സോഷ്യല്‍ മീഡിയയിലെ കുട്ടിച്ചിത്രങ്ങള്‍ പലരുടെയും ബാല്യകാല ചിത്രങ്ങള്‍ വീട്ടിലെ ആല്‍ബത്തില്‍ വളരെ അപൂര്‍വമായെ കാണൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമ്മള് എങ്ങനെയായിരുന്നുവെന്ന് അറിയാനുള്ള കൗതുകവും ചെറുതല്ല. കാലം മാറി ആര്‍ക്കും ഫോട്ടോ എടുക്കാമെന്നും ആല്ബമൊന്നും ഇല്ലാതെതന്നെ ഇഷ്ടമുള്ളത്ര ചിത്രങ്ങള്‍ ഹാര്‍ഡ് ഡിസ്ക്കുകളില്‍ സൂക്ഷിക്കാമെന്നും വന്നതോടെ കുട്ടികളുടെ നൂറുകണക്കിന് ഫോട്ടോകളാണ് ദിവസേന നമ്മള് എടുത്തുകൂട്ടുന്നത്. അവയൊക്കെ നമ്മുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുകയും കൂടെ ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുമ്പോഴാണ് രക്ഷിതാക്കള്‍ ശരിക്കും സന്തോഷിക്കുകയും ചെയ്യുന്നത്. ഇങ്ങനെയൊക്കെ വിചാരിച്ചിരിക്കുന്നതിനിടയിലാണ് ഫേസ്ബുക്കിലെ വളരെ ഗൗരവമുള്ള ഒരു ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ അനുവാദമില്ലാതെ നമ്മള് അവരുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതു ശരിയാണോ എന്നായിരുന്നു ആ ചര്‍ച്ച. അതില്‍ തെറ്റൊന്നുമില്ലെന്നും അതൊരു നിസാര കാര്യമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഭാവിജീവിതത്തില്‍ അത് കുട്ടികളെ ബാധിച്ചേക്കാം എന്ന മറ്റൊരഭിപ്രായവും ആ ചര്‍ച്ചയില്‍ത്തന്നെ ഉയര്‍ന്നുവന്നു. കുട്ടികള്‍ക്കുമുണ്ട് അഭിപ്രായം അതുകൊണ്ട് കുട്ടികള്‍ക്ക് അതിനെക്കുറിച്ച് വല്ല അഭിപ്രായവും ഉണ്ടോ എന്നറിയാന്‍ എന്റെ നാലു വയസ്സുമാത്രമുള്ള മകന് ആദിയോട് ഒരുദിവസം ചോദിക്കാന്‍ തീരുമാനിച്ചു. ചോദ്യത്തിന് വളരെ നിഷ്കളങ്കമായിട്ടുതന്നെയാണ് അവന് ഉത്തരം പറഞ്ഞതും, ഇഷ്ട്ടാ പക്ഷെ കുപ്പായമിട്ട ഫോട്ടോസ് മാത്രം. ഒരു നാലു വയസ്സുകാരനും അവന്റേതായ അഭിപ്രായങ്ങളും കഴ്ച്ചപ്പാടുകളുമുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. അത് നിങ്ങളെയും അത്ഭുതപ്പെടുത്തിയേക്കാം. അതിനുമുമ്പ് ഒരിക്കല്‍പ്പോലും അവന്റെ ഫോട്ടോസ് ഷെയര്‍ ചെയ്യുന്നതിനും മറ്റും അവന്റെ സമ്മതം രക്ഷിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ വാങ്ങിയിരുന്നില്ല. അന്നൊക്കെ അവന് കുഞ്ഞല്ലേ എന്നായിരുന്നു മറ്റുള്ളവരെപ്പോലെ ഞങ്ങളുടെയും കാഴ്ച്ചപ്പാട്. ‘Getting a ‘like’ over having a life’ എന്ന അഡിക്ഷന്റെ കാലത്ത് ‘ഓരോ കുട്ടിക്കും അവരുടേതായ സ്വകാര്യതയുണ്ടെന്നു നമ്മള് മനസിലാക്കാതെ പോകുന്നുണ്ടോ… ? കുട്ടികള്‍ പ്രദര്‍ശന വസ്തുക്കളല്ല ഷാര്‍ജയില്‍ താമസിക്കുന്ന നാലു വയസ്സുകാരിയായ ആവണിയുടെ അമ്മയാണ് നിത്യ. അവര്‍ പറയുന്നത് ശ്രദ്ധിക്കുക. ‘എന്റെ മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ഗുണദോഷങ്ങളൊന്നും അറിയില്ല. മറ്റു കുട്ടികളെപ്പോലെ അവള്‍ക്കും അവളുടെ ഫോട്ടോസ് എടുക്കുന്നതും മറ്റു കുട്ടികളുടെ വീഡിയോയും ഫോട്ടോസും കാണുന്നതും ഇഷ്ടമാണ്. പക്ഷെ അതല്ല പല രക്ഷിതാക്കളുടെയും മനസ്സില്‍. അവരത് ഷെയര്‍ ചെയ്യുന്നത് ഒരു സ്റ്റാറ്റസ് ഇഷ്യൂ ആയിട്ടാണ്. അതൊരിക്കലും നല്ലതല്ല. ഞങ്ങള്ക്ക്് മോള്‍ടെ ഫോട്ടോസ് ഷെയര്‍ ചെയ്യുന്നതില്‍ താല്പര്യമില്ല. അവള്‍ക്ക് നാല് വയസ്സാണെങ്കില്‍ കൂടി അവളുടെ സ്വകാര്യത ഞങ്ങള്‍ മാനിക്കാറുണ്ട്. കുട്ടിയെ ഒരു പ്രദര്ശനവസ്തുവാക്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങളിലെ കുട്ടികളുമായി സ്വന്തം കുഞ്ഞിനെ താരതമ്യം ചെയ്യുന്ന രക്ഷിതാക്കള്‍ വരെയുണ്ട് നമുക്കിടയില്‍… ! നല്ല ചിത്രങ്ങള്‍ മാത്രം കുട്ടികളുടെ സന്തോഷകരമായ ചിത്രങ്ങള്‍ മാത്രമാണ് നമ്മള് പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും. അതൊരിക്കലും ഒരു തെറ്റായ കാര്യമാണെന്നും തോന്നിയിട്ടില്ല. അത് മക്കളുടെ ഭാവിയെ ബാധിക്കുമെന്നും തോന്നുന്നില്ല.’ ദുബായിയില്‍ താമസമാക്കിയ സ്റ്റെഫിയും ജിബിയും തുറന്നു പറഞ്ഞു. ‘കാരണം, ഞങ്ങള്‍ ഒരിക്കലും അവരുടെ മോശമായ ഒരു ഫോട്ടോ പോലും ഫേസ്ബുക്കില്‍ ഇട്ടിട്ടില്ല. കുട്ടികള്‍ കരയുന്നതോ, അവരെ വഴക്കുപറയുന്നതോ പോലും. പകരം ആവരുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ മാത്രമാണ് ഇടാറുള്ളത്. മാത്രമല്ല ദൂരെയുള്ള സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും മറ്റും കുട്ടികളുടെ ഫോട്ടോസ് കാണാനും കൈമാറാനും സോഷ്യല്‍ മീഡിയ ഒരുപാട് ഉപകാരപ്രദമാണു താനും.പ്രൈവസിക്കു പ്രൈവസിസെറ്റിംഗ്സ് നമ്മള് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ആരൊക്കെ കാണണമെന്നു തീരുമാനിക്കാനുള്ള സൗകര്യവും ഫേസ്ബുക്കിലുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം കാണുന്ന രീതിയില്‍ ചിത്രം പോസ്റ്റ് ചെയ്യാം. പലതരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന ചിത്രങ്ങളെ സുരക്ഷിതമാക്കി വയ്ക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാം. സ്വകാര്യത ഉറപ്പാക്കുക: ഒട്ടുമിക്ക സോഷ്യല്‍ മീഡിയയിലും ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാമെന്നിരിക്കെ അതിന്റെ പ്രൈവസി സെറ്റിംഗ്സ് ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഒരു കാരണവശാലും അത് ‘പബ്ലിക്’ അല്ലെന്നും സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാകൂ എന്നും ഉറപ്പാക്കുക. വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കുക: ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവ വാട്ടര്‍ മാര്‍ക്കിട്ട ശേഷം മാത്രം ചെയ്യുക. iWatermark, A+ Signature തുടങ്ങിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അതിനായി ഉപയോഗിക്കാം. റെസലൂഷന്‍ കുറയ്ക്കുക: കോപ്പി ചെയ്തും എഡിറ്റ് ചെയ്തും ഒക്കെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യണമെങ്കില്‍ ആ ചിത്രം കൂടിയ റെസലൂഷനുള്ളവ ആയിരിക്കണം. അതുകൊണ്ട് ഇത്തരത്തിലുള്ള ദുരുപയോഗം തടയാന്‍ കുറഞ്ഞ റെസലൂഷന്‍ ഉള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതാവും നല്ലത്. ജിയോ ടാഗ് ഒഴിവാക്കുക: ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനൊപ്പം നമ്മള് ആ സമയം എവിടെയാണെന്ന് സൂചിപ്പിക്കാനാണ് ലൊക്കേഷന്‍ സ്റ്റാറ്റസ് അല്ലെങ്കില്‍ ജിയോ ടാഗിംഗ് ഉപയോഗിക്കുന്നത്. ഇത് കുട്ടികളും രക്ഷിതാക്കളും എവിടെയാണെന്ന് മറ്റുള്ളവര്‍ക്ക് കൃത്യമായ വിവരം നല്‍കും. മോഷ്ടാക്കള്‍ക്ക് വീട്ടില്‍ കേറാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത് മുതല്‍ കുട്ടികളുടെ സുരക്ഷയെ വരെ അത് ബാധിക്കാം. അതിനാല്‍ ലൊക്കേഷന്‍ സ്റ്റാറ്റസ് നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം. ലാന്‍ഡ് മാര്‍ക്കുകളും വേണ്ട: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ചിത്രങ്ങളിലുള്ള ലാന്‍ഡ് മാര്‍ക്കുകള്‍ ഒഴിവാക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ചിത്രങ്ങള്‍ എവിടെനിന്ന് എടുത്തു എന്നതിനെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കുകയോ അല്ലെങ്കില്‍ ലൊക്കേഷന്‍ മനസിലാവാത്ത ബാക്ക് ഗ്രൗണ്ടുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. കൂടാതെ ചിത്രത്തില്‍ നമ്മുടെ കുട്ടികളുടെ കൂടെ അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ കൂടി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അതവരുടെ രക്ഷിതാക്കളും അറിഞ്ഞിട്ടു മതി. ഒഴിവാക്കേണ്ട ചിത്രങ്ങള്‍ കുട്ടികള്‍ കുളിക്കുന്ന ചിത്രങ്ങള്‍, അപകടം പറ്റിയ സമയത്തുള്ളവ, കളിയാക്കല്‍ ചിത്രങ്ങള്‍/ വീഡിയോകള്‍, പോട്ടി ചിത്രങ്ങള്‍, ഗ്രൂപ്പ് ഫോട്ടോസ് തുടങ്ങിയവ ഒഴിവാക്കാം. സ്കൂളിലെ മറ്റു കുട്ടികള്‍ക്ക് നമ്മുടെ കുട്ടികളെ ഉപദ്രവിക്കാന്‍ അവസരമൊരുക്കുന്ന കാരണങ്ങള്‍ മിക്കവാറും കണ്ടെത്തുന്നത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. കുട്ടികളുടെ ചില വീക്ക്നെസുകള്‍, പേടികള്‍, അവരുടെ വീട്ടിലെ വിളിപ്പേരുകള്‍ തുടങ്ങി പല നിസാര കാര്യങ്ങളും വഴക്കാളികളായ മറ്റു കുട്ടികളുടെ ഉപദ്രവത്തിനു കാരണമായേക്കാം. ശരണ്യ വരുണ്‍ ഒഴിവാക്കണം ഹെലിക്കോപ്റ്റര്‍ പാരന്റിംഗ് മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛന്, അല്ലെങ്കില്‍ അമ്മ… ചിലരെ സുഹൃത്തുക്കളും ബന്ധുക്കളും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്. മക്കളുടെ എല്ലാ കാര്യവും ചെയ്തു കൊടുക്കുന്ന മാതാപിതാക്കള്‍… അവരുടെ ദിനചര്യയും മുഴുവന്‍ ചിന്തകളും സ്ഥിരം വര്‍ത്തമാനങ്ങളും എല്ലാ അധ്വാനങ്ങളും കുട്ടികള്‍ക്കുവേണ്ടി മാത്രമായിരിക്കും. കുട്ടികളെ ശ്വാസം മുട്ടിക്കുന്ന, മുരടിപ്പിച്ചു കളയുന്ന ഇത്തരം രക്ഷാകര്‍തൃത്വം ആരോഗ്യകരമാണെന്ന് പറയാന്‍ വയ്യ. ചുരുക്കത്തില്‍ പറഞ്ഞാല്‍ മക്കളുടെ ജീവിതത്തില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡായി നിങ്ങള്‍ മാറുന്നതാണ് ഹെലിക്കോപ്റ്റര്‍ പാരന്റിംഗ്. പെര്‍ഫെക്റ്റ് പാരന്റിംഗ്എന്ന് മിഥ്യാധാരണ കുട്ടിയുടെ ശാരീരിക സുരക്ഷ, മാനസിക സുരക്ഷിതത്വം എന്നെല്ലാം പറഞ്ഞ് അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കളയരുത്. ഒരു പെര്‍ഫെക്റ്റ് പാരന്റ് ആകാനാകും നിങ്ങള്‍ ശ്രമിക്കുന്നത്. പെര്‍ഫെക്റ്റ് പാരന്റിംഗ് എന്നൊന്നില്ല എന്ന് ആദ്യമേ പറയട്ടെ. നമ്മള് നമ്മുടെ പരമാവധി ചെയ്യുന്നു എന്നേയുള്ളൂ. നമ്മള് ഒരിക്കലും പൂര്‍ണതയില്‍ എത്തുന്നില്ല. പരിപൂര്ണരാവണമെന്നു ശഠിക്കണ്ട. കുട്ടിയെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അനുഭവിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ അവരുടെ ജീവിതത്തില്‍നിന്നും യഥാര്ത്ഥാനുഭവങ്ങള് തട്ടിയെടുക്കുകയാണ്. ഒന്ന് പുറകോട്ടുപോയി നിശബ്ദതയില്‍ സ്വതന്ത്രമായിരുന്ന് അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഓര്‍ത്തുനോക്കൂ. ചിലപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടു പോയേക്കും. സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരവസരം കൊടുത്താല്‍ നിങ്ങള്‍ വിചാരിക്കുന്നതിലും നന്നായി അവര്‍ പ്രവര്‍ത്തിക്കും. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇന്നത്തെ രക്ഷിതാക്കള്‍ നല്ല രക്ഷിതാക്കള്‍ ആകാനുള്ള സിദ്ധാന്തങ്ങളുടെയെല്ലാം ബഹളത്തിനിടയില്‍ സ്വന്തം കുട്ടികളുടെ ശബ്ദം കേള്ക്കാനാതെപോകുന്നു. മറ്റുള്ള ‘പെര്ഫക്്റ്റ് പാരന്റ്സിനോട്’ താരതമ്യംചെയ്തു ചെയ്ത് സ്വന്തം ഫാമിലിക്ക് മാത്രമായുള്ള ചിലതിനെ മറന്നുപോകും. കുട്ടികള്‍ക്കും വേണം സ്വാതന്ത്ര്യം മിക്കവാറും എല്ലാ രക്ഷിതാക്കള്‍ക്കും മക്കള്‍ സ്കൂളില്‍ എ ഗ്രേഡ് വാങ്ങണം എന്നാണ്. എന്നാല്‍ അതത്ര എളുപ്പമാണോ…? എന്റെയൊരു ക്ലയന്റുണ്ട്, മകന് സ്വസ്ഥമായിരുന്നു പഠിക്കാന്‍ രാത്രി ഉറക്കമൊഴിച്ചിരുന്ന് അവന്റെ പ്രൊജക്ടുകളും ഹോംവര്‍ക്കുകളും ചെയ്തുകൊടുക്കും. ചിത്രങ്ങള്‍ ഒട്ടിക്കലും അഗ്നിപര്‍വതം നിര്മിക്കലും വീടുണ്ടാക്കലും ഒക്കെയവരാണ്. എല്ലാ വര്‍ണങ്ങളോടും കൂടി താന്‍ തന്റെ ഏഴാം ക്ലാസ് പാസായതാണെന്ന് അവരെന്താണാവോ മറന്നുപോയത്…? അവന്റെ സ്വയം പര്യാപ്തതയെ മാനിച്ച് അവന്റെ സര്‍ഗാത്മകതയ്ക്ക് ഒരിടം കൊടുത്ത് കുട്ടിയെ സ്വന്തം ജോലിചെയ്യാന്‍ അനുവദിക്കാത്തതെന്താണ്…? ചില രക്ഷിതാക്കളാവട്ടെ അതും കടന്ന് കുട്ടിക്ക് കൂട്ടുകാരെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും അവരുടെ സംഭാഷണങ്ങളില്‍വരെ കൈകടത്തുകയും ചെയ്യും. അമിതാശ്രയത്വം വളര്‍ത്തരുത് അവര്‍ക്കുവേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നതും താല്പര്യം കാണിക്കുന്നതും ഒരു പ്രായം വരെ കുഴപ്പമില്ല. അതു കഴിഞ്ഞാല്‍ നമ്മള് അവരില്‍ അമിതാശ്രയത്വം വളര്‍ത്തരുത്. പ്രായത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ അനുവദിക്കുക. ആവശ്യമെന്ന് തോന്നുന്നിടത്ത് പ്രത്യേകമായി നിങ്ങള്‍ക്ക് തീരുമാനമെടുക്കാം. അവര്‍ക്ക് ചോയിസുകള്‍ നല്കി എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കാവുന്നതാണ്. അവര്‍ക്കുവേണ്ടി നിങ്ങള്‍ തീരുമാനം എടുക്കുമ്പോള്‍ നിങ്ങള്‍ അവരെ വിശ്വസിക്കുന്നില്ല എന്ന സന്ദേശമാണവര്‍ക്ക് നല്‍കുന്നത്. അവരുടെ ആത്മാഭിമാനത്തെ മോശമായി ബാധിക്കും. തീരുമാനമെടുക്കാനുള്ള അവരുടെ കഴിവിനെയത് ഇല്ലാതാക്കും. അങ്ങനെയവര്‍ എന്തിനും ഏതിനും തീരുമാനമെടുക്കാന്‍ രക്ഷിതാക്കള്‍ ആവശ്യമായിവരുന്ന, എപ്പോഴും സംശയാലുക്കളായ കുട്ടികളായി മാറും. ഹെലിക്കോപ്റ്റര്‍ പാരന്റ്സ് ഹെലിക്കോപ്റ്റര്‍ പാരന്റ്സ് കുട്ടികളെ എല്ലാത്തിനും സജ്ജരാക്കുന്നവരായിരിക്കും. ആള്‍ക്കൂട്ടത്തില്‍ അവരുടെ കുട്ടി എല്ലാ വസ്തുക്കളുംകൊണ്ട് ഒരുങ്ങിയിരിക്കുകയാണെന്ന് ഉറപ്പുവരുത്തും. ആവശ്യമുള്ളതും ഇല്ലാത്തതുംകൊണ്ട് നിറച്ചതുകൊണ്ട് എന്തെങ്കിലും മറന്നുപോകാന്‍ ഇടയില്ല. ഹെലിക്കോപ്റ്റര്‍ പാരന്റ് എപ്പോഴും ഒരു അന്വേഷണ കുതുകിയായിരിക്കും. എന്തെങ്കിലും ഒന്നു തീരുമാനിക്കും മുമ്പ് ആദ്യമവര്‍ ശരിയാണെന്ന് അതിനെപ്പറ്റി ഗവേഷണം നടത്തും. ശേഷം അത് കൂട്ടുകാരോട് അന്വേഷിക്കും. വീണ്ടും ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പുവരുത്തും. അവരെപ്പോഴും അമിതമായി സംരക്ഷണ ഭാവമുള്ളവരായിരിക്കും. അവര്‍ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവരും എല്ലാം അനുവദിക്കുന്നവരും ആയിരിക്കും. ജീവിത പാഠങ്ങള്‍ പഠിക്കട്ടേ നിങ്ങള്‍ കുട്ടിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അല്ലെന്നോര്‍ക്കുക. നിങ്ങള്‍ എപ്പോഴും അവരെ പരസ്യം ചെയ്തുകൊണ്ടിരിക്കേണ്ടതില്ല. എപ്പോഴും ഇടയ്ക്കുകയറി അവര്‍ക്കുവേണ്ടി വാദിക്കേണ്ട. അവരെ തെറ്റുവരുത്താന്‍ അനുവദിക്കുക. അവരതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളട്ടെ. പിന്നീടവര്‍ ആവര്‍ത്തിക്കില്ല. വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ അവരത് മനപ്പൂര്‍വം തിരഞ്ഞെടുക്കുന്നതാണെന്ന് മനസിലാവും.അവരുടെ യുദ്ധം അവരുതന്നെ നടത്തട്ടെ. പക്ഷെ എന്ത് സംശയം ഉണ്ടായാലും സഹായം വേണ്ടിവന്നാലും നിങ്ങളവര്ക്കൊപ്പം ഉണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പുകൊടുക്കണം. കരുത്തരായ മാതാപിതാക്കള്‍ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ അവര്‍ അവരുടെ ജീവിതം ജീവിക്കട്ടെ. ജസീന ബക്കര്പരിഭാഷ: അനഘ ബാല്യങ്ങള്‍ സനാഥമാകട്ടെ ശിശു രോദനങ്ങള്‍ കേട്ട് തലകുനിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട കുട്ടികള്‍ ക്രൂരമായ പീഡനമേറ്റ് തളര്‍ന്ന് ഞെട്ടറ്റു വീഴുന്നു. കേരളം കുട്ടികളുടെ നരകമാവുന്നുവോ…? വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മാതൃകാസ്ഥാനത്തുള്ള കേരളത്തിലാണിത്തരം കൊടിയ പീഡനങ്ങള്‍ കുട്ടികള്‍ ഏറ്റു വാങ്ങുന്നതെന്നത് മലയാളിയുടെ സാമൂഹ്യബോധത്തിനും പൊതു ജീവിതത്തിനുമെതിരേയുള്ള വിമര്‍ശനമായി വേണം കാണാന്‍. രാഷ്ട്രത്തിന്റെ സമ്പത്താണ് കുട്ടികള്‍ ഭാവി പൗരന്മാരായ കുട്ടികളാണ് ഏതൊരു രാഷ്ട്രത്തിന്റേയും സമ്പത്തെന്ന് പൊതുവേ പറയാറുണ്ട്. അതുകൊണ്ടു തന്നെ മാനസികവും ശാരീരികവുമായ ഗുണപരത അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ വളര്‍ച്ച പ്രസക്തവുമാണ്. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും കുട്ടികളുടെ സംരക്ഷണത്തിനും ഗുണപരമായ വളര്‍ച്ചയ്ക്കും വേണ്ടിയുള്ള നിരവധി നിയമങ്ങളും അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇത്തരം നിയമങ്ങള്‍ പൊതുവില്‍ കുട്ടികളുടെ നിയമപരമായ അവകാശങ്ങളും ഭരണഘടനാനുസൃതമായ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നു. 