Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ ഭക്ഷണം

ആരോഗ്യ ഭക്ഷണം - കൂടുതൽ വിവരങ്ങൾ

മഴക്കാലത്ത് പഴങ്ങൾ കഴിക്കാം, രോഗത്തെ നേരിടാം

മൺസൂൺ കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ദഹനക്കേട് അലർജി എന്നിവയ്ക്കും സാധ്യതയുണ്ട്. മഴക്കാലത്ത് ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. മഴക്കാല രോഗങ്ങളെ തടയാൻ കഴിയുന്ന തരത്തിലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെ‌‌ടുത്തണം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ പഴങ്ങൾക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എണ്ണ ധാരാളം അടങ്ങിയ ആഹാരങ്ങളും സ്ട്രീറ്റ് ഫുഡും മഴക്കാലത്ത് ഓഴിവാക്കണം. പകരം ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ ഉള്‍പ്പെ‌ടുത്തണം. രോഗങ്ങൾ ഒഴിവാക്കാൻ മഴക്കാലത്ത് തീർച്ചയായും കഴിക്കേണ്ട ചില പഴങ്ങളിതാ.

ചെറി പഴം

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ചെറിപഴത്തിന് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ആന്റിഓക്സിഡന്റസ് ധാരളം അടങ്ങിയിരിക്കുന്ന ചെറി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങൾക്ക് കരുത്തേകും.

പീച്ച്

മഴക്കാലത്ത് കഴിച്ചിരിക്കേണ്ട മറ്റൊരു പഴമാണ് പീച്ച്. വിറ്റാമിൻ സി ധാരളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയില്‍ ചർമ്മത്തിന് പ്രത്യേക സംരംക്ഷണവും നൽകും.

ലിച്ചി

വിറ്റാമിൻ സി ധാരളം അടങ്ങിയിരിക്കുന്ന ലിച്ചി പകർച്ചവ്യാധികളെ തടയുന്നതിനൊപ്പം പ്രതിരോധ ശേഷി വർധപ്പിക്കുകയും ചെയ്യും.

പ്ലം

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്ലം ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാൻ ഉത്തമമാണ്.ധാരളം ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങ

മഴക്കാലത്ത് പോഷക സമൃധമായ മാതള നാരങ്ങ കഴിക്കുന്നത് പ്രതിരോധ ശേഷി ഉയർത്തും.

സബർജല്ലി

ഉയർന്ന അളവില്‍ വിറ്റാമിൻ അ‌ടങ്ങിയിരിക്കുന്ന സബർജല്ലിക്കും പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിവുണ്ട്്.

വിറ്റാമിൻ സി ധാരളമായി അടങ്ങിയിരിക്കുന്ന പപ്പായ, വിറ്റാമിനും മിനറൽസും അടങ്ങിയിരിക്കുന്ന വാഴപ്പഴം, ആപ്പിൾ എന്നിവയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

കലോറിയുടെ കലവറ നോക്കി ഭക്ഷിക്കാം

വിശപ്പിനു വേണ്ടി മാത്രം ആഹാരം എന്നതൊക്കെ പോയ്മറഞ്ഞു. ആഘോഷങ്ങളുടെ ഗണത്തിലാണിപ്പോൾ തീറ്റയും. എണ്ണിയാലൊടുങ്ങാത്ത രുചിക്കൂട്ടുകളാണെങ്ങും. സാങ്കേതിക വിദ്യയിലെന്ന പോലെ അടുക്കളക്കാര്യങ്ങൾക്കും അതിര്‍ത്തിയില്ലാതായതോടെ രുചിഭേദങ്ങൾ ചർച്ചക്കൂട്ടങ്ങളുടെ ഇഷ്ടങ്ങളിലൊന്നായിക്കഴിഞ്ഞു. രുചി മാത്രം നോക്കിയാൽ പോര ഗുണം കൂടി നോക്കണം എന്ന വാക്യത്തിനാണിപ്പോൾ ഡിമാൻഡ്. കുറച്ച് ഭക്ഷണവും കൂടുതൽ ഊർജജവും ആവശ്യത്തിനു തടിയും അതാണിപ്പോഴത്തെ ഒരു രീതി. അങ്ങനെയുള്ള ഭക്ഷണരീതികൾ ഏതൊക്കെയാണെന്നൊന്നറിഞ്ഞു വരാം.

മൂന്നു നേരം വയറു നിറയെ ഭക്ഷണമെന്ന രീതി മാറ്റി ചെറിയ അളവിൽ അഞ്ചോ ആറോ തവണ കഴിക്കുന്നതാകും നല്ലത്. വിശക്കാൻ കാത്തിരിക്കേണ്ട. രണ്ടു മണിക്കൂർ ഇടവേളയിൽ കഴിച്ചു രസിക്കാം. തേനും എണ്ണയും ഒലിവെണ്ണയുമടങ്ങിയ കലോറിയുടെ അളവു കേട്ടാൽ തന്നെയൊൊരു ഉത്സാഹം വരും. ഒരു ടീസ്പൂൺ തേനിലൂടെ അമ്പത് കലോറിയാണു ഉള്ളിലേക്കെത്തുക.

ഒരു ടീസ്പൂൺ ഒലിവ് ഓയിയിൽ അതിൻറെ ഇരട്ടിയുണ്ട്. 100-120 കലോറി. ധാന്യങ്ങള്‍, പാലുൽപ്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ എന്നിവയിലെല്ലാം ശരീരത്തെ ആരോഗ്യത്തോടെ പരിപാലിക്കാനുള്ള ഘടകങ്ങള്‍ ആവശ്യത്തിലേറെയുണ്ട്. പ്രകൃതിദത്തമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ഇറച്ചിയുൽപ്പന്നങ്ങളിലാണ്. ഏതെങ്കിലുമൊരു മാംസ വിഭവം ദിവസേന ഭക്ഷണത്തിലുണ്ടാകണം. വണ്ണം കൂട്ടിനൽകാൻ മിടുക്കരാണിവരെന്നതിനാൽ സൂക്ഷിച്ചു വേണം സമീപിക്കുവാൻ. വലിച്ചുവാരി തീറ്റ വേണ്ടെന്നർഥം. എല്ലാം ആവശ്യത്തിന്. നിശ്ചിത അളവ് ഡ്രൈ ഫ്രൂട്ട്സും പാൽപ്പാടയുമൊക്കെ കലോറിയിൽ മുങ്ങിക്കിടക്കുകയാണ്.

ദിവസം മുഴുവൻ കലോറിയുള്ള ഭക്ഷണമേതെന്നു നോക്കിയൊന്നും കഴിക്കാനാകില്ല എപ്പോഴും. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടിയിൽ ഭക്ഷണം ഇരുന്ന് ക‌ഴക്കാൻ കൂടി കഴിഞ്ഞെന്നു വരില്ല. അതൊന്നും കാര്യമാക്കേണ്ട. നല്ല ദ്രാവകങ്ങള്‍ രുചിയോടെയങ്ങ് രസിച്ച് കുടിച്ചാൽ മതി. വാഴപ്പഴവും മാങ്ങയും അവോക്കോഡോയുമൊക്കെ ജ്യൂസാക്കിയോ ഷേക്കു രൂപത്തിലോ ഒക്കെ കഴിച്ചാൽ ആവശ്യത്തിനുള്ള കലോറി എളുപ്പത്തിലകത്താക്കാം.

ഇതുമാത്രം പോര കഴിക്കാനെടുക്കുന്ന പ്ലേറ്റിൽ പോലും കലോറിയുണ്ട്. പ്ലേറ്റ് വലുത് തന്നെ വേണം കഴിക്കാൻ എടുക്കാൻ. മണിക്കൂറുകൾ നോക്കി കലോറിയടങ്ങിയ ഭക്ഷണം തിരഞ്ഞുപിടിച്ച് കഴിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. നിറംപിടിപ്പിച്ച ഫാസ്റ്റ്ഫുഡുകളിലും മറ്റും കലോറി വട്ടപ്പൂജ്യമാണല്ലോ. അതുകൊണ്ട് കഴിക്കാനെടുക്കുന്ന വലിയ പ്ലേറ്റിൽ ഇവയൊഴികെയുള്ളവ എടുത്ത് നന്നായി ചവച്ചരച്ച് കഴിച്ചാൽ കലോറി ആവശ്യത്തിലേറെ ഗമയോടെ പിന്നാലെ പോന്നോളും.

തേൻ കഴിച്ച് ക്യാൻസർ പ്രതിരോധിക്കാം

തേൻ പോലെ മധുരിക്കുന്നതെന്ന് നാം പറയാറുണ്ട്. തേനിന്റെ മധുരത്തിന് പകരമാകാൻ മറ്റൊന്നിനും സാധിക്കില്ല. എന്നാല്‍ മധുരത്തേക്കാള്‍ ഇരട്ടിയാണ് തേനിന്റെ ഔഷധ ഗുണങ്ങൾ. തേനിന്റെ ഔഷധ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടുണ്ട്. അപൂർവ്വ രാസപദാർത്ഥങ്ങളാല്‍ നിർമിതമായ തേൻ ഉപകാരപ്രദമായ ധാരളം ബാക്ടീരിയകളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയിൽ നാലായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ തേൻ ആയുർവേദ മരുന്നായി ഉപയോഗിച്ചിരുന്നു. തേനിന്റെ ചില ഔഷധ ഗുണങ്ങളിതാ.

തേനിൽ അടങ്ങിയിരിക്കുന്ന ഫ്ലെവനോയിഡ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ഹ‍ൃദ് രോഗങ്ങളെ ത‌ടയാനും തേന്‍ അത്യുത്തമമാണ്.

ബാക്ടീരയ മൂലം മുണ്ടാകുന്ന ഉദരസംബന്ധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തേനിന്റെ കഴിവ് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്.

ഫംഗസ്, ബാക്ടീരിയ എന്നിവയെ തേൻ പ്രതിരോധിക്കുന്നു. തേനീച്ചകള്‍ ഹൈഡ്ര‍ജൻ പെറോക്സൈഡ് ഉണ്ടാക്കുന്ന എൻസൈമുകളെ ഉല്പാദിപ്പിക്കുന്നതിനാലാണ് തേൻ ആന്റി ബാക്ടീരിയയായി പ്രവർത്തിക്കുന്നത്.

കായിക താരങ്ങളു‌‌ടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാൻ തേൻ ഉത്തമമാണ്. ശരീരത്തിലെ അന്നജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂ‌െട കായികതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും.

തൊണ്ടവേദന,ചുമ എന്നിവയ്ക്കുള്ള ഔഷധമായും തേൻ ഉപയോഗിക്കുന്നുണ്ട്. കു‌ട്ടികള്‍ക്ക് രാത്രിയിൽ ഉണ്ടാകുന്ന ചുമയ്ക്ക് തേൻ നല്ല പ്രതിവിധിയാണ്.

രക്തത്തിലെ പഞ്ചസാരയു‌ടെ അളവ് നിയന്ത്രണ വിധേയമാക്കാനും തേനിന് കഴിവുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസും ഗ്ലുകോസും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

മൂത്രനാളിയിലുണ്ടാകുന്ന രോഗങ്ങൾ, യാണ്. ശരീരഭാരം കുറയ്ക്കാനും, കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാനും തേനിആസ്ത്മ, അതിസാരം, തുടങ്ങിയവയ്ക്കും തേന്‍ പ്രതിവിധിന്റെ‌ ഉപയോഗത്തിലൂടെ സാധിക്കും.

ശരീരത്തിലുണ്ടാകുന്ന പൊള്ളൽ, മുറിവ് എന്നിവ സുഖപ്പെടുത്താനും തേനിന് കഴിവുണ്ട്. തേനിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടിരിയൽ ഘടകങ്ങൾ മുറിവുണക്കാന്‍ അത്യുത്തമമാണ്.

തേൻ നല്ലൊരു സൗന്ദര്യ വർധക വസ്തു കൂടിയാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും. മോയ്സ്ച്ചറൈസറായും തേൻ പ്രവർത്തിക്കും.

പിസ്സ കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ

ഔട്ടിങ്ങുകളിലെ കൊതിപ്പിക്കുന്ന താരം. ജീവിതത്തിരക്കിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം ആസ്വദിച്ചു കഴിക്കാവുന്ന രുചികരമായ ഭക്ഷണം. വളരെ ലളിതവും പ്രസിദ്ധിയാർജിച്ചതും സ്വാദിഷ്ഠവുമായ ഭക്ഷണം ഇതൊക്കെയാണ് പിസ്സയ്ക്കു നൽകാവുന്ന നിർവചനം. ഒരു രാജ്യത്തിന്റേതു മാത്രമായ ദേശീയ ഭക്ഷണം ലോകം മുഴുവൻ കൈനീട്ടി സ്വീകരിക്കുന്നതു വളരെ അപൂർവമാണ്. ഇറ്റലിയുടെ മാത്രമായ പാസ്തയും പിസ്സയും ഇന്ന് എല്ലാ രാജ്യക്കാരും ആസ്വദിക്കുന്നു. എന്താണ് പിസ്സ എന്നു ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ തുറന്നു പറയാം വട്ടത്തിലുള്ള മൈദ ബേസിന്റെ മുകളിൽ സോസും ചിക്കനും വെണ്ണയും തക്കാളിയും ചേർത്ത് ബേക്ക് ചെയ്ത് എടുക്കുന്നതാണെന്ന്. പക്ഷേ, പല പരിണാമദശകൾ കഴിഞ്ഞാണ് പിസ്സ ഇന്നത്തെ രൂപത്തിൽ എത്തിയിരിക്കുന്നത്.

പിസ്സ ആരോഗ്യകരമോ?

ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യത്തിൽ അധ്വാനം വളരെ കുറവും കൊഴുപ്പു കൂടിയ ഭക്ഷണത്തിന്റെ ഉപയോഗം കൂടുതലുമാണ്. പിസ്സ പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവർ മടിയൻമാരായി മാറുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. പിസ്സ ഒരു മോശം ഭക്ഷണമാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ആവശ്യത്തിനുള്ള പോഷകങ്ങൾ അതിലുണ്ട്.

കൂടുതലായുള്ള കൊഴുപ്പാണ് പിസ്സയെ അനാരോഗ്യകരമാക്കുന്നത്. കൂടുതൽ ചീസും ഹാമും(പ്രോസസ് ചെയ്ത മാംസം) ഒക്കെ ചേർക്കുകയാണെങ്കിൽ ഒരു പിസ്സസയുടെ ഊർജം 1000 മുതൽ 1200 കലോറി വരെയാകും. വെജിറ്റേറിയൻ ടോപ്പിങ്ങും ചീസിന്റെ അളവ് കുറവുമാണെങ്കിൽ ആരോഗ്യകരമാണ്. എങ്കിലും മറ്റ് ഫാസ്റ്റ്്ഫുഡുകളെപ്പോലെ പിസ്സയും വല്ലപ്പോഴും മാത്രം കഴിക്കേണ്ടതാണെന്ന് ഓർക്കുക.

കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ

1. ചെറിയ അളവിലുള്ള പിസ്സ തിരഞ്ഞെടുക്കുക. കൂടുതലായിട്ടുള്ള ഫില്ലിങ് ഒഴിവാക്കാൻ ഇത് സഹായിക്കും.

2. വെജിറ്റേറിയൻ ടോപ്പിങ്ങിനു പ്രാധാന്യം കൊടുക്കുക. ഉള്ളി, കാപ്സിക്കം, ടുമാറ്റോ, മഷ്റൂം മുതലായവ കൂടുതലുള്ളത് തിരഞ്ഞെടുക്കാം.

3. കൂടുതലായി ടോപ്പിങ് ഇടാൻ ആവശ്യപ്പെടാതിരിക്കുക. കൂടുതൽ ഊർജം അകത്താകുന്നതിന് അത് കാരണമാകും.

4. രണ്ടു പീസിൽ കൂടുതൽ കഴിക്കാതെ ശ്രദ്ധിക്കുക.

5. ടുമാറ്റോ സോസും വെണ്ണയും അധികം ഉപയോഗിക്കാതിരിക്കുക.

6. പിസ്സയ്ക്കൊപ്പം കോളകൾ ഒഴിവാക്കി സോഡ ചേർന്ന നാരങ്ങാവെള്ളം ഉപയോഗിക്കുക

കാപ്പി

ചായ, കാപ്പി ഇത്യാദി സാധനങ്ങളെയൊക്കെ ഒരു കൈ അകലത്തിൽ നിർത്താനാണ് എപ്പോഴും ഡയറ്റീഷ്യൻമാർ ഉപദേശിക്കുന്നത്. എന്നാൽ ഒരു കപ്പ് കാപ്പി ദിവസേന കുടിക്കുന്നതുകൊണ്ട് ജീവിതശൈലി രോഗങ്ങളൊന്നും പിടികൂടില്ലെന്നാണ് പുതിയ കണ്ടെത്തൽ. അതായത് കാപ്പികുടി ജീവിത ശൈലീ രോഗങ്ങൾക്ക് കാരണക്കാരാകുകയോ പ്രതിരോ‌ധിക്കുകയോ ചെയ്യുന്നില്ലെന്ന്.

പ്രമേഹമോ വിശപ്പോ കൂട്ടി നിങ്ങളെ തടിയൻമാരും തടിച്ചികളുമാക്കുന്നതിൽ കാപ്പിക്കൊരു പങ്കുമില്ല. കോപ്പൻഹേഗൻ സർവ്വകലാശാലയും ഹേർലെവ് ആൻ ജെൻറോഫ് ആശുപത്രിയും ചേർന്നു നടത്തിയ പഠനത്തിലാണ് കാപ്പിയുടെ നിഷ്കളങ്കത വെളിവായത്. നേരത്തെ കാപ്പി ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് ജീനുകളെ ഉപയോഗിച്ച് പഠനം നടത്തിയ സംഘമാണ് ഇത്. 93,000 ആളുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളും ജീനുകളും തമ്മിൽ ബന്ധമൊന്നുമില്ല. അതുകൊണ്ടു തന്നെ കോഫി കുടിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തുമെന്നു പറയാനാകില്ലെന്നാണ് ഗവേഷക സംഘത്തിൻറെ നിഗമനം. മനുഷ്യരിൽ കോഫി പ്രിയത്തിനു കാരണക്കാരായ ജീനുകളെ അവലംബമാക്കിയാണ് പഠനസംഘം ഗവേഷണം നടത്തിയത്.

ചിലർ കാപ്പി ഭ്രാന്തൻമാരായിരിക്കും. ഈ സ്വഭാവവും ജീനും തമ്മിലുള്ള ബന്ധമാണ് പഠന സംഘം ആദ്യം പരിശോധിച്ചത്. മറ്റ് ജീവിതശൈലി ഘടകങ്ങളിൽ നിന്നും തീർത്തും സ്വതന്ത്രരാണ് ഈ ജീനുകൾ. കോഫിയോട് ഇഷ്ടം കൂട്ടുന്ന സ്പെഷ്യൽ ജീനുള്ളവർ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കാപ്പി കുടിക്കുന്നവരായിരിക്കും. ഇത്ത‌രത്തിൽ സ്പെഷ്യൽ ജീനുകളുള്ളവരിലും ഇല്ലാത്തവരിലും കാപ്പി കുടിക്കുന്നതു മൂലം ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാന‌ുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ലെന്ന നിഗമനത്തിലെത്തിയത്. ഇത്തരക്കാർ ധാരാളം കോഫി കുടിക്കുകയും ചെയ്യും. ഇന്റർനാഷണൽ ജേണൽ ഓഫ് എപിഡെമിയോളജിയിൽ പഠനഫലം പ്രസി‌ദ്ധപ്പെടുത്തിയിട്ടുണ്ട്.

ജങ്ക് ഫുഡ്‌

കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് എറണാകുളത്തെ 46 സ്കൂളുകളിലെ കാൽലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി ഗവേഷണവിഭാഗം നടത്തിയ പഠനത്തിലെ മുഖ്യകണ്ടെത്തൽ ഇതാണ്; കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായി!

കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം. അമിതഭാരത്തിനു മുകളിൽ അപകടകരമായി ശരീരഭാരം വർധിക്കുമ്പോഴാണ് അതിനെ പൊണ്ണത്തടിയായി വിലയിരുത്തുക. അമിതഭാരക്കാർ ഏറെയുണ്ടെങ്കിലും അവസ്ഥ അപകടകരമല്ല. കൗതുകകരമായ മറ്റൊരു കണ്ടെത്തൽ: ഫാസ്റ്റ് ഫുഡ് സംസ്കാരം വേഗം പടർന്നുപിടിക്കുന്ന നഗരങ്ങളിലെ സ്കൂളുകളിലെ കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്. അതും സ്വകാര്യ സ്കൂളുകളിലെ കുട്ടികളിൽ.

നാട്ടിൻപുറത്തെ സ്കൂൾ കുട്ടികളിലും സർക്കാർ സ്കൂൾ കുട്ടികളിലും പൊതുവെ പൊണ്ണത്തടി കുറവാണെന്നു പഠനത്തിനു നേതൃത്വംനൽകിയ ഡോ. ആർ. കൃഷ്ണകുമാറും ഡോ. ഡി. മനുരാജും ചൂണ്ടിക്കാട്ടി. പൊണ്ണത്തടിയുടെ മുഖ്യകാരണം കാലറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗം തന്നെ. വ്യായാമം ഇല്ലെന്നത് അനുബന്ധ കാരണവും.

രുചിയല്ല, പ്രധാനം ഗുണം

ആറുവയസ്സും 20 കിലോഗ്രാം ശരീരഭാരവുമുള്ള കുട്ടിക്ക് ഒരു ദിവസം വേണ്ട ഊർജത്തിന്റെ തോത് 1500 കിലോ കാലറിയാണ്. 10 വയസ്സും 30 കിലോ ഭാരവുമുള്ള കുട്ടിക്ക് ഇത് 1700 കിലോ കാലറിയും, കൗമാരക്കാരായ ആൺകുട്ടികൾക്ക് 2400 കിലോ കാലറിയും പെൺകുട്ടികൾക്ക് 2200 കിലോ കാലറിയുമാണ്. ഒരു ബർഗറോ മീറ്റ് റോളോ രണ്ടു കഷണം ഫ്രൈഡ് ചിക്കനോ കഴിക്കുമ്പോൾ ലഭിക്കുന്നത് 1200-1500 കിലോ കാലറി. അതായത് ആറു വയസ്സുകാരന് ഒരുദിവസം വേണ്ട ഊർജമത്രയും ഇതിൽനിന്നു മാത്രം ലഭിക്കുന്നു. കൂടുതൽ കഴിക്കുന്ന ഭക്ഷണത്തിലെ കാലറിയെല്ലാം അധിക ഊർജമാണ്.

‘ആവശ്യത്തിലേറെ കാലറി ശരീരത്തിലെത്തുകയും കാര്യമായ ശാരീരിക അധ്വാനമില്ലാതെ വരികയും ചെയ്യുമ്പോൾ അതു കൊഴുപ്പായി ശരീരത്തിലടിഞ്ഞ് ചീത്ത കൊളെസ്ടെറോൾ വർധിപ്പിക്കുന്നു. പൊണ്ണത്തടിയും ഉണ്ടാവും. ഹൃദ്‌രോഗത്തിലേക്കും മറ്റു ജീവിതശൈലീ രോഗങ്ങളിലേക്കുമുള്ള വഴിയാണിത്’ - തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.ഇ. എലിസബത്ത് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ കാലറി (ഊർജം) ആവശ്യത്തിലേറെയുള്ളതും എന്നാൽ കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ധാതുലവണങ്ങളും പോഷകങ്ങളും തീരെ കുറഞ്ഞ ഭക്ഷണ സാധനങ്ങളെയാണ് ജങ്ക് ഫുഡ് എന്നു പറയുന്നത്. മാത്രവുമല്ല, ഇത്തരം ആഹാരസാധനങ്ങളിൽ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അമിതമായ അളവിലുണ്ടാവും. ഇത്തരം ആഹാരം ശീലമാക്കിയവരിൽ ഹൃദ്‌രോഗ സാധ്യത 80% കൂടുതലാണെന്നു വിവിധപഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരക്കാർക്ക് കാൻസർ സാധ്യതയും ഏറെയാണെന്നു പ്രശസ്ത കാൻസർ ചികിൽസകനായ ഡോ. വി.പി. ഗംഗാധരൻ.

‘ഭക്ഷണത്തിന്റെ രുചിയും ആകർഷണവും കൂട്ടാനായി ചേർക്കുന്ന കൃത്രിമ നിറങ്ങളും വലിയ പ്രശ്നമാണ്. പൂപ്പൽ ഒഴിവാക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്, പൊട്ടാസ്യം ബെൻസൊയേറ്റ് എന്നിവയൊക്ക ഈ ഗണത്തിൽപ്പെടുന്നവയാണ്. സംസ്കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റ് കുടലിലെ അർബുദത്തിനാണു കാരണമാവുക. റസ്റ്ററന്റുകളിലും മറ്റും വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിക്കുന്ന എണ്ണ പാത്രത്തിൽനിന്നു മാറ്റാതെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ അടിഞ്ഞുകൂടുന്ന രാസപഥാർഥങ്ങളും കാൻസറിലേക്കാവും നയിക്കുക’- ഡോ. വി.പി. ഗംഗാധരൻ ചൂണ്ടിക്കാട്ടുന്നു.

കപ്പലണ്ടിയും കടലയും മുതൽ നാടൻ പലഹാരങ്ങൾ വരെ ഇടനേരത്തെ ആഹാരമായിരുന്ന കാലം മാറി ഇപ്പോൾ കുട്ടികൾക്കു കൊറിക്കാൻ ബ്രാൻഡഡ് സ്നാക്സുകൾ തന്നെ വേണമെന്നായി. ഇതിനുപിന്നിലെ രഹസ്യവും രുചിവർധകങ്ങളായ രാസവസ്തുക്കൾ തന്നെ. മിക്ക പായ്ക്കറ്റ് സ്നാക്സുകളിലും ഉപ്പിന്റെ അളവു വളരെ ഉയർന്ന തോതിലാണെന്ന് ഐഎപി ദേശീയ പ്രസിഡന്റും കൊച്ചിയിലെ പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. സച്ചിതാനന്ദ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിൽ നല്ലൊരുപങ്ക് മാംസാഹാര പ്രിയരാണ്. അതും ഫ്രൈഡ് ചിക്കൻ പോലെ വറുത്ത മാംസാഹാരങ്ങളോടുള്ള പ്രിയം. മാംസവിഭവങ്ങളിൽ പൂരിതകൊഴുപ്പ് അമിതമായ അളവിലുണ്ട്. ഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളുടെയും മറ്റും മാംസം നിരന്തരം കഴിക്കുമ്പോൾ ആ വളർച്ചാ ഹോർമോണുകളും ശരീരത്തിൽ വൻ തോതിലെത്തും.

മികച്ചതു വീട്ടിലെ ഭക്ഷണം

പായ്ക്ക് ചെയ്തു വരുന്ന ചില ഭക്ഷണങ്ങളിലും ചില റസ്റ്ററന്റുകളിൽനിന്നു വാങ്ങുന്ന വിഭവങ്ങളിലുമെല്ലാം രുചികൂട്ടാനായി മോണാ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) ഉപയോഗിക്കുന്നുണ്ട്. സംസ്കരിച്ച പായ്ക്കറ്റ് ആഹാരങ്ങളിൽ പലതിലും ഇതിന്റെ അളവ് കൂടുതലാണ്.

നാഡീ സംവേദനശേഷി നശിപ്പിക്കുന്ന എംഎസ്ജി അധിമായാൽ തലവേദനയും ക്ഷീണവും മുതൽ മറവിരോഗവും പാർക്കിൻസൺസും വരെയുള്ള പ്രശ്നങ്ങളിലേക്കാവും എത്തുക. ഈയം, നൈട്രേറ്റ് എന്നിവയും ഉയർന്നതോതിൽ അടങ്ങിയിട്ടുണ്ട്. മുൻപൊക്കെ വയറിളക്കമായിരുന്നു കുട്ടികളുടെ പൊതുവായൊരു പ്രശ്നമെങ്കിൽ ഇപ്പോഴതു മലബന്ധമാണെന്നും ഇതിന്റെ കാരണങ്ങളിലൊന്നു ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗമാണെന്നും ചൈൽഡ് ആൻഡ് അഡോളസന്റ് കൺസൽട്ടന്റായ ഡോ. എം. എൻ. വെങ്കിടേശ്വരൻ.

ഏറ്റവും നല്ല ഭക്ഷണം ഏതെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്; വീട്ടിൽ പാകംചെയ്യുന്ന ഭക്ഷണം. വൃത്തിയാക്കി ഉടനടി കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളുമാണു പ്രകൃതിദത്തമായ യഥാർഥ ഫാസ്റ്റ് ഫുഡ് എന്ന കാര്യം നാം മറന്നുപോകുന്നു.

കുടിക്കുന്നത് വിഷമാവരുത്

പായ്ക്ക് ചെയ്ത പാനീയങ്ങളുടെ വിപണി മുഖ്യമായും ലക്ഷ്യമിടുന്നതു കുട്ടികളെയും യുവാക്കളെയുമാണ്. ഇതിൽ പലതും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതും അടിമകളാക്കുന്നതുമാണെന്നതു പരസ്യമായ വസ്തുത. ശരീരത്തിന് ഏറ്റവും നല്ല പാനീയം ഏതെന്ന ചോദ്യത്തിനും ഉത്തരം വീട്ടിലുണ്ടാക്കുന്നത് എന്നതു തന്നെ. കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവയെ വെല്ലുന്ന ഒരു എനർജി ഡ്രിങ്കുമില്ല. വേനൽക്കാലത്തു ശരീരത്തിൽനിന്നു ജലാംശത്തിനൊപ്പം ലവണങ്ങളും നഷ്ടപ്പെടും. ഇതിനു പരിഹാരം ഉപ്പിട്ട കഞ്ഞിവെള്ളവും സംഭാരവുമെല്ലാം കുടിക്കുകയാണ്.

കുട്ടികൾ കുറഞ്ഞത് ഒന്നര ലീറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നമ്മുടെ കുട്ടികൾ വാട്ടർ ബോട്ടിലുകളിൽ വെള്ളം സ്കൂളുകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. പക്ഷേ, ഈ വെള്ളക്കുപ്പിതന്നെ അവരുടെ ആരോഗ്യം തകർക്കുന്ന ഘടകങ്ങളിലൊന്നാവുന്നതെങ്ങനെ? അതേക്കുറിച്ചു നാളെ...

കുട്ടികളുടെ വളർച്ചയ്ക്കു വേണ്ടതു സമീകൃതാഹാരം

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സമീകൃതാഹാരമാണു വേണ്ടത്. സമീകൃതാഹാരത്തിൽ വേണ്ടതെന്തൊക്കെ? കുട്ടികളുടെ ഒരുദിവസത്തെ ആഹാരം നാലു തുല്യഭാഗങ്ങളായി വീതിച്ചാൽ അതിൽ ഉൾപ്പെടുത്തേണ്ട ആഹാരസാധനങ്ങൾ (ഇവ പല സമയത്തെ ആഹാരത്തിലായി ഉൾപ്പെടുത്തിയാൽ മതി):

പഴങ്ങൾ: വാഴപ്പഴം, പേരയ്ക്ക, ചക്കപ്പഴം ഉൾപ്പെടെ ഓരോസമയത്തും ലഭ്യമായ പഴങ്ങൾ. ശരീരത്തിനുവേണ്ട വിവിധ പോഷകങ്ങൾ (വൈറ്റമിൻ) ആണ് ഇതിൽനിന്നു ലഭിക്കുക. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും അനുയോജ്യം.

പച്ചക്കറി: പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പു നിറങ്ങളിലുള്ള പച്ചക്കറിയാണ് ഉത്തമം. നന്നായി വൃത്തിയാക്കി പച്ചയ്ക്കോ സാലഡായോ കഴിക്കാം. ഇല്ലെങ്കിൽ അൽപം ഉപ്പിട്ടു പാതി പുഴുങ്ങിയോ വെജിറ്റബിൾ പുലാവായോ നൽകാം. ചീര ഉൾപ്പടെയുള്ള ഇലക്കറികളും ഉൾപ്പെടുത്താം. തൊലി കളഞ്ഞും മുറിച്ചും ഏറെനേരം വെള്ളത്തിലിട്ടുവയ്ക്കുമ്പോഴും പാചകം ചെയ്യുമ്പോഴും പച്ചക്കറിയിലെ പോഷകഘടകങ്ങൾ നഷ്ടപ്പെടും. ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും പച്ചക്കറിയിൽനിന്നു ലഭിക്കും.

അരി, ഗോതമ്പ് ആഹാരങ്ങൾ: കാർബോ ഹൈഡ്രേറ്റും (അന്നജം), കാലറിയും (ഊർജം) ഇതിൽനിന്നു ലഭിക്കും. പക്ഷേ, അധികമാവാതെ സൂക്ഷിക്കുക. ബ്ലീച്ചിങ്ങിനു വിധേയമായ, ഒരുഗുണവുമില്ലാത്ത മൈദ വിഭവങ്ങൾ ഉപേക്ഷിക്കുക. പൊറോട്ടയും പല ബേക്കറി ഉൽപ്പന്നങ്ങളും മൈദയിലുണ്ടാക്കുന്നതാണ്. ഇതു പാൻക്രിയാസിനടക്കം ദോഷം ചെയ്യും. പൊറോട്ട ഇഷ്ടമാണെങ്കിൽ ഗോതമ്പു പൊറോട്ടയാണ് നല്ലത്.

പയർ‌വർഗങ്ങൾ: പയറും കടലയും ഉൾപ്പടെയുള്ളവ. ശരീരത്തിനുവേണ്ട പ്രോട്ടീൻ ലഭ്യമാക്കുന്നതാണിവ. പയർ മുളപ്പിച്ചതായാൽ ഏറെ ഉത്തമം. മൽസ്യം, മാംസം എന്നിവയും ഈവിഭാഗത്തിലുള്ളവ തന്നെ. എന്നാൽ മാംസാഹാരത്തിന്റെ അമിത ഉപയോഗം കുറയ്ക്കുക. പ്രത്യേകിച്ചു വറുത്തവ. ഒപ്പം തൈര്, അല്ലെങ്കിൽ മോര് ഉൾപ്പെടുത്താം. ദഹനത്തിനു നല്ലതാണ്.

രോഗിയാക്കുന്ന ഭക്ഷണം

ഫാസ്റ്റ് ഫുഡ്

അമിതഭാരം, പൊണ്ണത്തടി

ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മർദം

എല്ല് - പേശി ബലക്കുറവ്

കൃത്രിമ നിറങ്ങൾ വഴി കാൻസർ

കുടലിലെ അർബുദം

പെൺകുട്ടികളിൽ സ്തനാർബുദം, ഗർഭാശയ കാൻസർ

പായ്ക്ക്ഡ് ഭക്ഷണങ്ങൾ

പൊണ്ണത്തടി

അനീമിയ, ഉറക്കക്കുറവ്, ദഹനക്കുറവ്

തലവേദന, ക്ഷീണം, മറവി

പാർക്കിൻസൺസ്

മാനസികവളർച്ചയെ ബാധിക്കുന്നു

ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കും

മലബന്ധം

നാഡീപ്രശ്നങ്ങൾ

ഫാസ്റ്റ് ഫുഡ് - മാംസ

പൊണ്ണത്തടി

കുടലിലെ അർബുദം

ഹോർമോൺ വ്യതിയാനം

പെൺകുട്ടികൾക്ക് ശൈശവം വിട്ടുമാറുംമുൻപേ പ്രായപൂർത്തി

പെൺകുട്ടികളിൽ ഗർഭാശയ പ്രശ്നങ്ങൾ

വന്ധ്യത

പായ്ക്ക്ഡ് പാനീയങ്ങൾ

ലഭിക്കുന്നത് ഓക്സിജന് പകരം കാർബൺ ഡൈ ഓക്സൈഡ്

ശാരീരികത്തളർച്ച, അനുബന്ധപ്രശ്നങ്ങൾ

തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും

രാസവസ്തുക്കൾ ദോഷകരം

പ്രമേഹം

ഡോ. വി.പി. ഗംഗാധരൻ: പൊണ്ണത്തടി മറ്റു പല മാരകരോഗങ്ങളുടെയും അടിസ്ഥാനം . കാൻസർ സാധ്യത ഏറെ. പെൺകുട്ടികളിൽ സ്തനാർബുദം, ഗർഭാശയ കാൻസർ തുടങ്ങിയവയ്ക്ക് കാരണങ്ങളിലൊന്ന്.

ഡോ. സച്ചിതാനന്ദ കമ്മത്ത്: മിക്ക പായ്ക്കറ്റ് സ്നാക്സുകളിലും ഉപ്പിന്റെ അളവ് ഉയർന്ന തോതിൽ. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ രക്തസമ്മർദത്തിന്റെ പാതയിലെത്തിക്കുന്നതിൽ ഇവയ്ക്കുള്ളത് വലിയ പങ്ക്.

ഡോ. എം. എൻ. വെങ്കിടേശ്വരൻ: മലബന്ധം കുട്ടികൾക്കിടയിൽ ഇക്കാലത്ത് ഏറെ വ്യാപകം. ഇതിനു പ്രധാന കാരണം നാരുകളില്ലാത്ത ജങ്ക് ഫുഡിന്റെ തുടർച്ചയായ ഉപയോഗം.

ആശങ്കയിൽ ആരോഗ്യം

ഇഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ... ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ ഞെട്ടലോടെ അറിയാൻ:

ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ നിഗമനം

ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ:

10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു.

ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു.

ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും.

മലബന്ധം വ്യാപക ആരോഗ്യപ്രശ്നം.

കായികമായ കളികളില്ല, വ്യായാമമില്ല. ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം.

കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നു.

മൂന്നുവയസ്സുള്ള കുട്ടികൾ മുതൽ സ്കൂൾ ബാഗായി ചുമക്കുന്നത് അമിതഭാരം. തോൾ, നട്ടെല്ല് വേദനയുടെ അടിസ്ഥാന കാരണം ഭാരിച്ച ബാഗുകൾ.

സൗജന്യ പ്രതിരോധ കുത്തിവയ്പ് 100% കുട്ടികളിലേക്ക് എത്തുന്നില്ല. ഇതുമൂലം പല ഗുരുതരരോഗങ്ങളും കുട്ടികളെ കീഴ്പ്പെടുത്തുന്നു.

കുട്ടികളിൽ ഭൂരിപക്ഷവും ടിവിക്കും മൊബൈലിനും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും അടിമകൾ. ഇത് ശാരീരിക-മാനസിക ആരോഗ്യത്തെ ഒരുപോലെ തകരാറിലാക്കുന്നു.

കാഴ്ചത്തകരാറുകളാൽ കണ്ണടവയ്ക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം പതിൻമടങ്ങായി.

കുട്ടികളിൽ നല്ലപങ്കും വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ. വഴിതെറ്റാനുള്ള സാധ്യതകളുമേറെ. പ്രധാനകാരണം കുടുംബത്തിലെ പ്രശ്നങ്ങളും രക്ഷിതാക്കളുമായി ആരോഗ്യകരമായ ആശയവിനിമയം ഇല്ലായ്മയും.

ഈ പറയുന്ന പ്രശ്നങ്ങളിലൊന്നുപോലും തങ്ങളുടെ കുട്ടികളെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുപറയാൻ കഴിയുന്ന എത്ര രക്ഷിതാക്കൾ കേരളത്തിലുണ്ട്? നന്നായി വളർത്തുന്നു എന്നു വിശ്വസിക്കുന്ന നമ്മുടെ കുട്ടികളുടെ ആരോഗ്യം ആശങ്കകളുടെ കുന്തമുനയിലാണെന്ന് ഈ വസ്തുതകൾ വ്യക്തമാക്കുന്നു.

തലച്ചോറിന്റെ ആഹാരം

നല്ല ആഹാരമാണ് ഏറ്റവുംനല്ല മരുന്നെന്നാണു ചികിൽസകർ പറയുക. ആഹാരം നന്നായാൽ ആരോഗ്യം നന്നായി എന്നതു തന്നെ കാരണം; പ്രത്യേകിച്ചു കുട്ടിക്കാലത്ത്. ഏറ്റവും പ്രധാനം പ്രഭാതഭക്ഷണമാണ്. തലച്ചോറിന്റെ ഭക്ഷണമാണത്. ഒരു ദിവസത്തെ മുഴുവൻ ഊർജത്തിന്റെ അടിസ്ഥാനം. അത് ഒഴിവാക്കിയാൽ തലച്ചോറിന്റെ പ്രവർത്തനത്തെയുൾപ്പെടെ കാര്യമായി ബാധിക്കും. തലവേദനയും തളർച്ചയുമുൾപ്പെടെയുള്ള പ്രശ്നങ്ങളായിട്ടാവും അതു പുറത്തുവരിക. ശ്രദ്ധകുറയും. പഠനം തകരാറിലാവും.

പക്ഷേ, അതിരാവിലെ വിളിച്ചുണർത്തി ട്യൂഷനായി ഓടിച്ചുവിടുന്നതിനിടയിൽ രക്ഷിതാക്കളിലേറെയും ഇക്കാര്യം മറക്കുന്നു. പ്രഭാതഭക്ഷണത്തിനുപോലും സമയമില്ലാതെ കുട്ടികളെ പറഞ്ഞുവിടുമ്പോൾ കഴിക്കാനായി ടിഫിൻ ബോക്സിൽ കൊടുത്തുവിടാറുണ്ടെങ്കിലും പഠനത്തിരക്കിനിടെ പല കുട്ടികളും ഇതു കഴിക്കാൻ മറക്കുകയോ മടിക്കുകയോ ചെയ്യുന്നു. പ്രഭാതഭക്ഷണത്തോടു വിട്ടുവീഴ്ച ചെയ്യുന്ന ഈ പ്രവണതയുമായി ക്രമേണ കുട്ടികളും പൊരുത്തപ്പെടും. അനാരോഗ്യവുമായാണ് ഈ പൊരുത്തപ്പെടൽ എന്നുമാത്രം.

നമ്മുടെ കുട്ടികളിൽ 70 ശതമാനത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കിയോ വേണ്ടത്ര കഴിക്കാതെയോ ആണ് ട്യൂഷനായും സ്കൂൾ ബസിനായും ഓടുന്നതെന്നാണ് ഐഐപി വിവിധ ജില്ലാ ഘടകങ്ങൾ സ്കൂളുകളിൽ നടത്തിയ സർവേയിൽ വ്യക്തമാക്കുന്നത്. പ്രഭാതഭക്ഷണം കഴിക്കാത്ത കുട്ടിയെ പഠിക്കാൻ വിട്ടാൽ അതുകൊണ്ടു ദോഷംമാത്രമേയുള്ളൂവെന്നു തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം അഡീഷനൽ പ്രഫസറും ഐഎപി സംസ്ഥാന പ്രസിഡന്റുമായ ഡോ. ആനന്ദകേശവൻ ചൂണ്ടിക്കാട്ടുന്നു.

ആഹാരം ലഹരിയാവുമ്പോൾ

എപ്പോൾ എങ്ങനെ കഴിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് എന്തു കഴിക്കുന്നു എന്നതും. ചെറുപ്പകാലത്തു കുട്ടിയുടെ നാവിലുറയ്ക്കുന്ന രുചികളാണു പിന്നീട് ആഹാരശീലങ്ങളെ രൂപപ്പെടുത്തുക. മുലപ്പാലിൽ തുടങ്ങുന്നതാണ് ആഹാരശീലം. അതാവും ആരോഗ്യത്തിന്റെയും അടിസ്ഥാനം.

പക്ഷേ, നല്ല ഭക്ഷണം എന്നത് ഇഷ്ടഭക്ഷണം എന്ന നിലയിലേക്കു വഴിമാറുന്നതാണു പ്രശ്നം. അതിരാവിലെ ട്യൂഷനോടെ ആരംഭിക്കുന്ന ഒരു കുട്ടിയുടെ ദിനചര്യയിൽ രക്ഷിതാക്കൾ ആശ്വാസത്തോടെയും വിശ്വാസ്യതയോടും കൂടി നൽകിയിരുന്ന പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഈയിടെ രാജ്യമെങ്ങും നിരോധിച്ച മാഗി നൂഡിൽസ്. വീട്ടമ്മയ്ക്കു മിനിട്ടുകൾകൊണ്ടു പാകംചെയ്യാം. കുട്ടികൾക്ക് ഇഷ്ടവുമാണ്. അതായിരുന്നു മാഗി പ്രിയപ്പെട്ടതാക്കിയത്. പക്ഷേ, മാഗിയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസഘടകങ്ങൾ അനുവദനീയമായതിലും ഉയർന്നതോതിൽ അടങ്ങിയിട്ടുണ്ടെന്നു വ്യക്തമായതോടെയാണു ഇഷ്ടഭക്ഷണത്തിന്റെ കാര്യം എത്ര കഷ്ടമാണെന്നു വീട്ടമ്മമാർ തിരിച്ചറിഞ്ഞത്.

ഇത്തരം ഫാസ്റ്റ് ഫുഡ് രീതികളിലേക്കു കുട്ടികൾ അടുക്കുന്നതും അടിമപ്പെടുന്നതും സമയവും സൗകര്യവും നോക്കുന്ന രക്ഷിതാക്കളുടെ സമീപനം കൊണ്ടു തന്നെയാണെന്ന് ചൈൽഡ് ആൻഡ് അഡോളസന്റ് കൺസൽട്ടന്റ് ഡോ. എം.എൻ. വെങ്കിടേശ്വരൻ പറയുന്നു.

പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണസാധനങ്ങളിലും രുചിവർധകങ്ങളായ രാസവസ്തുക്കളും കൃത്രിമനിറങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഹോട്ടലുകളിൽ പഴകിയ ഭക്ഷണവും ഇത്തരത്തിൽ പുതുമോടിയിലും രുചിയിലും വിളമ്പിക്കിട്ടും. അതിൽ മയങ്ങി കഴിച്ചു പിന്നെയതൊരു ശീലമാകും. പിന്നെ വീട്ടിലെ ഭക്ഷണത്തോടു താൽപര്യമുണ്ടാവില്ല.

സൗകര്യപ്രദമായതിനാലും ഇഷ്ടമാണെന്നതിനാലും ഇത്തരം ഭക്ഷണങ്ങൾ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടുക പോലും ചെയ്യുന്നു. പിന്നെ കുട്ടിക്ക് അതല്ലാതെ മറ്റൊരു ഭക്ഷണത്തോടും താൽപര്യമില്ലാത്ത സ്ഥിതിയാവും. ബർഗർ, കബാബ്, പിത്‌സ, മധുരപലഹാരങ്ങൾ ഉൾപ്പെടെയുള്ള ബേക്കറി വിഭവങ്ങൾ, പാക്കറ്റ് ചിപ്സ് തുടങ്ങി കോള ഉൾപ്പെടെയുള്ള പാനീയങ്ങൾ വരെയുള്ള ഫാസ്റ്റ് ഫുഡുകളെല്ലാം ഈ ഗണത്തിൽ പെടുന്നവയാണ്.

ഒരു ഭക്ഷണം ഹാനികരമാണെന്നതിന് ഏറ്റവും വലിയ സാക്ഷ്യം ആ ഭക്ഷണത്തിന് അടിമപ്പെടുന്നതാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലഹരിക്ക് അടിമപ്പെടുന്നപോലെ തന്നെ പ്രശ്നമാണിത്.

ഒരു പ്രത്യേക ബ്രാൻഡ് ഭക്ഷണമോ പാനീയമോ ഒരു റസ്റ്ററന്റിലെ ആഹാരമോ മാത്രമെ എന്റെ കുട്ടി കഴിക്കൂ എന്ന് അഭിമാനത്തോടെ പറഞ്ഞ് അതു വാങ്ങിനൽകുന്ന രക്ഷിതാക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുട്ടിയുടെ ഭക്ഷണലഹരിക്കു നിങ്ങൾ കൂട്ടുനിൽക്കുകയാണ്. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. കാരണം, കുട്ടികളുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും മാനസിക വളർച്ചയെയും വരെ ഹാനികരമായി ബാധിക്കുന്ന ഘടകങ്ങളാണ് ഇത്തരം ആഹാരങ്ങളിൽ പലതിലും അടങ്ങിയിരിക്കുന്നത്.

അതേക്കുറിച്ച് നാളെ...

കുട്ടികളുടെ ഭക്ഷണം: ശ്രദ്ധിക്കേണ്ടത്

പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഏറ്റവും നന്നായി സമയമെടുത്തു തന്നെ കഴിക്കുന്നു എന്ന് ഉറപ്പാക്കുക.

വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. സ്കൂളിലേക്കു കൊടുത്തു വിടുന്നതും ഇതുമതി.

ആവിയിൽ പാകം ചെയ്ത (എണ്ണചേരാത്ത) ഇഡ്ഡലിയും പുട്ടുമെല്ലാം ഏറെ ഉത്തമമാണ്. ഇവയിൽ നിന്നു ശരീരത്തിനാവശ്യമായ ഊർജം മാത്രമല്ല, പോഷകങ്ങളും ധാതുക്കളുമെല്ലാം യഥേഷ്ടം കിട്ടും.

നാരുകൾ ഏറെയുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണങ്ങളാണു കുട്ടികളെ കഴിപ്പിച്ചു ശീലിപ്പിക്കേണ്ടത്. കൊഴുപ്പ് ഏറെയുള്ള മാംസഭക്ഷണം മിതമായി മതി. പ്രത്യേകിച്ചു വറുത്തതും പൊരിച്ചതുമായവ.

ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണം ശീലമാക്കാതിരിക്കുക. ഫാസ്റ്റ് ഫുഡിനും പാനീയങ്ങൾക്കും കുട്ടികൾ അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മാഗി നൂഡിൽസിന്റെ കാര്യം തന്നെ സാക്ഷ്യം.

ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമായി മതി. അതും രാത്രി എട്ടിനു മുൻപു തന്നെ കഴിക്കുക. ആഹാരം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ഉറക്കം പാടുള്ളൂ. ഇല്ലെങ്കിൽ ദഹനത്തെ ബാധിക്കും.

ദിവസവും കുറഞ്ഞത് ആറ്-എട്ട് ഗ്ലാസ് വെള്ളം കുട്ടികൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

തീൻ മേശയിലെ സാഹസികത

സാഹസികരായ ഭക്ഷണപ്രിയരെ കണ്ടിട്ടുണ്ടോ? എപ്പോഴും വ്യത്യസ്തമായ രുചികൾ പരീക്ഷിക്കുന്നതിലായിരിക്കും ഇവർക്കു താൽപര്യം. അമിതമായി വാരി വലിച്ചു കഴിക്കുന്നവരേക്കാളും എന്നും ഒരേ തരം ഭക്ഷണശീലം പിന്തുടരുന്നവരേക്കാളും ആരോഗ്യം കൂടുതലായിരിക്കുമത്രേ സാഹസികഭക്ഷണപ്രിയർക്ക്. ഇത്തരക്കാർക്ക് അമിതവണ്ണം വയ്ക്കുമെന്ന പേടിയും വേണ്ട. ഭക്ഷണത്തിന്റെ അളവിനേക്കാൾ രുചികളുടെ വ്യത്യസ്തതയ്ക്കാണ് ഇവർ പ്രാധാന്യം നൽകുക. ഏതെങ്കിലും പുതിയ സ്ഥലത്ത് ചെന്നുപെട്ടാൽ അവിടത്തെ സ്പെഷ്യൽ വിഭവം കഴിക്കാനായിരിക്കും ഇവർക്കു താൽപര്യം.

യുഎസിലെ അഞ്ഞൂറോളം സ്ത്രീകളുടെ ഭക്ഷണശീലം നിരീക്ഷിച്ചാണ് ഈ കണ്ടെത്തൽ. ആരും കഴിക്കാത്ത വ്യത്യസ്തമായ പഴങ്ങൾ, മാംസാഹാരങ്ങൾ, ഇലക്കറികൾ, തുടങ്ങിയവ കഴിക്കുന്നവർക്ക് താരതമ്യേന മറ്റുള്ളവരേക്കാൾ ആരോഗ്യം കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞു. മൂന്നുനേരവും അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് സാഹസികഭക്ഷണരീതി പരീക്ഷിച്ചുനോക്കാം

വ്യത്യസ്തമായ സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

കൃത്യമായ ടൈംടേബിൾ പ്രകാരം കഴിക്കാതെ വിശക്കുമ്പോൾ ഇഷ്ടമുള്ളത് കഴിക്കുക

ഡയറ്റിങ്ങിന്റെ പേരിൽ വിശപ്പ് അടുക്കിവയ്ക്കരുത്.

പുതിയ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടത്തെ പ്രത്യേകതരം വിഭവങ്ങൾ പരീക്ഷിക്കുക

വേവിച്ച ഭക്ഷണത്തോടൊപ്പം പച്ചക്കറികൾ പാതിവേവിച്ചും പച്ചയ്ക്കും കഴിക്കുക

രുചി ഇഷ്ടപ്പെടുമെങ്കിൽ വ്യത്യസ്തമായ മാംസാഹാരങ്ങൾ പരീക്ഷിക്കാം.

അച്ചാറും ആരോഗ്യവും

നെപ്പോളിയന്റെ ആരോഗ്യത്തിന്റെ ഒരു രഹസ്യം എന്താണെന്നറിയോ? എലിസബത്ത് രാജ്ഞിയുടെ സൗന്ദര്യത്തിന്റെ ഒരു ഘടകവും ഇവനായിരുന്നു... ക്വിസ് മൽസരത്തിന്റെ തുടക്കമല്ല. പറഞ്ഞു വരുന്നതു നമ്മുടെ അച്ചാറിനെക്കുറിച്ചാണ്. നാലായിരം വർഷം മുൻപ് ടൈഗ്രിസിലേക്ക് ഇന്ത്യയിൽ നിന്നു കൊണ്ടുപോയ കക്കരിക്ക ഉപ്പ്, മുളക് എന്നിവ ചേർത്തു സൂക്ഷിക്കാൻ തുടങ്ങിയതോടെയാണു നാം ഇന്നു രുചിയോടെ തൊട്ടുകൂട്ടുന്ന അച്ചാറിന്റെ ആദ്യരൂപം തയാറാകുന്നത്.

അച്ചാർ വെറും തൊട്ടുകൂട്ടാനുള്ള വിഭവം മാത്രമാണോ? ആ ഒരു ധാരണയിൽ ഇനി അച്ചാർ കൂട്ടി ഊണുകഴിക്കേണ്ട. ആരോഗ്യപ്രദമായ നിരവധി ഗുണങ്ങൾ അച്ചാറിൽ അടങ്ങിയിട്ടുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. ദീർഘകാലം സൂക്ഷിക്കുന്ന അച്ചാറിൽ ഉപകാരികളായ നിരവധി ബാക്ടീരിയകൾ വളരും. കുടലിലെ സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ ഈ ബാക്ടീരിയകൾക്കു കഴിയും. ഇരുമ്പിന്റെ ആഗിരണം വഴി ഹീമോഗ്ലോബിന്റെ അളവു കൂട്ടാനുമാകും.

ഉപ്പിന്റെ സാന്നിധ്യമാണ് അച്ചാറിനു രുചി നൽകുന്നത്. ചേരുവകളുടെ വൈവിധ്യമാണ് അച്ചാറിന്റെ ഔഷധഗുണമേറ്റുന്നത്.

ഇന്ന് എന്തും അച്ചാറാണ്. മാങ്ങയും, ചെറുനാരങ്ങയും വെളുത്തുള്ളിയും മാത്രം അച്ചാറായിരുന്ന കാലം മാറി. മീനും ഇറച്ചിയും രുചികരമായ അച്ചാറുകളാണ്. വിപണിയിൽ ആവശ്യക്കാർ കൂടുതലും ഇതിനു തന്നെ. അച്ചാറിനു ഗുണമുള്ളതുപോലെ ദോഷവും അനവധിയാണ്. ഊണിനൊപ്പം തൊട്ടുകൂട്ടാനുള്ള വിഭവമായി കണ്ടാൽ പ്രശ്നമുണ്ടാകുന്നില്ല. എന്നാൽ പ്രാതൽ മുതൽ രാത്രി ഭക്ഷണം വരെ അച്ചാർ കൂട്ടുന്ന വരിലാണ് ആരോഗ്യപ്രശ്നങ്ങൾ കാണുന്നത്.

ദീർഘകാലം കേടാകാതെ നിൽക്കാനും രുചി വർധിക്കാനും അജിനോമോട്ടോ വരെ ചിലർ ചേർക്കുന്നുണ്ട്.

അച്ചാർ കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ മുന്നിൽ അൾസർ, മലബന്ധം എന്നിവയാണ്. കൃത്രിമ ചേരുവകൾ വരുമ്പോൾ ചിലപ്പോൾ കാൻസർ വരെ ഉണ്ടാകുമെന്നു ഡോക്ടർമാർ പറയുന്നു.

കാഴ്ച ശക്തി വർധിക്കാൻ കാരറ്റ് ജ്യൂസ്

നിറത്തിന്റെ കാര്യത്തിൽ ഓറഞ്ചിനെക്കാൾ ഓറഞ്ച് ആണെങ്കിലും കാരറ്റിന് ആരും ഓറഞ്ചിനോളം വില കൽപ്പിക്കാറില്ല. ഒട്ടുമിക്ക സീസണിലും അമിതവില നൽകാതെ ലഭിക്കുന്ന കാരറ്റ് ഗുണത്തിൽ ഓറഞ്ചിനെക്കാൾ ഒട്ടും പിന്നിലല്ല. വിറ്റമിൻ എ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കാൻസറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റി ഓക്സിഡന്റ് ആണ്. രക്തസമ്മർദം ക്രമീകരിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിനു കഴിവുണ്ട്.

മുലപ്പാലിന്റെ ഗുണം വർധിക്കാൻ കാരറ്റ് നല്ലതാണ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് അണുബാധകളെ ചെറുക്കും. എല്ലാ ഉദരരോഗങ്ങൾക്കും കാരറ്റ് നീര് സിദ്ധൗഷധമാണ്. പ്രത്യുൽപാദനശേഷി വർധിപ്പിക്കാനും കാരറ്റിനു കഴിവുണ്ട്. ദിവസവും ഒരു ചെറിയ കപ്പ് കാരറ്റ് കുട്ടികൾക്ക് കഴിക്കാൻ കൊടുത്താൽ വിരശല്യം ഒഴിവാക്കാം. ഭക്ഷണത്തിനുശേഷം ഒരു കാരറ്റ് കഴിച്ചാൽ ഭക്ഷ്യാവശിഷ്ടത്തിൽനിന്ന് ഉണ്ടാകുന്ന അണുക്കൾ നശിക്കും.

ചർമത്തിന്റെ ആരോഗ്യത്തിന് ഉപേക്ഷിക്കേണ്ട അഞ്ച് ആഹാരം

സൗന്ദര്യം നിലനിർത്താൻ കോസ്മറ്റിക് ഉല്പന്നങ്ങൾ മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല ആരോഗ്യകരമായ ഭക്ഷണവും ആവശ്യമാണ്. പ്രത്യേകിച്ച് ചർമ സംരംക്ഷണത്തിന്. നാം കഴിക്കുന്ന ഭക്ഷണം ചർമത്തിന്റെ ആരോഗ്യം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട.് ചർമത്തിലുണ്ടാകുന്ന ചുളിവിനും മുഖക്കുരുവിനും കാരണം ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ ചർമത്തെ പ്രതികൂലമായി ബാധിക്കുന്നു. ചർമത്തിന് ഭംഗിയും യുവത്വവും നിലനിർത്താൻ ഇത്തരത്തിലുള്ള ഭക്ഷണം ഉപേക്ഷിക്കുക.

ജങ്ക് ഫൂഡ് : പോഷകാംശം തീരെ കുറഞ്ഞ കൃത്രിമ വസ്തുക്കൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങളാണ് ജങ്ക് ഫൂഡ് എന്നറിയപ്പെടുന്നത്. ഇത്തര ഭക്ഷണം മുഖക്കുരുവിന് കാരണമാകും. ജങ്ക് ഫൂഡിൽ സാച്വുറേറ്റഡ് ഫാറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പസ്താ,ബ്രെഡ്, കേക്ക് എന്നിവ ഇത്തരത്തിൽ ഉള്ള ഭക്ഷണമാണ്. ഇവയ്ക്ക് പകരം ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

സോഫ്റ്റ് ഡ്രിങ്ക്സ് / സോഡാ : മധുരം ഇഷ്ടപെടാത്തവർ ആരും ഉണ്ടായിരിക്കില്ല. എന്നാൽ സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിരിക്കുന്ന മധുരം ചർമത്തിന് യോജിച്ചതല്ല .സോഡായുടെ ഉപയോഗം ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുകയും ബാക്ടീരിയയോട് പൊരുതാനുള്ള രോഗപ്രതിരോധ ശക്തി ഇല്ലാതാകുകയും ചെയ്യുന്നു.

വറുത്ത ആഹാരം : വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ സ്വാദ് നമ്മെ എപ്പോഴും പ്രലോഭിപ്പിച്ച് കൊണ്ടിരിക്കും. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുഖക്കുരുവിന് കാരണമാകാറുണ്ട്. കൂടാതെ ഇവ ശരീരത്തിലെ ഫാറ്റും കാലറിയും ഉയർത്തും.

ആൽക്കഹോൾ : മദ്യത്തിന്റ അമിതമായ ഉപയോഗം ഡിഹൈഡ്രേഷന് ഇടയാക്കും. ഇത് ചർമത്തിൽ ചുളിവുകൾ വീഴ്ത്തുകയും വരണ്ടതാക്കുകയും ചെയ്യും. മദ്യത്തിന്റെ ഉപയോഗം ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

കഫീൻ :ചില ഭക്ഷ്യവസ്തുകളിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമത്തെ ഡിഹൈഡ്രേറ്റ് ചെയ്യുകയും കോർട്ടിസോൾ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. കോർട്ടിസോളിന്റെ അമിതമായ ഉല്പാദനം രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുകയും അകാല വാർധക്യത്തിന് ഇടയാക്കുകയും ചെയ്യുന്നു.

മധുരപാനീയങ്ങളുടെ അമിത ഉപയോഗം

കുപ്പികളിലാക്കി വിൽക്കുന്ന മധുരപാനീയങ്ങളുടെ അമിത ഉപയോഗം പ്രതിവർഷം രണ്ടുലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കുന്നതായി ബോസ്റ്റണിൽ നടന്ന പഠനറിപ്പോർട്ട്. പ്രമേഹം, അർബദം, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ടാണ് മരണം സംഭവിക്കുന്നത്. കൃത്രിമ പഴച്ചാറുകൾ, സോഡ, സ്പോർട്സ് ട്രിങ്ക്, എനർജി ബൂസ്റ്ററുകൾ, ഐസ്ഡ് ടീ, തുടങ്ങിയ മധുരപാനീയങ്ങളാണ് വില്ലന്മാർ. പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ, മധുരപാനീയങ്ങളുടെ അമിത ഉപയോഗം പ്രമേഹത്തിനു പുറമേ അമിതവണ്ണത്തിനും കാരണമാകുന്നുവെന്നു തെളിഞ്ഞു.

ഇവരിൽ പലർക്കും പിന്നീട് ഗുരുതരമായ ഹൃദ്രോഗങ്ങളും വന്നുപെട്ടതായി ഗവേഷകർ കണ്ടെത്തി. കൃത്രിമ മധുരപാനീയങ്ങളുടെ അമിത ഉപയോഗം മൂലം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് മെക്സിക്കോയിലാണ്. മരണനിരക്കിൽ രണ്ടാം സ്ഥാനം യുഎസിനാണ്. ഇവയുടെ ഉപയോഗം ഏറ്റവുമധികം രേഖപ്പെടുത്തിയത് ചെറുപ്പക്കാരിലാണത്രേ. അമ്പത്തൊന്ന് രാജ്യങ്ങളിലെ വിവിധ പ്രായക്കാരുടെ മരണകാരണത്തെ കുറിച്ചും അവരുടെ മധുരപാനീയങ്ങളുടെ ഉപയോഗത്തെ കുറിച്ചുമുള്ള പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

മണ്ണിനടിയിലെ പൊന്ന്

അന്നജത്തിന്റെ സമൃദ്ധ സ്രോതസ്സുകളായ കിഴങ്ങുവർഗ വിളകൾ പലതും ഔഷധപ്രാധാന്യമുള്ളവയും പോഷക സമൃദ്ധവുമാണ്.

കുട നിവർത്തി ചേന

ഒറ്റ ഇലയുള്ള സസ്യം എന്നു ഖ്യാതി നേടിയ ചേന, അവിയലും സാമ്പാറും പോലുള്ള കേരളീയവിഭവങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചേനയുടെ സസ്യശരീരത്തിലെല്ലായിടത്തും കാൽസ്യം ഓക്‌സലേറ്റ് പരലുകൾ അടങ്ങിയിരിക്കുന്നു. അതിനാലാണു ചേന തൊട്ടാൽ ചൊറിയുന്നത്. ചേന കഷണങ്ങളാക്കി പുഴുങ്ങിയും ചിപ്‌സുണ്ടാക്കിയും കറികളിൽ ചേർത്തും കഴിക്കാം. ചേനയിൽ അന്നജം, പ്രോട്ടീൻ, കാൽസ്യം, ഫോസ്‌ഫറസ്, ജീവകം–എ, നിക്കോട്ടിനിക് ആസിഡ്, റൈബൗഫ്ളെയ്‌വിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

മരച്ചീനി ശരിക്കും സ്‌പെഷൽ

മരച്ചീനിയിൽ കാർബോ ഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഫോസ്‌ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയും തയാമിൻ, റൈബൗഫ്ളെയ്‌വിൻ തുടങ്ങിയവയും വൈറ്റമിൻ–സിയും അടങ്ങിയിട്ടുണ്ട്. മരച്ചീനിയിലടങ്ങിയിരിക്കുന്ന സൈനോജനിക് ഗ്ലൂക്കോസൈഡ് വിഷബാധയ്‌ക്കു കാരണമാകാറുണ്ട്. കിഴങ്ങ് ഒന്നോ രണ്ടോ തവണ വെള്ളത്തിൽ തിളപ്പിച്ച് ഊറ്റുന്നതോടെ ഈ വിഷാംശം ഹാനികരമല്ലാതാകും.

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിക്കറി നൂറുകറിക്കു സമാനമെന്നു പറയാറുണ്ടല്ലോ. ഇഞ്ചി ദഹനത്തെ സഹായിക്കുന്നതും കണ്‌ഠശുദ്ധിയുണ്ടാക്കുന്നതുമായ ഔഷധമാണ്. കഫം, വാതം, മലബന്ധം എന്നിവ ഇല്ലാതാക്കാനും ഇതു നല്ലതാണ്. ഇഞ്ചി ചേർത്ത നാരങ്ങാനീര് വിശപ്പുണ്ടാക്കും. ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക് പല കഷായങ്ങളുടെയും പ്രധാന ഘടകമാണല്ലോ.

കറികൾക്കു മനോഹരമായ മഞ്ഞനിറം നൽകാനുപയോഗിക്കുന്ന മഞ്ഞൾ രക്‌തശുദ്ധിക്കും, ത്വക്ക് രോഗങ്ങളിൽനിന്നുള്ള മോചനത്തിനും ശരീരകാന്തിക്കും പ്രയോജനപ്രദമാണ്. രക്‌തസമ്മർദം, കൊളസ്‌ട്രോൾ എന്നിവയ്‌ക്കും മഞ്ഞൾ ആശ്വാസമേകും.

ഉരുളക്കിഴങ്ങ് എന്ന അമേരിക്കക്കാരൻ

ഉരുളക്കിഴങ്ങിൽ പ്രോട്ടീൻ കൂടിയതോതിൽ അടങ്ങിയിരിക്കുന്നു. (ഉദ്ദേശം 22.7 ഗ്രാം/100 ഗ്രാം എന്ന കണക്കിൽ). കൂടാതെ കാൽസ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, ഫോസ്‌ഫറസ്, മഗ്നീഷ്യം, വൈറ്റമിൻ–എ, വൈറ്റമിൻ–സി എന്നിവയും വ്യത്യസ്‌ത തോതിൽ അടങ്ങിയിരിക്കുന്നു.

സാമ്പാർ, അവിയൽ തുടങ്ങി മലയാളിയുടെ ഇഷ്‌ട വിഭവങ്ങളുടെ പ്രധാന ഘടകമാണ് ഉരുളക്കിഴങ്ങ്. കൂടാതെ സ്‌റ്റ്യൂ, ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ് തുടങ്ങിയവയും ഉരുളക്കിഴങ്ങുപയോഗിച്ച് ഉണ്ടാക്കാം. സൗന്ദര്യസംരക്ഷണത്തിലും ഉരുളക്കിഴങ്ങിനു സ്‌ഥാനമുണ്ട്. കൺതടങ്ങൾക്കു കീഴെ കറുപ്പുണ്ടാകുന്നതു തടയാൻ നേർമയായി ചീകിയെടുത്ത ഉരുളക്കിഴങ്ങ് കൺതടങ്ങളിൽവച്ചാൽ മതി.

കൂവക്കിഴങ്ങ്

മഞ്ഞളും ഉപ്പും കുരുമുളകും ചേർത്തു പുഴുങ്ങിയെടുത്താൽ ഏറെ രുചികരമാണു കൂവക്കിഴങ്ങ്. ഇതിൽ നാരിന്റെ അംശം കൂടുതലാണ്. ഇതിൽനിന്നു വേർതിരിച്ചെടുക്കുന്ന മാവ് (കൂവപ്പൊടി) വെള്ളം ചേർത്തു കാച്ചിക്കുടിക്കുന്നതു വയറിളക്കത്തിന് മരുന്നാണ്.

രുചിയേറും ചേമ്പ്

ചേമ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഭാഗം കിഴങ്ങാണ്. ചേമ്പിന്റെ തളിരില ചുരുണ്ടിരിക്കുന്ന അവസ്‌ഥയിൽ കഷണങ്ങളാക്കി രസത്തിൽ ചേർക്കുകയോ തോരനുണ്ടാക്കുകയോ ചെയ്യാറുണ്ട്. ചേമ്പിൻ തണ്ടും കറികളിൽ ചേർക്കാറുണ്ട്.

കലക്കൻ കാച്ചിൽ

മരങ്ങളിലും വേലികളിലും പടർന്നുവളരുന്ന സസ്യമാണു കാച്ചിൽ. മലബന്ധം ഒഴിവാക്കുന്നതിനു നല്ലതാണു കാച്ചിൽ. ഇതിന്റെ കിഴങ്ങ് പുഴുങ്ങിയും കറികളിൽ ചേർത്തും കഴിക്കാറുണ്ട്.

കരുതലെടുക്കാം, കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തിൽ

സ്വന്തം കുരുന്നിനെ ആരോഗ്യമുള്ളവനായി വളർത്തിയെടുക്കാൻ ബാല്യത്തിൽതന്നെ ശ്രദ്ധ പതിയണം അവന്റെ ഭക്ഷണകാര്യത്തിൽ.

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍തന്നെ മുലപ്പാല്‍ നല്‍കിത്തുടങ്ങുക.

ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുക. 2 വയസ്സ് വരെ മുലപ്പാല്‍ നല്‍കുക.

കുട്ടികള്‍ ശരിയായ രീതിയില്‍ പ്രാതല്‍ കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

അമിതമായി കൊഴുപ്പും, ഉപ്പും, മധുരവുമുള്ള (ജങ്ക് ഫുഡ്/ചവര്‍ ഭക്ഷണം) ഒഴിവാക്കുക

സ്കൂളുകളില്‍ സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണം

സ്റ്റീല്‍, കുപ്പി, ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ മാത്രം കുടിക്കാനുള്ള വെള്ളത്തിനായി ഉപയോഗിക്കുക.

പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുക.

ഉരുളക്കിഴങ്ങ് വറുത്തത് പോലെയുള്ള വിഭവങ്ങള്‍ പച്ചക്കറികള്‍ അല്ലെന്ന് മനസ്സിലാക്കുക.

ഒഴിവാക്കേണ്ട ഭക്ഷണം

പഫ്സ്, വറുത്തവ (വട, പഴംപൊരി മുതലായവ), വെള്ള ബ്രഡ്, ബിസ്കറ്റ്, (മൈദകൊണ്ട് ഉണ്ടാക്കിയത്), പിസ്സ, ന്യൂഡില്‍സ്, ചീറ്റോസ്, കുര്‍ക്കുറേ, ചോക്കോസ്, ലെയ്സ്, ഫ്രോസണ്‍ ഡെസേർട്ട്സ്, ശീതള പാനീയങ്ങല്‍, കോള, വായു നിറച്ചതും, മധുരമുള്ളതുമായ പാനീയങ്ങള്‍, ടിന്നിലടച്ച ഫ്രൂട്ട് ജൂസ്

നല്‍കേണ്ട ഭക്ഷണം

പാകം ചെയ്ത തവിടുള്ള അരിയാഹാരങ്ങള്‍, വല്‍സന്‍, കൊഴുക്കട്ട, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, അവല്‍, കപ്പലണ്ടി മിഠായി, എള്ളുണ്ട, പുഴുങ്ങിയ പഴം, മരച്ചീനി, സംഭാരം, ചൂടുവെള്ളം, നാരങ്ങവെള്ളം, കരിക്കിന്‍വെള്ളം    ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

സംസ്കരിച്ചതും, ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണങ്ങളില്‍ കൂടുതലായി ഉപ്പ് കാണപ്പെടുന്നു.

ചൈനീസ് സോസ് പോലെ ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു.

സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ മാത്രമല്ല പല ഭക്ഷ്യപദാര്‍ത്ഥങ്ങളിലും സോഡിയം കൂടിയ അളവില്‍ കാണപ്പെടുന്നു.

ഭക്ഷണവസ്തുവിന്റെ പാക്കറ്റില്‍ പതിച്ചിരിക്കുന്ന ലേബല്‍ പരിശോധിച്ചാല്‍ അതില്‍ എത്രത്തോളം ഉപ്പുണ്ടെന്ന് കണ്ടെത്താന്‍ കഴിയും.

1.5 ഗ്രാമില്‍ (0.6 ഗ്രാം സോഡിയം) ഉപ്പ് 100 ഗ്രാം ഭക്ഷണത്തില്‍ ഉണ്ടെങ്കില്‍ ഉപ്പിന്റെ തോത് കുറവാണ്.

ഈ രണ്ട് അളവുകള്‍ക്കും ഇടയ്ക്കാണെങ്കില്‍ ഭക്ഷണത്തിലെ ഉപ്പിന്റെ തോത് മധ്യമമായിരിക്കും

മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിനു ഭീഷണിയോ?

കൊളസ്ട്രോളിനെതിരെ മുന്നറിയിപ്പു നൽകി ലോകത്തെ വിരട്ടിയിരുന്ന യുഎസ് ആരോഗ്യസമിതി അഭിപ്രായം തിരുത്തുന്നു. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ കൊളസ്ട്രോൾ 300 മില്ലിഗ്രാമിൽ കൂടരുതെന്ന് ആവർത്തിച്ചിരുന്ന ഡയറ്ററി ഗൈഡ്‌ലൈൻസ് അഡ്വൈസറി കമ്മിറ്റിയാണു കൊളസ്ട്രോളിനെതിരെ ചില മുന്നറിയിപ്പുകൾ ഒഴിവാക്കുന്നത്.

ഒരു മുട്ടയുടെ മഞ്ഞക്കരുവിൽത്തന്നെ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ടെന്നും മുട്ട കഴിക്കണമെന്നു നിർബന്ധമാണെങ്കിൽ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കാമെന്നുമാണു ജനത്തിന് ഇക്കാലമത്രയും കിട്ടിയ ഉപദേശം. എന്നാൽ, മഞ്ഞക്കരു അങ്ങനെ ഹാനികരമല്ലെന്നാണു പുതിയ നിലപാട്.

മഞ്ഞക്കരു, വെണ്ണ, മാട്ടിറച്ചി തുടങ്ങിയ ആഹാരപദാർഥങ്ങളിലെ ‘ഡയറ്ററി കൊളസ്ട്രോൾ’ ചീത്ത കൊളസ്ട്രോൾ ഉയർത്തുമെന്നോ ഹൃദ്രോഗമുണ്ടാക്കുമെന്നോ ഒരു പഠനങ്ങളും ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്തതാണ് അഭിപ്രായമാറ്റത്തിനു പിന്നിൽ. ഉടൻ പ്രസിദ്ധീകരിക്കുന്ന പുതിയ റിപ്പോർട്ടിന്റെ കരടു രൂപത്തിലാണു സമിതിയുടെ നിലപാടുമാറ്റം.

മായം കലർന്ന രുചിയിലെ ആരോഗ്യവിപത്തുകൾ

 

മാഗി കൊണ്ടു മാത്രം തീർന്നില്ല, പരിശോധിച്ചു നോക്കിയാൽ അറിയാം നാം വാങ്ങിക്കഴിക്കുന്ന പായ്ക്കറ്റ് വിഭവങ്ങളിൽ എന്തിലൊക്കെ മായം ചേർത്തിട്ടുണ്ടെന്ന്. ഈയം (ലെഡ്), മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (എംഎസ്ജി) തുടങ്ങിയവയാണ് മാഗിയിൽ കണ്ടെത്തിയിരിക്കുന്നത്. ഈയം ഒരു തരത്തിലും മനുഷ്യ ശരീരത്തിനു നല്ലതല്ല. അത് പിന്നീട് പലതരം രോഗങ്ങൾക്ക് കാരണമാകും. അമിതമായ അളവിൽ അകത്തു ചെന്നാൽ മരണത്തിനു വരെ കാരണമാകാം.

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അജിനോമോട്ടോ എന്ന ബ്രാൻഡ് നാമത്തിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് കടകളിൽനിന്നു വാങ്ങാൻ കിട്ടും. പക്ഷേ, ഇതു പായ്ക്കറ്റു കണക്കിനു വാങ്ങുന്നത് ചില ഹോട്ടലുകാരാണ്.

ഭക്ഷണത്തിനു രുചിയും മണവും കൂട്ടാനാണ് എംഎസ്ജി ഉപയോഗിക്കുന്നത്. ഇത് അനുവദനീയമായതിലും കൂടുതൽ അളവിലാണ് ഉപയോഗിക്കുന്നത്. അജിനോമോട്ടോ ചേർത്ത ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാൻ തോന്നിക്കും എന്നതിനാലാണ് ചില ഹോട്ടലുകാർ ഇത് വാരിക്കോരി ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ ചായ മുതൽ കുഴിമന്തിയിൽ വരെ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണസാധനങ്ങളിൽ അജിനോമോട്ടോയുടെ അളവ് ഒരു ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണു നിയമം. എന്നാൽ, പലപ്പോഴും ഇത് അഞ്ചുശതമാനം വരെ ആകാറുണ്ട്.

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്ന വില്ലൻ

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് കൂടിയ തോതിൽ ഉള്ളിലെത്തിയാലോ സ്‌ഥിരമായി അതു ചേർത്ത ഭക്ഷണം കഴിച്ചാലോ തലവേദന, മയക്കം, കൈകൾക്കും നെഞ്ചിനും പുകച്ചിൽ, തരിപ്പ്, ശ്വാസതടസ്സം, പലതരം അലർജികൾ എന്നിവയുണ്ടാകാം.

ഇതിന്റെ രുചികളിൽ പ്രധാനമായും ആകൃഷ്‌ടരാകുന്ന കുട്ടികളിൽ തലച്ചോറിലെ കോശങ്ങൾക്കുവരെ തകരാർ ഉണ്ടാകാം.

തുടർച്ചയായുള്ള ഉപയോഗം നമ്മുടെ നാഡീഞരമ്പുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. അതുമൂലം തലവേദന, ഹൃദയസ്‌പന്ദനത്തിൽ വ്യതിയാനങ്ങൾ തുടങ്ങിയവും ചിലർക്ക് ഛർദി, വയറിളക്കം തുടങ്ങിയവും ഉണ്ടാകുന്നു. കുട്ടികളിൽ അമിതവണ്ണത്തിനും ഇത് കാരണമാകും.

അജിനോമോട്ടോ നമ്മുടെ നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. ∙ ഇവ ഉണ്ടാക്കുന്ന പൊതുവേയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണു ചൈനീസ് റസ്‌റ്ററന്റ് സിൻഡ്രോം എന്ന പേരിലറിയപ്പെടുന്നത്.

ചൈനീസ് റസ്‌റ്ററന്റുകളിൽനിന്നേ ഭക്ഷണം കഴിക്കൂ എന്ന് വാശിപിടിക്കുന്നവരെ കാത്തിരിക്കുന്ന അസുഖമാണിത്. മിതമായ തോതിൽ വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം രോഗങ്ങൾ പിടിപെടണമെന്നില്ല.

ആകർഷകമായ പാക്കറ്റുകളിൽ ലഭ്യമായ ഉരുളക്കിഴങ്ങ് ഫ്ലേവറുകളിലും ചിപ്‌സുകളിലും മറ്റും മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കുട്ടികൾക്കു കൊടുക്കുന്നത് അഭികാമ്യമല്ല എന്ന് പായ്‌ക്കറ്റുകളിൽ രേഖപ്പെടുത്താറുണ്ട്. ധാന്യങ്ങൾ, കരിമ്പിൻ ജ്യൂസ്, മൊളാസിസ് തുടങ്ങിയവ പുളിപ്പിച്ച് അതിൽനിന്നാണു മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ഉണ്ടാക്കുന്നത്.

വേറെയും രാസവസ്തുക്കൾ

മോണോ സോഡിയം ഗ്ലൂട്ടമേറ്റിനു പുറമെ പല ഹോട്ടലുകളിലും ഭക്ഷണപദാർഥങ്ങളിൽ ചേർക്കുന്ന രാസവസ്‌തുക്കളാണ് എറിത്രോസിൻ, ടാർട്രസിൻ തുടങ്ങിയവ. ഒട്ടുമിക്ക രാസവസ്‌തുക്കളും വൃക്ക, തലച്ചോറ്, ആമാശയം എന്നിവയുടെ പ്രവർത്തനത്തെ തകരാറിലാക്കും. കോള പോലുള്ള പാനീയങ്ങളും ചില ബേക്കറി ഉൽപന്നങ്ങളും രാസവസ്‌തുക്കൾ ചേർക്കുന്നുണ്ട്. പ്രമേഹത്തിനുവരെ കാരണമാകുന്ന ബെൻസീനും മധുരം കൂട്ടാൻ ചേർക്കുന്ന ഹൈഫ്രക്‌ടോസ് കോൺസിറപ്പും അപകടകരികളാണ്.

പാക്കറ്റ് ഭക്ഷണ സാധനങ്ങൾ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ പല രാസവസ്തുക്കളും ചേർക്കാറുണ്ട്. ഇവയെല്ലാം അപകടകാരികൾ തന്നെ. ഫോസ്ഫറിക് ആസിഡ് ചേർത്തുള്ള ഭക്ഷണം പതിവായി കഴിച്ചാൽ അസ്ഥികൾ ബലമില്ലാതാവുകയും വൃക്കകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യും. ബോറിക് ആസിഡ് വൃക്കകൾ, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കും.

കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവ രക്തസമ്മർദം കൂട്ടാനും കാൽസ്യം അടി‍ഞ്ഞു കൂടാനും കാരണമാകും. കൃത്രിമ നിറങ്ങൾ അസിഡിറ്റി, തൈറോയ്ഡ് പ്രശ്നങ്ങൾ, ചർമരോഗം, വയറുവേദന എന്നിവയ്ക്കു കാരണമാകും. അസ്പാർട്ടേം അർബുദം, അപസ്മാരം, സ്വഭാവ വ്യതിയാനം എന്നിവയ്ക്കു കാരണമാകാം.

പല പായ്ക്കറ്റ് ഭക്ഷണ പദാർഥങ്ങളിലും സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും, ഇത് പലപ്പോഴും നാം അറിയാറില്ല. 100 ഗ്രാം പായ്ക്കറ്റ് ന്യൂഡിൽസിൽ 1170 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ടാകും. എന്നാൽ, ഒരു മനുഷ്യന്റെ ശരീരത്തിൽ ഒരു ദിവസം അനുവദനീയം 2000 മില്ലി ഗ്രാം സോഡിയം മാത്രമാണ്. സോഡിയത്തിന്റെ അളവ് കൂടുന്നത് ഹൈപ്പർ ടെൻഷൻ, കിഡ്നി രോഗം, ഹൃദ്രോഗം എന്നിവ ഉള്ളവരെ പെട്ടെന്ന് ബാധിക്കും.

പഴവർഗങ്ങളും മറ്റും പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ് പോലുള്ളവയും വളരെ ഹാനികരമാണ്. ഭക്ഷണസാധനങ്ങൾക്കു നിറം ലഭിക്കുന്നതിന് സാഫ്‌റോൺ, ടർമറിക് തുടങ്ങിയ രാസപദാർഥങ്ങളും ബേക്കറി സാധനങ്ങൾക്കു മധുരം കൂട്ടുന്നതിനു സാക്കറിൻ, കേടുകൂടാതെ സൂക്ഷിക്കുന്നതിനു സോർബിക് ആസിഡ് തുടങ്ങിയവയുമാണു ചേർക്കുന്നത്.

ഇവയിൽ പലതിലും നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. നാളുകൾ കഴിയുമ്പോൾ ഇവ നൈട്രോ സമീൻ ആയി മാറും. ഇത് ആമാശയത്തിലും അന്നനാളത്തിലും കാൻസറിനു കാരണമാകും.

ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന സൾഫൈറ്റുകൾ ഭക്ഷണ അലർജിക്കും കാരണമാകാറുണ്ട്. രുചിയും മണവും വർധിപ്പിക്കുന്നതിനു ചേർക്കുന്ന മോണോ സോഡിയം ഗ്ലൂട്ടമേറ്റ് പോലുള്ള രാസവസ്‌തുക്കൾ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഏറെ ദോഷകരമാണ്. ഇവ കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.

ഈയം

ഈയം ഭക്ഷണത്തിലൂടെ സ്ഥിരമായി അകത്തുചെല്ലുന്നത് വന്ധ്യതയ്ക്കു കാരണമാകും. കുട്ടികളിൽ പെരുമാറ്റ വൈകല്യം ഉണ്ടാക്കും. ഈയം പോലുള്ള ലോഹങ്ങൾ സ്ഥിരമായി ഭക്ഷണത്തിലൂടെ ഉള്ളിൽച്ചെല്ലുമ്പോൾ രണ്ടുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുക. ഒന്ന് ശാരീരികവും രണ്ടാമത്തേത് മാനസികവും. മടി, അലസത, കാലിനു വേദന തുടങ്ങിയവയാണ് ലെഡ്, കാഡ്മിയം, മെർക്യുറി തുടങ്ങിയവ കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ. രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് കുറയ്ക്കാനും കരൾ, കിഡ്നി തകരാറുകൾ ഉണ്ടാക്കാനും ഇടയാക്കും. ചിന്താശേഷി കുറയുക, മറവി, കുട്ടികളിൽ പല കാര്യങ്ങളോടുമുള്ള വിമുഖത, വ്യക്തിത്വ വികാസം ഇല്ലായ്മ തുടങ്ങിയവയൊക്കെയാണ് മാനസിക പ്രശ്നങ്ങൾ.

പഴകിയ മാംസത്തിനു മാർദവം കൂട്ടാൻ

മാംസവിഭവങ്ങളിലും പച്ചക്കറികളിലും രുചിയും മണവും നിറവും കൂട്ടാൻ ചേർക്കുന്ന രാസപദാർഥമാണ് മോണോ സോഡിയം ഗ്ലൂട്ടമേറ്റെങ്കിലും പഴകിയ മാംസപദാർഥങ്ങൾക്കു മാർദവം ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. വെളുത്ത തരികളുടെ രൂപത്തിലുള്ള അജിനോമോട്ടോ ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്.

മൽസ്യത്തിലും മായമുണ്ട്

കേരളത്തിൽ ലഭിക്കുന്ന കടൽ മൽസ്യം പൊതുവേ രാസമാലിന്യങ്ങളിൽനിന്നു മുക്‌തമാണ്. പ്രശ്‌നങ്ങൾ സംഭവിക്കുന്നതു മൽസ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നടത്തുന്ന പ്രക്രിയയിലാണ്. ഇതിനു വേണ്ടി മൽസ്യങ്ങളിൽ അമോണിയ പുരട്ടുന്നു. അമോണിയയുടെ അംശം കുടലിൽ കാൻസർ തുടങ്ങി പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. അതുകൊണ്ടു മൽസ്യങ്ങൾ വെള്ളത്തിൽ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇട്ടശേഷം പല പ്രാവശ്യം കഴുകിയശേഷമേ പാകം ചെയ്യാവൂ.

കോഴിയിറച്ചിയും പ്രശ്നം

കോഴിയെ അതിവേഗം വിൽപനയ്‌ക്കു പാകപ്പെടുത്താൻ സ്‌ത്രീഹോർമോണായ ഈസ്‌ട്രജനും ആന്റിബയോട്ടിക്കുകളും തീറ്റയിൽ കലർത്തി നൽകാറുണ്ട്. തുടകൾക്കും നെഞ്ചിനും വലുപ്പം വയ്‌പ്പിച്ചു തീൻമേശയിലെത്തിക്കുകയാണു ലക്ഷ്യം. കോഴിയിറച്ചി പതിവായി കഴിക്കുന്നവരിലേക്കും ഈസ്‌ട്രജൻ കടന്നുവരാം. ചില ആൺകുട്ടികൾ പെൺകുട്ടികളുടെ രൂപത്തിലും ഭാവത്തിലും അമിത വണ്ണത്തിലും വളരാനുള്ള ഒരു കാരണം ഇതാണെന്നു ഡോക്‌ടർമാർ പറയുന്നു. പുരുഷ ശരീരത്തിൽ ഈ സ്‌ത്രീ ഹോർമോൺ അമിതമായി എത്തുന്നതുമൂലം വന്ധ്യതയ്‌ക്കും മറ്റും കാരണമാകുന്നു.

ഈയം ഉണ്ടാക്കുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ

ഈയം ചെറിയ അളവിൽ പോലും വിഷബാധയുണ്ടാക്കും. ഇത് ഉയർന്ന അളവിൽ ഉള്ളിൽച്ചെല്ലുന്ന് മരണത്തിനു വരെ കാരണമാകാം.

വളർച്ച ശോഷിക്കൽ, മസ്തിഷ്ക തകരാർ, പഠനവൈകല്യങ്ങൾ, അലസത, പെരുമാറ്റ വൈകല്യം, നാഡീ തകരാർ, സംസാര –കേൾവി പ്രശ്നങ്ങൾ, തലവേദന എന്നിവ ഉണ്ടാകാം.

വൃക്കകൾ തകരാറിലാകാം.

വിശപ്പില്ലായ്മ, വയറുവേദന, ശോധനക്കുറവ്, ക്ഷീണം, ഛർദി എന്നിവ ഉണ്ടാകാം.

അസ്ഥികളുടെയും പേശികളുടെയും വളർച്ചക്കുറവാണ് മറ്റൊരു പ്രശ്നം.

ഗർഭകാല രോഗങ്ങൾ, ഭ്രൂണ തകരാറുകൾ, ഗർഭം അലസൽ, വന്ധ്യത തുടങ്ങിവ സംഭവിക്കാം.

ഓർമക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാകാം.

അമിത രക്തസമ്മർദം ഉണ്ടാകാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ആർ. ബിജയ്‌രാജ് ഫാമിലി ഫിസിഷ്യൻ, മിംസ് ഹോസ്‌പിറ്റൽ കോഴിക്കോട്

ഷെറിൻ തോമസ് _ചീഫ് മെഡിക്കൽ ന്യൂട്രീഷ്യനിസ്‌റ്റ് _ _മിംസ് ഹോസ്‌പിറ്റൽ കോഴിക്കോട്

3.03636363636
നസീമ Feb 28, 2018 12:08 PM

ഉപകരപ്രദം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