অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അഴകും ആനന്ദവും ആദായവും അലങ്കാര മത്സ്യകൃഷിയില്‍നിന്ന്

ആമുഖം

ഹോബി എന്നു മാത്രമല്ല വരുമാനം നേടിത്തരുന്ന തൊഴിലായും ഇന്ന് അലങ്കാര മത്സ്യം വളർത്തൽ മാറിക്കഴിഞ്ഞു. ജലസമൃദ്ധിയാലും മത്സ്യങ്ങളുടെ വൈവിധ്യത്താലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങൾക്ക് ഈ മേഖല വളരെ അനുയോജ്യമാണ്. എന്നാൽ, ഇന്നും നമ്മുടെ നാട്ടിൽ ഈ വ്യവസായം ഇപ്പോഴും ശൈശവാവസ്ഥയിലാണ് വലിപ്പംകൊണ്ട് ഭാരതത്തെക്കാൾ ഏറെ പിന്നിൽ നിൽക്കുന്ന സിംഗപ്പൂർ മലേഷ്യ, തായ്വാൻ, തായ്ലന്റ് ഹോളണ്ട്, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ, ചെക്ക് റിപ്പബ്ലിക്ക്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ അലങ്കാര മത്സ്യവ്യവസായത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടും ഇന്ത്യയുടെ സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു. അതുകൊണ്ടാണ് സർക്കാരും സർക്കാരേതര ഏജൻസികളും അലങ്കാര മത്സ്യക്യഷിയെകുറിച്ചുള്ള വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്കായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു വരുന്നത്. ഈ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യൻ അലങ്കാര മത്സ്യക്യഷി മേഖല ഉയർച്ചയുടെ പടവുകൾ താണ്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യയിലെ അലങ്കാര മത്സ്യവിപണന, കയറ്റുമതി കേന്ദ്രങ്ങൾ കൽക്കട്ടെ, ചെന്നൈ, ബോംബെ, ബംഗളുരു, കൊച്ചി എന്നിവയാണ്. തനതു മത്സ്യങ്ങൾ അടക്കമുള്ള നാനാതരത്തിലുള്ള അലങ്കാര മത്സ്യങ്ങളാണ് ഇവിടെ നിന്നും വിപണനം ചെയ്യപ്പെടുന്നത്. ആഗോള അലങ്കാര മത്സ്യകൃഷിയുടെ ആകെ വിപണന മൂല്യം ഏകദേശം 8 ബില്യൺ യു.എസ്, ഡോളർ ആണ്. അക്വേറിയം അനുസാരികളും, ചെടികളും, തീറ്റികളും, മരുന്നുകളും മറ്റു അക്വേറിയാധിഷ്ഠിത സാമഗ്രികളും ചേർത്ത് കണക്കാക്കിയാൽ അവയുടെ ആകെ ചില്ലറ വ്യാപാര മൂല്യം പ്രതിവർഷം 15 ബില്യൺ യു.എസ്. ഡോളറിൽ അധികമായിരിക്കും. ആഗോള കയറ്റുമതി മൂല്യം മാത്രം പ്രതിവർഷം രണ്ടായിരത്തോളം കോടി രൂപയാണ്. ഇതിൽ ഇന്ത്യയുടെ പങ്ക് 10 കോടി രൂപയിൽ താഴെ മാത്രമാണ്. കൂടുതൽ കൂടുതൽ ഉത്സാഹത്തോടെയും ഊർജ്ജാവസ്ഥയോടെയും ഈ മേഖലയെ സമീപിച്ചാൽ മാത്രമേ പ്രകടമായ വ്യത്യാസം വരുത്താൻ കഴിയുകയുള്ളൂ.

അലങ്കാര മത്സ്യക്യഷിയെ ഒരു വരുമാന സ്രോതസ്സായി പരിഗണിച്ച്അത്തരം സംരംഭങ്ങൾ തുടങ്ങുമ്പോൾ അതിനെ അഞ്ചായി വിഭജിക്കാവുന്നതാണ്.

  1. കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റ്
  2. കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള യൂണിറ്റ്
  3. മറിച്ചു വില്പനയ്ക്കുള്ള കടകൾ
  4. ടാങ്ക് നിർമ്മിച്ച് ഒരുക്കികൊടുക്കുന്ന യൂണിറ്റ്
  5. മുകളിൽപ്പറഞ്ഞവയുടെ സംയോജനം

മേല്പറഞ്ഞ ഏത് മേഖലയിലുള്ള തൊഴിലിൽ ഏർപ്പെടുന്നവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയിലുള്ള താത്പര്യം മാത്രമല്ല തങ്ങളുടെ വീടുകളിൽ ഇതിനാവശ്യമായ ജലസ്രോതസും സൗകര്യങ്ങളും ഉണ്ടായിരിക്കുക എന്നതും വളരെ പ്രധാനമാണ്. ഇക്കാര്യങ്ങളിലെല്ലാം വേണ്ടവിധത്തിലുള്ള പരിശീലനമാർജ്ജിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ കാര്യം. അലങ്കാര മത്സ്യക്യഷി എന്ന സംരംഭകത്വത്തെ രണ്ടു തരത്തിൽ സമീപിക്കാവുന്നതാണ്.

  • ബാക്ക്യാർഡ് യൂണിറ്റ്
  • വൻ വ്യവസായ സംരംഭം

കുടുബശ്രീ പോലുള്ള കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ തദ്ദേശവാസികൾ തമ്മിലുള്ള സൗഹ്യദത്തെ ആധാരമാക്കി രൂപപ്പെടുത്തുന്നതരം സംരംഭങ്ങൾക്ക് അതിന്റേതായ ഗുണങ്ങളുണ്ടാകും. ജോലികൾ പങ്കിട്ടെടുക്കുക എന്നത് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് അത്യാവശ്യമാണ്. ഈ യൂണിറ്റുകൾ മുയൽകൃഷി പോലെയോ താറാവുകൃഷി പോലെയോ ചെമ്മീൻകൃഷി പോലെയോ ഏകതയോടെയുള്ളതായിരിക്കില്ല എന്നതിനാൽ ഇവയെല്ലാം അലങ്കാര മത്സ്യയൂണിറ്റ് എന്ന സാമാന്യതയിൽ ഉൾപ്പെടുമെങ്കിലും ഓരോരുത്തരും ചെയ്യേണ്ടുന്ന ജോലികളുടെ കാര്യത്തിലും ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിലും ലഭിച്ചേക്കാവുന്ന വരുമാനത്തിന്റെ കാര്യത്തിലും മറ്റും വൈവിധ്യങ്ങൾ പുലർത്തുക സ്വാഭാവികമാണ്.

മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദന യൂണിറ്റ്

അലങ്കാര മത്സ്യക്യഷി വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വയംസംരംഭക മാർഗമാണ് അക്വേറിയം മത്സ്യങ്ങളുടെ കുഞ്ഞുത്പാദനം അഥവാ ഹാച്ചറി ഉത്പാദനം. ഈ ഘട്ടമാണ് അലങ്കാര മത്സ്യക്യഷിയിലെ ഏറ്റവും നിർണായകവും പ്രതിസന്ധിയേറിയതുമായ കാലയളവ്. കാരണം, കുരുന്നു മത്സ്യങ്ങളെ വേണ്ട വിധത്തിൽ പരിപാലിക്കുന്നതും മത്സ്യങ്ങളെ പോഷകസമ്യദ്ധമായ തീറ്റികൊടുത്ത് പ്രജനനത്തിന് തയ്യാറാക്കുന്നതും പ്രേരിതപ്രജനനം വഴിയോ സ്വാഭാവിക രീതിയിലോ പ്രജനനം നടത്തുന്നതും മുട്ട ശേഖരിക്കുന്നതും അവയെ വിരിയിക്കുന്നതും കുഞ്ഞുങ്ങളെ യഥാവിധത്തിലുളള തീറ്റകൾ കൊടുത്ത് സംരക്ഷിക്കുന്നതും കുഞ്ഞുത്പാദന യൂണിറ്റിന്‍റെ ഉത്തരവാദിത്തങ്ങളാണ്.

മനുഷ്യരുടെ കാര്യത്തിൽ എന്ന പോലെ മത്സ്യങ്ങൾക്കും ഗർഭകാലഘട്ടം വളരെ ദുഷ്കരമാണ്. ഈ സമയത്ത്, ക്യത്യമായ ജലപരിപാലനവും, പോഷക സമ്പുഷ്ടമായ തീറ്റിയുടെ ലഭ്യത, രോഗകാരികളിൽനിന്നുള്ള സംരക്ഷണവും വളരെ നിർണായകമാണ്. സ്വർണമത്സ്യങ്ങൾ, ഗൗരാമികൾ, ട്രെടാ മത്സ്യങ്ങൾ, കോയികാർപ്പ് എന്നിങ്ങനെ നിരവധി മത്സ്യങ്ങളുടെ കാര്യത്തിൽ ആൺ, പെൺ ജാതികളെ പ്രത്യേകമായി പരിപാലിക്കേണ്ടതുണ്ട്. പ്രജനന സമയത്ത് മാത്രമേ പ്രത്യുത്പാദനത്തിന് സന്നദ്ധമായ മത്സ്യങ്ങളെ ഒരുമിച്ച് കഴിയുവാൻ അനുവദിക്കുകയുള്ളൂ. സാധാരണയായി രാത്രികാലങ്ങളിലോ നന്നേ പ്രഭാതത്തിലോ ആണ് മത്സ്യങ്ങൾ മുട്ടയിടുന്നത്.

സ്വർണമത്സ്യങ്ങളുടെ പ്രജനനത്തെപ്പറ്റി ലഘുവായി പ്രതിപാദിക്കാം. ആറു മാസമെങ്കിലും പ്രായമായ മത്സ്യങ്ങളാണ് സാധാരണയായി ലൈംഗികപക്വതയാർജിച്ച് പ്രജനനത്തിന് തയ്യാറാകുന്നത്. ആൺമത്സ്യങ്ങളുടെ പാർശ്വചിറകുകൾ പെൺമത്സ്യങ്ങളുടെ പാർശ്വചിറകുകളെ അപേക്ഷിച്ച് കുറച്ചു കൂടി പരുപരുത്തതായിരിക്കും. പ്രായപൂർത്തിയായ ആൺമത്സ്യങ്ങൾക്ക് ചെകിളയുടെ ഭാഗങ്ങളിൽ വെളുത്തപൊട്ടുകൾ (ട്യൂബർക്കിളുകൾ അഥവാ മുത്തുഗ്രന്ഥികൾ) ഉണ്ടാകും. ഇവയുടെ ഉദരഭാഗത്ത് വളരെ സാവധാനത്തിൽ വിരലുകൾ കൊണ്ട് അമർത്തിയാൽ വെളുത്ത നിറത്തിലുള്ള പുംബീജ സ്രവം പുറത്തുവരുന്നതായി കാണാം. പെൺമത്സ്യങ്ങൾക്കാണെങ്കിൽ അല്പം തള്ളിനിൽക്കുന്ന ഉദരങ്ങൾ (അണ്ഡാശയത്തിൽ മുട്ടകൾ വഹിക്കുന്നതിനാലാണിത്) ഉണ്ടായിരിക്കും. നല്ല ആരോഗ്യമുള്ള രണ്ട് ആൺ മത്സ്യങ്ങളെ ഒരു പെൺമത്സ്യത്തോടൊപ്പം വൈകുന്നേരത്തോടെ ഒരു ടാങ്കിൽ നിക്ഷേപിക്കുന്നതാണ് പ്രജനനത്തിന്റെ ആദ്യ ഘട്ടം. സ്വർണമത്സ്യത്തിന്റെ മുട്ടകൾ പറ്റിപ്പിടിക്കുന്നവയാകയാൽ അതിനായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പായലോ, വലയുടെ കഷണങ്ങളോ, ഏതെങ്കിലും സമാന പദാർത്ഥങ്ങളോ ഇട്ടുകൊടുക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ വലിപ്പമുള്ള സ്വർണമത്സ്യങ്ങൾക്ക് രണ്ട് അടി നീളവും 1.5 വീതിയും 1.5 അടി പൊക്കവുമുള്ള ഗ്ലാസ്സ് ടാങ്കുകളാണ് (പജനനത്തിന് അനുയോജ്യം. എന്നാൽ കൂടുതൽ മത്സ്യങ്ങളെ ഉൾക്കൊള്ളിക്കുന്ന രീതിയാണെങ്കിൽ, ഫൈബർ ഗ്ലാസ്സ് ടാങ്കുകൾ ഉപയോഗിക്കാം.

ടാങ്കിന്‍റെ വ്യാപ്തത്തിന്‍റെ 10 ശതമാനം വരെ മുട്ട പറ്റിപ്പിടിച്ചിരിക്കാനുള്ള ഏതെങ്കിലും സങ്കേതം ഇടുന്നത് പരിപൂർണമായും മുട്ടകൾ ഇവയിൽത്തന്നെ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കും. ഇതിന്‍റെ അളവ് അപര്യാപ്തമാണെങ്കിൽ ടാങ്കിന്‍റെ വശങ്ങളിലോ, അടിയിലോ മുട്ടകൾ പറ്റിക്കാനുള്ള സാധ്യതയുണ്ട്. മത്സ്യങ്ങൾ ടാങ്കിൽ നിന്നും പ്രജനനസമയത്ത് ചാടി രക്ഷപ്പെടാതിരിക്കാൻ ഒരു കൊതുകു വലകൊണ്ട് ടാങ്കിന്റെ മുകൾ ഭാഗം മൂടുന്നത് നല്ലതാണ്. വളരെ ചെറിയ വായു പ്രവാഹിനി കല്ലിലൂടെയുള്ള വായുപ്രവാഹം ഈ സമയത്താവശ്യമാണ്. സന്ധ്യ കഴിയുമ്പോൾത്തന്നെ മത്സ്യങ്ങളെ നിരീക്ഷിച്ചാൽ അവ പ്രണയപൂർവ്വം ചിറകുരുമ്മി ഒരുമിച്ച് നീങ്ങുന്നതും ആൺ മത്സ്യങ്ങൾ പെൺ മത്സ്യത്തിന് പുറകെ നീന്തുന്നതും കാണാൻ കഴിയും.

പ്രഭാതത്തിന്‍റെ ആദ്യ മണിക്കൂറുകളിലാണ് ദീർഘനേരത്തെ പ്രണയകേളികൾക്കുശേഷം പെൺമത്സ്യം മുട്ടയിടുന്നത്. ഇതിനായി ഒരു പക്ഷേ ആൺമത്സ്യങ്ങൾ പെൺമത്സ്യത്തിന്‍റെ ഉദരഭാഗത്ത് തന്‍റെ

ശരീരം വളച്ചുകൊണ്ട് അമർത്തുന്നത് സാധാരണയാണ്. വിസർജ്ജിക്കപ്പെടുന്ന മുട്ടകൾ പുറത്തുവരുന്നതിന് മുന്നോടിയായി ആൺമത്സ്യങ്ങൾ പാകമായ പുംബീജങ്ങളെ വെള്ളത്തിലേക്ക് നിക്ഷേപിക്കുന്നു. വെള്ളത്തിൽ വച്ചാണ് ഈ പുംബീജങ്ങൾ മുട്ടകളുമായി സംയോജിക്കുന്നത്. അങ്ങനെ ബീജസങ്കലനം നടന്ന മുട്ടകൾ ടാങ്കിലെ മുട്ട പറ്റിപിടിപ്പിക്കാൻ വച്ചിരിക്കുന്ന വസ്തുക്കളിൽ ഒട്ടിപ്പിടിക്കുന്നു. പ്രഭാതത്തിൽ ഈ വസ്തുക്കൾ വെള്ളത്തിൽനിന്ന് പുറത്തെടുത്ത് നോക്കിയാൽ അതിൽ കടുകുമണിയോളം വലിപ്പമുള്ള നേരിയ മഞ്ഞനിറത്തിലുള്ള സുതാര്യമായ മുട്ടകൾ കാണാം.

മുട്ടകളെ ഒരുതരത്തിലും ബാധിക്കാതെ പ്രജനനം നടത്തിയ മൂന്നു മത്സ്യങ്ങളെയും ടാങ്കിൽനിന്നും എടുത്തുമാറ്റേണ്ടതാണ്. ഇവയെ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കി ആരോഗ്യം ഉറപ്പുവരുത്തിയതിനു ശേഷം ആൺ-പെൺ വ്യത്യാസം അനുസരിച്ച് ടാങ്കുകളിലേക്ക് മാറ്റാം. ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്കു ശേഷം സാധാരണ രീതിയിൽ തീറ്റികൊടുത്ത് പരിരക്ഷണം തുടരാവുന്നതാണ്. സ്വർണമത്സ്യങ്ങളുടെ വളരെ വില കൂടിയതും സ്വാഭാവിക പ്രജനനത്തിന് ബുദ്ധിമുട്ടുകാണിക്കുന്നതുമായ ഇനങ്ങൾക്ക് ഹോർമോൺ കുത്തിവെയ്പ് കൊടുക്കുന്നത് നല്ലതാണ്. ഇതിനായി ഓവാപ്രീം, ഓവാടൈഡ് തുടങ്ങിയ ഹോർമോണുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. 100 ഗ്രാം മത്സ്യത്തിന് 0.02 മില്ലി ലിറ്റർ മുതൽ 0.05 മില്ലി ലിറ്റർ വരെ എന്നതാണ് സാധാണരീതിയിൽ വേണ്ട ഹോർമോണിന്‍റെ അളവ്. ഇക്കാര്യം പാക്കറ്റുകളിൽ ക്യത്യമായി രേഖപ്പെടുത്തിയിരിക്കും.

ഇനി മുട്ടകളുടെ പരിപാലനമുറകളിലേക്ക് തിരിച്ചു വരാം. സ്വാഭാവികമായി പ്രജനനം നടക്കുമ്പോള്‍ മുട്ടകളുടെ വളർച്ചാ ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതിന് ധാരാളമായി ഓക്സിജൻ ആവശ്യമുണ്ട്. ഈ ഓക്സിജൻ പ്രദാനം ചെയ്യുന്നത് മാതാപിതാക്കളായ മത്സ്യങ്ങളായിരിക്കും. ഇവർ അതിശക്തമായി ചിറകുകൾ വീശുമ്പോൾ ഉയർന്നരീതിയിലുള്ള വായുപ്രവാഹം മുട്ടകൾക്ക് ലഭ്യമാകുന്നു. എന്നാൽ മാതാപിതാക്കളെ മുട്ടകളിൽനിന്ന് മാറ്റിയതുകൊണ്ട് ഈ വായുപ്രവാഹം ക്യത്രിമമായി കൊടുക്കേണ്ടത് അത്യാവശ്യമാണ്. വായുപ്രവാഹിനി കല്ലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും വായുപ്രവാഹത്തിന്റെ അളവുകൂട്ടുകയും വേണം.

മുട്ടകൾ വിരിയുന്നതിനായുള്ള കാത്തിരിപ്പ് സമയത്ത് ഫംഗസുകളുടെ ആക്രമണം ഉണ്ടാകുന്നത് വളരെ സാധാരണമാണ്. സാപ്രോലെഗ്നിയ എന്ന കുമിൾ ഇനം (രോഗത്തിന്റെ പേര് സാപ്രോലെഗ്നിയാസിസ്) വെളുത്ത പഞ്ഞിപോലെ മുട്ടകളിൽ പറ്റിപ്പിടിച്ച് മുട്ടകളുടെ നാശത്തിന് വഴിയൊരുക്കുന്നു. ഇതൊഴിവാക്കുന്നതിനായി 'മെതിലിൻ ബ്ലൂ' എന്ന മരുന്ന് വെള്ളത്തിന് ചെറിയ നീല നിറം വരുന്നത്ര അളവിൽ ചേർക്കേണ്ടതാണ്. മുട്ടകളെ ശരിയായി നിരീക്ഷിച്ച് കുമിൾരോഗം ബാധിച്ചിട്ടുള്ളവയെ സസൂക്ഷ്മം ഒരു ഫോർസപ്സിന്‍റെ സഹായത്തോടെ എടുത്തു കളയേണ്ടത് വളരെ അത്യാവശ്യമാണ്. 26-28 ഡിഗ്രി വരെയുള്ള ഊഷ്മാവാണ് സ്വർണ മത്സ്യങ്ങളുടെ മുട്ടകൾക്ക് വിരിയാൻ അത്യാവശ്യമായി വേണ്ടത്. ഏകദേശം 36 മണിക്കുറിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ഊഷ്മാവിന്റെ വ്യതിയാനം അനുസരിച്ച് ഈ കാലയളവിന് നേരിയ വ്യത്യാസം വരാം. പുറത്തു വരുന്ന കുഞ്ഞുങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തേക്കുള്ള മഞ്ഞക്കരു (പോഷകങ്ങൾ) അവയുടെ ഉദരഭാഗത്തു തന്നെ ഉണ്ടായിരിക്കും. എന്നാൽ വിരിഞ്ഞ് അവ ആഹരിക്കാൻ തയ്യാറാകുമ്പോൾത്തന്നെ സൂക്ഷ്മജീവികളെ ടാങ്കിൽ ലഭ്യമാക്കേണ്ടതുണ്ട്. മുട്ടകൾ പൂർണമായി വിരിഞ്ഞു എന്ന് ഉറപ്പുവരുത്തിയതിനുശേഷം ടാങ്കിൽ പറ്റിപ്പിടിപ്പിക്കാൻ ഉപയോഗിച്ച വസ്തുക്കളെ സസൂക്ഷ്മം എടുത്തുമാറ്റാവുന്നതാണ്. പിന്നീട് ടാങ്കിൽ ഉണ്ടാകാവുന്ന വിവിധതരത്തിലുള്ള അവശിഷ്ടങ്ങളെയും സസൂക്ഷ്മം എടുത്തു മാറ്റാം.

കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ വായുപ്രവാഹത്തിന്റെ അളവ് കുറയ്ക്കേണ്ടതാണ്. ആദ്യാഹാരമായി കൊടുക്കുന്ന സൂക്ഷ്മജീവികൾ ജന്തുപ്ലവങ്ങളോ, ഇൻഫുസോറിയയോ, ബ്ലഡ് വേമുകളോ ആകാം. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇവ പൊടിരൂപത്തിലുള്ള പോഷകാഹാരങ്ങൾ സ്വീകരിക്കും. ഉയർന്ന വിപണി മൂല്യമുള്ള മത്സ്യകുഞ്ഞുങ്ങൾക്ക് ആർട്ടിമ പോലുള്ള ആഹാരപദാർത്ഥ ങ്ങൾ കൊടുക്കാം. ഒരാഴ്ചയ്ക്കു ശേഷം പ്രജനന ടാങ്കിൽ നിന്നും വിസ്താരം കൂടിയ മറ്റൊരു ടാങ്കിലേക്ക് മാറ്റാവുന്നതാണ്. തുടർന്ന് രണ്ടോ മൂന്നോ ആഴ്ചകൾക്കുശേഷം ഇവയെ അപകടകാരികളായ മറ്റു മത്സ്യങ്ങളോ ജന്തുക്കളോ ഇല്ലാത്ത വലിയ കോൺക്രീറ്റ് ടാങ്കിലേക്കോ വലിയ കുളത്തിലേക്കോ മാറ്റാവുന്നതാണ്. ഒന്നോ രണ്ടോമാസങ്ങൾക്കുള്ളിൽ ഇവയെ മൊത്ത വ്യാപാരക്കാർക്കോ കുഞ്ഞു വളർത്തൽ കർഷകർക്കോ വിതരണം ചെയ്യാവുന്നതാണ്.

ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഏയ്ഞ്ചൽ മത്സ്യങ്ങളുടെ പ്രജനനം കുറച്ചുകൂടി എളുപ്പമാണെന്ന് പറയാം. പ്രായപൂർത്തിയാകുമ്പോൾ ഒരു ആൺ മത്സ്യവും ഒരു പെൺമത്സ്യവും ചേർന്ന് സ്വാഭാവികമായ ഇണ രൂപപ്പെടുന്നു. ഈ ഇണമത്സ്യങ്ങൾ ജീവിതകാലം മുഴുവനും ഒരുമിച്ച് ജീവിച്ച് പ്രജനനം നടത്തുന്നതായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ആഴമേറിയ ചെറിയ ഏയ്ഞ്ചൽ മത്സ്യങ്ങളെ വാങ്ങി വലിയൊരു ടാങ്കിൽ നിക്ഷേപിച്ച് നന്നായി തീറ്റ കൊടുത്ത് വളർത്തുക എന്നുള്ളതാണ് ഇണതിരിക്കലിന്‍റെ ആദ്യ ഘട്ടം. അഞ്ചു മുതൽ ആറു മാസം വരെ പ്രായമെത്തിയ മത്സ്യങ്ങൾ സാവധാനത്തിൽ ഇണതിരിയുന്നതായി കാണാം. കൂട്ടത്തില്‍ വലിപ്പം കൂടിയ ഒരു മത്സ്യം മറ്റെല്ലാ മത്സ്യങ്ങളെയും കൊത്തിയോടിക്കുമ്പോൾ ഒരു മത്സ്യത്തെ മാത്രം തന്റെ അരികിൽ ചേർത്തുനിർത്തുകയും ഇവ രണ്ടും സ്വകാര്യമായി ടാങ്കിന്റെ വശങ്ങളിലും മറ്റും നിൽപ്പുറപ്പിക്കുന്നതും കണ്ടാൽ അവ ഒരു ഇണയാണെന്ന് കണക്കാക്കാം. ആ ഇണ മത്സ്യങ്ങളെ സൂക്ഷ്മതയോടുകൂടി ചെറിയ കോരുവല ഉപയോഗിച്ച് പിടിച്ചെടുത്ത് ഒരടി നീളവും ഒരടി വീതിയും ഒരടി ഉയരവുമുള്ള ടാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്. അത്തരം ടാങ്കുകളിൽ 45 ഡിഗ്രി കോണിൽ ഒരു പൊട്ടിയ സെറാമിക് ടൈലിന്റെ കഷണം വച്ചു കൊടുക്കുന്നത് മുട്ടയിടൽ പ്രക്രിയയെ സഹായിക്കും. ആൺമത്സ്യം ഈ ടൈൽ കഷണം തന്റെ വായഭാഗം കൊണ്ട് വൃത്തിയാക്കുന്നതും മറ്റും നമുക്ക് നിരീക്ഷിക്കാവുന്നതാണ്. തുടർന്ന് പെൺമത്സ്യം ഇതിൽ തന്റെ മുട്ട പറ്റിപ്പിടിപ്പിക്കുന്നു. അതിന്റെ പിന്നാലെ ആൺമത്സ്യം തന്റെ ജനനേന്ദ്രിയഭാഗം ഈ മുട്ടകളിൽ ഉരസി മുട്ടകളെ ബീജസങ്കലനത്തിന് വിധേയമാക്കുന്നു. ഇത്തരം മുട്ടകളെ മാതാപിതാക്കൾ സംരക്ഷിക്കുന്നതായി കണ്ടുവരുന്നു.

മുട്ട പറ്റി പിടിച്ചിരിക്കുന്ന ഈ ടാങ്കിലേക്ക് മാറ്റുന്നത് ഉചിതമായിരിക്കും. നേരിയ തോതിൽ മെതിലിൻ ടൈൽ കഷണം സാവധാനം മറ്റൊരു ബ്ലൂ കലർത്തിയ വെള്ളമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. നന്നായി വായുചംക്രമണവും കൊടുക്കണം. മുപ്പത്തിയാറ് മണിക്കൂർ കഴിയുമ്പോൾ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ താഴേക്ക് പതിക്കുന്നു. കുഞ്ഞുങ്ങളുടെ ഉദരഭാഗത്ത് മഞ്ഞക്കരുവിന്റെ അളവ് വളരെ കൂടുതൽ ഉള്ളതുകൊണ്ട് മൂന്നുനാലു ദിവസത്തേയ്ക്ക് ഇവ പുറമേ നിന്ന് ആഹാരം സ്വീകരിക്കുന്നില്ല. അതിനുശേഷം ഇൻഫുസോറിയ (ആർടിമീയ നോപ്സി) പോലുള്ള ആഹാരപദാർത്ഥങ്ങൾ കൊടുത്തു തുടങ്ങാം. ഏകദേശം ഒരു മാസം വരെ കഴിയുമ്പോൾ കുഞ്ഞുങ്ങളെ വലിയ ടാങ്കുകളിലേക്കോ കുളങ്ങളിലേക്കോ മാറ്റാം.

മത്സ്യകുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള യൂണിറ്റ്

മുൻ സൂചിപ്പിച്ചപോലെ പ്രജനനം നടത്തുന്ന സംരംഭകർ കൈകാര്യം ചെയ്യുന്നത് ഗർഭാവസ്ഥയിലുള്ള മത്സ്യങ്ങളേയും നന്നേ ചെറിയ കുഞ്ഞുങ്ങളേയും ആകയാൽ ഇവർ വളരെയധികം ശ്രദ്ധപുലർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ കുഞ്ഞു വളർത്തൽ ഒരു സ്വയംസംരംഭമായി എടുക്കുമ്പോൾ ഇത്തരം പരീക്ഷണഘട്ടങ്ങൾ ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാനാകും. കുഞ്ഞുത്പാദന യൂണിറ്റുകളിൽ നിന്നും പണം കൊടുത്തു വാങ്ങുന്ന കുഞ്ഞുങ്ങളെ വിപണനത്തിന് തയ്യാറായ വലുപ്പത്തിലേക്ക് വളർത്തിയെടുക്കുക എന്നുള്ളതാണ് ഈ സംരംഭകത്വത്തിന്റെ കാതൽ. ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ വിസ്തൃതമായ സ്ഥലസൗകര്യങ്ങൾ ആവശ്യമായുണ്ട്. ഒരു കുഞ്ഞുത്പാദന യൂണിറ്റ് സംരംഭത്തിൽ താഴെപ്പറയുന്ന മത്സ്യങ്ങളെ ഉപയോഗിക്കാവുന്നതാണ്.

  • സിക്ലിഡുകൾ/ടെട്രാകൾ (ഏയ്ഞ്ചൽ, ഓസ്കാർ, വിഡോ ടെട്രാ, നിയോൺ ട്രെടാ)
  • പ്രസവിക്കുന്ന ഇനങ്ങൾ (ഗപ്പി, മോളി, സ്വേഡ് ടെയിൽ)
  • സിപ്രിനിഡുകളും ഗൗരാമികളും (ഗോൾഡ് ഫിഷ്, കോയികാർപ്പ്, വിവിധതരം ഗൗരാമികൾ)

കുഞ്ഞുത്പാദന യൂണിറ്റ്

രണ്ടു സെന്റ് ഭൂമിയെങ്കിലും ഉപയോഗപ്പെടുത്താനാവുന്നവർക്ക് സിക്ലിഡുകളുടെയോ ട്രെടാകളുടെയോ പ്രജനനം നടത്താവുന്നതാണ്. ടാങ്കുകൾ വയ്ക്കാനുള്ള സൗകര്യം, ജലം ലഭ്യമാക്കൽ, അദ്ധ്വാനം എന്നിവയ്ക്കു വേണ്ടി വരുന്ന ചെലവുകൾ കണക്കാക്കിയിട്ടില്ല.

കുഞ്ഞു വളർത്തൽ യൂണിറ്റ്

10 മുതൽ 25 സെന്റ് വരെ സ്വന്തമായുള്ളവർക്ക് ചെയ്യാവുന്നത്. കുളങ്ങൾ സ്വന്തമായി ഉണ്ടാകുന്നതാണ് അഭികാമ്യം. കുളങ്ങളിലെ വളർച്ചാനിരക്ക് ഉയർന്നതായിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍

  • സിൽപോളിൻ ഷിറ്റിട്ട് കുളങ്ങൾ (8 X 2 X 2) 700 രൂപ നിരക്കിൽ 10എണ്ണം – 700 രൂപ
  • മത്സ്യങ്ങളെ വാങ്ങാൻ - 5000 രൂപ
  • തീറ്റ, വളം മുതലായവ – 3000 രൂപ
  • കുളമൊരുക്കൽ - 2000 രൂപ
  • മറ്റു ചെലവുകൾ - 1000 രൂപ
  • ആകെ ചെലവുകൾ - 18000 രൂപ
  • ആകെ ഉത്പാദിപ്പിക്കാവുന്ന മത്സ്യങ്ങൾ (വിവിധയിനങ്ങൾ) – 50000 എണ്ണം
  • ഏകദേശ വരുമാനം (പ്രതിവർഷം) – 50000 രൂപ

അലങ്കാരമത്സ്യക്കൃഷി രംഗത്ത് പ്രവർത്തിക്കുന്ന പ്രധാന സർക്കാർ സ്ഥാപനങ്ങൾ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റി, ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ, കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫിർമ, കാവിൽ തുടങ്ങിയ ഏജൻസികൾ, കേരള മത്സ്യസമുദ്ര സർവ്വകലാശാല.

കുഞ്ഞുത്പാദന യൂണിറ്റിനു വേണ്ട സൗകര്യങ്ങള്‍

  • ഗ്ലാസ്‌ ടാങ്കുകള്‍ (1.5x1.5x1 അടി) 12 എണ്ണം, 600 രൂപ നിരക്കില്‍ - 7200 രൂപ
  • ലൈവ് ഫീഡ് ടാങ്കുകള്‍ (50 ലിറ്റര്‍ ബക്കറ്റുകള്‍) 3 എണ്ണം – 1000 രൂപ
  • തീറ്റയും വളങ്ങളും – 500 രൂപ
  • പൊരുന്ന മത്സ്യങ്ങള്‍ (എയ്ഞ്ചല്‍ 12 ജോഡി) – 2000 രൂപ
  • ലാര്‍വ വളര്‍ത്തല്‍ ടാങ്കുകള്‍ ( കിണര്‍ റിംഗ് 5 എണ്ണം) – 5000 രൂപ
  • എയര്‍ പമ്പുകള്‍ 15 എണ്ണം – 1500 രൂപ
  • അനുബന്ധ ഉപകരണങ്ങള്‍ (എയര്‍ട്യൂബ്, കണക്ടറുകള്‍ മുതലായവ) – 1000 രൂപ
  • മറ്റ് ചെലവുകള്‍ - 300 രൂപ

വരുമാനം

പ്രജനനത്തിനായി വളര്‍ത്തുന്ന 12 ഇണകളില്‍ സജീവമായവ 6 മുതല്‍ 8 വരെ എന്ന് കണക്കാക്കിയാല്‍

ഉത്പാദനം മാസത്തില്‍ : 200 കുഞ്ഞുങ്ങള്‍

ശരാശരി കുഞ്ഞുത്പാദനം (വര്‍ഷത്തില്‍) : 10,000 എണ്ണം

കുഞ്ഞോന്നിന് രണ്ടു രൂപ പ്രകാരം : 20,000 രൂപ

ആവര്‍ത്തന ചെലവുകള്‍ വര്‍ഷത്തില്‍ (ഏകദേശം) : 3,000 രൂപ

പ്രസവിക്കുന്ന ഇനങ്ങള്‍

ഗപ്പി, മോളി, സ്വോട് ടെയ്ല്‍ തുടങ്ങിയവയുടെ കുഞ്ഞുത്പാദനത്തിന് ഗുണഭോക്താക്കള്‍ക്ക് 3 മുതല്‍ 5 സെന്റ്‌ ഭൂമി ഉണ്ടായിരിക്കുന്നതാണ് ഉത്തമം.

6x6x1.5 അടി വലിപ്പത്തില്‍ സില്‍പോളിന്‍ ഷീറ്റ് വിരിച്ച കുഴികള്‍ 10 എണ്ണം

7,000 രൂപ

ഗ്ലാസ്‌ ടാങ്കുകള്‍ 1.5x1.5x1 അടി വലിപ്പത്തിലുള്ള 5 എണ്ണം 600 രൂപ നിരക്കില്‍

3,000 രൂപ

ചെടികള്‍

300 രൂപ

തീറ്റ, വളം എന്നിവ

2,000 രൂപ

പൊരുന്ന സസ്യങ്ങള്‍ (വിവിധ ഇനങ്ങള്‍)

1,000 രൂപ

എയര്‍ പമ്പുകള്‍ 5 എണ്ണം (100 രൂപ നിരക്കില്‍)

500 രൂപ

മറ്റ് ചെലവുകള്‍

1,200 രൂപ

ആകെ

15,000 രൂപ

(വേണ്ട പൊരുന്ന മത്സ്യങ്ങള്‍ ആണും പെണ്ണുമായി)

ഗപ്പി 50 എണ്ണം, മോളി 50 എണ്ണം, സ്വോട് ടെയ്ല്‍ 50 എണ്ണം

(ചെയ്യേണ്ട കാര്യങ്ങള്‍: ഇനം തിരിച്ച് കുഴികളില്‍ നിക്ഷേപിക്കല്‍, തീറ്റി കൊടുക്കല്‍)

കുഞ്ഞുത്പാദനം മാസത്തില്‍ : 2000 എണ്ണം

പത്തുമാസത്തില്‍ ശരാശരി : 20,000 എണ്ണം

കുഞ്ഞോന്നിന് 70 പൈസ നിരക്കില്‍ വരുമാനം : 14,000 രൂപ

കുഞ്ഞുത്പാദന യൂണിറ്റ് (സ്പ്രിനിടുകള്‍)

വേണ്ട സൌകര്യങ്ങള്‍

ഫൈബര്‍ ഗ്ലാസ് ടാങ്കുകള്‍ 4x2x1 അടി വലുപ്പമുള്ളവ 20,000 രൂപ നിരക്കില്‍ 2 എണ്ണം

40,000 രൂപ

ഗ്ലാസ് ടാങ്കുകള്‍ (3x1x1/2x1x1) 800 രൂപ നിരക്കില്‍ 10 എണ്ണം

8,000

എയര്‍ പമ്പുകള്‍ 100 രൂപ നിരക്കില്‍ 20 എണ്ണം

2,000 രൂപ

മത്സ്യങ്ങള്‍

3,000 രൂപ

തീറ്റി, വളം മുതലായവ

2,000 രൂപ

കുളമൊരുക്കലും മറ്റ് ചെലവുകളും

2,000 രൂപ

ആകെ

42,000 രൂപ

വേണ്ട ഇനങ്ങളും എണ്ണവും

ഗോള്‍ഡ്‌ ഫിഷ്‌ 100 എണ്ണം

കോയ്കാര്‍പ്പ് 10 എണ്ണം

ഉത്പാദിപ്പിക്കാവുന്ന ഗോള്‍ഡ്‌ ഫിഷ്‌ കുഞ്ഞുങ്ങള്‍ (വര്‍ഷത്തില്‍) 6000

2 രൂപ നിരക്കില്‍ വരുമാനം 12,000 രൂപ

ഉത്പാദിപ്പിക്കാവുന്ന കോയ്കാര്‍പ്പ് കുഞ്ഞുങ്ങള്‍ 20,000 എണ്ണം

ഒരു രൂപ നിരക്കില്‍ 20,000 രൂപ

ഡോ.കെ ദിനേശ്

അസോസിയേറ്റ് പ്രഫസർ & ഹെഡ്,

ഫിഷറീസ് സ്റ്റേഷൻ, കേരള മത്സ്യസമുദ്രപഠന

സർവ്വകലാശാല, പുതുവൈപ്പ്

ഫോൺ: 9446032977

കടപ്പാട്: കര്‍ഷകമിത്രം

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate