অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നടുവേദന - അടിസ്ഥാന വിവരങ്ങൾ

നടുവേദന

എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന (back pain) അനുഭവപ്പെടുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കില്‍ വയസുകാലത്തെ എല്ല് തേയ്മാനമാകാം (osteoporosis) അതുമല്ലെങ്കില്‍ ഉളുക്കാകാം (sprains). എന്നിരുന്നാലും മുറിവെണ്ണയോ (murivenna) കൊട്ടം ചുക്കാദിയോ (kottam chukkadi thailam) ഇട്ടൊന്നു തിരുമ്മി ചൂടു വെള്ളത്തില്‍ ഒരു കുളി പാസാക്കിയാല്‍ മാറുന്ന വേദനകളെങ്കിലും എല്ലാവര്‍ക്കും വരാറുണ്ട്. നടുവേദനയും അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നവര്‍ എണ്‍പത് ശതമാനത്തോളം വരുമെന്ന് അമേരിക്കന്‍ ആര്‍ത്രൈറ്റിസ് ഫെഡറേഷന്‍ പറയുന്നത്രേ (American arthritis federation).

ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട് അത് രോഗിയുടെ പ്രോഫഷണല്‍ ജീവിതത്തെ ബാധിക്കുന്നു എന്നുളളതാണ്. മിക്കപ്പോഴും ഗള്‍ഫ് നാടുകളില്‍ ജോലിചെയുന്ന നല്ലൊരു ശതമാനം മലയാളികള്‍ക്കും നടുവേദനയും അനുബന്ധ പ്രശ്നങ്ങളുമായി നാട്ടില്‍ ചികിത്സ തേടേണ്ടി വരാറുണ്ട്. നാല്‍പത് ശതമാനത്തോളം ആള്‍ക്കാര്‍ തൊഴില്‍ പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.

ആയുര്‍വേദ ചികിത്സക്ക് ധാരാളം ആളുകള്‍ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക എന്നതാണ് നടുവേദനയുടെ സുഖപ്രാപ്തിയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആയുര്‍വേദത്തില്‍ തന്നെ വിവിധതരം നടുവേദനകള്‍ പറയപ്പെട്ടിട്ടുണ്ട്.


നടുവേദനയുടെ കാരണങ്ങള്‍ (Causes of back pain)


നടുവേദനയുടെ കാരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം.

നട്ടെല്ലുമായി ബന്ധപ്പെട്ടവ
നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ

നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ വയറുമായി ബന്ധപ്പെട്ടവയാണ്. കിഡ്ണീ സ്റ്റോണുകള്‍, വയറ്റിലുണ്ടാകുന്ന മുഴകള്‍, മൂത്രാശയ രോഗങ്ങള്‍, പഴുപ്പ്, എന്നിവ നടുവേദന ഉണ്ടാക്കുന്നു.  

സാധാരണയായി ഉണ്ടാകാറുള്ള നടുവേദന പേശിവലിവുമായി ബന്ധപ്പെട്ടുള്ളവയാണ്. ശരീരം പെട്ടന്ന് മുന്പോട്ടായുക്, ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്തുക, പതിവില്ലാത്ത വിധം ജോലികളില്‍ ഏര്‍പ്പെടുക, സ്ഥിരമായി നടുവിന് സപ്പോര്‍ട്ട് ഇല്ലാതെ ഇരിക്കുക എന്നിവ ചെയ്യുന്നത് മൂലം പേശികള്‍ക്ക് വലിവുണ്ടായി അനുഭവപ്പെടുന്ന നടുവേദനയാണ്. അത് താരതമ്യേന വേഗം മാറുന്നതുമാണ്.

ഡിസ്ക് സ്ഥാനം തെറ്റല്‍

വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നട്ടെല്ല് ഒറ്റ അസ്ഥിയല്ല അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളില്‍ ഒന്ന് എന്നപോലെ ആടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്.  ഈ കശേരുക്കള്‍ക്കിടയ്ക്ക് ഉള്ള ഡിസ്കിനുണ്ടാകുന്ന സ്ഥാന ചലനമാണ് കാരണം. നമുക്ക്‌ ആവശ്യാനുസരണം കുനിയാനും നിവരാനും തിരിയാനും ചലിക്കാനും സാധിക്കുന്നത്‌ ഡിസ്‌കിന്റെ പ്രവര്‍ത്തന ക്ഷമതകൊണ്ടാണ്‌. ഡിസ്‌കിനു തകരാറു പറ്റുമ്പോള്‍ നട്ടെല്ലിന്റെ വഴക്കം കുറയുകയും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.ഡിസ്ക് സ്ഥാനം തെറ്റുമ്പോള്‍ തള്ളി നില്‍ക്കുന്ന ഭാഗം ഡിസ്‌കിനോടു ചേര്‍ന്നു നില്‍ക്കുന്ന ഞരമ്പില്‍ അമരുകയും കാലിലേക്കും കൈയിലേക്കും വേദന പടരുകയും ചെയ്യുന്നു. കാലിലെ പേശികള്‍ക്ക്‌ ബലക്കുറവോ പാദങ്ങളില്‍ മരവിപ്പോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കൂടാതെ വാര്‍ദ്ധക്യ സഹജമായ തേയ്‌മാനങ്ങള്‍ ഡിസ്‌കുള്‍പ്പെടെ നട്ടെല്ലിന്റെ സന്ധികളെ ബാധിക്കുമ്പോള്‍ ഏതൊരു സന്ധിയെപോലെ തന്നെ നട്ടെല്ലിനും വേദനയുണ്ടാക്കും.

ഓസ്റ്റിയോ പൊറോസിസ്
: എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു. കാല്‍സ്യത്തിന്‍റെ കുറവ് അസ്ഥിക്ഷയത്തിന് കാരണമാകുന്നുണ്ട്. അത് പലപ്പോഴും ആഹരത്തില്‍ കാല്‍സ്യം കുറവുള്ളതുകൊണ്‍ടല്ല മറിച്ച് ശരീരത്തില്‍ കാല്സ്യത്തിന്‍റെ ആഗീരണം കുറയുന്നതിനാലാണ്. 

സന്ധിവാതം (ആര്‍െ്രെതറ്റിസ്): എല്ലാ സന്ധികളേയും പോലെ ആര്‍ത്രൈറ്റിസ് നട്ടേല്ലിലെ സന്ധികളേയും ബാധിക്കുന്നു. 
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു. 

തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):

പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:
മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കാറുണ്ട്.

സ്‌േകാളിയോസിസ് കൈഫോസിസ് :
നട്ടെല്ലിന്റെ ക്രമാതീതമായ വളവ് നടുവേദനക്ക് ഒരു കാരണമാണ്. 

നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ), അണ്ഡാശയ കാന്‍സര്‍ അണ്ഡാശയ മുഴ, വൃക്കരോഗം എന്നിവ കൃത്യമായി രോഗനിര്‍ണ്ണയം ചെയ്ത് ശരിയായ ച്കിത്സ തേടേണ്ട രോഗങ്ങളാണ്. 

ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍


മിക്ക നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇതാ
വ്യായാമത്തിന്റെ കുറവും ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതിയും

  • അത്യധികമായ കായികാധ്വാനം.
  • അമിതമായ ശരീരഭാരം
  • ശരിയല്ലാത്ത ശരീരനില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്,
  • കൂനിക്കൂടി ഇരുന്നുള്ള െ്രെഡവിംഗ്,
  • ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്,
  • നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.
  • വൈകാരിക സമ്മര്‍ദം.
  • ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.
  • തെറ്റായ ജോലിപരിശീലനം.

നടുവേദന ഒഴിവാക്കാന്‍

  • ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക
  • ഒരുപാട് നേരം ഒരേ ഇരിപ്പിരിക്കരുത്
  • കാല്‍ ഉയര്‍ത്തി വയ്ക്കുക
  • ഇടക്ക് ഒന്ന് എഴുന്നേറ്റ് നടക്കുക
  • ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക
  • നട്ടെല്ലിന് സുഖപ്രദമായ,അധികം ഫൊമില്ലാതെ കിടക്ക ഉപയോഗിക്കുക, പലകകട്ടിൽ ഒരു പരിധിവരെ ഗുണം ചെയ്യും.
  • ശരീരഭാഗം കുറക്കുക
  • അമിതമായ ഭാരം എടുക്കാതിരിക്കുക,
  • നിത്യവും വ്യായാമം ചെയ്യുക.


ചികിത്സ


വേദന സംഹാരികള്‍

പെട്ടന്നുണ്ടാകുന്ന നടുവേദനയ്ക്ക് വേദന സംഹാരികള്‍ ഒരു നല്ല മരുന്നാണ്. എന്നാല്‍ വളരെ നാളായുള്ള നടുവേദനകള്‍ക്ക് അത് ഒരു സൊല്യൂഷന്‍ അല്ല.
കാരണമറിഞ്ഞാണ് നടുവേദനക്ക് ചികിത്സിക്കേണ്ടത്. ആന്തരിക അവയവങ്ങളുടെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്ക് അതാതിന്‍റെ ചികിത്സ സമയാസമയത്ത് ചെയ്യേണ്ടതാണ്. അതിനാല്‍ രോഗനിര്‍ണ്ണയം പ്രധാനമാണ്. സ്കാന്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണ്ണയ ഉപാധികള്‍ സ്വീകരിക്കുന്നതാണ് നല്ലത്.
നട്ടെല്ലിന്‍റെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനകള്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ഫലപ്രദമാണ്. വിവിധതരം പഞ്ചകര്‍മ്മ ചികിത്സകള്‍ അവസ്ഥാനുസരണം ചെയ്യണം.

അഭ്യംഗം
അഭ്യംഗം അധവാ തിരുമ്മല്‍ നടുവേദനയ്ക്ക് വളരെ ഫലപ്രദമാണ്. നടുവിന് സംഭവിച്ച ക്ഷതം പരിഹരിക്കുന്നതിനും മസിലുകളിലേക്കുള്ള രക്തയോട്ടം വര്ദ്ധിപ്പിച്ച് അവയെ റിലാക്സ് ആകുന്നതിനും തിരുമ്മല്‍ സഹായിക്കുന്നു. നടുവേദനക്ക് തിരുമ്മുമ്പോള്‍, പ്രത്യേകിച്ചും ഡിസ്ക് തള്ളള്‍ മുതലായ രോഗങ്ങളില്‍ തിരുമ്മുമ്പോള്‍് അധികം മര്‍ദ്ദം പ്രയോഗിക്കാതെ ശരദ്ധയോടെ തിരുമ്മണം എന്നുള്ളത് പ്രധാനമാണ്. തിരുമ്മു ചികിത്സ അംഗീകൃതമായ ഒരു ചികിത്സാലയത്തില്‍ നിന്ന് വേണം സ്വീകരിക്കാന്‍.

കിഴി
കിഴി പലതരത്തിലുണ്ട്. വാതഹരമായ ഇലകള്‍ കിഴികെട്ടി ചെയ്യുന്ന ഇലക്കിഴി, ഔഷധ ഗുണമുള്ള മരുന്നുകള്‍ പൊടിച്ച് കിഴിയാക്കി ചെയ്യുന്ന പൊടിക്കിഴി, ഞവരയരിയുപയോഗിച്ച് ചെയ്യുന്ന ഞവരക്കിഴി എന്നിങ്ങനെ വിവിധ തരം കിഴികള്‍ അവസ്ഥാ ഭേദം അനുസരിച്ച് ചെയ്യണം. കിഴി ശരീരത്തിലെ നീര്ക്കെട്ട് കുറയ്ക്കാനും, വാതത്തെ അനുലോമിപ്പികാനും ഉതകുന്നു. ഞവരകിഴി മാംസത്തേ പരിപോഷിപ്പിച്ച് ബലം പ്രദാനം ചെയ്യുന്നു.

ഉദ്വര്‍ത്തനം

ഉദ്വര്‍ത്തനം വിവിധതരം പൊടികള്‍ കൊണ്ടുള്ള തിരുമ്മലാണ്. അത് ശരീരത്തിലേ കൊഴുപ്പുകുറച്ച് ഭാരം കുറക്കാനും അതുവഴി നട്ടെല്ലിന്‍റെ ജോലിഭാരം കുറക്കാനും സഹായിക്കുന്നു.

കടിവസ്തി

വേദനയുള്ള ഭാഗത്ത് രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള എണ്ണകള്‍ തളം കെട്ടി നിര്‍ത്തുന്ന രീതിയാണിത്.  ഇത് ഡിസ്കിന്‍റെ തേയ്മാനത്തിനും നട്ടെല്ലിന്‍റെ തേയ്മാനത്തിലും ഈ ചികിത്സ വളരെ ഫലം ചെയ്യുന്നതാണ്.

മലദ്വാരത്തിലൂടെ പ്രത്യേകതരം മരുന്നുകള്‍ കടത്തുന്ന ഒരു ചികിത്സാരീതിയാണിത്. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്ത കഷായങ്ങളും തൈലങ്ങളും ഇതിനായി ഉപയോഗിക്കുന്നഇത് ശോധന ചികിത്സയാണ്. ദോഷങ്ങളെ ശോധന ചെയ്ത് ശരീര ശുദ്ധിവരുത്തുന്നു. വേദനയ്ക്ക് ഏറ്റവും വിശിഷ്ടമായതും അഞ്ച് പ്രധാന പഞ്ചകര്‍മ്മങ്ങളില്‍ ഒന്നുമാണിത്..

നടുവേദന ആയുര്‍വേദത്തില്‍ ഏറ്റവും നന്നായി സുഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രോഗമാണ്. ആയുര്‍വേദ ചികിത്സയിലൂടെ സര്‍ജ്ജറിയും പെയിന്‍കില്ലര്‍ മരുന്നുകളും ഒഴിവാക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രായം കടന്നെത്തുന്ന നടുവേദനയും കഴുത്തുവേദനയും

 

 

കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും സാധാരണയായി കണ്ടുവരുന്നു .

പണ്ട്‌ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന്‌ സര്‍വ സാധാരണമായി മാറിയിരിക്കുന്നു. തെറ്റായ ജീവിതരീതിയാണ്‌ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രായത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ പ്രധാന കാരണം.

കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും സാധാരണയായി കണ്ടുവരുന്നു.

നിലയ്‌ക്കു നില്‍ക്കാന്‍ അസ്‌ഥികള്‍

മനുഷ്യശരീരത്തെ താങ്ങിനിര്‍ത്തുന്നതിനും ശരീരത്തിന്‌ രൂപവും ചലനാത്മകയും നല്‍കുന്നതിനും അസ്‌ഥികള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. മനുഷ്യന്റെ ശരീരഘടനയുടെ അടിത്തറയെന്നത്‌ 206 അസ്‌ഥികളുടെ കൂട്ടായ്‌മയായ അസ്‌ഥികൂടമാണ്‌.

വലുതും ചെറുതും പരന്നതും കട്ടിയുള്ളതും മൃദുവായതുമായ അസ്‌ഥികളും പല്ലുകളും നഖങ്ങളും ഉള്‍പ്പെടെ 360 അസ്‌ഥികള്‍ വരെ ആയുര്‍വേദത്തിലെ 'അഷ്‌ടാംഗഹൃദയത്തില്‍' പ്രതിപാദിക്കുന്നുണ്ട്‌.

ശരീരത്തിലെ പ്രധാന അവയവങ്ങളായ തലച്ചോറ്‌, ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയവയെ പൊതിഞ്ഞു സംരക്ഷിക്കുന്നതും പേശികള്‍ക്കു താങ്ങും ശരീരത്തിന്‌ ഉറപ്പും ബലവും നല്‍കുന്നുതും അസ്‌ഥിവ്യൂഹമാണ്‌.

ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, ഏകോപനം എന്നീ പ്രധാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന തലച്ചേറിനെയും സുഷുമ്‌നാനാഡിയെയും യഥാക്രമം തലയോടും നട്ടെല്ലും പൊതിഞ്ഞു സംരക്ഷിക്കുന്നു.

കൂടാതെ അസ്‌ഥിക്കുള്ളിലെ മജ്‌ജയാണ്‌ രക്‌തത്തിലെ ചുവന്ന രക്‌താണുക്കളുടെ ഉത്ഭവസ്‌ഥാനം. അതിനാല്‍ അസ്‌ഥികള്‍ക്ക്‌ രോഗം ബാധിക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു.

ആയുര്‍വേദ വീക്ഷണം

ആയുര്‍വേദത്തിലെ 'ത്രിദോഷ ധാതുസിദ്ധാന്തം' അനുസരിച്ച്‌ വാതം അസ്‌ഥിയാശ്രിതമായി സ്‌ഥിതി ചെയ്യുന്നു. വാതകോപകാരണങ്ങളായ വിപരീത ആഹാരരീതികളും ഋതുഭേദങ്ങളും അസ്‌ഥിക്ഷയത്തിനും വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു.

ഗുണങ്ങള്‍ കുറഞ്ഞതും തണുത്തതുമായ ആഹാരങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും അധികം ഉറക്കമൊഴിയുന്നതും, അമിതാധ്വാനം, മര്‍മ്മാഘാതങ്ങള്‍ (മര്‍മ്മ ഭാഗങ്ങള്‍ക്കുണ്ടാവുന്ന ചതവുകള്‍), രക്‌തസ്രാവം, അസ്‌ഥിക്ഷയം, ദീര്‍ഘയാത്ര, ഉയരത്തില്‍ നിന്നുള്ള വീഴ്‌ച, അമിതഭാരം ചുമക്കല്‍ തുടങ്ങിയവയെല്ലാം ധാതുക്ഷയത്തിനും അതുമൂലം വാതം കൂടുന്നതിനും കാരണമാകുന്നു.

മജ്‌ജയെയോ, അസ്‌ഥിയെയോ ആശ്രയിച്ച്‌ വാതം കോപിച്ചാല്‍ അസ്‌ഥികളും സന്ധികളും പിളര്‍ന്നുപോകുന്നതു പോലെയുള്ള വേദനയും മാംസബലക്ഷയവും ഉറക്കമില്ലായ്‌മയും ഉണ്ടാകുന്നു.

മനുഷ്യനെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തനാക്കുന്നത്‌ നട്ടെല്ലാണ്‌. 33 കശേരുക്കള്‍ കൊണ്ടാണ്‌ നട്ടെല്ല്‌ കെട്ടിപ്പടുത്തിരിക്കുന്നത്‌. സെര്‍വിക്കല്‍ റീജിയനില്‍ 7 ഉം തോറാസിക്‌ റീജിയനില്‍ 12 ഉം ലംബാര്‍ റീജിയനില്‍ 5 ഉം സേക്രല്‍ റീജിയനില്‍ 5 ഉം കോക്‌സീ റിജിയനില്‍ 4 ഉം കശേരുക്കളാണുള്ളത്‌.

ശരീരത്തിലെ പ്രധാന നാഡിയായ സുഷുമ്‌നാനാഡി നട്ടെല്ലില്‍ കൂടി കടന്നുപോകുന്നതിനാല്‍ നട്ടെല്ലിനുണ്ടാകുന്ന ഏതു ക്ഷതവും വളരെ ഗൗരവമുള്ളതാണ്‌. നട്ടെല്ലിനും സുഷമ്‌നാനാഡിക്കും സംഭവിക്കന്ന ക്ഷതം രോഗിയെ തളര്‍ച്ചയിലേക്കോ, മരണത്തിലേക്കോ നയിച്ചേക്കാം.

നടുവേദനയ്‌ക്ക് കാരണം

നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌ സെര്‍വിക്കല്‍ ലംബാര്‍ സ്‌പോണ്‍ഡിലോസിസ്‌, ലംബാര്‍ ഡിസ്‌ക് പ്ര?ലാപ്‌സ് എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്‌ഥാനഭ്രംശം മൂലമാണ്‌ ഇവിടെ നടുവേദന അനുഭവപ്പെടുന്നത്‌.

നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കശേരുക്കളുടെ സ്‌ഥാനഭ്രംശം, നീര്‍ക്കെട്ട്‌, അസ്‌ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു.

കൂടാതെ ആര്‍ത്തവ തകരാറുകള്‍, മാംസപേശികള്‍ക്കു വരുന്ന നീര്‍ക്കെട്ട്‌, ഗര്‍ഭാശയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയ്‌ക്കല്ലൊം ശക്‌തമായ നടുവേദന അനുഭവപ്പെടാം.

ആദ്യമായി ശരിയായ രോഗനിര്‍ണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആധുനിക സാങ്കേതികവിദ്യകളായ എക്‌സ് റേ, സ്‌കാന്‍ മുതലായവ രോഗ നിര്‍ണയം എളുപ്പമാക്കുന്നു.

മുന്‍കാലങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍, വീഴ്‌ചകള്‍ എന്നിവമൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും പീന്നട്‌ ആ ഭാഗത്ത്‌ നീര്‍ക്കെട്ടിനും വേദനയ്‌ക്കും കാരണമാകുന്നു.

നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്‌തചംക്രമണവും ചലനവും അസാധ്യമായിത്തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്‌തി ക്ഷയിക്കുകയും ചെയ്യുന്നു.

ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ പരസ്‌പരം തെന്നിമാറുന്ന അവസ്‌ഥയിലേക്കു നയിക്കാം. തൊറാസിക്ക്‌ റീജിയണിലും ലംബാര്‍ റീജിയണിലും നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ അടുക്കുകയോ, അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌ക്കുകള്‍ക്കിടയില്‍പ്പെട്ട്‌ ഞെങ്ങി ശക്‌തമായ വേദന അനുഭവപ്പെടുന്നു.

ഈ വേദന നടുവില്‍ നിന്ന്‌ കാലുകളിലേക്കും വ്യാപിക്കാം. ഈ അവസ്‌ഥയില്‍ ചിലപ്പോള്‍ രോഗിക്ക്‌ ചലിക്കുവാന്‍ പോലും സാധിക്കാത്തത്ര കഠിനമായ വേദനയും ഉണ്ടാകുന്നു.

കഴുത്തുവേദന

നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ്‌ കഴുത്തുവേദന. പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്‌ സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിസിന്റെ പ്രധാന ലക്ഷണം.

ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്‌. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട്‌ തോള്‍, കൈകള്‍ എന്നിവിടങ്ങളിലേക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ്‌ ശക്‌തമായ വേദന അനുഭവപ്പെടുന്നത്‌.

കഴുത്തിന്റെ ചലനം സുഗമമാക്കുന്നത്‌ കണ്‌ഠ പ്രദേശത്തെ ഏഴ്‌ കശേരുക്കളാണ്‌. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോവസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിന്‌ ഫലപ്രദമായ ചികിത്സകളാണ്‌.

ആയുര്‍വേദ ചികിത്സ

നടുവേദന പോലുള്ള രോഗത്തിന്‌ ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത്‌ നീര്‌ മാറുന്നതിനും, പേശികള്‍ക്കും അസ്‌ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്‌തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.

മുരിങ്ങാത്തൊലി, വെളുത്തുള്ളി, കുറുന്തോട്ടിവേര്‌, ദേവതാരു, കടുക്‌, കൊട്ടം, ചുക്ക്‌, വയമ്പ്‌ ഇവ സമാനമായി പൊടിച്ചത്‌ വാളന്‍പുളിയില്‍ അരിക്കാടി തളിച്ച്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത്‌ നീരുമാറുന്നതിന്‌ സഹായകമാണ്‌.

രാസ്‌നൈരണ്ഡാദി, ഗുല്‍ഗുലുതിക്‌തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്‌ഥയ്‌ക്കനുസരിച്ച്‌ മേമ്പൊടി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഫലപ്രദമാണ്‌. കുഴമ്പുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്‌ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത്‌ നീര്‍ക്കോളും വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്‌ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്‌.

15 മില്ലി നിര്‍ഗുണ്ഡിസ്വാരസം (കരിനൊച്ചിയിലയുടെ നീര്‌), 15 മില്ലി ശുദ്ധി ചെയ്‌ത ആവണക്കെണ്ണയും ചേര്‍ത്ത്‌ വെറും വയറ്റില്‍ മൂന്ന്‌ ദിവസം കഴിക്കുന്നത്‌ നടുവേദനയ്‌ക്ക് ശമനം ലഭിക്കുന്നതിന്‌ സഹായിക്കുന്നു.

സ്വേദകര്‍മ്മങ്ങള്‍

പതിമൂന്ന്‌ വിധം സ്വേദകര്‍മ്മങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്‌. രോഗിയുടെ അവസ്‌ഥയ്‌ക്കനുസരിച്ച്‌ ഇവയില്‍ യുക്‌തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്‌.

ഇങ്ങനെ ചെയ്യുന്ന സ്വേദകര്‍മ്മങ്ങളും തിരുമ്മു ചികിത്സയും സ്‌ഥാനഭ്രംശം സംഭവിച്ച കശേരുക്കള്‍ യഥാസ്‌ഥാനത്തു കൊണ്ടുവരുന്നതിനും, സംജ്‌ഞാന നാഡികള്‍ക്ക്‌ ബലം നല്‍കുന്നതിനും, ഞരമ്പുകളിലൂടെയുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു.

അസ്‌ഥികള്‍, നാഡികള്‍, മര്‍മ്മസ്‌ഥാനങ്ങള്‍ ഇവ മനസിലാക്കി യഥാവിധി മര്‍ദം നല്‍കി വേണം തിരുമ്മു ചികിത്സ ചെയ്യുവാന്‍.

'ചരക ശാസ്‌ത്രത്തില്‍' ഉന്‍മര്‍ദനം, സംവഹനം, അവപീഡനം എന്നിവ വിവരിക്കുന്നുണ്ട്‌. ഇത്തരം ചികിത്സകള്‍ക്കായി ശാസ്‌ത്രം പഠിച്ച്‌ പരിചയസമ്പന്നരായ വ്യക്‌തികളെ മാത്രമേ സമീപിക്കാവൂ. അല്ലാത്തപക്ഷം ഗുണത്തേക്കാളേറെ ദോഷമാണ്‌ ഉണ്ടാവുക. ചിട്ടയായി ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയും വളരെ ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു.

ചിട്ടയായ ജീവിതചര്യ

ആയുര്‍വേദം ഒരു ചികിത്സാ ശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്‌. രോഗി ചികിത്സക്ക്‌ പുറമേ രോഗപ്രതിരോധത്തിന്‌ അനുഷ്‌ഠിക്കേണ്ട ദിനചര്യകളൊക്കെയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയുംക്കുറിച്ച്‌ ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌.

'രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ്‌ ആയുര്‍വേദശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറക്കത്തിന്‌ അടിമപ്പെട്ട്‌, ഫാസ്‌റ്റ് ഫുഡ്‌ഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയോ ഏറ്റുവാങ്ങുന്ന രോഗസാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം.

ഏതൊരു യന്ത്രവും സുഗമായി പ്രവര്‍ത്തിക്കുന്നതില്‍ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഒരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ്‌ ആയുര്‍വേദത്തില്‍.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. ഡൊമിനിക്ക്‌ തോമസ്‌
ചൈതന്യ ആയുര്‍വേദ ഹോസ്‌പിറ്റല്‍
ഈരാറ്റുപേട്ട, കോട്ടയം

അവസാനം പരിഷ്കരിച്ചത് : 10/13/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate