অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുര്‍വേദവും അസുഖങ്ങളും

ആയുര്‍വേദവും അസുഖങ്ങളും

ജലദോഷം

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ 
നല്‍കാവുന്നതാണ്.

പ്രായ - കാല ദേശ ഭേദമെന്യേ സര്‍വസാധാരണമായി എല്ലാവരെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് ജലദോഷം. ഒരിക്കലെങ്കിലും ജലദോഷബാധിതരാകാത്തവര്‍ ഉണ്ടാകില്ല. ജലദോഷം അതിവേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു.

എന്നാല്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ഭേദമാകകയും ചെയ്യുന്നു. മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു.

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ നല്‍കാവുന്നതാണ്.

രോഗകാരണങ്ങള്‍

ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം.

ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്‌ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്.

കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍ പ്രധാനമായും അണുബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. മൂക്ക്, തൊണ്ട, സൈനസുകള്‍, സ്വരപേടകം ഇവയെ ആശ്രയിച്ചായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള ലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയായവരില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയും കുട്ടികളില്‍ ആറ് മുതല്‍ എട്ട് തവണ വരെയും ജലദോഷം ഉണ്ടാകാം.

കുട്ടികളില്‍ ഇതിനോടനുബന്ധിച്ച് പനിയും കണ്ടുവരുന്നു. എന്നാല്‍ മുതിര്‍ന്നവരില്‍ പനി ലക്ഷണമായി സാധാരണ കാണാറില്ല. വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്.

ഏഴ് ദിവസം മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ശമിക്കും. പ്രതിരോധശക്തി പൊതുവേ കുറഞ്ഞവരിലും ലക്ഷണങ്ങള്‍ രണ്ടാഴ്ച തുടരാം.

ജലദോഷത്തെ തുടര്‍ന്നുള്ള ഉപദ്രവരോഗമായി ചുമ പലപ്പോഴും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയില്‍നിന്ന് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗം പകരുന്നതിന് സാധ്യത കൂടുതല്‍.

പകരുന്ന രീതി

  1. വായുവിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം.
  2. രോഗലക്ഷണങ്ങള്‍ ചിലരില്‍ വര്‍ധിച്ചിട്ട് ഇന്‍ഫ്‌ളുവന്‍സ, പീനസം, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

പ്രതിരോധമാര്‍ഗങ്ങള്‍

  1. വ്യക്തി ശുചിത്വം പാലിക്കുക
  2. കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുക. കഴുകി വൃത്തിയാക്കാത്ത വിരലുകള്‍കൊണ്ട് കണ്ണ്, മൂക്ക്, വായ് ഇവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
  3. രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക
  4. മഞ്ഞ്, തണുത്ത കാറ്റ് ഇവയുള്ളപ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടിനുള്ളിലും പരിസരങ്ങളിലും ഔഷധങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്.
  5. ഗുല്‍ഗുലു, വയമ്പ്, വേപ്പില ഉണക്കിയത് കടുക് എന്നിവ പുകയ്ക്കുന്നതിന് ഉപയോഗിക്കാം.

ചികിത്സ രീതികള്‍

ജലദോഷം പിടിപെട്ടയാളുടെ പ്രതിരോധശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നതും ലക്ഷണങ്ങള്‍ ശമിക്കുന്നതിനുമുള്ള ഔഷധങ്ങളും ചികിത്സാ രീതികളുമാണ് ആയുര്‍വേദ ചികിത്സവിധിയില്‍ അവംലംബിക്കുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ള സമൃദ്ധമായ ഔഷധസസ്യങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്.

തുളസി, തുമ്പ, മഞ്ഞള്‍, ഇഞ്ചി, കച്ചോലം, തിപ്പലി, ആടലോടകം തുടങ്ങിയ ഔഷധങ്ങള്‍ പരമ്പരാഗതമായി നാം ഗൃഹവൈദ്യത്തില്‍ ഉള്‍പ്പെടുത്തി വരുന്നുമുണ്ട്. ഇവയുടെ ഗുണങ്ങള്‍ മനസിലാക്കി ഉപയോഗപ്രദമാക്കുകയെന്നതാണ് പ്രധാനം.

ജലദോഷത്തിലെ രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉപദ്രവവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനും ഒപ്പം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ഉത്തമമായ ആയുര്‍വേദ ഔഷധയോഗങ്ങള്‍ ധാരാളമുണ്ട്. ഔഷധയോഗങ്ങള്‍ എല്ലാം തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

  1. മുത്തങ്ങക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി പര്‍പ്പടകപ്പുല്ല്, രാമച്ചം, എന്നീ മരുന്നുകള്‍ തുല്യ അളവില്‍ പൊടിച്ചെടുത്ത് ഷഡംഗം എന്ന ഔഷധക്കൂട്ടും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രതിരോധത്തിനും രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്.
  2. ദശമൂലം, ചുക്ക്, കുരുമുളക്, തിപ്പലി, ഇവ കൊണ്ടുള്ള കഷായവും രോഗലക്ഷണങ്ങളായ മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ ഇവയെ ശമിപ്പിക്കാന്‍ ഉത്തമമാണ്.
  3. തുടര്‍ച്ചയായി ഇടവിട്ട് ജലദോഷം വരുന്നവരിലും കുഞ്ഞുങ്ങളിലും ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഹരിദ്രാഖണ്ഡം, വാശാരിഷ്ടം, അമൃതാരിഷ്ടം, രജന്യാദി ചൂര്‍ണം, വില്വാദിഗുളിക, വ്യോഷാദി വടകം, ഇന്ദുകാന്തഘൃതം എന്നീ ഔഷധയോഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കേണ്ടതാണ്.
  4. ജലദോഷം, പനി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക് കൃഷ്ണതുളസി, കാട്ടുതുളസി, പനിക്കൂര്‍ക്കയില, തുമ്പയില, ഇഞ്ചി, മഞ്ഞള്‍, ആടലോടകം എന്നീ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കാം.
  5. കൃഷ്ണതുളസിയില, കാട്ടുതുളസിയില, ചുവന്നുള്ളി, ചുക്ക്, കുരുമുളക്, ആടലോടകത്തിന്റെ തളിരില, ഇവ കഷായം വച്ച് കരുപ്പെട്ടി ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനും അനുബന്ധ രോഗങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്.
  6. വിട്ടുമാറാത്ത കഫക്കെട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം എന്നിവയുള്ള രോഗികള്‍ പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കാച്ചി കുടിക്കുന്നത് നല്ലതാണ്.
  7. തലയില്‍ തേച്ചു കുളിക്കുന്നതിന് പനിക്കൂര്‍ക്കയില, തുളസിയില, പൂവാം കുരുന്നില എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നത് ഇടവിട്ട് ജലദോഷം വരുന്നത് തടയുന്നതിന് ഉത്തമമാണ്.
  8. ചൂടുള്ള ആഹാരപാനീയങ്ങള്‍ കഴിക്കാന്‍ ശീലിക്കുക.

ഒഴിവാകേണ്ട കാര്യങ്ങള്‍

  1. തണുത്ത ആഹാരമോ പാനീയങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക.
  2. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണപാനീയങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.
  3. ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക.
  4. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, തലയിലും ദേഹത്തും എണ്ണ തേച്ചുള്ള കുളി എന്നിവ രോഗലക്ഷണമുള്ളപ്പോള്‍ രോഗി വര്‍ജിക്കേണ്ടതാണ്.

ഡോ. ഹേമ എല്‍.
മെഡിക്കല്‍ ഓഫീസര്‍
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, തുമ്പമണ്‍

മുടികൊഴിച്ചില്‍

സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു.

ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്.

ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്.

കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്ത ദോഷമാണ്.

പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്.

കാരണങ്ങള്‍ പലതുണ്ട്

ഭക്ഷണരീതി


തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്‍ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്‍പ്പെടുന്നു.

രക്തക്കുറവ്

രക്തക്കുറവ് മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു.

വെള്ളം

ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

സോപ്പ്, ഷാംപൂ

സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍

ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന്‍ കാരണമാകുന്നു.

പാരമ്പര്യം

പാരമ്പര്യമായി മുടികൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചിലരില്‍ പാരമ്പര്യമായി മുടികൊഴിയുന്നതുമാകാം.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

കേശസംരക്ഷണമെന്ന പേരില്‍ മുടിയില്‍ തേക്കുന്ന പല രാസവസ്തുക്കള്‍, ഡൈകള്‍, ക്രീമുകള്‍, മുടിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയേക്കാം.

രോഗാവസ്ഥകള്‍

പലവിധ രോഗാവസ്ഥകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, കാന്‍സര്‍, മാനസികരോഗങ്ങള്‍, അനീമിയ, സോറിയാസിസ്, താരന്‍ തുടങ്ങി രോഗങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാകുന്നു.

മാനസികസമ്മര്‍ദം

മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് മാനസിക സമ്മര്‍ദം. അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, അമിതമായ ചിന്തകള്‍,അശാന്തമായ മാനസിക അന്തരീക്ഷം, എന്നിവ പ്രത്യക്ഷമായും പരോക്ഷമായും മുടിയെ ബാധിക്കും.

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം

മദ്യം, പുകവലി, പാന്‍മസാല എന്നീ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും മുടികൊഴിച്ചിലിനു കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇവയുടെ ഉപയോഗം താരതമ്യേന കേരളത്തില്‍ കുറവായതിനാല്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ കുറവായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. താരന്‍, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ യഥാസമയം ചികിത്സിച്ച് ഭേദമാക്കുക.
  2. മലയാളി മറന്നുപോയ നല്ല ശീലങ്ങളില്‍ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച് വൈദ്യനിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്.
  3. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്.
  4. ശ്രദ്ധയോടെ മാത്രം തലയില്‍ എണ്ണ തേയ്ക്കുക. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്.
  5. രാത്രി മുഴുവന്‍ എണ്ണ തേച്ച് രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്.
  6. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
  7. തല കഴുകാന്‍ പ്രകൃതിദത്ത രീതികള്‍ ശീലിക്കുക. പയര്‍പൊടി, കടലപ്പൊടി, താളി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
  8. തലയിലൊഴിക്കാന്‍ സാധാരണ പച്ചവെള്ളം അല്ലെങ്കില്‍ തണുപ്പ് കുറഞ്ഞ വെള്ളം ഉപയോഗിക്കുക. യാതൊരു കാരണവശാലും തലയില്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് തലമുടി നന്നായി ഉണങ്ങാന്‍ ശ്രദ്ധിക്കണം.

കേശസംരക്ഷണത്തിനുള്ള പച്ചമരുന്നുകള്‍

സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെമ്പരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ.

കേശസംരക്ഷണത്തിനുള്ള എണ്ണകള്‍

  1. സാധാരണയായി നീലഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, ധുര്‍ധുരപത്രാദി കേരം, കയ്യോന്യാദി കേരം, ത്രിഫലാദി കേരം, ഭൃംഗാമല കാദി കേരം എന്നിവയാണ് കേശസംരക്ഷണത്തിനുപയോഗിക്കുന്ന ആയുര്‍വേദ എണ്ണകള്‍. ആയുര്‍വേദ വിധിപ്രകാരം നിരവധി ഔഷധങ്ങളും എണ്ണകളും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.
  2. മുടികൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഒരുത്തമ പരിഹാരമാണ് ഉണക്കനെല്ലിക്കയും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുന്നത്.
  3. മൈലാഞ്ചിയും നെല്ലിക്കയും നീലിയമരിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും ഒരു പരിധി വരെ തടയാനാകും.
  4. കയ്യോന്നിയും തുളസിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ താരനും മുടികൊഴിച്ചിലും തടയാം.
  5. കറ്റാര്‍ വാഴയും നീലിയമരിയും ചേര്‍ത്ത വെളിച്ചെണ്ണയും മുടികൊഴിച്ചിലിനു ഒരു ഉത്തമ പരിഹാരമാണ്.

ഡോ. സുബീഷ് ചിറ്റൂര്‍
ആരോഗ്യോദയം ആയുര്‍വേദ ഹോസ്പിറ്റല്‍
പാലക്കാട്

മനസിനെ ഉണര്‍ത്താന്‍ ആയുര്‍വേദം

ആയുസിന്റെ വേദമായ ആയുര്‍വേദത്തില്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, ആത്മാവ് തുടങ്ങിയവയെപ്പറ്റിയും, അവയുടെ സ്വസ്ഥാവസ്ഥയെയും രോഗാവസ്ഥയെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഇവയില്‍ മനസ് എല്ലാത്തരം രോഗാവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്നു. തെളിഞ്ഞ മനസുതന്നെ രോഗാവസ്ഥയില്‍ നിന്നുള്ള മോചനമാണ്.

മനസിനെയും മനസിന്റെ മൂന്ന് ഗുണങ്ങളെയും (രാജസീക ഗുണം, തമോഗുണം, സാത്വികഗുണം) മനോ കര്‍മ്മങ്ങളായ (ഈര്‍ഷ്യ, അഹങ്കാരം, സന്തോഷം, സന്താപം) തുടങ്ങിയവയെക്കുറിച്ചും ആയുര്‍വേദം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ആയുര്‍വേദത്തില്‍ പതിനാറുതരം വ്യക്തിത്വങ്ങളെയും അവരുടെ സ്വഭാവ വ്യത്യാസങ്ങളെയും കുറിച്ച് പ്രതിപാദ്യം ലഭ്യമാണ്. ഇവയെ മാനസികബലം കുറഞ്ഞ ഹീനസത്വക്കാര്‍, മധ്യമമായ മാനസികശക്തിയുള്ള മധ്യമസത്വക്കാര്‍, ഉയര്‍ന്ന മാനസിക ശക്തിയുള്ള പ്രവരസത്വക്കാര്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

ഇതില്‍ ഹീനസത്വക്കാര്‍ പറഞ്ഞാല്‍ അനുസരിക്കാത്തവരും വിഷമ ഘട്ടങ്ങളില്‍ പതറുന്നവരും, ചെറിയ വിഷമസന്ധികള്‍പോലും തരണം ചെയ്യാത്തവരും, ഭയം, ശോകം, ദുരഭിമാനം എന്നീ സ്വഭാവങ്ങളോടുകൂടിയവരുമായിരിക്കും.

ദുരഭിമാനം മൂലമുള്ള ആത്മഹത്യ ഇക്കൂട്ടരില്‍ കൂടുതലായിരിക്കും. ഇക്കൂട്ടര്‍ സാധാരണ രീതിയില്‍ വിഷാദരോഗത്തിന് പെട്ടെന്ന് അടിമപ്പെടുന്നവരാണ്.

കാരണങ്ങള്‍ തിരിച്ചറിയുക

ഓരോ വ്യക്തിയുടെയും, അയാളുടെ ചുറ്റുപാടിനും ചിന്താഗതികള്‍ക്കും അനുസരിച്ച് കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. സാധാരണയായി ചികിത്സക്ക് സമീപിക്കുന്ന രോഗികളില്‍ രണ്ടു കാരണങ്ങളാണ് മുഖ്യമായും കാണാറുള്ളത്.

സ്വന്തം ഇഷ്ടത്തിനോ, ചിന്തയ്‌ക്കോ നിരക്കാത്തതും സംഭവിക്കുന്നതും, ഇഷ്ടമായതും, ആഗ്രഹിച്ചതും ലഭിക്കാത്തതും. ആധുനിക യുഗത്തില്‍ വിഷാദരോഗത്തിന് പുതിയ ചില മാനങ്ങളാണുള്ളത്.

അത്യാഗ്രഹങ്ങളില്‍ മുങ്ങി മനസിനെ ആകാശത്തേക്ക് മേയാന്‍ വിടുന്ന ആധുനിക സമൂഹം, സ്വന്തം ശാരീരിക മാനസിക മേഖലയില്‍ അവ വരുത്തുന്ന വിനാശങ്ങളെ അവഗണിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ കര്‍ത്തവ്യം മറക്കുന്നു. അപ്പോള്‍ എത്തിപ്പെടുന്ന ഒരു മാനസികസംഘര്‍ഷ മേഖലയാണ് വിഷാദം.

സ്‌നേഹസാന്ത്വനവാക്കുകള്‍ ലഭിക്കുവാനോ, നല്‍കുവാനോ സമയമോ സന്ദര്‍ഭമോ ലഭിക്കാത്ത യുവാക്കളും, കുട്ടികളും മധ്യവയസ്‌കരും സ്ത്രീകളും എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിഷാദത്തിനടിമപ്പെടുന്നവരാണ്.

കണക്കുകള്‍ പരതി നോക്കുമ്പോള്‍ 80 ശതമാനം പേരും ചികിത്സയ്ക്ക് എത്താറില്ല. അല്ലെങ്കില്‍ രോഗാവസ്ഥ ശ്രദ്ധിക്കാറില്ല.

കുട്ടികളാണെങ്കില്‍ സ്‌കൂളിലെയോ, മുതിര്‍ന്നവരെങ്കില്‍ ജോലി സംബന്ധമായതോ, വീട്ടിലെയോ, ജീവിതപങ്കാളിയുടെയോ, സാമ്പത്തികമായുള്ളതോ ആയ പ്രശ്‌നങ്ങള്‍, ചില രോഗങ്ങള്‍ പിടിപെടുന്നത് മൂലമുള്ള മാനസികവ്യതിയാനങ്ങള്‍, രക്തസമ്മര്‍ദം, ഉറക്കക്കുറവ്, കൊളസ്‌ട്രോള്‍ ഇവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം, അപ്രതീക്ഷിതമായ അപകടങ്ങള്‍ തുടങ്ങിയവ വിഷാദത്തിലേക്ക് വഴിതെളിക്കുന്നു.

എല്ലാത്തരം രോഗികളിലും ഏതു പ്രായത്തിലും വിഷാദാവസ്ഥ ഉണ്ടാകാം. യുവാക്കളില്‍ കണ്ടു വരുന്ന ടീന്‍ ഡിപ്രഷന്‍, ആര്‍ത്തവ വിരാമത്തില്‍ കണ്ടുവരുന്ന മെനോപോസ് ഡിപ്രഷന്‍, മറ്റു രോഗാവസ്ഥകളില്‍ കണ്ടുവരുന്ന ഡിപ്രഷന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

ലക്ഷണങ്ങള്‍ പലത്

  1. മാനസിക നിലയിലുള്ള വ്യതിയാനങ്ങള്‍
  2. അമിതമായി ഭക്ഷണം കഴിക്കുക
  3. ഉറക്കം, ആത്മഹത്യാ പ്രവണത
  4. തുടര്‍ച്ചയായി ഒരു വ്യക്തിയെ ശല്യപ്പെടുത്തുക
  5. സദാസമയം ദുഃഖിച്ചിരിക്കുക
  6. സദാ ചിന്താകുലനായിരിക്കുക
  7. ജീവിതത്തിലോ മറ്റുകാര്യങ്ങളിലോ പ്രതീക്ഷയില്ലാതിരിക്കുക
  8. നിസഹായനായി തോന്നുക
  9. ശ്രദ്ധയില്ലായ്മ, ഓര്‍മക്കുറവ്
  10. പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്
  11. ശാരീരിക മാനസിക ശക്തി ക്ഷയം
  12. അമിത ക്ഷീണം
  13. ഉറക്ക കുറവ്, രാവിലെ വളരെ നേരത്തെ ഉണരുക, അമിത ഉറക്കം
  14. വിശപ്പു കുറവ്, ഭാരക്കുറവ്
  15. ഭാരം കൂടുക
  16. ആത്മഹത്യയെ പറ്റിയുള്ള ചിന്തകള്‍, മരണത്തെക്കുറിച്ചുള്ള സംസാരം
  17. വിശ്രമമില്ലായ്മ, എല്ലാത്തിനോടും വെറുപ്പ്
  18. ചികിത്സിച്ചാലും ഫലം കാണാത്തതും കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസവുമായ തലവേദന, വയറു സംബന്ധമായ അവസ്ഥകള്‍, ദേഹ വേദനകള്‍, തുടങ്ങിയവ.

ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുക

മുകളില്‍ സൂചിപ്പിച്ച മാനസിക സമ്മര്‍ദ ലക്ഷണങ്ങളില്‍ അഞ്ചോ - ആറോ എണ്ണം രണ്ടാഴ്ച തുടര്‍ച്ചയായി ഒരു വ്യക്തി അനുഭവിക്കക്കുകയാണെങ്കില്‍ അത് വിഷാദരോഗമായി കണക്കാക്കാം.

സാധാരണ, രോഗിയുടെ കൂടെയുള്ളവരാണ് രോഗം കണ്ടുപിടിക്കാനും, ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടറെ സമീപിക്കുവാനും മുന്‍കൈ എടുക്കേണ്ടത്. വലിയ കുറ്റകൃത്യമോ, ആത്മഹത്യയോ മറ്റു അവിവേകങ്ങളോ സംഭവിക്കാതിരിക്കാന്‍ സഹായ ഹസ്തം നീട്ടേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

കാരണം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്കുപ്രകാരം ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളില്‍ 3-ാം സ്ഥാനമാണ് വിഷാദരോഗത്തിനുള്ളത്. ലോക ജനസംഖ്യയുടെ 19 ശതമാനവും വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

രോഗവിമുക്തി

'ധീ ധൈര്യ ആത്മാദി വിജ്ഞാനം 
മനോദോഷൌഷധം പരം' - അഷ്ടാംഗ ഹൃദയം 
ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം പറയുന്ന മാര്‍ഗങ്ങള്‍, നല്ലചിന്തകള്‍(ധീ), ധൈര്യം (മനസിന് - ഡോക്ടറുടെ പക്കല്‍ നിന്നോ രോഗിക്ക് സ്വയം തോന്നേണ്ടത്), ആത്മ സാക്ഷാത്കാരം (വിവിധ തരത്തിലുള്ള ഭക്തി മാര്‍ഗങ്ങള്‍ ഇതിനു സഹായിക്കുന്നു) ഇവയാണ്.

രോഗം സ്ഥിരീകരിച്ചാല്‍ അടുത്തഘട്ടത്തില്‍ പല രോഗികളിലും കാണുന്നത് ആരെ സമീപിക്കണം എന്ന ചിന്തയാണ്. സുഹൃത്തുക്കളോ, ഭാര്യയോ, മക്കളോ, അച്ഛനമ്മമാരോ അറിയാതെ സൈക്ക്യാട്രിസ്റ്റിനെയോ കാണാന്‍ പോകുവാന്‍ തീരുമാനിക്കുകയും, പിന്നീട് അതു മാറ്റി സ്വന്തം ചികിത്സാസൂത്രങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു.

ഔഷധപ്രയോഗം ആയുര്‍വേദത്തില്‍

വ്യക്തമായ കൗണ്‍സിലിംങ് തന്നെയാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെയും കൂടെയുള്ളവരുടെയും തുറന്ന സമീപനം ഉണ്ടെങ്കില്‍ താരതമ്യേന ചികിത്സയും എളുപ്പമാകുന്നു.

വിഷാദരോഗത്തിനോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്ഥ്യങ്ങളായ വിശപ്പു കുറവ്, ഭാരക്കുറവ്, അമിത വിശപ്പ്, ഭാരക്കൂടുതല്‍ തുടങ്ങിയവയ്‌ക്കെല്ലാം മരുന്നുകള്‍ നല്‍കിയും, മനസിന് ഉറപ്പ് നല്‍കുവാന്‍ സാത്വിക ഗുണം കൂടുവാനനുസൃതമായ ചിട്ടകളും ക്രമീകരണങ്ങളും ചെയ്യുക.

സാരസ്വതാരിഷ്ടം, മൃദ്വീകാദികഷായം, കല്യാണകം കഷായം, മഹാകല്യാണ കഷായം, മാനസമിത്രവടകം, ബ്രഹ്മിഘൃതം, അശ്വഗന്ധചൂര്‍ണം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം തുടങ്ങിയവയെല്ലാം അവസ്ഥാനുസരണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുതാണ്.

ചികിത്സകള്‍ നിത്യേന എണ്ണതേച്ചു കുളി

  1. തലയില്‍ ചന്ദനാദി എണ്ണ, ത്രിഫലാദി വെളിച്ചെണ്ണ, ക്ഷീരബലാതൈലം ഇവ തേയ്ക്കാം.
  2. കച്ചൂരാദി ചൂര്‍ണം ചന്ദനാദി എണ്ണയില്‍ ചേര്‍ത്ത് തലയില്‍ തളംവെയ്ക്കുന്നത് ചികിത്സാ രീതിയാണ്.
  3. നെറ്റിയില്‍ ചന്ദനം, കാവി, മലര് ഇവ പാലില്‍ പുഴുങ്ങി അരച്ച് തേയ്ക്കാം.
  4. ശിരോധാര സാധാരണയായി വിഷാദരോഗത്തിന് വളരെയധികം ഫലം തരുന്നു. പ്രത്യേക രീതിയില്‍ തൈലം ധാരയായി രോഗിയുടെ തലയില്‍ ഒഴുക്കുന്ന ചികിത്സയാണിത്.
  5. ശിരോവസ്തി (തലയില്‍ തൈലം നിര്‍ത്തുന്ന ചികിത്സാരീതി) തലപൊതിച്ചില്‍ (നെല്ലിക്ക, മുതലായവ അരച്ച് തലയില്‍ കെട്ടിവയ്ക്കുന്ന രീതി) എന്നിവ ഫലപ്രദമാണ്.
  6. തല കുളിക്കാനായി ഇരട്ടിമധുരം, നെല്ലിക്ക ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളം, ചന്ദനം, രാമച്ചം, ഇവയില്‍ ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കാം.

വ്യായാമം മുഖ്യഘടകമാണ്. ചിട്ടയായ വ്യായാമത്തിലൂടെ വിഷാദരോഗത്തെ ഒരുപരിധി വരെ നിയന്ത്രിക്കാം. യോഗ വിഷാദരോഗത്തിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്.

മനസിനെനിയന്ത്രിക്കാനും, സാത്വികഗുണം കൂടുവാനും യോഗ സഹായിക്കുന്നതാണ്. ധ്യാനം, പ്രാണായാമം, സൂര്യനമസ്‌ക്കാരം തുടങ്ങിയവ സ്വീകരിക്കാവുതാണ്.

വിഷാദരോഗം വരാതിരിക്കാന്‍

  1. കൃത്യമായ സമയങ്ങളില്‍ ഉറങ്ങുക, ഉണരുക
  2. ആയുര്‍വേദം നിഷ്‌കര്‍ഷിച്ച രീതിയിലുള്ള ദിനചര്യകള്‍ പാലിക്കുക. (നിത്യവും എണ്ണതേച്ചുള്ള കുളി-തലയിലും പാദത്തിലും ചെവിയിലും പ്രത്യേകിച്ച്)
  3. കൃത്യമായ ഇടവേളകളില്‍ വയറിളക്കല്‍, ദേഹാരോഗ്യം സംരക്ഷിക്കല്‍ ഇവ ചെയ്യുക
  4. രാജസീക പ്രധാനമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. മത്സ്യ-മാംസാദികള്‍, തൈര് , എരിവ്, പുളിതുടങ്ങിയവ.
  5. ഓഫീസ് കാര്യങ്ങള്‍ ഓഫീസിലും, വീട്ടുകാര്യങ്ങള്‍ വീട്ടിലും ചെയ്തു തീര്‍ക്കുക.
  6. അമിത ഉത്കണ്ഠ, ആവേശം ഇവ ഒഴിവാക്കുക.

ഗര്‍ഭം ഉണ്ടാവുമ്പോള്‍ തന്നെ ബുദ്ധി സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. മരണവും ജനനവും, സന്തോഷവും ദുഃഖവും ഒരുപോലെ കാണാന്‍ മനസിനെ പാകപ്പെടുത്തുക.

സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള ചര്യകള്‍ പാലിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വികലമായ അറിവുകള്‍ വച്ച് സ്‌കിസോഫ്രീനിയ(ഉന്മാദം), സൈക്കിക് ഡിസോര്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് ചികിത്സ ആരംഭിക്കാതെ വിഷാദരോഗം ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചികിത്സ തുടങ്ങുക.

അതും വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം. ആയുര്‍വേദ ശാസ്ത്രത്തിന്, വിഷാദരോഗ ചികിത്സയ്ക്ക് നല്‍കാന്‍ ഒരുപാടുണ്ട്. വിഷാദരോഗമോ സംശയമോ, മാനസിക പിരിമുറക്കമോ വന്നാല്‍ ഉടന്‍തന്നെ സംശയ ഭേദമന്യേ വിദഗ്ധ സേവനം സ്വീകരിക്കാവുതാണ്.

ചാത്തന്‍ സേവയും, മന്ത്രവാദവും, ജിന്നിനെ ഒഴിപ്പിക്കലും ഒന്നിനും പരിഹാരമല്ല എന്നോര്‍ക്കുക. അതിന്റെ പേരിലുണ്ടാകുന്ന പണനഷ്ടത്തിലും മാനഹാനിയിലും ചെന്നുപെടാതെ സൂക്ഷിക്കുക.

ഡോ. സന്ദീപ് കിളിയന്‍കണ്ടി
ചീഫ് കണ്‍സള്‍ട്ടന്റ്
ചാലിയം ആയുര്‍വേദിക്‌സ്, കോഴിക്കോട്

കഫദോഷങ്ങള്‍

 

ആയുര്‍വേദത്തില്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് രോഗാവസ്ഥയും ആരോഗ്യാവസ്ഥയും നിശ്ചയിക്കുന്നത്.

അതായത് സമാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നു. എന്നാല്‍ വികൃതാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ രോഗാതുരമാക്കുന്നു.

കുട്ടികളിലുണ്ടാകുന്ന കഫദോഷങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. ശൈശവത്തില്‍ തുടങ്ങി ഏറെ പഴക്കമുള്ള കഫദോഷങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടാം. എന്നാല്‍ ആയുര്‍വേദ വിധി പ്രകാരം ഇവയ്‌ക്കെല്ലാം പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ മൂലമുള്ള കഫദോഷങ്ങളും തിരിച്ചറിയേണ്ടതാണ്. ആയുര്‍വേദത്തില്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് രോഗാവസ്ഥയും ആരോഗ്യാവസ്ഥയും നിശ്ചയിക്കുന്നത്. അതായത് സമാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നു. എന്നാല്‍ വികൃതാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ രോഗാതുരമാക്കുന്നു.

ദോഷങ്ങളുടെ സ്ഥാനം

ദോഷങ്ങള്‍ക്ക് ശരീരത്തില്‍ ചില പ്രത്യേക സ്ഥാനങ്ങളുണ്ട്. കഫദോഷത്തിന്റെ സ്ഥാനം ഉരസ് (നെഞ്ച്), തല, കഴുത്ത്, സന്ധികള്‍, ആമാശയത്തിന്റെ മുകള്‍ഭാഗം, മേദസ് (കൊഴുപ്പ്) എന്നിവയാണ്.

ഇതില്‍ പ്രധാന സ്ഥാനം ഉരോഭാഗമാണ്. അതുകൊണ്ട് തന്നെ ശ്വാസം, കാസം എന്നീ രോഗങ്ങള്‍ ഉരസിനെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്.

ഋതുക്കള്‍ക്ക് ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളെ നിയന്ത്രിക്കുന്നതില്‍ പങ്കുണ്ട്. വസന്തഋതു (ഫാല്‍ഗുനം, ചൈത്രം - ഫെബ്രുവരി പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ) വിലാണ് കഫകോപം പ്രകടമാകുന്നത്.

ഈ സമയത്ത് കഫശമനമായ തിക്ത, കടു, കഷായരസങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം. വസന്തഋതുവില്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന ആഹാരസാധനങ്ങള്‍, തണുത്ത ഭക്ഷണം, പകലുറക്കം, നെയ്യ്, എണ്ണ തുടങ്ങിയ സ്‌നിഗ്ദ പദാര്‍ഥങ്ങള്‍, അമ്ലമധുര രസ പ്രധാനമായ ഭക്ഷണങ്ങള്‍ എന്നിവ വര്‍ജ്ജിക്കേണ്ടതാണ്.

കഫത്തിന്റെ ശരിയായ സ്ഥിതിയിലുള്ള പ്രവര്‍ത്തനം ആരോഗ്യത്തെക്കുറിക്കുന്നു. ശരീരത്തിലെ എല്ലാ കലകളെയും ധരിക്കുന്നു. ശരീരത്തെയും മനസിനെയും ആയാസരഹിതമായി പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്നു.

കുട്ടികള്‍ക്കുണ്ടാകുന്ന കഫദോഷങ്ങള്‍

ബാല്യാവസ്ഥയില്‍ തന്നെ കഫകോപം സംഭവിക്കാം. കുട്ടികളുടെ അടിസ്ഥാന പ്രകൃതി കഫപ്രകൃതമാണ്. മുലപ്പാലിന്റെ രൂപത്തില്‍ ആദ്യം ലഭിക്കുന്ന മധുരരസം ശരീര പ്രകൃതിക്ക് അനുകൂലമാണ്. രസാദിസപ്തധാതുക്കള്‍ക്കും മധുരരസം പുഷ്ടിയുണ്ടാക്കും.

ആയുസിനെ വര്‍ധിപ്പിക്കുന്നതും ജീവനീയവും സ്‌നിഗ്ധവുമാണിത്. വാതപ്പിത്തങ്ങളെ ശമിപ്പിക്കുകയും ചെയ്യും. എന്നാല്‍ മധുര രസത്തിന്റെ അതിയായ ഉപയോഗം അമിതവണ്ണം, ദഹനക്കുറവ്, പ്രമേഹം, ഗളഗണ്ഡം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

ഈ രോഗങ്ങളെല്ലാം തന്നെ കഫത്തിന്റെ ദുഷിതാവസ്ഥ കൊണ്ടാണ് ഉണ്ടാകുന്നത്. കൃത്രിമ ആഹാരപദാര്‍ഥങ്ങള്‍, ടിന്‍ ഫുഡ്, പശുവിന്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ചോക്ലേറ്റ്, ഐസ്‌ക്രീം, മധുരപാനീയങ്ങള്‍, എന്നിവ കുട്ടികളില്‍ കഫദുഷ്ടിയുണ്ടാക്കുന്നു.

സ്‌കൂള്‍ കുട്ടികളിലെ തെറ്റായ ഭക്ഷണരീതികള്‍, വേണ്ടത്ര വ്യായാമമില്ലായ്മ, ദീര്‍ഘനേരം ടിവി കാണുന്നത്, ദീര്‍ഘനേരത്തെ പഠനം, ഇടനേരങ്ങളിലെ സ്‌നാക്‌സ്, ജങ്ക്ഫുഡ്, ശരീരം വിയര്‍ക്കാതെയുള്ള ഇരിപ്പ് എന്നിവ കഫദുഷ്ടി ഉണ്ടാക്കുന്നു.

അമ്മയുടെ മുലപ്പാല്‍ കഫദുഷ്ടമായാല്‍ ഉപ്പുരസമുള്ളതും വഴുവഴുപ്പുള്ളതുമായിരിക്കും. മുലപ്പാല്‍ വെള്ളത്തിലൊഴിച്ചാല്‍ താഴ്ന്നുപോകുന്ന അവസ്ഥയായിരിക്കും. കുഞ്ഞിന് എപ്പോഴും ഉറക്കം, വായില്‍നിന്നും വെള്ളം ഒലിക്കല്‍, വയറു വീര്‍ക്കല്‍, വയറുവേദന, മുലപ്പാല്‍ കുടിച്ചാല്‍ ഉടന്‍ ഛര്‍ദിക്കുക, വിളറിയ കണ്ണുകള്‍ എന്നിവയും ഉണ്ടാകാം.

അനവസരങ്ങളിലും അമിത അളവിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലോ മറ്റ് ആഹാരങ്ങളോ നിര്‍ബന്ധിച്ച് നല്‍കുന്നത് കഫക്കെട്ട്, ഛര്‍ദ്ദി, അതിസാരം, ഗ്രഹണി തുടങ്ങിയ ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായേക്കാം. 

മുലപ്പാലിനു പകരമായി നല്‍കുന്ന കൃത്രിമ പാല്‍പ്പൊടികളും ഭക്ഷ്യസാധനങ്ങളും ദഹനക്കേടിന് കാരണമാകും. ഇത്തരം ആഹാരസാധനങ്ങളില്‍ അധിക അളവില്‍ പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, ഉപ്പ്, കേടുവരാതിരിക്കാനുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് ദഹനശക്തിയും രോഗപ്രതിരോധശേഷിയും ഉണ്ടാകാനുള്ള നിരവധി പ്രയോഗങ്ങള്‍ ആയുര്‍വേദ സംഹിതകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ആയുര്‍വേദ സിദ്ധാന്തപ്രകാരം വാതം, പിത്തം, കഫം എന്നിവയുടെ സമാവസ്ഥ ശരീരസന്തുലനത്തിന് അത്യന്താപേക്ഷിതമാണ്.

ബാലഗ്രഹണി

അമിത ഭക്ഷണം, അപഥ്യഭക്ഷണം, ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം, കൃമികള്‍ വര്‍ധിക്കുവാന്‍ ഇടയാക്കുന്ന സ്‌നിഗ്ധത ഒട്ടും ഇല്ലാത്ത രൂക്ഷതയേറിയ ഭക്ഷണരീതി, ദുഷിച്ച മുലപ്പാല്‍ കുടിക്കുക എന്നിവ ബാലഗ്രഹണിക്കുള്ള രോഗകാരണമാണ്.

മലശോധന

മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് സാധാരണ രീതിയില്‍ ദിനം പ്രതി നാല് തവണയെങ്കിലും മലശോധനയുണ്ടാകുന്നതാണ്. അമ്മയുടെ പാല്‍ ദുഷിച്ചതാണെങ്കില്‍ കുഞ്ഞിനു മലബന്ധം ഉണ്ടാകുന്നതാണ്. വയറുവീര്‍പ്പ്, വയറ്റില്‍ വേദന, മൂത്രതടസം എന്നിവയും ഉണ്ടാകാം.

ശ്വാസരോഗം

അഞ്ചു വിധത്തിലുള്ള ശ്വാസങ്ങളാണ് പ്രധാനമായും ആയുര്‍വേദ വിധിപ്രകാരം പറയുന്നത്. ക്ഷുദ്രശ്വാസം, തമകശ്വാസം, ഛിന്നശ്വാസം, മഹാശ്വാസം, ഊര്‍ദ്ധശ്വാസം എന്നിവയില്‍ തമകശ്വാസം (ആസ്ത്മ) ഇതില്‍ പ്രധാനപ്പെട്ട രോഗാവസ്ഥയാണ്്. കാസവൃദ്ധികൊണ്ട് ശ്വാസരോഗങ്ങള്‍ ഉണ്ടാകുന്നു. അതിസാരം, ഛര്‍ദി, വിഷം, പാണ്ഡ് രോഗം, ജ്വരം എന്നിവകൊണ്ടും പൊടി, പുക, തണുത്ത കാറ്റേല്‍ക്കുക, മര്‍മ്മസ്ഥാനങ്ങളില്‍ ആഘാതമേല്‍ക്കുക, തണുത്ത ഭക്ഷണം, പാനീയം എന്നിവ കഴിക്കുക തുടങ്ങിയവയാണ് ശ്വാസരോഗങ്ങള്‍ക്ക് കാരണം.

കഫദുഷ്ടി കാരണമുണ്ടാകുന്ന രോഗാവസ്ഥ

  1. രസവഹസ്രോതോദുഷ്ടി കാരണം ശരീരത്തിന്റെ ഉപാപജയ നിരക്ക് (മെറ്റബോളിസം) കുറയുന്നു.
  2. അമിത വണ്ണം (അഡിപ്പോസ് ടിഷ്യൂ) ഉണ്ടാകുന്നു.
  3. കഫദോഷജ വികാരങ്ങളുണ്ടാകാം.
  4. ശ്വാസകോശരോഗങ്ങള്‍
  5. അലര്‍ജി, കഫരോധം.
  6. വയറില്‍ ആമാവസ്ഥ (വിശപ്പില്ലായ്മ, ദഹനക്കുറവ്).
  7. കഫത്തിന്റെ ശരീരത്തിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍ മടി, ക്ഷീണം എന്നിവ ഉണ്ടാകുന്നു.
  8. ചര്‍മ്മത്തിലെ എണ്ണമയം കൂടുതലാകുക.
  9. സൈനസൈറ്റിസ്
  10. തലയ്ക്ക് ഭാരം തോന്നുക.
  11. നീര് വരിക, വലിവ്, ഉറക്കക്കൂടുതല്‍.
  12. തമക ശ്വാസം (ആസ്ത്മ) എന്നിവ കഫദുഷ്ടി കാരണം ഉണ്ടാകുന്ന പ്രധാന രോഗാവസ്ഥകളാണ്.

ഭക്ഷണത്തില്‍ പാലിക്കേണ്ടത്

  1. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ആഹാരത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ആഹാരത്തില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തണം.
  2. എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.
  3. നാര് കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുക.
  4. ലഘുവ്യായാമങ്ങള്‍ ചെയ്യുക.

കഫത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍

കഫത്തിന്റെ ശരിയായ പ്രവര്‍ത്തനം ശരീരഭാരം, വളര്‍ച്ച, സന്ധിബന്ധങ്ങള്‍, ശ്വാസകോശം എന്നിവയുടെ നിയന്ത്രണത്തിനും വിധേയമാകും.

ശരീരത്തിലെ സപ്ത ധാതുക്കള്‍, പോഷകരസം, രക്തം, മേദസ്, മാംസം, അസ്ഥി, മജ്ജ, ശുക്ലം എന്നിവയെല്ലാം കഫത്തില്‍നിന്നും ഉണ്ടാകുന്നു. കഫത്തിന്റെ ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.

  1. ശരിയായ വ്യായാമം, ഉദ്വര്‍ത്തനം( പൊടി ഉഴിച്ചില്‍, മസാജ് ), കഫശമന ഔഷധി എണ്ണ തേപ്പ് എന്നിവയിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുക.
  2. പുതിയ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവയാല്‍ തയ്യാറാക്കപ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുക.
  3. എണ്ണമയം കൂടുതലുള്ളതും തണുത്തതും മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ അമിതമായി അടങ്ങിയതുമായ ഭക്ഷണം( തൈര്, തണുത്തപാനിയങ്ങള്‍) ഒഴിവാക്കണം.
  4. എരിവ്, കയ്പ്പ് കഷായ രസങ്ങളാണ് കഫത്തെ കുറയ്ക്കാന്‍ ഉത്തമം.
  5. തണുപ്പ് കാലത്ത് ചൂട് കാലാവസ്ഥയുള്ള സ്ഥലത്ത് താമസിക്കുക. തണുപ്പിനെ തടയുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
  6. രാത്രി നേരത്തെ ഉറങ്ങുക. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക.
  7. പുതിയ അനുഭവങ്ങള്‍, കാഴ്ച, സ്വരം, സുഗന്ധങ്ങള്‍ എന്നിവയിലൂടെയുള്ള ഉത്തേജനം.
  8. ഉരസ്, ശിരസ് എന്നിവ കഫസ്ഥാനങ്ങളും ശൈശവവും മധ്യകാലവും കഫകാലവുമാണ്. ശൈശവ ഘട്ടത്തില്‍ കഫസംബന്ധമായ രോഗങ്ങളായ നീര്‍വീഴ്ച, പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ കൂടുതലായി കാണാം.
  9. ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ കഫകോപം ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം.
  10. തണുപ്പു കാലത്ത് കഫകോപവും ചൂടുകാലത്ത് കഫശമനവും ഉണ്ടാകുന്നു. വളരെ പഴക്കംചെന്ന കഫക്കെട്ടുള്ളവര്‍ക്ക് നൂലു പോലെ കട്ടിയുള്ള സ്രാവം മൂക്കില്‍നിന്നുണ്ടാകാം. തുമ്മല്‍, തലയ്ക്കു ഭാരം, കണ്ണിനടിയില്‍ വീര്‍പ്പ്, ചെവിയടപ്പ്, തലവേദന, ശ്വാസംമുട്ടല്‍, കിതപ്പ്, ശ്വാസം വലിക്കുമ്പോള്‍ ചൂളം വിളിപോലുള്ള ശബ്ദം എന്നിവ ലക്ഷണങ്ങളാണ്.

കഫശമന പ്രയോഗങ്ങള്‍

  1. പനിക്കൂര്‍ക്കയില വാട്ടി പിഴിഞ്ഞ നീര്, തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളിലെ കഫക്കെട്ടിനു ഉത്തമപരിഹാരമാണ്.
  2. ചൂടുപാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിക്കുന്നത് അലര്‍ജി, ഈസ്‌നോഫിലിയ എന്നിവയ്ക്ക് ഫലപ്രദമാണ്.
  3. ചെറിയ കുട്ടികളിലെ കഫം കൊണ്ടുള്ള മൂക്കടപ്പിനു കുറുന്തോട്ടിവേര്, മുത്തങ്ങക്കിഴങ്ങ് പുളിഞരമ്പ്, അരത്ത എന്നിവ ശീലപ്പൊടിയാക്കി മുലപ്പാലില്‍ കുഴച്ച് തുണിയില്‍ തേച്ച് മൂര്‍ദ്ധാവില്‍ വയ്ക്കുക.
  4. തുളസിയില നീര് തേന്‍ ചേര്‍ത്ത് കഴിക്കുക.
  5. ജലദോഷം, തൊണ്ടവേദന, എന്നിവയുണ്ടായാല്‍ തുളസിയിലയും കരുപ്പെട്ടിയും കുരുമുളകും ചേര്‍ത്ത് തുളസിക്കഷായം ഉണ്ടാക്കി കുടിക്കുക.
  6. ചുക്ക് കാപ്പി, തുളസിക്കാപ്പി എന്നിവ ഉത്തമം.
  7. ദീപനപാചന ഔഷധങ്ങള്‍ : അഷ്ടചൂര്‍ണം, പഞ്ചകോലചൂര്‍ണം, കാച്ചിയ മോര്്, ചുക്കുമല്ലി ഇട്ടു വെന്ത വെള്ളം എന്നിവ ഉപയോഗിക്കുന്നത് രോഗം അകറ്റും.
  8. തേനിന്റെ ഉപയോഗം, ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഗ്രാമ്പൂ, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ കഫശമനമാണ്.
  9. മലര്‍, ബാര്‍ളി, ഉലുവ, മുതിര തുടങ്ങിയവ കഫനാശകങ്ങളാണ്. യോഗാസനം, ശ്വസനവ്യായാമങ്ങള്‍ തുടങ്ങി പ്രാണവായുവിന് ആനുലോമ്യം ഉണ്ടാക്കുന്ന ശീലങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുക.ഇന്നത്തെ സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍, പഠനഭാരം വര്‍ധിച്ചതും മാനസികസമ്മര്‍ദവും ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ സ്വാധീനവും കുട്ടികളില്‍ ശാരീരികവ്യായാമം കുറച്ചിട്ടുണ്ട്.

നടത്തം, സൈക്ലിങ്, നീന്തല്‍, ബാട്മിന്റണ്‍ എന്നിങ്ങനെ ശരീരം നന്നായി വിയര്‍ക്കത്തക്ക രീതിയില്‍ ദിവസവും അരമണിക്കൂര്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുവാനും ദേഹം വിയര്‍ക്കുന്നതിനും അതിലൂടെ ശ്വാസകോശങ്ങളുടെ സങ്കോച വികാസ ക്ഷമത നന്നായി കൂടുന്നതിനും സഹായകമാകും. ദഹനശക്തി വര്‍ധിക്കുകയും ശ്വാസകോശങ്ങളില്‍ കഫം അടിഞ്ഞു കൂടാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ലഘുവായ സമീകൃതാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  2. വ്യായാമം ശീലമാക്കുക.
  3. കൃത്യമായ മലശോധന
  4. നല്ല ഉറക്കം
  5. മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുക.
  6. അന്നജം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  7. അരിയരച്ചുള്ളതും ആവിയില്‍ പുഴുങ്ങിയ ആഹാരം( ഇഡ്ഡലി, ഇടിയപ്പം) എന്നിവ കഴിക്കുന്നത് കഫരോഗങ്ങള്‍ക്ക് ഉത്തമമാണ്.
  8. ഗോതമ്പ്, ബ്രെഡ് എന്നിവ ദിവസവും കഴിക്കുന്നത് കഫവര്‍ദ്ധന ഉണ്ടാക്കും.
  9. അവല്‍ വിളയിച്ചത്, ഉഴുന്ന് കഫ വര്‍ദകമാണ്.

ശിശുരോഗങ്ങള്‍

 

രോഗമകറ്റാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ദിനചര്യ ഋതുചര്യ, സദ് വൃത്തങ്ങള്‍ തുടങ്ങിയവയും കുട്ടിക്കാലം മുതല്‍ തന്നെ ശീലിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിനു ഇത് ഏറെ പ്രയോജനം ചെയ്യും.

കുട്ടി ആരോഗ്യത്തോടെ പിറക്കാനും വളരാനുമുള്ള ശ്രദ്ധ ഗര്‍ഭകാലത്തോ അതിനു മുന്‍പ് തന്നെയോ തുടങ്ങിയിരിക്കണം. ഭാരതത്തിന്റെ പ്രധാനപ്പെട്ട ഷോഡശ സംസ്‌ക്കാര (16 സംസ്‌കാരങ്ങള്‍) ത്തില്‍ ആദ്യത്തേതും ഇതു തന്നെയാണ് ഉദ്ദേശിക്കുന്നത്.

ശുക്ലാര്‍ത്തവദോഷങ്ങളൊക്കെ അകറ്റി, ശുദ്ധവും സ്വസ്ഥവുമായ ശരീരത്തോടും മനസോടുമുള്ള പുരുഷനും സ്ത്രീയും അന്യോന്യം അനുരക്തരായി, അനുയോജ്യമായ ഋതുവില്‍ സംയോഗം നടന്നുണ്ടാകുന്ന ഗര്‍ഭം ശ്രേഷ്ഠമായിരിക്കും. ഗര്‍ഭിണീ പരിചര്യയും പ്രസവാനന്തര ശുശ്രൂഷയും കുഞ്ഞിന്റെ ആരോഗ്യത്തെയും ലക്ഷ്യം വച്ചുള്ളതാകുന്നു.

ബാല ചികിത്സ രണ്ടുവിധം

  1. രോഗങ്ങള്‍ക്കുള്ള ചികിത്സയും
  2. രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രായോഗിക കാര്യങ്ങളും.

രോഗപ്രതിരോധ വഴികള്‍

മൂന്നു വിധത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ ശക്തി ലഭിക്കുന്നതെന്ന് ആയുര്‍വേദ സംഹിതകള്‍ പറയുന്നു. സഹജബലം (ജന്മനാ ലഭിക്കുന്നത്), കാലജബലം (കാലാവസ്ഥകളുടെ ആനുകൂല്യം കൊണ്ട് ലഭിക്കുന്നത്, ആര്‍ജ്ജിത ബലം (പ്രത്യേക ഔഷധങ്ങള്‍, ആഹാരം, വ്യായാമം, ഇവയുടെ യുക്ത പൂര്‍ണമായ ഉപയോഗത്താല്‍ നേടിയെടുക്കുന്നത്).

ബാലചികിത്സ ഗ്രന്ഥമായ 'ആരോഗ്യ കല്പദ്രുമം' എന്ന ഗ്രന്ഥത്തിലെ 'പ്രകാരയോഗം' എന്ന അധ്യായത്തില്‍ ജനനം മുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള വിവിധ രോഗങ്ങളെ തടയുന്നതിനുള്ള ഔഷധയോഗങ്ങള്‍ പറയുന്നു.

വളര്‍ച്ചയുടെ ഓരോ മാസത്തിലും ആദ്യത്തെ ഏഴുദിവസം കഴിക്കേണ്ട വിധത്തിലുള്ള യോഗങ്ങളാണിവ. അതായത് ഒന്നാം വര്‍ഷത്തില്‍ ഒന്നാം മാസത്തിലെ ആദ്യ ഏഴുദിവസം, രണ്ടാം മാസത്തിലെ ആദ്യ ഏഴുദിവസം എന്നിങ്ങനെ പതിമൂന്നു വയസുവരെയുള്ള തരത്തില്‍ പ്രത്യേകമായി പറഞ്ഞിരിക്കുന്നു.

രോഗമകറ്റാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ദിനചര്യ ഋതുചര്യ, സദ് വൃത്തങ്ങള്‍ തുടങ്ങിയവയും കുട്ടിക്കാലം മുതല്‍ തന്നെ ശീലിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിനു ഇത് ഏറെ പ്രയോജനം ചെയ്യും.

പൊതുവായ രോഗങ്ങള്‍ക്കുള്ള ചികിത്സ

  1. പനി : മുലപ്പാല്‍ ദുഷിക്കുന്നതു മൂലമുള്ള പനി മാറാന്‍ അമ്മയാണ് മരുന്നു കഴിക്കേണ്ടത്. (പാഠാദി കഷായം, വചാദി കഷായം, ഹരിദ്രാദി കഷായം എന്നിവ)
  2. കുട്ടികളില്‍ പനിയുടെ തുടക്കത്തില്‍ ആഹാരപാചനത്തെ സഹായിക്കുന്ന ഔഷധങ്ങള്‍ കൊടുത്ത് കഫത്തെ ശമിപ്പിച്ചതിനു ശേഷം ഇന്ദുകാന്തഘൃതം കൊടുക്കാവുന്നതാണ്. പാചനത്തിനായി ആദ്യം അമൃതാദി കഷായം, അമൃതാരിഷ്ടം, ഷട്ധരണ കഷായം ഇവ കൊടുക്കാം. അടുത്ത ഘട്ടത്തില്‍ രജത്യാദിചൂര്‍ണംകൊടുക്കാം.
  3. അണുബാധ മൂലമുണ്ടാകുന്ന മെനിഞ്ചൈറ്റിസ്, പോളിയോ തുടങ്ങിയ രോഗങ്ങളിലും തുടക്കത്തില്‍ പനിയാണ് പ്രധാന രോഗലക്ഷണം. ഇവ വരാതിരിക്കാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കണം.

പിടിപെട്ടാല്‍ രോഗത്തെ അകറ്റാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. കഷായം, കഷായധാര, മരുന്നുകള്‍,രജന്യാദിചൂര്‍ണം, അഷ്ടചൂര്‍ണം തുടങ്ങിയ പലവിധ യോഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

കൃമിയും വിരശല്യവും

അഷ്ടചൂര്‍ണം മോരില്‍ ചേര്‍ത്ത് ഒരാഴ്ച തുടര്‍ച്ചയായി ആഹാരത്തിനു ശേഷം കൊടുത്താല്‍ വിരശല്യം കുറയുന്നതാണ്്. അഷ്ടചൂര്‍ണം, കൃമിഘ്‌നാദികഷായം, വിഡംഗാരിഷ്ടം, രജന്യാദിചൂര്‍ണം, അരവിന്ദാസവം, ലക്ഷാദികഷായം എന്നിവയും അവസ്ഥാനുസരണം ഉപയോഗിക്കുന്നു.

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതുകൊണ്ടാണ് വിളര്‍ച്ചയെങ്കില്‍ യുക്തമായ ആഹാരക്രമത്തോടൊപ്പം ദ്രാക്ഷാദികഷായം, ദ്രാക്ഷാരിഷ്ടം, വ്യോഷാദി കഷായം, ലോഹാസവം, കല്യാണഘൃതം തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നു.

ഉദരരോഗങ്ങള്‍

വയറിളക്കം:

പിപ്പല്യാസവം ദാഡിമാഷ്ടകചൂര്‍ണം, രജന്യാദി ചൂര്‍ണം എന്നിവ അവസ്ഥാനുസരണം ഉപയോഗിക്കുന്നു. വയറിളക്കം വരുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം വരാതിരിക്കാന്‍ മലര്‍വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇത് സ്പൂണില്‍ അല്‍പ്പമെടുത്ത് കുറച്ചു വീതം നല്‍കുക.

പാഠാദി ഗുളിക, വില്വാദി ഗുളിക, കൈഡര്യാദി കഷായം എന്നിവയും ഉപയോഗപ്പെടുത്താം. വയറിളക്കത്തോടൊപ്പം ഛര്‍ദിയുണ്ടെങ്കില്‍ ഉപ്പിട്ട മലര്‍വെള്ളം കൊടുക്കണം. ഔഷധമായി വില്വാദി ഗുളികയും വില്വാദി ലേഹ്യവും കൊടുക്കാം. ലഘുവായ ആഹാരം മാത്രമേ കൊടുക്കാവൂ.

ഗ്രഹണി:

ഗ്രഹണി ബാധിച്ച കുട്ടികള്‍ എന്തു കഴിച്ചാലും ഉടന്‍ വയറ്റില്‍നിന്നും പോകും. അതുകൊണ്ടു തന്നെ ശരീരം മെലിഞ്ഞിരിക്കും. ഈ അവസ്ഥയില്‍ രജന്യാദി ചൂര്‍ണം, ദാഡിമാഷ്ടക ചൂര്‍ണം, തിപ്പല്യാദി ഗുളിക, മുസ്താരിഷ്ടം, അരവിന്ദാസവം, അഷ്ടാക്ഷരി ഗുളിക എന്നിവ രോഗത്തിന്റെ അവസ്ഥ അനുസരിച്ച് നല്‍കാം.

വയറു വേദന:

വയറുവേദനയുടെ യഥാര്‍ഥ കാരണം മനസിലാക്കി മാത്രമേ ചികിത്സ തുടങ്ങാവൂ. ദഹനക്കേടുകൊണ്ടുണ്ടാകുന്ന വയറുവേദനയ്ക്ക് പിപ്പല്യാസവവും അഷ്ടചൂര്‍ണവും രജന്യാദി ചൂര്‍ണവും ഉപയോഗപ്പെടുത്താം. അഷ്ടചൂര്‍ണം ചൂടുവെള്ളത്തില്‍ കലര്‍ത്തി കൊടുക്കാം.

ചര്‍മ്മരോഗങ്ങള്‍:

രക്തശുദ്ധി ഉണ്ടാക്കുക, വ്രണം കരിയിക്കുക, രോഗം പടരാതിരിക്കുക, നല്ല നിറം നല്‍കുക തുടങ്ങിയവയാണ് ആയുര്‍വേദ മരുന്നുകളുടെ പ്രയോജനം. പടോലാദി കഷായം, തിക്തകം കഷായം, ഗോപീചന്ദതാദി ഗുളിക, ശോണിതാമൃതം, ഗുളുച്യാദി അശ്വഗന്ധാരിഷ്ടം, ചെമ്പരത്യാദികേരം, ഏലാദി കേരം, നാല്‍പാമരാദി തൈലം തുടങ്ങിയവ ഉപയോഗിക്കുക.

വ്രണങ്ങള്‍ കരിയാനും അത് പടരാതിരിക്കാനുമായി ഔഷധവെള്ളം കൊണ്ട് കഴുകുക. നാല്‍പാമരം, തെച്ചിപൂവ്, കണിക്കൊന്ന തൊലി, വേപ്പിന്‍ തൊലി എന്നിവയുടെ കഷായം കൊണ്ട് കഴുകുന്നതും നല്ലതാണ്.

ആസ്ത്മ:

കഫം ദുഷിച്ച് ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണന്‍, ഉദാനന്‍ തുടങ്ങിയ വായുവിനെ തടസപ്പെടുത്തുമ്പോഴാണ് ആസ്ത്മ ഉണ്ടാകുന്നത്. പൊതുവേ ശ്വാസകോശരോഗങ്ങള്‍ക്ക് ദശമൂല കടത്രയം കഷായം, ദശമൂല രസായനം, അമൃതാരിഷ്ടം, ഇന്ദുകാന്തഘൃതം, അഗസ്ത്യരസായനം, കൂശ്മാണ്ഡ രസായനം, വാസാരിഷ്ടം, കനകാസവം, ശ്വാസാനന്ദം ഗുളിക ഇവ കൊടുക്കാം.

വള്ളിപ്പാലയുടെ ഇല ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും ആടലോടകത്തിന്റെ പൂവ് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിക്കുന്നതും ആസ്ത്മയ്ക്ക് നല്ലതാണ്. ആസ്ത്മ ഉള്ളപ്പോള്‍ കഴിക്കുന്നതിനേക്കാള്‍ വന്നശേഷം മരുന്ന് കഴിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് വേണ്ടത്.

ശമന ചികിത്സകള്‍

പഞ്ചകര്‍മ്മപ്രധാനമായ ശോധനചികിത്സയും സ്‌നേഹപാനവും മറ്റു ശമനൗഷധങ്ങളും പ്രയോഗിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ നിരന്തരവും സ്‌നേഹപൂര്‍ണവുമായ ശ്രദ്ധയും കരുതലും പ്രോത്സാഹനവും ആവശ്യമായ അവസ്ഥയാണിത്.

ശംഖുപുഷ്പത്തിന്റെ വേര് അരച്ച് പശുവിന്‍ പാലില്‍ സേവിക്കുക, ഇരട്ടിമധുരം പൊടിച്ച് നെയ് കുമ്പളങ്ങ നീരില്‍ സേവിക്കുക, തിപ്പലി, ഇരട്ടിമധുരം, മുന്തിരിങ്ങപ്പഴം ഇവ തേനും നെയ്യും പഞ്ചസാരയും ചേര്‍ത്തരച്ച് രാവിലെ സേവിക്കുക.

ദ്രാക്ഷാസമംഗാദി കഷായം, അഭീരുമൂലാദി കഷായം, സോമവല്യാദി കഷായം, ദ്രാക്ഷാമധുകാദി കഷായം, എന്നിവയും ഉപയോഗപ്പെടുത്തുന്നു.

ബ്രഹ്മി, വയമ്പ്, രുദ്രാക്ഷം, ജടാമാഞ്ചി, സാരസ്വതാരിഷ്ടം, അശ്വഗന്ധാരിഷ്ടം, ബ്രഹ്മീഘൃതം, കല്യാണലേഹം തുടങ്ങിയവ ബുദ്ധിമാന്ദ്യമുള്ള അവസ്ഥയില്‍ ഉപയോഗിക്കുന്നു.

വളരെ സാധാരണയായി കാണപ്പെടുന്ന ചില രോഗാവസ്ഥകള്‍ മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ. എന്നിരുന്നാലും രോഗത്തിന്റെ മൃദുതീവ്ര അവസ്ഥകളും രോഗിയുടെ പ്രായം, തൂക്കം, ദേഹ അഗ്നി ബലം തുടങ്ങി നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ചികിത്സകള്‍ മാത്രമേ പ്രയോഗിക്കാവൂ. സ്വയം ചികിത്സ പാടില്ല.

കുട്ടികള്‍ ഒരു വരദാനമാണെന്നും അവരെ വളര്‍ത്തുകയെന്നത് ദൈവീകമായ ഒരു നിയോഗമാണെന്നും മനസ്സിലാക്കി ക്ഷമയോടെയും സന്തോഷത്തോടെയും ശാസ്ത്രീയമായും അവരെ സമീപിക്കാന്‍ കഴിയണം.

എല്ലാ കുട്ടികളും മിടുക്കരായാണ് ജനിക്കുന്നത്. നമുക്കവരെ മിടുമിടുക്കരാക്കി മാറ്റാനാകും. അവരുടെ ആഹാര വിഹാരങ്ങളും ശാസ്ത്രീയമായ അറിവോടെ ആയാല്‍ ശാരീരികക്ഷമതയുള്ള ബൗദ്ധിക ഉയര്‍ച്ചയുള്ള കുഞ്ഞുങ്ങളെ നമ്മുടെ സ്വന്തമെന്നു വിശേഷിപ്പിക്കുവാന്‍ നമുക്കാവും.

ഡോ. സതി കെ.യു
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
ആയുര്‍വേദ ഫാര്‍മസി, കോളാപ്പിള്ളി, വെണ്ണല

നവജാത ശിശുക്കള്‍ക്ക് ആയുര്‍വേദം

 

കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ പടവിലും ആരോഗ്യകരമായ ഭാവിക്കായി അവനെ ഒരുക്കിയെടുക്കണം. രോഗങ്ങളുടെ വലയില്‍ അകപ്പെടാതെ 
പ്രതിരോധശക്തിയുള്ളവരാക്കി അവരെ മാറ്റേണ്ടത് അമ്മമാരാണ്.

പുതിയ ലോകത്തിലേക്ക് പിറന്നു വീഴുന്ന കണ്മണിയെ ആ ചിട്ടവട്ടങ്ങള്‍ക്കനുസൃതമായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ പടവിലും ആരോഗ്യകരമായ ഭാവിക്കായി അവനെ ഒരുക്കിയെടുക്കണം.

രോഗങ്ങളുടെ വലയില്‍ അകപ്പെടാതെ പ്രതിരോധശക്തിയുള്ളവരാക്കി അവരെ മാറ്റേണ്ടത് അമ്മമാരാണ്. പോഷക സമൃദ്ധമായ ആഹാരത്തിനൊപ്പം കുഞ്ഞിന്റെ ജീവിതരീതിയിലും കരുതല്‍ ആവശ്യമാണ്.

രോഗങ്ങള്‍

ബാലാരിഷ്ടതകള്‍ എന്നറിയപ്പെടുന്ന ഒരുകൂട്ടം രോഗങ്ങളുണ്ട്. അഞ്ചാംപനി, ആസ്ത്മ, കണ്ഠരോഗങ്ങള്‍, വില്ലന്‍ചുമ, മുണ്ടിനീര്, കരപ്പന്‍, മസ്തിഷ്‌ക്കാവരണശോഷം, പോളിയോ തുടങ്ങിയവ.

ഇവ യഥാസമയം കണ്ടെത്താനും ചികിത്സിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കാരണം കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പെട്ടെന്നുതന്നെ ഗുരുതരാവസ്ഥയില്‍ എത്തിച്ചേര്‍ന്നേക്കാം. അസാധാരണവും നീണ്ടുനില്ക്കുന്നതുമായ കരച്ചിലാണ് കുഞ്ഞിനെ ബാധിക്കുന്ന രോഗത്തിന്റെ ലക്ഷണം.

രോഗങ്ങള്‍ തിരിച്ചറിയുക

കരച്ചിലിലൂടെയാണ് കുഞ്ഞ് അസ്വസ്ഥതകള്‍ അമ്മയെ അറിയിക്കുന്നത്. കുഞ്ഞിന്റെ ഭാഷ മനസിലാക്കാന്‍ അമ്മയ്ക്കു കഴിയുന്നതാണ്.

കുഞ്ഞിന്റെ അംഗചേഷ്ടകളും കരച്ചിലിന്റെ രീതിയും മുഖഭാവങ്ങളും കണക്കിലെടുത്തു രോഗത്തിന്റെ തീക്ഷ്ണത മനസിലാക്കാന്‍ കഴിയും. കുഞ്ഞ് എപ്പോഴും കണ്ണടച്ചുകിടക്കുന്നതും രോഗലക്ഷണമാണ്. തലവേദനയുണ്ടെങ്കില്‍ സദാ കണ്ണടച്ചു തുറക്കുകയും തലയിളക്കുകയും ചെയ്യും.

കുഞ്ഞിന് മരുന്നു കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. കുറഞ്ഞ അളവില്‍ തീഷ്ണതയില്ലാത്ത മരുന്നുകളേ നല്‍കാവൂ. മധുരം, സുഗന്ധം ഇവയുള്ളതും ശീതളവീര്യവുമായ മരുന്നുകള്‍ വേണം കുഞ്ഞിനു നല്‍കാന്‍. മുലപ്പാല്‍, തേന്‍, പഞ്ചസാര, നെയ്യ് എന്നിവയില്‍ ഏതിലെങ്കിലും ചേര്‍ത്തു വേണം മരുന്നു നല്‍കാന്‍

ഭക്ഷണം

മക്കളെ എങ്ങനെയും ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിക്കാന്‍ വാശിപിടിക്കുന്നവരാണ് അമ്മമാര്‍. അവര്‍ക്ക് എപ്പോഴും മക്കള്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതിയാണ്.

അമിതമായ അളവില്‍ ആഹാരങ്ങള്‍ കുട്ടികള്‍ക്കു നല്‍കരുത്. കൃത്രിമ ശിശുഭക്ഷണങ്ങളിലെ പോഷകങ്ങളുടെ അസന്തുലിതാവസ്ഥ ദഹനസംബന്ധമായ തകരാറുകള്‍ക്കു കാരണമാകാം. കുഞ്ഞുങ്ങള്‍ക്ക് ചികിത്സയേക്കാള്‍ രോഗപ്രതിരോധത്തിനാണു പ്രാധാന്യം നല്‍കേണ്ടത്.

ആരോഗ്യമുള്ള അമ്മയ്ക്കു മാത്രമേ ആരോഗ്യവാനായ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയൂ. ഗര്‍ഭകാലചര്യകളും പരിചരണവും സുഖപ്രസവത്തിനും ശിശുവിന്റെ സൗഖ്യത്തിനും സഹായകമാകുന്നു.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയെല്ലാം ആരോഗ്യമുള്ള കുഞ്ഞിനായി അമ്മ കഴിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ ശരീരപുഷ്ടിക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്.

ഊര്‍ജം പകരാന്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് ഇവയും ഉപാപചയപ്രക്രിയ സുഗമമാക്കാന്‍ വിറ്റമിനുകളും സഹായിക്കുന്നു. അമ്മയുടെ പ്ലാസന്റയിലൂടെയാണു രക്തം ശിശുവില്‍ എത്തിച്ചേരുന്നത്. അതിനാല്‍ ഗര്‍ഭിണി മദ്യം, പുകവലി, രാസവസ്തുക്കള്‍ ചേര്‍ന്ന ഷധങ്ങള്‍ ഇവ പൂര്‍ണമായി ഒഴിവാക്കണം.

വളര്‍ച്ചയുടെ പടവുകളില്‍

ശിശുസംരക്ഷണത്തിനായി ആയുര്‍വേദ ആചാര്യന്മാര്‍ 'പ്രാകാരയോഗങ്ങള്‍' നിര്‍ദേശിച്ചിട്ടുണ്ട്. ജനിച്ച അടുത്തദിവസം മുതല്‍ ഏഴുദിവസം വരെ നിലമ്പരണ്ട നീരില്‍ വയമ്പരച്ചു കലക്കി മൂന്നുതുള്ളി വീതം ദിവസേന നല്‍കുന്നത് കുഞ്ഞിനു ദഹനശക്തി ഉണ്ടാകാന്‍ സഹായിക്കും.

പ്രസവിച്ച് 15 ദിവസം കഴിഞ്ഞാല്‍ കൂവളത്തിലയും തൊലിയും ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചു നല്‍കണം.

ഒരുമാസം കഴിഞ്ഞാല്‍ മുത്തങ്ങ, കായം, വിഴാലരിപ്പരിപ്പ് ഇവ പൊടിച്ച് ബ്രഹ്മിനീരില്‍ കാച്ചിയ നെയ്യ് ഏഴുദിവസം രാവിലെ നല്‍കണം. മൂന്നുമാസം പ്രായമായാല്‍ ചുക്ക്, മുളക്, തിപ്പലി, നറുനീണ്ടിക്കിഴങ്ങ് ഇവ പൊടിച്ച് വെണ്ണ ചേര്‍ത്ത് ഏഴുദിവസം നല്‍കണം.

കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഘട്ടമാണിത്. ആറുമാസം പ്രായമായാല്‍ നിലപ്പനക്കിഴങ്ങ്, ത്രികടു എന്നിവ പൊടിച്ച് തേന്‍ ചേര്‍ത്ത് ഏഴുദിവസം നല്‍കുക. ഇതിലൂടെ രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാം.

ആറാം മാസത്തില്‍ കുഞ്ഞരിപ്പല്ലുകള്‍ മുളച്ചുതുടങ്ങും. ഈ സമയത്തു വയറിളക്കം, പച്ചനിറത്തില്‍ മലം പോകുക എന്നിങ്ങനെ ചില രോഗങ്ങള്‍ കുഞ്ഞിനുണ്ടാകാം. അതു സ്വയം ശമിക്കുന്നതാണ്.

ഡോ. കെ. മുരളീധരന്‍പിള്ള

കര്‍ക്കിടകക്കഞ്ഞി

 

കര്‍ക്കിടകം, വറുതി പിടിമുറുക്കുന്ന ആടിമാസം. ഹിന്ദുക്കള്‍ക്കിതു പുണ്യമാസമാണ്. വ്രതാചരണത്തിലൂടെയും ആരോഗ്യപരിപാലന ചികിത്സയിലൂടെയും ചൈതന്യം വീണ്ടെടുക്കുന്ന കാലം.

കൊല്ലവര്‍ഷത്തിലെ 12-ാം മാസമാണ് കര്‍ക്കിടകം. സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്കിടയിലാണിത്.

കേരളത്തില്‍ കനത്തമഴക്കാലം.അപ്രതീക്ഷിതമായി പെയ്യുന്നതിനാല്‍ കള്ളക്കര്‍ക്കിടകം എന്ന ചൊല്ലുതന്നെയുണ്ട്.

കര്‍ഷകര്‍ക്ക് വരുമാനമൊന്നുമില്ലാത്ത 'പഞ്ഞമാസം'കാത്തിരിപ്പിന്റെ മാസം കൂടിയാണിത്, സമൃദ്ധിയുടെ പൊന്നിന്‍ചിങ്ങത്തിനായി.

മിതാഹാരവും ആയുര്‍വേദമരുന്നും കഴിച്ച് ദേഹശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും.

ഋതുക്കള്‍ ചില സ്പന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്നെന്ന വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യുന്ന ആചാരവുമുണ്ട്.

സുഖചികിത്സയുടെ മാസം

ജീവിതത്തില്‍ പിരിമുറുക്കവും ഉത്ക്കണ്ഠകളും കൂടിയതോടെ സുഖചികിത്സയ്ക്ക് തിരക്കാണിപ്പോള്‍. സുഖചികിത്സയുടെ വാണിജ്യസാധ്യതകള്‍ കണ്ടറിഞ്ഞപ്പോള്‍ നാട്ടിലും മറുനാട്ടിലും സുഖചികിത്സാ കേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുന്നു.

സുഖചികിത്സായെന്നാല്‍ അസുഖമി ല്ലാത്ത അവസ്ഥയുണ്ടാക്കലാണ്. തുള്ളിക്കൊരുകുടം മഴ കോരിച്ചൊരിയുമ്പോള്‍ എണ്ണ തേച്ചുകുളിയും ആഹാരച്ചിട്ടകളുമായി സ്വസ്ഥമായിരിക്കുന്നത് സുഖചികിത്സയ്ക്ക് പ്രായപരിധിയില്ല.

ഔഷധക്കഞ്ഞി

കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി.

കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി.

മഴക്കാലത്ത് പൊതുവെ 'അഗ്‌നിദീപ്തി' കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും.

അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി.

ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

ഔഷധക്കഞ്ഞി തയാറാക്കാന്‍

പഞ്ഞമില്ലാത്ത കര്‍ക്കിടകം എത്തിയപ്പോള്‍ നാടെങ്ങും കര്‍ക്കിടക കഞ്ഞി കിറ്റാണ്. വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഔഷധക്കഞ്ഞിക്കൂട്ടുകളിതാ...

1. നവരയരി അല്ലെങ്കില്‍ പൊടിയരി ആവശ്യത്തിന്. 
ജീരകം- 5 ഗ്രാം. 
ഉലുവ - 5 ഗ്രാം. 
കുരുമുളക് - 2 ഗ്രാം. 
ചുക്ക് - 3 ഗ്രാം. 
(എല്ലാം ചേര്‍ന്ന് 15 ഗ്രാം) ഇവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കാം

2. മുക്കുറ്റി, കീഴാര്‍നെല്ലി, ചെറൂള, തഴുതാമ, മുയല്‍ച്ചെവിയന്‍, കുറുന്തോട്ടി, കറുക, ചെറുകടലാടി, പൂവാങ്കുറുന്തില, കക്കുംകായ, ഉലുവ, ആശാളി ഇവ ഓരോന്നും അഞ്ചു ഗ്രാം വീതം ചേര്‍ത്ത്, മൊത്തം 60 ഗ്രാം (ഒരാള്‍ക്ക്) ചതച്ച് കിഴികെട്ടി, ഉണക്കലരിയില്‍ ഇട്ട് വെള്ളം ചേര്‍ത്ത് കഞ്ഞിവയ്ക്കുക. ആവശ്യത്തിന് തേങ്ങാപ്പാലും, ഇന്ദുപ്പും ചേര്‍ക്കാം. രുചിക്ക് ചെറിയ ഉള്ളി നെയ്യില്‍ വറുത്ത് ചേര്‍ക്കാം.

3. ചെറൂള, പൂവാകുറുന്നില കീഴാര്‍നെല്ലി ആനയടിയന്‍ തഴുതാമ മുയല്‍ചെവിയന്‍ തുളസിയില തകര നിലംപരണ്ട മുക്കുറ്റി വള്ളി ഉഴിഞ്ഞ നിക്തകം കൊല്ലി തൊട്ടാവാടി കുറുന്തോട്ടി ചെറുകടലാടി എന്നിവ പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകള്‍ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

4. ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര്, ചെറുതിപ്പലി, കാട്ടുതിപ്പലിവേര്, ചുക്ക്, മുത്തങ്ങ, ഇരുവേലി, ചവര്‍ക്കാരം, ഇന്തുപ്പ് , വിഴാലരി, ചെറുപുന്നയരി, കാര്‍കോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരിംജീരകം എന്നിവ 10 ഗ്രാം വീതം എടുത്തു ചേര്‍ത്ത് പൊടിക്കുക. പര്‍പ്പടകപുല്ല്, തഴുതാമയില, കാട്ടുപടവലത്തിന്‍ ഇല, മുക്കുറ്റി, വെറ്റില, പനികൂര്‍ക്കയില, കൃഷ്ണതുളസിയില, അഞ്ചെണ്ണം ഇവ പൊടിക്കുക.

10ഗ്രാം പൊടി, ഇലകള്‍ പൊടിച്ചതും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ വേവിച്ച് 250 മില്ലിയാക്കി ഞവരയരി,കാരെള്ള് (അഞ്ച് ഗ്രാം )ഇവയും ചേര്‍ത്ത് വേവിച്ചു, പനംകല്‍ക്കണ്ടവും ചേര്‍ത്ത്, നെയ്യില്‍ ഉഴുന്നും പരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്ത്, അര മുറി തേങ്ങാപാല്‍ ചേര്‍ത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.

5. ഇരുനാഴി ഉണക്കലരിയെടുത്ത് അതിലേക്കു അല്പം ജീരകം, അല്പം എള്ള്, അല്പം ഉലുവ എന്നിവ ഇട്ട് മാവിന്റെയും, പ്ലാവിന്റെയും നാലു ഇലകള്‍ അതിലേക്കു ഇടുന്നു. കഞ്ഞി പാകം ആയി കഴിയുമ്പോള്‍ അര മുറി തേങ്ങ തിരുമ്മി അതിന്റെ പാല്‍ പിഴിഞ്ഞു അതിലേക്കു ഒഴിച്ച് കഞ്ഞി തയാറാക്കാം.

കഞ്ഞിക്ക് കറിയും തയാറാക്കാം

അരമുറി ചേന മുറിച്ചു കഷണമാക്കി കുക്കറില്‍ വേവിക്കുക. തേങ്ങ പാല്‍ എടുത്ത ശേഷം കിട്ടുന്ന പീര കളയാതെ അതിലേക്കു നാലു പച്ച മുളകും അല്പം ജീരകവും ചേര്‍ത്ത് അരയ്ക്കുക.

ഉടച്ച ചേനയില്‍ ഇത് ചേര്‍ത്ത് ഒന്ന് തിളപ്പിച്ചു അതിലേക്കു അല്പം പച്ചവെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു വാങ്ങി വച്ചാല്‍ തൊട്ടുകൂട്ടാന്‍ റെഡി. ഇനി മണ്‍ചട്ടിയില്‍ ചൂടോടെ കഴിച്ചു നോക്കൂ.

ഔഷധ(കര്‍ക്കിടക) കഞ്ഞിയും ഗുണങ്ങളും

ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്. 
  1. അഗ്‌നി ദീപ്തി ഉണ്ടാകുന്നു.
  2. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
  3. നാവിന്റെ രുചി കൂട്ടുന്നു.
  4. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
  5. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
  6. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
  7. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
  8. പൊടിയരിക്കഞ്ഞി ദഹനം എളുപ്പമാക്കുന്നു.
  9. ജീരകക്കഞ്ഞി ദഹനശക്തി കൂട്ടും.
  10. ഉലുവക്കഞ്ഞി ശരീരബലം നല്‍കുന്നു.
  11. തേങ്ങക്കഞ്ഞി ശക്തി കിട്ടാന്‍ നല്ലത്.
  12. പാല്‍ക്കഞ്ഞി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
  13. നെയ്ക്കഞ്ഞി ശരീരത്തിന് വണ്ണം വെയ്പ്പിക്കുന്നു.
  14. ഓട്‌സ് കഞ്ഞി പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.
  15. നവരക്കഞ്ഞി വണ്ണം കൂട്ടുന്നു.
  16. ഗോതമ്പുകഞ്ഞി പ്രമേഹം, വാതം എന്നിവയ്ക്ക് നല്ലത്.
  17. ദശപുഷ്പകഞ്ഞി രോഗപ്രതിരോധശേഷിക്കും ആരോഗ്യത്തിനും നല്ലത്.

ചെറുരോഗങ്ങള്‍ക്ക് വീട്ടു ചികിത്സ

 

ചെറുരോഗങ്ങള്‍ക്ക് വീട്ടു ചികിത്സ

അടുക്കളയില്‍ കൂടുതല്‍ സമയം നിന്നു ജോലി ചെയ്യേണ്ടിവരുന്ന വീട്ടമ്മമാരെ അലട്ടുന്ന പ്രശ്‌നമാണ് ഉപ്പൂറ്റി വേദന. ഇതിന് ആയുര്‍വേദ തൈലങ്ങളിലൂടെ ശമനം ലഭിക്കുന്നതാണ്.

തലവേദന, മുട്ടുവേദന, നടുവേദന എന്നിങ്ങനെ നിത്യേന അലട്ടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഗുരുതരമായ രോഗങ്ങളുടെ അനുബന്ധമല്ലാത്ത ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പൊടികൈകളുണ്ട്.

ആയുര്‍വേദത്തിലെ ഒറ്റമൂലികളായ ഔഷധങ്ങള്‍ ആയുര്‍വേദ കടകളില്‍നിന്ന് വാങ്ങി ഫസ്‌റ്റെയിഡായി വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്.

ഉപ്പൂറ്റിവേദന


അടുക്കളയില്‍ കൂടുതല്‍ സമയം നിന്നു ജോലി ചെയ്യേണ്ടിവരുന്ന വീട്ടമ്മമാരെ അലട്ടുന്ന പ്രശ്‌നമാണ് ഉപ്പൂറ്റി വേദന. ഇതിന് ആയുര്‍വേദ തൈലങ്ങളിലൂടെ ശമനം ലഭിക്കുന്നതാണ്.

  1. കൊട്ടന്‍ചുക്കാദി, കര്‍പ്പൂരാദി, മുറിവെണ്ണ ഇതില്‍ ഏതെങ്കിലും തൈലം പാദം മുഴുവനും വശങ്ങളിലും പുരട്ടുക. ഉപ്പിട്ട് ചെറു ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും കാല്‍ മാറി മാറി വയ്ക്കുക. അതിനുശേഷം കാലിന്റെ വിരലുകളില്‍ ഊന്നി ലളിത വ്യായാമം ചെയ്യണം. ദിവസം രണ്ടു തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.
  2. കാല്‍പാദത്തിന്റെ വശങ്ങളിലേക്കുള്ള വേദന മുരിങ്ങയിലയും ഉപ്പും അരച്ചിട്ടാല്‍ ശമിക്കുന്നതാണ്. ലേപനം കനത്തില്‍ അരച്ചിടാന്‍ ശ്രദ്ധിക്കണം. വലിഞ്ഞു തുടങ്ങുമ്പോള്‍ ചൂടുവെള്ളംകൊണ്ട് തുടച്ചെടുക്കാവുന്നതാണ്.
  3. കൂടുല്‍ സമയം തുടര്‍ച്ചയായി നില്‍ക്കാതെ ഇടയ്ക്കു ഇരിക്കാന്‍ ശ്രദ്ധിക്കുക. ശരീരഭാരം അധികം കൂടുന്നതും ഉപ്പൂറ്റി വേദനയ്ക്കു കാരണമാകാം.

തലവേദന

  1. മൈഗ്രേന് രാസ്‌നാദി ചൂര്‍ണം നാരങ്ങാനീരില്‍ ചാലിച്ചിടുന്നത് നല്ലതാണ്.
  2. കച്ചൂരാദി വട്ട് ചെറു ചൂടുവെള്ളത്തില്‍ അരച്ചിടുന്നത് സാധാരണ തലവേദനയ്ക്ക് ആശ്വാസം നല്‍കും.
  3. മൂക്കില്‍ അണുതൈലം അല്ലെങ്കില്‍ ക്ഷീരബലം ആവര്‍ത്തിച്ചത് ഒഴിച്ച് നസ്യം ചെയ്യുന്നതും ഫലപ്രദമാണ്. രണ്ടു തുള്ളിവീതം ഓരോ മൂക്കിലും ഒഴിക്കുക. തല താഴ്ത്തിവച്ച് ഒഴിക്കാന്‍ ശ്രദ്ധിക്കണം. മൂക്കിലൂടെ ഒഴിച്ച് വായിലൂടെ വലിച്ചെടുത്ത് തുപ്പിക്കളയണം. മൂക്കിലൂടെ ചീറ്റിക്കളയുന്നത് യൂസ്റ്റാകിയന്‍ ട്യൂബിനെ ക്ഷതം ഏല്‍പ്പിക്കാം.
  4. ബലാഹഠാദി എണ്ണ തലയില്‍ തേച്ച് പത്ത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് തലയ്ക്കു തണുപ്പുകിട്ടാനും തലവേദന കുറയ്ക്കാനും സഹായിക്കും. ത്രിഫലാദി എണ്ണ, രാസ്‌നാദശമൂലാദി എണ്ണ എന്നിവ തലയില്‍ തേച്ചു കുളിക്കുന്നതും ഗുണകരമാണ്.
  5. ഭക്ഷണം ചൂടോടെ കഴിക്കാനും രാത്രി അധികം താമസിച്ച് ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

കഴുത്തുവേദന

  1. കിടക്കുന്നതില്‍ വരുന്ന അപാകത പലപ്പോഴും കഴുത്തു വേദനയ്ക്കു കാരണമാകാം. അതിനാല്‍ കട്ടിയുള്ള തലയണ ഉപയോഗിക്കാതിരിക്കുക.
  2. കംപ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ കഴുത്തിന് ഇടയ്ക്ക് വ്യായാമം ചെയ്യുന്നതിലൂടെ കഴുത്തുവേദന അകറ്റിനിര്‍ത്താം.
  3. കഴുത്തിന് നീര്‍ക്കെട്ടുള്ളവര്‍ മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അരച്ചിടുന്നത് നീരിറക്കം കുറയ്ക്കും
  4. ഉമ്മത്തിന്റെ ഇല ചെറു ചൂടുവെള്ളത്തില്‍ അരച്ചിടുന്നതും നീരിന് ഉത്തമമാണ്.
  5. കുറുന്തോട്ടിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ മര്‍മ്മ ഗുളിക അരച്ച് ലേപനമിടുന്നത് കഴുത്തുവേദന ശമിപ്പിക്കും.

നടുവേദന

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ നടുവേദന തീരവ്യാധിയായി മാറാന്‍ കാരണമായിട്ടുണ്ട്. വേദന ശമിപ്പിക്കാനുള്ള വഴികള്‍. 
  1. മര്‍മ്മ ഗുളിക ചെറുചൂടു വെള്ളത്തില്‍ അരച്ചിടുന്നത് ഫലപ്രദമാണ്.
  2. ഒരു പഞ്ഞിയോ കോട്ടന്‍ തുണിയോ നാലായി മടക്കി വേദനയുള്ള ഭാഗത്ത് വയ്ക്കുക. തൈലം ചൂടാക്കി ഇതില്‍ ഒഴിക്കുക. തൈലം തളംക്കെട്ടി നില്‍ക്കുന്നതിനാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും. കര്‍പ്പൂരാദി, സഹചരാദി, കൊട്ടന്‍ ചുക്കാദി, ധന്വന്തരം എന്നിവയില്‍ ഏതെങ്കിലും തൈലം ഉപയോഗിക്കാവുന്നതാണ്.
  3. കഠിന വേദനയുള്ളപ്പോള്‍ കര്‍പ്പൂരാദി തൈലം ചൂടാക്കി ഒഴിക്കുന്നത് വേഗത്തില്‍ ശമനം നല്‍കും.
  4. ചിഞ്ചാദി തൈലം അല്ലെങ്കില്‍ കൊട്ടന്‍ചുക്കാദി ചൂര്‍ണം ഉപയോഗിക്കുന്നതും നല്ലതാണ്.
  5. നടുവേദനയുള്ളവര്‍ മലബന്ധം വരാതെ സൂക്ഷിക്കണം.
  6. നടുവേദനയുള്ളവര്‍ കട്ടിയുള്ള ബെഡില്‍ കിടക്കുക.
  7. അധിക സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കു എഴുന്നേറ്റു നടയ്ക്കുകയോ നടുവിന് ആയാസം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതോ നടുവേദന അകറ്റി നിര്‍ത്താന്‍ സഹായിക്കും.

മുട്ടുവേദന

  1. ശരീരഭാരം കൂടുന്നതാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം. അതിനാല്‍ അമിതവണ്ണമുള്ളവര്‍ ശരീരഭാരം കുറയ്ക്കുക.
  2. ഉമ്മം, ഉങ്ങ്, ആവണക്ക് ഇവയുടെ ഇല ഒന്നിച്ചു അരച്ചിടുന്നത് മുട്ടുവേദന കുറയ്ക്കും.
  3. തുണിയോ പഞ്ഞിയോ വേദനയുള്ള ഭാഗത്ത് മടയ്ക്കിവച്ച് ചിഞ്ചാദി തൈലം ചൂടാക്കി അതിനു മുകളില്‍ ഒഴിച്ച് ചൂടു പിടിക്കുന്നതും ഏറെ ഗുണം ചെയ്യും.

ഉപ്പൂറ്റി വിണ്ടുകീറല്‍

  1. മൈലാഞ്ചിയും പച്ച മഞ്ഞളും പതിവായി അരച്ചിടുന്നത് ഉപ്പൂറ്റി വിണ്ടുകീറല്‍ മാറ്റുന്നതിനൊപ്പം പാദങ്ങള്‍ക്ക് കൂടുതല്‍ തിളക്കവും നല്‍കുന്നു.
  2. ചര്‍മം വരളാതിരിക്കാന്‍ കുളികഴിഞ്ഞാലുടന്‍ ജീവത്യാദിയമഗം പുരട്ടാവുന്നതാണ്.
  3. ഉപ്പൂറ്റി വിണ്ടുകീറലുള്ളവര്‍ സോപ്പ് വെള്ളത്തില്‍ കൂടുതല്‍ സമയംനിന്ന് ജോലി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഡോ. സുനു കുരുവിള കോട്ടയം.

ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദ പരിഹാരം

 

നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ പ്രധാനം ദന്തസംരക്ഷണമാണ്. ദന്തരോഗങ്ങള്‍ക്കും ദന്തപരിപാലനത്തിനും ആയുര്‍വേദവിധി 
പ്രകാരം നിരവധി ചികിത്സ രീതികളും പ്രതിവിധികളുമുണ്ട്.

നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ ദന്തസംരക്ഷണത്തില്‍.

കുട്ടികളുടെ ദന്തസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍നിന്നും ആരംഭിക്കണം. ശരീരസംരക്ഷണം പോലെ ദന്തപരിചരണവും പ്രാധാന്യമര്‍ഹിക്കുന്നു. 
മനസു തുറന്നുള്ള ചിരിയാണ് ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ പല്ലുകളുടെ സംരക്ഷണത്തില്‍ കരുതല്‍ നല്‍കണം. കുട്ടികളുടെ ദന്തസംരക്ഷണകാര്യങ്ങളില്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്.

കുട്ടികാലത്തു പഠിപ്പിക്കുന്ന നല്ല ശീലങ്ങള്‍ കുട്ടികള്‍ക്കുള്ള നല്ല മാതൃകയാണ്. അതുകൊണ്ട് ദന്തരോഗങ്ങളെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കുന്നതാണ് ഉത്തമം.

കുട്ടികളുടെ ദന്തസംരക്ഷണത്തിനും പരിചരണത്തിനും ആയുര്‍വേദ രീതികള്‍ പ്രകാരം നിരവധി ചികിത്സകളും പരിഹാരങ്ങളുമുണ്ട്.

ദന്ത സംരക്ഷണം

ദന്ത സംരക്ഷണത്തിന്റെ ആദ്യഘട്ടം ഗര്‍ഭസ്ഥശിശുവില്‍ നിന്നും ആരംഭിക്കണമെന്നത് പലരിലും ആശങ്കയുണ്ടാകുന്ന കാര്യമാണ്. എന്നാല്‍ കു 
ട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ മോണക്കുള്ളില്‍ മുളച്ച അവസ്ഥയിലായിരിക്കും.

കുഞ്ഞുങ്ങള്‍ ജനിച്ച് മാസങ്ങള്‍ക്കു ശേഷം മാത്രമേ പല്ലുകള്‍ പുറത്തുവരികയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ആറാം മാസത്തില്‍ ഇവ പാല്‍പ്പല്ലുകളായി പുറത്തുവരും. കുട്ടികള്‍ക്കു പല്ല് മുളച്ചു വരുന്നത് പലവിധ രോഗങ്ങള്‍ക്കും കാരണമാകാം.

പനി, ചുമ, വയറിളക്കം, ഛര്‍ദ്ദി, തലവേദന, അഭിഷൃന്ദം എന്ന നേത്രരോഗം, പോഥകി എന്ന വര്‍ത്മരോഗം, വിസര്‍പ്പം എന്നിവയ്ക്കും കാരണമാകാം.

അതുകൊണ്ട് കുട്ടികളില്‍ ആദ്യത്തെ പല്ല് വരുന്നതിനു മുന്‍പ് തന്നെ നല്ല ദന്തപരിചരണരീതികള്‍ ആരംഭിക്കണം. ആരോഗ്യമുള്ള മോണകള്‍ നല്ല പല്ലുകള്‍ ഉണ്ടാകുവാന്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ആറ് മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കാലയളവില്‍ പാല്‍പ്പല്ലുകള്‍ മുളയ്ക്കണം. അതുപോലെ ആറ് വയസു മുതല്‍ 13 വയസു വരെ 
യുള്ള പ്രായത്തില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞുപോയി പകരം സ്ഥിരദന്തങ്ങള്‍ തല്‍സ്ഥാനത്ത് മുളച്ചുവരണം.

ശരിയായ പരിചരണം

ആരോഗ്യമുള്ളതും വൃത്തിയും ഭംഗിയുമുള്ള ദന്തനിരയും, നിറവ്യത്യാസമോ, ദുര്‍ഗന്ധമോ ഇല്ലാത്ത പല്ലുകളുള്ള അവസ്ഥയാണ് ശരിയായ ദ 
ന്താരോഗ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

 

പല്ലുകള്‍ ശുചിയായും, ഭക്ഷണാവശിഷ്ടങ്ങള്‍ ഇല്ലാതെയും ഇരിക്കണം. മോണകള്‍ പിങ്ക് നിറത്തോടു കൂടിയും ബ്രഷ് ചെയ്യുമ്പോള്‍ വേദനിക്കുകയോ രക്തം വരുകയോ അരുത്. വായ് നാറ്റം ഉണ്ടകാതെ പ്രത്യേകം ശ്രദ്ധിക്കണം.

അഷ്ടാംഗഹൃദയം സൂത്രസ്ഥാനം ദിനചര്യ അധ്യായത്തില്‍ എരുക്ക്, വേപ്പ്, ഉങ്ങ്, വേങ്ങ, പേരാല്‍, കരിങ്ങാല്‍, തുടങ്ങിയ വൃക്ഷങ്ങളുടെ കമ്പ് അഗ്രം 
ചതച്ച് ദന്തശുദ്ധി വരുത്താന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ത്രിഫല, ത്രികുട എന്നിവ കൊണ്ട് ഊന് ശുദ്ധിവരുത്താവുന്നതാണ്. രാവിലെയും ആഹാരം കഴിച്ച ഉടനെയും പല്ല് തേയ്ക്കുന്നത് രസാസ്വാദനശേഷി കൂട്ടും. പല്ല്, വായ, നാവ്, എന്നിവ ശുദ്ധമാകും.

രുചി വര്‍ധിക്കും, ദന്തരോഗങ്ങള്‍ ബാധിക്കാതിരിക്കും. ദന്തോല്‍പ്പത്തിയില്‍ ദന്തമൂലത്തെ ആശ്രയിച്ച് കോപിച്ച ത്രിദോഷങ്ങള്‍ മലങ്ങളെയും ധാതുക്കളെയും ദുഷിപ്പിച്ച് എല്ലാവിധ വ്യാധികളെയും ഉണ്ടാക്കുന്നു.

ദന്തരോഗങ്ങള്‍

ശീതാളം :- പല്ലുകളില്‍ തണുപ്പുള്ള ഭക്ഷണപാനീയങ്ങള്‍ സ്പര്‍ശിച്ചാല്‍ പല്ലു പിളര്‍ന്നുപോകുന്നതുപോലെ ശക്തമായ വേദന ഉണ്ടാകുന്ന
രോഗമാണ്.
ദന്തഹര്‍ഷം :- പുളിരസവും തണുപ്പുള്ളതുമായ ആഹാരം കഴിക്കാന്‍ വിഷമം ഉണ്ടാകുക, തണുത്ത കാറ്റേറ്റാല്‍പോലും അസ്വസ്ഥത ഉണ്ടാകുക.
ദന്തഭേദം :- പല്ലുകള്‍ വേദനയോടെ പൊട്ടിപ്പോകുന്ന അവസ്ഥ.
ദന്തചാലം :- ആഹാരം കഴിച്ചാല്‍ പല്ലുകള്‍ക്ക് ശക്തമായ വേദനയും പല്ലുകള്‍ ഇളകുകയും ചെയ്യുക.
കരാളദന്തം :- വികടങ്ങളായി പല്ലുകള്‍ നിരതെറ്റി മുളച്ചു വരുക.
അതിദന്തം :- സാധാരണയില്‍ നിന്നും എണ്ണത്തിലധികമായി പല്ലുകള്‍ ഉണ്ടാകുന്ന അവസ്ഥ. ഈ സമയങ്ങളില്‍ അസഹനീയമായ വേദനയു
ണ്ടാകുന്നു. പല്ലു മുളച്ചുകഴിയുമ്പോള്‍ വേദന ശമിക്കും.
ശര്‍ക്കര :-പല്ലുകള്‍ വേണ്ടരീതിയില്‍ ശുദ്ധിവരുത്താതിരുന്നാല്‍ ഉണ്ടാകുന്ന രോഗമാണ്. പല്ലില്‍ മാലിന്യങ്ങളും മറ്റും വര്‍ദ്ധിച്ച് ദുര്‍ഗന്ധമുണ്ടാ
കുന്ന അവസ്ഥ. പല്ലിന്റെ ഉറപ്പ് കുറഞ്ഞ് പൊടിഞ്ഞുപോകും.
കപാലിക :- പല്ലിന്റെ കട്ടിയേറിയ ആവരണം ക്ഷയിച്ചുപോകുന്ന അവസ്ഥയാണിത്.
ശ്യാമദന്തം :- പല്ലുകള്‍ കരുവാളിക്കുന്ന അവസ്ഥ, നീലനിറം മുതലായവ ഉണ്ടാകുന്നു.
കൃമിദന്തം :- മധുരം കൂടുതല്‍ കഴിച്ചാലും മറ്റും അസഹ്യമായ വേദന, കറുത്ത നിറം ഇളകാന്‍ തുടങ്ങുന്നു, പല്ലുകള്‍ക്ക് കരുകരുപ്പ്, ചലവും ര
ക്തവും ഒലിക്കല്‍, വീക്കം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.
ദന്തപുപ്പുടം - പല്ലുകളുടെ മൂലഭാഗത്ത് ലന്തക്കുരു വലുപ്പത്തില്‍ വേദനയോടെ വീക്കം ഉണ്ടാകുന്ന അവസ്ഥ.

ദന്തരോഗങ്ങള്‍ക്കുള്ള കാരണം

പല്ലുവേദനയ്ക്കുള്ള പ്രധാന കാരണം ദന്തക്ഷയം തന്നെയാണ്. എങ്കിലും മറ്റു കാരണങ്ങള്‍ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകള്‍
നടത്തേണ്ടതായി വരും.

അണുബാധ, മോണരോഗങ്ങള്‍, പല്ലുകള്‍ തമ്മിലുരയുക (ബുക്‌സിസം) , പല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, തെറ്റായ രീതി 
യിലുള്ള ചവയ്ക്കല്‍, പല്ലു മുളച്ചു വരുക(സ്‌കൂള്‍ കുട്ടികളില്‍), ടെമ്പോറോ മാന്‍ഡിബുലാര്‍ ഡിസീസസ്, സൈനസൈറ്റിസ്, കര്‍ണരോഗങ്ങള്‍, 
മുഖത്തെ പേശികളിലെ സമ്മര്‍ദ്ദം, തലവേദന, എന്നിവയും പല്ലുവേദനയ്ക്ക് കാരണമാകാം. പ്രമേഹം, മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം 
എന്നിവ ദന്തക്ഷയത്തിനു കാരണമാകുന്നു

പല്ലുവേദനയോടനുബന്ധിച്ചുള്ള മറ്റു ലക്ഷണങ്ങള്‍

  1. പനി, ശ്വാസതടസം,
  2. ഭക്ഷണം ഇറക്കാന്‍ പ്രയാസം
  3. മോണയില്‍ നീര് വരിക
  4. പല്ലുകൊണ്ട് കടിക്കുമ്പോള്‍ വേദന
  5. ദുര്‍ഗന്ധപൂര്‍ണമായ സ്രാവം
  6. നീണ്ടു നില്‍ക്കുന്ന വേദന

വിവിധതരം പല്ലുവേദനകള്‍

ഇടവിട്ടുള്ള തീവ്രതയേറിയ പല്ലുവേദന - ചൂടുള്ള അല്ലെങ്കില്‍ തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോഴോ, ഇനാമല്‍ നഷ്ടപ്പെടുക, മോണപ്പഴുപ്പ്,
പല്ലുപൊട്ടല്‍, എന്നിവകൊണ്ടും ഇത്തരം വേദന വരാം.

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പല്ലുവേദന - ഒന്നിലധികം പല്ലുകള്‍ വേദനിക്കുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചാലുള്ള അവസ്ഥ. 
ശക്തിയായ പല്ലുവേദന - ശക്തിയായ കുത്തുന്നതുപോലെയുള്ള പല്ലുവേദന, മുഖത്ത് നീര് എന്നിവ അണുബാധ, പഴുപ്പ് എന്നിവയുടെ ല 
ക്ഷണമാണ്.

ഭക്ഷണം കഴിക്കുമ്പോള്‍ വേദന - ദന്തക്ഷയം, പല്ലിന് പോട്, പൊട്ടല്‍, എന്നിവ കാരണം. കഴുത്തിനു പുറകില്‍ വേദന - അണപ്പല്ലുകള്‍ മുളയ്ക്കുന്നത് (വിസ്ഡം ടീത്ത്) തടസ്സപ്പെടുന്നതോ, അണപ്പല്ല് സന്ധിക്കുണ്ടാകുന്ന നീര്‍ക്കെട്ടോ 
കാരണമാകാം.

ആയുര്‍വേദ ചികിത്സ വിധികള്‍

പല്ലുകളെയും മോണകളെയും ബാധിക്കുന്ന എല്ലാരോഗങ്ങള്‍ക്കുമുള്ള കാരണങ്ങളും ചികിത്സാ രീതികളും ആയുര്‍വേദത്തിലുണ്ട്.

ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്ത കഷായം കവിള്‍ക്കൊള്ളുക, മരുന്നുകള്‍ ഊനില്‍ തേയ്ക്കുക, യുക്തമായ മരുന്നുകള്‍ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക എന്നിവ ദന്തരോഗം ശമിപ്പിക്കും.

ദന്തോല്‍പ്പത്തി കൊണ്ടുള്ള രോഗങ്ങളില്‍ ദോഷകോപം, രോഗസ്ഥിതി, പ്രായം, ദേശം, കാലം, എന്നീ ഭേദമനുസരിച്ചായിരിക്കും ഔഷധം പ്രയോഗിക്കുക. മൃദുവമനം, വസ്തി, പ്രതിമര്‍ശനസ്യം മുതലായവ ഫലപ്രദമാണ്. കൃമിദന്തം ശമിക്കാന്‍ എരുക്കിന്‍ പാലോ ഏഴിലംപാല കറയോ നിറയ്ക്കുക

പല്ല് പുളിപ്പിന്

മുത്തങ്ങക്കിഴങ്ങ്, നീര്‍മരുതിന്‍തൊലി, ത്രിഫലത്തോട്, ചുക്ക്,ഞാഴല്‍പൂവ്, മാക്കീരക്കല്ല് എന്നിവ പൊടിച്ച് തേനില്‍ കുഴച്ച് ഊനില്‍ പുരട്ടാം. ഈ
മരുന്നുകള്‍ കഷായം വച്ച് കവിള്‍ക്കൊള്ളാം.

ശീതദന്തം

അരിക്കാടി ചൂടുപിടിപ്പിച്ച് അതില്‍ ത്രികടുവും ഇന്തുപ്പും ചേര്‍ത്ത് പല പ്രാവശ്യം കവിള്‍കൊള്ളുക. അരിമേദാതി തൈലം കവിള്‍ക്കൊള്ളാനും
തലയില്‍ തേക്കാനും ഉപയോഗിക്കുന്നത് പല്ല്, ഊന് രോഗങ്ങളെ ശമിപ്പിക്കുന്നു.
  1. ഊനിനുണ്ടാകുന്ന നീരിനു തിപ്പലിപ്പൊടി തേന്‍ ചേര്‍ത്തു പുരട്ടാം. മോണപ്പഴുപ്പിനു പാഠാദി ചൂര്‍ണ്ണം, കാളകചൂര്‍ണ്ണം, പീതകചൂര്‍ണ്ണം എ ന്നിവകൊണ്ട് യഥാവിധി ദന്തധാവനത്തിന് ഉപയോഗിക്കാം.
  2. വചാദിഘൃതം, സമാഗാദി ഘൃതം, രജന്യാദിചൂര്‍ണ്ണം എന്നിവ പല്ലുമുളയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഫലപ്രദമാണ്.  പല്ലിളകുന്നതിന് : എള്ളെണ്ണ, പാല്‍, നെയ്യ്, വസാ മജ്ജ മുതലായവ ദശമൂലം കഷായം ചേര്‍ത്ത് കവിള്‍കൊള്ളുക.

ഇളകിയ പല്ല് ഉറയ്ക്കാന്‍

ഖദിരാദി തൈലം, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, പുരാണകിട്ടം, ത്രിഫല, നീര്‍മരുതിന്‍തൊല, കരിവേലപ്പട്ട എന്നിവ കഷായം വച്ച് എണ്ണ
കാച്ചിയരിച്ച് കവിള്‍കൊള്ളുക.

പല്ലു കുത്തല്‍ മാറാന്‍

ഇലഞ്ഞിക്കുരു ചുട്ടുപൊടിച്ച് നവരയരിച്ചോറില്‍ ചേര്‍ത്ത് ഉരുട്ടി പല്ലിന്റെ കടക്കല്‍ വയ്ക്കുകയോ കൊഴിഞ്ഞില്‍വേര് കൊണ്ട് കഷായം വച്ച്
അതില്‍ കടുക്ക അരച്ചുകലക്കി എണ്ണ ചേര്‍ത്ത് കാച്ചിയരച്ച് കവിള്‍കൊള്ളുക.

ദന്തവിദ്രതി, കൃമിദന്തം തുടങ്ങിയവയ്ക്ക് അഗ്നികര്‍മ്മം ചികിത്സയായി വിധിക്കുന്നു. അധിമാംസം എന്ന രോഗത്തില്‍ ഛേദനം, വിദര്‍ദത്തില്‍ ക്ഷാര പ്രയോഗം, രക്തമോക്ഷം, എന്നിവ ഫലപ്രദമായ ചികിത്സയാണ്.

ദന്തരോഗങ്ങള്‍ ഒഴിവാക്കാന്‍

ചിരട്ടചുട്ട കരി, പുത്തരിച്ചുണ്ടയുടെ വിത്ത് കളഞ്ഞ കായ, മാക്കീരക്കല്ല്, കരയാമ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിക്ക, ഇന്തുപ്പ്, കല്ലുപ്പ് ഇവ
സമം കൂട്ടിപൊടിച്ച് അതുകൊണ്ട് പല്ലുതേക്കുക.

ദന്തപരിചരണത്തിന്

കുട്ടികളുടെ പാല്‍ ബോട്ടില്‍, ജൂസ് ബോട്ടില്‍ എന്നിവ അധികസമയം വായില്‍ വയ്ക്കുന്നതും ബോട്ടില്‍ വായില്‍ വച്ച് ഉറങ്ങുന്നതും പല്ല് ദ്രവി
ക്കാന്‍ കാരണമാകും.

പാല്‍, ജൂസ് തുടങ്ങിയവ കുടിച്ച ഉടനെ ബോട്ടില്‍ മാറ്റണം. നനഞ്ഞ തുണികൊണ്ട് പല്ലും മോണയും വൃത്തിയാക്കുക. കുഞ്ഞുങ്ങള്‍ക്ക് വിരല്‍ കുടിയുണ്ടെങ്കില്‍ അത്തരം ദുശീലം മാറ്റണം.

മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിക്കാം. പല്ലിന്റെ പിന്‍വശം വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ച്യൂയിംഗം ചവയ്ക്കുന്നതും മൂലം പല്ലിന്റെ ഇനാമല്‍ നശിച്ച് പോട് വരാനുള്ള സാധ്യത കൂടുന്നു.

മധുരമുള്ള വസ്തുക്കള്‍ കഴിച്ചശേഷം നന്നായി വായ് കഴുകുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. 10 - 12 വയസു മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതു കൊണ്ടുണ്ടാകുന്ന വീഴ്ച, അടി, ഇടി എന്നിവമൂലമുണ്ടാകുന്ന ദന്തപ്രശ്‌നങ്ങള്‍ ദോഷമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അനുയോജ്യമായ ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ ഉപയോഗിക്കുക. ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ അഞ്ചുമിനിറ്റിലധികം ബ്രഷ് ചെയ്യുന്നത് ഇനാമല്‍ കുറഞ്ഞ് ദന്തക്ഷയത്തിനു കാരണമായേക്കും.

സമീകൃതാഹാരം കഴിക്കുക. ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു കുറയ്ക്കുക. ആഹാരം കഴിച്ച ശേഷം ശുദ്ധജലം കവിള്‍ക്കൊണ്ട് 
വിരലുകള്‍കൊണ്ട് തടവി വായ് വൃത്തിയാക്കുക.

ദന്തസംരക്ഷണത്തിനു അത്യന്താപേക്ഷിതമായ മൂലകങ്ങളുടെ (കാത്സ്യം, ഫ്‌ളൂറൈഡ് തുടങ്ങിയവ) ലഭ്യത ഉറപ്പാക്കുക. വാതരോഗികള്‍, ശരീരം മെലിഞ്ഞവര്‍, ശരീരബലം നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ പല്ലുപറിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.

ദന്തരോഗങ്ങളില്‍ അപഥ്യം

അധികം ചൂട്, എരിവ്, പുളി, തണുപ്പുള്ള ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. തണുത്ത വെള്ളത്തിലുള്ള കുളി, പുകവലി, മത്സ്യമാ
ംസാദികള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഉഴുന്ന്, പഞ്ചസാര, പാല്‍, എന്നിവയും ഒഴിവാക്കേണ്ടതാണ്.

തണുത്ത കാറ്റ് (എ സി) ഏല്‍ക്കുക, രാത്രിയില്‍ ഉറക്കമൊഴിയുക, ശാരീരിക ആയാസം എന്നിവയും ഒഴിവാക്കണം. ചെറുപ്പം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാല്‍ ആരോഗ്യമുള്ള പല്ലുകള്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കും.

പല്ലുവേദനയ്ക്ക്

കായം, കുമിഴിന്‍വേര്, കാരീയം, ചവര്‍ക്കാരം, കൊട്ടം, വിഴാലരി എന്നിവ പൊടിച്ച് കിഴികെട്ടി വേദനയുള്ള ഭാഗത്ത് ഉപയോഗിക്കുക. ഇവകൊണ്ട്
എണ്ണ കാച്ചി കവിള്‍കൊള്ളാം.

കഠിനമായ പല്ലുവേദനയ്ക്ക് ഉടനടി പരിഹാരത്തിന് ഗ്രാമ്പൂ ചതച്ച് ചൂടാക്കി കടിച്ചു പിടിക്കുക. (ഗ്രാമ്പൂ തൈലം ചൂടാക്കി പഞ്ഞിയില്‍ മുക്കി കടിച്ചു പിടിക്കുന്നതും ഫലപ്രദം.)

ഡോ. ആനന്ദ് വി. 
സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ 
ഗവ. ആയുര്‍വേദ ആശുപത്രി 
ഓമല്ലൂര്‍, പത്തനംതിട്ട

ആയുര്‍വേദം കുട്ടികള്‍ക്ക്

ആയുര്‍വേദത്തിന്റെ ജനോപകാരപ്രദമായ മേന്മകളെ ആധുനിക കാലഘട്ടത്തിലെ രോഗങ്ങള്‍ക്കും വിവിധ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന 
വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സുപ്രധാനം.

പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സ മാര്‍ഗങ്ങളാണ് ആയുര്‍വേദത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ആയുര്‍വേദ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങളും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കില്ലെന്നതും ആശാവഹമാണ്. ആയുര്‍വേദത്തില്‍ എട്ടു വിഭാഗങ്ങളിലായിട്ടാണ് ചികിത്സകള്‍ പൊതുവേ വിവരിക്കുന്നത്.

ആയുര്‍വേദത്തിന്റെ ജനോപകാരപ്രദമായ മേന്മകളെ ആധുനിക കാലഘട്ടത്തിലെ രോഗങ്ങള്‍ക്കും വിവിധ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സുപ്രധാനം.

പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ച് ആവശ്യത്തിലധികം വിവാദങ്ങള്‍ ഉയര്‍ന്നു വരികയും, കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് കുട്ടികള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആയുര്‍വേദവിധിപ്രകാരം വ്യക്തമായ അഭിപ്രായങ്ങളുണ്ട്.

അതായത് 'പ്രതിരോധ കുത്തിവെപ്പുകള്‍ - ഔഷധ സേവകള്‍' നിര്‍ബന്ധമായും നടപ്പാക്കേണ്ടത് തന്നെയാണ്. കാലാനുസൃതമായി രൂപപ്പെട്ടുവരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സ്വാഭാവിക പ്രതിരോധ ശക്തി മാത്രം മതിയാകാതെ വരാമെന്നിരിക്കെ ഗവേഷണ നിരീക്ഷണങ്ങളിലൂടെ തയ്യാറാവുന്ന വാക്‌സിനുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കണമെന്നു തന്നെയാണ് ആയുര്‍വേദം അനുശാസിക്കുന്നത്.

രോഗപ്രതിരോധത്തിന്

ശിശുരോഗങ്ങളെ പ്രതിരോധിക്കുന്നതിനു ആയുര്‍വേദ ശാസ്ത്രം ഗര്‍ഭകാലം മുതല്‍ ആരംഭിക്കേണ്ട ആരോഗ്യ ശീലങ്ങളും ഔഷധസേവകളും 'ഗര്‍ഭിണി പരിചരണം' എന്നതിലൂടെ വിവരിക്കുന്നു.

തുടര്‍ന്ന് പ്രസവാനന്തരമുള്ള നവജാതശിശുപരിചരണം - പ്രസവിച്ച അമ്മയുടെ പരിചരണം എന്നിങ്ങനെ ഘട്ടം ഘട്ടമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു.

ശിശുപരിപാലനത്തിനും, ബാലചികിത്സക്കും ആയുര്‍വേദം നല്‍കുന്ന പ്രാധാന്യമാണ് പ്രധാനം. ആരോഗ്യ ദൃഢഗാത്രനായ കുഞ്ഞിനു വേണ്ടിയുള്ള ശ്രമം ഭ്രൂണാവസ്ഥയ്ക്ക് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നു അനുശാസിക്കുന്ന ഏക ശാസ്ത്രവും ആയുര്‍വേദം തന്നെയാണ്.

ബാലചികിത്സയില്‍ രണ്ട് വയസുവരെയുള്ള ശിശുകാലഘട്ടം തുടര്‍ന്ന് 12 വയസുവരെ ബാലനെന്ന അവസ്ഥ വരെ ബാലചികിത്സയില്‍പ്പെടുത്താം.

പിറവിയിലുള്ള രോഗങ്ങള്‍

ജന്മനാ ഉണ്ടായിട്ടുള്ള അസുഖങ്ങള്‍ - ജനനശേഷം പിടിപെടുന്ന അസുഖങ്ങള്‍ എന്നിവ വേര്‍തിരിച്ചുതന്നെ ബാലരോഗങ്ങളെ കാണേണ്ടതാണ്. ജന്മനാ കണ്ടുവരുന്ന തകരാറുകളില്‍ ആയുര്‍വേദ ചികിത്സകള്‍ വളരെ ഫലപ്രദമാണ്.

ബുദ്ധിമാന്ദ്യം, സംസാരിക്കാന്‍ താമസം, നടക്കാന്‍ താമസമുണ്ടാകുക തുടങ്ങിയ അവസ്ഥകളില്‍ ആയുര്‍വേദത്തില്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കുന്ന ചികിത്സ രീതികളുണ്ട്.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മറ്റു വൈകല്യങ്ങള്‍ തുടങ്ങിയവയൊക്കെ ആദ്യമേ തന്നെ തിരിച്ചറിയുന്നതാണ് നല്ലത്. ജനിതക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുകയാണ് അഭികാമ്യം.

കുട്ടികള്‍ക്ക് സ്ഥിരമായി ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നത് വളര്‍ച്ചയെത്തുമ്പോള്‍ പല മാരകരോഗങ്ങള്‍ക്കും കാരണമാകാം. കുട്ടികളില്‍ അനാവശ്യമായി മരുന്നുകള്‍ നല്‍കുന്ന രീതി കഴിവതും ഒഴിവാക്കണം.

അനാവശ്യമായി മരുന്നുകള്‍ നല്‍കുന്നത് കുറച്ചാല്‍ കുട്ടികള്‍ വലുതാകുമ്പോള്‍ ആരോഗ്യവാനായി നിലനില്‍ക്കൂ. സ്ഥിരമായി ഉണ്ടാകുന്ന കഫക്കെട്ട്, ശ്വാസതടസ്സം, ജലദോഷം എന്നിവ മൂലമാണ് പലപ്പോഴും ദീര്‍ഘകാലം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കേണ്ടി വരുന്നത്.

കുറഞ്ഞപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹം, ബി.പി തുടങ്ങിയ ദീര്‍ഘകാലം മരുന്നുകള്‍ ഉപയോഗിക്കേണ്ട രോഗങ്ങള്‍ വരാന്‍ ബാലാവസ്ഥയിലെ അമിത ഔഷധ ഉപയോഗവും കാരണമാകാം.

ബാലരോഗങ്ങള്‍ക്ക് കാരണം

പഴയകാലഘട്ടത്തില്‍ വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും, പോഷകാഹാരക്കുറവുമായിരുന്നു ബാലരോഗങ്ങളുടെ അടിസ്ഥാന കാരണം.

എന്നാല്‍ ഇന്ന് അമിതപോഷണവും കൃത്രിമാഹാരങ്ങളുടെ അമിതോപയോഗവുമാണ് മുന്‍നിരയില്‍. അമിതപോഷണം മൂലമുണ്ടാകുന്ന കുട്ടികളിലെ പൊണ്ണത്തടി ഒരു ആഗോള വിപത്തായി മാറിയിരിക്കുകയാണ്.

ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണമില്ലാത്തതും കൃത്രിമ ആഹാരങ്ങളുടെ അമിത ഉപയോഗവും കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇതു കൂടാതെ അണുകുടുംബ വ്യവസ്ഥയും അച്ഛനമ്മമാരുടെ തിരക്കുപിടിച്ച ജീവിതവും കുട്ടികളില്‍ അതീവ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിക്കുന്നു.

പഴയ കുടുംബ വ്യവസ്ഥകളില്‍ നിന്ന് മാറി തന്‍കാര്യം മാത്രം നോക്കി ജീവിക്കുന്ന, സമൂഹിക പ്രതിബദ്ധതയില്ലാത്ത മനോവൈകല്യമുള്ള ഒരു തലമുറ രൂപപ്പെടുന്ന ചുറ്റുപാടിലാണ് കുട്ടികള്‍ ഇന്നു വളര്‍ന്നു വരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കുന്നതോടൊപ്പം ചില നല്ല ശീലങ്ങള്‍ ചെറുപ്പത്തില്‍ തന്നെ അവരില്‍ വളര്‍ത്തിയെടുക്കാനും ശ്രമിക്കണം.

കുട്ടിക്കാലത്ത് ശീലമാക്കുന്ന കാര്യങ്ങള്‍ വളര്‍ച്ചയെത്തിയാലും കൃത്യമായി പിന്‍തുടരാന്‍ അവര്‍ ശ്രമിക്കും. അതുകൊണ്ട് കുട്ടികളെ കുളിപ്പിക്കുമ്പോള്‍ തലയിലും ദേഹത്തും നല്ല വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് ശീലമാക്കുക.

ദിവസവും എണ്ണ തലയില്‍ തേച്ച് കുളിച്ചാല്‍ ജലദോഷം വരുമെന്ന പേടിയുണ്ടെങ്കില്‍ കുളിപ്പിച്ചു കഴിഞ്ഞാല്‍ ഒരു നുള്ള് രാസനാദിപ്പൊടി നെറുകയില്‍ തിരുമ്മുക. കുട്ടികളുടെ ഇരിപ്പിലും നടപ്പിലും ഉള്ള വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം.

ഇവയൊക്കെ ശരിയായ രീതിയില്‍ ആണോയെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധനല്‍കണം. കുട്ടികളുടെ നട്ടെല്ലിന്റെ വളവ് തിരിവുകള്‍, കൂന് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടോയെന്നു പരിശോധിക്കുന്നത് നല്ലതാണ്.

ശൈശവാവസ്ഥയില്‍ കണ്ടെത്തുന്ന ഇത്തരം ഘടനാ വ്യത്യാസങ്ങള്‍ ആയുര്‍വേദ ചികിത്സയിലൂടെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതാണ്്.

നട്ടെല്ലിന്റെ ഘടനയില്‍ വരുന്ന വ്യതിയാനങ്ങള്‍ കുട്ടികളില്‍ തലവേദന, ശ്വാസകോശരോഗങ്ങള്‍, മലബന്ധം തുടങ്ങിയ വ്യത്യസ്തങ്ങളായ രോഗങ്ങള്‍ക്ക് കാരണമാകാം.

ഓരോ കുട്ടിയെയും പോസ്റ്റര്‍ ഡിഫോമിറ്റി സ്‌ക്രീനിങിന് അഥവാ പി.ഡി.എസ് സ്‌ക്രീനിങ് എന്ന വൈകല്യം നേരത്തെ തിരിച്ചറിയുവാനുള്ള പരിശോധനയ്ക്ക് വിധേയമാക്കണം.

നട്ടെല്ലിന് എണ്ണ തേച്ച് കുളിക്കുകയും ലഘുവ്യായാമങ്ങള്‍കൊണ്ടും ഇത്തരം പ്രശ്‌നങ്ങളെ ലളിതമായി പരിഹരിക്കാം. കാലക്രമത്തില്‍ വൈകല്യങ്ങളൊക്കെ മാറുമെന്ന വാദം തെറ്റാണ്. രോഗിയുടെ പൂര്‍ണമായ പരിശ്രമം രോഗശാന്തിക്ക് അത്യാവശ്യ ഘടകമാണ്.

ബുദ്ധിവളര്‍ച്ചയ്ക്ക്

സംസാരിക്കാന്‍ താമസം വരുന്ന കുട്ടികള്‍ക്ക് വയമ്പ്, രുദ്രാക്ഷം, തുടങ്ങിയ മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധങ്ങള്‍ പ്രയോഗിക്കുന്നത് പെട്ടെന്നു ഫലം ചെയ്യും.

ബ്രഹ്മി നീര് ഉപയോഗിച്ച് കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും സഹായിക്കും. കുട്ടികളുടെ അസുഖം മാത്രം കണക്കിലെടുത്ത് ധാരാളം സിറപ്പുകള്‍, കഷായങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, പൊടികള്‍, ഗുളികകള്‍, കുഴമ്പുകള്‍, എണ്ണ എന്നിവ വിപണിയില്‍ ലഭ്യമാണ്.

കുട്ടികള്‍ പലപ്പോഴും ആയുര്‍വേദ ഔഷധങ്ങള്‍ കഴിക്കാന്‍ മടിക്കുന്നത് അവയുടെ രുചി കൊണ്ടാണ്. എന്നാല്‍ ആയുര്‍വേദ ഔഷധങ്ങളുടെ രുചി പ്രശ്‌നം പേടിക്കേണ്ടതില്ല.

കുട്ടികള്‍ക്ക് കഴിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഔഷധങ്ങള്‍ ഇന്നു ലഭ്യമാണ്. കുട്ടികളുടെ രോഗപ്രതിരോധത്തിനു ഇന്ദുകാന്തം കഷായം, ഇന്ദുകാന്തം സിറപ്പായും മുടിവളരാനുള്ള എണ്ണകള്‍, ഷാംപൂ, താളിപ്പൊടികള്‍, ഔഷധ സോപ്പുകള്‍ എന്നിവയും സുലഭമാണ്.

കുട്ടികളുടെ ഭക്ഷണരീതി

കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലെ കൃത്യതയില്ലായ്മ അവരുടെ ജീവിത രീതിയില്‍ മുഴുവനായി ബാധിക്കുന്നു. ആധുനിക കാലഘട്ടത്തിലെ കുട്ടികള്‍ക്ക് ചോക്കലേറ്റുകള്‍, ഐസ്‌ക്രീമുകള്‍, ഫാസ്റ്റ് ഫുഡ്, കൃത്രിമ പാനിയങ്ങള്‍, നൂഡില്‍സ് തുടങ്ങിയ ഭക്ഷണങ്ങളോടാണ് കൂടുതല്‍ താല്‍പര്യം.

നിരന്തരം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ മുതിര്‍ന്നവര്‍ നേരിടുന്നതുപോലെ കുട്ടികളും ഭക്ഷ്യവസ്തുക്കളിലുള്ള അപകടകരമായ ചേരുവകള്‍ ചെറുപ്പത്തിലെ ശീലമാക്കുന്നു.

വിഷലിപ്തമായ പച്ചക്കറികള്‍, മത്സ്യം, മാംസം, തുടങ്ങിയ ആഹാരങ്ങള്‍, ശീതളപാനിയങ്ങള്‍ എന്നു വേണ്ട വളരെ ഭയാനകമായ ജീവിതക്രമമാണ് ഇപ്പോഴത്തെ തലമുറ അനുവര്‍ത്തിക്കുന്നത്.

സാമാന്യ ബുദ്ധിക്കനുസരിച്ച് കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലെ അന്തരീക്ഷത്തിനു യോജിച്ച രീതിയില്‍ ജീവിക്കുവാനും മായം കലരാത്തതും പ്രകൃതിജന്യവുമായ ആഹാരങ്ങള്‍ ശീലിപ്പിക്കാന്‍ തയ്യാറാകണം.മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ ഗെയിമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

നീന്താന്‍ സൗകര്യമുണ്ടെങ്കില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിപ്പിക്കുക. നിത്യേന അല്‍പ്പ സമയം നീന്താനുള്ള സൗകര്യമുണ്ടാക്കുക. ഇത്തരത്തില്‍ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് കുട്ടിക്കാലം മുതല്‍ കരുതലോടെ ജീവിതം തുടങ്ങി വയ്ക്കാന്‍ കഴിയണം.

ഡോ. പി. കൃഷ്ണദാസ് 
ചീഫ് ഫിസിഷന്‍, 
അമൃതം ആയുര്‍വേദ ഹോസ്പ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍, 
പെരിന്തല്‍മണ്ണ

ശിശുപരിചരണം ആയുര്‍വേദത്തില്‍

 

ബാലചികിത്സ സുവ്യക്തമായും ശാസ്ത്രീയമായും വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് 'ആയുര്‍വ്വേദം'. അനാദി കാലത്തു തന്നെ സൃഷ്ടിക്കപ്പെട്ട ഈ ശാസ്ത്രത്തില്‍ 'കൗമാരഭൃത്യം' എന്ന ഒരു ശാഖ തന്നെ ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

'ആത്മാ വൈ പുത്രനാമാസി സ ജീവ ശരദാം ശതം 
ശതായു ശതവര്‍ഷോസി ദീര്‍ഘമായുരാവാപ്നുഹി' 
( - അഷ്ടാംഗഹൃദയം) 
നീ എന്റെ ഓരോ അവയവത്തില്‍ നിന്നും ജനിക്കുന്നു. പുത്രനെന്ന പേരോടു കൂടിയ നീ ഞാന്‍ തന്നെയാകുന്നു. അങ്ങനെയുള്ള നീ നൂറുസംവത്സരം ജീവിക്കുക.

സകലവിധ പ്രാര്‍ഥനകള്‍ക്കും ഒടുവില്‍ ഒരു കുഞ്ഞ് പിറക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വാക്കുകളാല്‍ വിവരിക്കുന്നതിനും അപ്പുറത്താണ്. 'പ്രസവ' മെന്ന ആശങ്കാജനകമായ പ്രക്രിയ തരണം ചെയ്യുന്നതോടെ നവജാത ശിശു പരിപാലനത്തിലെ ആശങ്കകള്‍ ഉടലെടുക്കുകയായി.

കുഞ്ഞ് എപ്പോള്‍ പാല്‍ കുടിക്കാന്‍ തുടങ്ങും, എപ്പോള്‍ കഴുത്തുറയ്ക്കും, എപ്പോള്‍ കമഴ്ന്നു വീഴും, എപ്പോള്‍ നടക്കും, എപ്പോള്‍ സംസാരിക്കും തുടങ്ങിയ ഒരു നീണ്ട സംശയത്തിന്റെ നാളുകളായിരിക്കും.

കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണു കുടുംബം ആയതിന്റെ വിഷമതകള്‍ ശരിക്കും അനുഭവിക്കുന്ന ദിനങ്ങളായിരിക്കും അവ. മുത്തശി പഴമയിലൂടെ പകര്‍ന്നു കിട്ടിയ അറിവും, സ്വന്തം അനുഭവപരിചയവും, ഓണ്‍ലൈ ന്‍ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നു കിട്ടിയ അറിവും ചേര്‍ന്നാണ് ഒരു ശരാശരി രക്ഷിതാവ് തന്റെ കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നത്.

ആയുര്‍വേദം പറയുന്നു

ബാലചികിത്സ സുവ്യക്തമായും ശാസ്ത്രീയമായും വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് 'ആയുര്‍വേദം'. അനാദി കാലത്തു തന്നെ സൃഷ്ടിക്കപ്പെട്ട ഈ ശാസ്ത്രത്തില്‍ 'കൗമാരഭൃത്യം' എന്ന ഒരു ശാഖ തന്നെ ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പ്രാചീനശാസ്ത്രമെന്ന നിലയ്ക്ക് തള്ളിക്കളയാതെ ശാസ്ത്രീയമായി അപഗ്രഥിച്ചാല്‍ ഇന്നത്തെ കാലത്തുള്ള മിക്ക രോഗങ്ങള്‍ വരെ ആചാര്യന്‍മാര്‍ ഈ വേദശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നു എന്നു കാണാവുന്നതാണ്.

കാശ്യപസംഹിത, ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം തുടങ്ങിയ അസംഖ്യം സംഹിതകളിലും ആരോഗ്യകല്‍പ്പദ്രുമം തുടങ്ങിയ വ്യാഖ്യാനങ്ങളിലും ബാല ചികിത്സ പ്രതിപാദ്യം ദര്‍ശിക്കാവുന്നതാണ്.

കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടങ്ങളും, അവയുടെ ഉപദ്രവങ്ങളും, ശ്രദ്ധിക്കേ കാര്യങ്ങളും, ചികിത്സയും, ശാസ്ത്രകര്‍മ്മവും മറ്റും ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.ആയുര്‍വേദശാസ്ത്രത്തില്‍ ബാലോപചാരങ്ങള്‍ ആരംഭിക്കുന്നത് രക്ഷിതാക്കളുടെ ശുക്ലാര്‍ത്തവ സംയോഗം മുതല്‍ തന്നെയാണ്.

ജനനം, പൊക്കിള്‍ക്കൊടി മുറിക്കല്‍, മുലപ്പാലിന്റെ മഹത്വം, മുലപ്പാല്‍ ദുഷിച്ചാല്‍ ചെയ്യേണ്ടവ, കുഞ്ഞിന് പല്ലുണ്ടാവുന്നത്, കാതുകുത്തല്‍, പേരിടല്‍ കര്‍മ്മം, മുലകുടി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ടവ തുടങ്ങിയവയും കുഞ്ഞിനെ ബാധിക്കുന്ന പനി, അപസ്മാരം, കരപ്പന്‍, സംസാര വൈകല്യം, നടക്കാനുള്ള പ്രയാസം, വിളര്‍ച്ച, വളര്‍ച്ചക്കുറവ് തുടങ്ങിയ രോഗങ്ങളും ചികിത്സയും പ്രതിപാദിച്ചിരിക്കുന്നു.

കേരളത്തില്‍ ബാലചികിത്സക്ക് പ്രത്യേക പാരമ്പര്യവും, പ്രശസ്തിയും, വിശ്വാസ്യതയും പുരാതന കാലം മുതല്‍ക്കേ ഉണ്ട്. അനേകം വൈദ്യകുടുംബങ്ങള്‍ തന്നെ ബാലചികിത്സ മാത്രമായി ചികിത്സിക്കുന്നവരായി നമുക്ക് കാണാവുന്നതാണ്.

കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഒരു വയസ്സ് വരെ

  1. ആദ്യമേ തന്നെ കുട്ടിയുടെ കാഴ്ച്ചയും കേള്‍വിയും ഉറപ്പ് വരുത്തുക.
  2. സാധാണയായി കുഞ്ഞ് അമ്മയെ ശ്രദ്ധിക്കാനും ചിലപ്പോഴൊക്കെ ചിരിക്കാനും, ചില വസ്തുക്കളെ നിരീക്ഷിക്കാനും, ചില ശബ്ദങ്ങള്‍ ശ്രദ്ധിക്കാനും തുടങ്ങുന്നത് രണ്ടാം മാസത്തിലാണ്.
  3. മൂന്നാം മാസത്തില്‍ കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുവാന്‍ തുടങ്ങുന്നു. ഇതിന് അഞ്ചു മാസം വരെ സമയമെടുക്കാറുണ്ട്. കുഞ്ഞ് സ്വന്തം കൈയിന്റെ ചലനം ശ്രദ്ധിക്കുകയും, ചുവന്ന കളിപ്പാട്ടങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടുങ്ങുകയും; 'ആഹ്', 'കൂ' എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ഇടയ്ക്ക് ഉറക്കെ ചിരിക്കുകയും ചെയ്യാന്‍ തുടങ്ങുന്നു.
  4. നാലാം മാസത്തില്‍ കമഴ്ന്നു കിടക്കാന്‍ ശ്രമിക്കുന്നു, കയ്യില്‍ കിട്ടുന്ന വസ്തു പിടിച്ച് വായിലിടാന്‍ തുടങ്ങുന്നു, കൈ രണ്ടും കൂട്ടിപ്പിടിക്കാന്‍ തുടങ്ങുന്നു, മുലപ്പാല്‍ കുടിക്കവെ സന്തോഷം കാണിക്കുന്നു.
  5. അഞ്ചാം മാസം കമഴ്ന്നു കിടക്കുന്നു.
  6. ആറാം മാസം ചെറിയ സഹായത്തോടെ ഇരിക്കാന്‍ തുടങ്ങുന്നു, കൈ കുത്തി മുന്നോട്ടാഞ്ഞ് ഇരിക്കാന്‍ ശ്രമിക്കുന്നു, ഒരു കൈയില്‍ വസ്തുക്കള്‍ എടുത്ത് മറു കൈയ്യിലേക്ക് മാറ്റിപ്പിടിയ്ക്കാന്‍ തുടങ്ങുന്നു, കാല്‍ പിടിച്ച് വായില്‍ വയ്ക്കുന്നു, കണ്ണാടിയില്‍ നോക്കി കളിക്കുന്നു, 'ഗാഗദ, 'മാമ' തുടങ്ങിയ അക്ഷരങ്ങള്‍ പറയുന്നു.
  7. എട്ടാം മാസത്തില്‍ സ്വയം ഇരിക്കാനാരംഭിക്കുന്നു, കമഴ്ന്നു കിടന്ന് 'നീന്താന്‍' തുടങ്ങുന്നു, ശബ്ദത്തിനനുസരിച്ച് നോക്കുവാന്‍ ആരംഭിക്കുന്നു,മറ്റൊരാളുടെ കൈ പിടിച്ച് 5, 6 അടി നടക്കുന്നു, മുട്ടുകുത്തി നടക്കാന്‍ ആരംഭിക്കുന്നു, കളിപ്പാട്ടങ്ങളും മറ്റും മറച്ചു വച്ചാല്‍ കത്തെുന്നു, പേരു വിളിച്ചാല്‍ ശ്രദ്ധിക്കുവാന്‍ ആരംഭിക്കുന്നു, സംസാരിക്കുന്നത് മനസിലാക്കാന്‍ തുടങ്ങുന്നു, ഒറ്റവാക്കുകള്‍ പറയാനാരംഭിക്കുന്നു.
  8. ഒരു വയസില്‍ നില്‍ക്കാന്‍ സാധിക്കുന്നു, നടക്കാനാരംഭിക്കുന്നു.(15 മാസത്തില്‍ ശരിയായി നടക്കുന്നു.), കളിപ്പാട്ടങ്ങളും മറ്റു ചോദിച്ചാല്‍ തിരികെ തരുന്നു, കളിപ്പാട്ടങ്ങള്‍ വായില്‍ വയ്ക്കാതെ കളിക്കാനാരംഭിക്കുന്നു, കൈ ചൂണ്ടി കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങുന്നു, 2 വാക്കുകള്‍ കൂട്ടി സംസാരിക്കാനാരംഭിക്കുന്നു.

ഇത്തരം അവസ്ഥകള്‍ ഓരോരുത്തര്‍ക്കും തമ്മില്‍ ചെറിയ വ്യത്യാസം കാണുമെങ്കിലും ഈ വളര്‍ച്ചാ ഘട്ടങ്ങള്‍ സമയാനുസൃതമായി പ്രാപിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ വൈദ്യോപദേശം തേടേണ്ടതും, ചികിത്സിക്കേണ്ടതുമാണ്.

കുഞ്ഞിന്റെ രണ്ട് കൈകാലുകളുടേയും ചലനങ്ങളും പിടുത്തവും, നോട്ടവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'സെറിബ്രല്‍ പാള്‍സി' പോലുള്ള മസ്തിഷ്‌കത്തെ ബാധിക്കുന്ന അസുഖങ്ങളും മറ്റും ഇപ്രകാരം കണ്ടെത്താവുന്നതാണ്. കുട്ടികള്‍ ഭയപ്പെടുന്ന തരത്തില്‍ അവരെ എടുക്കുകയോ, കുലുക്കുകയോ, ഉയര്‍ത്തി എടുക്കുകയോ ചെയ്യരുത്.

സെറിബ്രല്‍ പാള്‍സി

സെറിബ്രല്‍ പാള്‍സി എന്ന ശാരീരിക ചലനങ്ങള്‍ ചെയ്യാനാവാത്ത അവസ്ഥ ഉണ്ടാകുന്ന മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്ന രോഗം. കുഞ്ഞിന്റെ ചലനങ്ങള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തുകയാണിത് മുന്‍കൂട്ടി അറിയാനുള്ള വഴി.

മുന്‍ പറഞ്ഞ വളര്‍ച്ചാ ഘട്ടങ്ങള്‍ കൃത്യമായി പ്രാപിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക. കുഞ്ഞിനു ചവയ്ക്കാനുള്ള പ്രയാസം, വായ കഴുകി തുപ്പാന്‍ കഴിയാതിരിക്കല്‍, വായില്‍ വെള്ളം പിടിച്ചു നിര്‍ത്താന്‍ കഴിയാതിരിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ തരിപ്പില്‍ പോവുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

ബുദ്ധിമാന്ദ്യം

ശരാശരി ബുദ്ധി കുറയുന്ന അവസ്ഥയാണിത്. കുഞ്ഞുങ്ങളിലെ പ്രതികരണ ശേഷി ശ്രദ്ധിച്ചാല്‍ ഒരളവുവരെ കണ്ടെത്താവുന്നതാണ്.

ഓട്ടിസം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 88 കുട്ടികളില്‍ ഒരാള്‍ 'ഓട്ടിസം സ്‌പെക്ര്ടം ഡിസീസ്' ബാധിച്ചവരാണ്. കുഞ്ഞ് സംസാരിക്കാന്‍ താമസമെടുക്കുക, ഒറ്റയ്ക്കിരുന്നു കളിയ്്ക്കുക, വിളിച്ചാല്‍ വിളി കേള്‍ക്കായ്ക, അധികമായി കളിക്കുക, ശ്രദ്ധക്കുറവ്, വാശി ഇവയെല്ലാം ഓട്ടിസം ബാധയുടെ ലക്ഷണമായേക്കാം. പ്രായം കൂടുന്തോറും ഈ ലക്ഷണങ്ങള്‍ കൂടിവരുമ്പോഴാണ് ഇത് ശ്രദ്ധിക്കേത്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍

അപസ്മാരം തൈറോയിഡ്, വിളര്‍ച്ച, വിശപ്പില്ലായ്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ന്യൂമോണിയ, ദഹന സംബന്ധമായ അസുഖങ്ങള്‍, കൃമിശല്യം, ഹെര്‍ണിയ തുടങ്ങിയവയ്ക്ക് ഗൃഹവൈദ്യം അല്ലാതെ വൈദ്യനിര്‍ദേശപ്രകൈരം നിര്‍ദേശിച്ചത്ര സമയം മരുന്നുകള്‍ സേവിക്കുക എന്നത് ഇത്തരം അവസ്ഥകള്‍ കുറയ്ക്കാനുള്ള ഒരു മാര്‍ഗമായേക്കാം.

സംസാരം, നടക്കാന്‍ ആരംഭിക്കല്‍ തുടങ്ങിയവ വൈകി തുടങ്ങുമ്പോള്‍ കുഞ്ഞിന്റെ പാരമ്പര്യം അങ്ങിനെയാണ് അച്ചന്‍/അമ്മ ചെറുപ്പത്തില്‍ വൈകിയാണ് സംസാരിച്ചത് എന്നു പറഞ്ഞു നില്‍ക്കാതെ വിദഗ്ദ വൈദ്യോപദേശം തേടുക.

ഗവണ്‍മെന്റ് തലത്തില്‍ ഇപ്പോള്‍ ഇത്തരം ചികിത്സക്കായി പുതിയ ആശുപത്രികള്‍ അലോപതിയിലും, ആയുര്‍വേദത്തിലും തുടങ്ങിയിട്ടുണ്ട് എന്നത് പ്രശംസനീയമാണ്.

പക്ഷേ, രോഗികളുടെ എണ്ണത്തിനനുസരിച്ച് ദീര്‍ഘകാല ചികിത്സകള്‍ പ്രാപ്യമാക്കുക ശ്രമകരവും, ചിലവേറിയതുമാണ്. അതിനാല്‍ തന്നെ ചികിത്സ ലഭിക്കുന്നതിനേക്കാള്‍ അവഗണന ലഭിക്കുന്നവരാണ് ഈ കുഞ്ഞുങ്ങളില്‍ അധിക പേരും എന്നു പറയാവുന്നതാണ്.

ബാലോപചാര കര്‍മ്മങ്ങള്‍

'ധാത്രേ്യാ വ്യാപന്നം വിവിധാമയോദയായ ബാലസ്യ പ്രകല്പതേ!!'
(- അഷ്ടാംഗഹൃദയം)

മുലകുടി മാറുന്ന വരെ കുഞ്ഞിന്റെ അസുഖങ്ങള്‍ക്ക് പ്രധാനകാരണം സ്തന്യദുഷ്ടി തന്നെയാണ്. അതിനാല്‍ അമ്മയും കുഞ്ഞും ഒരുപോലെയണ് ചികിത്സപ്പെടേത് എന്ന് ആയൂര്‍വേദം അടിവരയിട്ടു പറയുന്നു.

ജനിച്ച ഉടനെ ബലാതൈലം പുരട്ടാനും മറ്റും ഉപദേശിക്കുന്നുങ്കെിലും ആധുനിക ജീവിതസാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ ചില കര്‍മ്മങ്ങള്‍ നോക്കാം.

ഒന്നാം ദിവസം തന്നെ തേനും, നെയ്യും തങ്കം ചേര്‍ത്തരച്ച് നാവിന്‍ മേല്‍ തേയ്ക്കുക. ഒരു ഉരയ്ക്കലിന് കിട്ടുന്ന തങ്കം വിരലിന്‍ മേല്‍ എടുത്ത് കുട്ടിയുടെ നാവില്‍ പുരട്ടുക.

ഇപ്രകാരം വയമ്പും ചേര്‍ത്ത് ചെയ്യാവുന്നതാണ്. കുഞ്ഞിന്റെ ബുദ്ധിശക്തിക്കും മസ്തിഷ്‌ക വികാസത്തിനും ഇതുത്തമമാണ്. ഒരു വയസ്സു വരെ ഇതു തുടരാവുന്നാണ്.

അമ്മയുടെ സ്തന്യശുദ്ധിക്കായി പത്ഥ്യം ശ്രദ്ധിക്കുകയും വേണം. മുലപ്പാലിന്റെ ദുഷ്ടി മാറാന്‍ ഇവളത്തിന്‍ വേരോ, വയമ്പോ അരച്ച് സ്തനത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി തുടച്ച് വൃത്തിയായ ശേഷം പാല്‍ കൊടുക്കുക.

  1. കുഞ്ഞിനു മലബന്ധം വരുകയാണെങ്കില്‍ കടുക്കത്തോട് കുരു കളഞ്ഞത് മുന്‍ പറഞ്ഞ പോലെ സ്തനത്തില്‍ പുരട്ടി കഴുകി കളഞ്ഞ ശേഷം പാല്‍ കൊടുക്കുക.
  2. മലബന്ധത്തിന് 510 കറുത്ത മുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞരച്ച് കുഞ്ഞിന് കൊടുക്കുക. അല്ലെങ്കില്‍ ബ്രഹ്മി ഇല വാട്ടിപ്പിഴിഞ്ഞ നീര് കൊടുക്കുക.
  3. കുഞ്ഞിനു വയമ്പ് ഉരച്ച് വായില്‍ തേച്ച് കൊടുത്ത് സേവിക്കുക.
  4. സംസാരം വ്യക്തമാവാന്‍ രുദ്രാക്ഷം, വയമ്പ്, പവിഴം എന്നിവ തേച്ച് നാവിന്‍ മേല്‍ തേക്കുക.
  5. ലാക്ഷാദി തൈലം, ചെമ്പരുത്യാദി തൈലം തുടങ്ങിയവ ദേഹത്ത് തേച്ച് നിത്യേന കുളിപ്പിക്കുക.
  6. രജന്യാദിചൂര്‍ണ്ണം കാല്‍ ടീസ്പണ്‍ തേനില്‍ ചാലിച്ച് നിത്യേന സേവിക്കുക.
  7. കുഞ്ഞിന് മൂക്കടപ്പ്, ജലദോഷം ഇവ വരികയാണെങ്കില്‍ ആടലോടകത്തിന്‍ ഇലയിന്‍ മേല്‍ നല്ലജീരകം അരച്ച് തേച്ച ശേഷം ആവിയില്‍ ചൂടാക്കി പിഴിഞ്ഞ് നീരെടുത്ത സമം തേനും ചേര്‍ത്തു നിത്യേനെ ഒരു സ്പൂണ്‍ നല്‍കുക.
  8. അപസ്മാര നെയ്യ് ഉള്ളം കയ്യിലോ, കാലിലോ പുരട്ടുന്നതും വയമ്പു കുഞ്ഞിന്റെ ദേഹത്ത് ധരിക്കുന്നതും, നിത്യേന വയമ്പുരച്ചു നല്‍കന്നതും അപസ്മാരം ഒഴിവാക്കുന്നതുമാണ്.
  9. കുഞ്ഞിന് പ്രാണികളോ മറ്റോ കടിച്ച് വീക്കം വന്നാല്‍ 'വില്വാദി ഗുളിക' തുളസി നീരും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുക. കുറവു വന്നില്ലെങ്കില്‍ വൈദ്യ സഹായം തേടുക.
  10. കുഞ്ഞ് കരയുമ്പോള്‍ ചെവിയിലോ, വയറിലോ തട്ടിയാണ് കരയുന്നതെങ്കില്‍ അത് അവിടുത്തെ വേദനയാണെന്ന് മനസിലാക്കുക.
  11. രാത്രിയില്‍ ഞെട്ടിയുണരുമ്പോള്‍ വേദനയോ, ശ്വാസതടസമോ, പ്രാണി കടിച്ചതോ ആണോ എന്ന് നോക്കുക. ആധൂനീക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന പല ബാലരോഗങ്ങള്‍ക്കും വ്യക്തമായ പരിഹാരം ആയുര്‍വ്വേദശാസ്ത്രത്തിലുണ്ട്.

ഡോ. സന്ദീപ് കിളിയന്‍കണ്ടി 
ചീഫ് കണ്‍സല്‍ട്ടന്റ് ആന്‍ഡ് സര്‍ജന്‍ 
ചാലിയം ആയൂര്‍വേദിക്‌സ്, കോഴിക്കോട്.

ആരോഗ്യമുള്ള ചര്‍മ്മത്തിന് ആയുര്‍വേദം

 

ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്‍വേദചിട്ടകള്‍ നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ 
തിരിച്ചറിയാന്‍ സാധിക്കും.

ശരീരമാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയെന്ന് ത്വക്കിനെ വിശേഷിപ്പിക്കാം. കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍പോലും ത്വക്കില്‍നിന്നു മനസിലാക്കാന്‍ കഴിയും.

അലര്‍ജിമൂലം ഉണ്ടാകുന്ന ആസ്ത്മയുടെ ലക്ഷണങ്ങള്‍വരെ ത്വക്കിലൂടെ അറിയാമെന്നു പറയുമ്പോള്‍ മനുഷ്യശരീരത്തില്‍ ത്വക്കിന്റെ സ്ഥാനം എത്ര വലുതാണെന്ന് പറയേണ്ടതില്ലല്ലോ.

ത്വക്കിനെ വിശേഷിപ്പിക്കാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം, പുറംലോകവുമായി നേരിട്ടു ബന്ധമുള്ള ഏക അവയവം, ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ചെറിയ മാറ്റങ്ങള്‍പോലും പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണം എന്നിങ്ങനെ ത്വക്കിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു.

എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു അവയവത്തെ സംരക്ഷിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുമില്ല, സമയംനീക്കിവയ്ക്കാന്‍ ശ്രമിക്കാറുമില്ല. മറ്റെല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ചര്‍മത്തിനും പ്രത്യേക പരിചരണം അത്യാവശ്യമാണ്.

ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്‍വേദചിട്ടകള്‍ നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍

  1. ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും പ്രധാനം വൃത്തിയാണ്. ശാരീരികവും മാനസികവുമായ ശുചീകരണം ചര്‍മ്മസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ശരീരത്തിനകത്തുനിന്നുള്ള മാലിന്യങ്ങളെ വിസര്‍ജിക്കുന്ന അവയവം കൂടിയാണ് ത്വക്ക്. ഈ മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ നിത്യവും കുളിക്കണം.
  2. ആയുര്‍വേദം അനുശാസിക്കുന്നത് സൂര്യന്‍ ഉദിക്കുന്നതിന് ഒന്നര മണിക്കൂര്‍മുമ്പ് എഴുന്നേറ്റ് (ബ്രാഹ്മ മുഹൂര്‍ത്തത്തില്‍) അത്യാവശ്യ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചാല്‍ ഉടന്‍ എണ്ണതേച്ചുകുളിക്കണം.
  3. തിരക്കുകള്‍മൂലം ദിവസവും എണ്ണതേച്ചു കുളിക്കാന്‍ കഴിയാത്തവര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണതേച്ചു കുളി മുടക്കരുത്.
  4. എണ്ണതേച്ചുകുളി ശരീരത്തിന്റെ ക്ഷീണംമാറ്റി ജരാനരകള്‍ അകറ്റി അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളില്‍നിന്നു ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. വാതരോഗങ്ങളെ ശമിപ്പിക്കുന്നു.
  5. ചന്ദനം, മഞ്ഞള്‍, രക്തചന്ദനം എന്നിവ എല്ലാ ദിവസമോ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമോ മുഖത്തും ശരീരത്തും തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിനുശേഷം കഴുകി കളയുന്നതു ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
  6. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങാത്ത ക്രീമുകള്‍ പുരട്ടാവുന്നതാണ്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിന് രാസപദാര്‍ത്ഥങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നു.

കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നല്ലെണ്ണയാണ് തേച്ചു കുളിക്കാന്‍ ഏറ്റവും ഉത്തമം. വെളിച്ചെണ്ണയുമാകാം. എണ്ണതേച്ചു കുളിയിലൂടെ ശരീരത്തിന് മാര്‍ദവം കിട്ടുന്നു.
  • മരുന്നിട്ട് കാച്ചിയ എണ്ണകള്‍ തേച്ച്കുളിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ നിറവും അഴകും വര്‍ധിപ്പിക്കാന്‍ കഴിയും. താഴെപ്പറയുന്ന എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. 15- 20 മിനിറ്റ് വരെ ഇവ തേച്ചിരുന്നശേഷമേ കുളിക്കാവൂ. കുട്ടികള്‍ക്ക് - ലാക്ഷാദി തൈലം മുതിര്‍ന്ന കുട്ടികള്‍ക്ക് - നാല്‍പാമരാദിതൈലം യൗവനത്തില്‍- പിണ്ഡതൈലം
  • ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാന്‍ തൈലങ്ങള്‍ തേച്ചുള്ള കുളി സഹായിക്കും.

ശരീരദുര്‍ഗന്ധം അകറ്റാന്‍

  • ശരീരത്തുനിന്ന് മാലിന്യം പുറത്തു പോകുന്നത് മൂന്ന് വിധത്തിലാണ്. വിയര്‍പ്പ്, മലം, മൂത്രം എന്നിവയുടെ രൂപത്തില്‍. ഇത് കൃത്യമായി പോകേണ്ടത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വളരെ അത്യാവശ്യമാണ്. ഇവ അമിതമായി ശരീരത്തുനിന്നു പോകുന്നത് രോഗ ലക്ഷണമാകാം.
  • ശരീര ദുര്‍ഗന്ധത്തിനുള്ള മുഖ്യ കാരണം വിയര്‍പ്പാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് പുറത്തുപോകുന്ന വിയര്‍പ്പിന്റെ അളവിലും വ്യത്യാസം ഉണ്ടാകാം. ചില ഭക്ഷണ സാധനങ്ങള്‍ അവസാനം കഴിച്ചു നിര്‍ത്തിയാല്‍ വിയര്‍പ്പിനൊപ്പം ആ ഭക്ഷണ പദാര്‍ത്ഥത്തിന്റെ ഗന്ധംകൂടി അനുഭവപ്പെടാം. ഉദാഹരണമായി ഉള്ളി.
  • തൈറോയിഡ്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളും അമിത വിയര്‍പ്പിന് കാരണമാകാം. രോഗങ്ങളാണ് വിയര്‍പ്പിനു കാരണമെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം.
  • ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങളില്‍ ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടുന്നത് ദുര്‍ഗന്ധം അകറ്റി നിര്‍ത്തും.
  • കര്‍പ്പൂരം, രാമച്ചം ഇവയുടെ പുക വസ്ത്രങ്ങള്‍ക്ക് സുഗന്ധം നല്കാന്‍ സഹായിക്കും.
  • വിശ്വസ്തനീയമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും.

മുഖക്കുരു ഒഴിവാക്കാന്‍

  • പൊടി പടലങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലം പൊടിപടലങ്ങള്‍ രോമകൂപങ്ങളില്‍ തങ്ങിനിന്ന് മുഖക്കുരു ഉണ്ടാകാം. പൊടിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.
  • ദിവസം അഞ്ചു പ്രാവശ്യമെങ്കിലും ശുദ്ധ ജലത്തില്‍ മുഖം കഴുകണം. മുഖത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്ത് മുഖക്കുരു വരാനുള്ള സാധ്യത ഇതിലൂടെ കുറച്ചു നിര്‍ത്താം.
  • തലയിലെ താരനാണ് മുഖക്കുരുവിനുള്ള മറ്റൊരു കാരണം. ആയുര്‍വേദ മരുന്നുകളിലൂടെ താരന്റെ ശല്യം ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിവിധി.
  • ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എണ്ണയുടെ അമിത ഉപയോഗം മുഖക്കുരുവിനു കാരണമാകാം.
  • മുഖക്കുരുവിന് അണുബാധ ഉണ്ടായാല്‍ ചര്‍മ്മരോഗമാണോയെന്ന് ഡോക്ടറെകണ്ട് പരിശോധിച്ച് ലേപനങ്ങള്‍ പുരട്ടുക.
  • മുഖക്കുരു പൊട്ടിക്കാതിരിക്കുക. അശുദ്ധമായ വിരലുകള്‍ ഉപയോഗിച്ച് മുഖക്കുരു പൊട്ടിക്കുന്നത് അണുബാധയ്ക്കു കാരണമാവും.
  • കരിങ്ങാലി, രാമച്ചം, വെളുത്ത ചന്ദനം ഇവ ചേര്‍ന്ന മരുന്നുകള്‍ ഉള്ളിലേക്ക് കഴിക്കുന്നതും നാരങ്ങനീര്, മഞ്ഞള്‍, രക്തചന്ദനം തുടങ്ങിയ ചൂര്‍ണങ്ങള്‍ പുറമേ പുരട്ടുന്നതും ഫലപ്രദമാണ്.

ചര്‍മ്മത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍

  • മഞ്ഞള്‍പൊടി പാലില്‍ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകള്‍ മാറാനും ഈ ലേപനം നല്ലതാണ്.
  • നാരങ്ങാനീരും തേനും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് ചര്‍മത്തിന് മിനുസം കിട്ടാന്‍ സഹായിക്കും.
  • നാരങ്ങാനീരും മഞ്ഞളും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത് ബ്ലീച്ച് ചെയ്യുന്നതിന് സമമാണ്. വൈറ്റമിന്‍ സിയും ആല്‍ക്കലിയും അടങ്ങിയിരിക്കുന്നതിനാല്‍ പത്തുമിനിറ്റ് പുരട്ടിയശേഷം ഇത് കഴുകിക്കളയണം. രാസവസ്തുക്കളുടെ സാനിധ്യമില്ലാതെ പ്രകൃതിദത്തമായി മുഖ സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യാം.
  • കൃത്രിമമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചര്‍മ്മത്തിന് ദോഷകരമാണ്. ആദ്യം ഗുണം കണ്ടാലും പിന്നീട് ഇവ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുക്കളാണ് ചര്‍മ്മത്തിന് ഏറ്റവും സുരക്ഷിതമെന്ന് മറക്കാതിരിക്കുക.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

  • ചര്‍മ്മത്തിന്റെ ശരിയായ രക്തചക്രമണത്തിന് വൈറ്റമിന്‍ എ,ഇ,സി ഇവ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പല ത്വക്ക്‌രോഗങ്ങളെയും അകറ്റി നിര്‍ത്തുകയും ചെയ്യാം.
  • ചര്‍മ്മത്തിന്റെ ആരോഗ്യമാണ് ചര്‍മത്തിന്റെ സൗന്ദര്യം. അതിനാല്‍ എല്ലാവിധ പോഷകങ്ങളുമടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും പഴച്ചാറുകള്‍. ത്വക്കിന് ആവശ്യമായ ഓക്‌സിജനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, ഗ്ലൂക്കോസ് എന്നിവ പഴച്ചാറുകളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതാണ് കാരണം.
  • ഇലക്കറികള്‍, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങയില ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിലെ വിഷാംശത്തെ അകറ്റി രക്തശുദ്ധീകരണത്തിന് മുരിങ്ങയില ഉത്തമമാണെന്ന്ആയുര്‍വേദം പറയുന്നു.
  • കരിങ്ങാലിക്കാതല്‍ വെള്ളം തിളപ്പിച്ചു കുടിക്കുക. ഇത് ചര്‍മ്മത്തിന്റെ ഉണര്‍വിന് നല്ലതാണ്.
  • നറുനീണ്ടിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചര്‍മ്മത്തിന്റെ ഉണര്‍വിനും ഉന്മേഷത്തിനും നല്ലതാണ്.
  • ചര്‍മ്മസംരക്ഷണത്തിന്് അന്നജത്തേക്കാളും പ്രധാനപ്പെട്ട ഘടകം മാംസ്യമാണ്. മുളപ്പിച്ച ധാന്യങ്ങളില്‍ ഇത് വളരെയധികം അടങ്ങിയിരിക്കുന്നു.
  • ദിവസവും 8 - 9 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ആരോഗ്യമുള്ള ചര്‍മ്മത്തിന് വെള്ളം അത്യാവശ്യ ഘടകമാണ്.
  • ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന ആഹാരം കുഞ്ഞിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ആഹാരത്തിലെ പോഷകക്കുറവ് കുഞ്ഞിന്റെ വരണ്ട ചര്‍മ്മത്തിനു കാരണമാകാം. ഗര്‍ഭപൂര്‍വചര്യകള്‍ക്ക് അമ്മ നിര്‍ബന്ധമായും പ്രാധാന്യം നല്‍കണം.

പാടുകള്‍ മാറാന്‍

  • മഞ്ഞള്‍ ചേര്‍ന്ന ലേപനങ്ങള്‍, വേപ്പില, രക്തചന്ദനം തുടങ്ങിയവ പാടുള്ള ഭാഗത്തു പുരട്ടുക.
  • ഏലാദികേരം, മഞ്ചിഷ്ടാദി എണ്ണ മുതലായവയും പാടുകള്‍ മാറാന്‍ നല്ലതാണ്.
  • പൊള്ളലിന്റെ പാടുകളും മറ്റു പാടുകളും മാറാന്‍ തേനിനോളം നല്ലൊരു ഒറ്റമൂലി ഇല്ല.
  • വിരശല്യം കാരണവും ശരീരത്തു വെളുത്തപാടുകള്‍ പ്രത്യക്ഷപ്പെടാം. ഈ പാടുകള്‍ മാറാന്‍ വിരയ്ക്കുള്ള മരുന്നുകള്‍ കഴിക്കുക.
  • പ്രമേഹം, ആസ്ത്മ, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും ശരീരത്തു കലകള്‍ വരാം. ഇത്തരം സാഹചര്യത്തില്‍ ആദ്യം പ്രധാന രോഗത്തെ ചികിത്സിക്കുക. പിന്നീട് ഒറ്റമൂലികള്‍ ചെയ്യാവുന്നതാണ്.
  • മഹാതിക്തകം നെയ്യ് പുരട്ടുന്നതും പാടുകള്‍ക്ക് ഫലപ്രദമാണ്.

ദിനചര്യയില്‍ ശ്രദ്ധിക്കാന്‍

  • എണ്ണതേച്ചുകുളി ഒഴിവാക്കാതിരിക്കുക. ചര്‍മ്മത്തിലെ രക്തക്കുഴലുകളെ ഉത്തേജിപ്പിച്ച് രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ എണ്ണതേച്ചുകുളി സഹായിക്കുന്നു.
  • ദിവസവും രണ്ടുനേരം കുളിയ്ക്കുക. ചര്‍മ്മത്തില്‍ പറ്റിപിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം, ചര്‍മ്മരോഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യാം.
  • രാസപദാര്‍ത്ഥങ്ങള്‍ അമിതമായി അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നഷ്ടപ്പെടുത്തുന്നു.
  • മലമൂത്ര വിസര്‍ജനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക. ത്വക്കിന്റെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്.
  • സൂര്യപ്രകാശത്തോടുള്ള അലര്‍ജി ഒഴിവാക്കാന്‍ നാല്‍പ്പാമരാദി എണ്ണ ശരീരത്തു പുരട്ടിയശേഷം പുറത്തിറങ്ങുക. സണ്‍സ്‌ക്രീന്‍ ലേപനങ്ങളും ഉപയോഗിക്കാവുന്നതാണ്.
  • വൈറ്റമിന്‍ ഇ ശരീരത്തിനു ലഭിക്കാന്‍ വൈകുന്നേരം മൂന്നുമണിയ്ക്കു ശേഷമുള്ള വെയില്‍ കൊള്ളുന്നത് നല്ലതാണ്.
  • വാകപ്പൊടി, പയറുപൊടി, കടലമാവ് ഇവ ശരീരത്തുതേച്ചും ചീവയ്ക്കപ്പൊടി തലയിലും തേച്ചു കുളിക്കുന്നതു ശരീരത്തു തങ്ങി നില്‍ക്കുന്ന പഴയകോശങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുകയും പുതിയ കോശങ്ങളുടെ രൂപീകരണത്തെ സഹായിക്കുകയൂം ചെയ്യുന്നു.

ആരോഗ്യമുള്ള ചര്‍മ്മത്തിന്

  • ശരിയായ ഉറക്കം ചര്‍മ്മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം. ത്വക്കിന്റെ ആരോഗ്യം കാത്തുരക്ഷിക്കാനും ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ ക്ഷീണം മാറ്റി ഉണര്‍വു നല്‍കാനും ശരിയായ ഉറക്കം സഹായിക്കുന്നു.
  • മനസുമായി ത്വക്കിന്് അഭേദ്യമായ ബന്ധമാണുള്ളത്. മാനസിക സംഘര്‍ഷങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴ്ത്തിയേക്കാം. അതിനാല്‍ നല്ല ചിന്തകളിലൂടെ മനസിനെ ശാന്തമാക്കിവയ്ക്കാന്‍ ശ്രമിക്കണം.
  • ഓരോരുത്തരുടേയും ശരീരത്തിന് അനുയോജ്യമായ വ്യായാമം ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമാണ്. വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മത്തിലേക്കുള്ള രക്തപ്രവാഹം കൂടുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിക്കുകയും ചെയ്യുന്നു.
  • കൊതുകുകടിയും ചര്‍മ്മത്തില്‍ പാടുകള്‍ സൃഷ്ടിക്കുന്നു. വെളിച്ചെണ്ണ, വേപ്പെണ്ണ ഇവ തേയ്ക്കുന്നതിലൂടെ കൊതുകുകടി ഒഴിവാക്കാം. കൊതുകിനെ അകറ്റാന്‍ കര്‍പ്പൂരം പുകയ്ക്കുന്നതും നല്ലതാണ്. അതോടൊപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം.
  • വെയില്‍ അധികം കൊള്ളുന്ന സാഹചര്യത്തില്‍ ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതാണ് നല്ലത്. വെയിലത്ത് ഇറങ്ങുന്നതിനുമുമ്പ് ലേപനങ്ങള്‍ പുരട്ടുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മ്മത്തെ രക്ഷിക്കും.
  • സഹിക്കാവുന്ന തണുപ്പില്‍ ഐസ്‌ക്യൂബുകള്‍ മുഖത്തുവയ്ക്കുന്നതും ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും.

മുഖത്തിനു നിറം വര്‍ധിപ്പിക്കാന്‍

  • പാല്‍പ്പാടയും മഞ്ഞളും, രക്തചന്ദനം, തേന്‍, കടലമാവ്, കുങ്കുമപ്പൂവ് ഇവയെല്ലാം പുറമേ പുരട്ടുന്നത് മുഖസൗന്ദര്യം വര്‍ധിപ്പിക്കും.
  • വേപ്പില തേച്ചുള്ള കുളിയും, മൈലാഞ്ചി എണ്ണ തേയ്ക്കുന്നതും ശരീരത്തിലെ പാടുകള്‍ മങ്ങിപ്പോകുന്നതിന് സഹായിക്കും.

ചര്‍മ്മസംരക്ഷണം വീട്ടില്‍

  • ചര്‍മ്മത്തില്‍ കാണപ്പെടുന്ന അരിമ്പാറപോലെയുള്ള ചെറിയ കുരുക്കള്‍ കളയുവാന്‍ ചുവന്ന ഉള്ളിയോ കറ്റാര്‍വാഴപ്പോളയോ ഉപയോഗിച്ച് കുരുവിന്റെ മുകളില്‍ ഉരയ്ക്കുക. പയറുപൊടി തേയ്ക്കുന്നതും ഗുണം ചെയ്യും.
  • ചുണങ്ങിന് ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചിടുക. നാല്‍പ്പാമരാദി എണ്ണ, ദിനേശവല്യാദി കേരം എന്നിവ പുരട്ടുന്നതും ഫലപ്രദമാണ്.
  • കരിമംഗല്യം മാറാന്‍ രക്തചന്ദനം പാലില്‍ ചേര്‍ത്ത് പുരട്ടുക. പത്തുമിനിറ്റ് ശേഷം ചെറു ചൂടുവെള്ളത്തില്‍ മിശ്രിതം തുടച്ചുമാറ്റുക. ചിലപ്പോള്‍ എന്തെങ്കിലും രോഗങ്ങളുടെ ഭാഗമായും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം. ഇത്തരം സാഹചര്യത്തില്‍ ഡോക്ടറെക്കണ്ട് ശരിയായ ചികിത്സ ലഭ്യമാക്കണം.
  • കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന് റോസ് വാട്ടര്‍ രാവിലെയും വൈകിട്ടും ഓരോ തുള്ളിവീതം കണ്ണില്‍ ഒഴിക്കുക. ഐസ്‌കട്ടകള്‍ കണ്ണിനു മുകളില്‍ വയ്ക്കുന്നതും നല്ലതാണ്.
  • താരന്റെ ശല്യം അകറ്റാന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ അരച്ച് തേയ്ക്കുക. കുറച്ചു സമയത്തിനുശേഷം താളി ഉപയോഗിച്ച് കഴുകി കളയുക. ഉമ്മത്തിന്റെ ഇല ചേര്‍ന്ന ധുര്‍ദ്ധൂരപത്രാദികേരം എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി, ചെറു ചൂടോടെ തലയില്‍ തേച്ച് കഴുകി കളയുന്നതും താരനെ അകറ്റാന്‍ സഹായിക്കും. (ധുര്‍ദ്ധൂരപത്രാദികേരം ആയുര്‍വേദ കടകളില്‍ ലഭ്യമാണ്)

കടപ്പാട്: 
ഡോ. പി.ആര്‍.ജയ 
ഡോ. സന്ദീപ് കിളിയന്‍ കണ്ടി 
ഡോ. ആര്‍. രവീന്ദ്രന്‍

മഞ്ഞപ്പിത്തം മാറാന്‍ ആയുര്‍വേദം

വിദ്യാസമ്പന്നതയിലും, വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍പ്പോലും മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ വേണ്ടത്ര ഗൗരവമായി കാണുന്നില്ല.

ലോകത്ത് ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തില്‍ മഞ്ഞപ്പിത്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. സൂര്യഭഗവാനോട് സൂര്യരശ്മികളാല്‍ കാമല രോഗത്തില്‍ നിന്നും മുക്തി തരുവാനപേക്ഷിക്കുന്ന സൂക്തങ്ങളുണ്ട്.

വിദ്യാസമ്പന്നതയിലും, വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍പ്പോലും മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ വേണ്ടത്ര ഗൗരവമായി കാണുന്നില്ല.

മഞ്ഞപ്പിത്തം എന്നാല്‍ എന്താണെന്നോ, അതിനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നോ, ചികിത്സ വേണോ, വേണ്ടയോ എന്നോ അറിയാന്‍ ശ്രമിക്കാത്തവരും, അറിഞ്ഞാലും മനപ്പൂര്‍വം വിസ്മരിക്കുന്നവരുമാണ് കൂടുതല്‍.

മഞ്ഞപ്പിത്തം

സാധാരണ ശരീരത്തെ മഞ്ഞനിറം ബാധിക്കുന്ന ലക്ഷണങ്ങളോടുകൂടിയ രോഗത്തെയാണ് മഞ്ഞപ്പിത്തം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ആധുനിക ശാസ്ത്രത്തില്‍ മഞ്ഞനിറം എന്നര്‍ഥം വരുന്ന ഫ്രഞ്ച് പദത്തില്‍നിന്നും ഉത്ഭവിച്ച ജോണ്ടിസ് എന്നും, കരള്‍ സംബന്ധമായ അസുഖം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമായ ഹെപ്പറ്റൈറ്റിസ് എന്നുമാണ് മഞ്ഞപ്പിത്തത്തെ പറയുന്നത്. ആയുര്‍വേദശാസ്ത്രത്തിലെ കാമല രോഗമാണ് ഇതിനോട് ഉപമിക്കാവുന്നത്.

മഞ്ഞപ്പിത്തം ആയുര്‍വേദത്തില്‍

ലോകത്ത് ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തില്‍ മഞ്ഞപ്പിത്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. സൂര്യഭഗവാനോട് സൂര്യരശ്മികളാല്‍ കാമല രോഗത്തില്‍ നിന്നും മുക്തി തരുവാനപേക്ഷിക്കുന്ന സൂക്തങ്ങളുണ്ട്. (നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന മഞ്ഞനിറം, പോക്കുവെയില്‍ കൊള്ളിച്ച് മാറ്റുന്ന മുത്തശിവൈദ്യം സാക്ഷ്യം).

അഥര്‍വ വേദത്തില്‍ കാമലയുടെ മഞ്ഞനിറത്തെപ്പറ്റിയും, ഹരീമ, ഹരീത തുടങ്ങിയ പര്യായങ്ങളും കാണാവുന്നതാണ്.

കാമല ഒരു സാംക്രമിക രോഗമായി പ്രതിപാദിക്കുന്നതും കാണാവുന്നതാണ്. ആയുര്‍വേദത്തില്‍ ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, മാധവനിദാനം ഗ്രന്ഥങ്ങളെല്ലാം മഞ്ഞപ്പിത്തത്തിന്റെ വ്യക്തമായ ലക്ഷണവും, ചികിത്സയും വിശദീകരിക്കുന്നു.

ആയുര്‍വേദത്തില്‍ യകൃത് (കരളി) നോട് ബന്ധപ്പെട്ട രോഗമായാണ് മഞ്ഞപ്പിത്തം (കാമല) പറഞ്ഞിരിക്കുന്നത്. ആയുര്‍വേദം ത്രിദോഷസിദ്ധാന്തത്തിലും (വാതം - പിത്ത - കഫദോഷങ്ങള്‍) പഞ്ചമഹാഭൂതസിദ്ധാന്തത്തിലും അധിഷ്ഠിതമാണ്.

ത്രിദോഷങ്ങളിലെ പിത്തദോഷദുഷ്ടിയാല്‍ ഉണ്ടാവുന്ന വിളര്‍ച്ച) ഉള്ള രോഗി പിത്തവര്‍ദ്ധകമായ ഭക്ഷണപദാര്‍ഥങ്ങളും, വിഹാരങ്ങളും കൊണ്ട് പിത്തം വര്‍ദ്ധിച്ചാല്‍ വരുന്ന രോഗമാണ് കാമല. രക്ത-മാംസ-മേദോ ധാതുക്കളുടെ ദുഷ്ടിയും ഇതിനു കൂടെ വരുന്നതാണ്. കോഷ്ഠാശ്രിതം, ശാഖാശ്രിതം എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മഞ്ഞപ്പിത്തചികിത്സ വിവരിച്ചിരിക്കുന്നത്.

രോഗിയുടെ നഖ-മൂത്ര-മല- നേത്ര- ത്വക്ക് തുടങ്ങിയവയെല്ലാം മഞ്ഞനിറത്തോടെ കാണുന്നതാണ് ലക്ഷണം. ഒന്നോ- അതില്‍ കൂടുതലോ ഭാഗങ്ങളില്‍ മഞ്ഞനിറം ദര്‍ശിക്കാവുന്നതാണ്.

അനുബന്ധ ലക്ഷണങ്ങള്‍

  1. ഉദരസംബന്ധമായ അസുഖങ്ങള്‍.
  2. ഛര്‍ദ്ദി, ഓക്കാനം, അരുചി, വിശപ്പില്ലായ്മ, ദഹനക്കുറവ്.
  3. തലകറക്കം,ക്ഷീണം,രക്തക്കുറവ്, വിളര്‍ച്ച.
  4. പനി, ദേഹം പുകച്ചില്‍.
  5. എള്ള് നിറത്തോടുകൂടിയോ, മഞ്ഞനിറം കൂടുതലായോ, പച്ച നിറത്തിലോ, കറുത്ത നിറത്തിലോ മലം കാണുക.
  6. ശരീരത്തില്‍ നീര്.
  7. ശ്വാസതടസം, എക്കിട്ടം.
  8. തൊലി, തവളയുടെ തൊലിപോലെആവുക.

ഉപദ്രവങ്ങള്‍

ക്രമേണ കാമല (മഞ്ഞപ്പിത്തം) ദേഹം മൊത്തമായി നീരോടുകൂടി കാണുന്ന കുംഭകാമില, ദേഹം മൊത്തമായി പച്ച നിറത്തിലാകുന്ന ഹലീമക, ദേഹത്തിനകത്തും, പുറത്തും മഞ്ഞനിറമാകുകയും, കണ്ണ് ചുവക്കുകയും ചെയ്യുന്ന പാനകി എന്നീ അവസ്ഥകളിലേക്ക് നീങ്ങാവുന്നതാണ്.

പരിശോധനകള്‍

പനിയും, ഉദരസംബന്ധമായ അസുഖങ്ങളും മറ്റും കാണുമ്പോള്‍ രക്ത-മൂത്ര-മല പരിശോധനയിലൂടെ മഞ്ഞപ്പിത്തം കണ്ടുപിടിക്കാം. 
ചില രോഗികളില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എം.ആര്‍.ഐ എന്നിവ ആവശ്യമായി വരാറുണ്ട്. കരള്‍, സ്പ്ലീന്‍, പാന്‍ക്രിയാസ്, പിത്തസഞ്ചി ഇവയുടെ സ്ഥിതി മനസിലാക്കാനാണിത്.

ചിലതരം പനികളും മറ്റും കരളിനെ ബാധിക്കുമ്പോള്‍ ഇത്തരം പരിശോധനയില്‍ വ്യതിയാനങ്ങള്‍ കാണാറുണ്ട്. മഞ്ഞപ്പിത്തം അധികമായി ലിവര്‍ സീറോസിസ് തുടങ്ങിയ അവസ്ഥയില്‍ എത്താതെ ചികിത്സിക്കാന്‍ ഇത്തരം പരിശോധനകള്‍ ആവശ്യമാണ്.

രോഗിയെ അറിഞ്ഞ് ചികിത്സ

മറ്റ് ഏതൊരു രോഗത്തേയും പോലെ രോഗകാരണങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം തന്നെയാണ് ആദ്യപടി.

  • പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മെഴുക്ക് ഇവയുടെ ഉപയോഗം കുറയ്ക്കുക.(ചിട്ടയോടെ ഉപ്പില്ലാത്ത നെല്ലുകുത്തരിയുടെ കഞ്ഞിയും, ചുട്ട പപ്പടവും വായ്ക്കുരുചിയില്ലാതെ കഴിച്ചിരുന്ന മഞ്ഞപ്പിത്തരോഗിയെ ഇന്ന് കാണാന്‍ കഴിയില്ലല്ലോ.)
  • പകലുറക്കം, രാത്രി ഉറക്കമിളപ്പ്, ഭാരം ഉയര്‍ത്തല്‍, അമിതമായ ലൈംഗികവേഴ്ച ഇവ ഒഴിവാക്കുക.
  • ആവശ്യത്തിനു ഞെരിഞ്ഞില്‍, ചെറൂള, തഴുതാമ - ഇവ ചതച്ചിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
  • ശരീരത്തിനു വിശ്രമം നല്‍കുക.
  • ദഹനശക്തിക്കനുസരിച്ചു മാത്രം ഭക്ഷണം കഴിക്കുക.

മരുന്നുകള്‍

  • അവിപത്തി ചൂര്‍ണ്ണമോ, ത്രിവൃത് ചൂര്‍ണ്ണമോ ഉപയോഗിച്ച് വയറിളക്കുക. (25-30 ഗ്രാം അവിപത്തി ചൂര്‍ണ്ണം മുന്തിരിങ്ങ ഹിമകഷായത്തില്‍ സേവിക്കാം).
  • വാശാഗുളൂച്യാദി കഷായം, മഹാതിക്തഘൃതം, പഞ്ചഗവ്യഘൃതം, ദ്രാക്ഷാമധൂകാദികഷായം, ഗുളൂച്യാദികഷായം, ഭൃംഗരാജാസവം, ദ്രാക്ഷാരിഷ്ടം തുടങ്ങിയവ എല്ലാം അവസ്ഥകള്‍ക്കനുസരിച്ച് നല്കി വരാറുണ്ട്.
  • കീഴാര്‍നെല്ലി അരച്ച് ഒരു ചെറുനെല്ലിക്ക വട്ടത്തില്‍ കാലത്ത് വെറുംവയറ്റില്‍ തിളപ്പിച്ചാറിയ പാലിന്‍വെളളത്തില്‍ അരച്ച് കഴിക്കാവുന്നതാണ്.
  • കഞ്ഞുണ്ണി ഇല, ചിറ്റമൃത്, തഴുതാമ, തുളസി,ചെറൂള തുടങ്ങിയവയെല്ലാം അവസ്ഥാനുസരണം വൈദ്യനിര്‍ദ്ദേശപ്രകാരം സേവിക്കാവുന്നതാണ്.
  • പച്ചമഞ്ഞള്‍,ചുവന്നുള്ളി, ചെറൂള, തഴുതാമ ഇല ഇവ അരിഞ്ഞിട്ട വെള്ളം കുടിക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • സിറിഞ്ച്, സൂചി മുതലായവ ഉപയോഗിക്കുമ്പോള്‍ അവ പുതിയതാണ് എന്നുറപ്പുവരുത്തുക
  • രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധചികിത്സ തേടുക.

ശ്രദ്ധിക്കേണ്ടത്

  1. മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 7-10 ദിവസം വരെ ലക്ഷണങ്ങള്‍ പ്രകടമാവുകയില്ലെങ്കിലും രോഗി രോഗവാഹകരായി മാറുന്നു.
  2. ലക്ഷണങ്ങള്‍ പുറത്തുകാണാതെ തന്നെ രക്തപരിശോധനയില്‍ ഹെപ്പെറ്റൈറ്റിസ് ബി ബാധിതരെ കണ്ടെത്താം. ആയുര്‍വേദ ചികിത്സയിലൂടെ മഞ്ഞപ്പിത്തത്തിനും, ഉപദ്രവരോഗങ്ങള്‍ക്കും പരിഹാരം കിട്ടുന്നതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. സന്ദീപ് കിളിയന്‍കണ്ടി 
കോഴിക്കോട്

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate