অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശാസ്ത്ര സാങ്കേതികം

ജിൻകോ എന്ന ഫോസിൽ സസ്യം

ജീവലോകത്തു ഓരോ ജീവി വർഗ്ഗത്തിനും ഒരു സവിശേഷ സ്‌ഥാനമുണ്ട്. ഉൽപാദകരായും, ഉപഭോക്താവായും, സസ്യഭുക്കായും, മാംസഭുക്കായും, പരാദമായും എല്ലാം ഈ സ്ഥാനം വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ നിറവേറ്റി പോരുന്നു. അവയുടെ നിലനിൽപ്പും ഈ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ജീവിയും പ്രസ്തുത സ്ഥാനത്തു എത്തിച്ചേർന്നത് തന്നെ പരിണാമ പ്രക്രിയയിലെ നിരന്തര മാറ്റങ്ങൾക്കു വിധേയമായിട്ടാണ്. പരിസ്ഥിതി ശാസ്ത്ര പ്രകാരം ഈ സ്ഥാനത്തെ  നിച്ച് (Ecological Niche) എന്ന് പറയുന്നു. ഒരു ജീവിക്ക് അതിന്റെ പരിസ്ഥിതിയിൽ നിന്നും കിട്ടുന്നതും അങ്ങോട്ട് കൊടുക്കുന്നതുമായ സേവനങ്ങളുടെ ആകെ തുകയായാണ്  നിചിനെ നിർവചിക്കുന്നത്. ഓരോ  ജീവിക്കും അതിന്റേതായ നിച് ഉണ്ടെന്നു പറയാം. ഒരു ജീവിക്ക് അതിന്റെ പരിസ്ഥിതിയിൽ ഏറ്റവും സൗഖ്യത്തോടെ കഴിയാൻ സഹായിക്കുന്ന മൊത്തം ഘടകങ്ങളെ നമുക്ക് ലളിതമായി നിച് എന്നു മനസിലാക്കാം. ഒരു ഭൂപ്രദേശത്ത് ഒരിക്കലും ഒരേസമയം ഒന്നിലധികം ജീവി വർഗ്ഗം ഒരേ നിചിൽ കാണപ്പെടില്ല. ഏതെങ്കിലും കാരണവശാൽ അങ്ങനെ കാണപ്പെടുകയാണെങ്കിൽ അത്  അതി ശക്തമായ മത്സരത്തിലേക്ക് നയിക്കുകയും അങ്ങനെ  പരിണാമ പ്രക്രിയയിലെ ചാലക ശക്തികൾ  പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അതുവഴി ഇതിൽ ഏതെങ്കിലും ഒരു ജീവി വർഗ്ഗം ആ നിചിൽ നിന്നും മറ്റൊരു നിചിലേക്കു പരിവർത്തനം ചെയ്ത് മാറി പോവുകയോ അല്ലെങ്കിൽ നിലനില്കാനാവാതെ നശിക്കുകയോ ചെയ്യുന്നു. ഇന്ന് ഭൂമുഖത്തുള്ള മൊത്തം സ്പീഷീസുകൾ ഇതുവരെ ഇവിടെ ജന്മമെടുത്ത ആകെ  സ്പീഷീസുകളുടെ ഏതാണ്ട് ഒരു ശതമാനം മാത്രമേ വരികയുള്ളൂ എന്നാണ് അനുമാനിക്കപ്പെടുന്നത്. ബാക്കി എല്ലാം  നില നിൽക്കാനാവാതെ അപ്രത്യക്ഷമായി എന്ന് കരുതപ്പെടുന്നു.

ഓരോ ജീവിക്കും ജീവലോകത്തുള്ള സ്വന്തം സ്ഥാനം നില നിർത്താൻ അശ്രാന്ത പരിശ്രമം ആവശ്യമാണ്. മാറുന്ന പരിസ്ഥിതിയോടും മറ്റു ജീവ സ്രോതസ്സുകളിൽ ഉണ്ടാവുന്ന മാറ്റങ്ങളോടും അനുഗുണമായി മാറുക എന്നതാണ് നില നില്പിനു തന്നെ ആധാരം. ഇത്തരം മാറ്റങ്ങളാണ് ഒരു ജീവി വർഗ്ഗത്തിൽ നിന്നും രൂപത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലരുന്ന അനേകം ജീവി വർഗ്ഗങ്ങളായി കാലാന്തരത്തിൽ പരിണമിക്കുന്നത്.

ഈ നിരന്തര മാറ്റത്തെ, പരിണാമ ശാസ്ത്രത്തിൽ വിവരിക്കുന്നത് റെഡ് ക്വീൻ പരികല്പനയിൽ (Red Queen Hypothesis) കൂടെയാണ്. സുപ്രസിദ്ധ എഴുത്തുകാരൻ ലൂയി കരോളിന്റെ ത്രൂ ദി ലുക്കിങ് ഗ്ലാസ് (Through the looking glass) എന്ന നോവലിലെ ഒരു വാചകമാണ് ഈ പേരിനാധാരം. കണ്ണാടിയിലൂടെ  അത്ഭുത ലോകത്തെത്തുന്ന ആലീസിനോട് കഥയിലെ പ്രതിനായിക  ആയ റെഡ് ക്വീൻ പറയുന്ന വാചകമാണിത്

“Now, here, you see, it takes all the running you can do, to keep in the same place”.

“നോക്കൂ, ഇവിടെ, ഇപ്പൊ, നിനക്ക് നില്കുന്നിടത്ത് തന്നെ നിൽക്കണമെങ്കിൽ പരമാവധി വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയേ മാർഗമുള്ളൂ” എന്നിതിനെ പരിഭാഷപ്പെടുത്താം.

പരിണാമ പ്രക്രിയയിൽ ഇതിനെ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം, ജീവ ലോകത്ത് ഓരോ ജീവിക്കും നില നിൽക്കണമെങ്കിൽ നിരന്തര മാറ്റം അനിവാര്യമാണ്. ഇവിടെ മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമാണ്. എന്നാൽ ഇതിനെ മൊത്തത്തിൽ വെല്ലുവിളിക്കുന്ന മറ്റുചില ജീവി വർഗ്ഗങ്ങൾ ഉണ്ട്. കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ, എന്നാൽ ഇപ്പോഴും വലിയ പരിക്കൊന്നും കൂടാതെ നില നില്ക്കുന്നവ; പരിണാമ ജഡത്വം (Evolutionary Stagnancy) പൂണ്ടവ.  ജീവ ലോകത്ത് അവയെ ജീവിച്ചിരിക്കുന്ന ഫോസിലുകൾ (Living Fossils). എന്നാണ് പറയാറ്. ജീവലോകത്ത് ഒരുപാടു ലിവിങ് ഫോസിലുകളെക്കുറിച്ചു പറയാമെങ്കിലും സസ്യ ലോകത്തെ ജിൻകോ ബൈലോബയോളം (Ginkgo biloba) ഈ പേര് അർഹിക്കുന്ന മറ്റൊരു ജീവി വർഗ്ഗം ഉണ്ടാവില്ല.

സീലക്കാന്ത്ലിവിങ് ഫോസിലുകളെ അങ്ങനെ വിളിക്കാൻ ഉള്ള പ്രധാന കാരണം പ്രസ്തുത ജീവികളുടെ ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ടെന്നതും അതിൽ നിന്നും ഇന്നും അവയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നതുമാണ്. ജന്തു ലോകത്തെ ജീവിക്കുന്ന ഫോസിൽ ആയ സീലകാന്തിനെ (Coelacanth) പോലെ ജിൻകോയ്ക്കും ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളൊന്നുമില്ല. ജിങ്കോയെൽസ് എന്ന വലിയ ഓർഡറിൽ ഇപ്പോഴും നില നിൽക്കുന്ന ഏക സ്‌പീഷീസാണ് ജിങ്കോ ബൈലോബ. വ്യത്യസ്ത കാല ഘട്ടങ്ങൾ കണക്കാക്കപ്പെടുന്ന ഫോസിലുകൾ ജിൻകോയുടേതായി ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നവ 270 ദശലക്ഷം മുൻപ് ഉള്ളവയാണ്. ഏകദേശം ജുറാസിക് യുഗത്തിന്റെ തുടക്കത്തിലാണ് ജിൻകോയുടെ ഉത്ഭവം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്രയും കാലം കാര്യമായ യാതൊരു മാറ്റവും കൂടാതെ ഒരു സ്പീഷീസ് നില നിന്നു എന്നത് തന്നെ അത്യത്ഭുദമാണ്. മാറി മാറി വരുന്ന പരിസ്ഥിതി സാഹചര്യങ്ങളിൽ കാലത്തിനനുസരിച്ചു കോലവും മാറുന്ന, പരിണാമ പരമായി  അസാധ്യ മെയ് വഴക്കം കാണിക്കുന്ന അപൂർവ്വം ചില ഗ്രൂപ്പുകൾ പലവിധ വൈവിധ്യവത്കരണത്തിലൂടെ വ്യത്യസ്ത സ്പീഷിസുകളായും മറ്റു ഉയർന്ന ഗ്രൂപ്പുകളായും പരിണമിച്ചു പോകുന്നത്‌ പരിണാമ പ്രക്രിയയിൽ സർവ്വ സാധാരണമാണ്. ആ ചുറ്റുപാടിൽ ആണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

ആദ്യ കാലങ്ങളിൽ ചൈനയിൽ ഒരു ചെറിയ ഭൂപ്രദേശത്തു ഒരു തനതു സസ്യമായി തുടർന്നു പോന്നിരുന്ന ജിൻകോ, യൂറോപ്യൻമാരുടെ ചൈന സന്ദർശനത്തോടെ അവിടെ നിന്നും യൂറോപ്പിലും പിന്നീട് ലോകമെമ്പാടും  വ്യാപിക്കുകയായിരുന്നു. ബുദ്ധമതത്തിൽ പ്രത്യേക സ്ഥാനമുള്ളവയാണ് ഇവ, അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ ബൗദ്ധർ ഇവയെ പരിപാലിച്ചു പോന്നിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ  ഏറ്റവും പഴക്കമുള്ള ജിൻകോ കാണപ്പെടുന്നത് ചൈനയിൽ ആണ്, 1500 വർഷമാണ് ഇതിന്റെ പഴക്കം. കാണാനും അതിമനോഹരമാണ് ജിൻകോ, വിശറി ആകൃതിയിൽ ഇളം പച്ച നിറത്തോടു കൂടിയ ഇലകൾ ആണ് ജിൻകോക്ക് ഒരു വശ്യ സൗന്ദര്യം കൊടുക്കുന്നത്. ഇതിനാൽ തന്നെ പൂന്തോട്ടങ്ങളിൽ ഉദ്യാന സസ്യമായും വലിയ സ്‌ഥാനമാണ് ഇവയ്ക്കുള്ളത്. ആൺ പെൺ മരങ്ങൾ വ്യത്യസ്തമായി ഉണ്ടെങ്കിലും, മൂപ്പെത്തിയ കായകൾ ഒരല്പം ദുർഗന്ധം വമിക്കുന്നതാകയാൽ പെൺ മരങ്ങൾ ഉദ്യാന സസ്യങ്ങൾ ആയി അധികം ഉപയോഗിക്കുന്നില്ല. തണുത്ത കാലാവസ്ഥയാണ് ജിൻകോക്കു പഥ്യം. ശരത്കാലം ആവുന്നതോടെ ഇലകൾ എല്ലാം സ്വർണ വർണമാവുകയും പൊഴിഞ്ഞു പോവുകയും ചെയ്യും. സ്വർണ വർണമുള്ള ജിങ്കോയിലകൾ മരത്തിനു ചുറ്റും പരന്നു കിടക്കുന്നതും നയന മനോഹരമാണ്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധമതാശ്രമങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ജിൻകോ. ദക്ഷിണേന്ത്യയിൽ പലയിടത്തും ഈ വൃക്ഷം വച്ചുപിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെകിലും മിക്കതും ഇവിടത്തെ മിതോഷ്ണ കാലാവസ്ഥയിൽ വളരാതെ പോവുകയായിരിന്നു.

പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ വലിയ സ്ഥാനമാണ് ജിങ്കോക്ക്‌ ഉള്ളത്. നാഡീരോഗ ചികിൽസയ്ക്കും, ബുദ്ധി, ഓർമ ശക്തി,  പ്രധിരോധ ശക്തി എന്നിവ വർധിപ്പിക്കുന്നതിനും ജിൻകോ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉണക്കിയ കായകൾ വിശേഷ അവസരങ്ങളിൽ ഉപയോഗിക്കുന്ന വിശിഷ്ട ഭോജ്യമാണ് ചൈനയിലും ജപ്പാനിലും.

ജിൻകോയുടെ അതിജീവനത്തിനു മറ്റൊരുദാഹരണമാണ് ജപ്പാനിലെ ഹിരോഷിമയിലുള്ളത്.  1945 ഓഗസ്റ് 6 ലെ അമേരിക്കയുടെ അണു ബോംബ് പ്രയോഗത്തിൽ, ബോംബ് പതിച്ച സ്ഥലത്തിന് രണ്ടര കിലോമീറ്റർ ചുറ്റളവിൽ സർവ്വ ചരാചരങ്ങളും നാമാവശേഷമായപ്പോയി. പിന്നീട് സെപ്റ്റംബറിൽ ഈ പ്രദേശത്തു നടത്തിയ പര്യവേഷണത്തിൽ  ഈ മഖലയിൽ  ആറോളം ജിൻകോ വൃക്ഷങ്ങൾ ജീവനോടെ  നിലനിൽക്കുന്നതായി കണ്ടെത്തി. മുച്ചൂടും കരിഞ്ഞു പോയവയിൽ നിന്നും പുനർജീവനം ചെയ്തവയായിരുന്നു അവ. അതിനാൽ തന്നെ ജിൻകോ ജപ്പാൻകാർക്ക് പ്രതീക്ഷയുടെ  പ്രതീകമാണ്. പ്രകൃതി നിർധാരണത്തിന്‍റെ  പോരാട്ടവീഥികളിൽ കഴിഞ്ഞ 270 ദശലക്ഷം വർഷങ്ങൾ വിജയശ്രീലളിതമായി, അചഞ്ചലമായി നിൽക്കുന്ന ജിൻകോ ജൈവലോകത്തെ തളരാത്ത  പോരാളിയാണ്. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ജിൻകോ ജീവിക്കുന്ന ഫോസിൽ മാത്രമല്ല ജീവിക്കുന്ന ഇതിഹാസവുമാണെന്ന് പറയേണ്ടി വരും.

തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം

തലയ്ക്കുമുകളില്‍ വ്യാഴനുദിക്കുന്ന മനോഹര രാത്രികളാണ് 2017 ജൂലൈ മാസത്തേത്. മഴമേഘങ്ങള്‍ നിങ്ങളുടെ കാഴ്ച മറയ്ക്കുന്നില്ലങ്കില്‍, സുന്ദരമായ ദൃശ്യങ്ങളാണ് ഈ രാവുകള്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയും ജൂലൈ മാസം ദൃശ്യമാണ്. ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്.

പ്രധാന നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും

സന്ധ്യാകാശത്ത് ജൂലൈയില്‍ നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേരെ കിഴക്ക് പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ രാശിചക്രം കാണപ്പെടുന്നത്; പടിഞ്ഞാറ് ഭാഗത്ത് അല്പം വടക്കോട്ട് നീങ്ങിയും, കിഴക്ക് ഭാഗത്ത് അല്പം തെക്ക് മാറിയുമാണ്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ ചായ്‌വ് കൂടിവരും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്. സന്ധ്യയോടെ തന്നെ കര്‍ക്കിടകം രാശി പടിഞ്ഞാറ് അസ്തമിക്കുമെന്നതിനാല്‍ ദൃശ്യമാകില്ല.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

ചിങ്ങം രാശി

പടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യയ്ക്ക് ഏഴ് മണിയോടെ 300യ്ക്കും 600യ്ക്കും ഇടയിലായി ചിങ്ങം രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണവും. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രവും രൂപപ്പെടുന്നു.

കന്നി രാശി

പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര ആണ്.  മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര (Spica).  2017ല്‍ വ്യാഴഗ്രഹം കന്നിരാശിയിലാണ് കാണപ്പെടുന്നത്.

തുലാം രാശി.

ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം രാശി

ജൂലൈ മാസത്തില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്ക്-കിഴക്കായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം.

ധനു രാശി

ജൂലൈ മാസത്തില്‍ രാത്രി 8 മണിയോടെ തെക്ക് കിഴക്ക് ചക്രവാളത്തില്‍ ധനു രാശി പൂര്‍ണമായും ഉദിച്ചുയരും. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാസിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍

വടക്കേ ചക്രവാളത്തില്‍ ഈ സമയത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണ് സപ്തര്‍ഷികള്‍. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ അല്പം പടിഞ്ഞാറ് നീങ്ങി ഏകദേശം 30-45ഡിഗ്രി മുകളിലായി സപ്തര്‍ഷികളെ കാണാം. ഒരു സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിന് പേരുണ്ട്. ഈ ഗണത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി . സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് മാറി ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ (Bootes) എന്ന നക്ഷത്രസമൂഹം കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി(Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം. വടക്ക്-കിഴക്ക് ചക്രവാളത്തിന് മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ. ലൈറ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കന്‍ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് നക്ഷത്രസമൂഹത്തിലെ ആല്‍ഫാ സെന്റോറിയും ബീറ്റാ സെന്റോറിയുമാണ്. മറ്റുള്ള നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും.

ഗ്രഹങ്ങള്‍

വ്യാഴം

2017 ജൂലൈയില്‍ സൂര്യാസ്തമനത്തോടെ തന്നെ തലയ്ക്ക് മുകളിലായി ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ നമുക്ക് ഗ്രഹരാജാവായ വ്യാഴത്തിനെ കാണാന്‍ കഴിയും. സന്ധ്യാകാശത്ത് തലയ്ക്കുമുകളില്‍ കാണാന്‍ കഴിയുന്ന ഏറ്റവും ശോഭയുള്ള വസ്തു, അത് വ്യാഴമാണെന്ന് സംശയമില്ലാതെ ഉറപ്പിക്കാം. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. കന്നി രാശിക്ക് മധ്യത്തില്‍ ചിത്രയ്ക്കടുത്തായാണ് വ്യാഴത്തിന്റെ സ്ഥാനം. വ്യാഴം 12 വര്‍ഷങ്ങള്‍ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞവര്‍ഷം വ്യാഴം ചിങ്ങം രാശിയിലായിരുന്നു. 2018ല്‍ തുലാം രാശിയിലേക്ക് മാറും.

ശനി

വൃശ്ചികം നക്ഷത്രരാശിയില്‍ മൂലം ഗണത്തിന് അല്പം വടക്ക് മാറി ഖഗോള മദ്ധ്യരേഖയിലായാണ് ശനി ഈ മാസം കാണപ്പെടുന്നത്. വൃശ്ചികം, ധനു രാശികള്‍ക്കിടയിലായി തൃക്കേട്ട കഴിഞ്ഞാല്‍ കൂടുതല്‍ തിളക്കത്തില്‍ കാണുന്നത് ശനിയാണ്. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്തവര്‍ഷം ശനി ധനുരാശിയിലേക്ക് നീങ്ങും.

മറ്റുള്ള ഗ്രഹങ്ങളില്‍ ശുക്രനൊഴികെയുള്ളവ പകല്‍ സമയത്തായതിനാല്‍ കാണാന്‍ സാധിക്കില്ല. ശുക്രനെ പുലര്‍ച്ചെ 5 മുതല്‍ കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമാകും.


മനുഷ്യർ മഴ പെയ്യിക്കുമ്പോൾ

കേരളം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്  എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്.

 

എന്താണ് ക്ലൗഡ് സീഡിങ്?

 

കാലാവസ്ഥയിൽ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിങ്ങ്. കൃത്രിമമായി മഴ പെയ്യിക്കുക, മഞ്ഞുണ്ടാക്കുക, മൂടൽ മഞ്ഞ് കുറയ്ക്കുക തുടങ്ങിയവയാണ് ക്ലൗഡ് സീഡിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ. 1946 ൽ അമേരിക്കൽ ശാസ്ത്രജ്ഞനായ വിൻസെൻറ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്. മഴമേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക പ്രവർത്തനങ്ങൾ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിങ്ങിൽ ചെയ്യുന്നത്. സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് (ഖരാവസ്ഥയിലുളള കാർബണ്‍ ഡയോക്സൈഡ്), ലിക്വിഡ് പ്രൊപെയ്ൻ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോഗിക്കുന്നത്.

എങ്ങനെയാണ് മഴ പെയ്യിക്കുന്നത്?

എങ്ങനെയാണ് ക്ലൗഡ് സീഡിങ്ങ് നടത്തുന്നതെന്ന് നോക്കാം. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടർന്ന് സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങളിൽ വിതറും. വിമാനങ്ങൾ ഉപയോഗിച്ചാണ് മേഘങ്ങളിൽ രാസവസ്തുക്കൾ വിതറുന്നത്. ഭൂമിയിൽ നിന്ന് ജനറേറ്ററുകൾ ഉപയോഗിച്ചും റോക്കറ്റുകൾ ഉപയോഗിച്ചും സീഡിങ്ങ് നടത്താറുണ്ട്. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ അവിടയെുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിങ്ങിന് കൂടുതൽ യോജ്യമായുളളത്. റഡാറുകൾ ഉപയോഗിച്ചാണ് യോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്. ക്ലൗഡ് സീഡിങ്ങിന് സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് എന്നിവയാണ്. എന്നാൽ  ദ്രവീക്യത പ്രൊപേയ്ൻ ആണ് മേഘങ്ങളിൽ ഐസ് പാരലുകൾ സൃഷ്ടിക്കാൻ കൂടുതൽ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിങ് നടത്താറുണ്ട്. 2010-ൽ ജനീവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സൾഫർ ഡയോക്സൈഡും നൈട്രജൻ ഡയോക്സൈഡും ഉപയോഗിച്ചുള്ള  ക്ലൗഡ് സീഡിങ്  പരീക്ഷണം നടത്തിയിരുന്നു.

ക്ലൌഡ് സീഡിങ്ങ്

ഇന്ത്യയിൽ ഇതിന് മുൻപും ക്ലൗഡ് സീഡിങ്ങ് പരീക്ഷിച്ചിട്ടുണ്ട്. 1983 മുതൽ 1987 വരെയും, 1993 മുതൽ 1994 വരെയും തമിഴ്നാട് സർക്കാർ ക്ലൗഡ് സീഡിങ്ങ് നടത്തിയിട്ടുണ്ട്. 2003-2004 ൽ കർണ്ണാടക സർക്കാരും ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വർഷത്തിൽ  തന്നെ അമേരിക്ക ആസ്ഥാനമായുളള വെതർ മോഡിഫിക്കേഷൻ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിങ്ങ് നടത്തി. ആന്ധ്രപ്രദേശിലെ പന്ത്രണ്ട് ജില്ലകളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള  പദ്ധതി കൊണ്ടുവന്നത് 2008-ൽ  ആയിരുന്നു. 2005-ലെ വരൾച്ച സമയത്ത് പാലക്കാട് ജില്ലയിൽ കൃത്രിമ മഴ പെയ്യിക്കാൻ താൽപര്യം കാണിച്ചിരുന്നുവെങ്കിലും നടന്നില്ല.

ക്ലൗഡ് സീഡിങ് പൂർണമായും വിജയകരമാണെന്ന് പറയാൻ കഴിയില്ല. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുളള മിക്കവാറും രാജ്യങ്ങളിലും ക്ലൗഡ് സീഡിങ്ങ് ഉപയോഗിച്ച്   കൃത്രിമ മഴ പെയ്യിക്കുകയോ, മൂടൽ മഞ്ഞ് നീക്കം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയ  ക്ലൗഡ് സീഡിങ്ങിനോട് വിമുഖത കാണിക്കുകയാണ്. ക്ലൗഡ് സീഡിങ്ങ് നടത്തുക വഴി സ്വാഭാവികമായി ഉണ്ടാകുന്ന  മഴയുടെ അളവിൽ പത്ത് ശതമാനത്തിലധികം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2010 ൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ അപ്രതീക്ഷിതമായ ആലിപ്പഴ വർഷത്തിനും ക്ലൗഡ് സീഡിങ്ങ് കാരണമാകാറുണ്ട്.
1978 ൽ 2740 ടൺ സിൽവർ അയഡൈഡ് ആണ് യു.എസ്. ഗവൺമെൻറ് കൃത്രിമ മഴചെയ്യിക്കാനായി മേഘങ്ങളിൽ വർഷിച്ചത്. മനുഷ്യർക്കും മറ്റ് സസ്തനികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും മണ്ണിൻറേയും സസ്യങ്ങളുടേയും സ്വാഭാവികത നഷ്ടപ്പെടുന്നതിനും ജലമലിനീകരണത്തിനും ഇത് കാരണമാകുമെന്ന് ചില പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ടെങ്കിലും അതിന് വലിയ ശാസ്ത്രീയ പിൻബലമൊന്നുമില്ല. കാലാവസ്ഥയെ നിയന്ത്രിക്കുന്ന തരത്തിലുളള മനുഷ്യന്റെ ഇടപെടലുകൾ ആഗോളതാപത്തിനും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്ന ആരോപണവും നിലവിലുണ്ട്. എങ്കിലും കടുത്തവരൾച്ചയെ പ്രതിരോധിക്കാൻ ഇന്ന് ലോക രാഷ്ട്രങ്ങൾ ആശ്രയിക്കുന്നത് ക്ലൗഡ് സീഡിങ്ങിലൂടെയുളള കൃത്രിമ മഴയെ തന്നെയാണ്. എന്നാൽ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായ ഉപയോഗം ആവശ്യമാണ്. കൂടാതെ അന്തരീക്ഷത്തിൽ കുമുലോനിംബസ് മേഘങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നല്ല പണച്ചെലവുളള പദ്ധതിയാണ് ക്ലൗഡ് സീഡിങ്ങ്.

ചെടികളും ശാസ്ത്രവും വൈദ്യശാസ്ത്രവും

ങ്ങനെ ആണ് ചില ചെടികളുടെ ഭാഗങ്ങൾ മരുന്നായി ഉപയോഗിക്കാൻസാധിക്കുന്നത്?
പ്രാചീനവൈദ്യങ്ങളുടെയെല്ലാം അടിസ്ഥാനം ചെടികൾ ആയിരുന്നു. അവയുടെ രോഗസംഹാരശേഷിയെ പറ്റി പലതരം ഭാവനകളും കഥകളും നിലനിൽക്കുന്നുണ്ട്. ദൈവം രോഗം സൃഷ്ടിച്ചു എങ്കിൽ പ്രതിവിധിയും സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് രസകരമായ ഒരു സങ്കൽപം. (ആ ദൈവത്തിന്റെ മനോനില ഓർക്കുന്നത് രസകരമായിരിക്കും). ചെടിയിലെ ചില ശക്തികൾക്കു രോഗകാരണമായ ദുർദേവതകളെ അകറ്റാൻ സാധിക്കുന്നു എന്നതാണ് മറ്റൊന്ന്. ആര്യവേപ്പ്, തുളസി തുടങ്ങിയവ ആവശ്യത്തിന് പ്രബലരായ ദേവതകൾ തന്നെ ആണ്! പ്രാചീനമായ ജീവശക്തി സിദ്ധാന്തവും, മയാസ്മ സിദ്ധാന്തവും ശാസ്ത്രപുരോഗതിയോടെ കാലഹരണപ്പെട്ടു. ജൈവലോകം രാസനിർമ്മിതമാണെന്നും ജീവശരീരത്തിലെ ഉപാപചയപ്രക്രിയകൾ രാസപ്രവർത്തനങ്ങൾ ആണെന്നും ആധുനികവൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു. രാസപ്രക്രിയകളിലൂടെ ജൈവലോകം വിശദീകരിക്കപ്പെടുന്നു. രാസമാറ്റങ്ങൾ ജൈവശരീരങ്ങളെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും എന്ന തിരിച്ചറിവ് പല രോഗങ്ങളെയും വിശദീകരിക്കാനും, പ്രതിവിധികൾ കണ്ടെത്താനും സഹായിച്ചു. ചെടികൾ രോഗശമനത്തിന് ഉപയോഗിക്കാൻസാധിക്കുന്നതിന്റെ കാരണവും അത് തന്നെ ആണ്. ചെടികളിലെ രാസവസ്തുക്കൾക്ക് ശരീരത്തിലെ ജൈവപ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻസാധിക്കുന്നു. ഇക്കാര്യം 2017ലും ഊന്നി പറയേണ്ടി വരുന്നു എന്നത് വാസ്തവത്തിൽ ലജ്ജാകരമായ ഒരു വസ്തുത ആണ്. നൂറ്റാണ്ടുകൾ പുറകിൽ നിന്ന് ഇന്നും വർത്തമാനകാലത്തേക്ക് ബസ് കിട്ടാത്ത പോലെയാണ് പലരുടെയും ലോകവീക്ഷണം. പരിണാമശാസ്ത്രം അകാദമിക് തലത്തിൽ പഠിക്കും എന്നല്ലാതെ അത് ‘പുല്ലും ആലും ആളും ആൾക്കുരങ്ങും ഉൾപ്പെടുന്ന’ ജൈവലോകത്തെ സംബന്ധിച്ച ലോകവീക്ഷണം ആണെന്ന് ഇന്നും പലർക്കും മനസ്സിലായിട്ടില്ല.

വേലിപ്പരുത്തി (Lantana camera)

ഇനി, ശരിക്കും എന്ത് കൊണ്ടാവാം മനുഷ്യന് (മൃഗങ്ങൾക്കും) മരുന്നായി ഉപയോഗിക്കാൻപാകത്തിന് ചെടികൾ രാസവസ്തുക്കൾ ഉണ്ടാക്കുന്നത്?
നമ്മെ പോലെ തന്നെ ദശലക്ഷകണക്കിനു വർഷങ്ങൾ പ്രകൃതിയിൽ അതിജീവനത്തിനായി പോരാടി വിജയിച്ചു നിൽക്കുന്ന ‘ജീവികൾ’ ആണ് ചെടികൾ. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ ചെടിയും ദശലക്ഷകണക്കിന് വർഷത്തെ ‘രക്തപങ്കിലമായ’ അതിജീവനപോരാട്ടത്തിൽ ‘സ്വാർത്ഥതയോടെ’ പങ്കെടുത്ത് പോരാടിയ ജീനുകൾ വഹിച്ച (ചെടി)പൂർവികരുടെ പിൻതലമുറയാണ്. പരിണാമത്തിന്റെ പിൻവഴികളിൽ ചെടി അതിൻറെ അതിജീവനത്തിനായി ‘നിർമിച്ചെടുത്ത’ രാസായുധങ്ങൾ ആണ് അവയിൽ ഉള്ള രാസവസ്തുക്കൾ. ചെടികളിലെ രാസവസ്തുക്കളെ പ്രധാനമായും രണ്ടായി തിരിക്കാറുണ്ട്.  പ്രൈമറി മെറ്റബോലൈറ്റുകൾ എന്നും സെക്കന്ററി മെറ്റബോലൈറ്റുകൾ എന്നും (Primary metabolites and Secondary metabolites). പ്രൈമറി മെറ്റബോലൈറ്റുകൾ എന്നാൽ ചെടിയുടെ ഘടനക്കും നിലനിൽപ്പിനും അത്യാവശ്യം വേണ്ട അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, അവശ്യം വേണ്ട മിനറലുകൾ തുടങ്ങിയവ. അവ ഇല്ലാതെ ചെടികൾക്ക് ശരീരകോശനിർമാണം സാധ്യമല്ല. (പ്രധാനമായും ചെടികളിൽ നിന്നാണ് നാം അടങ്ങുന്ന മൃഗങ്ങൾ ഇവയെ നമ്മുടെ കോശനിർമ്മിതിക്ക് വേണ്ടി എടുക്കുന്നത്.)

ചെടിയെ സംരക്ഷിക്കുക എന്ന ജോലിയാണ് സെക്കന്ററി മെറ്റബോലൈറ്റുകൾ ചെയ്യുന്നത്. അവ ഇല്ലെങ്കിൽ പ്രകൃതിയിൽ അതിജീവിക്കുക ചെടികൾക്ക് അസാധ്യമാവും. ചെടികളുടെ പ്രതിരോധമന്ത്രാലയത്തിൻകീഴിലുള്ള അതിമാരക രാസായുധ ശേഖരം ആണ് സെക്കന്ററി മെറ്റബോലൈറ്റുകൾ. പ്രധാനമായും ഷഡ്പദങ്ങൾക്കെതിരെയും, പിന്നെ ഇല തിന്നുന്ന മൃഗങ്ങൾക്കെതിരെയും, കൂടെ മത്സരിക്കുന്ന മറ്റു ചെടികൾക്കെതിരെയും ആണ് ചെടികളുടെ ഈ ആയുധങ്ങൾ. ഷഡ്പദത്തിന് വിഷമായി ഏൽക്കുന്ന രാസവസ്തുക്കൾ ആണ് പലപ്പോഴും നമുക്ക് മരുന്നായി ഭവിക്കുന്നത്.
അതെങ്ങനെ ആണെന്ന് വെച്ചാൽ, “വിഷം” എന്നോ “മരുന്ന്” എന്നോ ലേബൽ വെച്ച് കൊണ്ട് രാസവസ്തുക്കൾ ഒന്നും ഇല്ല. ചില രാസവസ്തുക്കൾ ചില കോശങ്ങളിലെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കോശത്തിന് അനുകൂലമോ പ്രതികൂലമോ ആയ എന്തെങ്കിലും ആ കോശത്തിൽ നടക്കും. ഉദാഹരണത്തിന്, ആന്റി ബയോട്ടിക്കുകൾ . ബാക്ടീരിയാ കോശങ്ങൾ മനുഷ്യകോശങ്ങളിൽ നിന്നും വ്യത്യസ്തമാണ്. മനുഷ്യരിൽ നടക്കാത്ത ചില രാസപ്രവർത്തനങ്ങൾ ബാക്ടീരിയയിൽ നടക്കുന്നുണ്ട്. അവയുടെ നിലനിൽപ്പിന് അവ അത്യാവശ്യവുമാണ്. ആ രാസപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രാസവസ്തു നമ്മൾ കഴിച്ചാൽ ആ വസ്തു നമ്മുടെ ശരീരത്തിൽ രോഗമുണ്ടാക്കുന്ന ബാക്ടീരിയക്ക് ദോഷമാവും. ആ വസ്തു തടസപ്പെടുത്തുന്ന രാസപ്രവർത്തനം നമ്മുടെ കോശത്തിൽ ഇല്ലാത്തത് കൊണ്ട് നമുക്ക് പ്രശ്നവും ഇല്ല. ബാക്ടീരിയക്ക് ‘വിഷം’ ആവുന്നത്, നമുക്ക് ‘മരുന്നാവും’.

അത് പോലെ തന്നെ രാസവസ്തുവിന്റെ ഡോസും. കുറഞ്ഞ അളവിൽ ശരീരത്തിന് അനുകൂലമായി (മരുന്നായി) പ്രവർത്തിക്കുന്നത് കൂടിയ അളവിൽ പ്രതികൂലമായി (വിഷമായി) പ്രവർത്തിക്കും. ഒരേ ഡോസ് ഷഡ്പദത്തെ പോലുള്ള കുഞ്ഞ് ജീവികൾക്ക് വിഷമാകുമ്പോൾ ചിലപ്പോൾ മനുഷ്യന് മരുന്നായി പ്രവർത്തിക്കാം.

ഇത്തരം ദോഷം ചെയ്യുന്ന രാസവസ്തുക്കൾ തിരിച്ചറിയുന്നതിനും ഒഴിവാക്കുന്നതിനും, ഉപകാരമുള്ള വസ്തുക്കൾ തിരിച്ചറിയാനും വേണ്ട കഴിവുകൾ ആയുധപന്തയത്തിന്റെ എതിർചേരിയിൽ നിൽക്കുന്ന മൃഗങ്ങളും ആർജിച്ചു വന്നിട്ടുണ്ട്. ചില ചെടികളുടെ നിറവും മണവും കൊണ്ട് തന്നെ അവ അപകടകരമാണെന്നും ഒഴിവാക്കേണ്ടവ ആണെന്നും തിരിച്ചറിയാനാവും. മേഞ്ഞു നടക്കുന്ന മൃഗങ്ങൾ ഒരു കടി കൊണ്ട് തന്നെ ഒരു ചെടി ഭക്ഷ്യയോഗ്യമാണോ എന്ന് കണ്ടെത്തുന്നത് കാണാം. രുചി, മണം എന്നിവയുടെ അനുകൂലനം മൃഗങ്ങളിൽ ഇത്തരത്തിൽ ആണ് പ്രവർത്തിക്കുക. നമ്മുടെ നാട്ടിൽ പണ്ട് വേലി കെട്ടാൻഉപയോഗിച്ചിരുന്ന ഒരു ചെടി ഉണ്ടായിരുന്നു. അത് കൊണ്ട് വേലി കെട്ടിയാൽ പറമ്പ് സുരക്ഷിതമാകും. കാരണം നാൽക്കാലികൾ അത് തിന്നില്ല.

ഇനി ചില സെക്കന്ററി മെറ്റാബോലൈറ്റുകൾ വിഷമായല്ല, പരാഗണം നടത്തുന്നതിന് ഷഡ്പദങ്ങളെ ആകർഷിക്കാനും ഉപയോഗിക്കും. അവ ചിലപ്പോൾ നമുക്കും “സുഗന്ധം” ആയി തിരിച്ചറിയാൻസാധിക്കും. സസ്യങ്ങൾ പൂക്കുന്നത് കൂടുതലും “നല്ല” അനുഭവം ആയി വേണമല്ലോ മസ്തിഷ്കം രേഖപ്പെടുത്താൻ. കാരണം പൂക്കുന്ന കാലം കായ്കനികളുടെ സമൃദ്ധിയുടെ കാലത്തിൻറെ മുന്നോടിയാണ്. മനുഷ്യനെ പോലുള്ള  പരിണാമപരമായ ഒരു  ‘വാനര’സ്പീഷീസ് അവയെ തിരിച്ചറിയേണ്ടത് അതിജീവനത്തിന് ആവശ്യമാണ്‌. അവയാണ് ഇന്ന് പല ‘സുഗന്ധദ്രവ്യ മാഫിയകളും’ കൃത്രിമമായി നിർമിക്കുന്നത്.

ചെടികളിലെ ചില സെക്കന്ററി മെറ്റാബോലൈറ്റുകളെ പരിചയപ്പെടാം. ചിലതൊക്കെ നമുക്ക് നല്ല പരിചയം ഉള്ള ഐറ്റംസ് തന്നെയാണ്. ഇത് വരെ രണ്ടു ലക്ഷത്തിൽ അധികം കോമ്പൌണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്!

അമിനോആസിഡുകളിൽ നിന്ന് ചെടികൾ നിർമിക്കുന്ന ഒരു പ്രധാന രാസവസ്തുകൂട്ടം ആണ് ആൽക്കലോയിഡുകൾ. മൃഗങ്ങളെ സംബന്ധിച് മാരകമായ വിഷങ്ങൾ ആയേക്കാവുന്ന പല ആൽക്കലോയിഡുകളും ചെടികൾ ഉണ്ടാക്കാറുണ്ട്. കോശങ്ങളിലെ അയോണ്‍ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കുക, എൻസൈമുകളുടെ പ്രവർത്തനത്തെ താറുമാറാക്കുക, നാഡീവ്യൂഹത്തിൽ പ്രവർത്തിക്കുക എന്നതൊക്കെയാണ് ഇവയുടെ പ്രവർത്തനരീതി. പല ഷഡ്പദങ്ങൾക്കും ചെടികൾ നിർമ്മിക്കുന്ന ഈ ആൽക്കലോയിഡുകൾ അകത്തു ചെന്നാൽ പേശീ തളർച്ച, നാഡീവ്യൂഹ തകർച്ച, അബോധാവസ്ഥ, മരണം എന്നിവ സംഭവിക്കും. ചെടികളെ തിന്നുന്ന സസ്തനികൾക്കെതിരെ പ്രവർത്തിക്കുന്ന ആല്ക്കലോയിഡുകളും ഉണ്ട്.

എന്നാലും ചില ആൽക്കലോയിഡുകൾ നമ്മൾ പ്രയോജനപ്പെടുത്താറുണ്ട്. കാപ്പി കുടിക്കുമ്പോൾ ഉന്മേഷം ഉണ്ടാവുന്നത് കാപ്പിച്ചെടിയിലെ കഫീൻഎന്ന ആല്ക്കലോയിഡ് കാരണമാണ്. കഫീനിൻറെ സാന്നിധ്യത്തിൽ മറ്റു പല ചെടികൾക്കും വളരാൻ സാധിക്കില്ല എന്നതും കാപ്പിക്കുരു പ്രാണികൾ തിന്നില്ല എന്നതുമാണ്‌ കാപ്പിച്ചെടിക്ക് കഫീൻ കൊണ്ടുള്ള ഗുണം. പക്ഷെ നമ്മുടെ തലയിലെ ചില റിസപ്റ്ററുകളുമായി ചേരാൻ കഴിയുന്ന രാസഘടന ആണ് കഫീന്റേത് എന്നത് കൊണ്ട് കാപ്പി കുടിച്ചാൽ നമുക്ക് ഉന്മേഷം തോന്നും. ഷഡ്പദങ്ങളുടെ നാഡീവ്യൂഹത്തെ മൊത്തത്തിൽ തളർത്തുന്ന, എന്നാൽ സസ്തനികളുടെ നാഡീവ്യൂഹത്തിൽ മറ്റൊരു തരത്തിൽ പ്രവർത്തിക്കുന്ന വേറെ ചില ‘അടിപൊളി’ ആല്ക്കലോയിഡുകൾ ആണ് കൊക്കയ്ൻ, ഓപിയം, നികൊട്ടിൻ തുടങ്ങിയവ! പുകയിലക്കഷായം തളിക്കുമ്പോൾ ചെള്ളുകളും കീടങ്ങളും കുറയും എന്ന് പറയുന്നതിന് പിന്നിലുള്ള കാരണം നിക്കൊട്ടിന്റെ സാന്നിധ്യം ആണ്.

ഇനി സസ്തനികൾക്കും പ്രശ്നമാകുന്ന തരം ആല്ക്കലോയിഡ് പോലുള്ള വസ്തുക്കളും ചെടികളുടെ കയ്യിൽ ഉണ്ട്. സയനോജൻ എന്ന ഒരു വിഭാഗം കെമിക്കലുകൾ അടങ്ങിയ ചെടികൾ കടിച്ചാൽ സാക്ഷാൽ സയനൈഡ് കൊണ്ട് തന്നെ മരണം സംഭവിക്കാം. ഹൈഡ്രജൻ സയനൈഡ് എന്ന വിഷം പുറത്തു വിടുന്ന ഒരുപാട് ചെടികൾ ഉണ്ട്. നമ്മുടെ നാട്ടിലെ കപ്പയുടെ അകന്ന ബന്ധു ആയ ഒരു സൌത്ത് അമേരിക്കൻ കപ്പയിൽ വളരെ ഉയർന്ന തോതിൽ സയനൈഡ് ഉണ്ട്. ആയുധപന്തയത്തിൽ ഇതിനും ഒരു പടി മുകളിൽ നിൽക്കുന്ന മൃഗങ്ങളും ഉണ്ട്. മനുഷ്യന് സയനൈഡ് അത്യപകടകരം ആണെങ്കിൽ ഈ ചെടികളോട് ‘സന്ധിയില്ലാ പോരാട്ടം’ നടത്തി അതിജീവിച്ച പല സസ്യാഹാരി സസ്തനികൾക്കും സയനൈഡ് വലിയ കുഴപ്പം ഇല്ല. സയനൈഡ് പ്രവർത്തിക്കേണ്ട എൻസൈമുകളുടെ ഘടനയിൽ വന്ന മ്യൂട്ടേഷൻഉള്ളവ പ്രകൃതി നിർധാരണത്തിൽ സെലക്ട്‌ ചെയ്യപ്പെടുന്നത് വഴിയാണ് ഇത് സംഭവിക്കുന്നത്.

മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണികളിൽ ഒന്നായിരുന്ന മലേറിയയുടെ മരുന്നും ഒരു ആല്ക്കലോയിഡ് ആണ്. സിങ്കോണ ചെടിയുടെ ഇലയിൽ ഉള്ള ‘ക്യുനൈൻ’ (Quinine)’. മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം എന്ന പരാദത്തിന് ഈ വസ്തു ഹാനികരമാണ്. (എന്താണ് സിങ്കോണയും പ്ലസ്മോഡിയവും തമ്മിൽ ഉള്ള അടിക്ക് കാരണം എന്ന് വ്യക്തമല്ല. മിക്കവാറും മറ്റെന്തിനോ ചെടി ഉണ്ടാക്കിയത് പ്ലാസ്മോഡിയത്തിന് ഹാനികരമായി ഭവിക്കുന്നു എന്നതാവാം കാരണം.) ഇവിടെ ഒരു പ്രധാന കാര്യം സൂചിപ്പിക്കേണ്ടതുണ്ട്.

ക്യുനൈൻ മരുന്നാണെങ്കിൽ അധികമായാൽ മനുഷ്യനെ കൊല്ലുന്ന ചിലതാണ് കുക്കുർബിറ്റാസിൻ പോലുള്ള രാസവസ്തുക്കൾ. കയ്പക്ക, ചുരക്ക പോലുള്ളവയിൽ ആണ് ഇതുള്ളത്. പാവക്കയുടെ രുചി നമുക്ക് പിടിക്കാത്തത് അതിലെ വിഷവസ്തുവിനെ ശരീരം തിരിച്ചറിയുന്നത് കൊണ്ടാണ്! ആവശ്യത്തിന് ചൂടാക്കി കഴിച്ചാൽ അപകടം ഒന്നും ഉണ്ടാവില്ല. പക്ഷെ പ്രമേഹത്തിന് നല്ലതാണ് എന്ന് പറഞ്ഞ് പാവക്കാനീര് ലിറ്റർ കണക്കിനു കുടിച്ചാൽ മരണം വരെ ഈസി ആയി സംഭവിക്കും.

ചെടികളുടെ ഈ രാസായുധങ്ങൾക്കെതിരെ ‘പാചകം’ ആണ് മനുഷ്യന്റെ ഏറ്റവും വലിയ ആയുധം. ഒരുമാതിരിപ്പെട്ട സെക്കന്ററി മെറ്റാബോലൈറ്റുകളെല്ലാം ചൂടാക്കുന്നതോടെ നിർവീര്യമാവും. മധുരച്ചീര പശു കഴിക്കാത്തതിന്റെയും വേവിച്ചാൽ നമുക്ക് കഴിക്കാവുന്നതിന്റെയും  കാരണം അതാണ്‌.

അപ്പൊ പറഞ്ഞു വന്നത് ഒരു ചെടി എന്നാൽ ആയുർവേദക്കാരോ, പ്രകൃതിചികിത്സകരോ പ്രചരിപ്പിക്കുന്ന പോലുള്ള ഒരു സംഭവം അല്ല. പരിണാമത്തിന്റെ അതിജീവനപോരാട്ടത്തിൽ വിജയിച്ചു നിൽക്കുന്ന ഒരു പോരാളിയാണ്. പലരെയും ഉദ്ദേശിച്ചു കൊണ്ട് അനവധി അനവധി രാസായുധങ്ങളും ആയി നിൽക്കുന്ന ചെടികളെ ‘സർവരോഗസംഹാരിണി’, ‘ഒറ്റമൂലി’ എന്നെല്ലാം പറഞ്ഞു പറിച്ചു തിന്നരുത്. തനി ആയുർവേദവിരോധികൾ പറയുന്ന പോലെ അവ യാതൊരു ഔഷധഫലവും ഇല്ലാത്ത സംഭവവും അല്ല. രണ്ടു ലക്ഷത്തിലധികം മാരകായുധങ്ങളുമായി നിൽക്കുന്ന ചെടികളിൽ ഒരു പ്രത്യേകരോഗത്തിനോ, അവസ്ഥക്കോ ഫലപ്രദമായേക്കാവുന്ന പലതും കാണും.  ആവശ്യം ഉള്ളത് ഏതെന്നു കണ്ടെത്തി ആവശ്യം ആയ അളവിൽ കഴിച്ചാൽ മതി.

ശവംനാറി (Catharanthus roseus)

ഒരു ഉദാഹരണം കൂടി. ഇന്ന് കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് വിൻക്രിസ്റ്റിൻ. Catharanthus roseus എന്ന ചെടി ഉത്പാദിപ്പിക്കുന്ന വിൻക ആല്ക്കലോയിഡ് ആണ് സാധനം. ആ ചെടിയുടെ മുകളിൽ മറ്റു പരാദചെടികൾ വളരാതിരിക്കാൻ, അവയുടെ കോശവിഭജനം തടയാൻവേണ്ടി ചെടി ഉണ്ടാക്കുന്നതാണ് ഈ വസ്തു. അതിന്റെ പ്രവർത്തനം കണ്ടെത്തിയ നമ്മൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻഇന്ന് വിൻക്രിസ്റ്റിൻ ഉപയോഗപ്പെടുത്തുന്നു. എന്ന് വെച്ച് കാൻസർ പ്രതിരോധിക്കാൻവേണ്ടി Catharanthas ചെടി ‘സമൂലം’ കഷായം വെച്ച് കഴിച്ചത് കൊണ്ടോ, അതിനെ വീട്ടുമുറ്റത്ത് വളർത്തിയത് കൊണ്ടോ കാര്യമില്ല. കാൻസർ ചെറുക്കാൻആവശ്യമായ വിൻക്രിസ്റ്റിൻ ലഭിക്കണമെങ്കിൽ ലോകത്തുള്ള Catharanthas ചെടികൾ എല്ലാം എടുത്തു തിന്നേണ്ടി വരും. (എന്നാലും ഫുൾ കോഴ്സ് ആവുമോ എന്ന് സംശയമാണ്).

കപടവൈദ്യന്മാർ “സ്റ്റഡികൾ” നിരത്തുമ്പോൾ ഇത് ഓർക്കേണ്ടത് അത്യാവശ്യമാണ്. “Catharanthus ചെടിയിൽ ഉള്ള വിൻക്രിസ്റ്റിൻ എന്ന വസ്തുവിന് ആന്റി-കാൻസർ പ്രോപ്പർട്ടി ഉണ്ട് എന്ന് അമേരിക്കൻ സർവകലാശാല കണ്ടെത്തി എന്ന സ്റ്റഡി ” എന്ന് പറഞ്ഞാലും അത് (മോഹനൻ) വൈദ്യർ പറയുന്ന പോലെ ഒറ്റമൂലിക്കുള്ള തെളിവല്ല. വിൻക്രിസ്റ്റിൻ എന്ന വസ്തു മാത്രം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു, ശാസ്ത്രീയമായി കണ്ടെത്തിയ ഡോസും മറ്റു കാര്യങ്ങളും നോക്കി കൊടുക്കുക ആണ് വേണ്ടത്.

രാസവസ്തുക്കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ശാസ്ത്രീയമായി അറിയുക എന്നതാണ് ആവശ്യം. അത് ശാസ്ത്രീയമായി അപഗ്രഥിച്ച് കെമിക്കലുകളുടെ പ്രവർത്തനവും അതിന്റെ ഡോസും കണ്ടെത്തിയാൽ പല സെക്കന്ററി മെറ്റാബോലൈറ്റുകളും നമുക്ക് നമ്മുടെ നന്മക്കായി ഉപയോഗിക്കാം. ഇനി ഒരുദാഹരണം കൂടി പറഞ്ഞാൽ, എലികളെ കൊല്ലുന്ന വിഷമാണ് warfarin. പല ചെടികളിലും ഏറിയും കുറഞ്ഞും ഈ വിഷപദാർത്ഥം ഉണ്ട്. രക്തം കട്ട പിടിക്കുന്ന സംവിധാനത്തെ താറുമാറാക്കുകയാണ് ഇത് ചെയ്യുന്നത്. ഫലം: ആന്തരികരക്തസ്രാവം കൊണ്ട് എലി മരിക്കും. ഇതേ വസ്തു നമുക്ക് മരുന്നായി ഉപയോഗിക്കാം. രക്തം അധികം കട്ട പിടിക്കുന്ന അവസ്ഥകളിൽ അതിനുള്ള പ്രതിവിധി ആയി ഇതുപയോഗിക്കാം. ഹൃദയത്തിലെ ബ്ലോക്ക്, കാലിലെ രക്തകുഴലുകളിൽ രക്തം കട്ട പിടിക്കുക തുടങ്ങിയ അവസ്ഥകളിൽ ഇന്ന് വളരെ വിജയകരമായി ഉപയോഗിക്കുന്ന മരുന്നാണ് Warfarin. എലിക്കു “വിഷം”, നമുക്ക് “മരുന്ന്” !

സമൂഹത്തിന്റെ പൊതുബോധവും ലോകവീക്ഷണവും കഥാധിഷ്ടിതമായാൽ അവിടുത്തെ വൈദ്യവും വൈദ്യബോധവും കഥാധിഷ്ടിതമാവും. ലോകവീക്ഷണം എന്ന മനസ്ഥിതി ശാസ്ത്രാ ധിഷ്ടിതമാവുകയാണ് ആദ്യം വേണ്ടത്. ഒരു ‘ചെടി’ എന്നാൽ എന്താണ്, “ശരീരം” എന്താണ്, ‘ജീവൻ’ എന്താണ്, ‘രോഗം’ എന്താണ്, ‘വിഷം’ എന്താണ്, ‘മരുന്ന്’ എന്താണ് … തുടങ്ങിയവയെ പറ്റി ഇന്നും അടിസ്ഥാനരഹിതമായ സങ്കല്പങ്ങൾ പിന്തുടരുന്നത് പരിതാപകരമാണ്.

കടപ്പാട്- luca.co.in

 

 

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate