: 10 തേങ്ങയുടെ പാല്‍ പിഴിഞ്ഞ് ഒരു പാത്രത്തില്‍ ഒഴിക്കുക. ഇതിനകത്ത് രണ്ട് കരിക്കിന്റെ വെള്ളവും ചേര്‍ക്കുക. (ആകെ അഞ്ച് ലിറ്റര്‍ ഉണ്ടാവണം). ഇതില്‍ അഞ്ചു ലിറ്റര്‍ മോരുകൂടി ഒഴിക്കുക. 7-10 ദിവസംവരെ അടച്ചുവയ്ക്കുക. പിന്നീട് ആവശ്യാനുസരണം എടുത്ത് അളവിന്റെ 10 ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പച്ചക്കറിയുടെ ഇലകളില്‍ തളിക്കാം.

പെരുവല സത്ത്


പെരുവലത്തിന്‍റെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് ഉപയോഗിക്കാം. പച്ചക്കറി വിളകളില്‍ കാണുന്ന കീടങ്ങള്‍, ഇലച്ചാടികള്‍, മീലിമൂട്ടകള്‍, പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

വേപ്പെണ്ണ മിശ്രിതം


60 ഗ്രാം സാധാഇം അലക്കു സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ ലായനി 1 ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്തിളക്കുക. ഈ ലായനി പത്തിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. പച്ചത്തുള്ളന്‍, ചിത്രകീടം, ഇലപേന്‍ തുടങ്ങിയവക്കെതിരെ ഇത് ഫലപ്രദമാണ്

കടപ്പാട് :പി.എ  ജോസ്

വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി

3.08888888889
ANAMIKA PAVITHRAN Sep 16, 2015 12:05 PM

നല്ല്ത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top