1989 നവംബര്‍ 20ന് ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലാണ് കുട്ടികളുടെ അവകാശം സംബന്ധിച്ച് ആധികാരികമായ ചില തീരുമാനങ്ങളുണ്ടാവുന്നത്. അതു പ്രകാരം 18 വയസ്സു പൂര്‍ത്തിയാകാത്ത ഏതൊരു വ്യക്തിയും കുട്ടി എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നു. The Juvenile Justice (Care and protection of Children) Act 2000ലാണ് ഇന്ത്യയില്‍ നടപ്പിലാക്കിയത്. കുട്ടികളുടെ വൈവിധ്യമാര്‍ന്ന അവകാശങ്ങളുടെ സംരക്ഷണവും,കുട്ടികള്‍ക്കു വേണ്ടിയുള്ള കോടതികളുടെ രൂപീകരണവും, കുട്ടികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള ജില്ലാതല ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളുടെ രൂപീകരണവുമുള്പ്പെടെ കുട്ടികള്‍ക്കു വേണ്ടി വിപുലമായ സാധ്യതകള്‍ ഈ നിയമം ഉറപ്പു തരുന്നു. കുട്ടികള്‍ക്കും അവകാശങ്ങള്‍ ജീവിക്കുവാനുള്ള അവകാശം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കുള്ള അവകാശം, മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, സാമ്പ ത്തിക ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള അവകാശം, ലൈംഗിക ചൂഷണം, ബാലവേല എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള അവകാശം, ശാരീരികവും മാനസികവുമായ അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള അവകാശം തുടങ്ങി കുട്ടികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ക്കുള്ള ഇത്തരം അവകാശങ്ങള്‍ 2000ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് മുറുകെ പിടിക്കുന്നു. കൂടാതെ ശിശു ക്ഷേമസമിതികള്‍, സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍, ഉപദേശക സമിതികള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, ശിശുഭവനുകള്‍ എന്നിവ സ്ഥാപിച്ച് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000 നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും നിയമം മുന്നോട്ടു വെക്കുന്നു. ബാലവേല വേണ്ട കുട്ടികള്‍ പഠിക്കട്ടെ കുട്ടികളെ ബാലവേലക്കുപയോഗിക്കുന്നതും നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധവും സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നത്. എന്നിരുന്നാലും അപകടം പതിയിരിക്കുന്ന ഖനികളിലും മറ്റും തൊഴിലെടുക്കുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന കുട്ടികളുടെ രാജ്യം ഇന്ത്യയാണ്. വേണ്ടത്ര സുരക്ഷിതത്വമില്ലാതെ, തുച്ഛമായ പ്രതിഫലം പറ്റി പടക്ക നിര്‍മ്മാണ യൂണിറ്റുകള്‍, പ്ലാസ്റ്റിക് കമ്പനികള്‍, തീപ്പെട്ടി വ്യവസായ ശാലകള്‍, ഗ്ലാസ്സ് ഫാക്ടറികള്‍, കരിങ്കല്‍- ചെങ്കല്‍ ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ നമ്മുടെ കുട്ടികള്‍ തൊഴിലെടുത്ത് നരകിക്കുന്നു. 2013ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ മുന്നോട്ടു വച്ച കണക്കുകള്‍ പ്രകാരം 49.84 ലക്ഷം കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനും എത്രയോ അപ്പുറത്താണ്. കൊളോണിയല്‍ ഭരണകാലത്തു തന്നെ ഇത്തരം ബാലവേലകള്‍ നിരോധിച്ചു കൊണ്ടുള്ള നിയമം നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1939ലെ ചില്‍ഡ്രന്‍-പ്രിവന്റിങ് ഓഫ്് ലേബര്‍ ആക്ട് ഇതിനൊരുദാഹരണമാണ്. 1952ല്‍ ഖനികളില്‍ കുട്ടികളെ ജോലി ചെയ്യിക്കുന്നതു നിയമം മൂലം നിരോധിച്ചു. 1961ലെ അപ്രന്റീസ് നിയമപ്രകാരം 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലിയ്ക്ക് നിയമിക്കാന്‍ പാടില്ല. 1986ല്‍ നിലവില്‍ വന്ന ബാലവേല നിരോധിക്കുന്ന എംപ്ലോയ്മെന്റ് ഓഫ് ചൈല്‍ഡ് ആക്റ്റും, 1993ല്‍ ബാലവേല നിയന്ത്രണവും നിരോധനവും ഉറപ്പാക്കുന്ന നിയമവും നിലവില്‍ വന്നു. ഫാക്ടറി ആക്ടിലെ 67ാം വകുപ്പു പ്രകാരവും 14 വയസ്സുവരെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ നിയമങ്ങള്‍ ധാരാളമുണ്ടെങ്കിലും കോടിക്കണക്കിന് കുട്ടികള്‍ ഇപ്പോഴും തൊഴിലിടങ്ങളിലാണ.് കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും കഠിന ചൂഷണവും, പീഡനവും നമ്മുടെ കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിയമാവബോധം വളര്‍ത്തിക്കൊണ്ട് മാത്രമേ ഈ പ്രവണതയെ ചെറുക്കാനാകൂ…സ്വന്തം കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിച്ച് കൊന്നൊടുക്കുന്ന മാതാപിതാക്കളുള്പ്പെടെയുള്ളവരുടെ മാനസികാവസ്ഥയാണ് മാറേണ്ടത്. വീടിന്റേയും നാടിന്റേയും സംരക്ഷകരാവേണ്ട ഭാവി തലമുറയെ, നമ്മുടെ കുട്ടികളെ അവരുടെ അവകാശങ്ങള്‍ നല്കി വളര്‍ത്തിയെടുക്കാന്‍ നമുക്കാവണം. അഡ്വ: യു. ഗിരീഷ് കുമാര്‍ രസകരമായി ഹോംവര്‍ക്ക് ചെയ്യാം കുട്ടികളെ കൊണ്ടു ഹോംവര്‍ക്ക് ചെയ്യിക്കുന്നത് യുദ്ധത്തിനു സമമാണ് മിക്ക മാതാപിതാക്കള്‍ക്കും. ഹോംവര്‍ക്കുകള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ ടീച്ചറുടെ വക കുട്ടിക്ക് മാത്രമല്ല അച്ഛനും അമ്മയും ചീത്ത കേള്‍ക്കുന്ന കാലമാണിപ്പോള്‍. സമയത്ത് തീരാന്‍ ഹോംവര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്ന ശീലവും ചില മാതാപിതാക്കള്‍ക്കുണ്ട്. ഹോംവര്‍ക്ക് ഇത്രവലിയൊരു കടമ്പയായി മാറുന്നത് എന്തു കൊണ്ടാണ്….? രസകരമായി കുട്ടികളെ കൊണ്ട് ഇതെങ്ങനെ ചെയ്യിക്കാം…? ഹോംവര്‍ക്ക് പ്രശ്നമാകാന്‍ കാരണം സ്കൂളില്‍ പഠിക്കുന്ന കാര്യങ്ങളുടെ പരിശീലനമാണ് ഹോംവര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്താന്‍ ഇതു സഹായിക്കുന്നു. സിംപിളായി ഹോംവര്‍ക്കിനെ നേരിടുക, ഇതിനായി കുട്ടിയെ പരിശീലിപ്പിക്കുക. രക്ഷിതാക്കളുടെയും കുട്ടിയുടേയും മടിയാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം. എല്ലാ പണിയും മാറ്റിവച്ച് തലേദിവസം രാത്രി നോട്ട്ബുക്കുമെടുത്ത് കുട്ടിയുടെ കൂടെയിരുന്നാല്‍ പ്രശ്നം രൂക്ഷമാകും. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമപ്പെടാനും ഇതു കാരണമാകും. കുട്ടിക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും മടി പാടില്ലെന്നു സാരം. വേണ്ട വിധത്തിലുള്ള ഗൈഡന്‍സ് ലഭിക്കാതെ ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയില്ല. ഹോംവര്‍ക്ക് ചെയ്യല്‍ എളുപ്പമാക്കാം ഹോംവര്‍ക്ക് ചെയ്യല്‍ ഒരു കളിയാക്കി മാറ്റണം. നിര്‍ദേശം നല്‍കുകയും മാര്ക്കിടുകയുമായിരിക്കണം മാതാപിതാക്കളുടെ റോള്‍. നിശ്ചിത സമയത്തിനുള്ളില്‍ കൃത്യമായി ചെയ്തു തീര്‍ത്താല്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കണം. ഇതോടെ അവര്‍ക്കും വീട്ടിലിരുന്നു പഠിക്കാന്‍ താത്പര്യമാകും. അവസാന നിമിഷം എല്ലാം കൂടി ചെയ്യുന്ന ശീലം ഒഴിവാക്കണം. നേരത്തേ പ്ലാന്‍ ചെയ്തു കാര്യങ്ങള്‍ ചെയ്യുക. ഹോംവര്‍ക്ക് ചെയ്യാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കരുത്. സമയം ലാഭിക്കാന്‍ ചെയ്തു കൊടുക്കാനും പാടില്ല. പഠനനിലവാരം കുറയ്ക്കാനും ആത്മവിശ്വാസം നശിപ്പിക്കാനും ഇതു കാരണാകും. നിരീക്ഷിച്ചും അന്വേഷിച്ചും ചെയ്യേണ്ട കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പോലെ തന്നെ ചെയ്യുക. ചെടി നട്ടുവളര്‍ത്തി അതിന്റെ ഡയറി എഴുതാനാണ് ആവശ്യപ്പെട്ടതെങ്കില്‍ അങ്ങിനെ തന്നെ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. കുട്ടികള്‍ കൃത്യമായി ഹോംവര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പുസ്തകങ്ങള്‍ ഇടയ്ക്ക് പരിശോധിക്കുകയും അധ്യാപകരുമായി സംസാരിക്കുകയും വേണം. കുട്ടികളുടെ പ്രായത്തിന് ചെയ്യാന്‍ കഴിയുന്ന അത്ര ഹോംവര്ക്കേ നല്‍കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുക. സ്കൂളില്‍ നിന്ന് കൂടുതല്‍ നല്കുന്നുണ്ടെങ്കില് അധ്യാപകരുമായി ചര്‍ച്ച ചെയ്ത് അളവ് കുറയ്ക്കാം. കുട്ടികളും ടിവി കാണലും ഏതു നേരവും കാര്‍ട്ടൂണും കണ്ടു ടിവിക്ക് മുന്നില്‍ കുത്തിയിരിപ്പാണ്… മക്കളെ പറ്റി ഇങ്ങനെ പറയാത്ത അമ്മമാരുണ്ടാകില്ല ഇക്കാലത്ത്. മക്കളെ അടക്കിയിരുത്തി സ്വന്തം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള ഉപായമാണ് ടിവി ഓണാക്കി കൊടുക്കല്‍. എന്നാല്‍ പതുക്കെ കുട്ടികള്‍ ടെലിവിഷന്‍ അടിമകളാവുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള കളിയും പഠിത്തവും ഒഴിവാക്കി ടിവിക്ക് മുന്നില്‍ ഇരിക്കുന്നത് വലിയ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുക. ടിവി കാണല്‍ അമിതമായാല്‍ ഏറെ നേരം ടിവിക്ക് മുന്നില്‍ ഇരിക്കുന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും കുട്ടികളെ പിന്നോട്ട് നയിക്കും. യഥാര്‍ഥ ലോകത്ത് നിന്നു പഠിക്കുന്ന കാര്യങ്ങളൊന്നും ടിവിയില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. പഠിക്കാനുള്ള താത്പര്യം ഇല്ലാതാകും. പഠിക്കുന്ന സമയത്തും മനസില്‍ പ്രിയപ്പെട്ട ടിവി പോഗ്രാമായിരിക്കും. പുസ്തകങ്ങള്‍ വായിക്കാനുള്ള താത്പര്യവും നശിക്കും. കായികാധ്വാനം ഇല്ലാതാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും. ടിവി കാണുന്നതിന് ഇടയ്ക്ക് സ്നാക്ക്സ് കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. ഹോബികളോ ക്രിയേറ്റീവായ കാര്യങ്ങളും ഇല്ലാതാകും. രാത്രിവൈകിട്ടും ടിവി കാണുന്നത് ഉറക്കത്തെ ബാധിക്കും. കണ്ണിന്റെ ആരോഗ്യത്തെയുമിത് ഗുരുതമായി ബാധിക്കും. ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ടിവി കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അനുവദിക്കണം. പെട്ടെന്നു വിലക്കുന്നത് പല പ്രശ്നങ്ങളും സൃഷ്ടിക്കും. ടിവി കാണലിന് ചില നിയമങ്ങള്‍ വയ്ക്കാം. ഇതു പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. കണ്ണീര് സീരിയലുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്ന സ്വഭാവം രക്ഷിതാക്കളും ഒഴിവാക്കണം. കുട്ടികള്‍ക്ക് ആവശ്യമുള്ള പരിപാടികള്‍ മാത്രം കാണാന്‍ അനുവദിക്കുക. ടിവി കാണുമ്പോള്‍ കഴിവതും മാതാപിതാക്കള്‍ അടുത്തിരിക്കണം. പോഗ്രാമുകളെ കുറിച്ച് അവര്‍ക്ക് വിശദീകരിച്ചും കൊടുക്കണം. ടിവി കാണാനുള്ള സമയം പരമാവധി ഒരു മണിക്കൂറില്‍ ഒതുക്കണം. വയലന്‍സ്, സെക്സ് തുടങ്ങിയ രംഗങ്ങളുള്ള പരിപാടികള്‍ കാണാന്‍ അനുവദിക്കരുത്. ഇത്തരം പരിപാടികള്‍ കുട്ടികളെ മാനസികാമായി ബാധിക്കും. രണ്ടു വയസുവരെ കുട്ടികളെ ടിവി കാണാന്‍ അനുവദിക്കരുതെന്നാണ് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ മുറിയില്‍ ഒരിക്കലും ടിവി വയ്ക്കരുത്. എല്ലാവര്ക്കും കാണാന്‍ കഴിയുന്ന സ്ഥലത്തായിരിക്കണം വീട്ടില്‍ ടിവിയുടെ സ്ഥാനം. ആഴ്ചയില്‍ ഒരു ദിവസം ടിവിയില്ലാ ദിനമായി പ്രഖ്യാപിക്കണം അമിത വാത്സല്യം ആപത്ത് സ്വന്തം കുട്ടികളുടെ വാശിക്കു മുന്നില്‍ കീഴടങ്ങുന്നവരാണ് മിക്ക രക്ഷിതാക്കളും. മക്കളോട് നിങ്ങള്‍ കാണിക്കുന്ന അമിത വാത്സല്യം വലിയ ആപത്താണ് അവരുടെ ജീവിതത്തില്‍ വരുത്തിവയ്ക്കുക. കുട്ടികളുടെ സ്വഭാവ രൂപീകരണം ആരംഭിക്കുന്ന കാലത്ത് വാത്സല്യം ആവശ്യത്തിന് മാത്രമേ പാടുള്ളൂ. അനാവശ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കരുത് പല ദുശീലങ്ങളും കുട്ടികള്‍ പെട്ടെന്ന് പഠിക്കാറുണ്ട്. കുഞ്ഞല്ലേ അവന് അങ്ങിനെ ചെയ്തോട്ടെയെന്നു കരുതിയിരുന്നാല്‍ പ്രശ്നമാണ്. വലുതായാലും ഇത്തരം ശീലങ്ങള്‍ പിന്തുടരും. മുതിര്‍ന്നവരെ ചീത്ത വിളിക്കുക, അടിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ ചെയ്യുമ്പോള്‍ തടയാന്‍ ഒരിക്കലും മടിക്കണ്ട. ഈ സമയം മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. ഇതിന് വാത്സല്യം തടസമാകരുത്. ശാസന മിതമായി മതി അമിത ശാസനയും വാത്സല്യത്തെപ്പോലെ പ്രശ്നമാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കുക. എന്റെ കുട്ടി അങ്ങിനെയൊന്നും ചെയ്യില്ലെന്ന ചിന്ത ഒഴിവാക്കണം. തെറ്റു ചെയ്താന്‍ കൃത്യമായി ശാസിക്കുക. ശാസന പിന്നീടാകാമെന്നു പറഞ്ഞു മാറ്റിവയ്ക്കരുത്. അനാവശ്യ പ്രശംസ പാടില്ല അന്യരുടെ മുന്നില്‍ വച്ചു മക്കളെ അനാവശ്യമായി പ്രശംസിക്കരുത്. എന്റെ കുട്ടി നന്നായി പാടും, ചിത്രം വരയ്ക്കും തുടങ്ങിയ പ്രോത്സാഹനങ്ങള്‍ അരുത്. പ്രോത്സാഹനം ആവശ്യമാണ്, എന്നാല്‍ അത് അമിതമാകുന്നത് കുട്ടികളെ മടിയന്മാരാക്കും. വാശിക്കു മുന്നില്‍ കീഴടങ്ങരുത് കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങള്‍ക്ക് അടക്കം മക്കള്‍ വാശിപിടിക്കുന്നത് സാധാരണമാണ്. എന്നാല്‍ കുടുംബത്തിന്റെ കൊക്കില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ മാത്രമേ നടത്തി കൊടുക്കാവൂ. അനാവശ്യ വാശികള്‍ക്ക് കീഴടങ്ങുന്നത് മുതിര്‍ന്നാലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സുഹൃത്തിന്റെ റോള്‍ വേണ്ട മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്താകണമെന്ന് പറയാറുണ്ട്. ഇതു നല്ലതാണ്, പക്ഷെ കൗമാര പ്രായം എത്തിയിട്ടു മതി കുട്ടികളോട് കൂട്ടു കൂടുന്നത്. അതുവരെ രക്ഷിതാവിന്റെ റോളില്‍ തന്നെ ഇരിക്കുക. അച്ചടക്കം, ശാസന, നിബന്ധനകള്‍ എന്നിവയെല്ലാം കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ രക്ഷിതാവായേ പറ്റൂ. കുട്ടിത്തം ഇല്ലാതാകുന്ന കുട്ടികള്‍ കുട്ടികളില്‍ കുട്ടിത്തം ഇല്ലാതാകുന്നുവെന്ന് എല്ലാവരും വേവലാതിപ്പെട്ടു തുടങ്ങിയിരിക്കുന്നു. മൊബൈല്‍ ഫോണും കാര്‍ട്ടൂണുകളുമാണ് ഇന്നു നമ്മുടെ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍. സ്വന്തം പ്രായക്കാരുമായുള്ള ചങ്ങാത്തം കുറഞ്ഞ് യന്ത്രങ്ങളോടാണ് പുതുതലമുറ കൂട്ടുകൂടുന്നത്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയകളുടെയും സ്വാധീനത്തില്പ്പെട്ടതോടെ കുട്ടികളില്‍ കുട്ടിത്തം ഇല്ലാതാകുന്നു. അവധിദിനങ്ങളിലെ ഒഴിഞ്ഞ പറമ്പുകള്‍, അംഗനവാടികള്‍, നാലുകെട്ടിലെ അകത്തളങ്ങള്‍, വിദ്യാലയമുറ്റങ്ങള്‍ തുടങ്ങി കൂട്ടുകാരോടൊത്ത് കളിച്ചും ഉല്ലസിച്ചും നടന്ന സ്ഥലങ്ങള്‍ ഇന്ന് കുട്ടികള്‍ക്ക് അന്യമാണ്. കുട്ടികളുടെ വ്യക്തിവികാസത്തിന് നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിച്ചെ പറ്റൂ. സൗഹൃദത്തിന്റെ പ്രസക്തി മിക്ക വീടുകളിലും ഒറ്റക്കുട്ടികളാണിപ്പോള്. അവര്‍ക്ക് മറ്റുള്ളവരോട് അടുത്ത് ഇടപഴകാനും സ്നേഹം പങ്കുവെക്കാനും മടിയുണ്ടാവുക സ്വാഭാവികം. കൂട്ടുകാരോടൊത്ത് കളിക്കുമ്പോള്‍ കുട്ടി ആര്‍ജിക്കുന്ന കഴിവുകള്‍ പലതാണ്. അവര്‍ പങ്കുവെക്കാനും ആസൂത്രണം ചെയ്യാനും പരസ്പരം സഹകരിക്കാനും പഠിക്കുന്നത് നല്ല കൂട്ടുകെട്ടുകളില്‍ നിന്നുമാണ്. രക്തബന്ധങ്ങള്‍ക്കപ്പുറം കുട്ടികള്‍ ആദ്യമായി ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങളാണ് അവരുടെ സൗഹൃദം. ആരോഗ്യപരമായ സുഹൃത് ബന്ധങ്ങള്‍ ശരിയായ മാനസിക വളര്‍ച്ചയെ സഹായിക്കുന്നു. 8- 10 വയസിലാണ് കുട്ടികളുടെ ശരിയായ സ്വഭാവരൂപീകരണം നടക്കുന്നത്. ഇക്കാലയളവില്‍ അവരുടെ ചുറ്റുപാടുകള്‍ ആത്മവിശ്വാസം നല്കുന്നവയാകണം. അവരുടെ കൂട്ടുകാരും ചുറ്റുപാടുകളും അനുയോജ്യമാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഡെ കെയര്‍ സെന്ററുകളില്‍ നിന്ന് തുടങ്ങുകയാണ് പഠനഭാരം. ചെറുപ്പത്തിലെ തുടങ്ങുന്ന സമ്മര്‍ദ്ദം കുട്ടികളില്‍ വിഷാദരോഗം പോലും ഉണ്ടാക്കുന്നു. നൂറില്‍ മൂന്ന് പേര്‍ക്കെങ്കിലും വിഷാദരോഗം ഉള്ളതായി പഠനങ്ങള്‍ പറയുന്നുണ്ട്. കുട്ടികളുടെ സൗഹൃദങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നത് അവരെ പരിഗണിക്കുന്നുവെന്ന തോന്നലുണര്ത്തും വിഷാദരോഗങ്ങളില്‍ നിന്നവരെ രക്ഷിക്കുകയും ചെയ്യും. ഏതൊക്കെ സൗഹൃദങ്ങള്‍ സുഹൃത്തുക്കള്‍ പലതുണ്ട്. കളിക്കൂട്ടുകാര്‍ മാത്രമല്ല. പുസ്തകങ്ങള്‍ വരെ സുഹൃത്തുക്കളാവാം. ആരാണെങ്കിലും എന്താണെങ്കിലും നല്ലതാവണമെന്നുമാത്രം. കളിക്കൂട്ടുകാര്‍ അതിരാവിലെ ധൃതിപിടിച്ച ഒരുക്കങ്ങള്‍, സ്കൂള്‍ ബസ്സിലെ യാത്ര, പഠനത്തിനിടയിലെ ചെറിയ ഇടവേളകള്‍. വൈകുന്നേരം വീണ്ടും ബസില്‍ വീട്ടിലേക്ക്. അനുവദനീയമായ ഇടവേളകളിലെ വീഡിയോഗെയിം. കാര്‍ട്ടൂണ്‍, ഹോംവര്‍ക്കുകള്‍. ഇങ്ങനെ എന്നും ആവര്‍ത്തിക്കുന്ന ടൈംടേബിളില്‍ നിന്ന് മാറി അവര്‍ക്ക് കളികളുടെയും കൂട്ടുകാരുടെയും ലോകം തുറന്നുകൊടുക്കണം. നല്ല സുഹൃത്തുക്കളെ കണ്ടെത്താന്‍ നമ്മള് സഹായിക്കുകയും വേണം. സംഘം ചേര്‍ന്നുള്ള കളികളായ ക്രിക്കറ്റ്, ബാസ്കറ്റ്ബോള്‍, വോളീബോള്‍ തുടങ്ങിയവ ടീം സ്പിരിറ്റ്, പ്രോത്സാഹിപ്പിക്കാനുള്ള മനസ്, ക്ഷമ എന്നിവ വളര്‍ത്താന്‍ സഹായിക്കും. കലാപരിശീലനം, നീന്തല്‍, സ്പോര്‍ട്സ്, വാദ്യോപകരണങ്ങള്‍ തുടങ്ങി കുട്ടികള്‍ക്ക് താല്പര്യമുള്ള മേഖലകളെ അവര്‍ക്ക് പരിചയപ്പെടുത്തുക. സൗഹൃദത്തിന്റെ പുതിയ ചുറ്റുപാടുകള്‍ പതിയെ അവരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.സി.സി തുടങ്ങിയ ഗ്രൂപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കാം. ഇത് അവരുടെ സാമൂഹിക ബോധവും ഒരുമയും വളര്‍ത്തും. ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവും ഇത്തരം കൂട്ടായ്മകളില്‍ നിന്ന് അവര്‍ സ്വയത്തമാക്കും. സൗഹൃദം കുടുംബത്തില്‍ നിന്നും ഒരു സമൂഹജീവി എന്ന നിലയില്‍ കുടുംബമാണ് മനുഷ്യനെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണി. ബന്ധങ്ങളുടെ ഇഴയടുപ്പം കുട്ടികള്‍ ആദ്യം പഠിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. ഇവിടെ നിന്ന് തുടങ്ങുന്നു അവന്റെ സ്വഭാവരൂപീകരണം. എന്തും തുറന്നുപറയാനുള്ള സൗഹൃദം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണ്. അച്ഛനും അമ്മയും കുഞ്ഞുമടങ്ങുന്ന ചെറിയ ലോകത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ചെറിയൊരു പ്രശ്നം പോലും താങ്ങാനാവാത്ത ലോലമനസ്സായിരിക്കും. മുത്തച്ഛനും മുത്തശ്ശിയും, അമ്മാവന്മാരും അമ്മായിമാരും അവര്‍ക്ക് കൂട്ടുകാരാകാനുള്ള അവസരമൊരുക്കണം. മുത്തച്ഛനും മുത്തശ്ശിയുമുള്ള ലോകം കുട്ടികള്‍ക്ക് അണുകുടുംബത്തേക്കാള്‍ സുരക്ഷിതത്വബോധം നല്‍കും. കുടുംബത്തിലെ സമപ്രായക്കാരായ കുട്ടികളുമായുള്ള ചങ്ങാത്തം വളര്‍ത്താന്‍ ദൃഢമായ കുടുംബബന്ധങ്ങള്‍ സഹായിക്കുന്നു. വായന എന്ന കൂട്ടുകാരന് നല്ല വഴികള്‍ പറഞ്ഞുതരാന്‍ മനുഷ്യര്‍ക്ക് മാത്രമല്ലല്ലോ കഴിയുക. അതിന് നല്ല പുസ്തകങ്ങളോടും കൂട്ടുകൂടാം. വായനയിലൂടെ കുട്ടികള്‍ നന്മയിലേക്ക് വളരട്ടെ. അക്രമവാസനയും അമിതവികൃതിയും നിയന്ത്രിച്ച് കുട്ടികളെ മൂല്യബോധമുള്ളവരാക്കാന്‍ വായനയോളം നല്ലൊരു വഴി വേറെയില്ല. ഇലക്ട്രോണിക് യുഗത്തിലെ പുതിയ തലമുറയ്ക്ക് ഈ വായനയുടെ സാധ്യതകളും പകര്‍ന്നു കൊടുക്കാവുന്നതാണ്.സമപ്രായക്കാരോ മുതിര്‍ന്നവരൊ ആണോ പെണ്ണോ ആരുമാകട്ടെ കുട്ടികളുടെ കൂട്ട.് അത് രക്ഷിതാക്കള്‍ ആവശ്യത്തിനുമാത്രം നിരീക്ഷിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ബന്ധങ്ങളാണെങ്കില്‍ അതിനെ പൂര്‍ണമനസ്സോടെ പിന്തുണക്കുകയും വഴിതെറ്റി പോവുന്നു എന്ന് തോന്നിയാല്‍ കര്‍ശനമായി വിലക്കി കാരണങ്ങള്‍ പറഞ്ഞു കൊടുക്കുകയും വേണം. നഖം കടിക്കല്‍ മാറ്റാം പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കല്‍. കുട്ടിക്കാലത്ത് ശീലമാക്കുന്ന ഈ സ്വഭാവം വലുതാകുമ്പോഴും മാറ്റാത്തവരുണ്ട്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ഈ ദുശ്ശീലം കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും മാറ്റിയെടുക്കാം.നഖം കടിക്കുവാനുള്ള കാരണങ്ങള്‍ ചെറിയ കുട്ടികള്‍ പലപ്പോഴും മനഃപൂര്‍വമല്ല നഖം കടിക്കുന്നത്. മറിച്ച് അതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. കുട്ടികള്‍ക്ക് ഏതെങ്കിലും കാര്യത്തിലുള്ള അമിത ആകാംക്ഷ, ബോറടി, മാനസ്സിക സമ്മര്‍ദ്ദം തുടങ്ങിയകൊണ്ടോ നഖം കടിച്ചേക്കാം. കൂടാതെ ഇത് ഒരു ശീലമാക്കുന്നത് മുതിര്‍ന്നവര്‍ ചെയ്യുന്നതിനെ അനുകരിക്കലുമാവാം. ഒഴിവാക്കേണ്ടതെന്തുകൊണ്ട്..? വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് നഖം കടിക്കുന്നത് പല അസുഖങ്ങള്‍ക്കും കാരണമാവും. (ഉദാഹരണത്തിന് പൊടിയും വിയര്‍പ്പും, വളര്‍ത്തു മൃഗങ്ങളോടൊത്തുള്ള കളിയും കഴിഞ്ഞ് കൈവൃത്തിയായി കഴുകാത്തതു മൂലം നഖത്തിനിടയിലെ അണുക്കള്‍ നഖം കടിക്കുമ്പോള്‍ വയറ്റിലെത്തുന്നു.) മോണയ്ക്കും പല്ലിനും നഖത്തിനും കേടുപാടുകള്‍ സംഭവിക്കാനും ഇതു കാരണമാകും. നഖത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുക മാത്രമല്ല വളര്‍ച്ച മുരടിക്കാനും സാധ്യതയുണ്ട്. നഖത്തിനു ചുറ്റുമുള്ള ചര്‍മ്മം കടിക്കുന്നതു മൂലം ചോരവരാനും കുഴിനഖം വരുന്നതിനും സാധ്യതയുണ്ട്. എങ്ങനെ ദുശ്ശീലം നിര്‍ത്താം…? നഖം സ്ഥിരമായി വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കുട്ടികളുടെ നഖത്തില്‍ കയ്പുള്ള എന്തെങ്കിലും പുരട്ടുക. (കയ്പക്ക നീരു പോലെ കുട്ടികളുടെ ശരീരത്തിന് ദോഷം വരാത്ത എന്തെങ്കിലും പാനീയങ്ങള്‍) നെയില്‍ പോളീഷ് ഉപയോഗിക്കുക. കുട്ടികളിലെ മാനസ്സിക സമ്മര്‍ദ്ദം കുറയ്ക്കുക. ദോഷവശങ്ങളെപ്പറ്റി ബോധവാന്മാരാക്കുക. നഖം കടിക്കുന്നതിന് തുടര്‍ച്ചയായി ചീത്ത പറഞ്ഞ് വെറുപ്പിക്കാതിരിക്കുക നഖം കടിക്കുന്നത് നിര്ത്തിയാലുള്ള നല്ല വശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കുക. കുട്ടികളുടെ നഖം വൃത്തിയായിസൂക്ഷിക്കേണ്ടതെങ്ങിനെ…? കുട്ടികള്‍ക്ക് സ്ഥിരമായി ഉണ്ടാകുന്ന ഒരസുഖമാണ് വിരശല്യവും വയറു വേദനയും. ഇതിന് പ്രധാനകാരണം വൃത്തിയില്ലാത്ത നഖങ്ങള്‍ സ്ഥിരമായി കടിക്കുന്നതും കൈവിരലുകള്‍ വൃത്തിയില്ലാതെ ഉപയോഗിക്കുന്നതുമാണ്. കുഞ്ഞുങ്ങളുടെ നഖങ്ങള്‍ അവരുടെ തന്നെ ശരീരത്തില്‍ കൊണ്ട് പോറലേല്‍ക്കാതിരിക്കാന്‍ അമ്മമാര്‍ മൃദുവായി കടിച്ചുകളയാറുണ്ട്. വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും വേണം ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍. കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിക്കുന്നത് അഭികാമ്യമില്ല. കുട്ടികളുടെ നഖം മുറിക്കുവാനുള്ള ചെറിയ നെയില്‍ കട്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന നെയില്‍ കട്ടറുകള്‍ ഉപയോഗിച്ചാല്‍ ചെറിയ കുട്ടികള്‍ക്ക് കൂടുതലായി വേദനിക്കുന്നതിനും അണുബാധയ്ക്കും സാധ്യതയുണ്ട്. നെയില്‍ പോളീഷുകള്‍ ഉപയോഗിക്കുമ്പോള്‍ കെമിക്കല്‍ ഫ്രീയായവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാം കുട്ടികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി എത്ര പണം ചെലവഴിക്കാനും മടിക്കാത്തവരാണ് മിക്ക മാതാപിതാക്കളും. മക്കള്‍ എന്തിനു വേണ്ടി വാശിപിടിച്ചാലും അതെല്ലാം വാങ്ങി നല്കാന് അച്ഛനും അമ്മയും തയാറാകുന്നു. അനാവശ്യമായി പണം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ തന്നെ തയാറായാല്‍ കുട്ടികളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ തന്നെ മാതൃക കാണിക്കണം. മക്കളെ വരവറിഞ്ഞു പണം ചെലവാക്കാന്‍ പഠിപ്പിക്കാനുള്ള ചില വിദ്യകള്‍ നോക്കാം. ചെറുപ്പത്തില്‍ നിങ്ങള്‍ കഷ്്ടപ്പെട്ട കാര്യങ്ങള്‍ മക്കളുമായി പങ്കുവയ്ക്കാന്‍ മടിക്കരുത്. അധ്വാനത്തിന്റെ വില അവര്‍ക്ക് മനസിലാക്കി കൊടുക്കണം. നിങ്ങള്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതെന്ന് എങ്ങനെയെന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കണം. പരസ്യങ്ങള്‍ പെട്ടെന്ന് കുട്ടികളെ ആകര്‍ഷിക്കും. പരസ്യത്തില്‍ കാണുന്ന പലതിനുമായി കുട്ടികള്‍ വാശിപിടിക്കുന്നത് സാധാരണം. പരസ്യങ്ങള്‍ക്കു പിന്നിലെ തട്ടിപ്പുകള്‍ കുട്ടികളെ മനസിലാക്കി കൊടുക്കുക. പണത്തിലുപരി ഗുണമേന്മയുടെയും മാനുഷിക മൂല്യങ്ങളുടെയും വില മക്കളെ പഠിപ്പിക്കുക. കഷ്ടപ്പെട്ട് ജീവിത വിജയം നേടിയ മഹാന്മാരുടെ കഥകള്‍ മക്കള്‍ക്ക് വായിക്കാന്‍ നല്‍കണം. എ.പി.ജെ. അബ്ദുള്‍കലാം, കെ.ആര്. നാരായണന് തുടങ്ങിയവരുടെ ജീവിത കഥകള്‍ മക്കള്‍ക്ക് വായിക്കാന്‍ നല്‍കാം. കുടുംബത്തിന്റെ സാമ്പത്തിക ശേഷി ഒരിക്കലും മക്കള്‍ക്കു മുന്നില്‍ മറച്ചു വയ്ക്കരുത്. നിങ്ങളുടെ സാമ്പത്തിക അവസ്ഥ മക്കളോട് തുറന്നു പറയുക. അതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ മാത്രം അവര്‍ക്ക് നല്‍കുക. ചെക്ബുക്കോ എ.ടി.എം കാര്‍ഡോ ഉണ്ടെങ്കില്‍ അതുപയോഗിച്ച് അവര്‍ക്ക് മുന്നില്‍ ഇടപാടുകള്‍ നടത്തി കാണിച്ചു കൊടുക്കുക. അവയുടെ ശരിയായ ഉപയോഗം അതിലൂടെ അവരെ പഠിപ്പിക്കാം. ചെറുപ്പത്തിലേ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തണം. ഇതിനായി ചെറിയ തുകകള്‍ കുട്ടികള്‍ക്ക് സൂക്ഷിക്കാന്‍ നല്‍കാം. കുറച്ച്് പണമാകുമ്പോള്‍ അവര്‍ക്കിഷ്ടമുള്ള വസ്തുക്കള്‍ വാങ്ങാന്‍ അനുവദിക്കുക. പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കേണ്ടത്. ചെറിയ കുട്ടികള്‍ക്ക് ചോക്ലേറ്റും ഐസ്ക്രീമും വാങ്ങാനായിരിക്കും പണം ആവശ്യം. എന്നാല്‍ കൗമാരക്കാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം സിനിമ കാണാനാകും ആഗ്രഹം. പോക്കറ്റ് മണി കുട്ടികള്‍ എങ്ങിനെ ചെലവഴിക്കുമെന്നും ശ്രദ്ധിക്കണം. ഭക്ഷണം കാര്‍ട്ടൂണ്‍ രൂപത്തില്‍ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് വലിയൊരു സാഹസ പ്രവര്‍ത്തിയാണ് അമ്മമാര്‍ക്ക്. കഥപറഞ്ഞും പാട്ടുപാടിയും മുറ്റത്തും തൊടിയിലും നടത്തിയുമാണ് പണ്ടു കാലത്ത് അമ്മമാര്‍ തങ്ങളുടെ കുഞ്ഞോമനകളെ ഊട്ടിയിരുന്നത്. ജീവിതത്തിന് വേഗം കൂടിയ ഇക്കാലത്ത് ഇതൊന്നും നടക്കില്ല. കുട്ടികളെ എങ്ങിനെയെങ്കിലും ഭക്ഷണം കഴിപ്പിച്ച് ഓഫിസിലെത്താനുള്ള തിരക്കിലാണ് മാതാപിതാക്കള്‍. ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ലാലേ മൊഹമ്മദി എന്ന അമ്മ തന്റെ മകന് ജേക്കബിനെ ഭക്ഷണം കഴിപ്പിക്കാനൊരു വിദ്യ കണ്ടെത്തിയിരിക്കുന്നു. ജേക്കബിന് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയുമെല്ലാം രൂപത്തില്‍ ഭക്ഷണം പാത്രത്തില്‍ ഒരുക്കിവയ്ക്കും. ഇങ്ങനെ തയാറാക്കിയിരിക്കുന്നതു കണ്ട് ജേക്കബ് വലിയ താത്പര്യത്തോടെ ഭക്ഷണം കഴിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ഈ സൂത്രം പങ്കുവച്ചതോടെ ലാലേ മൊഹമ്മദിയും ജേക്കബും വലിയ പ്രശസ്തരാണിപ്പോള്. മടി മാറ്റാന്‍ ചിത്രങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മടിയനായിരുന്നു മൂന്നു വയസുകാരനായ ജേക്കബ്. ലാലേ മൊഹമ്മദി മണിക്കൂറുകളോളം പുറകെ നടന്നാല്‍ എന്തെങ്കിലും കുറച്ച് കഴിക്കും. അതും മധുര പലഹാരങ്ങള്‍ മാത്രം. പഴങ്ങളും പച്ചക്കറികളുമൊന്നും ജേക്കബിന് തീരെ താത്പര്യമില്ല. ഇതോടെ മകനെ ഭക്ഷണം കഴിപ്പിക്കാന്‍ എന്തെങ്കിലും പുതിയ മാര്‍ഗം കണ്ടെത്താനായി തന്റെ ശ്രമമെന്നു പറയുന്നു ലാലേ. നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കി. കുസൃതിക്കാരനായ ജേക്കബിന്റെ അടുത്ത് ഇതൊന്നും ചെലവായില്ല. ഒടുവിലാണ് മകന് പ്രിയപ്പെട്ട കാര്‍ട്ടൂണുകളുടെയും മൃഗങ്ങളുടെയും രൂപത്തില്‍ ഭക്ഷണം പാത്രത്തില്‍ വിളമ്പിയത്. ഇതോടെ ഭക്ഷണ വിരോധിയായ ജേക്കബ് വളരെ താത്പര്യത്തോടെ കഴിക്കാന്‍ തുടങ്ങി. ഇതോടെ മറ്റുള്ളവരുമായി ഈ വിദ്യ പങ്കുവയ്ക്കാന്‍ ലാലേ മൊഹമ്മദി തീരുമാനിച്ചു. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ജേക്കബ്സ് ഫുഡ് ഡയറീസ് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി. ഭക്ഷണത്തെ വിവിധ രൂപത്തില്‍ ഒരുക്കുന്ന വിധമെല്ലാം ഈ അക്കൗണ്ടിലൂടെ വിശദമാക്കി. കടുംവര്ണമുള്ള പാത്രങ്ങളില്‍ ലാലേ മകന് ഭക്ഷണം നല്‍കുക. പൂക്കളും ഇലകളും മൃഗങ്ങളുമെല്ലാം പാത്രത്തിലുണ്ടാകും. ആപ്പിളും കാബേജും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വിവിധ കഥാപാത്രങ്ങളായി മാറും. കുട്ടികള്‍ കഴിക്കാന്‍ മടികാണിക്കുന്ന സാധനങ്ങള്‍ ഇങ്ങനെ ഒരുക്കി നല്കിയാല് ഫലം ചെയ്യുമെന്നാണ് ലാലേയുടെ അഭിപ്രായം. ആരാധകരും നിരവധി ഭക്ഷണം കലാപരമായി ഒരുക്കാനുള്ള വിദ്യയും റെസിപ്പിയുമെല്ലാം ജേക്കബ് ഫുഡ് ഡയറീസ് എന്ന അക്കൗണ്ടിലൂടെ ലാലേ വ്യക്തമാക്കുന്നുണ്ട്. ഒരോ ദിവസവും രാത്രി ജേക്കബ് അമ്മയോടു പറയും, നാളെ രാവിലെ ഏതു കാര്‍ട്ടൂണ്‍ കഥാപാത്രത്തെയാണ് തനിക്ക് കഴിക്കേണ്ടതെന്ന്. അപ്പോള്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ചിത്രം കണ്ടു പിടിക്കും. കഥാപാത്രത്തിന്റെ ശരിക്കുള്ള രൂപം തന്നെയാണ് ഭക്ഷണത്തിലും ഉപയോഗിക്കുന്നത്. ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് തയാറാക്കല്‍. കൃത്രിമ നിറങ്ങളൊന്നും ചേര്‍ക്കാറില്ല. ഭക്ഷണം തയാറാക്കാനും ഇതു കഥപാത്രമാക്കി മാറ്റാനും അരമണിക്കൂര്‍ മതി ലാലേയ്ക്ക്. അഞ്ചുലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ജേക്കബ്സ് ഫുഡ് ഡയറീസ് എന്ന അക്കൗണ്ടിനെ ഫോളോ ചെയ്യുന്നത്. മക്കള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ പാത്രത്തില്‍ ഛോട്ടാ ഭീം, ആന്ഗ്രി ബേര്‍ഡ്സ് തുടങ്ങിയ രൂപങ്ങള്‍ ഒരുക്കി നല്കി ഒരു പരീക്ഷണം നടത്തി നോക്കൂ ആണ്‍കുട്ടിയും സുരക്ഷിതനല്ല കേരളത്തില്‍ നടന്ന പല പഠനങ്ങളും പറയുന്നത് പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ലൈംഗികമായി പീഡനങ്ങള്‍ക്ക് വിധേയരാവുന്നു എന്നതാണ്. പക്ഷേ പലരും അതൊരു പീഡനമായി അംഗീകരിക്കാതിരിക്കുകയോ അതിനോട് നിസ്സംഗത പുലര്‍ത്തുകയോ ചെയ്യുന്നു. സ്വാഭാവികമായി നമ്മള് കാണാതെ പോകുന്നത് പീഡനത്തിന് വിധേയരാവുന്ന കുട്ടി, അവര്‍ ആണായാലും പെണ്ണായാലും കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു എന്ന വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍, ആണ്‍കുട്ടികള്‍ അതിക്രമത്തിന് വിധേയരാവുന്ന സാഹചര്യങ്ങള്‍ ഏതാണ് ? അതിക്രമങ്ങള്‍ നടന്നിട്ടും പുറംലോകം അറിയത്തതെന്ത് ? പീഡനശ്രമങ്ങളില്‍ നിന്നും അവരെ എങ്ങനെ സംരക്ഷിക്കാം ? തുടങ്ങി പലരും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളെ ചിലര്‍ തുറന്ന മനസ്സിടെ സമീപിക്കുന്നു. ആണ് കുട്ടിയും സുരക്ഷിതനല്ല എന്ന ചര്‍ച്ചയില്‍. ആ ചേട്ടന് ചീത്തയാ.. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ അടുത്തിടെയുണ്ടായ സംഭവം ആ നാട്ടുകാരനായ സതീഷ് ഓര്‍ത്തെടുത്തു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആ യുവാവ് സതീഷിന്റെ അയല്ക്കാരനായിരുന്നു. അയാള്‍ക്ക് ആറുവയസ്സുള്ള ഒരു മകനുണ്ടായിരുന്നു. ദിവസവും വൈകുന്നെര്രം സാധനങ്ങള്‍ വാങ്ങാന്‍ ആ കുട്ടിയാണ് കടയില്‍ പോയിരുന്നത്. കൊടുത്തുവിട്ട പൈസ കൊണ്ട് കിട്ടാത്ത പല സാധനങ്ങളുമായി മകന് എന്നും കടയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ എന്തോ ദാരിദ്ര്യം കൊണ്ട് വീട്ടുകാര്‍ ഇതെങ്ങനെ കിട്ടിയെന്ന് ഒരിക്കലും അവനോട് ചോദിച്ചില്ല. ദിവസവും പലഹാരവും മറ്റു സാധനങ്ങളുമായി വരുന്ന മകന്റെ ഇതൊക്കെ കടയില്‍ ചേട്ടന് തന്നതാണ് എന്ന ഉത്തരത്തില്‍ തൃപ്തരായിരുന്നു ആ മാതാപിതാക്കള്‍. ഹോ അയാള്‍ നാലാള് സ്നേഹമുള്ള മനുഷ്യനാണ് എന്ന് അവര്‍ പരസ്പരം പറയുകയും ചെയ്തു. ക്രമേണ കുട്ടി കടയില്‍ പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് തുടങ്ങി. പക്ഷേ മാതാപിതാക്കള്‍ അവനിപ്പം കടയില്‍ പോകാന്‍ മടിയാ എന്ന് പറഞ്ഞതല്ലാതെ കൂടുതലൊന്നും ചോദിച്ചില്ല. അതേസമയം അവന് അവന്റെ അയല്‍പ്പക്കത്തുള്ള മാമനോട് ഒരു ദിവസം പറഞ്ഞു. ആ ചേട്ടന് ചീത്തയാണ്. അയാള്‍ തന്നെ കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ മിഠായി നല്കി ആ കടക്കാരന് കുട്ടിയെ പീഡിപ്പിച്ചതിന്റെ ഞെട്ടുന്ന കഥകളാണ് പുറത്ത് വന്നത്. വാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ പതിവ് പോലെ നിയമം കയ്യിലെടുത്തു. കട കയ്യേറ്റം ചെയ്തു. കൂടെ രക്ഷിതാക്കള്‍ അയാള്‍ക്കെതിരെ കേസ് കൊടുത്തെങ്കിലും ഒരു പ്രതവാര്ത്തയോടെ ആ സംഭവം ഒതുങ്ങി. ആറുവയസ്സുള്ള ഒരു ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് സത്യത്തില്‍ ആരാണ് ഉത്തരവാദി ? സതീഷ് ചോദിക്കുന്നു. അച്ഛനും അമ്മയ്ക്കും മാത്രമാണ് തങ്ങളുടെ കുട്ടികള്‍ ചെറുതും നിഷ്കളങ്കരും. മറ്റുള്ളവര്‍ക്കും അങ്ങനെയാവണമെന്നത് നമ്മുടെ ആഗ്രഹം മാത്രമാണ്. ആണ് പെണ് വ്യത്യാസമില്ലാതെ കുഞ്ഞുശരീരങ്ങളെ പോലും കൊത്തിപ്പറിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കണ്ണുകള്‍ ചുറ്റുപാടും ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് രക്ഷിതാക്കളാണ്. ഒരു ലാഭാവുമില്ലാതെ ദിവസവും ഫ്രീയായി പലഹാരം കൊടുത്തുവിടുന്ന ഒരാളെ എന്തുകൊണ്ട് രക്ഷിതാക്കള്‍ക്ക് സംശയിക്കാന്‍ കഴിഞ്ഞില്ല? കടയില്‍ പോകാന്‍ ഇഷ്ടമില്ല എന്ന് കുട്ടി പറയുമ്പോള്‍ അടുത്ത ചേര്‍ത്തു നിര്‍ത്തി അവനോട് എന്തേ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അവര്‍ക്ക് തോന്നിയില്ല ? സ്കൂള്‍ ഹോസ്റ്റലും ഹോസ്റ്റലുകളില്‍ ചെറിയ ക്ലാസ്സുകളിലെ ആണ്‍കുട്ടികളെ ലമിഗിക ഇംഗിതങ്ങള്‍ക്ക് വിധേയരാക്കുന്ന മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ ആര്‍ക്കും ഒരു ഞെട്ടലേയല്ല. കേരളത്തിലെ ഒട്ടുമിക്ക ഹോസ്റ്റലുകളിലും നടക്കുന്ന സംഭവമല്ലേ എന്നാണ് ഇതിനോട് അദ്ധ്യാപകര്‍ തന്നെ പ്രതികരിക്കാറുള്ളത്. ഉത്തരമലബാറില്‍ ഒരു പ്രശസ്തമായ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ശ്രീമതി ശ്രീലത, ഹോസ്റ്റല്‍ വാര്‍ഡനും അദ്ധ്യാപകനുമായ അരുണ്‍, ഹിന്ദി അദ്ധ്യാപകനായ ഷാഫി എന്നിവര്‍ സ്കൂള്‍ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നു. പല ഹോസ്റ്റലുകളിലും പേടിപ്പിച്ചാണ് ചെറിയ കുട്ടികളെ ചൂഷണം ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടി പഠിക്കാന്‍ വനന്തോടെ അത് കുറച്ചുകൂടി വ്യാപകമായി എന്ന് തോന്നുന്നു. അവരുടെ ഇടയില്‍ പ്രായത്തില്‍ മൂത്തവര്‍ക്ക് രാജാവിനുള്ള പരിഗണനയാണ് കിട്ടുക. അവരെന്ത് പറഞ്ഞാലും അത് ജൂനിയര്‍ കുട്ടികള്‍ അനുസരിക്കുകയും ചെയ്യും. ആരും പരസ്യമായി പരാതി പറയാന്‍ വന്നിട്ടില്ലെങ്കിലും ഒട്ടുമിക്ക സ്കൂളുകളിലും ഇത് പരസ്യമായ രഹസ്യമാണ്. ശ്രീലത ടീച്ചര്‍, അരുണ്‍ സര്, ഷാഫി സര് എന്നിവരുടെ നേതൃത്വത്തിലൊക്കെ ഹോസ്റ്റലില്‍ ഇതിനെതിരെയുള്ള ബോധവത്കരണം കൃത്യമായി നടത്തുന്നുണ്ടെങ്കിലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അവരുടെ ഭാഷയിലാവുന്നതാണ് കൂടുതല്‍ നല്ലതെന്ന അഭിപ്രായം ഇവര്‍ക്കുണ്ട്. മാസത്തില്‍ രണ്ടു ദിവസമെങ്കിലും വിദ്യാര്‍ത്ഥികളോട് ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അവര്‍ക്ക് തുറന്നു പറയാന്‍ അവസരമൊരുക്കുന്ന കൌണ്സലിംഗ് സെഷനുകള്‍ സ്കൂളില്‍ നടപ്പാക്കുകയും വേണം. വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പലതരത്തിലും കുട്ടികള്‍ അരക്ഷിതരാന്. കുട്ടികളെ വിശ്വാസത്തോടെയാണ് മാതാപിതാക്കള്‍ സ്കൂളുകളിലേക്ക് പറഞ്ഞുവിടുന്നത് എങ്കിലും അവര്‍ ബന്ധം സ്ഥാപിക്കുന്നത് എവിടെയൊക്കെയാണെന്ന് നമ്മള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ബസ്സും ഓട്ടോറിക്ഷയും ബുക്കും പേനയും മിഠായിയും വാങ്ങുന്ന കടകളും കൂട്ടുകാരുടെ ബന്ധുക്കളും തുടങ്ങി ഇക്കാലത്ത് ആരേയും സംശയിക്കേണ്ട ബാധ്യത എല്ലാവരുടെതുമായി തീരുന്നു. ഏതെങ്കിലും ഒരു കുട്ടി ചൂഷണത്തിന് ഇരയായാല്‍ അത് ചെയ്തത് ആരാണെങ്കിലും കര്‍ശനമായി നേരിടണം. തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന തോന്നലാണ് പലര്‍ക്കും അത് ആവര്‍ത്തിക്കാനുള്ള പ്രേരണ. സ്കൂളില്‍ അങ്ങനെയൊന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ അതാരാണെങ്കിലും ഒരു പ്രിന്‍സിപ്പല്‍ എന്നരീതിയില്‍ ഞാന്‍ കര്‍ശന നടപടി എടുത്തിരിക്കും. ശ്രീലത ടീച്ചറുടെ നിലപാട് ഉറച്ചാതായിരുന്നു. അയ്യേ നിനക്ക് വേറെ പണിയില്ലേ കൊച്ചേ.. രക്ഷിതാക്കള്‍ ഈ വിഷയത്തെ എങ്ങനെയാണ് നേരിടുന്നത് എന്ന് ചോദിച്ചറിയാന്‍ ചില വീട്ടമ്മമാരെ നേരില്‍ കാണാന്‍ തീരുമാനിച്ചു. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ നിര്‍ത്തേണ്ടി വന്നു. ഒരു വീട്ടിലെ മുപ്പത് കഴിഞ്ഞൊരു വീട്ടമ്മ രണ്ടു ആണ്‍കുട്ടികളുടെ അമ്മ മുഖത്ത് നോക്കി പറഞ്ഞു. നിനക്ക് വേറെ പണിയില്ലേ കൊച്ചേ.. അയ്യോ വിചിത്രം ഇതൊന്നും വിശ്വസിക്കാനേ ആവുന്നില്ല. നീ എന്തൊക്കെയാ ഈ ചോദിക്കുന്നേ ? ശേ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല ട്ടോ തുടങ്ങി ആണ്‍കുട്ടികളും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നു എന്നത് എത്ര പറഞ്ഞിട്ടും വിശ്വസിക്കാന്‍ കഴിയാതെ കണ്ണ് മിഴിച്ച് നിന്ന നാട്ടിന്‍പുറത്തുകാരായ പാവം അമ്മമാര്‍. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശികളായ സുനിതയും ദീപയും ഈ വിഷയത്തെ കുറിച്ച് സാമാന്യം ബോധമുള്ളവരാണ്. മോളോട് കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. ആരെയൊക്കെ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്. അത് ചെറുപ്പം മുതലേ പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷേ ആണ്‍കുട്ടികളുടെ കാര്യത്തില്‍ അത് സംഭവിക്കാറില്ല. പെണ്‍കുട്ടിക്കാണ് ചാരിത്ര്യം, ശുദ്ധി എന്നൊക്കെ ചെറുപ്പം മുതലേ പറയാറ്. ആണ്‍കുട്ടികള്‍ക്കും അതുണ്ടെന്ന് ആരും അവരെ പഠിപ്പിക്കാറില്ല. അതുകൊണ്ട് രണ്ടു പ്രശ്നമുണ്ട്. ഒന്ന് അവര്‍ ചൂഷണത്തിന് ഇരയാകും രണ്ട് അവര്‍ തന്നെ മറ്റുളളവരെ ചൂഷണം ചെയ്യും. അപ്പോള്‍ പെണ്‍കുട്ടിക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന പോലെ ആണ്‍കുട്ടികള്‍ക്കും കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം അത് അച്ഛന് തന്നെ ചെയ്യുകയും വേണം. പെണ്‍കുട്ടികള്‍ക്കൊരു ഫോണ്‍ വന്നാല്‍ പോലും നമ്മള് ചോദിക്കും ആരാടീ അത് എന്ന്. പക്ഷേ ആണ്‍കുട്ടികളുടെ കാര്യത്തിലോ ? ഒന്നുമില്ല. അവരുഎടെ കൂട്ടുകാര്‍ ആരൊക്കെയാന്നോ സമയം വൈകി വീട്ടില്‍ വന്നാല്‍ എന്താ വൈകിയതെന്നോ അങ്ങനത്തെ ഒരു ചോദ്യവും ആണ്മക്കളോടില്ല. ഗളം ഏതെങ്കിലും ചീത്ത കൂട്ടുകെട്ടില്‍ പെടുന്നതോ ലഹരി ഉപയോഗമോ ലൈംഗിക ചൂഷങ്ങള്‍ക്ക് വിധേയരാകുന്നതോ ഒക്കെയാവാം. അതുകൊണ്ട് രക്ഷിതാക്കളുടെ ആദ്യ കടമ മക്കളെ അറിയുകയും അവരോട് തുറന്നിടപഴകുകയും ചെയ്യുക എന്നതാണ്. നാണം കെടുത്താന്‍ വൃദ്ധരും പീഡകരായി പിടിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മധ്യവയസ്കരും വൃദ്ധരും ഒരുപാടുണ്ട്. കുടുംബ പ്രശ്നങ്ങളും ദാമ്പത്യത്തിലെ അതൃപ്തിയുമാണ് പീഡോഫീലിയ എന്ന തകരാറിനും ചെറുപ്പം മുതലേ ഇത്തരം ചൂഷണത്തിന് ഇരയായതുമൊക്കെയാണ് ഇവര്‍ പ്രതിയാകാനുള്ള കാരണങ്ങളില്‍ ചിലത്. പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാളെ തല്ലിക്കൊല്ലൂ എന്ന് ആക്രോശിച്ചിട്ട് കാര്യമില്ല. പക്ഷേ അറുപത്തിയഞ്ചു വയസ്സുള്ള കണ്ണൂരുകരനയാ ഭാസ്കരെട്ടന് വളരെ കടുത്ത നിലപാടാണ് ഇക്കാര്യത്തില്‍. നിലവിലുള്ള നിയമം കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. അത് കൂടുതല്‍ കര്‍ക്കശമാക്കണം. ആ നിയമം കൊണ്ടുവന്ന് ശക്തമായി നടപ്പിലാകുന്നത് വരെ ജനങ്ങലാവനം കുട്ടികളെ സംരക്ഷിക്കേണ്ടത്. പ്രായമായവര്‍ക്ക് നാണക്കേടുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നവരെ പിടിച്ച് നാലാള് ചുട്ട അടി കൊടുക്കണം. കുട്ടികളെയറിയുക എല്ലാ മനുഷ്യരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്. അവിടെ ആണും പെണ്ണും മാത്രമല്ല. ട്രാന്സ്ജേന്റെഴ്സ് അടക്കമുള്ള ലൈംഗിക ന്യൂനപക്ഷമുണ്ട്. അതുകൊണ്ട് സ്ത്രീയെ പെണ്‍കുട്ടിയെ സംരക്ഷിക്കുക എന്ന മുറവിളി അവസാനിപ്പിച്ച് മനുഹ്സ്യന്‍ സുരക്ഷിതനായിരിക്കുക എന്നതിന് പ്രാധാന്യം നല്‍കണം. മാത്രമല്ല സ്ത്രീപീഡന പേജുകള്‍ തുടങ്ങുന്ന പത്രങ്ങള്‍ പ്രകൃതിവിരുദ്ധ പീഡനങ്ങളെ കണ്ടില്ലാ എന്നും നടിക്കുന്നു. സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടവ മാത്രമാണ് വാര്‍ത്ത പോലും. മറ്റൊന്നും വാര്‍ത്തപോലും അല്ലാതാവുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികളായ ശ്വേത, അര്‍ഷിക, സുരേഷ്, സിജിത്ത് എന്നിവര്‍ പറയുന്നു. കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുക, മോഷണത്തിനും ലഹരി വില്‍പ്പനയ്ക്കും ഉപയോഗിക്കുക ഇതൊക്കെ ചുറ്റുപാടും സംഭവിക്കുന്നുണ്ട്. കൂടെ ചെറിയ തുക നല്‍കിയോ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപഹാരങ്ങള്‍ നല്കിയോവരെ ലംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ബാല ലൈംഗിക തൊഴിലാളികള്‍ ആയിട്ട് പോലും പലരും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുണ്ടാക്കുന്ന മാനസിക ശാരീരിക ധാര്‍മ്മിക പ്രശ്നങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധ്യമില്ല എന്നത് മാത്രമാണ് കാരണം. അതെങ്ങനെ ഉണ്ടാകും ? കുട്ടികള്‍ക്ക് ഇപ്പൊ കൂട്ടമില്ലല്ലോ. ഒന്നിച്ച് കൂടിയാല്‍ അതിനെ സംശയിക്കുകയും അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നതാണല്ലോ രീതി. വീടിന് ചുറ്റും കെട്ടിയ മതില് പോലെ എല്ലായിടത്തും മതിലുകളല്ലേ/ കുട്ടികള്‍ക്ക് സ്വയമറിയാനും മറ്റുള്ളവരെ അറിയാനും ആരോഗ്യകരമായ സൗഹൃദങ്ങള്‍ വേണം. അതിന് ആദ്യം മതിലുകള്‍ പൊളിക്കണം. ജേണലിസം ക്ലാസ്സിലെ ബഷീറിനും നവിതക്കും ഇതായിരുന്നു അഭിപ്രായം. സംയോജിത പ്രവര്‍ത്തനം നാട്ടിന്‍പുറത്തെ ന്യൂനപക്ഷം സ്ത്രീകളുടെ അജ്ഞത ഒഴിച്ചാല്‍ ഒട്ടുമിക്ക ആളുകള്‍ക്കും ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറയാനുണ്ടായി എന്നത് വലിയ ഒരു കാര്യമായി കാണണം. അറിവില്ലത്തവരെയും ഇ വിഷയത്തില്‍ പഠനം നടത്തിയവരെയും ഇരകളെയും ഒക്കെ ബോധവത്കരണത്തിന്റെ ഭാഗമാക്കിയാലേ പെണ്‍കുട്ടികളുടെ സുരക്ഷപോലെ ആണ്‍കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കാനാവൂ. അതിനാവശ്യമായ ഗവര്‍മെന്റ് ഇടപെടലും അത്യാവശ്യമാണ്. എന്താണ് ലൈംഗിക പീഡനം ? ഒരു കുട്ടിയെ മുതിര്‍ന്ന വ്യക്തിയോ, കൂടുതല്‍ ശക്തിയുള്ള മറ്റൊരു കുട്ടിയോ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് ലൈംഗിക പീഡനം എന്ന് വിളിക്കുന്നത്. ഇത് രണ്ടു തരത്തിലുണ്ട്. സ്പര്‍ശന പീഡനവും സ്പര്‍ശന രഹിത പീഡനവും. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ സംഭോഗം, ജനനേന്ദ്രിയങ്ങളിലും മാറിടങ്ങളിലും സ്പര്‍ശിക്കുക തുടങ്ങിയവയാണ് വ്യാപകമായി കാണപ്പെടുന്ന സ്പര്‍ശന പെദനങ്ങള്. അശ്ലീല ചിത്രങ്ങള്‍ കാണിക്കുക, കുട്ടിയുടെ നഗ്നത ചിത്രീകരിക്കുക, അവയവങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ സ്പര്‍ശന രഹിത പീഡനങ്ങളാണ്. കേരളത്തില്‍ പീഡനങ്ങള്‍ കൂടുന്നുവെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നു. 2011 ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് ഡോ.അരുണ്‍ ബി നായര്‍, ഡോ ജെ. ദേവിക എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികളില്‍ 40 ശതമാനവും പെണ്‍കുട്ടികളില്‍ 36 ശതമാനവും ഒരിക്കലെങ്കിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. കോഴിക്കോട് ഇംഹാന്‍സ് നടത്തിയ മറ്റൊരു പഠനത്തില്‍ 35 ശതമാനം ആണ്‍കുട്ടികളും 34 ശതമാനം പെണ്‍കുട്ടികളും പീഡനത്തിന് വിധേയരായി എന്ന് കണ്ടെത്തി. ഇതിലൊക്കെ പെണ്‍കുട്ടികളാണ് കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത് എന്ന ധാരണ തിരുത്തപ്പെട്ടു. 1970 കളില്‍ നടന്ന വിദേശ ഗവേഷണങ്ങളില്‍ പെണ്‍കുട്ടി ആണ്‍കുട്ടി പീഡനാനുപാതം 10:1 ആയിരുന്നു എന്നറിയുക. അപരിചിതരോ അന്യഗ്രഹ ജീവികളോ ഒന്നുമല്ല ഈ പീഡകര്‍. രക്തബന്ധുക്കളും അയല്‍വാസികളും കുട്ടിക്ക് വളരെ പരിചയമുള്ളവരും ആണ് എണ്‍പത് ശതമാനം സംഭവങ്ങളിലും പ്രതിസ്ഥാനത്ത്. കുട്ടി ആണായാലും പെണ്ണായാലും ഒറ്റയ്ക്ക് അയല്‍വീട്ടിലേക്ക് പോലും അയക്കാന്‍ രക്ഷിതാക്കള്‍ക്ക് പേടിയാണ്. സ്കൂളും ട്യൂഷനും കഴിഞ്ഞ് കുട്ടികള്‍ വീടണയുന്നത് വരെ രക്ഷിതാക്കളുടെ മനസ്സില്‍ തീയാണിന്ന്. പീഡനത്തിന്റെ ഘട്ടങ്ങള്‍ പലപ്പോഴും ബാല ലൈംഗിക പീഡനം പെട്ടെന്ന് നടക്കുന്ന ഒരു സംഗതിയല്ല. സാധാരണ അഞ്ച് ഘട്ടങ്ങളിലൂടെയാണ് അത് പുരോഗമിക്കുന്നത്. ഒന്നാംഘട്ടം : പീഡനം നടത്തുന്ന വ്യക്തി കുട്ടിയുമായി സവിശേഷ സൗഹൃദം സ്ഥാപിക്കുന്നു. വില കൂടിയ സമ്മാനങ്ങള്‍, മധുര വാക്കുകള്‍ ഇവയിലൂടെയാണ് കുട്ടിയുടെ സൌഹൃദ വലയത്തില്‍ ഇവര്‍ കയറിപ്പറ്റുക. രണ്ടാംഘട്ടം : യഥാര്‍ത്ഥ ലൈംഗിക പീഡനം നടക്കുന്ന ഘട്ടമാണിത്. കുട്ടിയുടെ പ്രതികരണം മനസ്സിലാക്കാനായി സപര്ശനം പോലെ ചെറിയ രീതിയില്‍ കുട്ടിയെ പീഡിപ്പിക്കും. തുടര്‍ന്ന് പ്രതികരണത്തിനായി കാത്തിരിക്കും. ഈ വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പ്രതികരിക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും മാതാപിതാക്കളുടെ പ്രതികരണം ഇല്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഒന്നുകില്‍ കുട്ടിക്ക് പീഡനം മനസ്സിലായിട്ടില്ല എന്നതോ അല്ലെങ്കില്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ല എന്നതോ ആണെന്ന് പീഡകന് മനസിലാക്കും. ഈ ഗ്രീന്‍ സിഗ്നല്‍ ലഭിച്ച് കഴിഞ്ഞാണ് പലപ്പോഴും ഗുരുതരമായ പീഡനങ്ങള്‍ ഉണ്ടാകുന്നത്. മൂന്നാംഘട്ടം : സംഭവിച്ച പീഡനം രഹസ്യമാക്കി വയ്ക്കാന്‍ പീഡകന് ശ്രമിക്കുന്ന ഘട്ടം. പ്രലോഭനം, നഗ്നചിത്രം പ്രചരിപ്പിക്കും എന്നും കൊന്നുകളയും എന്നുമുള്ള ഭീഷിണി. നാലാംഘട്ടം : പീഡനം തിരിച്ചറിയപ്പെടുന്ന ഘട്ടം 90 ശതമാനം പീഡനങ്ങളും യാദൃശ്ചികമായാണ് കണ്ടെത്തുന്നത്. വീട്ടില്‍ വച്ച് നടക്കുന്ന പീഡനം ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുക, കുട്ടിക്ക് ആവര്‍ത്തിച്ചുള്ള അസുഖവുമായി ഡോക്ടറെ കാണുമ്പോള്‍ അദ്ദേഹം തിരിച്ചറിയുക, പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അദ്ധ്യാപകര്‍ നടത്തുന്ന അന്വേഷണത്തില്‍ കുട്ടികള്‍ പറയുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഇങ്ങനെ വിവരം പുറത്ത് വരുന്നത്. അഞ്ചാംഘട്ടം : പീഡന വിവരം അറിഞ്ഞു കഴിഞ്ഞ് അത് മൂടിവയ്ക്കാന്‍ വീട്ടുകാരോ ബന്ധുക്കളോ ശ്രമിക്കുന്ന ഘട്ടമാണിത്. പീഡകര്‍ ബന്ധുക്കളാവുക, കുട്ടിയുടെ ഭാവിയെ കരുതി മറച്ച് വയ്ക്കുക, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ മാതാപിതാക്കള്‍ ആശയക്കുഴപ്പത്തില്‍ ആവുക തുടങ്ങിയവയൊക്കെയാണ് ഇത് മറച്ചു വയ്ക്കാനുള്ള കാരണങ്ങള്‍. എങ്ങനെ തിരിച്ചറിയാം ? പീഡനത്തിന് ഇരയായ കുറ്റിയില്‍ സാധാരണയായി കാണുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. ഇവ കണ്ടത് കൊണ്ട് മാത്രം കുടി പീഡിപ്പിക്കപ്പെട്ടു എന്ന് ഉറപ്പിക്കാനാവില്ല. കാരണം മറ്റു പല രോഗാവസ്ഥകളിലും ഇതേ ലക്ഷങ്ങള്‍ കാണാം. കിടക്കയില്‍ മൂത്രമൊഴിക്കുക, ആവര്‍ത്തിച്ച് വയറിളക്കം, അടിവയറ്റില്‍ ശക്തമായ വേദന, സ്വന്തം ലൈംഗിക അവയവങ്ങള്‍ ഉത്തേജിപ്പിക്കുക, മറ്റു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, സ്കൂളില്‍ പോകാന്‍ മടി, ചില മുതിര്‍ന്നവരെ കാണുമ്പോള്‍ ഭയം പ്രകടിപ്പിക്കുക, പഠനം പെട്ടെന്ന് മോശമാവുക, അകാരണമായ ദേഷ്യവും അക്രമ സ്വഭാവവും, ആവര്‍ത്തിച്ച് തൊണ്ടയിലോ മൂത്രാശയത്തിലോ അണുബാധ, ഒറ്റയ്ക്കിരിക്കാന്‍ താല്പര്യം, അപസ്മാര സമാനമായ ചലന വൈകല്യങ്ങള്‍, അമിത നെഞ്ചിടിപ്പ്, ശ്വാസം മുട്ടല്‍, ഉത്ക്കണ്ഠ, ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളോട് (ഉദാ:പഴം, തൈര്) വെറുപ്പ് പ്രദര്‍ശിപ്പിക്കുക. ഇത്തരം കുട്ടികള്‍ക്ക് ലൈംഗിക സ്വഭാവത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കാം. വേദനാജനകമായ ലൈംഗിക അനുഭവം, ലൈംഗികത്തയോട് വെറുപ്പ് എന്നിവ ഉണ്ടാകാം. എന്നാല്‍ ആഹ്ലാദകരമായ ലൈംഗികാനുഭവം, അമിത ലൈംഗിക താല്പര്യം, സ്വവര്‍ഗ്ഗപ്രേമം, ലൈംഗിക വൈകൃതങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ നള സ്പര്‍ശനവും ചീത്ത സ്പര്‍ശനവും എന്തെന്ന് പഠിപ്പിക്കുക. ശരീര ഭാഗങ്ങളില്‍ അനുവാദമില്ലാതെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ കൈ തട്ടിമാറ്റി പ്രതിഷേധിക്കാന്‍ പരിശീലിപ്പിക്കുക. കുളി, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളെ സ്വയം പര്യാപ്തരാക്കുക. കുട്ടികളുടെ സാന്നിധ്യത്തില്‍ മുതിര്‍ന്നവര്‍ അമിത സ്നേഹപ്രകടനങ്ങളും ലൈംഗിക ചേഷ്ടകളും കാട്ടരുത്. അയല്‍പ്പക്കത്തും മറ്റും മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ ദീര്‍ഘനേരം ചിലവിടുന്നത് ഒഴിവാകുക. ദിവസവും തങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് മാതാപിതാക്കളോട് പറയാന്‍ കുട്ടികളെ ചെറുപ്പത്തിലേ ശീലിപ്പിക്കുക. ഈയവസരത്തില്‍ നല്ലൊരു ശ്രോതാവായിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. കുട്ടി പീഡനത്തിന് വിധേയനായി എന്ന് മനസ്സിലാക്കിയാല്‍ ഒരു വിദഗ്ദ്ധ സൈക്യാട്രിസ്റ്റിന്റെ സഹായം തേടുക. ശരണ്യ വരുണ്‍ കടപ്പാട്-http:www.ourkidsindia.com