Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / വിദ്യാഭ്യാസത്തിലെ നയമാതൃകകൾ / വിദ്യാഭ്യാസത്തിന്റെ വിവിധ ലക്ഷ്യങ്ങള്‍.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിദ്യാഭ്യാസത്തിന്റെ വിവിധ ലക്ഷ്യങ്ങള്‍.

ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷുകാര്‍ കഴിഞ്ഞ ശതാബ്ദത്തില്‍ ആവിഷ്ക്കരിച്ച വിദ്യാഭ്യാസത്തിന്‍റെ തുടര്‍ച്ചയാണ്ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം  .  ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടു പോയതിനു ശേഷവും ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായില്ല.

സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ മാത്രമല്ല, സകല വിദ്യാഭ്യാസത്തിന്‍റെയും പ്രാഥമിക ലക്ഷ്യം വിദ്യാര്‍ത്ഥികളെ പ്രബുദ്ധരാക്കുക എന്നതാണ്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വസ്തുതകളും ഫോര്‍മുലകളും കുത്തിനിറയ്ക്കുന്നത് ഒരിക്കലും വിദ്യാഭ്യാസമകുന്നില്ല.  കാരണം അത് പ്രബുദ്ധത കൈവരുത്തുകയോ ഊര്‍ജം നല്‍കുകയോ ചെയ്യുന്നില്ല.  തലച്ചോറിനു ഭാരം നല്‍കുന്നത് മാത്രമാകരുത് വിദ്യാഭ്യാസം.
അത് മനസ്സിന് ശിക്ഷണം നല്‍കുന്നത് കൂടിയാകണം. ശരിയായ വിദ്യാഭ്യാസം നേടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥിക്കു പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിന്‍റെ വര്‍ധിത ചൈതന്യവും കൈവരിക്കുകയുള്ളൂ. ഇതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമായി നമ്മുടെ പൗരാണിക ഉപനിഷത്തുകള്‍ പ്രഘോഷിച്ചിട്ടുള്ളത്.
ഇന്നത്തെ വിദ്യാഭ്യാസം മനുഷ്യരെയല്ല വാര്‍ത്തെടുക്കുന്നത്.  മറിച്ച് സമൂഹം എന്ന യന്ത്രത്തിന്‍റെ നടത്തിപ്പിനാവശ്യമായ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രവര്‍ത്തകരെയാണ് സൃഷ്ടിക്കുന്നത്. ധാര്‍മ്മികവും മനുഷ്യത്വപരവുമായ ഇച്ഛ ശക്തി വികസിപ്പിക്കാതെ കേവലബുദ്ധി മാത്രം വളര്‍ത്തുന്ന വിദ്യാഭ്യാസം വഴി നേടുന്ന അറിവ് സ്വാര്‍ത്ഥതയ്ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് കണ്ടുവരുന്നത്. അറിവുണ്ടാകുന്നതോടൊപ്പം അന്തസ്സും സംസ്കാരവും ചോര്‍ന്നുപോകാതെ നോക്കേണ്ടിയിരിക്കുന്നു. സംസ്കാരം രക്തത്തില്‍ അലിഞ്ഞു ചേരണം.
മസ്തിഷ്ക്കത്തിലേക്ക് സമ്മര്‍ദത്തോടെ കയറ്റിവിട്ട് അവിടെ മരണം വരെ ദഹിക്കാതെ കിടക്കുന്ന വിവരങ്ങളുടെ സമാഹാരമാകരുത് വിദ്യാഭ്യാസം.  ജീവിതത്തെ പടുത്തുയര്‍‍ത്തുന്ന സദ്‌സ്വഭാവത്തിന് രൂപം കൊടുക്കുന്ന ആശയങ്ങളുടെ സംയോജനമാകണമത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ സ്വന്തം വരുമാനം കൊണ്ട് തുടര്‍ വിദ്യാഭ്യാസം നടത്താന്‍ തക്കവണ്ണമുള്ള സാമൂഹിക ഘടന കൂടി നമുക്കാവശ്യമാണ്.
അധ്യാപനസമയത്ത്‌ അധ്യാപകന്‍റെ വ്യക്തിത്വം കൂടിയാണ് ശിഷ്യരിലേക്ക് സംക്രമിക്കുന്നത്. വെറും നിര്‍ദ്ദേശത്തിന് അധ്യാപകന്‍റെ ആവശ്യമില്ല.  അതിനു പുസ്തകങ്ങള്‍, പത്രങ്ങള്‍ തുടങ്ങിയ മറ്റു മാധ്യമങ്ങളുണ്ട്.  ഒരു ഉപകരണത്തില്‍ നിന്നോ വ്യക്തിയില്‍ നിന്നോ വിവരങ്ങളും ആശയങ്ങളും മറ്റൊരാളിലേക്ക് എത്തിച്ചുകൊടുക്കലല്ല വിദ്യാഭ്യാസം. അത് സ്വയം ആര്‍ജിക്കേണ്ടതാണ്.  അധ്യാപകനെ ഗുരു എന്നുംവിശേഷിപ്പിക്കാറുണ്ട്. സത്യത്തെ നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിവുള്ള ആളെ ഗുരു എന്ന് വിളിക്കാം.
സത്യം പഠിപ്പിക്കാനോ പകര്‍ന്നു നല്‍കുവാനോ കഴിയുന്നതല്ല.  അത് ആര്‍ജിക്കുകയാണ് വേണ്ടത്. അപ്പോള്‍, സത്യത്തിലധിഷ്ഠിതമായ ഗുരുനാഥന്‍റെ വ്യക്തിഭാവമാണ് ശിഷ്യനിലേക്ക് ആര്‍ജിതമാകുന്നത്.  ഗുരുമുഖത്തുനിന്നും പകര്‍ന്നു തരുന്ന ആശയങ്ങള്‍ നിശ്ചലമായ വിവരങ്ങളല്ല. മറിച്ച് ചൈതന്യം തുടിക്കുന്ന സജീവമായ ഒരു ആവേശമാകണം.  അപ്പോള്‍ വിദ്യാഭ്യാസം സചേതനമായ ഒരു സംവാദമാകുന്നു.
ജ്ഞാനാന്വേഷണത്തിനും സ്വഭാവത്തിന്‍റെ ഉല്‍കര്‍ഷത്തിനും വേണ്ടിയുള്ള യത്നത്തില്‍ വ്യാപൃതരാകുകയാണ് ഗുരുവും ശിഷ്യനും. യഥാര്‍ത്ഥ ഗുരുവും ശിഷ്യനും വെറും വ്യക്തികളല്ല. വ്യക്തിപ്രഭാവങ്ങളാണ്. ഭാരതീയ ഋഷിമാരുടെ അഭിപ്രായമനുസരിച്ച് വിദ്യാഭ്യാസമെന്നത് ഒരു ദീപത്തില്‍ നിന്നും മറ്റൊരു ദീപത്തിലേക്ക് ദീപത്തെ ജ്വലിപ്പിയ്ക്കുക എന്നതാണ്.
“നഹിജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ”
( ഈ ലോകത്തില്‍ ജ്ഞാനത്തിനു തുല്യമായി പവിത്രമായ യാതൊന്നും തന്നെയില്ല).
അഫ്സൽ
കടപ്പാട്
3.2
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top