കുട്ടികളിലെ വിശപ്പില്ലായ്മ കുട്ടി ഒന്നും കഴിക്കുന്നില്ല… മിക്ക അമ്മമാരുടെയും പരാതിയാണിത്. എത്ര നിര്‍ബന്ധിച്ചാലും ഭക്ഷണം കഴിക്കാന്‍ ചിലപ്പോള്‍ മക്കള്‍ തയാറാകില്ല. മക്കളെ ഭക്ഷണം കഴിപ്പിക്കുന്നത് യുദ്ധത്തിന് സമമാണ് പല വീടുകളിലും. കുട്ടിക്കാലത്ത് കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. കുട്ടികളുടെ വിശപ്പില്ലായ്മയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും നോക്കാം. സാധാരണ സംഭവം രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ വിശപ്പില്ലായ്മയും ഭക്ഷണം കഴിക്കാനുള്ള മടിയും സാധാരണ കണ്ടുവരാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കാലത്താണെങ്കില്‍ ഇതു വളരെ സാധാരണവുമാണ്. ആവശ്യമുള്ള പോഷകങ്ങള്‍ മുലപ്പാലിലൂടെ ലഭിക്കുന്നുണ്ട്. ഇതിനാല്‍ വലിയ ടെന്‍ഷന്റെ ആവശ്യമില്ല. പഴങ്ങളും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും ഈ സമയത്ത് നല്‍കുക. ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ തയാറാക്കി നല്‍കണം. പഴങ്ങളും പച്ചക്കറിലും ചേര്‍ത്ത് തയാറാക്കുന്ന സാലഡ്, ജ്യൂസ് എന്നിവ ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്കു നല്‍കാം. പല കാരണങ്ങള്‍ ഭക്ഷണം നന്നായി കഴിച്ചില്ലെങ്കിലും ചിലപ്പോള്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. ആവശ്യത്തിന് വളര്‍ച്ച, തൂക്കം, ഉത്സാഹം എന്നിവയുണ്ടെങ്കില്‍ വിശപ്പില്ലായ്മ ഗൗരവമായി എടുക്കേണ്ടതില്ല. വിളര്‍ച്ച, രക്തക്കുറവ്, വിരശല്യം എന്നിവയുടെ ലക്ഷണമായും വിശപ്പില്ലായ്മയുണ്ടാകാം. ഈ രോഗങ്ങളുടെ ലക്ഷണമുണ്ടെങ്കില്‍ കുട്ടികളെ ഡോക്ടരുടെ അടുത്തെത്തിക്കണം. എന്നാല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കാരങ്ങള്‍ കൊണ്ടും വിശപ്പില്ലായ്മ അനുഭവപ്പെടാം. പരീക്ഷ, പഠിത്തം ഇവയുടെ ഉത്കണ്ഠ പ്രകടമാകുന്നത് വിശപ്പില്ലായ്മയുടെ രൂപത്തിലാകാം. പെട്ടെന്നുള്ള വിശപ്പില്ലായ്മ അപൂര്‍വ്വമായി ഹൃദയരോഗങ്ങള്‍, ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയ മാരക രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. ഭക്ഷണം കഴിപ്പിക്കല്‍ തന്ത്രപൂര്‍വം കഥ പറഞ്ഞാണ് പണ്ടു കാലത്ത് മുത്തശ്ശിമാര്‍ കുട്ടികളെ ഭക്ഷണം കഴിപ്പിച്ചിരുന്നത്.ആഹാരം കഴിക്കാന്‍ വിമുഖതയുള്ള കുട്ടിക്ക് ആസ്വാദ്യകരമായ രീതിയില്‍ ഭക്ഷണം നല്കുകയാണെങ്കില് മിക്കവാറും ഫലം കണ്ടേക്കാം. കഥപറഞ്ഞോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഭക്ഷണം കഴിക്കുന്നത് മക്കള്‍ക്കും താത്പര്യമായിരിക്കും. അവര്‍ അറിയാതെ തന്നെ ആവശ്യത്തിനു ഭക്ഷണം കഴിക്കാന്‍ ഇത് ഉപകരിക്കും. കുഞ്ഞിന് തലയണ വേണ്ട കൊച്ചു കുട്ടികള്‍ക്ക് തലയണ ഉപയോഗിക്കാന്‍ നല്‍കരുതെന്ന് പഴമക്കാര്‍ പറയുന്നത് എന്തു കൊണ്ടാണെന്ന് അറിയുമോ…? രണ്ടു വയസാകുന്നതുവരെ കുട്ടികള്‍ക്ക് തലയണ ഉപയോഗിക്കാന്‍ നല്‍കരുത്. കൊച്ചു കുട്ടികള്‍ തലയണ ഉപയോഗിച്ചാലുള്ള പ്രശ്നങ്ങള്‍ പരിശോധിക്കാം. കുഞ്ഞുങ്ങളുടെ മൃദുലമായ തല തലയണയില്‍ അമരുന്നതു ശ്വാസം മുട്ടാനുള്ള സാധ്യതയുണ്ടാക്കും. കുട്ടികള്‍ രണ്ടു വശത്തേക്കും അനക്കുമ്പോള്‍ നേര്‍ത്ത നാസാദ്വാരങ്ങള്‍ അമരുന്നതു വായുസഞ്ചാരം തടസപ്പെടുത്തും. സ്പോഞ്ച്, തെര്‍മോ കോള്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടായിരിക്കും മിക്കവാറും തലയണകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവ പുറത്ത് വരുന്നതും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. കൊച്ചു കുട്ടികള്‍ കൂടുതല്‍ സമയവും ഉറക്കത്തിലായിരിക്കും. പോളിസ്റ്ററിലും മറ്റു വസ്തുക്കളിലും നിര്‍മിച്ചിരിക്കുന്ന തലയണകള്‍ കൂടുതല്‍ സമയം ഉപയോഗിക്കുമ്പോള്‍ ചൂടു കൂടുന്നു. തലയ്ക്ക് അടിയില്‍ ചൂടാകുന്നതിനും ശരീര ഊഷ്മാവില്‍ വ്യത്യാസം വരാനും ഇതു കാരണമാകും. അമിതമായി വിയര്‍ക്കുന്നതും ചൂടാവുകയും ചെയ്യുന്നത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. കുറെ സമയം തലയണയില്‍ കിടക്കുന്നത് കുട്ടികളുടെ കഴുത്ത് ഉളുക്കാന്‍ കാരണമാകും. തലയണ കൂടുതല്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ തല പരന്നു പോകുന്നതിനും കാരണമാകും. തുടര്‍ച്ചയായി തലയില്‍ മര്‍ദം അനുഭവപ്പെടുന്നതാണിതിനു കാരണം. രണ്ടു വയസിനു ശേഷം കുട്ടികള്‍ക്ക് തലയണ നല്കുമ്പോഴും മാതാപിതാക്കളുടെ നല്ല ശ്രദ്ധ വേണം. കമിഴ്ന്നു കിടക്കാന്‍ കുട്ടികളെ അനുവദിക്കരുത്. മാതാപിതാക്കളുടെ കട്ടിലിന് സമീപം തന്നെയായിരിക്കണം കൊച്ചു കുട്ടികളുടെ കിടപ്പും. ചൊട്ടയിലെ ശീലം..! മക്കള്‍ക്ക് എല്ലാ നല്ല ശീലങ്ങളും പകര്‍ന്നു നല്‍കേണ്ടത് അവര്‍ കുട്ടിയായിരിക്കുമ്പോഴാണ്. കുട്ടിക്കാലത്ത് അവരുടെ മനസ്സില്‍ വേരുറയ്ക്കുന്ന ആശയങ്ങളും മൂല്യങ്ങളുമാണു ജീവിതകാലത്തുട നീളം പിന്തുടരുന്നത്. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളിലേയ്ക്ക് മാറുകയും മാതാപിതാക്കള്‍ രണ്ടുപേരും ജോലിയ്ക്കു പോവുകയും ചെയ്യുന്ന രീതിയിലേയ്ക്ക് മാറിയതോടെ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയാണ്. ഇത് പുതിയ തലമുറയിലെ കുട്ടികളുടെ ഭക്ഷണ, ആരോഗ്യ, പെരുമാറ്റ, സാമ്പത്തിക ശീലങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ് അതുല്‍. ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് അവന് ന്യൂഡില്‍സ് കഴിക്കുന്നത് ക്ലാസ് ടീച്ചര്‍ കണ്ടു. അന്വേഷിച്ചപ്പോള്‍ അവന് ദിവസവും ഇതുതന്നെയാണ് കൊണ്ടുവരുന്നതെന്ന് അവര്‍ മനസ്സിലാക്കി. വൈകിട്ട് രക്ഷിതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ അവന് ന്യൂഡില്‍സ് മാത്രമേ കഴിക്കൂ എന്നായിരുന്നു മറുപടി. കുട്ടിയുടെ ആരോഗ്യകാര്യത്തില്‍ മാതാപിതാക്കള്‍ തീരെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതിനാല്‍ അധ്യാപിക അവരോടു നേരിട്ടു സംസാരിക്കാന്‍ തീരുമാനിച്ചു. അതിന് എന്റെ സഹായവും തേടി. അതനുസരിച്ച് ഞാന്‍ അതുലിനോട് സംസാരിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ആ പ്രായത്തിലുള്ള കുട്ടിക്കു നല്‍കേണ്ട പോഷകാഹാരങ്ങളൊന്നും അവനു ലഭിക്കുന്നില്ല എന്നു മാത്രമല്ല വലിയ തോതില്‍ ജങ്ക് ഫുഡ് അവന്റെ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. മാതാപിതാക്കള്‍ രണ്ടു പേരും ഐ.ടി മേഖലയില്‍ ജോലിനോക്കുന്നവരാണ്. കുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു ജോലിക്കാരിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയെ എങ്ങനെയും ഭക്ഷണം കഴിപ്പിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. പാലു കുടിക്കാന്‍ കുട്ടി മടി കാണിച്ചിരുന്നു. അതിന് ജോലിക്കാരി കണ്ടെത്തിയ പ്രതിവിധി പാലില്‍ കുട്ടിക്ക് ഇഷ്ടപ്പെട്ട മിക്സ്ചര്‍ വിതറിയിട്ടു നല്‍കുക എന്നതായിരുന്നു! കുട്ടി വാശിപിടിക്കുമ്പോഴൊക്കെ ബേക്കറി പലഹാരങ്ങളും പിസ്തയും അവര്‍ കൊടുത്തു. പച്ചക്കറിയോ പഴങ്ങളോ അവന് കഴിക്കുന്നതേ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തി. പല ഷിഫ്റ്റുകളിലുള്ള ജോലി കാരണം കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം തികയുന്നില്ല എന്നതായിരുന്നു അവരുടെ ന്യായം. എന്നാല്‍ കുട്ടിയുടെ ആരോഗ്യം അപകടത്തിലാകുമെന്ന് അറിയിച്ചതോടെ അവര്‍ ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ അതുലിന്റെ അമ്മ തന്നെയാണ് അവന്റെ ടിഫിന്‍ ബോക്സ് തയ്യാറാക്കുന്നത്. താന്‍ വീട്ടിലില്ലാത്ത അവസരങ്ങളില്‍ വേലക്കാരി എന്തൊക്കെയാണ് കഴിക്കാന്‍ കൊടുക്കുന്നതെന്ന് അവര്‍ കുട്ടിയോട് കൃത്യമായി ചോദിച്ചറിയുകയും ചെയ്യുന്നു. ഒരു അതുലിന്റെ വീട്ടില്‍ മാത്രമല്ല ഇത് സംഭവിക്കാവുന്നത്. കുട്ടികളെ നല്ല ശീലങ്ങള്‍ക്ക് ഉടമയാക്കി വളര്‍ത്തിയെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. അതിനായി സമയം കണ്ടെത്തുകതന്നെ വേണം. അവര്‍ കളിച്ചു വളരട്ടെ പഴയ തലമുറയിലെ കുട്ടികള്‍ പാടത്തും പറമ്പിലും കളിച്ചു വളര്‍ന്നവരാണ്. എന്നാല്‍ പുതിയ തലമുറയാകട്ടെ കളി മുഴുവന്‍ കമ്പ്യൂട്ടറിലും മൊബൈലിലും ആണ്. ഒരു സ്ഥലത്തുതന്നെ ചടഞ്ഞുകൂടിയിരുന്ന് ഗെയിം കളിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി കുട്ടികളില്‍ പൊണ്ണത്തടി കൂടുന്നു. ഫഌറ്റുകളിലേയ്ക്ക് ജീവിതം കൂടുമാറിയ സാഹചര്യത്തില്‍ കുട്ടികളെ പഴയതുപോലെ പറമ്പില്‍ കളിക്കാന്‍ വിടണം എന്നു പറയുന്നത് പ്രായോഗികമല്ല. എങ്കിലും സായാഹ്നങ്ങളില്‍ അല്പദൂരം നടക്കാന്‍ ശീലിപ്പിക്കാം. അല്ലെങ്കില്‍ ടെന്നീസ്, ഫുട്ബോള്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കാം. ചെറിയ ദൂരം സഞ്ചരിക്കാനായി ഒരു സൈക്കിള്‍ വാങ്ങി നല്‍കാം. കൂടുതല്‍ നേരം ടി.വിയ്ക്കോ കമ്പ്യൂട്ടറിനോ മുന്നില്‍ ഇരിക്കുന്നതു വിലക്കണം. വീട്ടുകാര്‍തന്നെ കൂടുതല്‍ നേരം ടി.വി കണ്ടുകൊണ്ടിരുന്നാല്‍ കുട്ടികളും അതേ ശീലം പിന്തുടരും. അതിനാല്‍ വീട്ടില്‍ ടി.വി ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുക. ചില രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിനുള്ളില്‍തന്നെ അടച്ചു വളര്‍ത്തുന്നതു കാണാം. ഇത് കുട്ടികളെ അന്തര്‍മുഖരാക്കി മാറ്റാന്‍ സാധ്യതയുണ്ട്. അവരെ അയല്പക്കത്തോ അടുത്ത ഫഌറ്റുകളിലോ ഉള്ള സമപ്രായക്കാരുമായി ഇടപഴകാന്‍ അനുവദിക്കുക. അവര്‍ കൂട്ടുകൂടി കളിച്ചു വളരട്ടെ. ഭക്ഷണത്തില്‍ വിട്ടുവീഴ്ച അരുത് ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഇത് തെറ്റായ രീതിയാണ്. എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം എന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് യാതൊരു ധാരണയുമില്ല. അവര്‍ മിക്കപ്പോഴും പരസ്യങ്ങളില്‍ കാണുന്നതനുസരിച്ചാണ് ഏതെങ്കിലുമൊക്കെ ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്കാന് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും മറ്റും ചിത്രങ്ങളോടെ പായ്ക്കറ്റുകളില്‍ എത്തുന്ന ഇത്തരം ജങ്ക് ഫുഡില്‍ മിക്കതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ എത്തുന്നത് ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ഓര്‍മ്മക്കുറവിനും പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കുകയും മറവിരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും അവര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും കുട്ടി വാശിപിടിച്ചു എന്നതുകൊണ്ടു മാത്രം ജങ്ക് ഫുഡിന് പിറകേ പോകരുത്. കുട്ടിക്ക് പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണംതന്നെ നല്‍കണം. അതോടൊപ്പം മോശം ഭക്ഷണമേത്, നല്ല ഭക്ഷണമേത് എന്ന് അവര്‍ക്കു പറഞ്ഞുകൊടുക്കാം. വേണം ശ്രദ്ധ കുട്ടികള്‍ ഏതൊക്കെ സിനിമകളും ചാനലുകളും കാണുന്നു എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ദ്വയാര്‍ത്ഥപ്രയോഗങ്ങളും അശ്ലീലസംഭാഷണങ്ങളും അക്രമങ്ങളും നിറഞ്ഞ സിനിമകളും സീരിയലുകളും കുട്ടികളെ കാണിക്കാതിരിക്കുന്നതാണ് ഉചിതം. കുട്ടികള്‍ എന്തൊക്കെ കാണുന്നു എന്നത് അവരുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നു. സിനിമയിലൂടെ കാണുന്ന കാര്യങ്ങള്‍ അവരെ സ്വാധീനിച്ചേക്കാം. സിനിമയിലെ പല രംഗങ്ങളും കണ്ട് അതനുകരിക്കാന്‍ ശ്രമിച്ച് കുട്ടികള്‍ അപകടത്തില്‍ ചെന്നു ചാടുന്ന വാര്‍ത്തകള്‍ ഇതിന് തെളിവാണ്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഗെയിമുകള്‍ക്കും അപ്പുറം ദിവസത്തില്‍ അല്പസമയമെങ്കിലും നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. വായനാശീലത്തിന്റെ അഭാവം മൂലമാണ് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഭാഷ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം കുറയുന്നത്. പണത്തിന്റെ മൂല്യം അറിയണം കുട്ടികളെ കഷ്ടപ്പാടൊന്നും അറിയിക്കാതെ വളര്‍ത്തണം എന്നു ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കള്‍. അതുകൊണ്ടുതന്നെ അവര്‍ ആവശ്യപ്പെടുന്നതെന്തും രക്ഷിതാക്കള്‍ ഉടനടി വാങ്ങിക്കൊടുത്തിരിക്കും. ഇതുമൂലം പണത്തിന്റെ മൂല്യം അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെെയന്നും അത് സമ്പാദിക്കുന്നതിലെ അധ്വാനവും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും അനാവശ്യമായ ചെലവുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുക. കുട്ടി ഒരു സാധനം കേടുവരുത്തിയാലുടന് മറ്റൊന്നു വാങ്ങിനല്‍കേണ്ടതില്ല. പകരം ഓരോ സാധനവും ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അവരെ ഓര്‍മ്മപ്പെടുത്താം. ഒന്നു പോയാല്‍ മറ്റൊന്നു വാങ്ങി നല്‍കുമെന്ന് ഉറപ്പുള്ളപ്പോള്‍ കുട്ടി അലക്ഷ്യമായി സാധനങ്ങള്‍ ഉപയോഗിക്കുകയും കേടുവരുത്തുകയും ചെയ്യും. വലിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിനല്‍കാന്‍ കുട്ടി ആവശ്യപ്പെടുമ്പോള്‍ അത്രയും പണം തന്റെ പക്കല്‍ ഇല്ല എന്ന് തുറന്നുപറയുന്നതില്‍ അഭിമാനക്കുറവൊന്നും തോന്നേണ്ടതില്ല. വീട്ടിലെ സാമ്പത്തികസ്ഥിതി അറിഞ്ഞുതന്നെ കുട്ടികള്‍ വളരണം. എങ്കില്‍ മാത്രമേ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കാന്‍ അവര്‍ക്കു മനസ്സുണ്ടാകൂ. പെരുമാറ്റം പ്രധാനം ആളുകളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അതിപ്രധാനമാണ്. സമ്പത്തും ഉന്നതപദവിയും ഉണ്ടായാലും ആളുകളോട് നല്ല രീതിയില്‍ പെരുമാറാന്‍ അറിയില്ലെങ്കില്‍ സമൂഹം അംഗീകരിക്കില്ല. ഇതു പഠിപ്പിക്കേണ്ടത് നഴ്സറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ചുമതല കൂടിയാണ്. മിനിറ്റുകള്‍ കൊണ്ട് കളിച്ചു തീരേണ്ട മൊബൈല്‍ ഗെയിമുകളുടെ ലോകത്ത് ജീവിക്കുന്നതു കൊണ്ടാകാം പുതിയ തലമുറയിലെ കുട്ടികളില്‍ ക്ഷമാശീലം പൊതുവേ കുറവാണ്. ചെറിയ കാര്യത്തിനു പോലും ദേഷ്യപ്പെടുന്നതും ഉറക്കെ സംസാരിക്കുന്നതും ഭൂരിഭാഗം കുട്ടികളുടേയും ശീലമാണ്. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നത് ക്ഷമാശീലം വര്‍ധിക്കാന്‍ സഹായിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കാനും ആളുകളോട് സഹാനുഭൂതിയോടെ ഇടപഴകാനും കെട്ടുറപ്പുള്ള സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനും കുട്ടികളെ ശീലിപ്പിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയൂ. ജീവിതത്തില്‍ തിരക്കുകളുടെ പിന്നാലെ പായുമ്പോള്‍ കുട്ടികളുടെ കാര്യങ്ങള്‍ അവഗണിക്കരുത്. പരമാവധി സമയം അവരോടൊപ്പം ചെലവിടാന്‍ ശ്രമിക്കുക. ശീലങ്ങള്‍ വേരുറയ്ക്കുന്നത് കുട്ടിക്കാലത്താണ്. ആ ഘട്ടത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ അവര്‍ക്ക് കൂടിയേ തീരൂ. കുട്ടിയെ നല്ല ശീലങ്ങളുടേയും മൂല്യങ്ങളുടേയും ഉടമയാക്കി വളര്‍ത്തി അവര്‍ക്ക് ഒരു നല്ല ജീവിതം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സന്ധ്യാറാണി. എല്‍ ചൈല്‍ഡ് & ഫാമിലി കൗണ്‍സിലര്‍ കുഞ്ഞുവാവയെ സിനിമ കാണാന്‍ കൊണ്ടുപോകാമോ…? സിനിമ നല്ല ഹരം പിടിച്ചു വരുമ്പോഴായിരിക്കും അടുത്ത സീറ്റില്‍ ഇരിക്കുന്നയാളുടെ മടിയിലുള്ള കുട്ടി കരയുന്നത്. കുഞ്ഞുവാവ പിന്നെ നിര്‍ത്താതെ കരച്ചിലായിരിക്കും. അച്ഛനും അമ്മയും കുട്ടിയെയും കൊണ്ടും തിയെറ്ററിനു പുറത്തും അകത്തുമായി നിന്ന് സിനിമ കാണും. ഈയൊരു രംഗം ജീവിതത്തില്‍ കാണാത്തവര്‍ ആരുമുണ്ടാകില്ല. മറ്റുള്ളവരുടെ ദേഷ്യത്തോടെ നോട്ടവും ചീത്തവിളിയും ഈ സമയത്ത് മാതാപിതാക്കള്‍ സഹിക്കേണ്ടി വരും. കുഞ്ഞുവാവയെ സിനിമാ തിയെറ്ററില്‍ കൊണ്ടു പോകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. നാട്ടുകാര്‍ പിടിച്ചു പുറത്താക്കും കുഞ്ഞു കരയുമ്പോള്‍ ഒരാള്‍ക്ക് പോലും കുട്ടിയോടോ രക്ഷിതാക്കളോടോ സഹതാപമുണ്ടാകില്ല. ഇവര്‍ക്കൊന്ന് ഇറങ്ങിപ്പൊയ്ക്കൂടെ എന്നാകും എല്ലാവരുടെയും മനസില്‍. സിനിമ ആസ്വദിക്കാന്‍ കാശുമുടക്കി എത്തിയവര്‍ അധിക സമയമൊന്നും കരച്ചില് സഹിക്കില്ല. പിന്നെ തെറിവിളികേട്ട് സ്വയം ഇറങ്ങിപ്പോകുകയോ മറ്റു കാണികള്‍ പരാതി നല്കി ഇറക്കിവിടുകയോ സംഭവിക്കാം. അതു കൊണ്ട് കുഞ്ഞ് കരയുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് തിയെറ്ററില്‍ പോയി സിനിമ കാണാനുള്ള മോഹം ഉപേക്ഷിക്കുകയാണ് നല്ലത്. അമിത ശബ്ദം ഹാനികരം ചെറു നഗരങ്ങളില്‍പ്പോലും മള്‍ട്ടിപ്ലക്സുകള്‍ സാധാരണമാണിപ്പോള്‍. ഗംഭീര ശബ്ദ സംവിധാനങ്ങളാണ് ഇവിടെയുണ്ടാകുക. ഇവിടേക്കാണ് പൂര്‍ണ വളര്‍ച്ച കൈവരിക്കാത്ത കേള്‍വി ശക്തിയുള്ള കുഞ്ഞുങ്ങളുമായി പോകുന്നത്. ശബ്ദം സഹിക്കാന്‍ വയ്യാതെ ചെവി വേദനകൊണ്ടാകും ചിലപ്പോള്‍ കുട്ടികള്‍ കരയുന്നത്. വളരെ ചെറിയ കുട്ടികളുടെ ശ്രവണനാളം തീരെ വികാസം പ്രാപിക്കാത്തതാണ്. 100 ഡെസിബല്‍ ശബ്ദം 15 മിനിറ്റിലേറെ കേള്‍ക്കുന്നത് മുതിര്‍ന്നവര്‍ക്ക് വരെ ദോഷമാണ്. ഇവിടേക്കാണ് പൂര്‍ണ വളര്‍ച്ച എത്താത്ത കുട്ടികളുമായി നമ്മള് പോകുന്നത്. വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഇതു സൃഷ്ടിക്കും.മാനസിക വളര്‍ച്ച തടയുന്നു ചെവികള്‍ പോലെ തലച്ചോറും പൂര്‍ണവളര്‍ച്ച കൈവരിച്ചിട്ടുണ്ടാകില്ല കുട്ടികള്‍ക്ക്. ടിവിയെ കാഴ്ചകളെപ്പോലും ശരിയായ രീതിയില്‍ വിശകലനം ചെയ്യാന്‍ തലച്ചോര്‍ പ്രാപ്തി കൈവരിച്ചിട്ടില്ല. അപ്പോള്‍ ടിവിയേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള തിയേറ്റര്‍ സ്ക്രീനിലെ കാഴ്ചകളോ. സ്ക്രീനിലെ മിന്നിമറിയുന്ന കാഴ്ചകള്‍ കുട്ടികളെ നാമറിയാതെ ഗൗരവമായി ബാധിക്കുന്നുണ്ട്. രണ്ടുവയസില്‍ താഴെയുള്ള കുട്ടികളെ ടിവിയിലോ തിയെറ്ററിലോ സിനിമകള്‍ കാണിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗങ്ങള്‍ ഫ്രീ രോഗങ്ങള്‍ പടരാന്‍ ഏറെ സാധ്യതയുള്ള സ്ഥലമാണ് തിയേറ്ററുകള്‍. മൂക്കു ചീറ്റിയും തുപ്പിവച്ചും ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചും മിക്ക തിയെറ്ററുകളും അണുക്കളുടെ കേന്ദ്രമാണ്. രോഗപ്രതിരോധ ശേഷി കുറവായ കൊച്ചു കുട്ടികളെയും കൊണ്ട് ഇവിടേക്ക് വരുന്നത് അപകടകരമാണ്. കരച്ചില് കണ്ടില്ലെന്നു നടിക്കരുത് തിയേറ്ററിലിരുന്ന് കുട്ടി കരയുന്നത് തീര്‍ച്ചയായും കാരണമുണ്ടാകും. വിശപ്പ്, ക്ഷീണം എന്നിവയാകാം കാരണം. മൂത്രമൊഴിച്ച് ഡയപ്പര്‍ നനഞ്ഞതാകാം മറ്റൊരു കാരണം. കരച്ചില് മാറ്റം ആദ്യമൊക്കെ ശ്രമിക്കും. എന്നിട്ടും നിര്‍ത്തിയില്ലെങ്കില്‍ അവഗണിക്കും. ഇതാണ് മിക്ക മാതാപിതാക്കളും ചെയ്യുക. കരച്ചില് ഒരിക്കലും അവഗണിക്കരുത്. നിര്‍ത്താതെ കുറെ സമയം കരയുന്നത് ശ്വാസകോശത്തിനും നട്ടെല്ലിനും തകരാര്‍ ഉണ്ടാക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. കുട്ടികളുമായി യാത്ര പോകുമ്പോള്‍ ഓണവും പെരുന്നാളും അടുപ്പിച്ചെത്തിയതോടെ കുട്ടികള്‍ക്കിനി അവധിക്കാലമാണ്. അവധിക്കാലത്ത് കുട്ടികളുമായി യാത്ര പോകുന്നത് മിക്ക കുടുംബങ്ങളുടെയും ശീലമാണ്. കുട്ടികളുമായി ഉല്ലാസ യാത്രയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. യാത്ര പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ ധാരണ വേണം. തണുപ്പും ചൂടും കൂടുതലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ഒഴിവാക്കാം. പെട്ടെന്നുള്ള കാലാവാസ്ഥമാറ്റം കുട്ടികള്‍ക്ക് അസുഖം വരാന്‍ കാരണമാകും. അസുഖമുള്ള കുട്ടികളുമായി ഒരിക്കലും യാത്ര പോകരുത്. ഫസ്റ്റ് എയ്ഡ് കിറ്റ് നിര്‍ബന്ധമായും കൈയില്‍ കരുതുക. വേദനസംഹാരികള്‍, വയറിളക്കം, ഛര്‍ദി തുടങ്ങിയവയ്ക്കുളള മരുന്നുകള്‍, ഒആര്‍എസ് പായ്ക്കറ്റുകള്‍, ബാന്‍ഡേജ്, പഞ്ഞി തുടങ്ങിയവ ഇതില്‍ കരുതണം. വെള്ളവും ഭക്ഷണവും കൈയില്‍ കരുതണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലെ ഭക്ഷണം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍. ഇടയ്ക്ക് കുട്ടികള്‍ക്ക് കഴിക്കാന്‍ പഴങ്ങളോ ഡ്രൈ ഫ്രൂട്ട്സോ നല്‍കാം. കുട്ടികള്‍ കൂട്ടം തെറ്റാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മാതാപിതാക്കളുടെ ഫോണ്‍ നമ്പറും അഡ്രസും കുട്ടികളുടെ കൈയില്‍ കൊടുക്കണം. കൂട്ടം തെറ്റിയാല്‍ അപ്പോള്‍ തന്നെ പൊലീസുമായി ബന്ധപ്പെടാന്‍ പറയണം. സ്വര്‍ണം ഉള്‍പ്പടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ കുട്ടികളെ അണിയിക്കരുത്. മോഷണ സംഘത്തിന്റെ കൈയില്‍ പെട്ടാല്‍ വലിയ അപകടങ്ങള്‍ കുട്ടികള്‍ക്ക് സംഭവിക്കും. വെള്ളം കണ്ടാല്‍ കുട്ടികളുടെ ആവേശം ഇരട്ടിക്കും. വെള്ളച്ചാട്ടങ്ങളിലും പുഴകളിലും ഇറങ്ങുമ്പോള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. കെട്ടിക്കിടക്കുന്ന വെളളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക. ചര്‍മരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ഇതു സഹായിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ വേണം കുട്ടികളെ ധരിപ്പിക്കാന്‍. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ കൂടുതല്‍ കൈയില്‍ കരുതാം. രണ്ടോ മൂന്നോ ദിവസം നീണ്ടു നില്ക്കുന്ന യാത്രയാണെമങ്കില് താമസ സൗകര്യം ഉറപ്പുവരുത്തിയിട്ടു വേണം യാത്ര തുടങ്ങാന്‍. കുട്ടികളുമായി രാത്രിയില്‍ അലഞ്ഞു തിരിയുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണാകും. ഓരോ യാത്രകളും വലിയ പാഠങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുക. ഇതിനാല്‍ അവധിക്കാലത്ത് പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കണം പങ്കുവെയ്ക്കാന്‍ പഠിപ്പിക്കാം പരസ്പരം പങ്കുവെയ്ക്കാനുള്ള സ്വഭാവം ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കേണ്ടതാണ്. പരസ്പരം പങ്കുവെച്ചു വളര്‍ന്നാല്‍ മാത്രമേ കുട്ടികള്‍ നല്ല പൗരന്മാരാകൂ. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ റോളാണുള്ളത്. കുട്ടിക്കാലത്ത് ഭക്ഷണസാധനങ്ങളും കളിപ്പാട്ടങ്ങളും പരസ്പരം കൈമാറാന്‍ കുട്ടികളെ ശീലിപ്പിക്കണം. കൂട്ടുകാരുണ്ടാകട്ടെകുട്ടിക്കാലത്ത് തന്നെ നല്ല സൗഹൃദങ്ങള്‍ വലിയ സമ്പത്താണ് ഏവര്‍ക്കും. കുട്ടിക്കാലത്ത് തന്നെ കൂട്ടുകാരുമായി കളിക്കാനും മറ്റും മക്കളെ നിര്‍ബന്ധിക്കണം. അയല്‍ക്കാര്‍, സഹപാഠികള്‍ എന്നിവരുമായി നല്ല സൗഹൃമുണ്ടാക്കാന് മക്കളോട് നിര്‍ദേശിക്കുക. ഇവരുമായി അടുത്ത് ഇടപെഴകുന്നത് മക്കളില്‍ സഹകരണ ശീലം വളര്‍ത്തും. ഇടയ്ക്ക് അയല്‍ വീടുകളിലും സഹപാഠികളുടെ വീടുകളിലും മക്കളോടൊത്ത് സന്ദര്‍ശനവും നടത്താം. പ്രയാസങ്ങള്‍ പറഞ്ഞു കൊടുക്കണം എല്ലാവരും മക്കള്‍ക്ക് നല്ല സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനാണ് ഇഷ്ടപ്പെടുക. എന്നാല്‍ പഠിക്കാന്‍ സാധിക്കാത്തവും വീടില്ലാത്തവരുമായി നിരവധി കുട്ടികള്‍ നമുക്ക് ഇടയിലുണ്ട്. നിങ്ങളുടെ മക്കളുടെ സഹപാഠികളും ഇക്കൂട്ടത്തിലുണ്ടാകും. ഇവരുടെ കാര്യം മക്കള്‍ പറയുമ്പോള്‍ അവരെ സഹായിക്കാന്‍ മുന്‍കൈ എടുക്കണം. മക്കള്‍ വഴി പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുക.ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കാം ഒരു നേരമെങ്കിലും വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കണം. കുട്ടികളില്‍ പങ്കുവെയ്ക്കുന്ന ശീലം വളര്‍ത്താന്‍ പറ്റിയ ഏറ്റവും നല്ല മാര്ഗമിതാണെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. ഭക്ഷണം പങ്കുവെച്ചും പരസ്പരം വിളമ്പി നല്‍കിയും കുട്ടികളില്‍ സഹകരണ മനോഭാവം വളരുന്നു.മാതൃകയാകണം മാതാപിതാക്കളും മാതാപിതാക്കളാണ് മക്കളുടെ റോള്‍ മോഡലുകള്‍. ഇക്കാര്യത്തിലും അച്ഛനും അമ്മയും തന്നെ വഴികാട്ടണം. കുട്ടികളുടെ മുന്നില്‍ വച്ചു മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കരുത്. നിങ്ങളുടെ കുട്ടിക്കാലത്ത് അനുഭവിച്ച പ്രയാസങ്ങളും ആ സമയത്ത് സഹായിക്കാനെത്തിയവരെ കുറിച്ചുമെല്ലാം മക്കളോട് പറയുക. ഇടയ്ക്ക് ഓരോ യാത്രകള്‍ കുടുംബത്തോടൊപ്പം ഇടയ്ക്ക് ഓരോ യാത്രകള്‍ നല്ലതാണ്. പാര്‍ക്കിലും ബീച്ചിലുമെല്ലാം കുട്ടികള്‍ പറന്നു നടക്കട്ടേ. പുതിയ നിരവധി അനുഭവങ്ങള്‍ യാത്രകള്‍ അവര്‍ക്ക് നല്കുന്നു. സ്കൂള്‍, വീട് എന്നിവയ്ക്കു പുറത്തുള്ള ലോകം മക്കള്‍ മനസിലാക്കട്ടെ. സ്വഭാവ രൂപീകരണത്തില്‍ ഇതെല്ലാം വലിയ പങ്കുവഹിക്കും. എവിടുന്നു കിട്ടുന്നീ ചീത്ത വാക്കുകള്‍ ഇവന് ഇതൊക്കെ എവിടെ നിന്നു പഠിക്കുന്നു… കുട്ടികള്‍ ചീത്ത വാക്കുകള്‍ പറയുമ്പോള്‍ മാതാപിതാക്കളുടെ പ്രതികരണമിതാണ്. നല്ലതു പോലെ പെരുമാറിയിരുന്ന കുട്ടി ഒരു ദിവസം ചീത്തവാക്കുകള്‍ പറയുന്നത് മാതാപിതാക്കള്‍ക്ക് വലിയ ഞെട്ടലായിരിക്കും ഉണ്ടാക്കുക. പലപ്പോഴും പൊതു ജനമധ്യത്തില്‍ മാതാപിതാക്കള്‍ നാണം കെടാനും ഇതു കാരണമാകും. എവിടെ നിന്നാണ് കുട്ടികള്‍ മോശം വാക്കുകള്‍ പഠിക്കുന്നത്…?ചുറ്റുപാടുകള്‍ തന്നെ കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പഠനത്തിനും അത്യാവശ്യമായൊരു കാര്യമാണ് അനുകരിക്കല്‍ അല്ലെങ്കില്‍ മാതൃകയാക്കല്‍. ദൈനംദിന ജീവിതത്തില്‍ വിവിധ വിവിധ രൂപത്തിലുള്ള സ്വാധീനങ്ങളുടെ ഫലമായാണ് ഭാഷയുള്‍പ്പടെയുള്ള കഴിവുകള്‍ കുട്ടികള്‍ ആര്‍ജിക്കുന്നത്. രണ്ടു വയസുവരെ കുട്ടികള്‍ ഭാഷ പഠിക്കുന്നത് മുതിര്‍ന്നവരെ അനുകരിച്ചാണ്. മാതാപിതാക്കളും കുടുംബാംഗങ്ങളും അയല്‍ക്കാരും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. എന്നാല്‍ വളരുന്നതിനും ഭാഷയില്‍ ആത്മവിശ്വാസം നേടുന്നതിനും അനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് പുറമെ മറ്റുള്ളവരുമായും കുട്ടികള്‍ ഇടപെഴകുന്നു. അവരുമായുള്ള സംസാരത്തില്‍ നിന്നും പുതിയ വാക്കുകളും ശൈലികളും മറ്റും കണ്ടെത്തി ഉപയോഗിച്ചു തുടങ്ങുന്നു. ഇക്കൂട്ടത്തില്‍ ചിലപ്പോള്‍ ചീത്തവാക്കുകയും അസഭ്യവും ഉള്‍പ്പെട്ടേക്കാം.എന്തിനിങ്ങനെ പറയുന്നു കുട്ടികള്‍ അവര്‍ക്ക് രസമെന്നു തോന്നുന്നതോ പ്രിയപ്പെട്ട ആരെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നതോ ആയ വാക്കുകള്‍ അനുകരിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം വാക്കുകളുടെ അര്‍ഥമൊന്നും കുട്ടികള്‍ക്ക് അറിയില്ല. വലുതായെന്നു സ്വയം തോന്നാനോ, മറ്റുള്ളവരുടെ ശ്രദ്ധയാകര്ഷിക്കാനോയാണ് കുട്ടികള്‍ പുതിയ വാക്കുകള്‍ പ്രയോഗിക്കുന്നത്. ഇതിനായി തങ്ങളുടെ പദസമ്പത്ത് എപ്പോഴും കൂട്ടാന്‍ കുട്ടികള്‍ ശ്രമിച്ചു കൊണ്ടിരിക്കും. മാതാപിതാക്കള്‍ എന്തു ചെയ്യണം ഈ സന്ദര്‍ഭങ്ങളില്‍ ഒരിക്കലും ദേഷ്യപ്പെടരുത്. ചീത്ത വാക്കുകള്‍ പറയുമ്പോള്‍ ഒരിക്കലും ശ്രദ്ധിക്കരുത്. ആരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ കുട്ടികള്‍ പിന്നെ ഇത്തരം വാക്കുകള്‍ അധികം ഉപയോഗിക്കില്ല. നീ പറയുന്നത് എന്താണ്, ആരാണു പഠിപ്പിച്ചു തന്നതെന്ന് ശാന്തമായി കുട്ടികളോട് ചോദിക്കുക. ഇങ്ങനെ സംസാരിക്കുന്നത് മോശം കാര്യമാണെന്ന് പറഞ്ഞു കൊടുക്കുക. വലിയ കാര്യമായി കാണാതെ ശാന്തമായി വേണം കുട്ടികളെ ഇതെല്ലാം പറഞ്ഞു മനസിലാക്കാന്‍. നല്ല ഭാഷയാണോ പഠിക്കുന്നത് കുട്ടിക്ക് വീട്ടില്‍ ഭാഷയുടെ ശരിയായ ഉച്ചാരണം പഠിപ്പിച്ചു നല്‍കുക. പിന്നീട് അവര്‍ക്ക് ഇഷ്ടമുള്ള ഭാഷാ ഭേദങ്ങള്‍ പഠിച്ചോട്ടെ. ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും ശരിയായ രീതിയിലും സംസാരിക്കാന്‍ അവര്‍ക്ക് ഒരാള്‍ മാതൃകയാവുക. വല്ലാതെ ദേഷ്യം വരുമ്പോഴും സമ്മര്‍ദം വരുമ്പോഴും അത് അര്‍ഥപൂര്‍ണമായി പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളെ പരിശീലിപ്പിക്കണം. കൈയ്യേതായാലെന്താ..! ഇംഗ്ലീഷില്‍ റൈറ്റ്ഹാന്‍ഡ് എന്നൊരു പ്രയോഗമുണ്ട്. അതിന്റെ മലയാളീകരിച്ച രൂപമാണ് പിന്നീട് ഇവിടെയും പ്രചാരത്തില്‍ വന്നത്. അതായത് വലംകൈ എന്ന പ്രയോഗം. ഒരാള്‍ മറ്റെയാളുടെ വലംകൈയ്യാണ് എന്നു പറഞ്ഞാല്‍ ഏറ്റവും അടുത്തയാള്‍, അല്ലെങ്കില്‍ ഉറ്റ അനുയായി എന്നെല്ലാം അര്‍ഥം. അങ്ങനെ ‘വലംകൈ’ ഒരു വലിയ സംഗതിയായി വിചാരിക്കുന്ന നമ്മളുടെ നാട്ടില്‍ അധികം ഇടംകൈയ്യന്മാരെ കാണുന്നില്ലല്ലോ…? എന്തായിരിക്കും കാരണം… ? വളരെ പണിപ്പെട്ട് രക്ഷിതാക്കള്‍ കുട്ടികളുടെ ഇടംകൈ മാറ്റി വലംകൈ ആക്കാന്‍ ശ്രമിക്കുന്നതുതന്നെ. അതും വളരെ ചെറുപ്പത്തിലേ തന്നെ. നമ്മുടെ വീട്ടിലും അയല്‍വീട്ടിലും ബന്ധുക്കളുടെയടുത്തും സ്കൂളിലും എന്നുവേണ്ട ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. ഇടംകൈകൊണ്ട് ഭക്ഷണം കഴിച്ചാലോ എഴുതിയാലോ ആദ്യം കുട്ടികളെ കളിയാക്കുകയും ‘കൈ മാറ്റാന്‍’ അവരെ ഉപദേശിക്കുകയും ചെയ്യും. കൈമാറ്റം എളുപ്പമല്ല ‘കൈമാറ്റം’ അത്രയെളുപ്പമല്ലെന്ന് അറിയാത്ത വലംകൈക്കാരായ അച്ഛനും അമ്മയും തുടര്‍ന്നവരെ പരസ്യമായി വഴക്കുപറയും. തുടര്‍ച്ചയായ ശിക്ഷയും ശകാരവും ഭയന്ന് കുട്ടികള്‍ വലം കൈയ്യന്മാരാകാന് നിര്‍ബന്ധിക്കപ്പെടും. അതിനിടയില്‍ വിവരമുള്ള ആരെങ്കിലും ‘അത് നാച്വറലായി വരുന്നതല്ലേ, അത് മാറ്റല്ലേ, അവന്റെ മിടുക്ക് ഇടതുകൈകൊണ്ട് ചെയ്യുന്നതിലായിരിക്കും’ എന്ന് പറഞ്ഞുകൊടുത്താല്‍ അതുകേട്ടു ചിരിക്കുകയും ഉള്ളില്‍ ‘എന്റെ കുട്ടിയുടെ കാര്യം ഞാന്‍ നോക്കിക്കോളാം’ എന്നവര്‍ പറയുകയും ചെയ്യും. ആരാണ് ഇടംകൈയ്യന്‍…? സത്യത്തില്‍ ആരാണ് ഇടങ്കയ്യനായ കുട്ടി? എഴുതുന്നതുപോലെയുള്ള പ്രവൃത്തികള്‍ ഏറ്റവും സുഖകരമായും സൗകര്യപ്രദമായും വലംകൈയ്യേക്കാള് ഇടംകൈകൊണ്ടു നിത്യേന ചെയ്യുന്നവരാണ് ഇടംകൈയ്യര്‍. എന്നാല്‍ എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരേ കൈതന്നെ ഉപയോഗിച്ചു കൊള്ളണമെന്നില്ല. എന്നിരുന്നാലും എഴുത്താണ് ഇതു നിര്‍ണയിക്കുന്ന സാധാരണമായ ഒരു പ്രവൃത്തി. നാലുതരം കൈയ്യന്മാര് വലംകൈയ്യന്മാര് (Right handed): എല്ലാ പ്രധാന പ്രവൃത്തികളും വലംകൈയ്യുകൊണ്ടാണവര്ക്കു നന്നായി ചെയ്യാന്‍ കഴിയുക.ഇടംകൈയ്യന്മാര് (Left handed) : അവര്‍ക്കു കാര്യങ്ങള്‍ ഇടംകൈയ്യു കൊണ്ടാണ് നന്നായി ചെയ്യാന്‍ കഴിയുക.സങ്കര കൈയ്യന്മാര്: (Mixed) ചില കാര്യങ്ങള്‍ വലംകൈ കൊണ്ടും ചിലത് ഇടംകൈ കൊണ്ടും ചെയ്യുന്നു (ഉദാ:വലംകൈ കൊണ്ടു നന്നായി എഴുതുന്നു; അതോടൊപ്പം ഇടംകൈ കൊണ്ടു നന്നായി എറിയുകയും ചെയ്യുന്നു).Ambidextrous : ഇക്കൂട്ടര്‍ അപൂര്‍വ്വമാണ്. ഇവര്‍ ഏതു കാര്യവും രണ്ടു കൈകൊണ്ടും ഒരുപോലെ നന്നായി ചെയ്യും. കണക്കുപ്രകാരം ലോകജനതയുടെ 70-90% ആളുകളും വലംകൈയ്യന്‍മാരാണ്. 8-15 % ആളുകള്‍ ഇടംകൈയ്യന്മാരും. വലംകൈയ്യന്മാരില് തലച്ചോറിന്റെ ഇടതുവശത്തിനായിരിക്കും സ്വാധീനം കൂടുതല്‍. ഇടംകൈയ്യന്മാരില് മിക്കവരിലും ഇതു വലതുവശമായിരിക്കും. ദൃശ്യം, സ്ഥലം എന്നിവയെക്കുറിച്ചുള്ള ധാരണ, അവബോധം, വികാരം, ക്രിയേറ്റിവിറ്റി, ശ്രദ്ധ എന്നിവയെല്ലാം തലച്ചോറിന്റെ വലതുഭാഗമാണ് സാധാരണയായി നിയന്ത്രിക്കുന്നത്.എന്തുകൊണ്ട് ഇടംകൈ അല്ലെങ്കില്‍ വലംകൈ എന്നു ചോദിച്ചാല്‍ ജനിതകപരവും അല്ലാത്തതുമായ ഘടകങ്ങള്‍ എന്നാണ് ഉത്തരം. വളരെ കുഞ്ഞായിരിക്കുമ്പോള്‍തന്നെ ഏതു കൈയ്യാണിവര് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നു നോക്കി വലുതാകുമ്പോള്‍ ഇടംകൈയ്യനാകുമോ അതോ വലംകൈയ്യനാകുമോ എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പ്രീസ്കൂള്‍ സമയമാകുമ്പോഴേക്കും 90% കുട്ടികളിലും ഏകദേശം തീരുമാനിക്കപ്പെട്ടിരിക്കും. ആണ്‍കുട്ടികള്‍ ഇടംകൈയ്യന്മാരാകാനുള്ള സാധ്യത പെണ്‍കുട്ടികളേക്കാള്‍ കൂടുതലാണ് എന്നാണ് കാണുന്നത്. ‘കൈമാറ്റം’ വേണ്ട…! ഇടംകൈയ്യനായ ഒരു കുട്ടിയെ നിര്‍ബന്ധിച്ചു വലംകൈയ്യനാക്കേണ്ട കാര്യമില്ല. മാത്രമല്ല, അത് പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ടുതാനും. കുട്ടികളുടെ ഓര്മ ശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവയെ അതു ബാധിച്ചേക്കാം. മാത്രമല്ല ഇടംകൈ മോശമാണ് എന്ന പല്ലവി തുടര്‍ച്ചയായി കേള്‍ക്കുന്നതിലൂടെ കുട്ടികളില്‍ അരക്ഷിതാവസ്ഥയും ഇന്ഫീരിയോരിറ്റി കോംപ്ലക്സും, ഉള്‍വലിയല്‍, നഖം കടിക്കുന്ന സ്വഭാവം എന്നിവയും ഉണ്ടായേക്കാം.മിക്ക ഉപകരണങ്ങളും വലംകൈയ്യന്മാര്ക്കു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് ഇടംകൈയ്യന്മാര് നേരിടേണ്ടിവരുന്ന മറ്റൊരു പ്രധാന പ്രശ്നം. ഒരു സ്ക്രൂ മുറുക്കുക, ഒരു പെന്‍സില്‍ ഷാര്പെന് ചെയ്യുക എന്നതില്‍വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടാം. എന്നാല്‍ ക്രിക്കറ്റ്, ടെന്നിസ്, ബാഡ്മിന്റണ്‍, ബോക്സിങ് എന്നിവ ഇടംകൈയ്യന്മാര്ക്കു കൂടുതല്‍ സൗകര്യപ്രദമായി കളിക്കാന്‍ പറ്റിയേക്കാം.രക്ഷിതാക്കള്‍ മനസിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇടംകൈയ്യനായിരിക്കുക എന്നത് ഒരു തകരാറോ ഒരു കഴിവു കുറവോ അല്ലെന്നും മറിച്ച് അതൊരു വ്യത്യസ്തത മാത്രമാണെന്നതും ആണ്. കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള കൈകൊണ്ടെഴുതിക്കോട്ടെ; അതു നമ്മള് തിരഞ്ഞെടുക്കേണ്ട ഒരു കാര്യമല്ല. അതുകൊണ്ട് ‘ഇടംകൈ കൊണ്ടെഴുതിയാല്‍ നിന്റെ കൈയ്യക്ഷരം കാണാന്‍ നല്ല ചേലായിരിക്കും’ എന്ന് കളിയാക്കുന്ന രക്ഷിതാക്കളും അദ്ധ്യാപകരും വച്ചുപുലര്‍ത്തുന്നത് അബദ്ധ ധാരണയാണ്. കാരണം ഇടംകൈയ്യനായ കുട്ടിക്ക് നല്ല കൈയ്യക്ഷരം ഉണ്ടാകാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇതൊന്നും മനസിലാക്കാതെ കുട്ടിയെ അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞു പേടിപ്പിക്കാനോ ആശയക്കുഴപ്പത്തിലാക്കാനോ പാടില്ല. പലരായി കുട്ടികളില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണകളെ തിരുത്തുന്നതില്‍ അതുകൊണ്ട് രക്ഷിതാക്കള്‍ക്കും ടീച്ചേഴ്സിനും പ്രധാന പങ്കുവഹിക്കാനുണ്ട്. ടീച്ചര്മാര് ശ്രദ്ധിക്കേണ്ടത് ഇടംകൈയ്യന്മാരായ കുട്ടികളെ ക്ലാസില്‍ വേര്‍തിരിച്ചുകാണാനോ അവരെ കളിയാക്കാനോ പാടില്ല. ഓരോ കുട്ടിയുടെ തലച്ചോറും വ്യത്യസ്തമായിരിക്കും എന്നത് ഓര്‍ക്കുക. ഇടംകൈയ്യനായ കുട്ടിക്ക് ക്ലാസില്‍ വലംകൈയ്യനായ കുട്ടികളുടെ കൂടെ അടുത്തിരുന്ന് എഴുതുമ്പോള്‍ കൈകള്‍ തമ്മില്‍ കൂട്ടിമുട്ടി ബുദ്ധിമുട്ടുണ്ടായേക്കാം. വലംകൈയ്യന്മാര്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഇടംകൈയ്യന്മാരായ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും; അതവരുടെ പ്രവര്‍ത്തനക്ഷമതയെ വരെ ബാധിച്ചേക്കാം, കഴിവ് കുറഞ്ഞവരായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇടംകൈയ്യന്‍ കുട്ടിയെ നിര്‍ബന്ധിച്ചു വലംകൈയ്യനാകേണ്ടതില്ല. ഇടംകൈകൊണ്ട് എഴുതുന്നതും ഭക്ഷണം കഴിക്കുന്നതും പ്രസാദം വാങ്ങുന്നതും എല്ലാം തികച്ചും സ്വാഭാവികം മാത്രമാണെന്ന് മനസ്സിലാക്കണം. ഏതു കൈ ഉപയോഗിക്കുകയാണെങ്കിലും അതു വൃത്തിയായിരിക്കണം എന്നത് മാത്രമേ നാം അവരെ പഠിപ്പിക്കേണ്ടതുള്ളൂ.അതുകൊണ്ട്, മക്കളോ അയല്പക്കത്തെ കുഞ്ഞുങ്ങളോ ഇടതുകൈ ഉപയോഗിച്ചാല്‍ നെറ്റിചുളിക്കാതിരിക്കാം; പകരം അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാം. കാരണമുണ്ട് മൈക്കല്‍ ആഞ്ചലോ, ഡാവിഞ്ചി, ഹെലന്‍കെല്ലര്‍, ഐന്സ്റ്റീന്, ചര്‍ച്ചില്‍, കെന്നഡി, ബില്‍ഗേറ്റ്സ്, ഒബാമ, സുക്കര്‍ബര്‍ഗ് മുതല്‍ നമ്മുടെ നിവിന്‍ പോളി വരെ ഇടംകൈയ്യരാണ്. അപ്പോള്‍ രക്ഷിതാക്കള്‍ വീണ്ടുമോര്‍ക്കുക, കുട്ടികളോട് പറഞ്ഞുകൊടുക്കുക; കൈയ്യേതായാലും കര്‍മം നന്നായാല്‍ മതിയെന്ന്. നാവിനെയെങ്ങനെ മെരുക്കാം മനോഹരമായി സംസാരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ എളുപ്പം വിജയം കണ്ടെത്താം. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന 90 ശതമാനം പരാജയങ്ങള്‍ക്കും കാരണം സംഭാഷണത്തിലെ വൈകല്യമാണ്; നാവിന്റെ പ്രയോഗശൈലികളാണ്. മറ്റുള്ളവരെ മുറിപ്പെടുത്താത്ത സംഭാഷണ ചാതുര്യമാണ്; നയസമീപനമാണ് ജീവിത വിജയം നേടിത്തരുന്നത്. നാവിനെയെങ്ങനെ മെരുക്കിയെടുക്കാമെന്നു പരിശോധിക്കാം. 30 തരം നാവുകള്‍ ദബോറാ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്റെ പ്രയോഗങ്ങളെ 30 ആയി തരംതിരിക്കുന്നു. നുണ പറയുന്ന നാവ് പൊങ്ങച്ചം പറയുന്ന നാവ്. കൗശലം പ്രയോഗിക്കുന്ന നാവ് അക്ഷമമായ നാവ് ഭിന്നിപ്പിക്കുന്ന നാവ് തര്‍ക്കിക്കുന്ന നാവ് സ്വയം പുകഴ്ത്തുന്ന നാവ് അപകര്‍ഷത പ്രകാശിപ്പിക്കുന്ന നാവ് ദൂഷണം പറയുന്ന നാവ് ഊഹാപോഹം പറയുന്ന നാവ് ഇടയ്ക്ക് കയറി പറയുന്ന നാവ് ഒറ്റിക്കൊടുക്കുന്ന നാവ് മറ്റുള്ളവരെ കൊച്ചാക്കുന്ന നാവ് നിന്ദിക്കുന്ന നാവ് എല്ലാം അറിയുന്നതായി ഭാവിക്കുന്ന നാവ് പരുഷമായ നാവ് നയം ഇല്ലാത്ത നാവ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന നാവ് പ്രാകൃത നാവ് എന്തിനും വിധി പ്രസ്താവിക്കുന്ന നാവ് സ്വാര്‍ഥത്തില്‍ മുഴുകിയ നാവ് ശപിക്കുന്ന നാവ് പ്രതികാരത്തിനു വെമ്പുന്ന നാവ് കുറ്റപ്പെടുത്തുന്ന നാവ് നിരുത്സാഹപ്പെടുത്തുന്ന നാവ് എന്തും സംശയിക്കുന്ന നാവ് വായാടിയായ നാവ് വിവേകശൂന്യമായ നാവ് പരാതിമാത്രം പറയുന്ന നാവ് നിശബ്ദമായ നാവ്. ഒരുദിവസം ഒരിനം എന്നവിധം 30 ദിവസംകൊണ്ട് നാവിനെ മെരുക്കിയെടുക്കാം. മനസ്സെന്ന കടിഞ്ഞാണ്‍ ഒരു നിമിഷത്തേക്ക് ഒന്നുമാറിയാല്‍ നാക്ക് വലിയ ഭൂകമ്പമുണ്ടാക്കും. മേല്‍ സൂചിപ്പിച്ച 30 തരം പ്രയോഗങ്ങളും നെഗറ്റീവായ ഫലം പുറപ്പെടുവിക്കുന്നതാണ്. അവയുടെ പോസിറ്റീവായ വശം / മറുവശം കണ്ടെത്തി അപ്രകാരം സംഭാഷണം നടത്തിയാല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാം. എങ്ങിനെ വേണം നാവ് സത്യം പറയുന്ന, പൊങ്ങച്ചം പറയാത്ത, കാപട്യമില്ലാത്ത, ക്ഷമയുള്ള, ഭിന്നിപ്പിക്കാത്ത, തര്‍ക്കിക്കാതെ അഭിപ്രായം/ നിലപാട് അറിയിക്കുന്ന, സ്വയം പുകഴ്ത്താത്ത, അപകര്‍ഷ മനോഭാവമില്ലാത്ത, പരദൂഷണം പറയാത്ത, കേട്ടുകേള്‍വി പ്രചരിപ്പിക്കാത്ത, ഇടയ്ക്കുകയറി പറയാത്ത, ഒറ്റുകൊടുക്കാത്ത, മറ്റുള്ളവരെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, എളിമയുള്ള, സൗമ്യമായ, നയമുള്ള, ഭീഷണിപ്പെടുത്താത്ത, സംസ്കാരമുള്ള, വിധിക്കാത്ത, നിസ്വാര്‍ത്ഥമായ, അനുഗ്രഹിക്കുന്ന, പ്രതികാരമില്ലാത്ത, കുറ്റപ്പെടുത്താത്ത, പ്രോത്സാഹിപ്പിക്കുന്ന, സംശയിക്കാത്ത, മിതത്വം പാലിക്കുന്ന, വിവേകമുള്ള, പരാതിയില്ലാത്ത, ക്രിയാത്മകമായി പ്രതികരിക്കുന്ന നാവിനെയാണ് രൂപപ്പെടുത്തേണ്ടത്. ”നാവു നന്നായാല്‍ മതി നാട് നന്നാവും”, ”നാവ് തന്നെ നരകവും നാവ് തന്നെ സ്വര്‍ഗ്ഗവും”, ”നാക്കുള്ളവന് നാട്ടില്‍ പാതി”,”നാക്കുള്ളവനെ തൂക്കുകയില്ല”’തുടങ്ങിയ ചൊല്ലുകളെല്ലാം സംഭാഷണം എങ്ങനെയായിരിക്കണമെന്ന് നമ്മെ ചിന്തിപ്പിക്കുന്നു. ശത്രുവിനെ മിത്രമാക്കുന്നതും മിത്രത്തെ ശത്രുവാക്കുന്നതും നാവാണ്. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, സൗഹാര്‍ദ്ദ സമീപനം, സംഭാഷണത്തില്‍ ആദരവ്, ക്ഷമ, ലളിതമായ ഭാഷ എന്നിവയാണ് സംഭാഷണത്തിലെ മുഖ്യ ഘടകങ്ങള്‍. ഇവ പരിശീലിച്ചാല്‍ സംഭാഷണം ഹൃദ്യമാകും. സംഭാഷണം എന്ന കഴിവ് ഈശ്വരന് മനുഷ്യന് നല്‍കിയിട്ടുള്ള വരദാനമാണ് സംഭാഷണത്തിനുള്ള കഴിവ്. വ്യക്തിബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും ശിഥിലമാക്കുന്നതിനും സംഭാഷണം വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരാളുടെ സംഭാഷണം അയാളുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ധാര്‍മ്മികബോധം, ജീവിത ദര്‍ശനം എന്നിവ അയാളുടെ സംഭാഷണത്തില്‍ പ്രതിഫലിക്കും.സംഭാഷണങ്ങളെ മൂന്നായി തരം തിരിക്കാം. സമാന്തര സംഭാഷണം (ഒത്തു പറച്ചില്), വിരുദ്ധ സംഭാഷണം (എതിര്‍ത്തു പറച്ചില്), ഒളിച്ചുവച്ചുള്ള സംഭാഷണം (വച്ചു പറച്ചില്). സൗഹാര്‍ദ്ദപരമായ സംഭാഷണത്തെയാണ് ഒത്തു പറച്ചില് അഥവാ സമാന്തര സംഭാഷണം എന്നു പറയുക. ഒരാള്‍ പറയുന്നത് ശ്രവിച്ച ശേഷം തക്കതായ മറുപടി പറയുന്നു. അങ്ങനെ പ്രതീക്ഷിച്ചതും ഉചിതവുമായ മറുപടി പറഞ്ഞ് സൗഹാര്‍ദ്ദപരമായി, ഹൃദയഹാരിയായി സംഭാഷണം തുടര്‍ന്നാല്‍ വ്യക്തിബന്ധങ്ങള്‍ ദൃഡമാകും.നമ്മുടെ സംഭാഷണത്തിനുള്ള പ്രതികരണം അപ്രതീക്ഷിതവും അനുചിതവുമാകുമ്പോള് വിരുദ്ധസംഭാഷണമാകുന്നു. ഈ എതിര്‍ത്തു പറച്ചില് മൂലം വ്യക്തി വൈരാഗ്യങ്ങള്‍, കുടുംബലഹളകള്‍ എന്നിവ തൊട്ട് വര്‍ഗ്ഗീയ കലാപങ്ങളും യുദ്ധങ്ങളും വരെയുണ്ടാകുന്നു. ഒളിച്ചു വച്ചുള്ള സംഭാഷണങ്ങള്‍ക്ക് ഗൂഢമായ അര്‍ത്ഥതലം കൂടി ഉണ്ടാക്കും. ഇത്തരം സംഭാഷണം സൗഹാര്ദ്ദപരമാകണമെന്നില്ല. ഗൂഢസംഭാഷണം വൈരാഗ്യത്തിന് വഴിതെളിച്ചേക്കാം. നല്ല കേള്വിക്കാരനുമാകണം നല്ല കേള്‍വിക്കാരനേ നല്ല സംഭാഷണ ചാതുരനാകാന്‍ കഴിയൂ. കേള്‍ക്കുന്നതില്‍ താത്പര്യം വ്യക്തമാകുന്ന മുഖഭാവം വേണം. സംസാരിക്കുമ്പോള്‍ അപരന്റെ നെറ്റിക്കും മൂക്കിനിടയില്‍ കേന്ദ്രീകരിക്കുന്നതാണ് പ്രഫഷണല്‍ സമീപനം. കാര്യങ്ങള്‍ മനസ്സിലായ കാര്യം മുഖഭാവം കൊണ്ടോ തലയാട്ടിയോ ബോധ്യപ്പെടുത്താം. സുസ്മേരവദനരായി ശാന്തതയോടെ ബഹുമാനം നല്കി സംസാരിക്കുക, ക്ഷമയോടെ കേള്‍ക്കുക. കേള്ക്കുന്നയാള് തന്റെ ഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും സംഭാഷണത്തില്‍ താല്പര്യം പ്രകടിപ്പിക്കണം. യുക്തവും പ്രസക്തവുമായ ചെറു ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും സംഭാഷണ പുരോഗതിയെ സഹായിക്കും. കോമാളിത്തമില്ലാത്ത ഹൃദ്യത, കൃത്രിമത്വം ഇല്ലാത്ത നര്‍മം, മര്യാദ പുലര്‍ത്തുന്ന സ്വാതന്ത്ര്യം, പാണ്ഡിത്യ പ്രകടനമില്ലാത്ത അറിവ്, കളവില്ലാത്ത പുതുമ എന്നിവ സംഭാഷണത്തെ ആകര്‍ഷകമാക്കുമെന്ന് ഷേക്സ്പിയര് പറയുന്നു.പൊങ്ങച്ചത്തിന്റെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഇല്ലാതെ സാധാരണ മനുഷ്യരെപ്പോലെ, ദുരഭിമാനം വെടിഞ്ഞ് സംസാരിക്കുന്നവരെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക. ഞാനെന്ന ഭാവം’ അസഹ്യതയാണ് ഉളവാക്കുക. അംഗവിക്ഷേപങ്ങളിലും പൊടിപ്പും തൊങ്ങലും ഒഴിവാക്കുക. ആധിപത്യ പ്രവണത സംഭാഷണത്തില്‍ ഒഴിവാക്കണം.വാദപ്രതിവാദത്തില്‍ കഴിവതും ഇടപെടരുത്. തര്‍ക്കിക്കുകയുമരുത്. തര്‍ക്കിച്ചാല്‍ ഒരാള്‍ പരാജയപ്പെടും. പരാജിതനില്‍ കോപം, അരിശം, വിദേ്വഷം, പക, പ്രതികാരചിന്ത എന്നിവ ഉടലെടുക്കും. നാശമാകും ഫലം. കേള്വിക്കാരന് ‘മതി; നിര്‍ത്ത്’ എന്ന് പറയാനിടവരരുത്. അഭിനന്ദിക്കുന്ന, നന്മകള് പറയുന്ന സംഭാഷണ ശൈലിയുടെ ഉടമയാകുക. സൗമ്യത കൈവെടിയാതെയിരിക്കുക.‘A gentle man is the one who never inflicts pain on others’ കാര്‍ഡിനല്‍ ന്യൂമാന്റെ വരികളാണിവ. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കാത്തവരാണ് മാന്യര്‍. വാക്കുകൊണ്ടുള്ള മുറിവുകള്‍ നാവിനെ നിയന്ത്രിച്ചാല്‍ ഒഴിവാക്കുവാന്‍ സാധിക്കും. ഓര്‍ക്കുക, നയചാതുര്യമാണ് കഴിവിനേക്കാള്‍ പ്രധാനം. നയമെന്നത് ഒരു ലൈഫ് ബെല്‍റ്റാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യുന്നതിന് മറ്റുള്ളവരെ സമ്മതിപ്പിക്കുവാന്‍ നയം നിങ്ങളെ സഹായിക്കുന്നു. അത് വിജയത്തിലേക്കുള്ള കുതിപ്പാണ്. നാവിനെ അനുദിനം മെരുക്കിയെടുത്താല്‍ നിങ്ങള്‍ക്കും വിജയിയാകാം. അഡ്വ. ചാര്‍ളിപോള്‍ M.A.,LL.B, D.S.S. കടപ്പാട്-http://www.ourkidsindia.com