Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വേരുപിടിക്കുന്ന സൂപ്പര്‍ വിളകള്‍

ക്വിനോവയും ചീവയും

വേരുപിടിക്കുന്ന സൂപ്പര്‍വിളകള്‍

ഈയടുത്തകാലത്തായി നമ്മുടെ രാജ്യത്ത് സൂപ്പർ ഫുഡ്സ് (Super Foods) ആയി ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന രണ്ടു ചെറുധാന്യങ്ങളാണ് ക്വിനോവയും ചീയയും. ഇന്ന് ലോകം മൊത്തം ക്വിനോവ എന്ന സൂപ്പർ ധാന്യത്തിന്റെ പുറകെ ആണ്. നിരോക്സികാരികൾ, അമിനോ ആസിഡുകൾ, ഭക്ഷ്യനാര്, ലവണങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ ഏറെ സമ്പുഷ്ടമായ ക്വിനോവ, ഹൃദയത്തിന്റെ പ്രശ്നങ്ങൾക്കും പൊണ്ണത്തടിക്കും കാൻസറിനും മാത്രമല്ല പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾക്കും ഉത്തമ ആഹാര-ഔഷധമത്രേ. ഗോതമ്പിലും മറ്റും കാണുന്ന ഗ്ലൂട്ടൻ ഘടകം ക്വിനോവയിൽ ഇല്ല എന്നതാണ് ഇതിന്റെ എടുത്തു പറയേണ്ട മറ്റൊരു ഗുണം. മിക്ക രാജ്യങ്ങളിലും ഇപ്പോൾ അലർജി ഒഴിവാക്കാനായി ഗ്ലൂട്ടൻ ഇല്ലാത്ത ഭക്ഷ്യധാന്യങ്ങൾക്കാണ് പ്രിയം.

ചീരയുടെ ഗണത്തിൽ വരുന്ന ക്വിനോവ (Chenopodium quinoa) തെക്കെ അമേരിക്കയിലെയും ആമസോൺ തടങ്ങളിലെയും ആദിവാസി ജനത ആയിരക്കണക്കിന് വർഷങ്ങളായി ആഹരിച്ചു വന്നിരുന്നുവെങ്കിലും ലോകശ്രദ്ധ ആകർഷിക്കുന്നതും അന്താരാഷ്ട സൂപ്പർമാർക്കറ്റുകളിൽ സ്ഥാനംപിടിക്കുന്നതും അടുത്ത കാലത്തായാണ്. തന്മൂലം ക്വിനോവയുടെ വിലയിൽ 200 ശതമാനത്തോളം വർദ്ധനവാണുണ്ടായത്. 2012 ൽ 345 ലക്ഷം ഡോളർ ആയിരുന്ന ക്വിനോവയുടെ കയറ്റുമതി മൂല്യം എങ്കിൽ 2017 ൽ അത് 124 ലക്ഷം

ഡോളർ ആയി ഉയർന്നു എന്നതും ആഗോളാടിസ്ഥാനത്തിൽ ഈ സൂപ്പർഫുഡിനുള്ള അംഗീകാരത്തിന്റെ തെളിവാണ്. 2013 ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ "അന്താരാഷ്ട്ര ക്വിനോവ വർഷമായി ആചരിക്കാനുള്ള മുഖ്യ കാരണം തന്നെ, ആഗോള തലത്തിൽ ഈ വിളക്ക് കൈവന്നിരിക്കുന്ന സ്വീകാര്യതയും പ്രാധാന്യവുമാണ്.

ക്വിനോവയുടെ ജന്മദേശം ബോളീവിയ, പെറു തുടങ്ങിയ രാജ്യങ്ങിലെ ആൻഡിൻ പീഠഭൂമിയാണ്. ഇപ്പോൾ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രെലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ വിള വൻതോതിൽ കൃഷിചെയ്യുന്നു. വളരെ അടുത്ത കാലത്തായി ഇന്ത്യയിൽ രാജസ്ഥാൻ, കർണ്ണാടക, ആന്ധ്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളിലും ക്വിനോവ കൃഷിക്ക് തുടക്കമിട്ടിരിക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹോർട്ടികൾച്ചർ വിഭാഗം ക്വിനോവയുടെ കൃഷി വികസനത്തിനായി പെറുവുമായി ഒരു ഉടമ്പടി എത്തിച്ചേർന്നിട്ടുമുണ്ട്. കേരളത്തിൽ അട്ടപ്പാടി പോലുള്ള സ്ഥലങ്ങളിലേക്ക് ക്വിനോവ യോജിച്ച വിളയായിരിക്കും.

1-1.5 മീറ്റർ ഉയരത്തിൽ വളരുന്ന ക്വിനോവ, വ്യത്യസ്തമാർന്ന മണ്ണിലും, കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റുന്നതും കടുംകൃഷിക്ക് അനുയോജ്യവുമായ വിളയാണ്. പക്ഷെ, നല്ല നീർവാർച്ചയും, മണൽ കലർന്ന പശിമരാശി മണ്ണുമാണ് ഏറ്റവും നല്ലത്. വരൾച്ചയെ ചെറുക്കാൻ കഴിവുള്ള ക്വിനോവ സമുദ്രനിരപ്പിൽ നിന്നും 4000 മീറ്റർ വരെ ഉയരത്തിൽ കൃഷി ചെയ്യാം. സമ്മിശ്ര വള പ്രയോഗമാണ് മെച്ചം.

വിത്ത് വിതച്ചും, തെകൾ പറിച്ചു നട്ടും ക്വിനോവ കൃഷിചെയ്യാം. ഒരു ഹെക്ടറിന് 15-20 കിലോഗ്രാം വിത്താണ് വേണ്ടത്. മെയ് മാസത്തോടെ കൃഷിയിറക്കി, 3-4 മാസം കഴിയുമ്പോൾ വിളവെടുക്കാം. ചുവടെ മുറിച്ചെടുത്ത്, 35-40 ദിവസം കൃഷിയിടത്തിൽതന്നെ നിരത്തിയിട്ട് ഉണക്കിയ ശേഷം തറയിലടിച്ചോ, കമ്പുകൊണ്ട് തല്ലിയോ ധാന്യമണികൾ വേർതിരിച്ചെടുക്കുന്നു. ശരാശരി വിളവ് 500-1500 കിലോഗ്രാം/ഹെക്ടർ. നമ്മുടെ രാജ്യത്തേക്ക് യോജിച്ച ഉത്പ്പാദന മികവും, ഗുണമേന്മയുള്ള ഇനങ്ങൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഇപ്പോൾ സജീവമാണ്. അടുത്ത കാലത്തായി മുംബൈ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലെ സ്റ്റാർ ഹോട്ടലുകളിൽ ക്വിനോവ ചപ്പാത്തിയും കോൺഫ്ളക്സിനു സമാനമായ ക്വിനോവ പ്രാതൽ വിഭവങ്ങളും മെനുവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

കർഷകരുടെ അനുഭവത്തിൽ നിന്ന്, ക്വിനോവ കിലോഗ്രാമിന് 100 രൂപ വരെ വില ലഭിക്കും. 2017 ലെ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട സൂപ്പർ മാർക്കറ്റുകളിൽ ക്വിനോവയുടെ വില കിലോയ്ക്ക് 2 അമേരിക്കൻ ഡോളറോളമാണ്. ക്വിനോവ പോലെ പ്രചുരപ്രചാരം നേടി വരുന്ന മറ്റൊരു സൂപ്പർഫുഡ് ആണ് ചിയ എന്ന കശകശ. ശാസ്ത്രീയമായി Salvia hispanica. പുതിനയുടെയും തുളസിയുടെയും ഗണത്തിൽ വരുന്ന ചിയയുടെ ജന്മദേശം മെക്സിക്കോ ആണ്. മെക്സിക്കോയിലെ പരമ്പരാഗത വിളയായ ചില സസ്യജന്യ ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഏറ്റവും നല്ല സ്രോതസ്സ് എന്ന നിലയിൽ ആണ് ലോകശ്രദ്ധ നേടിയിരിക്കുന്നത്. ഇതിനുപരി മാംസ്യം, നാരുകൾ തുടങ്ങിയ ഘടകങ്ങളാലും സമ്പുഷ്ടമാണ് ചിയ.

ചിയ കൃഷി ഇന്ത്യയിൽ ഒരുപക്ഷെ ആദ്യമായി തുടങ്ങിയത് കർണ്ണാടകത്തിലാകാം. കർണ്ണാടക സംസ്ഥാനത്തു എച്ച് ഡി കോട്ട, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ചിയയുടെ കൃഷി കൂടുതൽ ഉള്ളത്. ജലസേചനത്തോടെ, തൈകൾ പറിച്ചു നട്ടുള്ള കൃഷി രീതിയാണ് അധികവും. കൂവരക്, പുകയില തുടങ്ങിയ പരമ്പരാഗത വിളകളെ ഉപേക്ഷിച്ചാണ് കർഷകർ ചിയ ഏറ്റെടുത്തിരിക്കുന്നത്. "ഹസ്വകാല വിളയായി ചില കൂവരകിനേക്കാൾ ഇരട്ടി ലാഭം കിട്ടുന്ന വിളയാണ്, കാര്യമായ രോഗ-കീട ശല്യവുമില്ല' മൈസൂരുവിനടുത്തു ബിദരഹള്ളിയിൽ കഴിഞ്ഞ രണ്ടു വർഷമായി ചിയ കൃഷി ചെയ്യുന്ന ശിവപ്പ പറയുന്നു. എച്ച്ഡി കോട്ടയ്ക്കടുത്തു ഒരു ഏക്കറിൽ ചിയ കൃഷി ചെയ്യുന്ന മാടപ്പയ്ക്ക് ക്വിന്റലിന് 18000-20000 രൂപ വില വാഗ്ദാനം ഉണ്ട്.

ഒരേക്കറിൽ നിന്നും കൂവരക് 8-10 ക്വിന്റൽ വിളവ് ലഭിക്കുമ്പോൾ, ചിയ 3-5 ക്വിന്റലാണ് ഉത്പാദനം. പക്ഷെ, വിലയുടെ കാര്യത്തിൽ നല്ല അന്തരമാണുള്ളത്. കൂവരകിന് ക്വിന്റലിന് 2500 രൂപയാണങ്കിൽ, ചിയയ്ക്ക് 22500 രൂപ ലഭിക്കുന്നുണ്ട്. നല്ല ആദായം, കുറഞ്ഞ മൂപ്പ്, കീട-രോഗങ്ങളുടെ അഭാവം താരതമ്യെന കുറഞ്ഞ കൃഷിച്ചിലവ് എന്നതൊക്കെയാണ് കർഷകരെ ചിയ കൃഷിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. ഇതിനുപരി മൈസുരു ആസ്ഥാനമായുള്ള 'റായ്ട്ടാ മിത്ര ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷകരിൽ നിന്നും നേരിട്ട് ചിയ വാങ്ങിക്കുന്നത് കൊണ്ട് വിപണനത്തിനും പ്രശ്നമില്ല.

ക്വിനോവയും ചിയയും കൂടി ഇപ്പോൾ മൈസുരുവിലും സമീപപ്രദേശങ്ങളിലുമായി നൂറിൽ അധികം ഹെക്ടർ കൃഷിയുണ്ട്.

ഇന്ത്യയിൽ ഈ രണ്ടു വിളകളുടെയും കൃഷിയിലും സംസ്കരണത്തിലും ഉൽപ്പന്ന വൈവിധ്യകരണത്തിനും നേതൃത്വം നൽകുന്നത് മൈസൂര് ആസ്ഥാനമായുള്ള (CFTRI) ആണ്. വിത്തും സാങ്കേതിക വിദ്യയും കർഷകരിൽ എത്തിക്കുന്നതിന് പുറമെ ക്വിനോവ ചോക്ലേറ്റ്, ക്വിനോവ ലഡു, ബ്രഡ്, ഒമേഗ-3 ഫാറ്റി ആസിഡ് സമ്പുഷ്ട ചോക്കോബാർ, ചിയ അവൽ തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ ഭക്ഷ്യഉൽപ്പന്നങ്ങൾ ഈ വിളകളെ അടിസ്ഥാനപ്പെടുത്തി CFTRI ൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോംകോ ലിമിറ്റഡ് കമ്പനിയാണ് ഈ ഉൽപന്നങ്ങളുടെ മാർക്കറ്റിങ് ഏറ്റെടുത്തിട്ടുള്ളത്. ഇതിനുപരിയായി ക്വിനോവ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽപ്പെടുത്താനുള്ള ശ്രമവും CFTRIയുടെ നേതൃത്വത്തിൽ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.

കടപ്പാട്: കേരളകര്‍ഷകന്‍

3.08333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top