অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നല്ല അച്ഛനും അമ്മയും

 

എന്തുകൊണ്ട് കുട്ടികള്‍ മോഷ്ടിക്കുന്നു?

തെറ്റുചെയ്യാത്ത കുട്ടികളില്ല. അവര്‍ ചെയ്യുന്ന ചെറിയ തെറ്റുകളിലൊന്നു മാത്രമാണ് മോഷണം. മാതാപിതാക്കള്‍ പ്രശ്നത്തെ ശരിയായി സമീപിച്ച് ഇടപെട്ടാല്‍ ഈബാഡ്ഹാബിറ്റിനെ കുട്ടിമനസിന്‍റെ പടിക്ക് പുറത്താക്കാം.

ചോദ്യം: എന്‍റെ പേര് ദിവ്യ. എന്‍റെ മകന്‍ ആറാംക്ളാസിലാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം അവനേയും കൂട്ടി ബന്ധുവീട്ടില്‍ കല്യാണത്തിന് പോയി. തിരിച്ചുവന്നപ്പോള്‍ അവന്‍റെ കൈവശം ഒരു ചെറിയ ഡിജിറ്റല്‍ ക്യാമറ കണ്ടു. കൂട്ടുകാരന്‍റെ കൈയ്യില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ വാങ്ങിയതെന്നാണ് അവന്‍ പറഞ്ഞത്. ഫോട്ടോഗ്രഫിയില്‍ അവന് നല്ല കമ്പം ഉണ്ട്. വൈകാതെ കല്യാണവീട്ടില്‍ നിന്ന് ഒരു ബന്ധു എന്‍റെ വീട്ടിലെത്തിയപ്പോഴാണ് കാര്യം ഞാനറിഞ്ഞത്. ആ ക്യാമറ അവിടെ നിന്ന് അവന്‍ അടിച്ചുമാറ്റിയതായിരുന്നു. ചോദിച്ചപ്പോള്‍ ഇക്കാര്യം ശരിയാണെന്ന് സമ്മതിച്ചു. ആവശ്യമുള്ളതെല്ലാം അവന് ഞങ്ങള്‍ വാങ്ങിക്കൊടുക്കാറുണ്ട്. എന്നിട്ടും ഈ ദുശ്ശീലം അവനെങ്ങനെ കിട്ടി? ഞാനും ഭര്‍ത്താവും ആകെ നിരാശയിലും സങ്കടത്തിലുമാണ്. ഈ സ്വഭാവം അവന്‍ തുടരുകയാണെങ്കില്‍ ഞങ്ങളെന്തു ചെയ്യും?

ഉത്തരം: മാതാപിതാക്കള്‍ക്ക് ടെന്‍ഷന് വഴിവെക്കുന്ന പ്രധാനപ്രശ്നമാണ് കുട്ടികളിലെ മോഷണശീലം. എന്നാല്‍ ഒരച്ഛനുമമ്മയും സ്വന്തം കുട്ടിക്ക് മോഷണശീലമുണ്ടെന്ന് പറയാനിഷ്ടപ്പെടുന്നില്ല. കുട്ടിമോഷ്ടാക്കള്‍ ജനിക്കുന്നതിനു പിന്നില്‍ ഒട്ടനവധി കാരണങ്ങളുണ്ട്. ഈ ശീലം സമയോചിതമായി കണ്ടെത്തി നേര്‍വഴി കാണിക്കാന്‍ അനേകം പോംവഴികളുമുണ്ട്.

ആകര്‍ഷകമായ ഒരു കളിപ്പാട്ടം കണ്ടെന്നിരിക്കട്ടെ, അഞ്ച് വയസില്‍ താഴെയുള്ള ഒരു കുട്ടി ഓടിച്ചെന്നതെടുക്കാന്‍ ശ്രമിക്കും. കളിപ്പാട്ടം മറ്റാരുടെയെങ്കിലുമാണെന്ന തോന്നല്‍ കുട്ടിമനസില്‍ ഉണ്ടാകില്ല. എന്നാല്‍ പ്രൈമറിക്ളാസുകളിലെത്തുന്നതോടെ അടിച്ചുമാറ്റല്‍ തെറ്റാണെന്ന് കുട്ടികള്‍ മനസിലാക്കണം. സ്വയമുള്ള നിയന്ത്രണം ഇടയ്ക്കിടെ വിട്ടുപോകുന്നതോടെയാണ് ഈ പ്രായത്തിലെ കുട്ടികള്‍ മോഷ്ടാക്കളാകുന്നത്. മോഷണശീലം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞാല്‍ ബുദ്ധിപരമായി കൈകാര്യംചെയ്യണം. അല്ലാതെ, ചൂരല്‍പ്രയോഗം പോലുള്ള ദേഷ്യപ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇത് പ്രശ്നം വഷളാക്കാനേ ഇടയാക്കൂ.

 

  • കുട്ടികള്‍ക്ക് ആഗ്രഹങ്ങളെ സ്വയം നിയന്ത്രിക്കാനാകില്ല

 

ഒരു കുട്ടി ഗമയോടെ ക്ളാസില്‍ നല്ലൊരുപേന കൊണ്ടുവന്നാല്‍ അടുത്തിരിക്കുന്ന കുട്ടി അത് വേണമെന്നാഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ആഗ്രഹങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. അതിനാല്‍ കുട്ടി പേന അടിച്ചുമാറ്റി സ്വന്തമാക്കാന്‍ ശ്രമിക്കും. ചില മുതിര്‍ന്ന കുട്ടികള്‍ക്കും മനസിനെ സ്വയം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രിയപ്പെട്ടത് കണ്ടാല്‍ അത് അടിച്ചുമാറ്റാനുള്ള ത്വര കുട്ടികള്‍ക്ക് നിയന്ത്രിക്കാനാകില്ല. ആഗ്രഹങ്ങള്‍ നേരായവഴിയിലൂടെ സാധിക്കാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തണം. അമിത ആഗ്രഹങ്ങള്‍ വേണ്ടേ..വേണ്ട എന്ന ബോധവും വളര്‍ത്തണം.

  • ആവശ്യങ്ങള്‍ അറിയണം

കുട്ടികള്‍ എല്ലാ ആവശ്യങ്ങള്‍ക്കും മാതാപിതാക്കളെയാണ് ആശ്രയിക്കുക. മാതാപിതാക്കള്‍ ആവശ്യങ്ങളറിഞ്ഞ് സാധിച്ചു നല്‍കിയില്ലെങ്കിലോ?, അവന്‍ അതിനുള്ള മറ്റ് വഴികള്‍ തേടും.

കുട്ടിയുടെ ആവശ്യം മാതാ പിതാക്കള്‍ മനസിലാക്കുന്നില്ല എന്നിരിക്കട്ടെ. ചിലപ്പോള്‍ അവന്‍റെ ശരിയായ ആവശ്യം ആയിരിക്കാം അത്. ദിവ്യയുടെ മകന്‍ ഫോട്ടോഗ്രഫി ഇഷ്ടപ്പെട്ടിരുന്നതിനാല്‍ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ക്യാമറ സ്വന്തമാക്കാനായി മോഷണവഴിയില്‍ എത്തപ്പെടുകയായിരുന്നു.

  • വേണം, കൂടുതല്‍ ശ്രദ്ധ

മാതാപിതാക്കളുമായുള്ള വൈകാരികഅടുപ്പത്തിന്‍റെ അഭാവം കുട്ടികളെ മോഷ്ടാക്കളാക്കി മാറ്റും. സ്കൂളിലോ, കൂട്ടുകാരുമായോ ഉണ്ടാകുന്ന പ്രശ്നങ്ങളും ഏകാന്തതയും മറ്റ് കാരണങ്ങളാണ്. കുട്ടിയുടെ മനോവികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഇല്ലാതാകുന്നത് മോഷണത്തിലേക്ക് നയിക്കും.

ചില കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ ശ്രദ്ധയും പരിചരണവും ലഭിക്കാറില്ല. മാതാപിതാക്കള്‍ക്ക് തങ്ങളോട് സ്നേഹവും താല്പ്പര്യവുമില്ല എന്ന തോന്നലിന് ഇത് വഴിവെക്കും. ഈ തോന്നല്‍ ചിലപ്പോള്‍ ശരിയോ തെറ്റോ ആയേക്കാം. വൈകാരിക അടുപ്പങ്ങളുടെ അഭാവത്താല്‍ കുട്ടികളുടെ മനസ് ഇഷ്ടമുള്ള മറ്റ് മേഖലകളിലേക്ക് മാറിയേക്കാം. ചിലപ്പോള്‍ അത് കളിപ്പാട്ടങ്ങളോടോ, പണത്തോടോ ആകാം. അവ മോഷണത്തിലൂടെ സ്വന്തമാക്കിയാകും മനസിലെ അസംതൃപ്തി കുട്ടി സ്വയം പരിഹരിക്കുക.

    സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കാനും മോഷണം

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കുട്ടികള്‍ക്കറിയാം. ചില കുട്ടികള്‍ക്കാകട്ടെ എല്ലാ ആവശ്യങ്ങളും നേടാന്‍ മറ്റുള്ളവരുടെ സഹായം കൂടിയേതീരൂ. ഇത്തരം കുട്ടികള്‍ മനസിലെ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നത് മോഷണം നടത്തിക്കൊണ്ടാകാം. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടതിലുള്ള പ്രതിഷേധമായാകാം മോഷണം നടത്തുക.

  • കൂട്ടുകാരുടെ സ്വാധീനം

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു പഴഞ്ചൊല്ലുണ്ട്. കൂട്ടുകാരുടെ ശീലങ്ങള്‍ അനുകരിക്കാനുള്ള പ്രവണത മുതിര്‍ന്ന കുട്ടികള്‍ക്കുണ്ട്. മോഷണം വല്ല്യകാര്യമായി കരുതുന്ന സുഹൃത്ത്സംഘത്തില്‍ പെട്ടാല്‍ കുട്ടിയും മോഷ്ടാവാകും. മോഷണം നടത്തിക്കാണിച്ചാകും സുഹൃത്തുക്കള്‍ക്കിടയില്‍ അവന്‍ മിടുക്ക് പ്രകടിപ്പിക്കുക.

ബാഡ്ഹാബിറ്റ് തിരിച്ചറിഞ്ഞാല്‍ എന്തു ചെയ്യണം?

  • ശാന്തമായി ഇടപെടുക

കുട്ടി മോഷണം നടത്തിയെന്നറിഞ്ഞാല്‍ ദേഷ്യത്തോടെ പൊട്ടിത്തെറിക്കരുത്. കുട്ടി മോഷണം നടത്തിയതിനാല്‍ അവന്‍ മോഷ്ടാവാണെന്നും, കുറ്റവാളിയാണെന്നും കരുതുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ ചെയ്യുന്ന ചെറിയ തെറ്റുകളിലൊന്നായി ഇത് കാണണം. ക്യാമറ എടുത്തെന്ന പേരില്‍ ദിവ്യ മകനോട് ദേഷ്യത്തോടെ പ്രതികരിക്കാന്‍ ശ്രമിക്കരുത്. ശാന്തമായി സംസാരിച്ച് മോഷണം തെറ്റെന്ന് ബോധ്യപ്പെടുത്തണം.

  • പ്രശ്നത്തെ വ്യക്തിപരമായി സമീപിക്കരുത്

മാതാപിതാക്കളുടെ ശ്രദ്ധകിട്ടാനായും കുട്ടികള്‍ മോഷണം നടത്താം. നിങ്ങളോടുള്ള വ്യക്തിപരമായ പ്രതിഷേധമായി സംഭവത്തെ കാണരുത്. മോഷണത്തിലേക്ക് കുട്ടിയെ കൊണ്ടെത്തിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.

  • കുറ്റവാളിയായി ചിത്രീകരിക്കരുത്

മോഷണം നടത്തിയെന്ന സാഹചര്യത്തെളിവ് ലഭിച്ചാലും കുട്ടിയെ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കണം. ഇത് സംബന്ധിച്ച് കുത്തിക്കുത്തി ചോദിച്ച് മോഷണം തെളിയിക്കാന്‍ ശ്രമിക്കരുത്. അടി പേടിച്ച് കുട്ടി മോഷണം നടത്തിയിട്ടില്ലെന്ന് കളവ് പറഞ്ഞേക്കാം. അത് വിപരീതഫലമേ ഉളവാക്കൂ. അങ്ങനെ സത്യസന്ധതയില്ലായ്മ രൂഢമൂലമാക്കാന്‍ ഓരോ ചോദ്യംചെയ്യലും കാരണമാകും. ഇനി കുട്ടി സത്യം പറഞ്ഞെന്നിരിക്കട്ടെ, നിങ്ങള്‍ എന്തു ചെയ്യും? മോഷ്ടിച്ചതിന് അവനെ ശിക്ഷിച്ചെന്നിരിക്കും. അതിലൂടെ സത്യം പറഞ്ഞാല്‍ ശിക്ഷ കിട്ടും എന്ന ബോധം കുട്ടിയിലുണ്ടാകാന്‍ സാധ്യതയുണ്ട്.

  • മോഷണം തെറ്റെന്ന് കുട്ടിക്ക് ബോധ്യപ്പെട്ടെന്ന് ഉറപ്പാക്കണം

മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍ ഇത് ഉറപ്പാക്കണം. മോഷണം ഗുരുതരമായ കുറ്റമാണെന്ന് ദേഷ്യപ്പെടാതെ പറഞ്ഞ് മനസിലാക്കണം. നിന്‍റെ പോക്കറ്റ്മണി മറ്റൊരുകുട്ടി മോഷ്ടിച്ചാല്‍ നീ സഹിക്കുമോ…? അതു പോലെതന്നെ മറ്റൊരാളുടെ പണം നീയെടുത്താല്‍ അവര്‍ക്ക് ഇഷ്ടപ്പെടുമോ… എന്ന രീതിയില്‍ ലളിതമായ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാം.

  • എങ്ങനെ തിരുത്താം?

നിങ്ങളുടെ കുട്ടി കടയില്‍ നിന്ന് ഒരു ബുക്ക് മോഷ്ടിച്ചെന്നറിഞ്ഞാല്‍ എന്തുചെയ്യും? കുട്ടിയെ കൂട്ടിക്കൊണ്ട് കടയിലെത്തി ബുക്ക് തിരികെ നല്കണം. ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നും കടക്കാരനോട് പറയണം. കുട്ടിയെകൊണ്ട് സോറി പറയിപ്പിച്ച് തെറ്റ് പരിഹരിക്കാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം.

    മോഷണസാഹചര്യങ്ങള്‍ ഒഴിവാക്കുക

മോഷണത്തിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക പ്രധാനകാര്യമാണ്. കല്യാണത്തിനോ, വിരുന്നിനോ കുട്ടികളെ വീട്ടിലിരുത്തി പോകേണ്ടി വന്നാലോ? അലമാരയില്‍ പണം ഇരിപ്പുണ്ട്, ഞങ്ങള്‍ തിരിച്ചെത്തുംവരെ അത് സൂക്ഷിക്കണമെന്ന് മകന്റൊപ്പം കളിക്കുന്ന മകളോട് രഹസ്യമായി പറയണം. മോഷണതാല്പ്പര്യമുള്ള കുട്ടികളെ കടകളിലേക്ക് ധാരാളം പണം നല്കി സാധനങ്ങള്‍ വാങ്ങാന്‍ അയയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

  • എന്തുകൊണ്ട് മോഷണം നടത്തിയെന്ന് കണ്ടെത്തുക

മാതാപിതാക്കളുടെ പ്രത്യേകശ്രദ്ധയും പരിചരണവും കുട്ടിക്ക് ആവശ്യമെങ്കില്‍ നല്‍കാന്‍ മടിക്കരുത്.

  • കുട്ടികളോടുള്ള വിശ്വാസം തുടരുക

ഒരു തവണ മോഷണം നടത്തിയെന്നു വച്ച് നിങ്ങളുടെ കുട്ടി ഒരു മോഷ്ടാവായി മാറില്ല. പഴയതുപോലെ മാതാപിതാക്കള്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കുട്ടികള്‍ക്ക് തോന്നണം.

  • മാതാപിതാക്കള്‍ മാതൃകയാവണം

മാതാപിതാക്കളെ കണ്ടാണ് കുട്ടികള്‍ വളരുക. സത്യസന്ധത ശീലമാക്കാന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. ഓഫീസില്‍ നിന്ന് പേനയും പേപ്പറുമൊക്കെ അടിച്ചുമാറ്റി വീട്ടിലെത്തിക്കുന്ന ഒരു അച്ഛനോ, അമ്മയോ ആയാല്‍ കുട്ടികളും നിങ്ങളെപ്പോലെ ആയേക്കാം. മാതാപിതാക്കള്‍ക്ക് ആകാമെങ്കില്‍ തങ്ങള്‍ക്കും മോഷണം നടത്താമെന്ന നിലയിലേക്ക് കുട്ടികള്‍ മാറും. കുട്ടികള്‍ ചെയ്യുന്ന മറ്റ് തെറ്റുകള്‍ പോലെ മോഷണത്തെയും കാണാവൂ. തിരുത്താന്‍ കഴിയുന്ന ഒരു തെറ്റ് മാത്രമാണ് കുട്ടികളിലെ മോഷണം. പ്രശ്നത്തെ ശരിയായി സമീപിച്ചാല്‍ വേഗത്തില്‍ അനയാസേന ഈ ബാഡ്ഹാബിറ്റിനെ കുട്ടിമനസ്സിന്‍റെ പടിക്ക് പുറത്താക്കാം

സംഗീതവും കുട്ടികളുടെ വളര്‍ച്ചയും

ഒരു ഹോട്ടല്‍, ആരാധനാലയം, ക്ലബ്‌, ഫോണ്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന പൊതുവായ ഘടകമേതാണ്‌? തലപുകയ്ക്കേണ്ട. ഉത്തരം: സംഗീതം. നിങ്ങള്‍ എവിടെയൊക്കെ പോകുന്നോ, തങ്ങുന്നോ, അവിടെയൊക്കെ, നിങ്ങളുടെ ഉള്ളിലും പുറത്തുമായി സംഗീതമുണ്ട്‌. അത്‌ നിങ്ങളെ സന്തോഷിപ്പിക്കും. അനായാസത പകരും. സംഗീതം ഏതൊരു രാജ്യത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ജീവിതത്തിന്റേയും ഭാഗമാണ്‌. നമ്മുടെ ആഘോഷങ്ങള്‍, ഒഴിവുവേളകള്‍, മതപരവും ആരാധനാപരവുമായ  അനുഭവങ്ങള്‍, വിനോദം എന്നിവയിലെല്ലാം സംഗീതമുണ്ട്‌. എന്നാല്‍ എന്തുകൊണ്ടാണ്‌ സംഗീതത്തിന്‌ നമ്മുടെ ജീവിതത്തില്‍ ഇത്രമാത്രം പ്രാധാന്യം എന്നതിന്‌ ആര്‍ക്കും വ്യക്തമായ ഒരു കാരണം പറയാനാവില്ല. എല്ലാതരം പ്രായക്കാരെയും എല്ലാത്തരം വ്യക്തികളെയും സംഗീതം സന്തോഷിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നു. ഒരു കുട്ടി ജനിച്ചാല്‍ അതിനുവേണ്ടി നമ്മള്‍ താരാട്ടു പാടുന്നു. കുട്ടി ഉറക്കത്തിലേക്ക്‌ വഴുതിവീഴാന്‍ നമ്മള്‍ പതിയേ, മൃദുവായി പാടുന്നു. തങ്ങളുടെ കുരുന്നുകള്‍ക്ക്‌ വേണ്ടി എന്താണ്‌ അച്ഛനമ്മമാരെ  പാടാന്‍ പ്രേരിപ്പിക്കുന്നത്‌? സംഗീതം ഒരു ബന്ധമാണ്‌. അത്‌കുട്ടിയുടെ തലച്ചോറും നമ്മളുമായും ബന്ധിപ്പിക്കുന്നു. സംഗീതം ഒരു കുട്ടിയുടെ സാമൂഹികവും, വൈകാരികവും, ശാരീരികവും, നൈസര്‍ഗികവുമായ വളര്‍ച്ചയെ എല്ലാതലത്തിലും ബാധിക്കുന്നു.

  • സംഗീതത്തിലൂടെ വളരുന്ന ബന്ധം

സംഗീതമെന്നത്‌ സ്വാഭാവികമായി ജനങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഉപകരണമാണ്‌ (ടൂള്‍). അത്‌ ആളുകളെ ഒരുമിച്ചു കൊണ്ടുവരികയും പരസ്‌പരം പ്രതിവര്‍ത്തിക്കുന്നതിന്‌ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ സംഗീതം പല സാമൂഹ്യ പരിപാടികളുടെയും ഒഴിവാക്കാനാവാത്ത ഭാഗമാണ്‌. ഇതുപോലെ തന്നെയുള്ള ബന്ധമാണ്‌ നിങ്ങളും കുട്ടികള്‍ക്കുമിടയില്‍ സംഗീതം സാധ്യമാക്കുന്നത്‌. നിങ്ങള്‍ പാട്ടു പാടുകയോ സംഗീതം കേള്‍പ്പിക്കുകയോ ചെയ്യുക. കുട്ടികള്‍ അതിനോട്‌ പ്രതികരിക്കുന്നത്‌ കാണാനാവും. കുട്ടികള്‍ചാഞ്ചാടുകയും ചലിക്കുകയും മേശമേല്‍ താളം പിടിക്കുന്നതും തലകുലുക്കുന്നതുമൊക്കെ കാണാം. മാതാപിതാക്കള്‍ക്ക്‌ കുട്ടികളുമായി  എളുപ്പം ബന്ധപ്പെടാനുള്ള  ഉപകരണമാണ്‌ സംഗീതം. ഒരു കുട്ടി നിങ്ങള്‍ അവര്‍ക്കുവേണ്ടി പാടുന്നത്‌ കേള്‍ക്കുമ്പോള്‍ അറിയാതെ തന്നെ നിങ്ങളുമായി ഒരുതരം ബന്ധം രൂപപ്പെടുത്തുന്നു. നിങ്ങള്‍ എന്താണ്‌ പാടുന്നത്‌ എന്നത്‌ കുട്ടിക്ക്‌ വിഷയമല്ല. പാടുക, പാടിക്കൊണ്ടിരിക്കുക.

    വൈകാരിക വളര്‍ച്ചയ്ക്ക്‌

സംഗീതം നമ്മുടെ ആദ്യഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഓര്‍മകള്‍ നമ്മുടെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. അതിന്‌ വൈകാരികമായ തലവുമുണ്ട്‌. നമ്മുടെ  വൈകാരിക ഭാവങ്ങളെയും താല്‍പര്യങ്ങളെയും രൂപപ്പെടുത്തുന്നതില്‍ സംഗീതത്തിനുള്ള പങ്ക്‌ ശ്രദ്ധിച്ചാല്‍ മനസിലാകും. ചിലപാട്ടുകള്‍ നമ്മെ സമാശ്വസിപ്പിക്കുന്നു, മറ്റ്‌ ചിലത്‌ ആത്മവിശ്വാസം പകരുന്നു. സംഗീതത്തിന്‌ കുട്ടികളെ ആശ്വസിപ്പിക്കാനും സന്തോഷംപകരാനും കഴിവുണ്ട്‌. സ്വയം സമാധാനിക്കാന്‍ കുട്ടികള്‍ സ്വയംപാടും. നിങ്ങള്‍ക്കു കുട്ടിയെ ശാന്തനാക്കാന്‍ സംഗീതമുപയോഗിക്കാം. പാട്ടിലൂടെ അവനെ ഉറക്കത്തിലേക്ക്‌ നയിക്കാനാവും. കുട്ടി ഉറക്കച്ചടവിലായിരിക്കുമ്പോഴും ദുഃഖിതനായിരിക്കുമ്പോഴും അവനുവേണ്ടി ഒരു പാട്ടുപാടുകയേ വേണ്ടൂ. അല്ലെങ്കില്‍ അല്‍പം സംഗീതം കേള്‍പ്പിച്ചാല്‍ മതിയാകും കുട്ടി ഉത്സാഹവാനാകും.

  • ഭൌതിക വികാസത്തിന്‌

പിച്ചവച്ചു നടക്കുന്ന കുരുന്നുകള്‍ക്കും അഞ്ചുവയസില്‍ താഴെയുള്ളവര്‍ക്കും സംഗീതവും അവര്‍ക്കു വേണ്ടിയുള്ള കുട്ടിപ്പാട്ടുകളും ഇഷ്‌ടമാണ്‌. അവര്‍ അത്‌ കേട്ട്‌ സന്തോഷിക്കും. മാത്രമല്ല കുട്ടികള്‍ക്ക്‌ അക്ഷരങ്ങള്‍, അക്കങ്ങള്‍, ശബ്‌ദങ്ങള്‍ എന്നിവപഠിക്കാനും സഹായിക്കും. കുട്ടികളുടെ തലച്ചോറ്‌ വികസിക്കുന്നത്‌ അവര്‍ കുട്ടിയായിരിക്കുമ്പോഴാണ്‌. തലച്ചോറിന്‍റെ 80 ശതമാനം വികാസവും മൂന്നുവയസ്സിനുമുമ്പാണ്‌ നടക്കുക. 90 ശതമാനം വികാസവും അഞ്ചു വയസിനു മുമ്പും. സംഗീത പരിശീലനം ലഭിച്ച കുട്ടികള്‍ക്ക്‌ വ്യത്യസ്‌തമായ ബുദ്ധിവികാസവും വര്‍ധിച്ച ഓര്‍മശക്തിയും മറ്റ്‌ കുട്ടികളേക്കാള്‍ കാണിക്കുന്നതായാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. കുട്ടികള്‍ സര്‍ഗാത്മക കഴിവുള്ളവരാണെങ്കില്‍ അവര്‍ തന്നെ പുതിയ ഈണവും താളവും പാട്ടുകളും സൃഷ്‌ടിക്കും. ഇതുവഴി വാക്കുകള്‍, ശബ്‌ദങ്ങള്‍ എന്നിവകൊണ്ടുള്ള അറിവ്‌ വര്‍ദ്ധിപ്പിക്കുക കൂടിയാണ്‌ കുട്ടി ചെയ്യുന്നത്‌. എന്തുതരം സംഗീതമാണ്‌ അവര്‍ കേള്‍ക്കുന്നത്‌ അല്ലെങ്കില്‍ സൃഷ്‌ടിക്കുന്നത്‌ എന്നത്‌പ്രധാനമല്ല. എല്ലാ സംഗീതവും പ്രധാനമാണ്‌. സംഗീതം കുട്ടിയെ തീര്‍ച്ചയായും സ്‌മാര്‍ട്ടാക്കും. ഒരുപാട്ട്‌ പഠിക്കുമ്പോള്‍, വാദ്യോപകരണം കൈകാര്യം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ നൃത്തച്ചുവടുകള്‍വയ്ക്കുമ്പോള്‍ ശരീരവും മനസും ഉണരും. ബോധതലങ്ങള്‍ വികസിക്കും. വായിക്കുക, എഴുതുക, കണക്കുകൂട്ടുക എന്നിവപോലെ പ്രധാനമാണ്‌ ബോധതലവികാസവും. കുട്ടിയുടെ വികാസകാലം മുഴുവന്‍ സംഗീതം കേള്‍പ്പിക്കുകയും പഠിക്കുകയും ചെയ്യണം.

  • ശാരീരിക വളര്‍ച്ചയ്ക്ക്‌

നിങ്ങള്‍ക്ക്‌ സംഗീതമില്ലാതെ നൃത്തം ചെയ്യാനാവില്ല. സംഗീതമാണ്‌ നൃത്തത്തെ കൂടുതല്‍ രസകരമാക്കുന്നത്‌. മ്യൂസിക്കും ചലനവും ഒരുമിച്ച്‌ തന്നെ പോകുന്നു. കുട്ടികള്‍സംഗീതത്തോട്‌ സ്വാഭാവികമായി പ്രതികരിക്കുന്നത്‌ അതനുസരിച്ച്‌ ശരീരം ചലിപ്പിച്ചുകൊണ്ടോ, അനങ്ങിക്കൊണ്ടോ ആണ്‌. കുട്ടിയെ ഈണം, സമയം, ശ്രദ്ധ തുടങ്ങിയപല കാര്യങ്ങളും മനസ്സിലാക്കാന്‍ സംഗീതം സഹായിക്കും. കുട്ടികളെ അണിയണിയായി നടത്താന്‍,ചാടിക്കാന്‍, പ്രതീക്ഷ നല്‍കാന്‍ എല്ലാം സംഗീതത്തിനു കഴിയും. ഇത്തരം കാര്യങ്ങളെല്ലാം ശാരീരികവളര്‍ച്ചയെ സഹായിക്കും.

  • പഠനപ്രവര്‍ത്തനവുമായി സംഗീതം ഒന്നിപ്പിക്കുക

നിങ്ങള്‍ക്ക്‌ ഒരു കാര്യത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ അത്‌പഠിക്കാന്‍ ശ്രമിക്കും. കുട്ടികള്‍ മ്യൂസിക്ക്‌ ആസ്വദിക്കുന്നു. കുട്ടികളുടെ വീട്ടിലെ പ്രവര്‍ത്തനങ്ങളും പഠനങ്ങളുമെല്ലാം സംഗീതവുമായി ബന്ധപ്പെടുത്തിയാല്‍ മുഷിപ്പില്ലാതെ അവര്‍ക്കത്‌ ചെയ്യാനാവും. സ്വയം വൃത്തിയാക്കാനും, കളിപ്പാട്ടങ്ങള്‍ പെറുക്കിവയ്ക്കാനും ഒരു പാട്ട്‌ ഉണ്ടെന്ന് കരുതുക, കുട്ടികള്‍ അത്‌ ആസ്വദിച്ച്‌ ചെയ്യും. പല്ല്‌ തേക്കുന്നതിന്‌ പ്രത്യേകപാട്ട്‌ ഉണ്ടെങ്കില്‍ കുട്ടികള്‍ അതിനനുസരിച്ച്‌ സ്വാഭാവികമായി തന്നെപല്ല്‌ തേക്കും. കുട്ടികളെനോക്കുന്നവര്‍ക്ക്‌ (ഡേകെയര്‍ പോലുള്ള സ്ഥലങ്ങള്‍) അവിടെ കുട്ടികളോട്‌ തങ്ങളുടെ പ്രിയപ്പെട്ട ഉപകരണങ്ങളുമായിവരാന്‍ പറയുക. ഉദാഹരണത്തിന്‌ ചെറിയ ഡപ്പ, കുടങ്ങള്‍, കപ്പ്‌ എന്നിവ. എന്നിട്ട്‌ എല്ലാവരും കൂടിചേര്‍ന്ന്‌ അതില്‍ താളവും മറ്റും ഇട്ടാല്‍ അത്‌ ആസ്വദിച്ച്‌ കുട്ടികള്‍ എത്രനേരവും ഇരിക്കും. കുറച്ചു കൂടി മുതിര്‍ന്ന കുട്ടികളെ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍അനുവദിക്കണം. ബാന്‍ഡ്‌, ഓര്‍ക്കസ്‌ട്ര തുടങ്ങിയവയില്‍ ചേരുന്നത്‌ കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസം സാധ്യമാക്കും. സംഗീതം കുട്ടികളെക്കൊണ്ട്‌ വ്യത്യസ്‌തമായി ചിന്തിപ്പിക്കും. കുട്ടികള്‍ക്ക്‌ തങ്ങളുടെതന്നെ ശബ്‌ദം റെക്കോഡ്‌ചെയ്‌ത്‌ വീണ്ടും കേള്‍ക്കുന്നത്‌ ഇഷ്‌ടമാണ്‌. കുട്ടികള്‍ പാടുന്നത്‌ റെക്കോര്‍ഡ്‌ ചെയ്‌ത്‌ അവരെകേള്‍പ്പിക്കുക. അല്ലെങ്കില്‍ ഒരു കൂട്ടംകുട്ടികളെക്കൊണ്ട്‌ ഒരു പാട്ട്‌ പാടിച്ചശേഷം അത്‌ വീണ്ടുംകേള്‍പ്പിക്കുക. ഓരോരുത്തരും ആരാണ്‌ ഓരോ ഭാഗവുംപാടിയതെന്ന്‌ തിരിച്ച റിയാന്‍ആവശ്യപ്പെടുക. ഇത്‌ കുട്ടികളുടെ കേള്‍വി / മനസ്സിലാക്കാനുള്ള കഴിവിനെ വര്‍ധിപ്പിക്കും. സംഗീതത്തിന്‌ മനുഷ്യജീവിതത്തില്‍ വലിയ പങ്കുണ്ട്‌. അത്‌ വളരെ  സര്‍ഗാത്മകമായ മാധ്യമമാണ്‌. കുട്ടികള്‍ക്ക്‌ സ്വയം ആവിഷ്‌കരിക്കാനാവും. അത്‌ അവരുടെ മൊത്തത്തിലുള്ള  വളര്‍ച്ചയെ  വലിയ തോതില്‍ സഹായിക്കും. കുട്ടികളുടെവളര്‍ച്ചയില്‍ സംഗീതത്തെ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന്‌ തുടര്‍ച്ചയായി അന്വേഷിക്കണം. വിനോദവും പഠനവും  ഒരുമിച്ചുകൊണ്ടുപോകാന്‍ സംഗീതമാണ്‌ ഏറ്റവും നല്ല മാധ്യമം.

    വാദ്യോപകരണ പഠനം 5 നേട്ടങ്ങള്‍

സംഗീതപഠനം പോലെ തന്നെ വാദ്യോപകരണങ്ങള്‍ കൈകാര്യംചെയ്യാന്‍ മികവ്‌ നേടുന്നതും കുട്ടികള്‍ക്ക്‌ ഏറെ ഗുണകരമാണ്‌. വ്യക്തിപരമായ വളര്‍ച്ചയ്ക്ക്‌ അത്‌സഹായകരമാകും. വിദഗ്‌ധര്‍ വാദ്യോപകരണ പഠനത്തിന്‌ അനുകൂലമായി മുന്നോട്ട്‌ വയ്ക്കുന്ന അഞ്ച്‌ കാരണങ്ങള്‍ ഇവയാണ്‌.

1. കൂടുതല്‍ പ്രസരിപ്പുംചുറുചുറുക്കും നല്‍കും

സംഗീതവും തലച്ചോറുമായുള്ള ബന്ധത്തെപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്‌. സംഗീതവുമായി പരിചിതരും, വാദ്യോപകരണം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമായ കുട്ടികള്‍, വിദ്യാലയങ്ങളില്‍ മറ്റുള്ള കുട്ടികളേക്കാള്‍ പ്രസരിപ്പും ചുറുചുറുക്കും മികവും കാട്ടുന്നതായിട്ടാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌. പുതിയ പഠനങ്ങള്‍ പറയുന്നത്‌ കുട്ടികളുടെ ബുദ്ധിശക്തി, ഐക്യുവികാസം, തലച്ചോറിന്‍റെ ചിലഭാഗങ്ങളുടെ വളര്‍ച്ച എന്നിവയ്ക്ക്‌ വാദ്യോപകരണങ്ങളുടെ പഠനം ഗുണകരമാകും എന്നാണ്‌. കാരണം ഇത്‌ മനസിനെ ജാഗരൂകമായി നിര്‍ത്തുകയും സജീവമാക്കുകയും ചെയ്യും. ഇത്‌ ഓര്‍മയെ ശക്തിപ്പെടുത്തും.

2. ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരും

സംഗീത ഉപകരണം കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത്‌ മറ്റൊരു ഭാഷ സംസാരിക്കാന്‍ പഠിക്കുന്നതുപോലെതന്നെയാണ്‌. അതില്‍ ചിലവെല്ലുവിളികളുണ്ട്‌. സംഗീതകാരന് ‍സ്വായത്തമാക്കുന്ന ആദ്യ ഗുണവിശേഷം അച്ചടക്കമാണ്‌. അച്ചടക്കമില്ലാതെ ഒരിക്കലും സംഗീത ഉപകരണത്തില്‍ മികവ്‌തെളിയിക്കാനാവില്ല. ഓരോവാദ്യോപകരണ പഠനം 5 നേട്ടങ്ങള്‍ ദിവസവും പരിശീലനത്തിന്‌ സമയം നിശ്ചയിക്കുകയും അതിനായി കൂടുതല്‍ സമയം ചിലവഴിക്കുകയും വേണം.

3. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും

എല്ലാവരും ഏതെങ്കിലും തരത്തില്‍ മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്നുണ്ട്‌. നേര്‍ത്തതും മൃദുവായതുമായ സംഗീതം കേള്‍ക്കുമ്പോള്‍ വളരെ അനായാസത നിങ്ങള്‍ക്ക്‌ തോന്നാറില്ലേ? അതിനേക്കാള്‍ അനായാസതയും ശാന്തതയും ഒരു സംഗീത ഉപകരണം കൈകാര്യംചെയ്യുമ്പോള്‍ നിങ്ങള്‍ക്കുലഭിക്കും.

4. വിജയമനോഭാവം

തുടക്കക്കാരന്‍ എന്ന നിലയില്‍ ഒരാള്‍ക്ക്‌ ആദ്യം സംഗീതഉപകരണം വായിക്കുമ്പോള്‍ നിരാശയാവും തോന്നുക. പക്ഷേ അതില്‍ ആദ്യവിജയം നേടുമ്പോള്‍ മാനസിക സംതൃപ്‌തി ലഭ്യമാകും. ഒരു സംഗീതശകലം വായിക്കാനാകുമ്പോള്‍ ലക്ഷ്യത്തിലേക്ക്‌ അടുക്കുന്നതായ തോന്നല്‍ മനസ്സില്‍ ഉണര്‍ത്തും. അത്‌ അഭിമാനവും വിജയിയുടെ മനോഭാവവുംനല്‍കും.

5. വിനോദം

സംഗീത ഉപകരണം കൈകാര്യം ചെയ്യുന്നത്‌ രസകരമായ അനുഭവമാണ്‌. നിങ്ങളുടെ കുടുംബസദസ്സുകളിലും കൂട്ടുകാര്‍ക്കു മുന്നിലും വാദ്യസംഗീതം മീട്ടുകയും അവരുടെ അഭിനന്ദനങ്ങള്‍ നേടുന്നതും രസം നിറഞ്ഞ അനുഭവമാണ്‌. അത്‌ ഭാവിയില്‍ നിങ്ങളെ വളരെ പ്രൊഫഷണല്‍ സംഗീതകാരനായി മാറ്റിക്കൂടെന്നില്ല. ഒരു സംഗീത ഉപകരണം കൈകാര്യം ചെയ്യാനുള്ള കഴിവ്‌ ഭാവി സമ്പുഷ്‌ടമാക്കാനുള്ള നിരവധി അവസരങ്ങള്‍കൂടിമുന്നോട്ട്‌ വയ്ക്കുന്നുണ്ട്‌

സംതൃപ്‌തിയുള്ള രക്ഷിതാവാകണോ?

ചിലപ്പോഴെങ്കിലും രക്ഷാകര്‍തൃത്വം ക്ലേശകരമാകാം; പല മാതാപിതാക്കളുടെയും അനുഭവമാണിത്‌. എന്നാല്‍ ചില  ചെറുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക്‌ നല്ലൊരു രക്ഷകര്‍ത്താവായി മാറാനാകും. താഴെപറയുന്ന ഈ ആറു മന്ത്രങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ സന്തോഷവാനും സന്തോഷവതിയുമാകാം; ഒപ്പം നിങ്ങളുടെ കുട്ടികള്‍ക്കും.

സന്തോഷം പകരുന്നവയെ ശ്രദ്ധിക്കുക

ഒരു സാധാരണ അമ്മയുടെ പ്രഭാതത്തിലേക്ക്‌ സ്വാഗതം. രാവിലെ 5 മണിക്ക്‌ കിടക്കയിലേക്ക്‌ പിഞ്ചുകുഞ്ഞ്‌ ബോംബ്‌ വിക്ഷേപിക്കുന്നതോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നു. ഡയപ്പര്‍ മാറ്റുന്നതിനായി പാതി അടഞ്ഞ കണ്ണുകളോടെ ഇരുട്ടത്ത്‌ നിങ്ങള്‍ തപ്പി തടയുന്നു. അടുത്തത്‌ പ്രഭാതഭക്ഷണം. അവിടെ മേശപ്പുറത്തും നിലത്തും ചിതറിവീണ പാലും ബിസ്‌കറ്റും. പിന്നെ പാത്രം കഴുകല്‍; കുഞ്ഞിനെ ഉടുപ്പിടീക്കല്‍; ഇതെല്ലാം നിങ്ങള്‍ ഒരുകപ്പ്‌ കാപ്പിപോലും കഴിക്കുന്നതിനു മുമ്പാണെന്ന്‌  ഓര്‍ക്കണം. ഇത്‌അത്ര നല്ല വിനോദമാണോ? ആണെന്ന്‌ പറയാനാകില്ല.

അമ്മയാകുക എന്നത്‌ നിങ്ങള്‍ക്ക്‌  ആവേശകരമായിരിക്കാം. എന്നാല്‍ അത്‌ നിങ്ങളില്‍ നിന്ന്‌ ഒട്ടേറെ കാര്യങ്ങള്‍ ആവശ്യപ്പെടും. പലപ്പോഴും നിങ്ങള്‍ക്ക്‌ പ്രതിനന്ദി ലഭിച്ചില്ലെന്നുവരാം. എന്നിരുന്നാലും നമ്മുടെ മക്കളാണ്‌ നമ്മുടെ അഭിമാനം. അവരാണ്‌ നമ്മുടെ ജീവിതത്തിന്‌ സന്തോഷം പകരുന്നത്‌. മാതാപിതാക്കള്‍ക്ക്‌ ഒത്തിരിയേറെ അസൌകര്യങ്ങള്‍ മക്കള്‍ ഉണ്ടാക്കുമെങ്കിലും ഇതു തന്നെയാണ്‌ സത്യം. മക്കളെവളര്‍ത്തി വലുതാക്കുന്നത്‌ മാതാപിതാക്കള്‍ക്ക്‌ സന്തോഷം പകരും.

മനുഷ്യന്‌ ഒരു സ്വാഭാവിക പ്രവണതയുണ്ട്‌. അനുദിന ജീവിതത്തിലെ ചെറിയ ചെറിയ ക്ലേശങ്ങള്‍ അവന്‍ പെട്ടെന്ന്‌ മറക്കും. എന്നിട്ട്‌ സന്തോഷം പകരുന്ന  നന്മകളെ ശ്രദ്ധിച്ച്‌ മുന്നോട്ടു പോകും. പിഞ്ചോമന ആദ്യ ചുവട്‌ വയ്ക്കുന്നതും, മമ്മിക്ക്‌ ഉമ്മ തരുന്നതും അമ്മയെ നിര്‍വൃതിയിലാക്കുന്ന കൃത്യങ്ങളാണ്‌. മറ്റ്‌ ക്ലേശങ്ങളെല്ലാം അതോടെ നിങ്ങള്‍ മറക്കും. നമ്മുടെ ജീവിതത്തിന്‌ അര്‍ത്ഥം തരുന്നത്‌ മക്കളാണ്‌. അതുകൊണ്ടാണ്‌ മക്കളെ വളര്‍ത്തുന്നതിലെ ക്ലേശങ്ങള്‍ നമ്മള്‍ ഏറ്റെടുക്കുന്നത്‌.

മക്കളെ വളര്‍ത്തുമ്പോള്‍ പലപ്പോഴും നിങ്ങള്‍ അസ്വസ്ഥരായിട്ടുണ്ടാം; പല കാര്യങ്ങളും നിങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അത്‌ സ്വാഭാവികം മാത്രമാണ്‌. അതോര്‍ത്ത്‌ സങ്കടപ്പെടുകയും സ്വയം കുറ്റപ്പെടുത്തുകയും വേണ്ട. തിരക്കു പിടിച്ച നിങ്ങളുടെ കുടുംബ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാനുള്ള ചില കുറുക്കുവഴികള്‍ കണ്ടെത്തുകയാണ്‌ പ്രധാനം.

പ്രേമം നിലനിര്‍ത്തുക

സന്തോഷകരമായ ദാമ്പത്യബന്ധത്തിലാണ്‌ സന്തോഷമുള്ളകുട്ടികള്‍ പിറക്കുന്നതും വളരുന്നതും. മാതാപിതാക്കളായ ദമ്പതികള്‍ മറക്കരുതാത്ത സത്യമാണിത്‌. അതായത്‌ മക്കളെ വളര്‍ത്തുന്നതിനുള്ള വ്യഗ്രതകള്‍ക്കിടയില്‍ പങ്കാളിയുടെ കാര്യം മറന്നുപോകരുതെന്നര്‍ത്ഥം. കുട്ടികളെക്കുറിച്ചുള്ള വ്യഗ്രതകള്‍ക്കിടയിലും പങ്കാളിയുമായി പങ്കുവെക്കാന്‍ സമയം കണ്ടെത്തണം. മാസത്തിലൊരിക്കലെങ്കിലും ദമ്പതികള്‍ മാത്രമായി ഒരുമിച്ചൊന്നു പുറത്തുപോകുന്നത്‌ നല്ലൊരു തുടക്കമാണ്‌. അതോടൊപ്പം എല്ലാദിവസവും ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്ന ചില സ്വകാര്യ നിമിഷങ്ങള്‍ കണ്ടെത്തുന്നതും ഏറെ നല്ലതാണ്‌.

ജസീനക്കും അബുവിനും അഞ്ച്‌മക്കളാണ്‌. അഞ്ചു കുട്ടികള്‍ ഒരു വീട്ടിലുണ്ടായാലത്തെ പ്രപഞ്ചം ഊഹിക്കാവുന്നതല്ലേയുള്ളൂ. എത്രക്രമീകരിച്ചാലും വീടുമുഴുവന്‍ എപ്പോഴും താറുമാറായിരിക്കും. “ഇതിന്നിടയിലും ഞങ്ങള്‍ എല്ലാ അവധി ദിവസവും രാവിലെ ഒരുമിച്ചിരിക്കും. അടുക്കളയിലെ ടേബിളില്‍. കുറേ സംസാരിക്കും. കുട്ടികള്‍ വരുത്തിയിരിക്കുന്ന പ്രപഞ്ചം നോക്കി ചിരിക്കും”  – ജസീന പറഞ്ഞു. അബുവിന്‍റെ അഭിപ്രായത്തില്‍ ഒരുമിച്ചായിരിക്കാനും സംസാരിക്കാനുമുള്ള സമയം ബോധപൂര്‍വ്വംതങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്‌ പ്രധാനപ്പെട്ട കാര്യം.

കുറേ സമയം കൂട്ടുകാര്‍ക്കു വേണ്ടി

കുട്ടികള്‍ ബഹളവുമായി എപ്പോഴും നിങ്ങളുടെ ചുറ്റുമുണ്ടാവും. പക്ഷേ ഒരു കാര്യം മറക്കരുത്‌. അവര്‍ക്ക്‌ ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കു പകരം നില്‍ക്കാനാവില്ല. എന്നിട്ടും പല അമ്മമാരും മക്കളെ വളര്‍ത്തുന്ന തിരക്കില്‍ പഴയ ചങ്ങാതിമാരില്‍ നിന്നും ക്രമേണ അകന്നു മാറിപ്പോകുന്നു എന്നതാണ് സത്യം.

നിങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കരുത്‌. സുഹൃത്‌ന്ധങ്ങള്‍ സന്തോഷകരമായ ജീവിതത്തിന്‌ അനിവാര്യമായ ഘടകമാണ്‌. നല്ല സുഹൃത്തുക്കളും കുടുംബങ്ങളും ഉള്ളവരാണ്‌ പലപ്പോഴും കൂടുതല്‍ സന്തോഷവന്മാരായിത്തീരുന്നത്‌.

മാസങ്ങളായി കാണാതിരിക്കുന്ന കൂട്ടുകാരിയെ സന്ദര്‍ശിക്കാന്‍ ഒരല്‌പം സമയം കണ്ടെത്തുക. അല്ലെങ്കില്‍ വര്‍ഷങ്ങളായി ബന്ധപ്പെടാതിരുന്ന പഴയ സുഹൃത്തിനെ ഫോണില്‍ വിളിച്ചൊന്നു സംസാരിക്കുക. പറഞ്ഞു പറഞ്ഞു നിങ്ങളുടെ സംസാരം കുട്ടികളുടെ വിഷയത്തില്‍ എത്തിയെന്നു വരാം. എന്നാല്‍പ്പോലും അത്‌ നിങ്ങളെ കൂടുതല്‍ ഉന്മേഷവതിയാക്കും; തീര്‍ച്ച.

കൂട്ടുകാരോടൊത്ത്‌ സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍, കുട്ടികളോട്‌ നിങ്ങള്‍ കൂടുതല്‍ ക്ഷമയോടെ പെരുമാറും. മനഃശ്ശാസ്‌ത്രജ്‌ഞരുടെ അഭിപ്രായമാണിത്‌.

അമിതമഭാരം അരുത്‌

നിങ്ങളുടെ ദിനചര്യ ഇടയ്ക്കൊന്നു വിലയിരുത്തണം. ചെയ്യേണ്ട കാര്യങ്ങള്‍ ക്രമീകരിച്ചെഴുതുന്ന ഡയറി എടുത്തൊന്നു നോക്കണം. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ അതില്‍ നിറയെ? എങ്കില്‍ നിങ്ങളൊന്നു സ്വയം വിലയിരുത്തേണ്ട സമയമായിരിക്കുന്നു എന്നുസാരം. മക്കളുടെ മേല്‍ നിങ്ങള്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നുണ്ടോ? എങ്കില്‍ സന്തോഷം അക്കാരണത്താല്‍ തന്നെ അവര്‍ക്കു നഷ്‌ടമാകും. മക്കള്‍ക്കുവേണ്ടിയുള്ള അമിതാദ്ധ്വാനം നിങ്ങളുടെ ജീവിതത്തെയും ക്ലേശകരമാക്കും.

ഏതൊക്കെയാണ്‌ ഏറ്റവും പ്രധാനപ്പെട്ടതെന്ന്‌ തിരിച്ചറിയാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അപ്പോള്‍  അപ്രധാനമായവയെല്ലാം ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും. ജാന്‍സിക്കും നന്ദനും മൂന്ന്‌ മക്കളാണ്‌. മൂത്തവര്‍ രണ്ടും സ്‌കൂളില്‍ പോകുന്നു; ഇളയവന്‍ പ്ലേസ്‌കൂളിലും. കൂടാതെ ഡാന്‍സ്‌, പാട്ട്‌, സ്‌പോര്‍ട്‌സ്‌ മുതലായ പാഠ്യേതര പരിപാടികളും. ഒന്നിനു പുറകേ ഒന്നായുള്ള പരിപാടികള്‍ കൊണ്ട്‌ അമ്മയും മടുത്തു; പിള്ളേരും മടുത്തു. നന്ദനും മക്കളുമായി ഒരുമിച്ചിരുന്നപ്പോള്‍ ഈ വിഷയം അവര്‍ ചര്‍ച്ച ചെയ്‌തു. പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന്‌ തീരുമാനിച്ചു. ബാക്കിയെല്ലാം വേണ്ടെന്നു വച്ചു. ഫലമോ കളിക്കാനും ഉല്ലസിക്കാനുമായി കുട്ടികള്‍ക്ക്‌ കുറേ സമയം കിട്ടി. ഒപ്പം അമ്മയ്ക്കും സ്വതന്ത്രമായി കുറേ സമയം കിട്ടി.

ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുട്ടികള്‍ക്കും കുറേ സ്വാതന്ത്ര്യം അനുവദിക്കണം. കുറേ സമയം അവര്‍ക്കും സ്വതന്ത്രമായി കിട്ടണം. അത്‌ എല്ലാവരെയും സന്തുഷ്‌ടരാക്കും.

ടീമായി ജോലി ചെയ്യാം

വീട്ടുജോലികളില്‍ കുടുംബാംഗങ്ങളെ എല്ലാവരെയും പങ്കെടുപ്പിക്കുന്നത്‌, അമ്മയുടെ ഭാരം ഏറെ കുറയ്ക്കും. കുട്ടികളുടെ വളര്‍ച്ചക്ക്‌ അത്‌ ഏറെ ഉപകരിക്കുകയുംചെയ്യും. മൂന്നു കുട്ടികളുടെ അമ്മയായ ബിന്ദു പറയുന്നതു കേള്‍ക്കുക. “അലക്കാനുള്ള തുണിയെല്ലാം എന്‍റെ മക്കള്‍ വാഷിങ്‌ മെഷിനീല്‍ ഇടും; പട്ടിക്കു തീറ്റകൊടുക്കുന്നതും കുളിപ്പിക്കുന്നതും അവരാണ്‌; പിന്നെ അവരുടെ മുറി അവര്‍ തന്നെ വൃത്തിയാക്കും. ഇളയവന്‍ തുണി നിറച്ച ബക്കറ്റുമായി വരുന്ന കാഴ്‌ച നോക്കി നില്‍ക്കുന്നത്‌ തന്നെ രസകരമാണ്‌.”

വീട്ടുജോലികളില്‍ കുട്ടികളെ  പങ്കെടുപ്പിക്കുന്നത്‌ അവര്‍ക്ക്‌ ഏറെനല്ലതാണ്‌. ഒരു കുട്ടിയുടെ ജീവിത വിജയം നിശ്ചയിക്കുന്നത്‌ അവന്‍റെ ഐ. ക്യു, പാഠ്യേതര വിഷയങ്ങളിലെ പ്രാഗത്ഭ്യം, സാമൂഹ്യബന്ധങ്ങള്‍ ഇവയൊക്കെയാണെന്നാണ്‌ നാം സാധാരണ കരുതുന്നത്‌. എന്നാല്‍ ഈ അടുത്തയിടെ വന്ന ഒരു മനഃശ്ശാസ്‌ത്ര പഠനം തെളിയിക്കുന്നത്‌, വീട്ടുജോലികളിലുള്ള പങ്കാളിത്തവും ഉത്തരവാദിത്വവുമാണ്‌ ഒരു കുട്ടിയുടെ ഭാവി വിജയത്തിന്‍റെ ഏറ്റവും പ്രധാന ഘടകം എന്നാണ്‌.

കുഞ്ഞുനാള്‍ മുതല്‍ തന്നെ കുട്ടികളെ ഉത്തരവാദിത്വ ബോധമുള്ളവരാക്കി വളര്‍ത്തണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്‌ വീട്ടുജോലികളില്‍ അവരെ പങ്കെടുപ്പിക്കുക എന്നത്‌. ജോലികള്‍ വീതിച്ചു നല്‍കണം. നന്നായി ചെയ്യുമ്പോള്‍ അതിന്‌ പ്രോത്സാഹനം കൊടുക്കണം; ചെയ്‌തില്ലെങ്കില്‍ അതിനും പരിണതഫലം ഉണ്ടാകണം.

മൂന്നു വയസ്സുകാരനുപോലും ചെയ്യാവുന്ന കാര്യങ്ങളുണ്ട്‌. ചെറിയ കാര്യങ്ങളാണെങ്കിലും അമ്മയെ സഹായിക്കാനാവുന്നതില്‍ അവന്‍ അഭിമാനം കൊള്ളും; സന്തോഷിക്കും. നിങ്ങള്‍ക്കും അവനെക്കുറിച്ച്‌ അഭിമാനം തോന്നും; സന്തോഷവും.

നോപറയുക

കുട്ടികള്‍ പിടിവാശി പിടിക്കുക സ്വാഭാവികമാണ്‌. പിടിവാശിക്കു സമ്മതിച്ചുകൊടുത്താല്‍ അവന്‍റെ കരച്ചിലു നില്‍ക്കും; പ്രശ്‌നം എളുപ്പത്തില്‍ പരിഹൃതമാകുകയും ചെയ്യും. ഇതാണ്‌ സാധാരണ ചിന്ത.

എന്നാല്‍ സത്യം നേരെ മറിച്ചാണ്‌. കുട്ടിയുടെ പിടിവാശിയോട്‌ No പറയുമ്പോള്‍ അവന്‍റെ പരിധികളെക്കുറിച്ച്‌ നിങ്ങള്‍ അവനെ ബോധവാനാക്കുകയാണ്‌ ചെയ്യുന്നത്‌. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനുള്ള ആദ്യപാഠമാകും അവനത്‌. ആഗ്രഹിക്കുന്നതെല്ലാം നടക്കില്ലെന്നും, മാതാപിതാക്കള്‍ വയ്ക്കുന്ന നിയന്ത്രണങ്ങള്‍ അനുസരിക്കണമെന്നും അവന്‍ മനസ്സിലാക്കിത്തുടുങ്ങും.

കുട്ടികള്‍ ഇപ്പോഴത്തെ കാര്യം മാത്രമേ കാണുന്നുള്ളൂ; ചിന്തിക്കുന്നുള്ളൂ. ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക്‌ പിന്നീടുണ്ടാകുന്ന പരി ണതഫലങ്ങളെ കണക്കിലെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അതിനാലാണ്‌ അവരുടെ ആവശ്യങ്ങള്‍ ഉടനടി നടത്തിക്കിട്ടാന്‍അവര്‍ നിര്‍ബന്ധം പിടിക്കുന്നത്‌. നിങ്ങള്‍ പറ്റില്ലെന്ന്‌ പറഞ്ഞാല്‍ അത്‌ നടക്കില്ലെന്നു അവര്‍ക്ക്‌ ബോധ്യമാ യിത്തുടങ്ങിയാല്‍ അവരുടെ പ്രതിഷേധത്തിന്‍റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും. അതോടൊപ്പം, നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ള അമ്മയായി മാറുകയും ചെയ്യും.

ഇങ്ങനെയൊക്കെയാണെങ്കിലും നോ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി ഉപയോഗിച്ചാല്‍ അത്‌ വിപരീതഫലങ്ങളേ ഉളവാക്കൂ.  ഉദാഹരണത്തിന്‌ നിങ്ങള്‍ കുക്ക്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ മൂന്നുവയസുകാരന്‍ നിങ്ങളെ കളിക്കാന്‍ വിളിച്ചെന്നിരിക്കട്ടെ. “പറ്റില്ല” എന്നു പറയുന്നതിനുപകരം, “നമുക്ക്‌ ഒരുമിച്ചു കളിക്കാം, അല്‍പം കഴിയട്ടെ” എന്നു പറയാം. അവനുമായൊരു ഏറ്റു മുട്ടല്‍ ഒഴിവാക്കാന്‍ ഇത്‌ ഉപകരിക്കും. അതോടൊപ്പം, ഒരു നല്ല കാര്യം പ്രതീക്ഷിച്ചിരിക്കാന്‍ അവനെ സഹായിക്കുകയും ചെയ്യും.

യാഥാര്‍ത്ഥ്യബോധത്തോടെ മുന്നേറുക

കുട്ടികളെ പരിചരിക്കുന്നതും വളര്‍ത്തുന്നതും രസകരമായ കൃത്യമാക്കി മാറ്റാമെന്നതാണ്‌ സത്യം. ഈ പ്രസ്‌താവന ശരിയാണെന്ന്‌ പലപ്പോഴും നിങ്ങള്‍ക്ക്‌ തോന്നണമെന്നില്ല.

“ഒരേ കാര്‍ട്ടൂണ്‍ ഫിലിം ഒരു ദിവസം തന്നെ മൂന്നാം പ്രാവശ്യം കൂടെയിരുന്ന്‌ കാണാന്‍ അവന്‍ വിളിക്കുമ്പോള്‍ എനിക്കു ഭ്രാന്തു പിടിക്കും”  ആനി പറഞ്ഞു. “ഫിലിംകൂടെയിരുന്ന്‌ കാണാന്‍ ഇവന്‍ എന്നെ വിളിക്കാത്ത ദിവസം വരുമല്ലോ എന്ന്‌ അപ്പോള്‍ ഞാന്‍ ഓര്‍ക്കും. അതോടെ എന്‍റെ അരിശമെല്ലാം പമ്പകടക്കും”

കുട്ടികളെ വളര്‍ത്തുന്നതില്‍ ഒരുപാട്‌ വെല്ലുവിളികളും പ്രതിസന്ധികളും ക്ലേശങ്ങളുമുണ്ട്‌. ശരിയായ കാഴ്‌ചപ്പാടിലൂടെ അവയെ നോക്കിക്കാണാന്‍ പറ്റുമ്പോഴാണ്‌ മാതൃത്വവും പിതൃത്വവും ആസ്വാദ്യകരമാകുന്നത്‌. ഏതിന്‍റെയും ഭാവാത്മകവശം ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കു പറ്റണം.

എപ്പോഴും സന്തോഷം കിട്ടണമെന്ന നിര്‍ബന്ധം ഉപേക്ഷിച്ചാല്‍തന്നെ കാര്യം എളുപ്പമാകും. അപ്പോള്‍ നല്ല നിമിഷങ്ങളെ കൂടുതല്‍ ആസ്വദിക്കാനും, അത്ര നല്ലതല്ലാത്തവയോട്‌ പൊരുത്തപ്പെടാനും നിങ്ങള്‍ക്കു പറ്റും.

ലീലാമ്മയ്ക്ക്‌ രണ്ട്‌ കുട്ടികളാണ്‌. മാതൃത്വം രസകരമാക്കാന്‍ അവള്‍ ഉപയോഗിക്കുന്ന കുറുക്കുവഴി ശ്രദ്ധിക്കാം. അവള്‍ക്കൊരു സ്വന്തം ക്യാമറയുണ്ട്‌. മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ഫോട്ടോകള്‍ അവളെടുക്കും. അത്‌ ശേഖരിച്ചു വയ്ക്കും. ഫോട്ടോയുടെ മറുവശത്ത്‌ കുറിപ്പെഴുതി വയ്ക്കും. അതോടൊപ്പം അവര്‍ പറയുന്ന രസകരമായ കാര്യങ്ങളും. “ബുദ്ധിമുട്ടും സങ്കടവും വരുമ്പോള്‍ ഞാന്‍ ആല്‍ബം എടുക്കും. അവരുടെ ഫോട്ടോകള്‍ മറിച്ചുനോക്കും. കൂടെ അവരുടെ സംഭാഷണ ശകലങ്ങള്‍ വായിക്കും. എന്‍റെ മുഖത്ത്‌ പുഞ്ചിരി പടരാന്‍ അതു മതിയാകും” ലീലാമ്മ പറഞ്ഞു നിറുത്തി.

അമ്മയാകുക ക്ലേശകരമാണ്‌; ഒപ്പം സുകൃതപൂര്‍ണ്ണവും. മക്കളെ വളര്‍ത്തുമ്പോള്‍ ലഭിക്കുന്ന പുണ്യാനുഭവങ്ങളുണ്ട്‌. മറ്റ്‌ ഒരിടത്തും കിട്ടാത്തവ. അവയെ സൂക്ഷിച്ചു വയ്ക്കുക, ഇടക്കിടെ അവയിലേക്ക്‌ പിന്തിരിയുക. നിങ്ങളുടെ മാതൃത്വം സന്തോഷകരമാക്കാനുള്ള കുറുക്കു വഴിയാണിത്‌

മക്കളെ വളര്‍ത്താന്‍ 7 സൂത്രങ്ങള്‍

പ്രതിസന്ധികളെ തരണം ചെയ്യാനും വീഴ്‌ചകളില്‍ നിന്ന്‌ കരകയറാനുമുള്ള കഴിവ്‌ പകര്‍ന്നു കൊടുത്താല്‍ മക്കളുടെ ജീവിതം സന്തോഷഭരിതമാകുന്നത്‌ നിങ്ങള്‍ക്ക്‌ കാണാനാവും.

മക്കളെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്‌? അവര്‍ സ്‌നേഹിക്കുന്നവരും ഏറെ സ്‌നേഹിക്കപ്പെടുന്നവരുമായിരിക്കണം; ജീവിതവിജയം നേടുന്നവരാകണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ സന്തോഷമുള്ളവരായിരിക്കണം. എന്നാല്‍ മക്കളുടെ ഭാവിജീവിതം സന്തോഷകരമാക്കാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കുമോ?

എന്‍റെ മകന്‍ ഏഴുവയസ്സുകാരന്‍ ജിതിന്‍ ഒരു നാണം കുണുങ്ങിയാണ്‌; എന്നാല്‍ അഞ്ചുവയസുകാരി ആന്‍സി നേരെ മറിച്ച്‌ ഏറെ സ്‌മാര്‍ട്ടും പ്രസന്നവതിയും. ജിതിന്‍ എഴുന്നേല്‍ക്കുന്നതേ മ്ലാനമുഖത്തടെയാണ്‌. എപ്പോഴും അങ്ങനെ തന്നെ. എന്നാല്‍ ആന്‍സി പുഞ്ചിരിയോടെ എല്ലാ ദിവസത്തെയും അഭിവാദ്യം ചെയ്യും. ഇവരുടെ വ്യത്യസ്‌ത സ്വഭാവരീതികള്‍ക്ക്‌ ജനിതക കാരണങ്ങള്‍ കാണാം. എന്നിരുന്നാലും അവരുടെ ജീവിതത്തിന്‍റെ ആത്യന്തികമായ സന്തോഷം മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥമില്ലെന്ന്‌ മന:ശ്ശാസ്‌ത്രജ്ഞന്‍ പോള്‍ സക്കറിയ പറയുന്നു.

 

ഒരാളുടെ സന്തോഷപ്രകൃതത്തിന്‌ ജനിതക കാരണങ്ങള്‍ കാണാം എന്നിരുന്നാലും  ജീവിതസാഹചര്യങ്ങള്‍ (Environment) കൊണ്ട്‌ ഒരുവന്‍റെ പ്രകൃതത്തെ ഒത്തിരിയേറെ മാറ്റാനാവും. ഗവേഷണങ്ങള്‍ തെളിയിക്കുന്ന ഒരു കാര്യമുണ്ട്‌ സന്തോഷവാന്മാരും ശുഭാപ്‌തിവിശ്വാസികളുമായ കുട്ടികള്‍ സന്തോഷം നിറഞ്ഞ കുടുംബത്തിന്‍റെ ഉത്‌പന്നങ്ങളാണ്‌. അങ്ങനെയെങ്കില്‍, സന്തോഷവാനായ കുഞ്ഞിനെ വളര്‍ത്തിയെടുക്കാവുന്ന നന്മനിറഞ്ഞൊരു കുടുംബം നിങ്ങള്‍ക്ക്‌ എങ്ങനെ സൃഷ്‌ടിച്ചെടുക്കാനാകും? അത്തരമൊരു കുടുംബാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ഏഴു മാര്‍ഗ്ഗങ്ങളിലേക്ക്‌…

1. സ്‌നേഹബന്ധങ്ങള്‍ വളര്‍ത്തുക

ജീവിതകാലം മുഴുവന്‍ വൈകാരിക പക്വത അനുഭവിക്കണമെങ്കില്‍ കുഞ്ഞുനാള്‍ മുതലേ അതിനുള്ള അന്തരീക്ഷം കുട്ടിക്ക്‌ ലഭിച്ചിരിക്കണം. ഏറ്റവും പ്രധാനമാര്‍ഗ്ഗം ചുറ്റുമുള്ളവരുമായി നല്ല സ്‌നേഹബന്ധത്തിലായിരിക്കുക എന്നതാണ്‌. മാതാപിതാക്കളോടും, മറ്റ് കുടുംബാംഗങ്ങളോടും, കൂട്ടുകാരോടും, അയല്‍ക്കാരോടും, അധ്യാപകരോടും. എന്തിനേറെ വളര്‍ത്തു മൃഗങ്ങളോടുവരെ നല്ല ബന്ധത്തിലായിരിക്കുന്ന കുട്ടി വൈകാരിക സന്തുഷ്‌ടിയിലേക്ക്‌ വളര്‍ന്നു കയറും.

ബന്ധങ്ങളുട കുട്ടിക്കാലമാണ്‌ സന്തോഷകരമായ ജീവിതത്തിനുള്ള സൂത്രമെന്നാണ്‌ മനഃശ്ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌. സ്‌നേഹിക്കപ്പെടുന്നുവെന്നും, മനസ്സിലാക്കപ്പെടുന്നുവെന്നും, അംഗീകരിക്കപ്പെടുന്നുമെന്നുമുള്ള അനുഭവമാണ്‌ നല്ല സ്‌നേഹബന്ധങ്ങള്‍ സമ്മാനിക്കുന്നത്‌. നിരാശ, ആത്മഹത്യാ പ്രവണത, മദ്യപാനം, മയക്കുമരുന്ന്‌ എന്നിവയില്‍ നിന്നൊക്കെയുള്ള ഏറ്റവും വലിയ സംരക്ഷണ വലയമാണ്‌ കുഞ്ഞുനാളില്‍ കിട്ടുന്ന സ്‌നേഹബന്ധങ്ങള്‍.

കുഞ്ഞിന്‍റെ പ്രാഥമികവും നിര്‍ണ്ണായകവുമായ ബന്ധം, ഭാഗ്യവശാല്‍ മാതാപിതാക്കളോടാണ്‌. അമ്മയ്ക്ക്‌ സ്വന്തം കുഞ്ഞിനോടുള്ള സ്‌നേഹം ഒരു തരം അന്ധമായ സ്‌നേഹമാണ്‌. ഒരാളെങ്കിലും ഉപാധികളില്ലാതെ സ്‌നേഹിക്കുമ്പോള്‍ അത്‌ കുഞ്ഞിന്‌ നല്‍കുന്നത്‌ ഒരുതരം പ്രതിരോധവലയമാണ്‌ ജീവിതത്തിന്‍റെ എല്ലാ കഷ്‌ടതകളില്‍ നിന്നുമുള്ള സംരക്ഷണവലയം. അത്തരമൊരു സ്‌നേഹം നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നാല്‍ മാത്രം പോരാ, മറിച്ച്‌ നിങ്ങളുടെ സ്‌നേഹം കുഞ്ഞിന്‌ അനുഭവിക്കാനാകണം. അവനെ നിങ്ങളുടെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കുക, അവന്‍ കരയുമ്പോള്‍ കരുണയോടെ പ്രതികരിക്കുക, അവന്‍റെ കൂടെ കളിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക– ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവന്‍ നിങ്ങളുടെ സ്‌നേഹം അനുഭവിച്ചറിയും.

അതേസമയം തന്നെ മറ്റുള്ളവരുമായി സ്‌നേഹബന്ധം വളര്‍ത്തിയെടുക്കാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാക്കി കൊടുക്കണം. സന്തോഷകരമായ ജീവിതത്തിന്‍റെ ഏറെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്‌ ഒരുവന്‍റെ സാമൂഹ്യ ബന്ധങ്ങള്‍. ബന്ധങ്ങളുടെ ആഴത്തോടൊപ്പം പ്രധാനപ്പെട്ടതാണ്‌ എണ്ണവും. ഒരു കുഞ്ഞ്‌ എത്രയധികം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുവോ അത്രയധികം അവന്‍ മെച്ചപ്പെടുകയാണ്‌ ചെയ്യുന്നത്‌.

2. സന്തോഷിപ്പിക്കാന്‍ പരിശ്രമിക്കരുത്‌

ഈ പറയുന്നത്‌ വിരോധാഭാസമായി തോന്നിയേക്കാം. നിങ്ങളുടെ കുഞ്ഞിന്‍റെ ഭാവിജീവിതം സന്തോഷപ്രദമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവനെ സന്തോഷിപ്പിക്കാനുള്ള അമിതപരിശ്രമം അവസാനിപ്പിക്കുക എന്നതാണ്‌. അവന്‍റെ എല്ലാ ആഗ്രഹങ്ങളും താല്‍പര്യങ്ങളും അപ്പോഴപ്പോള്‍ സാധിച്ചു കൊടുത്തുകൊണ്ടിരുന്നാല്‍ അവന്‌ അതൊരു ശീലമായിത്തീരും. വളര്‍ന്നു വരുമ്പോള്‍, വീടിന്‌ പുറത്തുള്ള പുറം ലോകവുമായി ബന്ധപ്പെടുമ്പോഴും അവന്‍ അങ്ങനെ തന്നെ പ്രതീക്ഷിക്കും. ആഗ്രഹിക്കുന്നതെല്ലാം സാധിച്ചു കിട്ടുമെന്ന്‌. എന്നാല്‍ യഥാര്‍ത്ഥ ലോകത്തില്‍ പലപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ.

നിങ്ങളുടെ കുട്ടിയുടെ സന്തോഷത്തിന്‍റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലെന്ന സത്യം  അംഗീകരിക്കുകയാണ്‌ പ്രധാനകാര്യം. കുഞ്ഞ്‌ സന്തോഷിക്കുന്നതിന്‍റെയോ സങ്കടപ്പെടുന്നതിന്‍റെയോ ഉത്തരവാദിത്വം തനിക്കാണെന്ന്‌ കരുതുന്ന രക്ഷിതാവ്‌ സങ്കടം, കോപം മുതലായ സന്തോഷകരമല്ലാത്ത വികാരങ്ങള്‍ അനുഭവിക്കാന്‍ സ്വന്തം കുട്ടിയെ അനുവദിച്ചെന്നുവരില്ല. അത്തരം വികാരങ്ങളില്‍ നിന്നെല്ലാം സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കും. അവന്‌ സന്തോഷം പകരുന്നതെല്ലാം ഉടനുടന്‍ കൊടുത്തുകൊണ്ടിരിക്കും; അവന്‍ സങ്കടം വരുത്തുന്ന പ്രശ്‌നങ്ങളെല്ലാം ഉടനുടന്‍ പരിഹരിച്ചുകൊണ്ടിരിക്കും. തത്‌ഫലമായി നിഷേധാത്മകമായ വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ അവന്‌ ആര്‍ജിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ വളര്‍ന്നുവരുന്ന കുട്ടികള്‍ കൌമാരത്തിലോ, യൌവനത്തിലോ നിഷേധാത്മക വികാരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നു പോകുന്നു.

നിങ്ങളുടെ കുട്ടി സന്തോഷവാനായിരിക്കുന്നതിന്‍റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലെന്ന്‌ തിരിച്ചറിയുന്നതോടെ അവന്‍റെ വികാരങ്ങളെയെല്ലാം ഉടനടിശരിയാക്കാനുള്ള പരാക്രമം നിങ്ങള്‍ അവസാനിപ്പിക്കും. നിങ്ങള്‍ അല്‍പംപിന്നോട്ടു മാറുന്നതോടെ സ്വന്തം വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ളകഴിവ്‌ അവന്‍ ആര്‍ജിച്ചെടുക്കാന്‍ തുടങ്ങും. അങ്ങനെ ജീവിതത്തിന്‍റെപ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കഴിവുകള്‍ അവന്‍ പടിപടിയായി വളര്‍ത്തിയെടുക്കും.

3. സ്വന്തം സന്തോഷം പരിപോഷിപ്പിക്കുക

നിങ്ങളുടെ മക്കളുടെ സന്തോഷം നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ നിങ്ങളുടെ സന്തോഷത്തിന്‍റെ മേല്‍ നിങ്ങള്‍ക്ക്‌ നിയന്ത്രണമുണ്ട്‌. എന്നു മാത്രമല്ല, കുട്ടികള്‍ പലതും മാതാപിതാക്കളില്‍ നിന്നാണ്‌ പഠിക്കുന്നത്‌. അതിനാല്‍ നിങ്ങളുടെ സന്തോഷവും സങ്കടവും കോപവുമൊക്കെ അവരെ സ്വാധീനിക്കും.

സന്തുഷ്‌ടരായ മക്കളുണ്ടാകാന്‍ഏറ്റവും പ്രധാന ഘടകം സന്തുഷ്‌ടരായ മാതാപിതാക്കള്‍ തന്നെയാണ്‌. വിഷാദക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ അതിലേറെ വിഷാദക്കാരായി മാറുമെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. അതിനാല്‍ നിങ്ങളുടെ മക്കള്‍ വൈകാരിക സന്തുഷ്‌ടിയുള്ളവരാകാന്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റം പ്രധാന കാര്യം സ്വന്തം വൈകാരികസുസ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ്‌. വിശ്രമത്തിനുംഉല്ലാസത്തിനും സമയം മാറ്റി വയ്ക്കണം; അതോടൊപ്പം പങ്കാളിയുമായുള്ള പ്രണയത്തിനും. അച്ഛനമ്മമാര്‍തമ്മില്‍ ഊഷ്‌മളബന്ധമുണ്ടെങ്കില്‍ മക്കള്‍ സ്വാഭാവികമായിതന്നെ സന്തോഷമുള്ളവരായിരിക്കും.

4. ശരിയായ പ്രശംസ

ഒരാളുടെ ആത്മാഭിമാനവും അവന്‍റെ സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഒന്നില്ലാതെ മറ്റത്‌ ഉണ്ടാവില്ല. ഇത്‌ എല്ലാവര്‍ക്കും തന്നെ അറിയാവുന്ന സാധാരണ കാര്യമാണ്‌. അതുകൊണ്ടു തന്നെ മക്കളെ പ്രശംസിച്ച്‌ അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ അതീവ ശ്രദ്ധാലുക്കളാണ്‌. സ്വന്തം കുട്ടി വെറുതെ കുത്തിവരച്ചാല്‍ മതി അവനെ പിക്കാസോ ആയി പ്രഖ്യാപിക്കാനായിരിക്കും പിന്നത്തെ ശ്രമം. ഒരു ഗോളടിച്ചാല്‍ മതി മറഡോണയുടെ പത്താംനമ്പര്‍ ജേഴ്സി അണിയിക്കുകയായിരിക്കും പിന്നത്തെ പരിപാടി. സൂക്ഷിക്കുക, ഇത്തരം പ്രശംസകള്‍ വിപരീതഫലം ഉണ്ടാക്കാനാണ്‌ സാധ്യത.

ഇത്തരം പ്രശംസകളുടെ പ്രശ്‌നം അവ നേട്ടങ്ങളെ കരിച്ചുള്ള താണ്‌ എന്നതാണ്‌. നിങ്ങളുടെ പ്രശംസ കിട്ടണമെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന ധാരണ കുട്ടികളിലേക്കു കടന്നുകൂടും. വിജയിക്കാനായില്ലെങ്കില്‍ മാതാപിതാക്കളുടെ സ്‌നേഹവും താല്‍പര്യവും നഷ്‌ടപ്പെട്ടേക്കുമെന്ന ഭയത്തിലേക്ക്‌ കുട്ടി വഴുതിവീഴും.

പൂര്‍ണ്ണമായും സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാണ്‌ ഒരുവന്‍റെ ബുദ്ധിയും സൌന്ദര്യവും കായിക ക്ഷമതയും. നിങ്ങളുടെ പ്രശംസ ഇവയെ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ കുട്ടിയുടെ ആത്മവിശ്വാസം പിന്നീട്‌ തകര്‍ന്നു പോകാന്‍ സാധ്യതയുണ്ട്‌.

ബാല്യത്തില്‍ അതിസുന്ദരിയായിരുന്ന കുഞ്ഞിനെ അതിന്‍റെ പേരില്‍ പുകഴ്‌ത്തിക്കൊണ്ടിരുന്നു. എന്നാല്‍വളരുമ്പോള്‍ അവളുടെ സൌന്ദര്യത്തിന്‌ അല്‍പം കുറവു വന്നാലോ? അവളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ പിന്നെ എത്ര ഫേഷ്യലുകള്‍ ഒരുദിവസം ചെയ്യേണ്ടിവരും?

ബുദ്ധിയുടെ പേരില്‍ പ്രശംസ കിട്ടിക്കൊണ്ടിരുന്ന കുട്ടികള്‍ ഒരുതരം പേടിയിലേക്ക്‌ വഴുതിവീഴാന്‍ ഇടയുണ്ട്‌. എപ്പോഴെങ്കിലും പഠനത്തില്‍ പുറകോട്ടുപോയാല്‍ താന്‍ വേണ്ടപ്പെട്ടവന്‍ അല്ലാതായിത്തീരുമോ എന്ന ഭയം.

എന്താണിതിന്‌ പ്രതിവിധി? പ്രശംസയും പ്രോത്സാഹനവും പാടേ നിര്‍ത്തുക എന്നതല്ല. മറിച്ച്‌ അവയുടെ രീതി മാറ്റുക എന്നതാണ്‌. പ്രശംസിക്കേണ്ടത്‌ കുട്ടിയുടെ പരിശ്രമത്തെയാണ്‌; അല്ലാതെ അതില്‍ നിന്ന്‌ ഉണ്ടാകുന്ന ഫലത്തെയാകരുത്‌. ഇതാണ്‌ മനഃശ്ശാസ്‌ത്രജ്ഞര്‍ തരുന്ന ഉപദേശം. കുട്ടി കൈവരിക്കുന്ന നേട്ടത്തെക്കാളുപരി അവന്‍റെ കഠിനാദ്ധ്വാനത്തെയും, ക്രിയാത്മകതയെയും, സ്ഥിരോത്സാഹത്തേയും പ്രോത്സാഹിപ്പിക്കുക.

ഒരു തരം “വളര്‍ച്ചാ മനോഭാവം” കുട്ടികളില്‍ കരുപിടിപ്പിക്കുകയാണ്‌ ഇതിന്‍റെ ലക്ഷ്യം. കഠിനാധ്വാനത്തിലൂടെയും സ്ഥിരമായ പരിശീലനത്തിലൂടെയും ജീവിതവിജയം നേടാനാവുമെന്ന വിശ്വാസത്തെ വളര്‍ച്ചാ മനോഭാവമെന്ന്‌ നമുക്ക്‌ വിളിക്കാം. ഇത്തരം വളര്‍ച്ചാ മനോഭാവം കൈവശമുള്ളകുട്ടികള്‍ തങ്ങളുടെ കടമകള്‍ മെച്ചമായി ചെയ്യുകയും അവ ആസ്വദിക്കുകയും ചെയ്യും. പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ എന്ത്‌ വിചാരിക്കുമെന്നതിനെക്കുറിച്ച്‌ അവര്‍ക്ക്‌ ആശങ്കയില്ല. ഇത്തരം മനോഭാവം വളര് ത്തിയെടുക്കാനുള്ള മാര്‍ഗ്ഗം കുട്ടികളുടെ പരിശ്രമത്തിലേക്ക്‌ നിങ്ങളുടെപ്രശംസ തിരിച്ചു വിടുക എന്നതാണ്‌. “മോന്‍ നന്നായി ചെയ്‌തു. നീശരിക്കും പരിശ്രമിച്ചു കാണണം.”

നമ്മള്‍പറഞ്ഞുവരുന്നത്‌ പ്രശംസിക്കരുതെന്നല്ല; പ്രശംസിക്കുക തന്നെ വേണം. നിങ്ങളുടെ പ്രശംസയുടെ ഫോക്കസ്‌ കുട്ടിയുടെ പരിശ്രമത്തിലും സ്ഥിരോത്സാഹത്തിലുമാ യിരിക്കണം. അതൊക്കെയാണ്‌ അവന്‌ നിയന്ത്രിക്കാവുന്നതും, വളര്‍ത്തിക്കൊണ്ടുവരാവുന്നതും. അല്ലാതെ അവന്‍റെ ടാലന്റിന്‍റെയും, നൈസര്‍ഗിക വാസനകളുടെയും മേല്‍ അവന്‌ യാതൊരു നിയന്ത്രണവുമില്ലെന്ന്‌ എപ്പോഴും ഓര്‍ക്കണം.

5. ജയിക്കാനും തോല്‍ക്കാനും അനുവദിക്കുക

പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക്‌ നല്‍കുകയാണ്‌ അവരുടെ ആത്മവിശ്വാസം വളര്‍ത്താനുള്ള എളുപ്പവഴി. ഓരോ രംഗത്തും അവന്‍ നേടുന്നകഴിവും പ്രാവീണ്യവുമാണ്‌ കുട്ടിയുടെ ആത്മവിശ്വാസത്തെ വളര്‍ത്തുന്നത്‌. കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്യുന്ന ഏതുകാര്യത്തി ലും പ്രാവീണ്യം നേടാനുള്ള സാധ്യത അവര്‍ക്കുണ്ട്‌. കാരണം എല്ലാം അവര്‍ക്ക്‌ പുതിയതാണ്‌– പിച്ചവച്ചുനട ക്കാനും, ഉടിപ്പിടാനും, സൈക്കിള്‍ ചവിട്ടാനും, സ്വന്തമായി പല്ലുതേക്കാനുമുള്ള കഴിവുകള്‍ തുടങ്ങിയവ എല്ലാം. ഇവയെല്ലാം സ്വയം ചെയ്യാന്‍ കുട്ടികളെ അനുവദിക്കുകയാണ്‌ മാതാപിതാക്കള്‍ ചെയ്യേണ്ടത്‌. പലപ്പോഴും രക്ഷിതാക്കള്‍ ചെയ്യുന്ന ഏറ്റവും വലിയതെറ്റ്‌ മക്കള്‍ക്കുവേണ്ടി അവര്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്‌തുകൊടുക്കു ന്നു എന്നതാണ്‌.

സ്വന്തം മക്കള്‍ കഷ്‌ടപ്പടുന്നത്‌ കണ്ടുനില്‍ക്കുക അച്ഛനമ്മമാര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌. പക്ഷേ അവരെ പരാജയപ്പെടാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു കാര്യം ചെയ്‌തു പ്രാവീണ്യം ചെയ്യുന്നതിന്‍റെ സന്തോഷം അനുഭവിക്കാന്‍ അവര്‍ക്ക്‌ ഒരിക്കലും സാധിക്കുകയില്ല. ഒരു കാര്യത്തിലും ആദ്യപരിശ്രമം വിജയത്തില്‍ എത്തില്ല. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങളിലൂടെയും തുടര്‍ച്ചയായ പരിശീലനത്തിലൂടെയുമാണ്‌ ഒരുകാര്യത്തിന്‌ കഴിവും പ്രാവീണ്യവും ആര്‍ജിക്കാനാവുന്നത്‌. ഇത്തരം അനുഭവങ്ങള്‍ കൂടിവരുന്നതോടെ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിച്ചു വരും. ഭാവിയില്‍ ഉണ്ടാകാവുന്ന വെല്ലുവിളികളെ ശുഭാപ്‌തി വിശ്വാസത്തോടും ആത്മധൈര്യത്തോടും അഭിമുഖീകരിക്കാന്‍ സാധിക്കുന്നത്‌ ഇങ്ങനെയാണ്‌. സന്തോഷകരമായ ജീവിതത്തിനുള്ള മാര്‍ഗ്ഗമിതാണ്‌.

6. ഉത്തരവാദിത്വങ്ങള്‍ഏല്‍പ്പിക്കുക

ഞാന്‍ വേണ്ടപ്പെട്ടവനാണ്‌, എന്നെ എല്ലാവരും വിലമതിക്കുന്നു, എന്ന ചിന്തയാണ്‌ സന്തുഷ്‌ട ജീവിതത്തിന്‌ അടിസ്ഥാനം. ഇതില്ലെങ്കില്‍ പുറന്തള്ളപ്പെട്ടതായും ഒറ്റപ്പെടുത്തപ്പെട്ടതായും ഒരുവന്‌ അനുഭവപ്പെടാം. മനുഷ്യന്‍ ഏറ്റവുംകൂടുതല്‍ ഭയപ്പെടുന്നത്‌ ഒറ്റപ്പെടുത്തലിനെയാണ്‌.

ഇത്‌ വിരല്‍ചൂണ്ടുന്നത്‌ ഏതൊരു മനുഷ്യന്‍റെയും പ്രധാനപ്പെട്ടൊരു അടിസ്ഥാന ആവശ്യത്തിലേക്കാണ്‌. അതായത്‌ എന്നെക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ആവശ്യമുണ്ട്‌ എന്ന തോന്നല്‍. കുഞ്ഞുന്നാള്‍ മുതലേ ഇത്‌ വളര്‍ത്തിയെടുക്കാന്‍ പറ്റും. വീട്ടുജോലികളില്‍ കുട്ടികളെയും പങ്കെടുപ്പിക്കുകയാണ്‌ ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. തന്റേതായ സംഭാവന വീട്ടുകാര്യങ്ങളില്‍ നല്‍കുന്നുണ്ടെന്ന ബോധം കുട്ടികളില്‍ അങ്ങനെ വളര്‍ന്നു വരും.

മൂന്നുനാലു വയസ്സുള്ള കുട്ടികളെ പോലും വീട്ടുജോലികളില്‍ പങ്കെടുപ്പിക്കാം. ഓരോരുത്തരുടെയും പ്രായവും കഴിവും നോക്കി വേണംജോലികള്‍ ഏല്‍പ്പിക്കാന്‍. ചെടിനനക്കുക; വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ തീറ്റ കൊടുക്കുക, മുറി വൃത്തിയാക്കുക തുടങ്ങിയ വീട്ടുജോലികളിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്‌. വീട്ടിലെ കാര്യങ്ങള്‍ക്ക്‌ അവരും സംഭാവന ചെയ്യുന്നുവെന്ന്‌ നിങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരുടെ ആത്മ വിശ്വാസം വര്‍ധിക്കും, വേണ്ടപ്പെട്ടവനാണെന്ന തോന്നലും ഉണ്ടാകും. നീണ്ടുനില്‍ക്കുന്ന സന്തോഷത്തിന്‌ ഇത്‌ നിദാനമാകുകയും ചെയ്യും.

7. നന്ദിയുടെ ശീലം

നന്ദിയും സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഹൃദയത്തില്‍ നിറയെ നന്ദിയുടെ വികാരമുള്ളവര്‍ സന്തുഷ്‌ടരുമായിരിക്കും. ദൈവത്തില്‍ നിന്നും മറ്റുളളവരില്‍നിന്നും പ്രകൃതിയില്‍ നിന്നും അനേകം കാര്യങ്ങള്‍ അനുദിനം നാം സ്വീകരിക്കുന്നുണ്ട്‌. അവരോടൊക്കെ നമ്മള്‍ കടപ്പെട്ടവരുമാണ്‌. ചെറുപ്പം മുതലേ നന്ദിയുടെയും കടപ്പാടിന്‍റെയും രീതികള്‍ കുട്ടികളെ പരിശീലിപ്പിക്കണം. നന്ദിപറയേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാനും നന്ദിപറയാനും കുട്ടികളെ പരിശീലിപ്പിക്കണം.

ഒരു കുടുംബം. അച്ഛനും അമ്മയും മൂന്നു മക്കളും. അത്താഴ നേരത്ത്‌ ഓരോരുത്തരും പറയും അന്നയാള്‍ക്ക്‌ കിട്ടിയ ഏറ്റവും വലിയനന്മ. അഥവാ, നന്ദിയോടെ ഓര്‍ക്കുന്ന കാര്യം. ഇത്‌ ആ കുടുംബത്തിലെ മുടങ്ങാത്ത പതിവാണ്‌. ഓര്‍ത്തിരിക്കുക– നന്ദിയുള്ള മനസ്സ്‌ നിങ്ങളെ നീണ്ടുനില്‍ക്കുന്ന സന്തോഷത്തിലേക്ക്‌ നയിക്കും.

സ്‌മാര്‍ട്ട്‌ കിഡ്‌

“നിന്‍റെ മോന്‍ ആള്‌ സ്‌മാര്‍ട്ടാണല്ലോ!” ഏതൊരമ്മയും ഇത്തരമൊരു കമെന്റ് കേള്‍ക്കാന്‍ കൊതിക്കും. സന്തുഷ്‌ടനായ കുട്ടി കുടുംബത്തിന്റെ ഭാഗ്യം തന്നെയാണ്‌. എന്നാല്‍ ഇത്തരം സ്വഭാവം ജന്മനാലഭിക്കുന്നതിലുപരി, ആര്‍ജിച്ചെടുക്കുന്നതാണ്‌ എന്നതാണ്‌ സത്യം. സന്തുഷ്‌ട ജീവിതം നയിക്കുന്നതിന്‌ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അഞ്ച്‌ വഴികള്‍.

1. നന്ദിയുള്ളവനാകാന്‍ പഠിപ്പിക്കുക

സന്തോഷത്തിന്റെ അടിസ്ഥാനം സ്വന്തമായുള്ള സമ്പത്തിന്റെ വലുപ്പമല്ല. മറിച്ച്‌ ജീവിതത്തോടും സഹജരോടും പുലര്‍ത്തുന്ന മനോഭാവമാണ്‌. കുഞ്ഞുന്നാള്‍ മുതല്‍ അനേകം ദാനങ്ങളാണ്‌ ഒരു വ്യക്തി സൌജന്യമായി സ്വീകരിക്കുന്നത്‌. അതൊക്കെ തിരിച്ചറിയുകയും അതിനൊക്കെ നന്ദിയുള്ളവനാകാന്‍ അവനെ പരിശീലിപ്പിക്കുകയും ചെയ്യണം. സ്വീകരിക്കുന്നതിനെയൊക്കെ വിലമതിക്കുകയും അതിനൊക്കെ നന്ദിപറയുകയും ചെയ്യുന്ന രീതി, കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാവണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മാതാപിതാക്കള്‍ നന്ദിയുള്ളവരാകുക എന്നതാണ്‌.

2. പറയാനുള്ളത്‌ കേള്‍ക്കുക

കുട്ടികളെ ശ്രവിക്കുകയും അവരായിരിക്കുന്ന രീതിയില്‍ അവരെ അംഗീകരിക്കുകയും ചെയ്യണം. അവര്‍ക്ക്‌ പറയാനുള്ള അവരുടെ പ്രശ്‌നങ്ങള്‍ മുതിര്‍ന്നവര്‍ക്കു നിസ്സാരങ്ങളായി തോന്നിയേക്കാം. എന്നാല്‍അവര്‍ക്ക്‌ അതെല്ലാം വലിയ കാര്യങ്ങളാണെന്ന്‌ തിരിച്ചറിയുക. നിസ്സാരങ്ങളായി തള്ളാതെ അവരെ കേള്‍ക്കുക. അവനെ നിങ്ങള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന്‌ തോന്നുമ്പോള്‍ അവന്റെ ആത്മവിശ്വാസം കൂടും; അവന്റെ സന്തോഷം വര്‍ധിക്കും. കൂട്ടുകാരി കളിയാക്കിയതിന്‌, “ഞാനിനി അവളോട്‌ കൂടില്ല” എന്നു പറയുന്ന മകളോട്‌ അങ്ങനെ പറയരുത്‌, “അത്‌ ശരിയല്ല” എന്ന്‌ പറഞ്ഞാല്‍ അവളുടെ വിഷമം വര്‍ധിക്കുകയേ ഉള്ളൂ. അതിനുപകരം മകളുടെ വിഷമം മനസ്സിലാക്കുകയും, അത്‌ അംഗീകരിക്കുകയുമാണ്‌ വേണ്ടത്‌. “അത്‌ ശരി, മോളെ ശരിക്കും വിഷമിപ്പിക്കുന്നത്‌ എന്തോ അവള്‍ ചെയ്‌തെന്നു തോന്നുന്നല്ലോ!” ഇത്തരം പ്രതികരണം അവളെ ആശ്വസിപ്പിക്കും; അവള്‍കൂടുതല്‍ കാര്യങ്ങള്‍ പങ്കുവക്കും. കുറ്റപ്പെടുത്താതെയുള്ള കേള്‍വിയും സംഭാഷണവുമാണ്‌ ആവശ്യം. അച്ഛനും അമ്മയും എന്നെ മനസ്സിലാക്കുന്നു എന്ന അവബോധമുള്ള കുട്ടി കൂടുതല്‍ സന്തോഷവാനായിമാറും.

3. പതിവുകള്‍ ശീലമാക്കുക

പതിവുകള്‍ ആവര്‍ത്തിച്ച്‌ നല്ല ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. അത്‌ അവരില്‍ സുരക്ഷിതത്വബോധം വളര്‍ത്തും; അവരെസന്തുഷ്‌ടരുമാക്കും. ഉറക്കത്തിനും, ഉണര്‍ന്ന്‌ എഴുന്നേല്‍ക്കുന്നതിനും, ഭക്ഷണത്തിനും, കളിക്കുമൊക്കെ സമയവും സമയ നിഷ്‌ഠയുമുണ്ടാ യിരിക്കണം.

4. പരാജയവും ഇച്ഛാഭംഗവും കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുക

കുട്ടികള്‍ക്ക്‌ എല്ലാം ചെയ്‌തു കൊടുക്കരുത്‌. സ്വയം ചെയ്യാന്‍അവരെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. എങ്കിലേ പലകഴിവുകളും അവര്‍ ആര്‍ജിക്കുകയുള്ളൂ. കൂടാതെ, പരാജയപ്പെടുമ്പോഴുണ്ടാകുന്ന ഇച്ഛാഭംഗവും വിഷമവും കൈകാര്യം ചെയ്യാനും അവര്‍ പ്രാപ്‌തിയുള്ളവരായിത്തീരും.

5. സ്വാതന്ത്ര്യം അനുവദിക്കുക

സ്വന്തം ഇഷ്‌ടങ്ങളും അഭിരുചികളും കണ്ടെത്താനുള്ള സാഹചര്യം കുട്ടികള്‍ക്ക്‌ കൊടുക്കണം, അതിനുള്ള സാവകാശവും അനുവദിക്കണം. അല്ലാതെ എല്ലാം കൃത്യമായി ചിട്ടപ്പെടുത്തി കര്‍ശനമാക്കരുത്‌. “എന്‍റെ മകള്‍ ഡാനി ഒറ്റക്കിരിക്കുകയും, ഓരോന്നും നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു” – മേരി പറഞ്ഞു. “അതെന്നെ ചിലപ്പോഴെല്ലാം അസ്വസ്ഥയാക്കി.എന്നാലും ഞാനവളെ അവള്‍ക്ക്‌ ഇഷ്‌ടമുള്ളത്‌ ചെയ്യാന്‍ അനുവദിച്ചു. ഫലമോ? എട്ടാം വയസ്സില്‍
അവള്‍ നന്നായി പെയിന്റ്‌ ചെയ്യാന്‍തുടങ്ങി; പ്രകൃതിയും, മരങ്ങളും,പുഴയുമെല്ലാം വിശദാംശങ്ങളോടെ.കുഞ്ഞുന്നാളില്‍ ഞാനവളെ ഒറ്റക്കിരിക്കാനും നിരീക്ഷിക്കാനും അനുവ ദിച്ചില്ലായിരുന്നെങ്കില്‍…”

നല്ല അമ്മ, നല്ല അച്ഛന്‍

എങ്ങനെയാണ്‌ ഒരു നല്ല അമ്മയായുക? നല്ല അച്ഛനാകുക? എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്‌. ഒരു നല്ല രക്ഷിതാ വാകുക എന്നത്‌ ഏറ്റവും ക്ലേശകരമായ കാര്യമാണ്‌. എന്നാല്‍ ഏറ്റവും സന്തോഷദായകമായ കൃത്യവും ഇതു തന്നെയാണ്‌.

സ്വന്തം ജീവിതവും ദാമ്പത്യവും പരിപോഷിപ്പിക്കുക

സ്‌ത്രീകള്‍ സാധാരണ ചെയ്യുന്നൊരു കാര്യമുണ്ട്‌. സ്വന്തം ആരോഗ്യവും സുഖവും മറന്നുകൊണ്ട്‌ കുട്ടികളെ വളര്‍ത്താന്‍ പരിശ്രമിക്കും. ഇത്‌ പലപ്പോഴും അത്ര നല്ലകാര്യമാകണമെന്നില്ല. കാരണം ഊര്‍ജ്ജ്വസ്വലയും സന്തോഷവതിയുമായ ഒരമ്മയാണ്‌ നല്ല മക്കളെ വളര്‍ത്തിയെടുക്കുന്നതിലെ പ്രധാനഘടകം. അതിനാല്‍ സ്വന്തം ആരോഗ്യവും മാനസിക സന്തോഷവും പരിരക്ഷിക്കുന്നതില്‍ നിങ്ങള്‍ ഏറെ ശ്രദ്ധിക്കണം. നിങ്ങള്‍ സന്തോഷവും സംതൃപ്‌തിയും അനുഭവിക്കുന്നവളാണെങ്കില്‍ നിങ്ങളുടെ മക്കളെ കൈകാര്യം ചെയ്യുന്നത്‌ നിങ്ങള്‍ക്ക്‌ ഏറെഎളുപ്പമാകും. നേരെ മറിച്ച്‌ നിങ്ങള്‍ അസന്തുഷ്‌ടയാണെങ്കില്‍ എപ്പോഴും നിങ്ങള്‍ കുഞ്ഞുങ്ങളെ വിമര്‍ശിക്കുകയും അവര്‍ക്ക്‌ നേരെ ദേഷ്യപ്പെടുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ മക്കള്‍ക്കായി ചെയ്യാവുന്ന ഏറ്റവും മനോഹരമായ കാര്യം സന്തുഷ്‌ടമായ ദാമ്പത്യജീവിതം നയിക്കുക എന്നതാണ്‌. പങ്കാളിയുമായുള്ള ജീവിതം നിങ്ങള്‍ക്ക്‌ ആസ്വദിക്കാനാവണം. ഇത്‌ പലപ്പോഴും എളുപ്പമാകണമെന്നില്ല. ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ മക്കള്‍ക്ക്‌ മാതൃകയാകാന്‍ നിങ്ങള്‍ക്ക്‌ പറ്റണം. മാതൃകാപരമായ ദാമ്പത്യജീവിതം നയിക്കുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മക്കള്‍ക്ക്‌ പരിചയപ്പെടുത്തുന്നതും നല്ലതാണ്‌.

ഏറ്റവും വലിയ സമ്പത്ത്‌

 

നിങ്ങളുടെ വിലപ്പെട്ട സമയം കുഞ്ഞുങ്ങളുമായി ചിലവഴിക്കുക. കാരണം അവരാണു നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്‌. അവര്‍ക്ക്‌ കൊടുക്കാവുന്ന നിങ്ങളുടെ ഏറ്റവും വലിയ ധനം നിങ്ങളുടെ സമയം തന്നെയാണ്‌, നിങ്ങളുടെ സാന്നിധ്യമാണ്‌, നിങ്ങളെ തന്നെയാണ്‌. ഭാവിയില്‍ അവര്‍ ഓര്‍മിക്കാന്‍ പോകുന്നത്‌ നിങ്ങള്‍ അവരുടെകൂടെ ചിലവഴിച്ച നിമിഷങ്ങളായിരിക്കും; അവര്‍ക്കുവേണ്ടി അധ്വാനിച്ച സമയമായിരിക്കും.

സ്‌നേഹം പ്രകടിപ്പിക്കുക

നല്ല അമ്മയും അച്ഛനുമാകണമെങ്കില്‍ മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ പഠിക്കണം. നിങ്ങളുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മക്കളോടുള്ള നിങ്ങളുടെ സ്‌നേഹം അവര്‍ മനസ്സിലാക്കട്ടെ. സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ മലയാളികള്‍ പൊതുവേ പിശുക്കരാണ്‌. അത്‌ ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യുള്ളൂ എന്ന്‌ തിരിച്ചറിയുക. വളരുന്ന ചെടിക്ക്‌ വളവും വെള്ളവും എന്നപോലെയാണ്‌ കുട്ടികള്‍ക്ക്‌ അച്ഛന്റെയും അമ്മയുടേയും സ്‌നേഹം.

നിരീക്ഷിക്കുക

ശാന്തമായിരുന്ന്‌ നിങ്ങളുടെ മകന്‍റെ ചെറിയൊരു നീക്കം പോലും നിരീക്ഷിക്കുക. അവനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമിതാണ്‌. അവന്റെ സ്വഭാവവും, വികാരങ്ങളും, കഴിവുകളും, രീതികളുമൊക്കെ നിങ്ങള്‍ക്കിങ്ങനെ മനസ്സിലാക്കാനാവും. അവന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്‌.

മെല്ലെപ്പോവുക

മുതിര്‍ന്നവരുടേതില്‍ നിന്നു വ്യത്യസ്‌തമായ സമയബോധമാണ്‌ കുട്ടികള്‍ക്കുള്ളത്‌. മുതിര്‍ന്നവരുടെയത്ര വേഗത കുട്ടികള്‍ക്ക്‌ ഉണ്ടാകില്ല. അവരോടു സംസാരിക്കുമ്പോഴും, അവരെ ശുശ്രൂഷിക്കുമ്പോഴും അവരോടൊത്തു ചുറ്റിക്കറങ്ങുമ്പോഴും ഇക്കാര്യം മനസ്സില്‍ വയ്ക്കണം

സത്യസന്ധരായിരിക്കുക

കുഞ്ഞുങ്ങളോട്‌ എപ്പോഴും സത്യസന്ധമായിട്ടു മാത്രമേ പെരുമാറാവൂ. കാരണം കള്ളത്തരം അവര്‍ക്ക്‌ പെട്ടെന്ന്‌ പിടികിട്ടും. അവന്‍ വരച്ചപടം മെച്ചപ്പെട്ടതല്ലെങ്കില്‍, ഗംഭീരമായിരിക്കുന്നു എന്നു പറഞ്ഞ്‌ അവനെ പുകഴ്‌ത്തണമെന്നില്ല. നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നുവെന്ന്‌ പറയുക. പടം വരക്കാന് അവന്‍ എടുത്ത അധ്വാനത്തെ സത്യസന്ധമായി അഭിനന്ദിക്കാം. ദേഷ്യം വരുകയാണെങ്കില്‍ അക്കാര്യം പറയാം. നിയന്ത്രണാതീതമായ അരിശമാണെങ്കില്‍ തനിക്ക്‌ ദേഷ്യംവരുന്നുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പറഞ്ഞ്‌ ഒരിടവേള എടുക്കുക.കുഞ്ഞുങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ളവ അവരോട്‌ പങ്ക്‌വയ്ക്കരുത്‌. “അച്ഛന്റെ സംസാരം അമ്മയെ വേദനിപ്പിച്ചു. എന്നാല്‍ അച്ഛനത്‌ മനപൂര്‍വ്വം ചെയ്‌തതായിരിക്കില്ല. എന്നാലും അമ്മക്ക്‌ സങ്കടമായി” ഇത്തരമൊരു സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങാണ്‌ നല്ലത്‌.

വികാരങ്ങളും ആഗ്രഹങ്ങളും അംഗീകരിക്കുക

മകന്‍റെ വികാരങ്ങളെ തിരിച്ചറിയുക; അംഗീകരിക്കുക. “മോനിപ്പോള്‍ സങ്കടമാണെന്നു തോന്നുന്നല്ലോ? കൂട്ടുകാരി കളിനിര്‍ത്തി അവളുടെ വീട്ടില്‍ പോയതു കൊണ്ടായിരിക്കും. അല്ലേ” “ഞാന്‍ ബോള്‍ എടുത്തു മാറ്റി വച്ചതുകൊണ്ട്‌ നിനക്ക്‌ അരിശം വരുന്നുണ്ട്‌. അല്ലേ?” അവന്റെ വികാരങ്ങള്‍ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും അവന്‌ ആശ്വാസം നല്‍കും.

മാപ്പുചോദിക്കുക

എല്ലാവര്‍ക്കും വീഴ്‌ച പറ്റും. നല്ല മാതാപിതാക്കള്‍ അവരുടെ വീഴ്‌ചകള്‍ അംഗീകരിച്ച്‌ അവയ്ക്ക്‌ ക്ഷമ ചോദിക്കും. തെറ്റു ചെയ്യുമ്പോഴോ, ചെയ്‌ത ശേഷമോ മാപ്പു ചോദിക്കാം. ഇതിലൂടെ നിങ്ങള്‍ കുട്ടികള്‍ക്ക്‌ നല്‍കുന്ന സന്ദേശം പലതാണ്‌. എപ്പോഴും പരിപൂര്‍ണ്ണരായിരിക്കാന്‍ പറ്റില്ലെന്നും, തെറ്റുപറ്റുന്നതില്‍ അമിതമായി ഉത്‌കണ്‌ഠപ്പെടേണ്ടതില്ലെന്നും അവര്‍ പഠിക്കും. കൂടാതെ, തെറ്റുപറ്റിയാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത്‌ എങ്ങനെയെന്നും അവര്‍ മനസ്സിലാക്കും.

അച്ചടക്കവും ശിക്ഷണവും

കുട്ടികള്‍ എല്ലായ്‌പ്പോഴും മാതാപിതാക്കളെ അനുസരിച്ചുകൊള്ളണമെന്നില്ല. എന്നിരുന്നാലും രക്ഷിതാവ്‌ പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ അവരോട്‌ വ്യക്തമാക്കിയിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. “നമ്മള്‍ ഇപ്പോള്‍ പുറത്തു പോകുകയാണ്‌, നല്ല ഷര്‍ട്ടിട്ട്‌, തലമുടി ചീകിവൃത്തിയായി മോന്‍ വരണമെന്നാണ്‌ മമ്മിയുടെ ആഗ്രഹം. മോന്‍ കസേരയില്‍ കാല്‍ കയറ്റിവയ്ക്കുന്നത്‌ മമ്മിക്ക്‌ ഇഷ്‌ടമില്ല.” അമ്മയുടെ താല്‍പര്യം എന്താണെന്ന്‌ അവന്‌ വ്യക്തമാകും. അതോടൊപ്പം, അവന്റെ നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കണം; മോശം പെരുമാറ്റങ്ങള്‍ക്ക്‌ ശിക്ഷ കൊടുക്കുകയും വേണം.

അഭിരുചികളും പ്രോത്സാഹനവും

ഓരോ കുട്ടിയും അനേകം കഴിവുകളുടെ ഭണ്ഡാഗാരമാണ്‌. അനുയോജ്യമായ സാഹചര്യത്തില്‍ മാത്രമേ അവ പുറത്തേക്ക്‌ വരുകയുള്ളൂ. അതിനാല്‍ കുട്ടിയുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അനുയോജ്യമായ സാഹചര്യം നിങ്ങള്‍ സൃഷ്‌ടിക്കണം. അങ്ങനെ അവന്റെ ഏറ്റവും മികച്ച കഴിവുകളെ തിരിച്ചറിയാന്‍പറ്റണം; അഭിരുചികളെയും. അഭിരുചിയും മികവും തിരിച്ചറിഞ്ഞാല്‍ അവന്‌ പിന്തുണ കൊടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പിശുക്കു വിചാരിക്കരുത്‌. അതിലൂടെ അവനെ ആ മേഖലയിലെ വിദഗ്‌ധനാക്കി മാറ്റാന്‍ നിങ്ങള്‍ക്ക്‌ കഴിയും.

ഉത്തരവാദിത്വം നല്‍കുക

പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ മക്കള്‍ക്ക്‌ ഏല്‍പ്പിച്ചുകൊടുക്കണം. കുഞ്ഞുന്നാള്‍ മുതലേ ഇത്‌ തുടങ്ങണം. എങ്കില്‍ കൌമാരത്തിലും യൌവനത്തിലും എത്തുമ്പോള്‍ അവര്‍ക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാനാവും. പണവും, സമയവും, ജോലിയും, സ്വന്തം ആരോഗ്യവുമൊക്കെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ അവര്‍ അങ്ങനെയാണ്‌ നേടിയെടുക്കേണ്ടത്‌.

അമ്മയാകുക ഭാഗ്യം

അമ്മയാകുക ഒരു ഭാഗ്യം തന്നെയാണ്‌. കുഞ്ഞ്‌ പകര്‍ന്നു തരുന്ന മാതൃത്വത്തിന്റെ ചില പുണ്യങ്ങളിലേക്ക്‌… ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ഒരുപാട്‌ ഉപദേശങ്ങള്‍ കിട്ടും. അമ്മയാകുന്നതിന്റെ ഉത്‌കണ്‌ഠകളായിരിക്കും പരിണതഫലം. എന്നാല്‍നിങ്ങളുടെ കുഞ്ഞുമാലാഖ ജീവിതത്തിലേക്ക്‌ എത്തുമ്പോള്‍ എത്രയെത്ര സന്തോഷങ്ങളാണ്‌ അവനോടൊപ്പം എത്തുന്നതെന്നു കണ്ട്‌ നിങ്ങള്‍ വിസ്‌മയിക്കും. അമ്മയാകുക ഒര ഭാഗ്യം തന്നെയാണ്‌. കുഞ്ഞ്‌ പകര്‍ന്നു തരുന്ന നന്മകളെ ശ്രദ്ധിക്കുമ്പോഴാണ്‌  ഈ ഭാഗ്യം ആസ്വദിക്കാനാവുന്നത്‌. മാതൃത്വത്തിന്റെ ചില പുണ്യങ്ങളിലേക്ക്‌…

അമ്മയെ ആരാധിക്കുന്നകുഞ്ഞ്‌

നിങ്ങള്‍ രസകരമായ ശബ്‌ദത്തില്‍ സംസാരിക്കുകയോ വിചിത്രമായ ഒച്ചകളുണ്ടാക്കുകയോ ചെയ്യുമ്പോള്‍ കുഞ്ഞിന്‌ ഏറെ രസിക്കും. നിങ്ങള്‍ ഒരു ചെരിപ്പെടുത്ത്‌ തലയില്‍ വെച്ചാല്‍ പോലും അവനത്‌ ആസ്വദിക്കും; ചിരിക്കും. കുഞ്ഞിനെ ചിരിപ്പിക്കുന്നത്‌ അഡിക്ഷന്‍പോലെയാകും നിങ്ങള്‍ക്ക്‌.

താളബോധമില്ലാതെയാണെങ്കിലും നിങ്ങളൊരു പാട്ടുപാടിയാല്‍ അവന്‌ സന്തോഷമാകും. എന്റെ ആദ്യമകന്‍ രാജേഷ്‌ ജനിച്ചപ്പോള്‍ അവനെ രസിപ്പിക്കാനായി പഴയ ക്യാംപ്‌ ഗാനങ്ങളൊക്കെ ഞാന്‍ പൊടിതട്ടിയെടുത്തു (എന്റെ അച്ഛനു പ്രിയപ്പെട്ട ആ പഴയ ഈരടി പോലും). ഓരോ സന്ദര്‍ഭത്തിനും പറ്റിയ ഒരുപാട്ട്‌ ഞാന്‍ കണ്ടെത്തി. അവന്‍ ഉറങ്ങാന്‍ പോകുമ്പോഴും, ഉറങ്ങി എണീക്കുമ്പോഴും, ഭക്ഷണം കൊടുക്കുമ്പോഴുമൊക്കെ. ഇതിനൊക്കെയുള്ള പ്രതിഫലം എനിക്കു കിട്ടിയത്‌ അവന്‍ജനിച്ചു പതിമൂന്നാം മാസത്തിലാണ്‌. അന്ന്‌ അവന്‍ അവന്റെ ആദ്യ ഈരടി പാടി.

പുതിയ സൌഹൃദബന്ധങ്ങള്‍

സ്‌കൂളും കോളേജും കഴിഞ്ഞശേഷം നീണ്ടുനില്‍ക്കുന്ന സൌഹൃദബന്ധങ്ങള്‍ അധികമൊന്നും നിങ്ങള്‍ക്ക്‌ ഉണ്ടായിക്കാണില്ല. ചുരുക്കം ചില സഹപ്രവര്‍ത്തകര്‍ കൂട്ടുകാരായി കണ്ടെന്നുവരാം. ഗര്‍ഭകാലത്തോടെ ഈ സ്ഥിതിക്ക്‌ വലിയമാറ്റം വരുന്നു. സൌഹൃദത്തിന്റെ പുതിയ സാധ്യതകളാണ്‌ ഗര്‍ഭകാലം നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത്‌. ഗര്‍ഭിണികളുടെ സൌഹൃദ്‌ വലയങ്ങള്‍ സമ്മാനിക്കുന്ന ഊഷ്‌മളത അനന്യമാണ്‌.

വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും ഗര്‍ഭിണികളെ പരസ്‌പരം ബന്ധിപ്പിക്കുന്ന പൊതുഘടകങ്ങള്‍ ഏറെയാണ്‌. ഗൈനക്കോളജിസ്റ്റിനെ കാണാനിരിക്കുമ്പോഴാണ്‌ ഞാന്‍ ലിസിയെ പരിചയപ്പെട്ടത്‌. പിന്നെ ഞങ്ങള്‍ ഒരേ ദിവസം ആശുപത്രിയില്‍ പോകുന്നത്‌ പതിവാക്കി. ഡോക്‌ടറെ കാത്തിരിക്കുമ്പോള്‍ സമയം പോകുന്നതറിഞ്ഞില്ല. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ തൊട്ടില്‍ അലങ്കരിക്കുന്നതിനെക്കുറിച്ചായിരുന്നു അവള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌. എന്നാല്‍ ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള അന്ധവിശ്വാസം കലര്‍ന്ന കഥകളായിരുന്നു ഞാന്‍ പങ്കുവച്ചിരുന്നത്‌. പിന്നീട്‌ എപ്പോഴോ ഞാന്‍ തിരിച്ചറിഞ്ഞു; ലിസിയുടെ ശാന്തമായ പ്രകൃതവും ശുഭാപ്‌തിവിശ്വാസവും ഞാന്‍ ആര്‍ജിച്ചെടുക്കേണ്ട സുകൃതങ്ങളാണെന്ന്‌.

എന്റെ മറ്റൊരു കൂട്ടുകാരിയായിരുന്നു ഷെറിന്‍. ഗര്‍ഭകാലം മുഴുവന്‍ തന്റെ വയറ്റില്‍ ആണ്‍കുട്ടിയാണെന്ന്‌ അവള്‍ വിശ്വസിച്ചു; പറഞ്ഞു; അവന്റെ വരവിനായി അവള്‍ ഒരുങ്ങി. അവസാനം എനിക്കൊരു ആണ്‍കുട്ടി പിറന്നതിന്റെ പിറ്റേ ആഴ്‌ച അവള്‍ക്ക്‌ ഒരു പെണ്‍കുട്ടി പിറന്നു.ഒരു ദിവസം അവള്‍ എന്റെ വീട്ടിലെത്തി കോളിങ്‌ ബെല്ലടിച്ചു. പിറക്കാനിരുന്ന മകനുവേണ്ടി ഒരുക്കിവച്ച ഉടുപ്പുകളെല്ലാം എന്റെ മകനു സമ്മാനിക്കാനായിരുന്നു അവള്‍ വന്നത്‌. ഞങ്ങളിത്‌ പറഞ്ഞ്‌ ഇന്നും ചിരിക്കാറുണ്ട്‌.

ഞങ്ങള്‍ മൂവരും നല്ല കൂട്ടുകാരായിരുന്നു. കുട്ടികളുമായി ഞങ്ങള്‍ പാര്‍ക്കിലും കടയിലും ഒരുമിച്ചു കൂടുമായിരുന്നു. കുട്ടികളുടെ വികൃതികള്‍ പരസ്‌പരം പങ്കുവക്കുക പതിവായിരുന്നു. അങ്ങനെ ഞങ്ങളുടെയിടയില്‍ ആഴമുള്ള ഹൃദയബന്ധം വളര്‍ന്നുവന്നു. ഇന്നും ഞങ്ങള്‍ ആ ബന്ധം കാത്തുസൂക്ഷിക്കുന്നു.

പുതിയൊരു ദിനചര്യ, പുതിയ കൂട്ടായ്‌മ

അമ്മയാകുന്നതിന്റെ അസൌകര്യങ്ങള്‍ അനവധിയാണ്‌. നിങ്ങളുടെ പഴയ ദിനചര്യ മുഴുവന്‍ അവന്‍ തെറ്റിച്ചെന്നിരിക്കും. അവന്‍ നിങ്ങളുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കും; പുറത്തുപോകലും, സിനിമകാണലും, സീരിയലുമൊക്കെ അലങ്കോലപ്പെട്ടെന്നിരിക്കും.

പക്ഷേ, സാവധാനം നിങ്ങളൊരു പുതിയ ദിനചര്യയിലേക്ക്‌ വഴുതിവീഴുന്നു എന്നതാണ്‌ സത്യം. അമ്മയും മകനും കൂടി ചേര്‍ന്നുള്ള ഒരു ദിനചര്യ രൂപപ്പെട്ടുവരും. അവനെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും നിങ്ങളുടെ പുതിയ ലോകവും, കൂട്ടായ്‌മകളും, ജീവിതക്രമവും. അവന്‍ വളരുന്നതനുസരിച്ച്‌, കുട്ടികളുടെ കാര്‍ട്ടൂണ്‍ ചാനലുകളൊക്കെ നിങ്ങള്‍ക്കും പരിചിതമായിത്തീരുന്നു. ചില്‍ഡ്രന്‍സ്‌ പാര്‍ക്കും, മ്യൂസിയവും ഒക്കെ നിങ്ങളുടെ പുതിയലോകത്തിന്റെ ഭാഗമായിത്തീരുന്നു.

ഹൃദയം വിശാലമാകുന്നു

ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ എന്നെ ഏറ്റവും അലോസരപ്പെടുത്തിയിരുന്നത്‌ കുട്ടികളുടെ കരച്ചിലായിരുന്നു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതിനുശേഷമാണ്‌ ഏതെങ്കിലും കൊച്ച്‌ കരയുന്നതെങ്കില്‍ എനിക്കുണ്ടായിരുന്ന അരിശം പറയുകയും വേണ്ട.

ഞാന്‍ അമ്മയായ ശേഷമാണ്‌ എന്റെ ഈ സ്വഭാവത്തിന്‌ മാറ്റമുണ്ടായത്‌. ഇപ്പോള്‍ കുട്ടികള്‍ കരയുമ്പോള്‍ ദേഷ്യമല്ല അനുകമ്പയാണ്‌ എനിക്ക്‌ തോന്നുന്നത്‌. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുള്ള കഴിവ്‌ മാതൃത്വം നിങ്ങള്‍ക്കു സമ്മാനിക്കും.

അമ്മമാരായ മറ്റു സ്‌ത്രീകളുടെ വിജയവും പരാജയവും നിങ്ങളുടെ ഉള്ളില്‍ തട്ടും. കാണാതെ പോയ കുട്ടികളുടെ കഥകേട്ടിരിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയാതെ വരും. പലവാര്‍ത്തകളും നിങ്ങളെ കരയിപ്പിക്കും.

എങ്ങനെയാണ്‌ നിങ്ങളുടെ മാതൃത്വം നിങ്ങളുടെ സ്വഭാവത്തെ തന്നെമാറ്റിമറിച്ചത്‌? ഒരു അമ്മക്ക്‌ സ്വാര്‍ത്ഥമതിയായിരിക്കാനാവില്ല. അമ്മയാകുന്നതോടെ വിശാലമായൊരു ഹൃദയം നിങ്ങളില്‍ രൂപപ്പെടും; സഹാനുഭൂതി നിങ്ങളില്‍ വളര്‍ന്നുവരും. അങ്ങനെ നിങ്ങള്‍ കൂടുതല്‍ സ്‌നേഹമുള്ള വ്യക്തിയായി രൂപാന്തരപ്പെടും. ഇത്‌ ഒരു മനോഹരമായ കാര്യമാണ്‌.

കാര്യപ്രാപ്‌തി വര്‍ദ്ധിക്കുന്നു

ആ പഴയകാലം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടോ? വെറുതെ അലസമായിരുന്നിട്ട്‌, ദൈവമേ ഞാനിന്ന്‌ എന്താണു ചെയ്‌തതെന്നു നെടുവീര്‍പ്പിട്ടിരുന്ന ആ പഴയകാലം. ഞാനും ആ കാലമെല്ലാം മറന്നിരിക്കുന്നു. നിങ്ങളെ കാര്യപ്രാപ്‌തിയുള്ള ആളാക്കാന്‍ മാതൃത്വത്തിനു പ്രത്യേക വൈഭവമുണ്ട്‌. വെറുതെ കളയുന്നത്‌ ഇരുപതു മിനിട്ടാണെങ്കില്‍ പോലും പഴയതു പോലെ നിങ്ങള്‍ക്ക്‌ അതിനെ കാണാനാവില്ല. ജോലി ചെയ്യുന്ന അമ്മമാര്‍ പ്രഫഷനില്‍ മികച്ച കാര്യപ്രാപ്‌തിയും സമയനിഷ്‌ഠയും ഉള്ളവരായിരിക്കും.

നിങ്ങള്‍ എത്തിയിട്ടു വേണമായിരിക്കും മിക്കവാറും കുഞ്ഞിനെ ഡേകെയറില്‍ നിന്നു കൊണ്ടുവരാന്‍. അങ്ങനെയുള്ളപ്പോള്‍ ജോലികള്‍വച്ചു വൈകിക്കാന്‍ നിങ്ങള്‍ ഒരിക്കലും തയാറാകുകയില്ല.

ക്രമമായ ദിനചര്യ ഉണ്ടാക്കാനും അത്‌ ഫലപ്രദമായി പാലിക്കാനും അമ്മമാര്‍ പഠിക്കും. എന്റെ മകന്‍ കുഞ്ഞായിരിക്കുമ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെല്ലാം ഞാന്‍ അവനോടു പറയുമായിരുന്നു. ആദ്യം നമ്മള്‍ പാര്‍ക്കില്‍ പോകും; പിന്നെ പച്ചക്കറിക്കടയില്‍. ഓരോന്നും കഴിയുമ്പോള്‍ അവന്‍ ചോദിക്കുമായിരുന്നു. “പിന്നെ”? അതിന്‌ ഉത്തരം പറഞ്ഞു കഴിയുമ്പോള്‍ വീണ്ടും, അവന്‍ ചോദിക്കും: “പിന്നെ”? എന്തൊക്കെയാണ്‌ ഇനിവരാന്‍ പോകുന്നതെന്ന ധാരണ ജീവിതത്തെയും വളര്‍ച്ചയെയും സഹായിക്കുമല്ലോ.

ഏറി വരുന്ന സൌന്ദര്യം

 

മറ്റൊരു കൊച്ചുസുന്ദരിയെക്കൂടി നിങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ സന്തോഷം നിങ്ങളുടെജീവിതത്തെ സുന്ദരമാക്കും.

അമ്മയാകുന്ന സ്‌ത്രീയുടെ സൌന്ദര്യം ഒന്നു വേറെയാണ്‌. പ്രസവിച്ചു കഴിഞ്ഞാല്‍ സ്ലിം ബ്യൂട്ടിയാകുമെന്നല്ല ഇതിനര്‍ത്ഥം. അമ്മയായിക്കഴിഞ്ഞാല്‍ ഒരു സ്‌ത്രീയുടെ ആത്മാഭിമാനത്തിലുണ്ടാകുന്ന വളര്‍ച്ചയാണ്‌ ശ്രദ്ധിക്കേണ്ടത്‌. സൌന്ദര്യത്തിന്റെ കാര്യത്തില്‍ ശരീരത്തെക്കാള്‍ പ്രാധാന്യം ഹൃദയത്തിനു ലഭിക്കുന്ന അവസ്ഥയാണിത്‌.

സുമിത്രയുടെ ആദ്യത്തെ കുട്ടിക്ക്‌ രണ്ടു വയസ്സായി. അപ്പോഴാണ്‌ അവള്‍ വീണ്ടും ഗര്‍ഭിണിയായത്‌. ഓരോ തവണ കണ്ണാടിയില്‍ നോക്കുമ്പോഴും ശാന്തമാകാന്‍ അവള്‍ സ്വയം പറയാറുണ്ടായിരുന്നുവെന്ന്‌പറഞ്ഞു.

സ്വന്തം കാര്യം നോക്കുക പ്രധാനപ്പെട്ട കാര്യമാണ്‌; സ്വന്തം ആരോഗ്യവും, സ്വന്തംസൌന്ദര്യവും. മറ്റൊരാളുടെ കാര്യം കൂടി; നിങ്ങള്‍ നോക്കുന്നു, ആ വ്യക്തിയുടെ സൌന്ദര്യവും ആരോഗ്യവും കൂടി നിങ്ങള്‍ സംരക്ഷിക്കുന്നു എന്നത്‌ അതിലും വലിയ കാര്യമാണ്‌. നഷ്‌ടമാകുന്ന നിങ്ങളുടെ മണിക്കൂറും ദിവസങ്ങളും വര്‍ഷങ്ങളും മനോഹരമാകുന്നത്‌ ഇങ്ങനെയാണ്‌. മറ്റൊരു കൊച്ചുസുന്ദരിയെക്കൂടി നിങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ സന്തോഷം നിങ്ങളുടെജീവിതത്തെ സുന്ദരമാക്കും.

പ്രധാനപ്പെട്ടത്‌ തിരിച്ചറിയാന്‍ പറ്റുന്നു

കുട്ടിയുടെ വരവോടെ നിങ്ങളുടെ വീട്‌ കുഴഞ്ഞുമറിയുമെന്നത്‌ സ്വാഭാവികമാണ്‌. അതുവരെ നിങ്ങള്‍ പ്രാധാന്യം കല്‍പിച്ചിരുന്ന പലതിന്റെയും പ്രാധാന്യം കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്കുതന്നെ അനുഭവപ്പെട്ടുതുടങ്ങും.

മീരയുടെ കുട്ടിക്ക്‌ മൂന്ന്‌ വയസ്സായി. രണ്ടാമത്തെ കുഞ്ഞിനായി അവള്‍ ഒരുങ്ങുകയാണ്‌. “എന്റെ സാധനങ്ങള്‍ പലതും ഞാന്‍ മുറിയില്‍നിന്നും മാറ്റി. കാരണം അവന്റെ കളിപ്പാട്ടങ്ങള്‍ക്കൊക്കെ സ്ഥലം കണ്ടെത്തേണ്ടേ”? ഇത്‌ പറഞ്ഞിട്ടവള്‍ അവളുടെ ഓട്ടോഗ്രാഫും, ആല്‍ബവും പുസ്‌തകങ്ങളുമൊക്കെ മുറിയില്‍ നിന്നു മാറ്റി.

വര്‍ഷങ്ങളായി നിങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന പലതും നിങ്ങള്‍ ആര്‍ക്കെങ്കിലും സമ്മാനിച്ചെന്നിരിക്കും; ഉപേക്ഷിച്ചെന്നുമിരിക്കും. കുറച്ചു സാധനസാമഗ്രികളോടെ ജീവിക്കാന്‍ നിങ്ങള്‍ പഠിക്കും. കൂടുതല്‍ സ്‌നേഹത്തോടെയും കുറച്ച വസ്‌തുവകകളോടെയും ജീവിക്കുന്നതിന്റെ സുഖം നിങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങും.

കൂടുതല്‍ പ്രായോഗികവ്യക്തിയാകുന്നു

മാതൃത്വം നിങ്ങളെ കൂടുതല്‍ പ്രായോഗികമതിയാക്കും. കുഞ്ഞ്‌ വളര്‍ന്നുവരുന്നതനുസരിച്ച്‌ അവന്‍ നിങ്ങളുടെ ക്ഷമയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കും. അതോടെ നിങ്ങള്‍ ഒരു സത്യം തിരിച്ചറിയും;പരിപൂര്‍ണ്ണത എന്നത്‌ സാധാരണ ജീവിതത്തില്‍ നടക്കുന്ന കാര്യമല്ലെന്ന്‌!

“എല്ലാം തികഞ്ഞ സൂപ്പര്‍ മമ്മിയാകേണ്ട കാര്യമൊന്നുമില്ല”

മൂന്നു കുട്ടികളുടെ അമ്മയായ ഫാത്തിമയുടെ അഭിപ്രായമാണിത്‌. പല രംഗത്തും പൂര്‍ണ്ണതയുടെ ആവശ്യമില്ലെന്ന്‌ നിങ്ങള്‍ തിരിച്ചറിയും. വീട്ടിലെ അടുക്കും ചിട്ടയും മുതല്‍ ബഡ്‌ജറ്റിങ്‌ വരെ. അനുദിന ജീവിതത്തിലെ ഫലപ്രാപ്‌തിയും സന്തോഷവുമാണ്‌ പ്രധാനമെന്ന തിരിച്ചറിവ്‌ മാതൃത്വം നിങ്ങള്‍ക്കു പകര്‍ന്നു തരും.

ഒരു കുടുംബം പോറ്റുന്നു

ഒരു കുഞ്ഞ്‌ കടന്നുവരുന്നതോടെ നിങ്ങളുടെ ജീവിതത്തിലെ മുന്‍ഗണനകള്‍ കൂടുതല്‍ വ്യക്തമാകുന്നു. ഇതിനും പുറമെ ഭാര്യയും ഭര്‍ത്താവും ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും കുട്ടിയുടെ വരവോടെയാണ്‌. അവന്റെ ചിരിയും, നടപ്പും, സംസാരവും നിങ്ങള്‍ ഒരുമിച്ച്‌ ആസ്വദിക്കാന്‍ തുടങ്ങുന്നു. ജീവിതത്തിലെ വിരസനിമിഷങ്ങള്‍ പോലും അങ്ങനെ സരസമായി മാറും.

നിങ്ങളുടെ ചെറിയ കുടുംബത്തെ നോക്കി നിങ്ങള്‍ പറഞ്ഞുപോകും, ഇത്‌ എന്റെ കുടുംബമാണെന്ന്‌; ഒപ്പം നിങ്ങള്‍ ഭാഗ്യവതിയുമാണെന്നും! അമ്മയാകുന്നതിന്റെ നന്മകള്‍ശ്രദ്ധിക്കുക. അത്‌ ഇടക്കിടെ അയവിറക്കുക. അമ്മയായി മക്കളെ വളര്‍ത്തിയെടുത്തതില്‍ നിങ്ങള്‍ അഭിമാനം കൊള്ളും. അറിയാതെ പറഞ്ഞുപോകും, “ഞാന്‍ അമ്മയായത്‌ എന്തൊരു ഭാഗ്യമായി!”

മനസ്സറിയാം, സംസാരിക്കാം

 

ഒരു കിന്‍ഡര്‍ ഗാര്‍ഡന്‍. നാന്‍സിയെന്ന അഞ്ചുവയസ്സുകാരി ആദ്യമായി വരുന്നതാണ്‌. കൂടെ അവളുടെ അമ്മയും. വന്നപടി, ക്ലാസ്‌റൂമിന്റെ ഭിത്തിയിലേക്ക്‌ നോക്കി അവള്‍ ചോദിച്ചു: “ആരാണീ പടമെല്ലാം വരച്ചിരിക്കുന്നത്‌? മുഴുവന്‍ വൃത്തികേടാക്കിയല്ലോ?”

അവളുടെ അമ്മയൊന്ന്‌ ചമ്മി. കാരണം ടീച്ചറും മറ്റ്‌ കുട്ടികളും കേട്ടുകൊണ്ടു നില്‍ക്കുകയാണ്‌. അമ്മ കുനിഞ്ഞ്‌ മകളുടെ ചെവിയില്‍ മന്ത്രിച്ചു: “നല്ല പടങ്ങള്‍ വൃത്തികേടാണെന്ന്‌ വിളിച്ചുപറയുന്നത്‌ ശരിയല്ല”. എന്നാല്‍ ടീച്ചര്‍ മരിയ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു: “ഇവിടെ എല്ലാവരും ഭംഗിയുള്ള പടം വരയ്ക്കണമെന്ന്‌ നിര്‍ബന്ധമൊന്നുമില്ല. ഭംഗിയില്ലാത്തവ വരക്കാന്‍ തോന്നുന്നവര്‍ക്ക്‌ അതും വരയ്ക്കാം”.

അത്‌ കേട്ടതോടെ നാന്‍സിയുടെ മുഖത്തൊരു തെളിച്ചം. കാരണം നേഴ്സറിയിലേക്ക്‌ പോരുമ്പോള്‍ മുതല്‍ അവളുടെ മനസ്സിനെ അലട്ടിയിരുന്ന ഒരു പ്രശ്‌നമുണ്ടായിരുന്നു: “എനിക്ക്‌ നന്നായി പടം വരയ്ക്കാനറിയില്ല. പടം മോശമായാല്‍ എന്താവും ഫലം?” ടീച്ചറിന്റെ ഉത്തരം കേട്ടതോടെ അവള്‍ക്ക്‌ സന്തോഷമായി.

പിന്നീടവള്‍ പൊട്ടിത്തകര്‍ന്ന്‌ കിടന്നിരുന്ന ഒരു കാര്‍ കുനിഞ്ഞെടുത്തിട്ട്‌ ചോദിച്ചു: “ആരാണീ കാര്‍ പൊട്ടിച്ചത്‌?” ഇത്തവണ അവളുടെ അമ്മയ്ക്ക്‌ നിയന്ത്രിക്കാനായില്ല. “പൊട്ടിച്ചത്‌ ആരായാലെന്താ? അറിഞ്ഞിട്ട്‌ നിനക്കെന്താ കാര്യം? നിനക്കിവിടെ ആരെയും അറിയില്ലല്ലോ?”

നാന്‍സിയ്ക്കും പൊട്ടിച്ച കുട്ടിയുടെ പേര്‌ അറിയുന്നതില്‍ താല്‍പര്യമില്ലായിരുന്നു. കളിപ്പാട്ടം പൊട്ടിക്കുന്ന കുട്ടികള്‍ക്ക്‌ എന്തെങ്കിലും ശിക്ഷ കിട്ടുമോന്ന്‌ കണ്ടുപിടിക്കാനായിരുന്നു അവളുടെ ശ്രമം. നാന്‍സിയുടെ ചോദ്യം മനസ്സിലാക്കിയ ടീച്ചര്‍ പറഞ്ഞു. “കളിക്കാനുള്ളതാണ്‌ കളിപ്പാട്ടങ്ങള്‍. കളിക്കുമ്പോള്‍ അവ ചിലപ്പോള്‍ പൊട്ടിയെന്നിരിക്കും.”

അത്‌ കേട്ടതോടെ നാന്‍സിയ്ക്ക്‌ തൃപ്‌തിയായി. അവള്‍ക്കാവശ്യമായ വിവരങ്ങളൊക്കെ അവള്‍ക്ക്‌ കിട്ടിക്കഴിഞ്ഞിരുന്നു. അവള്‍ മനസ്സില്‍ പറഞ്ഞു: “ഈ ടീച്ചര്‍ കുഴപ്പമില്ലാത്തയാളാണ്‌; പെട്ടെന്ന്‌ അരിശപ്പെടില്ല. വരക്കുന്ന പടം മോശമായാലോ, കളിപ്പാട്ടം പൊട്ടിപ്പോയാലോ എനിക്ക്‌ പേടിക്കേണ്ടതില്ല”. അവള്‍ അമ്മയോട്‌ റ്റാ റ്റാ പറഞ്ഞു. ടീച്ചറിന്റെ അടുത്തേക്ക്‌ നടന്നടുത്തു – നേഴ്സറിയിലെ നാന്‍സിയുടെ ഒന്നാം ദിവസം.

കുട്ടികളുടെ മനസ്സ്‌ വായിക്കാന്‍ കഴിയുക വലിയൊരു കഴിവാണ്‌. അവരുമായുള്ള മാതാപിതാക്കളുടെ സംസാരവും വൈകാരിക ബന്ധവും വളരുന്നത്‌ അങ്ങിനെയാണ്‌.

ശ്രുതിക്ക്‌ ഒമ്പത്‌ വയസ്സാണ്‌ പ്രായം. ഉച്ചകഴിഞ്ഞ്‌ കൂട്ടുകാരി പ്രിയയുടെ വീട്ടില്‍ പോകാന്‍ അവള്‍ പ്ലാനിട്ടിരിക്കുകയായിരുന്നു ഏറെക്കാലം കാത്തിരുന്നിട്ടാണ്‌ അവധി ദിവസവും, മാതാപിതാക്കളുടെ അനുവാദവും കിട്ടിയത്‌. പോകാനൊരുങ്ങിയപ്പോഴാണ്‌ മറ്റൊരു കൂട്ടുകാരി, മീന വിളിച്ചത്‌ – അന്ന്‌ സ്‌കൌട്ടിന്റെ മീറ്റിങ്ങുള്ള കാര്യം ഓര്‍മ്മിപ്പിക്കാന്‍. ശ്രുതി അക്കാര്യം മറന്നുപോയിരുന്നു.

ഫോണ്‍കിട്ടിയതേ അവള്‍ കരയാന്‍ തുടങ്ങി. വിവരമറിഞ്ഞ്‌ അവളുടെ അമ്മ അടുത്തു വന്നു: “ആകെ സങ്കടമായി അല്ലേ, മോളേ? ഉച്ചകഴിഞ്ഞ്‌ പ്രിയയുടെ കൂടെ കളിക്കാമെന്ന്‌ കരുതിയിരിക്കുകയായിരുന്നു. അല്ലേ?”

ശ്രുതി: (തലയാട്ടിക്കൊണ്ട്‌) “അതെ. സ്‌കൌട്ടിന്‌ മറ്റൊരു ദിവസം കൂടിയാലെന്താ?”

ഇതു പറഞ്ഞിട്ട്‌ അവള്‍ കരച്ചില്‍ നിര്‍ത്തി. പ്രിയയെ വിളിച്ചു, മറ്റൊരു ദിവസം വരാമെന്നു പറഞ്ഞു. എന്നിട്ട്‌ ഡ്രസ്സുമാറി, സ്‌കൌട്ടിനു പോകാനൊരുങ്ങി.

ശ്രുതിയുടെ അമ്മ ചെറിയ കാര്യങ്ങളേ ചെയ്‌തുള്ളൂ. മകളുടെ സങ്കടം മനസ്സിലാക്കി, അവളുടെ അവസ്ഥയില്‍ സഹതാപം പ്രകടിപ്പിച്ചു. അതോടെ, പ്രശ്‌നത്തെ അഭിമുഖീകരിക്കാനും, അതിന്‌ സ്വയം പരിഹാരം നിശ്ചയിക്കാനും ശ്രുതിക്ക്‌ കഴിഞ്ഞു.

കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കുക. അവരുടെ സങ്കടം തങ്ങളെയും നൊമ്പരപ്പെടുത്തുന്നുവെന്ന സത്യം തുറന്നു പറയുക. അത്രമാത്രം മതിയാകും കുട്ടികള്‍ക്ക്‌. കുട്ടികളുടെ മനസ്സറിഞ്ഞ്‌ അവരോട്‌ സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ കഴിയട്ടെ.

കടപ്പാട്-www.smartfamilyonline.com

അവസാനം പരിഷ്കരിച്ചത് : 12/7/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate