অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരിമ്പ് കൃഷിയെ കുറിച്ചുള്ള വിവരങ്ങള്‍

കരിമ്പിന്‍റെ ഉത്ഭവവും കൃഷിയും

പഞ്ചസാര ഗവേഷണനിലയത്തിലെ ഒരു കൃഷിശാസ്‌ത്രജ്ഞൻ സന്തോഷത്തോടെ കരിമ്പിനെയും കരിമ്പുകൃഷിയെയും കുറിച്ച് ഞങ്ങൾക്കു വിശദീകരിച്ചു തരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെയും ന്യൂഗിനിയിലെയും മഴവനങ്ങളിലാണു കരിമ്പ് ആദ്യമായി കണ്ടെത്തിയത്‌. സാധാരണ പുല്ലും ധാന്യച്ചെടികളും മുളയുമൊക്കെ ഉൾപ്പെടുന്ന വളരെ വൈവിധ്യമാർന്ന തൃണവർഗത്തിലെ അഥവാ പുൽവർഗത്തിലെ ഒരു അതികായനാണ്‌ കരിമ്പ്. ഈ ചെടികളെല്ലാം പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ ഇലകളിൽ പഞ്ചസാര നിർമിക്കുന്നു. എന്നാൽ പഞ്ചസാര വളരെ വലിയ അളവിൽ നിർമിക്കുകയും നാരുനിറഞ്ഞ തണ്ടിൽ മധുരമുള്ള നീരായി സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്‌ കരിമ്പിന്‍റെ പ്രത്യേകത.

പുരാതനകാലം മുതലേ ഇന്ത്യയിൽ കരിമ്പ് കൃഷിചെയ്‌തിരുന്നു. പൊ.യു.മു. 327-ൽ ആക്രമിച്ചു മുന്നേറുകയായിരുന്ന മഹാനായ അലക്‌സാണ്ടറിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നവർ ഇന്ത്യയിലെ ജനങ്ങൾ “തേനീച്ചകളുടെ സഹായം കൂടാതെ ഒരു തരം തേൻ ഉത്‌പാദിപ്പിച്ചിരുന്ന അത്ഭുതകരമായ ഒരു തണ്ട് ചവച്ചിരുന്ന”തായി രേഖപ്പെടുത്തുകയുണ്ടായി. 15-‍ാ‍ം നൂറ്റാണ്ടിൽ, ലോകപര്യവേക്ഷണത്തിന്‍റെയും വികസനത്തിന്‍റെയും ആക്കം വർധിച്ചതോടെ കരിമ്പുകൃഷി പലയിടങ്ങളിലേക്കും വ്യാപിച്ചു. ഇന്ന്, ആയിരക്കണക്കിന്‌ കരിമ്പിനങ്ങൾ ഉണ്ട്. 80-ൽപരം രാജ്യങ്ങളിലായി ഒരു വർഷം ഏതാണ്ട് 100 കോടി ടൺ കരിമ്പ് ഉത്‌പാദിപ്പിക്കപ്പെടുന്നു.

ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും, കരിമ്പു നടുന്നത്‌ വളരെയധികം അധ്വാനം ഉൾപ്പെട്ടിരിക്കുന്ന ഒരു സംഗതിയാണ്‌. മൂപ്പെത്തിയ കരിമ്പുകളുടെ തണ്ട് ഏകദേശം 40 സെന്‍റിമീറ്റർ നീളത്തിൽ മുറിക്കുന്നു. എന്നിട്ട് തലയ്‌ക്കങ്ങൾ എന്നറിയപ്പെടുന്ന അവ പ്രത്യേകം തയ്യാറാക്കിയ ചാലുകളിൽ ഏതാണ്ട് 1.5 മീറ്റർ ഇടവിട്ട് നടുന്നു. ഓരോന്നിൽനിന്നും ഏതാണ്ട് 8 മുതൽ 12 വരെ കരിമ്പിൻതണ്ടുകൾ വളർന്നുവരും. 12 മുതൽ 16 വരെ മാസത്തെ വളർച്ചയോടെ അവ മൂപ്പെത്തും. മൂപ്പെത്തിയ കരിമ്പ് ഇടതൂർന്ന് നിൽക്കുന്ന ഒരു തോട്ടത്തിലൂടെ നടക്കുമ്പോൾ പേടി തോന്നുന്നെങ്കിൽ അതു സ്വാഭാവികം മാത്രം. കരിമ്പിൻ തണ്ടുകൾക്കും അവയുടെ സമൃദ്ധമായ ഇലപ്പടർപ്പിനും കൂടെ നാല്‌ മീറ്റർ വരെ ഉയരം കണ്ടേക്കാം. അയ്യോ, അവിടെയെന്താണാകിരുകിരുശബ്ദം? കാറ്റാണോ, അതോ ഇനി വല്ല പാമ്പോ മറ്റോ ആയിരിക്കുമോ? ഏതായാലും ചെടികളുടെ ഇടയിൽനിന്ന് പുറത്തു കടക്കുന്നതായിരിക്കും ബുദ്ധി!

കരിമ്പിനെ ആക്രമിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാനുള്ള വഴികൾ കണ്ടുപിടിക്കുന്നതിനായി ഗവേഷണങ്ങൾ നടന്നുവരുന്നു. ഇതിൽ പലതും കുറേയൊക്കെ വിജയിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതി എപ്പോഴും അതായിരുന്നിട്ടില്ല. ഉദാഹരണത്തിന്‌, 1935-ൽ ഉപദ്രവകാരിയായ കെയിൻ ബീറ്റലിനെ തുടച്ചുനീക്കാനായി അധികൃതർ വടക്കൻ ക്വീൻസ്‌ലൻഡിലേക്കു ഹവായൻ കെയിൻ റ്റോഡിനെ കൊണ്ടുവന്നു. എന്നാൽ തങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന ഭക്ഷണം ഈ ജീവികൾക്ക് അത്ര പിടിച്ചില്ല. അവിടെ സമൃദ്ധമായുണ്ടായിരുന്ന മറ്റ്‌ ആഹാരത്തോടായിരുന്നു അവയ്‌ക്ക് ഏറെ പ്രിയം. കെയിൻ റ്റോഡുകൾ പെരുകുകയും അവതന്നെ വടക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ ഉടനീളം വലിയ ഉപദ്രവമായി മാറുകയും ചെയ്‌തിരിക്കുന്നു.

വിളവെടുപ്പിനു മുമ്പ് കത്തിക്കുന്നുവോ?

അന്നു രാത്രി, സ്ഥലത്തെ ഒരു കർഷകൻ വിളവെടുപ്പിനു പാകമായ തന്‍റെ ചെറിയ തോട്ടത്തിനു തീ കൊടുക്കുന്നതു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ വിളവെടുക്കുമ്പോഴും നീരെടുക്കുമ്പോഴും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇലകളും മറ്റും നീക്കം ചെയ്യാൻ സഹായിക്കുന്നു. അടുത്തിടെയായി പക്ഷേ വിളവെടുപ്പിനു മുമ്പായുള്ള ഈ കത്തിക്കൽ ഒഴിവാക്കാനുള്ള ഒരു പ്രവണതയാണു കണ്ടുവരുന്നത്‌. കത്തിക്കാതെ വിളവെടുപ്പു നടത്തുമ്പോൾ കൂടുതൽ പഞ്ചസാര കിട്ടുമെന്നു മാത്രമല്ല, വിളവെടുപ്പു കഴിയുമ്പോഴേക്കും നിലത്ത്‌ വീണുകിടക്കുന്ന ഇലകളും മറ്റും സംരക്ഷണാത്മകമായ ഒരു ആവരണമായി ഉതകുകയും ചെയ്യും. കള വളരാതിരിക്കാനും മണ്ണൊലിപ്പ് തടയാനും ഇതു സഹായിക്കുന്നു.

ഇന്ന് കരിമ്പ് കൃഷിചെയ്യപ്പെടുന്ന മിക്ക രാജ്യങ്ങളിലും വിളവെടുപ്പു സമയമാകുമ്പോൾ പണിക്കാർ കൈകൊണ്ടു കരിമ്പ് വെട്ടിയെടുക്കുകയാണു ചെയ്യുന്നതെങ്കിലും കൂടുതൽ രാജ്യങ്ങൾ കരിമ്പുമുറിക്കൽ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ കൂറ്റൻ യന്ത്രങ്ങൾ ഉയർന്നു നിൽക്കുന്ന കരിമ്പിൻതണ്ടുകളുടെ മുകളിലത്തെ കുറച്ചു ഭാഗം മുറിച്ചു കളയുന്നു. അതുപോലെ അവ തണ്ടുകളിൽനിന്ന് ഇലകൾ നീക്കംചെയ്യുകയും മില്ലിൽവെച്ച് നീരെടുക്കാൻ പാകമായ വിധത്തിൽ അവയെ ചെറിയ കഷണങ്ങളാക്കി മുറിക്കുകയും ചെയ്യുന്നു. കഠിനമായി അധ്വാനിച്ചാൽ ഒരു പണിക്കാരന്‌ ഒരു ദിവസം ശരാശരി 5 ടൺ കരിമ്പ് വെട്ടിയെടുക്കാൻ കഴിത്തേക്കും. എന്നാൽ, ഈ യന്ത്രങ്ങൾ ഒരു ദിവസം 300 ടൺ വരെ അനായാസം വെട്ടിയെടുക്കുന്നു. ഒരു തവണ നടുന്ന കരിമ്പിൽനിന്ന് രണ്ടിലധികം പ്രാവശ്യം വിളവെടുപ്പു നടത്താം. പല വർഷങ്ങൾ ഇങ്ങനെ വെട്ടിയെടുത്തു കഴിയുമ്പോൾ കരിമ്പ് ഉത്‌പാദിപ്പിക്കുന്ന പഞ്ചസാരയുടെ അളവു കുറയും. അപ്പോൾ പുതിയ ചെടികൾ നടേണ്ടതാണ്‌.

കരിമ്പ് മുറിച്ചു കഴിഞ്ഞാൽ പിന്നെ ഒട്ടും സമയം പാഴാക്കരുത്‌. കാരണം, അതിൽനിന്ന് ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പഞ്ചസാരയുടെ അളവു കുറയുന്നതു വളരെ പെട്ടെന്നാണ്‌. മുറിച്ചെടുത്ത കരിമ്പ് അതിവേഗം മില്ലിൽ എത്തിക്കാനായി ക്വീൻസ്‌ലൻഡിലെ കരിമ്പ് കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ ഏതാണ്ട് 4,100 കിലോമീറ്റർ വരുന്ന ട്രാം സർവീസ്‌ ലഭ്യമാക്കിയിട്ടുണ്ട്. കരിമ്പ് നിറച്ച നാനാവർണത്തിലുള്ള ഡസൻകണക്കിനു വാഗണുകൾ വലിച്ചുകൊണ്ടു നാട്ടിൻപുറങ്ങളിലൂടെ നീങ്ങുന്ന എൻജിനുകൾ കൗതുകകരമായ ഒരു കാഴ്‌ചയാണ്‌.

മില്ലിലൂടെ

ഒരു പഞ്ചസാര മില്ല് സന്ദർശിക്കുന്നത്‌ രസകരമായ ഒരു അനുഭവമാണ്‌. കയറിച്ചെല്ലുമ്പോൾ തന്നെ ചുമട്‌ ഇറക്കുന്നതും കാത്ത്‌ കരിമ്പു നിറച്ച വാഗണുകൾ നിരനിരയായി കിടക്കുന്നതു കാണാം. മില്ലിലുള്ള ഭീമൻ ഷ്രെഡറുകളും റോളറുകളും കരിമ്പ് പിഴിഞ്ഞു നീര്‌ എടുക്കുന്നു. കരിമ്പിൻചണ്ടി ഉണക്കി ഇന്ധനമായി ഉപയോഗിക്കുന്നു. ഇതുകൊണ്ടാണ്‌ മുഴു മില്ലും പ്രവർത്തിക്കുന്നത്‌. ബാക്കിവരുന്നത്‌ കടലാസും കെട്ടിട നിർമാണത്തിന്‌ ആവശ്യമായ വസ്‌തുക്കളും നിർമിക്കുന്നവർക്കു വിൽക്കുന്നു.

കരിമ്പിൻനീര്‌ എടുത്തുകഴിഞ്ഞ് അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. അപ്പോൾ തെളിഞ്ഞ ഒരു ലായനി കിട്ടും. മട്ട് എന്നറിയപ്പെടുന്ന മാലിന്യങ്ങൾ വളമായി ഉപയോഗിക്കുന്നു. മറ്റൊരു ഉപോത്‌പന്നമായ മൊളാസസ്‌ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. കൂടാതെ റമ്മിന്‍റെയും എഥനോളിന്‍റെയും നിർമാണത്തിനായും അത്‌ ഉപയോഗിച്ചുവരുന്നു. കരിമ്പിന്‍റെ ബഹുമുഖോപയോഗങ്ങളും സംസ്‌കരണ പ്രക്രിയയുടെ കാര്യക്ഷമതയും തീർച്ചയായും അത്ഭുതാവഹമാണ്‌.

അടുത്തതായി, മാലിന്യങ്ങൾ നീക്കം ചെയ്‌ത ലായനിയിലെ അധികമുള്ള ജലാംശം വറ്റിക്കുന്നു. അപ്പോൾ ഒരു സിറപ്പ് അഥവാ ‘പാവ്‌’ ലഭിക്കും. ഈ സിറപ്പിൽ തീരെ ചെറിയ പഞ്ചസാര പരലുകളിടുന്നു. ആവശ്യമായ വലിപ്പമാകുന്നതു വരെ ഈ പരലുകൾ വളർന്നുകൊണ്ടിരിക്കും. ആവശ്യമായ വലിപ്പമാകുമ്പോൾ അവ സിറപ്പിൽനിന്നു മാറ്റി ഉണക്കിയെടുക്കുന്നു. അങ്ങനെ ലഭിക്കുന്ന തവിട്ടു നിറത്തിലുള്ള പദാർഥമാണ്‌ അസംസ്‌കൃത പഞ്ചസാര. കൂടുതലായ ശുദ്ധീകരണ പ്രക്രിയകൾക്കു വിധേയമാക്കുമ്പോൾ പഞ്ചസാരയുടെ തവിട്ടു നിറം നമുക്കു പരിചയമുള്ള വെള്ള നിറമായി മാറുന്നു.

വിജ്ഞാനദായകവും രസകരവുമായ ഈ യാത്രയ്‌ക്കുശേഷം നിങ്ങളുടെ ചായയ്‌ക്കോ കാപ്പിക്കോ മാധുര്യം ഏറിയിരിക്കുന്നതായി തോന്നിയാൽ അതിശയിക്കാനില്ല. പക്ഷേ, ഒരു പ്രമേഹ രോഗിയാണു നിങ്ങളെങ്കിൽ പഞ്ചസാര ഒഴിവാക്കുകയേ നിവൃത്തിയുള്ളൂ. പഞ്ചസാരയ്‌ക്കു പകരം ലഭിക്കുന്ന മറ്റെന്തെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞേക്കും.

ഈ അത്ഭുതച്ചെടിക്ക്—തൃണവർഗത്തിലെ ഒരു അതികായൻ തന്നെയായ കരിമ്പിന്‌—രൂപംനൽകി, ഇത്ര സമൃദ്ധമായി വളരാൻ ഇടയാക്കിയ, വൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്ന സ്രഷ്ടാവിന്‍റെ വൈദഗ്‌ധ്യവും ജ്ഞാനവും അപാരംതന്നെ!

 

കരിമ്പിൽനിന്നോ ഷുഗർബീറ്റിൽനിന്നോ?

പഞ്ചസാര മുഖ്യമായും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ ലോകത്തിൽ വൻതോതിൽ കൃഷിചെയ്യപ്പെടുന്ന രണ്ടു വിളകളിൽനിന്നാണ്‌—കരിമ്പിൽനിന്നും ബീറ്റ്‌റൂട്ടിന്‍റെ ഒരിനമായ ഷുഗർബീറ്റിൽനിന്നും. കരിമ്പ് കൂടുതലായി കാണപ്പെടുന്നത്‌ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌. ലോകത്തിലെ മൊത്തം പഞ്ചസാരയുടെ 65 ശതമാനം എങ്കിലും വരുന്നത്‌ അതിൽനിന്നാണ്‌. ശേഷിക്കുന്ന 35 ശതമാനം പഞ്ചസാര ഷുഗർബീറ്റിൽനിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്നു. പശ്ചിമ യൂറോപ്പ്, പൂർവ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിങ്ങനെ കുറേക്കൂടെ തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഷുഗർബീറ്റ്‌ വളരുന്നത്‌. എങ്കിലും ഈ രണ്ടു ചെടികളിൽനിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്ന പഞ്ചസാരകളുടെ രാസഘടനയിൽ വ്യത്യാസമൊന്നുമില്ല.

ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ് (ആംഗലേയം:Sugarcane). ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.

പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.

ഇന്‍ഡ്യയിലെ ആദ്യത്തെ കരിമ്പ് ജൈവ റിഫൈനറി

കരിമ്പിന്‍ചണ്ടിയില്‍ നിന്ന് എതനോള്‍ ഉത്പാദിപ്പിക്കാനാണ് ഈ റിഫൈനറി. സാങ്കേതിക വിദ്യ ഇപ്പോഴും ശൈശവദിശയിലാണ്. Council of Scientific and Industrial Research(CSIR) ?യും കര്‍ണാടകയിലെ The Godavari Sugar Mills Ltd(GSML) ഉം ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ചതച്ച കരിമ്പിനെ ആദ്യം cellulose, lignin തുടങ്ങിയ അസംസ്കൃത വസ്തുക്കളാക്കുന്നു. മരുന്ന്, തുണി, ഭക്ഷണ സംരക്ഷണം തുടങ്ങിയ വ്യവസായങ്ങളില്‍ cellulose ഉം, lignin ഉം ഉപയോഗിക്കുന്നുണ്ട്. Somaiya Group ന്റേതാണ് GSML.

CSIR ന്റെ പൂനെയിലുള്ള National Chemical Laboratory(NCL) ലാബാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ശുദ്ധമായ ഒരു കിലോ Cellulose ന് Rs30 – Rs40 രൂപായാണ് വില. ചണ്ടിക്ക് കിലോയ്ക്ക് Rs1-2 രൂപയും.

 

 

ഉഷ്ണമേഖലാപ്രദേശത്ത്‌ കൃഷി ചെയ്യാന്‍ യോജിച്ച വിളയാണ് കരിമ്പ്‌. നല്ല നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവും ഉണ്ടെങ്കില്‍ എല്ലാത്തരം മണ്ണിലും ഇത് കൃഷി ചെയ്യാം. വര്‍ഷത്തില്‍ 750 മുതല്‍ 1200 മി.മീ. വരെ മഴ ലഭിക്കുന്നിടങ്ങളില്‍ കരിമ്പ്‌ വളരും.

പ്രധാനമായും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്താണ് കൃഷി ഇറക്കുന്നത്. നടുന്നതിലുണ്ടാവുന്ന കാലതാമസം കരിമ്പിന്റെ ഉല്പാദനത്തെയും പഞ്ചസാരയുടെ അളവിനെയും സാരമായി ബാധിക്കും. സമതലപ്രദേശങ്ങളില്‍ ഫെബ്രുവരിയോടു കൂടി നടീല്‍ കഴിഞ്ഞിരിക്കണം. മലമ്പ്രദേശങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയില്‍ വലിയ മഴയ്ക്ക് ശേഷമേ നടാവൂ.

ഇനങ്ങള്‍

ഇനം

പ്രത്യേകത

Co-T188322 (മാധുരി)

ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി

Co-92175

വരള്‍ച്ചയുള്ള സ്ഥലങ്ങളിലേക്ക്‌ യോജിച്ചത്

Co-740

കാലാക്കരിമ്പിന് പറ്റിയത്

Co-6907, Co-7405,കള്‍ച്ചര്‍

ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി

57/84(തിരുമധുരം)

നല്ല മധുരമുള്ളത്

Co-88017(മധുമതി)

ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി, വരള്‍ച്ചയും

കള്‍ച്ചര്‍ 527/85(മധുരിമ)

വെള്ളക്കെട്ടിനെ അതിജീവിക്കും

നിലം ഒരുക്കലും നടീലും

നിലം നല്ലവണ്ണം ഉഴുത്‌ നിരപ്പാക്കിയശേഷം ഹ്രസ്വകാല ഇനങ്ങള്‍ക്ക്‌ 75 സെ.മീ. അകലത്തിലും, മദ്ധ്യകാല ഇനങ്ങള്‍ക്ക്‌ 90 സെ.മീ. അകലത്തിലും, 25 സെ.മീ. താഴ്ച്ചയുള്ള പാത്തികള്‍ ഉണ്ടാക്കണം.

നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത് പാകമായ കരിമ്പിന്റെ മുകളിലത്തെ മൂന്നിലൊന്ന് ഭാഗത്തില്‍ നിന്നും എടുക്കുന്ന മൂന്നു കണ്ണുകള്‍ വീതമുള്ള തലക്കങ്ങള്‍ ആണ്. ഹ്രസ്വകാല ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 54,000 തലക്കവും, മദ്ധ്യ-ദീര്‍ഘകാല ഇനങ്ങള്‍ക്ക്‌ 45,000 തലക്കവും ആവശ്യമാണ്‌.

നടുന്നതിനു മുമ്പ്‌ കുമിള്‍രോഗങ്ങള്‍ക്കെതിരെ ചെമ്പ്‌ അടങ്ങിയിട്ടുള്ള ഏതെങ്കിലും കുമിള്‍നാശിനിയില്‍ (0.25%) തലക്കങ്ങള്‍ മുക്കുന്നത് നല്ലതാണ്.

പാത്തിയില്‍ തലക്കങ്ങള്‍ ഒന്നിനുപുറമേ ഒന്ന് എന്ന ക്രമത്തില്‍ കിടത്തി നടണം. മുകുളങ്ങള്‍ വശങ്ങളിലേക്ക് വരത്തക്കവിധം തലക്കങ്ങള്‍ വയ്ക്കണം. അതിനുശേഷം മണ്ണിടാം. കുഴികളില്‍ നടുമ്പോള്‍ കുഴി ഒന്നിന് രണ്ടോ, മൂന്നോ തലക്കങ്ങള്‍ ആവാം.

വളപ്രയോഗം

ഹെക്ടറിന് 10 ടണ്‍ കാലിവളമോ/കമ്പോസ്റ്റോ, 5 ടണ്‍ പ്രസ്സ്‌ മഡ്ഡോ (കരിമ്പ്‌ ഫാക്ടറികളില്‍ നിന്നുള്ള അവശിഷ്ടം) 500 കി. ഗ്രാം ഡോളോമൈറ്റോ, 750 കി.ഗ്രാം കുമ്മായമോ ചേര്‍ക്കണം. കൂടാതെ ഇനി പറയുന്ന തോതില്‍ NPK വളങ്ങളും ആവശ്യമാണ്.

പാക്യജനകം

ഭാവഹം

ക്ഷാരം (കി.ഗ്രാം/ഹെക്ടര്‍)

പന്തളം, തിരുവല്ല പ്രദേശങ്ങള്‍

165

82.5

82.5

ചിറ്റൂര്‍

225

75

75

പുതുതായി വെട്ടിതെളിച്ചുള്ള വനപ്രദേശം

115

75

90

കുറിപ്പ്‌ :

1.  കുമ്മായം, ഡോളമൈറ്റ്, കാത്സ്യം കാര്‍ബണേറ്റ് എന്നിവ നിലം ഒരുക്കുന്നതിന് മുമ്പാണ് ചേര്‍ക്കേണ്ടത്.

2.  കമ്പോസ്റ്റ്‌, കാലിവളം, പ്രസ്സ്‌മഡ്ഡ് തുടങ്ങിയവ നടുന്നതിനന് മുമ്പ്‌ അടിവളമായി പാത്തികളില്‍ ഇടണം.

3.  പാക്യജനകവും, ക്ഷാരവും രണ്ട് തുല്യ തവണകളായി -നട്ട് 45-90 ദിവസങ്ങള്‍ കഴിഞ്ഞ് (മണ്ണിളക്കുന്നതോടൊപ്പം) ചേര്‍ക്കണം.

4.  നട്ട് 100 ദിവസങ്ങള്‍ക്ക് ശേഷം പാക്യജനകവളം ചേര്‍ക്കരുത്.

5.  ഭാവഹവളം മുഴുവനും അടിവളമായി നല്‍കേണ്ടതാണ്.

6.  കരിമ്പ്‌ ധാരാളമായി കൃഷി ചെയ്യുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ സാധാരണയായി നടുന്നതിനുമുമ്പ്‌ തലക്കങ്ങള്‍ 500 ഗ്രാം അസോസ്പൈറില്ലം എന്ന ജീവാണുവളം കൊണ്ട് പരിചരിക്കുകയും, കൂടാതെ ഹെക്ടറോന്നിന് 5 കി. ഗ്രാം വീതം മണ്ണില്‍ ചേര്‍ക്കുന്നതും പതിവാണ്. ഇവിടെ പാക്യജനകം രാസവളമായി നല്‍കുന്നത് ഹെക്ടറിന് 175 കി. ഗ്രാം എന്ന തോതില്‍ മതിയാകും.

7.  ഹെക്ടറിന് 10 ടണ്‍ പ്രസ്സ്‌മഡ്ഡ് ചേര്‍ക്കുമ്പോള്‍ ഭാവഹവളത്തിന്റെ തോത് പകുതിയായി കുറയ്ക്കാം.

കൃഷിപ്പണികള്‍

നട്ട് 45-90 ദിവസങ്ങള്‍ക്ക് ശേഷം വളപ്രയോഗത്തിനു മുമ്പായി കളയെടുക്കണം. ആദ്യത്തെ കളയെടുപ്പ് വാരങ്ങളില്‍ തൂമ്പകൊണ്ടും, പാത്തികളില്‍ കൈ കൊണ്ടും വേണം നടത്താന്‍. പാത്തികളില്‍ മണ്ണുവീണ് മൂടുന്നത് ചിനപ്പ്‌ പൊട്ടുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കിളയ്ക്കുന്നത് ശ്രദ്ധിച്ചുവേണം. രണ്ടാമത്തെ തവണ കളയെടുക്കുമ്പോള്‍ കുറച്ച് മണ്ണുകൂട്ടി കൊടുക്കുന്നത് വൈകിയുള്ള ചിനപ്പുപൊട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും. കാലവര്‍ഷത്തോടെ ഒരു തവണകൂടി മണ്ണുകൂട്ടികൊടുക്കുന്നത് കരിമ്പ്‌ ചെരിഞ്ഞുവീഴാതിരിക്കാന്‍ അത്യാവശ്യമാണ്. ഈ സമയത്ത്‌ തന്നെ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യുന്നത് കക്ഷമുകുളങ്ങളുടെ വളര്‍ച്ചയും കീടബാധയും തടയുന്നതിന് ഉപകരിക്കും. അധികമായി വളരുന്ന ചൊട്ടകള്‍ ഒടിച്ചുകളഞ്ഞ് കരിമ്പിന്റെ തന്നെ ഉണങ്ങിയ ഇലകള്‍ കൊണ്ട് ചുറ്റികെട്ടിയോ, ഊന്നുകൊടുത്തോ ചെരിഞ്ഞു വീഴുന്നത് തടയാം.

നട്ട് മൂന്നു ദിവസങ്ങള്‍ക്കുശേഷം നിര്‍ഗ്ഗമനോത്തര കലനാശിനിയായ അട്രാസീന്‍ ഹെക്ടറിന് 2 കി. ഗ്രാം വിഷവസ്തു എന്ന തോതില്‍ തളിച്ചുകൊടുക്കാം.

ഇടവിള

ജലസേചിത കൃഷിയില്‍ ഹ്രസ്വകാല പയറുവര്‍ഗ്ഗവിളകള്‍ കൃഷി ചെയ്യാം. കരിമ്പ്‌ നടുന്നതിന് ഒരു മാസം മുമ്പായി വാരങ്ങളില്‍ പയറുവിത്ത്‌ വിതയ്ക്കണം. പച്ചിലവളത്തിനായി ചണമ്പും കൃഷി ചെയ്യാം.

മഴയുടെ ലഭ്യതയനുസരിച്ച് ജലസേചനം 8-10 തവണ എന്ന തോതില്‍ ക്രമീകരിക്കാം. ചിറ്റൂര്‍ പ്രദേശത്ത്‌ കൂടുതല്‍ നന ആവശ്യമാണ്‌. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പലതവണ നനയ്ക്കേണ്ടിവരും. പക്ഷേ മുളയ്ക്കുന്ന സമയത്ത്‌ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാവരുത്. ഒന്നിടവിട്ടുള്ള പാത്തികളില്‍ കരിമ്പോലകൊണ്ട് പുതയിട്ട് നനയ്ക്കുന്നതുകൊണ്ട് ജലസേചനത്തിനാവശ്യമായ വെള്ളത്തിന്റെ തോതില്‍ ഏകദ്ദേശം 41 ശതമാനത്തോളം കുറവ്‌ വരുത്താം.

സസ്യ സംരക്ഷണം

കീടങ്ങള്‍

തണ്ടുതുരപ്പന്‍ (നേരത്തേ ആക്രമിക്കുന്നതും, വൈകി ആക്രമിക്കുന്നതുമായി രണ്ട് തരം ഉണ്ട്), മീലിമുട്ട, ചിതല്‍, എലി എനിവയാണ് കരിമ്പിന്റെ പ്രധാന ശത്രുകീടങ്ങള്‍.

സംയോജിത കീടനിയന്ത്രണം

കീടബാധയില്ലാത്ത തലക്കങ്ങള്‍ നടാനുപയോഗിക്കുക, കൃഷിയിടത്തിലും, കൃഷി രീതിയിലും ശുചിത്വം പാലിക്കുക, എലിക്കെണികളോ, എലിവിഷമോ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുക, പാത്തിയുള്ള ചിതലിനെയും, പുഴുവിനെയും നിയന്ത്രിക്കുന്നതിനായി 10 ശതമാനം കാര്‍ബാറില്‍ വിതറികൊടുക്കുക എന്നിവയാണ് സംയോജിത കീടനിയന്ത്രണത്തിലെ പ്രധാന നടപടികള്‍.

രോഗങ്ങള്‍

ചെംചീയല്‍

കരിമ്പിന്റെ തണ്ട് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. ഇത്തരം തണ്ടുകള്‍ പൊളിച്ചുനോക്കിയാല്‍ ഉള്‍വശത്ത് കടുത്ത ചുവപ്പുനിറവും കുറുകെ വെളുത്ത പാടുകളും കാണാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. രോഗം ബാധിച്ച തലക്കങ്ങള്‍ നടുന്നതിലൂടെയും, ഒഴുകുന്ന വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ചുവടെ ചേര്‍ക്കുന്നു.

1.  രോഗം ബാധിച്ച കരിമ്പ്‌ എത്രയും പെട്ടെന്ന് വെട്ടിയെടുക്കണം. വിളവിലും ഗുണമേന്മയിലുമുള്ള നഷ്ടം കുറയ്ക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും ഇത് സഹായിക്കും. വിളവെടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ മുഴുവനായും കത്തിച്ചു കളയണം.

2.  ഏതെങ്കിലും ചെടിയില്‍ രോഗം കാണുകയാണെങ്കില്‍ ഉടനെ തന്നെ അവ വേരോടെ പിഴുതെടുത്ത് കത്തിച്ചു കളയണം.

3.  രോഗം ബാധിച്ച വിളയില്‍നിന്ന് കാലാക്കരിമ്പു കൃഷി (കുറ്റിവിള) (rattoon) ചെയ്യരുത്‌.

4.  രോഗബാധിത പ്രദേശത്ത് നിന്നും മറ്റു പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കുന്നതിന് നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തണം.

5.  രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കരിമ്പിനുപകരം നെല്ലോ, മരച്ചീനിയോ കൃഷി ചെയ്യുക.

6.  രോഗബാധയുള്ള ചെടികളില്‍ നിന്നോ, പ്രദേശങ്ങളില്‍ നിന്നോ നടാനുള്ള തലക്കങ്ങള്‍ എടുക്കാതിരിക്കുക.

7.  രോഗബാധിത പ്രദേശങ്ങളില്‍ നീന്നും നടീല്‍ വസ്തുക്കള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍/ചട്ടങ്ങള്‍ ഏര്‍പ്പെടുത്തണം.

8.  പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.

9.  നടുന്നതിന് മുമ്പ്‌ തലക്കങ്ങളുടെ മുറിഭാഗം ചെമ്പ്‌ ചേര്‍ന്ന ഏതെങ്കിലും കുമിള്‍നാശിനിയില്‍ മുക്കുക.

10. പകരുന്ന ഗ്രാസ്സിസ്റ്റണ്ട്, കാലാക്കരിമ്പ്‌ മുരടിപ്പ്‌ എന്നീ വൈറസ്‌ രോഗങ്ങളെ താപപരിചരണം കൊണ്ട് നിയന്ത്രിക്കാം. രോഗബാധയില്ലാത്ത തലക്കങ്ങളുടെ ഉപയോഗം, പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ കൃഷി, യഥാസമയം കലര്‍പ്പുകള്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെയും ഈ രോഗങ്ങളെ നിയന്ത്രികാവുന്നതാണ്.

വിളവെടുപ്പ്‌

മൂപ്പെത്തിയ ഉടനെതന്നെ വിളവെടുക്കണം. വിളവെടുപ്പ്‌ വൈകിയാല്‍ കരിമ്പിന്റെ വിളവും അതുവഴി പഞ്ചസാരയുടെ മൊത്തം ലഭ്യതയും കുറയും.

കാലാക്കരിമ്പ്‌ (കുറ്റിവിള) (Ratoon Crop)

രണ്ടുതവണയില്‍ കൂടുതല്‍ ശുപാര്‍ശ ചെയ്തിട്ടില്ല. വിളവെടുപ്പിനുശേഷമുള്ള ഉണങ്ങിയ കരിമ്പോല നിരത്തിയിട്ടതിനുശേഷം തീയിടണം. തറനിരപ്പിനോട് ചേര്‍ന്ന് വിളവെടുക്കാത്ത സ്ഥലങ്ങളില്‍ മൂര്‍ച്ചയുള്ള മണ്‍വെട്ടികൊണ്ട് കാലാ വെട്ടിയ കുറ്റി സമനിരപ്പായി നിര്‍ത്തി ചെത്തിമാറ്റുക.

ഇടപോക്കല്‍

മുളവരാത്ത ഓരോ 50 സെ.മീ. അകലത്തിനും മൂന്ന് മുകുളങ്ങളുള്ള ഒരു തലക്കം എന്ന തോതില്‍ നടാം.

കാലാക്കരിമ്പിന്റെ വളപ്രയോഗം

ഹെക്ടറിന് 4 ടണ്‍ കരിമ്പോല കൊണ്ട് പുതയിടുകയാണെങ്കില്‍ രാസവളം സാധാരണ വിളയ്ക്ക്‌ ശുപാര്‍ശ ചെയ്തിട്ടുള്ള തോതില്‍ (225:75:75) മാത്രമെ ആവശ്യമുള്ളൂ.

ആദ്യവിളയുടെ വിളവെടുപ്പിനുശേഷം 25-75ഉം ദിവസം ആകുമ്പോള്‍ കാലാകരിമ്പിന് വളം ചേര്‍ക്കണം. ആദ്യഗഡുവായി പാക്യജനകം, പൊട്ടാഷ്‌ എന്നിവയുടെ പകുതിവീതവും, ഭാവഹം മുഴുവനായും നല്‍കണം. ശേഷിക്കുന്ന വളം രണ്ടാം ഗഡുവായി നല്‍കാം. ആദ്യത്തെതവണ വളംചേര്‍ത്ത്‌ മണ്ണില്‍ കിളച്ചുചേര്‍ക്കുകയും, രണ്ടാമത്തെ തവണ വളം കടയ്ക്ക് ചുറ്റും വിതറി മണ്ണിട്ടുകൊടുക്കുകയും വേണം. ഇതിനോടൊപ്പം കളകളും നീക്കം ചെയ്യണം. പ്രധാനവിളയ്ക്കെന്നപോലെ ജലസേചനവും ആവശ്യമാണ്.

അവസാനം പരിഷ്കരിച്ചത് : 6/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate