অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓണ്‍ലൈന്‍ ബാങ്കിംഗ്

ഓണ്‍ലൈന്‍ ബാങ്കിംഗ്

നാണയത്തിന്റെ രണ്ടു വശം


സാങ്കേതിക വിദ്യകൾ വളർന്നു, വിരൽ തുമ്പിൽ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്. പക്ഷേ, ഒരു നാണയത്തിന്റെ രണ്ടു പുറം പോലെയാണ് ഇവ നേട്ടം നൽകുന്നതിനോടൊപ്പം തന്നെ കോട്ടവുമുണ്ട്. ഇതിനുള്ള പരിഹാരം എന്താണെന്നു ചോദിച്ചാൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നേ പറയാനാവൂ. സ്വയം ഒരുക്കുന്ന സുരക്ഷ ഇത്തരം കാര്യങ്ങളിൽ വളരെ പ്രധാനമാണ്. 

ബാങ്കുകളിലെ കോർ ഡാറ്റ ബേസ്. എടിഎം സെർവറുകൾ, ഇന്റർ നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ, വിവിധ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ശൃംഖല എന്നിവ സുരക്ഷിതമാണെങ്കിൽ ഇടപാടുകളെല്ലാം സുരക്ഷിതമായിരിക്കും.

പൊതു കമ്പ്യൂട്ടറുകൾ

ഒരിക്കലും പൊതു കമ്പ്യൂട്ടറുകളിൽ നിന്നും ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാതിരിക്കുക. കാരണം നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന കാര്യങ്ങൾ ഫേവറൈറ്റ് ലിസ്റ്റിൽ തന്നെയുണ്ടാകും എല്ലാവരും ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ ഇത്തരം കാര്യങ്ങളുണ്ടെങ്കിൽ പെട്ടന്നു തന്നെ മറ്റുള്ളവർക്ക് അതു കൈക്കലാക്കാൻ പറ്റും എന്നതോർക്കുക. കൂടാതെ പൊതുവായ ഒരു കമ്പ്യൂട്ടറിൽ നിശ്ചയമായും വൈറസുകളുണ്ടാകും. അവയും വിവരങ്ങൾ ചോർത്തിയെടുതിതി നമുക്ക് പണി തരും. ഇത്തരം കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ സോവ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ഇന്റെർനെറ്റ് ബാങ്കിംഗ് ഉപയോഗശേഷം സൈൻ ഓഫ് ചെയ്തു എന്ന ഓരോ തവണയും ശേഷം ഉറപ്പാക്കുക. കമ്പ്യൂട്ടറിന്റെ ഹിസ്റ്ററി മായിച്ചു കളയുകയും ചെയ്യുക. 

പിൻ നമ്പറിലും വേണം ശ്രദ്ധ

ബാങ്കുകൾ തന്ന പിൻമ്പറുകൾ നിർബന്ധമായും മാറണം. ഇനി മാറുമ്പോൾ അച്ഛന്റെ, അമ്മയുടെ സഹോദരങ്ങളുടെ പേര്, ജനനവർഷം അങ്ങനെ അവനവനുമായി ബന്ധമുള്ള കാര്യങ്ങൾ ഒഴിവാക്കുക. കാരണം അവ കണ്ടു പിടിക്കാൻ എളുപ്പമാണ്. എടിഎം കാർഡടക്കം പോക്കറ്റടിച്ചു പോയി എന്നിരിക്കട്ടെ. നിങ്ങളുടെ പേര് ഒന്നു ഫെയിസ് ബുക്കിൽ സെർച്ച് ചെയ്താൽ നിങ്ങളുടെ വിവരങ്ങളെല്ലാം പോക്കറ്റടിച്ചവനു കിട്ടും. അതവന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.

അതിനാൽ ഒരിക്കലും 1,2,3,4 എന്നിങ്ങനെയുള്ള നമ്പറുകൾ, ഇന്ത്യ, കേരള എന്നിങ്ങനെയുള്ള പേരുകൾ മുതലായവ പാസ്വേഡായി നൽകാതിരിക്കുക. ഇത് മൊബൈലിലും മറ്റും സേവ് ചെയ്യാതിരിക്കുക. മറ്റൊന്ന് ഇടയ്ക്കിടെ പിൻ നമ്പറുകൾ മാറ്റിക്കൊണ്ടിരിക്കുകയെന്നതാണ്. ചില ബാങ്കുകൾ ഓൺലൈൻ ബാങ്കിംഗ് പാസ്വേഡുകൾ 90 ദിവസത്തിലൊരിക്കൽ നിർബന്ധമായും മാറ്റിക്കാറുണ്ട്.

കാർഡുകൾ ഉപയോഗിക്കുമ്പോൾ

ഇന്ന് സാധനങ്ങൾ വാങ്ങിക്കുമ്പോൾ കാർഡുപയോഗിച്ചാണ് എല്ലാവരും തന്നെ ബില്ലുകളടക്കുന്നത്. പക്ഷേ, അവിടെയും വേണം സ്വയം സുരക്ഷ. നമ്മുടെ മുന്നിൽ നിന്നും മാത്രം കാർഡ് സ്വൈപ് ചെയ്യാനനുവദിക്കുക. പിൻ നമ്പർ ഒരിക്കലും പറഞ്ഞു കൊടുക്കാതിരിക്കുക. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനുശേഷവും കാർഡ് വെയിറ്ററുടെ കയ്യിൽ കൊടുത്തുവിടാതെ സ്വയം ബില്ലടയ്ക്കുക. ഉപഭോക്‌താവിനു സമീപത്തേക്ക് കൊണ്ടു വരത്തക്ക വിധത്തിൽ വയർലെസ് സംവിധാനമാണ് കാർഡുപയോഗിച്ചുള്ള പേമെന്റിനുള്ളത്. ക്രെഡിറ്റ് കാർഡ് നമ്പർ, അല്ലെങ്കിൽ മറ്റു വിവരങ്ങൾ തുടങ്ങിയവ ഫോൺ വഴി നൽകുന്നതു വളരെയധികം ശ്രദ്ധിച്ചായിരിക്കണം. ബാങ്കുകളോ മറ്റു ധനകാര്യ സ്‌ഥാപനങ്ങളോ ഇത്തരത്തിൽ ഫോണിൽ വിവരങ്ങൾ ആവശ്യപ്പെടുകയില്ല. 

ക്രമമായി സേവിംഗ്സ് അക്കൗണ്ട് ചെക്ക് ചെയ്യുക

ഓൺലൈൻ ഇടപാടു നടത്തിയതിനുശേഷം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. അക്കൗണ്ടിൽനിന്നു കൃത്യമായ തുകയാണോ എടുത്തിട്ടുള്ളതെന്നു പരിശോധിച്ചു ഉറപ്പു വരുത്തുക. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി തോന്നിയാൽ ഉടനേ ബാങ്കിനെ അറിയിക്കുക.

ലൈസൻസുള്ള ആന്റി വൈറസ് ഉപയോഗിക്കുക

നിങ്ങളുടെ കംപ്യൂട്ടറിൽ ലൈസൻസ് ഉള്ള ആന്റി വൈറസ് സോഫ്റ്റ്വേർ ഉപയോഗിക്കുക. മാത്രവുമല്ല, ഈ ആന്റി വൈറസ് സോഫ്റ്റ്വേർ കാലോചിതമായി അപ്ഡേറ്റ് ചെയ്യുകയും വേണം. ഇതുവഴി രഹസ്യമായി സൂക്ഷിക്കേണ്ട എല്ലാ വിവരങ്ങളും അത്തരത്തിൽ സംരക്ഷിക്കപ്പെടാൻ സഹായിക്കുന്നു.

ലോഗിൻ ചെയ്ത സമയം പരിശോധിക്കാം

ഇടക്കിടക്ക് അവസാനം ലോഗിൻ ചെയ്ത സമയം പരിശോധിക്കുക. ഇന്റർനെറ്റ് ബാങ്കിംഗിന്റെ വെബ്സൈറ്റിൽ നിന്നും തീയതി, സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കും. 

തട്ടിപ്പിനിരയായാൽ

മുൻ കരുതലുകളെല്ലാം എടുത്തു പക്ഷേ, മൊബൈൽ ഫോണും പേഴ്സും പോക്കറ്റടിച്ചു പോയി! ഇനി എന്തു ചെയ്യും. തട്ടിപ്പിനിരയാകുകയോ എടിഎം കാർഡ് മുതലായവ നഷ്‌ടപ്പെടുകയോ ചെയ്താൽ ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു വിവരം അറിയിക്കും അക്കൗണ്ടിലെ ഇടപാടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയുമാണ് ആദ്യം ചെയ്യേണ്ടത്.

അതിനും മുന്നേ അക്കൗണ്ടു തുറക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബാങ്കിന്റെ ടോൾ ഫ്രീ നമ്പർ, ബാങ്ക്് മാനേജരുടെയോ മറ്റുദ്യോഗസ്‌ഥരുടെയോ നമ്പർ. അല്ലെങ്കിൽ ശാഖയിൽ ബന്ധപ്പെടേണ്ട തുടങ്ങിയവ മൊബൈൽ ഫോണിൽ സൂക്ഷിക്കുക. ഫോണിൽ സൂക്ഷിക്കുന്നതോടൊപ്പം തന്നെ എവിടെയെങ്കിലും കുറിച്ചു വയ്ക്കുകയുമാകാം. കാരണം ഫോൺ നഷ്‌ടപ്പെട്ടാലും ബാങ്കിലേക്കു വിളിക്കണമല്ലോ. ബാങ്കിലേക്ക് വിളിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്യിക്കാം. ഇനി ഇന്റർനെറ്റ് ബാങ്കിംഗിലൂടെയാണ് തട്ടിപ്പിനിരയാകുന്നതെങ്കിൽ ഉടനെ പാസ് വേർഡ് മാറ്റുക എന്നതാണ് പോംവഴി. 

തട്ടിപ്പുകളുടെ ചില മാതൃകകൾ

ഫിഷിംഗ്: ബാങ്കുകൾ ലോകമെങ്ങും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫിഷിംഗ്. നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്നു വിളിക്കുന്നത്. ബാങ്കിൽനിന്നോ മറ്റ് അറിയപ്പെടുന്ന സ്‌ഥാപനങ്ങളിൽനിന്നോ എന്ന വ്യാജേനയുള്ള ഇ– മെയിലുകളാണ് ഫിഷിംഗ്. ഓർമിക്കുക, ലോഗിൻ, ട്രാൻസാക്ഷൻ പാസ്വേഡുകൾ വൺ ടൈം പാസ്വേഡ് ( ഒടിപി), യുണിക് റെഫറൻസ് നമ്പർ തുടങ്ങിയവ രഹസ്യ വിവരങ്ങൾ ബാങ്കുകൾ ഇടപാടുകാരിൽനിന്ന് ഒരിക്കലും ഇത്തരം ഇ–മെയിലുകൾ വഴി തേടുകയില്ല.

വിഷിംഗ്: ഫിഷിംഗ് പോലെതന്നെയുള്ള ഒരു തട്ടിപ്പു പരിപാടിയാണ് വിഷിംഗും. വ്യത്യാസം സാങ്കേതികവിദ്യയിൽ മാത്രമേയുള്ളു. ഫിഷിംഗിൽ ഇ– മെയിലാണ് ഇടപാടുകാരനെ വീഴിക്കുവാൻ ഉപയോഗിക്കുന്നതെങ്കിൽ വിഷിംഗിൽ ടെലിഫോൺ സർവീസുകൾ, ടെലിഫോൺ സംഭാഷണം തുടങ്ങിയവ ഉപയോഗിക്കുന്നു. ബാങ്കിലെയോ സ്‌ഥാപനത്തിലെയോ ജോലിക്കാരൻ എന്ന നിലയിൽ ഇടപാടുകരാനെ വിളിച്ച് വ്യക്‌തിഗത വിവരങ്ങൾ അന്വേഷിക്കുകയാണ് വിഷിംഗ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വിളി വന്നാൽ അതിനു മറുപടി കൊടുക്കാതെ വിവരം ബാങ്കിനെ അറിയിക്കുക. 

സ്കിമ്മിംഗ്: ഇടപാടുകാരൻ എടിഎമ്മിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതിന്റെ വിവരങ്ങളും പിൻ നമ്പരും ചോർത്താൻ മെഷീനോ കാമറയോ സ്‌ഥാപിക്കുന്നതാണ് സ്കിമ്മിംഗ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പുകാരൻ അക്കൗണ്ടിൽനിന്നും പണം പിൻവലിക്കുന്നു. ഈയടുത്തുകാലത്തു തിരുവന്തപുരത്തും മറ്റും നടന്ന സംഭവങ്ങൾ ആരും മറന്നിട്ടുണ്ടാവില്ല.

ക്ലോണിംഗ്: ഓൺലൈനിലും ഓഫ് ലൈനിലും ക്ലോണിംഗും സംഭവിക്കാറുണ്ട്. എടിഎമ്മിലോ പിഒഎസ് മെഷിനിലോ കാർഡ് ക്ലോണിംഗ് ഉപകരണം സ്‌ഥാപിച്ച്, കാർഡ് സ്വൈപ് ചെയ്യുമ്പോൾ വിവരംശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഭാവിയിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നു. 

മാൽവേർ: കംപ്യൂട്ടറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സോഫ്റ്റ്വേറുകൾ ഉടമസ്‌ഥൻ അറിയാതെ കംപ്യൂട്ടറുകളിൽ നിക്ഷേപിക്കുന്ന ചില വെബ്സൈറ്റുകൾ, അല്ലെങ്കിൽ ചില ഫയലുകൾ, വീഡിയോ തുടങ്ങിയ ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഇത്തരം മാൽവേറുകൾ കംപ്യൂട്ടറിലെത്തുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾക്കുള്ള മറ്റു ചില ചാനലുകളാണ് കൃത്രിമ ആപ്പുകൾ, സ്വിം കാർഡ് സ്വാപ്പിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ദുരുപയോഗം, മൊബൈൽ ആപ്ലിക്കേഷൻ ഹാക്കിംഗ് തുടങ്ങിയവ. 

മൊബൈൽ നമ്പറും ഒടിപിയും

ഇന്റർനെറ്റ് ബാങ്കിംഗ് ഇന്ന് സാധാരണമായൊരു പ്രക്രിയായി മാറിയിരിക്കുകയാണ്. നെറ്റ് ബാങ്കിംഗ് വഴി പണമിടപാടുകൾ നടത്തുമ്പോൾ അതീവ സുരക്ഷ അത് നൽകുന്നുണ്ട്. യൂസർ നെയിമും പാസ്വേഡും നൽകി വേണം അതിലേക്കു കയറാൻ പിന്നെ ബാങ്കിന്റെ യൂസർ നെയിമും പാസ് വേർഡും ചോദിക്കും ഇത് ബാങ്ക് നൽകുന്ന സുരക്ഷയാണ്.

ഇതിനൊക്കെ പുറമെ വൺ ടൈം പാസ് വേർഡുമുണ്ട് (ഒടിപി). ഇതു ഉപഭോക്‌താവിനായി മാത്രം ബാങ്ക് അയച്ചു തരുന്നതാണ്. കൂടാതെ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്കാണ് ഈ ഒടിപി അയക്കുന്നത്. അക്കൗണ്ട് എടുത്തിട്ട് കുറെയധികം വർഷമായി അതിനോടകം തന്നെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റി. പക്ഷേ, ബാങ്കിലെ മൊബൈൽ നമ്പർ മാറ്റിയില്ല എന്നിരിക്കട്ടെ അവിടെ തീർന്നു എല്ലാം!

നമ്മുടെ ഒടിപി ചെല്ലുന്നത് മറ്റാരുടെയങ്കിലും മൊബൈലിലേക്കായിരിക്കും. അതിനാൽ മൊബൈൽ നമ്പർ മാറ്റി ലോകത്തിന്റെ ഏതു കോണിലേക്കു പോയാലും ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകളും മാറ്റുക എന്നത് ഒരിക്കലും മറക്കാതിരിക്കുക. കാരണം നമ്മുടെ മ്യൂച്ചൽ ഫണ്ട്, ഇൻകം ടാക്സ് എന്നു തുടങ്ങി എല്ലായിടത്തും മൊബൈൽ നമ്പർ അത്യാവശ്യമാണ്. അതിനാൽ ഇക്കാര്യം പ്രത്യേകം ഓർക്കുക.

ആപ്പുകൾ ആപ്പാകരുത്

ഓരോ ബാങ്കുകൾക്കും അവരവരുടേതായ ആപ്ലിക്കേഷനുകളുണ്ട്. കൂടാതെ ചില്ലർ, പേടിഎം തുടങ്ങിയ ഓൺ ലൈൻ സേവനങ്ങൾ നൽകുന്ന ആപ്പുകളുമുണ്ട് ഇവ ഒരിക്കലും നമുക്ക് ആപ്പാകാതെ സൂക്ഷിക്കണം. ഇത്തരം ആപ്പുകൾ സേവനം നൽകുന്നത് നമ്മെുട കാർഡ് ഉപയോഗിച്ചാണ്. കാർഡ് നമ്പർ സിവിവി നമ്പർ എന്നിവയൊക്കെ ഇവയുടെ സേവനത്തിനായി നൽകണം. നൽകാം പക്ഷേ, ഇവ ഒരിക്കലും സേവ് ചെയ്തിടരുത്. മറ്റുള്ളവർക്ക് മെസേജ് വഴി കൈമാറുകയും ചെയ്യരുത്. 

ഫോണിലോ ഇ–മെയിലിലോ ഒരു ബാങ്ക് ഒരിക്കലും നിങ്ങളോട് വിവരങ്ങൾ തേടുകയില്ല. ഇത്തരത്തിൽ ഫോൺ കോളോ ഇ– മെയിലോ ലഭിച്ചാൽ നിങ്ങൾ വിവരങ്ങൾ നൽകരുത്. മാത്രവുമല്ല ഈ വിവരം ഉടനേ ബാങ്കിനെ അറിയിക്കുകയും ചെയ്യണം. 

സ്‌ഥിരമായി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക

അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഇടക്കിടക്ക് പരിശോധിക്കുക എന്നത് ഒരു സ്‌ഥിരം സ്വഭാവമായി മാറ്റിയെടുക്കുക. ഇന്റെർനെറ്റ് ബാങ്കിംഗ് വഴി മിനി സ്റ്റേറ്റ്മെന്റും വിശദമായ സ്റ്റേറ്റ്മെന്റും ലഭിക്കും അവ ഇടക്കിടയ്ക്ക് പരിശോധിക്കുക. 

ഇനി ഡിജിറ്റൽ മണിയുടെ കാലം

ഇടപാടുകൾക്ക് കടലാസു പണം ഇല്ലാതാകുന്ന കാലം അതി വിദൂരമല്ല. അച്ചടിച്ചിറങ്ങുന്ന കറൻസയിലാണ് കള്ളനോട്ടുകളും മറ്റും ഉണ്ടാകുന്നത്. ഇടപാടുകളെല്ലാം ഡിജിറ്റലായി കഴിയുമ്പോൾ വ്യജനോട്ടിനെക്കുറിച്ചുള്ള പേടി വേണ്ട. കൈകളിലൂടെ പണം കടന്നു പോകുമ്പോൾ മാത്രമാണ് കള്ളനോട്ട് കയറിക്കൂടുക. ഡിജിറ്റൽ സേവനങ്ങൾ വരുമ്പോൾ ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ഇവിടെ കള്ളനോട്ടില്ല, പോക്കറ്റടിക്കും എന്ന പേടി വേണ്ട, നോട്ടുകൾ കീറിപോകും എന്നു പേടിക്കേണ്ട. കള്ളപ്പണത്തെ തടയാം അങ്ങനെ ഓൺലൈൻ ഇടപാടുകൾക്ക ്നേട്ടങ്ങൾ നിരവധിയാണ്.

പക്ഷേ, ശ്രദ്ധയോടെ നിർവഹിച്ചില്ലെങ്കിൽ നാം ആഗ്രഹിക്കുന്നവരുടെ കൈകളിൽ പണം എത്തില്ല. ഇങ്ങനെ തെറ്റായ കൈകളിൽ എത്തിയ പണം തിരിച്ചു കിട്ടാനും പ്രയാസമാണ്.

നൊമിനിറ്റ ജോസ്

ഓണ്‍ലൈന്‍ ബാങ്കിംഗ്: തട്ടിപ്പില്‍ വീഴാതിരിക്കാന്‍

1. ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ്:
ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്‌ക്രീനില്‍ തെളിയുന്ന കീബോര്‍ഡില്‍ മൗസ് വഴി ടൈപ്പ് ചെയ്യുന്ന രീതിയാണിത്. എല്ലാ ബാങ്കുകളും ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് എന്ന ഓപ്ഷന്‍ നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് കഫേകള്‍ പോലുള്ള സ്ഥലങ്ങളില്‍ കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എന്തെല്ലാം ടൈപ്പ് ചെയ്യുന്നു എന്നത് ഉപകരണങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിവെക്കാന്‍ സാധ്യതയുണ്ട്

എങ്ങിനെയാണ് ഓണ്‍ സ്ക്രീന്‍ കീ ബോര്‍ഡ്  ഓപ്പന്‍ ചെയ്യുക?

ഇത്  വളരെ എളുപ്പമാണ്. വിന്‍ഡോസ്‌ കീയും R  എന്ന അക്ഷരവും ഒരുമിച്ചു പ്രസ്‌ ചെയ്യുക.ഓപന്‍ ആയി വരുന്ന വിന്‍ഡോയില്‍  " OSK " എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.

 

2. പാസ്‌വേഡ് നല്‍കുമ്പോള്‍:

പാസ്‌വേഡുകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ കഴിയാത്ത പാസ്‌വേഡുകള്‍ നല്‍കുക. പാസ്‌വേഡുകളില്‍ അക്കങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. @,* തുടങ്ങിയ ചിഹ്‌നങ്ങള്‍ പാസ്‌വേഡുകളില്‍ ഉള്‍പ്പെടുത്തുന്നത് പാസ്‌വേഡ് സ്‌ട്രെങ്ത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആദ്യ അക്ഷരം കാപ്പിറ്റല്‍ ലെറ്ററാക്കുന്നതും നല്ലതാണ്. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡ് മാറ്റുന്നതും ഗുണകരമാണ്

ബാങ്കിന്റെ സൈറ്റില്‍ കയറണമെങ്കില്‍ അഡ്രസ്ബാറില്‍ സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യുക. ഇ-മെയ്‌ലിലും മറ്റു സൈറ്റുകളിലും കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നെറ്റില്‍ തട്ടിപ്പിന്റെ വല വിരിച്ച് കാത്തിരിക്കുന്നവര്‍ കെണിയൊരുക്കുന്നത് ഇത്തരം വ്യാജ ലിങ്ക് അയച്ചുതന്നുകൊണ്ടാണ്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ബാങ്കിന്റേതിനു സമാനമായ സെറ്റില്‍ എത്തിച്ചേരും. അവിടെ എക്കൗണ്ട് നമ്പറും പാസ്‌വേഡും നല്‍കുന്നതോടെ തട്ടിപ്പുകാര്‍ നിങ്ങളുടെ എക്കൗണ്ട് നമ്പറും പാസ്‌വേഡും മനസിലാക്കുകയും അതുപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യും. ഇത്തരം ലിങ്കുകളില്‍ വീഴാതെ സൂക്ഷിക്കുക.

 

4. ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുക:

നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകളുടെ അഡ്രസ് കംപ്യൂട്ടര്‍ സൂക്ഷിച്ചു വെക്കുന്നുണ്ട്. ഈ അഡ്രസുകളില്‍ ക്ലിക്ക് ചെയ്താല്‍ വീണ്ടും നിങ്ങള്‍ സന്ദര്‍ശിച്ച വെബ് പേജില്‍ എത്തിച്ചേരാം. അതിനാല്‍ ബാങ്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക. യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സേവ് ചെയ്തു വെക്കാനുള്ള ഓപ്ഷനുകള്‍ നല്‍കാതിരിക്കുക

5. ടെക്‌നോളജിയുടെ ഒപ്പം നടക്കാം:

നിങ്ങളുടെ സിസ്റ്റവും ബ്രൗസറും ടെക്‌നോളജിയിലെ പുതിയ മാറ്റങ്ങളനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുക. വിശ്വസനീയമായ സൈറ്റുകളില്‍ നിന്ന് മാത്രം ആന്റി വൈറസുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇന്റര്‍നെറ്റ് കഫേകളിലും മറ്റ് പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും നിങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കുക.

കടപ്പാട്-http://www.deepika.com,http:shahhidstips.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate