കുഞ്ഞുങ്ങളുടെ വീഴ്ച കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഗൗരവമായി തന്നെ കണക്കാക്കണം. കുഞ്ഞുങ്ങള്‍ മുട്ടിലിഴഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ അമ്മമാരുടെ ആധി കൂടും. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആരംഭിക്കുന്നത് ഈ പ്രായത്തിലാണ്. വളര്‍ച്ചയ്ക്കൊപ്പം അപകടങ്ങളും വിളിച്ചു വരുത്തുന്ന പ്രായം കൂടിയാണിത്. മാതാപിതാക്കളുടെ കണ്ണൊന്നു തെറ്റിയാല്‍ കുസൃതികള്‍ ഒപ്പിക്കുന്ന പ്രായം. കുരുന്നുകളുടെ കൗതുകങ്ങള്‍ നിറഞ്ഞ വികൃതികള്‍ ആസ്വദിക്കുന്നതിനൊപ്പം അതിനു പിന്നിലെ അപകടങ്ങള്‍ കൂടി തിരിച്ചറിയണം. കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഗൗരവമായി തന്നെ കണക്കാക്കണം. പ്രത്യക്ഷത്തില്‍ ആഴത്തിലുള്ള മുറിവുകളല്ലെന്നു തോന്നാമെങ്കിലും ആന്തരിക ക്ഷതങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാനാകില്ല. അതുകൊണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും അപകടങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും ഏറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീഴ്ചയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറിയ കുട്ടികള്‍ വീഴുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനം വീഴ്ചയിലുണ്ടാകുന്ന ആഘാതങ്ങള്‍ തന്നെയാണ്. കൊച്ച് കുട്ടികളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ശരീരത്തില്‍ ഏല്ക്കുന്ന ചെറിയ മുറിവുകള്‍ പോലും അവരുടെ ചര്‍മ്മത്തില്‍ പോറലേല്പ്പിക്കാം. വളരെ ആഘാതമുള്ള വീഴ്ചയാണെങ്കില്‍ അത് ബാധിക്കുന്നത് എല്ലുകളെയും മസ്തിഷ്കത്തെയുമാണ്. മുട്ടില്‍ ഇഴഞ്ഞുനടക്കുന്ന പ്രായം മുതല്‍ കുഞ്ഞുങ്ങള്‍ വീഴാന്‍ സാധ്യത കൂടുതലുള്ള സമയമാണ്. പിന്നീടുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വയം എഴുന്നേല്‍ക്കാനും പിടിച്ച് നടക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ വീഴ്ചകള്‍ സ്വാഭാവികമാണ്. എന്നാല്‍ വീഴ്ചയുടെ ആഘാതങ്ങള്‍ വലുതാണെങ്കില്‍ ഗൗരവപൂര്‍വ്വം കാണേണ്ടതാണ്. വീഴ്ചയില്‍ ശരീരത്തിലെ എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകള്‍, ഒടിവുകള്‍, തലയോട്ടിക്കും മസ്തിഷ്കത്തിനുമുണ്ടാകുന്ന ക്ഷതങ്ങള്‍, ചര്‍മ്മത്തിലുണ്ടാകുന്ന പോറലുകള്‍, ആഴത്തിലുള്ള മുറിവുകള്‍ തുടങ്ങിയവയൊക്കെ വീഴ്്ചയില്‍ സംഭവിക്കാം. കട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ് ഉറക്കത്തിലോ അല്ലെങ്കില്‍ തനിയെ എഴുന്നേല്ക്കാന് ശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന വീഴ്ചകള്‍ മുറിവുകളുടെ ആഴം കൂട്ടാം. കുഞ്ഞുങ്ങളുടെ എല്ലുകള്‍ അധികം കട്ടിയുള്ളതല്ലാത്തതിനാല് ഒടിവുകളോ, പൊട്ടലുകളോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുന്ന വീഴ്ചകള്‍, കട്ടിലില്‍ നിന്നുള്ള വീഴ്ചകള്‍, ഉയര്‍ന്ന പടിക്കെട്ടുകളില്നിന്നുള്ള വീഴ്ചകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ലക്ഷണങ്ങള്‍ വീഴ്ചയിലൂടെ ഉണ്ടാകുന്ന മുറിവുകള്‍ പുറമെയുള്ളതാണെങ്കില് തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. ചര്‍മ്മത്തിലുണ്ടാകുന്ന പോറലുകളാണെങ്കില് വേഗത്തില്‍ തിരിച്ചറിയാം. മുറിവ് ആഴത്തിലുള്ളതാണെങ്കില്‍ അതില്‍ നിന്ന് രക്തസ്രാവമുണ്ടാകും. വീഴ്ചയിലൂടെ തലയിലോ മുഖത്തോ മുറിവുകളുണ്ടായാല്‍ രക്തസ്രാവം മിക്കവാറും കൂടുതലായിരിക്കും. ഈ ഭാഗങ്ങളില്‍ രക്തയോട്ടം കൂടുതലുള്ളതാണ് രക്തസ്രാവം കൂടുതലായി ഉണ്ടാകാന്‍ കാരണം. എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകളാണെങ്കില്‍ വേദന അനുഭവപ്പെടും. പൊട്ടലുണ്ടായ ഭാഗം പെട്ടെന്ന് നീരുവയ്്ക്കുവാനും, ആ ഭാഗം ചലിപ്പിക്കുവാനും പ്രയാസമുണ്ടാകുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞുങ്ങള്‍ കുറച്ചു സമയം കരയുന്നത് സ്വാഭാവികമാണ്. ഒരു പക്ഷേ വീഴ്ചയിലുണ്ടായ വേദനകൊണ്ട് കുറച്ചു സമയം കുഞ്ഞ് കരയും. പ്രിയപ്പെട്ടവര്‍ ആശ്വസിപ്പിക്കുമ്പോള്‍ കുഞ്ഞ് കരച്ചില് നിര്‍ത്തും. എന്നാല്‍ കാര്യമായ പരിക്കുകളാണെങ്കില്‍ അമ്മയോ മറ്റു ബന്ധുക്കളോ ആശ്വസിപ്പിച്ചിട്ടും കുഞ്ഞ് കരച്ചില് തുടര്‍ന്നേക്കാം. മുറിവോ ക്ഷതമോ ഗൗരവമുള്ളതാണെങ്കില്‍ നിര്‍ത്താതെയുള്ള കരച്ചില്, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലുണ്ടാകാം. ഇത്തരം അവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ ഒന്നോ രണ്ടോ തവണ ഛര്‍ദ്ദിച്ചാല്‍ അതൊരു അപകടസൂചനയായി കരുതേണ്ടതില്ല. എന്നാല്‍ തലയടിച്ചുള്ള വീഴ്ചകളില്‍ മസ്തിഷ്കത്തിനുണ്ടാകുന്ന ആഘാതങ്ങളാണെങ്കില്‍ പ്രത്യേകം ശ്രദ്ധനല്‍കേണ്ടതുണ്ട്. ഇത്തരം ആന്തരിക പരിക്കുകളാണെങ്കില്‍ കുഞ്ഞിന് തുടരെ തുടരെയുള്ള ഛര്‍ദ്ദില്‍, അമിതമായ ക്ഷീണം, മയക്കം എന്നിവ ലക്ഷണങ്ങളായി ഉണ്ടാകാം. കുഞ്ഞ് എപ്പോഴും ഉറങ്ങുന്ന അവസ്ഥയുണ്ടായാല്‍ ശ്രദ്ധിക്കണം. അതുപോലെ ചെവിയില്‍ നിന്നും മൂക്കില്‍നിന്നും വായില്‍നിന്നും ഉണ്ടാകുന്ന രക്തസ്രാവം, അപൂര്‍വ്വം ചില കുഞ്ഞുങ്ങളില്‍ അപസ്മാരം എന്നിവയും ഉണ്ടാകാം. മസ്തിഷ്കത്തിനുണ്ടാകുന്ന ഗുരുതരമായ പരിക്കുകളിലാണ് ഇത്തരത്തില്‍ അപസ്മാരത്തിനുള്ള സാധ്യത ഉണ്ടാകാറുള്ളത്. കുഞ്ഞുങ്ങള്‍ വീണാല്‍ കുട്ടികള്‍ വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവലാതി അമ്മമാര്‍ക്കായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ വീണാലുടന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും അമ്മമാര്‍ തന്നെയാണ്. കാര്യമായ പ്രശ്നങ്ങളില്ലാത്ത വീഴ്ചയാണെങ്കില്‍ പേടിക്കേണ്ടതില്ല. മസ്തിഷ്കത്തിനേല്ക്കുന്ന ക്ഷതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും വീഴുമ്പോഴുണ്ടാകുന്ന മുറിവുകള്‍ വലുതായിരിക്കും. എന്നാല്‍ ഇത്തരം അപകടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ. കുഞ്ഞുങ്ങള്‍ വീണതിനുശേഷം വേദന കാരണം കൂടുതല്‍ കരയുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. മുറിവുകള്‍ ആഴത്തിലുള്ളതാണോയെന്നു പരിശോധിക്കുക ചെറിയ മുറിവുകളാണെങ്കില്‍ കഴുകി വൃത്തിയാക്കി മരുന്നുകള്‍ വയ്ക്കുക. ക്ഷതമുണ്ടായ ഭാഗത്ത് നീര് വയ്ക്കുകയോ ചതവോ ഉണ്ടായാല്‍ നീര്‍വീക്കവും കുറയ്ക്കാന്‍ പ്രഥമശുശ്രൂഷ എന്ന രീതിയില്‍ ഐസ്പായ്ക്ക്് വയ്ക്കാവുന്നതാണ്. തലയ്ക്ക് ഏല്ക്കുന്ന ക്ഷതങ്ങള്‍കൊണ്ട് അപസ്മാരമോ ഛര്‍ദ്ദിലോ ഉണ്ടായാല്‍ കുഞ്ഞിനെ ഒരിക്കലും മലര്‍ത്തി കിടത്തരുത്. ചെരിച്ച് കിടത്തുക. ആന്തരിക ക്ഷതങ്ങളാണെങ്കില് വീണതിനുശേഷം കുറച്ചു സമയങ്ങള്‍ കഴിഞ്ഞായിരിക്കും വേദന അനുഭവപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും വേഗം ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് ഉചിതം. അമ്മമാര്‍ ശ്രദ്ധിക്കേണ്ടത് കുഞ്ഞുങ്ങളെ ഉയരത്തിലുള്ള തൊട്ടിലിലും കട്ടിലിലും കിടത്താതിരിക്കുക കളിപ്പാട്ടങ്ങള്‍ അലക്ഷ്യമായി നിലത്തിടുന്നത് ഒഴിവാക്കുക, കുഞ്ഞുങ്ങള്‍ ഇതില്‍ ചവിട്ടി വീഴാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന് ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ മാത്രം നല്‍കുക. വെള്ളം, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ നിലത്തു വീണു കിടപ്പുണ്ടോയെന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ ഉടന്‍ വൃത്തിയാക്കുക. കുഞ്ഞ് തെന്നി വീഴാനുള്ള സാധ്യത ഒഴിവാക്കാനാകും. കട്ടിലില്‍ ഉറക്കികിടത്തുമ്പോള് വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കുക. സ്റ്റെയര്‍കേസുകളില്‍ കുഞ്ഞുങ്ങള്‍ കയറുന്നത് തടയുക. ചെറിയ കുഞ്ഞുങ്ങളായതിനാല്‍ എപ്പോഴും അവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ഒരു വയസ് മുതല്‍ നാലു വയസ് വരെ കുഞ്ഞുങ്ങള്‍ വളരെ ആക്ടീവായിരിക്കും. അതുകൊണ്ട് ഈ പ്രായത്തില്‍ അവരിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വലിയ അപകടങ്ങള്‍ ഒഴിവാക്കും. ഡോ. സോനാ അഗസ്റ്റിന് പീഡിയാട്രീഷന്‍ മെരീറ്റസ് ഹെല്‍ത്ത് കെയര്‍, കിടങ്ങൂര്‍ കുട്ടികളിലെ അലസനേത്രം അലസനേത്രമുണ്ടാകുന്നത് കണ്ണില്‍നിന്നും തലച്ചോറിലേക്കുപോകുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് കുട്ടികളില്‍ അലസനേത്രത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു നേത്രരോഗ വിദഗ്ധന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തുക. കാഴ്ച മങ്ങല്‍, തലവേദന, കോങ്കണ്ണ് എന്നിവയാണ് അലസനേത്രത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാരണങ്ങള്‍ അലസനേത്രമുണ്ടാകുന്നത് കണ്ണില്‍നിന്നും തലച്ചോറിലേക്കുപോകുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ്. തലച്ചോറ് കാഴ്ചശക്തി കൂടുതലുള്ള നേത്രമാണ് അധിക സമയവും ഉപയോഗിക്കുന്നത്. അതുമൂലം കാഴ്ചശക്തി കുറവുള്ള കണ്ണ് അലസനേത്രമായി തീരുന്നു. 3 മുതല്‍ 5 വയസിനുള്ളില്‍ എല്ലാ കുട്ടികളെയും വിശദമായ നേത്രപരിശോധനയ്ക്കു വിധേയമാക്കുകയാണെങ്കില്‍ അലസനേത്രം കണ്ടുപിടിക്കാന്‍ സാധിക്കും. 5 വയസിനുള്ളില്‍ ചികിത്സ ലഭിക്കുകയാണെങ്കില്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുവാന്‍ കഴിയും. 10 വയസിനു ശേഷമാണ് അലസ നേത്രം കണ്ടെത്തുന്നതെങ്കില്‍ ചികിത്സ കൊണ്ട് ഫലം ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക ശ്രദ്ധയ്ക്ക് കുട്ടികള്‍ ജനിച്ച് (പ്രത്യേകിച്ച് പൂര്‍ണ വളര്‍ച്ച എത്താതെ ജനിച്ച കുട്ടികള്‍) 3 മുതല്‍ 5 വയസിനുള്ളില്‍ എല്ലാ കുട്ടികളെയും മാതാപിതാക്കള്‍ നിര്‍ബന്ധമായും കണ്ണാശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഈ സേവനം (പീഡിയാട്രിക് ഒഫ്താല്‍മോളജി) ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്ററില്‍ സാധ്യമാണ്. ഡോ. ദീപ്തി രവീന്ദ്രന് ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍ ഇന്റര്‍നാഷണല്‍ കോംപ്ലക്സ്, തിരുവല്ല രോഗങ്ങള്‍ക്കുവേണം പ്രതിരോധം കടുത്ത തണുപ്പും മലിനമായ അന്തരീക്ഷവും രോഗങ്ങളുടെ കടന്നുവരവിന് ആക്കം ആക്കം കൂട്ടുന്നു. മഞ്ഞപ്പിത്തം, ഛര്‍ദി, വറളിക്കം, പനി തുടങ്ങിയ രോഗങ്ങളാണ് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്. കുട്ടിക്കാലം രോഗങ്ങളുടേതുകൂടിയാണ്. പലവിധ രോഗങ്ങള്‍ കുട്ടികളെ വിടാതെ പിടികൂടാം. എങ്കിലും ശ്രദ്ധയോടുകൂടിയ ജീവിതം രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും. പ്രത്യേകിച്ച് മഴക്കാലത്താണ് കുട്ടികളില്‍ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. കടുത്ത തണുപ്പും മലിനമായ അന്തരീക്ഷവും രോഗങ്ങളുടെ കടന്നുവരവിന് ആക്കം ആക്കം കൂട്ടുന്നു. മഞ്ഞപ്പിത്തം, ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങളാണ് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ യഥാസമയത്തുള്ള പരിശോധനയും ചികിത്സയും വഴി രോഗങ്ങള്‍ തടയാനാവും. മഞ്ഞപ്പിത്തം. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന മഞ്ഞപിത്തത്തിന്റെ മുഖ്യകാരണം വൈറസ് രോഗാണു ബാധയാണ്. ഇവ കൂടുതലായും പകരുന്നത്ദുഷിച്ച ജലത്തിലൂടെയും ആഹാര പദാര്‍ഥങ്ങളിലൂടെയും തന്നെയാണ്. മിക്ക മഞ്ഞപ്പിത്ത രോഗങ്ങളിലും ലളിതമായ ഭക്ഷണക്രമവും, പരിപൂര്‍ണ വിശ്രമവും രോഗിയ്ക്ക് വേഗത്തില്‍ സുഖപ്രാപ്തിയെ ലഭിക്കുന്നതിന് സഹായകമാകുന്നു. മഞ്ഞപ്പിത്ത രോഗം ബാധിച്ചവര്‍ രോഗവിമുക്തിക്ക് ശേഷം കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും വിശ്രമം എടുക്കുന്നത് രോഗം മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം മാറുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായകമാണ്. രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് വിശ്രമത്തിന് നല്ല പങ്കു വഹിക്കാന്‍ സാധിക്കും. മഞ്ഞപ്പിത്തരോഗം ഉണ്ടായിരിക്കുമ്പോള്‍ കൊഴുപ്പ് അധികമായി അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. പ്രത്യേകിച്ചും മത്സ്യം, മാംത്സം, മുട്ട എന്നിവ. മഞ്ഞപ്പിത്തരോഗം കരളിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും എന്നതിനാല്‍, കൊഴുപ്പിന്റെ ദഹനത്തെയും ആഗിരണത്തെയും ഇത് ബാധിക്കും. അതുകൊണ്ട് തന്നെ ദഹനക്കുറവ്, മനം പിരട്ടല്‍, ഛര്‍ദ്ദി, വയറിന് കമ്പനം മുതലായ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ക്ഷീണം കുറയാനും രോഗിക്ക് എളുപ്പത്തില്‍ രോഗവിമുക്തി ഉണ്ടാകുവാനും സഹായകമാകും. കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന അന്നജം ഈ പ്രവര്‍ത്തനങ്ങളെ യെല്ലാം ത്വരിതപ്പെടുത്തുന്നവയാണ്. ഛര്‍ദ്ദി, വയറിളക്കം ഈ രണ്ട് രോഗങ്ങളും മലിനജലത്തില്‍ നിന്നും മലിനമായതും പഴകിയതുമായ ആഹാരസാധനങ്ങളില്‍ നിന്നും ഉണ്ടാകുന്നവയാണ്. ഇവയെ പ്രതിരോധിക്കുന്നതിനായി നല്ലതുപോലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനും ആഹാരം വൃത്തിയായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതിലും ശ്രദ്ധിക്കേണ്ടതാണ് . ആഹാരസാധനങ്ങളും വെള്ളവും വൃത്തിയായി അടച്ചു സൂക്ഷിക്കേണ്ടതാണ് . ആഹാര പദാര്‍ഥങ്ങളും കുടിക്കുന്നവെള്ളവും ചൂടോടുകൂടി തന്നെ കഴിവതും ഉപയോഗിക്കണം. തൊലികളയാതെ ഉപയോഗിക്കുന്ന പഴങ്ങളും, ഫലവര്‍ഗങ്ങളും നല്ലതുപോലെ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. വര്‍ഷകാലാരംഭത്തില്‍ പെരുകുന്ന ക്ഷുദ്രജീവികളുടെ വര്‍ധനവിനെ തടയുന്നതിനായി പ്രത്രേക ശ്രദ്ധവേണം. മാലിന്യങ്ങള്‍ തുറസായ സ്ഥലത്തും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കാതിരിക്കുക. പരിസര ശുചിത്വം, സാനിട്ടറികക്കൂസുകളുടെ ഉപയോഗം, വ്യക്തി ശുചിത്വം മുതലായവ മാര്‍ഗങ്ങള്‍ പിന്തുടരുക. കൊതുക് ഈച്ച മുതലായവക്ഷുദ്ര ജീവികള്‍ വീടിന്റെയുള്ളില്‍ കടക്കാതിരിക്കുന്നതിനായി ഔഷധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പുക വീടിന്റെ ഉള്ളിലും പരിസരങ്ങളിലും ദിവസത്തില്‍ ഒരുപ്രാവശ്യം എങ്കിലും ഉപയോഗിക്കുക. ഛര്‍ദ്ദിയും വയറിളക്കരോഗവും മൂലം ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടാന്‍ സാധ്യാതയുള്ളതിനാല്‍ അവയെ പരിഹരിക്കുന്നതിനായി ജലാംശം കൂടുതല്‍ അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിണ്ടേതാണ്. കഞ്ഞിവെള്ളം ഉപ്പുചേര്‍ത്തത്, കരിക്കിന് വെള്ളം, മാതളപ്പഴത്തിന്റെ ചാറ്, മലരിട്ടുവെന്ത വെള്ളം, ഏലക്കായ പൊടിച്ചുചേര്‍ത്ത കട്ടന്‍ ചായ മുതലായവ ഉത്തമമാണ്. ഇവയില്‍ കട്ടന്‍ ചായ, ഉപ്പിട്ട കഞ്ഞി വെള്ളം, മാതളപ്പഴത്തിന്റെ നീര് എന്നിവയ്ക്ക് വയറിളക്കത്തെ തടഞ്ഞു നിര്‍ത്താനുള്ള കഴിവും മലരിട്ടുവെന്ത വെള്ളം ഏലക്കായ പൊടിച്ചുചേര്‍ത്ത കരിക്കിന് വെള്ളം ഇവയ്ക്ക് ഛര്‍ദ്ദി കുറയ്ക്കാനുമുള്ള കഴിവുമുണ്ട്. ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗാവസ്ഥകളില്‍ എത്രയും വേത്തില് തന്നെ ഉചിതമായ ഔഷധങ്ങളും മേല്‍പ്പറഞ്ഞ തരത്തിലുള്ള പാനീയ സേവകളും പ്രാധാന്യം അര്‍ഹിക്കുന്നു. പകര്‍ച്ചപ്പനി പ്രതിരോധിക്കാം പനി പല രോഗങ്ങളുടെയും ലക്ഷണങ്ങളാകയാല്‍ ഒരിക്കലും സ്വയം ചികിത്സക്ക് മുതിരരുത്. മറ്റുള്ളവര്‍ ഇതേ പോലെ പനി വന്നപ്പോള്‍ ഉപയോഗിച്ച മരുന്നുകള്‍ ഒരിക്കലും കുട്ടികളില്‍ പരീക്ഷിക്കരുത്. പനി തുടക്കത്തില്‍ തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുക. പനി ഏതു തരം തന്നെ ആയാലും പരിപൂര്‍ണവിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും ശീലമാക്കുക. രോഗബാധിതരില്‍ നിന്നും കൊതുകു വഴി വോഗം മറ്റുള്ളവരിലേക്ക്പകരാതെയിരിക്കുന്നതിനായി പനി ബാധിതര്‍ പകലും, രാത്രിയും കൊതുകുവല നിര്‍ബന്ധമായും ഉപയോഗിക്കുക. ശരീരത്തില്‍ കടന്ന് കൂടിയിരിക്കുന്ന രോഗവാഹികളായ വൈറസിനെ പുറന്തള്ളുന്നതിനായി ദഹന വ്യൂഹം വരെ ശക്തിയായി പരിശ്രമിക്കുന്ന അവസ്ഥയില്‍ ദഹിക്കാല് പ്രയാസമുള്ളവയും കട്ടിയുള്ളതുമായ ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. വൈറസിനെ ശരീരത്തില്‍ നിന്നും പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവര്ത്തനഫലമായിയുണ്ടാകുന്ന പനിയെ ഒരിക്കലും ശക്തമായ ഔഷധ സേവ കൊണ്ട് പെട്ടെന്ന് പിടിച്ചു നിര്‍ത്തരുത്. പനി ശക്തമാകാതെ സൂക്ഷിക്കുകമാത്രമാണ് വേണ്ടത്. ശരീരതാപനില ക്രമത്തിലധികം വര്‍ധിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ നിന്നും നാം അറിയാതെ തന്നെ ധാരാളം ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശരീര കോശങ്ങളില്‍ നിന്നും ജലനഷ്ടം സംഭവിക്കുക മൂലം ദഹനപ്രക്രീയയെ അത് സാരമായി ബാധിക്കും. ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ പൊതുവേ ദഹിക്കാന്‍ പ്രയാസമുള്ളവയും മത്സ്യ മാംത്സാദികളും, വറുത്തും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പച്ചക്കറി വര്‍ഗത്തില്‍പ്പെട്ട പാവയ്ക്ക, നെല്ലിക്ക, ഇലവര്ഗങ്ങളായ മുരിങ്ങയില, തഴുതാമ, ചീര മുതലായ എളുപ്പം ദഹിക്കുന്നവയും അതിലുപരി ഇവയിലെ പ്രധാനഘടകങ്ങളായ വിറ്റാമിന്‍ സി, അയണ്‍ എന്നിവ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് അനുകൂലമായവയാണ്. ഇവ കറികളായോ, അല്ലെങ്കില്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ നവരയരി, പൊടിയരി എന്നിവയില്‍ ഏതെങ്കലും ചേര്‍ത്ത് കഞ്ഞിയാക്കിയതും. കുരുമുളകുപൊടിയും, ചുക്ക് പൊടിയും ചേര്‍ത്ത് അത് പനി തുടങ്ങിയ രോഗാവസ്ഥകളില്‍ പറ്റിയ ഔഷധമായും, ആഹാരമായും ഉപയോഗിക്കാം. വെള്ളം കുടിക്കുന്നതിനായി ഔഷധ ദ്രവ്യങ്ങള്‍ ചേര്‍ത്ത് തിളപ്പിച്ച വെളളം തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. തുളസി, മുത്തങ്ങാ, പര്‍പ്പടകപ്പുല്ല്, ചുക്ക്, ഞെരിഞ്ഞില്‍, തഴുതാമ എന്നിവ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ശരീരത്തില്‍ അധികമായി ഉണ്ടാകുന്ന ചൂടിനെ കുറയ്ക്കുന്നതിനും നീര് കുറ യ്ക്കുന്നതിനും ഉത്തമമായ ഒരു പാനീയമാണ്. തഴുതാമ, മുരിങ്ങയില എന്നിവ ചതച്ചിട്ട് വെള്ളം കുടിക്കുന്നത് നീര് കുറക്കുന്നതിനും ഉത്തമമാണ്. പകര്‍ച്ചപ്പനിയിലും തുടര്‍ന്നുണ്ടാകുന്ന ശരീര അസ്വാസ്ഥ്യങ്ങള്‍ക്കും ആയുര്‍വേദ ചകിത്സയിലെ പ്രധാനമായ കഷായം, അരിഷ്ടം മുതലായ അതീവ ഫലത്തെ പ്രദാനം ചെയ്യുന്നവയാണ്. ഇവയെല്ലാം രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും വൈദ്യ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. കുട്ടികള്‍ക്കും വേണം ദിനചര്യകള്‍ വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും. ദിനചര്യകള്‍ ആരോഗ്യജീവിതത്തിന്റെ അടിസ്ഥാനമാണ്. ആരോഗ്യകരമായ ചര്യകള്‍ കുട്ടിക്കാലം മുതല്‍ ശീലിക്കണം. വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും. രാത്രി നേരത്തെ ഉറങ്ങി, നേരത്തേ ഉണരണമെന്ന് വീട്ടിലെ പ്രായമായവര്‍ പറയുമ്പോള്‍ കുട്ടികള്‍ ചിരിച്ചുതള്ളാറാണ് പതിവ്. എന്നാല്‍ പുലരുന്നതിനുമുമ്പേ ഉറക്കമുണരുന്നതാണ് ഉന്മേഷത്തിനും, ആരോഗ്യത്തിനുമുള്ള 'ഒറ്റമൂലി'. ആരോഗ്യ സംരക്ഷണത്തിന് രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കണമെന്ന് ആയുര്‍വേദം അനുശാസിക്കു ന്നു. വ്യായാമം മനസിനും ശരീരത്തിനും ശരീരത്തിനൊപ്പം മനസിനും വ്യായാമം അത്യാവശ്യമാണ്. ആരോഗ്യമുള്ള മനസാണല്ലോ ആരോഗ്യമുള്ള ശരീരത്തിനും നിദാനം. പുലര്‍ച്ചെ ഉറക്കമുണര്‍ന്നാല്‍ മാത്രംപോരാ, അടുക്കും ചിട്ടയും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുകയും വേണം. എഴുന്നേറ്റാല്‍ ഉടന്‍ തലേന്നു രാവിലെ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. മരുന്നില്ലാതെ മറവിയെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. കുട്ടികള്‍ക്ക് ബുദ്ധിശക്തിയും, ഓര്‍മശക്തിയും ഒരുപോലെ പ്രദാനം ചെയ്യുന്നു ഈ ലഘുവ്യായാമം. ഏതു പ്രായക്കാര്‍ക്കും ഈ മനോവ്യായാമം ചെയ്യാവുന്നതാണ്. ഇതിനുശേഷം മലമൂത്രവിസര്‍ജനം നടത്താം. ദന്തശുദ്ധിവരുത്താം അടുത്തത് പല്ല് വൃത്തിയാക്കലിന്റെ ഘട്ടമാണ്. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുന്നത് വായില്‍ രുചി വര്‍ധിക്കുന്നതിനും, ദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. കരിങ്ങാലി, വേപ്പ്, നീര്‍മരുത് എന്നിങ്ങനെ ചവര്‍പ്പും, എരിവും രസങ്ങളുള്ള വൃക്ഷങ്ങളുടെ ചെറിയ കമ്പുകള്‍ ഉപയോഗിച്ച് പല്ലുതേയ്ക്കുന്നതാണ് ശരിയായ രീതി. കമ്പെടുത്ത് അഗ്രം ചതച്ച് ബ്രഷ്പോലാക്കിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്നു പലര്‍ക്കും ഇവയെന്താണെന്നുപോലും അറിയില്ല. അങ്ങാടിക്കടകളില്‍ ഇവ ലഭ്യമാണ്. പല്ലിന്റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാഠിന്യമുള്ള നാരുള്ള ബ്രഷ്, ഉപ്പ്, കരി എന്നിവ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കരുത്. പല്ലുതേച്ചശേഷം നാവ് വൃത്തിയാക്കണം. ശ്വാസോച്ഛ്വാസത്തിന് തടസം നില്ക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കുളി ഒഴിവാക്കരുത് ദിവസേന എണ്ണതേച്ച് കുളിക്കുന്നതിലൂടെ ശരീരക്ഷീണവും, ഉറക്കമില്ലായ്മയും മാറിക്കിട്ടും. ആഴ്ചയില്‍ ഒരിക്കലെങ്കിലും തലയിലും ശരീരത്തിലും നല്ലതുപോലെ എണ്ണതേച്ച് കുളിക്കണം. ചെവിയില്‍ എണ്ണനിര്‍ത്താനും, കാല്പ്പാദങ്ങളില് എണ്ണ പുരട്ടാനും ശ്രദ്ധിക്കണം. തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഞരമ്പുകള്‍ക്ക് പ്രസരിപ്പും, മസ്തി ഷ്ക്കത്തിന് ഉന്മേഷവും കൈവരുന്നു. എണ്ണതേച്ച് അരമണിക്കൂറിനു ശേഷം താളിയിട്ട് കുളിക്കണം. തലയിലെ ചൂടിനെ അകറ്റി തണുപ്പ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നതിലൂടെ ശരീരത്തിന് മുഴുവന്‍ പ്രസരിപ്പും തലയോട്ടിയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനവും ലഭിക്കും. തലയിലെ നീരിറക്കം കുറയ്ക്കുന്നതിനും, തലമുടിയുടെ ആരോഗ്യത്തിനും എണ്ണതേച്ചുള്ള കുളി അത്യാവശ്യമാണ്. അല്ലാത്തവര്‍ക്ക് ഭാവിയില്‍ വാതരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ദഹനക്കേടുള്ളവരും, കഫം വര്‍ധിച്ചിരിക്കുന്നവരും എണ്ണ ദേഹത്തും, തലയിലും തേയ്ക്കാന്‍ പാടില്ല. കുളികഴിഞ്ഞ് മുടിയില്‍ എണ്ണ തേയ്ക്കുന്നതും കുളിക്കുന്നതിനുമുമ്പ് എണ്ണവയ്ക്കാതിരിക്കുന്നതും നല്ല ശീലമല്ല. തലമുടി പൊട്ടിപ്പോകുന്നതിനും മറ്റും ഇത് കാരണമാകും. ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് നല്ലതല്ല. തലയില്‍ തണുപ്പുമാറിയ വെള്ളവും, കഴുത്തിന് താഴേയ്ക്ക് ചൂടുവെള്ളവും ഉപയോഗിച്ചുവേണം കുളിക്കാന്‍. വ്യായാമം നിര്‍ബന്ധം കുട്ടികളാകുമ്പോള്‍ പ്രത്യേകം വ്യായാമത്തിന്റെ കാര്യമില്ല. ഓട്ടവും ചാട്ടവും കളികളുമായി ജീവിതത്തിന്റെ ഭാഗാമായിത്തന്നെ വ്യായാമവുമുണ്ടാവും. എന്നാല്‍ ഇതൊന്നുമില്ലാതെ പഠനത്തിന്റെ പിന്നാലെ മാത്രം പോകുന്ന കുട്ടികള്‍ വ്യായാമത്തിനു വേണ്ടി അല്പ സമയം നീക്കി വയ്ക്കുന്നതുകൊണ്ട് തെറ്റില്ല. വണ്ണം ഉള്ളതോ, ഇല്ലാത്തതോ അല്ല ആരോഗ്യത്തിന്റെ ലക്ഷണം. കരുത്താണ് പ്രധാനം. ദഹനശക്തി വര്‍ധിപ്പിച്ച് അമിതവണ്ണവും, ദുര്‍മേദസും ഇല്ലാതാക്കാന്‍ വ്യായാമം സഹായിക്കുന്നു. തണുപ്പുകാലത്ത് പുതപ്പിനുള്ളില്‍ ചുരുട്ടുകൂടിക്കിടന്ന് ഉറങ്ങുന്നത് ശരിയല്ല. വ്യായാമത്തിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ച ശരീരത്തെ രോഗങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു. മറ്റ് കാലാവസ്ഥകളില്‍ ലഘുവായ വ്യായാമമാണ് ചെയ്യേണ്ടത്. ത്വക്കിന് മിനുസവും, തിളക്കവും ലഭിക്കുന്നതിനും വ്യായാമം ഫലപ്രദമാണ്. കടപ്പാട്: ഡോ. ആര്. രവീന്ദ്രന് കുട്ടികളുടെ ആരോഗ്യം മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് കുട്ടി പെട്ടെന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, വയറുവേദന എന്നിങ്ങനെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. കുട്ടികള്‍ വളരുന്തോറും മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയും വര്‍ധിക്കും. നിര്‍ത്താതെയുള്ള കരച്ചില്, വിശപ്പില്ലായ്മ എന്നിങ്ങനെ ഡോക്ടറുടെ അടുത്തേക്ക് ഓടാന്‍ കാരണങ്ങള്‍ നിരവധിയാണ്. ഡോക്ടര്‍ പരിശോധിച്ചു രോഗമൊന്നുമില്ലെന്നു പറഞ്ഞാലും തൃപ്തിയാവില്ല. കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് അമിത ഉത്കണ്ഠയും ആശങ്കയുമാണവര്ക്ക്. കുട്ടി പെട്ടെന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, വയറുവേദന എന്നിങ്ങനെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. വിശപ്പില്ലായ്മ 2-8 വയസുവരെയുള്ള കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിശപ്പില്ലായ്മ. എന്നാല്‍ കുട്ടിക്ക് ആവശ്യത്തിന് വളര്‍ച്ച, തൂക്കം, ഉത്സാഹം ഇവ ഉണ്ടെങ്കില്‍ വിശപ്പില്ലായ്മ ഗൗരവമായി എടുക്കേണ്ടതില്ല. വിളര്‍ച്ച, രക്തക്കുറവ്, വിരശല്യം എന്നിവയുടെ ഭാഗമായും വിശപ്പില്ലായ്മ ഉണ്ടാകാം. 5 വയസിനു മുകളിലുള്ള കുട്ടികളില്‍ പരീക്ഷ, പഠിത്തം ഇവയുടെ ഉത്കണ്ഠ പ്രകടമാകുന്നത് വിശപ്പില്ലായ്മയുടെ രൂപത്തിലാകാം. പെട്ടെന്നുള്ള വിശപ്പില്ലായ്മ അപൂര്‍വ്വമായി ഹൃദയരോഗങ്ങള്‍, ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയ മാരക രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് ഒരു കലയാണ്. ആഹാരം കഴിക്കാന്‍ വിമുഖതയുള്ള കുട്ടിക്ക് ആസ്വാദ്യകരമായ രീതിയില്‍ ഭക്ഷണം നല്കുകയാണെങ്കില് അത് ആഹാരം കഴിക്കാനുള്ള ഉത്സാഹം ഉണ്ടാക്കാം. കഥപറഞ്ഞോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഒക്കെ ഭക്ഷണം കഴിക്കുന്നത് അവനും താല്പര്യമായിരിക്കും. കുട്ടി ആരോഗ്യത്തോടും പ്രസരിപ്പോടെയും വളരുമ്പോള്‍ അവന്റെ ഭക്ഷണക്രമത്തെക്കുറിച്ച് അമ്മമാര്‍ വ്യാകുലപ്പെടേണ്ട കാര്യമില്ല. രോഗങ്ങളാണു വിശപ്പില്ലായ്മക്കു കാരണ മെങ്കില്‍ ശരിയായ ചികിത്സ നല്‍കുന്നതിലൂടെ ഇത് പരിഹരിക്കാം. നിര്‍ത്താതെയുള്ള കരച്ചില് നവജാത ശിശുക്കളിലും 2 വയസിനു താഴെയുള്ള കുട്ടികളിലുമാണ് നിര്‍ത്താതെയുള്ള കരച്ചില് കൂടുതലായും കണ്ടുവരുന്നത്. ചിലപ്പോള്‍ മണിക്കൂറുകളോളം കരഞ്ഞെന്നു വരാം. അവരുടെ അസ്വസ്ഥതകള്‍ പറഞ്ഞുതരാന്‍ കഴിയില്ലല്ലോ? അതു പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് ഈ കരച്ചില്. കരച്ചിലിന്റെ കാരണം കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശപ്പും രോഗങ്ങളുമെല്ലാം കരച്ചിലിനു പിന്നില്‍ ഉണ്ടായിരിക്കാം. ഒരു കാരണവുമില്ലാതെ കുട്ടി നിര്‍ത്താതെ കരയുന്ന അവസ്ഥയാണ് ഗ്യാ സ്ട്രിക് കോളി. ഇത് ആറുമാസംവരെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. പാല്‍കൊടുത്തശേഷം കുട്ടിയെ തോളില്‍ കിടത്തി തട്ടി ഏമ്പക്കം വിടുന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാം. കുട്ടി 3-4 മണിക്കൂര്‍ നിര്‍ത്താതെ കരയും. കാലുകള്‍ വയറിനോടു ചേര്‍ത്തുവച്ച് ഞെരിപിരികൊണ്ടുള്ള കരച്ചിലാണ് ലക്ഷണം. ഇതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാന്‍ കഴിയില്ല. കുട്ടിയ്ക്ക് അനുഭവപ്പെടുന്ന എന്തെങ്കിലും അസ്വസ്ഥതകളായിരിക്കും കാരണം. ഇത് അമ്മയേയും കുഞ്ഞിനെയും ഒരുപോലെ വിഷമിപ്പിക്കുന്ന ഒന്നാണ്. കുഞ്ഞ് കരഞ്ഞു കരഞ്ഞ് അവസാനം തളര്‍ന്നുറങ്ങുന്നു. ഇത്തരം വയറുവേദന മിക്കപ്പോഴും കുഞ്ഞിന് പാല് നല്കുമ്പോള് ശ്രദ്ധിക്കുന്നതിലൂടെ ഒഴിവാക്കാം. അമ്മമാര്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും കുട്ടികളില്‍ പ്രത്യാഘാതം സൃഷ്ടിക്കാം. ഒരു പക്ഷേ, ഉറുമ്പു കടിച്ചിട്ടാവാം അവന് കരയുന്നത്. അല്ലെങ്കില്‍ ചെവിവേദനയാകാം. ഇങ്ങനെ പല ശാരീരിക അസ്വാസ്ഥങ്ങള്കൊണ്ടും കുഞ്ഞ് പെട്ടെന്ന് കരയാം. ആറ് മാസം മുതല്‍ 2 വയസ് വരെയുള്ള കുട്ടികള്‍ നിര്‍ത്താതെ കരയുകയും ഇടയ്ക്ക് ഉന്മേഷവാന്മാരാകുകയും ചെയ്യുന്നത് കുടല് പിണഞ്ഞു പോകുന്ന അവസ്ഥയിലാണ്. കുടല് ഇടയ്ക്ക് ശരിയായരീതിയിലാകുമ്പോള് കുട്ടിക്ക് ആശ്വാസം ലഭിക്കുന്നു. ആ സമയത്ത് അവന് ഉന്മേഷവാനാകുന്നു. വയറുവേദന, ഛര്‍ദി, മലത്തില്‍ രക്തം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ശസ്ത്രക്രിയ വേണ്ടിവരാം. മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങളുടെ ഭാഗമായും കുട്ടി നിര്‍ത്താതെ കരയാം. കുട്ടിക്ക് എന്തെങ്കിലും അസുഖമുള്ളതായി സംശയിക്കുകയോ എത്ര ആശ്വസിപ്പിച്ചിട്ടും കരച്ചില് നിര്‍ത്താതിരിക്കുകയോ ചെയ്താല്‍ ഡോക്ടറെ കാണിക്കണം. ക്ഷീണം കുട്ടികളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. വിശപ്പില്ലായ്മ, വിളര്‍ച്ച, ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. സ്കൂളില്‍ പോകുന്ന കുട്ടികളില്‍ യാത്രയും ഉറക്കമുളച്ചുള്ള പഠനവുമെല്ലാം ക്ഷീണത്തിനു കാരണമാവാം. വിളര്‍ച്ചയ്ക്ക് കാരണം കുട്ടികള്‍ക്ക് വേണ്ട അത്യാവശ്യ ഘടകമായ പോഷകങ്ങളുടെ അഭാവമാണ്. ഇടവിട്ടുള്ള പനി വൈറല്‍ പനിയാണ് കുട്ടികളെ കൂടുതലും ബാധിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് പനിക്കു മുഖ്യ കാരണമായി കണ്ടുവരുന്നത്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ പനി നില്‍ക്കുകയോ വര്‍ഷത്തില്‍ ആറ് തവണയില്‍ കൂടുതല്‍ പനി ഉണ്ടാകുകയോ ചെയ്താല്‍ പരിശോധന ആവശ്യമാണ്. അതുപോലെ പനി ചെറിയ അളവില്‍ രണ്ടാഴ്ചയില്‍ കൂടുതല്നിന്നാലും പരിശോധന ആവശ്യമാണ്. ഇത് ക്ഷയം പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം.സാധാരണ പനിക്ക് വീട്ടിലിരുന്നുള്ള ചികിത്സകള്‍ മതി. വിശ്രമം,ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക തുടങ്ങിയവയും പ്രധാനമാണ്. പനി വരുമ്പോള്‍ അപസ്മാരം പോലെ വരുന്നത് കുട്ടിയുടെ അമ്മ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ മരുന്നുകള്‍ ആരംഭത്തില്‍ തന്നെ നല്‍കണം. പോഷകാഹാരക്കുറവും ഇടയ്ക്കിടെയുള്ള പനിക്കു കാരണമാകാം. ജലദോഷം വൈറസാണ് ജലദോഷത്തിനു കാരണം. ഇതുമൂലം കുട്ടികളില്‍ പ്രതിരോധ ശേഷി കുറയുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. മൂക്കിലും തൊണ്ടയിലും ശ്വാസനാളത്തിലുമുള്ള അസ്വസ്ഥതകള്‍ മാറാന്‍ ആവിപിടിക്കുന്നത് സഹായിക്കും. എന്നാല്‍ കുട്ടികള്‍ ആവി പിടിക്കുമ്പോള്‍ ചൂടു വെള്ളം ശരീരത്തു വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശ്രമം, ധാരാളം വെള്ളം കുടിക്കുക എന്നിങ്ങനെ ആശുപത്രിയില്‍ പോകാതെതന്നെ ജലദോഷം പ്രതിരോധിക്കാവുന്നതാണ്. ജലദോഷത്തിലൂടെയും മറ്റും ശരീരത്തുനിന്നു നഷ്ടപ്പെടുന്ന ജലം തിരികെ ലഭിക്കാനാണ് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്. മൂക്കടപ്പിന് മൂക്കില്‍ തുള്ളി മരുന്ന് ഒഴിക്കുക. നവജാത ശിശുക്കളിലെ അസ്വസ്ഥതകള്‍ മാറാന്‍ ഡോക്ടറെ കാണിക്കണം. പനിയില്ലെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കാവുന്നതാണ്. ഉറക്കത്തില്‍ ഞെട്ടി ഉണരുക ഉറക്കത്തില്‍ ഞെട്ടി ഉണരുക എന്നത് ഒരു രോഗമല്ല. ഇത് സ്വാഭാവികമാണ്. ദുഃസ്വപ്നങ്ങള്‍, മാനസികസമ്മര്‍ദം എന്നിവയെല്ലാം ഇതിനു കാരണമാകാം. ഉദാഹരണമായി മരണവീട്ടില്‍ പോകുന്ന കുട്ടിക്ക് ചിലപ്പോള്‍ ഭയവും ആകുലതയുമെല്ലാം ഉണ്ടാകാം. ഇത് ദുഃസ്വപനത്തിന്റെ രൂപത്തില്‍ പ്രകടമാകാം. കുട്ടിയുടെ മനസിനു ഭയം തട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഉറക്കക്കുറവ് കുട്ടികളുടെ ഉറക്ക രീതി ഓരോ പ്രായത്തിലും വ്യത്യസ്ത രീതിയിലാണ്. ആദ്യത്തെ ഒരാഴ്ച അവന് 20-22 മണിക്കൂര്‍വരെ ഉറങ്ങുന്നു. അതിനുശേഷം ഉറക്കം 16-18 മണിക്കൂറാകുന്നു. ഒരു വയസാകുന്നതോടെ 12-13 മണിക്കൂറായും 5-10 വയസാകുന്നതോടെ 10 മണിക്കൂറായും ഉറക്കം കുറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. അല്ലെങ്കില്‍ ക്ഷീണം, അരിശം എന്നീ പ്രശ്നങ്ങളെല്ലാം അനുഭവപ്പെടാം. മാനസിക പിരിമുറുക്കം, രോഗങ്ങള്‍, പരീക്ഷാപ്പേടി, ഉറങ്ങുന്ന സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ് ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങള്‍. നവജാത ശിശുക്കളില്‍ വിശപ്പ്, കൂടുതല്‍ ചൂടോ തണുപ്പോ അനുഭവപ്പെടുക, വേദനകള്‍ എന്നിവയെല്ലാം ഉറക്കം കുറയ്ക്കാം. തൊട്ടിലില്‍ കിടത്തി ഉറക്കുക, പാല് കുടിപ്പിച്ച് ഉറക്കുക തുടങ്ങിയവ ശീലമാക്കാതിരിക്കുന്നതാണ് നല്ലത്. പിന്നീട് ഇവയില്ലാതെ കുഞ്ഞിന് ഉറങ്ങാന്‍ കഴിയാതെ വരാം. മുതിര്‍ന്ന കുട്ടികള്‍ ടിവി, ഇന്റര്‍നെറ്റ് എന്നിവയുടെ മുമ്പില്‍ അധിക സമയം ചെലവഴിക്കുമ്പോള്‍ ഉറങ്ങാന്‍ വൈകാം. ഇത് ഉറക്കം കുറയാന്‍ കാരണമാകാം. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഉറക്കക്കുറവ് പരിഹരിക്കാം. ചില കുട്ടികളില്‍ ശ്വാസകുഴലിലെ തടസങ്ങള്‍മൂലം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ വരാം. ഉറക്കത്തിനിടയ്ക്ക് ശ്വസനപ്രക്രിയ താല്‍ക്കാലികമായി നിലക്കുന്നു. ഈ സാഹചര്യത്തില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും കുട്ടി ഉണരുകയും ചെയ്യുന്നു. ഇവരില്‍ പകല്‍ ഉറക്കം കൂടുതലായിരിക്കും. കൂര്‍ക്കംവലി, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഒബ്സ്ട്രക്റ്റിക് സ്ലീപ് അപ്നിയ എന്ന ഈ അവസ്ഥയുടെ മറ്റു ലക്ഷണങ്ങള്‍. ശ്വാസനാളിയിലെ തകരാറുകള്‍ ശരിയാക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. 3 - 5 വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടതലായും കാണുന്നത്. വയറുവേദന കോളിക് മുതല്‍ അപ്പന്‍ഡിസൈറ്റിസ് വരെയുള്ള രോഗങ്ങളുടെ ഭാഗമായി വയറുവേദന അനുഭവപ്പെടാം. പുക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദന സാധാരണമാണ്. അതില്‍ പേടിക്കേണ്ടതില്ല. വയറുവേദനയോടൊപ്പം ഛര്‍ദി, വയറിളക്കം, മലത്തോടൊപ്പം രക്തം എന്നിവ കണ്ടാല്‍ നിസാരമായി തള്ളിക്കളയരുത്. ഡോക്ടറെകണ്ട് യഥാര്‍ത്ഥ കാരണം മനസിലാക്കി ചികിത്സിക്കണം. മടിയുടെ ഭാഗമായും കുട്ടികളില്‍ വയറുവേദന പ്രകടിപ്പിക്കാം. കുട്ടിയെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാലാണ് വേദന കൂടുതല്‍. എന്നാല്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ഇത് മനസിലാക്കാന്‍ കഴിയും. ഉറക്കത്തിനിടയ്ക്ക് വേദന പറയുക, മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴും വേദനയുടെ ലക്ഷണങ്ങള്‍ കാണിക്കുക ഇവയെല്ലാം ഗൗരവമായി എടുക്കണം. ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന ചേരുവകളും അലര്‍ജിക്കും വയറുവേദനയ്ക്കും കാരണമാകാം. മലബന്ധമാണ് മറ്റൊരു കാരണം. സാധാരണയായി ആവശ്യത്തിന് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാത്ത കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. വിരശല്യവും വയറുവേദനയ്ക്കു കാരണമാവാം. മണ്ണ്വാരി കളിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായും കാണുന്നത്. ഒരു വര്‍ഷത്തിനുശേഷം ആറുമാസത്തില്‍ ഒരിക്കലോ വര്‍ഷത്തില്‍ ഒരിക്കലോ വിരശല്യത്തിന് മരുന്നു കൊടുക്കുക. വിളര്‍ച്ച ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ഉത്സാഹക്കുറവ്, ക്ഷീണം, ഉറക്കം തൂങ്ങുക,വിശപ്പില്ലായ്മ, ത്വക്ക് വിളറിയിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. വിളര്‍ച്ച പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ നിന്നും നമ്മള് അറിയാതെ രക്തം നഷ്ടപ്പെടാം. ഇത് വിളര്‍ച്ചയ്ക്കു കാരണമാകുന്നു. ചെറുകുടലില്‍ വളരുന്ന കൊക്കപ്പുഴുവിന് രക്തം വലിച്ചൂറ്റി കുടിക്കാനുള്ള കഴിവുണ്ട്. ഇവ രക്തം ഊറ്റികുടിക്കുന്നത് അറിയുന്നില്ല. കുട്ടികളില്‍ ആവശ്യംവേണ്ട ഘടകമാണ് ഇരുമ്പ്. ഇതിന്റെ അളവ് കുറയുന്നതും വിളര്‍ച്ചയ്ക്കു കാരണമാവാം. ഇരുമ്പ്, ബി12, ബി6, ഫോളിക് ആസിഡ് എന്നിവയെല്ലാം രക്തത്തില്‍ ആവശ്യം വേണ്ട ഘടകങ്ങളാണ്. മാസം തികയാതെ പിറക്കുന്ന കുട്ടികള്‍, തൂക്കം കുറഞ്ഞ കുട്ടി ഇവര്‍ക്കെല്ലാം ഇരുമ്പ് കിട്ടുന്നത് അമ്മയുടെ ശരീരത്തുനിന്നാണ്. ഗര്‍ഭധാരണത്തിന്റെ അവസാനത്തെ 2-3 മാസങ്ങളിലാണ് ധാതുക്കള്‍ അമ്മയില്‍നിന്ന് കുഞ്ഞിന് കിട്ടുന്നത്. അതിനാല്‍ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആറു മാസം ആകുമ്പോഴേക്കും വിളര്‍ച്ച ഉണ്ടാകുന്നു. അതിനാല്‍ ആശുപത്രിയില്‍ നിന്നു പോകുന്നതിനു മുമ്പുതന്നെ ഇരുമ്പ് അടങ്ങിയ ഔഷധങ്ങള്‍ നല്‍കണം. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ സമീകൃതാഹാരം കുഞ്ഞിനു നല്‍കണം. പച്ചക്കറി, പയറുവര്‍ഗങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, കരള്‍ എന്നിവയിലെല്ലാം ഇരുമ്പ് സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ കുറുക്കില്‍ ശര്‍ക്കര ചേര്‍ക്കുന്നത് നല്ലതാണ്. മജ്ജയിലെ ചില രോഗങ്ങള്‍ രക്താണുക്കള്‍ ഉണ്ടാകുന്നതിന് തടസംനില്‍ക്കുന്നു. ഇതും വിളര്‍ച്ചയ്ക്കു കാരണമാവാം. ചില മരുന്നുകള്‍, അണുബാധ, മജ്ജയെ ബാധിക്കുന്ന രോഗങ്ങള്‍, ചില കാന്‍സറുകള്‍ എന്നിവയെല്ലാമാണ് കാരണങ്ങള്‍. വയറിളക്കം കുട്ടികളില്‍ അപകടസാധ്യത ഏറ്റവും കൂടുതലുള്ളത് വയറിളക്ക രോഗങ്ങള്‍ മൂലമാണ്. ഈ നിരക്ക് കുറയ്ക്കാനുള്ള നല്ല മരുന്ന് ഓ.ആര്.എസ് ലായനിയാണ്. നൂറ്റാണ്ടിലെ ഔഷധം എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ 43 ശതമാനം ആളുകള്‍ മാത്രമാണ് വയറിളക്കരോഗങ്ങള്‍ക്ക് ഓ.ആര്.എസ് ഉപയോഗിക്കുന്നുള്ളൂ. കോശങ്ങളില്‍ എത്തിപ്പെടുന്ന അണുക്കളെ ശരീരം പുറംന്തള്ളുന്നത് വയറിളക്കത്തിലൂടെയാണ്. വയറിളക്കത്തിലൂടെ ജലം, സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളെല്ലാം ശരീരത്തിനു നഷ്ടപ്പെടുന്നു. ഇതിനെ നിര്‍ജലീകരണം എന്നു പറയുന്നു. ശരീരത്തുനിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരികെ നല്‍കുന്നതിലൂടെ ഈ നിര്‍ജലീകരണം തടയാം. എന്നാല്‍ സ്വയം മരുന്നുപയോഗിച്ച് വയറിളക്കം പിടിച്ചു നിര്‍ത്തരുത്. കാരണം അണുക്കള്‍ ഉള്ളില്‍ കിടന്ന് പെരുകുന്നതിന് ഇതു കാരണമാവാം. നിര്‍ജലീകരണം തടയുന്നതിന് ഓ.ആര്.എസ് തന്നെയാണ് ഏറ്റവും ഉത്തമ ഔഷധം. ഒരു ലിറ്റര്‍ ശുദ്ധ ജലത്തില്‍ ഒരു പായ്ക്കറ്റ് ലയിപ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്. തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. കുട്ടി ഛര്‍ദിച്ചാല്‍ 10 മിനിറ്റിനു ശേഷം ലായനി കൊടുക്കാവൂ. കുട്ടി ഛര്‍ദിക്കും എന്നതുകൊണ്ട് ഓ.ആര്.എസ് കൊടുക്കാതിരിക്കരുത്. ഛര്‍ദിച്ച ഉടന്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ കിടത്തി കൊടുക്കരുത്. കാരണം ശ്വാസകോശത്തില്‍ പോകാനുള്ള സാധ്യത കൂടുതലാണ്. ഛര്‍ദിച്ച് 10 മിനിറ്റിനുശേഷം സ്പൂണ്‍ ഉപയോഗിച്ച് സാവധാനം ഓ.ആര്.എസ് കൊടുക്കണം. ഒരു സ്പൂണ്‍ ഒരു മിനിറ്റ് എന്ന കണക്കില്‍ കൊടുക്കുക. ഇതിലൂടെ കുഞ്ഞിന് നഷ്ടപ്പെട്ട ലവണാശം തിരികെ കിട്ടുകയും ഛര്‍ദി കുറയുകയും ചെയ്യുന്നു. വയറിളക്കമുള്ളപ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കരുത്. എന്നാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കണം. കുട്ടികള്‍ക്ക് മുലപ്പാല്‍ നിര്‍ബന്ധമായും ഈ സമയത്ത് കൊടുക്കണം. ഭൂരിഭാഗം വയറിളക്കവും വീട്ടിലിരുന്നുതന്നെ ചികിത്സിക്കാം. ഓ.ആര്.എസ് തന്നെയാണ് ഇതിനുള്ള പ്രധാന ഔഷധം. മലത്തില്‍ രക്തം കണ്ടാല്‍ ആന്റിബയോട്ടിക്സ് കഴിക്കേണ്ടതുള്ളൂ. ശരീരത്തുനിന്നു നഷ്ടപ്പെടുന്ന സിങ്ക് ശരീരത്തിനു ലഭിക്കാന്‍ സിങ്ക്ഗുളികകള് കഴിക്കുന്നതിലൂടെ സാധിക്കും. ഇത് മരുന്നു കടകളില്‍ ലഭ്യമാണ്. സിങ്ക് തുടര്‍ച്ചയായി 14 ദിവസം കഴിക്കുന്നതിലൂടെ 3-6 മാസംവരെ വയറിളക്കം വരാനുള്ള സാധ്യത കുറയ്ക്കാം. ഒരു വയസാകുന്നതുവരെ കുടലിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നില്ല. അതിനാല്‍ ഈ പ്രായത്തില്‍ മൃഗങ്ങളുടെ പാല് കൊടുത്താല്‍ ശരീരം സ്വീകരിക്കണമെന്നില്ല. മൃഗങ്ങളുടെ പാല്, മാംസം തുടങ്ങിയവയെല്ലാം ഒരു വയസുവരെ ഒഴിവാക്കുന്നതാണ് നല്ലത്. വൃത്തിയുടെ പാഠങ്ങള്‍ മറക്കാതിരിക്കുക എന്നതാണ് പ്രധാന്യം. വൃത്തിയുള്ള പാത്രത്തില്‍ വൃത്തിയുള്ള ആഹാരം കഴിക്കുക, കുടിക്കാന്‍ ശുദ്ധജലം ഉപയോഗിക്കുക, മലവിസര്‍ജനത്തിനുശേഷം അമ്മയും കുഞ്ഞും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, രണ്ടുനേരവും കുളിപ്പിക്കുക, ആഹാരത്തിനുമുമ്പ് കൈകള്‍ വൃത്തിയായി കഴുക തുടങ്ങിയവയില്‍ വീഴ്ച വരുത്തരുത്. പനിയും ഛര്‍ദിയും മാത്രമായി കാണപ്പെടുന്നത് മെനിഞ്ചൈറ്റിസിന്റെ ലക്ഷണമാകാം. മാനസിക സമ്മര്‍ദം, കുട്ടികളില്‍ കുടല് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഇതിനു കാരണമാവാം. ഇത്തരം സാഹചര്യത്തില്‍ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കുക. കടപ്പാട്: ഡോ. സുരേഷ് എസ്. വടക്കേടം ഐ.സി.എച്ച്., കോട്ടയം