അന്താരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബർ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്ത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജ്ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച് 31ലെ നമ്പർ - 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു. കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടർന്ന് , 1997 മുതൽ 2006 വരെ, ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിച്ചു. 2015 ആകുമ്പോഴേക്കും ലോകത്തിലെ കഠിന ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുവാൻ 2000ത്തിലെ സഹസ്രാബ്ദ ഉച്ചകോടിയിലെ ആദ്യത്തെ ലക്ഷ്യമായി തീരുമാനമെടുത്തിട്ടുണ്ട്. ലോകത്തെ ദരിദ്രരില്‍ 33 ശതമാനവും ഇന്ത്യയിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ദാരിദ്ര്യം തുടച്ചു നീക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള ലോകരാജ്യം ചൈനയാണ്. ലോകത്താകെ 120 കോടി ജനങ്ങള്‍ അതീവ ദരിദ്രാവസ്ഥയില്‍ കഴിയുന്നതായാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ ദാരിദ്ര്യ നിരക്ക് മുന്ന് പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ നേര്‍പകുതിയായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ലോകവ്യാപകമായി കണക്കെടുക്കുമ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ശതമാനത്തില്‍ വര്‍ധനവുണ്ടാവുകയായിരുന്നു. 1981ല്‍ ചൈനയിലെ ദാരിദ്ര്യം 84 ശതമാനമായിരുന്നത് 2010 ആയപ്പോള്‍ 12 ശതമാനമായി കുറഞ്ഞു. അതേസമയം സര്‍ക്കാര്‍ കണക്കുകളില്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുവന്നത് ദാരിദ്ര്യരേഖയ്ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയത് മൂലമാണെന്ന് വിമര്‍ശനമുണ്ട്. 1981ല്‍ 4.29 കോടി ദരിദ്രരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് 2010 ആയപ്പോഴേക്കും നാല് കോടിയായി കുറഞ്ഞെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്. ഇതേ കാലയളവില്‍ ജനസംഖ്യയുടെ അറുപത് ശതമാനമായിരുന്ന ദരിദ്രര്‍ 33 ശതമാനമായി കുറഞ്ഞു. 1981ലെ ആഗോള കണക്കുകള്‍ പ്രകാരം 21 ശതമാനം ദരിദ്രരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ആഗോളതലത്തിലുള്ള കണക്കുകള്‍ പ്രകാരം ദരിദ്രരുടെ ശതമാനത്തില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ലോകജനസംഖ്യയില്‍ 59 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ദാരിദ്രം കുറയ്ക്കുന്നതിന് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ലോകബാങ്ക് സഹായം 12 ബില്യണില്‍ നിന്നും 20 ബില്യണാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ, രാജസ്ഥാന്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. സംസ്ഥാന പദ്ധതികള്‍ക്കുള്ള വിഹിതമായാണ് സഹായത്തിന്റെ 60 ശതമാനവും ചെലവാക്കുക. ദാരിദ്ര്യരേഖ സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാങ്കല്‍പ്പിക രേഖയാണ് ദാരിദ്ര്യ രേഖ. ഈ സാങ്കല്‍പ്പിക വരുമാന പരിധിക്കു താഴെ സമ്പാദിക്കുന്ന കുടുംബങ്ങള്‍ ദരിദ്രര്‍ ആകുന്നു. വിവിധ രാജ്യങ്ങളില്‍ അതതു സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ വച്ച് വ്യത്യസ്തമായ രീതിയില്‍ ആണ് ഈ പരിധി നിര്‍ണയിക്കുന്നത്.ആസൂത്രണ ബോര്‍ഡ് ആണ് ഇന്ത്യയില്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നതും നിര്‍ണയം നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും.ദേശീയ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് ഒരു കുടുംബത്തിന്റെ ചിലവുകളുടെ കണക്കുകളെ കുറിച്ചു നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ അണ് ദാരിദ്ര്യം അളക്കുന്നത്. ഒരു പ്രത്യേക പരിധിയില്‍ താഴെ ചിലവുകള്‍ നടത്തുന്ന കുടുംബങ്ങളെയാണ് ദാരിദ്യ രേഖയ്ക്ക് താഴെ ഉള്‍പ്പെടുത്തുന്നത്. ദാരിദ്യരേഖയുടെ മാനദണ്ഡങ്ങള്‍ 1979ല്‍, ഒരു പ്രത്യേക ദൗത്യ സംഘം നിര്‍ണയിച്ച ചില മാനദണ്ഡങ്ങള്‍ വച്ചാണ് ആദ്യകാലങ്ങളില്‍ ഈ പരിധി നിര്‍ണയങ്ങള്‍ നടത്തിയിരുന്നത്. ഗ്രാമങ്ങളില്‍ 2,400 കലോറിയുള്ള ഭക്ഷണം വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള ആളുകള്‍ ദാരിദ്യ രേഖക്ക് മുകളിലായിരിക്കും എന്നതായിരുന്നു കണക്ക്. നഗരങ്ങളില്‍ ഈ പരിധിയാകട്ടെ 2,100 കലോറി എന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു. 2011 ല്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി ഓരോ മാസവും ഒരു പൗരനും ആഹാരം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, യാത്ര എന്നിവയ്ക്കായി ചിലവാക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്യ രേഖ നിര്‍ണയിക്കണം എന്ന് നിര്‍ദേശിച്ചു. ഈ അടിസ്ഥാനത്തില്‍ ഗ്രാമത്തില്‍ ഒരു ദിവസം 27.2 രൂപ മാത്രം ചിലവാക്കുന്നവരും നഗരത്തില്‍ ദിവസം 33.3 രൂപ മാത്രം ചിലവാക്കുന്നവരും ദാരിദ്യ രേഖക്ക് താഴെയാണ്. അഞ്ചുപേര്‍ അടങ്ങുന്ന ഒരു കുടുംബത്തില്‍ മാസം ചെലവ് 4,080 രൂപയില്‍ കുറവാണെങ്കില്‍ അവര്‍ ദാരിദ്യ രേഖക്ക് താഴെയാണ്. നഗരത്തില്‍ ഇത് 5,000 രൂപയാണ്. 2011-12ല്‍ 363 മില്യണ്‍ ആളുകള്‍ അതായത് 1.2 ബില്ല്യണ്‍ ഇന്ത്യക്കാരില്‍ 29.5 ശതമാനം ആളുകള്‍ ദാരിദ്യ രേഖക്ക് കീഴില്‍ ആണ്. അതേപോലെ ഈ കമിറ്റിയുടെ നിര്‍ദേശ പ്രകാരം ഗ്രാമങ്ങളില്‍ ദിവസം 32 രൂപകൊണ്ട് ജീവിക്കുന്നവരും നഗരത്തില്‍ 47 രൂപ കൊണ്ട് ജീവിക്കുന്നവരും ദരിദ്രര്‍ ആണെന്നാണ് കണക്ക്. ഒരു രാജ്യത്തിലെ ദാരിദ്ര്യം അല്ലെങ്കില്‍ ദരിദ്രര്‍ എത്രയുണ്ട് എന്ന് കണക്കെടുക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ആളുകളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്യരേഖ പരിധി നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. ഈ പരിധിയില്‍ താഴെ സമ്പാദിക്കുന്ന കുടുംബങ്ങള്‍ ദരിദ്രര്‍ ആണെന്ന് കണക്കാക്കുന്നു. വിവിധ രാജ്യങ്ങളില്‍ അതതു സാമൂഹിക സാമ്പത്തിക ആവിശ്യങ്ങള്ക്കനുസരിച്ചു വ്യത്യസ്തമായ രീതിയില്‍ ആണ് ഈ പരിധി നിര്‍ണയിക്കുന്നത്. യൂറോപ്പില്‍ രാജ്യത്തിന് മൊത്തത്തില്‍ ലഭിക്കുന്ന ദേശീയ ശരാശരി വരുമാനത്തിന്റെയും നികുതി ശതമാനത്തിന്റെയും കണക്കെടുപ്പിലൂടെ നിശ്ചയിക്കുന്ന ഒരു കണക്കുണ്ട്. ഇതിനെ മീഡിയന് നെറ്റ് ഡിസ്പോസിബിള്‍ ഇന്‍കം എന്ന് പറയുന്നു. ഇതിന്റെ 60 ശതമാനത്തില്‍ താഴെ മൊത്ത വരുമാനം ഉള്ള കുടുംബങ്ങള്‍ ആണ് ദരിദ്രര്‍ എന്ന് പറയപ്പെടുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് തന്നെ ആണ് രീതി. അതായത് യു കെയിലെ ഒരു കുടുംബത്തിനു ആഴ്ചയില്‍ 250 പൗണ്ട് അഥവ 22500 രൂപ സമ്പാദിക്കാന്‍ കഴിവില്ലെങ്കില്‍ അവര്‍ ദരിദ്രര്‍ എന്ന വിഭാഗത്തില്‍പ്പെടും എന്ന് സാരം. ഒരു രാജ്യത്തിന്റെ ദേശീയ ശരാശരിയുമായി ബന്ധപ്പെടുത്തി ദാരിദ്യരേഖ നിര്‍ണയിക്കുന്നതിലൂടെ ഒരു രാജ്യത്തു നിലനില്‍ക്കുന്ന അസമത്വത്തെക്കുറിച്ച് കൃത്യമായ അറിവും നമുക്ക് ലഭിക്കും. അതായത് പണക്കാരുടെ വരുമാനത്തില്‍ അല്ലെങ്കില്‍ ഉണ്ടാകുന്ന വര്‍ധനവുകള്‍ ഈ ദേശീയ ശരാശരിയെ ഉയര്‍ത്തി നിര്‍ത്തുകയും അതു മൂലം പാവപെട്ടവരുടെ വരുമാനം വര്‍ധിച്ചാലും അവര്‍ വീണ്ടും ദരിദ്രര്‍ എന്ന ഗണത്തില്‍ തന്നെ നിലകൊള്ളുന്നു. അമേരിക്കയില്‍ ഒരു കുടുംബം ആഹാരത്തിനായി ചിലവഴിക്കുന്ന തുകയെ മൂന്നിരട്ടിയാക്കി കണക്കാക്കിയാണ് അമേരിക്കയില്‍ ദാരിദ്യ രേഖാ കണക്കാക്കുന്നത്. ഓരോ വര്‍ഷവും ഉണ്ടാകുന്ന വിലക്കയറ്റത്തിന് ആനുപാതികമായി ഇത് ഓരോ തവണയും വ്യത്യാസപ്പെടുത്തുന്നു. ഈ പരിധിയിലും താഴെ വരുമാനം(നികുതി കണക്കാക്കാതെ) ഉള്ള കുടുംബങ്ങള്‍ ദരിദ്രര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നു. 2011 വരെയുള്ള കണക്കുകള്‍ ആണ് ഇത് സംബന്ധിച്ച് നമുക്ക് ലഭ്യമായിട്ടുള്ളത്. ഇത് പ്രകാരം നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ സാമ്പത്തിക പരിധി 22,811 ഡോളര്‍ അതായത് ഏകദേശം 11 ലക്ഷം രൂപയോളം ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇത് പ്രകാരം അമേരിക്കയില്‍ ആകെ 46 മില്യണ്‍ ദരിദ്ര്യ കുടുംബങ്ങള്‍ ആണ് ഉള്ളത്. അമേരിക്കന്‍ ജനസംഖ്യയുടെ 15 ശതമാനമാണിത്. എന്നാല്‍ അമേരിക്കയില്‍ ഈ കണക്കെടുപ്പ് വികസ്വര രാജ്യങ്ങള്‍ ആയ ഇന്ത്യയിലെ പോലെ അത്ര കൃത്യതയോടെ ആസൂത്രണം ചെയ്തല്ല നടപ്പിലാക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധരും, നയതന്ത്രജ്ഞരും അടിസ്ഥാന സൗകര്യങ്ങളായ ആഹാരം, ആരോഗ്യം, വൈദ്യുതി എന്നിവയ്ക്കുവേണ്ടി നടത്തുന്ന ചിലവുകളെയാണ് ദാരിദ്യരേഖ നിര്‍ണയത്തിനായി ആശ്രയിക്കുന്നത്. ഏഷ്യയെയും ആഫ്രിക്കയെയും പോലുള്ള സാമ്പത്തിക ശേഷി കുറഞ്ഞ പ്രദേശങ്ങളില്‍ ആളുകളുടെ വാങ്ങല്‍ ശേഷി അല്ലെങ്കില്‍ ചിലവുകളെ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന മൂല്യങ്ങള്‍ വരുമാനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നായിരിക്കും. കാരണം പരമ ദരിദ്രര്‍ അവരുടെ മുഴുവന്‍ വരുമാനവും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ചിലവഴിക്കും എന്നതാണ് നാം സാധാരണയായി കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ ദാരിദ്യ രേഖാ നിര്‍ണയത്തിന് ഇത് ഏറെ ആധാരികമായ കണക്കുകള്‍ ആയിരിക്കും എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഈ താരതമ്യം കൊണ്ട് തന്നെ ഇന്ത്യയുടെ ദാരിദ്യരേഖാ പരിധി ഏറെ താഴ്ന്ന ഒന്നാണെന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയില്‍ മൂന്ന് തരത്തിലുള്ള ദാരിദ്യ രേഖകള്‍ ഉണ്ട്. ആഹാരം, മധ്യവര്‍ഗം, ഉന്നതം ഇവയെല്ലാം തന്നെ ഇന്ത്യയെക്കാള്‍ ഉയര്‍ന്ന ദാരിദ്യ രേഖാ പരിധി ഉള്ളവയാണ്. 2010ല്‍ ഈ ആഹാര ദാരിദ്യരേഖാ പരിധി 1,841 ഇന്ത്യന്‍ രൂപയും മധ്യ ദാരിദ്യരേഖ പരിധി 2,445 രൂപയും, ഉന്നത ദാരിദ്യരേഖാ പരിധി 3,484 രൂപയും ആയി നിശ്ചയിച്ചിരിക്കുന്നു. ഒരു റ്വാണ്ട (ആഫ്രിക്കന്‍ ഗ്രാമം) ഗ്രാമീണന്റെ പ്രതിശീര്‍ഷ വരുമാന ദാരിദ്ര്യ രേഖാ പരിധി ഒരു മാസം 892 ആയി തിട്ടപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പരിധിയായ 816 രൂപയുമായി നേരിയ വ്യത്യാസം മാത്രമേ ഇതിനുള്ളൂ. പക്ഷെ റ്വാണ്ട ഗ്രാമങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കും എന്ന വസ്തുത നാം മറന്നു പോകരുത്.