অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി

അയ്യങ്കാളി, ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകന്‍

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി. 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണകുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു.

ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി എതിര്‍ത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.

 

1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി


ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.

പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.

ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.

എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി. 

അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.

ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.

1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.

പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

അജയ്യനായ അയ്യങ്കാളി

.  അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളത്തില്‍ അവര്‍ണര്‍ക്കുവേണ്ടി പോരാടിയ അജയ്യനായ നേതാവായിരുന്നു അയ്യങ്കാളി.  1863 ആഗസ്റ്റ് 28നാണ് അയ്യങ്കാളി തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ ജനിച്ചത്.  അയ്യന്‍ പുലയനും മാലയും ആയിരുന്നു അച്ഛനമ്മമാര്‍.  പുലയനായി ജനിച്ചതിന്‍െറ പേരില്‍ അക്ഷരജ്ഞാനം നിഷേധിച്ചുവെങ്കിലും ചെറുപ്രായത്തില്‍ തന്നെ ജാതീയമായ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിച്ച് തന്‍േറതുള്‍പ്പെടെയുളള അധ$കൃത സമൂഹത്തോട് മേല്‍ജാതിക്കാര്‍ പുലര്‍ത്തിയിരുന്ന പീഡനമുറകള്‍ക്കെതിരെ അയ്യങ്കാളി ശബ്ദമുയര്‍ത്തി.
അന്നത്തെക്കാലത്ത് ജന്മിയുടെ കൃഷിസ്ഥലത്താണ് എല്ലാ അവര്‍ണരും ജോലിചെയ്തിരുന്നത്.  ജോലിക്ക് കൂലി എന്നൊരു സമ്പ്രദായംതന്നെ അന്നില്ലായിരുന്നു.  പകലന്തിയോളം പണിയെടുത്താലും ലഭിക്കുന്നത് ജന്മി നല്‍കുന്ന നാഴി അരിയോ തേച്ചുകുളിക്കാനുളള ഒരിത്തിരി എണ്ണയോ ആയിരിക്കും.  അയിത്തജാതിക്കാരായി കല്പിച്ചിരുന്ന അവര്‍ക്ക് പൊതുവഴി, പൊതു കിണര്‍, ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയിലൊന്നും പ്രവേശം അനുവദിച്ചിരുന്നില്ല.  അന്നത്തെ പ്രധാന വാഹനമായ വില്ലു വണ്ടിയില്‍ സഞ്ചരിക്കാനോ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മാറു മറയ്ക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.  ഇതിനെതിരെ ശക്തമായി അയ്യങ്കാളി ശബ്ദിച്ചു.  
1893ല്‍ വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി.  താന്‍ വിലക്കു വാങ്ങിയ വില്ലുവണ്ടിയില്‍ കൊഴുത്ത രണ്ടു വെള്ളക്കാളയെ ബന്ധിച്ചും അവയുടെ കഴുത്തിലും കൊമ്പിലും മണികള്‍ കെട്ടി ഉയര്‍ന്നതരം മല്‍മല്‍ മുണ്ട് നീട്ടിയുടുത്ത്  മേല്‍മുണ്ടും തലപ്പാവും ധരിച്ച് രാജകീയ പ്രൗഢിയോടെ ചാലിയത്തെരുവു വഴി ആറാലുംമൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധ$സ്ഥിത വര്‍ഗത്തിന്‍െറ വിമോചനത്തിനുളള സമരകാഹളം ആയിരുന്നു.
സമൂഹത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരുപറ്റം ആളുകള്‍ക്ക് വഴി നടക്കാനും അക്ഷരവിദ്യ അഭ്യസിക്കാനുമുള്ള അനുവാദത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ സാമൂഹിക -സാമുദായിക നവോത്ഥാനത്തിന് അടിത്തറ പാകി.  അധ$സ്ഥിത വര്‍ഗത്തിന് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തിന്‍െറ പാതകള്‍ തുറന്നു കൊടുക്കുക എന്ന  ലക്ഷ്യത്തോടുകൂടി  ‘സാധുജനപരിപാലന സംഘം’ എന്ന സംഘടന അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907ല്‍ സ്ഥാപിതമായി.  വിദ്യാവിഹീനനായിരുന്ന അയ്യങ്കാളി വളരെ പണിപ്പെട്ടാണ് തന്‍െറ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്.  ഈ ദുരവസ്ഥ തന്‍െറ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയില്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പളളിക്കൂടം തുറന്നു.  എന്നാല്‍, സവര്‍ണ വര്‍ഗത്തിന്‍െറ എതിര്‍പ്പുമൂലം അത് തുടരാന്‍ കഴിഞ്ഞില്ല.  പൊതു വിദ്യാലയങ്ങളില്‍ ഹരിജന വിദ്യാര്‍ഥികള്‍ക്ക് പ്രവേശം വേണമെന്ന് അദ്ദേഹം വാദിച്ചു.  അയ്യങ്കാളിയുടെയും കൂട്ടരുടെയും നിരന്തരമായ അപേക്ഷ മാനിച്ചുകൊണ്ട് 1914ല്‍ ഹരിജന ശിശുക്കള്‍ക്ക് വിദ്യാലയ പ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കി.  കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളില്‍ ചേര്‍ത്തു.  എക്കാലത്തെയും വലിയ വാര്‍ത്തകളിലൊന്നായിരുന്നു അത്.
1911 ഡിസംബര്‍ 5ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദേശം ചെയ്തു. 1912 ഫെബ്രുവരി 26ന് വി.ജെ.ടി ഹാളില്‍ ചേര്‍ന്ന പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ അയ്യങ്കാളിയും പങ്കുകൊണ്ടു. വെള്ളക്കുതിരകളെ പൂട്ടിയ വില്ലുവണ്ടിയില്‍ വന്നിറങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ആറടിക്കുമേല്‍ ഉയരവും കസവു തുന്നിയ തലപ്പാവും കറുത്ത കോട്ടും കുങ്കുമപ്പൊട്ടും  മല്‍മല്‍മുണ്ടും മേല്‍വേഷ്ടിയും ചെരിപ്പും ധരിച്ച് അദ്ദേഹം പ്രജാമണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇദ്ദേഹമല്ലേ ദിവാനെന്ന് സന്ദര്‍ശകര്‍ അദ്ഭുതപ്പെട്ടതായി മഹാനായ മന്നത്തു പത്മനാഭന്‍ തന്‍െറ ‘ഭൂതകാല സ്മരണകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 25 വര്‍ഷം  തുടര്‍ച്ചയായി അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും ഹരിജനങ്ങളുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.
ഹരിജന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും ജാതിസൂചകമായ ‘കല്ലുമാല’ ഉപേക്ഷിക്കാനും അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അവ ആത്യന്തികമായി വിജയിക്കുകയും ചെയ്തു.    
1936ലെ ക്ഷേത്രപ്രവേശ വിളംബരത്തിലേക്ക് നയിച്ച നിയമനിര്‍മാണ നടപടികള്‍ക്കു പിന്നില്‍ അയ്യങ്കാളിയുടെ സ്വാധീനം വളരെ വലുതാണ്. 1937 ജനുവരി 14ന് വെങ്ങാനൂരില്‍ നടന്ന ഒരു മഹാസമ്മേളനത്തില്‍ മഹാത്മാ ഗാന്ധി അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
ഗാന്ധിജി അയ്യങ്കാളിയെ ‘പുലയ മഹാരാജാവ്’ എന്ന് വിശേഷിപ്പിച്ചു. ഗാന്ധിജി അയ്യങ്കാളിയില്‍ സ്വജാതിയുടെ സമുദ്ധാരകനെയും സ്ഥിരോത്സാഹിയായ നേതാവിനെയും കണ്ട് അഭിനന്ദിച്ചു.
1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍െറ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്‍െറ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്

അവസാനം പരിഷ്കരിച്ചത് : 6/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate