অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിദേശപഠനം-ഓസ്ട്രേലിയയില്‍

വി ദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ഓരോവര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴില്‍സാധ്യതകളുംതന്നെയാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തികള്‍. ലോകോത്തര സര്‍വകലാശാലകള്‍, പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള സാധ്യത, ഉയര്‍ന്ന ജീവിതനിലവാരം, ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാനുള്ള അവസരം, മത്സരാധിഷ്ഠിത തൊഴില്‍മേഖലകളില്‍ അതിജീവിക്കാന്‍ വൈദഗ്ധ്യവും കാര്യക്ഷമതയും സ്വായത്തമാക്കാനുള്ള പശ്ചാത്തലം തുടങ്ങി വിദേശവിദ്യാഭ്യാസത്തിന്റെ ആകര്‍ഷണങ്ങള്‍ നിരവധിയാണ്.

ഉന്നതപഠനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മലയാളികള്‍ രാജ്യത്തിന് പുറത്തുള്ള അവസരങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരാണോ എന്നകാര്യം സംശയമാണ്. വിദേശപഠനം  ഏറെ ചെലവേറിയ ഒന്നാണെന്ന് പലരും കരുതുന്നു. കൃത്യമായ അറിവും ധാരണയുമില്ലാത്തതിനാല്‍ നിരാശാജനകമായ അനുഭവങ്ങളും ധനനഷ്ടവും ഉണ്ടായിട്ടുള്ളവരുമുണ്ട്. പക്ഷേ, കൃത്യമായ വിവരങ്ങളുടെയും വിദഗ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ നീങ്ങിയാല്‍ വിദേശവിദ്യാഭ്യാസം ജീവിതവിജയത്തിനുള്ള എളുപ്പവഴിയാണ്.

നേരത്തേ തീരുമാനിക്കുക

വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കൃത്യമായ ആസൂത്രണത്തോടെവേണം മുന്നോട്ടുപോകാന്‍. തീരുമാനങ്ങള്‍ ഗൗരവമാകണം. തയ്യാറെടുപ്പുകള്‍ നേരത്തേ തുടങ്ങണം. വിദേശപഠനത്തിന് അനുയോജ്യമായ സമയം ഏതാണെന്ന് പലര്‍ക്കും സംശയമുണ്ട്. ഇക്കാര്യത്തില്‍ ഹൈസ്‌കൂള്‍പഠനത്തിനുശേഷംതന്നെ ശ്രമം തുടങ്ങുന്നതാണ് ഉത്തമം. ചെറുപ്പത്തില്‍തന്നെ വിഭിന്ന സംസ്‌കാരത്തില്‍പ്പെട്ട പ്രഗല്ഭരായ അധ്യാപകരോടും വിദ്യാര്‍ഥികളോടും ഇടപെടാന്‍കഴിയുന്നതും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാന്‍ കഴിയുന്നതും വിദ്യാര്‍ഥിയുടെ കാഴ്ചപ്പാടിലും കാര്യശേഷിയിലും ഗുണപരമായ മാറ്റം കൊണ്ടുവരും. വ്യക്തിപരമായ സാംസ്‌കാരികമൂല്യങ്ങളെ പരിപോഷിപ്പിക്കാനും ഇത് ഉപകരിക്കും. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്ത് ഇത്തരം അവസരങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്തണം.

അന്താരാഷ്ട്ര ഗുണനിലവാരവും അനുഭവങ്ങളും

കാലം ആവശ്യപ്പെടുന്നതനുസരിച്ച് വൈദഗ്ധ്യം ആര്‍ജിക്കുന്നവര്‍ക്കേ ഭാവിയില്‍ പിടിച്ചുനില്‍ക്കാനാവൂ. പരമ്പരാഗത പഠനരീതിയില്‍നിന്ന് മാറി വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യവികസന പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതികള്‍ പിന്തുടരേണ്ടത് ഇന്ന് ആവശ്യമാണ്. പഠനത്തില്‍ മുന്നേറുന്നതിനൊപ്പം അഭിമുഖങ്ങളില്‍ മികവുതെളിയിക്കാനും തൊഴിലിടങ്ങളില്‍ മികച്ച പ്രകടനത്തിനും വിദ്യാര്‍ഥികള്‍ പ്രാപ്തരാവേണ്ടതുണ്ട്. വിദേശവിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വ്യത്യസ്ത അനുഭവങ്ങള്‍ വ്യക്തിത്വവികാസത്തിനുള്ള അവസരം ഒരുക്കുന്നു.

സ്ഥിര പൗരത്വം

വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ അവിടെത്തന്നെ സ്ഥിരതാമസമാക്കാനും മുഴുവന്‍സമയ ജോലികള്‍ ചെയ്യാനും അവസരമുണ്ട്. ഈ രീതിയിലാണ് ഒട്ടുമിക്ക രാജ്യങ്ങളിലും വിസ നിയമം വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഇഷ്ടസങ്കേതങ്ങളാകുന്നത് സ്ഥിരപൗരത്വത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ടാണ്.

എന്തുകൊണ്ട് ഓസ്‌ട്രേലിയ?

ഓസ്‌ട്രേലിയയില്‍ ഏകദേശം 60,000 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. വികസിതരാജ്യമായതുകൊണ്ടുതന്നെ കുടിയേറ്റക്കാരുടെ പറുദീസയാണ് ഓസ്‌ട്രേലിയ. ഒരു ഭൂഖണ്ഡത്തില്‍ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഓസ്‌ട്രേലിയയെ പ്രിയപ്പെട്ടതാക്കുന്നത് ഇവിടത്തെ ചെലവുകുറഞ്ഞ വിദ്യാഭ്യാസമാണ്. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനും പഠനത്തിനുമുള്ള അനന്തമായ അവസരങ്ങള്‍ ഓസ്‌ട്രേലിയ വാഗ്ദാനംചെയ്യുന്നു. അന്താരാഷ്ട്രനിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികളും ഇവിടെയുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും മികച്ച അനുഭവങ്ങള്‍ ഓസ്‌ട്രേലിയയില്‍ ലഭിക്കുന്നു.

ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം

വിദേശപഠനത്തിന് ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം നേടിയിരിക്കണം. അന്താരാഷ്ട്ര പരീക്ഷകളായ  തുടങ്ങിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ടെസ്റ്റില്‍ പിന്നാക്കംപോകുന്നവര്‍ക്ക് പാത്ത്വേ ഇംഗ്ലീഷ് കോഴ്‌സുകള്‍ വഴി തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള അവസരം ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ നല്‍കുന്നുണ്ട്.

പഠനത്തിനൊപ്പം ജോലി

വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് പഠനത്തോടൊപ്പം നിയമാനുസൃതമായി ജോലിചെയ്യാനുമുള്ള അവസരമുണ്ട്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചയില്‍ 40 മണിക്കൂര്‍വരെ ജോലിചെയ്യാം. ഗവേഷണവിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്യുന്നതില്‍ പ്രത്യേക നിബന്ധനകളില്ല.

വേതനവും മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും ഉറപ്പാക്കിയിട്ടുള്ള ഓസ്‌ട്രേലിയയില്‍ വളരെ സുരക്ഷിതമായ തൊഴിലന്തരീക്ഷമാണ് നിലവിലുള്ളത്. 40 മണിക്കൂര്‍ ചെയ്യുന്ന പാര്‍ട്ട്‌ടൈം ജോലിയിലൂടെ ആഴ്ചയില്‍ ചുരുങ്ങിയത് 800 ഡോളര്‍വരെ വരുമാനം നേടാം. പഠനച്ചെലവുകള്‍ക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടിവരില്ല എന്നുമാത്രമല്ല, ഭാവി തൊഴില്‍സാധ്യതകള്‍ കണ്ടെത്താനും പാര്‍ട്ട് ടൈം ജോലികള്‍ സഹായിക്കുന്നു.

കടപ്പാട്: മിനി കെ.ജി

അവസാനം പരിഷ്കരിച്ചത് : 12/11/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate