Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / രോഗങ്ങള്‍ / ത്വക്ക് / സൺസ്ക്രീനിലൂടെ ചർമ്മ സംരക്ഷണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സൺസ്ക്രീനിലൂടെ ചർമ്മ സംരക്ഷണം

സൺസ്ക്രീൻ എന്നാൽ സൂര്യപ്രകാശത്തിലെ അപകടകാരികളായ കിരണങ്ങളിൽ നിന്ന് രക്ഷനേടാനായി ചർമ്മത്തിന് പുറമെ പുരട്ടുന്ന വസ്തു ആണ്. അത് ക്രീം,ലോഷൻ,ജെൽ,പൗഡർ,സ്പ്രേ എന്നീ രൂപങ്ങളിൽ ലഭ്യമാണ്. സൂര്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള  അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന കവചമായ് സൺസ്ക്രീൻ/സൺക്രീം/സൺബ്ളോക്ക് പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിൽ സൺസ്ക്രീൻ പുരട്ടുന്നത് ഒരു ആഢംബരമായാണ് പലരും കരുതുന്നത്. ആ ചിന്ത മാറ്റേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഇന്നു നാം ജീവിക്കുന്ന ലോകത്തിൽ നമ്മുക്കു ചുറ്റും ഉള്ളതെല്ലാം വിഷവും രോഗങ്ങൾ ക്ഷണിച്ച് വരുത്തുന്നവയും ആണ്. നമ്മുക്ക് തടുക്കാൻ കഴിയുന്നവയെ നാം തടുക്കുക തന്നെ വേണം. അതിനുള്ള പ്രതിവിധി സ്വീകരിക്കുകയും വേണം.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പതിക്കുമ്പോൾ കോശങ്ങളിൽ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടുന്നു (ചർമ്മത്തിന് നിറം നൽകുന്ന പദാർത്ഥമാണ് മെലാനിൻ). അങ്ങനെയാണ് ചർമ്മത്തിൻറ്റെ നിറം മങ്ങുന്നത്. നിറം മങ്ങുന്നതിൻറ്റെ അർത്ഥം ചർമ്മത്തിന് ഹാനി സംഭവിച്ചു കഴിഞ്ഞു എന്നാണ്. ഈ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെ ക്യാപ്പിലറി വെയ്നുകൾക്ക് വരെ തകരാർ വരുത്തുന്നു. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ വടുക്കൾ,കലകൾ,പൊള്ളൽ,മുഖക്കുരു മുതൽ മാരകമായ അർബുദം വരെ വരുത്തിവയ്ക്കും. കൂടുതൽ നേരം വെയിലത്തു നിൽക്കുന്നത് ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പ്പാദിപ്പിക്കപ്പെടാൻ വളരെ നല്ലതാണ് എന്നൊരു ധാരണ പലർക്കും ഉണ്ട്,അത് വെറും തെറ്റിദ്ദാരണ ആണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ വളരെ കുറച്ച് സമയം മതി, പതിനഞ്ച് മിനുട്ട് തന്നെ ധാരാളം. കൂടുതൽ സമയം നിൽക്കുന്നത് ശരീരത്തിന് ദോഷം മാത്രം വരുത്തിവയ്ക്കും.

എല്ലാവർക്കും എല്ലായിപ്പോഴും യുവത്വം നിലനിൽക്കണം എന്നാണ് ആഗ്രഹം, അതിന് പല വഴികളും തേടുന്നു, അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് സൺസ്ക്രീൻ. മനുഷ്യ ശരീരത്തിൽ അകാലമായി ചുളുവുകൾ ഉണ്ടാവുന്നതിൻറ്റെ പ്രധാനകാരണം സൂര്യൻ ആണ്. യാതൊരുവിധ സംരക്ഷണവുമില്ലാതെ ദിനംപ്രതി സൂര്യപ്രകാശമേൽക്കുന്നവരുടെ ചർമ്മം നാൾക്കുനാൾ നേർത്തു വരുന്നു. വാർദ്ധക്യകാലത്ത് ചുളുവുകൾ ഒരു അലങ്കാരമാണ്,അത് അറിവിൻറ്റെയും ജീവിതാനുഭവങ്ങളുടെയും അടയാളമായി രൂപപ്പെടുന്നവയാണ്. അങ്ങനെ സ്വാഭാവികമായി ഉണ്ടാവേണ്ട ചുളുവുകളെ എന്തിന് നേരത്തെ ക്ഷണിച്ചുവരുത്തണം. ദിവസവും തുടർച്ചയായി സൺസ്ക്രീൻ പുരട്ടുന്നവരുടെ ചർമ്മം മറ്റുള്ളവരേക്കാൾ കൂടുതൽ കാലം യവ്വനം നിലനിർത്തും എന്ന് ധാരാളം പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. എന്നാൽ ഇത് മനസിലാക്കിയ പലരും മുഖം സംരക്ഷിക്കാനുള്ള തിരക്കിൽ കൈകളും മറ്റും മറന്നു പോവുന്നു. ചിലരുടെ മുഖം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന് പറയുന്നത് കേൾക്കാം, എന്നാൽ അവരുടെ കൈത്തണ്ടയിലേക്കൊന്നു നോക്കൂ, അവരുടെ പ്രായം മനസ്സിലാക്കാം. സൂര്യപ്രകാശം കൊണ്ടുണ്ടായ നാശം അവിടെ വ്യക്തമായ് കാണാം. ഏതൊക്കെ ശരീരഭാഗങ്ങളാണോ വസ്ത്രങ്ങളാൽ മറയാത്തത് അവിടെയെല്ലാം സൺസ്ക്രീൻ പുരട്ടണം. ഡ്രൈവ് ചെയ്യുന്നവരും സൺസ്ക്രീൻ പുരട്ടിയിരിക്കണം, അവരുടെ കൈകളിലേക്ക് (ഗ്ളാസ് ഉയർത്തിയിട്ടാണ് യാത്ര ചെയ്യുന്നതെങ്കിലും) പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ അതീവ ഗുരുതര രോഗങ്ങൾ വരുത്തിവയ്ക്കും. ത്വക്ക് അർബുദം അത്ര അപകടകാരിയല്ല എന്ന് ചിന്തിക്കുന്നവരും മാറി ചിന്തിക്കാൻ സമയമായി, ത്വക്ക് അർബുദം മൂലം കണ്ണ്,മൂക്ക്,ചെവി എന്നിവ വരെ നഷ്ടപ്പെടാം.

ദിവസവും സൺസ്ക്രീൻ പുരട്ടേണ്ടതിൻറ്റെ ആവശ്യകതയ്ക്ക് എത്ര ഊന്നൽ കൊടുത്താലും മതിയാവില്ല. ശരീരം ഏത് നിറമായാലും സൺസ്ക്രീൻ പുരട്ടിയേ തീരു. ദിവസത്തിൽ എല്ലാ സമയവും കരുതൽ വേണം. കാരണം, സൂര്യതാപത്തിനും ചിലതരം ത്വക്ക് അർബുദത്തിനും കാരണമായ അൾട്രാവയലറ്റ് ബി (UVB) രശ്മികൾ വെയിലിൻറ്റെ കാഠിന്യമേറിയ ഉച്ചപോലുള്ള സമയങ്ങളിലാണ് കൂടുതൽ ഉള്ളത് എങ്കിലും അകാല വാർദ്ധക്യത്തിനും ചിലതരം ത്വക്ക് അർബുദത്തിനും കാരണമാകുന്ന അൾട്രാവയലറ്റ് എ (UVA) രശ്മികൾ ദിവസത്തിൽ ഉടനീളം ഒരേ രീതിയിൽ ആണ് ഉള്ളത്.

ഏതു കാലാവസ്ഥയിലും സൺസ്ക്രീൻ പുരട്ടിയിരിക്കണം. വേനൽ ആയാലും മഴ ആയാലും മഞ്ഞ് ആയാലും സൺസ്ക്രീൻ പുരട്ടുക തന്നെ വേണം. മേഘാവൃതമായ ദിവസങ്ങളിൽ മേഘങ്ങൾ ഇൻഫ്രാറെഡ് രശ്മികളെ തടുക്കുന്നത് കൊണ്ടാണ് ചൂട് അനുഭവപ്പെടാത്തത്,എന്നാൽ അവ വെറും 20 ശതമാനം അൾട്രാവയലറ്റ് രശ്മികളെ മാത്രമേ തടുക്കുന്നുള്ളു,അതിനാൽ അന്നും സൂര്യതാപം ഏൽക്കാം. ഏതു കാലാവസ്ഥയിലും അപകടകാരികളായ അൾട്രാവയലറ്റ് രശ്മികൾ നമുക്ക് ചുറ്റും ഉണ്ടെന്നുള്ള സത്യം നാം എത്രയും വേഗം അംഗീകരിച്ച് മുൻകരുതൽ എടുക്കേണ്ടതാണ്.

സൺസ്ക്രീൻ ആഢംബരമാണ് വാങ്ങാൻ പൈസ ഇല്ല എന്ന് ഇപ്പോഴും ചിന്തിക്കുന്നവർ,അവർ ദിവസവും എന്തിനെല്ലാമാണ് പൈസ ചിലവാക്കുന്നത് എന്ന് ഒന്ന് ചിന്തിച്ച് നോക്കൂ, അവയൊക്കെ പ്രാധാന്യം ഉള്ളവയാണോ? അവ വാങ്ങിയാൽ മാത്രമേ ജീവൻ നില നിർത്താൻ സാധിക്കുകയുള്ളോ?. അല്ല,അവയിൽ പലതും പ്രാധാന്യം ഉള്ള വസ്തുക്കൾ ആയിരിക്കില്ല,അതാണ് ആഢംബരം,സൺസ്ക്രീൻ ഒരിക്കലും ആഢംബരം അല്ല. മുൻഗണന കൊടുക്കേണ്ട വസ്തുക്കളെ ഇന്ന് തന്നെ പുനർക്രമീകരിക്കണം. ശരീരത്തിന് ഹാനികരമായ ഫാസ്റ്റ്ഫുഡ്,ജങ്ക്ഫുഡ്, ബേക്കറി ആഹാരങ്ങൾ,ഹോട്ടൽ ഭക്ഷണം ഇവയ്ക്ക് ചിലവാക്കുന്ന രൂപ ജൈവ പച്ചക്കറിയും നല്ല ഒരു സൺസ്ക്രീനും വാങ്ങാനായി മാറ്റി വയ്ക്കൂ, നിങ്ങൾടെ ശരീരം നിങ്ങളോട് നന്ദി പറയും. രോഗങ്ങൾ വരുത്തിവെച്ചിട്ട് ആ ദുരിതം മാറാൻ ലക്ഷങ്ങൾ ചിലവാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുൻകരുതൽ എടുക്കുക. തീവ്രമായ വെയിൽ ഉള്ളപ്പോൾ കഴിവതും പുറത്തിറങ്ങാതിരിക്കുക. ദിവസവും സൺസ്ക്രീൻ പുരട്ടുക. ഒാർക്കുക, അൾട്രാവയലറ്റ് എ (UVA) കിരണങ്ങൾക്ക് കാറിൻറ്റെ ചില്ലുകൾക്കിടയിൽ കൂടി കടന്ന് ശരീരത്തിൽ ആഴ്ന്നിറങ്ങാനുള്ള തീവ്രതയുണ്ട്.

ഇപ്പോഴും വൈകിയിട്ടില്ല,വരുന്നിടത്ത് വെച്ച് കാണാം എന്ന് പുച്ഛിച്ചു തള്ളാതെ,എത്രയും പെട്ടെന്ന് മുൻകരുതൽ എടുക്കുക.

ഒാർക്കുക,നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്,അത് സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്.

3.5
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top