অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ ജനനേന്ദ്രിയ രോഗങ്ങള്‍

കുഞ്ഞിനുണ്ടാകുന്ന ചെറിയ ചെറിയ നോവുകള്‍, അസ്വസ്‌ഥതകള്‍, ചൊറിച്ചിലുകള്‍ എന്നിവയെല്ലാം അമ്മയ്‌ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ലക്ഷണങ്ങളിലൂടെ പരിശോധനകളിലൂടെ അമ്മ കണ്ടെത്തുക എന്നതാണു ജനനേന്ദ്രിയ രോഗങ്ങളെ ചെറുക്കാനുള്ള ഏക പോംവഴി.

ജനനം മുതല്‍ അഞ്ചു വയസു വരെയുള്ള കാലഘട്ടം അമ്മ കുഞ്ഞിന്റെ കയ്യും മനസുമായിരിക്കേണ്ട ഘട്ടമാണ്‌. ഈ സമയത്തെ ഭക്ഷണ കാര്യങ്ങള്‍ മുതല്‍ ശുചിത്വവും രോഗനിര്‍ണയവും വരെയുള്ള കാര്യങ്ങള്‍ അമ്മ അറിഞ്ഞിരിക്കണം.

കുഞ്ഞിനുണ്ടാകുന്ന ചെറിയ ചെറിയ നോവുകള്‍, അസ്വസ്‌ഥതകള്‍, ചൊറിച്ചിലുകള്‍ എന്നിവയെല്ലാം അമ്മയ്‌ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ലക്ഷണങ്ങളിലൂടെ പരിശോധനകളിലൂടെ അമ്മ കണ്ടെത്തുക എന്നതാണു ജനനേന്ദ്രിയ രോഗങ്ങളെ ചെറുക്കാനുള്ള ഏക പോംവഴി.

കുഞ്ഞു ശരീരത്തിലെ സാധാരണ അവയവങ്ങളേക്കാള്‍ ശ്രദ്ധയും പരിചരണവും ലഭിക്കേണ്ടതും വളരെ ലോലമായതുമായ അവയവങ്ങളാണു ഗുഹ്യഭാഗ അവയവങ്ങള്‍.

ഇത്തരം അവയവങ്ങളില്‍ പ്രധാനമായതു ജനനേന്ദ്രിയ അവയവങ്ങളും (ആണ്‍കുട്ടികളില്‍ ലിംഗം, വൃഷണം, വൃഷണസഞ്ചി, പെണ്‍കുട്ടികളില്‍ യോനി) മൂത്രാശയ അവയവങ്ങളുടെ മൂത്രനാളി, മൂത്രസഞ്ചി, മൂത്രനാളം എന്നിവപോലെ പുറമെ കാണപ്പെടുന്ന ചില അവയവങ്ങളുമാണ്‌.

ഇതിനനുബന്ധമായ ആന്തരികാവയവങ്ങള്‍ ധാരാളമുണ്ടെങ്കിലും പുറമെ കാണപ്പെടുന്ന മേല്‍പ്പറഞ്ഞ അവയവങ്ങളിലുള്ള ശുചിത്വം, ആരോഗ്യം എന്നിവയാണു പരിപാലിക്കേണ്ടത്‌.

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നതു മൂത്രാശയ അണുബാധയാണ്‌. ആവര്‍ത്തിച്ചു കാണപ്പെടുന്ന പനി ചിലപ്പോഴൊക്കെ ഇതിന്റെ ലക്ഷണമാവാറുണ്ട്‌.

ചെറിയ ആണ്‍കുട്ടികളുടെ മൂത്രം പൊങ്ങി അടുത്ത്‌ ഇരിക്കുന്നവരുടെ വായിലും ദേഹത്തുമൊക്കെ വീഴുന്നതു പ്രസവവാര്‍ഡുകളിലെ സ്‌ഥിരം കാഴ്‌ചയാണ്‌. പലര്‍ക്കും മുത്രം കുടിക്കേണ്ടിവരുന്നെങ്കിലും അതു മൂത്രാശയ സംബന്ധമായ ആരോഗ്യത്തെ കാണിക്കുന്നു.

ഇത്തരത്തില്‍ മൂത്രം ശക്‌തിയില്ലാതെ ഇറ്റിറ്റു വീഴുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കുഞ്ഞിന്‌ മൂത്രാശയ അണുബാധയുണ്ടാവാം. അണുബാധയുള്ള കുട്ടികളില്‍ ഇതോടൊപ്പം പനി, വിറയല്‍, തളര്‍ച്ച, വിശപ്പില്ലായ്‌മ, കരച്ചില്‍, ഛര്‍ദി, വയറിളക്കം, വയറുവേദന തുടങ്ങിയവയും കണ്ടുവരുന്നു.

മൂത്രനാളിയിലുണ്ടാകുന്ന തടസം നട്ടെല്ലിന്റെ ക്രമക്കേട്‌ എന്നിവയും ഇത്തരത്തില്‍ മൂത്രം ഊര്‍ന്നു വീഴാത്ത അവസ്‌ഥ ഉണ്ടാക്കാറുണ്ട്‌.
കുഞ്ഞുങ്ങള്‍ അഴുക്കിലും മണ്ണിലും ഇരുന്നു കളിക്കുന്നത്‌ അണുബാധയ്‌ക്കു കാരണമാവാം.

കൃമിശല്യം, മലബന്ധം എന്നിവയുള്ള കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. പെണ്‍കുട്ടികള്‍ക്കു മലശോധനയ്‌ക്കു ശേഷം കഴുകിക്കൊടുക്കുമ്പോള്‍ പുറം തിരിച്ചിരുത്തി പുറകില്‍ നിന്നു മുന്‍പിലേക്കു കഴുകിക്കൊടുക്കുന്ന രീതി ചിലര്‍ വച്ചുപുലര്‍ത്താറുണ്ട്‌.

അതും അണുബാധയുണ്ടാകാന്‍ ഒരു കാരണമാകുന്നു. മുന്‍വശം കഴുകിയതിനു ശേഷം പിന്‍ഭാഗം കഴുകുന്നതോ അല്ലെങ്കില്‍ മുന്‍വശത്തുനിന്നു പിന്‍വശത്തേക്കു കഴുകുന്നതോ നല്ല രീതിയാണ്‌.

മൂത്രത്തില്‍ പഴുപ്പ്‌

ചെറിയ കുട്ടികളിലെ മൂത്രാശയ അണുബാധ മൂത്രത്തില്‍ പഴൂപ്പ്‌ എന്ന അസുഖത്തിലേക്കു വഴിതെളിക്കാം. പെണ്‍കുട്ടികളിലാണിത്‌ കൂടുതലായും കണ്ടുവരുന്നത്‌.

പെണ്‍കുട്ടികളില്‍ മൂത്രനാളി ചെറുതായതിനാല്‍ രോഗാണുക്കള്‍ക്കു വളരെവേഗം ഉള്ളിലെത്താം എന്നതാണിനൊരു കാരണം. മറ്റൊന്ന്‌, മൂത്രദ്വാരം മലദ്വാരത്തിന്റെ അടുത്താണു സ്‌ഥിതിചെയ്യുന്നത്‌ എന്നുള്ളതാണ്‌.

മലശോധനയ്‌ക്കു ശേഷം ശരിയായി വൃത്തിയാക്കാത്ത കുഞ്ഞുങ്ങളില്‍ മലത്തിന്റെ അവശിഷ്‌ടങ്ങളും അതിലെ ഇ-കോളി തുടങ്ങിയ ബാക്‌ടീരിയകളും ചെറിയ മൂത്രനാളി വഴി വളരെ വേഗത്തില്‍ മൂത്രാശയത്തില്‍ എത്താം.

മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണങ്ങള്‍ കുഞ്ഞു മൂത്രമൊഴിക്കുന്നതു ശ്രദ്ധിക്കുന്നതിലൂടെ അമ്മയ്‌ക്കു മനസിലാക്കാന്‍ കഴിയുന്നതാണ്‌. മൂത്രമൊഴിക്കുമ്പോള്‍ കുഞ്ഞിന്‌ വേദന അനുഭവപ്പെടുക, മൂത്രത്തിനു ദുര്‍ഗന്ധം, അളവില്‍ കുറഞ്ഞും ഇടവിട്ടും മൂത്രമൊഴിക്കുക, മൂത്രത്തിനു നിറവ്യത്യാസം ഇത്തരം ലക്ഷണങ്ങളോടൊപ്പം ഛര്‍ദി, വിശപ്പില്ലായ്‌മ, പനി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും കാണപ്പെടുന്നുണ്ടോ എന്നെല്ലാം അമ്മമാര്‍ ശ്രദ്ധിക്കണം.

മേല്‍പ്പറഞ്ഞ തരത്തില്‍ ലക്ഷണങ്ങളുണ്ടെങ്കില്‍ കുഞ്ഞിനു മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണങ്ങളാണെന്ന്‌ ഉറപ്പാക്കാം. തക്ക സമയത്തു കണ്ടുപിടിച്ചു ചികിത്സിച്ചില്ലെങ്കില്‍ അണുബാധ വൃക്കയെ ബാധിച്ചു ഗുരുതരാവസ്‌ഥകള്‍ സൃഷ്‌ടിക്കാന്‍ സാധ്യത ഏറെയാണ്‌.

അതുകൊണ്ടു ലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ ഇത്തരം അണുബാധകളെ തിരിച്ചറിയാന്‍ അമ്മയ്‌ക്കു കഴിയണം. കുഞ്ഞിന്റെ കുളി, മലശോധന, മൂത്രവിസര്‍ജ്‌ജനം തുടങ്ങിയവ വളരെ കൃത്യമായി അമ്മ നിരീക്ഷണം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌.

അണുബാധ ഒഴിവാക്കാം

1. കുഞ്ഞിന്‌ ധാരാളം വെള്ളം കൊടുക്കുക.
2. മൂത്രമൊഴിച്ു കഴിഞ്ഞ്‌ ധാരാളം ജചലമുപയോഗിച്ച്‌ കഴുകി കോട്ടണ്‍ തുണികൊണ്ട്‌ നനവ്‌ ഒപ്പിമാറ്റുക.
3. മലശോധനയ്‌ക്കുശേഷം കഴകുമ്പോള്‍ മുന്നില്‍നിന്ന്‌ പിറകിലോട്ട്‌ കഴുകുക.
4. കോട്ടണ്‍ അടിവസ്‌ത്രങ്ങള്‍ ഉപയോഗിക്കുക.

അക്യൂട്ട്‌ ഗേ്ലാമറുലോനെൈഫ്രറ്റിസ്‌

മൂത്രപരിശോധനയിലൂടെ വളരെ പെട്ടെന്ന്‌ തിരിച്ചറിയാന്‍ കഴിയുന്ന മറ്റൊരു രോഗമാണ്‌ അക്യൂട്ട്‌ ഗേ്ലാമറുലോനെൈഫ്രറ്റിസ്‌. മൂത്രത്തില്‍ രക്‌തം കാണുകയും മൂത്രത്തിന്റെ അളവ്‌ കുറഞ്ഞുവരികയുമാണ്‌ രോഗലക്ഷണം.

തൊലിപ്പുറത്ത്‌ അല്ലെങ്കില്‍ ടോണ്‍സിലൈറ്റിസ്‌ അണുബാധ ഉണ്ടായി അത്‌ പിന്നീട്‌ വൃക്കയെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണിത്‌. കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാതെ വന്നാല്‍ വൃക്ക തകരാറുകള്‍ വരെ ഉണ്ടാകുന്ന തരം അതീവ ഗുരുതരമാണ്‌ ഈ രോഗം.

ജനനേന്ദ്രിയ രോഗങ്ങള്‍

ജനനം മുതല്‍ ഏകദേശം അഞ്ചുവയസുവരെയുള്ള കുട്ടികളെ കുളിപ്പിക്കുന്നത്‌ അമ്മ തന്നെയാണ്‌. പ്രത്യേക പരിചരണം ലഭിക്കേണ്ട ഈ ഘട്ടത്തിലെ കുഞ്ഞുങ്ങളുടെ ത്വക്ക്‌ വളരെ മൃദുലതയേറിയതാണ്‌.

കുഞ്ഞ്‌ ജനിക്കുമ്പോള്‍ കുഞ്ഞുടുപ്പിനും തൊട്ടിലിനുമൊപ്പം നാം വാങ്ങിക്കൂട്ടുന്ന ചില സാധനങ്ങളുണ്ട്‌. ബേബി സോപ്പ്‌, ബേബി പൗഡര്‍, ബേബി- ഹെയര്‍ ഓയില്‍, ബേബി- ബോഡി ഓയില്‍, ലോഷനുകള്‍ അങ്ങനെയങ്ങനെ ബേബി കോസ്‌മറ്റിക്‌സ് വിഭാഗത്തില്‍പ്പെടുന്നു ചിലത്‌.

അത്തരം ചില ബ്രാന്‍ഡുകളുടെ ഗുണനിലവാരമാണ്‌ കുഞ്ഞിനെ പരിപാലിക്കുന്നത്‌ എന്നൊരു ധാരണ എല്ലാ അമ്മാരുടെയും മനസിലുണ്ട്‌.

രാവിലത്തെ സോപ്പിലുള്ള കുളികഴിഞ്ഞ്‌ കുഞ്ഞിന്റെ ജനനേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെ എല്ലാ ശരീരാവയങ്ങളെയും ഒരു സുരക്ഷാകവചം എന്നവണ്ണം പൗഡറില്‍ കുളിപ്പിചെ്െടുക്കുന്നു.

ഇത്തരം ബേബി- ബ്രാന്‍ഡഡ്‌ കോസ്‌മറ്റിക്‌സൊന്നും തന്നെ ദോഷമല്ലാതെ ഗുണമൊന്നും ചെയ്യുന്നില്ല. കുഞ്ഞിനെ ഉരുക്കുവെളിചെ്െണ്ണ പുരട്ടിക്കുളിപ്പിക്കുന്നതാണ്‌ ഏറ്റവും ആരോഗ്യകരം.

തടിയുള്ള കുഞ്ഞുങ്ങളാണെങ്കില്‍ കൈമടക്കുകളിലും ഇടുപ്പുകളിലും തുടയിടുക്കുകളിലും (അതായത്‌ ഈര്‍പ്പം അടിഞ്ഞുകൂടാന്‍ ഇടയുള്ള സ്‌ഥലങ്ങളില്‍) അല്‍പ്പം പൗഡര്‍ പൂശാം. ജനനേന്ദ്രിയങ്ങളില്‍ ഇത്തരം പൗഡറുകളുടെ ഉപയോഗം തടിപ്പുകളും കുരുക്കളും ഉണ്ടാക്കാനിടയുണ്ട്‌.

ത്വക്ക്‌രോഗങ്ങള്‍

ജനനേന്ദ്രിയ രോഗങ്ങള്‍ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സാധാരണ ത്വക്ക്‌രോഗങ്ങളായാണ്‌ കാണപ്പെടുന്നത്‌. മുതിര്‍ന്ന ആളുകളില്‍പോലും ജനനേന്ദ്രിയ അവയവങ്ങളിലെ ത്വക്ക്‌ വളരെ മൃദുലവും സൂക്ഷ്‌മമായി മാത്രം കൈകാര്യം ചെയേ്േണ്ടതുമാണ്‌.

അശ്രദ്ധമായ പരിചരണം ഇത്തരം അവയവങ്ങളിലെ ത്വക്കില്‍ വളരെപ്പെട്ടെന്നുതന്നെ അണുബാധയ്‌ക്ക് കാരണമായേക്കാം. ചെറിയ കുട്ടികളില്‍ അമ്മമാരാണ്‌ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത്‌.

ജനനേന്ദ്രിയങ്ങളുടെ ശുചിത്വം

അമ്മമാരുടെ ശ്രദ്ധയ്‌ക്ക്
1. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ മൃദുവായ സോപ്പ്‌ ഉപയോഗിക്കാന്‍, എപ്പോഴും സോപ്പ്‌ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
2. സോപ്പ്‌ ഉപയോഗിക്കുമ്പോള്‍ വളരെ കുറച്ച്‌ സമയം മാത്രം അത്‌ ശരീരത്ത്‌ ഇരിക്കാനനുവദിക്കുകയും, ധാരാളം വെള്ളമുപയോഗിച്ച്‌ സോപ്പ്‌ മുഴുവനായും കഴുകിക്കളഞ്ഞ്‌ എന്നുറപ്പുവരുത്താനും നോക്കണം.

3. കുഞ്ഞിനെ തുടയ്‌ക്കുന്ന സമയത്ത്‌, തുടച്ചുമാറ്റുന്ന ശീലം ഒഴിവാക്കി, കോട്ടണ്‍തുണി ഉപയോഗിച്ച്‌ നനവ്‌ ഒപ്പിയെടുക്കാന്‍ ശ്രദ്ധിക്കുക. തുടച്ചു മാറ്റുന്ന ശീലം പൂര്‍ണ്ണമായും ഒഴിവാക്കുക. നനവ്‌ ഒപ്പിയെടുക്കാന്‍ നൈലോണ്‍ തുണികള്‍ ഉപയോഗിക്കാതിരിക്കുക.

4. മലമൂത്രവിസര്‍ജ്‌ജനം ചെയ്‌താല്‍ ഉടനെ കഴുകി വൃത്തിയാക്കുക

ഡയപ്പര്‍ റാഷ്‌

ചില കുട്ടികള്‍ക്ക്‌ കൂടുതല്‍ സമയം ഒരേ ഡയപ്പര്‍ ഉപയോഗിക്കുന്നതിനാലും തൊലിയുടെ ആരോഗ്യക്കുറവ്‌ ഉള്ളതിനാലും ഡയപ്പര്‍ റാഷ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഇതോടൊപ്പം ഫംഗസ്‌ ബാധയും ഉണ്ടാകാം.

മൂത്രം, മലം എന്നിവ വീണു ചീത്തയാകുന്നതു കൊണ്ട്‌ കൂടെക്കൂടെ ഡയപ്പര്‍ മാറ്റണം. തന്നേയുമല്ല കുട്ടികളുടെ മലത്തിലൂടെ ജലാംശം അധികം പോകുന്നതിനാല്‍ ഡയപ്പറുകള്‍ എപ്പോഴും മാറ്റിയില്ലെങ്കില്‍ ഈര്‍പ്പം തട്ടാനുള്ള സാധ്യതയുണ്ട്‌.

ഡയപ്പര്‍ റാഷ്‌ വന്നാല്‍ ആ ഭാഗം വൃത്തിയാക്കി റാഷ്‌ ഫ്രീ പുരട്ടി കാറ്റും പ്രകാശവും തട്ടാനനുവദിക്കണം. നിലവാരമുള്ള ഡയപ്പര്‍ ഉറങ്ങുമ്പോളും യാത്രചെയ്യുമ്പോഴും ഉപയോഗിക്കണം.

ജനനേന്ദ്രിയത്തില്‍ ചെറിയ തടിപ്പുകളായും കുരുക്കളായും പൂപ്പലുകളായുമൊക്കെ പ്രത്യക്ഷപ്പെടാറുള്ള ജനനേന്ദ്രിയരോഗങ്ങള്‍ മാറാന്‍ ശുചിത്വമാണ്‌ പ്രധാനം.

വിയര്‍പ്പ്‌ അടിഞ്ഞുകൂടാന്‍ സാധ്യത ഏറെയുള്ള ഇത്തരം ഗുഹ്യാവയവങ്ങളെ അമ്മമാര്‍ ധാരാളം വെള്ളമുപയോഗിച്ച്‌ കഴുകി സൂക്ഷിക്കേണ്ടതാണ്‌. ആണ്‍കുഞ്ഞുങ്ങളില്‍ സൂക്ഷ്‌മപരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുന്ന നിരവധി ജനനേന്ദ്രിയ രോഗങ്ങളുണ്ട്‌.

ഫൈമോസിസ്‌

ചെറിയ കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച്‌ ലിംഗത്തിന്‌ പുറമെയുള്ള ത്വക്ക്‌ പിന്നിലേക്ക്‌ മാറാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ ചില കുട്ടികളില്‍ ഈ ത്വക്ക്‌ പിന്നിലേക്ക്‌ മാറാനുള്ള ബുദ്ധിമുട്ട്‌ മൂത്രമൊഴിക്കാനുള്ള തടസം സൃഷ്‌ടിക്കുന്നു.

ഈ അവസ്‌ഥയെയാണ്‌ ഫൈമോസിസ്‌ എന്നറിയപ്പെടുന്നത്‌. മൂത്രമൊഴിക്കുമ്പോഴുള്ള വേദന കാരണം കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തും. ഇങ്ങനെ ചെയ്യുന്നത്‌ ഇടയ്‌ക്കിടെ അല്‍പാല്‍പം മൂത്രം പോകുന്നതിനിടയാക്കും.

ഈ അവസ്‌ഥ മൂത്രത്തില്‍ പഴുപ്പിലേക്കും നയിക്കാം. കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയ പരിശോധനയിലൂടെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കണം. ഇതിന്റെ ചില ഗുരുതരാവസ്‌ഥകള്‍ ശസ്‌ത്രക്രിയകള്‍ വരെ വേണ്ടി വന്നേക്കാം.

ടോര്‍ഷന്‍ ടെസ്‌റ്റിസ്‌

വൃഷണത്തെ സംബന്ധിച്ച ഒരു രോഗമാണ്‌ ടോര്‍ഷന്‍ ടെസ്‌റ്റിസ്‌. കുഞ്ഞ്‌ വൃഷണത്തിലോ ലിംഗത്തിലോ തൊടാന്‍പോലും സമ്മതിക്കാത്തത്ര വേദനയനുഭവപ്പെടും പോലെ കരയുന്നതാണിതിന്റെ പ്രാഥമിക ലക്ഷണം.

ടോര്‍ഷന്‍ ടെസ്‌റ്റിസ്‌ വളരെ ഗുരുതരമായ അവസ്‌ഥയാണ്‌. വൃഷണം വൃഷണ സഞ്ചിക്കുള്ളില്‍ സ്‌പേമാറ്റിക്‌ കോഡ്‌ എന്നറിയപ്പെടുന്ന ഒരു നാഡിയുടെ അറ്റത്ത്‌ തൂങ്ങിക്കിടക്കുന്നതു പോലെയാണ്‌ സ്‌ഥിതിചെയ്യുന്നത്‌.

വൃഷണത്തിലേക്കുള്ള രക്‌തയോട്ടം നിയന്ത്രിക്കുന്നത്‌ ഈ നാഡിയാണ്‌. ഈ നാഡിയോടൊപ്പം വൃഷണം പിരിഞ്ഞാല്‍ വൃഷണത്തിലേക്കുള്ള രക്‌തയോട്ടം നഷ്‌ടപ്പെടുകയും നീര്‍ക്കെട്ടും അസഹനീയമായ വേദനയും അനുഭവപ്പെടുന്നു.

ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്‌ടറെ കാണിച്ചില്ലെങ്കില്‍ വൃഷണത്തിലേക്ക്‌ രക്‌തയോട്ടം നഷ്‌ടപ്പെട്ട്‌ അവിടുത്തെ കോശങ്ങള്‍ നശിച്ചുപോവാം. ചിലപ്പോഴൊക്കെ വൃഷണം തന്നെ എടുത്തു കളയേണ്ട അവസ്‌ഥയുണ്ടാവാം.

വൃഷണത്തെ സംബന്ധിച്ചുണ്ടാകാവുന്ന മറ്റൊരസുഖമാണ്‌ വൃഷണത്തിന്‌ ചുറ്റും ഉണ്ടാകാവുന്ന നീര്‍ക്കെട്ട്‌. ചില കുഞ്ഞുങ്ങളില്‍ ഈ നീര്‍ക്കെട്ട്‌ തനിയെ ചൊട്ടുന്നതായും ചിലരില്‍ ശസ്‌ത്രക്രിയ നിര്‍ദേശിക്കപ്പെടുന്നവരെ സങ്കീര്‍ണമാകുന്നതായും കണ്ടിട്ടുണ്ട്‌.

ജനനേന്ദ്രിയാവയവങ്ങളുടെ ശുചിത്വം കൊണ്ടുതന്നെ കുഞ്ഞുങ്ങളില്‍ ഒട്ടുമിക്ക രോഗങ്ങള്‍ക്കും തടയിടാന്‍ കഴിയും. ശരിയായ രീതിയിലുള്ള അവബോധം അമ്മമാര്‍ ഇക്കാര്യത്തില്‍ നേടിയെടുക്കേണ്ടതാണ്‌.

ബലനൈറ്റിസ്‌

ലിംഗത്തിന്റെ അഗ്രത്തില്‍ ചെറിയ തരത്തിലുള്ള അണുബാധ അല്ലെങ്കില്‍ പൂപ്പല്‍ ഉണ്ടാകുന്ന രോഗമാണ്‌ ബലനൈറ്റിസ്‌. കുളിപ്പിക്കുമ്പോള്‍ ശരിയായി വൃത്തിയാക്കാത്തതുകൊണ്ടോ ഉറുമ്പോ മറ്റു ജീവികളോ കടിക്കുന്നതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം.

മൂത്രത്തിന്റെയോ മറ്റോ അവശിഷ്‌ടങ്ങള്‍ ലിംഗത്തില്‍ പറ്റിയിരുന്ന്‌ അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ചെറിയ കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ലിംഗത്തിന്‌ പുറത്തെ തൊലി വളരെ സാവധാനത്തില്‍ പിറകോട്ട്‌ മാറ്റി വെള്ളമുപയോഗിച്ച്‌ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

ചെറിയ ചില ലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ ഇത്‌ വളരെ പെട്ടെന്ന്‌ മനസിലാക്കാന്‍ സാധിക്കും. ലിംഗത്തില്‍ ചെറിയ തടിപ്പോ ചുവപ്പു നിറമോ അല്ലെങ്കില്‍ പൂപ്പല്‍ നിറമോ കാണപ്പെടാം.

കുഞ്ഞ്‌ അസ്വസ്‌ഥത പ്രകടിപ്പിക്കുകയോ ലിംഗത്തില്‍ തൊടുകയോ ചെയ്യുന്നതില്‍ നിന്നും അണുബാധ വേഗം തിരിച്ചറിയാം.

കടപ്പാട്‌:

ഡോ. അശ്വതി പവിത്രന്‍

കണ്‍സള്‍ട്ടന്റ്‌ പീഡിയാട്രീഷന്‍
ശങ്കേഴ്‌സ് ഹോസ്‌പിറ്റല്‍, കൊല്ലം

അവസാനം പരിഷ്കരിച്ചത് : 6/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate