অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചില്ലറക്കാരനല്ല നമ്മുടെ ഗപ്പി മീൻ

ചില്ലറക്കാരനല്ല നമ്മുടെ ഗപ്പി മീൻ

ഗപ്പിമീനിനെക്കുറിച്ച് ചില ഞെട്ടിക്കുന്ന സത്യങ്ങള്‍

ഗപ്പി എന്ന കുഞ്ഞു മല്‍സ്യത്തെ അറിയാത്ത മലയാളികളുണ്ടാകില്ല. വന്‍തോതില്‍ മല്‍സ്യകൃഷി നടത്തുന്ന പലരും ഗപ്പികളെ വളര്‍ത്തിക്കൊണ്ടാണ് മീന്‍വളര്‍ത്തലിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തത് എന്ന് സമ്മതിക്കാറുണ്ട്.

എന്നാല്‍ ഈ കുഞ്ഞു മീനിനെക്കുറിച്ച് ഇനിയും പലര്‍ക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. ഇവയില്‍ പലതും ഈ മേഖലയിലെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന സത്യങ്ങളാണ്. അവയില്‍ ചിലത് :

  1. വളരെയെളുപ്പം പെറ്റു പെരുകും എന്നതാണ് ഗപ്പികളുടെ പ്രത്യേകതയായി ലോകമെങ്ങും അറിയപ്പെടുന്നത്.എന്നാല്‍ കൗതുകകരമായ ഒന്നുണ്ട്. ഗപ്പി സത്യത്തില്‍ പ്രസവിക്കുകയല്ല. തള്ളമല്‍സ്യത്തിന്റെ വയറ്റില്‍ നിന്ന് മുട്ടവിരിഞ്ഞാണ് ഗപ്പിക്കുഞ്ഞുങ്ങള്‍ പുറത്തു വരുന്നത്. ലൈവ് ബേറേഴ്‌സ് എന്നാണ് ഇത്തരത്തില്‍ മുട്ടയിട്ട് പ്രസവിക്കുന്ന മീനുകളെ വിളിക്കുന്നത്. പ്ലാറ്റിയും മോളിയും സ്വോര്‍ഡ് ടെയിലുമൊക്കെ ഈ ഗണത്തില്‍പെടുന്നവയാണ്.
  2. മോളികളുമായി (ബ്ലാക്ക് മോളി, വൈറ്റ് മോളി തുടങ്ങിയവ) ഗപ്പികളെ വിജയകരമായി ഇണചേര്‍ത്ത് പ്രസവിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ ആണ്‍മീനുകളാവുകയാണ് പതിവ്. ഇവയ്ക്ക് കുഞ്ഞുങ്ങളുണ്ടാകാനും സാധ്യത കുറവാണ്.
  3. 21 മുതല്‍ 30 ദിവസം വരെയാണ് ഗപ്പികളുടെ ഗര്‍ഭകാലം എന്നാല്‍ കാലാവസ്ഥയും സാഹചര്യങ്ങളുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. കേരളത്തിലെ കാലാവസ്ഥയില്‍ 28 32 ദിവസം ഇടവേളകളിലാണ് ഗപ്പികള്‍ പ്രസവിക്കുന്നതായി കാണാറ്.
  4. ഒരേ കുടുംബത്തില്‍പ്പെട്ട ഗപ്പികള്‍ ഒരുമിച്ച് വളര്‍ന്നാല്‍ കാലക്രമേണ ഇവയുടെ പിന്‍ തലമുറക്കാര്‍ക്ക് വര്‍ഗഗുണം നഷ്ടപ്പെടും. നിറമെല്ലാം മങ്ങി ഭംഗി നഷ്ടപ്പെടും. ഇന്‍ബ്രീഡിങ് എന്ന പ്രശ്‌നം മൂലമാണിത്. കിണറുകളിലും മറ്റും ഗപ്പിയെ ഇട്ടാല്‍ കാലക്രമേണ ഇങ്ങിനെ നിറം മങ്ങിയ ഗപ്പികളെയാണ് ലഭിക്കുക.
  5. ഇനിയാണ് ഗപ്പി വളര്‍ത്തലില്‍ പുതുതായി എത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഞെട്ടിക്കുന്ന സത്യം. വലിയ വിലകൊടുത്ത്് നമ്മള്‍ വാങ്ങി ടാങ്കിലെ പെണ്‍ഗപ്പികളുടെ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ്. ഒരിക്കല്‍ ഇണചേര്‍ന്നാല്‍ ശരീരത്തിനുള്ളില്‍ ബീജം എട്ടുമാസത്തോളം സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം പ്രസവിക്കാന്‍ പെണ്‍ഗപ്പികള്‍ക്ക് കഴിയും. ഇക്കാരണത്താലാണ് ഏറ്റവും ഇളം പ്രായത്തിലുള്ള 'കന്യക' ഗപ്പികളെ വാങ്ങാന്‍ ബ്രീഡര്‍മാര്‍ ശ്രദ്ധിക്കുന്നത്. ഒരിക്കല്‍ പ്രസവിച്ച ഗപ്പിയാണെങ്കില്‍ പിന്നീട് നമ്മള്‍ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ് എന്നര്‍ഥം.
  6. ചില പെണ്‍ഗപ്പികള്‍ കുറച്ചു കഴിഞ്ഞാല്‍ ആണായി മാറുന്നതായി ഗപ്പി വളര്‍ത്തുന്നവര്‍ പറയാറുണ്ട്. പലപ്പോഴും ഇത് സംഭവിക്കാറുണ്ട്്്. ലിംഗമാറ്റം ആണിതെന്നും ആണ്‍ മീനുകള്‍ വൈകി വളര്‍ച്ചയെത്തി പുരുഷ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണിതെന്നും രണ്ടഭിപ്രായമുണ്ട്.
  7. വിവിധ വര്‍ണത്തില്‍പ്പെട്ട ഗപ്പികളെ തമ്മില്‍ ഇണചേര്‍ത്താല്‍ പുതിയ പുതിയ തരം ഗപ്പികളെ ലഭിക്കും. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല. ഇവയെ ഒരു പുതിയ വെറൈറ്റിയായി അംഗീകരിക്കാറുമില്ല. അതിനായി ഈ സങ്കരണപ്രക്രിയ പലവുരു ആവര്‍ത്തിച്ചെടുക്കേണ്ടതുണ്ട്. ഗപ്പി വളര്‍ത്തുവാനാരംഭിച്ച തുടക്കക്കാര്‍ ഗപ്പിയെ മിക്‌സ് ചെയ്യുന്നത് വിപരീതഫലമായിരിക്കും ചെയ്യുക. ഒരേ തരം ഗപ്പികളെ വളര്‍ത്തി കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വളര്‍ത്തി വില്‍ക്കുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലത്.
  8. കൊതുകു നശീകരണത്തിനായി ഗപ്പികളെ ലോകമെങ്ങും ഉപയോഗപ്പെടുത്തി വരുന്നു. എന്നാല്‍ വലിയൊരു കൊതുകുവേട്ടക്കാരനൊന്നുമല്ല ഗപ്പി. സീബ്ര, ടെട്ര, ബാര്‍ബ് ഇനത്തില്‍പ്പെട്ട മീനുകള്‍ ഗപ്പിയേക്കാള്‍ നന്നായി കൊതുകു കൂത്താടികളെ തിന്നുതീര്‍ക്കും. പ്രതികൂല സാഹചര്യത്തില്‍, കുറഞ്ഞ വെള്ളത്തില്‍ വളരാനുള്ള കഴിവും തദ്ദേശീയ മല്‍സ്യങ്ങള്‍ക്ക് ഭീഷണിയാകില്ല എന്നതുമൊക്കെ കണക്കിലെടുത്താണ് ഗപ്പികളെ കൊതുകുനശീകരണത്തിനായി തോടുകളിലും വെള്ളക്കെട്ടുകളിലുമൊക്കെ തുറന്നുവിടുന്നത്.
  9. കടപ്പാട് : കൃഷി അറിവുകൾ

- കെ. ജാഷിദ് -

അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate