Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കഞ്ഞി വെറും കഞ്ഞിയല്ല

കൂടുതല്‍ വിവരങ്ങള്‍


വാര്‍ധക്യവും വൈധവ്യവും രോഗവും കൊണ്ട് പരവശയായിരുന്ന സേതുലക്ഷ്മി ചികിത്സതേടി എത്തിയത് ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ്. ഒരു ചലച്ചിത്രപ്രവര്‍ത്തകനായിരുന്നു അവരുടെ ഭര്‍ത്താവ്. സേതുലക്ഷ്മിക്കും അവരുടേതായ ഒരു കലാപാരമ്പര്യമുണ്ട്്. നാട്ടിലെ ഒരു "വല്യേടത്തി' ആയാണ് അവര്‍ അറിയപ്പെട്ടിരുന്നത്. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ ഹൃദ്യമായ സാന്നിധ്യം. 73-ാം വയസ്സിലും ആ സൗന്ദര്യം അവരില്‍ തങ്ങിനിന്നിരുന്നു. നടക്കുവാന്‍ നന്നേ വിഷമിച്ചാണ് സേതുലക്ഷ്മി (യഥാര്‍ഥ പേരല്ല) പരിശോധനാമുറിയിലേക്ക് കയറിവന്നത്. അതും രണ്ടുപേരുടെ സഹായത്തോടെ. ക്ലേശങ്ങളുടെ തിരി താഴ്ത്തിവച്ച് മ്ലാനമായ ഒരു പുഞ്ചിരിയോടെയാണ് അവര്‍ തുടങ്ങിയത്. കുത്തഴിഞ്ഞ പുസ്തകംപോലെയുള്ള പ്രിസ്ക്രിപ്ഷന്റെ ഒരു കെട്ട് ഇതിനിടെ അവര്‍ മേശപ്പുറത്ത് വച്ചിരുന്നു. അല്‍പ്പം നാടകീയമായിത്തന്നെ പറഞ്ഞു:""ഇവയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ എന്റെ രോഗവിവരങ്ങള്‍ ഡോക്ടര്‍ക്ക് അറിയാന്‍പറ്റും. ചികിത്സിച്ചവരൊക്കെ ഒന്നാംകിട ഡോക്ടര്‍മാരാണ്. ഓരോ വിരല്‍ത്തുമ്പിലും ഔഷധസാന്നിധ്യമുള്ള മഹാവൈദ്യന്മാര്‍. സന്ധിവേദനയ്ക്കും പനിക്കും നീരിനും നെഞ്ചത്ത് കഫകെട്ടിനും എല്ലാം അവരെനിക്ക് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. നല്ല ഫലമുള്ള മരുന്നുകളാണ്. ഇതിലൊന്നുപോലും ഒഴിവാക്കി ജീവിക്കാന്‍പറ്റാത്ത അവസ്ഥയിലാണ് ഞാന്‍. അതു സാരമില്ല.'' പെട്ടെന്ന് ഒരു എക്കിള്‍ (എക്കിട്ട്) വന്നപ്പോള്‍ വര്‍ത്തമാനം നിര്‍ത്തി അല്‍പ്പസമയം കഴിഞ്ഞ് അവര്‍ വീണ്ടും തുടര്‍ന്നു:""ഇതൊന്നുമല്ല എന്റെ പ്രശ്നം. ക്ഷീണമാണ്. ദാഹം ശമിക്കുന്നില്ല. ഇടയ്ക്ക് എക്കിട്ടും. ഈ രണ്ടു കുട്ടികളുടെ സഹായമില്ലാതെ എനിക്കൊന്നും ചെയ്യാന്‍വയ്യ! എന്റെ ക്ഷീണമൊന്നു മാറ്റിത്തരണം. രുചിയും വിശപ്പും എന്നോടു പിണങ്ങിനില്‍ക്കുകയാണ്''. പ്രിസ്ക്രിപ്ഷനുകളോരോന്നായി പരിശോധിച്ചു. ഔഷധങ്ങളില്‍ ഊന്നിനില്‍ക്കുന്ന സേതുലക്ഷ്മിയെ കാണാന്‍കഴിഞ്ഞു അവയില്‍. വേദനയും പനിയും കഫകെട്ടും കുറയാനുള്ളവ, ഇമ്മ്യൂണ്‍ സിസ്റ്റത്തെ ക്രമീകരിച്ചു നിര്‍ത്താനുള്ളവ, ദഹനത്തെ സഹായിക്കുന്നവ, മനസ്സിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളവ എന്നിങ്ങനെ വിവിധ പ്രകാരത്തില്‍പ്പെട്ട മരുന്നുകള്‍ അവയില്‍ ഉള്‍പ്പെട്ടിരുന്നു. ചിലത് സ്ഥിരമായും മറ്റുള്ളവ ആവശ്യാനുസരണവും സേതുലക്ഷ്മി ഉപയോഗിച്ചുവന്നിരുന്നു. ഇവയ്ക്കുപുറമെ പ്രോട്ടീന്‍ പൗഡറുകള്‍, വിറ്റാമിന്‍ ഗുളികകള്‍, ടോണിക്കുകള്‍, അരിഷ്ടാസവങ്ങള്‍ എന്നിങ്ങനെ ക്ഷീണംമാറ്റാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഒരു നീണ്ട നിര വേറെയും! ചുരുക്കിപ്പറഞ്ഞാല്‍, മരുന്നുകളുടെ കൂട്ടിനുള്ളില്‍ ചിറകൊതുക്കിയിരിക്കുന്ന ഒരു പക്ഷിയായിരുന്നു സേതുലക്ഷ്മി. ഓരോ മരുന്നും ശാസ്ത്രീയമായ നിഗമനങ്ങളിലൂന്നിയാണ് ഡോക്ടര്‍മാര്‍ എഴുതിയിട്ടുള്ളത്. ഒരേയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത് ചികിത്സയിലെ ഏകോപനമില്ലായ്മ മാത്രമാണ്. വ്യത്യസ്ത വിഭാഗങ്ങളിലുള്ള വിദഗ്ധര്‍ ഒരു രോഗിയെ കൈകാര്യംചെയ്യുമ്പോള്‍ ഇടയ്ക്ക് സംഭവിക്കാറുള്ള ഒരു കാര്യമായേ അതിനെ കാണാന്‍കഴിയു.
ക്ഷീണംകാരണം തലതാഴ്ത്തി വലതുകൈകൊണ്ട് നെറ്റി താങ്ങി കണ്ണുകള്‍ പകുതി അടച്ച് മുന്നിലിരിക്കുകയായിരുന്നു സേതുലക്ഷ്മി. ചുണ്ടുകള്‍ നന്നേ വരണ്ടിട്ടുണ്ട്. ഒരേയൊരു ചോദ്യമേ അവരോടു ചോദിച്ചുള്ളു.""എന്തെല്ലാം ഭക്ഷണമാണ് കഴിക്കുന്നത്?''""ഞാനെല്ലാം കഴിക്കാറുണ്ട്. ചോറ്, ഇഡ്ഡലി, ദോശ തുടങ്ങി വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍, പച്ചക്കറികള്‍, പാല്‍, മീന്‍, മുട്ട ഇതൊക്കെ രുചിയില്ലെങ്കിലും കഷ്ടപ്പെട്ട് ഞാന്‍ അകത്താക്കാറുണ്ട്''. ഒപ്പം വന്നവരെ ചൂണ്ടിക്കാട്ടി അവര്‍, ""ഇവര്‍ നിര്‍ബന്ധിച്ചു കഴിപ്പിക്കും.എന്തുകൊണ്ടോ അതൊന്നും എന്റെ ശരീരത്തിലേക്ക് പിടിക്കുന്നില്ല. കണ്ണടച്ചിരിക്കാനാണ് ഇഷ്ടം. ഉറക്കമാണോ എന്നു ചോദിച്ചാല്‍ അല്ല. ചുറ്റും എന്തെല്ലാമോ നടക്കുന്നത് ഞാന്‍ അറിയാറുണ്ട്. ഒന്നിനോടും പ്രതികരിക്കാനാവുന്നില്ല. ഉള്ളിന്റെയുള്ളില്‍ വിറച്ചുകൊണ്ടിരിക്കുകയാണ്. പനിയല്ല; ക്ഷീണം. ക്ഷീണം മാത്രം!'' അവര്‍ തുടര്‍ന്നു പറഞ്ഞു. സേതുലക്ഷ്മിയുടെ വിവരണം ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ മനസ്സ് ചില ബിന്ദുക്കള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ആയുര്‍വേദരീതിയില്‍ വിലയിരുത്തുമ്പോള്‍ സേതുലക്ഷ്മിക്ക് ഔഷധങ്ങളുടെയും ആഹാരത്തിന്റെയും ആധിക്യംമൂലം സംജാതമായ ഒരു "ആമാവസ്ഥ'യാകാം എന്നണ് ആദ്യം തോന്നിയത്. "ആമം' എന്നത് ഒട്ടേറെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന സാങ്കേതികമായ ഒരു പദമാണ്. ചുരുക്കിപ്പറയാം. ആഹാരമായാലും ഔഷധമായാലും മനോഹരമായ സംഗീതമായാലും ദൃശ്യങ്ങളായാലും അവയെ സ്വാംശീകരിക്കുന്നതിന് ശരീരത്തിന് നിയതമായ ഒരു പദ്ധതിയുണ്ട്. ശാരീരികമോ മാനസികമോ വൈകാരികമോ പാരിസ്ഥിതികമോ ജനിതകമോ ആയ ഏതെങ്കിലും കാരണങ്ങളാല്‍ ഈ സ്വാംശീകരണ പദ്ധതിക്ക് കോട്ടംതട്ടുമ്പോള്‍ സംജാതമാകുന്ന ഒരു അവസ്ഥാവിശേഷമെന്ന് ലളിതമായ ഭാഷയില്‍ ആമത്തെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും.അനാരോഗ്യകരമായ ഈ അവസ്ഥയില്‍ അമൃത് അമൃതല്ലാതാകുന്നു. ചിലപ്പോള്‍ അമൃത് വിഷമായിത്തീരുകപോലും ചെയ്തേക്കാം. സേതുലക്ഷ്മിയെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിലധികം ഘടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഔഷധങ്ങളുടെ ദീര്‍ഘകാല ഉപയോഗംകൊണ്ട് അഗ്നി മന്ദിക്കും. ഭേഷജക്ഷപിതാവസ്ഥ എന്നാണ് ഇതിനു പറയുക. ഈ അവസ്ഥയില്‍ ലഘുവും അഗ്നിദീപ്തികരവുമായ ആഹാരങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. മറിച്ചായാല്‍ അഗ്നിമാന്ദ്യംകൊണ്ട് ആമാവസ്ഥ ഉണ്ടാകും. മറ്റൊരു പ്രധാന കാര്യം, പരപ്രേരണയ്ക്ക് വിധേയമായാണ് അവര്‍ ആഹാരം കഴിച്ചിരുന്നത്. രോഗിയുടെ ഇച്ഛയെക്കാള്‍ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ഇങ്ങിനെയുള്ള ആഹാരം മനോവിരുദ്ധം എന്ന വിഭാഗത്തിലാണ് പെടുക. മനോവിരുദ്ധമായ ആഹാരം കഴിക്കുമ്പോള്‍ അഗ്നി ജ്വലിക്കില്ല. ഇതിന്റെ ഫലമായും ആമാവസ്ഥ ഉണ്ടാകും. ചികിത്സകളെക്കുറിച്ച് ആലോചിച്ചു. എപ്പോഴുമെന്നപോലെ വന്ദ്യഗുരുനാഥനായ പി കെ വാരിയരുടെ ഉപദേശമാണ് ധ്യാനിമിഷത്തില്‍ ചെവിയില്‍ മുഴങ്ങിയത്. ""ആഹാരമാണ് ആദ്യം നേരെയാക്കേണ്ടത്. ആഹാരമാണ് ജീവന്റെ ആധാരം. മരുന്നല്ല. ചികിത്സ ആഹാരത്തില്‍നിന്ന് തുടങ്ങുക. ആഹാരത്തിന്റെ ഗുണം, അളവ്, സമയം എന്നിവയില്‍ ശ്രദ്ധപുലര്‍ത്തണം. ആരോഗ്യത്തിന്റെ അധിഷ്ഠാനം ബലമാണ്. ബലത്തിന്റെ അധിഷ്ഠാനം അഗ്നിയാണ്. അഗ്നിയെന്നാല്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കുന്ന ജൈവോര്‍ജമാണ്.'' കാലങ്ങളോളമായി കാതില്‍ കൊത്തിവച്ച വാക്കുകള്‍. ഒരു പ്രകാകശംപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ മുന്നില്‍ നടന്നു. സേതുലക്ഷ്മിയോട് ആദ്യം പറഞ്ഞത് ആഹാരക്രമം പൂര്‍ണമായി മാറ്റാനാണ്. ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളവും കഞ്ഞിയും ചെറുചൂടോടെ രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് സേവിക്കാന്‍ നിര്‍ദേശിച്ചു. ഇതോടൊപ്പം ഇഞ്ചിയും ചെറുനാരങ്ങയും തേനും തൊട്ടുകൂട്ടാനും. നിത്യവൃത്തിക്ക് അത്യാവശ്യമെന്നു തോന്നിയ മരുന്നുകളൊഴിച്ച് മറ്റുള്ളവയെല്ലാം താല്‍ക്കാലികമായി ഒഴിവാക്കി. പല്ലുതേപ്പ്, കുളി, മലമൂത്രവിസര്‍ജനം എന്നിവയ്ക്കു മാത്രം കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനും മറ്റു സമയത്ത് വിശ്രമിക്കാനും ചട്ടംകെട്ടി. ചുരുക്കിപ്പറഞ്ഞാല്‍ ചികിത്സയുടെ കേന്ദ്രസ്ഥാനം കഞ്ഞിയില്‍ ഉറപ്പിച്ചുനിര്‍ത്തി. ക്ഷീണമകറ്റാന്‍ മറ്റു മരുന്നുകളൊന്നും കൊടുത്തില്ല. ഒരാഴ്ച സേതുലക്ഷ്മി നിരീക്ഷണത്തിലായിരുന്നു. മുന്‍നിഗമനങ്ങള്‍ ശരിവച്ചുകൊണ്ട് ആഹാരവും ഔഷധവും നിയന്ത്രിച്ചപ്പോള്‍ അവരുടെ ആരോഗ്യനില മെച്ചപ്പെടുകയാണ് ചെയ്തത്. ക്ഷീണവും എക്കിട്ടവും മാറി. തുടര്‍ന്നുള്ള ചികിത്സാക്രമം ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ വിവരിക്കുന്നില്ല. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആയുര്‍വേദ ചികിത്സാസമീപനത്തിന്റെ ചില പ്രത്യേകതകള്‍ സൂചിപ്പിക്കട്ടെ. ആയുര്‍വേദം ആഹാരത്തെ മഹാഭൈഷജ്യമായാണ് കാണുന്നത്. ഭൈഷജ്യം എന്ന വാക്കിനുതന്നെ "ഭയത്തെ ജയിക്കുന്നത്' എന്ന് അര്‍ഥം. ഭയമുണ്ടാക്കുന്ന രോഗത്തെ ജയിക്കുന്നത് എന്ന് വിശദീകരണം. രോഗനിവാരണത്തിലും ചികിത്സയിലും ആഹാരത്തിനുള്ള പങ്ക് മഹാഭൈഷജ്യം എന്ന പ്രയോഗത്തില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. രോഗംകൊണ്ടോ ഔഷധോപയോഗംകൊണ്ടോ ജൈവാഗ്നി ഏറ്റവും ബലഹീനമായി നില്‍ക്കുന്ന അവസ്ഥയില്‍ അതിനെ കെടാതെ ഊതിയൂതി പൊലിപ്പിച്ച് ക്രമത്തില്‍ സുദീപ്തമായ ഒരവസ്ഥയില്‍ എത്തിക്കുന്നതിന് ആയുര്‍വേദം ശുപാര്‍ശചെയ്യുന്ന ചില ആഹാരരീതികളുണ്ട്. പഞ്ചകര്‍മ ചികിത്സകള്‍ ചെയ്യുമ്പോഴും മറ്റും ശീലിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന "പേയാദിക്രമം' ഇത്തരത്തിലുള്ള ഒരു മാര്‍ഗനിര്‍ദേശമാണ്. പേയ എന്നാല്‍ കഞ്ഞിയാണ്. കഞ്ഞിവെള്ളം, കഞ്ഞി, വറ്റ് അധികമുള്ള കഞ്ഞി, ചോറ് എന്നീ ക്രമത്തില്‍ ആഹാരത്തെ ഗ്രേഡ്ചെയ്തുവച്ചിട്ടുണ്ട്. ജൈവശരീരത്തിന്റെ ദഹന/ആഗിരണ ശക്തിയാണ് ഈ ഗ്രേഡിങ്ങിന്റെ മാനദണ്ഡം. ഏറ്റവും ലഘുവായ കഞ്ഞിത്തെളിയില്‍നിന്നു തുടങ്ങി രോഗിയുടെ ദഹനശക്തിക്ക് അനുസരിച്ച് ക്രമേണ ആഹാരം വര്‍ധിപ്പിച്ചുകൊടുക്കുന്നു. കഞ്ഞിത്തെളി, നേര്‍ത്ത കഞ്ഞി, കൊഴുത്ത കഴിഞ്ഞ, ചോറ് എന്നിവയെ ആയുര്‍വേദം യഥാക്രമം മണ്ഡം, പേയം, വിലേപി, ഓദനം എന്നീ പേരുകളിലാണ് വിവരിച്ചിട്ടുള്ളത്. ഇതില്‍വച്ച് കഞ്ഞിത്തെളിയാണ് ഏറ്റവും ലഘുത്വമുള്ള ആഹാരം. അഗ്നി ഏറ്റവും മ്ലാനമായ അവസ്ഥയില്‍ സേവിക്കേണ്ടത് കഞ്ഞിത്തെളിയാണ്. അത് അഗ്നിയെ ദീപ്തമാക്കുകയും ആമാശയം, കുടല്‍ എന്നീ ഭാഗങ്ങളുടെ ചലനം വേണ്ടരീതിയിലാക്കുകയും ചെയ്യും.പനിയോ അജീര്‍ണമോ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നിര്‍ഹരിക്കാന്‍ കഞ്ഞിത്തെളി പ്രയോജനപ്പെടുന്നു. ഇത് സ്വേദഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യും. നേര്‍ത്ത കഞ്ഞി (പേയ- മോന്തിക്കുടിക്കാവുന്ന അവസ്ഥയിലുള്ള കഞ്ഞി) വിശപ്പും ദാഹവും തളര്‍ച്ചയും ഇല്ലാതാക്കും. ഉദരരോഗങ്ങള്‍ ഉള്ളപ്പോള്‍ പഥ്യമായിട്ടുള്ള ആഹാരമാണ്. മലമൂത്രവിസര്‍ജനം സുഖകരമാക്കും. കൊഴുത്ത കഞ്ഞി (വിലേപി- വറ്റ് അധികവും വെള്ളം കുറഞ്ഞും ഉള്ള കഞ്ഞി)യുടെ ഗുണം തികച്ചും വ്യത്യസ്തമാണ്. ഇതു കുടിച്ചാല്‍ അയഞ്ഞോ അതിസരിച്ചോ പോകുന്ന മലം ഉറയ്ക്കുന്നു. മലത്തിന് സ്വാഭാവികത വരുത്തുന്നു. നേത്രരോഗമുള്ളവര്‍ക്ക് ഉത്തമമായ ഒരാഹാരമാണ് വിലേപി. ആമാശയം, കുടല്‍ മുതലായ ശരീരാന്തര്‍ഭാഗങ്ങളിലോ തൊലിയിലോ വ്രണമുള്ളവര്‍ വിലേപിയാണ് കഴിക്കേണ്ടത്. ഹൃദ്രോഗമുള്ളവര്‍ക്കും പഥ്യാഹാരമാണ് വിലേപി. കാരണം മറ്റ് ആഹാരങ്ങള്‍ കഴിച്ചാലുണ്ടായേക്കാവുന്ന വിമ്മിഷ്ടവും മറ്റും ഇത് ഉണ്ടാക്കുന്നില്ല. കഞ്ഞിയെക്കുറിച്ച് അല്‍പ്പംകൂടി പറയാം:കഞ്ഞിയെ ഔഷധീകരിക്കുന്ന രീതികളുണ്ട്. ഉദാഹരണം പനിയുടെ ചികിത്സ. ഭക്ഷണം കഴിക്കാവുന്ന അവസ്ഥയിലായാല്‍ ചുക്കും കൊത്തമല്ലിയും തിപ്പലിയും ഇന്തുപ്പും ചേര്‍ത്ത് തയ്യാറാക്കിയ മലര്‍ക്കഞ്ഞി കൊടുക്കാനാണ് ആദ്യ വിധി. ഇവിടെ രോഗിയുടെ ഇഷ്ടവും കണക്കിലെടുക്കണം. പുളിരസം ഇഷ്ടപ്പെടുന്ന രോഗിക്ക് ഉറുമാമ്പഴത്തോടു ചേര്‍ത്ത് സംസ്കരിച്ച കഞ്ഞി, വയറിളകുന്ന രോഗിക്ക് ചുക്കുചതച്ചിട്ട് തിളപ്പിച്ച കഞ്ഞി (തണുത്തശേഷം തേന്‍ ചേര്‍ത്ത്), യൂറിനറി ഇന്‍ഫക്ഷനുള്ള രോഗിക്ക് കണ്ടകാരിയും ഞെരിഞ്ഞിലും ചേര്‍ത്ത് സംസ്കരിച്ച കഞ്ഞി എന്നിങ്ങനെപോകുന്നു ശുപാര്‍ശകള്‍. വൈദ്യനാണ് രോഗാവസ്ഥയും ആഹാരവും ഔഷധവും നിശ്ചയിക്കുക. കഞ്ഞിയുടെ കഥ തുടര്‍ന്നുപോകുന്നുണ്ട് ഇപ്പോഴും. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന ക്യാന്‍സര്‍ വാര്‍ഡുകളില്‍ കീമോതെറാപ്പിക്കുശേഷം ഉപ്പിട്ട കഞ്ഞിവെള്ളം വിതരണംചെയ്തുപോരുന്നുണ്ടെന്നും രോഗികള്‍ക്കത് അതുല്യമായ ഫലം നല്‍കുന്നുണ്ടെന്നും വിശ്വസനീയമായി അറിയുന്നു. കഞ്ഞിയുടെ മറ്റൊരു ചിത്രംകൂടി ആനുഷംഗികമായി ഓര്‍ക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളീയന്റെ തീന്‍മേശകളില്‍നിന്ന് കഞ്ഞി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇത് വിധിവൈപരീത്യമാകാം. ഒന്നുകൂടി പറഞ്ഞാല്‍, "കഞ്ഞി' എന്ന പ്രയോഗത്തിനുപോലും "കാര്യശേഷിയില്ലാത്തവന്‍' എന്നൊരു അര്‍ഥം ഭാഷയില്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഒരു പുനര്‍വിചിന്തനം ആവശ്യമായിരിക്കുന്നു. (കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ അഡീഷണല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)
3.33333333333
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top